ദത്തു പുത്രി

ദത്തുപുത്രി
-------------

"അച്ഛൻ മോളെ ഫോട്ടോ എടുക്കാൻ വിളിക്കുന്നു.. വാ .."

ബന്ധുക്കളോട് കുശലാന്വേഷണം നടത്തിയിരുന്ന 'വരദ ' അമ്മയുടെ ശബ്ദം കേട്ട് തിരിഞ്ഞു നോക്കി . ഇന്ന് ഗോൾഡൻ ഗ്രീൻ സാരിയിൽ അമ്മ അതീവ സുന്ദരിയാണ് . അവൾ വേഗം അമ്മയോടൊപ്പം സ്‌റ്റേജിലേക്ക് നടന്നു . ധരിച്ചിരുന്ന പിങ്ക് ഗൗണിൽ അവൾ ഒരു രാജകുമാരിയെ പോലെ ശോഭിച്ചു ...

വരദയുടെ ഒരേയൊരു ഏട്ടൻ അനൂപിന്റെ വിവാഹത്തിന് അവൾ തന്നെയാണ് എല്ലാവരുടേയും ശ്രദ്ധാകേന്ദ്രം . അവളുടെ  മുഖത്ത് വിരിയുന്ന സന്തോഷം  അവളുടെ  സൗന്ദര്യത്തിനു  മാറ്റ് കൂട്ടി...

അച്ഛനും അമ്മയും മക്കളായ  'അനൂപും ' , വരദയും അടങ്ങുന്ന ഒരു ചെറിയ കുടുംബം.  അച്ഛൻ ഗൾഫിൽ നിന്ന് മകന്റെ വിവാഹത്തിനായി നാട്ടിലുണ്ട്.  അനൂപ് സിവിൽ എഞ്ചിനീയറും , വരദ പ്ലസ്ടു വിലും പഠിക്കുന്നു

ഫോട്ടോ എടുക്കലും , അതിഥികളുടെ വിശേഷങ്ങളുമെല്ലാം തിരക്കി വരദ , അവളുടെ ഏട്ടന്റെ കല്ല്യാണത്തിന് മിന്നിത്തിളങ്ങി .

കല്ല്യാണദിവസം 'ഏട്ടന് തന്നോട് ദേഷ്യമുണ്ടോ?' എന്ന് വരദക്ക് തോന്നാതിരുന്നില്ല.  ഏട്ടന് ജോലി കിട്ടിയപ്പോൾ മുതൽ ഇച്ചിരി  ഗൗരവം  കൂടുതൽ ആണ്  എന്തായാലും തനിക്ക് കളിക്കാനും , ചിരിക്കാനും , കഥ പറയാനും ബാങ്കിൽ ജോലിയുള്ള 'ദിവ്യ ' എന്ന ഏട്ടത്തിയമ്മയെ കിട്ടിയതിൽ അവൾ സന്തോഷവതിയായിരുന്നു.

കല്ല്യാണം ആഘോഷപൂർവ്വം കഴിഞ്ഞ  സന്തോഷത്തിൽ ആണ് വരദ . ദിവ്യയുടെ വീട്ടിൽ വിരുന്ന് പോകുന്ന ദിവസം , വരദ രാവിലെ ഉത്സാഹത്തോടെ എഴുന്നേറ്റു .

" നീ വിരുന്നിനു നടക്കാതെ ക്ലാസിൽ പോകാൻ നോക്ക് .. "
ഏട്ടന്റെ ഉറച്ച ശബ്ദം .

" മോള് പ്ലസ് ടു വിനല്ലേ ..
പഠിക്കാൻ ഒത്തിരിയുണ്ടല്ലോ?
ക്ലാസ് കളയണ്ട.. ഏടത്തിയുടെ വീട്ടിൽ എപ്പോൾ വേണേലും വരാലോ .." ദിവ്യ സമാധാനിപ്പിച്ചെങ്കിലും അവളുടെ മുഖം ചുവന്നു , കണ്ണുകൾ നിറഞ്ഞു , ചുണ്ടു വിറച്ചു .

