Kissakal

രാത്രി ഏറെ വൈകിയുള്ള ചാറ്റിനിടയിൽ അവനെന്റെ ഫോട്ടോ ചോദിച്ചപ്പോൾ എനിക്കെന്തോ എന്റെ ദേഷ്യത്തെ നിയന്ത്രിക്കാനായില്ല...

നീ എന്തു കരുതി എന്നെ കുറിച്ച്...?നിന്നിലുള്ള വിശ്വാസം കൊണ്ടാണ് ഞാനീ നേരം വരെ നിന്നോട് സംസാരിച്ചത്...
അല്ലാതെ....

ഉള്ളിൽ തികട്ടി വന്ന രോഷത്തെ കുറെ വാക്കുകളിൽ തുറന്നു കാട്ടി ഫോൺ ഓഫ്‌ ചെയ്തു വച്ച് ഞാൻ ഉറങ്ങാൻ കിടന്നു.

എങ്കിലും അവൻ ഈ  നേരത്ത് എന്നോട് ഫോട്ടോ.....

എന്റെ ഓരോ എഴുത്തുകളും വായിച്ചു അവൻ അതിനെയെല്ലാം വിലയിരുത്തി കുറഞ്ഞ വാക്കുകളിൽ മെസ്സേജ് ചെയ്യുമായിരുന്നു. വിമർശങ്ങൾ ആയിരുന്നു ഏറെയും. അങ്ങനെയാണ് ഞാനവനെ ശ്രദ്ധിച്ചു തുടങ്ങിയത്.

പിന്നെപ്പോഴോ വെറുതെ ഇരുന്നപ്പോൾ ഞാനവന്റെ പ്രൊഫൈൽ ഒന്ന് നോക്കി. പക്ക്വത നിറഞ്ഞ ശാന്തമായ മുഖത്തോടു കൂടിയ ഒരു ചെറുപ്പക്കാരൻ......
നിരഞ്ജൻ.....

കൂടുതൽ അടുത്തപ്പോൾ എനിക്കവൻ രഞ്ജൻ ആയി......
ഒന്നും രണ്ടും റിപ്ലയ്കൾ കൊടുത്തു തുടങ്ങിയ സൗഹൃദം നേരം പുലരും വരെയുള്ള ചാറ്റിലേക്കു എത്തി നിന്നു....

പിന്നീടവന്റെ വിമർശങ്ങൾ കഥകളേക്കാളേറെ എന്റെ സ്വഭാവത്തെ ആയിരുന്നു.
മാന്യമല്ലാത്ത രീതിയിൽ അവൻ ഒരിക്കൽ പോലും പെരുമാറിയിട്ടില്ല. ചുറ്റിനുമുള്ള സകല വിഷയങ്ങളെ കുറിച്ചും അവനു വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു.... അതവൻ എന്നിലേക്കും പകർന്നു തന്നു....

എന്നിട്ടാണ് അവൻ ഈ നേരത്ത് എന്നോട് ഫോട്ടോ......

രാവിലെ ഫോൺ എടുത്തു ഓൺ ചെയ്തു നോക്കിയപ്പോൾ അവന്റെ മെസ്സേജ് ഉണ്ട്. സോറി പറഞ്ഞാവും......

പക്ഷേ മെസ്സേജ് ഓപ്പൺ ചെയ്ത ഞാൻ ഞെട്ടി....
അതിൽ എന്റെ രണ്ടു ഫോട്ടോസ്.....

അവനിതെങ്ങനെ....?
എവിടെ നിന്ന്......?

നിനക്കിതെവിടെ നിന്ന് കിട്ടി...?

എന്റമ്മൂ നീ പേടിക്കേണ്ട നിന്റെ ഫ്രണ്ട്‌സ് ആരോ പോസ്റ്റ്‌ ചെയ്തത് സേവ് ചെയ്തു വച്ചതാണ്.  നീ ഫോട്ടോ അയക്കുമോ എന്നറിയാൻ വെറുതെ ചോദിച്ചുന്നു മാത്രം.

