Kissakal

"എന്റെ അനുവാദം ഇല്ലാതെ ആരും എന്റെ ശരീരത്തിൽ തൊടുന്നത് എനിക്ക് ഇഷ്ടമല്ല!" പിന്നിൽ നിന്നും അവളെ കരവലയത്തിൽ ഒതുക്കിയ ശരണിന്റെ കൈകൾ അടർത്തി മാറ്റികൊണ്ടായിരുന്നു ശ്യാമ അത് പറഞ്ഞത്..

"ഞാൻ അങ്ങനെ പുറത്തുനിന്നുള്ള ആരും അല്ലല്ലോ ശ്യാമേ.. നിന്റെ കഴുത്തിൽ താലി കെട്ടിയ.. നിന്റെ സീമന്ത രേഖയിൽ സിന്തൂരം ചാർത്തിയ നിന്റെ ഭർത്താവല്ലേ..??"

കല്യാണം കഴിഞ്ഞ് രണ്ടു മാസമായിട്ടും.. ഈ നിമിഷം വരെ ഉണ്ടാവാതിരുന്ന സ്നേഹപ്രകടനം ഇത്ര പെട്ടെന്നെങ്ങനെയാ ഉണ്ടായത് എന്നുള്ള ഭാവത്തിൽ അവൾ അർത്ഥം വെച്ച് അവനെ ഒന്ന്‌ നോക്കിക്കൊണ്ട് പറഞ്ഞു.. "ഇത്രയും നാളും ഉണ്ടാവാതിരുന്ന സ്നേഹം ഇനി അങ്ങോട്ടും വേണ്ട..!"

"തനിക്ക് എന്നോട് ദേഷ്യമാണെന്നെനിക്കറിയാം.. എങ്കിലും എന്റെ ഒരു അപേക്ഷ താൻ സ്വീകരിക്കണം.."
"തന്നോട് ഒന്ന് മനസുതുറന്ന് സംസാരിച്ചാൽ കൊള്ളാമെന്നുണ്ട് എനിക്ക്..  വിരോധമില്ല എന്നാണെങ്കിൽ, നമുക്ക്‌ വൈകീട്ട് ഒന്ന് പുറത്ത് പോവാം.." ഇത്രയും പറഞ്ഞ് അവൻ റൂമിൽ നിന്നും പുറത്തേക്കിറങ്ങി..

പോയ അതേ വേഗതയിൽ തിരിച്ചു വന്ന ശേഷം തുടർന്നു..
"അതേയ്.. ഒരു കാര്യം പറയാൻ വിട്ടു.. വൈകീട്ട് എന്റെ കൂടെ വരുമ്പോൾ താൻ ആ പൊൻമാൻനീല നിറത്തിലുള്ള സാരീ ഉടുത്താമതീട്ടോ.."അതും പറഞ്ഞു ഒരു കള്ള ചിരിയോടെ അവൻ നടന്നകന്നു..

തികച്ചും ഒരുതരം അമ്പരപ്പായിരുന്നു അവളുടെ മിഴികളിൽ ആ നിമിഷം ഉണ്ടായിരുന്നത്... കാരണം, വിവാഹശേഷം തന്നോട് ഒന്ന്‌ മിണ്ടുക പോലും ചെയ്യാത്ത ശരൺ തന്റെ വസ്ത്രത്തിന്റെ നിറം വരെ ഓർത്തുവെച്ച് പറയുന്നു.. പലപ്പോഴും  അവൾ ആ സാരീ ദരിക്കുമ്പോൾ ഒളികണ്ണിട്ട്  അവൻ നോക്കുന്നത് ശ്യാമ കണ്ടിരുന്നുവെങ്കിലും കാര്യമാക്കിയിരുന്നില്ല..