അച്ഛൻ ഗൾഫിലേക്ക് തിരിച്ച് പോയ ശേഷം , തനിക്ക് ഏട്ടന്റെ അടുത്ത് പഴയ സ്വാതന്ത്ര്യം നിഷേധിക്കുന്ന പോലെ വരദക്ക് തോന്നി . അത്‌  വെറും തോന്നൽ മാത്രമല്ല എന്ന്  വരദ  തിരിച്ചറിഞ്ഞുവെങ്കിലും ദിവ്യയുടെ സ്നേഹത്തോടെയുള്ള സംസാരം ഇടപെടൽ  അവൾക്ക് ആശ്വാസം നൽകിയിരുന്നു..

"വരദേ...
വീട്ടിൽ നിറയെ പൊടിയാണല്ലോ ..
നിനക്ക് ഇവിടെ ഒന്ന് ക്ലീൻ ചെയ്താൽ എന്താ ..?''

അനൂപിന്റെ ശബ്ദം കേട്ട് വരദ ഓടി വന്നു . ദേഷ്യം കൂടുമ്പോൾ മാത്രമാണ്  'അനൂപ്  അവളെ പേര് ചൊല്ലി വിളിക്കുന്നത് .

"ഏട്ടാ ഞാൻ പഠിക്കായിരുന്നു .. "

"ആ കാര്യം പറഞ്ഞ് വീട്ടിൽ ഒരു പണീം എടുക്കണ്ടല്ലോ ..'
എല്ലാറ്റിനും അമ്മയെ കഷ്ടപ്പെടുത്താൻ ഞാൻ സമ്മതിക്കില്ല .. "

അടുക്കളയിൽ പണിയിലായിരുന്ന അമ്മ  അവരുടെ സംഭാഷണം കേട്ട് അങ്ങോട്ടു വന്നു .

"എന്താ മോനേ ..?
അടുക്കളയിൽ അവൾ എന്നെ സഹായിക്കുന്നത് നീ കാണാറുണ്ടല്ലോ ..
പഠിക്കാൻ പറഞ്ഞ് ഞാൻ അവളെ അടുക്കളയിൽ നിന്ന് പറഞ്ഞയച്ചതാ ..

ഇവിടെ എന്ത് പൊടിയാന്നാ പറയുന്നത് ..?   ജോലിക്ക് വരുന്ന രജനി  രാവിലെ വീടു മുഴുവൻ തുടച്ച് വൃത്തിയാക്കിയതാ .."

''അമ്മ തന്നെയാ അവൾക്ക് വളം വച്ചു കൊടുക്കുന്നത്.   വേലക്കാരി വരാറുണ്ടെന്ന് കരുതി അവളെ കൊണ്ട് പണിയെടുപ്പിക്കാതെ കൊണ്ട് നടന്നോ .. "

അവൻ ദേഷ്യപ്പെട്ട് മുറിക്കകത്തേക്ക് കയറി പോയി .

"മോള് പോയി പഠിച്ചോ...
അതൊന്നും കാര്യമാക്കണ്ട .. "

'ഏട്ടന്റെ  ദേഷ്യം , അവഗണന  തന്നെ വഴക്കു പറച്ചിൽ ' എല്ലാം  വരദക്ക്  മനസ്സിൽ പല  ചിന്തകളും  ഉടലെടുത്തു  ; നെഞ്ചകം വിങ്ങി .

പലപ്പോഴും അനൂപ് വരദയിൽ  നിന്ന് അകലം പാലിച്ചു .

ഒരു ഞായറാഴ്ച ഉച്ചഭക്ഷണം കഴിക്കുമ്പോൾ വരദ അറിയാതെ അവളുടെ കൈ തട്ടി കറി പാത്രം ദിവ്യയുടെ വസ്ത്രത്തിൽ വീണു . അനൂപ് ചാടിയെഴുന്നേറ്റ് അവളെ അടിക്കാൻ കൈ ഓങ്ങിയപ്പോൾ അമ്മ തടഞ്ഞു  .

''എന്താടാ ഇത് ..?
അവൾ അറിയാതെ പറ്റിയതല്ലേ .. "

"അമ്മേ ഇവൾ അർഹിക്കുന്ന പരിഗണന മാത്രം ഇവിടെ കൊടുക്കുക ..
ഇവളുടെ സ്ഥാനം അടുക്കളയാണ് .. "

"സോറി ഏടത്തിയമ്മേ .. "
വരദയുടെ ശബ്ദം കണ്ണീരിലൂടെ പുറത്ത് വന്നു .

"പോട്ടെ സാരല്യ .. "
ദിവ്യ അവളെ സമാധാനിപ്പിച്ചു .

