അമ്മായി അമ്മ ഫുൾ പാർട്ട്

❤അമ്മായി അമ്മ❤
  ---------------------
ഫുൾ പാർട്ട് 

"ശശിയേട്ടാ  ഞാൻ അപ്പോഴേ പറഞ്ഞില്ലേ ഈ തള്ളയ്ക്ക് എന്ത് വാങ്ങി കൊടുത്താലും കുറ്റമേ പറയൂ എന്ന് , ഇപ്പൊ എങ്ങനെ ഉണ്ട് ?"

"അല്ലെടി , പൂവിട്ടു പൂജിക്കാം ; നിനക്കവനെ കൊണ്ടു വില കൂടിയ ചുരിദാറു വാങ്ങിച്ചിട്ടു എനിക്ക് നൂറു രൂപായുടെ പഴംതുണി കൊണ്ടു വന്നിരിക്കുന്നു , കൊണ്ടു പോയി നിന്റെ തടിച്ചി തള്ളക്കു കൊടുക്ക് "

"ദേ , എന്റെ അമ്മയെ  പറഞ്ഞാലുണ്ടല്ലോ ..."
അവളും വിട്ടു കൊടുക്കാൻ തയ്യാറല്ലായിരുന്നു .

              "വാടി , ഇനി സ്റ്റണ്ട് കാണാം " , എന്റെ മൂത്ത സന്താനം അവന്റെ അനിയത്തിയെ ഭാവിയിലേക്കുള്ള പാഠങ്ങൾ പ്രാക്ടിക്കലായി കാട്ടി കൊടുക്കുവാനായി ടീവിയിൽ കണ്ടു കൊണ്ടിരുന്ന ടോം & ജെറി കാർട്ടൂൺ ഓഫാക്കി ഓടി വന്നു  

[ അല്ലെങ്കിലും ഇതിനു മുന്നിൽ ടോം & ജെറി ഒക്കെ എന്ത് !!! ]

         അമ്മ പതിവ് കരച്ചിലിലേക്കു കടന്നു .

" അല്ലെങ്കിലും കുറച്ചു നാളായി എന്നോട് കാട്ടുന്ന പോര് വേറെ ഏതു അമ്മായി അമ്മയാണെങ്കിലും സഹിക്കില്ല , ഇന്നലെ കോഴിയെ പൊരിച്ചിട്ടു ഒരു കോഴി കാല് എനിക്ക് തന്നോ ? അതോർത്തിട്ടു എന്റെ ചങ്കു പൊടിയുവാ ".

         "അയ്യടാ , തള്ളക്കു കോഴി കാല് കിട്ടാഞ്ഞിട്ടാ , ആകെ രണ്ടു കാലുള്ളത് നിങ്ങടെ പേരക്കിടാങ്ങൾ തന്നെ തിന്നു , ഇനി നിങ്ങള്ക്ക് അത്ര മോഹമാണെങ്കിൽ മകനോട് പറ നാല് കാലുള്ള ഒരു കോഴിയെ വാങ്ങി കൊണ്ടു വരാൻ ".

        "ഫ ചൂലേ , നീയെന്നെ കളിയാക്കുന്നോ ? നിന്നെ പോലെ ഗതിയില്ലാത്ത ഒരുത്തിയെ എന്ന് ഇങ്ങോട്ട് കൊണ്ടു വന്നോ , അന്ന് ഈ കുടുംബത്തിന്റെ സമാധാനം പോയതാ "

വഴക്കു നല്ല രീതിയിൽ മുന്നേറുന്നുണ്ട് , എന്റെ നല്ല മക്കൾ എന്തായാലും ഇത് മൂർച്ഛിക്കുവാനായി മുഷ്ടികൾ കൂട്ടി തിരുമുന്നുണ്ട് .

     "പിന്നെ നിങ്ങളുടെ മകളേ പോലെ കയ്യും കണ്ണും കാണിച്ചു ഓടി പോന്നതല്ല , ചോദിച്ചതിലും കൂടുതൽ തന്ന് നല്ല അന്തസ്സായിട്ടു തന്നാ വന്നത് ".
       

