കാർത്തികേയൻ ഫുൾ പാർട്ട്

കാർത്തികേയൻ 
ഫുൾ പാർട്ട് 

*എത്രയാടി ഒരു രാത്രിയിലെ നിന്റെ റേറ്റ്...?? *

മുഖത്ത് നോക്കി ചോദിച്ചവന് കരണം പുകച്ചൊരു അടികൊടുത്ത മംഗലത്തെ കൊച്ചുതമ്പുരാട്ടിയായ താൻ അർദ്ധരാത്രിയിൽ നിറക്കണ്ണുകളോടെ ജീവന് വേണ്ടി യാചിക്കുമ്പോ പല്ലവിക്ക് സ്വയം തോന്നിയത് വെറും പുച്ഛം മാത്രമായിരുന്നു...ഇന്ന് വൈകുന്നേരം വരെ രാജകുമാരിയായിരുന്ന താൻ എത്രപെട്ടന്നാണ് എല്ലാവർക്കും ശത്രുവായത്...?? അല്ല,,,എപ്പോഴേ താനവർക്ക് ശത്രുവായിരുന്നു...അഭിനയമായിരുന്നില്ലേ,കപടമായിരുന്നില്ലേ അവരുടെ സ്നേഹമൊക്കെയും...?? വെറുപ്പ് തോന്നിയിരുന്നു,,,മനസിലാക്കാൻ കഴിഞ്ഞിരുന്നില്ല അവരുടെ കാപട്യം...

ഇരുളിനെ കീറിമുറിച്ച് കടന്ന് വന്ന ബൈക്കിന്‌ മുന്നിലേക്ക് ചാടുമ്പോഴേക്കും ദേഹമാസകലം തളർന്നിരുന്നു...തന്റെ ജീവനുവേണ്ടി പാഞ്ഞുവരുന്നവരെ നേരിടാനാകാതെ,  ബലിഷ്ടമായ ആ ശരീരത്തിനുടമയുടെ പിന്നിലേക്ക് മറയുമ്പോഴും അറിഞ്ഞിരുന്നില്ല അവനാരെന്ന്...ഒരു അംഗത്തിന് തയാറായെന്ന പോലെ ഇടിവള കയ്യിലേക്ക് കേറ്റിവെച്ച്,  ഉടുത്തിരുന്ന കറുത്ത മുണ്ട് മടക്കി കുത്തി നിൽക്കുന്ന ആ മനുഷ്യനെ കണ്ടതും പ്രതീക്ഷയാൽ മനസൊന്നു ശാന്തമായിരുന്നു...അഞ്ചു പേർക്ക് മുന്നിൽ ഒറ്റയാനെ പോലെ നിൽക്കുമ്പോഴും അയാൾടെ ശരീരം വിറച്ചിരുന്നില്ല...മിഴികൾ അയാളിലേക്ക് മാത്രമായി ചുരുങ്ങിയിരുന്നു...ആരാണോ,എന്താണെന്നോ അറിയാത്തൊരു അപരിചിതൻ ഇന്ന് തനിക്ക് തണലാവുന്നു...അത്ഭുതം തോന്നി,,,ജീവിതം ഏതൊക്കെ രീതിയിലാണ് മുന്നോട്ട് പോകുന്നത്...

നെഞ്ച് വിരിച്ച് നിന്നിരുന്ന ആ മനുഷ്യനെ വകവെയ്ക്കാതെ മുന്നിലേക്ക് വന്ന അമ്മാവന്റെ മകനാണ് വഴക്കിന് തുടക്കം കുറിച്ചത്...അതിനിടയിൽ അസ്ഥി തകരുന്ന ഒച്ചയും അടികൊണ്ടവരുടെ അലർച്ചയും ആ രാത്രിയെ ഭീകരമാക്കുന്നത് പോലെ തോന്നിയിരുന്നു പവിക്ക്...ആ ഒറ്റക്കൊമ്പനും കിട്ടിയിരുന്നു ചില്ലയറയടി...എങ്കിലും അവന്റെ കൈക്കരുത്തിനും നിശ്ചയദാർഢ്യത്തിനും മുന്നിൽ അധികനേരം അവർക്ക് പിടിച്ചു നിൽക്കമായിരുന്നില്ല...വേച്ചുകൊണ്ട് നാലുപാടും ഓടുന്ന അവരെ ദേഷ്യത്തിൽ നോക്കി കയ്യിലിരുന്ന വടി വലിച്ചെറിഞ് അയാൾ വണ്ടിയുടെ അടുത്തേക്ക് തിരിച്ചു വന്നു...ആ മുഖം കണ്ടതും ഞെട്ടലോടെ ഒരുനിമിഷം ചലനം നഷ്ടപ്പെട്ടവളെ പോലെ നിന്നുപോയി...അവന്റെ കണ്ണിൽ പടർന്നിരുന്ന ചുവപ്പും വലിഞ്ഞു മുറുകിയ മുഖവും കണ്ട് പല്ലവി ഒരടി പിന്നിലേക്ക് നീങ്ങി മാറിയിരിന്നു... 

*കാർത്തികേയൻ* ചുണ്ടുകൾ ശബ്ദമില്ലാതെ മന്ത്രിച്ചിരുന്നു ആ പേര്,,,അഞ്ചു വർഷങ്ങൾക്ക് മുൻപ് ഒരാളെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ പോകുമ്പോഴും ഇതേ നോട്ടമായിരുന്നു,അതേ തീവ്രതയായിരുന്നു ഈ കണ്ണുകളിൽ...മംഗലത്തെ ഇളയ പെൺതരിയായ തനിക്ക് വെറുപ്പായിരുന്നു,,,അതിൽ കൂടുതൽ അവജ്ഞയായിരുന്നു  ആരോരുമില്ലാത്ത തെരുവിലെ തെണ്ടിച്ചെക്കനോട്...ഒരാളുടെ  ജീവനെടുത്ത് ജയിലിൽ പോകുമ്പോഴും ആ വെറുപ്പ് കൂടിയിരുന്നതെയുള്ളൂ...വല്യച്ഛന്റെയും ഏട്ടന്മാരുടെയും കൂടെ കാറിൽ പോകുമ്പോ കാണാറുണ്ട് കവലയിൽ തല്ലുകൂടുന്ന കവലച്ചട്ടമ്പിയെ...പുച്ഛത്തോടെ മുഖം തിരിച്ചിട്ടേ ഒള്ളൂ,,,അതേ താൻ തന്നെ  അയാളെ ഇന്നാരാധനയോടെ നോക്കുന്നു...തനിക്കയാൾ ഇന്ന് രക്ഷകനാണ്...മനസിലെ വെറുപ്പിന്റെ മൂടുപടം പൊളിഞ്ഞു വീഴാൻ തുടങ്ങുന്നതറിഞ്ഞിരുന്നു...

"എവിടെ കൊണ്ടാക്കണം...?? "

ഭാവഭേതമൊന്നുമില്ലാതെ വണ്ടിയിലേക്ക് കേറി സ്റ്റാൻഡിൽ നിന്നെടുത്ത് കൊണ്ട് ചോദിക്കുമ്പോഴും മൗനമായിരുന്നു മറുപടി...എന്താണ് പറയേണ്ടത്...?? തന്റെ അവസ്ഥ പറഞ്ഞാൽ പുച്ഛം തോന്നില്ലേ അയാൾക്ക്...?? ഇത്രയും നാളും  അഹങ്കരിച്ചു നടന്നതൊക്കെ എരിയുന്നതിന് മുന്നേയുള്ള ആളിക്കത്തൽ മാത്രമായിരുന്നില്ലേ..?? ഒന്നും പറയാൻ തോന്നിയില്ല,,,ഉള്ളിലെ അപകർഷതാബോധം അതിന് സമ്മതിച്ചിരുന്നില്ലയെന്നതാണ് സത്യം...
മറുപടി ഒന്നും കാണാത്തത് കൊണ്ടാവും *കയറ്* എന്ന് മാത്രം പറഞ്ഞു...മറ്റൊരു ലോകത്തിലെന്ന പോലെ ബുള്ളറ്റിലേക്ക് കയറുമ്പോഴും എന്ത് ധൈര്യത്തിലാണ് നീയൊരു കൊലപാതകിയുടെ കൂടെ പോകുന്നതെന്ന് മനസ്സ് ഉച്ചത്തിൽ ചോദിക്കുന്നുണ്ടായിരുന്നു...അതിനെ മുഖവിലയ്ക്കെടുക്കാൻ എന്തുകൊണ്ടോ വിവേകം അനുവദിച്ചിരുന്നില്ല...കാർത്തികേയന്റെ തോളിലേക്ക് വലതു കൈ ചേർത്തതും തല സൈഡിലേക്ക് ചെരിച് രൂക്ഷമായൊരു നോട്ടം നൽകിയിരുന്നു...ഞെട്ടലോടെ കൈ പിൻവലിച്ചപ്പോഴേക്കും തന്നെ ആകെയൊരു ജാള്യത വന്ന് മൂടുന്നതറിഞ്ഞു...

വണ്ടിയുടെ ശബ്ദമൊഴിച്ചാൽ തീർത്തും നിശബ്ദതയായിരുന്നു...എവിടേക്ക് പോകുന്നുവെന്നോ ഒന്നും ചോദിച്ചില്ല...തന്നെ രക്ഷിക്കാൻ കാണിച്ച ആ മനസിനോടുള്ള ബഹുമാനം വിശ്വാസത്തിന്റെ രൂപത്തിൽ സിരകളിലാകെ പടർന്നിരുന്നു...അതിനേക്കാൾ അത്ഭുതം കാര്യകാരണം അന്വേഷിക്കാതെയിരിക്കുന്ന കാർത്തികേയൻ ആയിരുന്നു...ഓടിട്ട വളരെ ചെറിയൊരു വീട്ടിലേക്ക് വണ്ടി കയറ്റി നിർത്തി...വീട് കാണാൻ പറ്റാത്ത പോലെ മുന്നിലാകെ പള്ളയും കാട്ടുചെടികളും സ്ഥാനം പിടിച്ചിരുന്നു...വണ്ടിയിൽ നിന്നിറങ്ങുമ്പോഴും ഇനിയെന്തെന്നറിയാതെ മിഴിച്ചു നിൽക്കുവാരുന്നു പല്ലവി...അരയിൽ തിരുകിയ താഴെടുത്ത് വാതിൽ തുറന്ന് അകത്ത് കയറിയെങ്കിലും കാർത്തി അവളെ അകത്തേക്ക് ക്ഷണിച്ചിരുന്നില്ല...അതുകൊണ്ട് തന്നെ കയറാണോ വേണ്ടയോന്ന് ഒരുനിമിഷം ആലോചിച്ച ശേഷം രണ്ടും കല്പ്പിച്ചു അകത്തേക്ക് കയറി...കണ്ണുകൾ മുറിയിലെ മുക്കിലും മൂലയിലും ഓടിയെത്തി...അടുക്കും ചിട്ടയും അതികം വൃത്തിയുമില്ലാത്ത മുറിയാണ്...കൊറച്ചു ബുക്കുകളും പേപ്പറുകളും വസ്ത്രങ്ങളും നിലത്താകെ ചിതറി കിടക്കുന്നുണ്ട്...അരികിലേക്ക് മാറിയിരുന്നു...ഇവിടെ അധികനേരം നിൽക്കാനാവില്ല,,,ഉണ്ണിയേട്ടനെ വിളിക്കണം...എത്രയും പെട്ടന്ന് തന്നെ കൂട്ടിക്കൊണ്ട് പോകാൻ പറയണം....

ഉണ്ണിയേട്ടനെക്കുറിച്ച് ഓർത്തപ്പോ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞിരുന്നു...അമ്മയുടെ ഏട്ടന്റെ മകനാണ്...സിദ്ധാർഥ്,,,അതാണ് പേര്...എങ്കിലും തനിക്ക് ഉണ്ണിയേട്ടനാണ്...അച്ഛന്റെയും അമ്മയുടെയും പ്രണയവിവാഹത്തിന് ശേഷം അമ്മാവനുമായി മാത്രേ അമ്മയ്ക്ക് സ്നേഹബന്ധം ഉണ്ടായിരുന്നുള്ളു...ബാക്കിയെല്ലാരും മനസ് കൊണ്ട് അമ്മ മരിച്ചുവെന്ന് തീറെഴുതി...അമ്മാവൻ പിന്നീട് തറവാട്ടിൽ നിന്നിറങ്ങി സ്വന്തമായൊരു വീട് വാങ്ങി...ഇടയ്ക്ക് തങ്ങളെ കാണാൻ വരുമ്പോ ഉണ്ണിയേട്ടൻ പവിമോൾക്കുള്ളതാണെന്ന് ഓർമിപ്പിക്കുമായിരുന്നു...എത്രയും പെട്ടന്ന് ഉണ്ണിയേട്ടന്റെ അടുത്തെത്താൻ മനസ് വല്ലാതെ വെമ്പിയിരുന്നു,,,അപ്പോഴും പേരറിയാത്തൊരു വികാരം തന്നെ പിന്നിലേക്ക് വലിക്കുന്നുമുണ്ട്...ഒരു ബനിയനും കാവിമുണ്ടും ഉടുത്ത് പുറത്തേക്കിറങ്ങാൻ നിന്ന കാർത്തികേയനോട്‌ കാര്യം പറയാൻ തീരുമാനിച്ചിരുന്നു...

"അതേ...നിങ്ങളുടെ ഫോൺ ഒന്ന് തരാമോ...?? എനിക്ക് ഒരാളെ വിളിക്കാൻ ആയിരുന്നു..."

ഒന്ന് നോക്കി...മറുപടി ഒന്നും പറയാതെ തിണ്ണയിലേക്ക് കിടന്നതും ചോദ്യം വീണ്ടുമാവർത്തിച്ചു...

"എനിക്ക് ഫോൺ ഇല്ല..."

ആ ഒറ്റവാക്കിൽ തന്നെ ഉത്തരം  അവസാനിപ്പിച്ചിരുന്നു...ആശ്ചര്യം തോന്നി...ഇന്നത്തെ കാലത്ത് ഫോൺ ഇല്ലാത്ത മനുഷ്യന്മാരുണ്ടോ...?? ഇയാൾക്ക് ഇതുവരെ പതിനെട്ടാം നൂറ്റാണ്ടിൽ നിന്നും വണ്ടി കിട്ടിയില്ലെന്ന് ഓർത്തു പോയി...ഇനി എന്താണ് ചെയ്യേണ്ടത്...?? ഒരെത്തും പിടിയും കിട്ടുന്നില്ല...കൂടാതെ നന്നായി വിശക്കുന്നുമുണ്ട്...പറഞ്ഞാൽ ഒരുപക്ഷേ ദേഷ്യപ്പെടുമോ...?? അറിയില്ല,,,എങ്കിലും പറയാതെ നിവർത്തിയില്ലെന്ന് തോന്നി...

"അതേയ്,,,എനിക്ക്...എനിക്ക് വിശക്കുന്നുണ്ട്..."

കണ്ണടച്ച് കിടക്കുകയായിരുന്ന കാർത്തികെയനെ നോക്കി പരുങ്ങലോടെ പറഞ്ഞ് നിർത്തിയതും കാർത്തികേയൻ എഴുന്നേറ്റിരുന്ന് പല്ലവിയെ നെറ്റിച്ചുളിച് നോക്കി...

"അതിനെന്താ ഇവിടെ പരിചാകരെ വെക്കണോ...?? തിന്നുന്നതൊക്കെ എല്ലിൽ കുത്തുന്നതാ നിന്നെപോലുള്ള പണച്ചാക്കുകളുടെ അഹങ്കാരം...നിന്റെ വീട്ടിൽ കിട്ടുന്ന പോലെ ഹോട്ടൽ ഭക്ഷണവുമൊന്നും ഇവിടെ ഏതായാലും കിട്ടില്ല...വിശക്കുന്നുണ്ടെങ്കിൽ അടുക്കളയിൽ കയറണം...അടുക്കളയിൽ അരിയും ചെറുപയറും ഒക്കെ കാണും...പിന്നെ,,,എന്റെ വീട്ടിൽ കൊണ്ടുവന്ന് താമസിപ്പിച്ചതും നിന്നോട് ഒന്നും ചോദിക്കാത്തതും ഒക്കെ ഞാൻ ഒരു പൊട്ടനായത് കൊണ്ടല്ല...കേൾക്കാൻ എനിക്കൊട്ടും താല്പര്യം ഇല്ലാത്തത് കൊണ്ടാ...അവിടെ ഉപേക്ഷിച്ചു പോരാഞ്ഞത് നീ ഒരു പെണ്ണായത് കൊണ്ട് മാത്രവാ...എങ്ങോട്ടാണെന്ന് വെച്ചാൽ രണ്ട് ദിവസത്തിനുള്ളിൽ ഇറങ്ങിക്കോണം ഇവിടുന്ന്...അല്ലെങ്കിൽ കൊലപാതകിയുടെ കൂടെ കഴിഞ്ഞതിനുള്ള ചീത്തപ്പേരും കേൾക്കേണ്ടി വരും മംഗലത്തെ കൊച്ചുതമ്പുരാട്ടിക്ക്..."

ഒരു പുച്ഛത്തോടെ അത്രമാത്രം പറഞ്ഞിറങ്ങി പോകുന്ന കാർത്തികേയനെ നോക്കി ഒരുനിമിഷം തറഞ്ഞു നിന്നുപോയി...അനങ്ങാതെ അടുത്ത് കിടന്ന ബെഞ്ചിലേക്ക് തലചായ്ച് കിടന്നതും ഒരുവേള ഹൃദയം വിങ്ങിപ്പോയി...അതേ,,,കാർത്തികേയൻ പറഞ്ഞത് ശരിയാണ്...ഞാൻ തെറ്റായിരുന്നു...എന്തെല്ലോ ആണെന്ന അഹങ്കാരമായിരുന്നു...പണത്തിന്റെ അഹങ്കാരത്തിൽ ഈ ലോകം തന്നെ കാഴ്കീഴിലാക്കിയാണ് ഇത്രയും നാള് നടന്നത്...പക്ഷേ കാർത്തികേയന് മുന്നിൽ താൻ വെറും
വട്ടപ്പൂജ്യം ആണെന്ന് കുറ്റബോധത്തോടെ ഓർത്തു...അറിയില്ല താൻ മുൻവിധി എഴുതിയ അക്ഷരത്തെറ്റുകൾ തിരുത്താനാകുമോയെന്ന്...?? പിന്നിലേക്കൊരു ചുവട് പോലും തനിക്കിനി ചലിക്കാനാകുമോ...?? ഒരുവേള ചിന്തകളിലെവിടെയോ കണ്ണുകൾ നിറഞ്ഞൊഴുകി...

മേശയുടെ സൈഡിലായി വെച്ചിരുന്ന പാതി കത്തിത്തീർന്ന ചെറിയൊരു ബുക്ക്‌ കണ്ടപ്പോഴാണ് ഓർമകളെ തടഞ്ഞു നിർത്തി അതിലേക്ക് ശ്രദ്ധ കൊടുത്തത്...അതിന് മുകളിലിരുന്നതൊക്കെയും അരികിലേക്ക് മാറ്റിവെച് അത് പതിയെ തുറന്നു...ആമുഖപേജിൽ ഒന്നും തന്നെയില്ല...വെറുതെ മറിച്ചു കൊണ്ടിരിക്കുമ്പോഴാണ് ചുവന്ന മഷിയിലെഴുതിയ വരികൾ കണ്ണിലുടക്കിയത്...ഒട്ടൊരു ആകാംഷയോടെ അതിലേക്ക് മിഴികൾ പായിച്ചു... 

*പരമശിവനെപ്പോലെയൊരുവനെയാണ് പ്രണയിച്ചത്...പാതിയായ എന്നേ എന്നെങ്കിലും നഷ്ടപ്പെട്ടാൽ ആ നഷ്ടത്തിൽ പ്രളയം സൃഷ്ടിക്കുന്നവനെ...എന്റെ കോപം ഇടനെഞ്ചിൽ ഏറ്റുവാങ്ങി അവന്റെ പ്രണയം കൊണ്ടെന്നെ ശാന്തനാക്കുന്നവനെ...ഒരുവേള ഞാൻ ഇല്ലാതായാൽ നിന്റെ പകയുടെ വ്രണങ്ങളെ ചുട്ടെറിഞ് എന്നിലെ സതിയെ മറന്ന് പ്രണയിക്കണം പ്രിയനേ, നിനക്കായ്‌ കാത്തിരിക്കുന്ന പാർവതിയെ...

കർത്തിയേട്ടന്റെ സ്വന്തം വൈശു...*♥️

വരികൾ ഓരോന്നും തന്റെ ഹൃദയതാളം തെറ്റിക്കുന്നതവൾ അറിഞ്ഞു...വൈശു...?? ആരാണത്...?? വീണ്ടും വീണ്ടും അവസാനവരികളിലേക്ക് മിഴികൾ പാഞ്ഞുകൊണ്ടേയിരുന്നു...കത്തിത്തീരാറായ ആ പേപ്പർ ഭാഗങ്ങളിൽ അവിടിവിടായി അക്ഷരങ്ങൾ മാഞ്ഞിരിക്കുന്നു...വീണ്ടും വീണ്ടും പറഞ്ഞു നോക്കി,,,പരമശിവന്റെ പാർവതി...!!

"വിയോഗത്താൽ ആഘാതം സൃഷ്ടിക്കുന്ന വിടവിനെക്കാൾ വരില്ല ഒരു സംഗമവും...സതിയുടെ വിയോഗം സൃഷ്ടിച്ച വിടവിനോളം വരില്ല ശിവ-പാർവതി സംഗമം പോലും..."

കയ്യിലിരുന്ന സ്റ്റീൽ പത്രം മേശയിൽ ഒരൂക്കോടെ വെച്ച് കൊണ്ട് പറയുന്ന പെൺകുട്ടിയിൽ ശ്രദ്ധ ചലിച്ചു...ചുരിദാറാണ് വേഷം...കാണുമ്പോൾ തന്നെ നാട്ടിൻ പുറത്തെ ഐശ്വര്യം തിങ്ങിനിൽക്കുന്ന സുന്ദരിയായൊരു പെണ്ണ്...അറിയാതെ അധരങ്ങളിൽ പുഞ്ചിരി വിടർന്നിരുന്നെങ്കിലും ആ മുഖത്ത് പുച്ഛവും ദേഷ്യവും മാത്രമായിരുന്നു...

"കഴിക്കാനുള്ളതാ...ഇത് പിടിച്ചില്ലെങ്കിൽ കാർത്തിയേട്ടനോട് പറഞ്ഞ് ചെല്ലണ്ട...വിശന്ന് ഇരിക്കാം..."

അത്രയും പറഞ്ഞിറങ്ങി പോകുന്ന ആ പെൺകുട്ടിയെ ഒരുനിമിഷം നോക്കിനിന്നു...അവളെന്താണ് അങ്ങനെ പറഞ്ഞത്...?? ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത എന്നോടെന്തിനാണിത്ര ദേഷ്യം...?? ആവിപറക്കുന്ന ചൂട് കഞ്ഞി മുന്നിലിരിക്കുന്നത് കണ്ടപ്പോഴാണ് സംശയങ്ങളെ അരികിലേക്ക് മാറ്റിവെച്ചത്...കഞ്ഞിടെ കൂടെ പൊള്ളിച്ചെടുത്ത പപ്പടവും തേങ്ങാചമ്മന്തിയും...വിശപ്പിന്റെ വിളി കാരണം വേഗം പാത്രത്തിലേക്ക് വിളമ്പിയെടുത്തു...ഊതിയൂതി കുടിക്കുമ്പോഴും താൻ അറിയാതെ പോയ ഈ രുചികളെക്കുറിച്ചോർത്ത് ആദ്യമായി കുറ്റബോധം തോന്നിയിരുന്നു...തനിക്കെന്നും പ്രിയം ഹോട്ടൽ ഫുഡുകൾ ആയിരുന്നു...അല്ലെങ്കിൽ അങ്ങനെ ശീലിപ്പിച്ചതാണെന്ന് പറയാം...അമ്മായിയുടെ കൈ കൊണ്ട് ഉണ്ടാക്കിയതൊന്നും താനിതുവരെ കഴിച്ചിട്ടില്ല...അമ്മായിയെ മാത്രമെന്തിനാണ് പറയുന്നത്,വീട്ടിലെ എല്ലാവരും തന്നെ ഹോട്ടൽ ഫുഡുകളായിരുന്നു തനിക്ക് നൽകിയത്...ആഗ്രഹമുണ്ടായിരുന്നു നാടിന്റെ രുചി ആസ്വദിക്കണമെന്ന്...ഒരിക്കൽ  അടുക്കളയിലെ ജാനകിയമ്മ  തനിക്കായ് വെച്ച് നീട്ടിയതാണ്,,,അന്ന് വല്യച്ഛൻ അവജ്ഞയോടെ അത്  തട്ടിയെറിയുമ്പോഴും അവരുടെ കണ്ണുകൾ നിറഞ്ഞത് കണ്ടിട്ടും തനിക്ക് പോലും മനസ്സലിവ് തോന്നിയിരുന്നില്ല...കാലം എല്ലാവർക്കും തിരിച്ചടികൾ നൽകുമെന്ന് പറയുന്നത് സത്യം തന്നെയാണ്...

പുറത്ത് ചെറിയൊരു ബഹളം കേട്ടാണ് ഇറങ്ങി ചെന്ന് നോക്കിയത്...കാർത്തികേയൻ തന്നെയാണ്...നന്നായി കുടിച്ചിട്ടുണ്ടെന്ന് ഒറ്റ നോട്ടത്തിൽ മനസിലാകും...അരികിലെ കാട്ടുചെടികളും പള്ളയുമൊക്കെ കാല് കൊണ്ട് ചവിട്ടി കളയുന്നു...മുറ്റത്തിട്ടിരുന്ന തടിക്കട്ടിലിൽ ഇരിക്കുമ്പോഴും പുറത്തെ ബൾബിന്റെ വെളിച്ചത്തിൽ ആ കണ്ണുകളിലെ നീർതിളക്കം വ്യക്തമായി കാണാമായിരുന്നു...പോക്കറ്റിൽ നിന്ന് സിഗരറ്റ് എടുത്ത് ആഞ് വലിച്ച് പുകച്ചുരുളുകൾ വേഗത്തിൽ പുറത്തേക്ക് തള്ളുന്നുണ്ട്...അവ അന്തരീക്ഷത്തിലങ്ങനെ അലിഞ്ഞു ചേരുന്നു...ഇടത് കൈ ചുരുട്ടിപ്പിടിച്ചിട്ടുണ്ട്...വലിഞ്ഞു മുറുകിയ ഞരമ്പുകൾ തൊലിപ്പുറത്ത് വ്യക്തമായി കാണാം...ചുണ്ടിലായി വെച്ചിരുന്ന എരിയുന്ന സിഗരറ്റെടുത്ത് കൈത്തണ്ടയിലേക്ക് കുത്തി തീ പാറുന്ന കണ്ണുകളോടെ മറ്റെവിടെയോ നോട്ടം പായിച്ചിരിക്കുന്ന കാർത്തികേയനെ കണ്ട് പല്ലവി ഞെട്ടലോടെ നിന്നു...

"നിങ്ങൾക്കെന്താ ഭ്രാന്ത് പിടിച്ചോ...?? "

സിഗരറ്റ് തട്ടിക്കളഞ്ഞു ചോദിക്കുമ്പോഴും അല്പം പോലും ഭയം എന്നിൽ നിറഞ്ഞിരുന്നില്ല...സിഗരറ്റ് കുത്തിയിടത്ത് ചെറിയ വട്ടത്തിൽ കറുത്ത പാട് പോലെ പൊള്ളിയിരുന്നു...എന്തുകൊണ്ടോ അവൻ സ്വയം വേദനിപ്പിക്കുന്നത് കണ്ടപ്പോൾ ഇങ്ങനെ ചെയ്യാനാണ് തോന്നിയതും...തലയുയർത്തി ചുട്ടെരിക്കും പോലെയുള്ള നോട്ടം കണ്ടതും ഒരുനിമിഷം തൊണ്ടയിലെ നീര് വറ്റുന്നത് പോലെ തോന്നി...അത്രയ്ക്ക് ആ കണ്ണുകളിൽ പകയുടെ കനലുകൾ തെളിഞ്ഞു നിന്നിരുന്നു...രക്തവർണ്ണം നിറഞ്ഞിരുന്ന ആ കണ്ണുകളുടെ ആഴങ്ങളിൽ തെളിഞ്ഞിരുന്ന വിഷാദം അപ്പോഴും അറിഞ്ഞിരുന്നില്ല...

"എന്നെ തടയാൻ നീ ആരാ...?? ആരാന്ന്,,,ഹേ...?? "

പാഞ്ഞു വന്ന് തോളിൽ കുലുക്കി ചോദിച്ചതും പേടിയോടെ തന്റെ ശരീരം വിറയ്ക്കുന്നതവൾ അറിഞ്ഞിരുന്നു...അയാൾ ചോദിച്ചത് ശരിയല്ലേ...?? താൻ ആരാണിതൊക്കെ ചോദിക്കാൻ...?? എങ്കിലും മനസ് കൈവിട്ട് പോയിരുന്നു...

"അന്നത്തെ കൊലപാതകിയെയാണ് എനിക്കിപ്പോ നിങ്ങളിൽ കാണാൻ കഴിയുന്നത്..."

ശ്വാസം വിടാതെ പറഞ്ഞ് മറുപടിയ്ക്കായി ആ മുഖത്തേക്ക് നോക്കിയതും പുച്ഛം മാത്രമായിരുന്നു ആ കണ്ണുകളിൽ...

"അതേടി ഞാൻ കൊലപാതകിയാ...*കൊലപാതകി* ആ പേരിന്ന് ഞാൻ ഇഷ്ടപ്പെടുന്നുണ്ട്...
കാശുള്ളവൻ നിയമത്തെ വിലയ്ക്ക് വാങ്ങുമ്പോ എന്നെ പോലുള്ള കൊലപാതകികൾ ജനിച്ചിരിക്കും..."

വാശിയോടെ അത്രയും പറഞ്ഞ് തന്നെ പിന്നിലേക്ക് തള്ളി കട്ടിലിലേക്ക് ആടികുഴഞ്ഞു വീഴുന്ന ആ മനുഷ്യൻ തനിക്കൊരു ചോദ്യചിഹ്നമായിരുന്നു...നിഗൂഢതകളുടെ ഒരായിരം ചോദ്യങ്ങൾ നിറഞ്ഞ പൊട്ടക്കിണർ...!!!


2


*കയ്യിൽ പണമില്ലാത്തവൻ ആരുടേയും ആരുമല്ലന്ന് സ്വന്തം ജീവിതം പഠിപ്പിച്ചിരിക്കുന്നു...*

എങ്കിൽ പോലും അതിൽ തെറ്റുണ്ടെന്ന് തോന്നി...എങ്ങനെ ആരുമല്ലാതാവും...?? പണത്തിനേക്കാൾ ബന്ധങ്ങൾക്കും മനുഷ്യത്വത്തിനും വിലകൽപ്പിക്കുന്നവർ ഉണ്ടാവില്ലേ...?? ചിന്തകൾ പിന്നോട്ടേക്ക് പോയിരുന്നു...മംഗലത്ത് തറവാട്ടിലെ ഇളയ ആൺതരിയായ ജയചന്ദ്രന്റെയും ഭാര്യ ഇന്ദുവിന്റെയും ഏക മകൾ...അച്ചാച്ചന്റെയും അച്ഛമ്മയുടെയും ചെല്ലകുട്ടി...കുടുംബത്തിലെ ഏക പെൺതരി ആയത് കൊണ്ടാവും എല്ലാവർക്കും പ്രിയങ്കരി ആയിരുന്നു താൻ...അച്ഛൻ അമ്മയെ സ്നേഹിച്ചു വിവാഹം കഴിച്ചെങ്കിലും അച്ഛന്റെ വീട്ടുകാർ ഇരുകയ്യും നീട്ടി സ്വീകരിക്കുവായിരുന്നു ചെയ്തത്...അഞ്ചാം വയസിൽ അച്ഛനും അമ്മയും ആക്‌സിഡന്റിൽ മരിക്കുമ്പോഴും തനിക്കധികം ദുഖിക്കേണ്ടി വന്നിട്ടില്ല...പണത്തിന് മീതെ ഒന്നുമല്ലന്ന് പറഞ്ഞു പഠിപ്പിക്കുകയായിരുന്നു എല്ലാവരും...അതുകൊണ്ട് തന്നെ അഹങ്കാരം ആവിശ്യത്തിലധികം ഉണ്ടായിരുന്നു...അച്ഛച്ചൻ മരിക്കുന്നതിന് മുന്നേ സ്വത്തുക്കളിൽ മുക്കാൽ പങ്കും തന്റെ പേരിലാണെഴുത്തിയിരിക്കുന്നതെന്ന് പുതിയ അറിവായിരുന്നു...പിന്നീടങ്ങോട്ട് എല്ലാവരുടെയും സ്നേഹം ഇരട്ടിച്ചതേയുള്ളു...അവരുടെ സ്നേഹത്തിൽ ലവലേശം കളങ്കമുണ്ടെന്ന് തോന്നിയിട്ടുമില്ല...അമ്മായിമാരൊക്കെ തന്നെ മുറച്ചെറുക്കന്മാരെ കൊണ്ട് കെട്ടിക്കാൻ തിടുക്കം കൂട്ടുമ്പോഴും താൻ ഉണ്ണിയേട്ടന് വേണ്ടിയാണെന്ന് പറഞ്ഞ് മറ്റെല്ലാം ശക്തമായി തടഞ്ഞിരുന്നു...ഇന്ന് രാവിലെ കമ്പനി ഫയൽസ് ഒക്കെ തനിക്കായ് നീട്ടുമ്പോഴും ഉള്ളിലുറപ്പിച്ചിരുന്ന വിശ്വാസത്തിന്റെ പുറത്ത് എല്ലാം ഒപ്പിട്ട് കൊടുത്തു...അതിലെ ചതി മനസിലാക്കാൻ അപ്പോഴും കഴിഞ്ഞിരുന്നില്ല...

രാത്രിയിൽ വല്യച്ഛനോട് സംസാരിക്കാൻ മുറിയിലേക്ക് നടക്കുമ്പോഴാണ് അവർക്കിടയിലെ സംസാരം കേൾക്കാൻ ഇടയായത്...രാവിലെ ഒപ്പിട്ട് കൊടുത്തതിൽ ഉണ്ടായിരുന്ന ഡോക്യുമെന്റ്സിൽ സ്വത്തുക്കൾ മുഴുവൻ വല്യച്ഛന്റെ പേരിലെഴുവാണെന്ന ഉറപ്പായിരുന്നുവെന്ന്...സ്വത്തുക്കൾ കിട്ടിയ സ്ഥിതിക്ക് തന്നെ ഇനി ജീവനോടെ വെച്ചില്ലെങ്കിലും കുഴപ്പമില്ലെന്ന് കൂടി പറഞ്ഞതും ഹൃദയം നിലച്ചു പോയിരുന്നു...തന്റെ വിശ്വാസവും ആദരവും ഒരുനിമിഷം ചീറ്റുകൊട്ടാരം പോലെ തകർന്ന് വീഴുന്നതറിഞ്ഞു...രക്ഷപെടാൻ പിന്നിലേക്ക് വെപ്രാളംത്തോടെ നടക്കുമ്പോഴാണ് കൈതട്ടി ഫ്ലവർ വേസ് താഴെ വീണത്...ശബ്ദം കേട്ട് പുറത്തെത്തിയ വല്യച്ഛന് പറഞ്ഞതെല്ലാം താൻ കേട്ടുവെന്ന് മനസിലാക്കാൻ സമയം അധികം വേണ്ടിവന്നില്ല...ജീവനുവേണ്ടി ആ ഇരുട്ടിൽ പുറത്തേക്ക് പിടഞ്ഞോടുമ്പോഴും ഇനിയെന്തെന്നാണ് തന്റെ ജീവിതത്തിലെന്നറിഞ്ഞിരുന്നില്ല...സ്വത്തുക്കൾ കൈവിട്ട് പോയതിൽ അല്പം പോലും സങ്കടം അലട്ടിയിരുന്നില്ല...മറ്റുള്ളവരെ പറ്റിച്ചും വെട്ടിച്ചും ഉണ്ടാക്കിയ കാശാണ്...ആ പണമെടുത്താൽ എവിടെ ചെന്നാലും തനിക്ക് സ്വസ്ഥത കിട്ടില്ലെന്ന്‌ തോന്നി...ഒരുപാട് പേരുടെ കണ്ണുനീരിന്റെ ശാപം കാണും അതിലും...ചിന്തകൾക്കവസാനം ഓടിയെത്തിയത് കർത്തികേയന്റെ അടുത്താണ്...ഇപ്പോഴും എന്തിനാണ് തന്നെ കാർത്തികേയന്റെ അടുത്തെത്തിച്ചതെന്നും അറിയില്ല...ഒരുപക്ഷേ എല്ലാം നിമിത്തങ്ങൾ തന്നെയായിരിക്കാം...ഓർമകളിൽ എപ്പോഴോ മിഴികൾ നിദ്രയെ പ്രാപിച്ചിരുന്നു....

രാവിലെ ആരോ തട്ടിവിളിക്കുമ്പോഴാണ് മെല്ലെ കണ്ണുകൾ ചിമ്മിത്തുറന്നത്...ഇന്നലെ രാത്രിയിൽ കണ്ട ആ പെൺകുട്ടിയാണ്...അവളുടെ ഭാവമെന്തെന്ന് മനസിലായില്ലെങ്കിലും പതിയെ എഴുന്നേറ്റിരുന്നു... 

"സമയം 10 മണി കഴിഞ്ഞു...നല്ല കുടുംബത്തിൽ പിറന്ന പെൺകുട്യോൾക്ക് പറഞ്ഞിട്ടുള്ളതല്ല ഇത്രയും നേരത്തെ ഉറക്കം...അതെങ്ങനെയാ വീട്ടിൽ നല്ല ശീലങ്ങൾ പഠിച്ചു വളരണം...ഇല്ലെങ്കിൽ ഇങ്ങനെ ഇരിക്കും..."

മേശയിലേക്ക് ഒരു ദാവണി വെച്ച് ബുക്കെല്ലാം അടുക്കിപ്പെറുക്കി വെച്ചുകൊണ്ടവൾ പറഞ്ഞു...അപ്പോഴും ഒന്നും മിണ്ടാതെ കെട്ടിരുന്നതേയുള്ളു...

"എന്താടി ഇത്...?? ആ കുട്ടിയേ എന്തിനാ വെറുതെ വിഷമിപ്പിക്കുന്നെ...?? "

പരിചിതമായ സ്വരം കേട്ടാണ് ഞെട്ടലോടെ തിരിഞ്ഞു നോക്കിയത്...*ജാനാകിച്ചേച്ചി* സംശയത്തോടെ ആ പേര് മന്ത്രിച്ചിരുന്നു...അവരുടെ ഇഷ്ടക്കേട് കണ്ട് ആ പെൺകുട്ടി തന്നെ ഒന്നിരുത്തി നോക്കി മുറിവിട്ട് പുറത്ത് പോയതും ജാനകിചേച്ചി തന്റെയടുത്ത് വന്നിരുന്നു... 

