ലക്ഷ്മിയേടത്തി

ലക്ഷ്മിയേടത്തി

''എനിക്ക് ലക്ഷ്മിയേടത്തിയുടെ മകനായി ജനിക്കണം''

അങ്ങനെ പറയാന്‍ ആ നാലാം ക്ലാസ്സുകാരന് അധികമൊന്നും ആലോചിക്കേണ്ടി വന്നില്ല.....!

അടുത്ത ജന്മത്തില്‍ ആരാകാനാണ് ആഗ്രഹമെന്ന് ചോദിച്ച മാഷിത് കേട്ട്‌ ഞെട്ടി.

മാന്ത്രികനാവണമെന്നും ആനയാകണമെന്നും സിംഹമാകണമെന്നുമൊക്കെ പറഞ്ഞ സഹപാഠികള്‍ അവനെ നോക്കി ചിരിച്ചു.

പക്ഷെ , അവന്‍ അവരെയൊന്നും നോക്കിയില്ല.

പകരം നോക്കി , കഞ്ഞി പുരയില്‍ നിന്ന് ആശ്വാസത്തിന്‍റെ വെളുത്ത പുക വാനിലേക്കുയര്‍ന്ന് പൊങ്ങുന്നുണ്ടോന്ന് , അതിന് പുറകിലായി ലക്ഷ്മിയേടത്തിയെ കാണുന്നുണ്ടോന്ന്.

മാഷുമാര് ചായ കുടിക്കാന്‍ പോവുന്ന സമയം നോക്കി അവന്‍ കഞ്ഞി പുരയിലേക്കോടി.

അടുപ്പില്‍ തീ കൂട്ടുകയായിരുന്നു  ലക്ഷ്മിയേടത്തി.

വാത്സല്ല്യത്തോടെയുള്ള ഒരു നോട്ടം അവന് കിട്ടി.

തിളച്ച് മറിയുന്ന ചെമ്പില്‍ നിന്ന് ഒരു പിഞ്ഞാണം കഞ്ഞിവെള്ളം ലക്ഷ്മിയേടത്തി  കോരിയെടുത്തു

ഓടിചെന്നവന്‍ കിണറ്റീന്നൊരു തൊട്ടി വെള്ളമെടുത്ത് കയ്യും മുഖവും കഴുകി കുലുക്കുഴിഞ്ഞു.

ലക്ഷ്മിയേടത്തി ചുറ്റും നോക്കി....!

മാഷുമാരും ടീച്ചര്‍മാരും അങ്ങോട്ട് വരരുതേന്ന് പ്രാര്‍ത്ഥിച്ചു.

ഒരു തവിയെടുത്ത് ചെമ്പിലിട്ടിളക്കി.

രണ്ട് കോരി ചോറൂറ്റിയെടുത്ത് ഒരു പാത്രത്തിലേക്കിട്ടു.

പാത്രത്തിന് ചുറ്റും ആവി പറന്ന് പൊങ്ങി.

അതില്‍ നിന്ന് രണ്ട് വറ്റെടുത്ത് വിരലാല്‍ ഞെരടി നോക്കി ലക്ഷ്മിയേടത്തി പറഞ്ഞു , ചോറ് വെന്തില്ലല്ലോ കുട്ടിയേന്ന്.

അവന്‍റെ മുഖം വാടി. തല താഴ്ന്നു.

അത് കണ്ട് ലക്ഷ്മിയേടത്തി വേഗം വലിയൊരു കുമ്പിളെടുത്തു .

അതിന്‍റെ മൂടാല്‍ വറ്റുകളോരോന്നും അമര്‍ത്തിയമര്‍ത്തി ഉടയ്ക്കാന്‍ തുടങ്ങി.

അപ്പോഴും ആ ചുണ്ടുകള്‍ വറ്റിലെ ചൂടിനെ ഊതിയകറ്റാന്‍ മറന്നിരുന്നില്ല.

പിഞ്ഞാണത്തിലെ കഞ്ഞിവെള്ളത്തിലേക്ക് ഉടച്ച ചോറിട്ടു.

അതവന് നേരെ നീട്ടിയപ്പോള്‍ ക്ലാസ്സ്  തുടങ്ങാനുള്ള ബെല്ലടി കേട്ടു.

ഒരൊറ്റ വലിക്കതെല്ലാം കുടിച്ച് പിഞ്ഞാണം ലക്ഷ്മിയേടത്തിക്ക് നേരെ തിരിച്ച്  നീട്ടി ക്ലാസ്സിലേക്ക് ഓടാന്‍ നേരം ആ ചുണ്ടത്ത് രണ്ട് വറ്റ് ചോറ് തങ്ങി നില്‍പ്പുണ്ടായിരുന്നു.

