Kissakal

സത്യായിട്ടും ഞാൻ കട്ടിട്ടില്ല മാഷേ.....
______________________________________

സ്റ്റാഫ് റൂമിൽ   ഹെഡ്മാഷ് പ്രഭാകരന്റെ
മുമ്പിൽ വിറച്ചു വിറച്ചു കൊണ്ടാണ് സഹീർ ചെന്ന് നിന്നത്. അവന്റെ കുഞ്ഞു ഹൃദയം പടപടാ മിടിച്ചു കൊണ്ടിരുന്നു.

പ്രഭാകരൻ മാഷ് ചോദിച്ചു.

" എവിടുന്നു കിട്ടിയതാണെടാ ഈ ബോക്സ് ?"

വിറച്ചു വിറച്ചു പേടിയോടെ അവൻ പറഞ്ഞു.

" എന്റെ അമ്മായി തന്നതാണ് "

ഇതുകേട്ട് ശരീഫ പറഞ്ഞു.

" അല്ല ഇത് എന്റെ ഉപ്പ ഗൾഫിൽ നിന്നും കൊണ്ടുവന്ന ബോക്സാണ് "

അവളുടെ കൂട്ടുകാരികളും ഇത് ശരിവെച്ചു. അവർ പറഞ്ഞു.

" മാഷെ അവളുടെ ഉപ്പ ഗൾഫിൽ നിന്നും കൊണ്ടുവന്നതാ അത് "

ഇത് കേട്ടതും ഹെഡ്മാഷ് കണ്ണുരുട്ടി മീശപിരിച്ച്  ചൂരൽ ചുഴറ്റിക്കൊണ്ട് പറഞ്ഞു.

"സത്യം പറയടാ... അല്ലെങ്കിൽ അടിച്ചു പണിയൊരുക്കും ഞാൻ "

"സത്യായിട്ടും മാഷെ ഞാൻ കട്ടിട്ടില്ല..എന്റെ  അമ്മായി എനിക്ക് കൊണ്ടുവന്ന്
,തന്നതാണ് "

"നുണ പറഞ്ഞു എന്നെ പറ്റിക്കാൻ നോക്കുന്നോ... കൈ നിട്ടട... നിന്നെ ഞാൻ"

മാഷ് അവന്റെ കൈകളിലേക്ക് ആഞ്ഞ്  അടിച്ചു. ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്...

സ്റ്റാഫ് റൂമിൽ നിന്നും  സഹീർ പുറത്തിറങ്ങുമ്പോൾ കള്ളാ കള്ളാ എന്ന് കൂട്ടുകാരുടെ വിളികേട്ടു.

അവന്റെ പിന്നാലെ കൂടി സഹപാഠികൾ എല്ലാവരും അവനെ കളിയാക്കാൻ തുടങ്ങി.

അവൻ കരഞ്ഞുകൊണ്ട് തന്റെ സ്കൂൾ ബാഗും എടുത്ത് വീട്ടിലേക്ക് പോരാനൊരുങ്ങുമ്പോൾ അവന്റെ കുഞ്ഞിളം മനസ്സിൽ ചില കണക്കുകൂട്ടലുകൾ ഉണ്ടായിരുന്നു.

ഹെഡ്മാഷിന്റെ കഷണ്ടിത്തല എറിഞ്ഞു പൊട്ടിക്കാൻ അവൻ പദ്ധതിയിട്ടു ഒപ്പം ശരീഫക്ക് ഒരു പണി കൊടുക്കാനും.

അവൻ കല്ലുകളെല്ലാം ഒരുമിച്ചുകൂട്ടി കാത്തിരുന്നുവെങ്കിലും മാഷ് ചൂരലുമായി വരുന്നത് കണ്ട്  അടിയുടെ ചൂട്  ഓർത്തപ്പോൾ തന്നെ ആ ഉദ്യമത്തിൽ നിന്നും അവൻ പിന്മാറി.

വീടിന്റെ ഉമ്മറപ്പടിയിൽ വൈകുന്നേരത്തെ കറിക്കുള്ള പച്ചക്കറി അരിയുന്ന ഉമ്മയുടെ മടിയിലേക്ക്  പാഞ്ഞു ചെന്ന് മുഖം പൂഴ്ത്തി കരഞ്ഞു കൊണ്ടവൻ പറഞ്ഞു.

ഇനി ഞാൻ സ്ക്കൂളിലേക്ക് പോകുന്നില്ല എന്ന് പറഞ്ഞ് പൊട്ടിപ്പൊട്ടിക്കരഞ്ഞു.

