വൃന്ദാവനം ഫുൾ പാർട്ട്

വൃന്ദാവനം💕 ഫുൾ പാർട്ട് 


"ഡി ഒന്നരക്കാലി ഈ  കൊച്ചു വെളുപ്പാൻ കാലത്ത് ഒരുങ്ങി കെട്ടി നീ  ഇതെങ്ങോട്ടാ.. 
"ഞാൻ നിന്റെ അമ്മുമ്മക്ക് വായുഗുളിക വാങ്ങാൻ പോവാണ് എന്തേ നീയും വരുന്നുണ്ടോ.. 
"ഹഹഹ ഇല്ല ഇല്ലേ നീ തന്നെ അങ്ങ് മേടിച്ചു കൊടുത്താൽ മതി.. 
"ഓ ഒരു പണിക്കും പോവാതെ രാവിലെ തന്നെ വഴിയേ പോവുന്നവരെ കളിയാക്കാൻ ഇരുന്നോളും ശവം.. 
"ഡി പെണ്ണെ രാവിലേ നിന്റെ വായിൽ നിന്ന് രണ്ടു ചീത്ത കെട്ടിലെങ്കിൽ പിന്നെ അന്നത്തെ ദിവസം ഒരു രസവും ഉണ്ടാവില്ല.. 
പിന്നെ നിന്റെ ദേഷ്യം കാണാനും ഒരു രെസമുണ്ട്.. 
"ഉവ്വ ഉവ്വേ.. 
"അതേ എന്റെ മോള് വേഗം ചെല്ലാൻ നോക്ക് ഇല്ലെങ്കിൽ നിന്റെ കൃഷ്ണൻ നിന്നെ കാണാഞ്ഞിട്ട് ചിലപ്പോൾ ഇങ്ങോട്ട് വരും.. 
"ആ വേണ്ടി വന്നാൽ എന്നെ കാണാൻ എന്റെ കൃഷ്ണൻ വന്നൊന്നൊക്കെ ഇരിക്കും.. 
"ഹഹഹ വേഗം ചെല്ല് ചെല്ല്  നീ ഈ ഒന്നരകാലും വെച്ചു ചെല്ലുമ്പോഴേക്കും ഒരു സമയം ആവൂല്ലോടി.. 
"ഒന്നരക്കാലി നിന്റെ..  എന്നെ കൊണ്ടൊന്നും പറയിക്കേണ്ട.. 
ഡാ ചെറുക്കാ  നിനക്കുള്ള മറുപടി ഞാൻ വന്നിട്ട് തരാട്ടോ എന്നും പറഞ്ഞു ഞാൻ നടന്നു.. 
----------------------------------------------------
പച്ച പുതച്ചു നിൽക്കുന്ന നെൽപ്പാടങ്ങളും കരയോട് കിന്നാരം ചൊല്ലി മന്ദം മന്ദം ഒഴുകുന്ന സുന്ദരി പുഴയും ചേർന്ന പ്രകൃതിരമണീയമായ ആലത്തൂർ  ഗ്രാമത്തിലെ  പുത്തൂർ തറവാട്ടിലെ ഗോവിന്ദന്റെയും മീനാക്ഷിയുടെയും ഏക മകളായ ലക്ഷ്മി ആണ് ഞാൻ.. 
 ചിലർ ലെച്ചു എന്നു വിളിക്കും.. പിന്നെ ഇപ്പോൾ വിവേക് വിളിച്ചത് പോലെ  മറ്റു ചിലർ  ഒന്നരക്കാലി യെന്നും വിളിക്കാറുണ്ട്..
അതു വേറൊന്നും കൊണ്ടല്ല കേട്ടോ എന്റെ ഇടതു കാലിന് അൽപ്പം സ്വാധീനകുറവുണ്ട് .. പത്താം ക്ലാസ്സ്‌ വരെ കാലിന് ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല..  മാത്രമല്ല ഞാൻ നന്നായി നൃത്തവും കളിച്ചു കൊണ്ടിരുന്നതാണ്..  അന്നൊക്കെ നല്ലൊരു നർത്തകി ആവണം എന്നായിരുന്നു ആഗ്രഹം പക്ഷേ എന്റെ എല്ലാ സ്വപ്നങ്ങളേയും ഒരു അസുഖത്തിന്റെ രൂപത്തിൽ  വന്നു വിധി  ഇല്ലാതാക്കി കളഞ്ഞു..  കൃത്യമായ ചികിത്സ കിട്ടാഞ്ഞത് കൊണ്ട് ഇടതു കാലിന്റെ സ്വാധീനം ഭാഗികമായി  ഇല്ലാതായി .. അതോടെ   പിന്നീട്   ആ കാൽ  നിലത്തു അധികം ബലം കൊടുക്കാതെയാണ് ഞാൻ നടക്കുന്നത് .. 
അതു കൊണ്ട്  എന്റെ നടപ്പ് കണ്ടാൽ ചെറിയൊരു മുടന്തു പോലെ തോന്നും ..  അതിനാണ് ഇവരെല്ലാം കൂടി എന്നെ ഒന്നരക്കാലിയെന്നു വിളിക്കുന്നത്..
ആദ്യമൊക്കെ എല്ലാവരും അങ്ങനെ വിളിക്കുന്നത് കേൾക്കുമ്പോൾ ഉള്ളിൽ  ഭയങ്കര സങ്കടമായിരുന്നു.. മരിച്ചാലോ എന്നു പോലും തോന്നി പോയിട്ടുണ്ട്.. 
പക്ഷേ ഇപ്പോൾ കേട്ട് കേട്ട് അതെനിക്കൊരു ശീലമായി.. 
പക്ഷേ അമ്മയുടെ സങ്കടം മാത്രം ഇന്നും മാറിയിട്ടില്ല.. എന്നും എന്റെ കാലിന്റെ കാര്യം പറഞ്ഞു കരയാനെ അമ്മക്ക് നേരം ഉള്ളൂ.. 
അതിനൊരു കാരണവും ഉണ്ട്.. 
ഞാൻ എട്ടാം ക്ലാസ്സിൽ  പഠിക്കുമ്പോൾ ആണ് അച്ഛൻ മരിക്കുന്നത്..
 വലിയ തറവാടും തറവാട്ടു പേരും ഉണ്ടെങ്കിലും മരിക്കുന്നതിന് മുൻപ് അച്ഛൻ വരുത്തിവെച്ച കടങ്ങളുടെ പേരിൽ  സ്വത്തു ക്കളെല്ലാം  കടം വീട്ടാനായി വിൽക്കേണ്ടി വന്നു പിന്നെ ആകെ മിച്ചം വന്നത്  ഈ തറവാട് മാത്രമാണ്.. കേറി കിടക്കാൻ ആകെ ഉള്ളത് ഇതു മാത്രം ആയത് കൊണ്ട് അമ്മ ഇത് ആർക്കും  വിറ്റില്ല.. 
വന്നു കേറിയ നാളിൽ ഒരു രാജകുമാരിയെ പോലെ കഴിഞ്ഞ അമ്മ 
പിന്നെ എന്നെ പഠിപ്പിക്കാനും പട്ടിണി കിടക്കാതെ ഇരിക്കാനും  ഒക്കെയായി  വീട്ടുജോലിക്ക്  പോയി തുടങ്ങി..  അങ്ങനെ ഇരിക്കെ ആണ് എനിക്ക് അസുഖം വന്നത്.. അതിന്റെ പേരിൽ കഴിച്ച മരുന്നിന്റെ സൈഡ് എഫക്ട് കാരണം ആണെന്റെ കാലിന്റെ സ്വാധീനം കുറഞ്ഞത്.. 
അതു മാറ്റിയെടുക്കാനുള്ള  ചികിത്സക്കായി അമ്മ ഒരുപാട് പേരുടെ മുന്നിൽ കൈനീട്ടി നോക്കി ആ കൂട്ടത്തിൽ അറുത്തകൈക്കു ഉപ്പു തേക്കാത്ത അമ്മയുടെ ആങ്ങളയും ഉണ്ടായിരുന്നു.. പക്ഷേ അവർ ആരും സഹായിച്ചില്ല എന്നു മാത്രമല്ല അമ്മയെ ആട്ടി ഇറക്കി വിടുകയും ചെയ്തു.. 
 അങ്ങനെ അന്ന്  പണമില്ലാത്തതിന്റെ പേരിൽ ആണെന്റെ കാൽ ഇങ്ങനെ ആയതെന്നും 
 എന്റെ കൈയിൽ കാശുണ്ടായിരുന്നു എങ്കിൽ എന്റെ കുട്ടിക്ക് ഈ ഗതി വരില്ലായിരുന്നു എന്നൊക്കെ പറഞ്ഞാണ് അമ്മയുടെ കരച്ചിൽ.. 
പാവം..  അതുകൊണ്ട് തന്നെ അമ്മക്ക് വിഷമം ആവേണ്ട എന്നു കരുതി ആരേലും കളിയാക്കിയാൽ കൂടി ഞാനതൊന്നും അമ്മയോട് പറയാറില്ല.. എന്റെ സങ്കടങ്ങൾ എല്ലാം ഉള്ളിൽ ഒതുക്കാനെ ഞാൻ ഇതുവരെയും ശ്രമിച്ചിട്ടുള്ളു.. കാരണം ഈ ലോകത്ത് എനിക്ക് എല്ലാം എന്റെ അമ്മയാണ് ആ അമ്മയെ വിഷമിപ്പിക്കാൻ എനിക്കാവില്ല.. 
അതേ നിങ്ങളോട് ഇങ്ങനെ എന്റെ കഥയും പറഞ്ഞു നിന്നാലെ എനിക്ക്  സമയത്തിന് ക്ഷേത്രത്തിൽ എത്താനാവില്ല ബാക്കി ഞാൻ സമയം പോലെ വഴിയേ പറഞ്ഞു തരാട്ടോ.. 