കല്യാണം കഴിഞ്ഞന്ന് മുതൽ എത്ര നാളായി അവൾ കൊതിച്ചിരുന്നതാ സ്നേഹത്തോടെയുള്ള ഒരു നോട്ടം.. ആരും കാണാതെയുള്ള ചെറിയ ചെറിയ കുസൃതികൾ.. പക്ഷെ പലപ്പൊഴുമായുള്ള ശരണിന്റെ അവഗണന അവൾക്കു സഹിക്കാൻ കഴിയുന്നതിലുമപ്പുറമായിരുന്നു..
മനസ്സിലൊരു നെരിപ്പോട് എരിയുമ്പോഴും എല്ലാവരുടെയും മുമ്പിൽ സന്തുഷ്ടയായ ഒരു ഭാര്യയായി അഭിനയിക്കുവാൻ അവൾ മറന്നില്ല.. എന്നാൽ ഇന്നത്തെ ശരണിന്റെ പ്രവർത്തി, മരുഭൂമിയിൽ മഴ പെയ്യുമ്പോളുണ്ടാവുന്ന ആശ്വാസമാണവൾക്ക് നല്കിയത്.. അവളുടെ സന്തോഷത്തിന് അതിരുകൾ ഇല്ലായിരുന്നു.. ആ സന്തോഷത്തിൽ നിന്നു ജന്മം കൊണ്ട ആനന്ദാശ്രുക്കൾ നീർ തുള്ളികളായി മിഴികളിൽ നിന്നും കവിൾ തടങ്ങളിലേക്കു ഒലിച്ചിറങ്ങി ഭൂമിദേവിയെ പുണർന്നുകൊണ്ട് മണ്ണിലേക്കലിഞ്ഞുചേർന്നു..

'എങ്കിലും എന്തായിരിക്കും ശരണിന്റെ മാറ്റത്തിന് കാരണം?' എന്ന ചോദ്യം അവളുടെ മനസിൽ ഉത്തരംകിട്ടാതെ കിടക്കുന്നുണ്ടായിരുന്നു..

ഏതാണ്ട് സന്ധ്യയായപ്പോൾ ശരൺ ആവശ്യപ്പെട്ടപോലെ പൊന്മാൻനീല നിറത്തിലുള്ള സാരി ധരിച്ച് അവൾ തയ്യാറായി നിന്നു.. നൂറായിരം ചോദ്യങ്ങൾ അവളുടെ മനസിൽ പിറവിയെടുക്കുന്നുണ്ടായിരുന്നു എങ്കിലും അതൊന്നും പുറത്തുകാട്ടാതെ അവർ യാത്രയാരംഭിച്ചു..

ഇളം തണുപ്പുള്ള നിശാസന്ധ്യ..  ശരീരത്തിലെ ഓരോ ഇടനാരിഴകളേയും തഴുകി തലോടുന്നു നനുത്ത കാറ്റ്‌.. അമ്പിളികലയ്ക്ക് കൂടുതൽ ശോഭയേകുവാനായി ഒരായിരം പൂത്തിരികൾ കത്തിച്ചതുപോലെ ആകാശം നക്ഷത്രങ്ങളാൽ നിറഞ്ഞിരിക്കുന്നു.. ശാന്തമായ അന്തരീക്ഷം.. തിരക്കുകൾ ഇല്ലാത്ത.. ഇരുവശത്തും മരങ്ങൾ നിറഞ്ഞ ഒരു റോഡിലൂടെ യാത്ര തുടർന്നു..

വളരെ നാളുകളായി ശ്യാമ സ്വപ്‌നം കണ്ടുകൊണ്ട് മനസിൽ താലോലിച്ചിരുന്ന നിമിഷം ആയിരുന്നു ഇങ്ങനെ ഒരു യാത്ര.. അതും, തന്നെ താലികെട്ടിയ തൻ്റെ പുരുഷന്റെ പിറകിൽ ഇരുന്നുകൊണ്ട്.. ഇപ്പോഴും സ്വപ്നമാണോ സത്യമാണോ എന്ന് വിവേചിച്ചറിയാൻ കഴിയാത്ത ഒരുതരം അവസ്ഥയിലാണവൾ..