 " അന്തസ്സില്ലാത്ത കുടുംബത്തിൽ നിന്നും വന്ന നീ ആണോടി അന്തസ്സിനെ കുറിച്ച് പറയുന്നേ ? "

               ഇടപെടേണ്ട എന്ന് കരുതിയതാണ് ,എങ്കിലും ഇടപെട്ടില്ലെങ്കിൽ പ്രശനം വഷളാകും , ഞാൻ രണ്ടും കൽപ്പിച്ചു യുദ്ധ ഭൂമിയിലേക്ക് കേണൽ മഹാ ദേവനെ മനസ്സിൽ ധ്യാനിച്ചു കൊണ്ടു ചാടി വീണു....

"അമ്മേ മതി , ഇനി നിർത്തു ..അപ്പുറത്തും ഇപ്പുറത്തും ഉള്ളവർ ശ്രദ്ധിക്കാൻ തുടങ്ങി , മനുഷ്യനെ എന്തിനാ ഇങ്ങനെ  നാണം കെടുത്തുന്നെ , വീട്ടിലോട്ടു വന്നാൽ രണ്ടും കൂടെ സ്വസ്ഥത എന്ന സാധനം തരില്ല ,ഇങ്ങനെ ശല്യം ചെയ്‌താൽ ഞാൻ വീട് വിട്ടു എങ്ങോട്ടെങ്കിലും ഇറങ്ങി പോകും" ....[ ഭീഷിണി !! അല്ല പിന്നെ ]

             അതേടാ , ഞാനിപ്പോ നിങ്ങൾക്ക് ശല്യമാ , തന്ത മരിച്ച ശേഷം നിന്നെയെല്ലാം കഷ്ടപ്പെട്ട് പഠിപ്പിച്ചു വലുതാക്കിയപ്പോൾ ഞാൻ ശല്യമായല്ലേ ?" 

[അമ്മ കരഞ്ഞു കൊണ്ടു സ്ഥിരം മാസ്റ്റർ പീസ് ഡയലോഗിൽ കയറി പിടിച്ചു ]

     "ഓ , തള്ള പൂങ്കണ്ണീർ തുടങ്ങി " അവളും വിട്ടു കൊടുക്കാൻ തയ്യാറല്ലായിരുന്നു .വിവാഹത്തിന് ശേഷം സ്ഥിരമായി കാണുന്ന ആ സാധനം ഞാൻ വീണ്ടും കണ്ടു ....ക്ഷമയുടെ നെല്ലി പലക ..... ഇനി ക്ഷമിക്കാൻ പറ്റില്ല .കലി തീർക്കുവാനായി കൈ വലിച്ചു അവളുടെ കരണത്തിട്ടു ഒരെണ്ണം കൊടുത്തു ... ... ട്ടേ .........  ട്ടേ   

[ഒരണ്ണമല്ലേ കൊടുത്തത് ,പിന്നെന്താ രണ്ടു  "ട്ടേ" ]

അത് വേറെ ഒന്നുമല്ല , ഞാൻ അവൾക്കിട്ടു ഒന്ന് കൊടുത്തതിനു മറുപടിയായി അമ്മ  എനിക്കിട്ട് ഒന്ന്  തന്നതായിരുന്നു , ഡയലോഗും ഉണ്ട് ......

"ആഹാ ! പെണ്ണുങ്ങളെ തല്ലിയിട്ടാണോ നീ നിന്റെ ആണത്തം തെളിയിക്കുന്നെ ,നാണമില്ലാത്തവനെ.....    

നിന്റെ അച്ഛന്റെ കൂടെ ജീവിക്കുമ്പോൾ എന്നെ അങ്ങേരു ഒന്ന് നുള്ളി നോവിച്ചിട്ടു കൂടിയില്ല . ഞങ്ങൾ അമ്മേം മോളും വഴക്കിട്ടെന്നും പിണങ്ങീന്നും ഒക്കെ ഇരിക്കും . 

അവനൊരു അടിക്കാരൻ വന്നിരിക്കുന്നു ..വാടി മോളേ നമുക്ക് പിറകു വശത്തു പോയിരുന്നു പേൻ ചീകാം ".

           

                പോകുന്ന പോക്കിൽ എന്റെ ചങ്കു തകർക്കുന്ന ഒരു ഡയലോഗ് അവള് കാച്ചി ....

 "ശൃങ്ഗാരിച്ചു കൊണ്ടു രാത്രി ആകുമ്പോൾ വാ ...ഞാൻ കാണിച്ചു തരാം "

  വേറെ ആരെയും പറയേണ്ട ,എനിക്ക് ഈ പേരിട്ട എന്റെ തന്തയെ പറഞ്ഞാൽ മതിയല്ലോ ...                    ആരെങ്കിലും മക്കൾക്ക് ശശി എന്ന്  പേര് ഇടുമോ ? ????

