സൃഷ്ടി

@കിസ്സകളുടെ സുൽത്താൻ
❤സൃഷ്ടി❤

""" ഏട്ടനുവേണ്ടി പെണ്ണുകാണാനായി പോയപ്പോഴാണു ആദ്യമായി അവളെ കണ്ടത്

ഏട്ടത്തിക്കുട്ടിയാകാൻ പോകുന്ന പെണ്ണിനു നാണം കൂടിയപ്പോൾ അവളാണു കൂട്ടിക്കൊണ്ടു വന്നത്

ഏട്ടൻ പെണ്ണിനോടു സംസാരിക്കുന്ന സമയം നോക്കി ഞാൻ പുറത്തേക്കു ചാടി

വിഷാദച്ചുവയുളള നുണക്കുഴി കവിളുകാരിക്കായി കണ്ണുകൾ വിശ്രമമില്ലാതെ പാഞ്ഞു നടന്നു

ഇവർക്കൊക്കെ പുറത്തേക്ക് ഒന്നിറങ്ങിയാലെന്താ ..നമ്മളു പിടിച്ചു തിന്നുവോ

ചിന്തയിത്രയും ആയപ്പോഴേക്കും ഏട്ടൻ പുറത്തേക്കു വന്നു

ഏട്ടനോടു കാര്യം പറഞ്ഞാലോ..അല്ലെങ്കിൽ വേണ്ട..ഞാനവനെ ഓവർടേക്കു ചെയ്യുകയാണെന്നു വിചാരിക്കും

ബൈക്ക് യാത്രയിൽ ഏട്ടൻ കണ്ട പെൺകുട്ടിയെ കുറിച്ചു വാചാലനായി

ഇവന്റെ കല്യാണം ഏതാണ്ട് ഉറച്ചമട്ടിലാണു സംസാരം മുഴുവൻ

അമ്മ കൂടി പച്ചക്കൊടി കാണിച്ചാലേ കല്യാണം നടക്കൂ

യാത്രയിലുടനീളം ഞാൻ മൗനമായിരിക്കുന്നതു കണ്ടാണു അവൻ കാര്യം തിരക്കിയത്

സാധാരണ വാതോരാതെ സംസാരിക്കുന്ന ഞാനൊന്നും അവനോടു പറഞ്ഞില്ല

അവൻ വിടാനുളള ഭാവമില്ല

ബീവറേജസിൽ നിന്നുമൊരു ചെറുതും വാങ്ങിയാണു വീട്ടിലെത്തിയത്

അമ്മ കുപ്പി കണ്ടാൽ കുഴപ്പമായതുകൊണ്ട് പാന്റിന്റെ പോക്കറ്റിൽ താഴ്ത്തി

വണ്ടിയുടെ ശബ്ദം കേട്ടതിനാൽ അമ്മ പൂമുഖത്തേക്കു വന്നു

""" കുട്ടിയെ കണ്ടിട്ടു നിനക്കിഷ്ടമായോടാ കണ്ണാ"""

അമ്മ ഏട്ടനോടു തിരക്കി

""" ഇഷ്ടപ്പെട്ടമ്മേ...കണ്ടാലെന്റെ അമ്മയെപ്പോലെ പാവമാ"""

അവൻ നമ്പരിറക്കി

"""ഞാനും കൂടിപ്പോയി കണ്ടിട്ടു തീരുമാനിച്ചാൽ പോരേ കണ്ണാ"""

"" എന്റെ അമ്മക്കു കൂടി ഇഷ്ടപ്പെട്ടാൽ മതിയെനിക്കീ കല്യാണം """

അവനമ്മയെ ഒന്നുകൂടി പൊക്കി

""" എന്താടാ വാവേ നീ മൗനമായിരിക്കുന്നെ...എന്തുപറ്റി ന്റെ കുട്ടിക്ക്"""

"""ഒന്നുമില്ലമ്മച്ചീ ചെറിയൊരു തലവേദന. ഒന്നു കിടന്നാൽ മാറാവുന്നതേയുളളൂ"""

""" ന്റെ വാവ കിടന്നോ അമ്മ ചായയിട്ടു തരാം"""