"അതെന്റെ മോളാ,,വൈഷ്ണവി...മോള് ക്ഷമിക്കണം കേട്ടോ...അവളെങ്ങനെയാ,,,ഇങ്ങനെ ഒക്കെ പെരുമാറുന്നന്നെ ഒള്ളൂ...എന്റെ കുട്ടി പാവവാ...മോൾടെ വീട്ടിൽ ജോലിക്ക് ചെല്ലുമ്പോ ഞാൻ തളർന്നാ വീട്ടിൽ എത്താറ്...അതോണ്ട് പെണ്ണിന് മോൾടെ വീട്ടിലെ ആരെയും ഇഷ്ടല്ല...അതാട്ടോ..മോൾക്ക് എന്ത് പറ്റിന്നൊന്നും ഞാൻ ചോദിക്കുന്നില്ല...കുളിമുറി അപ്പുറത്തുണ്ട്...മോളിടുന്നേക്കൂട്ട് ഡ്രസ്സ്‌ ഒന്നും ഇവിടെ ഇല്ലാട്ടോ...ഇത് വൈഷ്ണവിടെ ഒരു ഉടുപ്പാ...വേഗം കുളിച്ചു വന്നോളൂട്ടോ...ജാനകിച്ചേച്ചി കഴിക്കാൻ എടുത്ത് വെക്കാം..."

അത്രയും പറഞ്ഞ് പുഞ്ചിരിയോടെ തിരിഞ്ഞു നടക്കുന്ന ജാനകിചേച്ചിയെ നോക്കി കുറച്ച് നേരം ഇരുന്നുപോയി...സ്വബോധത്തിലേക്ക് തിരിച്ചെത്തിയതും വേഗം ഡ്രസ്സ്‌ എടുത്ത് കുളിമുറിയിലേക്ക് കയറി...സൗകര്യങ്ങൾ കുറവായിരുന്നെങ്കിലും കുളിമുറിക്ക് നല്ല വൃത്തിയുണ്ടായിരുന്നു...വേഗം കുളിച്ചിറങ്ങിയപ്പോഴേക്കും സ്വയം ഒന്ന് നോക്കി...തന്റെ ഭാവത്തിനെന്ന പോലെ രൂപത്തിനും മാറ്റം വന്നിരിക്കുന്നു...അതും ഒരു ദിവസം കൊണ്ട്...ആശ്ചര്യം തോന്നിയിരുന്നു...തോർത്ത് തലയിൽ കെട്ടി പുറത്തേക്കിറങ്ങി...ദാവണി ഒന്നും ധരിച്ചു ശീലമില്ലാത്തത് കൊണ്ട് അതിന്റേതായ ബുദ്ധിമുട്ടുകൾ തോന്നിയിരുന്നെങ്കിലും മനസ് കൊണ്ട് പുതുജീവിതം തുടങ്ങാൻ തയാറായിരുന്നു...പുറത്തെല്ലാം കാർത്തികെയനെ നോക്കിയെങ്കിലും കണ്ടിരുന്നില്ല...വിശപ്പും തന്നെ ബാധിച്ചിരുന്നില്ലെന്ന് വേണം പറയാൻ...ഒരുപക്ഷേ മംഗലത്തെ ആളുകൾ ഇവിടേക്ക് വരുമോ...?? മനസ് തന്നെ ആ ചോദ്യം തിരുത്തി,,,എന്തിനാണ് വരുന്നത്, കിട്ടേണ്ടതെല്ലാം അവർക്ക് കിട്ടിയിട്ടുണ്ട്...ഇനി ഞാൻ ജീവിച്ചിരുന്നാലും മരിച്ചാലും അവരെ ബാധിക്കില്ല...മാത്രമല്ല,,,ഒരാളെ വെട്ടിക്കൊന്ന കാർത്തികേയന്റെ മുറ്റത്തു നിന്നും തന്നെ കൊണ്ടുപോകാൻ തക്ക ബലവാന്മാരൊന്നും കുടുബത്തിലില്ല...ആകെയൊരു ദുഃഖം അച്ഛമ്മയെക്കുറിച് മാത്രമാണ്...തളർന്നു കിടക്കുന്ന ആ ജീവനെക്കണ്ട് ഒരു യാത്ര പറയാൻ പോലും പറ്റിയിരുന്നില്ല... 

"മോളിവിടെ നിൽക്കുവാണോ...?? വാ കഴിക്കാം..."

കയ്യിലൊരു പാത്രവും കൊണ്ട് വരുന്ന ജാനകിച്ചേച്ചിയെ നോക്കിയൊന്ന് പുഞ്ചിരിച്ചു...ആവിപറക്കുന്ന പുട്ടും കടലക്കറിയും മുന്നിൽ നിരന്നതും വിശപ്പിന്റെ വിളി വന്നിരുന്നു...സ്വാദോടെ അത് കഴിച്ചു തീക്കുമ്പോഴും കണ്ടിരുന്നു സന്തോഷത്തോടെ നിറയുന്ന ചേച്ചിയുടെ കണ്ണുകൾ...എന്തുകൊണ്ടോ അമ്മയെ ഓർത്ത് പോയി...കഴിച്ചെഴുന്നേറ്റത്തും തന്നെയും കൂട്ടി ജാനകിചേച്ചി തിണ്ണയിൽ വന്നിരുന്നു...

"ചേച്ചി,,,കാർത്തികേയൻ എവിടെയാ...?? കണ്ടില്ലല്ലോ...?? "

അല്പം ജാള്യതയോടെയായിരുന്നു ചോദിച്ചത്...തന്റെ മുഖഭാവത്തിൽ നിന്ന് ചേച്ചിക്കത് മനസിലായെന്ന് സാരം...ആ ചുണ്ടിലൊരു ആശ്വാസത്തിന്റെ പുഞ്ചിരി വിടരുന്നത് തലകുനിച്ചിരിക്കുമ്പോഴും കണ്ടിരുന്നു...പക്ഷേ അതിന്റെ അർത്ഥം മനസിലായിരുന്നില്ല...

"അവൻ ക്ഷേത്രക്കമ്മിറ്റിയിൽ പോയതാ കുട്ടി...ഉത്സവം വരാറായി...തെറ്റ് ചെയ്തവർക്ക് മുന്നിൽ അവനൊരു കൊലപാതകി ആണെങ്കിലും ബാക്കിയുള്ളോർക്ക് അവനിന്നും പ്രിയങ്കരനാണ്...ഈ നാടിന്റെ ജീവനും ശ്വാസവും അവനറിയാം..."

ജാനകി ചേച്ചി പറയുന്നത് കേട്ട് അത്ഭുതം തോന്നി...ഒപ്പം ഉള്ളിലൊരായിരം സംശയങ്ങളും...

"കർത്തികേയൻ ചേച്ചിയുടെ സ്വന്തം മോനാണോ...?? "

ചോദിക്കണമെന്ന് കരുതിയതല്ലെങ്കിലും അറിയണമെന്ന് തോന്നിയിരുന്നു...ഒരുനിമിഷം എന്തോ ആലോചിച്ച ശേഷം ചേച്ചി പറഞ്ഞു തുടങ്ങി... 

"അവന്റെ പെറ്റമ്മയല്ലെങ്കിലും അവനെ പോറ്റിവളർത്തിയത് ഞാനാ...അധ്യാപകണമായിരുന്നു എന്റെ ഭർത്താവ്...ഒരിക്കൽ തിരുവനന്തപുരത്തിനു കോഴ്സിന് വേണ്ടി പോയപ്പോഴാണ് വിശന്നു കരയുന്ന ഈ കുട്ടിയേ കണ്ടത്...സഹതാപം തോന്നി ഏട്ടൻ വിളിച്ചോണ്ട് വന്നു...നല്ല വിദ്യാഭാസം കൊടുത്തു...സ്വന്തം മകനെ പോലെ തന്നെ പോറ്റിവളർത്തി...ഏട്ടൻ മരിച്ചതിൽ പിന്നെ കുടുംബവും താളം തെറ്റിയിരുന്നു...സാഹചര്യങ്ങളാ എന്റെ കുട്ടിയേ കൊലപാതകിയാക്കിയത്...അല്ലെങ്കിലും ഈ ലോകത്ത് ആരും കൊലപാതകികളായി ജനിക്കുന്നില്ല മോളെ..."

സാരിത്തലപ്പ് കൊണ്ട് കണ്ണുനീർ തുടച്ചവർ പറഞ്ഞു നിർത്തിയതും അലിവോടെ ഞാനാ മുഖത്തേക്ക് നോക്കി...അപ്പോഴേക്കും വൈഷ്ണവിയും അങ്ങോട്ടേക്ക് വന്നിരുന്നു...അവളെന്തോ പറയാനായി തുടങ്ങിയപ്പോഴാണ് മുറ്റത്തേക്ക് കാർത്തികേയന്റെ ബുള്ളറ്റ് ഇരമ്പലോടെ വന്ന് നിന്നത്...കയ്യിലൊരു പൊതിയുമുണ്ട്...
കാർത്തികേയനെ കണ്ട് വൈഷ്ണവിയുടെ കണ്ണുകൾ തിളങ്ങുന്നത് കണ്ടിരുന്നു...എന്തോ ആ കാഴ്ച തനിക്കൊരു അലോസരമുണ്ടാക്കുന്നതറിഞ്ഞിരുന്നെങ്കിലും അക്ഷമയോടെ എഴുന്നേറ്റ് നിന്നു...

"അമ്മേ...അടുക്കളയിലേക്ക് വേണ്ടത് എന്തൊക്കെയാന്ന് വൈകുന്നേരം എഴുതി തന്നേക്ക്...മേടിച്ചേക്കാം..."

ജാനകിചേച്ചിയോട് പറഞ്ഞ് കയ്യിലിരുന്ന പൊതി പുഞ്ചിരിയോടെ വൈഷ്ണവിക്ക് നേരെ നീട്ടി...നിറഞ്ഞ പുഞ്ചിരിയോടെ അവളത് സ്വീകരിക്കുന്നത് കണ്ടതും ആകാംഷയോടെ അതിലേക്ക് നോക്കി...പൊതിയഴിച്ചതും വാഴയിലയിൽ പൊതിഞ്ഞു രണ്ട് പരിപ്പുവട...വാഴയിലയുടെയും ചൂട് പരിപ്പുവടയുടെയും സുഗന്ധം ഉയരുന്നുണ്ടായിരുന്നു...തനിക്ക് അകലെയായിരുന്ന രുചികൾ മുന്നിലെത്തിയതും കണ്ണുകൾ കൗതുകത്തോടെ വിടർന്നിരുന്നു...

"പതിവുപോലെ ഇന്നും പരിപ്പുവട ആണല്ലോ..."

ഒരു ചിരിയോടെ പറഞ്ഞു ഒരെണ്ണം കയ്യിലെടുത്ത് മറ്റൊരെണ്ണം ജാനകിയമ്മയ്ക്കും നൽകിയത് കണ്ടപ്പോഴാണ് ബോധം വന്നത്...ഉള്ളിലൊരു വേദന നിറയുന്നതറിഞ്ഞു...തല കുമ്പിട്ട് പോയി...വെറുതെ അതിൽ നിന്നൊരു പങ്ക് തനിക്കുമുണ്ടെന്ന് ആശിച്ചു പോയിരുന്നു...തന്റെ പൊട്ടബുദ്ധി,,,സ്വയം പഴിചാരാനാണ് തോന്നിയത്...പരിപ്പുവട രുചിയോടെ കഴിക്കുന്ന വൈഷ്ണവിയെ കണ്ട് ചുണ്ടിലൊരു പുഞ്ചിരി വരുത്തി...എന്റെ മനസ്സ് അറിഞ്ഞത് കൊണ്ടാണെന്ന് തോന്നുന്നു ജാനകി ചേച്ചി തനിക്കായ് അത് വെച്ച് നീട്ടിയത്...മേടിക്കാൻ തോന്നിയില്ല,,,കാരണം ഇത് തനിക്കർഹതപ്പെട്ടതല്ലെന്ന് തോന്നി...ഇങ്ങനെ ഒരാളിവിടെ ഇല്ലെന്ന പോലെ നടക്കുന്ന കർത്തികേയനെ കണ്ട് ഉള്ളിലൊരു ദേഷ്യവും മുളപൊട്ടിയിരുന്നു...ഒപ്പം അവഗണനയുടെ നോവും...പക്ഷേ എന്തിനാണെന്ന് മാത്രം മനസിലായിരുന്നില്ല...അഭിനയിക്കാൻ പഠിച്ചിരിക്കുന്നു...ഉള്ളിൽ തോന്നിയ വികാരങ്ങൾ സമർദ്ധമായി മറച്ചു....

വന്ന് കേറിയ പോലെ തന്നെ അയാൾ എന്തോ അകത്ത് നിന്നും തപ്പിയെടുത്ത് വീണ്ടും പുറത്തേക്ക് പോയി...അതിനിടയിൽ ജാനകി ചേച്ചി വൈഷ്ണവിയുടെ ഫോൺ തനിക്ക് വിളിക്കാനായി നൽകിയിരുന്നു...ഉണ്ണിയേട്ടന്റെ നമ്പർ മനപ്പാടമാണ്...രണ്ട് മൂന്ന് തവണ വിളിച്ചിട്ടും റിങ് ചെയ്തതല്ലാതെ ആരും എടുത്തിരുന്നില്ല...മനസാകെയൊരു നിരാശ വന്ന് മൂടുന്നതറിഞ്ഞു...തിരികെ ഫോൺ കൊടുക്കാൻ തുടങ്ങിയപ്പോഴാണ് ഉണ്ണിയേട്ടന്റെ കാൾ കണ്ടത്...വേഗം കാൾ എടുത്ത് ചെവിയോട് ചേർത്തു...
കാര്യങ്ങളോരോന്നും വിശദീകരിക്കുമ്പോഴും ചതിക്കപ്പെട്ടതിന്റെ വേദനയിൽ ശബ്ദം ഇടറിയിരുന്നു...ഉണ്ണിയേട്ടൻ ഇപ്പൊ ഡൽഹിയിൽ ആണെന്നും രണ്ടാഴ്ച്ചയ്ക്ക് ശേഷം നാട്ടിൽ വന്ന് തന്നെ കൊണ്ടുപോകുമെന്ന് ഉറപ്പ് നൽകിയിട്ടാണ് ഫോൺ വെച്ചത്...മനസ്സിനൊരല്പം ആശ്വാസം തോന്നിയിരുന്നു...

അതിനിടയിൽ തന്നെ ഒളിഞ്ഞും തെളിഞ്ഞും ജാനകിയമ്മയുടെ നാവിൽ നിന്നും വൈശുന്നുള്ള പേര് കേട്ടിരുന്നു....തന്നെ കാണുമ്പോ വിഷയം മാറ്റാനും അവർ ശ്രദ്ധിച്ചിരുന്നുവേണുള്ളത് ഉള്ളിലെ സംശയം ബാലപ്പെടുത്തിയിരുന്നു...ആരാണ് വൈശു...?? വൈഷ്ണവിയെ എല്ലാരും വൈശുന്നാകുമോ വിളിക്കുന്നത്...?? കർത്തികേയൻ ജയിലിൽ പോയതും വൈശുവും തമ്മിൽ എന്തോ ബന്ധമുണ്ടെന്ന് ഉള്ളിലിരുന്നാരോ പറയും പോലെ...സംശയം ഉള്ളിൽ കുമിഞ്ഞു കൂടാൻ തുടങ്ങിയതും ആരോടെങ്കിലും ചോദിക്കണമെന്നുറപ്പിച്ചിരുന്നു...അല്ലെങ്കിലും ചെറുപ്പം മുതൽ എല്ലാം വെട്ടിതുറന്ന് ചോദിക്കുന്ന പ്രകൃതമാണ് തനിക്ക്...വൈഷ്ണവി പോയതും ജാനകി ചേച്ചിയെ പിടിച്ചു നിർത്തി തന്റെ സംശയം ചോദിച്ചിരുന്നു...എന്തെല്ലാമോ കാര്യങ്ങൾ പറഞ്ഞ് ഒഴിഞ്ഞു മാറുന്ന അവരെ കണ്ടതും ദേഷ്യമാണ് തോന്നിയത്...തന്റെ സംശയങ്ങൾ പരിഹരിക്കണമെങ്കിൽ കർത്തികേയൻ തന്നെ വിചാരിക്കണമെന്ന് തോന്നി...

ഉച്ചക്കയാൾ ഭക്ഷണം കഴിക്കാനായി വന്നപ്പോ ജാനകിചേച്ചി തന്നെയുമവിടെ പിടിച്ചിരുത്തി...വൈഷ്ണവിയാണ് കർത്തിക്ക് ഭക്ഷണം വിളമ്പി കൊടുത്തത്...ഇവരുടെ മുന്നിൽ വെച്ച് തന്നെ ചോദിക്കണമെന്ന് ഉറപ്പിച്ചിരുന്നു...ഭക്ഷണത്തിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന കർത്തികേയനെയും അവിടെ നിന്നിരുന്ന ജാനകിച്ചേച്ചിയെയും നോക്കി ശ്വാസമൊന്നാഞ്ഞു വലിച്ചു...

"ആരാ വൈശു....??? "

അയാളുടെ മുഖത്തേക്ക് മിഴികളൂന്നി ചോദിക്കുമ്പോഴും ലവലേശം പേടിയെന്നിൽ തോന്നിയിരുന്നില്ല...ഒരുപക്ഷെ അറിഞ്ഞില്ലെങ്കിൽ വീർപ്പുമുട്ടുന്ന അവസ്ഥ തന്നെ ചോദിപ്പിച്ചതായിരിക്കാം....തന്റെ ചോദ്യം കേട്ടിട്ടും പ്രതികരണമെതുമില്ലാതെ ഭക്ഷണം കഴിക്കുന്നകാർത്തികേയനെ കണ്ടതും ദേഷ്യം വന്നിരുന്നു...ജാനകിച്ചേച്ചിയുടെയും വൈഷ്ണവിയുടെയും മുഖത്ത് ഒന്നും സംഭവിച്ചില്ലെന്ന ഭാവം....

"ചോറ് വെക്കട്ടെ...."

കൂസലില്ലാതെ വൈഷ്ണവി ചോദിച്ചതും സ്വയം സംയമനം പാലിച്ചു നിന്നു...

"നിങ്ങൾ ജയിലിൽ പോയതും വൈശുവുമായിട്ട് എന്തോ ബന്ധമുള്ള പോലെ എനിക്ക് തോന്നുന്നുണ്ട്...ഒരു മനുഷ്യന്റെ ജീവനെടുക്കാൻ മാത്രം ക്രൂരനാണോ താൻ...?? "

ചോദ്യം വീണ്ടുമാവർത്തിച്ചതും അവിടെ പ്രത്യേകിച്ച് ഭാവഭേതമൊന്നും തോന്നിയിരുന്നില്ല...തന്നെ വീണ്ടും അപമാനിക്കുവെന്നോണം വൈഷ്ണവി പാത്രത്തിലേക്ക് ചോറ് വിളമ്പിയിട്ടതും ഒരുനിമിഷം എന്നെ സ്വയം നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നില്ല...*എനിക്ക് വേണ്ടന്നല്ലേ പറഞ്ഞത്...* ന്ന് പറഞ്ഞ് പത്രം ഒരൂക്കോടെ നീക്കിവെച്ചതും അടിത്തിരുന്ന ഗ്ലാസ് ജഗ്ഗോടൊപ്പം പാത്രവും നിലത്ത് വീണ് പൊട്ടിച്ചിതറി... നാലുപാടും തെറിച്ചു വീണ ഭക്ഷണം കണ്ടപ്പോഴാണ് സ്വബോധത്തിലേക്ക് വന്നത്...ഞെട്ടലോടെ തലയുയർത്താൻ തുടങ്ങുന്നതിനു മുന്നേ കർത്തികേയന്റെ എച്ചിൽ പുരണ്ട കൈ കവിളിൽ മുദ്രണം വെച്ചിരുന്നു...കവിളിലേ മാംസം പറിഞ്ഞു വീണത് പോലെ തോന്നി...തലയാകെയൊരു പെരുപ്പ് വന്ന് മൂടിയതും നിറക്കണ്ണുകളോടെ തലയുയർത്തി നോക്കി....ജാനകിച്ചേച്ചിയും വൈഷ്ണവിയും പകച്ചു നിൽപ്പുണ്ട്...

അടുത്തിരുന്ന കസേര ചവിട്ടി തെറുപ്പിച് അയാൾ എന്നിലേക്ക് നടന്നടുത്തിരുന്നു...ഒരടി ചലിക്കാനാകാതെ ഉറപ്പിച്ചു വെച്ചിരിക്കുന്നൊരു പ്രതിമ പോലെ നിൽക്കാൻ മാത്രമേ തനിക്ക് കഴിഞ്ഞിരുന്നോള്ളൂ...

"എന്താടി....?? എന്താ നിനക്കറിയേണ്ടേ...??? വൈശു ആരാണെന്നോ...?? ഞാൻ എന്തിന് വേണ്ടിയാ ജയിലിൽ പോയതെന്നോ...?? എന്നാ കേട്ടോ,,,  വൈശു കർത്തികേയന്റെ  ജീവനായിരുന്നു....എന്റെ പെണ്ണായിരുന്നു,,,വൈശാലി....ഈ നിൽക്കുന്ന വൈഷ്ണവിയുടെ സഹോദരി...അഞ്ചു വർഷങ്ങൾക്ക് മുൻപ് ഒരു മനുഷ്യമൃഗം ക്രൂരമായി പീഡിപ്പിച്ചു കൊന്ന അതേ വൈശാലി....സ്വന്തം മകളെ അങ്ങനെയൊരു അവസ്ഥയിൽ കണ്ട് ഞെട്ടിപൊട്ടി മരിച്ച അവള്ടെ അച്ഛന്റെയും,ക്രൂരമായി കടിച്ചു കീറപ്പെട്ട എന്റെ വൈശുവിന്റെയും  ആത്മാവിനു മുക്തി കിട്ടാൻ വേണ്ടിയാ ഞാൻ ജയിലിൽ പോയത്...നീതിയും നിയമവും പണവും സ്വാദീനവുമുള്ളവരുടെ കൈപ്പിടിയിൽ ആയപ്പോൾ വൈശാലിക്ക് നഷ്ടപ്പെട്ടത് സ്വന്തം ജീവൻ മാത്രമല്ല അഭിമാനം കൂടിയായിരുന്നു... ഇനിയെത്ര പീഡനങ്ങൾ അരങ്ങേറിയാലും പ്രതികരിക്കാതെ  കണ്ണുമൂടിക്കെട്ടിയിരിക്കുന്ന നീതിദേവതയെ ഞാൻ എന്തിന് വിശ്വസിക്കണം....??? നിയമത്തിന് നടപ്പിലാക്കാൻ കഴിയാതെ പോയത് കർത്തികേയൻ ചെയ്തു....എന്റെ പെണ്ണ് അവസാനശ്വാസം വരെ അലറികരഞ്ഞിട്ടുണ്ടാവില്ലേ...എന്നിട്ടും കേട്ടോ ആ മൃഗം...അവളാനുഭവിച്ചതിനേക്കാൾ വേദന അനുഭവിപ്പിച്ചാണ് ഞാനവനെ ഇല്ലാതാക്കിയത്...അതിലെനിക്കിന്നും കുറ്റബോധം ഇല്ല...ഇനി പറയ്‌,,,നീ വിശ്വസിക്കുന്ന നിയമത്തിന് തിരിച്ചു തരാൻ പറ്റുവോ എനിക്കവളെ...??? നീതികിട്ടുമെന്ന് പറഞ്ഞ് മൂഡനാവണമായിരുന്നോ ഞാൻ...?? പറയടീ...."

തോളിൽ കുലുക്കി ചോദിച്ചതും ഒന്നും പ്രതികരിക്കാനാവാതെ കേട്ടതൊക്കെയും വിശ്വസിക്കാനാവാതെ തറഞ്ഞു നിൽക്കുകയായിരുന്നു പല്ലവി....!!!

3

കർത്തികേയന്റെ മൂർച്ചയെറിയ ചോദ്യങ്ങൾക്ക് മുന്നിൽ ഉത്തരം കിട്ടാതെ പവിയുടെ തല താന്നിരുന്നു...അവളെ പുറകിലേക്കൊന്ന് ഉലച്ചു മാറ്റിക്കൊണ്ടവൻ പുറത്തേക്കിറങ്ങി...ജാനകിച്ചേച്ചിയുടെ മുഖത്ത് വേദനയും നിസ്സഹായതയുമായിരുന്നു...പൊട്ടിക്കരഞ്ഞു കൊണ്ട് മുറിയിലേക്കോടുമ്പോൾ കർത്തികേയന്റെ വണ്ടി അകലുന്ന ശബ്ദം ഉയരുന്നത് അറിഞ്ഞിരുന്നു...കവിളാകെ നീറിപ്പുകയുന്നുണ്ട്...സാരിത്തുമ്പാൽ ഒരൊഴിഞ്ഞ കോണിൽ നിന്ന് കണ്ണുനീർ ഒപ്പുമ്പോൾ മനസിലായിരുന്നു തനിക്ക് അർഹതപ്പെട്ടതാണ് കിട്ടയതെന്ന്...ഒരു നിമിഷം ആലോചിച്ചു നോക്കി,,,അയാൾ ചോദിച്ചതും ശരി തന്നെയല്ലേ...?? ആ ചോദ്യത്തിന് മുന്നിൽ ഒരുത്തരമെങ്കിലും തനിക്കുണ്ടായിരുന്നോ...?? തിരിച്ചറിഞ്ഞു തുടങ്ങിയിരുന്നു,,,ദേഷ്യവും വാശിയും ബഹളവുമൊക്കെ ഒരു മുഖം മൂടി മാത്രമാണ്,,,മുറിവേറ്റ മനസിനെ ആരും കാണാതിരിക്കാനുള്ള മുഖം മൂടി...ഇന്നാ മുഖം മൂടിയല്ലേ തനിക്ക് മുന്നിൽ അഴിഞ്ഞു വീണത്...?? താൻ ചെയ്തതും തെറ്റാണ്,,,ഒരുനിമിഷത്തെ ദേഷ്യത്തിൽ നാം പറയുന്ന വാക്കുകൾ മറ്റുള്ളവരുടെ ചങ്കിൽ കുത്തിയിറക്കുന്ന വേദന ഉണ്ടാക്കിയേക്കാം...അത് തിരിച്ചറിഞ്ഞു ക്ഷമ ചോദിക്കാനായാൽ വലിയ പുണ്യമാണ്...കാരണം തെറ്റുകൾ മാനുഷികവും മാപ്പ് ചോദിക്കുന്നത് ദൈവീകവുമാണ്...മനസ് സ്വയം ആശ്വാസം കണ്ടെത്താൻ ശ്രമിച്ചിരുന്നു...കർത്തികേയന്റെ ദേഷ്യത്തോടെയുള്ള മുഖം ഓർക്കും തോറും വല്ലാത്തൊരു ഭയം തന്നെ പിടികൂടുന്നുണ്ട്...എങ്കിൽ പോലും ചില കാര്യങ്ങൾ മനസിലുറപ്പിച്ചിരുന്നു...

ആരുടേയും ചോദ്യങ്ങളെ നേരിടാൻ കഴിയാത്തത് കൊണ്ട് തന്നെ പുറത്തേക്കിറങ്ങിയില്ല...മുറിയിൽ തന്നെ കഴിഞ്ഞുകൂടി...വിശപ്പ് പോലും അന്യമായിരുന്നു...അല്ലെങ്കിൽ കവിളിലേ വേദന കാരണം കഴിക്കാൻ പോലും പറ്റിയിരുന്നില്ലെന്നും പറയാം....തനിക്കിപ്പോളും മനസിലാവാത്തത് വൈഷ്ണവിയെയാണ്...അവളുടെ ഭാവം തനിക്ക് അറിയാൻ കഴിയുന്നില്ല...കർത്തികേയനെ കാണുമ്പോ അവളുടെ കണ്ണുകളിൽ തെളിയുന്ന തിളക്കത്തിന്റെ അർത്ഥമെന്തായിരിക്കും...?? അറിയില്ല,,,,എല്ലാം മുന്നിൽ ചോദ്യങ്ങളായി മാത്രം നിൽക്കുന്നു...ഉച്ചക്കോ വൈകുന്നേരമോ ഒന്നും കാർത്തി വന്നിരുന്നില്ല...രാത്രി ഏറെ  വൈകിയാണ് വന്നത്...ഇന്ന് സ്വബോധത്താലെയാണ് വന്നത്...അതുകൊണ്ട് തന്നെ ഉള്ളിലുള്ള കാര്യങ്ങൾ തുറന്ന് പറയണമെന്ന് തോന്നി...പുറത്തെ കട്ടിലിൽ ആകാശത്തേക്ക് നോക്കി കിടക്കുന്ന കർത്തിയുടെ അടുത്തേക്ക് ഒരു വിറയലോടെയാണ് ചെന്നത്....മനസ് ധൈര്യം തരുന്നുണ്ടെങ്കിൽ പോലും ഒരു പേടി... 

"ഞാൻ,,,അത്...എനിക്കറിയാം തെറ്റാണെന്ന്...നിങ്ങളുടെ മനസ്സിൽ ഇത്രയും വേദന ഉണ്ടായിരിക്കുമെന്ന് എനിക്കറിയില്ലാരുന്നു...അല്ലെങ്കിൽ നിങ്ങൾ പുറത്ത് കാണിച്ചില്ലെന്ന് പറയാം...എന്നോട് ക്ഷമിക്കണം,,,ഞാനൊരിക്കലും നിങ്ങളുടെ മനസ് വേദനിപ്പിക്കാൻ ആഗ്രഹിക്കുന്നില്ല...അതുകൊണ്ട് ഞാൻ പോകുവാണ്...അവസാനമായി എനിക്കൊരു സഹായം കൂടി ചെയ്ത് തരാമോ...?? എറണാകുളത്താണ് അമ്മാവന്റെ വീട്...സ്ഥലം എനിക്കറിയാം...ദയവ് ചെയ്ത് എന്നെ അവിടെ ഒന്നാക്കാമോ...,?? ഈ ഒരു സഹായം കൂടി എനിക്കായ് ചെയ്ത് തരണം...ഇനിയൊരിക്കലും ഞാൻ നിങ്ങളെ ബുദ്ധിമുട്ടിപ്പിക്കില്ല..."

ഒറ്റശ്വാസത്തിൽ അത്രയും പറഞ്ഞ് നിർത്തുമ്പോഴും കാർത്തികേയന്റെ ഭാഗത്ത്‌ നിന്നും മറുപടി ഒന്നും കിട്ടിയിരുന്നില്ല...ഇനി ഉറങ്ങുവാണോന്ന് ചിന്തിച്ചു പോയി,,,കണ്ണ് തുറന്ന് വെച്ച് ആരെങ്കിലും ഉറങ്ങുമോ...?? തലയ്ക്കിട്ട് തന്നെ ഒരു കൊട്ട് കൊടുത്തു...പറഞ്ഞതൊന്നും കേട്ടില്ലെങ്കിൽ ഒന്നുകൂടി പറയണമോന്ന് ആലോചിച്ചു നിക്കുമ്പോഴാണ് *വേഗം ഇറങ്ങ്* എന്ന് മാത്രം ഗൗരവത്തോടെ പറഞ്ഞ് അയാൾ അകത്തേക്ക് കേറിയത്...അകത്തെ ക്ലോക്കിലേക്ക് സമയം നോക്കി,,,സമയം 12 മണിയൊക്കെ കഴിഞ്ഞിട്ടുണ്ട്...ഇനിയും ഒരു നിമിഷം പോലും അയാൾ തന്നെയിവിടെ നിർത്താൻ ആഗ്രഹിക്കുന്നില്ലന്ന് തോന്നി,,,തനിക്കു പ്രത്യേകിച്ച് ഒന്നും തന്നെ എടുക്കാനില്ല...മുടിയൊന്ന് ഒതുക്കി ചീകി പുറത്തേക്കിറങ്ങി...അപ്പോഴേക്കും ഡ്രസ്സ്‌ മാറി കാർത്തിയും പുറത്തേക്കിറങ്ങിയിരുന്നു...ജാനകിചേച്ചിയുടെ അടുത്ത് ചെന്ന് താക്കോൽ കൊടുത്ത് എന്തോ പറയുന്നത് കണ്ടു...കണ്ണുകൾ കൊണ്ട് യാത്ര പറയുമ്പോഴും ഉള്ളിലൊരു വേദന വന്ന് നിറയുന്നതറിഞ്ഞിരുന്നു...ആരോ പിന്നിലേക്ക് വലിക്കും പോലെ...എടുത്ത തീരുമാനം തെറ്റാണോന്ന് വരെ തോന്നിയിരുന്നു...

"ആരെ ഓർത്ത് നിക്കുവാ...വെളുപ്പിന് അവിടെയെത്തണേൽ ആലോചിച്ചു നിക്കാതെ കയറാൻ നോക്ക് കൊച്ചേ.."

മുന്നിലേക്ക് വിരൽ ഞൊടിച്ച് ഇഷ്ടക്കേടോടെ കാർത്തികേയൻ പറഞ്ഞപ്പോഴാണ് ബോധം വന്നത് പോലും...വേഗം പിന്നിലേക്ക് കയറിയിരുന്നു...ഇപ്രാവശ്യം ഒരു വഴക്കിനു ഇടക്കൊടുക്കാതെ കമ്പിയിൽ പിടിച്ചിരുന്നു...വണ്ടി നല്ല സ്പീഡിൽ തന്നെയാണ് പോകുന്നത്...ദൂരം കൂടും തോറും ശരീരമാകെ തണുക്കാൻ തുടങ്ങിയിരുന്നു...പല്ല് കൂട്ടി മുട്ടാൻ തുടങ്ങിയതും ഇപ്പൊ ബോധം കെട്ട് വീഴുമെന്ന അവസ്ഥയിലായിരുന്നു ഞാൻ...പതിയെ കർത്തികേയന്റെ പിന്നിലേക്ക് തല ചാരിയിരുന്നു...കണ്ണാടിയിലൂടെ ശ്രദ്ധിക്കുന്നത് കണ്ടിരുന്നു..കാറ്റടിച് കണ്ണ് വരെ നിറഞ്ഞൊഴുകിയിരിക്കുവാരുന്നു...തന്റെ അവസ്ഥ മനസിലാക്കിയത് കൊണ്ടാവും കാർത്തി കൂടുതലൊന്നും മിണ്ടാഞ്ഞതെന്ന് തോന്നിയിരുന്നു...മണിക്കൂറുകൾ നീണ്ട യാത്രയ്ക്കൊടുവിൽ വണ്ടി ബ്രേക്ക്‌ ഇട്ട് നിന്നപ്പോഴാണ് തലയുയർത്തി നോക്കിയത്...*റാണി ലോഡ്ജ്‌* എന്ന് എഴുതിയിരിക്കുന്ന കെട്ടിടത്തിന് മുന്നിലായിട്ടാണ് നിർത്തിയിരിക്കുന്നത്...ഒരു സംശയത്തോടെ അവനെ നെറ്റിച്ചുളിച്ചു നോക്കിയിരുന്നു...നോട്ടത്തിന്റെ അർത്ഥം മനസിലായത് കൊണ്ടാവാം അവൻ ഗൗരവത്തോടെ പറഞ്ഞു തുടങ്ങിയത്...

"മൂന്നാല് മണിക്കൂറായി വണ്ടിയോടിക്കാൻ തുടങ്ങിയിട്ട്...കണ്ണിന് ഉറക്കം തട്ടുന്നുണ്ട്...രാത്രി ആയത് കൊണ്ടു ഒരു ലോഡ്ജ്ഉം കിട്ടാനില്ല...ഇതേലും കണ്ടല്ലോ...ഒന്ന് ഫ്രഷ് ആയിട്ട് പോകാം...ഇല്ലെങ്കിൽ എറണാകുളത്ത് ജീവനോടെ ചെല്ലാൻ പറ്റില്ല..ഇറങ്ങ്..."

ശരിയാണെന്ന് തനിക്കും തോന്നി...ഒരു ബെഡ് കിട്ടിയാൽ ബോധം കെട്ടുറങ്ങുമെന്ന അവസ്ഥയിലാരുന്നു താനും...വേഗം ഇറങ്ങി...വണ്ടി സൈഡിലേക്ക് പാർക്ക്‌ ചെയ്ത് ചാവിയും എടുത്ത് മുന്നിലായി നടന്നു...രാത്രി ആയത് കൊണ്ട് റിസപ്ഷനിൽ നിൽക്കുന്നയാൾ ഇരട്ടി പണം ചോദിച്ചിരുന്നു...ഒരുപാട് തർക്കിച്ചു നോക്കിയെങ്കിലും വിട്ടുതരാൻ തയാറായിരുന്നില്ല...പവിയുടെ മുഖത്തെ ക്ഷീണവും ദയനീയവുമായ നോട്ടം കണ്ടാണ് അയാള് ചോദിച്ച പണം അവൻ എണ്ണി കൊടുത്തത്...*ഈ പണം കൊണ്ട് നീ ഒരുകാലത്തും ഗുണം പിടിക്കില്ലടാ തെണ്ടീ...* അയാൾക്ക് പിന്നാലെ റൂമിലേക്ക് നടക്കുമ്പോ കാർത്തി പിറുപിറുക്കുന്ന കേട്ട് പവി കുലുങ്ങി ചിരിച്ചെങ്കിലും അവന്റെ നോട്ടം അവളുടെ ചിരിക്ക് ഭംഗം വരുത്തിയിരുന്നു...റൂം തുറന്ന് തന്ന് എന്തോ അർത്ഥം വെച്ചെന്ന പോലെ തലയാട്ടി ചിരിച്ച് പോകുന്ന അയാളെ സംശയത്തോടെ നോക്കി നിന്നെങ്കിലും ക്ഷീണം കാരണം അത് കാര്യമാക്കാതെ ബെഡിലേക്ക് ചെന്നിരുന്നു...കാർത്തി അപ്പോഴേക്കും മുഖം കഴുകാനായി പോയിരുന്നു...ബെഡിലേക്ക് തല ചായിച് കണ്ണുകൾ മെല്ലെ അടച്ചപ്പോഴാണ് പുറത്ത് കാളിങ് ബെൽ അടിച്ചത്...ബാത്‌റൂമിന് പുറത്തേക്ക് ഇറങ്ങി മുഖത്തെ വെള്ളം ഒപ്പിയെടുത്ത് കൊണ്ട് കാർത്തി ഡോർ തുറക്കാൻ പോയതും ആരാണെന്നറിയാനുള്ള ആകാംഷയോടെ താനും അങ്ങോട്ടേക്ക് നോക്കിയിരുന്നു...

ഡോർ തുറന്ന് അകത്തേക്ക് ഇടിച്ചു കയറിവരുന്ന പോലീസുകാരെ കണ്ടതും ഞെട്ടലോടെ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റ് പോയിരുന്നു...കാർത്തിയുടെ മുഖത്തേ ഭാവമെന്തെന്ന് മനസിലായിരുന്നില്ല...കൂട്ടത്തിൽ SI എന്ന് തോന്നിക്കുന്നയാൾ തന്നെയും കാർത്തിയേയും മാറി മാറി നോക്കിയതും അകാലമായ ഒരു ഭയം ഉള്ളിൽ മുളപൊട്ടുന്നതറിഞ്ഞു...

"ഓഹ്ഹ്....അപ്പൊ എല്ലാം കഴിഞ്ഞ് ഇരിക്കുവാണല്ലേ...പല പ്രാവശ്യം വാർണിങ് തന്നിട്ടുള്ളതാ മറ്റേ പരിപാടി ഇവിടെ നടക്കില്ലന്ന്...പത്രത്തിൽ ഫോട്ടോ വരുമ്പോഴേ നീയൊക്കെ പഠിക്കു...സുമേഷേ,,,ചേർത്ത് നിർത്തി രണ്ട് ഫോട്ടോ എടുക്കടോ..."

മുന്നിലേക്ക് വന്നിരുന്ന ഫോട്ടോഗ്രാഫറോഡായി അയാൾ പറഞ്ഞതും ഞാൻ ഞെട്ടലോടെ കാർത്തിയെ നോക്കിയിരുന്നു...ഫോട്ടോ എടുക്കാൻ വന്നയാളെ തടഞ്ഞു കൊണ്ട് അവരെ പുച്ഛത്തോടെ നോക്കി നിൽക്കുന്ന കാർത്തികേയനെ കണ്ട് അതിശയമല്ലാതെ മറ്റൊന്നും തോന്നിയിരുന്നില്ല...