" ദിവ്യാ , അവൾ ഈ വീട്ടിലെ കുട്ടിയല്ല . എനിക്ക് പത്തു വയസ്സുള്ളപ്പോൾ അച്ഛനും അമ്മയും അവളെ ദത്തെടുത്തതാണ്.
നമ്മുക്ക് കിട്ടേണ്ട സ്നേഹം പങ്കുവക്കുന്നത് കണ്ട് എനിക്ക് മടുത്തു .
അച്ഛൻ കമ്പനിയിൽ നിന്ന് റിട്ടയറാകുമ്പോൾ കിട്ടിയ തുക മുഴുവൻ ഇവളുടെ വിവാഹത്തിനായി ഫിക്സഡ് ഡെപ്പോസിറ്റ് ചെയ്തു . ഇതെല്ലാം നമ്മൾ അനുഭവിക്കേണ്ട സ്വത്തുക്കളാണ്. 
എവിടുന്നോ വന്നവൾക്ക് , വഴിയരുകിൽ ആരോ ഉപേക്ഷിച്ചവൾക്ക് കൊടുക്കാനുള്ളതല്ല .. "
അനൂപ്  രോഷം കൊണ്ട് തിളച്ചു മറിഞ്ഞു .

"അനൂപേ , നിർത്തുന്നുണ്ടോ നിന്റെ വർത്താനം .."

'അമ്മയുടെ ശബ്ദം ഉയർന്നപ്പോൾ വരദ കരഞ്ഞ് കൊണ്ട്  താൻ അനുഭവിച്ച സൗഭാഗ്യങ്ങൾ വെറും  ഭിക്ഷയാണെന്ന്  ഓർത്തു ; അവളുടെ ഉളളു പൊള്ളിപ്പോയി .  എവിടെയോ തന്നെ ഉപേക്ഷിച്ചു പോയ  മാതാപിതാക്കളെ  ശപിച്ചു   കൊണ്ട് ഒന്നും പറയാതെ വരദ  മൗനിയായി .'

അതിനു ശേഷം അവളുടെ ജീവിതം അമ്മയോടൊപ്പം മാത്രം ഒതുങ്ങി . അനൂപും , ദിവ്യയുമായുള്ള കൂടിക്കാഴ്ചകൾ അവൾ മന:പൂർവം ഒഴിവാക്കി . അമ്മയുമായുള്ള അവളുടെ സംസാരം ചുരുങ്ങി ;
എങ്ങനെയെങ്കിലും വീടു മാറി താമസിക്കാനുള്ള ചിന്തകൾ  ഒരുക്കങ്ങൾ വരദ തുടങ്ങി .

തന്റെ നീണ്ട ഇരുപത്തിയഞ്ച് വർഷത്തെ പ്രവാസ ജീവിതത്തോട് വിട പറഞ്ഞ് അച്ഛൻ വീട്ടിലെത്തി . വീട്ടിലെ മൂകത അദ്ദേഹത്തെ ചിന്താകുലനാക്കി ; വരദ എവിടെയോ ഒളിക്കാൻ തിടുക്കം കൂട്ടുന്നു . പഠിത്തത്തിൽ മോശമായിരിക്കുന്നു ;
ശരീര സൗന്ദര്യവും , പ്രസരിപ്പും  എല്ലാം  കുറഞ്ഞിരിക്കുന്നു ..

'ഈ വീട്ടിൽ  എന്തോ സംഭവിച്ചിട്ടുണ്ട് , ആരും തമ്മിൽ സംസാരമില്ല ..
തന്റെ ഭാര്യയും ഒന്നും തുറന്നു  പറയുന്നില്ല ' പലപ്പോഴായി  അവളോട്‌  കാര്യം അന്വേഷിച്ചു ...

രാത്രി , ഭക്ഷണം കഴിക്കാൻ എല്ലാവരും തീൻമേശയിൽ എത്തിയെങ്കിലും വരദയെ മാത്രം അദ്ദേഹം കണ്ടില്ല..

" മോള് എവിടെ അംബികേ ..?

അവളെ പുറത്തോട്ട് കാണുന്നില്ലല്ലോ ..?"

അച്ഛൻ അമ്മയോട് ചോദിക്കുന്നത് കേട്ട് അനൂപും ദിവ്യയും മുഖമുയർത്തി .

" അവൾ നേരത്തേ കഴിച്ചു ..