യാത്രാവേളയിൽ ഇടക്കിടക്ക് ശരൺ സഡൻ ബ്രേക്ക് ഇടുന്നത് കണ്ട്‌ ആദ്യമൊക്കെ അറിയാതെ സംഭവിച്ചതാവാം എന്ന് കരുതി അവൾ ഒന്നും പറഞ്ഞിരുന്നില്ല...  എന്നാൽ തുടരെ അത് ആവർത്തിച്ചപ്പോൾ കൃതൃമമായ ദേഷ്യം മുഖത്തുവരുത്തി കൊണ്ടവൾ പറഞ്ഞു...
"അതേ... വണ്ടി ഒന്നു നിർത്തിയേ!!!.. ഇങ്ങനെ ബ്രേക്ക് ഇട്ടു കളിക്കാനാണേൽ  ഇയാൾ തന്നെ അങ്ങ് ഓടിച്ചു പോയാ മതി.. ഞാൻ ഇവിടെന്ന് ഇറങ്ങി നടന്നോളാം.."

ഇത്രയും പറഞ്ഞപ്പോൾ ശരൺ അവളെ ദയനീയമായി ഒന്ന് നോക്കി..

മനസിൽ മുളപൊട്ടിയ ചിരി പുറത്തു കാണിക്കാതെ, ഒട്ടും ഗൗരവം കൈവിടാതെ തന്നെ അവൾ തുടർന്നു.. "നേരെ ചൊവ്വേ ഓടിക്കാൻ പറ്റുമെങ്കിൽ ഒന്നിച്ചു പോവാം.. എന്ത് പറയുന്നു..??"

"സോറി, ഇനി ഇങ്ങനെ ഉണ്ടാവില്ല!.. കേറിക്കോ.. ഞാൻ മര്യാദയ്ക്ക് വണ്ടി ഓടിച്ചോളാം.."

അങ്ങനെ അവരുടെ യാത്ര തുടർന്നു..

യാത്ര ചെന്നവസാനിച്ചത് അതി മനോഹരമായ ഒരു കായൽക്കരയിലാണ്.. കുറ്റിച്ചെടികൾക്കിടയിലൂടെ നേർത്ത വെളിച്ചം പരത്തിക്കൊണ്ട് പാറി പറന്നു നടക്കുന്ന മിന്നാമിനുങ്ങുകൾ ആ കയാൽത്തീരം കൂടുതൽ സുന്ദരമാക്കി..
കായലിന്റെ ഓരത്തായി കിടന്നിരുന്ന കരിങ്കല്ലിൽ അവർ സ്ഥാനം പിടിച്ചു..

ഇരുവരും അടുത്തടുത്തായി ഇരിക്കുന്നുണ്ട് എങ്കിലും, അവർ പരസ്പരം മൗനം കുടിച്ചിരുന്നു.... അതിനാൽ തന്നെ അവിടമാകെ അലകളുടെയും.. ചെറുജീവികളുടെയും ശബ്ദം പ്രതിധ്വനിക്കുന്നുണ്ടാരുന്നു..
വിദൂരതയിലേക്ക് നോക്കിയിരിക്കുന്ന ശ്യാമയുടെ കണ്ണുകൾ ഇടയ്ക്കിടക്ക് ഈറനണിയുന്നത് ആ ഇരുട്ടിലും ശരൺ കാണുന്നുണ്ടായിരുന്നു..

അവളെ തെറ്റു പറഞ്ഞിട്ടും കാര്യമില്ല... എല്ലാ തെറ്റും തന്റെ ഭാഗത്തായിരുന്നല്ലോ..!! ഇനി അതെല്ലാം തിരുത്തണം എന്നുള്ള ദൃഢനിശ്ചയത്തോടെ നിശബ്ദതയെ ഭേദിച്ചുകൊണ്ട് ശരൺ സംസാരിച്ചുതുടങ്ങി..

"എന്നോട്  ദേഷ്യാണോടൊ വാവേ തനിക്ക് ??"

മറുപടിയായി ഒന്നും തിരിച്ചു പറയാതെ നിസ്സഹായതയോടെ അവൾ ശരണിനെ അല്പനേരം നോക്കി നിന്നു.. പതിയെ ആ ചുണ്ടുകൾ വിറക്കാൻ തുടങ്ങി.. ആരോടും പങ്കുവെക്കാതെ മനസിൽ കൊണ്ടുനടന്ന സങ്കടങ്ങൾ പറയാൻ തുടങ്ങിയിട്ടും.. വാക്കുകൾ കിട്ടാതെ അവൾ നന്നേ ബുദ്ധിമുട്ടുന്നത് അവന് കാണാമായിരുന്നു..