"സാറേ,,,,ഞങ്ങളെന്ത് ചെയ്തൂന്നാ...?? അതൊക്കെ അറിഞ്ഞിട്ട് പോരെ ബാക്കി കലാപരിപാടികൾ ഒക്കേ..."

നെഞ്ചിൽ കൈ കെട്ടി നിന്ന് കാർത്തി  ചോദിച്ചതും ഞാനും പതിയെ അവന്റെ പിന്നിലേക്കായ് നീങ്ങി നിന്നിരുന്നു...

"ഇനി അതൊക്കെ ഞാൻ തന്നെ പറയണോടാ...?? "

SI ഇഷ്ടക്കേടോടെ ചോദിച്ചതും കാർത്തി ഒന്ന് മന്ദഹസിച്ചു....

"സാറേ,,,നാളെ ഞങ്ങടെ കല്യാണമാണ്...വീട്ടുകാര് അറിയാതെ രായ്ക്ക് രാമാനം തൂക്കിയെടുത്തോണ്ട് വന്നതാ ഇവളെ...രാത്രി കടന്ന് പുലർച്ചയോളം വണ്ടിയൊടിച് ഉറക്കം തട്ടിയപ്പോ ഒന്ന് ഫ്രഷ് ആവാൻ കേറിയതാ...അല്ലാണ്ട് സാറ് വിചാരിക്കും പോലെ ഒന്നുവില്ല..."

കാർത്തി കൂസലില്ലാതെ പറഞ്ഞതും ഞാൻ അതിശയത്തോടെ ആ മുഖത്തേക്ക് നോക്കി...ഭാവവ്യത്യാസങ്ങളൊന്നുമില്ലാതെ സാറിന്റെ മറുപടിയ്ക്കായി കാത്തിരിക്കുവാണ്...SI യും കൂടെയുള്ള പോലീസുകാരും വിശ്വസിക്കണോ വേണ്ടയോന്നുള്ള അർത്ഥത്തിൽ പരസ്പരം നോക്കുന്നുണ്ട്...

"എടി കൊച്ചേ,,,ഇവൻ പറഞ്ഞത് സത്യവാണോ..."

ചോദിച്ചത് എന്നോടെങ്കിലും ഞാൻ  മറുപടിയ്ക്കായി നോക്കിയത് കാർത്തിയെയാണ്...തന്നെ കണ്ണടച്ച് കാണിച്ചതും യന്ത്രം കണക്കെ തലയാട്ടുമ്പോഴും ഇനിയെന്തെന്ന് അറിഞ്ഞിരുന്നില്ല...SI കാർത്തിയുടെ ID ചെക്ക് ചെയ്യാൻ മേടിച്ചിരുന്നു...

"എടോ സൈമാ...പിള്ളേര് പറയുന്നത് സത്യവാന്ന് തോന്നുന്നു...പെങ്കൊച്ചിന്റെ കവിളൊക്കെ അടികൊണ്ട് ഇരിക്കുന്നു...ഇവരെ ഇവിടെ വിട്ടിട്ട് പോയാൽ വൈകാതെ ഒരു ദുരഭിമാനകൊല കൂടി കാണേണ്ടി വരും...അതോണ്ട് മക്കള് വണ്ടിയിലോട്ട് കേറിക്കോ...ഞങ്ങള് ഇടപെട്ട് നിങ്ങടെ കല്യാണം നടത്തി തന്നേക്കാം...അതല്ലേ സൈമാ അതിന്റെ ശരി...!!"

അടുത്ത് നിന്നിരുന്ന കോൺസ്റ്റബിളിനോടായി ചോദിച്ചതും പിന്നില്ലാതെയെന്ന് പറഞ്ഞ് അയാളും അതിനെ ശരി വെച്ചിരുന്നു...ഇപ്പൊ തന്നെക്കാൾ ഞെട്ടിയത് കാർത്തികേയനാണ്..ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ആ മുഖത്തെ ഭാവം കാണുമ്പോഴേ മനസിലാകും...കാർത്തി ഒരുപാട് ന്യായങ്ങൾ അവർക്ക് മുന്നിൽ നിർത്തിയെങ്കിലും നിഷ്കരുണം പരാജയപ്പെടുകയാണ് ചെയ്തത്...കൈ ചുരുട്ടി പിടിക്കുന്നതും ഞരമ്പുകൾ വലിഞ്ഞു മുറുകുന്നതും പിന്നിലായ് നിന്ന് താൻ കാണുന്നുണ്ടായിരുന്നു...സത്യം പറഞ്ഞാൽ ചിരിയാണ് വന്നത്...അവനവൻ കുഴിച്ച കുഴിയിൽ അവനവൻ തന്നെ വീഴും പോലെ...എന്തുകൊണ്ടോ ഉള്ളിലൊരു സന്തോഷം നിറയുന്നുണ്ടായിരുന്നു...

പോലീസ് സ്റ്റേഷനിലെ ബെഞ്ചിൽ ഭിത്തിയോട് ചാരിയിരിക്കുമ്പോഴും SI,  പ്രതികൾക്കും മറ്റു പോലീസുകാർക്കും ഒളിച്ചോടി കല്യാണം കഴിക്കാൻ പോകുന്നവരാണെന്ന് പറഞ്ഞ് പരിചയപ്പെടുത്തുന്നത് പൊട്ടിവന്ന ചിരിയോടെ നോക്കിയിരുന്നു...ചിന്തകളിൽ കാർത്തികേയൻ മാത്രമായ് ഒതുങ്ങി നിൽക്കുവാരുന്നു...വിധിച്ചത് തന്നെയാണ് നിന്റെ കൈകളിലെന്ന് ഉള്ളിലിരുന്നാരോ പറയും പോലെ...തലചെരിച്ചു കാർത്തിയെ ഒന്ന് പാളി നോക്കി...ദേഷ്യം കൊണ്ട് കൈ ചുരുട്ടിയും ബെഞ്ചിന്റെ പടിയിൽ ഇടിച്ചുമൊക്ക ഇരിക്കുന്നുണ്ട്....എട്ടുമണി ഒക്കെ കഴിഞ്ഞതും രണ്ട് കോൺസ്റ്റബിളുമാര് ഒരു രജിസ്റ്റാറേയും കൊണ്ട് അകത്തേക്ക് വന്നിരുന്നു...കയ്യിലായ് രണ്ട് ബൊക്കയും മാലയും കരുതിയിരുന്നു...ചടങ്ങുകൾ ഒക്കെ പെട്ടന്നായിരുന്നു...അടുത്തുള്ള അമ്പലത്തിൽ നിന്ന് നാളായിരത്തഞ്ഞൂറു രൂപ കൊടുത്ത് വാങ്ങിയ പൂജിച്ച താലിമാലയെ കുറിച്ച് പറയുന്ന പോലീസുകാരനെ കാർത്തി ദേഷ്യത്തോടെ നോക്കുന്നത് താൻ മാത്രമേ കണ്ടിരുന്നുള്ളു...റെജിസ്റ്ററിൽ ഒപ്പ് വെയ്ക്കുമ്പോഴും,മഞ്ഞളിൽ കുതിർന്ന താലിയെടുത്ത് കെട്ടുമ്പോഴും തന്നെ രൂക്ഷമായി നോക്കിയത് കണ്ട് പുഞ്ചിരിയാലെ അതിനെ നേരിട്ടിരുന്നു...കാർത്തിക്ക് ശേഷം അതിലായ് ഒപ്പിടുമ്പോഴും മറ്റൊന്നും ആലോചിക്കാൻ മനസനുവദിച്ചില്ല...അത്ഭുതം തോന്നിയിരുന്നു...പലപ്പോഴും രണ്ട് വള്ളത്തിലായാണ് മനസ് സഞ്ചരിക്കുന്നത്...വിവേകത്തിന് അവിടെ സ്ഥാനമുണ്ടാകില്ല...സാക്ഷികളായി SI സാറും കോൺസ്റ്റബിൾ സാറും  ഒപ്പിട്ടിരുന്നു...കാർത്തിയുടെ കയ്യിലായ് കൊടുത്ത മാലയിൽ അവന്റെ പിടി മുറുകുന്നത് കണ്ടതും പിന്നീടങ്ങോട്ട് ശ്രദ്ധിക്കാൻ പോയില്ല...

"രണ്ട് പേർക്കും വിവാഹാശംസകൾ...ഇനി നീ ഈ പെങ്കൊച്ചിനെയും കൊണ്ട് ധൈര്യമായി പൊക്കോ...പിന്നെ മോളെ,,,എന്തേലും പ്രശ്നം ഉണ്ടായാൽ,,,അല്ലെങ്കിൽ ഇവൻ നിന്നെ വഞ്ചിക്കുവാണെന്നോ മറ്റോ തോന്നിയാൽ ഉടനടി ഞങ്ങളെ വിളിച്ചു അറിയിച്ചേക്കണം...ഇവനെ ഞങ്ങളൊന്നു നന്നാക്കി എടുത്തോളാം..."

കാർത്തിയുടെ തോളിൽ കൈ ചേർത്ത് ഒരു ചിരിയോടെ സാർ പറഞ്ഞ് നിർത്തിയതും അടുത്തൊരാൾ ദേഷ്യത്തിൽ പല്ല് കടിക്കുന്നത് അറിഞ്ഞിരുന്നു...കോൺസ്റ്റബിൾ സാർ SI യുടെ നമ്പർ എഴുതി കയ്യിൽ തരുമ്പോ ഈ ഒറ്റയാനെ തലയ്ക്കാനുള്ള പൂട്ടാണതെന്ന് തോന്നിയിരുന്നു...

"എന്നാ നിങ്ങളൊന്നു ചേർന്ന് നിന്നേ...ഞാനൊരു ഫോട്ടോ എടുക്കട്ടെ സാറേ..."

SI സാറിനോടായി പറഞ്ഞ് കോൺസ്റ്റബിൾ തന്നെയും കാർത്തിയെയും ചേർത്ത് വെച്ചതും ശരീരത്തിലാകെ ഒരു വിറയൽ പാഞ്ഞു കയറിയിരുന്നു...കാർത്തിയുടെ മുഖത്തേക്ക് ഒരുനിമിഷം ഇമചിമ്മാതെ നോക്കിനിൽക്കുമ്പോഴും കേട്ടിരുന്നു *നൈസ് പോസ്* എന്ന് പറഞ്ഞ് ഫോട്ടോ എടുക്കുന്ന സാറിന്റെ ശബ്ദം...വീട് ചോദിച്ച് ആ വഴി പറഞ്ഞു വിടുമ്പോഴും പുതിയതെന്തിനോയുള്ള ചുവടുവെപ്പാണിതെന്ന് ആരോ പിന്നിൽ നിന്ന് ഉച്ചത്തിലായ് പറയും പോലെ തോന്നിയിരുന്നു.... 

തിരിച്ചു പോകും വഴി ആലോചനയിൽ തന്നെയായിരുന്നു...തനിക്കിത് വരെ ആരോടും പ്രണയമൊന്നും തോന്നിയിരുന്നില്ല...ഉണ്ണിയേട്ടനോട് പോലും...കുഞ്ഞിലേ മുതൽ പറഞ്ഞു വെച്ചത് കൊണ്ട് താനും അംഗീകരിച്ചു കൊടുക്കുക മാത്രമാനുണ്ടായത്...പക്ഷേ തനിക്കിപ്പോ കാർത്തിയോട് തോന്നുന്ന വികാരം എന്താണെന്ന് അറിയാൻ പറ്റുന്നില്ല...പ്രണയമാണോ...?? ആരാധനയാണോ...??  സഹതാപമാണോ...?? അറിയില്ല,,,എങ്കിലും കാർത്തിയെക്കുറിച്ചറിഞ്ഞപ്പോ മുതൽ എന്തോ ഒന്ന് തന്നെ അവനിലേക്ക് അടുപ്പിക്കുന്നുണ്ട്...ഈ കെട്ടിയ താലിയും മനസോടെയല്ലേ ഏറ്റുവാങ്ങിയത്...?? ചോദ്യങ്ങൾക്ക് മുന്നിൽ മനസ് കീഴടങ്ങുന്നതറിഞ്ഞു...പതിയെ കഴുത്തിൽ ലയിച്ചു കിടക്കുന്ന മഞ്ഞച്ചരടിൽ കൈ പതിഞ്ഞിരുന്നു...ഇതാണ് തന്റെ ബലം,,,ഇതുള്ളപ്പോ താൻ  സുരക്ഷിതയാണെന്ന് ആരോ മന്ത്രിക്കും പോലെ...ഉള്ളിലെ ആശ്വാസം പുഞ്ചിരിയായി പ്രതിഭലിച്ചതും കണ്ണാടിയിൽ കൂടി പവിയുടെ ഭവമാറ്റങ്ങൾ നിരീക്ഷിക്കുകയായിരുന്ന കാർത്തി അലോസരത്തോടെ ബ്രേക്ക്‌ പിടിച്ചു നിർത്തി...!!!

4

"കൊച്ചൊന്നിറങ്ങിക്കെ..."

മുഖം അവൾക്ക് നേരെ തിരിച്ചു വെച്ചുകൊണ്ട് കാർത്തി പറഞ്ഞു...ഒരുനിമിഷം തന്നെ ഇവിടെ ഇറക്കി വിട്ടിട്ട് പോകാനാണോന്ന് ഓർത്തതും ഇരുന്നിടത്ത് നിന്നനങ്ങാതെ അവൾ സംശയഭാവത്തോടെ അവനെ നോക്കി...

"എന്തിനാ ഇറങ്ങണേ...?? എന്താണേലും ഇങ്ങനെ പറഞ്ഞാൽ മതി..."

അവള്ടെ മറുപടി കേട്ടതും കാർത്തി കൈ ചുരുട്ടി പെട്രോൾ ടാങ്കിൽ ഇടിച്ചതും പവി സ്വയമേ ഞെട്ടലോടെ ഇറങ്ങി നിന്നിരുന്നു...ബൈക്ക് സ്റ്റാൻഡിൽ വെച്ച് കണ്ണടച്ച് ശ്വാസം ആഞ്ഞുവലിക്കുന്ന കാർത്തിയെ നോക്കി പവി ഇനിയെന്തെന്നറിയാതെ നിന്നു...ബൈക്കിൽ നിന്നിറങ്ങി സീറ്റിൽ ചാരിനിന്ന് വിദൂരതയിലേക്ക് കണ്ണ് പായിച്ചു നിന്നതല്ലാതെ അവനൊന്നും പറഞ്ഞു തുടങ്ങിയിരുന്നില്ല...ചോദിച്ചറിയുന്നതിലും സ്വയം പറയുന്നതാണ് നല്ലതെന്ന് തോന്നിയതിനാൽ അവളായി ഒന്നും ചോദിക്കാൻ തയാറായിരുന്നില്ല... 

"എനിക്ക് നിന്നോട് ദേഷ്യപ്പെടാനുള്ള അവകാശമില്ല...അതെനിക്കറിയാം,,,,കാരണം അറിഞ്ഞു കൊണ്ടല്ലങ്കിലും എന്റെ ഒരു വാക്കിന്റെ പിഴവ് മൂലം സംഭവിച്ചതാണ്...അത് തിരുത്താൻ നൂറ് ശതമാനം ഞാനും തയാറാണ്...കുട്ടിക്കളിയല്ല താലികെട്ടെന്ന് അറിയാം...എങ്കിലും അവരെ ബോധിപ്പിക്കാനും നമുക്ക് രക്ഷപെടാനും വേണ്ടി മാത്രം കെട്ടിയൊരു നൂൽചാരടാണിത്...ഇതിന് ഞാനൊരു വിലയും കൊടുത്തിട്ടില്ല...കൊടുക്കാൻ ആഗ്രഹിക്കുന്നുമില്ല...എന്നെക്കുറിച്ചെല്ലാം അറിഞ്ഞു വെച്ചുകൊണ്ട് നീയും ഇത് കൂടെയുണ്ടാവാൻ ആഗ്രഹിക്കുന്നില്ലെന്നാണ് എന്റെ വിശ്വാസം...വിശ്വാസം മാത്രമല്ല,,അങ്ങനെ തന്നെ ആയിരിക്കണം...ഇങ്ങനെ ഒരു സംഭവമേ നമുക്കിടയിൽ നടന്നിട്ടില്ലെന്ന് മാത്രം വിചാരിച്ചാൽ മതി...അമ്മയും വൈഷ്ണവിയും ഇതറിയാൻ ഞാൻ ആഗ്രഹിക്കുന്നില്ല...അതുകൊണ്ട് നീ ഇതൂരി താഴേക്ക് കളഞ്ഞേക്ക്...ഇന്നേതായാലും ഈ വഴി പോകാൻ പറ്റുമെന്ന് തോന്നുന്നില്ല...വൈകാതെ നീ പറഞ്ഞിടത്തേക്ക് നിന്നെ ഞാൻ കൊണ്ടുവിടാം...പക്ഷേ അതിന് മുൻപ് ഇപ്പൊ നടന്ന കാര്യങ്ങൾ മനസ്സിൽ നിന്ന് മായ്ച്, ഈ താലിയിവിടെ ഊരിയെറിഞ്ഞു വേണം തുടർന്നുള്ള യാത്രയിൽ നീ ഉണ്ടാവാൻ...ഇതെന്റെ അപേക്ഷയല്ല,,,ആജ്ഞതന്നെയാണ് കൂട്ടിക്കോളൂ..." 

കാർത്തി ഭാവഭേതമില്ലാതെ പറഞ്ഞു നിർത്തിയതും അവന്റെ നിർദ്ദേശത്തേ എങ്ങനെ തടുക്കുമെന്നായിരുന്നു പവിയുടെ ആലോചന...വലതു കൈ കഴുത്തിൽ കിടന്നിരുന്ന താലിയിൽ മുറുകിയിരുന്നു...അഴിച്ചു മാറ്റാൻ മനസ്സനുവദിക്കുന്നില്ല...എന്തൊക്കെ പറഞ്ഞാലും താൻ നിയമപരമായി കാർത്തികേയന്റെ ഭാര്യയല്ലേ...?? വിട്ട് കൊടുക്കാൻ മനസ്സനുവദിക്കുന്നില്ല...പക്ഷേ വൈശാലിയെ അല്ലാതെ മറ്റാരെയും ആ സ്ഥാനത്ത് കാണാൻ കാർത്തിക്ക് പറ്റുന്നില്ലെങ്കിൽ തന്റെ സ്ഥാനമെന്താണ്...?? അറിയില്ല,,,കൈവിട്ട് കളയരുതെന്ന് ഉള്ളിലിരുന്ന് ആരോ പറയും പോലെ...ചിന്തകൾ കുമിഞ്ഞു കൂടാൻ തുടങ്ങിയതും  നിനക്കവകകാശപ്പെട്ടതാണ് ഈ താലിയുടെ അവകാശിയെയെന്ന് ചുറ്റുമുള്ള ഓരോ ചലനമറ്റ വസ്തുക്കളും തന്നോട് പറയും പോലെ...എന്താണ് ചെയ്യേണ്ടത്...?? അറിയില്ല...എങ്കിലും ഇത് പൊട്ടിച്ചെറിഞ്ഞു മുന്നോട്ട് പോകാൻ മനസ്സനുവദിച്ചിരുന്നില്ല...

"നീയെന്താ ആലോചിക്കുന്നേ...?? എന്നെ എതിർക്കാനാണോ ഭാവം...?? "

പുരികം പൊക്കി ബൈക്കിൽ നിന്നുയർന്നുകൊണ്ട് ചോദിച്ചതും അല്പം പോലും ഭയം തന്നെ തട്ടിയിരുന്നില്ല...സ്ത്രീകളെ കാരണമില്ലാതെ നോവിപ്പിക്കുന്ന കൂട്ടത്തിലല്ല കാർത്തിയെന്ന് ഉറപ്പിച്ചിരുന്നു...

"നിങ്ങള് കെട്ടിയ താലി ഞാൻ പൊട്ടിച്ചെറിയില്ല...ഞാനൊരു പെണ്ണല്ലേ,,,എന്തിന്റെ പേരിലാ ഞാൻ ഇനിയും നിങ്ങളുടെ വീട്ടിൽ താമസിക്കുന്നെ...?? നാട്ടുകാരുടെ ചോദ്യം ചെയ്യൽ നിങ്ങൾക്ക് നേരെ ഉണ്ടാവില്ല,,,എങ്കിലും അവർക്ക് മുന്നിൽ തലയുയർത്തി നിൽക്കാൻ ഒരു കാരണം എനിക്കും വേണ്ടേ...?? അല്ലേലും ഞാനീ താലി പൊട്ടിച്ചെറിഞ്ഞാൽ നമ്മള് തമ്മിലുള്ള ബന്ധം അവസാനിക്കുമോ...?? നിയമപരമായി ഞാനിപ്പോ നിങ്ങളുടെ ഭാര്യയാണ്...എന്തിന്റെ പേരിലാണെങ്കിൽ പോലും അതാണ് സത്യം...നിങ്ങള്ടെ അമ്മയും വൈഷ്ണവിയും ഇതറിയില്ല...ആ ഒരു കാര്യത്തിൽ ഞാൻ ഉറപ്പ് തരാം...എന്റെ നാവിൽ നിന്നും അവരീകാര്യം അറിയില്ല...അല്ലാതെ ഇത് പൊട്ടിച്ചെറിഞ് വരാൻ എനിക്ക് സാധിക്കില്ല...ആരെയും അതിന് സമ്മതിക്കുകയുമില്ല...ഇനി ബലമായി പൊട്ടിച്ചെറിയാനാണ് ഭാവമെങ്കിൽ SI സാറിനെ  വിളിച്ചറിയിച്ചിട്ടേ നമ്മളിവിടെ നിന്ന് മുന്നോട്ട് പോകൂ...അതിന് സമ്മതമാണെങ്കിൽ നിങ്ങൾക്കിത് പൊട്ടിച്ചെറിയാം...ഞാനത് തടയില്ല..."

അത്രയും പറഞ്ഞ് നിർത്തിയതും അതുവരെ ശാന്തമായിരുന്ന കാർത്തിയുടെ മുഖം വലിഞ്ഞു മുറുകിയിരുന്നു...ഇരുതോളിലും പിടിച്ച് ദേഷ്യത്തോടെ അവനിലേക്ക് അടുപ്പിക്കുമ്പോഴും പവിയുടെ കണ്ണുകൾ ചുറ്റുപാടും പോയിരുന്നു... 

"എന്താടീ നിന്റെ ഉദ്ദേശം...?? ഇതിന്റെ പേരിൽ അധികാരം സ്ഥാപിക്കാനുള്ള പുറപ്പാടിലാണോ നീ...?? എല്ലാം സഹിച്ചും പൊറുത്തും കഴിയുവാ ഞാൻ...വെറുതെ വാശി കേറ്റാൻ നോക്കിയാലുണ്ടല്ലോ...?? നീ കണ്ടിട്ടില്ലാത്ത മുഖങ്ങൾ പലതുണ്ടെനിക്ക്...."

വാശിയോടെയവാൻ പറഞ്ഞു നിർത്തിയതും പവി അവന്റെ കയ്യിൽ കിടന്ന് പുളയുകയായിരുന്നു...ചുറ്റുപാടും ഒന്ന് നോക്കിക്കൊണ്ട് അവൻ പതിയെ പിടിയയച്ചതും അവൾ വേഗം തന്നെ പിടഞ്ഞുമാറി അവനെ ആശ്വാസത്തോടെ  നോക്കി...വിട്ടുകൊടുക്കാൻ അവളും തയാറായിരുന്നില്ല...

"ഞാനൊരാവകാശവും സ്ഥാപിക്കാൻ വന്നതല്ല...ഞാൻ പറഞ്ഞല്ലോ ഞാൻ സുരക്ഷിതയായി അമ്മാവന്റെ വീട്ടിലെത്തും വരെയുള്ള ഒരാശ്രയം മാത്രമായ് നിങ്ങളീ താലിയെ കണ്ടാ മതി...അതിനെന്തിനാ ഇത്രയും രോക്ഷം കൊള്ളുന്നത്...?? നിങ്ങൾക്ക് പേടി തോന്നുന്നുണ്ടോ വൈശൂനെ മറന്ന് എന്നെ സ്നേഹിച്ചു പോകുമെന്ന്...??? "

പ്രതീക്ഷിക്കാതെയുള്ള അവളുടെ ചോദ്യം കേട്ട് കാർത്തിയുടെ കണ്ണുകൾ ചുവന്നിരുന്നു...ഒരുനിമിഷം പരിസരം പോലും മുഖവിലയ്ക്കെടുക്കാതെ പവിയുടെ കവിളിൽ കുത്തിപ്പിടിക്കുമ്പോഴും ഉള്ളിൽ പുഞ്ചിരിക്കുന്ന വൈശുവിന്റെ മുഖമായിരുന്നു...അവളുടെ ഓർമകൾ ഹൃദയത്തിലേക്ക് തുളഞ്ഞു കയറിയതും കാർത്തി പിടിവിട്ട് ബൈക്കിൽ ചെന്നിരുന്നു...നെറ്റിയിൽ കൈകൾ ചേർത്ത് കണ്ണടച്ചിരിക്കുമ്പോഴും അവൻ സ്വയം നിയന്ത്രിക്കാൻ ശ്രമിക്കുന്നതാണെന്ന് അവൾക്ക് തോന്നിയിരുന്നു...തന്റെ ഈ ചോദ്യം കൊണ്ടല്ലാതെ അവനെ തളയ്ക്കാൻ സാധിക്കില്ലെന്ന് തോന്നിയിരുന്നു അവൾക്ക്...അതുകൊണ്ടാണ് വേദനിപ്പിക്കുന്നതാണെന്നറിഞ്ഞിട്ടും ചോദിച്ചു പോയത്...ഇല്ലെങ്കിൽ ഇതിവിടെ പൊട്ടിച്ചെറിഞ്ഞു വരാതെയിരിക്കാൻ കഴിയുമോ...?? ചില അവസരങ്ങളിൽ ചോദിക്കേണ്ടത് ചോദിക്കുക തന്നെ വേണം...എങ്കിലും അവന്റെ അപ്രതീക്ഷിതമായുള്ള മാറ്റം കണ്ട് ഒന്ന് വിറച്ചു പോയിരുന്നു...ഈ ഒറ്റയാനെ തളയ്ക്കാൻ കയ്യിലുള്ള തോട്ടി പോരാതെ വരുമോ...?? താലിയിൽ മുറുകെ പിടിച്ചു കൊണ്ട് അവളൊന്ന് സ്വയം ഓർത്തു.....

*നിന്റെ നാവിൽ നിന്നിതാരും അറിയരുത്...സമ്മതമാണെങ്കിൽ മാത്രം കയറാം...*

ഹെൽമെറ്റ്‌ എടുത്ത് വെച്ചുകൊണ്ട് പറഞ്ഞതും ഒരു പുഞ്ചിരിയോടെ കയറിയിരുന്നു...യാത്രയിലുടനീളം മൗനം മാത്രമായിരുന്നു...മുന്നിലപ്പോഴും ജീവിതം ഇനിയെങ്ങനെയെന്ന് ചോദ്യഭാവത്തിൽ നിൽക്കുന്നു...ശരിയാണ്,,,ഈ കെട്ടിയ താലിയെ മറന്ന് തനിക്കിനി ജീവിക്കാനാകുമോ...?? എന്തിന്റെ ധൈര്യത്തിലാണ് താനിത് കഴുത്തിലെടുത്തണിഞ്ഞതും ജീവിതത്തിലുടനീളം ഇത് വേണമെന്ന് വാശിപിടിക്കുന്നതും...?? കാർത്തി തന്നെ സ്വീകരിക്കുമോ...?? വൈശാലിക്ക് അല്ലാതെ മറ്റാർക്കും ആ മനസ്സിൽ സ്ഥാനമില്ലേ...??  ചിന്തകളിലൂടെ ഉണ്ണിയേട്ടൻ പാഞ്ഞു പോയപ്പോഴാണ് തനിക്ക് നേരെയുള്ള കുരുക്കുകൾക്ക് ബലം കൂടുന്നതറിഞ്ഞത്...ഉണ്ണിയേട്ടൻ തന്നെ വന്ന് കൊണ്ടുപോയാൽ കാർത്തി പ്രതികരിക്കാതെ നിക്കുമോ...?? ഒന്നും അറിയില്ല...എല്ലാം ജീവിതത്തിലൂടെ അനുഭവിച്ചറിയുക തന്നെ വേണം....
മണിക്കൂറുകൾക്കൊടുവിൽ കാർത്തിയുടെ മുറ്റത്തേക്ക് വണ്ടി കയറ്റി നിർത്തിയപ്പോഴാണ് ചിന്തകളിൽ നിന്നൊരു മോചനം വന്നത്...താലിമാല കാണാത്തില്ലാത്തവിധം ഇട്ടു.... 

"വൈഷ്ണവിക്ക് നീ ഇവിടെ താമസിക്കുന്നത് ഇഷ്ടമല്ലെന്ന് അറിയാലോ...?? അല്ലെങ്കിലും അവളെ പറഞ്ഞിട്ട് കാര്യമില്ല...അതുപോല കിടന്ന് പണിയെടുപ്പിച്ചിട്ടില്ലേ നിന്റെ വീട്ടുകാരെന്റെ അമ്മയെ...അതുകൊണ്ട് അമ്മയോ  അവളോ നിന്റെ പേരിലെന്തേലും പരാതി എന്നോട് പറഞ്ഞാൽ പിന്നെ നീ ഇവിടെ കാണില്ല...ഒരു പ്രാവശ്യം ജയിലിൽ കിടന്ന എനിക്ക് വീണ്ടും അങ്ങോട്ടേക്ക് പോകാൻ മടി ഉണ്ടാകില്ലന്ന് മാത്രം ഓർത്തോ..."

തന്നെ ഇറക്കി വിട്ട് ഒരു താക്കീതെന്നോണം പറഞ്ഞ് കാർത്തി പുറത്തേക്ക് പോയി...ശ്വാസമൊന്നാഞ്ഞു വലിച്ച് ജാനകിയമ്മയുടെ അടുത്ത് ചെന്ന് താക്കോൽ വാങ്ങിച്ചു...എവിടേക്കോ പോകാനിറങ്ങിയ ജാനകിയമ്മയുടെ മുഖത്ത് തന്നെ പ്രതീക്ഷിക്കാതെ കണ്ടത്തിലുള്ള അതിശയം ഉണ്ടായിരുന്നെങ്കിലും അമ്മ ഒന്നും ചോദിച്ചിരുന്നില്ല...ഒരു വിധത്തിൽ തനിക്കതൊരു ആശ്വാസമായി തോന്നിയിരുന്നു...അല്ലെങ്കിൽ എന്ത് മറുപടിയാണ് പറയേണ്ടത്...?? തലകുനിച്ചു നിൽക്കേണ്ടി വരുമായിരുന്നു...ആലോചിച്ചു സമയം കളയാതെ വീട് തുറന്ന് അകത്ത് കയറി...നല്ല ക്ഷീണം ഉണ്ടായിരുന്നതിനാൽ വേഗം ചെന്ന് കുളിച്ച് അകത്തെ കട്ടിലിലേക്ക് കിടന്നിരുന്നു...കണ്ണുകൾ നിദ്രയെ പ്രാപിച്ചതോ ഒന്നും അറിഞ്ഞിരുന്നില്ല...

വാതിലിൽ തുടരെ തുടരേയുള്ള മുട്ട് കേട്ടാണ് കണ്ണ് ചിമ്മിത്തുറന്നത്...ഉറക്കത്തിന്റെ ആലസ്യം വിട്ടുമാറിയിരുന്നില്ലെങ്കിലും പതിയെ എഴുന്നേറ്റ് ചെന്ന് കതക് തുറന്നു...മുന്നിൽ ദേഷ്യത്തോടെ നിൽക്കുന്ന വൈഷ്ണവിയെ കണ്ടതും ഡ്രെസ്സൊന്ന് ഒതുക്കി വെച്ച് പുഞ്ചിരിച്ചു...

"എത്ര നേരായി വിളിക്കുന്നു...?? വാതിലൊന്ന് തുറന്നാലെന്താ...?? "

"അത്...ഞാനൊന്ന് മയങ്ങി പോയി...നല്ല ക്ഷീണവുണ്ടായിരുന്നു..."

മുടി ഒതുക്കികെട്ടിക്കൊണ്ട് പറഞ്ഞതും അവളകത്തേക്ക് വന്നിരുന്നു...

"ഭക്ഷണം വെയ്ക്കാൻ വന്നതാ...കാർത്തിയേട്ടൻ എവിടെ...?? പുറത്ത് പോയിക്കാണുവല്ലേ..."

പാത്രം മേശയിലേക്ക് വെച്ചുകൊണ്ടവൾ ചോദിച്ചു...തലകുലുക്കി മറുപടി പറഞ്ഞെങ്കിലും അവളുടെ സാന്നിധ്യം തനിക്ക് അലോസരമാണെന്ന് തോന്നിയിരുന്നു... 

"പല്ലവിയെ കൊണ്ടുവിടാനാണല്ലോ കാർത്തിയേട്ടൻ കൊണ്ടുപോയത്...പിന്നെന്താ തിരിച്ചു വന്നേ...?? എനിക്കറിയാം,,,പല്ലവിക്ക് കാർത്തിയേട്ടനോട് എന്തോ ഉണ്ടെന്ന്...പക്ഷേ സങ്കടമെന്തെന്ന് വെച്ചാൽ നിന്നെ ഏട്ടനൊരിക്കലും സ്വീകരിക്കില്ല...എന്നും ആ മനസ്സിൽ വൈശുവേച്ചി മാത്രേ ഉണ്ടാവു...സത്യം പറയട്ടെ,,,കാർത്തിയേട്ടന്റെ പെണ്ണാവാനുള്ള യോഗ്യതയൊന്നും നിങ്ങൾക്കുണ്ടെന്ന് തോന്നുന്നില്ല...വല്യ വീട്ടിലെ കുട്ടിയല്ലേ...കണ്ടവരുടെ കൂടെയൊക്ക മുട്ടിയൊരുമ്മി നടക്കണതല്ലേ...?? ആരുടെ ഒക്കെ കൂടെ....."

വൈഷ്ണവി പറഞ്ഞു തീരുന്നതിനു മുന്നേ പവിയുടെ കൈകൾ അവളുടെ കവിളിൽ പതിഞ്ഞിരുന്നു...പവിയുടെ ക്രൗര്യത്തോടെയുള്ള നോട്ടം കണ്ടതും വൈഷ്ണവി പേടിയോടെ അവളെ നോക്കി...

"നീ പറഞ്ഞ് വരുന്നതെന്താണെന്ന് എനിക്ക് മനസിലാകുന്നുണ്ട്...എത്രയൊക്കെ അഹങ്കാരമുണ്ടായിരുന്നാലും വഴിവിട്ട രീതിയിൽ ഞാനൊരിക്കലും നടന്നിട്ടില്ല...ഇനി ഇങ്ങനെയൊന്ന് പറയാൻ നിന്റെ നാവുയർന്നലുണ്ടല്ലോ...ഞാനിപ്പോ തല്ലിയ കാര്യം കാർത്തിയോട് പറഞ്ഞാലും അതെന്നെ  ബാധിക്കില്ല...കാരണം നീയിതെന്നോട് ചോദിച്ചു മേടിച്ചതാ...ഇറങ്ങി പോ..."

പുറത്തേക്ക് കൈ ചൂണ്ടി പറഞ്ഞതും കരഞ്ഞു കൊണ്ടിറങ്ങി പോകുന്ന വൈഷ്ണവിയെ കണ്ട് തന്റെ കണ്ണുകളും നിറഞ്ഞിരുന്നു...അവളിൽ നിന്നിങ്ങനെയൊരു സംസാരം താനൊട്ടും പ്രതീക്ഷിച്ചിരുന്നില്ല...എങ്കിലും തന്നെക്കുറിച് അവളിങ്ങനെയൊക്കെ ആണോ ചിന്തിച്ചു കൂട്ടിയിരിക്കുന്നത്...?? വിശപ്പോ ദാഹമോ ഒന്നും തോന്നിയിരുന്നില്ല...വൈകുന്നേരം വരെ മുറിയിൽ ചടഞ്ഞിരുന്നു...കാർത്തിയോടിത് പറഞ്ഞാൽ അവന്റെ പ്രതികരണം...?? ഓർക്കും തോറും നെഞ്ചിടിപ്പുയിരുന്നതവൾ അറിഞ്ഞിരുന്നു....

അടിവയറ്റിൽ കൊളുത്തിപിടിക്കുന്ന വേദന തോന്നിയപ്പോഴാണ് ചിന്തകളിൽ നിന്നുണർന്നത്...പ്രതീക്ഷിക്കാത്ത തിയതിയിൽ മാസമുറയെത്തിയതും പവി ആകെയൊന്ന് വിയർത്തിരുന്നു...ആരോടാണ് പറയേണ്ടത്...?? ജാനകിയമ്മ എങ്ങോട്ടേക്കോ പോയതാണ്...വൈഷ്ണവി ഇനി തന്നെ ശത്രുവിനെ പോലെയല്ലേ കാണു...കയ്യിലൊന്നും കരുതിയിട്ടില്ല,,,അതിനിടയിലാണ് അസഹ്യമായ വേദന...ശരീരം നന്നായി തളർന്നിരുന്നു...ഒരുനിമിഷം എന്തുചെയ്യണമെന്നറിയാതെ പവിയുടെ കണ്ണുകൾ നിറഞ്ഞ് തൂവി...ജീവൻ പോകുന്ന പോലെ തോന്നുന്നു...വയറിൽ അമർത്തി പിടിച് വേദന സഹിക്കുമ്പോഴും ഓർമ വന്നത് അച്ഛമ്മയെയാണ്...ഈ സമയങ്ങളിൽ അടുത്തിരുന്ന് പുറവും നടുവുമൊക്കെ അച്ഛമ്മ തിരുമ്മി തന്നിരുന്നു...തനിക്കിന്നും അത്ഭുതമാണ്,,,ആ സ്നേഹചൂടിൽ തന്റെ വേദനകൾ എങ്ങനെ അലിഞ്ഞില്ലാതാകുന്നുവെന്ന് അതിശയത്തോടെ ഓർത്തിട്ടുണ്ട്...കണ്ണിലാകെ ഇരുട്ട് കയറും പോലെ തോന്നിയത്തും ഭിത്തിയിലേക്ക് ചാരിയിരുന്നു...ദാവണിത്തുമ്പിലേക്ക് പടർന്നിരുന്ന ചുവപ്പ് ഉള്ളിലെ ആധിയുടെ ആഴം കൂട്ടിയതെയൊള്ളു...എന്തുചെയ്യണമെന്നറിയാതെ പൊട്ടിക്കരഞ്ഞു പോയിരുന്നു...ഒന്നെഴുന്നേറ്റ് നിൽക്കാൻ കൂടി സാധിക്കുന്നില്ല...ശരീരം കുഴഞ്ഞത് പോലെ...

ഒറ്റപ്പെടലിന്റെ വേദന എത്ര അസഹനീയമാണ്...തനിക്കിപ്പോ ആരുടെയെങ്കിലും സാമിഭ്യമൊ സഹായമോ ആവിശ്യമാണെന്ന് തോന്നിയിരുന്നു...വേദന കൊണ്ട് പുളയുമ്പോഴും അറിയാതെ സ്വന്തം അമ്മയെ ഓർത്തു പോയിരുന്നു....അച്ഛമ്മയുടെ അടുത്തേക്ക് പോകാൻ മനസ് വെമ്പിയിരുന്നു....കരച്ചിലിന്റെ ചീളുകൾ പാതിമുറിഞ് ആ മുറിയിൽ പൊട്ടിച്ചിതരുന്നുണ്ടായിരുന്നു...ഉച്ചത്തിലൊന്ന് കരയണമെന്നു തോന്നി...സാധിച്ചിരുന്നില്ല...ഈ മാസങ്ങളിൽ ഇത്രയും വേദന സഹിക്കുന്നത് ആദ്യമായിട്ടാണെന്ന് തോന്നിയിരുന്നു...ക്ലോക്കിലേക്ക് തലയെത്തിച് നോക്കിയതും ഏഴര കഴിഞ്ഞിട്ടുണ്ട്...തന്റെ അവസ്ഥ പറഞ്ഞു മനസിലാക്കാൻ പറ്റുന്ന ആരാണ് ഉള്ളത്...?? മനസ് കാർത്തിയെ ചൂണ്ടിക്കാണിച്ചതും ഉള്ളിലെ അപകർഷതാ ബോധം അതിന് സമ്മതിച്ചിരുന്നില്ല... 