-------------------------------------------------
നിറയെ ചെടികൾ  പൂവിട്ടു നിൽക്കുന്ന വഴിയരികിൽ കൂടി പൂക്കളോടും കിളികളോടും കിന്നാരം പറഞ്ഞു 
നടന്നു നടന്നു ഞാൻ നെൽക്കതിരുകൾ വിളഞ്ഞു പാകമാകിയ പച്ച പുതച്ചു നിൽക്കുന്ന പാടത്തിന് അടുത്തെത്തി..  അവിടൊരു കലുങ്കുണ്ട്..  
അവിടെ ഇരുന്നാണ് നാട്ടിലെ പഞ്ചാര കുട്ടന്മാർ എല്ലാം ചേർന്നു വായിനോക്കി ഇരുന്നു പാടവരമ്പത്തൂടെ ക്ഷേത്രത്തിലേക്ക് പോവുകയും വരുകയും ചെയ്യുന്ന സുന്ദരികുട്ടികളെ കമന്റ്‌ അടിക്കുന്നത്..  അത്യാവശ്യം സുന്ദരി ആണെങ്കിലും പക്ഷേ എന്നെ  ഇതുവരെ ഒരുത്തനും  കമന്റ്‌ അടിക്കാൻ നിന്നിട്ട് ഇല്ല കേട്ടോ.. 
എന്റെ കാലിനെ കുഴപ്പം ഉള്ളൂ നാക്കിന് ഒരു കുഴപ്പവും ഇല്ലെന്നു അവന്മാർക്ക് അറിയാം അതുകൊണ്ടാണ്.. 
 തെറിക്കുത്തരം മുറിപ്പത്തൽ എന്നു പറയും പോലെ ആരെന്തു പറഞ്ഞാലും മുഖം നോക്കാതെ ഞാൻ ചുട്ടമറുപടി കൊടുക്കാറുണ്ട് .. ചുരുക്കം പറഞ്ഞാൽ നാട്ടിൽ അറിയപ്പെടുന്ന ഒരു കാന്താരി പെണ്ണാണ് ഞാൻ.. കൂടാതെ ഒരു സ്വപ്നജീവിയും കൂടിയാണ്.. 
എന്താണെന്നു അറിയില്ല ഇന്ന് ഒറ്റ ഒരുത്തനെയും കാണുന്നില്ല..  ചിലപ്പോൾ 
അവന്മാർക്കൊന്നും നേരം വെളുത്തു കാണില്ല.. 
ഞാൻ പതിയെ പാട വരമ്പത്തേക്കു ഇറങ്ങി..  കണ്ണെത്താ ദൂരം പച്ചപുതച്ചു നിൽക്കുന്ന നെൽപ്പാടം അതിനു കുറുകെയുള്ള ഈ വരമ്പിലൂടെ നേരെ ചെന്നെത്തുന്നത് ക്ഷേത്രത്തിലേക്കാണ്..
പാട വരമ്പത്തു കൂടി കൊയ്യാൻ പാകമായി കിടക്കുന്ന നെൽകതിരുകളെ മെല്ലെ ഒന്നു തഴുകി കൊണ്ട് നടന്നു.. 
ദൂരെ നിന്നും കാറ്റിൽ ഒഴുകി എത്തിയ  കൊയ്ത്തു പാട്ടുകൾ എന്റെ കാതുകളിൽ  മുഴങ്ങി അതിനു താളം പിടിച്ചാവണം കാതിൽ കിടന്നകമ്മലുകൾ നൃത്തം വെച്ചു..
ഓരോ ചുവടു വെപ്പിലും എന്റെ കാലിലെ പാദസ്വരങ്ങൾ കിലുങ്ങി..  അതിന്റെ ശബ്ദം കേട്ടാവണം വിളഞ്ഞു നിന്ന നെൽകതിരുകൾ കൊത്തി തിന്നാൻ എത്തിയ കുഞ്ഞി   കുരുവികൾ നാലു പാടും ചിതറി പറന്നു പോയി..  
അങ്ങനെ കാഴ്ചകൾ ഒക്കെ കണ്ടു ഞാൻ ക്ഷേത്രത്തിന്റെ മുന്നിൽ എത്തി.. 
ഏതൊരു ക്ഷേത്രത്തിനും തണലേകുന്നത് താൻ ആണെന്ന അഹങ്കാരത്തിൽ ആവണം തല ഉയർത്തിപിടിച്ചു ഒരാൽ മരം ക്ഷേത്രത്തിനു മുന്നിൽ നിൽക്കുന്നു.. 
 ഓടകുഴൽ നാദം പോലെ മധുരമായ  കാറ്റിന്റെ സംഗീതത്തിനൊത്തവണ്ണം ആലിലകൾ  നൃത്തം വെയ്ക്കുകയാണ് ..
അതും കണ്ടു കൊണ്ട് ഞാൻ ക്ഷേത്രത്തിനു മുന്നിലേക്ക്  നടന്നു..
വെട്ടുകല്ലിൽ തീർത്ത ചുറ്റുമതിൽ.. ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തിൽ മയിൽപ്പീലി ചൂടി ഓടകുഴൽ ഊതി നിൽക്കുന്ന നീല വർണ്ണനായ കൃഷ്ണന്റെ അതി മനോഹരമായ ശിൽപം ഭക്തർക്ക് സ്വാഗതം അരുളി നിൽക്കുന്നു..
കണ്ണന്റെ വേണുഗാനത്തിൽ എല്ലാ മറന്നു സ്വയം അതിൽ ലയിച്ചു ചേരുമ്പോലെയാണ് ഈ ക്ഷേത്രത്തിൽ പ്രവേശിച്ചാൽ നമുക്ക് കിട്ടുന്ന അനുഭൂതി.. എല്ലാ വിഷമങ്ങളും മറന്നു ഉണ്ണി കണ്ണനെ കൺകുളിർക്കെ കണ്ടു അങ്ങ് നിന്നു പോവും.. 
ഞാൻ നേരെ പ്രവേശന കവാടത്തിലൂടെ അകത്തേക്ക് കയറി.. അവിടുന്ന് അൽപ്പം ദൂരം നട പന്തലിൽ കൂടി  നടന്നാൽ ആണ് ക്ഷേത്രത്തിനുള്ളിലേക്കു പ്രവേശിക്കാൻ കഴിയുള്ളൂ ..
നടപന്തലിൽ ഒരു കല്യാണമണ്ഡപവും ഉണ്ട്.. 
ഞാൻ നടപന്തലിൽ കൂടി ക്ഷേത്രത്തിലേക്ക് നടന്നു..  നടപന്തലിന്റെ ഇടതു വശത്തു ഒരാൽ ഉണ്ട്..  അതിനു കീഴെ നാഗദേവതകളെ  പ്രതിഷ്ഠിച്ചിരിക്കുന്നു.. 
ഞാൻ അവിടെ നിന്നു നടന്നു ക്ഷേത്രത്തിനുള്ളിലൂടെ നാലമ്പലത്തിനുള്ളിലേക്ക് പ്രവേശിച്ചു.. 
 ഇവിടത്തെ  ശ്രീകോവിലിനുള്ളിൽ 
നീല കാർവർണ്ണനായ ഉണ്ണി കണ്ണനെ കിഴക്കോട്ടു ദർശനം ആയിട്ടാണ്   പ്രതിഷ്ഠിച്ചിരിക്കുന്നത്..
ഗണപതി, അയ്യപ്പന്, വനദുർഗ്ഗാഭഗവതി, എന്നിവരാണ് ഉപദേവതകള്.. 
ഉണ്ണിക്കണ്ണനെ കൺ കുളിർക്കെ കണ്ടു തൊഴുതു  കഴിഞ്ഞാൽ ശ്രീ കോവിലിനു ഒരു വട്ടം പ്രദക്ഷിണം വെക്കണം..  ഇവിടത്തെ ശ്രീകോവിലിലെ ചുമരിൽ എത്ര കണ്ടാലും മതി വരാത്ത കൃഷ്ണ ലീലകളുടെ ചുമർ ചിത്രങ്ങൾ ആലേഖനം ചെയ്തിരിക്കുന്നു.. 
ഇവിടെ നിത്യേന പൂജകളും  ശീവേലികളുമുണ്ട്.  
വെണ്ണചാർത്താണ് ഇവിടുത്തെ പ്രധാന വഴിപാട് ..
ക്ഷേത്രത്തില് ഭഗവാന്റെ തൃക്കയ്യില് വെണ്ണയും കദളിപ്പഴവും വെച്ചാണ് നിവേദിക്കുന്നത് . 
കാര്യസാധ്യത്തി നായി ഭക്തർ  വെണ്ണയാണ്  സമർപ്പിച്ചു പ്രാത്ഥിക്കുന്നത്.. 
ഇവിടെ മീനമാസത്തിലെ തിരുവോണനാളിൽ തുടങ്ങുന്ന ഉത്സവം പത്താം ദിവസമായ രോഹിണി നാളിൽ ആറാട്ടോടു സമാപിക്കും.. 
ശെരിക്കും ഈ ഗ്രാമത്തിന്റെ സകല ഐശ്വര്യങ്ങൾക്കും കാരണം ഈ ശ്രീകൃഷ്ണ ക്ഷേത്രം തന്നെ ആണെന്ന് പറയാം.. 
കൃഷ്ണ നാമവും മനസ്സിൽ ഉരുവിട്ടുകൊണ്ട് ആയി ഞാൻ നേരെ ശ്രീകോവിലിന് മുന്നിൽ എത്തി.. 
