Kissakal

""നാല്പത്തഞ്ചു ദിവസത്തെ ലീവ്  കിട്ടിയ പേപ്പറുമായി ഓഫീസിൽ നിന്നിറങ്ങിയ ഉടൻ വീട്ടിലേക്കു ഫോൺ ചെയ്തു....  ചേച്ചിയാണ് ഫോൺ അറ്റന്റ് ചെയ്തത്..

""ചേച്ചി  അമ്മയില്ലേ അവിടെ....

""ഉണ്ട്... കിച്ചണിലാ... എന്താടാ വിശേഷം...

""ഞാൻ വരുന്നു എന്ന് പറഞ്ഞപ്പോൾ തന്നെ ചേച്ചിയ്ക്കത്ര വിശ്വാസം പോര...

""നീ വരും  വരുമെന്നു പറയാൻ തുടങ്ങിയിട്ടെത്ര നാളായി... ഇതും എന്നത്തേയും പോലെ  ആയിപോകുമോടാ...

'"ഇല്ല ചേച്ചി... ഇതുറപ്പാണ്... മാറ്റമില്ല...
മറ്റന്നാളാണ് ഫ്ലൈറ്റ്... ലീവ് സമയം കഴിഞ്ഞിട്ടും  പാസാക്കാതെ പെൻഡിങ്ങിലായിരുന്നു... അവസാന നിമിഷമാണ്  പാസാക്കിയത്...

""ഉം.. ശരി,, നീ വരാൻ കാത്തിരിക്കുകയാണ് കുടുംബത്തിൽ എല്ലാരും...  'അമ്മ, പെണ്ണിനെയൊക്കെ കണ്ടു വച്ചിട്ടുണ്ട്... ഞങ്ങൾക്കെല്ലാവർക്കും ഇഷ്ട്ടായി... ഇനി നീ വന്നു കണ്ടിട്ട് നിന്റെ കൂടി ഇഷ്ട്ടം അറിഞ്ഞാൽ,,അവൾക്കും നിന്നെ ഇഷ്ടമായാൽ  നമുക്ക് പെട്ടെന്ന് തന്നെ കല്യാണം നടത്താം...

""ശരി.. ചേച്ചിയെന്നാൽ.... അമ്മയെ ഞാൻ കുറച്ചു കഴിഞ്ഞു  തിരിച്ചു വിളിക്കാം..'...
ബൈ ചേച്ചി...

""ഞാനാലോചിക്കുകയായിരുന്നു...
കല്യാണ കാര്യം എന്നെ സംബന്ധിച്ചിടത്തോളം തടസ്സങ്ങളുമായി മുൻപോട്ടു തന്നെയാണ്..
ഓഹ്... ഇതെല്ലാ ലീവിന് മുൻപും കേൾക്കുന്ന പതിവ്  പല്ലവിയല്ലേ... ഒന്നും ഇതു വരെ ഒത്തു വന്നില്ലാന്നു മാത്രം... ഇതും അത്ര കാര്യമാക്കുന്നില്ല... വരുന്നിടത്തു വച്ചു കാണുക തന്നെ... അല്ല പിന്നെ...

""കൂട്ടുകാരൊക്കെ കെട്ടി കൊച്ചുങ്ങളുമായി... അവരുടെയൊക്കെ കളിയാക്കൽ സഹിക്കാൻ പറ്റാതായപ്പോളാണ് ഞാനും വീട്ടിൽസമ്മതം മൂളിയത്...
ഇതെങ്കിലും ഒന്നു നടന്നാൽ മതിയായിരുന്നു... എന്നിട്ടു വേണം എന്നെ എന്നും  കളിയാക്കികൊണ്ടിരിക്കുന്ന നാട്ടിലുള്ള കൂതറ ഫ്രണ്ട്സിന്റെ മുൻപിലൂടെ അവളുടെ കയ്യും പിടിച്ചൊന്നു നടന്നു കാണിക്കാൻ... . ഇത്രയും നാൾ എന്നെ കളിയാക്കിയതിനുള്ള മധുര പ്രതികാരം...