കാർത്തിയുടെ ബുള്ളറ്റ് മുറ്റത്തേക്ക് വന്ന് നിർത്തിയപ്പോഴേ ഉള്ളിലൊരു കാളൽ പാഞ്ഞു കയറിയിരുന്നു...ഒപ്പം വയറിലേക്ക് കയ്യമർത്തി ശബ്ദമില്ലാതെ തേങ്ങുമ്പോഴും ഉള്ളിലൊരു പേടി മുളപൊട്ടുന്നതറിഞ്ഞു....

*പല്ലവീ......*

ദേഷ്യം നിറഞ്ഞ കാർത്തിയുടെ ശബ്ദം അവിടമാകെ പ്രതിധ്വനിച്ചതും വൈഷ്ണവി എല്ലാം പറഞ്ഞിട്ടുണ്ടാവുമെന്നവൾ ഉറപ്പിച്ചിരുന്നു...അവനായ് ഏൽപ്പിക്കുന്ന പ്രഹരം കൂടി താങ്ങാൻ തന്റെ ശരീരത്തിന് ത്രാണിയില്ലെന്ന് തോന്നിയതും പേടിയോടെയെങ്കിലും പവി എഴുന്നേൽക്കാനൊരു വിഭല ശ്രമം നടത്തിയിരുന്നു...എങ്കിലും നിരാശയായിരുന്നു ഫലം...കാര്യങ്ങൾ വ്യക്തമായി പറഞ്ഞിരുന്നില്ലെങ്കിലും പല്ലവി തന്നെ അടിച്ചുവെന്ന് മാത്രമായിരുന്നു വൈഷ്ണവി പറഞ്ഞത്...താൻ പെങ്ങളെ പോലെ കാണുന്നവളേ കൈ വെക്കാൻ കാണിച്ച ധൈര്യം കണ്ടറിയാനാണ് കാർത്തി അവളെ തിരക്കിയതും...പുറത്തൊന്നും കാണാതായതും ഉള്ളിലെ ദേഷ്യം ഇരട്ടിച്ചിരുന്നു...മുറിയിലേക്ക് പാഞ്ഞു കയറുമ്പോഴേ കണ്ടിരുന്നു ബെഡിന്റെ ഊരത്തായി ഇരിക്കുന്ന അവളെ...തന്നെ കൂസാതെ മുട്ടിന്മേൽ മുഖം താങ്ങിയിരിക്കുന്ന പവിയെ കണ്ടതും രാവിലെ താൻ കൊടുത്ത താക്കിത് അവളെത്ര നിഷ്പ്രയാസമാണ് പുച്ഛിച്ചു തള്ളിയതെന്നവനോർത്തു...വാതിലിൽ ആഞ്ഞടിച്ചെങ്കിലും അവളുടെ ഭാഗത്ത്‌ നിന്ന് പ്രതികരണമൊന്നുമില്ലാതെ വന്നതും കാർത്തി ബെഡിനടുത്തേക്ക് ചെന്ന് കൈകളിൽ പിടിച്ചവളെ കട്ടിലിൽ നിന്നും വലിച്ച് താഴെ നിർത്തി...തീ പാറുന്ന കണ്ണുകളോടെ അവളെ ഉറ്റുനോക്കിയതും കരഞ്ഞു കലങ്ങിയ മിഴികൾ കണ്ട് അവനൊരു സംശയത്താലേ അവളിലേക്ക് നോട്ടം പായിച്ചിരുന്നു...ഒരുനിമിഷം എന്തുപറ്റിയെന്ന് ചോദിക്കുന്നതിന് മുൻപ് അവശതയോടെ അവൾ അവനിലേക്ക് വേച്ചു വീണിരുന്നു....!!!

5

"പല്ലവി...എന്താടോ...?? എന്താ പറ്റിയെ...പല്ലവി..."

അവളെ താങ്ങിയെടുത്ത് കൊണ്ട് കവിളിൽ തട്ടി ചോദിക്കുമ്പോഴും എന്ത് പറയണമെന്നറിയാതെ ആകെയൊരു ജാള്യത വന്ന് മൂടുന്നതറിഞ്ഞു...ചോദ്യമാവർത്തിക്കുമ്പോഴും മനസിന്റെ കടിഞ്ഞാൺ ഒരു പൊട്ടിക്കരച്ചിലോടെ ആ നെഞ്ചിലേക്ക് ചേർന്നിരുന്നു...വേദന കണ്ണുനീരിലൂടെ പ്രതിഭലിക്കുന്നത് അറിഞ്ഞിരുന്നു...സ്വബോധം വന്നതും അല്പം ജാള്യതയോടെ മാറി നിന്നു...

"എനിക്ക്...എനിക്ക് ചെറിയൊരു തലവേദന..."

പറയുന്നത് കള്ളമാണെങ്കിലും തന്റെ  പ്രശ്നം എങ്ങനെ പറയണമെന്നറിയാതെ കുഴങ്ങി നിൽക്കുവാരുന്നു...പറഞ്ഞു തീരുന്നതിനു മുൻപ് മുന്നിലേക്ക് വേച്ചു വീഴാൻ പോയപ്പോഴേക്കും അവൻ തന്റെ കയ്യാൽ ചേർത്ത് പിടിച്ചിരുന്നു....അവളെ ബെഡിലേക്ക് ഇരുത്താൻ തുടങ്ങിയപ്പോഴാണ് കാർത്തി അവളെ ആകമാനമൊന്ന് നോക്കിയത്...കാര്യം മനസിലായതും അവളെ ബെഡിലിരുത്തി അവൻ പുറത്തേക്ക് പോയി...അവൻ അകന്ന് പോയതും വീണ്ടുമൊരു ഒറ്റപ്പെടൽ മനസിനാകെ വന്ന് മൂടിയിരുന്നു...എത്ര ഭീമാകാരമായ അവസ്ഥയാണിത്...വേദന കടിച്ചമർത്തുമ്പോഴും തനിക്കിതെങ്ങനെ സാധിക്കുന്നുവെന്ന് ഒരുനിമിഷം ഓർത്തു പോയി...തന്റെ വീട്ടിലായിരുന്നെങ്കിൽ നാലുപാടും പൊട്ടുമാറുച്ചത്തിൽ കരഞ്ഞിരുന്നു...ഓർക്കും തോറും സങ്കടം തികട്ടി വന്നിരുന്നു...അൽപ സമയത്തിന് ശേഷം കയ്യിലൊരു സ്റ്റീൽ ഗ്ലാസുമായി വരുന്ന കാർത്തിയെ സംശയത്തോടെ നോക്കിയിരുന്നു...

"എന്തായിത്...?? "

കയ്യിലെ ഗ്ലാസ്സിലേക്കും കാർത്തിയുടെ മുഖത്തെക്കും മാറി മാറി നോക്കി കൈകൾ  വയറിലമർത്തിക്കൊണ്ടവൾ ചോദിച്ചു...

"ഉലുവ അരച്ചതാ...ഈ സമയങ്ങളിൽ വൈശുന് അമ്മ കൊടുക്കുന്നത് കണ്ടിട്ടുണ്ട്...ചവർപ്പ് കാണും...കാര്യമാക്കണ്ട...ഇത് കുടിക്ക്..."

ഗൗരവം കൈവിടാതെ ശാന്തമായി പറഞ്ഞതും ഉള്ളിലെ നീറ്റലിന്റെ ആക്കം കുറയുന്നതറിഞ്ഞിരുന്നു...മെല്ലെ അത് കുടിക്കുമ്പോഴും ചവർപ്പ് കൊണ്ട് കണ്ണുകൾ ഇറുക്കെ അടച്ചിരുന്നു...അപ്പോഴും ശ്രദ്ധിച്ചിരുന്നില്ല,,,തന്റെ നഖങ്ങൾ കാർത്തിയുടെ കയ്യിൽ നീറ്റലുണ്ടാക്കുന്നത്...ഒരുനിമിഷം തന്റെ മുന്നിലിരിക്കുന്നത് വൈശുവാണെന്നവൻ ഓർത്തു പോയി...ഒരു ചെറിയ വേദന പോലും അവൾക്ക് സഹിക്കാൻ പറ്റിയിരുന്നില്ല...ഒരു തൊട്ടാവാടിപെണ്ണ്...ഈ സമയങ്ങളിൽ അവൾ കരയുന്നത് ഒരുപാട് കണ്ടിട്ടുണ്ട്...അപ്പോഴൊക്കെയും തന്റെയൊരു തലോടൽ മതിയായിരുന്നു അവള്ടെ എല്ലാ വേദനയും മാറാൻ...

"തനിക്ക് വയറ് വേദനിക്കുന്നുണ്ടോ...?"

ഗ്ലാസ് കയ്യിലേക്ക് വാങ്ങിയവൻ ചോദിച്ചതും പവി ഒരു പിടച്ചിലോടെ അവനെ തലയുയർത്തി നോക്കി...എന്താണ് പറയേണ്ടത്...?? അറിയില്ല...പരിഭ്രാമത്തോടെ പുതപ്പിലേക്ക് ഒതുങ്ങിക്കൂടാൻ ശ്രമിച്ചതും കാർത്തി കണ്ണുകൾ കൊണ്ട് രൂക്ഷമായൊന്ന് നോക്കി...ദാവണി മാറ്റി വയറിലേക്ക് കൈയ്യമർത്തുമ്പോൾ ഒരുപക്ഷേ ആ സ്പർശനം തന്നെയാണ് തന്റെ വേദനകൾ നീക്കുന്നതെന്ന് തോന്നിയിരുന്നു...വയറിൽ കൈകൊണ്ട് തലോടുന്നതിനോടൊപ്പം കാർത്തി മറ്റെന്തോ ആലോചനയിലാണെന്ന് മനസിലായിരുന്നു...ഒരുനിമിഷം ആ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു പോയി...വൈശാലി എത്ര ഭാഗ്യവതിയായിരുന്നിരിക്കാം...?? കാർത്തിയുടെ സ്നേഹം കുറച്ച് നാളത്തെക്കെങ്കിൽ പോലും  അനുഭവിക്കാൻ അവൾക്ക് ഭാഗ്യം ലഭിച്ചില്ലേ...?? 

"വേദന കുറവുണ്ടോ...?? "

തിരുമ്മുതിനൊപ്പം മുഖത്തേക്ക് നോട്ടമെറിഞ്ഞു ചോദിച്ചതും ആശ്വാസത്തോടെ തലയാട്ടി കാണിച്ചു...മനസൊരുപാട് സന്തോഷിക്കുന്നുണ്ട്...എന്തിനാണത്..?ഒരുപക്ഷേ കാർത്തിയുടെ സാമിഭ്യം പോലും തനിക്ക് സന്തോഷമായിരിക്കാം...

"ഓരോ തുള്ളി രക്തവും ഇറ്റ് വീഴുമ്പോളും ബോധ്യമുണ്ട് അമ്മയാവാനുള്ള തന്റെ പ്രയാണത്തിലെ ഒരേട് മാത്രമാണിതെന്ന്...പുരുഷനിൽ നിന്ന് മറച്ചു വെയ്ക്കേണ്ട ഒരു രഹസ്യവുമല്ലിത്...സ്വന്തം ശരീരത്തെ നോവിപ്പിച് കൊണ്ട് പുതുജീവന് ജന്മം നൽകുന്ന പെണ്ണിനോട് പ്രണയത്തെക്കാൾ ഉപരി സ്നേഹത്തേക്കാൾ ഉപരി എനിക്ക്  ബഹുമാനമാണ്,,,ആരാധനയാണ്...അത് തോന്നോടായാലും ഞാൻ അറിയാത്ത എന്റെ അമ്മയോടായാലും..."

പ്രണയത്തിൽ നിന്ന് ആ മനസിന്റെ നന്മയിലേക്ക് ആരാധനയോടെ നോക്കുമ്പോഴും കണ്ണുകൾ അറിയാതെ നിറഞ്ഞിരുന്നു... 

*പെണ്ണിനെ അറിയാൻ പെണ്ണാവണമെന്നില്ലടോ,,,ഒരു പെണ്ണിന് പിറന്നവനാണെന്ന ബോധമുണ്ടായാൽ മതി...അനാഥനെങ്കിലും കാർത്തികേയന് ആ ബോധം ആവോളമുണ്ട്....*

കാർത്തിയുടെ ആ വാക്കുകളിൽ അറിയുകയായിരുന്നു ഒരു പുരുഷൻ പെണ്ണിനെ എങ്ങനെ മനസിലാക്കുന്നുവെന്ന്...പുറത്തേക്കിറങ്ങാൻ വന്ന കാർത്തിയുടെ കയ്യിൽ പിടിച്ചു ഒരുനിമിഷം നിർത്തി...സ്വന്തം മനസാക്ഷിയിൽ ചെയ്തത് നൂറ് ശതമാനം ശരിയായിരുന്നെങ്കിലും കാര്യമറിയാത്ത കർത്തിക്ക് മുന്നിൽ താൻ തെറ്റുകാരിയാണ്...

"ഞാൻ മനഃപൂർവം അടിച്ചതല്ല...അങ്ങനെ ഒക്കെ പറഞ്ഞപ്പോ,,,നിയന്ത്രണം വിട്ട് പോയിട്ടാ..."

അത്രയും പറഞ്ഞാ കൈ വിടുമ്പോഴേക്കും കാര്യമറിയാതെയവൻ നെറ്റിചുളിച്ചിരുന്നു...കാര്യങ്ങളുടെ ഏകദേശരൂപം സൂചിപ്പിച്ചതും അവനൊന്ന് മൂളിക്കൊണ്ട് പുറത്തേക്ക് പോയി...അരമണിക്കൂറിനു ശേഷം വന്ന കാർത്തിയുടെ കയ്യിൽ രണ്ട് മൂന്ന് കവറും ഉണ്ടായിരുന്നതവൾ ശ്രദ്ധിച്ചു... 

"നിനക്ക് ആവിശ്യമുള്ളതെല്ലാം ഇതിലുണ്ട്...കെട്ടിയ താലിയുടെ കടമയാണെന്ന് വിചാരിക്കരുത്...മനുഷ്യത്വം എന്നൊരു വികാരം ഉള്ളത് കൊണ്ട് മാത്രം..."

ഗൗരവത്തോടെ അത്രയും പറഞ്ഞിറങ്ങി പോകുന്ന കാർത്തിയെ പുഞ്ചിരിയോടെ നോക്കി...കാർത്തികേയനെന്ന മനുഷ്യനെ ഇനിയും അറിയാനുണ്ടെന്ന് തോന്നി...തനിക്ക് പിടിതരാതെ നടക്കുകയായാണ്,,,എങ്കിൽ പോലും അതിനും ഒരു സുഗമുണ്ടെന്ന് തോന്നിയിരുന്നു...സമയം കളയാതെ വേഗം ചെന്ന് കുളിച്ചു ഡ്രസ്സ്‌ മാറി...ഒരുവിധം ആശ്വാസം തോന്നിയിരുന്നു...ബെഡ്ഷീറ്റ് മാറ്റി വിരിയ്ക്കുമ്പോഴാണ് വാതിലിനടുത്തൊരു നിഴലനക്കം ശ്രദ്ധിച്ചത്...പിന്നിലേക്ക് തിരിഞ്ഞതും തല കുനിച്ച് നിൽക്കുന്ന വൈഷ്ണവിയെ കണ്ട് കാര്യമെന്തെന്നറിയാതെ അവളെ സംശയത്തോടെ നോക്കിയിരുന്നു... 

"ഞാൻ പറഞ്ഞത് തെറ്റായിരുന്നു...സോറി,,,ഇനി ഞാനിതാവർത്തിക്കില്ല..."

അത്രയും പറഞ്ഞ് തിരിഞ്ഞു പോകാൻ തുടങ്ങിയതും പവി അധരങ്ങളിൽ വിരിഞ്ഞ പുഞ്ചിരിയോടെ അവളെ കയ്യിൽ പിടിച്ചു ബെഡിലേക്ക് കൊണ്ടുവന്നിരുത്തി...ചൂണ്ട് വിരൽ കൊണ്ട് മുഖമുയർത്തിയതും നിറഞ്ഞ് നിൽക്കുന്ന അവളുടെ മിഴികൾ കണ്ട് പവി സഹതാപത്തോടെ അവളിലേക്ക് നോട്ടമയച്ചു...

"വൈഷ്ണവി,,,എന്താടാ...?? "

ആ ചോദ്യം മതിയായിരുന്നു അടക്കി നിർത്തിയ കണ്ണുനീർ പുറത്തേക്ക് വരാൻ...പവിയെ വട്ടം ചുട്ടിപ്പിടിച് പൊട്ടിക്കരയുന്ന വൈഷ്ണവിക്ക് ആശ്വാസമെന്നോണം പവി പതിയെ അവള്ടെ മുടിയിലൂടെ തലോടിക്കൊണ്ടിരുന്നു...കരച്ചിലൊരുവിധം അടങ്ങിയതും കണ്ണുനീര് തുടച്ചവൾ എഴുന്നേറ്റു...

"ചേച്ചി,,,ഞാൻ ശരിക്കും ചേച്ചിയെ വേദനിപ്പിക്കാൻ തന്നെയാ അങ്ങനെയൊക്കെ പറഞ്ഞത്...അമ്മേടെ കഷ്ടപ്പാട് കാരണം എനിക്കിഷ്ടല്ലാരുന്നു നിങ്ങളെ...എന്റെ വൈശുവേച്ചിടെ സ്ഥാനം നിങ്ങള് തട്ടിയെടുക്കാൻ നോക്കുവാണെന്നു തോന്നിയത് കൊണ്ടാ ഞാൻ അങ്ങനെ ഒക്കെ പറഞ്ഞെ..."

"എന്നിട്ടിപ്പോ എന്നോടുള്ള ദേഷ്യവൊക്കെ എങ്ങനെയാ പോയെ...?? "

പവി ഒരുതരം വാത്സല്യത്തോടെ ചോദിച്ചതും വൈഷ്ണവി രണ്ട് കൈ കൊണ്ടും കണ്ണുകൾ അമർത്തി തുടച്ചു... 

"കാർത്തിയേട്ടൻ പറഞ്ഞാ എനിക്ക് മനസിലാകും...ഏട്ടന്റെ അനിയത്തി അല്ലെ ഞാൻ,,,,എന്റെ ഭാഗത്ത്‌ നിന്നെന്തേലും തെറ്റുണ്ടായാൽ പറഞ്ഞു മനസിലാക്കാനാകും ഏട്ടനാദ്യം ശ്രമിക്കുന്നത്...ഏട്ടൻ പറഞ്ഞിട്ടുണ്ട് നമ്മൾ തെറ്റ് ചെയ്‌താൽ അതേറ്റു പറയാനും ക്ഷമ ചോദിക്കാനും മടിക്കരുതെന്ന്...ഒരുപക്ഷേ ഈ കാര്യത്തിൽ ഏട്ടനെന്നെ തല്ലിയിരുന്നെങ്കിൽ എന്റെ ഉള്ളിൽ വാശി കൂടുകയേ ഉണ്ടാകു...അങ്ങനെയുള്ള ഏട്ടന്റെ വാക്കുകളെ ഞാനെങ്ങനെയാ ചേച്ചി തള്ളിക്കളയുന്നെ...."

വൈഷ്ണവിയുടെ ഓരോ വാക്കുകളിലും ഏട്ടനോടുള്ള സ്നേഹം നിഴലിച്ചിരുന്നു...പവിക്ക് സ്വയം ലജ്ജ തോന്നിയിരുന്നു,,,എന്തൊക്കെയാണ് താൻ ചിന്തിച്ചു കൂട്ടിയത്...അവർക്കിടയിലെ മനോഹരമായ സഹോദരബന്ധം മനസിലാക്കാൻ തനിക്കെന്തുകൊണ്ട് കഴിഞ്ഞില്ല...?? ഉള്ളിൽ കുറ്റബോധം തോന്നിയിരുന്നു...അൽപ നേരത്തെ നിശബ്ദതയ്ക്കൊടുവിൽ പവി തന്നെ മൗനം ഭേദിച്ചിരുന്നു....

"വൈശാലി എഴുതുമോ...?? "

ഒരുനിമിഷത്തെ മൗനത്തിന് ശേഷം വൈഷ്ണവി ചുണ്ടിലൊരു പുഞ്ചിരി വരുത്തി പറഞ്ഞു തുടങ്ങി... 

"ഉം....വൈശുവേച്ചി എഴുതുമായിരുന്നു...പക്ഷേ ഏട്ടന് വേണ്ടി മാത്രേ ആ തൂലിക ചലിച്ചിരുന്നുള്ളു...ഞാൻ കണ്ടറിഞ്ഞതാണ് അവരുടെ പ്രണയം...ചേച്ചി കേട്ടിട്ടില്ലേ,,,ശിവന്റെയും സതിയുടെയും ആത്മാവിലലിഞ്ഞു ചേർന്ന  പ്രണയം...അത്രയ്ക്കും ആഴത്തിലുള്ള പ്രണയമായിരുന്നവരുടെ...കണ്ടുനിൽക്കുന്നവർ പോലും അവരൊരിക്കലും പിരിയരുതേയെന്ന് ആഗ്രഹിച്ചു പോകും...പക്ഷേ,,,ഈ ജന്മം എന്റെ ചേച്ചിക്ക് ഏട്ടനെ വിധിച്ചിട്ടില്ല...ചേച്ചീടെ പിറന്നാളിന്റെ അന്നാ ഞങ്ങൾ മറക്കാനാഗ്രഹിക്കുന്ന ആ ദുരന്തം നടന്നത്...ചേച്ചി ഞങ്ങളെ വിട്ട് പോയപ്പോ ഏട്ടന്റെ അവസ്ഥ,,,ഇന്നും ഓർക്കുമ്പോ പേടിയാകും...അത്രയ്ക്ക് ഭ്രാന്തമായിരുന്നു ചേച്ചി...അഞ്ചു വർഷങ്ങൾക്കിപ്പുറവും എന്റെ ചേച്ചി അതേ പ്രഭയോടെ ആ മനസിലുണ്ടെങ്കിൽ ഏട്ടന്റെ പ്രണയം എത്ര തീവ്രമായിരുന്നിരിക്കും...?? അതിന് ശേഷം ഏട്ടനൊന്ന് മനസ് തുറന്ന് പുഞ്ചിരിക്കുന്നത് ഞങ്ങളാരും കണ്ടിട്ടില്ല...ആ മുഖത്തൊരു പുഞ്ചിരി വിരിയുന്നെങ്കിൽ തന്നെ ഞങ്ങളെ ബോധിപ്പിക്കാനെന്നോണം മാത്രമായിരുന്നു...ഏട്ടനെങ്കിലും നല്ലൊരു ജീവിതം കിട്ടണെന്നാ ഞങ്ങളാഗ്രഹിക്കുന്നത്...തെറ്റ് എന്റേത് തന്നെയാ...ചേച്ചിയെ മനസിലാക്കാൻ ഞാൻ ശ്രമിച്ചില്ല...പക്ഷേ ഒന്ന് ഞാൻ പറയാം ഒരുപക്ഷേ ഈ ജന്മം എന്റെ ഏട്ടന്റെ ജീവന്റെ പാതിയാകേണ്ടവൾ ചേച്ചിയായിരിക്കാം...ഏട്ടന്റെ മുഖത്തെ പുഞ്ചിരി തിരിച്ചു കൊണ്ടുവരാൻ ഒരുപക്ഷേ ചേച്ചിക്ക് സാധിക്കും...ഇനി ഞാൻ കൂടെയുണ്ടാകും..."

പുഞ്ചിരിയോടെ അത്രയും പറഞ്ഞ് നിർത്തിയ വൈഷ്ണവിയെ ആശ്ചര്യത്തോടെ നോക്കിയിരുന്നു...ഒരു കഥ പോലെ മനസിലെക്കെല്ലാം ഓടിയെത്തുന്നുണ്ട്...ഉള്ളിലെ കാർത്തികേയനെന്ന വിഗ്രഹത്തിന് മൂല്യമേറുകയായിരുന്നു...

"ചേച്ചിയിനിയെന്നെ വിച്ചുന്ന് വിളിച്ചാ മതിട്ടോ..അതാ എനിക്കും ഇഷ്ടം...പിന്നെ,,,അടുത്ത ആഴ്ച കഴിഞ്ഞാൽ ഏട്ടന്റെ പിറന്നാളാ...വൈശുവേച്ചി ഉണ്ടായിരുന്നപ്പോ ഏട്ടന്റെ ഓരോ പിറന്നാളും ഓർത്തിരുന്ന് ആഘോഷിക്കുവായിരുന്നു...ഏട്ടനിതിനോടൊന്നും താല്പര്യമില്ലെങ്കിലും എല്ലാം ചേച്ചിയുടെ ഇഷ്ടത്തിന് വിട്ട് കൊടുക്കും..."

ഓർമയുടെ താളിൽ നിന്ന് ഓർത്തെടുത്ത് വേദന കലർന്ന പുഞ്ചിരിയോടെ പറയുന്ന വിച്ചുവിനെ നോക്കിയിരിക്കുമ്പോഴും മനസിലൊരു ആത്മവിശ്വാസം നിറഞ്ഞിരുന്നു...മഹാദേവൻ പാർവതിയെ വരിച്ചെങ്കിൽ എന്തുകൊണ്ട് കാർത്തികേയന് പല്ലവിയെ സ്വീകരിച്ചുകൂടാ...?? പക്ഷേ കാത്തിരിക്കണം,,,ആ മനസിലെ മുറിവുണങ്ങും വരെ...

"രാത്രിയാകുന്നു...ഏട്ടൻ വരുവോളം ഞാൻ കൂട്ടിരിയ്ക്കണോ ചേച്ചി...??അല്ലെങ്കിൽ ഏട്ടന്റെ ഫോൺ നമ്പർ വേണോ..?? "

വിചുവിന്റെ ചോദ്യം ഒരു ഞെട്ടലോടെയാണ് കേട്ടത്...

"കാർത്തിക്ക് അതിന് ഫോണുണ്ടോ..? "

"എന്ത് ചോദ്യവാ ചേച്ചി...ഈ കാലത്ത് ഫോണില്ലാത്തവർ ഉണ്ടോ...ചേച്ചി കാണാഞ്ഞിട്ടായിരിക്കും..."

തന്നെ പറ്റിച്ചതാണ്...ഒറ്റക്കൊമ്പന് ഇതിനുള്ളത് തരാട്ടോ...മനസ്സിൽ പറഞ്ഞ് വിച്ചുവിനെ യാത്രയാക്കുമ്പോഴും 
തന്റെ മുഖത്തെ പുഞ്ചിരി കണ്ട് വിചുവിന്റെ ചുണ്ടിലും മനോഹരമായൊരു പുഞ്ചിരി വിരിഞ്ഞിരുന്നു....അവൾ യാത്ര പറഞ്ഞ് പോകുമ്പോഴും ഉള്ളിലെ സന്തോഷം മായാതെ നിന്നിരുന്നു...മനസ്സിൽ ചില തീരുമാനങ്ങൾ ഉറപ്പിക്കുമ്പോഴും പിന്നിലായ് വരുന്ന തടസങ്ങളെ മനഃപൂർവം തന്നെ മനസ്സിൽ നിന്നും മായ്ച് കളഞ്ഞിരുന്നു...നേരമൊരുപാടായിട്ടും കാർത്തിയെ കാണാതായതും പവി മെല്ലെ മുറിക്ക് പുറത്തേക്കിറങ്ങി...താൻ കിടക്കുന്ന മുറിയ്ക്ക് നേരെയുള്ളതാണ് കാർത്തിയുടെ മുറി...പ്രത്യേകിച്ച് ചെയ്യാനൊന്നുമില്ലാത്തത് കൊണ്ട് തന്നെ പതിയെ അകത്തേക്ക് കയറി ചുറ്റിലുമൊന്ന് നോക്കി...ഹാള് പോലെയല്ല...നല്ല വൃത്തിയുണ്ട് അകത്ത്...മുന്നിലെ തടിയലമാരയിൽ മുഖമൊന്നു നോക്കിയ ശേഷംപാതി തുറന്ന് കിടന്ന വാതിൽ മുഴുവനായും തുറന്ന് നോക്കി...ഉദ്ദേശം വൈശാലിയുടെ ഒരു ഫോട്ടോ തന്നെയായിരുന്നുവെങ്കിലും നിരാശയായിരുന്നു ഫലം...

വാതിൽ അടയ്ക്കാൻ നിന്നപ്പോഴാണ് തട്ടിന്റെ ഏറ്റവും മുകളിലായി പച്ചക്കളറിലുള്ള സ്വർണമുത്തുകൾ പിടിപ്പിച്ചൊരു തുണി കണ്ടത്...ഒറ്റ നോട്ടത്തിൽ തോന്നിയ ആകര്ഷണത്താൽ അത് പുറത്തെടുക്കുമ്പോഴും അത്ഭുതത്താൽ കണ്ണുകൾ വിടർന്നിരുന്നു...കരിമ്പച്ച കളറിലുള്ള ബ്ലൗസിൽ ഗോൾഡൻ ബ്രീഡ്സ് നെക്ക് ഡിസൈൻ....ഇരുകൈയിലുമായി  വാൽക്കണ്ണാടി...ദാവണിയാണ്...വെള്ളക്കളർ ഷാളും വലിയ പാവാടയും...കൈകൾ മൃദുലമായി അതിനെ തഴുകിയിരുന്നു...കണ്ണുകൾ അതിലേക്ക് തന്നെ കൂടുതൽ കൂടുതൽ ആകർഷിച്ചതും മറ്റൊന്നും ആലോചിക്കാതെ പവി മെല്ലെ അതുമെടുത്ത് മുറിയിലേക്ക് നടന്നു... അതിട്ട് കണ്ണാടിയുടെ മുന്നിൽ വന്ന് തിരിഞ്ഞും മറിഞ്ഞും നോക്കി...അത്ഭുതം തോന്നി,,ഇത്തരം വസ്ത്രങ്ങളിടുമ്പോൾ തന്നിലുണ്ടാകുന്ന ഐശ്വര്യം ഒരു മോഡേൺ ഡ്രെസ്സിനും തരാൻ കഴിയില്ല...അപ്പോഴാണ് ചിന്തകളിലൊരു ചോദ്യം വന്നത്...ആരുടേതാവുമിത്...?? ഇനി,,,ഇനി ഒരുപക്ഷേ വൈശുവിന്റെ ആയിരിക്കുമോ...?? അങ്ങനെയെങ്കിൽ താനിത് ഇട്ട് കണ്ടാൽ കാർത്തിയുടെ പ്രതികരണം എന്താകും...?? മുന്നും പിന്നും നോക്കാതെ എടുത്ത് ചാടിയത് അബദ്ധമായിപ്പോയോയെന്ന് ഒരുനിമിഷം ആലോചിച്ചു...

കാർത്തി വരുന്നതിന് മുന്നേ തന്നെ ഇത് എടുത്തിടത്ത് തന്നെ വയ്ക്കണം...ഇല്ലെങ്കിൽ നിമിഷങ്ങൾക്ക് മുൻപ് ശാന്തമായിരുന്ന മുഖത്ത് രക്തവർണ്ണം വിരിയുന്നത് സ്വയം കണ്ടു നിൽക്കേണ്ടി വരും....ഡ്രസ്സ്‌ മാറാനായി വെപ്രാളത്തോടെ പോകാൻ നിൽക്കുമ്പോഴാണ് വാതിലിൽ ശക്തമായ കൊട്ട് കേൾക്കുന്നത്...ഒരുനിമിഷം ശ്വാസം നിലച്ചുപോയത് പോലെ നിന്നുപോയി...ഇനിയെന്താണ് ചെയ്യേണ്ടത്...?? അറിയില്ല...കയ്യും കാലും വിറയ്ക്കാൻ തുടങ്ങിയിരുന്നു...ഒരുപക്ഷേ തന്റെ അവസ്ഥ ഓർത്ത് വെറുതെ വിടുമോ...?? ഹൃദയമിടിപ്പ് വേഗത്തിൽ കുതിച്ചുയരാൻ തുടങ്ങിയിരുന്നു....വീണ്ടും വീണ്ടും വാതിലിൽ കൊട്ട് കേൾക്കാൻ തുടങ്ങിയതും വിറയ്ക്കുന്ന കാലടികളോടെ മുൻവാതിലിന്റെ അടുത്തേക്ക് നടന്നു...വിറച്ചു കൊണ്ട് വാതിൽ തുറന്നതും കട്ടിളപ്പടിയിൽ കൈ ചാരി നിൽക്കുന്ന കാർത്തിയെ കണ്ട് നെഞ്ചിൽ ശ്വാസം കുരുങ്ങിയ പോലെ നിന്നുപോയി...തന്നെ ശ്രദ്ധിക്കാതെ അകത്തേക്ക് കടക്കാൻ വന്ന കാർത്തിയെ അപ്പോഴാണ് ശ്രദ്ധിക്കുന്നത്,,,ഒറ്റനോട്ടത്തിൽ കുടിച്ചിട്ടുണ്ടെന്ന് മനസിലായിരുന്നു...ഒരുവിധത്തിൽ അതൊരു ആശ്വാസം പോലെ തോന്നിയിരുന്നു...നെഞ്ചിൽ കൈ വെച്ച് ആശ്വാസത്തോടെ മുറിയിലേക്ക് രക്ഷപെടാൻ തിടുക്കം കൂട്ടിയപ്പോഴാണ് കയ്യിലൊരു പിടി വീണത്...പെട്ടന്ന് ഹൃദയം നിലച്ച പോലെ തോന്നിയിരുന്നു...കാലുകൾ ചലനം നഷ്ടപ്പെട്ട പോലെ ഉറച്ചു നിന്നു...

*വൈശൂ.......*

ഹൃദയത്തിലേക്ക് തുളഞ്ഞു കയറിയ വേദനയോടെയുള്ള കാർത്തിയുടെ വിളി കേട്ടതും ഒരു പിടച്ചിലോടെ തിരിഞ്ഞു നോക്കിയിരുന്നു... 

6

*വൈശൂ.......*

ഹൃദയത്തിലേക്ക് തുളഞ്ഞു കയറിയ വേദനയോടെയുള്ള കാർത്തിയുടെ വിളി കേട്ടതും ഒരു പിടച്ചിലോടെ തിരിഞ്ഞു നോക്കിയിരുന്നു...ആ കണ്ണുകളിൽ ആശ്ചര്യമോ വിഷാദമോ മനസിലാക്കാൻ തനിക്ക് സാധിക്കുന്നില്ല...തന്റെ ഇരുകവിളിലേക്കും കൈകൾ ചേർത്ത് നിമിഷങ്ങളോളം കണ്ണുകളിലേക്ക് നോക്കിനിൽക്കുന്ന കാർത്തികേയൻ തനിക്ക് പുതിയൊരാളാണെന്ന് തോന്നിയിരുന്നു...പതിയെ മൂർദ്ധാവിലേക്ക് ചുണ്ടുകൾ ചേർക്കുമ്പോഴും അറിയാതെയൊരു നോവ് ഉള്ളിൽ പടർന്നിരുന്നു...ആദ്യചുംബനം...പക്ഷേ മനസ്സറിഞ്ഞു അതിനെ സ്വീകരിക്കാൻ തനിക്കാവുന്നില്ല...ആ മനസ്സിലും ചിന്തകളിലും വൈശാലിയല്ലാതെ മാറ്റാരുമില്ലന്ന ചിന്ത മനസിനെ പിടിച്ചുലച്ചിരുന്നു...

ചിന്തകളിലെവിടെയോ കണ്ണുകൾ നിറഞ്ഞപ്പോഴാണ് ബോധം വന്നത്...കാർത്തി തന്നെ ഇറുക്കെ പുണർന്നിട്ടുണ്ട്...മറ്റാർക്കും വിട്ടുകൊടുക്കില്ലെന്ന പോലെ,,,തനിച്ചാക്കരുതെന്നപേക്ഷിക്കും പോലെ...മനസ്സപ്പോഴും കലങ്ങി മറിയുകയായിരുന്നു...താനെന്തിന് സമാധാനിക്കണം...?? താൻ വൈശാലി ആണെന്ന് വിചാരിച്ചത് കൊണ്ട് മാത്രമാണിപ്പോ ഈ സാമിഭ്യം തനിക്കരുകിലെത്തിയത്... 

"വൈശു...എനിക്ക്...എനിക്കിനിയും പറ്റില്ല മോളെ എല്ലാവരുടെയും മുന്നിൽ സന്തോഷം അഭിനയിക്കാൻ...ചങ്ക് പൊട്ടിപ്പോകുവാ...വയ്യടി,,,എനിക്ക്...എനിക്ക് നീ ഇല്ലാതെ പറ്റില്ലടി...വൈശു...ഇനിയും എന്നെ തനിച്ചാക്കല്ലേ..."

എന്തൊക്കെയോ പുലമ്പിക്കൊണ്ട് വേച്ചുവീഴാൻ തുടങ്ങിയ കാർത്തിയെ പവി ഒരുവിധം പിടിച്ച് അടുത്ത് കിടന്ന സെറ്റിയിലേക്ക് കിടത്തി...അവനപ്പോഴും ഒരു കയ്യാൽ അവളെ ചേർത്ത് പിടിച്ചിരുന്നു...കാർത്തിയുടെ തലയെടുത്ത് മടിയിലായി വെച്ച് പവി പതിയെ മുടിയിഴകളിലൂടെ തഴുകിക്കൊണ്ടിരുന്നു...അപ്പോഴും അവന്റെ നെഞ്ചിലായി പവിയുടെ കൈകൾ ചേർത്ത് പിടിച്ചവൻ  സ്ഥാനമുറപ്പിച്ചിരുന്നു...ഒരു കൊച്ചു കുട്ടിയുടെ ഭാവത്തോടെ എന്തൊക്കെയോ പുലമ്പുന്ന കാർത്തിയെ അവളൊരു മന്ദാഹാസത്തോടെ നോക്കി...അല്പം കുനിഞ് കാർത്തിയുടെ നെറ്റിയിൽ അധരങ്ങൾ ചേർക്കുമ്പോഴും മനസ് പതിയെ ശാന്തമാകാൻ തുടങ്ങിയിരുന്നു....*എന്നാ ഈ നെഞ്ചിൽ എനിക്കൊരു സ്ഥാനം ഉണ്ടാകുന്നെ...?? കാത്തിരുന്നോട്ടെ ഞാൻ,,,.?? * മൗനമായി ചോദിച്ചുകൊണ്ടവൾ അവനെ നോക്കിയിരുന്ന് എപ്പോഴോ പതിയെ നിദ്രയിലേക്ക് വഴുതി വീണിരുന്നു...