ശശി പിന്നേം ശശി ആയി 👀

👪അകലങ്ങൾ👪
================

(  അമ്മായി ❤അമ്മ  2nd)  

                   "അമ്മ ഒരു കാര്യം ചെയ്യൂ , കുറച്ചു നാൾ ചേച്ചിയുടെ കൂടെ പോയി നിൽക്ക് , ഞാൻ കൊണ്ടു പോയി ആക്കി തരാം".ഒടുവിൽ തുറുപ്പു ചീട്ടു ഞാൻ ഇറക്കി നോക്കി ,അങ്ങനെ എങ്കിലും കുറച്ചു ദിവസം സമാധാനം കിട്ടുമല്ലോ !

           "മോനെ ശശി , നിന്റെ വേല നിന്റെ കയ്യിൽ വച്ചാൽ മതി .എന്നെ ഇവിടെ നിന്നോടിച്ചിട്ടു നിനക്ക് നിന്റെ പെണ്ണുമ്പിള്ളയുമായി ഇവിടെ വാഴാം എന്ന് കരുതിയോ ,ഇത് എന്റെ ഭർത്താവ് എന്റെ പേരിൽ എഴുതി വെച്ച വീടാ , നിനക്ക് വേണമെങ്കിൽ നിന്റെ ഭാര്യയെ കൊണ്ടു അവളുടെ വീട്ടിൽ നിർത്തു ,അതെങ്ങനാ അവിടെ നിന്നാൽ രണ്ടു ദിവസം കൊണ്ടു അവളുടെ നാത്തൂന്മാർ അടിച്ചു ഓടിക്കില്ലേ ?"

      ഇത് കേട്ടു എന്റെ വാമ ഭാഗം വെറുതെ ഇരിക്കുമോ ! അവൾക്കു അങ്ക കലി കൊണ്ടു ....." ദേ തള്ളേ , ഞാൻ എന്റെ വീട്ടിൽ ചെന്നാൽ അവർ എന്നെ പൊന്നു പോലെ നോക്കും ,നിങ്ങളുടെ മകനല്ലേ എന്നെ അങ്ങോട്ട് വിടാത്തെ ?"

         "ഉവ്വേ ഒരു പൊന്നിൻ കുടം , ഞാൻ കണ്ടതല്ലേ കഴിഞ്ഞ തവണയും എങ്ങനാ വന്നതെന്ന് ".അമ്മയും വിട്ടു കൊടുക്കാൻ തയ്യാറല്ല  .

     ഇങ്ങനെ പോയാൽ ശരിയാവില്ല ,രണ്ടിലൊന്ന് തീരുമാനിച്ചേ പറ്റു .മുൻപ് ഒരു അനുഭവം ഉള്ളത് കൊണ്ടു രണ ഭൂമിയിലേക്ക്‌ എടുത്തു ചാടാൻ ഞാൻ നിന്നില്ല .[അത് കേണൽ മഹാദേവൻ തന്നെ ചാടിക്കോട്ടെ ] ഞാൻ കുറച്ചു നേരം മുറിയിൽ ഇരുന്നു കൂട്ടലും കിഴിക്കലും നടത്തി ; ഒടുവിൽ ഒരു തീരുമാനം എടുത്തു പോർക്കളത്തിലേക്കു മടങ്ങി ചെന്നു .

           " രണ്ടു പേരും ഒന്ന് നിർത്തിക്കെ ",എന്റെ ഇത്ര പൗരുഷമുള്ള ശബ്ദം ആദ്യമായി കേട്ടത് കൊണ്ടാണോ എന്നറിയില്ല രണ്ടു പേരും അന്തം വിട്ടു ഒരു നിമിഷം നിന്നു , ആ ഗ്യാപ്പിലൂടെ ഞാൻ നുഴഞ്ഞു കയറി .

         "അമ്മേ ഇനി ഇങ്ങനെ തുടർന്നാൽ ശരിയാവില്ല , ഉള്ള സ്നേഹം പോവുകയേ ഉള്ളു , അത് കൊണ്ടു ഞാൻ ഒരു കാര്യം തീരുമാനിച്ചു ..... ഞങ്ങൾ മാറി താമസിക്കാം .എന്റെ പേരിൽ വാങ്ങിയ വീടില്ലേ ,അവിടെ നിന്നും വാടകക്കാർ ഒഴിഞ്ഞു ;ഞങ്ങൾ അങ്ങോട്ട് മാറാം ".

