Kissakal

ഈ കുട്ടിയെ കല്യാണം കഴിക്കുന്ന ആള് ഉടൻ തന്നെ മരണപ്പെടും എന്നുള്ള ജ്യോത്സ്യന്റെ വാക്കുക്കൾ കേട്ട് ഞാൻ ഞെട്ടി പോയിരുന്നു..

ആ വാർത്ത.. എന്നേക്കാൾ വലിയ ഷോക്ക് ആയിരുന്നു എന്റെ പാറുവിനു.. ചെറുപ്പം തൊട്ടേ ഉണ്ണിയുടെ ആണ് പാറു എന്ന് എല്ലാവരും പറയുന്നത് കേട്ടാണ് ഞങ്ങൾ ബാല്യകാലത്തിൽ നിന്നും യൗവനത്തിലേക്ക് കയറിയത്...

വീട്ടുകാർ പറഞ്ഞുറപ്പിച്ച ബന്ധം ആയിരുന്നത് കൊണ്ടു ഭാര്യ ഭർത്താവിനെ പോലെ ആണ് ഞങ്ങൾ നടന്നിരുന്നതും...

തെറ്റ് കണ്ടാൽ സ്നേഹത്തോടെ എന്നെ ശാസിക്കുകയും.. ഒരുപാട് സ്നേഹം തോന്നുമ്പോൾ ഉണ്ണിയേട്ടാ എന്നുള്ള ആ വിളിയും ഇനി തന്റെ ജീവിതത്തിൽ ഉണ്ടാവില്ലെന്ന് ആലോചിച്ചപ്പോൾ ഉണ്ണി മാനസികമായി ആകെ തളർന്നിരുന്നു...

കല്യാണത്തിനു തിടുക്കം കൂട്ടിയിരുന്ന അച്ഛനും അമ്മയും മോനെ ആ ബന്ധം നമുക്കിനി വേണ്ടെന്നു പറഞ്ഞു പുറകെ കൂടിയപ്പോൾ ജീവിതത്തിൽ കണ്ടു കൂട്ടിയ ഒരുപാട് സ്വപ്‌നങ്ങൾ പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വരുമെന്നാലോചിച്ചു ഉണ്ണിയുടെ ചങ്ക് പിടഞ്ഞു..

എന്നും ജോലി കഴിഞ്ഞു വരുമ്പോൾ ഉമ്മറപ്പടിയിൽ ഒരു ചെറു പുഞ്ചിരിയോടെ എന്നെ സ്വീകരിക്കാൻ ഉണ്ടായിരുന്ന എന്റെ  പാറു മനപ്പൂർവം എനിക്ക് മുഖം തരാതെ ഒഴിഞ്ഞു മാറി നടന്നപ്പോൾ അച്ഛനും അമ്മയും അവൾക്കു മുൻപിൽ സ്വന്തം മകന്റെ ജീവനു വേണ്ടി അപേക്ഷിച്ചിട്ടുണ്ടാകുമെന്നു ഉണ്ണിക്ക് മനസ്സിലായിരുന്നു...

ഒടുവിൽ ഒരുനാൾ.. ഉണ്ണിയേട്ടൻ പാറുവിനെ മറന്നു മറ്റൊരു പെൺകുട്ടിക്ക് ജീവിതം കൊടുക്കണം.. നമ്മൾക്ക് അടുത്ത ജന്മത്തിലെങ്കിലും ഒരുമിക്കാൻ ഉള്ള ഭാഗ്യം ഉണ്ടായാൽ മതി എന്ന് എന്റെ മുന്നിൽ നിന്നവൾ പറയുമ്പോൾ അവളുടെ മനസ്സ് വിങ്ങി പൊട്ടുന്നത് എനിക്ക് കാണാമായിരുന്നു..

കുറച്ചു ദിവസമെങ്കിൽ....കുറച്ചു ദിവസം.. എന്റെ പാറുവിന്റെ കഴുത്തിൽ താലി കെട്ടി എനിക്ക് ഭർത്താവായി ജീവിക്കണം...അത് കഴിഞ്ഞു മരിച്ചാലും എനിക്ക് സന്തോഷമേ ഉള്ളു... അല്ലാതെ നിനക്ക് പകരം മറ്റൊരു പെണ്ണിന് ജീവിതം കൊടുക്കാൻ നിന്റെ ഉണ്ണിയേട്ടന് പറ്റില്ല എന്ന് പറഞ്ഞു തീരുമ്പോഴേക്കും പാറു ഉണ്ണിയെ കെട്ടി പിടിച്ചു കഴിഞ്ഞിരുന്നു..

ഒടുവിൽ വീട്ടുകാരുടെ സകല എതിർപ്പിനെയും വക വെയ്ക്കാതെ പാറൂന്റെ കഴുത്തിൽ താലി ചാർത്തി എന്റെ സ്വന്തമെന്ന അധികാരത്തോടെ എന്റെ വീടിന്റെ പടി അവൾ വലതു കാൽ വെച്ചു കയറി വന്നു...

എന്താ ഉണ്ണിയേട്ടാ.. എന്താ ആലോചിക്കുന്നത്..

പാറൂന്റെ ചോദ്യം കേട്ട് പെട്ടെന്നാണ് ഉണ്ണി ഓർമ്മയിൽ നിന്നു തിരിച്ചു വന്നത്..

ദേ മോള് ഇറങ്ങാൻ നിക്കുവാ.. അച്ഛനെ കാണാത്തത് കൊണ്ടു എന്നോട് അന്വേഷിക്കാൻ പറഞ്ഞു വിട്ടതാ നമ്മുടെ പുന്നാര മോള്...

അതേ..പാറൂന്റെ കഴുത്തിൽ താലി കെട്ടുന്ന ആൾ മരണപ്പെടും എന്ന് പറഞ്ഞ ജ്യോത്സ്യന്റെ വാക്കിനെ എതിർത്തു കല്യാണം കഴിച്ച ഞങ്ങളുടെ ഒരേ ഒരു മോളുടെ വിവാഹം ആണിന്നു...

വിവാഹ പന്തലിലേക്ക് ഇറങ്ങി ചെന്നതും തന്നെ കണ്ടു കെട്ടി പിടിച്ചു കരഞ്ഞ മോളെ അനുഗ്രഹിച്ചു യാത്ര ആക്കാൻ എന്റെ അച്ഛനും അമ്മയും മുൻപന്തിയിൽ തന്നെ ഉണ്ടായിരുന്നു...

ഒടുവിൽ കണ്ണിൽ നിന്നും പൊടിഞ്ഞ കണ്ണുനീർ തുടച്ചു മാറ്റി വീടിനുള്ളിലേക്ക് കയറി പോകുമ്പോൾ എന്റെ വലം കൈയിൽ എന്റെ പാറുവിന്റെ ഇടം കൈയും ഉണ്ടായിരുന്നു...

സ്നേഹിക്കുന്നവർക്ക് വേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിച്ചാൽ വിധിയെ പോലും മാറ്റി എഴുതാൻ പറ്റുമെന്നുള്ള വിശ്വാസത്തോടെ പാറൂന്റെ ഒപ്പം ഇനി ഉള്ള ബാക്കി ജീവിതം തനിക്കു ജീവിച്ചു തീർക്കണം...

ശ്രീജിത്ത്‌

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്