കണ്ണുകളിലേക്ക് സൂര്യപ്രകാശം അരിച്ചിറങ്ങിയതും വലതു കൈപ്പത്തി കണ്ണിന് കുറുകെ വെച്ച് വീണ്ടും ഉറക്കത്തിലേക്ക് തെന്നി മാറാൻ തുടങ്ങിയപ്പോഴാണ് കാർത്തി ഞെട്ടലോടെ കണ്ണ് തുറന്ന് ചുറ്റുമൊന്ന് നോക്കിയത്...ഭിത്തിയോട് തല ചേർത്ത് ഉറങ്ങുകയായിരുന്ന പവിയെ കണ്ടതും അവനൊരു ആശ്ചര്യത്തോടെ ചാടിയെഴുന്നേറ്റു...ഇന്നലെ രാത്രി നടന്നതെന്താണെന്ന് ഒരുനിമിഷം അവനൊന്നു ഓർത്തു നോക്കി,,,ഇല്ല...ഓർമയിലേക്കൊന്നും വരുന്നില്ല...കൈ ചുരുട്ടി നെറ്റിയിൽ പതിയെ ഇടിച്ചപ്പോഴാണ് അവനവളെ ആകെയൊന്ന് ശ്രദ്ധിക്കുന്നത്...ആ ഒരുനിമിഷം മതിയായിരുന്നു അവന്റെ മുഖത്തെയും ശരീരത്തിലെയും ഞരമ്പുകൾ വലിഞ്ഞു മുറുകാൻ...ഇതേ സമയം പതിയെ കണ്ണുകൾ ചിമ്മിത്തുറന്ന പവി മുന്നിൽ നിൽക്കുന്ന കാർത്തിയെ കണ്ട് ഒരു പിടച്ചിലോടെ എഴുന്നേറ്റ് നിന്നു...അവന്റെ മുഖത്തെ രക്തചുവപ്പ് കണ്ട് ഭയം തോന്നിയെങ്കിലും അവനെതിരെ പ്രയോഗിക്കാനുള്ള തുറുപ്പ് ചീട്ട് ആലോചിക്കുന്ന തിരക്കിലാരുന്നവൾ... 

"ആരോട് ചോദിച്ചിട്ടാടി നീയിതെടുത്തിട്ടെ...?? ആരാ നിനക്കതിനു ധൈര്യം തന്നേ...??"

ഉള്ളിലെ വേദന ദേഷ്യമായി പുറത്ത് വന്നതും അവന് സ്വയം നിയന്ത്രിക്കാനായില്ല...പവിയുടെ മുടിയിൽ കുത്തിപ്പിടിച് ഭിത്തിയോട് ചേർക്കുമ്പോഴും ജീവൻ നിലച്ചു കിടന്ന വൈശാലിയുടെ മുഖവുമായിരുന്നു  മനസ്സിൽ,,,അവൾക്കായ് ഇത് കൊണ്ടുവന്നപ്പോൾ തന്നെ സ്വീകരിച്ചത് അവള്ടെ മരണവാർത്തയായിരുന്നു...അവന്റെ പെട്ടന്നുള്ള ഭാവമാറ്റത്തിൽ ഒരുനിമിഷം പവി പകച്ചെങ്കിലും ഒരുവിധം ആത്മധൈര്യം കയ്യിലെടുത്തവൾ അവനെ പിന്നിലേക്ക് ആഞ്ഞു തള്ളി...

"എനിക്കാരോടും ചോദിക്കേണ്ട ആവിശ്യമില്ല...കാരണം ഞാൻ നിങ്ങളുടെ ഭാര്യയാണ്...നിങ്ങളെന്റെ കഴുത്തിൽ താലി ചാർത്തിയത് മുതൽ നിങ്ങളിൽ എന്നേക്കാൾ അവകാശമുള്ള മാറ്റാരുമില്ല...പിന്നെ,,,, ഇന്നലെ ഒന്നും കണ്ടില്ലാരുന്നല്ലോ ഈ ദേഷ്യം,,,എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞപ്പോഴും ഒന്നും...അപ്പോഴും കണ്ടില്ലാരുന്നോ ഞാനീ ഡ്രസ്സ്‌ എടുത്തിട്ടത്...?? "

അവളുടെ ആ ഒറ്റചോദ്യത്തിൽ കാർത്തി സ്തബ്ദനായി നിന്നു പോയി...ഒരുനിമിഷം അവനൊന്നു ചിന്തിച്ചു നിന്നു...ഇന്നലെ സംഭവിച്ചതെന്താണെന് പോലും തനിക്കോർമ്മയില്ല...പിന്നെങ്ങനെയൊന്ന് എതിർത്തെങ്കിലും പറയും...?? ആകെ കൂടി ഭ്രാന്ത് പിടിപ്പിക്കുന്ന പോലെ തോന്നിയതും അവനവളെയൊന്ന് രൂക്ഷമായി നോക്കി തിരിഞ്ഞു മുറിയിലേക്ക് നടക്കാൻ ഭാവിച്ചു...മുറിയിലേക്ക് കടക്കുന്നതിന് മുന്നേ അവനൊരുനിമിഷം നിന്നു... 

"ഇതിന്റെ മൂല്യമെന്തെന്ന് നിനക്കറിയില്ല പല്ലവി...ഇനി എന്റെ മുറിയിൽ കയറിയാൽ ഞാനെങ്ങനെ പ്രതികരിക്കുമെന്ന് എനിക്ക് പോലും അറിയില്ല...ഓർത്തു വെച്ചോ..."

അത്രയും പറഞ്ഞ് മുറിയിലേക്ക് പോകുന്ന കാർത്തിയെ ഒരു പുഞ്ചിരിയോടെയവൾ നോക്കി നിന്നു...ഒരാളെ ഇത്രമാത്രം സ്നേഹിക്കാൻ പറ്റുമോ ആർക്കെങ്കിലും...?? അതിശയം തോന്നിയിരുന്നു...അതും തന്നെ വിട്ട്  പോയി അഞ്ചു വർഷങ്ങൾക്ക് ശേഷവും...അതിശയം തന്നെയാണ് കാർത്തികേയൻ തനിക്ക്...അതോടൊപ്പം തുറന്ന് വെച്ചിട്ടും തനിക്ക് വായിച്ചെടുക്കാൻ കഴിയാത്തൊരു പുസ്തകവും...അതികം നേരം ചിന്തിച്ചു നിൽക്കാതെ മുറിയിലേക്ക് കേറി വേഗം കുളിച്ചു ഫ്രഷായി ഇറങ്ങി...മേശയിൽ ഭക്ഷണം അടച്ചു വെച്ചിരുന്നു...കുളിക്കാൻ കേറിയ സമയം വിച്ചു വന്ന് പോയിരുന്നുവെന്ന് മനസിലായി...അപ്പോഴാണ് വാതിൽ തുറന്ന് കാർത്തി പുറത്തേക്കിറങ്ങി വന്നത്...പവിയെ ശ്രദ്ധിക്കാതെയവൻ കസേര വലിച്ചിട്ട് പത്രമെടുത്ത് രണ്ടിടലി എടുത്തു ചമ്മന്തിയുമൊഴിച്ചു കഴിപ്പ് തുടങ്ങി...അവന്റെ പ്രവൃത്തി ഒരു ചിരിയോടെ വീക്ഷിച്ച ശേഷം അവളും അവനടുത്തായി ഇരുന്നു... 

"അതേ...ഇന്നും കള്ളുകുടിച് വരാനാണോ ഭാവം...?? "

അവന്റെ മുഖത്തേക്ക് നോക്കി താടിയ്ക്ക് കയ്യും കൊടുത്തിരുന്ന് പവി ചോദിച്ചതും അവനൊന്നു മിഴികലുയർത്തി അവളെ പുച്ഛത്തോടെ നോക്കി....

"അതൊക്കെ നിന്നെ ബോധിപ്പിക്കേണ്ട ആവിശ്യം എനിക്കില്ല...ഞാൻ കുടിക്കും,കുടിക്കാതിരിക്കും...അതൊക്കെ എന്റെ ഇഷ്ടം...?? അത് ചോദിക്കാൻ നീ ആരാ..."

അവനൊരു ഇഷ്ടക്കേടോടെ പുരികമുയർത്തി ചോദിച്ചതും കാസറോളിൽ നിന്ന് ഒരു ഇഡലി കൂടിയവന്റെ പാത്രത്തിലേക്കിട്ടവൾ പറഞ്ഞു തുടങ്ങി... 

"ഇയാൾക്ക് നല്ല മറവി ശീലം ഉണ്ടല്ലേ...?? അതോ ഇനി ഞാൻ നിങ്ങടെ ആരാന്ന് എന്റെ നാവിൽ നിന്നും കേൾക്കുന്നതാണോ ഇഷ്ടം...?? എന്താണേലും ഒന്നൂടി ഓർമിപ്പിച്ചേക്കാം...ഞാൻ നിങ്ങളുടെ ഭാര്യ...പല്ലവി ജയരാജ്,,ഓ സോറി പല്ലവി കാർത്തികേയൻ..അതുകൊണ്ട് നിങ്ങളെന്ത് ചെയ്താലും അതെന്നെ ബോധിപ്പിക്കേണ്ടി വരും...ഇല്ലെങ്കിൽ നിങ്ങൾക്ക് തന്നെയാ പ്രശ്നം,,,ആരുവറിയരുതെന്ന് പറഞ്ഞ നിങ്ങളുടെ താക്കീത് ഞാനങ്ങ് മറക്കും...എന്നിട്ട് ദേ ഈ താലി അന്തസോടെ എടുത്ത് പുറത്തിടും...ഏതായാലും നിങ്ങളുടെ അമ്മയും വിചുവും ചോദിക്കാതെയിരിക്കില്ലല്ലോ...അപ്പൊ ഞാൻ എല്ലാം വിശദമായി പറഞ്ഞോളാം...അവരോടല്ലങ്കിൽ തന്നെ എനിക്ക് ചോദിക്കാനും പറയാനും ആളുണ്ട്...ഓർമയില്ലേ അന്ന് SI സാർ അങ്ങേർടെ നമ്പര് തന്നത്...ഞാൻ നേരെ അങ്ങ് വിളിച്ചു കാര്യം പറയും...അത്രയൊക്കെയേ സംഭവിക്കു...ഇനി പറയ്‌ ഇന്നും കള്ളുകുടിച്ചിട്ടാണോ വരുന്നത്..."

പവി ഒരു ചിരിയോടെ പുരികം പൊക്കിയും താഴ്ത്തിയും ചോദിച്ചതും അവൻ കൈച്ചുരുട്ടി പിടിച്ചു പല്ലുകടിച്ചവളെ നോക്കി...

"ഇങ്ങനെ കടിച്ച് പൊട്ടിക്കാതെ മാഷേ...ബാക്കിയും കൂടെ കഴിക്ക്..."

പാത്രം അവന് നേരെ നീക്കിവെച്ചവൾ പറഞ്ഞതും അവനോരൂക്കോടെ എഴുന്നേറ്റ് കസേര ചവിട്ടിത്തെറിപ്പിച് കൈകഴുകി പുറത്തേക്ക് പാഞ്ഞു...അവന്റെ വേഗത കണ്ടവൾ പുറകെ ഓടിച്ചെന്ന് വാതിലിൽ ചാരി നിന്നു...അവൻ ബൈക്കിലേക്ക് കേറാൻ നിന്നതും പുറകിൽ നിന്ന് *പറഞ്ഞതൊന്നും മറക്കണ്ടാട്ടോ മാഷേ...* ന്ന് വിളിച്ചു പറയാനും അവൾ മറന്നിരുന്നില്ല...അവൻ പോയതും അകത്തേക്ക് തിരികെ നടന്ന പവിയുടെ അദരങ്ങളിലൊരു പുഞ്ചിരി വിടർന്നിരുന്നു...

"ചേച്ചി.....??? "

കഴിക്കാനിരിക്കുമ്പോഴാണ് വിച്ചുവിന്റെ ശബ്ദം കേട്ടത്...അകത്തേക്ക് കയറിവന്നവൾ കസേര വലിച്ചിട്ട് ഇരുന്നു... 

"ഏട്ടനെന്താ ചേച്ചി ദേഷ്യത്തോടെ പോകുന്നത് കണ്ടേ...?? "

"ഓഹ്...അതങ്ങനെയൊരു മുരടനാ മോളെ...ഇനി എങ്ങനെയാ ഇതിനെയൊന്ന് ശരിയാക്കിയെടുക്കുന്നെന്നാ ഞാനാലോചിക്കുന്നെ...?? "

താടിയ്ക്ക് കൈ കൊടുത്തവൾ പറഞ്ഞതും വിച്ചു കുലുങ്ങി ചിരിച്ചുകൊണ്ടവളെ നോക്കി...

"ഏതായാലും നീ പേടിക്കണ്ട...ഇനി നിന്റെ ഏട്ടൻ കുടിച്ചിട്ട് വരില്ല...അതിന് ഞാൻ ഉറപ്പ് തരാം..."

കാർത്തിയെ ഓർത്തൊരു പുഞ്ചിരിയോടെയവൾ പറഞ്ഞു നിർത്തിയതും വിച്ചു അതിശയത്തോടെയവളെ നോക്കി... 

"ചേച്ചിക്കെന്താ ഇത്ര ഉറപ്പ്...ഇത്രെയ്ക്ക് ഉറപ്പിച്ചു പറയണേൽ എന്തോ ഉണ്ടല്ലോ...??"

വിച്ചുവൊരു സംശയത്തോടെ ചോദിച്ചതും പവി ഒരു ഞെട്ടലോടെ മുഖമുയർത്തിയവളെ നോക്കി...കള്ളം കണ്ടുപിടിച്ച പോലെ വിച്ചുവവളെ ചൂഴ്ന്ന് നോക്കിയതും പവിയൊരു വിളറിയ ചിരി ചിരിച്ചു...

"ഏയ്‌...ഒന്നുല്ലടാ...നിനക്ക് വെറുതെ തോന്നിയതാ...വൈശാലിക്ക് വേണ്ടി കുടിയൊക്കെ നിർത്തൂന്നാ ഞാൻ ഉദേശിച്ചേ...അതൊക്കെ പോട്ടെ,,,ഇന്ന് നമുക്ക് കൊറച്ചു അഴിച്ചു പണികളൊക്കെയുണ്ട്...എനിക്ക് തന്നെ അതിനുള്ള ആരോഗ്യം ഇല്ല മോളെ...നീ ഉണ്ടാവണം കൂടെ..."

"അതോർത്ത് ചേച്ചി പേടിക്കണ്ട...ഞാൻ ഉണ്ടാകും എന്തിനും...എന്റെ ഏട്ടനെ കൊണ്ട് ചേച്ചിയുടെ കഴുത്തിൽ ഒരു താലികെട്ടിക്കാതെ ഞാൻ അടങ്ങൂല്ല.."

അത്രയും പറഞ്ഞവൾ എഴുന്നേറ്റതും പവിയുടെ മനസ് അല്പം പിന്നിലേക്ക് പോയി...കാർത്തി തന്റെ കഴുത്തിൽ താലിചാർത്തുന്നത് ഒരു ചിത്രം പോലെ മനസിലേക്ക് ഓടിയെത്തിയതും പവിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നിരുന്നു...പെട്ടന്ന് തന്നെ എന്തോ ഓർത്തെന്ന പോലെ സ്വബോധത്തിലേക്ക് വന്നതും തലയ്ക്കിട്ട് സ്വയമൊരു കൊട്ട് കൊടുത്തവൾ പുറത്തേക്കിറങ്ങി...

"വിച്ചൂ...കാർത്തി എന്താ ജോലി ഒന്നും നോക്കാത്തേ...?? "

മുറ്റത്തെ കാട്ടുപള്ള വെട്ടിമറ്റിക്കൊണ്ട് പവി ചോദിച്ചതും പുല്ല് വകഞ്ഞു മാറ്റിക്കൊണ്ടിരുന്ന വിച്ചു തിരിഞ്ഞു നോക്കി എഴുന്നേറ്റു... 

"ഏട്ടൻ കോളേജ് ലക്‌ച്ചറർ ആയിരുന്നു ചേച്ചി...വൈശുവേച്ചി പഠിച്ച അതേ കോളേജിലെ സാറായിരുന്നു...ഇംഗ്ലീഷ് ആയിരുന്നു മെയിൻ...എല്ലാർക്കും ഏട്ടനെന്ന് പറഞ്ഞാൽ നൂറ് നാവാ...ജയിലിൽ പോയതിൽ പിന്നെ ഏട്ടൻ തന്നെ എല്ലാത്തിൽ നിന്നും ഒഴിഞ്ഞു മാറുകയായിരുന്നു ചേച്ചി...അതിൽ പിന്നെ ജോലിക്കൊന്നും ശ്രമിച്ചിട്ടില്ല...അമ്മ കുറെ പറഞ്ഞു നോക്കിയതാ...പക്ഷേ നിരാശ ആയിരുന്നു ഫലം..."

പുല്ല് പറിച്ചിടം അടിച്ചു വാരിക്കൊണ്ട് വിച്ചു പറഞ്ഞതും പവി എന്തൊക്കെയോ മനസ്സിൽ കണക്ക് കൂട്ടി...എന്തോ തീരുമാനിച്ചുറപ്പിച്ച പോലെ ചുണ്ടിലൊരു പുഞ്ചിരി വന്നതും വിച്ചു പവിയെ സംശയത്തോടെയൊന്ന് നോക്കി...എങ്കിലും വിച്ചു ചോദിക്കാൻ കൂട്ടാക്കിയില്ല...

"വിച്ചു...നമുക്ക് നിന്റെ ഏട്ടന്റെ പിറന്നാളൊന്ന് ആഘോഷിച്ചാലോ...??"

പവിയുടെ ചോദ്യം കേട്ടതും വിച്ചു വിശ്വാസം വരാതെയവളെ നോക്കി...

"എനിക്കൊരു കാര്യം മനസിലായി...ചേച്ചി ഏട്ടന്റെ തല്ല് കൊണ്ടേ പോകൂ...അതിനുള്ള എല്ലാ വഴികളും ഞാൻ കാണുന്നുണ്ട്..."

മുകളിലേക്ക് നോക്കി താടിയ്ക്ക് കൈ കൊടുത്ത് വിച്ചു പറഞ്ഞതും പവി ഒരു ചിരിയോടെയവളെ ചേർത്ത് പിടിച്ചു ബാക്കി ജോലി നോക്കാൻ തുടങ്ങി...ഉച്ചയോടടുത്തത്തും വീടിന് മുൻവശം മുഴുവൻ ഇരുവരും കൂടി വെട്ടിതെളിച്ചിരുന്നു...മുറ്റമാകെയൊരു വെളിച്ചം കടന്ന് വന്നതും പവി നടുവിന് കൈ കൊടുത്ത് ചുറ്റുമൊന്ന് കണ്ണോടിച്ച ശേഷം ആശ്വാസത്തോടെ ഒരു ദീർഘനിശ്വാസമെടുത്ത് അകത്തേക്ക് പോയി...ടേബിളിൽ ഇരുന്നിരുന്ന വിചുവിന്റെ ഫോണെടുത്ത് പതിയെ മുറിയിലേക്ക് നടന്നു...വിച്ചു കഴിക്കാൻ പോയിരുന്നതാണ്...കോൺടാക്റ്റിൽ *കാർത്തിയേട്ടൻ* ന്ന് കണ്ടതും അവളൊരു പുഞ്ചിരിയോടെ ആ നമ്പറിലേക്ക് കാൾ ചെയ്തു...രണ്ട് റിങ്ങിന് ശേഷം അവൻ കാൾ എടുത്തിരുന്നു...

"ആഹ് മോളെ പറ..."

"മോളല്ല....നിങ്ങടെ കെട്ട്യോളാ...!!ഒരു മിനിറ്റ്,,വെക്കല്ലേ വെക്കല്ലേ...കുറച്ച് പച്ചക്കറി മേടിച്ചോണ്ട് വരണം...ഇനി നമുക്കിവിടെ തന്നെ ഫുഡ്‌ ഉണ്ടാക്കാം...ഇനി മേടിച്ചോണ്ട് വരില്ലെന്നാണെൽ ഈ താലിയെടുത്ത് എനിക്ക് പുറത്തിടേണ്ടി വരും...നിങ്ങൾക്ക് എല്ലാവരുടെയും ചോദ്യത്തിന് ഉത്തരവും...അപ്പൊ ഓക്കേ...ഇനി പല്ല് കടിക്കുവോ, ഫോൺ എറിഞ്ഞുടയ്ക്കുവോ എന്താച്ചാൽ ചെയ്തോ..."

അവന്റെ മറുപടിയ്ക്കായി നിന്നെങ്കിലും ഫോൺ കട്ടായിരുന്നു...ഉള്ളിലൂറിയ പുഞ്ചിരിയോടെയാവൾ ഫോൺ വെച്ച് പുറത്തേക്ക് നോക്കി നിന്നു...ആ മനസ് മാറ്റിയെടുക്കാൻ ഞാൻ തന്നെ ശ്രമിച്ചേ മതിയാകു...അതിനിനി എത്ര അവഗണന സഹിച്ചാലും ശരി...കാരണം,,പല്ലവിയുടെ ജീവനിലെ ഓരോ അണുവിലും കാർത്തികേയൻ മാത്രമേ ഒള്ളൂവെന്ന് ഓരോ നിമിഷവും താനറിയുന്നുണ്ട്....

വൈകുന്നേരം ജാനകിയമ്മയും പവിയും തിണ്ണയിലിരുന്ന് ഓരോ വിശേഷങ്ങൾ പറയുവാരുന്നു...വീടിന്റെ ഓരോ മാറ്റവും ജാനകിയമ്മ ആശ്ചര്യത്തോടെ നോക്കിക്കാണുകയായിരുന്നു...മുറ്റത്തേക്ക് വന്ന് നിർത്തിയ കാർത്തിയുടെ ബുള്ളറ്റ് കണ്ടതും പവി ഒരു ചിരിയോടെ എഴുന്നേറ്റിരുന്നു...കയ്യിൽ ഒരു കവറും ഉണ്ട്...തലനീട്ടി നിൽക്കുന്ന മുരിങ്ങക്കോൽ കണ്ടതും അവൻ എല്ലാം തന്നെ മേടിച്ചിട്ടുണ്ടെന്ന് അവളൊരു പുഞ്ചിരിയോടെ ഓർത്തു...അതിനിടയിൽ നിന്നും ഒരു പൊതി കയ്യിലെടുത്ത് ജാനകിയമ്മയ്ക്ക് നേരെ നീട്ടിയതും അമ്മയൊരു പുഞ്ചിരിയോടെ അത് സ്വീകരിച്ചു...തുറന്ന് നോക്കിയ അമ്മയുടെ മുഖം മങ്ങുന്നതവൾ ശ്രദ്ധിച്ചിരുന്നു...

"എന്താ മോനെ രണ്ടെണ്ണം മാത്രം...പവിമോൾക്കും കൂടി മേടിക്കായിരുന്നില്ലേ...?? "

ജാനകി ഒരു നിരാശയോടെ ചോദിച്ചതും പവി ഒരു പുഞ്ചിരിയോടെ കാർത്തിയെ കൈ കെട്ടി നോക്കി...അവന്റെ മുഖത്ത് പ്രത്യേകിച്ച് ഭാവവ്യതാസങ്ങളൊന്നും ഉണ്ടായിരുന്നില്ല...

"അതിന് അവളിതൊന്നും കഴിച്ചല്ലല്ലോ വളർന്നെ...ആരൊക്കെ വന്നാലും പോയാലും ഞാൻ എന്റെ പതിവുകൾക്ക് മാറ്റം വരുത്താൻ ആഗ്രഹിക്കുന്നില്ല...എന്തിന്റെ പേരിലാണെങ്കിലും..."

അത്രയും പറഞ്ഞവൻ പുച്ഛത്തോടെ നോക്കിയെങ്കിലും പവി പുഞ്ചിരി കൈവിടാതെ നിന്നിരുന്നു...ഇതിന്റെ ഒരു പങ്ക് ഞാൻ ആഗ്രഹിക്കുന്നില്ല കാർത്തി...എന്ന് നീ എനിക്കായ് ഒരു പങ്ക് കൂടെക്കൂട്ടുന്നോ,,,അന്ന് മാത്രമേ ഞാനത് സ്വീകരിക്കു...

"ചേച്ചി...ചേച്ചിയെ ഏതോ ഉണ്ണിയേട്ടൻ വിളിക്കുന്നു..."

മുറ്റത്തേക്ക് ഓടിപ്പാഞ്ഞു വന്ന് കൊണ്ട് വിച്ചു പറഞ്ഞതും പവി ഒരു ഞെട്ടലോടെ അതിലേക്ക് നോക്കി നിന്നുപോയി...എന്ത് പറയും...?? കള്ളങ്ങൾ കൊണ്ട് മറയ്ക്കാനാകുമോ ഉള്ളിലെ സത്യങ്ങൾ...പതിയെ തിരിഞ്ഞു കാർത്തിയെ നോക്കിയതും അവന്റെ മുഖത്തെ ഇഷ്ടക്കേടും ദേഷ്യവും കണ്ട് അവളൊരു സംശയത്തോടെ അവനിലേക്ക് മിഴികളൂന്നി...


7

വിച്ചുവിന്റെ കയ്യിൽ നിന്ന് ഫോൺ വാങ്ങുമ്പോഴും കൈകൾ വിറച്ചിരുന്നു...എന്ത് പറയും താനാ മനുഷ്യനോട്...?? ഉള്ളിലൊരു കുറ്റബോധം മുളയ്ക്കുന്നതറിഞ്ഞു... എന്തൊക്കെ ആണെങ്കിലും തനിക്കായ് കാത്തിരിക്കുന്ന ആളല്ലേ...?? അറിയില്ല,,,ചെയ്തത് തെറ്റായി പോയോ...?? ഫോൺ ചെവിയോട് ചേർക്കുമ്പോഴേ കേട്ടിരുന്നു ഉണ്ണിയേട്ടന്റെ *പവിയേ...*ന്നുള്ള വിളി...കാൾ കട്ട് ചെയ്ത് ശ്വാസമോന്ന് ആഞ്ഞു വലിച്ചു...അപ്പോഴും നോട്ടം പോയത് കാർത്തിയുടെ മുഖത്തേക്കാണ്...ആ മുഖത്ത് വിരിയുന്ന ഭാവം തനിക്കന്യമായിരുന്നു...വിച്ചുവും കാര്യമറിയാൻ നോക്കുന്നുണ്ടെങ്കിലും ഒന്നും പറയാൻ തോന്നിയില്ല... തിണ്ണയിൽ വെച്ചിരുന്ന പച്ചക്കറി എടുത്ത് അടുക്കളയിലേക്ക് നടന്നു... മനസിനെ ഒന്ന് ശാന്തമാക്കാൻ ശ്രമിക്കുകയായിരുന്നു...

"എപ്പോഴാ നിന്നെ കൂട്ടിക്കൊണ്ട് പോകാൻ ആള് വരുന്നേ...വേഗമായാൽ അത്രയും നല്ലത്..."

പച്ചക്കറി പുറത്തെടുത്ത് വെക്കുമ്പോഴാണ് പിന്നിൽ നിന്നും കാർത്തിയുടെ ശബ്ദം കേട്ടത്...അവന്റെ വാക്കുകൾ ഉള്ളിലൊരു നൊമ്പരം വിടർത്തുന്നതറിഞ്ഞു...എങ്കിലും വിട്ട് കൊടുക്കാൻ മനസ്സനുവദിച്ചില്ല...

"ഏതായാലും അതോർത്ത് സന്തോഷിക്കണ്ട...നിങ്ങടെ താലിയാ ഈ കഴുത്തിൽ കിടക്കുന്നതെങ്കിൽ എന്നിൽ നിന്നൊരു മോചനം നിങ്ങൾക്കസാധ്യമാണ്..."

കൈ നെഞ്ചിൽ കെട്ടി ചാരിനിന്ന് പറഞ്ഞതും കാർത്തിയുടെ മുഖത്തൊരു പുച്ഛഭാവം നിറഞ്ഞിരുന്നു...

"എനിക്ക് നിന്നോട് സഹതാപം മാത്രേ ഒള്ളൂ....എന്തൊക്കെയോ സ്വപ്നം കണ്ട് നടക്കുന്ന പൊട്ടക്കിണറ്റിലെ തവളയെ പോലെയാണ് നിന്റെ കാര്യം..."

"അതെ...സമ്മതിച്ചു,,,പക്ഷെ ഈ പൊട്ടക്കിണറ്റിലെ തവള വിചാരിച്ചാലും ചിലതൊക്കെ നടക്കുമെന്ന് നിങ്ങളെക്കൊണ്ട് പച്ചക്കറി മേടിച്ചോണ്ട് വന്നപ്പോഴും എന്റെ വാക്കുകൾ അനുസരിപ്പിക്കുമ്പോഴും മനസിലായില്ലേ..."

പുഞ്ചിരിയോടെയവൾ പുരികമുയർത്തി ചോദിച്ചതും അവൻ അവളെ രൂക്ഷമായൊന്ന് നോക്കിയശേഷം പുറത്തേക്ക് പോയി... ദിവസങ്ങൾ അതിവേഗം കൊഴിഞ്ഞു പോകാൻ തുടങ്ങിയിരുന്നു...നാളെ നാടും നാട്ടുകാരും കാത്തിരുന്ന ശിവക്ഷേത്രത്തിലെ ഉത്സവമാണ്...ഒരു നാട് മുഴുവൻ ജാതിമത ഭേദമന്യേ ആ ഉത്സവത്തിനായി തയാറെടുക്കുന്നത് പവിയൊരു അതിശയത്തോടെയാണ് കണ്ട് നിന്നത്...കുട്ടിക്കാലം മുതലേ ദൈവങ്ങളുമായി അതികം ബന്ധം തനിക്കുണ്ടായിരുന്നില്ല...അല്ലെങ്കിൽ ഇങ്ങനെയുള്ള ഉത്സവത്തിനോ ആഘോഷങ്ങൾക്കോ പങ്കെടുപ്പിച്ചിരുന്നില്ല...കണ്ടും അറിഞ്ഞും വളർന്നത് പാർട്ടികളും ക്ലബ് ആഘോഷങ്ങളുമൊക്കെയായിരുന്നു...അതുകൊണ്ട് തന്നെ തനിക്കിതെല്ലാം പുതിയൊരു അനുഭവമാണെന്നവൾക്ക് തോന്നിയിരുന്നു...ഉത്സവം പ്രമാണിച്ച് കാർത്തിയെ ശരിക്കുമൊന്നു കാണാൻ പോലും സാധിച്ചിരുന്നില്ലെന്നത് അവളിൽ നിരാശ പടർത്തിയിരുന്നു...

"പവിയേച്ചി,,,ഇതുവരെ റെഡിയായില്ലേ..??"

മുറിയിലേക്ക് കേറി വന്ന് ബെഡിലേക്ക് ചാടിയിരുന്നുകൊണ്ട് വിച്ചു ചോദിച്ചതും പവിയൊരു സംശയത്തോടെ അവളെ നോക്കി...

"എങ്ങോട്ട് പോകാനാ വിച്ചു..."

"ഓ...ഈ ചേച്ചീടെ ഒരു കാര്യം,,,നാളെ ഉത്സവം കൊടിയേറുവാ...ഡ്രസ്സ്‌ എടുക്കാൻ പോകണ്ടേ...??ഏട്ടൻ റെഡിയാവാൻ പറഞ്ഞു വിളിച്ചിരുന്നു..."

"ഓഹ്...എന്നിട്ട് നിന്റെ ഏട്ടൻ എന്നോട് പറഞ്ഞില്ലല്ലോ..."

മുഖം കൂർപ്പിച് കുഞ്ഞു കുട്ടികളെ പോലെ ചുണ്ടകൾ പുറത്തേക്കുന്തി പറയുന്ന പവിയെ കണ്ടതും വിച്ചു ചിരി കടിച്ചമർത്തി... 

"എന്റെ പൊന്ന് ചേച്ചിയെ...ചേച്ചി ഇങ്ങനെ വേണ്ടാവേണ്ടാന്ന് വെച്ച് നിന്നാൽ ഈയടുത്തൊന്നും ഏട്ടനെ നന്നാക്കാൻ പറ്റൂല്ല...അതോണ്ട് വേഗം ഒരുങ്ങി വന്നേക്കുട്ടോ...ഞാൻ പുറത്ത് നിക്കാവേ..."

അത്രയും പറഞ്ഞ് വിച്ചു പുറത്തേക്കിറങ്ങിയതും പവിയുടെ മനസും അതിനെ ശരി വെച്ചു...അതികം സമയം കളയാതെയവൾ വേഗം കുളിച്ച് ഡ്രസ്സ്‌ മാറി നല്ലൊരു ചുരിദാറെടുത്ത് റെഡിയായി വന്നപ്പോഴേക്കും കാർത്തി ഒരു ടാക്സിയും പിടിച്ചു വന്നിരുന്നു...മുറ്റത്ത് നിൽക്കുന്ന വിചുവിന്റെ തലയിലൊന്ന് കൊട്ടി അകത്തേക്ക് കേറാൻ നിന്നപ്പോഴാണവൻ പവിയെ ശ്രദ്ധിച്ചത്...അവളെ അടിമുടി നോക്കിക്കൊണ്ടവൻ നെറ്റിച്ചുളിച്ചു... 

"എങ്ങോട്ടാ ഒരുങ്ങിക്കെട്ടി...?? നിന്നെ ആരും ഇതിന് ക്ഷണിച്ചിട്ടില്ല..."

അവന്റെ മുഖം കോട്ടിയുള്ള ചോദ്യം കേട്ടതും പവി ഒരു പുഞ്ചിരിയോടെ മറച്ചു വെച്ചിരുന്ന മഞ്ഞചരടിൽ കോർത്ത താലിയെടുത്ത് പുറത്തേക്കിട്ടു...ഒരുനിമിഷം ഞെട്ടിയ കാർത്തി പിന്നിലേക്ക് നെഞ്ചിടിപ്പോടെ നോക്കി...അവന്റെ ഉറച്ച ശരീരം കാരണം മുന്നിലായ് നിൽക്കുന്ന പവിയെ കാണാൻ വിചുവിന് കഴിഞ്ഞിരുന്നില്ല...ഒരുനിമിഷം നെഞ്ചിൽ കൈവെച്ചവൻ അവളെ കൂർത്ത കണ്ണുകളോടെ നോക്കി... 

"എന്താ മിസ്റ്റർ കാർത്തികേയൻ,,,ഇനിയും ഞാൻ വരണ്ടാരിക്കുല്ലേ...?? എനിക്ക് കൊഴപ്പം ഒന്നുല്ല കേട്ടോ..."

അവനിലേക്ക് ചേർന്ന് നിന്നുകൊണ്ട് താലിയിൽ പിടിച്ചൊന്ന് തലോടിയവൾ ചോദിച്ചതും കാർത്തി കൈ ചുരുട്ടിപ്പിടിച് കണ്ണടച്ച് സ്വയം നിയന്ത്രിക്കാൻ ശ്രമിച്ചു...അവന്റെ ഭവങ്ങളോരോന്നും അടക്കി പിടിച്ച ചിരിയോടെ ആസ്വദിക്കുമ്പോഴും താലിയെടുത്ത് അകത്തിടാൻ അവൾ മറന്നിരുന്നില്ല...തുണിക്കടയിലേക്ക് കയറുമ്പോഴും ഒന്നിലും താല്പര്യമില്ലാതെ കാർത്തി മാറിനിൽക്കുകയായിരുന്നുണ്ടായത്...ജാനകിയമ്മയും വിച്ചുവും ഓരോന്ന് തിരയുമ്പോഴും പവിയുടെ കണ്ണുകൾ അടുക്കി വെച്ചിരുന്ന സെറ്റ് സാരിയിലായിരുന്നു...അവള്ടെ നോട്ടത്തിന്റെ അർത്ഥം മനസിലാക്കിയെന്ന പോൽ സെയിൽസ് ഗേൾ മുന്നിലേക്കതെടുത്ത് നീട്ടിയതും പവി കൗതുകത്തോടെ അതിലേക്ക് കണ്ണോടിച്ചു...അത്യാവശ്യം സാധനങ്ങളൊക്കെ മേടിച്ച് വീട്ടിലേക്ക് തിരികെ പോരുമ്പോഴും പരസ്പരം ആരുമൊന്നും സംസാരിച്ചിരുന്നില്ല...അമ്പലക്കമ്മിറ്റിയുടെ മുന്നിലെത്തിയപ്പോഴേക്കും കാർത്തി ഇറങ്ങിയിരുന്നു...അത്യാവശ്യം ജോലികളുള്ളത് കൊണ്ട് വരാൻ വയ്ക്കുമെന്ന് അമ്മയോട് പറഞ്ഞിട്ടാണ് പോയതും...വീട്ടിലെത്തിയതും വിച്ചു പുതിയ ഡ്രസ്സ്‌ തിരിച്ചും മറിച്ചും നോക്കാൻ തുടങ്ങിയിരുന്നു...പവി എല്ലാം കേട്ട് മിണ്ടാതെ നിന്നതേയുള്ളു...രാത്രിയിൽ പുറത്തേക്ക് നോക്കി കിടക്കുമ്പോഴും മനസ് എന്തിനോ സന്തോഷിക്കുന്നതറിഞ്ഞു...നാളെയാവാൻ വെപ്രാളം കൂട്ടും പോലെ...ദേഷ്യം തോന്നി,,,സമയം പതിയെ തെന്നി നീങ്ങും പോലെ...കൊറേ നേരം ജനലിന്റെ അടുത്ത് ചെന്ന് നിന്ന് വെറുതെ നിലാവ് നോക്കിയിരുന്നു...ആകാശത്ത് ഒരുപാട് നക്ഷത്രങ്ങളുണ്ട്...ഇതിലൊന്നിൽ വൈശാലിയും ഉണ്ടായിരിക്കില്ലേ...?? അവളിതൊക്കെ കണ്ട് സന്തോഷിക്കുന്നുണ്ടാകുമോ...?? പ്രണയമെന്താണെന്നറിഞ്ഞത് കാർത്തിയിൽ നിന്നാണെങ്കിലും പ്രണയിക്കാൻ പഠിപ്പിച്ചത് നീയാണ് വൈശാലി...!! ഒരുനിമിഷം ചിന്തിച്ചു പോയി,,,തനിക്ക് അർഹതയുണ്ടോ ആ സ്നേഹം ലഭിക്കാൻ...?? അത്രമാത്രം പുണ്യം ചെയ്തവളാണോ താൻ...?? എങ്കിലും ഇന്നയാൾ തന്റെ ജീവശ്വാസമാണ്...ഉള്ളൊന്ന് പൊള്ളുന്നതറിഞ്ഞിരുന്നു...ചിന്തകൾക്ക് ഭാരമേറിയതും കണ്ണുകൾ നിദ്രയെ പ്രാപിച്ചിരുന്നു... 

അതിരാവിലെ തന്നെ എഴുന്നേറ്റ് കുളിച്ചശേഷം കാർത്തിയുടെ മുറിയിലേക്കാണ് പോയത്...കയ്യിൽ താനാധ്യമായി കരുതിയ സമ്മാനവുമുണ്ടായിരുന്നു...അല്ലെങ്കിൽ തന്നെ ഇതിനെ എങ്ങനെ സമാനമെന്ന് പറയും...?? കാർത്തിയുടെ പൈസ കൊണ്ട് തന്നെ മേടിച്ചതല്ലേ...?? എങ്കിലും ഇതിനെ മറ്റൊരു പേരിട്ട് വിളിക്കാൻ തോന്നുന്നില്ല...വയലറ്റ് കളർ ഷർട്ടും സിൽവർ കളർ കസവുള്ള മുണ്ടുമാണ് കയ്യിൽ...എല്ലാവർക്കും എടുത്തിട്ടും സ്വയം എടുക്കാൻ തയാറാവാത്തത് കൊണ്ട് തന്നെയാണ് ഞാനായി എടുത്തത്...ഇഷ്ടമാകുമോ...?? അതിലുപരി ഇത് സ്വീകരിക്കുമോ...?? ബാത്‌റൂമിൽ നിന്ന് വെള്ളം വീഴുന്ന ഒച്ച കേൾക്കുന്നുണ്ട്...കുളിക്കുകയാണെന്ന് മനസിലായി...ഇന്നലെ എപ്പോഴാണാവോ വന്നത്...?? ഒരുപക്ഷേ താമസിച്ചിട്ടുണ്ടാവും...മുറിയിലെ ബെഡിലേക്ക് ഡ്രസ്സ്‌ വെച്ചു...തിരിച്ചു പോരാൻ തുടങ്ങുമ്പോഴും എന്തോ തടയും പോലെ,,,മേശയിലിരുന്ന ബുക്കിൽ നിന്നൊരു കടലാസ് കീറിയെടുത്ത് രണ്ടുവരി അതിൽ കുറിച്ച് ഡ്രസിന്റെ മുകളിലേക്കായി വെച്ച ശേഷം പുറത്തേക്കിറങ്ങി...
*എനിക്കായ് ഇത് സ്വീകരിക്കണമെന്ന് പറയുന്നില്ല,,,വൈശാലിക്കായ് സ്വീകരിച്ചുകൂടെ...* ഡ്രെസ്സിന് മുകളിൽ വെച്ചിരുന്ന പേപ്പറിലെ അക്ഷരങ്ങളോരോന്നും മൗനമായി മൊഴിയും പോലെ അവ പ്രതിഫലിച്ച് കൊണ്ടിരുന്നു...