അവനെ തിരികെ വിളിച്ച് ചുണ്ടില്‍ പറ്റിയ വറ്റിനെ തന്‍റെ സാരിതലപ്പ് കൊണ്ട് തുടച്ച് കൊടുക്കുമ്പോള്‍ മക്കളില്ലാത്ത ലക്ഷ്മിയേടത്തിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.

അമ്മയില്ലാത്ത , അച്ഛന്‍റെ സ്നേഹമെന്തെന്നറിയാത്ത , വിശപ്പും ദാഹവും ആവോളം അനുഭവിക്കുന്ന അവനപ്പോള്‍ വീണ്ടും വീണ്ടും പറഞ്ഞു , അടുത്ത ജന്മം എനിക്ക് ലക്ഷ്മിയേടത്തിയുടെ മകനായി ജനിക്കണം , അടുത്ത ജന്മം ലക്ഷ്മിയേടത്തിയുടെ മകനായി ജനിക്കണംന്ന്.....!

------------------------------

'' റും നമ്പര്‍ നാലില്‍ കിടക്കുന്ന പേഷ്യന്‍റിന്‍റെ  ആരെങ്കിലും ഇവിടെയുണ്ടോ ''

ആശുപത്രി വരാന്തയിലേക്ക് തല നീട്ടി നഴ്സ് ചോദിച്ചു.

കസേരയില്‍ ചിന്തയിലാണ്ടിരുന്ന അയാളത് കേട്ട് ചാടിയെണീറ്റു.

ഡോക്ടറിന്‍റെ മുറിയിലേക്ക് ചെല്ലുമ്പോള്‍ മനസ്സ് നിറയെ ആശങ്കകളായിരുന്നു.

കുഴപ്പമൊന്നുമില്ല , അമ്മയെ ഇന്ന് തന്നെ വീട്ടിലേക്ക് കൊണ്ട് പോവ്വാം എന്ന് കേട്ടപ്പോള്‍ ആശങ്കകള്‍ ആശ്വാസത്തിന് വഴിമാറി.

അമ്മ കിടക്കുന്ന മുറിയിലേക്കയാള്‍ നടന്നു.

തീരെ അവശയായ ആ അമ്മയുടെ കയ്യില്‍ അയാള്‍ കൈ ചേര്‍ത്ത് വച്ചു.

' കണ്ണാ , ന്‍റെ മോന്‍ വന്നല്ലേ , ഗുരുവായൂരപ്പനെ തൊഴാന്‍ പോയപ്പോ അമ്മ കൂട്ടം തെറ്റിപ്പോയി മോനേ , മക്കളെ കാണാഞ്ഞിട്ട് അമ്മ കുറേ വിഷമിച്ചു  , ന്നെ ങ്ങളെല്ലാരും കൂടി ഒഴിവാക്കീന്നാ ഞാന്‍ കരുതിയേ , ഇപ്പോ സമാധാനായി , അമ്മേനെ കൊണ്ടോവാന്‍ ന്‍റെ മോന്‍ വന്നല്ലോ ''

ഒരു നിമിഷം നിശബ്ദമായിരുന്നു ആ മുറി.

പിന്നെ കേട്ടത് ,  അമ്മേന്നൊരു വിളി മാത്രമായായിരുന്നു.

ആ ശബ്ദത്തില്‍ അമ്മ തിരിച്ചറിഞ്ഞു , ഇതെന്‍റെ മോന്‍ കണ്ണനല്ലാന്ന്.

അമ്മ വിതുമ്പി.

പൊട്ടി കരയുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല.

കൃഷ്ണാ , ഗുരുവായൂരപ്പാ ന്ന് മാത്രം ചൊല്ലി.

യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ അമ്മയെ അയാള്‍ മെല്ലെ എണീപ്പിച്ചു.

കൈ പിടിച്ച് നടത്തിച്ച് കാറില്‍ കയറ്റി.

യാത്ര തിരിച്ചു.

'ലക്ഷ്മി ഭവനം ' എന്ന പേരെഴുതിയ ആ വലിയ വീടിന്‍റെ ഗെയിറ്റ് കടക്കുമ്പോള്‍ സന്ധ്യയാവാറായിരുന്നു.

കാറിറങ്ങി വന്ന അമ്മയെ സ്വീകരിക്കാന്‍ ഒരുപാട് അമ്മമാരവിടെ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു.

ആ മുഖങ്ങളിലൊക്കെയും സന്തോഷമായിരുന്നു.

അമ്മയുടെ കൈ ചേര്‍ത്ത് പിടിച്ച് അവരെല്ലാം സ്വയം പരിചയപ്പെടുത്തി.

ഓരോ ജീവിതവും ആ  അമ്മയുടെ മുന്നില്‍ കഥയായി അവതരിപ്പിക്കപ്പെട്ട നിമിഷങ്ങള്‍.