     "ഓ...അതായിരുന്നല്ലേ പ്ലാൻ , എന്റെ ശല്യം ഒഴിവാക്കാൻ ഭാര്യ പറഞ്ഞു തന്ന ബുദ്ധി ആയിരിക്കും അല്ലേ ? [ എന്റെ ബുദ്ധയിൽ അമ്മയ്ക്ക് പോലും വിശ്വാസം ഇല്ലാണ്ടായല്ലോ ] പെണ്ണുമ്പിള്ളയുടെ സാരി തുമ്പേൽ പിടിച്ചു എങ്ങോട്ടെങ്കിലും പൊക്കോ ".

       "കൂടുതൽ എഴുതാപ്പുറം വായിക്കല്ലേ തള്ളേ , ഞാൻ ആർക്കും ഒരു ബുദ്ധിയും പറഞ്ഞു കൊടുത്തിട്ടില്ല " [ അല്ലേൽ തന്നെ നിനക്കെല്ലാം എവിടുന്നാ ബുദ്ധി ]

            "മതി , മതി  നിർത്തു ! എടുക്കാനുള്ള സാധനങ്ങൾ എന്താന്നു വെച്ചാൽ എടുത്തു പിള്ളാരേം റെഡിയാക്കി നിർത്തു , ഞാൻ പോയി ടാക്സി വിളിച്ചു കൊണ്ടു വരാം " [ ഞാൻ അല്പം സീരിയസ് ആയി  ]

              ടാക്സിയുമായി ഞാൻ വരുമ്പോൾ ,പറഞ്ഞ പോലെ അവൾ എല്ലാം റെഡിയാക്കി നിൽപ്പുണ്ടായിരുന്നു . അമ്മ അകത്തുണ്ടെന്നു തോന്നുന്നു , ഞാൻ ശ്രദ്ധിക്കാൻ പോയില്ല , സാധനങ്ങൾ എടുത്തു ടാക്സിയിൽ വെച്ചു .കുട്ടികൾ പക്ഷെ അവരുടെ അച്ഛമ്മയെ വിട്ടു പോരാൻ തയ്യാറല്ലായിരുന്നു .രണ്ടു പേരും റിലേ കരച്ചിൽ തുടങ്ങി ,ഒടുവിൽ ബലം പ്രയോഗിച്ചു വണ്ടിയിൽ കയറ്റേണ്ടി  വന്നു . വണ്ടി വിട്ടപ്പോൾ ജനലഴിക്കു പിന്നിൽ ഞാൻ അമ്മയുടെ കണ്ണുകൾ കണ്ടു .

           പുതിയ വീട്ടിൽ എത്തി , ഞാൻ ഹോട്ടലിൽ പോയി ആഹാരം വാങ്ങി വന്നെങ്കിലും കുട്ടികൾ അത് കഴിക്കാൻ കൂട്ടാക്കിയില്ല , അവർക്കു ഇത്രയും നാൾ ആഹാരം അവരുടെ അച്ഛമ്മയല്ലേ വാരി കൊടുത്തിരുന്നത് ; അതിന്റെ വിഷമം ആയിരിക്കാം . ഞങ്ങൾക്കും എന്തോ ആഹാരം കഴിക്കാൻ തോന്നിയില്ല . ഇളയവൾ അപ്പോഴും കരച്ചിൽ നിർത്തിയിട്ടില്ലായിരുന്നു . ഒരു വിധം സമാധാനിപ്പിച്ചു അവരെ പിടിച്ചു കിടത്തി ഉറക്കി .

         "ശശിയേട്ടാ മോൾക്ക് നല്ല ചൂടുണ്ട് ", മോളേ തൊട്ടു നോക്കിയിട്ടു അവൾ പറഞ്ഞു . "അത് മഞ്ഞു കാലം തുടങ്ങിയതിന്റെ ആണ് , നാളെ ഡോക്ടറെ കൊണ്ടു കാണിക്കാം " ഞാൻ അവളെ സമാധാനിപ്പിച്ചു .