പക്ഷേ ഫോട്ടോസ് ഒക്കെ ഇങ്ങനെ പബ്ലിക് ആക്കുന്നത് സൂക്ഷിച്ചു വേണംട്ടോ എന്നൊരു ഉപദേശവും...

അവനോടൊരൽപം സ്നേഹം കൂടിയ പോലെ...

ഉപദേശങ്ങൾ ആയിരുന്നു അവനെനിക്ക് ഏറെയും നൽകിയത്...
എന്റെ തെറ്റുകൾ ചൂണ്ടി കാട്ടി അവ തിരുത്തി തരാനായിരുന്നു എന്നും അവനു താല്പര്യം...

പിന്നീടൊരു ദിവസം രാത്രി ഉറങ്ങാൻ നേരം അവനെന്നോട് ചോദിച്ചു അമ്മൂ വിരോധമില്ലെങ്കിൽ നിന്റെ ഫോൺ നമ്പർ...?

എന്ത് വിരോധം രാവിലെ തരാം ഇപ്പോ ഉറക്കം വരുന്നു എന്ന് പറഞ്ഞു ഞാൻ കിടന്നു.

രാവിലെ അവന്റെ മെസ്സേജ് നോക്കിയ ഞാൻ വീണ്ടും ഞെട്ടി.......
അതിൽ എന്റെ നമ്പർ...

നീ എന്നെ പറ്റിക്കുകയാണ് അല്ലേ രഞ്ജൻ...? നിനക്കപ്പോൾ എന്നെ പരിചയമുണ്ട്... അല്ലെങ്കിൽ നിനക്കെവിടെ നിന്നു കിട്ടി എന്റെ നമ്പർ...?

എന്റമ്മൂ നീ നോക്ക് നിന്റെ പ്രൊഫൈലിൽ നമ്പർ ഉണ്ട്.  നീയത് വേഗം റിമോവ് ചെയ്.

അല്ല രഞ്ജൻ നീ കള്ളം പറയുന്നു... നീയെന്നെ പറ്റിക്കുന്നു...

എന്റെ പെണ്ണെ നീ കിടന്നു തുള്ളാതെ പറഞ്ഞത് കേൾക്കു....

അവൻ പറഞ്ഞത് ശരിയാണ്....
പക്ഷേ ഇതെങ്ങനെ ....?
ഞാൻ നമ്പർ ഇട്ടിരുന്നില്ലല്ലോ......?
വേഗം ഞാനത് ഡിലീറ്റ് ചെയ്തു....

സോറി രഞ്ജൻ ........
നീ പറഞ്ഞത് ശരിയാണ് ......
സോറി.......

അമ്മൂ ഇതൊക്കെ വളരെ ശ്രദ്ധിക്കണം. ഒരുപാട് പേർ കാണുന്നതല്ലേ. നമ്മളെ നാം തന്നെ സൂക്ഷിക്കണം.
അതുമാത്രം അല്ല നിന്റെ ഈ സ്വഭാവം മാറ്റണം.....
കാര്യം അറിയുന്നതിനു മുന്നേ ഉള്ള ഈ എടുത്തുചാട്ടം. എത്ര തവണ പറഞ്ഞിട്ടുണ്ടത്. അല്ലെങ്കിൽ നിനക്കതു ദോഷം ചെയ്യും.

ഉം ......
ഞാനൊന്നു മൂളുക മാത്രം ചെയ്തു.

എനിക്കു നിന്നെ ഒന്ന് നേരിൽ കാണണം രഞ്ജൻ ......

അതിനെന്താ നാളെ തന്നെ കാണാല്ലോ.....

അവന്റെ വാക്കുകൾ എനിക്ക് വിശ്വസിക്കാനായില്ല ........

നീ സത്യമാണോ പറയുന്നത് ....?

അതെന്ന്..... നാളെ കൃത്യം നാലു മണിക്ക് നെഹ്‌റു പാർക്കിൽ ......