ചന്ദനത്താൽ  പൊതിഞ്ഞ തിരുമെയ്യും
കഴുത്തിൽ നല്ലകൃഷ്ണ തുളസിപ്പൂ മാലയും
കൊച്ചു കൈയ്യി ലൊരിത്തിരി വെണ്ണയും
മറ്റേ കയ്യിലോരോടക്കുഴലുമായ്
പുഞ്ചിരിയോടെ നിൽക്കുന്ന കണ്ണനെ കൺകുളിർക്കെ കണ്ടു ഞാൻ തൊഴുതു പ്രാത്ഥിച്ചു കൊണ്ടിരുന്നു.. 
 ആ നീലക്കാർവണ്ണന്റെ  മനോഹര രൂപം  മനസ്സിൽ തെളിഞ്ഞതോടെ ഓടക്കുഴൽ നാദത്തിൽ എന്ന പോലെ കണ്ണീരിൽ എന്റെ സങ്കടവും അലിഞ്ഞു ഇല്ലാതായി തുടങ്ങി.. 
"എന്റെ കൃഷ്ണ ഗുരുവായൂരപ്പാ പതിനായിരത്തെട്ടു ഭാര്യമാരും പിന്നെ അത്രത്തോളം തന്നെ  കാമുകിമാരു മൊക്കെ ഉണ്ടായിരുന്ന നിനക്കെന്റെ വിഷമം പറഞ്ഞാൽ മനസ്സിലാവുമോ എന്നറിയില്ല എന്നാലും പറയുവാ  എങ്ങനെ എങ്കിലും അവളെ വളക്കാൻ ഉള്ള ഉള്ള ഐഡിയ നീ എനിക്ക് കാട്ടി തരണേ എന്റെ ഭഗവാനെ  എന്നാരോ അടുത്ത് നിന്ന് പ്രാത്ഥിക്കുന്നത് കേട്ട്  ചിരിയോടെ ഞാൻ കണ്ണ് തുറന്നു നോക്കുമ്പോൾ കണ്ടത് നന്ദനെയാണ്.. 
നന്ദഗോപൻ എന്നോ മറ്റോ ആണ് മുഴുവൻ പേര്..  കുറച്ചു നാൾ മുൻപ്  രാജീവ്‌ എന്നൊരാൾ   എന്നെ പെണ്ണ് കാണാൻ വന്നിരുന്നു..  അന്ന് അയാളുടെ കൂടെ വന്ന കൂട്ടുകാരൻ ആണ് ഈ നന്ദൻ.. 
അന്ന് സ്ത്രീധനത്തിന്റെ പേരിൽ ആ ആലോചന മുടങ്ങി പോയിരുന്നു..  പക്ഷേ അന്ന് തൊട്ടു ഇയാൾ എന്റെ പിന്നാലെ ഉണ്ട്.. കട്ട താടിയും നെറ്റിയിൽ ചുവന്ന കുറിയും അണിഞ്ഞു ചുണ്ടിൽ  ചെറിയൊരു പുഞ്ചിരിയോടെ 
ഞാൻ എവിടെ പോയാലും അവിടൊക്കെ ഇയാളെ കാണാറുണ്ട്..  കാണുബോൾ ചിരിക്കും എന്നല്ലാതെ നന്ദൻ  ഇതുവരെ എന്നോട് ഒന്നും  മിണ്ടിയിട്ടില്ല.. 
എന്റെ നോട്ടം കണ്ടിട്ട് ആവണം  പുള്ളിക്കാരൻ  എന്നെ നോക്കി ഒന്നു ചിരിച്ചു.. 
അതുകണ്ടു തിരിച്ചും ചെറിയൊരു ചിരി പാസ്സാക്കി കൊണ്ട് ഞാനും  നടന്നു.. 
അപ്പോഴേക്കും അമ്പലത്തിലെ പൂജാരി എന്റെ  മുന്നിലേക്ക്‌ വന്നു.. 
"ഹാ ലക്ഷ്മി കുട്ടി വന്നോ, ഇന്നെന്താ താമസിച്ചത്.. 
" അതുപിന്നെ ഇന്ന് രാവിലെ എഴുന്നേൽക്കാൻ അൽപ്പം താമസിച്ചു പോയി തിരുമേനി.. 
"പിന്നെ ഇന്നലെ കുട്ട്യേ  കാണാൻ വന്ന കൂട്ടർ എന്തു പറഞ്ഞു.. 
" ഹോ അവരും പതിവ് പല്ലവി പാടിയിട്ടു പോയി.. ഈ മുടന്തി പെണ്ണിനെ  കെട്ടണം എങ്കിൽ  സ്ത്രീധന തുക കൂടുതൽ വേണമത്രേ.. 
എന്തായാലും സ്ത്രീധനം മോഹിച്ചു  വരുന്നവരുടെ മുന്നിൽ കഴുത്തു നീട്ടി കൊടുക്കാൻ എന്നെ കിട്ടില്ല..  
"ഹാ സാരമില്ല കുട്ട്യേ ഓരോന്നിനും അതിന്റെതായ സമയമില്ലേ..  സമയമാവുമ്പോൾ എല്ലാം ഭംഗിയായി നടക്കും.. 
"വെറുതെ പറയാമെന്നു അല്ലാതെ ഒന്നും നടക്കാൻ പോവുന്നില്ല തിരുമേനി..
"നടക്കും കുട്ട്യേ... നിനക്കുള്ള  രാജകുമാരനെ ഈ കണ്ണൻ തന്നെ നിന്റെ  മുന്നിൽ കൊണ്ടു വന്നു തരും.. 
എന്നു തിരുമേനി പറഞ്ഞതും എവിടെ നിന്നോ വീശിയടിച്ച കാറ്റിൽ ഇളകിയാടി അമ്പലത്തിലെ മണി കിലുങ്ങി.. 
"കുട്ടി കേട്ടോ മണി കുലുങ്ങിയത്  ഞാൻ പറഞ്ഞത് പോലെ തന്നെ നടക്കുമെന്ന് കണ്ണൻ പറഞ്ഞതാണ്.. 
"പിന്നെ  അതു കാറ്റടിച്ചപ്പോൾ കിലുങ്ങിയതാണ്.. അല്ലാതെ എന്നെ കെട്ടാൻ തുർക്കിയിൽ നിന്നിപ്പോൾ  രാജകുമാരൻ വരും ഒന്നു പോ തിരുമേനി .. 
"വരും കുട്ട്യേ..ആദ്യം അൽപ്പം വേദന തന്നാലും  തന്റെ ഭക്തരെ ഭഗവാൻ അധികം പരീക്ഷിക്കാറില്ല..  എന്നും പറഞ്ഞു കൊണ്ട് തിരുമേനി  പോയി.. 
 ഇതൊന്നും ഒരിക്കലും  നടക്കാൻ പോവുന്നില്ലെന്നു അറിയാമെങ്കിലും തിരുമേനി പറഞ്ഞ വാക്കുകൾ ഒരുകാലത്തു എന്റെ  മനസ്സിനുള്ളിൽ   ഞാൻ ഒളിച്ചു വെച്ചിരുന്ന സ്വപ്നങ്ങൾ തന്നെ ആയിരുന്നു.. കഷ്ടപ്പാടുകൾക്ക് നടുവിൽ നിന്നും എന്നെ രക്ഷിക്കാൻ സ്വർണ്ണ  കുതിരമേൽ എത്തുന്ന നക്ഷത്ര കണ്ണുള്ള  രാജകുമാരനെ  കുട്ടിക്കാലത്തു എന്നും  സ്വപ്നത്തിൽ ഞാൻ  കാണാറുണ്ടായിരുന്നു.. 
അതുകൊണ്ടാവും തിരുമേനിയുടെ  വാക്കുകൾ കേട്ടപ്പോൾ  ഒരിക്കൽ കൂടിയാ  സ്വപ്നങ്ങൾ ചുണ്ടിൽ ചെറു പുഞ്ചിരി സമ്മാനിച്ചു കൊണ്ടു എന്റെ മനസ്സിൽ കൂടി മിന്നി മറഞ്ഞു പോയത് .. 


#വൃന്ദാവനം (part-2)
അമ്പലത്തിൽ നിന്നും നേരെ ഞാൻ പോയത് അമ്പലത്തിന്റെ കിഴക്ക് വശത്തുള്ള അമ്പലകുളത്തിനു അടുത്തേക്കാണ്.. 
അവിടെ നിറയെ താമരകൾ പൂവിട്ടു നിൽപ്പുണ്ടായിരിക്കും.. 
മനോഹരമായ ആ കാഴ്ചയും കണ്ടു കൊണ്ട് കുളത്തിന്റെ കൽപ്പടവിൽ കുറച്ചു സമയം എന്നും ഞാൻ ഇരിക്കാറുണ്ട്.. 
നടന്നു നടന്നു  ഞാൻ അമ്പല കുളത്തിന്റെ അടുത്തെത്തി.. 
പതിയെ പതിയെ ഞാനാ കൽപ്പടവുകൾ ഇറങ്ങി താഴത്തെ പടവിൽ ചെന്നു വെള്ളത്തിലേക്ക് കാലുകൾ വെച്ചിരുന്നു.. 
പകലിന്റെ രാജകുമാരനായ പ്രഭാതസൂര്യനെ പ്രണയിച്ചു കൊണ്ടു നിറയെ താമരകൾ കുളത്തിൽ വിരിഞ്ഞു നിൽപ്പുണ്ട്.. 
കാമുകന്റെ കരസ്പർശം ഏറ്റു  നാണത്താൽ മുഖം ചുവന്ന കാമുകിയെ പോലെ പ്രഭാതകിരണങ്ങൾ ഏറ്റു  ചെന്താമര പൂക്കൾ നാണത്താൽ കൂടുതൽ ചുവന്നിരുന്നു.. 
