വാക മരച്ചുവട്ടിൽ

"വരും ജന്മം ഉണ്ടെങ്കിലീ പൂമരം നിന്റെ ചങ്കിലെ പെണ്ണായ് പിറക്കണം .... "

ഒരിക്കൽ ഈ വാകമറച്ചുവട്ടിൽ പ്രണയത്തിന്റെ പൂത്തുമ്പികൾ പാറിപ്പറന്ന നാളുകളിൽ നമ്മൾ ഒന്നിച്ചു മൂളിയ പാട്ട്..

ജോയൽ... നീ ഓർക്കുന്നുണ്ടോ ആദ്യമായി നീ എനിക്ക് വേണ്ടി കോളേജ് ഡേ ക്ക് പാടിയ പാട്ട്...

ആ പാട്ടിനു ശേഷം ആയിരുന്നു നിന്നെ ഞാൻ പ്രണയിച്ചു തുടങ്ങിയത് ...

****

"തനു.... "

"എനിക്ക് തന്നോട് ഒരു കാര്യം പറയാൻ ഉണ്ട്.. "

"എന്താ ജോയൽ.. "

"അത് പറഞ്ഞു കഴിഞ്ഞാൽ തനിക്ക് എന്നോടുള്ള ഇപ്പോളുള്ള അടുപ്പം ഇല്ലാതെ ആകരുത്... "

അവൻ പറയാൻ പോകുന്നത് എന്താണെന്നു  എനിക്ക് അറിയാമായിരുന്നു... ആ വാക്കുകൾ കേൾക്കാൻ എന്റെ ചെവികൾ കൊതിച്ചു തുടങ്ങിയിട്ട് നാളുകൾ ഏറെ ആയിരിക്കുന്നു...

"പറ ജോ... "

"തന്നെ കണ്ടു മുട്ടിയ അന്നു മുതൽ എനിക്ക് എന്തോ... "

"എന്തോ.... "

"വല്ലാത്ത ഒരു.... ഇഷ്ടം ഒക്കെ പോലെ... തന്നെ കൂടെ കൂട്ടണം എന്നൊക്കെ തോന്നി പോകുന്നു... "

"ഇച്ചായന്റെ ഈ മോഹം എന്റെ വീട്ടുകാർ അറിഞ്ഞാൽ പിന്നെ കഴുത്തിനു മേലെ തല കാണില്ല... "

"തനിക്ക് വേണ്ടി ഈ തല പോയാലും എനിക്ക് വിഷമം ഇല്ല... "

പിന്നീട് പ്രണയം കത്തിപ്പടർന്ന മൂന്ന് വർഷങ്ങൾ....

******

റിസൾട്ട്‌ വന്നതും വീട്ടിൽ എനിക്ക് കല്യാണകാര്യങ്ങൾ മുറുകി വന്നു...

ആ രാത്രി അവൻ  എന്റെ കയ്യും പിടിച്ചു റെയിൽവേ സ്റ്റേഷനിലൂടെ ഓടുമ്പോൾ എന്റെ കാലുകൾക്ക് കുതിരകളേക്കാൾ വേഗത ഉണ്ടായിരുന്നു...

പക്ഷെ... പിന്നിൽ നിന്നും വീണ അടിയിൽ ബോധം മറഞ്ഞു ഉണരുമ്പോൾ ഞാൻ എന്റെ മുറിയിൽ ഉണ്ടായിരുന്നു...

അടച്ചു പൂട്ടിയ ഒരുപാട് നാളുകൾ.... ജോയൽ നെ കുറിച്ച് ഒന്നും അറിയാൻ ആകാതെ വെരുകിനെ പോലെ ഞാൻ അങ്ങോട്ടും ഇങ്ങോട്ടും ഓടി തീർത്ത നാലു ചുവരുകൾ...

ഒരുപാട് വേനലും വസന്തവും വന്നു പോയിരിക്കുന്നു....

*****

ഒരു മാറ്റവും ഇല്ലാതെ പൂക്കുന്ന ഈ വാകമരപ്പൂക്കളെ കുശുമ്പോടെ ഞാൻ നോക്കി....

എത്രയോ പ്രണയങ്ങൾ കണ്ടു മടുത്ത ഭാവം...

"ഇപ്പൊ വക്കേഷൻ ആണ് മോളെ... ടീച്ചേർസ് ഒന്നും കാണില്ല... "

"ഉം... അറിയാം ഗോപാലേട്ടാ... "

"എന്നെ അറിയോ മോള്.. "

"ഞാൻ ഒരു എട്ട് വർഷം മുന്ന് ഇവിടെ പഠിച്ചിരുന്നു... "

"ആണോ... ഓർമ്മ ഒന്നും ഇല്ല കുട്ടി... എത്രയോ കുട്ടികൾ കണ്ണിൽ തെളിഞ്ഞും മറഞ്ഞും പോകുന്നു.. "

"ഉം..."