ഞാനും.."

അമ്മ ആരോടെന്നില്ലാതെ പറഞ്ഞു .

"അച്ഛാ , അവൾ ഈ വീട്ടിലെ ദത്തുപുത്രിയല്ലേ ..
അവളോടൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കാൻ എനിക്കും അനൂപേട്ടനും ഇഷ്ടമല്ല ..

നമ്മളോടൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള യോഗ്യത അവൾക്കില്ല ..  എവിടെയോ തെരുവിൽ  ആരോ  ഉപേക്ഷിച്ച പെൺകുട്ടി  അവൾ  ഇത്രയും  സൗഭാഗ്യം  അനുഭവിച്ചില്ലേ.. ഇനി അടുക്കള  ജോലി  ചെയ്യട്ടെ ..അതിനു  പറ്റുന്നില്ലെങ്കിൽ  എവിടെയെങ്കിലും  പൊയി  ജീവിക്കട്ടെ ... "

അഭിമാനത്തോടെ ഇരുന്ന അനൂപിനേയും ദിവ്യയേയും അച്ഛൻ സഹതാപപൂർവം നോക്കി..

"അങ്ങനെയെങ്കിൽ നമ്മളോടൊപ്പമിരുന്ന് ഭക്ഷണം കഴിക്കാനുള്ള യോഗ്യത നിന്റെ ഭർത്താവിനുമില്ല.. "

"എന്താ..  അച്ഛാ ..? "

''പറയാം...

'ഇറങ്ങുമ്പോൾ  എന്റെ മകൾ മാത്രമല്ല  നീയും  നിന്റെ  ഭർത്താവും  ആദ്യം ഇറങ്ങേണ്ടി  വരും  ഈ  വീട്ടിൽ  നിന്ന്...

'വിവാഹം കഴിഞ്ഞ് അഞ്ച് വർഷമായിട്ടും കുട്ടികളില്ലാതെ ഈ അച്ഛനും അമ്മയും പല ചികിത്സകളും ചെയ്തു . ഇനി ഒരിക്കലും മക്കൾ ഉണ്ടാകില്ലെന്ന് ബോധ്യപ്പെട്ട ശേഷം ബോംബെയിലെ അനാഥാലയത്തിൽ നിന്ന് ദത്തെടുത്തതാണ് മൂന്നു മാസംപ്രായമുള്ള ഒരു  ആൺകുഞ്ഞിനെ .. അതാണ്‌  നിന്റെ  മുന്നിൽ  ഇരിക്കുന്ന  ഈ  ഭർത്താവ്  ..

ബന്ധുക്കളെ അമ്മ പ്രസവിച്ചതാണെന്ന് വിശ്വസിപ്പിക്കാൻ രണ്ട് വർഷങ്ങൾ നാട്ടിൽ വരാതെ ഞങ്ങൾ ബോംബെയിൽ താമസിച്ചു ;
അവിടെ ജോലി ചെയ്തു..

ഇവൻ  വളരുമ്പോൾ  ഇവന്  വേണ്ടത്  കളിപ്പാട്ടമോ  സൈക്കിളോ ആയിരുന്നില്ല .. സ്നേഹിക്കാനും  ലാളിക്കാനും  ഒരു  അനിയത്തിയെ ആയിരുന്നു  ; ഒരു പാവക്കുട്ടിയെ  കുളിപ്പിച്ചും  ഉറക്കിയും  അനിയത്തിയെ വേണം  എന്ന് പറഞ്ഞു  ദിവസങ്ങളോളം  പട്ടിണി  കിടന്നവനാണ്  നിന്റെ  ഈ  എഞ്ചിനീയർ  ഭർത്താവ് ..

'ആരോരുമില്ലാതെ അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ച പെൺകുഞ്ഞിനെ ഞങ്ങൾ ഏറ്റുവാങ്ങി ..'

അവളില്ലാതെ  ഉണ്ണില്ല   ഉറങ്ങില്ല   നീ .. നിനക്ക്  എപ്പോഴാ  മോനേ  നിന്റെ  അനിയത്തി  തെരുവിന്റെ  സന്തതി ആയത്..?

