Kissakal

പകരം വാഴ വെച്ചാ മതിയെന്ന് കരുതിയ അച്ഛൻ ഈ വിഷയത്തിൽ കയറി തലയിടുമെന്ന് ഞാൻ വിചാരിച്ചില്ല..

കണിശക്കാരനായ അച്ഛൻ എനിക്ക് വേണ്ടി കണ്ടു വെച്ചത് വലിയ കൊമ്പത്തെ വീട്ടിലെ ബന്ധമാണെന്ന് അറിഞ്ഞപ്പോൾ തന്നെ വേണ്ട എന്ന് വെച്ചതാണ്..
പിന്നെ അച്ഛനെ നാണം കെടുത്തണ്ടന്നു കരുതിയാണ് ഞാൻ പെണ്ണു കാണാൻ പോയത്..

വന്നവൾ ചായ കൊണ്ടു വന്നു വെച്ച് നാണമൊട്ടിച്ചു കളിക്കാൻ നിക്കാതെ എനിക്കെതിരെയുള കഴിഞ്ഞ കസേരയിൽ ഇരിന്നു..

പിന്നെ എന്നോട് ചോദിച്ചു ഏതു വരെ പഠിച്ചു എന്ന്
ഞാൻ ഗമയൊന്നും കാണിക്കാതെ പറഞ്ഞു പത്താംക്ലാസ് എന്ന്..

മുന്നോട്ടു വന്ന അവളുടെ തല പിറകോട്ട് പോയൊരു പോക്ക്  ഞാൻ ശ്രദ്ധിച്ചു..

പിന്നെ ചടങ്ങല്ലേ എന്ന് വെച്ചാവും അവൾ അടുത്ത ചോദ്യം ചോദിച്ചത് ജോലി എന്താ എന്ന്..
ഞാൻ ഒട്ടും മോശമാക്കാതെ പറഞ്ഞു ഒരു വർഷോപ്പ് സ്വന്തമായി ഉണ്ട് അതു തന്നെയാണ് പണിയൊന്നും..

പിന്നെയവൾ ചോദിക്കാൻ നിന്നില്ല അവളുടെ അകത്തേക്കുള്ള പോക്ക് കണ്ടാൽ അറിയാം ഇന്ന് അച്ഛനേയോ അമ്മയേയോ അവൾ പഞ്ഞിക്കിടുമെന്ന്..

അടുക്കളയിൽ പാത്രങ്ങൾ അതിരു കടക്കുമ്പോൾ തന്നെ പന്തികേട് മനസ്സിലാക്കി ഞാൻ സ്ഥലം കാലിയാക്കി..

വീട്ടിലെത്തിയ ഞാനാണേൽ അച്ഛനോട് പറഞ്ഞു എനിക്ക് വല്ല പെണ്ണും നോക്കുന്നെങ്കിൽ കൊക്കിലൊതുങ്ങന്ന പെണ്ണു മതി എന്ന്..

അച്ഛൻ നിലപാട് കടുപ്പിച്ച് മുഖത്ത് നോക്കാതെ പറഞ്ഞു നല്ല തറവാട്ടിൽ നിന്ന് മതി എന്ന്..

എന്തു കണ്ടിട്ടാണ് ഈ തറവാട് നോക്കണത് എന്ന് ഞാൻ അമ്മയോട് ചോദിച്ചപ്പോൾ അമ്മ പറഞ്ഞു നിന്റെ പെങ്ങളെ കെട്ടിച്ചത് വലിയ ഒരു കുടുംബത്തിലേക്കാണ്
നിന്റെ അനിയൻ പഠിച്ചൊരു ഒരു ഡോക്ടറുമായി
അതു കൊണ്ട് അച്ഛൻ പറയണത് തന്നെയാണ് ശരി എന്ന്..

അതും ഇതും തമ്മിലെന്ത് ബന്ധമെന്ന് ഞാൻ വീണ്ടും അമ്മയോട് ചോദിച്ചു..
അമ്മ ആ അതൊക്കെ അങ്ങനൊക്കൊ തന്നേന്നും പറഞ്ഞ് അടുക്കളയിലേക്ക് നടന്നു..