" എന്തു പറ്റിയെടാ എന്റെ കുഞ്ഞോന്...?"

ഉമ്മ അവന്റെ തല പതിയെ ഉയർത്തി കണ്ണുനീർ തുടച്ചു കൊടുത്തു കൊണ്ട് ചോദിച്ചു.

"ഉമ്മച്ചി... മാഷെന്നെ വെറുതെ അടിച്ചു.... എ ന്റെ കയ്യൊന്ന് നോക്കിയേ.... "

അവന്റെ കുഞ്ഞു കൈകളിൽ രക്തം പെടിഞ്ഞിരിക്കുന്നു.

ഉമ്മയുടെ ഹൃദയം പിടഞ്ഞു

"കുഞ്ഞോനെ മാഷ് വെറുതെ അടിക്കില്ല, എന്തെങ്കിലും കുരുത്തക്കേട് കാണിച്ചിട്ടുണ്ടാകും ഇയ്യ് "

സങ്കടം ഉള്ളിലൊതുക്കി  ഉമ്മ പറഞ്ഞു

"ഇല്ലുമ്മച്ചീ  കുഞ്ഞമ്മായി തന്ന ബോക്സ് കണ്ട് ശരീഫയുടെ  ആണെന്നു പറഞ്ഞ്, അവൾ ഞാൻ കട്ടെടുത്തതാണെന്ന് മാഷ്ടെ അടുത്ത് പോയി പറഞ്ഞു. ഞാൻ കുറേ പറഞ്ഞു അമ്മായി തന്നതാന്ന്... ആരും കേട്ടില്ല. ന്നിട്ടാ മാഷ് ന്നെ അടിച്ചത്.."

കുഞ്ഞോന്റെ കരച്ചിൽ കണ്ട് ഉമ്മാക്കും സങ്കടം വന്നു.

''എല്ലാവരും എന്നെ കള്ളനെന്ന് വിളിക്ക.. ഞാൻ സ്കൂളിലേക്ക് പോകുന്നില്ല. മാഷിന്റെ കഷണ്ടിത്തല ഞാൻ പൊട്ടിക്കും.. ശരീഫാന്റെ മത്തങ്ങ മൂക്ക് ഇടിച്ച് കലക്കും''

"കുഞ്ഞോനെ അങ്ങനെ ന്നും പറയല്ലേ...ഞാൻ നാളെ സ്കൂളിൽ വന്ന് മാഷോടു സംസാരിക്കട്ടെ അതിനുശേഷം നമുക്ക് എന്തു വേണേലും തീരുമാനിക്കാ...    ഈ സ്കൂളീ പഠിച്ചില്ലേൽ നമുക്ക് വേറെ നല്ല സ്കൂളീ പോയി പഠിക്കാ ട്ടോ...."

ഉമ്മ  അവനെ പറഞ്ഞു സമാധാനിപ്പിച്ചു.

ചെറുപ്പത്തിൽ ഉപ്പ മരിച്ച സഹീറിനെ ഒരു പാട് കഷ്ടപ്പാട് സഹിച്ച് ഒരു ബുദ്ധിമുട്ടും അറിയിക്കാതെയാണ് ആ ഉമ്മ വളർത്തിയത്. കളവ് പറയരുതെന്നും മോഷ്ടിക്കരുതെന്നും ചെറുപ്പത്തിലേ പഠിപ്പിച്ചിരുന്നു.

പിറ്റേദിവസം അവൻ ഉമ്മയോടൊപ്പം സ്കൂളിലേക്ക് പുറപ്പെട്ടു. സ്റ്റാഫ്റൂമിൽ ചെന്ന് മാഷെ കണ്ടു നടന്ന കാര്യങ്ങൾ പറഞ്ഞു.
അങ്ങനെ ഹെഡ്മാഷ് ശരീഫയെ  വിളിപ്പിച്ചു സഹീറിന്റെ കയ്യിൽ നിന്നും വാങ്ങിയ ബോക്സ് തിരിച്ചുകൊടുക്കാൻ പറഞ്ഞു.

അവൾ ഉറക്കെ കരഞ്ഞു. ഉപ്പ കൊണ്ടുവന്ന് തന്നതാണെന്ന വാക്കിൽ ഉറച്ച നിലപാടെടുത്തു.

ഉമ്മ മാഷോട് പറഞ്ഞു.