പിറ്റേന്ന് പാർക്കിൽ എത്തുമ്പോൾ അവനെ നേരിൽ കാണാൻ പോണ സന്തോഷത്തിനു പുറമെ മറ്റൊന്ന് കൂടി ഉണ്ടായിരുന്നു...... മനസ്സിൽ ഉള്ളിൽ അവനോടു തോന്നി തുടങ്ങിയ പ്രണയം അവനെ അറിയിക്കുക.....

പക്ഷേ നേരം ഇരുട്ടുന്നു അവൻ വരുന്ന ലക്ഷണം ഇല്ലാ.......
മഴ പെയ്തു തുടങ്ങി ........
ഫോണെടുത്തു അവന്റെ മെസ്സേജ് നോക്കി... ഇല്ലാ മെസ്സേജും ഇല്ലാ .......
ഓൺലൈനിൽ അവനില്ല.......

നിറഞ്ഞു തുളുമ്പിയ കണ്ണുകളുമായി പോകാനായി തിരിഞ്ഞപ്പോൾ മുന്നിലൂടെ ഒരു കുടക്കീഴിൽ അവൻ നടന്നു നീങ്ങുന്നു..... അവനെന്നെ കണ്ടില്ലേ....?

രഞ്ജൻ ........രഞ്ജൻ. ..... നിൽക്കൂ .......

ഓടി ഞാനവന്റെ മുന്നിലെത്തി വഴി തടഞ്ഞു നിന്നു. അപ്പോഴേക്കും മഴ എന്നെ പൂർണമായും നനച്ചിരുന്നു.

അവനെന്നെ അത്ഭുതത്തോടെ നോക്കുന്നു.

രഞ്ജൻ നീയെന്താ ഇങ്ങനെ നോക്കുന്നത്.....? നീയെന്താ ലേറ്റ് ആയതു .....?

വീണ്ടും അവനെന്നെ സൂക്ഷിച്ചു നോക്കി നിന്നു.....

രഞ്ജൻ നീയെന്താ മിണ്ടാത്തത് ....?

കുട്ടി ആരാ മനസിലായില്ല ...?

രഞ്ജൻ നീ .......

കുട്ടിക്ക് ആള് മാറി ........
ഞാൻ രഞ്ജൻ അല്ല… 

കണ്ണിലാകെ ഇരുട്ട് നിറയും പോലെ. സ്ഥലകാല ബോധം വന്നു ഞാൻ നോക്കിയപ്പോൾ അവിടെങ്ങും അയാൾ ഉണ്ടായിരുന്നില്ല....

ഉള്ളിൽ സങ്കടത്തിനൊപ്പം ഭയവും...

ഒരു വിധത്തിൽ വീടെത്തി ഫോൺ കയ്യിലെടുത്തു. അവന്റെ മെസ്സേജ് ഓപ്പൺ ചെയ്യാനായി നോക്കി.
അതിൽ അങ്ങനൊരു ചാറ്റ് ഇല്ല... അങ്ങനൊരു അക്കൗണ്ടും .....

ഉള്ളിലെ ഭയവും സംശയങ്ങളും വർധിച്ചു... ഒപ്പം സങ്കടവും ....

ഇത്ര നാൾ ഞാൻ സംസാരിച്ച രഞ്ജൻ ...
ഞാൻ സ്നേഹിച്ച എന്റെ രഞ്ജൻ ....
എന്റെ തെറ്റുകൾ ചൂണ്ടിക്കാട്ടിയ രഞ്ജൻ .....

ഒക്കെയും എന്റെ മനസാക്ഷി തന്നെ ആയിരുന്നോ .....?

എങ്കിൽ ഒന്നുറപ്പ് .....
എനിക്ക് തെറ്റു പറ്റുമ്പോൾ അവൻ ഇനിയും വരും.....
എന്റെ തെറ്റുകൾ  ഒക്കെ തിരുത്തി എന്നെ നേർവഴിക്കു നടത്താൻ......

എന്റെ മനസാക്ഷി ........
അല്ല എന്റെ രഞ്ജൻ .....

അതിഥി അമ്മു

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്