ഒരു കാര്യം ഉറപ്പായി ഇങ്ങേരെന്റെ അച്ഛനും ദേ ആ പോണത് എന്റെ അമ്മയുമായിരിക്കുമ്പോൾ എന്റെ കെട്ട് ഈ അടുത്തൊന്നും നടക്കുമെന്ന് തോന്നണില്ല എന്ന്..

പണ്ട് എനിക്ക് പകരം വാഴ വെച്ചാൽ മതി എന്ന് പറഞ്ഞ കക്ഷിയാണച്ഛൻ..
പത്തിൽ രണ്ട് വട്ടം കറക്കി കുത്തി നോക്കി
ആ വഴി രക്ഷപ്പെടില്ല എന്ന് അറിഞ്ഞ അച്ഛൻ അന്നു മുഖം തിരിച്ചതാണെന്നോട്..

വീട്ടിലിരുന്ന് മടുത്തപ്പോൾ
അമ്മാവന്റെ വീട്ടിൽ നിന്ന് വർഷോപ്പ് പണി പഠിക്കാൻ പോയി തുടങ്ങി..
ഞാൻ അങ്ങനെ പോയത് അച്ഛനൊരു കുറച്ചിലായിരുന്നു
അന്നതിനച്ഛൻ പറഞ്ഞത് അച്ഛന്റെ മുഖത്ത് കരി വാരി തേക്കാൻ ഞാൻ മന:പൂർവ്വം ചെയ്യുന്നതാണെന്നായിരുന്നു..

ഇപ്പോഴും അച്ഛന്റെ ആ മനോഭാവം മാറിയിട്ടില്ല..
ഒടുക്കം ഞാൻ പെണ്ണു കാണാൽ അങ്ങട്ട് അവസാനിപ്പിച്ചു..
അനിയന്റെ കല്യാണം ഇത്തിരി വൈകുമെന്നും അമ്മയോട് പറഞ്ഞു..

ഒരു മാസം തികയണതിനു മുമ്പ് തന്നെ അച്ഛനും അമ്മയും വാശി ഉപേക്ഷിച്ച് പറഞ്ഞു..
നീ ആരെ വേണമെങ്കിലും കെട്ടിക്കോ എന്ന്
പക്ഷേ ഒരു ചില്ലി കാശ് എന്റെ കല്യാണത്തിന് ചിലവാക്കില്ലെന്ന ഭീഷണി അച്ഛൻ നിരത്തി..

ഒരു വർഷോപ്പ് തുടങ്ങാൻ പൈസ ചോദിച്ചപ്പോൾ തരാത്ത അച്ഛൻ തന്നെയല്ലേ അതു കൊണ്ട് എനിക്കും വലിയ പ്രതീക്ഷ ആ കാര്യത്തിലുമില്ല...

എങ്കിലും അന്നും ഇന്നും തേനും പാലുമൊഴുക്കുന്നത് അനിയന് മാത്രം
എന്തായാലും അവൻ ഇപ്പൊ ഡോക്ടറായി..
മ്മ ലോണെടുത്താണേലും ഇപ്പൊ വർഷോപ്പ് മുതലാളിയുമായി...

അങ്ങനെ ഞാൻ പെണ്ണു കാണൽ തുടങ്ങി വലിയ വലിയ സങ്കൽപ്പങ്ങളും ഡിമാന്റുമില്ലാത്തതു കൊണ്ട് തന്നെ പെണ്ണു തിരഞ്ഞതികം നടക്കേണ്ടി വന്നില്ല..

ചെന്നു കണ്ട പെണ്ണിന്റെ കുടുംബം ഒരു സാധാരണ കുടുംബം
അവളുടെ അച്ഛനും ഒരു സർക്കാർ ജോലിക്കാരൻ തന്നെ
അതും കേന്ദ്ര സർക്കാർ ജോലി
പോസ്റ്റ് മാൻ
എന്റെ അച്ഛന്റെ സർക്കാറിനേക്കാൾ ഒരു പടി മുകളിൽ വരും അവളുടെ അച്ഛന്റെ സർക്കാർ..