       "ഇതതല്ല ചേട്ടാ ,അവൾക്കു വിഷമം കയറിയിട്ടാ , ഇത്രയും നാൾ അവർ അമ്മയുടെ കൂടെ അല്ലേ കിടന്നിരുന്നത് , അവരുടെ ഒരേഒരു കൂട്ടുകാരി അല്ലായിരുന്നോ അമ്മ , അമ്മയെ വിട്ടു പോന്നത് കൊണ്ടാണ് " , ഇത് പറയുമ്പോൾ അവളുടെ കണ്ണിൽ നീർമണികൾ നിറയുന്നത് ഞാൻ കണ്ടു .

           ഞാൻ ഉറങ്ങാൻ ശ്രമിച്ചു , തിരിഞ്ഞും മറിഞ്ഞും കിടന്നെങ്കിലും ഉറങ്ങാൻ ആയില്ല , അവളും ഉറങ്ങിയിട്ടില്ലെന്നു എനിക്ക് മനസിലായി .വെളുക്കാറായെന്നു തോന്നുന്നു , ഞാൻ ഉറക്കത്തിലേക്കു ചെറുതായി വഴുതിയതും അവൾ എന്നെ കുലുക്കി വിളിച്ചു , " ചേട്ടാ എഴുന്നേൽക്കു , നമുക്ക് നമ്മുടെ വീട്ടിലോട്ടു പോകാം , എനിക്ക് പറ്റില്ല ഇവിടെ ഒറ്റയ്ക്ക് ...", അത് പറഞ്ഞതും അവൾ പൊട്ടി കരുയുകയായിരുന്നു .

          ഞാൻ പറയാൻ ആഗ്രഹിച്ച  വാക്കുകളാണ് അവൾ പറഞ്ഞെത് , "ഞാൻ പോയി വണ്ടി എന്തെങ്കിലും കിട്ടുമെങ്കിൽ വിളിച്ചു കൊണ്ടു വരാം , കുട്ടികളെ എഴുന്നേൽപ്പിക്കേണ്ട , വീട്ടിൽ ചെന്നിട്ടു ഉണർത്തിയാൽ മതി " ഇത് പറഞ്ഞു ഞാൻ കതകു തുറന്നു പുറത്തു ഇറങ്ങിയതും ഒരു കാഴ്ച കണ്ടു സ്‌തബ്ധനായ് പോയി , മുറ്റത്തെ തിണ്ണയിൽ തണുത്തു വിറച്ചു ഇരിക്കുന്ന അമ്മ , ഞാൻ ഓടിച്ചെന്നു  അമ്മയെ പിടിച്ചു ഉയർത്തി , അമ്മയുടെ കൈകൾ തണുത്തു മരവിച്ചു ഇരിക്കുകയായിരുന്നു  .

      എന്നെ അത്ഭുതപ്പെടുത്തി കൊണ്ടു അവൾ ഓടി വന്ന് അമ്മയുടെ കാലിൽ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു , " അമ്മേ പൊറുക്കണം , ഞാൻ അമ്മയെ ഒരിക്കലും തനിച്ചാക്കി പോരാൻ പാടില്ലായിരുന്നു " ഒച്ച കേട്ടു മക്കളും എഴുന്നേറ്റു അമ്മയെ കണ്ടപ്പോൾ അച്ചമ്മേ എന്ന് വിളിച്ചു കൊണ്ടു ഓടി വന്നു കെട്ടി പിടിച്ചു .

      പക്ഷെ അമ്മ നിർവികാരയായി നിന്നു കൊണ്ടു എന്നോട് ഒരു ചോദ്യം മാത്രം ചോദിച്ചു .." എന്റെ കുഞ്ഞുങ്ങളെ കാണാതെ , ഇവളോട് ഒന്ന് പിണങ്ങാതെ എനിക്ക് ഇരിക്കാൻ ആവില്ലാ എന്നറിഞ്ഞിട്ടും നിനക്ക് എങ്ങനെ തോന്നി ഇവരെ എന്നിൽ നിന്നകറ്റാൻ ????"

          ആ ചോദ്യം എന്റെ കണ്ണുകളെയും ഈറനണിയിച്ചു . സ്നേഹത്തിന്റെ ഭാവങ്ങൾ തന്നെയാണ് ഇണക്കവും പിണക്കവും എന്ന് മനസിലാക്കാതെ അത് അടർത്തി മാറ്റാൻ ശ്രമിച്ച ഞാൻ ഇപ്പോഴല്ലേ ശരിക്കും ശശിയായത് ?