"ഇത്രയും നാളും തന്നെ ഒഴിവാക്കിയതും അവഗണിച്ചതും മനപൂർവ്വം തന്നെയായിരുന്നു.." അവളുടെ നിറഞ്ഞ കണ്ണുകളിലേക്ക് വത്സല്യത്തോടെ നോക്കിയ ശേഷം അവൻ തുടർന്നു.. "ഞാൻ ചെയ്തത് തെറ്റാണെന്നെനിക്കറിയാം.. എങ്കിലും എന്റെ സാഹചര്യങ്ങൾ... അതായിരുന്നു എന്നെ കൊണ്ട് ഇങ്ങനെയൊക്കെ ചെയ്യിച്ചത്..  ഇത്രയും പറഞ്ഞവൻ നിർത്തിയപ്പോൾ നിറഞ്ഞ മിഴികൾ തുടച്ചുകൊണ്ട്‌ ശരണിനെ നോക്കി ചിരിക്കാൻ ഒരു പാഴ്ശ്രമം  അവൾ നടത്തി..

"തന്നോട് ഞാൻ എപ്പോഴാ മിണ്ടാതായതെന്ന്‌ ശ്രദ്ധിച്ചിട്ടുണ്ടോ??"

"ഉം" എന്നൊന്നു മൂളിയിട്ട്.. അല്പനേരത്തിനുശേഷം അവൾ തുടർന്നു.. "നമ്മുടെ വിവാഹ നിശ്ചയത്തിനു ശേഷം.. നിശ്ചയം കഴിഞ്ഞ് വളരെ പെട്ടെന്നായിരുന്നല്ലോ വിവാഹം.. അതുകൊണ്ട് വിവാഹത്തിൻ്റെ തിരക്കുകൾക്കിടയിൽ സംസാരിക്കാൻ സമയം കിട്ടാത്തതാവും എന്നാണ് അന്നൊക്കെ ഞാൻ കരുതിയത്.. പക്ഷേ...." ഇത്രയും പറഞ്ഞശേഷം കാരണം എന്താണെന്നറിയാനുള്ള ആകാംശയോടെ ശ്യാമ അവനെ നോക്കി..

"തന്നെ കാണാൻ വന്ന അന്ന് എന്റെ ഇരുപത്തിയേഴാമത്തെ പെണ്ണുകാണൽ ആയിരുന്നു..  ഞാൻ അതുവരെ കണ്ട ആർക്കും ഇല്ലാത്ത എന്തോ ഒരു പ്രത്യേകത തനിക്കുണ്ടായിരുന്നു.. അതുകൊണ്ടുതന്നെ ഒത്തിരി പ്രതീക്ഷകളോടെയാണ് അവിടം വിട്ടിറങ്ങിയതും... ഒടുവിൽ നമ്മുടെ നിശ്ചയമെല്ലാം കഴിഞ്ഞ സമയത്ത്, ഞാൻ ജോലി ചെയ്തിരുന്ന കമ്പനിയിൽ ഒരു പ്രശ്നം വന്നപ്പോൾ ഞങ്ങൾ എല്ലാവരെയും പിരിച്ചുവിട്ടു.. കല്യാണത്തിനായി അധികം ദിവസങ്ങൾ ഇല്ലായിരുന്നല്ലോ.. അതുകൊണ്ട് ആ സമയത്ത് ജോലി നഷ്ടമായ കാര്യങ്ങൾ അറിഞ്ഞാൽ ഞാൻ ഒരു ചതിയനായി മാറുമോ.. അല്ലെങ്കിൽ നമ്മുടെ വിവാഹം മുടങ്ങുമോ എന്നൊക്കെ ഭയന്നപ്പോൾ ന്റെ കുറച്ച് സുഹൃത്തുക്കളാ പറഞ്ഞത് ഇപ്പൊ ഇതൊന്നും ശ്യാമയുടെ വീട്ടുകാരെ അറിയിക്കണ്ട.. നിനക്ക്  വിദ്യാഭ്യാസ യോഗ്യതയും,  എക്സ്പീരിയൻസും ഒക്കെ ഉള്ളത് കൊണ്ട് വളരെ പെട്ടെന്ന് ജോലി ശരിയാവും എന്ന്..