അങ്ങനെ പെങ്ങളെ വിളിച്ചു വരുത്തി
ഈ കാര്യം കേട്ടവൾ ആദ്യം മുഖം തിരിച്ചെങ്കിലും വളരെ നിർബന്ധിപ്പിച്ച് ഒരു ചടങ്ങ് പോലെ അവളെയും അമ്മയേയും അവളെ കാണാൻ വിട്ടു..

അവർ പോയി വന്നു എന്തൊക്കെയോ കുറ്റവും കുറവും നിരത്തി ഞാൻ അതൊന്നും കേട്ടതായി ഭാവിച്ചില്ല..

അങ്ങനെ എന്റെ കല്യാണത്തിനും വീട്ടിൽ പന്തലുയർന്നു
കൊട്ടും കുരവയുമുയർന്നു..
ഞാൻ കല്യാണ ചെക്കനായി അണിഞ്ഞൊരുങ്ങി..

നാട്ടുകാരെ കൊണ്ട് പറയിപ്പിക്കേണ്ട എന്ന അമ്മയുടെ വാക്കുകൾ കേട്ടാണ് അച്ഛൻ കല്യാണത്തിന് മുമ്പിൽ നിന്നതും ചടങ്ങുകൾ നടത്തിയതും...

കെട്ടു കഴിഞ്ഞ് വലതു കാലെടുത്തു വെച്ചവൾക്ക് കുടുംബ മഹിമയില്ലാത്തതിനാൽ വീട്ടിൽ പുല്ലു വിലയായിരിന്നു..
അവൾ നടുവൊടിഞ്ഞു ചെയ്യുന്ന ജോലികൾക്കൊന്നും ഒരു വിലയും ഉണ്ടായിരുന്നില്ല..

ഓരോന്നും പറഞ്ഞവളെ ഒന്നു കണ്ണു നിറയിച്ചില്ലേൽ അമ്മക്ക് ഉറക്കം വരാത്ത പോലെയാണ്..

ഇന്ന് അനിയൻ അച്ഛനും അമ്മയും പറഞ്ഞത് പോലെ ഒരു വലിയ കുടുംബത്തിൽ നിന്ന് തന്നെ ഒരുവളെ കെട്ടി കൊണ്ട് വന്നു..

അന്നച്ഛൻ നല്ല ഗമയോടെ എന്നെ നോക്കി..
എന്റെ മോൻ അനുസരണയുള്ളവനാണ് എന്ന് പറഞ്ഞവന്റെ ഗുണഗണങ്ങളും എനിക്ക് മുമ്പിൽ നിരത്തി എന്നെ പുച്ഛത്തോടെ നോക്കി..

അവളു കൂടി വന്നതോടു കൂടി അമ്മ തരം തിരിവ് വീട്ടിൽ കാട്ടി തുടങ്ങി..

എന്നിട്ടും അവൾ ഏങ്ങലടിച്ചുള്ള പരാതി പറച്ചിലുണ്ടാക്കിയില്ല
വീട് രണ്ടാക്കാൻ മിടുക്ക് കാണിച്ചില്ല..
ഒരു മണ്ടിയെ പോലെ എല്ലാം കണ്ടും കേട്ടും നടന്നു..

ഇന്നിപ്പോ എന്തോ അനിയന്റെ ഭാര്യയും അമ്മയും തമ്മിൽ മുഷിപ്പ് തുടങ്ങി..
അമ്മ ഒന്ന് പറഞ്ഞാൽ അവൾ രണ്ട് പറയും
അമ്മക്കിപ്പൊ കയ്ച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും പറ്റാത്ത അവസ്ഥയിലായി..