'നീ ഈ  വീട്ടിലെ  ദത്ത്പുത്രൻ ആണെന്നറിഞ്ഞിട്ടും  അവൾ നിന്നെ  സ്വന്തം  കൂടപിറപ്പിനെ  പോലെ  സ്നേഹിച്ചു ... "

അച്ഛൻ മേശപ്പുറത്ത് വച്ചിരുന്ന ഗ്ലാസിലെ വെള്ളമെടുത്ത് കുടിച്ചു .

അനൂപ് ഹൃദയവേദനയാൽ  തല താഴ്ത്തി , അവന്റെ കണ്ണിൽ നിന്നും ഇറ്റുവീണ കണ്ണുനീർ അവനെ ചുട്ടുപൊള്ളിച്ചു .

"മോനേ .." അമ്മയുടെ വിളി കേട്ട് ചുവന്നു കലങ്ങിയ കണ്ണുകളോടെ അവൻ മുഖമുയർത്തി .

" ഒരുമിച്ച് കളിച്ച് വളരുന്നതിനിടയിൽ എപ്പോഴാണ് അവൾ നിനക്ക് അന്യയായതെന്ന് അമ്മക്കറിയില്ല .. അവൾ ഇവിടെ നിന്ന് കഴിച്ച ഭക്ഷണത്തിന് വരെ നീ കണക്കു പറഞ്ഞു ..

തിരിച്ച് അവളെ അനാഥാലയത്തിൽ ഏൽപ്പിക്കാൻ അവൾ എന്നോട് ആവശ്യപ്പെട്ടു .. " അമ്മ കണ്ണീർ അമർത്തി തുടച്ചു .

അനൂപ് , അച്ഛന്റെ കാൽക്കൽ വീണു

"മാപ്പ് അച്ഛാ ...
ഞാനീ പാപം എങ്ങനെ തീർക്കും ..?

എന്റെ കുഞ്ഞു പെങ്ങളെ ഞാൻ എത്ര മാത്രം വേദനിപ്പിച്ചു.. "

അച്ഛൻ അവനെ എഴുന്നേൽപ്പിച്ചു .

"മാപ്പ് .. " അവൻ അച്ഛനേയും അമ്മയേയും പുണർന്നു .

'അമ്മ പറഞ്ഞത് പോലെ ഈ ദുഷ്ചിന്ത തന്റെ മനസ്സിൽ എപ്പോഴോ കയറിക്കൂടി...
അന്നു മുതൽ അവളെ വെറുത്തു തുടങ്ങി .. '

അനൂപ് കുറേ നാളുകൾക്ക് ശേഷം വരദയുടെ മുറിയിലെത്തി...
അവൾ പഠനത്തിലാണ് .

"മോളേ.. "

"എന്താ ഏട്ടാ ..?"

അവൾ , അവനെ കണ്ട് എഴുന്നേറ്റു .

അവൻ , അവളെ കെട്ടിപ്പിടിച്ച് കൊച്ചു കുഞ്ഞിനെ പോലെ അവളുടെ നെറ്റിയിലും കവിളത്തും മാറി മാറി ചുംബിച്ചു .

" എന്റെ  സ്വന്തം  കൂടപിറപ്പാണ്  നീ  എല്ലാറ്റിനും  മാപ്പ്  മോളേ ...."

"അയ്യേ... 
എന്റെ  ഏട്ടൻ  കരയുന്നോ ..'
ഞാനെന്നും  ഏട്ടന്റെ  പെങ്ങൾ തന്നെയാ.... "

"എനിക്കും നിനക്കും ഈ ഭൂമിയിൽ ജീവിക്കാനുള്ള  അവകാശം  തന്ന  അച്ഛന്റേം അമ്മയുടേം മക്കളാവാൻ കഴിഞ്ഞതാണ് നമ്മുടെ ഏറ്റവും വലിയ ഭാഗ്യം..  അവരാണ്  ഭൂമിയിലെ  കൺകണ്ട  ദൈവങ്ങൾ ..
"

മുറിയിലേക്ക്  കടന്നു  വരുമ്പോൾ  ഈ  രംഗം  കണ്ട അച്ഛനും അമ്മയും  ലോകത്തെ  ഏറ്റവും വലിയ  ഭാഗ്യവന്മാരായി  ആ  രണ്ടു  മക്കളെയും  ഹൃദയത്തോട്  ചേർത്ത്  പിടിച്ചു ; സന്തോഷക്കണ്ണീർ തൂകി..

ഫെമിന മുഹമ്മദ് ..

Comments

Post a Comment

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്