"അല്ല... മോൾ എന്താ ഇപ്പൊ വന്നത്... "

"ഏയ്... ഈ കോളേജ് ഒക്കെ ഒന്നുടെ കാണാൻ ഒരു മോഹം തോന്നിവന്നതാ... "

"ചില കുട്ടികൾ ഇപ്പോളും വരാറുണ്ട്.. ഇവിടുന്നു പോയിട്ട് ഒരുപാട് വർഷങ്ങൾ കഴിഞ്ഞ്... പഴയ ഓർമ്മകൾ പുതുക്കാൻ... "

"ഉം... ജീവിതത്തിലെ നല്ല കുറച്ചു നാളുകൾ അല്ലെ ഇവിടെ ചിലവഴിച്ചു വിട്ടത്... വീണ്ടും അവയെ തിരിച്ചു കിട്ടുമോ എന്നറിയാൻ വരുന്നതാ എല്ലാവരും... "

"മോൾടെ കുടുംബം.... "

"വിവാഹം കഴിഞ്ഞിട്ടില്ല... വീട് കോട്ടയം... 2010 ൽ പാസ്സ് ഔട്ട്‌...സ്വന്തമായി ഒരു റെഡി മേഡ് ഷോപ്പ് നടത്തുന്നു...  "

"ഉം... പല തരത്തിൽ ഉള്ള ആളുകൾ ഇവിടെ  വരാറുണ്ട്.. .. കഴിഞ്ഞ ദിവസം ഒരു പയ്യൻ വന്നിരുന്നു.... എന്തോ അപകടത്തിൽ കാലുകൾ നഷ്ടപെട്ട ഒരു നല്ല യുവാവ്... ഈ മരത്തിനു ചുവട്ടിൽ ഇരുന്നു കുറെ കരയുന്നത് കണ്ടു... "

എന്റെ കണ്ണുകൾ എവിടെയോ ജോയെ തിരഞ്ഞു.. എന്റെ കണ്ണാ.. ഇനിയും തിരയാൻ ഒരു ഇടവും ഇല്ല....

ഒരുപാട്  നഷ്ടപ്രണയങ്ങളുടെയും വിപ്ലവങ്ങളുടെയും കഥകൾ പറയാൻ ഉണ്ടാകും ഈ പൂക്കൾക്ക്... അതിലൊരു കഥ എന്റെയും ജോയുടെയും ആയിരിക്കാം...

"മോൾടെ പേരെന്താ... "

"തനു... "

"അന്ന് ഇവിടെ വന്നു കരഞ്ഞ ആ പയ്യനും 2010 ബാച്ച് ആയിരുന്നു...

"പേരെന്തെങ്കിലും പറഞ്ഞോ... "

"പറഞ്ഞിരുന്നു... പക്ഷെ ഓർമയില്ല... "

ഞാൻ എന്റെ പേഴ്സിൽ നിധി പോലെ കൊണ്ടു നടക്കുന്ന ആ ഫോട്ടോ ഗോപാലേട്ടനു നേരെ നീട്ടുമ്പോൾ എന്റെ മനസ്സിൽ ഒരായിരം പ്രതീക്ഷകൾ ആയിരുന്നു...

"ഇത് തന്നെ ആയിരുന്നു എന്ന് തോന്നുന്നു... താടി ഒക്കെ ഉണ്ട്... "

"ഇനി വന്നാൽ.. ഈ നമ്പർ കൊടുക്കണം... തനു തന്നതാണ് എന്ന് പറയണം... "

"കൊടുക്കാം മോളെ.. "

കരിയിലകളെ ചവിട്ടി ഞെരിച്ചു ഗോപാലേട്ടൻ പോകുന്നതും നോക്കി ഞാൻ നിന്നു...

എന്റെ സ്വപ്നങ്ങളും ജീവിതവും ഉടഞ്ഞു വീണ മണ്ണിന്റെ ഗന്ധം ആസ്വദിച്ചു നിൽക്കേ മഞ്ഞുനീർക്കണം വീണ ഒരു വാകപ്പൂ എന്റെ കൈകളിലേക്ക് വീണു...

"ഇനിയും വരും ഞാൻ... അത് ഒറ്റക്കല്ല.. എന്റെ ജോയേയും കൂട്ടി... എവിടെ ഉണ്ടെങ്കിലും കണ്ടു പിടിക്കും ഞാൻ....."

ആ വാകപ്പൂക്കളെ മാറോടടുക്കി ഞാൻ നടന്നു...

എന്റെ സ്വാപ്നങ്ങളിലേക്ക്... എന്റെ കളഞ്ഞു പോയ സന്തോഷത്തിലേക്ക്....

തിരികെ വരും ഞാൻ...അന്ന് നിനക്ക് എന്നോട് പറയാൻ വേറെയും ഒരുപാട് കഥകൾ കാണും അല്ലെ....

കാലിടറാതെ ഞാൻ നടന്നു...

തളരില്ല..... താങ്ങാൻ ഇന്നാരുമില്ല.... നിന്റെ ഓർമ്മകൾ മാത്രം ഉള്ളു ജോ....

*****ജ്വാല

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്