Kissakal

ഉമ്മറത്തെ കസേരയിൽ മുഖത്തൊരു ചെറു പുഞ്ചിരിയോടെ, മൂക്കിന് താഴെ കട്ടിമീശയുമായി വന്നിരിക്കുന്ന ആ ചേട്ടനെ ഞാൻ അടിമുടിയൊന്നു നോക്കി....

'കൊള്ളാം... ഞാൻ ആഗ്രഹിച്ചതുപോലെയുണ്ട് കാഴ്ച്ചയിൽ...'

മനസ്സിൽ ആ വാക്കുകൾ ഉരുവിട്ടുകൊണ്ട്, തലയുയർത്തി ഞാൻ വാതിൽ മറവിൽ നിന്നിരുന്ന ചേച്ചിയെ നോക്കി....

നാണം തുളുമ്പുന്ന മുഖത്തോടെ തല താഴ്ത്തി നിന്നിരുന്ന ചേച്ചിയുടെ മുഖഭാവത്തിൽ നിന്നുമറിയാം, ഈ ആലോചന ചേച്ചിക്കൊരുപാട് ഇഷ്ടമായിട്ടുണ്ടെന്ന്....

''ചെക്കനും പെണ്ണിനും എന്തെങ്കിലും സംസാരിക്കാനുണ്ടേൽ ആവാം ലേ..''

മേശപ്പുറത്തെ ലഡ്ഡു എടുത്തു വിഴുങ്ങവേ, ദല്ലാൾ കൃഷ്ണേട്ടൻ കൂടിയിരുന്ന കാരണവന്മാരോടായി ചോദിക്കുമ്പോൾ, ആവാമെന്ന അർത്ഥത്തിൽ അവരെല്ലാം തലയാട്ടി...

പക്ഷേ,,

''ഏയ്... വേണംന്നില്ല്യ... പിന്നെയാകാം ലോ...''

വിറയ്ക്കുന്ന സ്വരത്തോടെ ചെക്കൻ പറയുമ്പോൾ കൂടിയിരുന്നവരെല്ലാം പരിസരം മറന്നട്ടഹസിച്ചു...

''പയ്യനൽപ്പം നാണം കൂടുതലാണെ.... കുട്ടിക്ക് എന്തേലും ചോയ്ക്കാനോ പറയാനോ ഉണ്ടോ??"

വാതിൽ മറവിൽ നിന്നിരുന്ന ചേച്ചിയെ നോക്കി കാരണവർ ചോദിക്കുമ്പോൾ ഇല്ലെന്ന അർത്ഥത്തിൽ ചേച്ചി തലയാട്ടി...

ചേച്ചിയുടെ മുഖത്തുനിന്നും എന്റെ കണ്ണുകൾ ചെക്കനിലേക്ക് ചേക്കേറി... ആ നെറ്റിയിൽ വിയർപ്പ് തുള്ളികൾ പൊടിഞ്ഞിരുന്നു.... കൈ വിരലുകളിൽ വിറയലുണ്ട്.... ചേച്ചിയുടെ മുഖത്തേക്ക് ശ്രദ്ധപ്പെടാതിരിക്കാനാകാം ആ കണ്ണുകൾ താഴേക്ക് മാത്രമായി നോക്കിയിരിക്കുന്നു...

നവരസങ്ങളിൽ പോലുമില്ലാത്ത ഭാവഭേദങ്ങൾ ആ മുഖത്തു മിന്നി മറയുന്നത് കണ്ടിട്ടാകാം കണ്ടു നിന്നിരുന്നവരുടെ മുഖത്തെല്ലാം അടക്കിപ്പിടിച്ചൊരു ചിരിയുണ്ട്....

ആ ചിരിയിൽ തകർന്നു വീണത് എന്നിലെ പ്രതീക്ഷകളും, ഞാൻ നെയ്തുകൂട്ടിയ ഒരുപിടി സ്വപ്നങ്ങളുമായിരുന്നു....

സഹതാപത്തോടെ ഞാൻ ആ മുഖത്തേക്ക് ഒരിക്കൽക്കൂടി നോക്കി...

കൂടെ പഠിച്ചിരുന്ന ചങ്ങാതിമാർ, അവരുടെ അളിയന്മാരുടെ വീര സാഹസ കഥകൾ അഭിമാനത്തോടെ പറയുമ്പോൾ, ഉയർത്തെഴുനേൽക്കുന്ന രോമങ്ങളോടൊപ്പം ഞാനും തയുയർത്തി വാ തുറന്നു നിൽക്കാറുണ്ട്...