""നാട്ടിലെത്തിയതും സമയം കളയാതെ  പെട്ടെന്ന് തന്നെ പെണ്ണിനെ ചെന്നു കണ്ടു... ഇഷ്ട്ടായി തമ്മിൽ തമ്മിൽ... നാണം കുണുങ്ങി.... സുന്ദരിക്കുട്ടി.... മൂന്നു ആങ്ങളമാർക്കും കൂടി ഒറ്റ പെങ്ങൾ... മൂവരും പോന്നു പോലെയാ അവളെ നോക്കി വളർത്തുന്നത്... പെണ്ണ് കാണാൻ ചെന്നപ്പോളും അവളുടെ ആങ്ങളമാരൊക്കെ ജോലിക്കു പോയിരിക്കുവാരുന്നു... പെങ്ങൾക്ക് ഇഷ്ടമാണെങ്കിൽ ഞങ്ങൾക്കും സമ്മതം... അതാണങ്ങളമാരുടെ മുദ്രാവാക്യം.... കാരണം പെങ്ങൾക്ക് ചില കാഴ്ചപ്പാടുകളുണ്ട്... അതൊക്കെ ഒത്തുവന്ന ഒരാളെ കിട്ടിയാലേ കല്യാണത്തിന് സമ്മതിക്കുകയുള്ളു... അങ്ങിനെ വിവാഹത്തോളമെത്തിയ എത്ര എത്ര ആലോചനകളാണ് മുൻപ് നടക്കാതെ പോയിട്ടുള്ളത്... അളിയന്മാരൊക്കെ കല്യാണത്തിന് മുൻപ്  വീട്ടിൽ വന്നു കാണാമെന്നറിയിച്ചിട്ടുണ്ട്.. ചുമ്മാ വെറുമൊരു ചടങ്ങായിട്ട്...
അവരുടെ മറുപടി കിട്ടിയതും പെട്ടെന്ന് തന്നെ എന്റെ വീട്ടുകാരൊക്കെ ചെന്നു കല്യാണം ഉറപ്പിച്ചു...പത്ത് ദിവസത്തിനുള്ളിൽ കല്യാണം...ലീവ് കുറവല്ലേ...

""കല്യാണം ക്ഷണിക്കാൻ ഫ്രണ്ട്സിന്റെ മുൻപിലേക്ക് നെഞ്ചും വിരിച്ചു നടന്നു ചെന്നു... അവൻമാരുടെ കളിയാക്കൽ പിന്നെയും...
"ആഹ"അങ്ങിനെ തെണ്ടി തെണ്ടി നമ്മുടെ മുത്തിനും പെണ്ണ് കിട്ടി... ഇതു നമുക്ക് അടിച്ചു പൊളി കല്യാണമാക്കണം... കൂട്ടത്തിൽ എന്നോട് എന്നും കൂടുതൽ സ്നേഹം കാണിക്കുന്ന സുഹൃത്ത്,,  ജീവൻ എന്നെ വിളിച്ചു കുറച്ചു ദൂരെ മാറ്റി നിർത്തി... സ്വകാര്യമായി ചോദിച്ചു..ഡാ അളിയാ... നീ അവളെയും കൊണ്ട് എവിടെയെങ്കിലും കറങ്ങാൻ പോയോ.... വല്ല സിനിമയ്ക്കോ മറ്റോ... കല്യാണത്തിന് മുൻപ് ഒന്നു പരസ്പരം ശരിക്കും മനസ്സിലാക്കാൻ കിട്ടുന്ന അവസരമാണ്... ഞാൻ പോയിട്ടുണ്ട് കല്യാണത്തിന് ഒരാഴ്ച്ച മുൻപ്...
കറങ്ങിയിട്ട് വൈകുന്നേരമാ അവളെ കൊണ്ട് ചെന്നു വീട്ടിലാക്കിയത്... അത് കൊണ്ടെന്താ കല്യാണപ്പന്തലിൽ ചമ്മൽ ഒന്നുമുണ്ടായില്ല...

""ജീവന്റെ വാക്കും മനസ്സിൽ വച്ചാണ് രാത്രി അവൾക്കു ഫോൺ ചെയ്തപ്പോൾ ഞാൻ അവളോട് ചോദിച്ചതും... നാണം കുണുങ്ങി... അവൾക്കു പേടിയാണത്രെ... വരില്ലാന്നു... കുറേ നിർബന്ധിച്ചൊടുവിൽ അവൾ സമ്മതിച്ചു... അങ്ങിനെ പിറ്റേന്നു തന്നെ അവളെയും പൊക്കി ബൈക്കിൽ കറങ്ങാനിറങ്ങി... അവൾക്കും ഒരു ഹെൽമെറ്റ് കൊടുത്തു... ആരും തിരിച്ചറിയാതിരിക്കാൻ....പാർക്കിലും ബീച്ചിലും ഒക്കെ പോയിട്ടൊടുക്കം സിനിമ തീയേറ്ററിലും കേറി... സിനിമയിലെ റൊമാൻസിനൊപ്പം ഞങ്ങളും കുറച്ചൊക്കെ അനുകരിച്ചു... പരിസരമൊന്നും അപ്പോൾ ശ്രദ്ധിച്ചില്ല...
സിനിമ കഴിഞ്ഞിറങ്ങിയതും രണ്ടു പേർ സംശയ ദൃഷ്ടിയോടെ നോക്കുന്നത് കണ്ടു... ഞാനത് കണ്ടിട്ടും കാണാത്തപോലെ നടിച്ചു... അവളോടിക്കാര്യം പറഞ്ഞതുമില്ല.... അവരെ അടുത്തുള്ള സീറ്റിൽ കണ്ടിരുന്നു...