കുപ്പി ഏട്ടനെ ഏൽപ്പിച്ചിട്ടു ഞാനൊന്നു കിടന്നു

മനസ്സിൽ നിന്നുമാരൂപം മായുന്നില്ല..വിഷാദച്ചുവയുളള നുണക്കുഴി കവിളുകാരിയങ്ങനെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു

അമ്മ തന്ന ചായയും കുടിച്ചിട്ടു ഞാൻ വണ്ടിയുമെടുത്ത് വെറുതെയൊന്നു കറങ്ങി

രാത്രി വൈകി വീട്ടിലെത്തിയതു കാരണം അമ്മയുടെ വഴക്കു ശരിക്കും കേട്ടു

ഞാൻ മൗനമായതിനാൽ വീടു ഉറങ്ങിയതു പോലെയായി

എന്റെ ഓരോ ചലനങ്ങളും അമ്മ വീക്ഷിച്ചു കൊണ്ടിരുന്നു

അങ്ങനെയൊരു മാസംകൂടി കടന്നു പോയി

ഏട്ടൻ കണ്ട പെൺകുട്ടി അമ്മയുടെ മരുമകളായി എത്തുമെന്ന് ഏറെക്കുറെ ഉറപ്പായി

അമ്മക്ക് പെൺകുട്ടിയെ ഇഷ്ടപ്പെട്ടു

ഏട്ടൻ ഫോൺ നിലത്തുവെക്കാതെ ഏട്ടത്തിക്കുട്ടിയുമായി വിളി തുടർന്നു

അന്നുകണ്ട വിഷാദ സുന്ദരിയെ പിന്നീടു ഇതുവരെ എനിക്കു കാണാൻ പറ്റിയില്ല

പെണ്ണിന്റെ വീട്ടിൽ ഇതിനിടയിൽ ഞാനും കൂടിപ്പോയിരുന്നു

പോയതുമാത്രം മിച്ചം..അവളെ കണ്ടെത്താനായില്ല

കല്യാണത്തിന്റെ തലേദിവസം ഏട്ടന്റെ കൂടെ ഞാനും പോയി

ഏട്ടത്തിയോടു വിശേഷങ്ങൾ പറഞ്ഞിരുന്ന സമയത്താണു വിഷാദ സുന്ദരി കടന്നു വന്നത്

കൂടെയൊരു മൂന്നു വയസ്സുളള കുട്ടിയെക്കൂടി കണ്ടപ്പോളെന്റെ പ്രതീക്ഷയൊന്നു കൂടി തകർന്നു

""" വാവേ ഇതു സൃഷ്ടി...എന്റെ ഏറ്റവും അടുത്ത കൂട്ടുകാരിയാണ്..ഇത് സൃഷ്ടിയുടെ കുഞ്ഞ് സ്ഥിതി"""

ഞാൻ മനസ്സിൽ വിചാരിച്ചു

കൊളളാലോ പേരു..സൃഷ്ടി.. സ്ഥിതി...ഭർത്താവിന്റെ പേര് സംഹാരമെന്നാവും

എന്നെയും സൃഷ്ടിക്ക് ഏട്ടത്തി പരിചയപ്പെടുത്തി

സൃഷ്ടിയും കുഞ്ഞും അകത്തേക്കു പോയിക്കഴിഞ്ഞപ്പോളാണു ഏട്ടത്തി അവരുടെ കഥ പറഞ്ഞത്

അച്ഛനെയും അമ്മയേയും ഉപേക്ഷിച്ചു സ്നേഹിച്ചവന്റെ കൂടെയവൾ ഇറങ്ങിപ്പോയി

പണവും സ്വർണ്ണവും തീർന്നപ്പോൾ ആ നീചനവളെ വിൽക്കാൻ ശ്രമിച്ചു

മാനസികമായി തകർന്ന അവളെ നല്ലൊരു കൗൺസിലിംഗിൽ കൂടിയാണു ജീവിതത്തിലേക്കു തിരിച്ചു കൊണ്ടു  വന്നത്