വീട്ടിൽ പലപ്പോഴും കലഹമായി അനിയന്റെ സ്വസ്ഥത നഷ്ടപ്പെട്ടു തുടങ്ങി..

ഇന്നും എന്തോ പറഞ്ഞവളും അമ്മയും വാക്കേറ്റമായി
അതിനിടക്കാണ് അവൾ അമ്മയോട് പറഞ്ഞത് എന്റെ അച്ഛൻ എന്നെ ഈ വീട്ടിലെ അടുക്കള പണിക്കായി കെട്ടിച്ചു വിട്ടതൊന്നുമല്ലന്ന്..

അതു കേട്ടതും അമ്മ കലി തുള്ളി വേഗം അനിയനെ വിളിച്ചു പറഞ്ഞു
ഈ തലതെറിച്ചവളെ അവളുടെ വീട്ടിൽ കൊണ്ട് പോയി വിടെടാന്ന്..
അമ്മ അനിയനോടത് പറയുമ്പോൾ ഞാൻ അമ്മയോട് ചോദിച്ചു..

അവൾ പറഞ്ഞതിൽ എന്താണ് അമ്മേ ഒരു തെറ്റ് അവളുടെ അച്ഛൻ അവളെ ഇങ്ങോട്ട് പറഞ്ഞു വിടുമ്പോൾ ഇവിടുള്ളവരും അവളെ പൊന്നു പോലെ നോക്കും എന്ന് കരുതി തന്നെയല്ലേ വിട്ടത്..

അമ്മയുടെ ശത്രുക്കളായൊന്നുമല്ലല്ലോ ഇവർ വന്നു കയറിയത് മക്കളായല്ലേ? ..
ഞാൻ ചോദിച്ചതിനൊന്നും അമ്മക്ക് ഉത്തരമുണ്ടായില്ല..

ഒരു നിമിഷം കൊണ്ട് അമ്മക്ക് അമ്മയുടെ തെറ്റ് മനസ്സിലായി..
അമ്മ അവളെ ചേർത്തു നിർത്തി നെറുകിൽ തലോടി..
ആ തലോടലിൽ എല്ലാം മറക്കാനുള്ള ശക്തി ഉണ്ടായിരുന്നു പൊറുക്കാനുള്ള മനസ്സുണ്ടായിരുന്നു..

എല്ലാം കണ്ടും കേട്ടും കൊണ്ട് മിഴി നിറച്ചു നിൽക്കണ എന്റെ പെണ്ണിനെ അപ്പോഴാണ് അമ്മ ശ്രദ്ധിച്ചത്..
അമ്മ അവളുടെ അരികിൽ ചെന്ന് അവളുടെ കണ്ണുകൾ തുടച്ചു കൊടുത്തു കൊണ്ട് പറഞ്ഞു ഇനി നീയാണ് ഈ വീട്ടിലെ മൂത്ത മകൾ എന്ന്..

അതു കേട്ടവൾ ചിരിക്കുമ്പോൾ അവളുടെ സന്തോഷം എത്രയെന്നു ഞാൻ കണ്ടിരുന്നു..

അനിയന്റെ ഏട്ടനായി വീട്ടിലെ മൂത്ത മകനായി ഞാനൊന്നു നിവർന്നു നിന്നു..
എനിക്ക് പകരം വാഴ വെച്ചാ മതി എന്ന് കരുതിയ അച്ഛൻ ഉമ്മറത്തു നിന്ന് ഒന്നും ഉരിയാടില്ല ഇന്ന്..

പുറത്തേക്ക് ഇറങ്ങുമ്പോൾ വളരെ നാളുകൾക്ക് ശേഷമുള്ള ഒരു ചിരി മൂപ്പര് കാച്ചിയിരുന്നു..

എന്തോ വാഴയിപ്പോ അച്ഛൻ തന്നെ വെട്ടി കളഞ്ഞ് എന്നെ മൂത്ത മകനായി കാണാൻ തുടങ്ങിയിരിക്കുന്നു..

എ കെ സി അലി
ഫോട്ടോ കടപ്പാട്

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്