ഇനി സൂര്യാസ്തമയം വരെ അവരുടേത് മാത്രമായൊരു ലോകമാണ്..  പരാതികളും പരിഭവങ്ങളു മൊക്കെ  നിറഞ്ഞ അവരുടെ പ്രണയാർദ്ര നിമിഷങ്ങളാണ്.. 
ഒരു നിമിഷം എങ്കിലും ആ താമരകളിൽ ഒന്നായി മാറാൻ എനിക്കും  കഴിഞ്ഞിരുന്നു എങ്കിലെന്നു വെറുതെ ഞാനും മോഹിച്ചു പോയി.. 
കാരണം പ്രണയിക്കാനും പ്രണയിക്കപ്പെടാനും ഉള്ള ഭാഗ്യം ഇന്നേവരെ എനിക്ക് ഉണ്ടായിട്ടില്ല.. 
സങ്കടങ്ങൾ കുന്നു കൂടുമ്പോൾ നെഞ്ചോടു ചേർത്ത് പിടിക്കാൻ ഒരാളുണ്ടാവുക എന്നത് ഒരു ഭാഗ്യം തന്നെയാണ് പക്ഷേ അതിനുള്ള ഭാഗ്യം പോലുമില്ലാത്ത ഭാഗ്യദോഷിയായൊരു പെണ്ണാണ് ഞാൻ എന്നോർത്തപ്പോൾ ചെറുതായി എന്റെ കണ്ണുകളിൽ നിന്ന് കണ്ണീർ പൊടിഞ്ഞു.. 
ഒരുപാട് ഒന്നും ഓർക്കാതെയും സ്വപ്നം കാണാതെയും ഇരിക്കുന്നത് തന്നെയാണ് എനിക്ക് നല്ലതെന്നു മനസ്സിൽ പറഞ്ഞു കൊണ്ട് പടവിൽ കിടന്നിരുന്ന ചെറുമണി കല്ലുകൾ പെറുക്കി ഞാൻ കുളത്തിലേക്ക് ഇട്ടതും ചെറു മീനുകൾ തീറ്റി ആണെന്ന് കരുതിയിട്ടാവണം അങ്ങോട്ടേക്ക്  ഓടിയടുത്തു.. 
ഞാൻ കളിപ്പിച്ചു എന്നു മനസ്സിലായത് കൊണ്ടാവണം അവരുടെ പ്രതിഷേധം അവരെന്റെ കാലിൽ തീർത്തു തുടങ്ങി.. 
അതു ആസ്വദിച്ചു കൊണ്ടു ഇരുന്നപ്പോളേക്കും ലക്ഷ്മി എന്നൊരു വിളി കേട്ട് ഞാൻ തിരിഞ്ഞു നോക്കുമ്പോൾ പുഞ്ചിരിയോടെ എന്റെ അരികിലേക്ക് നടന്നു വരുന്ന  നന്ദനെ കണ്ടു.. 
"ലക്ഷ്മി.. ലക്ഷ്മിക്ക്  എന്നെ മനസ്സിലായോ..
"ഹാ ഓർമ്മയുണ്ട് മാഷേ അന്നെന്നെ പെണ്ണു കാണാൻ വന്ന രാജീവേട്ടന്റെ കൂടെ വന്ന ആളല്ലേ.. 
"ഹാ അതേ അപ്പോൾ എന്നെ മറന്നിട്ടില്ല അല്ലേ.. 
"മറവി വരാനും മാത്രം അത്ര പ്രായം ഒന്നും എനിക്ക് ആയിട്ടില്ല മാഷേ..
"ഓ തമാശ.. മ്മം.. ലക്ഷ്മിയുടെ കല്യാണം പിന്നെ ഒന്നും ശെരിയായില്ല അല്ലേ.. 
"ഓ അതൊക്കെ എവിടെ ശെരിയാവാനാണു മാഷേ..  എല്ലാവരും മാഷിന്റെ കൂട്ടുകാരനെ പോലെ തന്നെ സ്ത്രീധനം മോഹിച്ചു വരുന്നവരാണ്.. 
"മ്മ്മം..  അന്ന് അതിന്റെ പേരിൽ ഞാൻ അവനോട് വഴക്കിട്ടിരുന്നു.. 
"വഴക്കോ..  എന്തിന്..? 
"അതുപിന്നെ എനിക്ക് ഈ സ്ത്രീധനത്തിൽ ഒന്നും ഒട്ടും താല്പര്യമില്ല.. 
പെണ്ണിന്റെ അച്ഛനോ അമ്മയോ എല്ലുമുറിയെ പണിതു വിയർപ്പൊഴുക്കി സമ്പാദിച്ച കാശ് എന്ത് അവകാശത്തിന്റെ പേരിൽ ആണ്  സ്ത്രീധനമായി ചോദിക്കുന്നത്.. 
അതിന്റെ ലോജിക് മാത്രം എനിക്ക് ഇനിയും മനസ്സിലായിട്ടില്ല.. 
"ഇതൊക്കെ പറയാൻ കൊള്ളാം മാഷേ.. മാഷ് കെട്ടുമ്പോൾ കാണാം.. 
"അതെന്താ ലക്ഷ്മി അങ്ങനെ പറഞ്ഞത്.. 
"ഇതിനേക്കാൾ വലിയ ഡയലോഗ് അടിച്ചവരൊക്കെ വലിയ സ്ത്രീധനം വാങ്ങി തന്നെയാണ് കെട്ടിയത്.. 
"ഓ എന്നു വെച്ച് എല്ലാവരും അങ്ങനെ ആവണം എന്നുണ്ടോ.. 
"എന്നു ഞാൻ പറയില്ല..  എന്റെ കണ്മുന്നിൽ  ഞാൻ കണ്ട അനുഭവങ്ങൾ വെച്ച് പറഞ്ഞതാണ്..  എന്തായാലും ഇനി  ഇതും പറഞ്ഞു  മാഷിനോട് തർക്കിക്കാൻ ഞാനില്ല എനിക്ക് പോവാൻ സമയമായി ഞാൻ പോണു .. 
"ഓ ശെരി ശെരി.. അതേ ഇത്രയും നേരം സംസാരിച്ചിട്ടും ലക്ഷ്മി എന്റെ പേര് പോലും ചോദിച്ചില്ലല്ലോ.. 
"അതുപിന്നെ മാഷിന്റെ പേര് നന്ദൻ എന്നാണെന്നു എനിക്കറിയാം  അതുകൊണ്ടാണ് ചോദിക്കാഞ്ഞത്.. 
"ങേ എന്റെ പേര് എങ്ങനെ അറിയാം.. 
"അതുപിന്നെ അന്ന് പെണ്ണു കാണാൻ വന്നപ്പോൾ പറഞ്ഞിരുന്നല്ലോ..
"ഓ അപ്പോൾ അതും ഓർത്തു വെച്ചേക്കുവാണല്ലേ.. 
"മനപ്പൂർവം ഓർത്തു വെച്ചത് ഒന്നുമല്ല ചില പേരുകൾ ഒരു തവണ കേട്ടാൽ പിന്നെ മനസ്സിൽ നിന്നും അത്ര പെട്ടെന്ന് പോവില്ല.. പോരാത്തതിന് മാഷിനെ ഞാൻ ഇടക്കിടെ കാണാറുമുണ്ടല്ലോ.. 
"മ്മം..  എന്തോ ഈ ക്ഷേത്രത്തോടും ഇവിടത്തെ കൃഷ്ണനോടും വല്ലാത്തൊരിഷ്ടമാണ്.. 
ഈ വയലും ആൽത്തറയും പിന്നെ ഈ  ചെന്താമര പൂക്കൾ വിരിഞ്ഞു  നിൽക്കുന്ന അമ്പലകുളവും എല്ലാം എന്റെ മനസ്സിൽ അങ്ങ് കേറി പറ്റി..
അതുകൊണ്ട് ഇതൊക്കെ കാണാതിരിക്കാൻ എനിക്കാവുന്നില്ല അതാണ് എന്നും ഇങ്ങു പോരുന്നത്.. 
"മ്മം.. ശെരി മാഷേ എന്നാൽ പിന്നെ ഞാൻ പോവാണ്  നമുക്ക് പിന്നെ എപ്പോഴെങ്കിലും കാണാം എന്നും പറഞ്ഞു ഞാൻ അവിടെ നിന്നും എഴുന്നേറ്റു കൽപടവുകൾ മെല്ലെ കേറി തുടങ്ങി.. എന്റെ പിന്നാലെ മാഷും വന്നു.. 
"അതേ മാഷേ.. മാഷിനോട് ഞാൻ  ഒരു  കാര്യം ചോദിച്ചോട്ടെ .. വേറൊന്നും വിചാരിക്കല്ലേ..
"ഇല്ല ചോദിച്ചോളൂ.. 
 "അതുപിന്നെ മാഷ് ഏതോ ഒരു പെണ്ണിനെ വളക്കാൻ കൃഷ്ണനോട്‌ ഐഡിയ ചോദിക്കുന്നത് കേട്ടു, ഏതാ മാഷേ ആ പെണ്ണ്.. 
എന്റെ ചോദ്യം കേട്ടു മാഷിന്റെ ചുണ്ടിൽ ഒരു കള്ള ചിരി വിടർന്നു.. 
"അതുപിന്നെ അതിപ്പോൾ പറഞ്ഞാൽ ശെരിയാവില്ല.. സമയം ആവട്ടെ ഞാൻ പറയാം..
"ഓ ആയിക്കോട്ടെ മാഷേ എന്നും പറഞ്ഞു മാഷിന് ചെറിയൊരു പുഞ്ചിരി സമ്മാനിച്ചു കൊണ്ട്   അവിടെ നിന്നും ഞാൻ  നടന്നു നീങ്ങി .. 