👶  മകൻ ആരാ മോൻ  👶
➖➖➖➖➖➖➖➖➖➖

( അമ്മായി ❤ അമ്മ 3rd )

" എടാ ശശിയേ ... ഓടി വാടാ , ദേ ഈ മൂധേവി കൊച്ചിനെ തല്ലിക്കൊല്ലുവാ !" .

അമ്മയുടെ ഉറക്കെയുള്ള നിലവിളി കേട്ടാണ് ഉറക്കത്തിൽ നിന്ന് ഞാൻ ചാടിയെഴുന്നേറ്റത് . എന്തു പറ്റിയെന്ന് അറിയാതെ ഉരിഞ്ഞു പോയ മുണ്ടും ചുറ്റി ഹാളിലേക്ക് ഞാൻ ഓടിച്ചെന്നു .

അങ്ങോട്ടേക്കു ചെന്ന ഞാൻ കണ്ടത് ഭദ്രകാളിയെപ്പോലെ ഉറഞ്ഞു തുള്ളുന്ന എന്റെ വാമഭാഗത്തെയാണ് . എന്തായാലും 
ന്യൂജെൻ കാളിയാണ് , വാളിനു പകരം ചൂരൽ വടിയാണ് . അമ്മയിൽ നിന്നു രക്ഷപെടാൻ ഉണ്ണിക്കുട്ടൻ അവന്റെ അച്ഛമ്മയുടെ മൂട്ടിൽ അള്ളിപ്പിടിച്ച് നിൽപ്പുണ്ട് .

ഇന്നെന്താണാവോ പ്രശ്നം ? ഞയറാഴ്ചയായതു കൊണ്ട് അൽപ്പ നേരം കിടന്നുറങ്ങാമെന്നു വച്ചാൽ അതിനും സമ്മതിക്കില്ല ഇവറ്റകൾ . ഇതിലും ഭേദം വല്ല പാക്കിസ്ഥാൻ അതിർത്തിയിലും പോയി കിടക്കുകയായിരുന്നു . അതാകുമ്പോൾ ഒറ്റയടിക്ക് കൊന്നോളും , ഇതുപോലെ ഇങ്ങനെ ഇഞ്ചിഞ്ചായി കൊല്ലില്ലല്ലോ ! 

ഞാൻ സകല ദൈവങ്ങളെയും മനസ്സിൽ പ്രാർത്ഥിച്ചു കൊണ്ടു അങ്ങോട്ടേക്കു ചെന്നു .

" എടാ മോനേ ..... ദേ ഇവൾ ഉണ്ണിക്കുട്ടനെ തല്ലിക്കൊല്ലുവാ , ഇവൾക്കെന്തോ പ്രേതബാധ കൂടിയതാണെന്നാ തോന്നുന്നേ " .

ഇതു കേട്ടതോടെ എന്റെ വാമഭാഗത്തിന്റെ എല്ലാ ഭാഗത്തു കൂടിയും കലി ഇരച്ചു വന്നു .

" ദേ തള്ളേ , ബാധ നിങ്ങടെ ........ 
എന്നെക്കൊണ്ടൊന്നും പറയിപ്പിക്കേണ്ട . ഈ തള്ള ഒറ്റയൊരുത്തിയാ ഈ ചെക്കനെ വഷളാക്കുന്നത് " .

എന്റമ്മയല്ലേ ആള് , ഇത് കേട്ടാൽ വിട്ടു കൊടുക്കുമോ . ഫോമായി കഴിഞ്ഞാൽ രോഹിത് ശർമ്മ പോലും അമ്മയുടെ ഏഴയലത്തു വരില്ല .

" ഞാൻ എന്തു വഷളാക്കിയെന്നാടീ നീ പറയുന്നത് , പിള്ളാരാകുമ്പോൾ അൽപ്പം കുസൃതിയൊക്കെ കാണും . അതിന് തല്ലിക്കൊല്ലുകയാണോ വേണ്ടത് . അതിന് ആദ്യം പിള്ളാരെ വളർത്താൻ പഠിക്കണം . ദേ , നിന്റെ ഈ അച്ചിക്കോന്തൻ ഭർത്താവിനെയടക്കം ഞാൻ വളർത്തി വലുതാക്കിയതാ . ഇവനെ തല്ലിയാണോ ഞാൻ വളർത്തിയതെന്ന് നീയൊന്നു ചോദിച്ച് നോക്ക് " .

