Kissakal

'അവൻ വരുന്നുണ്ട്‌, മൈൻഡ്‌ ചെയ്യണ്ട.....' എന്ന കൂട്ടുകാരിയുടെ വാക്ക്‌ കേട്ടപ്പോൾ തന്നെ അറിയാതെ  തലയുയർത്തി നോക്കിയത്‌ അവന്റെ മുഖത്തേക്ക്‌ തന്നെയായിപ്പോയി......

എപ്പോഴും കാണുമ്പോൾ കണ്ണടച്ച്‌, നൽകുന്ന പുഞ്ചിരി ഇന്നും നൽകി നടന്ന് നീങ്ങിയപ്പോഴേ  അവളുമാർ പറഞ്ഞ്‌ തുടങ്ങിയിരുന്നു, ഇതിപ്പോൾ രണ്ട്‌ കൊല്ലമായല്ലോ, ഈ പുറകെ നടത്തം,ആണുങ്ങളെ  പോലെ  ഇഷ്ടമാണെന്ന് പറയാനുള്ള ധൈര്യം പോലുമില്ലാത്തവനാണു പ്രേമിക്കാൻ നടക്കുന്നതെന്ന് കൂട്ടുകാരി പറഞ്ഞ്‌ നിർത്തിയപ്പോഴേക്കും, കൂടെയുള്ളവളുമാർ അവനെ കളിയാക്കി ചിരിച്ചിരുന്നു....

അന്ന് ആദ്യമായി കോളേജിൽ എത്തിയ ദിനം, കൂട്ടുകാരികളെ ഓരോരുത്തരെയായി  റാഗ്‌ ചെയ്ത്‌ , എന്റെ സമയം എത്തിയപ്പോഴായിരുന്നു ജോസഫ്‌ അങ്ങോട്ടു  കയറി വന്നത്‌, എന്നെ കണ്ടയുടനെ കുറച്ച്‌ സമയം എന്റെ കണ്ണിലേക്കു നോക്കി നിന്നിട്ട്‌, 'കുട്ടി പൊക്കോ' എന്ന് പറഞ്ഞ്‌ അവിടെ നിന്നും എന്നെ രക്ഷപ്പെടുത്തിയപ്പോഴേ കൂട്ടുകാരികൾ എന്റെ ചെവിയിൽ പറഞ്ഞിരുന്നു ജോസഫ്‌ എന്നെ നോട്ടമിട്ടെന്ന്..

അത്‌ ശരി വെക്കും പോലെ, ഞാൻ പോകുന്നിടത്തും ബസ്‌സ്റ്റോപ്പിലും എല്ലാം അവൻ എന്നെ നോക്കി നിൽക്കാറുണ്ടെങ്കിലും, റാഗിങ്ങിൽ രക്ഷിച്ച നന്ദിയല്ലാതെ എനിക്കിന്ന്  വരെ  പ്രേമം ഒന്നും തോന്നി തുടങ്ങിയില്ലായിരുന്നു, അപ്രതിക്ഷിതമായി അന്ന് പെയ്ത മഴയിൽ നനഞ്ഞ്‌ നിൽക്കുമ്പോഴായിരുന്നു, കയ്യിൽ കരുതിയ കുട നിർബന്ധിച്ചു  എന്നെ ഏൽപ്പിച്ചിട്ട്‌ ആ മഴ നനഞ്ഞ്‌ അവിടെ നിന്നും  അവൻ പോയത്  കണ്ടപ്പോഴേക്കും കോളേജിൽ  ഒരുവിതം എല്ലാവരും പറഞ്ഞ്‌ തുടങ്ങിയിരുന്നു, ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലാണെന്ന്.....

അന്ന് ഉച്ചക്ക്‌ കൂട്ടുകാരികൾക്കൊപ്പം കളി പറഞ്ഞിരിക്കുന്നതിനടയിൽ , നിനക്കായി അമ്മ തന്ന് വിട്ടതാണെന്ന് പറഞ്ഞ്‌ അവൻ നീട്ടിയ പൊതി മടിയോടെ വാങ്ങി,തുറക്കുന്നതിനടയിൽ അതിലെന്താണുള്ളതെന്ന ആകാംഷ എന്നെക്കാൾ അവളുമാരുടെ കണ്ണിൽ കാണാൻ കഴിഞ്ഞിരുന്നു, പൊതിയുടെ കെട്ടുകൾ അഴിഞ്ഞ്‌ തുടങ്ങിയപ്പോഴേ നല്ല തേങ്ങയിട്ടരച്ച ചിക്കൻ കറിയുടെ മണം മൂക്കിലടിച്ചിരുന്നു, മൊത്തം കഴിച്ചോ മോളെ ഭാവി അമ്മായിമ്മയുടെ സമ്മാനം ആണെന്ന് പറഞ്ഞ്‌ അവളുമാർ കളിയാക്കിയപ്പോഴും, എന്താണതിന്റെ ഉദ്ദേശം എന്നു എനിക്ക്‌ മനസ്സിലായില്ല..