""അവളെയും കൊണ്ട് വീട്ടിലേക്കു മടങ്ങും വഴി ഒരു മാരുതി വാൻ ഓവർടേക് ചെയ്തു വന്നു പെട്ടെന്ന് മുന്നിൽ ബ്രെയ്ക്കിട്ടു... ഉടൻ ഡോർ തുറന്നു രണ്ടു തടിമാടന്മാർ അരികിലേക്ക് ഓടി വന്നു....കാര്യമറിയാതെ ഞാൻ വണ്ടി നിർത്തി .അതേ സമയം തന്നെ പിന്നിൽ നിന്നും ഒരു കാർ കൂടി വന്നു നിന്നു...അതിൽ നിന്നും ഇറങ്ങിയവർ സിനിമ തീയേറ്ററിൽ കണ്ടവർ ആയിരുന്നു... അവർ അവളുടെ ഹെൽമെറ്റ് അഴിച്ചു മാറ്റി അവളെയും പിടിച്ചു കൊണ്ട് പിന്നിൽ വന്നു നിന്ന   കാറിൽ കയറ്റിയതും.... കൂടെയുണ്ടായിരുന്ന ബാക്കിയുള്ളവർ ചേർന്നു എന്നെ കറ്റ മെതിക്കും പോലെ മെതിച്ചതും  ഒരുമിച്ചായിരുന്നു.... എല്ലാം ഒരു നിമിഷം കൊണ്ട് കഴിഞ്ഞു.... ഞാൻ കാറ്റിലൊടിഞ്ഞ വാഴപോലെ ബൈക്കിൽ കിടന്നു.... അപ്പോൾ പെട്ടെന്ന് നിർത്തെടാ എന്നൊരലര്ച്ചയോടെ കാറിന്റെ ഡോറും തുറന്നു ഒരാളും അവളും കൂടി ഓടി വന്നു....

""എല്ലാരും അകന്നു മാറിയതും അവൾ ഓടി വന്നെന്റെ കൈയിൽ പിടിച്ചു....
കൂടെ വന്നയാൾ ഒരു ചമ്മലോടെ.... എടാ ഭാവി  അളിയാ സോറി.... നിനക്കു  വല്ലതും പറ്റിയോ....ആകെ ഭയന്നു പോയിരുന്ന അവൾ കാറിൽ കേറിയിരുന്നപ്പോളാ എന്നെ കണ്ടതും കരഞ്ഞു കൊണ്ട് കാര്യം പറഞ്ഞതും ...  ആളറിയാതെ പറ്റി പോയതാ...
അതെങ്ങിനാ നമ്മൾ ഇതു വരെ തമ്മിൽ കണ്ടിട്ടില്ലല്ലോ... ... സിനിമ തീയേറ്ററിൽ വച്ചു ഒരുത്തന്റെ കൂടെ ഇവളെ കണ്ടു എന്ന് ഈ കോന്തൻമാർ പറഞ്ഞപ്പോൾ ഒന്നും നോക്കാതെ ചാടി പുറപ്പെട്ടതാ.... ഇവളും വീട്ടിൽ പറയാതെ മുങ്ങിയതല്ലേ.... കല്യാണം ഉറപ്പിച്ച പെണ്ണാണ്...ഇതു വരെ പേരുദോഷം ഒന്നും വരുത്തിയിട്ടില്ല ഇവൾ....

""ഞാൻ പതുക്കെ ആയാസപ്പെട്ട് തലയിൽ നിന്നും ഹെൽമെറ്റ്  മാറ്റി.. എന്നിട്ടാ അളിയനെ ദയനീയമായി നോക്കി..

""സോറി അളിയാ.... വല്ലതും പറ്റിയോ....
ഇടിച്ചു നുറുക്കി ഇഞ്ച പരുവത്തിലായ എന്നോട് കണ്ണിൽ ചോരയില്ലാത്ത ചോദ്യം ചോദിക്കുന്ന അളിയൻ.....
കിടന്നിടത്തു നിന്നും എഴുനേൽക്കാൻ കഠിന  ശ്രമം നടത്തുന്ന ഞാൻ,,, 

""അപ്പോൾ വീണ്ടും ചോദ്യം....

"" അളിയാ വല്ലതും പറ്റിയോ.....

"'എന്റെ പൊന്നളിയാ ഇനിയെന്തു പറ്റാനാണ്...കല്യാണം കഴിക്കണമെങ്കിൽ മിനിമം താലി കെട്ടാനുള്ള ആരോഗ്യമെങ്കിലും  വേണമെന്ന് പറഞ്ഞു കേട്ടിട്ടില്ലേ..... അളിയാ...ഉം....  വന്നാട്ടെ ..നോക്കിയാട്ടെ.... അളിയന്റെ പെങ്ങളെ കെട്ടാൻ അത്രയെങ്കിലും ആരോഗ്യം ബാക്കിയുണ്ടോന്ന്....
     
                 --======നികേഷ്‌ ======--

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്