--------------------------------------------------------
അമ്പലത്തിൽ നിന്നും നടന്നു  ഞാൻ തറവാട്ടിൽ  എത്തി.. 
"മീനാക്ഷി കുട്ട്യേ ഞാൻ വന്നൂട്ടോ.. 
"ഹാ വന്നോ എന്റെ കാന്താരി.. മോളെ  നിന്നോട് ഞാൻ പറഞ്ഞതല്ലേ കുറുമ്പിയുടെ കുഞ്ഞിനെ അതിന്റെ അടുത്ത് നിന്നും മാറ്റി കെട്ടണം എന്ന്  നീ അതുകേട്ടില്ലല്ലോ .. 
"അതിനിപ്പോൾ എന്താ ഉണ്ടായേ അമ്മേ.. 
"എന്താ ഉണ്ടായതെന്നോ നീ നോക്ക് കുറുമ്പിയെ കറന്നു കഴിഞ്ഞപ്പോൾ ദേ  പാൽ കുറവാണ്..  ഇതിപ്പോൾ  എല്ലാർക്കും കൊടുക്കാൻ തികയില്ല.. 
"അതു സാരമില്ല അമ്മേ അൽപ്പം വെള്ളം ചേർത്തങ്ങു കൊടുക്കാം.. 
"പോടീ അവിടുന്ന് എന്നിട്ടു വേണം ഉള്ള വരുമാനം ഇല്ലാത്തവാൻ.. 
"ആരും ഒന്നും അറിയാൻ പോവുന്നില്ല   ഇങ്ങു കൊണ്ടുവാ ഞാൻ കൊണ്ട് പോയി കൊടുത്തോളം എന്നും പറഞ്ഞു പാൽ വാങ്ങി വെള്ളം ചേർത്ത് ഓരോരുത്തർക്കും കൊടുക്കാൻ പാകത്തിന് ആക്കി വെച്ചു.. 
ഒരു കാര്യം പറയാൻ വിട്ടു പോയിരുന്നു അമ്മക്ക് വയ്യാതായതിൽ പിന്നെ വീട്ടു ജോലിക്ക് ഒന്നും പോവാറില്ല ഇവിടിപ്പോൾ രണ്ടു പശുവുണ്ട് അതിന്റെ പാലു വിറ്റും പിന്നെ ഞാൻ തുണി തുന്നി കൊടുത്തുമൊക്കെയാണ്   ഞങ്ങൾ ഇപ്പോൾ  പട്ടിണിയില്ലാതെ  ജീവിച്ചു പോവുന്നത് തന്നെ.. 
എന്തായാലും ഇനി താമസിച്ചാൽ ശെരിയാവില്ല ഞാൻ ഈ പാല് കൊണ്ടു പോയി കൊടുക്കട്ടെ.. 
"വിലാസിനിയേടത്തിയെ ദേ പാല്.. 
"ഡി കൊച്ചേ ഇന്നത്തെ പാലിന് എന്താടി ഒരു കൊഴുപ്പില്ലാത്തതു.. മൊത്തോം വെള്ളം ആണെന്ന് തോന്നുന്നല്ലോ.. 
"അതുപിന്നെ പശു ഇന്നലെ ഒരുപാട് വെള്ളം കുടിച്ചിരുന്നു അതുകൊണ്ടാവും പാല് അങ്ങനെ ഇരിക്കുന്നത്.. 
"ങേ പശു വെള്ളം കൂടുതൽ കുടിച്ചെന്നും പറഞ്ഞു പാല് ഇങ്ങനെ ആവുമോ.. 
"പിന്നെ ആവും ഇതൊക്കെ നിങ്ങൾ ഇനി എന്നു പഠിക്കാനാണ് എന്റെ വിലാസിനിയേടത്തിയെ എന്നും പറഞ്ഞു ഞാൻ അവിടെ നിന്നും വേഗം സ്ഥലം കാലിയാക്കാൻ നോക്കി.. 
"അതേ മോളെ ഇന്നു പാല് കുറവാണെന്നു അമ്മ പറഞ്ഞിരുന്നു..  എന്തായാലും നീ ഇതിൽ വെള്ളം ചേർത്തത് നന്നായി ഇനിയിപ്പോൾ എനിക്ക് ചേർക്കേണ്ടി വരില്ലല്ലോ എന്നും പറഞ്ഞു വിലാസിനിയേടത്തി ചിരിച്ചു കൊണ്ട് അകത്തേക്ക് പോയി..
ചമ്മിയ മുഖവുമായി ഒരു അവിഞ്ഞ ചിരി കൂടി മുഖത്തു വരുത്തി അവിടെ നിന്നും ഞാൻ വേഗം സ്ഥലം കാലിയാക്കി..
"അമ്മേ അമ്മ എന്ത് പണിയാണ് കാണിച്ചത്..  അമ്മ അവരോടൊക്കെ പറഞ്ഞിരിന്നോ പാല് കുറവാണെന്നു വെറുതെ വെള്ളം ചേർത്ത് ഞാനാകെ ചമ്മി  പോയി.. 
"എന്റെ മോളെ ഇതു ഈശ്വര നായിട്ട്  നമുക്ക് തന്ന  വരുമാന മാർഗം ആണ് ഇതിൽ കള്ളത്തരം കാണിച്ചാൽ ആ ഭഗവാൻ പോലും നമ്മളോട് പൊറുക്കില്ല.. 
"പിന്നെ നമ്മൾ പാലിൽ വെള്ളം ചേർക്കുന്നതും നോക്കിയിരിക്കൽ ആണല്ലോ ഭഗവാന്റെ പണി ഒന്നു പോ അമ്മേ.. 
"ഓ അല്ലെങ്കിലും നിന്നോട്  ഒന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ലെടി എന്നും പറഞ്ഞു ദേഷ്യപ്പെട്ടു കൊണ്ട് അമ്മ അകത്തേക്ക് കേറി പോയി.. 
"അയ്യേ എന്റെ മീനാക്ഷി മോള് പിണങ്ങിയോ എന്നും ചോദിച്ചു അമ്മയുടെ പിന്നാലെ പോയി കെട്ടിപിടിച്ചൊരുമ്മ കൊടുത്തു..
---------------------------------------------------------
"മോളെ നേരം സന്ധ്യയായത് കണ്ടില്ലേ വേഗം പോയി  തുളസി തറയിൽ വിളക്ക് വെക്കാൻ നോക്ക്.. 
"ഓ എന്റെ അമ്മേ ഞാനിപ്പോൾ കുളിച്ചു കേറി വന്നതല്ലേ ഉള്ളൂ ഞാൻ വെച്ചോളം അമ്മ ഒന്നു സമാധാനപ്പെടു എന്നും പറഞ്ഞു ഞാൻ പോയി വിളക്ക് കത്തിച്ചു കൊണ്ട് വന്നു തുളസി തറയിൽ വെച്ചു..  തുളസി തറക്കു ചുറ്റുംവലം വെച്ചു പ്രാത്ഥിച്ചു.. 
എന്നും സന്ധ്യക്ക്‌ തുളസിത്തറയിൽ വിളക്ക്  വെച്ചു വലം വെച്ചു വന്നാൽ പിന്നെ  ആ വീട്ടിൽ സങ്കടങ്ങൾ ഉണ്ടാവില്ല എന്നൊക്കെയാണ്  പറയാറുള്ളതെങ്കിലും ഇവിടെ സങ്കടങ്ങൾക്ക്  ഒരു കുറവും ഉണ്ടായിട്ടില്ല എന്നതാണ് സത്യം.. 
മാനത്തു രാവിന്റെ രാജകുമാരൻ പൂർണ്ണ രൂപത്തിൽ പുഞ്ചിരി തൂകി  നിൽപ്പുണ്ട്..  
ചുറ്റുപാടും ആ നിലാവെളിച്ചത്തിൽ മുങ്ങി കുളിച്ചു നിൽക്കുകയാണ്.. രാവിന്റെ രാജകുമാരനെ പ്രണയിച്ച ആമ്പൽ പൂക്കളിപ്പോൾ പ്രണയാദ്ര മനസ്സുമായി പാടത്തെ കാറ്റിൽ തത്തി കളിക്കുന്നുണ്ടാവും.. 
 നീലാകാശത്തു നിറയെ നക്ഷത്രങ്ങൾ അവരുടെ പ്രണയം കണ്ടു  നാണത്താൽ കൺചിമ്മി നിൽക്കുകയാണ്.. 
വടക്കേ പുറത്തെ മാവിൻ കൊമ്പിൽ ചേക്കേറാനായി വഴക്കിടുന്ന  പക്ഷികളുടെ കലപില ശബ്ദം കേൾക്കാം.. 
അമ്പിളി വെട്ടം പോരാ എന്ന് പറഞ്ഞു കൊണ്ടാവും 
പറമ്പിലൂടെ കുറേ മിന്നാമിനുങ്ങൾ പാറി പറന്നു നടപ്പുണ്ട്..  
 ചെമ്പക പൂവിന്റെ  ഉന്മാദ സുഗന്ധമുള്ള നേർത്ത തണുപ്പുള്ള കാറ്റും വീശി തുടങ്ങിയിരിക്കുന്നു.. 
രാത്രിയുടെ സൗന്ദര്യം ആസ്വദിച്ചു  കൊണ്ട്  സമയം പോയതറിയാതെ സ്വയം  അതിൽ അലിഞ്ഞു ചേർന്നു  നിൽക്കുമ്പോഴാണ് അമ്മ വിളിച്ചത് .. 