അതു കുടി കേട്ടതോടെ എന്റെ പ്രീയതമയുടെ സർവ്വ നിയന്ത്രണവും നഷ്ടപ്പെട്ടു .

" തള്ളേടെ ഒരു വളർത്ത് ..... ആ വളർത്തു ഗുണം കൊണ്ടാ ഇങ്ങേര് ഇങ്ങനെ എട്ടരപ്പൊട്ടനായ് പോയത് " .

വഴി പോക്കനാണെങ്കിലും യുദ്ധ ഭൂമിയിലെ ഇരുപക്ഷത്തിന്റെയും അമ്പുകൾ എന്റെ നേരേ തന്നെയാണല്ലോ ദൈവമേ തൊടുക്കുന്നത് .ഇനി നോക്കി നിന്നിട്ടു കാര്യമില്ല , ചക്രവ്യൂഹം തകർക്കാൻ നിയോഗിക്കപ്പെട്ട അഭിമന്യുവിനെ പോലെ ഞാൻ മുന്നോട്ടു നീങ്ങി .

മുൻകാല അനുഭവങ്ങൾ ധാരാളം ഉള്ളതു കൊണ്ട് ഞാൻ സമചിത്തത കൈവിട്ടില്ല . 

" ദൈവത്തേയോർത്ത് നിങ്ങൾ രണ്ടും ഈ അങ്കക്കലി ഒന്നു നിർത്തിയിട്ട് കാര്യം എന്താണെന്നു പറ " .

ഇതു കേട്ട് ഭദ്രകാളി എന്റെ നേർക്ക് തിരിഞ്ഞു .

" നിങ്ങൾക്ക് കാര്യം അറിയണോ?...... നിങ്ങളുടെ ഈ തല തെറിച്ച സന്താനത്തിന് തിന്നാൻ ചോറും കറിയും കൊടുത്തിട്ട് ഞാൻ അടുക്കളയിൽ പോയി തിരിച്ചു വരുമ്പോൾ അവൻ ചോറു മുഴുവൻ വാരി നിലത്തിട്ട് അതിന്റെ മുകളിൽ നിന്ന് ഡാൻസ് കളിക്കുന്നു ".

അപ്പോൾ അതായിരുന്നു കാര്യം ! തന്നെ ആവിശ്യത്തിനും , അനാവിശ്യത്തിനും അധിക്ഷേപിക്കുന്ന എന്റെ അമ്മയ്ക്കും , ഇവൾക്കും ഞാൻ വെറും കഴിവു കെട്ടവൻ അല്ലെന്ന് തെളിയിക്കാൻ ദൈവമായിട്ടു തന്ന ഒരു അവസരമാണ് . അതു പാഴാക്കിക്കൂടാ... ഞാൻ നന്ദിയോടെ ഉണ്ണിക്കുട്ടനെ നോക്കി .

" ഇതായിരുന്നോ പ്രശ്നം ? ഇതിന് കഞ്ഞുങ്ങളെയിട്ടു തല്ലുകയാണോ വേണ്ടത് . അവരെ പറഞ്ഞു മനസ്സിലാക്കി തെറ്റ് ബോധ്യമാക്കുകയാണ് വേണ്ടത് , ഞാൻ അതു കാട്ടിത്തരാം " .

എന്റെ വിജ്ഞാനപരമായ വാക്കുകൾ കേട്ടിട്ടാണെന്നു തോന്നുന്നു അമ്മയും എന്റെ പ്രീയതമയും അന്തം വിട്ട് കുന്തം വിഴുങ്ങിയ കണക്കെ വായും തുറന്നു നിൽപ്പുണ്ടായിരുന്നു .

അമ്മയുടെ പിന്നിൽ നിന്നും ഉണ്ണിക്കുട്ടനെ ഞാൻ വിളിച്ച്  സെറ്റിയിൽ എന്റൊപ്പം ഇരുത്തി . അവനെ യുദ്ധഭൂമിയിൽ നിന്നും രക്ഷിച്ചതിന്റെ നന്ദി സൂചകമായി കണ്ണു തുടച്ചതിനു ശേഷം മൂക്കു പിഴിഞ്ഞ് എന്റെ മുണ്ടിൽ തേച്ചു വച്ചു .