പരീക്ഷകളിൽ എട്ടു നിലയിൽ പൊട്ടിയിരുന്ന വിച്ചനെ തലങ്ങും വിലങ്ങും ചൂരൽ വീശിയടിച്ചിരുന്ന അച്ഛനിൽ നിന്നും മോചിപ്പിക്കാൻ രക്ഷകനായി പറന്നെത്തിയ അവന്റെ അളിയന്റെ കഥ പറയുമ്പോൾ, ആ കണ്ണുകളിൽ അളിയൻ അവന്റെ ദൈവമായിരുന്നു.....

ഇഷ്ടം തോന്നിയ പെണ്ണിന് പ്രേമലേഖനം കൊടുത്തപ്പോൾ, അതറിഞ്ഞു ചോദിക്കാനെത്തിയ അവളുടെ ആങ്ങളമാരോട്, മുഷ്ടി ചുരുട്ടി ചിപ്പുന്റെ  അളിയൻ ഇടപെട്ടപ്പോൾ പേടിച്ചോടിയ അവരുടെ കഥ പറയുമ്പോൾ അവന്റെ കണ്ണുകളിൽ അളിയന് നായകൻറെ സ്ഥാനമായിരുന്നു....

ആ കഥകളിലൂടെ ഞാനും സ്വപ്‌നങ്ങൾ മെനഞ്ഞുതുടങ്ങി,, തണ്ടും തന്റേടവുമുള്ള അളിയന് വേണ്ടി....

പക്ഷേ,,

കാറിൽ കയറവേ എന്നെ നോക്കി വിളറിയ ചിരിയുമായി നിൽക്കുന്ന ആ ചെറുപ്പക്കാരൻ എന്റെ ആ സ്വപ്നങ്ങളെ അപ്പാടെ ഇല്ലാതെയാക്കി...

എന്ത് തന്നെ സംഭവിച്ചാലും ഈ കല്ല്യാണം നടത്തരുതെന്ന ഉറച്ച തീരുമാനത്തോടെ ഞാൻ അമ്മക്ക് നേരെ തിരിഞ്ഞു...

''നല്ല പയ്യൻ.... നമുക്കിതങ്ങു ഉറപ്പിക്കാം ലേ..''

എന്റെയുള്ളിലെ പ്രതിഷേധം പുറത്തുവരും മുൻപേ, ഉമ്മറത്തിണ്ണയിൽ അവർ പോകുന്നതും നോക്കിയിരിക്കുന്ന അച്ഛനെ നോക്കി അമ്മ പറയുമ്പോൾ, അമ്മയുടെ വാക്കുകൾക്ക് ഐകദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് അച്ഛനൊന്നു ഇരുത്തിമൂളി....

വാതിൽ പടിയിൽ നിന്നും അകത്തേക്ക് ഓടി മറയുന്ന ചേച്ചിയുടെ പാദസരങ്ങൾക്ക് അന്നുവരെ കേൾക്കാത്തൊരു ഈണവും താളവുമുണ്ടായിരുന്നു.... അവ ആനന്ദ നൃത്തമാടുകയായിരുന്നുവോ!!!....

പലവുരു പറഞ്ഞും പ്രതിഷേധങ്ങൾ അറിയിച്ചു നോക്കിയിട്ടും, ഞാനെന്ന ഒൻപതാം ക്ലാസ്‌കാരന്റെ രോദനം അവിടെയാരും കണ്ടില്ല....

കൈപിടിച്ചെന്റെ ചേച്ചിയെയും കൊണ്ടയാൾ പോകുമ്പോൾ, അന്ന് തകർന്നുവീണത് ഞാൻ മെനഞ്ഞെടുത്ത എന്റെ സ്വപ്നങ്ങളുടെ ചീട്ടുകൊട്ടാരമായിരുന്നു...

''പയ്യനൽപ്പം നാണക്കാരനാണെന്നു തോന്നുന്നു...''

ഓർമ്മകളിൽ നിന്നുമെന്നെയുണർത്തികൊണ്ട് ആ വാക്കുകൾ എന്റെ കാതിൽ നുഴഞ്ഞു കയറി...

വർഷങ്ങൾക്കിപ്പുറം, പെണ്ണ് കാണാനായി ഞാൻ വന്നിരിക്കുമ്പോൾ, പുറത്തു  കോരിച്ചൊരിയുന്ന മഴയിലും, എന്റെ നെറ്റിയിൽ വിയർപ്പുതുള്ളികൾ പൊടിയുന്നുണ്ട്.... കൈവിരലുകൾ താളമടിക്കുന്നുണ്ട്... കണ്ണുകൾ അങ്ങിങ്ങായി ഓടി നടക്കുന്നുണ്ട്....