പിന്നെ അവിടെ നിന്നും ഞാൻ നേരെ അമ്മയുടെ അടുത്തേക്ക് പോയി.. പിന്നെ രാത്രിയിലത്തേ ക്കുള്ള ഭക്ഷണം ഒക്കെ തയ്യാറാക്കി കഴിച്ചു കിടക്കാൻ തുടങ്ങി.. 
എന്റെ കൈയിൽ ഒരു കൊച്ചു കൃഷ്ണ വിഗ്രഹം ഉണ്ട്, കുട്ടിക്കാലത്തു ഗുരുവായൂർ പോയപ്പോൾ വാങ്ങിയതാണ്, എന്നും രാവിലെ എഴുന്നേൽക്കുമ്പോഴും രാത്രി കിടക്കും മുൻപും അതിനോട് എന്തെങ്കിലും ഒക്കെ പറഞ്ഞു വഴക്ക് കൂടിയിട്ടേ ഞാൻ കിടക്കാറുള്ളൂ.. 
പതിവ് പോലെ തന്നെ  കൃഷ്ണ വിഗ്രഹത്തിന്റെ മുന്നിൽ പോയി നിന്നു ഓരോന്നു പറഞ്ഞു  വഴക്ക് കൂടിയിട്ട് ഞാൻ കിടന്നു.. 
പതിയെ പതിയെ ഉറക്കത്തിലേക്കു വഴുതി വീണു.. 
-------------------------------------------------------
ചെഞ്ചുവപ്പ് അണിഞ്ഞു അസ്തമിക്കാൻ വെമ്പുന്ന സൂര്യനെ കണ്ടു കൊണ്ടു മഞ്ഞിൻ രാവിന്റെ മഞ്ഞിൻ പുതപ്പണിയാൻ കൊതിച്ചു നിൽക്കുന്ന നെൽചെടികൾക്കിടയിൽ കൂടി പാട വരമ്പത്തു കൂടി ഞാൻ നടക്കുകയാണ്..  എന്റെ കാൽകൊലുസിൻ നാദം കേട്ടാവണം പാടത്തു നിന്നും നിറയെ മയിലുകൾ മയിൽപ്പീലികൾ പൊഴിച്ചു കൊണ്ട് പറന്നു പോയി.. 
പക്ഷേ ആ മയിൽപ്പീലികൾ കാറ്റിൽ പാറി പറന്നു നൃത്തം വെച്ചു കളിക്കുകയാണ്..
അതിലൊരു മയിൽപ്പീലിയായി മാറാൻ എന്റെ മനസ്സും വെമ്പൽ കൊണ്ടു നിന്ന നേരം അകലെ എവിടെ നിന്നോ ഒരു ഓടകുഴൽ നാദം കേട്ടു ഞാൻ നോക്കുമ്പോൾ കണ്ടത് .. പാടത്തിന് അക്കരെ ദീപാലങ്കാരത്തിൽ മുങ്ങി കുളിച്ചു നിൽക്കുന്ന ക്ഷേത്രത്തെയാണ്.. 
അതിനു മുന്നിൽ നിൽക്കുന്ന മുത്തശ്ശി ആലിന്റെ ചുവട്ടിലെ ആൽത്തറക്കു മുന്നിൽ മുണ്ടും ഷർട്ടും അണിഞ്ഞൊരാൾ നിൽപ്പുണ്ട്..  ആളുടെ മുഖം വ്യക്തമായി കാണാൻ കഴിയുന്നില്ല.. 
അതാരാണെന്ന് അറിയാനായി ഞാൻ വേഗം അങ്ങോട്ടേക്ക് നടന്നു തുടങ്ങി..  പതിയെ പതിയെ ആ മുഖം എന്റെ കണ്മുന്നിൽ  തെളിഞ്ഞു വന്നു.. നെറ്റിയിൽ ചുവന്ന കുറിയും ചെറു പുഞ്ചിരിയുമായി  കുസൃതി നിറഞ്ഞ കണ്ണുകളുമായി  നിന്നത് മറ്റാരുമായിരുന്നില്ല..  നന്ദനായിരുന്നു അത് ..   ഞാൻ നന്ദനെ തന്നെ നോക്കി നിന്നു.. അതുകണ്ടു പുഞ്ചരിയോടെ നന്ദൻ എന്റെ അരികിലേക്ക് വന്നു.. 
പെട്ടെന്ന് അമ്മയുടെ വിളി കേട്ട് ഞാൻ ഞെട്ടി ഉണർന്നു ചുറ്റും നോക്കി.. 
ശ്ശെടാ  ഞാൻ അപ്പോൾ  ഇത്രയും നേരം കണ്ടത് സ്വപ്നം ആയിരുന്നോ.. 

ഇതിപ്പോൾ മിക്കവാറും ദിവസങ്ങളിൽ  ഈ സ്വപ്നം തന്നെ  കാണാറുണ്ടല്ലോ..
എന്താ എന്റെ കൃഷ്ണ നിന്റെ ഉദ്ദേശം..   എന്തിനാ ഇങ്ങനെ ഓരോ സ്വപ്നം കാണിച്ചു  മനുഷ്യനെ വെറുതെ  വട്ടാക്കുന്നത്.. 
എന്നും പറഞ്ഞു മുടി മാടി കെട്ടി ഞാൻ  എഴുന്നേൽക്കാൻ തുടങ്ങിയപ്പോളാണ് 
"ഡി ചേച്ചി നീ ഇതുവരെ എഴുന്നേറ്റില്ലേ  എന്നൊരു ചോദ്യം കേട്ടു ഞാൻ തിരിഞ്ഞു നോക്കിയത്..


#വൃന്ദാവനം (part-3)
പാറുവായിരുന്നു അതു..  എനിക്ക് ആകെയുള്ള അറുത്തകൈക്കു ഉപ്പു തേക്കാത്ത ആളെന്ന് ഞാൻ മുൻപ്  പറഞ്ഞിരുന്ന  ശങ്കരമ്മാവ ന്റെയും ദാക്ഷായണി അമ്മായിയുടെയും മകളാണ്..  
പാർവതി എന്നാണ് അവളുടെ മുഴുവൻ പേരെങ്കിലും ഞാൻ  പാറു,  കുറുമ്പി പാറു എന്നൊക്കെയാണ്  വിളിക്കാറുള്ളത്..
അമ്മ കഴിഞ്ഞാൽ പിന്നെ ഈ ലോകത്ത് എന്നെ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന  ഒരേ ഒരാൾ ഇവൾ ആണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്..
ഞാനെന്ന് വെച്ചാൽ അവൾക്കു അത്രക്ക് ഇഷ്ടമാണ്..
അവളുടെ മുന്നിൽ വെച്ച് ആരും എന്നെ കളിയാക്കാനോ വഴക്ക് പറയാനോ ഒന്നും അവൾ സമ്മതിക്കില്ല.. അവർക്ക് ചുട്ട മറുപടി അവൾ കൊടു ക്കാറുണ്ട് .. 
അതുകൊണ്ട് തന്നെ അമ്മാവനും അമ്മായിയും അവളുടെ കേൾക്കെ എന്റെ കുറ്റം പറയാൻ നിൽക്കാറില്ല.. ഡിഗ്രി ഫൈനൽ ഇയർ പഠിക്കുന്നു..
"ഹാ ഡി കുറുമ്പി പാറു  നീയായിരുന്നോ..
പതിവില്ലാതെ ഇത്ര രാവിലെ കുളിച്ചൊരുങ്ങി നീ ഇതെങ്ങോട്ടാ ..
"അതുപിന്നെ അമ്പലത്തിൽ പോവാനാണ് ചേച്ചി .. അല്ലാതെ ഞാനൊക്കെ  എവിടെ പോവാനാണ്.. ചേച്ചി വേഗം റെഡിയായി വാ നമുക്കൊരുമിച്ചു പോവാം.. 
"ങേ അമ്പലത്തിലോ നീയോ..
ഈശ്വരാ കാക്ക മലർന്നു പറക്കുമല്ലോ.. 
"അതെന്താ ചേച്ചി അങ്ങനെ പറഞ്ഞത്.. 
"അല്ല പതിവില്ലാത്ത ഓരോന്നു കണ്ടത് കൊണ്ടു പറഞ്ഞു പോയതാണ്.. 
 സത്യം പറ നിന്റെ  പരീക്ഷ അടുക്കാറായല്ലേ ..
"ഹഹഹ അതെങ്ങനെ ചേച്ചിക്ക് മനസ്സിലായി..
"അതൊക്കെ മനസ്സിലായി.. അല്ലാതെ നീയൊന്നും അമ്പലത്തിന്റെ പടി കേറാറില്ലല്ലോ..
"ഓ നമ്മൾ അല്ലെങ്കിലും  ഭവതിയെ പോലെ അത്ര വലിയ കൃഷ്ണ ഭക്തയൊന്നും അല്ലേ..
"അത് നീ എനിക്കിട്ട് ഒന്നു താങ്ങിയത് ആണല്ലോടി..
"അതേ ചുമ്മാ കണകുണാ പറഞ്ഞോണ്ട് ഇരിക്കാതെ വേഗം എഴുന്നേറ്റു വാ ചേച്ചി..
"ഓ ഈ പെണ്ണിന്റെ ഒരു കാര്യം എന്നും പറഞ്ഞു ഞാൻ വേഗം പോയി കുളിച്ചു വന്നു..
അലമാരയിൽ നിന്നും നീല ബ്ലൗസും നീല കരയുള്ള സാരിയും എടുത്തു ഉടുത്തു..
അതിനു ചേർച്ച എന്നോണം അലമാര കണ്ണാടിയിൽ ഒട്ടിച്ചു വെച്ചിരുന്നു കുഞ്ഞു നീല വട്ട പൊട്ടും തൊട്ട് അലമാരയുടെ കണ്ണാടിയിൽ നോക്കി കണ്ണും എഴുതി പോവാൻ ഒരുങ്ങി റെഡിയായി വന്നു..