അപ്പോഴേക്കും അവൾ പ്രഗ്നന്റ് ആയിരുന്നു

പാവം കുറെ ബുദ്ധിമുട്ടിയാണെങ്കിലും കുഞ്ഞിനു മാത്രമായവൾ ജീവിക്കുന്നതു തന്നെ

എന്തു മറുപടി നൽകണമെന്നറിയാതെ ഞാൻ തരിച്ചു നിന്നു പോയി

എന്റെ മനസ്സിലൊരു നീറ്റലായി സൃഷ്ടിയും സ്ഥിതിയും മാറി

വേപഥു പൂണ്ട മനസ്സുമായി ഞാൻ തിരികെ വീട്ടിലേക്കു വന്നു

സത്യം പറഞ്ഞാൽ എനിക്കന്നു ഉറങ്ങാൻ കഴിഞ്ഞില്ല

മനസ്സിൽ നിറെയെ അവർ രണ്ടുപേരും ആയിരുന്നു

പിറ്റേന്നു രാവിലെ വിവാഹത്തിനുളള ഒരുക്കങ്ങളായതു  കാരണം ഒന്നുമോർത്തില്ല

വിചാരിച്ചതിലും ഭംഗിയായി വിവാഹം നടന്നു

ഇടക്കു സൃഷ്ടിയുമായി സംസാരിക്കാൻ ശ്രമിച്ചെങ്കിലും ഒരുചിരിയിലവൾ മറുപടി ഒതുക്കി

ഒരാഴ്ച കൂടി കടന്നു പോയി

ഞാനും ഏട്ടത്തിയമ്മയും നല്ല കൂട്ടുകാരായി

പതിയെ ഞാനെന്റെ മനസിന്റെ പരിഭങ്ങൾ ഏട്ടത്തിയോടു പറഞ്ഞു

എന്നെ പിന്തിരിപ്പിക്കാൻ ഒരുപാടു ശ്രമിച്ചെങ്കിലും ഏട്ടത്തി പരാജയപ്പെട്ടു

അങ്ങനെ ആഴ്ചകൾ മാസങ്ങളായി പിന്നിട്ടു

ഒരുദിവസം അമ്മ വന്നു പറഞ്ഞു

""" വാവേ നമുക്കെല്ലാവർക്കും കൂടി ഒരു സ്ഥലം വരെ പോകണം"""

അമ്മ കൂടുതലൊന്നും പറഞ്ഞുമില്ല..ഞാൻ ചോദിച്ചതുമില്ല

പത്തുമണി ആയപ്പോഴേക്കും ഞാനും അമ്മയും ഏട്ടനും ഏട്ടത്തിയും കൂടി പറഞ്ഞ സ്ഥലത്തേക്കു പോയി

എനിക്കൊരു പരിചയമില്ലാത്ത വീടായിരുന്നെങ്കിലും അമ്മക്കും ഏട്ടത്തിക്കും ഏട്ടനും നല്ല പരിചയമുള്ളതു പോലെ തോന്നി

ചെറിയ വീടെങ്കിലും നല്ല അടുക്കും ചിട്ടയും വൃത്തിയുമുണ്ട്

ഞങ്ങൾ ഹാളിൽ കയറി ഇരുന്നു

അമ്മയും ഏട്ടത്തിയും കൂടി അകത്തേക്കു പോയി

അമ്പരന്നു ഞാൻ ഏട്ടനെ നോക്കിയപ്പോൾ എന്നെ കണ്ണിറുക്കി കാണിച്ചു

പത്തുമിനിറ്റ് കഴിഞ്ഞപ്പോൾ ഒരു പെണ്ണ് ചായയുമായി എത്തി

എല്ലാവരും കൂടിയെന്നെ ചതിച്ചു..എന്നെ അറിയിക്കാതെ പെണ്ണുകാണാനായി കൊണ്ടുവന്നതാണെന്നു കരുതി

ഞാൻ നിസഹായനായി തല കുനിച്ചിരുന്നപ്പോൾ അമ്മയുടെ ശബ്ദം കേട്ടു

""" വാവേ നീ തലയുയർത്തീട്ട് പെണ്ണിനെയൊന്നു നോക്കടാ"""

എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല

നീട്ടിയ ചയക്കപ്പിന്റെ പിന്നിൽ പുഞ്ചിരിക്കുന്ന മുഖവുമായി സൃഷ്ടി നിൽക്കുന്നു

ഈശ്വരാ ഞാൻ കാണുന്നത് സത്യമാണോ

ചായ തണുക്കുന്നതിനു മുമ്പ് വാങ്ങി കുടിക്കൂ വാവേ

ഏട്ടത്തിയുടെ ചിരി കേട്ടു

സ്വപ്നത്തിലെന്ന പോലെ ഞാൻ ചായ വാങ്ങിക്കുടിച്ചു

പെട്ടെന്നു അമ്മ മുമ്പോട്ടു വന്നു എന്റെയും സൃഷ്ടിയുടെയും കൈ ചേർത്തുവെച്ചിട്ടു പറഞ്ഞു

""" വാവേ നിന്റെ ഏട്ടത്തിയെല്ലാം എന്നോടു പറഞ്ഞു. ഞങ്ങളു മൂവരും കൂടി ഇവിടെയൊരു ദിവസം വന്നിരുന്നു..സൃഷ്ടിയെയും മകളെയും ഞങ്ങൾക്കും ഇഷ്ടപ്പെട്ടു.നിനക്ക് ഒരു സർപ്രൈസാക്കി വെച്ചിരിക്കുകയായിരുന്നു..നിയമപരമായി വിവാഹം കഴിക്കാത്തതുകൊണ്ട് വേറെ പ്രശ്നങ്ങൾ ഇല്ല"""

അമ്മ തുടർന്നു

""" സൃഷ്ടിക്കു രണ്ടു കാര്യങ്ങളേ ആവശ്യപ്പെട്ടുളളൂ...അവളുടെ മകളെ നമ്മൾ സ്വന്തം മകളായി കാണണം.അതിനു പകരമായി അവൾക്ക് എന്തും സമ്മതമാണെന്നും പറഞ്ഞു.ഞാനിവൾക്ക് ഉറപ്പു നൽകി..സമ്മതമല്ലേ നിനക്ക്"""

"" എനിക്കു നൂറുവട്ടം സമ്മതമാ അമ്മേ"""

""" വാവേ മക്കളുടെ മനസ്സു കണ്ടില്ലെങ്കിൽ പിന്നെ എന്തിനാ അമ്മയാണെന്നു പറയുന്നത്.രണ്ടാം കെട്ടായാലും എന്റെ മരുമകൾക്ക് അല്ല മകൾക്ക് സ്വഭാവ ശുദ്ധിയുണ്ടായിരുന്നാൽ മതി..സൃഷ്ടിക്കു അതു വേണ്ടുവോളമുണ്ട്""

ഞാനും അവളും കൂടി മതിവരുവോളം സംസാരിച്ചു

സ്ഥിതിയെന്റെ കയ്യിൽ നിന്നും മാറിയതേയില്ല

വിവാഹം രജിസ്ട്രായി നടത്താനും റിസപ്ഷൻ നല്ല രീതിയിൽ നടത്താനും തീരുമാനമായി

ഞങ്ങൾ യാത്ര പറഞ്ഞിറങ്ങുമ്പോൾ സ്ഥിതിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു

രണ്ടാഴ്ച കഴിഞ്ഞപ്പോൾ ഞങ്ങളുടെ വിവാഹം നടന്നു

വൈകിട്ടു വീട്ടിൽ നല്ലൊരു പാർട്ടിയും നടത്തി

ആദ്യരാത്രിയിൽ എന്റെ കൂടെ ഉറങ്ങിക്കിടന്ന മോളെ എടുത്തു ഏട്ടത്തിയുടെ കയ്യിൽ കൊടുക്കാനൊരുങ്ങിയപ്പോൾ ഞാൻ തടഞ്ഞു

""നമ്മുടെ മോൾ എന്റെ കൂടെയും നിന്റെ കൂടെയുമാണു കിടന്നുറങ്ങേണ്ടത്"""

സൃഷ്ടിയൊരു ഏങ്ങിക്കരച്ചിലോടെ എന്നിലേക്കു ചായുമ്പോൾ ഞങ്ങളുടെ മനസ്സും നിറഞ്ഞിരുന്നു

സന്തോഷം കൊണ്ട് """സുധീ മുട്ടം
(Copyright protect)

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്