പറയാന്‍ ഒരുപാട് കഥകളുണ്ടായിരുന്നവര്‍ക്ക്.

അമ്മയില്ലാത്ത ഒരു മകന്‍റെ സ്നേഹവാത്സല്ല്യങ്ങള്‍ അനുഭവിക്കുന്ന ലക്ഷ്മി ഭവനത്തിലെ അമ്മമാരെ കുറിച്ച്‌......

കുഞ്ഞു നാളില്‍ ഒരമ്മയുടെ സ്നേഹവാത്സല്ല്യങ്ങള്‍ നല്‍കിയ സ്കൂളിലെ കഞ്ഞി വെപ്പുകാരി ലക്ഷ്മിയേടത്തിയെ സ്വന്തം അമ്മയായി കണ്ട് പരിചരിച്ച ഒരു മകനെ കുറിച്ച്.......

ആ അമ്മയുടെ വിയോഗത്തിന് ശേഷവും ആ അമ്മയുടെ പേരില്‍ ആരോരുമില്ലാത്ത ഒരുപാട് അമ്മമാരുടെ സംരക്ഷണം ഏറ്റെടുത്ത ആ നല്ല മനസ്സിനെക്കുറിച്ച്......

കഥകളോരോന്നും പറയുന്നതിനിടയില്‍ ചിലരുടെ കണ്ണ് നിറഞ്ഞു , ചിലര് വിതുമ്പി കരഞ്ഞു.

എങ്കിലും ആ കണ്ണുകളിലൊക്കെയും ഒരു മകന്‍റെ സ്നേഹമനുഭവിക്കുന്നതിന്‍റെ തിളക്കമുണ്ടായിരുന്നു.

കഥകള്‍ക്കൊടുവില്‍ അമ്മ തിരഞ്ഞു , ആ മകനെ.

പക്ഷെ , അവിടെയെങ്ങും കണ്ടില്ല.

തനിക്കായി ഒരുക്കി വച്ച മുറിയിലേക്ക് അവരെല്ലാം ചേര്‍ന്ന്  കൈ പിടിച്ച് കൊണ്ട് പോകുമ്പോള്‍ അമ്മക്കെന്തെന്നില്ലാത്ത ആശ്വാസം തോന്നി.

മുറിയിലെത്തി വിശ്രമിക്കുമ്പോള്‍ കണ്ടു , ജനവാതിലിനരികിലൂടെ വെളുത്ത പുക വാനിലേക്കുയര്‍ന്ന് പൊങ്ങുന്നത്.

മെല്ലെ എണീറ്റ് പുറത്തിറങ്ങി.

അവിടെ ഉണ്ടായിരുന്നു , ഞാന്‍ തിരഞ്ഞു നടന്ന ആ മകന്‍ , തന്നെ ഇവിടേക്ക് കൊണ്ട് വന്ന ആ മകന്‍.

തിളച്ച് മറിയുന്ന ഒരു ചെറിയ പാത്രത്തിന്‍റെ അടുത്തിരിക്കുകയാണ്.

അമ്മയെ കണ്ടതും അയാളൊന്ന് ചിരിച്ചു.

ഒരു പിഞ്ഞാണത്തില്‍ കഞ്ഞിയൊഴിച്ച് ഊതി ചൂടാറ്റി അയാള്‍ അമ്മക്ക് നേരെ നീട്ടി പറഞ്ഞു , രണ്ട് ദിവസത്തേക്ക് അമ്മക്ക് കഞ്ഞി മാത്രം കൊടുത്താ  മതീന്നാ ഡോക്ടര്‍ പറഞ്ഞതെന്ന്.

സന്തോഷത്തോടെ അമ്മയത് വാങ്ങി കുടിച്ചു.

കുടിച്ച പാത്രം അയാള്‍ക്ക് നേരെ നീട്ടി  തിരിഞ്ഞ് നടക്കുമ്പോള്‍ അമ്മയുടെ ചുണ്ടില്‍ രണ്ട് വറ്റ്  ചോറ് തങ്ങി നില്‍ക്കുന്നുണ്ടായിരുന്നു.

അമ്മയെ തിരികെ വിളിച്ചയാള്‍ തലയില്‍ കെട്ടിയ തോര്‍ത്തുമുണ്ടഴിച്ച് ചുണ്ടില്‍ പറ്റിയ വറ്റിനെ തുടച്ച് കൊടുത്തു....!

തിരിച്ച് മുറിയിലേക്ക് നടക്കും നേരം അമ്മയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

ആ  ചുണ്ടുകള്‍  മന്ത്രിക്കുന്നുണ്ടായിരുന്നു, അടുത്ത ജന്മം ഈ മകന്‍റെ അമ്മയാവണമെനിക്കെന്ന് , ഈ മകന്‍റെ അമ്മയാവണമെനിക്കെന്ന്......!

മഗേഷ് ബോജി

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്