മുറിയിലേക്ക് വരുമ്പോഴും ഉള്ളിൽ പേരറിയാത്തൊരു വികാരം നിറഞ്ഞിരുന്നു...എങ്ങനെയാകും പ്രതികരിക്കുന്നത്...?? എടുത്തെറിയുമോ...?? പ്രതികരണം എന്ത് തന്നെയായാലും മനസിനെ എന്തും കേൾക്കാൻ പാകത്തിന് തയാറാക്കിയിരുന്നു...എങ്കിലും മുറിക്ക് പുറത്തേക്കിറങ്ങാൻ തോന്നിയില്ല...മുറ്റത്തു ബുള്ളറ്റ് സ്റ്റാർട്ട്‌ ചെയ്യുന്ന ശബ്ദം കേട്ടതും ബെഡ്ഷീറ്റ് വൃത്തിയായി മടക്കുകയായിരുന്ന പവി അതവിടെയിട്ട് ജനലിനടുത്തേക്ക് ഓടിയിരുന്നു...ഒരുനിമിഷം കണ്ണുകളെ വിശ്വസിക്കാനാവാതെ നോക്കിനിന്നു പോയി...താൻ കൊടുത്ത ഡ്രസ്സ്‌ ആണിട്ടിരിക്കുന്നത്...മുഖം കാണാൻ സാധിച്ചിരുന്നില്ലെങ്കിലും മനസ്സിൽ സന്തോഷം തോന്നി...മുഖത്ത് വിടർന്ന അതേ ചിരിയോടെ ക്ഷേത്രത്തിലേക്ക് പോകാൻ തയാറെടുത്തിരുന്നു...സാരിയുടുപ്പിച്ചു തന്നതും മുടി കെട്ടാൻ സഹായിച്ചതുമെല്ലാം അമ്മയും വിച്ചുവും ചേർന്നാണ്...വിചുവിന്റെ കളിയാക്കലുകളിൽ മനസറിഞ്ഞു സന്തോഷിക്കാൻ സാധിക്കുന്നുണ്ടെന്ന് മനസിലായിരുന്നു...മനസ് കാർത്തിയെ കാണാൻ വെമ്പുന്നുണ്ടായിരുന്നു...വിചുവിന്റെ ഒപ്പം അമ്പലത്തിലേക്ക് കയറി ചെല്ലവേ അത്ഭുതം കൊണ്ട് കണ്ണുകൾ വിടർന്നിരുന്നു...ചുറ്റും ഒച്ചയും ബഹളവുമാണ്...ഭക്തിഗാനം ഉയർന്നു കേൾക്കാം...ഉത്സവവും ചെണ്ടമേളവും തിടമ്പേറ്റിയ കൊമ്പനാനകളും തനിക്ക് പുതിയൊരു കാഴ്ചയായിരുന്നു...ഇത്രയും നാൾ എന്തുകൊണ്ട് തനിക്കീ കാഴ്ചകളൊന്നും ആസ്വദിക്കാൻ പറ്റിയിരുന്നില്ല...?? നഷ്ടബോധം തോന്നിയിരുന്നു...വഴി മുഴുവൻ പലതരം കടകൾ കൊണ്ട് നിറഞ്ഞിരുന്നു...കണ്ണുകൾ ആശ്ചര്യത്തോടെ നാലുപാടും എന്തിനെയോ തേടിയിരുന്നു...വിച്ചു തിരക്കിനിടയിൽ എന്തൊക്കെയോ പറയുന്നുണ്ടെങ്കിലും താനതൊന്നും കേട്ടിരുന്നില്ല...

രഥത്തിന്റെ ഒരറ്റം ചുമലിലെന്തി മുണ്ട് മുറുക്കിയുടുത്ത് ആർത്ത് വിളിക്കുന്ന കാർത്തിയെ കണ്ടതും ഹൃദയമിടിപ്പ് ഉയരാൻ തുടങ്ങിയിരുന്നു...ചുറ്റുമുള്ളതെല്ലാം മറന്ന് അവനെ തന്നെ നോക്കിനിന്നിരുന്നു...ഒറ്റയാന്റെ തലയെടുപ്പോടെ മുന്നിലായ് നിൽക്കുന്ന കാർത്തിയെ ചുറ്റും കൂടിനിന്നവർ ബഹുമാനത്തോടെ വീക്ഷിക്കുന്നത് ശ്രദ്ധിച്ചിരുന്നു...നെറ്റിയിലേക്ക് വീണ് കിടക്കുന്ന മുടി പിന്നിലേക്ക് ഒതുക്കി വെച്ച് ആർപ്പ് വിളിക്കുന്നുണ്ട്...നെറ്റിയിൽ ചന്ദനക്കുറി തൊട്ടിട്ടുണ്ട്...ഷർട്ടിന്റെ പുറകാകെ വിയർപ്പിൽ കുതിർന്നിരുന്നു...ഈ താലിയുടെ അവകാശിയാകേണ്ടവൻ തന്നെയാണാതെന്ന് മനസ് ഉറക്കെ വിളിച്ചു പറയുന്നത് കേട്ടിരുന്നു...ശ്രീകോവിലിനു മുന്നിൽ  തൊഴുത് നിൽക്കുമ്പോളും മനസിലൊന്നും വന്നിരുന്നില്ല,,,ആകെ ശൂന്യമായൊരു അവസ്ഥ,,,എങ്കിലും കാർത്തിയുടെ മനസിലെ മുറിവുണക്കണേയെന്ന് മാത്രം പ്രാർത്ഥിച് പുറത്തേക്കിറങ്ങി...വിച്ചു കയ്യിൽ ചേർത്ത് പിടിച്ച് ഓരോന്ന്  കാട്ടിത്തരുമ്പോഴും കണ്ണുകൾ സഞ്ചരിച്ചത് തെരുവ് ചന്തകളിലെ കുപ്പിവളകളിലേക്കും സിന്ദൂരപൊട്ടുകളിലേക്കുമാണ്...ഇനിയും എത്രകാത്തിരിക്കണം തന്റെ സീമന്തരേഖ ചുവപ്പിക്കാൻ...??വിഡ്ഢിയാണ് താൻ,,,കാർത്തി പറഞ്ഞത് പോലെ എന്തൊക്കെയോ സ്വപ്നം കണ്ട് നടക്കുന്ന പൊട്ടക്കിണറ്റിലെ തവള...എന്ത് തന്നെയായാലും തനിക്കിനിയൊരു മടക്കമുണ്ടെങ്കിൽ കാർത്തിയുടെ ജീവിതം ഒരു കരയ്ക്കെത്തിച്ച ശേഷമേ ഉണ്ടാകുവൊള്ളൂ...ജീവിതമെന്ന സത്യത്തിന് മുന്നിൽ ആയുധങ്ങൾ നഷ്ടപ്പെട്ട പോരാളിയെ പോലെ ബലഹീനയാകുന്നതറിഞ്ഞു.. അറിയാതെ കണ്ണുകൾ നിറഞ്ഞിരുന്നു,,,വിച്ചു കാണാതെ തുടയ്ക്കുമ്പോഴും ദൂരെ നിന്ന് തന്നെ വീക്ഷിക്കുന്ന ആ കണ്ണുകളെ  താനറിഞ്ഞിരുന്നില്ല...

ദിവസങ്ങൾ കൊഴിഞ്ഞു പോകും തോറും കാർത്തിയുടെ ദേഷ്യത്തിന്റെയും അവഗണനയുടെയും തോത് അല്പം കുറഞ്ഞിരുന്നു...

"ഇയാൾക്ക് ജോലിക്ക് തിരിച്ചു കേറിക്കൂടെ...അല്ലെങ്കിൽ മറ്റൊരു കോളേജിൽ നോക്കരുതോ..."

ഭക്ഷണം വിളമ്പിക്കൊടുക്കുന്നതിനിടയിൽ ചോദിച്ചതും കാർത്തി ഗൗരവത്തോടെയൊന്ന് തലയുയർത്തി നോക്കി...അപ്പോഴും ആ കണ്ണുകൾ ശാന്തമായിരുന്നുവെന്ന് അവളൊരു ആശ്വാത്തോടെ ഓർത്തു...

"ഈ ലോകത്ത് ഡോക്ടറും വക്കീലും എഞ്ചിനീയറും മാത്രം പോരാ...മണ്ണിനെ സ്നേഹിക്കുന്ന,മനുഷ്യനെ സ്നേഹിക്കുന്ന കർഷകരും വേണം...അവരുടെ വിയർപ്പാണ് അന്നത്തിനിത്ര സ്വാദ് നൽകുന്നത്...കൃഷിപ്പണി ഒരിക്കലും ഒരു മോശം തൊഴിലല്ല...കലപ്പയിൽ ഉഴുത് മറിക്കുന്നത് കുറെയേറെ  സ്വപ്നങ്ങളാണ്,,,എല്ലാവരുടെയും വിശപ്പകറ്റാൻ പ്രാപ്തിയുള്ള സ്വപ്‌നങ്ങൾ...ആരോഗ്യവും മെയ്യാനങ്ങാനുള്ള സന്നദ്ധതയുമുള്ളത്ര കാലം കാർത്തികേയന് അത് മടുക്കില്ല...ഈ ജീവിതം ജീവിച്ചു തീർക്കാൻ അത് തന്നെ ധാരാളം...പിന്നെ ഞാൻ പഠിച്ചെടുത്ത ജോലി,,,എല്ലാത്തിനും അതിന്റെതായ സമയമുണ്ട്..."

ഉറച്ച ശബ്ദത്തോടെ അത്രയും പറഞ്ഞിറങ്ങി പോകുന്ന കാർത്തിയെ അത്ഭുതത്തോടെയല്ലാതെ കണ്ടുനിൽക്കാൻ ആയില്ല...കാർത്തി പറഞ്ഞത് ഒരുനിമിഷമൊന്ന് ഓർത്തു നോക്കി,,,പറഞ്ഞതൊക്കെയും സത്യമാണ്...കൃഷിയിടത്തിൽ വിഷമിടാതെ അവസാനം,,,വിഷം കുടിച്ച് മരിക്കേണ്ടി വന്നവൻ കർഷകൻ...കാളയും കലപ്പയും കർഷകന്റെ ചൂടും ചൂരുമില്ലെങ്കിൽ ഭൂമി സർവസവും മരുഭൂമി തന്നെയാണെന്ന് തോന്നിയിരുന്നു...കാർത്തികേയനിലൂടെ ജീവിതം എത്രയെത്ര പാഠങ്ങളാണ് തനിക്ക് മുന്നിൽ നൽകുന്നതെന്ന് ഓർത്തു പോയി...

അന്നത്തെ ദിവസം മുഴുവൻ പല്ലവി ചിന്തയിൽ തന്നെയായിരുന്നു...നാളെ നേരം പുലർന്നാൽ കാർത്തിയുടെ പിറന്നാളാണ്...വൈശു ഓർത്ത് വെച്ച് ആഘോഷിച്ചിരുന്ന ദിവസം,,,മനസ്സിലൊരു പിടിവലി തന്നെ നടക്കുന്നതറിഞ്ഞിരുന്നു...എങ്ങനെയാണ് താനൊന്ന് ആശംസ അറിയിക്കുക...?? ഒന്നും അറിയില്ല...ഓർക്കും തോറും ഉള്ളിലൊരു ടെൻഷൻ മുളപൊട്ടിയിരുന്നു...മറക്കാൻ പറ്റാത്തൊരു പിറന്നാളായി മാറ്റണമെന്ന് മനസിലുറപ്പിച്ചിരുന്നു...ഒപ്പം തന്റെയുള്ളിലെ പ്രണയത്തിന്റെ ആഴം മനസിലാക്കി കൊടുക്കണമെന്നും...രാവിലെ അമ്പലത്തിൽ ഒരുമിച്ച് തൊഴാൻ പോകണം...ചെറിയൊരു സദ്യ ഒരുക്കണം...അങ്ങനെ മനസിലോരോ കാര്യങ്ങൾ കണക്ക് കൂട്ടി വെച്ചിരുന്നു... 

ഒരുപക്ഷേ ഓർക്കുന്നുകൂടി കാണില്ല പിറന്നാളാണെന്ന്...രാവിലെ ഓരോ സർപ്രൈസ് കൊടുക്കാൻ വിച്ചുവും താനും ചേർന്ന് പ്ലാൻ ചെയ്തിട്ടുണ്ട്...പക്ഷേ ഇന്നത്തെ രാത്രി തനിക്ക് വിലപ്പെട്ടതാണ്...പറയണം തന്റെ പ്രണയം,,,ഇനിയും മൂടിവയ്ക്കാൻ ആകില്ല,,,ഒരുപക്ഷേ തന്റെ പ്രണയം തിരസ്കരിക്കപ്പെട്ടാലോ...?? പനി പിടിക്കുമെന്നറിഞ്ഞിട്ടും ചിലർ മഴ നനയും,,,പ്രണയവും അതുപോലെയാണെന്ന് തോന്നി...മനസ് സ്വയം ആശ്വാസം കണ്ടെത്താൻ ശ്രമിച്ചിരുന്നു...രാത്രി ഏറെ വൈകിയും ഉറങ്ങാൻ സാധിച്ചില്ല...എങ്ങനെയാണ് ഉറങ്ങാൻ സാധിക്കുന്നത്...?? മനസ്സാകെ പൂത്തുലഞ്ഞ് ഇരിക്കുകയാണ്...ഓരോ നിമിഷവും സമയം നോക്കിയിരുന്നു...പന്ത്രണ്ട് മണിയാകാൻ നിമിഷങ്ങൾ മാത്രം ബാക്കി...പതിയെ വാതിൽ തുറന്ന് കാർത്തിയുടെ മുറിയിലേക്ക് നടന്നു...അപ്പോഴും ശരീരമാകെ വിറയ്ക്കുന്നതറിഞ്ഞിരുന്നു...റൂം തുറന്ന് നോക്കിയപ്പോഴേക്കും നിരാശ ആയിരുന്നു ഫലം...കാർത്തി മുറിയിലില്ലാരുന്നു...അല്പമൊരു വെപ്രാളംത്തോടെ പുറത്തേക്കിറങ്ങി ചുറ്റുമൊന്ന് നോക്കിയപ്പോഴാണ് മുൻവാതിൽ തുറന്ന് കിടക്കുന്നത് ശ്രദ്ധിച്ചത്...സംശയത്തോടെ പുറത്തേക്കിറങ്ങിയതും പുറത്തെ തിണ്ണയിൽ നിന്ന് ആകാശത്തേക്ക് നോക്കിനിൽക്കുന്ന കാർത്തിയെ കണ്ടിരുന്നു...ഒരു പുഞ്ചിരിയോടെ ചെന്നവന്റെ തോളിൽ കയ്യമർത്തുമ്പോഴും മനസ്സല്പം പോലും വിറച്ചിരുന്നില്ലെന്ന് തോന്നി...ഞെട്ടലോടെ തിരിഞ്ഞു നോക്കിയ കാർത്തിയുടെ കണ്ണുകളിൽ കണ്ണുനീരിന്റെ തിളക്കം ശ്രദ്ധിച്ചിരുന്നു...

സഹിക്കാനായില്ല,,,ആ കണ്ണ് നിറയുന്നത് തനിക്കൊരിക്കലും സഹിക്കാനാകില്ല...കൈയുയർത്തി ഉതിർന്ന് വീണ കണ്ണുനീർ തുടച്ചു..പെരുവിരലിൽ ഉയർന്ന് നിന്ന് ആ നെറ്റിയിലേക്ക് ചുണ്ടുകൾ പതിപ്പിക്കുമ്പോഴും തന്നെ ഇടുപ്പിലൂടെ ചുറ്റിപ്പിടിച്ചിരിക്കുന്ന കാർത്തിയുടെ കൈകളുടെ മുറുക്കം അറിഞ്ഞിരുന്നു...ഒരുനിമിഷം സ്വപ്നമാണോയെന്ന് തോന്നിയിരുന്നു...കണ്ണുകൾ അറിയാതെ നിറഞ്ഞു വന്നിരുന്നു...തന്റെ മുഖത്താകേ ഓടിനടന്ന കാർത്തിയുടെ കണ്ണുകൾ  ഉള്ളിലൊരു ജാള്യത സൃഷ്ടിച്ചിരുന്നു...

ആ കണ്ണുകളിൽ കാണുന്നത് തന്നോടുള്ള പ്രണയമാണോ...?? അറിയില്ല...എങ്കിലും അതായിരിക്കണമേയെന്ന് മനസ്സറിഞ്ഞു ആഗ്രഹിക്കുന്നുണ്ട്...കാർത്തിയുടെ മുഖം കഴുത്തിടുക്കിലേക്കടുത്തതും കണ്ണുകളടച്ചു അവന്റെ ഷർട്ടിൽ പിടി മുറുക്കി നിന്നു...

*വൈശു....മോളെ....*

പ്രണയത്തോടെയുള്ള ആ വിളി കേട്ടതും ഞെട്ടലോടെ കണ്ണുകൾ തുറന്നു...ശരീരമാകെ ഒരുതരം വിറയൽ പടർന്നു കേറുന്നതറിഞ്ഞു...സമനില തെറ്റിയവളെ പോലെ കാർത്തിയെ തന്റെ ശരീരത്തിൽ നിന്ന് ആഞ്ഞുതള്ളി മാറ്റുമ്പോഴേക്കും പൊട്ടിക്കരഞ്ഞു പോയിരുന്നു...

8

"പല്ലവി...ഞാൻ ചെയ്തത് തെറ്റാ,,,വൈശുവിനെ ഓർത്തപ്പോ..."

മുഖം പൊത്തിക്കരയുന്ന പല്ലവിയുടെ കയ്യിൽ പിടിച്ചുകൊണ്ടവൻ പറഞ്ഞതും അവളോരൂക്കോടെയാ കൈകൾ തട്ടിമാറ്റി...ഹൃദയത്തിൽ കത്തി കുത്തിയിറക്കും പോലെയൊരു വേദന സർവ്വ നാടീഞരമ്പുകളെയും ബാധിക്കുന്നതവൾ അറിഞ്ഞിരുന്നു...ഇപ്പോഴും ആ മനസ്സിൽ വൈശുവിനെ ഓർത്ത് ചെയ്ത് പോയതിനുള്ള ദുഖമേ ഒള്ളുവെന്നത് അവളെ വേദനിപ്പിച്ചിരുന്നു...സ്വന്തം പുരുഷൻ മറ്റൊരു പെണ്ണിന്റെ പേര് പറഞ്ഞ് അടുത്ത് വരുമ്പോളുണ്ടാകുന്ന വേദന എന്തെ അവൻ മനസിലാക്കാത്തെ..?? 

"വിഡ്ഢിയാക്കുവല്ലേ നിങ്ങളെന്നെ...?? എന്തിനാ എന്നെ ഇങ്ങനെ വെറുതെ മോഹിപ്പിക്കുന്നെ...നിങ്ങളുടെ വാക്കുകൾ തരുന്ന വേദന ഏറ്റുവാങ്ങുമ്പോ വിങ്ങുന്നൊരു മനസ് എനിക്കുമുണ്ടെന്ന് നിങ്ങളെന്താ ഓർക്കാത്തെ...?? വൈശാലി മരിച്ചു,,അഞ്ചു വർഷങ്ങൾക്ക് മുൻപ്...ഇനി നിങ്ങളുടെ ജീവിതത്തിലില്ലാത്തൊരുവളെ ഓർത്ത് സ്വയം നീറുന്നതെന്തിനാ നിങ്ങൾ...?? "

നിയന്ത്രണം വിട്ട് പോയിരുന്നു അവൾക്ക്...ഉള്ളിലെ വേദന വാക്കുകളിലൂടെ സ്പുരിച്ചതും അതവനിലെ ദേഷ്യത്തെ ആളിക്കത്തിക്കാൻ മാത്രമുണ്ടെന്ന് അവളോർത്തിരുന്നില്ല...

"ഒന്ന് നിർത്തുന്നുണ്ടോ...?? പറയുന്നതെന്താണെന്ന് ഓർമ ഉണ്ടാകണം..."

കൈച്ചുരുട്ടി ഭിത്തിയിൽ ഇടിച്ചു കൊണ്ടവൻ പറഞ്ഞതും പവി അപ്പോഴും പതറിയിരുന്നില്ല...

"ഞാനെന്തിന് മിണ്ടാതിരിക്കണം...നിങ്ങളിങ്ങനെ കിടന്ന് ഉരുകുന്നതിന് കാരണം അവളല്ലേ...?? അവൾക്ക് മുന്നിൽ എന്റെ പ്രണയത്തിന് എന്തുകൊണ്ടാ വിലയില്ലാത്തെ...?? പറയ്‌,,,എല്ലാം,,,എല്ലാം വൈശു കാരണവല്ലേ...ഇനിയെങ്കിലും യാഥാർഥ്യം മനസിലാക്കാൻ ശ്രമിക്ക്...വൈശാലി മരിച്ചു...അവളിനി ഒരിക്കലും തിരിച്ചു വരില്ലെന്നറിഞ്ഞിട്ടും ഇത്രമേൽ ഭ്രാന്തമായി പ്രണയിക്കുന്ന നിങ്ങളാ മണ്ടൻ..."

വാക്കുകൾ ശരം കണക്കെ പെയ്തൊഴിയുമ്പോഴേക്കും ഒരൂക്കോടെയവന്റെ കൈകൾ അവളുടെ കവിളിലേക്ക് മുദ്ര പതിച്ചിരുന്നു...അടിയുടെ ആഘാതത്തിൽ വേച്ചു വീഴാൻ പോയെങ്കിലും ഭിത്തിയിൽ തട്ടി നിന്നിരുന്നു...കണ്ണുകൾ അനുസരണയില്ലാതെ നിറഞ്ഞ് തൂവുന്നുണ്ട്...കവിളിലേ വേദന അവളറിഞ്ഞിരുന്നില്ല,,,അതിനേക്കാൾ വേദനയാണ് ഹൃദയത്തിൽ...

"ഇനിയെന്റെ പെണ്ണിനെക്കുറിച്ച് നിന്റെ നാവിൽ നിന്നെന്തെങ്കിലും വന്നാലുണ്ടല്ലോ,,,കൊന്ന് കളയും നിന്നെ ഞാൻ..."

ഉള്ളിലെ ദേഷ്യം അതിന്റെ ഉച്ചിയിലെത്തിയതും ദേഷ്യം കൊണ്ടവൻ അവൾക്കാരുകിലേക്ക് ചീറിയടുത്തു...

"ഇതിനേക്കാൾ ഭേദം എന്നെ കൊല്ലുന്നത് തന്നെയാ...വൈശാലി നിങ്ങളുടെ പെണ്ണാണെന്ന് പറഞ്ഞല്ലോ...അപ്പൊ ഞാൻ,,,ഞാൻ ആരാ...?? എനിക്കെന്താ സ്ഥാനം..?? എന്റെ കഴുത്തിൽ കിടക്കുന്ന താലി നിങ്ങളെ ബാധിക്കുന്ന പ്രശ്നമല്ലേ...?? നിങ്ങളിൽ എനിക്കുള്ള അവകാശം എന്തുകൊണ്ടാ നിങ്ങളോർക്കാത്തെ...??"

അവന്റെ കോളറിൽ പിടി മുറുക്കിക്കൊണ്ടവൾ ചോദിച്ചതും അവനാ കൈകൾ തട്ടിമാറ്റി...

"ഞാൻ ഈ താലി മനസോടെയാണോ നിന്റെ കഴുത്തിൽ കെട്ടിയെ...?? അതിൽ നിനക്ക് സംശയമുണ്ടെങ്കിൽ ഒന്നുകൂടി കേട്ടോ,,,ഞാൻ വെറുപ്പോടെയാ ഇത് നിന്റെ കഴുത്തിലണിയിച്ചത്...ഇപ്പൊ നിന്നെ കാണുന്നത് പോലും എനിക്കറപ്പാ...പിന്നെ ഈ താലി,,,ഈ മഞ്ഞചരടിന്റെ ബലത്തിൽ എന്റെ മുന്നിൽ നിന്ന് നീയിനി പ്രസംഗിക്കണ്ട..."

ഒരുനിമിഷം മുഖം കെട്ടിച്ചവൻ അത്രയും പറഞ്ഞാ താലിയിൽ പിടുത്തമിട്ടതും പവി ഒരു ഞെട്ടലോടെ അവനെ നോക്കി തറഞ്ഞു നിന്നുപോയി... 

*കാർത്തീ........*

ഒരുനിമിഷം കാർത്തിയും പവിയും ശബ്ദം കേട്ടിടത്തേക്ക് ഞെട്ടലോടെ നോക്കി...ജാനകിയെ കണ്ടതും ഇരുവരുടെയും മുഖത്തൊരു വെപ്രാളം പടർന്നു കയറുന്നതവർ ശ്രദ്ധിച്ചിരുന്നു...കാർത്തി താലിയിൽ നിന്ന് പിടിവിട്ടപ്പോഴേക്കും പവി കരഞ്ഞു കൊണ്ട് അകത്തേക്ക് ഓടിപ്പോയി...അതേ നിമിഷം അമ്മയ്ക്ക് മുന്നിൽ എന്ത് പറയണമെന്നറിയാതെ നിൽക്കുവാരുന്നു കാർത്തി...ജാനാകിയ്ക്ക് മുന്നിൽ അവന്റെ തല ആദ്യമായി കുനിഞ്ഞിരുന്നു... 

"കാർത്തി...പല്ലവി,,,ആ കുട്ടി നിന്റെ ഭാര്യയാണോ...?? നീയണിയിച്ച താലിയാണോ അവള്ടെ കഴുത്തിൽ കിടക്കുന്നത്..."

അവന്റെ തോളിൽ കുലുക്കിക്കൊണ്ട് ചോദിച്ചതും കാർത്തി ഒരുനിമിഷം വേദനയോടെയവരെ നോക്കി...അവന്റെ മൗനത്തിലും ഉത്തരം കണ്ടെത്താൻ ശ്രമിക്കുകയായിരുന്നു ജാനകി... 

"ഇതാണോ മോനെ അച്ഛനെപ്പോലെ കണ്ടിരുന്ന മാഷിൽ നിന്ന് നീ  പഠിച്ചെടുത്തത്...നീയിപ്പോ ചെയ്യാൻ പോയ തെറ്റിന്റെ ആഴമെത്രമാത്രമുണ്ടെന്ന് നിനക്കറിയില്ലേ...?? ആർക്ക് വേണ്ടിയാ നീയിനിയും ഇങ്ങനെ കിടന്ന് നീറുന്നെ...വൈശാലിക്ക് വേണ്ടിയോ...?? അവളെന്റെ മോളാ,,,അവള് നമ്മളെ വിട്ട് പോയി മോനെ...അവളെന്നും നിന്റെ നന്മയും സന്തോഷവും മാത്രമേ ആഗ്രഹിച്ചിട്ടുള്ളു...അവൾക്ക് വേണ്ടിയാണ് നീ ഇങ്ങനെ വേദനിക്കുന്നതെങ്കിൽ അവളുടെ ആത്മാവിനു എങ്ങനെയാ ശാന്തി കിട്ടുന്നെ...നിന്റെയീ പ്രവർത്തികൾ അവളെ വേദനിപ്പിക്കുകയല്ലേ ചെയ്യൂ,,,നീ കെട്ടിയ താലി കഴുത്തിലിട്ടാ പല്ലവി ഇവിടെ കഴിയുന്നതെന്ന് ഞാൻ അറിഞ്ഞിരുന്നില്ല...വേണ്ട മോനെ,,,ആ കുട്ടിയുടെ മനസ് വിഷമിപ്പിക്കരുത്...നിന്നെക്കുറിച്ച് എല്ലാം അറിഞ്ഞിട്ടും മനസ് തുറന്ന് സ്നേഹിച്ചവളല്ലേ ആ കുട്ടി...എല്ലാം മറന്ന് നിനക്ക് പവിമോളെ സ്നേഹിക്കാൻ കഴിയുമെന്ന് അമ്മ വിശ്വസിക്കുന്നില്ല...എങ്കിലും അവള്ടെ സ്നേഹം കണ്ടില്ലാന്ന് എന്റെ മോൻ നടിക്കരുത്...അമ്മ എല്ലാം അറിയുന്നുണ്ട്,,,എന്നോളം നിന്റെ മനസ് അറിഞ്ഞിട്ടുള്ള ആരുമില്ല,,,നീ പവിയെ സ്നേഹിക്കുന്നുണ്ട്...അന്ന് ഉത്സവത്തിന് അവൾക്ക് പിന്നാലെ നിന്റെ കണ്ണുകൾ സംരക്ഷണകവചം തീർക്കുന്നത് ഞാൻ കണ്ടതാണ്...അതിന്റെ അർത്ഥമെന്താ കാർത്തി...?? വൈശാലിയുടെ ഓർമകളല്ലേ നിന്നെ അതിൽ നിന്നും പിന്തിരിപ്പിക്കുന്നെ...?? ഒന്നോർത്തോ മോനെ,,,വൈശു പോലും ആഗ്രഹിക്കുന്നത് നിങ്ങളൊന്നിക്കാനാകും..."

അത്രയും പറഞ്ഞ് നിറഞ്ഞകണ്ണുകൾ സാരിത്തുമ്പാലെ തുടച്ച് നടന്ന് നീങ്ങുന്ന ജാനകിയെ നോക്കി കാർത്തി തറഞ്ഞു നിന്നുപോയി...!! ഉള്ളിലെ ഹൃദയവേദന കണ്ണുനീരായി പുറത്ത് വന്നതും കാർത്തി ഉറച്ച തീരുമാനങ്ങളോടെ മുറിയിലേക്ക് നടന്നു....ഇതേ സമയം തലയിണയിൽ മുഖമമർത്തി കരയുകയായിരുന്നു പവി...എങ്ങലടികൾ പുറത്ത് കേൾക്കാതിരിക്കാനായി പല്ലുകൾ കൂട്ടിപ്പിടിച്ചിട്ടുണ്ട്...അവൾക്ക് സ്വയം പുച്ഛം തോന്നിയിരുന്നു...അർഹിക്കാത്ത സ്നേഹത്തിനു വേണ്ടി ആഗ്രഹിക്കുന്നവളല്ലേ താൻ...?? ഒരുതരത്തിൽ പറഞ്ഞാൽ സ്നേഹം പിടിച്ചു വാങ്ങാൻ ശ്രമിക്കുന്നു...അങ്ങനെ വാങ്ങുന്ന സ്നേഹം ശ്വാശ്വതമാകുമോ...??!!വൈശുവിനെ കുറിച്ച് താൻ പറഞ്ഞതൊക്കെ തെറ്റല്ലേ...?? ആത്മാർത്ഥ പ്രണയം അറിഞ്ഞത് അവളിൽ നിന്നല്ലേ...?? ഈ ദിവസങ്ങളിൽ മൂഢമായ ആഗ്രഹങ്ങളായിരുന്നു മനസ് നിറയെ...തെറ്റ് തന്റെ ഭാഗത്ത്‌ തന്നെയായിരുന്നു...അദ്ദേഹത്തിനിപ്പോ തന്നെ കാണുന്നത് പോലും വെറുപ്പാണ്...വീണ്ടും വീണ്ടും അവന്റെ വാക്കുകൾ ഹൃദയത്തിൽ ചോരപൊടിക്കാൻ തക്ക പ്രാപ്തിയുള്ളതാണെന്നവൾക്ക് തോന്നിയിരുന്നു...ജീവിതത്തിൽ ആദ്യമായി തോന്നിയ പ്രണയമാണ്...ഉണ്ണിയേട്ടന് വേണ്ടിയുള്ളതാണ് താനെന്ന് പറയുമ്പോഴും മനസ്സിലൊരു കൂട്ടുകാരന്റെ സ്ഥാനമല്ലാതെ കണ്ടിരുന്നില്ല...എങ്കിലും വല്യച്ഛന്മാരുടെ കയ്യിൽ നിന്നും രക്ഷപെടാൻ ഉണ്ണിയേട്ടനെന്ന പേര് മാത്രം മതിയായിരുന്നു...ചേർത്ത് പിടിച്ച് പറയുന്നത് ഓർക്കുന്നുണ്ട്,,,നീയെനിക്ക് മുറപ്പെണ്ണാണെങ്കിലും എന്റെ പൊന്ന് ചങ്കത്തിയല്ലേ നീയെന്ന്...??  തലയിണയിൽ മുഖം അമർത്തി പൊട്ടിക്കരയുമ്പോൾ പുതുനാമ്പെടുത്ത എന്റെ പ്രണയവും പാതിവഴിയിൽ തളിർത്ത ആഗ്രഹങ്ങളുമെല്ലാം ഉറക്കത്തിൽ കണ്ടൊരു സ്വപ്നം പോലെ മറക്കുവാനൊരു പാഴ്ശ്രമം നടത്തി...കഴിയുന്നില്ല,,,ശരീരത്തിലെ അവസാനശ്വാസം നിലയ്ക്കുന്നതെപ്പോഴോ,അപ്പോൾ മാത്രമേ താനവനെ മറക്കൂ...!! വേണ്ട,,,ഇനിയും പല്ലവി കാരണം ആ മനസ് വിഷമിക്കരുത്...എന്റെ സാമിഭ്യം പോലും അദ്ദേഹം ആഗ്രഹിക്കുന്നില്ല...ഇനിയൊരിക്കലും താനൊരു ശല്യമായി വരില്ല...ഹൃദയം മുറിഞ്ഞു പോകുന്ന വേദനയിലും മനസ്സിൽ ഉറച്ചൊരു തീരുമാനം എടുത്തുകൊണ്ടവൾ ഒഴുകിയിറങ്ങുന്ന കണ്ണുനീരിനെ തുടച്ചു മാറ്റി...കണ്ണുകളിൽ ഭാരം തിങ്ങി ഇടയ്ക്കെപ്പോഴോ ഉറക്കത്തിലേക്ക് വഴുതി വീഴുമ്പോഴും അറിഞ്ഞിരുന്നില്ല തന്റെ പ്രിയപ്പെട്ടവൻ പൊതിഞ്ഞു പിടിയ്ക്കുന്നതും,മൂർദ്ധാവിൽ ചുണ്ടുകൾ ചേർക്കുന്നതും,  നിശബ്ദമായി ക്ഷമ പറഞ്ഞതും...

*സ്നേഹിക്കുന്നുണ്ട് നിന്നെ,,,പക്ഷേ സമയം വേണം പല്ലവി എനിക്ക്,,,*

പവിയുടെ കണ്ണുനീരിന്റെ പാത തുടച് കൊടുത്തുകൊണ്ടവൻ പറഞ്ഞേഴുന്നേറ്റത്തും ജനലിലൂടെയൊരു തണുത്ത കാറ്റവളെ തഴുകിപ്പോയി,,,അതിന് ശാന്തതയുടെ സൗരഭ്യമായിരുന്നു...

"ചേച്ചി,,,എന്തൊരുറക്കവാ ഇത്...എണീക്ക്,,,പവിയേച്ചി..."

തുടരെ തുടരെയുള്ള വിളി കേട്ടാണ് കണ്ണുകൾ ചിമ്മിത്തുറന്നത്...തല പൊട്ടിപ്പൊളിക്കും പോലെ തോന്നിയിരുന്നു,,,കണ്ണുകൾക്ക് വല്ലാത്ത ഭാരം...പതിയെ എഴുന്നേറ്റ് നോക്കിയപ്പോ കയ്യും കെട്ടി നിൽക്കുന്ന വിച്ചുവിനെ ആണ് കണ്ടത്...

"ഇന്നലെ എന്തൊക്കെയോ പ്ലാൻ ചെയ്ത് പോയ ആളാണോ ഈ ഒറക്കം ഉറങ്ങിയേ....?? ഞാൻ വന്ന് നോക്കുമ്പോ വാതിൽ തുറന്നിട്ടിരിക്കുന്നു...ഏട്ടനെയും കാണുന്നില്ല ചേച്ചീടെ അനക്കവും കേൾക്കുന്നില്ല...ഏട്ടൻ എവിടെ പോയതാണാവോ...?? മിക്കവാറും നമ്മടെ പ്ലാൻ ഒക്കെ തകരൂന്നു തോന്നുന്നു...ചേച്ചി എണീറ്റെ...കൊറേ പണിയുള്ളതാ..."

വിച്ചു കയ്യിൽ പിടിച് വലിച്ചു കൊണ്ട് പറഞ്ഞെങ്കിലും എഴുന്നേൽക്കാൻ തോന്നിയില്ല...ബെഡിലേക്ക് തന്നെ ഒതുങ്ങിക്കൂടിയിരുന്നു...മരവിച്ച മനസ് ഒന്നിനും അനുവദിച്ചിരുന്നില്ല...

"പവിയേച്ചി,,,എന്താ പറ്റിയെ...?? മുഖം വല്ലാണ്ടിരിക്കുന്നല്ലോ...പനിക്കുന്നുണ്ടോ...?? കണ്ണൊക്കെയെന്താ വീങ്ങിയിരിക്കുന്നെ...?? വയ്യേ....??"

നെറ്റിയിൽ തൊട്ട് നോക്കി ചോദിച്ചതും ആദ്യമായ് അറിയുന്ന സഹോദര സ്നേഹത്താൽ ഉള്ളുപൊള്ളിയിരുന്നു...വിച്ചുവിനെ ചേർത്ത് പിടിച്ച് നിശബ്ദമായി കരയുമ്പോഴും ഇന്നലത്തെ മുറിവിൽ നിന്നും വീണ്ടും ചോരപൊടിയുന്നതറിഞ്ഞിരുന്നു... 

"വൈശൂ...ഞാനെന്താ ചെയ്യേണ്ടത്...?? 
ഇതുവരെയും അറിഞ്ഞുകൊണ്ടാരെയും ഞാൻ വേദനിപ്പിച്ചിട്ടില്ല...ഭ്രാന്ത് പിടിക്കുന്നുണ്ട്...അവളെ സ്നേഹിച്ചു തുടങ്ങണേൽ എനിക്ക് നിന്റെ സമ്മതവാ വേണ്ടത്...പക്ഷേ എനിക്ക് സമയം വേണം...മനസ് കൊണ്ട് അംഗീകരിക്കാൻ...."