"എന്റെ പൊന്നോ എന്തൊരു ഗ്ലാമർ ആണെന്റെ ചേച്ചി കുട്ടിക്ക് .. ഈ വേഷത്തിൽ ആരു കണ്ടാലും ചേച്ചിയെ അപ്പോൾ കെട്ടിക്കൊണ്ടു പോവും..
"ഒന്നു പോടീ പെണ്ണേ മനുഷ്യനെ കളിയാക്കാതെ എന്നൊരു ചെറു ചിരിയോടെ ഞാൻ പറഞ്ഞു..
"ഞാൻ കളിയാക്കിയതൊന്നും അല്ല അന്നെന്റെ കൂട്ടുകാർ വന്നപ്പോഴും പറഞ്ഞിരുന്നു നിന്റെ ചേച്ചിയെ കാണാൻ എന്തൊരു ഭംഗിയാണെന്നു..
ചേച്ചിയുടെ കണ്ണിന്റെയും മുടിയുടെയും ഫാൻസ് ആണവർ..
ചേച്ചിയുടെ മുട്ടോളം നീണ്ട മുടി അഴകിന്റെ രഹസ്യംഎന്താണെന്നും ചോദിച്ചോണ്ട് എന്റെ പിന്നാലെ അവളുമാർ കുറെ നാളായി നടക്കുന്നു..
അതുകേട്ടു ഉള്ളിൽ എവിടെയോ സന്തോഷത്തിന്റെ പൂത്തിരി കത്തി..
"എന്നിട്ട് നീ എന്ത് പറഞ്ഞു..
"ഞാനെന്തു പറയാൻ ആണ്. ഞാൻ പറഞ്ഞു എന്നോടും ചേച്ചി അത് പറഞ്ഞു തന്നിട്ടില്ലെന്നു..
അതേ ചേച്ചി സത്യം പറ ചേച്ചി മുടിയിൽ എന്താ തേക്കുന്നത്..
"അതു ആഴ്ചയിൽ ഒരിക്കൽ കുളിക്കുന്ന നിന്നോട് പറഞ്ഞിട്ട് എന്തിനാടി..
"ഓ എനിക്കിട്ട് ആക്കിയല്ലേ.. വാ വാ സമയം പോവുന്നു വേഗം അമ്പലത്തിൽ എത്തണം എന്നും പറഞ്ഞവൾ ഇറങ്ങി.. പിന്നാലെ ഞാനും..
വഴി നീളെ അവളുടെ കോളേജിലെ വിശേഷങ്ങൾ ഇടതടവില്ലാതെ അവൾ പറഞ്ഞു കൊണ്ടിരുന്നു അതു കേട്ടു മൂളി കൊണ്ടു നടന്നു നടന്നു ഞങ്ങൾ അമ്പലത്തിനു മുന്നിലെ ആൽത്തറക്കു മുന്നിൽ എത്തിയതും ഞാനാകെ അത്ഭുതത്തോടെ നിന്നു പോയി.. സ്വപ്നത്തിൽ ഞാൻ കണ്ടത് പോലെ തന്നെ മുണ്ടും ഷർട്ടും അണിഞ്ഞു നന്ദൻ നിൽക്കുന്നു . കാറ്റിൽ പാറി പറക്കുന്ന മയിൽപ്പീലികൾക്കു പകരം ആലിലകൾ കാറ്റിൽ പാറി പറന്നു നിലത്തേക്ക് വീണു കൊണ്ടിരുന്നു.. ചുറ്റും തുമ്പികൾ പാറി പറന്നു കളിച്ചു നടക്കുന്നു.. അകലെ എവിടെയോ ഇരുന്നു ഇണയെ മാടി വിളിക്കുന്ന കുയിലിന്റെ കൂവൽ ശബ്ദം കേൾക്കാം.. ഒരു സ്വപ്നത്തിൽ എന്നപോലെ ഞാൻ നടന്നു നന്ദന്റെ അരികിലെത്തി..
ഞങ്ങളെ കണ്ടതും നന്ദൻ ഒന്നു പുഞ്ചിരിച്ചു..
"ഹാ മാഷ് ഇവിടുണ്ടായിരുന്നോ..
"മ്മം ഞാൻ വന്നു തൊഴുതു ഇറങ്ങിയതേ ഒള്ളൂ..
ഇതാരാ കൂടെ പുതിയൊരു അതിഥി..
"ഇത് പാറു.. എന്റെ അനിയത്തിയാണ്.
"നന്ദേട്ടൻ അല്ലേ എന്നെ മനസ്സിലായോ എന്ന പാറുവിന്റെ ചോദ്യം കേട്ട് ഇവൾക്കെങ്ങനെ മാഷിനെ അറിയാമെന്ന സംശയത്തിൽ ഞാൻ അവളെ നോക്കി..
"ഇല്ല.. എന്നെ എങ്ങനെ അറിയാം..
"നന്ദേട്ടാ ഞാൻ ചേട്ടന്റെ അനിയത്തി പൂജയുടെ കൂടെയാണ് പഠിക്കുന്നത്.. ഞാൻ ഒരിക്കൽ നിങ്ങളുടെ വീട്ടിലൊക്കെ വന്നിട്ടുണ്ട് പക്ഷേ അന്ന് ചേട്ടൻ അവിടെ ഇല്ലായിരുന്നു.. അന്ന് അവിടെ വെച്ചു ചേട്ടന്റെ ഫോട്ടോ കണ്ടൊരു ഓർമ്മയുണ്ട് അതാ ഞാൻ കണ്ട ഉടനെ ചോദിച്ചത് ..
"ഓ അപ്പോൾ അവൾ പറയാറുള്ള കോളേജ് ഗാങ്ങിന്റെ ലീഡർ പാറു താൻ ആണല്ലേ..
"അതേ അതേ.. അല്ല ചേട്ടനും ചേച്ചിയും തമ്മിൽ എങ്ങനെയാണ് പരിചയം..
"ഓ അതെന്റെ കൂട്ടുകാരൻ തന്റെ ചേച്ചിയെ പെണ്ണു കാണാൻ വന്നിട്ടുണ്ട് ആ കൂട്ടത്തിൽ ഞാനും ഉണ്ടായിരുന്നു.. പിന്നെ എന്നും അമ്പലത്തിൽ വെച്ചു ഞങ്ങൾ കാണാറുണ്ട്.. അങ്ങനെ അങ്ങനെ പരിചയപ്പെട്ടു അല്ലെടോ എന്നും പറഞ്ഞു മാഷെന്നെ നോക്കി..
ഞാനൊന്ന് പുഞ്ചിരിച്ചു..
"ഡി വാടി പെണ്ണെ പോയി തൊഴുതിട്ട് വരാമെന്നും പറഞ്ഞു ഞാൻ അവളുടെ കൈയിൽ പിടിച്ചു വലിച്ചു കൊണ്ട് ക്ഷേത്രത്തിലേക്ക് കേറി..
ഉഷഃപൂജ കഴിഞ്ഞു ശ്രീകോവിൽ തുറന്നിരുന്നു.. മുന്നിൽ ഭക്തിയോടെ നിറ കണ്ണുകളുമായി നിൽക്കുന്നവർ ഉന്തും തള്ളും ഉണ്ടാക്കുന്നില്ല..
അമ്പലത്തിലെ തിരുമേനി നൽകിയ ഇലക്കീറിലെ ചന്ദനം നെറ്റിയിൽ തൊട്ടു കണ്ണനെ മതിവരുവോളം കണ്ണിൽ കണ്ടു തൊഴുതവർ അങ്ങനെ നിൽക്കുകയാണ്..
ഞാൻ പാറുവുമായി ശ്രീകോവിലിന് മുന്നിൽ എത്തി..
ചന്ദനത്തിന്റെ മാസ്മരിക ഗന്ധം എല്ലായിടത്തും തങ്ങി നിൽപ്പുണ്ട്..
ഞാൻ ശ്രീകോവിലിനു ഉള്ളിലേക്കു നോക്കി..
കത്തിയെരിയുന്ന വിളക്കിന്റെ നേരിയ വെട്ടത്തിൽ ചെറു പുഞ്ചിരിയോടെ നിൽക്കുകയാണ് നീല കാർവർണ്ണനായ എന്റെ കള്ള കണ്ണൻ..
ഞാൻ കണ്ണുകളടച്ചു പ്രാത്ഥിക്കാൻ തുടങ്ങിയതും കണ്മുന്നിൽ തെളിഞ്ഞത് മാഷിന്റെ പുഞ്ചിരിക്കുന്ന മുഖമായിരുന്നു.. ഇതെന്തു മറിമായം ഇതെന്താ ഇപ്പോൾ ഇങ്ങനെ കാണുന്നത്.. എന്നു വിചാരിച്ചു കൊണ്ട് വീണ്ടും കണ്ണുകൾ അടച്ചതും തെളിഞ്ഞു വന്നത് മാഷിന്റെ മുഖമായിരുന്നു..
എന്റെ കൃഷ്ണാ ഇതെന്തു പരീക്ഷണമാണെന്നും ചോദിച്ചു ഞാൻ കണ്ണനെ നോക്കിയപ്പോൾ ശ്രീകോവിലിനുള്ളിൽ ഒരു കുസൃതി ചിരിയോടെ കണ്ണൻ നിൽക്കുന്നതായി എനിക്ക് തോന്നി.. നിന്റെ കുസൃതി എന്റെ അടുത്ത് വേണ്ട എന്നു മനസ്സിൽ പറഞ്ഞുകൊണ്ട്
കണ്ണനെ കൺകുളിർക്കെ കണ്ടു തൊഴുതു തിരുമേനി തന്ന ഇലക്കീറിലെ ചന്ദനം നെറ്റിയിൽ ചാർത്തിയപ്പോള് ശരീരവും മനസ്സും ചന്ദനത്തിന്റെ കുളിരിൽ അലിഞ്ഞു ചേർന്നത് പോലൊരു സുഖമായിരുന്നു..