" മോനേ ഉണ്ണിക്കുട്ടാ , കുഞ്ഞു ക്ലാസിലെ നിന്നെ പഠിപ്പിച്ചിട്ടില്ലെ  മാതാ , പിതാ , ഗുരു , ദൈവമെന്ന് ... അതു പോലെ തന്നെയാണ് നമ്മൾ ആഹാര സാധനങ്ങളെയും കാണേണ്ടത് . ആഹാര സാധനങ്ങളെ നിന്ദിക്കുക എന്നത് ദൈവത്തെ നിന്ദിക്കുന്നതിനു തുല്യമാണ് . ആഹാരമല്ലേ നമ്മളെ ജീവിക്കാൻ സഹായിക്കുന്നത് . അതു കൊണ്ട് നമ്മൾ ചോറൊന്നും നിലത്തിട്ട് ചവിട്ടരുത് , അതു ദോഷമാണ് " .

ഞാൻ പറയുന്നതു കേട്ട് എന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി ഇരിക്കുകയായിരുന്നു ഉണ്ണിക്കുട്ടൻ .

" അച്ഛാ എനിക്കൊരു സംശയം " .

ഉണ്ണിക്കുട്ടൻ അനവാദം ചോദിച്ച് കൈ മുകളിലേക്ക് ഉയർത്തി .

" സംശയങ്ങൾ ചോദിച്ചു മനസ്സിലാക്കുന്നത് നല്ല കുട്ടികളുടെ സ്വഭാവമാണ് , എന്റെ മോൻ ധൈര്യമായിട്ട് ചോദിക്ക് " .

.
ഞാൻ അൽപ്പം അഭിമാനത്തോടെ അമ്മയെയും വാമഭാഗത്തേയും നോക്കി .

" അപ്പോൾ വെള്ളത്തിൽ ചവിട്ടുന്നത് ദോഷമാണോ അച്ഛാ ?"

ഉണ്ണിക്കുട്ടൻ തന്റെ ചെറിയ സംശയം ചോദിച്ചു .

" വെള്ളത്തിൽ ചവിട്ടുന്നതിന് ദോഷം ഒന്നുമില്ലടാ മോനെ " . 

സില്ലീ കേസ്.... ഇതായിരുന്നോ എന്ന മട്ടിൽ ഞാൻ അവനു മറുപടി കൊടുത്തു .

" അച്ഛാ അപ്പോഴീ ചോറു ഉണ്ടാക്കുന്ന അരി വളരണമെങ്കിൽ വെള്ളം വേണ്ടേ ?
നമ്മുടെ ദാഹം മാറ്റണമെങ്കിൽ വെള്ളം വേണ്ടേ ?
കുളിക്കാനും , അലക്കാനും , പാചകം ചെയ്യാനുമെല്ലാം വെള്ളം വേണ്ടേ ?
അപ്പോൾ ആഹാരത്തേക്കാളും നമ്മൾ ബഹുമാനിക്കേണ്ടത് വെള്ളത്തേയല്ലേ ? "

അവൻ ഒരു വായ്ക്ക് ഒരു പിടി ചോദ്യ ശരങ്ങൾ എന്റെ നേർക്ക് എയ്തു . ആ ശരങ്ങൾക്കു മുന്നിൽ പകച്ചു പോയി എന്റെ ബാല്യം ! 

ദയനീയ ഭാവത്തിൽ തിരിഞ്ഞു നോക്കിയപ്പോൾ പൊട്ടിച്ചിരി അടക്കാൻ പാടുപെടുകയായിരുന്നു എന്റെ 
മാതാശ്രീയും , വാമഭാഗവും . നിന്നെ തല്ലേണ്ടവനല്ല , തല്ലി കൊല്ലേണ്ടവനാണെന്ന ഭാവത്തിൽ ഉണ്ണിക്കുട്ടന്റെ മുഖത്തേക്കും ഞാൻ നോക്കി .

അപ്പോഴും ഒന്നും അറിയാത്ത നിഷ്കളങ്ക ഭാവത്തിൽ ഇരിക്കുകയായിരുന്നു ആ കുട്ടി തേവാങ്ക് .

തോൽവികളേറ്റു വാങ്ങാൻ ശശിയുടെ ജീവിതം പിന്നേയും ബാക്കി.

ഒമേശതൈപറമ്പിൽ  


Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്