അന്ന് ആ സമര ദിനത്തിൽ  കോളേജിൽ നിന്ന് നേരത്തെ ഇറങ്ങി ബസ്‌ സ്റ്റോപ്പിലേക്ക്‌ തനിച്ച്‌ നടക്കുന്നതിനടയിലാണു, അവന്റെ ബുള്ളറ്റ്‌ എന്റെ മുന്നിൽ ബ്രേക്കിട്ടത്‌, '"അനുനെ അമ്മക്കൊന്നു കാണണം, പേടിയില്ലെങ്കിൽ കൂടെ വരാമോ" എന്നവന്റെ ചോദ്യത്തിനു, വിശ്വാസത്തോടെ എങ്ങനെയാണു ആ ബുള്ളറ്റിൽ കയറിയതെന്ന് വീടെത്തും വരെയും എനിക്കു  മനസ്സിലായിരുന്നില്ല..

ആദ്യമായി എന്നെ കണ്ടയുടനെ അവന്റെ മമ്മ കുറച്ച്‌ നേരം എന്നെ തന്നെ നോക്കി നിൽക്കുന്നത്‌ കണ്ടിട്ടാ, ഞാൻ ജോസഫിന്റെ മുഖത്തേക്ക്‌ നോക്കിയത്‌, നിറഞ്ഞ കണ്ണോടെ അവന്റെ നോട്ടവും അമ്മയുടെ മുഖത്താണെന്ന് മനസ്സിലായപ്പോഴേക്കും എന്റെയുള്ളിൽ ചെറിയ ഭയം തോന്നി  തുടങ്ങിയിരുന്നു,  അത്‌ പുറത്ത്‌ കാണിക്കാതെ തിരിഞ്ഞ എന്റെ കണ്ണുകൾ അപ്രതീക്ഷിതമായി ചെന്നുടക്കിയ ഭിത്തിയിലെ ആ ഫോട്ടോ കണ്ട ഞാൻ 'അമ്മേന്നു....' അറിയാതെ വിളിച്ച്‌ പോയിരുന്നു... ഒറ്റ നോട്ടത്തിൽ ഞാൻ അല്ലെന്ന് ആരും പറയാത്തൊരു ഫോട്ടോ...

കാത്തിരുന്ന് കിട്ടിയ കുടുബത്തിലെ ഏക പെൺതരിയെ , കർത്താവിനു ഇഷ്ടപ്പെട്ടത്‌ കൊണ്ടാകും നേരത്തെയങ്ങ്‌ വിളിച്ചതെന്ന് ആ അമ്മ എന്നെ ചേർത്ത്‌ നിർത്തി പറഞ്ഞപ്പോഴേക്കും ഒഴുകി വന്ന കണ്ണുനീർ തുടച്ച്‌, അമ്മയുടെ മോൾ എങ്ങും പോയിട്ടില്ല ഇവിടെയുണ്ടെന്ന് പറഞ്ഞപ്പോൾ ആ പാവം എന്നെ കെട്ടിപ്പിടിച്ച്‌ ഉമ്മ വെക്കുന്നുണ്ടായിരുന്നു എന്റെ നെറ്റിയിലും, കവിളിലും...

തിരിച്ചുള്ള യാത്രയിൽ,  ഇനി എന്റെ അമ്മ വെക്കുന്ന ചിക്കൻകറിക്ക്‌ ഒരവകാശികൂടിയായി എന്ന് പറഞ്ഞപ്പോൾ നിറഞ്ഞ്‌ വന്ന അവന്റെ കണ്ണുകൾ ഞാൻ കാണാതിരിക്കാൻ പാടുപെടുന്നുണ്ടായിരുന്നു  അവൻ, യാത്ര പറഞ്ഞ്‌ പിരിയാൻ നേരം,  'ജാൻസിക്ക്‌ പകരമാവില്ലെങ്കിലും ഞാൻ ഇച്ചായാന്ന് വിളിച്ചോട്ടെന്ന്...' ചോദിച്ചപ്പോഴേക്കും കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു എന്റെയും, എന്റെ ഇച്ചായന്റെയും..

ഷാനവാസ്‌ ജലാൽ

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്