അതുകണ്ടിട്ടാകണം, പെണ്ണിന്റെ മുത്തച്ഛനിൽനിന്നും ഒരട്ടഹാസമുയർന്നത്...

എന്ത് പറയണമെന്നറിയാതെ, തലയുയർത്തി മുഖത്തൊരു ചെറു ചിരിയോടെ ഞാൻ  മുത്തച്ഛനെ നോക്കുമ്പോൾ, താളം പിടിച്ചിരുന്ന എന്റെ കൈകളെ മുറുക്കിപ്പിടിക്കുന്ന ഒരു കൈസ്പർശം ഞാൻ അറിയുന്നുണ്ടായിരുന്നു.....

അളിയൻ....

''എന്റെ അനിയൻ നല്ല ഉശിരും തന്റേടവുമുള്ള ആൺകുട്ടിയാ... പിന്നെ, പെണ്ണ് കാണൽ ചടങ്ങിൽ പരിഭ്രമിക്കാത്തവരുണ്ടോ മുത്തച്ഛാ....''??

ഒരു പുഞ്ചിരിയോടെ അടുത്തിരുന്ന അളിയൻ എന്നെ ചേർത്തുപിടിച്ചു പറയുമ്പോൾ, കൂടിയിരുന്ന കാരണവന്മാരെല്ലാം ഒരുപോലെ ആർത്തുചിരിക്കുന്നുണ്ടായിരുന്നു..... ഒരുപക്ഷേ പണ്ടിതുപോലെ പരിഭ്രമിച്ച അവരുടെ ആ പഴയ കാലമോർത്തുകൊണ്ടായിരിക്കാം....

അല്ലേലും നാണം പെണ്ണിന് മാത്രമാണെന്ന് നിയമമൊന്നുമില്ലല്ലോ... ആണായാലും പെണ്ണായാലും നാണിക്കേണ്ടിടത്തു നാണിക്കുക തന്നെ വേണം...

പുറത്തേക്കിറങ്ങി കാറിൽ കയറവേ, അളിയന്റെ കൈകളിൽ ഞാൻ ചേർത്തുപിടിച്ചുകൊണ്ട്, അഭിമാനത്തോടെ ആ കട്ടിമീശയിലേക്ക് നോക്കി...

അളിയനെന്നു വിശേഷിപ്പിക്കാതെ ചേർത്തുപിടിച്ചു അനിയനെന്നു സ്നേഹത്തോടെ പറഞ്ഞ ആ കട്ടിമീശയോട്, ആ നിമിഷം മുതൽ വല്ലാത്തൊരിഷ്ടം തോന്നി തുടങ്ങിയിരുന്നു....

അതുകണ്ടിട്ടാകാം കൂടെ വന്ന വിച്ചനും ചിപ്പുവും പരസ്പരം മുഖത്തോടു മുഖം നോക്കി...

അവരുടെ കണ്ണുകൾ പറയുന്നുണ്ടായിരുന്നു.....

''നമുക്ക് കിട്ടിയത് അളിയനെയാണെങ്കിൽ, അവനു കിട്ടിയത് ഒരു കൂടെപ്പിറപ്പിനെ തന്നെയാ....''

''അല്ല അളിയാ... നമ്മൾ ആണുങ്ങൾ ഈ പെണ്ണുകാണൽ ചടങ്ങിൽ മാത്രമേ നാണിക്കൂ??"

സംശയം നിറഞ്ഞ കണ്ണുകളോടെ ഞാൻ ചോദിക്കുമ്പോൾ, വണ്ടി സ്റ്റാർട്ട് ചെയ്തു  ഫസ്റ്റ് ഗിയറിലിട്ടുകൊണ്ട് അളിയനൊരു ചെറുചിരിയോടെ എന്നെ നോക്കി...

''അല്ല.... നാണവും, പരിഭ്രമവും ഇനിയുമുണ്ടാകും.... ജീവിതത്തിൽ നിന്നും നീയത് തനിയെ പഠിക്കും...''

മഴ തോർന്ന വഴിയിലൂടെ വണ്ടി മുന്നോട്ടു കുതിക്കുമ്പോൾ, അളിയൻ പറഞ്ഞ വാക്കുകളുടെ പൊരുളറിയാതെ ഞാനെന്റെ ജീവിതവുമായി മുന്നോട്ടു നീങ്ങി...
Saran Prakash

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്