നിന്നെ നഷ്ടപ്പെടുത്താൻ ഒരുക്കം അല്ലാതിരുന്നതിനാൽ ഞാനും അത് ശരിവെച്ചു..  അവർ പറഞ്ഞപോലെ വളരെ പെട്ടെന്ന് തന്നെ പുതിയ കമ്പനിയിൽ ജോലി ശരിയായി.. പക്ഷെ ആ കമ്പനിയുടെ പുതിയ ബ്രാഞ്ച് ഓപ്പൺ ആവാൻ രണ്ട് മാസത്തെ കാലതാമസം ഉണ്ടായിരുന്നു..

ഇത്രയും ഒക്കെ ആയപ്പോൾ എന്തോ.. മനസ്സിന്റെ ഉള്ളിൽ ഒരു കുറ്റബോധം.. സത്യത്തിൽ നിന്റെ ചോദ്യങ്ങളിൽ നിന്ന്‌ ഒഴിഞ്ഞുമാറുവാനുള്ള ഒരു മറ മാത്രമായിരുന്നു എന്റെ ഈ അവഗണന.. ശെരിക്കും എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമാണെടി പെണ്ണേ..!!"

ഇത്രയും പറഞ്ഞ് ഒരു ദീർഘശ്വാസമെടുത് ശ്യാമയെ നോക്കിയതും അവൾ കരണമടച്ച് ശരണിന്റെ മുഖത്തിട്ടൊന്നു കൊടുത്തു.... എന്നിട്ട് പതിയെ കവിളിലൂടെ അവളുടെ മൃദുലമായ വിരലുകളോടിച്ചു കൊണ്ട് സംസാരിച്ചു തുടങ്ങി...

"ഇത്രയും സ്നേഹം മനസിലൊളിപ്പിച്ചു വെച്ചിട്ടാണോ എന്നെ ഇങ്ങനെ സങ്കടപെടുത്തിയത്.. ദുഷ്ടാ!!!..
എല്ലാ ദിവസവും ഞാൻ എന്തുമാത്രം കരഞ്ഞിട്ടുണ്ടെന്നറിയോ.. അന്ന് കണ്ടതുമുതൽ എനിക്കും നിങ്ങളെ ഒരുപാട് ഇഷ്ടമായിരുന്നു..  ജോലി നഷ്ടമാവുന്നതൊക്കെ വിവാഹശേഷം ആയിരുന്നെങ്കിലും നമ്മൾ ഒന്നിച്ച് സഹിക്കേണ്ടതായിരുന്നില്ലേ.. അതിന്റെ പേരും പറഞ്ഞ് എന്നെ ഇങ്ങനെ ഒറ്റപ്പെടുത്തണമായിരുന്നോ..
എല്ലാം ദുഃഖങ്ങളും ഒറ്റക്ക് സഹിക്കാൻ ഇയാൾ ആര് ദുരന്തകഥയിലെ നായകനോ..??"

ഈ നിമിഷംവരെ തന്റെ മുന്നിൽ മിണ്ടാപൂച്ചയായിരുന്നവൾ അപ്പോൾ നിർത്താതെ സംസാരിക്കുന്നത് കേട്ട് അവൻ കണ്ണിമവെട്ടാതെ നോക്കി നിന്നു..
'അല്ലേലും ഈ പെണ്ണുങ്ങൾ ഒക്കെ വലിയ സംഭവമാണ്.. സഹിക്കാൻ പോയാൽ.. എല്ലാം അങ്ങ്  സഹിച്ച് കടിച്ചു പിടിച്ച് നിക്കും..  ദേഷ്യം വന്നാലോ ദേ ഇതുപോലെ കടിച്ചു കീറും..' എന്നവൻ മനസ്സിലോർത്തു..