" എന്റെ മോനെ കള്ളൻ ആക്കിയ ഈ സ്കൂളിൽ ഇനി അവൻ പഠിക്കുന്നില്ല"

ഹെഡ് മാഷ് അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും സഹീറിന് അവിടെ തുടരാൻ ഇഷ്ടമല്ലാത്തതിനാൽ
ടി സി യും വാങ്ങി ഉമ്മയും മകനും അവിടെ നിന്നിറങ്ങി.
കുറച്ചകലെ വേറെ ഒരു സ്കൂളിൽ ചേർന്ന് സഹീർ പഠിക്കാൻ തുടങ്ങി

ഉമ്മ മകനെ ചേർത്ത് പിടിച്ച് പറഞ്ഞു.

"കുഞ്ഞോനെ നിന്നെ കള്ളൻ എന്നും വിളിച്ചവരുടെ മുമ്പിൽ നീ തലയുയർത്തി നിൽക്കണം നന്നായി പഠിക്കുക "

****. ****. ****

സാറേ എന്ന വിളി കേട്ടാണ് സഹീർ  ആലോചനയിൽ നിന്ന് ഉണർന്നത്.

" ആ മോഷണക്കേസിൽ പിടിച്ച ആൾടെ  ഭാര്യ വന്നിട്ടുണ്ട്"

"വരാൻ പറയൂ "

"എന്റെ ഭർത്താവിനെ രക്ഷിക്കണം സാർ.. അവർ അങ്ങനെയൊന്നും ചെയ്യില്ല ആരോ അദ്ദേഹത്തെ ചതിച്ചതാണ്"

സി.ഐ സഹീർ മുഹമ്മദിന്റെ മുമ്പിലെത്തിയ സ്ത്രീ കരഞ്ഞുകൊണ്ട് പറഞ്ഞു.

"കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടും നിരപരാധികളെ രക്ഷിക്കാനാണ് ഞങ്ങളെപ്പോലുള്ള പോലീസുകാർ "

അപ്പോഴാണ് തന്റെ മുമ്പിലിരുന്ന് സംസാരിക്കുന്ന പോലുദ്യോഗസ്ഥന്റെ മുഖം അവൾ ശ്രദ്ധിച്ചത്.
എവിടെയോ കണ്ട പരിചയം.
അത്ഭുതത്തോടെ അവൾ ചോദിച്ചു.

"സഹീർ അല്ലേ?"

"അല്ല സി ഐ സഹീർ മുഹമ്മദ് കാൾ മി സർ"

ചിരിച്ചുകൊണ്ട്  സഹീറിന്റെ മുന്നിലേക്ക് വന്നതും പെട്ടെന്നുള്ള മറുപടി അവളുടെ മുഖത്തുള്ള പ്രകാശം കെടുത്തി.

"സർ.. ക്ഷമിക്കണം.. ഞാൻ.."

അവൾ ഒന്നും പറയാനാവാതെ നിന്നു.

പണ്ടത്തെ കാലം അവളുടെ മനസ്സിൽ മിന്നിമറഞ്ഞു.

''അതെ.. ഞാൻ സഹീർ തന്നെയാണ് ശരീഫ...എല്ലാവരുടെയും മുന്നിൽ നീ കള്ളനാക്കി അപമാനിച്ച് വിട്ട ആ പഴയ ആറാം ക്ലാസ്കാരൻ... "

സഹീർ  ശരീഫക്ക് ചായ വരുത്തി കൊടുത്തു കൊണ്ടു പറഞ്ഞു.

"നീ ചായ കുടിക്ക് ''

അവൾ ചായ കുടിച്ചുകൊണ്ടിരിക്കുമ്പോൾ സഹീറിനോട് പറഞ്ഞു.

"എന്നോടുള്ള ദേഷ്യത്തിന് നിരപരാധിയായ  എന്റെ ഭർത്താവിനെ ശിക്ഷിക്കരുത് സർ"

"ഇല്ല ഒരിക്കലുമില്ല തെറ്റ് ചെയ്യാത്തവരെ സി ഐ സഹീർ മുഹമ്മദ്  ഇന്നോളം ശിക്ഷിച്ചിട്ടില്ല. ഒരു തെറ്റും ചെയ്യാതെ കള്ളനായി മുദ്രകുത്തപ്പെട്ടതിന്റെ വേദന എനിക്ക് നന്നായി അറിയാം... അത് നിനക്കും അറിയാമല്ലോ അല്ലേ... ?
പിന്നെ, സർ എന്ന വിളിയൊന്നും ഇനി വേണ്ട..
ഇന്നും എനിക്കറിയാത്ത ഒരു കാര്യമാണത് ശരീഫ.. അന്നെന്തിനെന്നെ കള്ളനാക്കിയെന്ന് "

ശരീഫ തലയും താഴ്ത്തി ഇരുന്നു സഹീറിന്റെ മുമ്പിൽ ഒന്നും പറയാനില്ലാതെ.