വൈശുവിന്റെ അസ്ഥിത്തറയിൽ മുഖം ചേർത്ത് അവനോരോന്നായി ചോദിച്ചുകൊണ്ടിരുന്നു...മനസ് കലുഷിതമായിരുന്നതിനാൽ വ്യക്തമായൊരു തീരുമാനം എടുക്കാനവന് ആയിരുന്നില്ല...പല്ലവിയെ സ്നേഹിക്കുന്നുണ്ട്,,,അതിനർത്ഥം പ്രണയമാണോയെന്ന് തനിക്കറിയില്ല...ആദ്യപ്രണയവും ജീവനെ അനശ്വരമാക്കിയ പ്രണയവും തന്റെ വൈശാലിയോടാണ്...അഞ്ചു വർഷങ്ങൾക്ക് മുൻപ് തനിക്ക് നഷ്ടമായ ആ സാമിഭ്യം ഒരിക്കൽ കൂടിയറിഞ്ഞത് പല്ലവി അടുത്ത് വരുമ്പോൾ മാത്രമായിരുന്നു...അറിഞ്ഞിട്ടും കണ്ടില്ലാന്ന് നടിക്കുകയായിരുന്നു താൻ...തന്റെ കൂടെക്കൂടി പല്ലവിയുടെ ജീവിതവും നശിപ്പിക്കണ്ടെന്ന് ഓർത്താണ് ഇന്നലെ മനഃപൂർവം അവളോടങ്ങനെ പറഞ്ഞതും...ഇനിയും ആ സ്നേഹം കാണാതിരിക്കാൻ വയ്യാ,,,എങ്കിലും എന്തോ പിന്തിരിപ്പിക്കുന്നുണ്ട്...ഒരുപക്ഷേ ആദ്യപ്രണയത്തിന്റെ ഓർമകളാവാം...അവളെ മനസ് തുറന്ന് സ്നേഹിക്കണമെങ്കിൽ തനിക്ക് സമയം വേണം,,,അതിലുപരി തന്റെ വൈശുവിന്റെ സമ്മതവും...എന്റെ കൂടെ കൂടി  ചന്ദനത്തിന്റെ സുഗന്ധം പേറിയുള്ള മന്ദമാരുതൻ തഴുകി കടന്ന് പോയതും അവൻ കണ്ണുകൾ വലിച്ചു തുറന്നു...

*വൈശൂ...പറ മോളെ,,,ഞാനെന്താ ചെയ്യേണ്ടത്...??*

നിറക്കണ്ണുകളോടെ ചോദിച്ചപ്പോഴേക്കും ശബ്ദം വിലങ്ങിയിരുന്നു...ചെറിയ ചാറ്റൽ മഴത്തുള്ളികൾ ദേഹത്തേക്ക് അരിച്ചിറങ്ങിയതും കാർത്തി തലയുയർത്തി നോക്കി...കണ്ണെടുക്കാതെ ആ അസ്ഥിത്തറയിലേക്ക് നോക്കിയിരുന്നതും തനിക്ക് മുന്നിൽ വൈശു പുഞ്ചിരിയോടെ നിൽക്കുന്നത് പോലെ അവന് തോന്നിയിരുന്നു...കണ്ണ് ചിമ്മിക്കാണിച് മെല്ലെ മറഞ്ഞു പോകുന്ന ആ രൂപത്തെ കണ്ടതും കാർത്തി നിറക്കണ്ണുകളോടെ എഴുന്നേറ്റു...അവിടെ നിന്നും തിരിച്ചു നടക്കുമ്പോ ചുണ്ടിലൊരു ആശ്വാസത്തിന്റെ പുഞ്ചിരി വിടർന്നിരുന്നു...വീട്ടിലെക്കുള്ള വഴിയിൽ കുമാരെട്ടന്റെ ചായക്കടയിൽ കയറി പരിപ്പുവട പറയുമ്പോ പതിവിലും ഒരെണ്ണം അധികമെടുക്കാൻ അവൻ മറന്നിരുന്നില്ല...മനസ്സിൽ ചില തീരുമാനങ്ങൾ എടുത്തിരുന്നു...പവിയെ ജീവിതത്തിലേക്ക് ക്ഷണിക്കും മുൻപ് വൈശാലി തന്റെ ജീവിതത്തിൽ എത്രമാത്രം സ്വാധീനം ചെലുത്തിയിരുന്നുവെന്നവളേ അറിയിക്കണം...എല്ലാം അറിഞ്ഞതിനു ശേഷം മനസാലവൾക്ക് സമ്മതമെങ്കിൽ മാത്രം കർത്തികേയൻ കൂടെ കൂട്ടിയിരിക്കും തന്റെ നല്ല പാതിയായി...

വീട്ടിലേക്ക് വണ്ടി കയറ്റി നിർത്തുമ്പോഴേ കണ്ടിരുന്നു മുറ്റത്തു കിടക്കുന്ന കാർ...ഒരുനിമിഷം സംശയത്തോടെയൊന്ന് നോക്കിയ ശേഷം അവനകത്തേക്ക് കയറി...ഡൈനിങ് ടേബിളിൽ ഇരുന്ന് ചായകുടിക്കുന്ന ഒരു ചെറുപ്പക്കാരനിലേക്കും അടുത്ത് നിൽക്കുന്ന അമ്മയിലേക്കും വിച്ചൂവിലേക്കും അവന്റെ കണ്ണുകൾ സംശയത്തോടെ നീങ്ങി...ജാനകിയുടെയും വിചുവിന്റെയും മുഖത്തെ വിഷാദം അവൻ ശ്രദ്ധിച്ചിരുന്നു...വാതിലിൽ അനക്കം കേട്ടതും ആ ചെറുപ്പക്കാരൻ തിരിഞ്ഞു നോക്കി,,,അതേ നിമിഷം പുഞ്ചിരിയോടെയവൻ എഴുന്നേറ്റ് കാർത്തിയുടെ അടുത്തേക്ക് നീങ്ങിയിരുന്നു... 

"കാർത്തികേയൻ അല്ലെ...?? ഞാൻ അനന്തൻ,,,എല്ലാരും ഉണ്ണിന്ന് വിളിക്കും...പവി എല്ലാം പറഞ്ഞു,,,തന്നോട് ഒത്തിരി നന്ദിയുണ്ട് കാർത്തി...അവളെ രക്ഷിച്ചതിനും ഇവിടെ താമസിപ്പിച്ചതിനും...ഞാൻ ഡൽഹിയിൽ ആയിരുന്നു,,,കൊറച്ചു ബിസിനസ് പ്രോബ്ലെംസ്...അതാണ്‌ വരാൻ ലേറ്റ് ആയത്...സോ ഞങ്ങൾ ഇറങ്ങുവാണ്,,,താമസിച്ചാൽ അവിടെ ചെല്ലാനും ലേറ്റ് ആകും..."

കാർത്തിക്ക് ഹസ്തധാനം നൽകിക്കൊണ്ട് അത്രയും പറഞ്ഞ് തീർത്തതും പവിയും അവിടേക്ക് വന്നിരുന്നു...ഒരുനിമിഷം തലകുനിച്ച് നിൽക്കുന്ന പവിയെ അവനൊന്ന് നോക്കി,,,ഉള്ളിൽ നിരാശ വന്ന് നിറഞ്ഞതും അവൻ നോട്ടം മാറ്റി ചുണ്ടിലൊരു കൃത്രിമ പുഞ്ചിരി വിരിയിച്ചു...കർത്തിയുടെ നോട്ടം തന്നില്ലല്ലെന്ന് മനസിലായതും പവി മിഴികലുയർത്തി അവനെ നോക്കി,,,അവന്റെ കണ്ണുകളിൽ തെളിയുന്ന ഭാവമെന്തെന്ന് മനസിലായിരുന്നില്ല...എന്തെന്നില്ലാതെ മിഴികൾ നിറഞ്ഞിരുന്നു...നിമിഷങ്ങളോളം കണ്ണെടുക്കാതെ ആ മുഖത്തേക്ക് നോക്കിനിന്നു...കൊതി തീരുന്നില്ല തനിക്ക്,,,തന്റെ പ്രാണന്റെ പാതിയാണെന്ന സത്യം ഹൃദയം ഉച്ചത്തിൽ വിളിച്ചു പറയുന്നുണ്ട്,,,തനിക്കത് കേൾക്കാൻ സാധിക്കുന്നുണ്ട്...തിരികെ പോരുമ്പോ കയ്യിലായി ഒന്നുമാത്രമേ കരുതിയിരുന്നുള്ളു,,,വൈശുവിന്റെ ജീവിതം അടങ്ങുന്ന ചെറിയൊരു ഡയറി,,,,അതിലൂടെ അവളെക്കുറിച് കൂടുതലറിയണമെന്ന് തോന്നി,,,,പ്രതീക്ഷയോടെ കാർത്തിയുടെ മുഖത്തേക്ക് നോക്കിനിൽക്കുമ്പോഴും ഒരിക്കലെങ്കിലും തിരിച്ചു വിളിച്ചിരുന്നെങ്കിലെന്ന് ഒരുപാടാഗ്രഹിച് പോയിരുന്നു...ആ കണ്ണുകളിലെങ്കിലും അങ്ങനെയൊന്ന് കണ്ടിരുന്നെങ്കിൽ പറ്റിചേരുമില്ലേ താനാ നെഞ്ചിലേക്ക്...

അതേ നിമിഷം തന്നെ മനസ് സ്വയം തിരുത്തി...ഇനിയും താനൊരു ശല്യമായി തുടരാൻ പാടില്ല...ഒഴിഞ്ഞു കൊടുക്കുക തന്നെ വേണം...ജീവിതം കൊണ്ടുപോകുന്നതെങ്ങോട്ടെന്ന് അറിയില്ല,,,മുന്നോട്ടെന്താണെന്നും അറിയില്ല...എങ്കിലും തുടർന്ന് ജീവിക്കാൻ കഴുത്തിലെ മഞ്ഞചരടിൽ കോർത്ത താലി മാത്രം മതിയാകും...ജാനകിയമ്മയെ കെട്ടിപിടിച്ചു യാത്രപറയുമ്പോഴും എന്തിനോ കണ്ണുകൾ നിറഞ്ഞിരുന്നു...അപ്പോഴും അമ്മയുടെ കണ്ണുകൾ കാർത്തിയിലായിരുന്നു...വിച്ചു പോകേണ്ടെന്ന് പറഞ്ഞ് കരയുന്നുണ്ടെങ്കിലും അതൊന്നും താൻ അറിയുന്നില്ലായിരുന്നു,,,കാർത്തിയുടെ ഒരുവാക്കിനായി മനസ് വല്ലാതെ വെമ്പുന്നതറിഞ്ഞു...

ഉണ്ണിയേട്ടനൊപ്പം ആ വീടിന്റെ പടിയിറങ്ങുമ്പോഴും പിന്നിലേക്കൊരു നോട്ടം പോയിരുന്നു,,,,ഒന്ന് യാത്രയെങ്കിലും പറയണമെന്നുണ്ടായിരുന്നു,,,ഇനി ശല്യമായി വരില്ലെന്ന് പറയണമെന്നുണ്ടായിരുന്നു...പക്ഷേ കഴിയുന്നില്ല...ഒരുപക്ഷേ അത്രയും പറഞ്ഞാൽ സ്വയം കരഞ്ഞു പോകുമെന്ന് തോന്നി...പിഴുത് മാറ്റാൻ കഴിയാത്ത പോലെ കാർത്തികേയൻ ഒരു വേരായ് തന്നിൽ പടർന്നത് അറിഞ്ഞ നിമിഷങ്ങൾ...ഒരു വിളിയ്ക്കായി ഹൃദയം വെമ്പുന്നുണ്ടെങ്കിലും പിൻവിളി വിളിക്കാൻ മാത്രം യോഗ്യതയുള്ളവളാണ് താനെന്ന് തോന്നിയിരുന്നില്ല...നിറഞ്ഞ കണ്ണുകൾ തുടച്ച് കാറിലേക്ക് കേറുമ്പോഴും അറിഞ്ഞിരുന്നില്ല കാർത്തികേയന്റെ ഉള്ളിലെ നിരാശയും കയ്യിലിരുന്ന് അമരുന്ന പൊതിയെക്കുറിച്ചും...!!!

9

*ശാന്തസ്വരൂപനാം മഹാദേവൻ 
മിഴിനീർ വാർത്തതും കോപാഗ്നിയിൽ 
ഈരെഴുലോകം വെന്തുരുക്കിയതും 
സംഹാരതാണ്ഡവമാടി 
ഹൃദയം പൊട്ടികരഞ്ഞതും 
നിൻ വിയോഗത്താൽ സതീ...
പ്രാണന്റെ പാതി നീ,,അവനിലെ 
പ്രാണന്റെ പാതിയെന്നും നീയേ സതീ.....*

അവസാനവരികൾ കൂടിയാ ഡയറിത്താളുകളിൽ എഴുതി ചേർത്തതും അതിനൊപ്പം പവിയുടെ കണ്ണുകളിൽ നിന്ന് രണ്ടുത്തുള്ളി കണ്ണുനീരും അതിൽ പതിഞ്ഞിരുന്നു...അറിയില്ല,,,കാർത്തിയുടെ പ്രണയം തനിക്കവകാശപ്പെട്ടതാണോയെന്ന്...ഡയറിയിലെ ഓരോ വരികളിലും കാർത്തിയുടെയും വൈശുവിന്റെയും നിഷ്കളങ്കമായ പ്രണയം നിറഞ്ഞു നിന്നിരുന്നു...അവളെ സ്വപ്നം കാണാൻ പഠിപ്പിച്ച,ജീവിതത്തിന് ഒരു ലക്ഷ്യം വേണമെന്ന് പഠിപ്പിച്ച ഒരു മായാജാലക്കാരൻ...കാർത്തിയെ അങ്ങനെ വിശേഷിപ്പിക്കാനാണ് തോന്നിയത്...സ്വപ്നത്തിൽ സന്തോഷവും വെളിച്ചത്തിൽ തനിക്ക് മാത്രം ദുഖവും തരുന്ന മായാജാലക്കാരൻ...കഴിഞ്ഞു പോയ ഒരാഴ്ചയിലൂടെ ആ ഡയറിയിലൂടെ അറിയുകയായിരുന്നു വൈശാലിയെ,,,അവളുടെ കളങ്കമില്ലാത്ത പ്രണയത്തെ...സ്വയം ചോദിച്ചു പോയിരുന്നു,,,എങ്ങനെ മറക്കാനാകും കാർത്തിക്കവളെ...?? 
വൈശാലിയുടെ പ്രണയത്തെ അറിയാൻ ഈ ഡയറി മുഴുവൻ വായിക്കേണ്ടിയിരുന്നില്ല...അവസാന താളിലെ ചുവന്ന നിറത്തിലെ അക്ഷരങ്ങൾ തന്നെ ധാരാളമായിരുന്നു...

*നിന്നെ എനിക്ക് സ്വന്തമാക്കാൻ കഴിഞ്ഞിരുന്നില്ലെങ്കിൽ ഈ ജീവിതം എത്ര ശൂന്യവും സങ്കീർണവുമായിരുന്നു...?? നിന്റെ ഇടനെഞ്ചിലെ ഉറപ്പും പ്രണയമെന്ന സങ്കൽപ്പത്തോടുള്ള ആത്മാർത്ഥതയും മാത്രമാണ് ജീവിതമെന്ന മായാജാലക്കാരനെ വരുതിയിൽ വരുത്താനും സുന്ദരസ്വപ്‌നങ്ങൾ കൊണ്ട് പണിതുയർത്ത എന്റെ സ്വപ്‌നങ്ങൾ യാഥാർഥ്യമാക്കി തന്നതും....മൗനത്തിൽ തടവറയുടെ ഇടുങ്ങിയ ഇരുട്ടറക്കുള്ളിലേക്ക് സ്നേഹത്തിന്റെയും പ്രത്യാശയുടെയും
പൂന്തെന്നലായ് നീ വന്നിരുന്നില്ലെങ്കിൽ 
ചുട്ടുപഴുത്ത ലോഹച്ചങ്ങലയ്ക്കുള്ളിൽ ചിത്തഭ്രമത്തിന്റെ മൂർത്തി ഭാവമായി, മണ്ണിന്റെ മണമറിയാത്ത വസന്തം കണക്കെ വേനൽചുടുകാറ്റടിച് കരിയിലയായ്‌ ഞാൻ ഉണങ്ങി വീണേനെ...നിൻ പ്രിയസഖിയായ്,,,എന്നുയിരായ് ഈ ശ്വാസം നിലയ്ക്കുവോളം നിന്നെ ഞാൻ പ്രണയിച്ചു കൊണ്ടേയിരിക്കും...
എന്നെക്കാളേറയായ്...*

നിറഞ്ഞ കണ്ണുകൾ തുടച്ച് ഡയറി അടച്ചു വെച്ചതും കൈ കെട്ടിനിന്ന് തന്നെ സാകൂതം നിരീക്ഷിക്കുന്ന ഉണ്ണിയേട്ടനെയാണ് കണ്ടത്...മുഖത്ത് പരിഭ്രമം നിറഞ്ഞതും അത് മായ്ക്കാനെന്നോണം ചുണ്ടിലൊരു പുഞ്ചിരി വിരിയിച് നിന്നു...ഒന്നും മിണ്ടാതെ ഉണ്ണിയേട്ടൻ തന്നെ ഒരുപാട് നിമിഷം നോക്കി നിൽക്കുമ്പോഴും കള്ളം പിടിയ്ക്കപ്പെട്ട കുട്ടിയേ പോലെ തലകുമ്പിട്ട് നിൽക്കാനേ തനിക്കായുള്ളു... 

"പവീ...നീ എന്നിൽ നിന്ന് എന്തേലും മറയ്ക്കുന്നുണ്ടോ...?? നിർബന്ധിപ്പിച്ച് ഞാൻ പറയിപ്പിക്കാൻ ശ്രമിക്കില്ലെന്ന് നിനക്കറിയാലോ...?? ഇവിടെ വന്നിട്ടിപ്പോ ആഴ്ച ഒന്നായി...എന്നിട്ടും നിന്റെ മുഖത്ത് ഒരിറ്റ് സന്തോഷം പോലും എനിക്ക് കാണാൻ കഴിഞ്ഞിട്ടില്ല...തെളിച്ചു പറഞ്ഞാൽ അന്ന് കർത്തിയുടെ വീട്ടിൽ നിന്നും പോരുമ്പോൾ മുതൽ...എന്താ പെണ്ണേ,,,നിനക്ക് പറ്റിയെ...?? എന്താ നിന്റെ മനസിലിത്ര വേദന,,,?? എടുത്ത തീരുമാനങ്ങളിൽ നിനക്കെന്തേലും തെറ്റ് പറ്റിയോ...?? "

ബെഡിലേക്കിരുന്ന് ചേർത്ത് പിടിച്ചു കൊണ്ട് ഉണ്ണിയേട്ടൻ ചോദിച്ചതും ഉള്ളിലെ വേദന ഒരു പേമാരി കണക്കെ ഉണ്ണിയേട്ടനിലേക്ക് പെയ്തുയർന്നിരുന്നു...കരച്ചിലടങ്ങും വരെ ചോദ്യങ്ങൾ കൊണ്ടവളെ വീർപ്പുമുട്ടിക്കാതെ തലയിലൂടെ പതിയെ തഴുകി ആശ്വസിപ്പിച്ചു കൊണ്ടിരുന്നു...

"തെറ്റുപറ്റി ഉണ്ണിയേട്ടാ...പക്ഷേ,,,എനിക്കാണ് തെറ്റ് പറ്റിയത്...തെറ്റ് എന്റെ ഭാഗത്ത്‌ തന്നെയാണ്..."

വിതുമ്പലോടെ അത്രയും ഉറപ്പിച്ചു പറഞ്ഞതും ഉണ്ണിയേട്ടൻ എന്റെ മനസ്സറിയാനായി ആഗ്രഹിക്കുന്നുണ്ടെന്ന് തോന്നിയിരുന്നു...ഇനിയും ആരോടേലും പറയാതെ ഇരുന്നാൽ ശ്വാസം മുട്ടി മരിച്ചു പോകും പോലെ തോന്നിയതും കണ്ണുനീരിന്റെ അകമ്പടിയോടെ കാർത്തികേയനൊപ്പമുള്ള ദിവസങ്ങളുടെ ഓർമകൾ ഉണ്ണിയേട്ടന് മുന്നിലേക്ക് തുറന്നിരുന്നു...പറഞ്ഞവസാനിപ്പിച്ചതും ഉള്ളിലെ ഭാരം കുറയുന്നതറിഞ്ഞു...ഒരുനിമിഷം കണ്ണുകളുയർത്തി ഉണ്ണിയേട്ടന്റെ മുഖത്തേക്ക് നോക്കി,,,തനിക്ക് വേർതിരിച്ചറിയാൻ പറ്റാത്ത ഭാവമായിരുന്നു ആ മിഴികളിൽ...ദൈന്യതയോടെ ആ കണ്ണുകളിലേക്ക് നോക്കിയപ്പോഴേക്കും ആ ചുണ്ടുകളിൽ തെളിയുന്ന പുഞ്ചിരി ആശ്വാസത്തോടെ കണ്ടു നിന്നു...

"പവീ...നീ കണ്ടിട്ടില്ലേ,,,മണ്ണിലേക്ക് വലിച്ചെറിയുന്ന പാഴ്വിത്തുകൾ വേനൽ മഴയിൽ കിളുർത്ത് മണ്ണിൽ വേരുപിടിപ്പിക്കുന്നത്...?? അതുപോലെ കാർത്തികേയൻ ഇന്ന് നിന്നിൽ ആഴത്തിൽ വേരുപിടിച്ചിരിക്കുന്നെന്നതിന് മനസിലാക്കാൻ അവനായ് പൊഴിക്കുന്ന കണ്ണുനീർ തന്നെ ധാരാളം...ഞാൻ സംസാരിക്കാം കാർത്തിയോട്,,,നിന്റെ സന്തോഷവാ പെണ്ണെ എനിക്ക് വലുത്...അച്ഛനോടും അമ്മയോടും ഞാൻ സംസാരിച്ചോളാം..മുറപ്പെണ്ണാണെങ്കിൽ കൂടി നിന്നേ ഞാൻ അങ്ങനെ കണ്ടിട്ടില്ലാന്ന് നിനക്കറിയാലോ...?? നീ വിഷമിക്കണ്ടടി,,,അവൻ നിനക്ക് ഉള്ളതാ,,,ഞാൻ നേടിത്തരും നിനക്കവനെ..."

ഉണ്ണി ശാന്തമായി പറഞ്ഞതും പവിയുടെ ഉള്ളിലെ വേദന ഒരു പുഞ്ചിരിയായ് ചുണ്ടിൽ പ്രതിഭലിച്ചു... 

"നേരത്തെ ആയിരുന്നെങ്കിൽ ആ സ്നേഹം നേടിയെടുക്കാൻ ഞാൻ ശ്രമിച്ചേനെ,,,പക്ഷേ ഇനി അതില്ല...പിടിച്ച് വാങ്ങുന്ന സ്നേഹം ഒരിക്കലും നിലനിൽക്കില്ല ഉണ്ണിയേട്ടാ...സ്നേഹമെന്ന വികാരം മനസ് കൊണ്ട് തോന്നേണ്ടതാ...അവൾക്കവനും അവനവളും വേണമെന്ന തോന്നലിൽ നിന്നുയിർക്കൊള്ളേണ്ടതാണത്...കാർത്തിയുടെ സ്നേഹം അനുഭവിക്കാൻ ഒരുപക്ഷേ എനിക്ക് വിധിയുണ്ടാവില്ല,,,എങ്കിലും മറ്റൊരാൾക്കെന്റെ ഹൃദയത്തിൽ സ്ഥാനവും നൽകാനാകില്ല..." 

ഏതോ ഓർമയിൽ അവളത്രയും പറഞ്ഞു നിർത്തിയതും ഉണ്ണി ഒരു പുഞ്ചിരിയോടെ അവളെ തലോടി പുറത്തേക്കിറങ്ങി...അപ്പോഴും ആ കണ്ണുകൾ എന്തിനോ വേണ്ടി നിറഞ്ഞതവൾ കണ്ടിരുന്നില്ല... 

"കാർത്തീ...നിർത്തി വെച്ചത് നീ വീണ്ടും തുടങ്ങിയോ...?? കുടിച്ച് മരിക്കാനാണോ മോനെ നിന്റെ ഭാവം...ഹേ...?? "

ജാനകി അവനെ താങ്ങിപ്പിടിച്ചു കൊണ്ട് ചോദിച്ചതും തോറ്റുപോയവന്റെ നിസ്സഹായവാസ്തയോടെയവൻ കട്ടിലിലേക്കിരുന്നു...ഒരുപാട് നാളുകൾക്ക് ശേഷം കാണുന്ന ഈ കാഴ്ച വിച്ചുവിലും നോവ് പടർത്തിയിരുന്നു...

"മരിക്കട്ടെ അമ്മേ,,,ആർക്കും ഗുണവില്ലാത്ത പാഴ്ജന്മം....സ്നേഹിച്ചതെല്ലാം നഷ്ടപ്പെട്ടിട്ടെ ഒള്ളൂ...തോറ്റുപോയി അമ്മേടെ കാർത്തി..."

കൊച്ചുകുട്ടിയെ പോലെ ജാനകിയെ കെട്ടിപിടിച്ചു കരയുന്ന അവനെ അവരൊരു വാത്സല്യത്തോടെ തഴുകിക്കൊണ്ടിരുന്നു...

" കാർത്തീ,,,,നീ താലികെട്ടിയ പെണ്ണാണെന്നറിഞ്ഞിട്ടും ഞാനെന്താ അവിളിവിടെ നിന്ന് ഇറങ്ങിപ്പോയപ്പോ തിരിച്ചു വിളിക്കാഞ്ഞെതെന്നറിയോ..?? അവളാഗ്രഹിച്ചതും കേൾക്കാൻ കൊതിച്ചതും നിന്റെ ഒരു വിളിക്കായ് മാത്രമായത് കൊണ്ട്....വേണമെങ്കിൽ എനിക്കവളെ ഇവിടെ പിടിച്ചു നിർത്താമായിരുന്നു..എന്നിട്ടും ഞാനത് ചെയ്തില്ല,,,കാരണം അവളൊരു പെൺകുട്ടിയാ...മറ്റുള്ളവർക്ക് മുന്നിൽ എന്തധിക്കാരത്തിലാ അവളിവിടെ നിൽക്കുന്നത്...?? നീ അംഗീകരിച്ചിരുന്നോ അവൾ നിന്റെ ഭാര്യയാണെന്ന്...?? ആ കുട്ടി ഇവിടെ നിന്നും പോയിട്ട് ഒരാഴ്ച കഴിഞ്ഞു...അവളാഗ്രഹിക്കുന്നുണ്ടാവില്ലേ നിന്നെയൊന്നു കാണാൻ,,,,കാത്തിരിക്കുന്നുണ്ടാവില്ലേ നിന്റെയൊരു വിളികായ്...??  എന്തൊക്കെയാണെങ്കിലും,,,കാത്തിരിപ്പിൻ പ്രതീകമായ 'രാധ' ആകുവാനല്ല കാത്തിരിപ്പിനായൊരു അർത്ഥം സൃഷ്ടിച്ച തന്റെ പ്രണയത്തെ തന്നോട് ചേർക്കാൻ കഴിഞ്ഞ *പാർവതി* ആകുവാനാണ് ഏതൊരു പെണ്ണിനും ഇഷ്ടം...നീ നന്നായി ആലോചിക്ക് മോനെ,,,അതിന് ശേഷം ഉചിതമായൊരു തീരുമാനം എടുക്കു..."

അത്രയും പറഞ്ഞ് ജാനകി  വിച്ചുവിനെയും കൂട്ടി പിന്തിരിഞ്ഞു നടന്നതും ആശയക്കുഴപ്പത്തോടെ കാർത്തി കട്ടിലിലേക്ക് കിടന്ന് മെല്ലെ കണ്ണുകൾ അടച്ചു...

*-*-*-*-*-*-*-*-*-*-*-*

"ഞാനെന്തിനാ വിളിപ്പിച്ചതെന്ന് കാർത്തിക്ക് മനസിലായോ...?? "

വീശിയടിക്കുന്ന തിരമാലകളിലേക്ക് മിഴികളൂന്നിക്കൊണ്ട് ഉണ്ണി ചോദിച്ചതും കാർത്തി മുഖമല്പം ചെരിച്ചു കൊണ്ടവനെ നോക്കി...

"പല്ലവി...."

"ഉം...അത് തന്നെ,,,അവളെന്നോട് എല്ലാം പറഞ്ഞു...അപ്പൊ തന്നെ കണ്ടൊന്ന് സംസാരിക്കണമെന്ന് തോന്നി...അതാ വന്നത്...തന്നോട് സംസാരിക്കാമെന്ന് പറഞ്ഞെങ്കിലും അവള് സമ്മതിച്ചില്ല,,,ഒരുപാട് മാറിപ്പോയി അവള്...പിടിച്ചു വാങ്ങി ശീലിച്ചതെല്ലാം മറന്ന് പോയിരിക്കുന്നു...അർഹിക്കാത്തത് ആഗ്രഹിക്കരുതെന്ന് മനസിനെ പറഞ്ഞു പഠിപ്പിക്കുവാ അവളിപ്പോ...എങ്കിലും അവള്ടെ വേദന കാണാൻ കഴിയുന്നില്ലടോ...തനിക്കവളെ നിറഞ്ഞ മനസോടെ സ്വീകരിക്കാൻ കഴിയുമോ...?? വേറെ ആരൂല്ലടോ അതിന്....അച്ഛനും അമ്മയും പോയി,,,സ്നേഹിച്ചവരെല്ലാം ചതിച്ചു...ആദ്യമായി പ്രണയമെന്തെന്നറിഞ്ഞത് തന്നിൽ നിന്നാണ്...തന്നെ നിർബന്ധിപ്പിക്കുകയല്ല ഞാൻ...എങ്കിലും താൻ കെട്ടിയ താലിയും കഴുത്തിലിട്ട് നീറുന്ന അവളെ കാണാൻ വയ്യാത്തത് കൊണ്ടാടോ..."

ഏതോ ഓർമയിൽ പറഞ്ഞുകൊണ്ട് ഉണ്ണി പ്രതീക്ഷയോടെ കാർത്തിയെ നോക്കി...ഇതേ സമയം ഉണ്ണിയുടെ മുഖത്തെ ഭാവങ്ങൾ മനസിലാക്കാൻ ശ്രമിക്കുകയായിരുന്നു അവൻ...ഒരു കോണിൽ നിന്ന് നിറഞ്ഞ കണ്ണുകൾ ഒതുക്കി പുഞ്ചിരിയോടെ നിൽക്കുന്ന ഉണ്ണിയെ കാർത്തിയൊരു സംശയത്തോടെ നോക്കി... 

"ഒരുപാട് ഇഷ്ടമായിരുന്നല്ലേ അവളെ..."

നെഞ്ചിൽ കൈകെട്ടി നിന്ന് കാർത്തി ചോദിച്ചെങ്കിലും ഉണ്ണിയുടെ മുഖത്ത് പ്രത്യേക ഭാവവ്യത്യാസങ്ങൾ ഉണ്ടായിരുന്നില്ലെങ്കിലും ഉള്ള് നീറുന്നതവൻ അറിഞ്ഞിരുന്നു... 

"അവളെ ആർക്കാടോ ഇഷ്ടമല്ലാത്തത്...കൊറച്ചു വാശിയും ദേഷ്യവും കുശുമ്പുമൊക്കെ ഉണ്ടെങ്കിലും ആള് പാവമാടോ...അതൊന്നുമില്ലെങ്കിൽ പവി ഒരിക്കലും പൂർണമാവില്ല...അവൾക്കൊരിക്കലും ആരെയും പോലെ ആകാൻ പറ്റില്ല,,,അങ്ങനെ ആകാൻ പറ്റുമെങ്കിൽ അവൾക്കെന്ത് വ്യക്തിത്വം ആണുള്ളത്...?? പക്ഷേ സ്നേഹിക്കാൻ നന്നായി അറിയാം,,,എല്ലാരേം പെട്ടന്ന് വിശ്വസിക്കും...അങ്ങനെ ഒരു പ്രകൃതം...കുഞ്ഞുനാളിൽ തന്നെ പവി ഉണ്ണിയ്ക്കുള്ളതാണെന്ന് എല്ലാരും പറഞ്ഞു വെച്ചിരുന്നു...എന്നിട്ടും ഞാനെപ്പോഴും നീയെന്റെ കൂട്ടുകാരിയെന്ന് പറഞ്ഞാ നടന്നത്...അവളെന്റെ ആണെന്നുള്ള ഉറപ്പ് കൊണ്ടാണെന്ന് പറയാം...ഒരിക്കൽ പോലും അവളോട് എനിക്കുള്ള ഫീലിംഗ്സ് ഞാൻ തുറന്ന് പറഞ്ഞിട്ടില്ല...ഇനി അത് പറയാനും എനിക്കർഹതയില്ല...ഇനി അവളത് ഒരിക്കലും അറിയണ്ട...അതറിഞ്ഞാ അവൾക്ക് സഹിക്കാൻ പറ്റില്ല...അവള് വേദനിക്കുന്നത് കാണാൻ കഴിയുന്നില്ലടോ...."

കാർത്തിക്ക് അത്ഭുതം തോന്നിയിരുന്നു...അറിയുകയായിരുന്നു ഉണ്ണിയെ,,,അല്ലെങ്കിൽ ഉണ്ണിയ്ക്കുള്ളിലെ നന്മയെ...പ്രണയത്തിന്റെ എത്രയെത്ര മുഖങ്ങൾ,,,ഒരില ഒട്ടും പരിഭവങ്ങളില്ലാതെ ചില്ലയിൽ നിന്നുമടരുന്ന പോലെ സ്നേഹത്തിൽ നിന്നും സ്വയം പിൻവാങ്ങുന്ന മനുഷ്യൻ...!!! അതെ,,,ചിലപ്പോഴൊക്കെ പ്രണയം നിശബ്ദമായ വിട്ടുകൊടുക്കൽ കൂടിയാണ്...!! നേടിയെടുക്കുന്നതിലും മഹത്വം ഒരുപക്ഷേ വിട്ടുകൊടുക്കുന്നതിനുണ്ടാവുമെന്ന് അവനൊരു നിമിഷം ഓർത്തു...

റൂമിലിരുന്ന ഫോൺ ബെൽ അടിക്കുന്നത് കേട്ടതും എന്തോ ഓർമയിലായിരുന്ന പവി ഞെട്ടലോടെ അതിലേക്ക് മിഴികൾ പായിച്ചു...സ്‌ക്രീനിൽ ഉണ്ണിയേട്ടൻ ന്ന് എഴുതി കാണിച്ചതും അവളൊരു ദീർഘനിശ്വാസത്തോടെ കാൾ അറ്റൻഡ് ചെയ്ത് ചെവിയോട് ചേർത്തതും കനത്ത നിശബ്ദതയായിരുന്നു...ഒരുനിമിഷം സ്ക്രീനിലേക്ക് നോക്കിയിറപ്പിച്ച ശേഷം മൗനമായി തന്നെ നിന്നു...മറുവശത്തെ ആ ശ്വാസത്തിന്റെ നേർത്ത ശബ്ദം മതിയായിരുന്നു അതാരെണെന്ന് മനസിലാക്കാൻ...അതേ,,,എന്റെ പ്രാണൻ...മനസ് ഉച്ചത്തിൽ *കാർത്തി* എന്ന് മന്ത്രിക്കുന്നുണ്ട്...ഹൃദ്യമിടിപ്പ് ഉയരുന്നതും കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞ് തൂവുന്നതും അറിഞ്ഞിരുന്നു...എന്തൊക്കെയോ ചോദിക്കണമെന്നും പറയണമെന്നുമുണ്ടായിരുന്നു,,,സാധിക്കുന്നില്ല,,,ചോദ്യങ്ങളെല്ലാം നിശ്വാസത്തിലേക്ക് ലയിച്ചു ചേരും പോലെ...മറുവശത്ത് കാൾ കട്ടായതും നിമിഷങ്ങളോളം ഫോൺ ചെവിയിൽ ചേർത്തു പിടിച്ചു നിന്നുപോയി...ആ ശബ്ദമൊന്ന് കേൾക്കാൻ മനസ് വല്ലാതെ തുടിക്കുന്നുണ്ട്...വീണ്ടും വീണ്ടും ഫോണിലേക്ക് നോക്കിയിരുന്നു,,,ആ കാൾ തേടിവരുമോയെന്നറിയാൻ...തിരിച്ചു വിളിക്കാൻ കൈകൾ ചലിക്കാത്തത് പോലെ...കണ്ണാടിയ്ക്ക് മുന്നിലായ് ചെന്ന് നിന്നു...മഞ്ഞചരടിൽ കോർത്ത താലിയെടുത്ത് പുറത്തേക്കിട്ടു...ഒഴിഞ്ഞുകിടന്ന സീമന്തരേഖയിൽ അന്നധ്യമായി കൊതിയോടെ,അതുലുപരി പ്രണയത്തോടെ കുങ്കുമവർണ്ണം പടർത്തി...കഴുത്തിൽ മയങ്ങിചേർന്ന് കിടക്കുന്ന താലിയ്ക്കുമേൽ മുത്തങ്ങൾ കൊണ്ട് മൂടി...ഒരു ഭ്രാന്തിയെ പോലെ അലറിക്കരയുമ്പോഴും ഉള്ളിലൊരു പ്രതീക്ഷയുടെ നെയ്ത്തിരി വെട്ടം ഉയരുന്നതറിഞ്ഞിരുന്നു...

ക്ലോക്കിലെ സൂചികൾ ഓരോ സ്ഥാനമായി മാറിക്കൊണ്ടിരിക്കുമ്പോഴും കണ്ണടച്ച് തന്റെതായ ലോകത്തിൽ വർണങ്ങൾ കോർക്കുകയായിരുന്നു താൻ...ഒരു ഫോൺ കാളിലൂടെ ജീവൻ തിരിച്ചു കിട്ടിയ പോലെ...പട്ടുന്നൂൽ പുഴുവിനെ പോലെ ആ സ്വപ്നലോകത്തായി ചുരുങ്ങിക്കൂടുന്നു...മുറ്റത്ത് പാഞ്ഞു വന്ന് ഉണ്ണിയേട്ടന്റെ കാറ് വന്ന് നിൽക്കുന്നതും കാളിങ് ബെൽ അമർത്തി അടിക്കുന്നതും കേട്ടിരുന്നു... മനസ് എന്തുകൊണ്ടോ സന്തോഷിക്കുന്നതറിഞ്ഞു...ഏറെ പ്രിയപ്പെട്ടതെന്തോ അരികിലേക്ക് വരും പോലെ തോന്നിയതും, ഹൃദയമിടിപ്പ്  ക്രമതീതമായി ഉയരുന്നത് അറിഞ്ഞിട്ടും അനങ്ങാതെ കിടന്നു...ഒരു സ്വപ്നമാണെന്ന് പറഞ്ഞ് മനസ് ശാസിച്ചു നിർത്തുകയായിരുന്നു...പരിചിതമായ ആരോ മുറിയിലേക്ക് കടന്ന് വരുന്നതും, തന്നെ ഉറ്റുനോക്കി നിൽക്കും പോലെ അനുഭവപ്പെട്ടതും ഞെട്ടലോടെ കണ്ണുകൾ തുറന്ന് ഉയർന്നെഴുന്നേറ്റു...

മുന്നിൽ ഗൗരവഭാവത്തോടെ, കൈകൾ കെട്ടി,,,തന്നിൽ മിഴികളൂന്നി നിൽക്കുന്ന കാർത്തികേയനെ കണ്ട് ഒരുനിമിഷം സ്വപ്നമാണോയിതെന്ന് തോന്നി...എന്തുപറയണം,ചെയ്യണമെന്നറിയാതെ ഉറച്ചു വെച്ച പ്രതിമ പോലെ നോക്കിയിരിക്കുമ്പോഴാണ് അടുത്തേക്ക് വന്ന് കൈകളിൽ പിടിച്ചെഴുന്നേൽപ്പിച്ചത്...കണ്ണുകൾ സന്തോഷം കൊണ്ട് വിടർന്നിരുന്നു...ആ ഗന്ധവും ചൂടും ഒരു കവചമെന്ന പോലെ പൊതിഞ്ഞതും ഒരുവേള ഹൃദയം വിങ്ങിപ്പോയി...ആ കണ്ണുകളിലേക്ക് ഉറ്റുനോക്കും തോറും മറ്റൊരു ലോകത്തിലേക്ക് എത്തിപ്പെട്ടത് പോലെ തോന്നിയിരുന്നു...മുഖത്ത് ഗൗരവമെങ്കിലും ശാന്തമായിരുന്നു ആ മിഴികൾ...കാർത്തിയുടെ മിഴികൾ നെറ്റിയിൽ പടർന്നിരുന്ന കുങ്കുമത്തിലേക്കും കഴുത്തിൽ കിടന്ന താലിയിലേക്കും നീളുന്നത് അറിഞ്ഞിരുന്നു...