"അതേ ഇതൊക്കെ ഇപ്പൊ പറയാൻ കാരണമെന്താ എന്ന്‌ അറിയോ??  ഞാൻ നേരത്തെ പറഞ്ഞില്ലേ.. പുതിയ കമ്പനിയിൽ ജോലി കിട്ടിയ കാര്യമൊക്കെ.. അതിന്റെ ബ്രാഞ്ച് നാളെ ആണ് ഓപ്പൺ ചെയ്യുന്നത്.. നാളെ തുടങ്ങി ജോലിക്ക് പോവണം... " ഇത്രയൊക്കെ പറയുമ്പോൾ അവളുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു തുളുമ്പും എന്നു കരുതിയ അവന്റെ എല്ലാ പ്രതീക്ഷകളും കാറ്റിൽ പറത്തിക്കൊണ്ട്‌ ശ്യാമ അവന്റെ തുടയിൽ ആഞ്ഞൊന്ന് നുള്ളി...

"താൻ എന്ത് മനുഷ്യനാടോ.. ഈ രണ്ടുമാസം വീട്ടിൽ ഇരുന്നിട്ട്... സ്നേഹത്തോടെ ഒരു വാക്ക് പോലും ഭാര്യയോട് പറഞ്ഞിട്ടില്ല.. ഇപ്പൊ ദേ മനസിലുള്ളതെല്ലാം തുറന്ന്‌ പറഞ്ഞിട്ട് നാളെ തുടങ്ങി ജോലിക്ക്‌ പോവാ എന്ന്‌..."

അവളുടെ പരിഭവങ്ങൾ കേട്ട് അവന് ചിരിയാണ് വന്നത്.. "അതിന് ഞാൻ നിന്നെ ഇട്ടേച്ച്  പോകുവല്ലല്ലോ പെണ്ണേ... ജോലിക്കല്ലേ പോവുന്നെ.. ഈ രണ്ടു മാസത്തെ മുതലും പലിശയും ചേർത്ത് എന്റെ കൊച്ചിനെ ഞാൻ ഇനി അങ്ങ് സ്നേഹിക്കാൻ പോകുവല്ലേ.."

"അപ്പൊ ഇനി എന്നെ ഒറ്റക്കാക്കില്ലല്ലോ അല്ലേ??"

"ഇല്ലടി പെണ്ണേ!"

"എന്നാ പിന്നെ ഇത്രയും നാൾ എന്നെ സങ്കടപെടുത്തിയത്തിന്റെ  പരിഹാരമായിട്ട് ഒഴിവ് കിട്ടുമ്പോൾ ഒക്കെ എന്റെ കൂടെ ഉണ്ടാവണം.. ന്താ പറ്റുമോ??"

"ഓ അടിയൻ! കൽപന പോലെ ചെയ്തോളാമേ.. പക്ഷെ ഒരു കണ്ടീഷൻ  ഉണ്ട്.."
ശരൺ അത് പറഞ്ഞ് നിർത്തിയതും. 
"എന്താ" എന്നുള്ള ഭാവത്തിൽ ശ്യാമ അവനെ ഒന്ന്‌ നോക്കി..

"ഇനി ഞാൻ പിറകിൽ വന്ന് കെട്ടിപിടിക്കുമ്പോ ഇന്ന് പറഞ്ഞ പോലെയുള്ള പഞ്ച് ഡയലോഗ്‌ ഒന്നും പറയാൻ പാടില്ല!! എന്താ സമ്മതിച്ചോ???"

"ഉം.. ആലോചിക്കട്ടെ..." ഒരു കള്ള ചിരിയോടെ അവൾ പറഞ്ഞു..

"ടി പോത്തെ.. ഇനി അങ്ങനെ വല്ലതും പറഞ്ഞാൽ.. കൊല്ലും ഞാൻ നിന്നെ... "

അങ്ങനെ ഇണക്കങ്ങളും.. പിണക്കങ്ങളും.. പ്രണയവും.. പരിഭവവും.. കൊച്ചു കൊച്ചു സന്തോഷങ്ങളും നിറഞ്ഞ ജീവിത യാത്ര അവർ ഇന്നും തുടരുന്നു..

#ശുഭം

NB: കഥയും കഥാപാത്രങ്ങളും സാങ്കല്പികം

#Tesmi_Sabu

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്