പിന്നെ അവൾ പതിയെ പറഞ്ഞു തുടങ്ങി

"എനിക്കറിയില്ല സഹീർ ഞാൻ എന്റെതാണ് എന്ന് വിചാരിച്ചാണ്  നിന്റെ കയ്യിൽ നിന്നും ബോക്സ് വാങ്ങിയത്... നീ കട്ടെടുത്തതാണെന്നു തന്നെ ഞാൻ വിശ്വസിച്ചു. പക്ഷെ ഞാൻ വീട്ടിൽ ചെന്നപ്പോൾ ശരിക്കും അന്തം വിട്ടു. എന്റെ ബോക്സ് വീട്ടിൽ  തന്നെ ഇരിക്കുന്നു. പിറ്റേന്ന് നിനക്കത് തിരിച്ച് തരാൻ വേണ്ടി വന്നപ്പോഴാണ് നീ ഉമ്മയെ കൂട്ടി വന്നത്... ഞാൻ ആകെ പേടിച്ചു. മാഷിന്റെ കയ്യിൽ നിന്നും കിട്ടുന്ന അടി  ഭയന്നതു കൊണ്ടാണ് ഞാൻ വീണ്ടും കള്ളം പറഞ്ഞത് "

"നിനക്കറിയോ അന്ന് ഞാൻ എത്രമാത്രം പ്രയാസപ്പെട്ടു..? കൂട്ടുകാരുടെ കള്ളാ ന്നുള്ള വിളിയും കളിയാക്കലുകളും... മാഷ് ടെ അടിയും.. ചെയ്യാത്ത കുറ്റത്തിന് കൂടി ആവുമ്പോൾ... ആ  വേദന നിനക്ക് ഊഹിക്കാൻ കഴിയുന്നതേയുള്ളൂ... "

"എനിക്കറിയാം സഹീർ അതുകൊണ്ടുതന്നെ നിന്നെ പിന്നീട് ഞാൻ ഒത്തിരി അന്വേഷിച്ചു. എനിക്ക് നിന്നോട് എല്ലാം പറയണമായിരുന്നു.. പിന്നീട്  തമ്മിൽ കണ്ടപ്പോൾ നിന്റെ ദഹിപ്പിക്കുന്ന നോട്ടം എന്നെ വല്ലാതെ ഭയപ്പെടുത്തി...ഒരു വട്ടമല്ല പലവട്ടം..
സത്യം പറഞ്ഞാൽ എനിക്ക് നിന്നോടു തോന്നിയിരുന്ന ഇഷ്ടം പോലും പറയാൻ കഴിയാതെ മനസ്സിലൊതുക്കി കഴിയാരുന്നു ഞാൻ "

"ശരിയാണ് എനിക്ക് നിന്നെ കാണുന്നത് പോലും ഇഷ്ടമായിരുന്നില്ല അത് എന്റെ വേദനയുടെ ആഴവും പരപ്പും കൊണ്ടായിരുന്നു .. എന്തായാലും ഇന്നെനിക്ക് നിന്നോട് ഒരുപാട് നന്ദിയുണ്ട്.. കള്ളൻ എന്ന് വിളിച്ചവരുടെ മുമ്പിൽ പോലീസ് ആയി നിൽക്കണമെന്ന ദൃഡനിശ്ചയം   എടുക്കാൻ കാരണം നീയാണ്...
നിന്റെ ഫോട്ടോ നിന്റെ ഭർത്താവിൻെറ മൊബൈൽ ചെക്ക് ചെയ്തപ്പോഴേ ഞാൻ കണ്ടിരുന്നു.

ശരീഫയുടെ മിഴികൾ നിറഞ്ഞു തുളുമ്പുണ്ടായിരുന്നു .

"നിന്റെ ഭർത്താവ് തെറ്റു ചെയ്തിട്ടില്ലെങ്കിൽ രക്ഷിക്കാൻ ഞാൻ ഉണ്ടാകും. അതല്ല മറിച്ചാണെങ്കിൽ ശിക്ഷിക്കപ്പെടുക തന്നെ ചെയ്യും. ശരീഫാ നിനക്കു പോകാം.''

തന്റെ തലയിലെ തൊപ്പി ഒന്നുകൂടി ഉറപ്പിച്ച് വച്ചു കൊണ്ട് സി ഐ സഹീർ മുഹമ്മദ് അവസാന വാക്കും പറഞ്ഞു നിർത്തി.
__________________
അലി അക്ബർ തൂത.

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്