"ഈയൊരു മഞ്ഞചരടിന്റെ ബന്ധനത്തിൽ നീയിനിയും കിടന്ന് നീറരുത്...ഇനിയും ഈ താലിക്ക് നിന്റെ കഴുത്തിൽ കിടക്കാനുള്ള യോഗ്യതയില്ല...."

ചൂണ്ടുവിരൽ കൊണ്ട് താലികയ്യിലെടുത്ത് അത്രയും പറഞ്ഞശേഷം ക്ഷണനേരം കൊണ്ട് കാർത്തിയാ താലി പൊട്ടിച്ചെടുത്തു...ഒരുനിമിഷം ഇടിവെട്ടേറ്റത് പോലെയവൾ തറഞ്ഞു നിന്നുപോയി...പുഞ്ചിരി വിടർന്നിരുന്ന അധരങ്ങൾ വിറകൊണ്ടു...കണ്ണുകൾ നിറഞ്ഞ് കവിഞ്ഞിരുന്നു...സഹിക്കാനായിരുന്നില്ല,,,,ഏതോ ഒരുൾപ്രേരണയാൽ അവന്റെ കവിളിലേക്ക് ആഞ്ഞടിക്കുമ്പോഴേക്കും തളർന്നു പോയിരുന്നു...

"എന്തിനാ....?? എന്തിനാ എന്നിൽ നിന്നതടർത്തി മാറ്റിയെ...?? അവകാശം പറഞ്ഞ് ഞാൻ വന്നോ...?? പിന്നെന്തിനാ നിങ്ങളങ്ങനെ ചെയ്തേ...?? പറയ്‌....മറുപടി പറയ്‌...."

പൊട്ടിക്കരഞ്ഞു കൊണ്ട് അവന്റെ കോളറിൽ കൈ ചേർത്തുപിടിച്ച് അവനെ ഒന്നാകെ ഉലച്ചുകൊണ്ടവൾ ചോദിച്ചു....പവിയുടെ പെട്ടന്നുള്ള ഭാവമാറ്റം കണ്ട് കാർത്തി ഒന്ന് പകച്ചു പോയിരുന്നു....ഇരുവരുടെയും മുഖത്തെ ഭാവങ്ങൾ വാതിൽക്കലൂടെ കണ്ട് നിൽക്കുകയായിരുന്നു ഉണ്ണിയും അച്ഛനും അമ്മയും...ഉള്ളിലെ വേദന മറച് ഉണ്ണി പതിയെ ചുണ്ടുകളിലൊരു പുഞ്ചിരി വരുത്തിയിരുന്നു... 

*കൊണ്ടുപൊക്കോട്ടെ ഞാനെന്റെ പെണ്ണിനെ....*

കാർത്തിയുടെ ശബ്ദം ഉയർന്നതും ശ്വാസം വിലങ്ങിയ പോലെ പവി ഞെട്ടലോടെ തലയുയർത്തി നോക്കി...അവന്റെ കണ്ണുകളിലെ കുസൃതിയിലേക്ക് സംശയത്തോടെ മിഴികൾ പതിപ്പിച്ചു...ഉണ്ണിയേട്ടനും അമ്മായിയും അമ്മാവനും  പുഞ്ചിരിയോടെ തലയാട്ടിയതും തന്റെ അനുവാദത്തിന് പോലും കാത്തുനിൽക്കാതെ മുകളിൽ നിന്നും തന്നെ കൈകളിൽ കോരിയെടുത്ത് പടവുകൾ ഇറങ്ങുമ്പോൾ  അന്തിച് നിൽക്കുന്ന അവരെ നോക്കി കണ്ണടച്ച് പതിയെ പുഞ്ചിരിക്കുന്ന കാർത്തിയെ അത്ഭുതത്തോടെ നോക്കി അനങ്ങാതെ ആ നെഞ്ചിലെ ചൂടിലേക്ക് ചേർന്നുപോയിരുന്നു....!!!

10

തിരികെ വീട്ടിലേക്ക് ചെന്ന് കേറുമ്പോ തന്റെ കൈത്തണ്ടയിൽ മുറുകിയിരുന്ന കാർത്തിയുടെ കൈകൾ ഉള്ളിലൊരു സന്തോഷം നിറയ്ക്കുന്നതറിഞ്ഞിരുന്നു...അമ്മയും വിച്ചുവും സ്നേഹത്തിൽ ചാലിച്ച പരിഭവം കൊണ്ടെന്നെ മൂടുമ്പോഴും കുസൃതി നിറഞ്ഞിരുന്ന ആ മുഖത്തേക്ക് മിഴികളോടി എത്തിയിരുന്നു...ആളുടെ നോട്ടം തന്റെ സീമന്തരേഖയിൽ വർണം വിടർത്തിയിരുന്ന കുങ്കുമത്തിലാണെന്ന് അറിഞ്ഞതും ചന്ദ്രന്റെ പ്രണയാർദ്രമായ നോട്ടത്തിൽ കൂമ്പിയടയുന്ന താമരയെ പോലെ ജാള്യതയോടെ തല കുനിച്ചിരുന്നു...പവിയുടെ മുഖത്തെ ഭാവങ്ങളോരോന്നും ചെറുചിരിയോടെ നോക്കിക്കാണുകയായിരുന്നു കാർത്തി....അവളിലെ ഓരോ സാമിഭ്യവും തന്നെ മറ്റൊരു ലോകത്തിലെത്തിക്കും പോലെയാണ്...വൈശുവിന്റെ സാന്നിധ്യം അവളിലൂടെ തനിക്ക് പകർന്ന് കിട്ടും പോലെ...ആ വേട്ടനായ കടിച്ചു കീറിയ ശേഷം ജീവന് വേണ്ടി പിടയുന്ന വൈശുവിന്റെ മുഖം ഇന്നും ഒരു നേരിപ്പോടായി നെഞ്ചിലുണ്ട്...ഇനി ഒരു തിരിച്ചു വരവ് ഉണ്ടാകില്ലെന്ന് ഡോക്ടർ അന്ത്യമവിധി എഴുതുമ്പോഴും അവളിലെ പുതുജീവൻ മറ്റൊരു ഹൃദയത്തിൽ തുടിച്ചിരുന്നു... അവസാനശ്വാസത്തിലും നന്മ മാത്രം ചെയ്തൊരു പെണ്ണ്...ഭ്രാന്തമായ അവസ്ഥയിൽ അറിഞ്ഞിരുന്നില്ല,,,തന്നെ മാത്രം കോറിയിട്ട അവളുടെ ഹൃദയത്തിന് ആരാണ് പുതിയ അവകാശിയെന്ന്...!!
ഒരിക്കൽ തന്റെ ഹൃദയത്തിൽ കൂട് കൂട്ടിയവളാണ്...തന്റെ നെഞ്ചിൽ പരാതികളും പരിഭവങ്ങളും തീർത്തിരുന്നവൾ,,,ആ വസന്തം കൊഴിഞ്ഞു പോയെങ്കിലും തളിരറ്റ ഓർമകൾ അവിടെ അവശേഷിച്ചിരിക്കും...എന്നാൽ അവൾക്ക് വേണ്ടി മാത്രം തുടിച്ചിരുന്ന തന്റെ ഹൃദയം മറ്റൊരാളിൽ തുന്നിച്ചേർക്കുകയാണ്,,,പഴയ വേരുകൾ മുറിച്ച് മാറ്റിക്കൊണ്ട്,,,

അന്നത്തെ രാത്രിയ്ക്ക് എന്തോ മാന്ത്രികതയുള്ള പോലെ തോന്നിയിരുന്നു അവൾക്ക്...മെല്ലെ ആ ഇടനെഞ്ചിലേക്ക് തലചായ്ക്കുമ്പോൾ മോഹങ്ങളും സ്വപ്നങ്ങളും കൈയെത്തി പിടിച്ച സന്തോഷം മനസാകെ വന്ന് നിറയുന്നതറിഞ്ഞു...അപ്പോഴും ചില ചോദ്യങ്ങൾ ഉത്തരം കിട്ടാതെ മനസിലൂടെ അലഞ്ഞു നടന്നിരുന്നു...ഒരുപക്ഷേ ചോദിച്ചില്ലെങ്കിൽ ശ്വാസം തറഞ്ഞു നിന്നുപോകുമെന്ന് തോന്നിയതും എന്തോ ആലോചിച്ചു കിടക്കുന്ന കാർത്തിയുടെ നെഞ്ചിൽ നിന്ന് തലയുയർത്തി നോക്കി... 

"എന്തിനാ ഇന്നാ താലി പൊട്ടിച്ചെറിഞ്ഞേ...?? "

മുഖവുരയെതുമില്ലാതെ ചുണ്ടുകൾ ചൂർപ്പിച് ചോദിച്ചതും കാർത്തി ഒരു മന്ദഹാസത്തോടെ തന്നെ അവളെ  ചേർത്തു പിടിച്ചു... 

"ആ താലിക്ക് ഇനിയും നിന്റെ കഴുത്തിൽ കിടക്കാൻ അവകാശമില്ല...കാരണം,അതിലെന്റെ ഒരിറ്റ് സ്നേഹം പോലുവില്ലാരുന്നു...താലിയുടെ പവിത്രത,,അത് അണിയുന്നവളുടെ മാത്രം ഉത്തരവാദിത്തമല്ല...അത് ചാർത്തിയവൻ അതിനോട് നീതി പുലർത്തിയെങ്കിൽ മാത്രമേ അത് പവിത്രവും പൂർണവുമാകുന്നുള്ളൂ,,, പ്രണയത്തിന്റെ കനൽ ഉരുക്കിയെടുത്ത് പണിയണം ഓരോ താലിയും...അല്ലാത്തിടത്തോളം അത് വെറും കാഴ്ച വസ്തു മാത്രമായിരിക്കും...അതുകൊണ്ടാ അത് പൊട്ടിച്ചെറിഞ്ഞേ...എന്റെ പ്രണയത്തിൽ ചാലിച്ച താലി മാത്രമേ ഈ നെഞ്ചിൽ മയങ്ങാവൂ..."

തലയ്ക്കു പിന്നിൽ കൈ ചേർത്ത് കിടക്കുന്ന കാർത്തിയെ ഒരുനിമിഷം ആരാധനയോടെ നോക്കിയിരുന്നു പോയി,,,മെല്ലെ ആ കൈത്തണ്ടയിലേക്ക് കവിൾ ചേർത്തു വച്ചതും ഇരു കൈകളാലും ചുറ്റിപിടിച്ച് ആ നെഞ്ചിലേക്ക് ചേർത്ത് കിടത്തിയ കാർത്തിയെ കണ്ട്  ഒരുവേള കണ്ണുകൾ നിറഞ്ഞിരുന്നു...പുറത്ത് അമ്മയുടെ ഒച്ച കേട്ടതും ഞാനൊരു ജാള്യതയോടെ ആ നെഞ്ചിൽ നിന്നും അടർന്നു മാറിയിരുന്നു...രാത്രിയിലേക്കുള്ള ഭക്ഷണം കൊണ്ടുവന്നതായിരുന്നു അമ്മ...അതേ സമയം കാർത്തിക്കൊരു കാൾ വന്നതും അവൻ പുറത്തേക്ക് മാറിനിന്ന് സംസാരത്തിന് തുടക്കമിട്ടിരുന്നു...അപ്പോഴും വൈശുവിനെ കാണണമെന്നുള്ള ആഗ്രഹം ഉള്ളിൽ നിറഞ്ഞതും അമ്മയോട് തന്നെ ചോദിക്കാമെന്ന് ഉറപ്പിച്ചിരുന്നു...ഒരുപക്ഷേ കാർത്തിയുടെ പ്രതികരണമോർത്തുള്ള പേടി കൂടിയാവാം... 

"അമ്മേ...എനിക്ക്,,,എനിക്ക് വൈശൂന്റെ ഒരു ഫോട്ടോ കാണിച്ചു തരാമോ...?? "

ആകാംഷനിറഞ്ഞ കണ്ണുകളോടെ അമ്മയ്ക്ക് നേരെ ചോദ്യമുന്നയിക്കുമ്പോഴും ഞെട്ടലോടെ തന്നെ നോക്കുന്ന ആ കണ്ണുകളുടെ അർത്ഥം മനസിലാവാതെ ഞാനാ മുഖത്തേക്ക് നോക്കി...എന്തോ ഓർത്തെന്ന പോലെ മുഖം വെട്ടിച്ചു നിന്ന അമ്മ ഒരു ദീർഘശ്വാസമെടുത്ത് പറഞ്ഞു തുടങ്ങിയിരിന്നു... 

"അത് വേണ്ട കുട്ടി...വൈശു ഇനിയും നിങ്ങടെ ജീവിതത്തിൽ വേണ്ട...അവളെ കാണാതിരിക്കുക തന്നെയാണ് നല്ലത്..."

അവരൊരു പതർച്ചയോടെ, പാതി മുറിഞ്ഞു പോകുന്ന വാക്കുകളിലൂടെ പറഞ്ഞപ്പോഴും കാര്യമെന്തെന്ന് അവൾക്ക് മനസിലായിരുന്നില്ല... 

"അമ്മേ,,,ആദ്യപ്രണയം എല്ലാവരുടെയും ഉള്ളിൽ മായാതെ നിൽക്കും...വൈശുവിനെക്കുറിച്ച് എല്ലാം എനിക്കിപ്പോ അറിയാം,,,അവള്ടെ പ്രണയം...ജീവിതം...സ്വപ്‌നങ്ങൾ...അങ്ങനെ എല്ലാം...അതുകൊണ്ട് ഒരുപ്രാവിശ്യം അവളെ എനിക്ക് കാണിച്ചു തന്നൂടെ...നിക്ക് അത്രയ്ക്ക് ആഗ്രഹവായിട്ടാ..."

ഒരു കെഞ്ചലോടെ ചോദിച്ചെങ്കിലിം ഒരു ഫോട്ടോ പോലും കാണിക്കാൻ അമ്മ കൂട്ടാക്കിയിരുന്നില്ല...ഉള്ളിലൊരു വേദന തിങ്ങിയതും കണ്ണുകൾ അറിയാതെ നിറഞ്ഞിരുന്നു...അത് കണ്ടിട്ടാവണം അമ്മയുടെ മുഖവും മങ്ങുന്നതറിഞ്ഞു...ഒന്നും പറയാതെ അലമാരയിലെ ചെറിയ കള്ളി തുറന്ന് അതിൽ നിന്നെടുത്ത ഡയറി എനിക്ക് നേരെ നീട്ടുമ്പോഴും കണ്ണുകൾ ആകാംഷയോടെ വിടർന്നിരുന്നു...കുട്ടിക്കാലത്തെ ഓരോ ഫോട്ടോകളും കഴിഞ്ഞ് പോകും തോറും എന്തിനോ ഹൃദയമിടിപ്പ് വല്ലാതെ ഉയരുന്നതറിഞ്ഞിരുന്നു...അടുത്തൊരു താളിൽ അമ്മയുടെ ഇടതും വലതും പുഞ്ചിരിയോടെയിരിക്കുന്ന  പെൺകുട്ടികളുടെ മുഖത്തേക്ക് കണ്ണുകൾ ഓടിച്ചു...ഒന്ന് വിച്ചുവാണ്...നുണക്കുഴി കവിളുമായി പുഞ്ചിരിയോടെയിരിക്കുന്ന പെൺകുട്ടിയിൽ കണ്ണുകൾ കോർത്തു...ഒരുനിമിഷം *വൈശാലി* എന്ന പേര് ചുണ്ടുകളിൽ പതിഞ്ഞതും മനസാകെ അസ്വസ്ഥമാകുന്നതറിഞ്ഞു...തനിക്കേറെ പരിചിതമായ ആ മുഖം ഓർമയിലെ താളുകളിൽ പരാതിക്കൊണ്ടിരിക്കുമ്പോഴും ജാനകി അവളിലെ ഭാവങ്ങൾ നോക്കിക്കാണുകയായിരുന്നു...ഒരുനിമിഷം എന്തോ ഓർമ വന്നത് പോലെ പവിയുടെ കണ്ണുകൾ നിറഞ്ഞു തൂവി...കാഴ്ചയെ മറച്ച് കണ്ണുനീർ കവിളിലൂടെ ചാലുകൾ തീർത്ത് ഒഴുകിക്കൊണ്ടിരുന്നു...അറിയാതെ നെഞ്ചിൽ കൈ വെച്ച് പോയി...വിറയാർന്ന ചുണ്ടുകൾ വിതുമ്പാൻ തുടങ്ങിയതും അമ്മയെന്നെ ചേർത്ത് പിടിച്ചു... 

"കരയരുത്....ഇന്ന് നിന്നിൽ തുടിക്കുന്ന ഹൃദയം എന്റെ വൈശുവിന്റെയാണെന്ന് മറ്റാരും അറിയണ്ട മോളെ...ഈ ലോകം വിട്ട് പോകും മുന്നേ എന്റെ കുട്ടി ചെയ്ത അവസാന നന്മയാണ് നിന്നിലേക്ക് അവള്ടെ ഹൃദയത്തെ പകുത്ത് നൽകിയത്...മോള് അഞ്ചു വർഷങ്ങൾക്ക് മുൻപ് ആക്‌സിഡന്റ് പറ്റി ഹോസ്പിറ്റലിൽ കിടന്നതോർമ്മയുണ്ടോ...?? രണ്ട് ദിവസങ്ങൾക്ക് ശേഷം എന്റെ മോളും പിടയുന്ന ജീവനോടെ അവിടെ എത്തിയിരുന്നു...ഇനിയൊരിക്കലും തിരിച്ചു വരില്ലെന്ന് വിധി എഴുതിയെങ്കിലും അവൾ ഇന്നും ജീവിക്കുന്നുണ്ട്,,,നിന്നിലൂടെ...നിന്റെ ഈ ഹൃദയതുടിപ്പുകളിലൂടെ...മോൾടെ അച്ഛമ്മയുടെ കണ്ണുനീരിന് മുന്നിൽ തോറ്റുപോയി ഞാൻ...അവള്ടെ ഹൃദയം ആർക്കാണ് നൽകിയതെന്ന് ആരും അറിയണ്ടെന്ന് തോന്നി...ആരോടും പറഞ്ഞിട്ടില്ല ഞാനിതുവരെ...എന്റെ കാർത്തിയും ഇതറിയണ്ട...കണ്ണ് തുടയ്ക്ക് മോളെ...അവനിപ്പോ വരും...വിഷമിക്കരുത്...നിനക്ക് വിധിച്ചത് തന്നെയാ വിധി നിനക്കായ്‌ നൽകിയിരിക്കുന്നത്...ഇങ്ങനെ തന്നെ പോട്ടെ,,,ചില സത്യങ്ങൾ ആരുമറിയാതെ മൂടിവയ്ക്കപ്പെടുന്നത് തന്നെയാ നല്ലത്...ഒരുപക്ഷേ സത്യമറിഞ്ഞാൽ അവന് നിന്നേ മനസ് തുറന്ന് സ്നേഹിക്കാൻ പറ്റിയെന്നു വരില്ല...നീ അടുത്ത് വരുമ്പോ ഓരോ നിമിഷവും അവൻ വൈശുവിനെ ഓർക്കും...അത് വേണ്ട,,,വൈഷുവും അതാഗ്രഹിക്കുന്നില്ല...സത്യം ചെയ്യ്,,,മോൾടെ നാവിൽ നിന്ന് ഇതാരുമറിയില്ലെന്ന്..."

തന്റെ കൈ പിടിച്ച് സത്യം ചെയ്യിപ്പിക്കുന്ന അമ്മയെ നോക്കിനിന്നു...ചലിക്കാൻ പോലുമാകാതെ നിൽക്കുന്ന തന്റെ തലയിൽ മെല്ലെ തലോടി നടന്നകലുന്ന അമ്മയെ യാന്ത്രികമെന്നോണം നോക്കിനിന്നു പോയി...അഞ്ചു വർഷങ്ങൾക്ക് മുൻപ് ഓപ്പറേഷൻ തീയറ്ററിൽ തനിക്ക് എതിർവശത്ത് കിടന്നിരുന്ന വൈശാലിയുടെ  മങ്ങലോടെയുള്ള മുഖം ഉള്ളിലൊരു നീറ്റലുളവാക്കി...ഉള്ളിലൊരു പേമാരി തന്നെ ആർത്തു പെയ്യുന്നുണ്ട്...അതിൽ മുങ്ങിത്തപ്പുന്ന വെറുമൊരു യാത്രക്കാരിയായി ഒറ്റപ്പെടുന്നത് അറിഞ്ഞിരുന്നു...എന്തിനെന്തന്നറിയാതെ ഇമകൾ താണ്ടി കണ്ണുനീർ കവിള്കളെ നനച്ച് കൊണ്ടിരുന്നു...രാത്രിയിൽ ഭക്ഷണം കഴിക്കാനിരിക്കുമ്പോഴും ഉള്ളിലെ വൈശാലിയെന്ന മുഖം ആരാധനയോടെ നോക്കിക്കാണുന്ന കൊച്ചുകുട്ടിയെ പോലെയായിരുന്നു മനസ്...

മുറിയിലേക്ക് തിരിച്ചു വരുമ്പോ കട്ടിലിന്റെ നടുവിലായി തലയ്ക്കു പിന്നിൽ കൈ ചേർത്ത് കിടക്കുന്ന കാർത്തിയെ  ഒരുനിമിഷം നോക്കിനിന്നതും ഹൃദയം വല്ലാതെ പിടഞ്ഞുലയുന്നത് അറിഞ്ഞിരുന്നു...തന്റെ മുഖത്തെ വാട്ടം കണ്ട് ഗൗരവത്തോടെ ഒരു വശത്തേക്ക് നീങ്ങികിടന്നതും ഒന്നും മിണ്ടാതെ ഞാനും അരികിലേക്ക് ചേർന്ന് കിടന്ന് കണ്ണുകളടച്ചു...

"എടി പെണ്ണേ...ഇങ്ങോട്ട് കയറി കിടക്കഡീ..."

വലതു കൈ വിടർത്തി വെച്ച് ഗൗരവത്തോടെയാണ് പറയുന്നതെങ്കിലും ആ കൺകോണിൽ വിടർന്നു നിൽക്കുന്ന കുസൃതി അതിശയത്തോടെ നോക്കികാണുകയായിരുന്നു...പതിയെ ആ നെഞ്ചിലേക്ക് ചാരിയതും ഇരുകൈകളാലും തന്നെ ചേർത്ത് പിടിച്ചു...നെറ്റിയിൽ ചേർന്ന അധരങ്ങൾ മെല്ലെ താഴ്ന്നു വന്ന് കണ്ണുകളിലും കവിള്കളിലും ചിത്രം വരച്ചതും അറിയാതെ തന്റെ മിഴികൾ  നിറഞ്ഞു പോയിരുന്നു...

"ഇനി എന്നെ വിട്ടിട്ട് പോകുവോ...?? എല്ലാം മറന്ന് ജീവിക്കണ്ടേ നമുക്ക്...അതിന് മുൻപ് എന്റെയൊരു താലി നിന്റെ കഴുത്തിൽ വേണം...വേണ്ടേ...?? "

ഒരു വാത്സല്യത്തോടെ ചോദിച്ചതും മനസ് നിറഞ്ഞിരുന്നു...ഒത്തിരി സ്നേഹത്തോടെ ഇറുക്കെ പുണരുമ്പോഴും ഉള്ളിലെ ഭാരം കുറയുന്നതറിഞ്ഞിരുന്നു...നെഞ്ചിലെ വേദനകളും ഭാരവും താങ്ങാൻ കഴിയാതെ വരുന്ന സമയത്തു ഒരു തണല് കിട്ടുകയാണ് ഏറ്റവും ഭാഗ്യമെന്ന് തോന്നി...സൈഡിലായ് വെച്ചിരുന്ന ഒരു പൊതിയെടുത്ത് തനിക്ക് നേരെ നീട്ടുമ്പോഴും കണ്ണുകൾ ആകാംഷയോടെ കാർത്തിയുടെ മുഖത്തേക്ക് നീങ്ങിയിരുന്നു...തുറന്ന് നോക്കാനായി ആഗ്യം കാണിച്ചപ്പോഴേക്കും ഒരു ചിരിയോടെ പൊതിയഴിച്ചിരുന്നു...കറുത്ത കുപ്പിവളകൾ കണ്ടതും കണ്ണുകൾ വിടർന്നിരുന്നു...ചുണ്ടിലറിയാതെയൊരു പുഞ്ചിരി വിടർന്നതും വിശ്വസിക്കാനാവാതെ കാർത്തിയുടെ മുഖത്തേക്ക് നോക്കി... 

"അന്ന് ഉത്സവത്തിന് നീ ഒത്തിരി ആഗ്രഹിച്ചതല്ലേ...അപ്പൊ മേടിച്ചതാ...എങ്കിലും തരാൻ തോന്നിയിരുന്നില്ല...വൈശുവിനെ നീ മനസ് കൊണ്ട് അംഗീകരിച്ചു കഴിയുമ്പോ തരാമെന്ന് വിചാരിച് വെച്ചിരുന്നതാ...ഇഷ്ടായോ...?? "

ഒറ്റപിരികം പൊക്കി ചിരിയോടെയുള്ള ആ ചോദ്യത്തിന് മറുപടിയെന്നോണം കവിളുകൾ നാണത്താൽ ചുവന്നിരുന്നു...കരച്ചിലും ചിരിയും കലർന്നൊരു ഭാവത്തോടെ ആ നെഞ്ചിലേക്ക് ചേരുമ്പോഴേക്കും അറിഞ്ഞിരുന്നു ആ കൈകളും തന്നെ ചുറ്റിവരിഞ്ഞത്...

•°•°•°•°•°•°•°•°•°•°•°•°•°•°•°•

ശിവക്ഷേത്രത്തിലെ കൽത്തറയ്ക്ക് മുന്നിൽ കൈകൾ കൂപ്പി നിൽക്കുമ്പോഴും പ്രാർത്ഥിക്കാൻ മനസിലൊന്നും ഉണ്ടായിരുന്നില്ല...വൈശുവിന്റെ ആത്മാവിനു നിത്യശാന്തി നല്കണമേയെന്ന് മാത്രം പ്രാർത്ഥിച്ചു...കറുത്ത കളർ ബ്ലൗസും അതിന് ചേർന്ന സിൽവറും കറുപ്പും ചേർന്ന കരയുള്ള സെറ്റ് സാരിയും പവിയെ അതിസുന്ദരിയാക്കിയിരുന്നു...ആ സൗന്ദര്യത്തിന് മാറ്റ് കൂട്ടാനെന്നോണം കൈകളിൽ കിടന്നിരുന്ന കുപ്പിവളകൾ ഇടയ്ക്കിടയ്ക്ക് പൊട്ടിച്ചിരിച്ച് കൊണ്ടിരുന്നു...ആ മംഗളകർമത്തിന് മാറ്റ് കൂട്ടാനെന്നോണം അമ്മയ്ക്കും  വിചുവിനുമൊപ്പം ഉണ്ണിയും കുടുംബവുമുണ്ടായിരുന്നു....മഞ്ഞചരടിൽ കോർത്ത താലിയെടുത്ത് പവിയുടെ കഴുത്തിലായ് അണിയിക്കുമ്പോ ഇരുവരുടെയും ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞിരുന്നു...കണ്ണുകളടച്ചു അവന്റെ താലിയ്ക്ക് മുന്നിൽ കൈകൂപ്പി നിൽക്കുമ്പോഴും *ശിവപാർവതി പ്രണയം പോലെ ഒരേ ഉടലും മനസുമായിരിക്കാൻ അനുഗ്രഹിക്കണമേ* എന്ന് മാത്രമായിരുന്നു ഉള്ളിലുണ്ടായിരുന്നത്...സീമന്തരേഖയിൽ സിന്ദൂരം ചാർത്തി അവളുടെ നെറ്റിയിലേക്ക് അധരങ്ങൾ അമർത്തിയ ശേഷം അവനൊരു പുഞ്ചിരിയോടെയവളെ ചേർത്ത് പിടിച്ചു... 

*ഒരുപാതി ഞാനും മറുപാതി നീയും,,,ഇരുപാതിയും ചേർന്നാൽ നാമെന്ന പ്രണയം...!! കാർത്തിയുടെ ഇടനെഞ്ചു തുടിയ്ക്കുന്നത് ഇനിയെന്നും പല്ലവിക്ക് വേണ്ടിയായിരിക്കും...*

ഒരു വാഗ്ദാനമെന്നപോൽ കാർത്തി പറഞ്ഞു നിർത്തിയതും ചുറ്റും കൂടിനിന്നവരിൽ അതൊരു പുഞ്ചിരി പടർത്തിയിരുന്നു.... 

"ഏടത്തിയെ ഇഷ്ടമായിരുന്നല്ലേ...?? "

അമ്പലകുളത്തിലേക്ക് നോക്കിയിരിക്കുകയായിരുന്ന ഉണ്ണിയ്ക്കരുകിലേക്ക് വന്നിരുന്നു കൊണ്ട് വിച്ചു ചോദിച്ചതും മുഖത്ത് വിരിഞ്ഞിരുന്ന വിഷാദചായ മായിച്ചു അവനൊരു പുഞ്ചിരി വരുത്തി...

"തന്നോടാര് പറഞ്ഞു...?? "

"ആരും പറഞ്ഞതല്ല...ഏട്ടൻ ഏടത്തിയെ താലി ചാർത്തിയപ്പോ ഈ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടാരുന്നു...അതൊരു പെങ്ങളോട് ഏട്ടനുള്ള സ്നേഹത്തിന്റെ പ്രതീകമായിരുന്നില്ല...മറിച് ഏറെ സ്നേഹിച്ചോരാളെ വിട്ട് കൊടുക്കേണ്ടി വന്നതിനുള്ള വേദന ആയിട്ടാ തോന്നിയത്..."

അവളൊരു ദീർഘനിശ്വാസത്തോടെ പറഞ്ഞു നിർത്തിയതും ഉണ്ണി ഞെട്ടലോടെയാവളെ ഒരുനിമിഷം നോക്കി... 

"താൻ പറഞ്ഞത് ശരിയാ...പറയാതെയോ അറിയാതെയോ പോയൊരു ആത്മാർത്ഥപ്രണയം,,,ഹൃദയത്തിന്റെ ഏതോ ഒരു മൂലയിൽ ആർക്കും ശല്യമില്ലാതെ കിടപ്പുണ്ട്...നമ്മൾ ഇഷ്ടപ്പെട്ടതൊന്നിനെ നേടിയെടുക്കുന്നതിനിടയിൽ മറ്റൊരിടത്ത് ഏറ്റവും പ്രിയപ്പെട്ട ഒന്നിനെ മറ്റൊരാൾക്ക് നഷ്ടപ്പെടുമെന്ന് കേട്ടിട്ടില്ലേ...അതുപോലെ തന്നെ ഇതും...ആഗ്രഹിക്കുന്നതെന്തും കിട്ടണമെന്ന് വാശിപിടിക്കരുതല്ലോ..."

ശാന്തമായിരുന്ന കുളത്തിലേക്ക് ചെറിയൊരു കല്ല് എറിഞ്ഞു കൊണ്ടവൻ പറഞ്ഞു നിർത്തി...ഒരുപക്ഷേ അവന്റെ മനസും ഓളങ്ങൾ സൃഷ്ടിക്കുകയാണെന്ന് അവൾക്ക് തോന്നിയിരുന്നു...

"അങ്ങനെയെങ്കിൽ ഒട്ടും പ്രതീക്ഷിക്കാതെയൊന്നിനെ കിട്ടിയാൽ മനസ് തുറന്ന് സ്വീകരിക്കാൻ കഴിയുമോ...??"

അവളൊരു ഇടർച്ചയോടെ ചോദിച്ചതും ഉണ്ണി അവളെ തലചെരിച്ചൊന്ന് നോക്കി...അവന്റെ മുഖത്തെ ഭാവമെന്തെന്ന് അവൾക്ക് മനസിലായിരുന്നില്ല...പതിയെ എഴുന്നേറ്റവൻ പിന്തിരിഞ്ഞതും ഉള്ളിലൊരു നീറ്റൽ ഉയരുന്നതവൾ അറിഞ്ഞിരുന്നു...തിരിച്ചു പോകാൻ തുടങ്ങിയ നിമിഷം അവനൊന്നു നിന്നശേഷം പിന്തിരിഞ്ഞവളെ നോക്കി... 

*കാത്തിരിക്കു എന്നൊരു വാക്ക് ഞാൻ പറയുന്നില്ല...കാത്തിരിക്കാം എന്നൊരു വാക്ക് പ്രതീക്ഷിക്കുന്നുമില്ല...എങ്കിലും നെഞ്ചിലെ നീറ്റലൊന്ന് കുറഞ്ഞാൽ തിരിച്ചു വരും ഞാൻ...*

അത്രയും മതിയായിരുന്നു അവൾക്ക്...ചുണ്ടിൽ പ്രതീക്ഷയുടെ ഒരു പുഞ്ചിരി മൊട്ടിട്ടിരുന്നു...പിന്നിലേക്ക് തിരിഞ്ഞു നോക്കിയ ഉണ്ണിയുടെ ചുണ്ടിലും മെല്ലെയൊരു പുഞ്ചിരി വിടർന്നിരുന്നു...

"അച്ഛമ്മേ...ഞങ്ങളെ അനുഗ്രഹിക്കണം..."

തളർന്നു കിടക്കുന്ന അച്ഛമ്മയുടെ കാലിൽ തൊട്ട് തൊഴുത് അവരെഴുന്നേറ്റു...പവിയെ ചേർത്ത് പിടിച്ചിരിക്കുന്ന കാർത്തിയെ കണ്ട് അച്ഛമ്മയിൽ ആശ്വാസത്തിന്റെ ഒരു പുഞ്ചിരി വിടർന്നിരുന്നു... 

"എന്റെ കുട്ടിക്ക് നല്ലതേ വരൂ...നിനക്കവകാശപ്പെട്ട സ്വത്തുക്കളാ ഇവരെല്ലാം ഇപ്പൊ  അനുഭവിക്കുന്നത്..."

എന്തോ ഓർത്ത് അവരുടെ കണ്ണുകൾ നിറഞ്ഞതും പവി അടുത്തേക്ക് ചെന്ന് ആ കണ്ണുകൾ തുടച് കൊടുത്തു...

"എന്റെ ഏറ്റവും വലിയ സ്വത്ത് എനിക്ക് കിട്ടി അച്ഛമ്മേ...ചങ്കുറപ്പും ആരോഗ്യവുമുള്ളിടത്തോളം എന്റെ ഭർത്താവെന്നേ നോക്കിക്കോളും...മറ്റുള്ളവരുടെ കണ്ണുനീര് വീണ സ്വത്തുകൾ എനിക്ക് വേണ്ടച്ചമ്മേ...അതിന്റെ പേരിൽ ഒരു വഴക്കിനും ഞാനില്ല...ആരൊക്കെ തള്ളിപ്പറഞ്ഞാലും ചേർത്ത് നിർത്താൻ ആണൊരുത്തൻ ഉള്ളതാണ് ഏതൊരു പെണ്ണിന്റെയും ഭാഗ്യം...ആ ഭാഗ്യം എനിക്ക് ആവോളമുണ്ട്..." 

അവളുടെ ആ മറുപടിയിൽ അച്ഛമ്മയുടെ കണ്ണുകൾ സന്തോഷം കൊണ്ട് വിടരുന്നതവൻ ശ്രദ്ധിച്ചിരുന്നു...മംഗലത്ത് വീടിന്റെ പടിയിറങ്ങുമ്പോ അവന്റെ കയ്യിലേക്ക് പവി കൈകൾ കോർത്ത് പിടിച്ചു... 

"എനിക്ക്...വൈശൂന്റെ അസ്ഥിത്തറയിൽ ഒന്ന് പോകണം...കൊണ്ടോകുവോ...?? "

പവിയൊരു നിഷ്കളങ്കതയോടെ ചോദിച്ചതും അവൻ ഒന്നാലോചിച്ച ശേഷം പുഞ്ചിരിയോടെ സമ്മതമറിയിച്ചു...കരിയിലകൾ വീണ പാതയിലൂടെ മുന്നോട്ട് നടന്നതും വേലി തിരിച് വൃത്തിയാക്കിയിട്ടിരുന്ന അസ്ഥിത്തറയിലേക്ക് പവി ഒരുനിമിഷം നോക്കി...പതിയെ അവിടേക്ക് ചേർന്നിരുന്നു...

*ഈ ജന്മം ഞാൻ എടുത്തോട്ടെ...അടുത്ത ജന്മം തിരിച്ചു തന്നേക്കാം വൈശൂന്റെ കാർത്തിയേട്ടനെ...*

നിറകണ്ണുകളാലെ പറഞ്ഞതും  തലോടലെന്ന പോലെ ഒരു തണുത്ത കാറ്റവരെ കടന്ന് പോയിരുന്നു...കാർത്തിയുടെ മനസും തീർത്തും ശാന്തമായിരുന്നു...മനസാൽ അനുവാദം ചോദിക്കുകയായിരുന്നു വൈശുവിനോടവൻ...

•°•°•°•°•°•°•°•°•

"ഞാൻ മറന്നിട്ടില്ലാട്ടോ, എന്റെ കവിളത്ത് ആഞ്ഞടിച്ചത്...എന്നാലും എന്നാ ഒരടിയായിരുന്നു പെണ്ണെ,,,  എന്റെ അഞ്ചാറു പിള്ളേരേം പെറുപ്പിച്ചു ഞാനതിനു പ്രതികാരം വീട്ടിയിരിക്കും.."

കള്ളച്ചിരിയോടെ ആളെന്റെ കാതിൽ ഇക്കിളി കൂട്ടിപറഞ്ഞതും ഞാനൊരു പൊട്ടിച്ചിരിയോടെ ആ കവിളിൽ അമർത്തി ചുംബിച്ചു...ഇരുകയ്യാലെയും പൊതിഞ്ഞു പിടിച്ച് തന്റെ മൂക്കിൻ തുമ്പിൽ ആ ചുണ്ടുകൾ ചേർത്തതും നാണത്തിന്റെ ചുവപ്പ് രാശി എന്നിൽ പടർന്നിരുന്നു...*പ്രണയം ഒരു വാക്കല്ല,,,
അതൊരു അനുഭവമാണ്...
ഒരാൾക്ക് പ്രതിഭലമില്ലാതെ 
മറ്റൊരാൾക്ക് നൽകാൻ കഴിയുന്ന 
ഏറ്റവും വലിയ അനുഭവം...*

രാത്രിയുടെ യാമത്തിലെപ്പോഴോ  പ്രാണനിൽ അലിഞ്ഞു ചേർന്ന കാർത്തിയുടെയും പവിയുടെയും  ശിവപാർവതി പ്രണയം കണ്ടൊരു കുഞ്ഞുനക്ഷത്രം പുഞ്ചിരിയോടെ തിളങ്ങുന്നുണ്ടായിരുന്നു,,,അതിശോഭായോടെ...!!!

ശുഭം❤️

ഗൗരിനന്ദ 


READ AND ENJOY 

Comments

  1. ഉഫ്ഫ്ഫ്...... പൊളി സാനം......സ്റ്റോറി വായിച്ച് തൊടങ്ങിയപ്പോ തെന്നെ നല്ല ഇന്ട്രെസ്റ്റയിരുന്നു

    ReplyDelete

Post a Comment

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്