പ്രാത്ഥനയും കഴിഞ്ഞു ശ്രീ കോവിലിനു ചുറ്റും പ്രദക്ഷിണവും വെച്ചു നേരെ കൊടി മരത്തിനു മുന്നിലെ കൽവിളക്കിനു മുന്നിൽ എത്തി.. അവിടെ നിന്നു ഒരിക്കൽ കൂടി ഭഗവാനെ തൊഴുതു പുറത്തേക്കു ഇറങ്ങിയതും നന്ദൻ ആൽത്തറയിൽ ഇരിപ്പുണ്ടായിരുന്നു..
"ഹാ മാഷ് ഇതുവരെ പോയില്ലായി രുന്നോ..
"ഹേ ഇല്ല ഇവിടെ ഇങ്ങനെ കാഴ്ചകളും കണ്ട് കാറ്റും ഏറ്റു ഇരുന്നാൽ സമയം പോവുന്നത് അറിയില്ല..
"എന്നാൽ മാഷ് കാഴ്ചയും കണ്ട് കാറ്റും കൊണ്ടിരുന്നോളു ഞങ്ങൾ പോവാണെന്നും പറഞ്ഞു ഞാനും അവളും നടന്നു..
"ഹേ ഇനി ഇരിക്കുന്നില്ല ഞാനും വരുവാണെന്നും പറഞ്ഞു മാഷും ഞങ്ങളുടെ പിന്നാലെ വന്നു..
പാട വരമ്പിലൂടെ മുന്നിൽ പാറുവും തൊട്ട് പിന്നിൽ ഞാനും എനിക്ക് പിന്നിലായി മാഷും നടന്നു..
അതിനിടയിൽ ഞാൻ തട്ടി വീഴാൻ ഒരുങ്ങിയതും.. ഒന്നു നോക്കി നടക്കെന്റെ ലക്ഷ്മി എന്നും പറഞ്ഞു മാഷെന്നെ കേറി പിടിച്ചു.. ഞാൻ മാഷിന്റെ മുഖത്തേക്ക് നോക്കി..
മധുരമൂറുന്ന പുഞ്ചിരിയുമായി കണ്ണിൽ കുസൃതി നിറച്ചുള്ള മാഷിന്റെ നോട്ടം പതിച്ചത് എന്റെ ഹൃദത്തിലായിരുന്നു.. ഏതോ പൂർവ്വജന്മ ബന്ധം ഉള്ളിൽ അലയടിക്കുന്നത് പോലെ തോന്നി..
എനിക്കെന്താണ് സംഭവിക്കുന്നത് എന്നു പോലും മനസ്സിലാവാതെ ഞാൻ മാഷിനെ നോക്കി നിന്നു..
എന്റെ കൈയിൽ തട്ടി ചേച്ചി എന്ന് പാറു വിളിച്ചപ്പോളാണ് എനിക്ക് പരിസരബോധം വന്നത്..
മാഷിന്റെ മുഖത്തു അപ്പോഴും ആളെ മയക്കുന്ന വശ്യമായ ആ പുഞ്ചിരി നിറഞ്ഞു നിന്നിരുന്നു..
നാണത്തിൽ പൊതിഞ്ഞൊരു പുഞ്ചിരി മാഷിന് തിരിച്ചു സമ്മാനിച്ചു കൊണ്ട് ഞാൻ നടന്നു..
റോഡിൽ എത്തിയതും മാഷിനോട് യാത്ര പറഞ്ഞു ഞങ്ങൾ തറവാട്ടിലേക്ക് നടന്നു..
"ചേച്ചി നന്ദേട്ടനെ കാണാൻ എന്താ ഭംഗി അല്ലേ.. കോളേജിൽ പഠിച്ചിരുന്ന കാലത്ത് ഒരുപാട് ആരാധികമാർ ഒക്കെയുള്ള അവിടത്തെ വലിയ സ്റ്റാർ ആയിരുന്നു നന്ദേട്ടൻ എന്നാണ് പൂജ പറഞ്ഞിട്ടുള്ളത് ..
അവൾ അവളുടെ ഏട്ടനെപറ്റി വെറുതെ തള്ളി മറിച്ചത് ആണെന്നാണ് ഞാൻ വിചാരിച്ചിരുന്നത് പക്ഷേ ആളെ നേരിട്ട് കണ്ടപ്പോൾ മനസ്സിലായി അവൾ പറഞ്ഞതൊക്കെ സത്യമാണെന്നു..
അവളത് പറയുമ്പോൾ എനിക്കെന്തോ പെട്ടെന്ന് ദേഷ്യം വന്നു..
"ഡി പെണ്ണെ കിടന്നു ചിലക്കാതെ വേഗം നടക്കാൻ നോക്ക് എനിക്ക് തറവാട്ടിൽ ചെന്നിട്ടു ഒരുപാട് പണിയുണ്ട്..
"അല്ലെങ്കിൽ ഞാൻ എന്തെങ്കിലും പറഞ്ഞു വന്നാൽ ഈ ചേച്ചി എപ്പോഴും ഇങ്ങനെയാണ് എന്നും പറഞ്ഞു അവളും ദേഷ്യം കേറി നടന്നു..
അങ്ങനെ ഞങ്ങൾ തറവാട്ടിലെത്തി അവൾ അവളുടെ തറവാട്ടിലേക്കു പോയി.. ഞാനെന്റെ പതിവ് ജോലി തിരക്കുകളിലേക്ക് ഇറങ്ങി..
-------------------------------------------------------
നേരം സന്ധ്യയായി പതിവ് പോലെ തന്നെ  തുളസി തറയിൽ സന്ധ്യാദീപം  വെച്ച് ഉമ്മറത്തു ഞാൻ ഇരുന്നു..
രാവിന്റെ രാജകുമാരൻ പുഞ്ചിരി തൂകി നീലാകാശത്തു ഇന്നും നിൽപ്പുണ്ട്..
മണവാളനെ കണ്ട പുതു മണവാട്ടിയെ പോലെ നിലാവ് കണ്ടു രാത്രി നാണിച്ചു നിൽക്കുന്നത് പോലെ എനിക്ക് തോന്നി..
അവരുടെ പ്രണയം കണ്ടു അസൂയയയിൽ കൺചിമ്മി നിറയെ നക്ഷത്ര പൂക്കളും ആകാശത്തു വിരിഞ്ഞു നിൽപ്പുണ്ടായിരുന്നു..
കിളികൾ കലപില ശബ്ദം ഉണ്ടാക്കി കൊണ്ടിരുന്നു.. 
ചെമ്പക പൂക്കളുടെ ഉന്മാദഗന്ധവു മായി തണുത്ത കാറ്റെന്നെ തഴുകി കടന്നു പോയി..
ഒരു നിമിഷം എന്റെ ചിന്തകൾ വൃന്ദാവനത്തിലേക്ക് പോയി.. പ്രണയപാരാവശ്യത്താൽ വൃന്ദാവനത്തിൽ കണ്ണനെ കാത്തിരുന്ന രാധയുടെ മുഖം എന്റെ മുന്നിൽ തെളിഞ്ഞു വന്നു.. കറുകറുത്ത മുട്ടോളം നീണ്ട കാർകൂന്തൽ പിന്നി അതിൽ ഉന്മാദ ഗന്ധം പരത്തുന്ന കാട്ടു മുല്ല പൂക്കൾ ചൂടിയിരിക്കുന്നു..
കരിമഷി എഴുതിയ അവളുടെ കണ്ണുകൾ കണ്ണനെ തേടുകയാണ്..
തന്റെ പ്രിയതമന്റെ ഓടകുഴൽ നാദത്തിനായി അവളുടെ ചെവികൾ കാതോർത്തു..
അവരുടെ പ്രണയത്തിനു സാക്ഷിയാവാൻ എന്നോണം നിലാവും നക്ഷത്രങ്ങളും ആകാശത്തു ഒരുങ്ങി കഴിഞ്ഞിരിക്കുന്നു..
നിറയെ ചെന്താമരകൾ പൂവിട്ടു നിൽക്കുന്ന തീർത്ഥകുളത്തിലൂടെ അരയന്നങ്ങൾ നീന്തി തുടിക്കുകയാണ്..
രാത്രിയെന്നത് മറന്നു കിളികൾ പാട്ടു മൂളി തുടങ്ങി.. ഇടയിൽ കാറ്റ് എന്തോ സ്വകാര്യം രാധയുടെ കാതുകളിൽ മൊഴിഞ്ഞു കടന്നു പോയി..
നേരം ഏറെ കഴിഞ്ഞിട്ടും തന്റെ പ്രിയതമൻ വരാതായതോടെ അവളുടെ മുഖത്തു കാത്തിരുപ്പ് വിഫലമായതിന്റെ നിരാശ പടർന്നു എങ്കിലും അവളുടെ മനസ്സ് അപ്പോഴും പ്രണയ പരാവശ്യത്താൽ തുടിച്ചു കൊണ്ടിരിക്കുകയായിരുന്നു..
ഒരിക്കലും സ്വന്തമാക്കാൻ കഴിയില്ലെന്ന് അറിഞ്ഞിട്ടും രാധാക്കെങ്ങനെ കൃഷ്ണനെ ഇത്രമേൽ അഗാധമായി പ്രണയിക്കാനായി.. 
എനിക്കും രാധയായി മാറാൻ കഴിഞ്ഞിരുന്നു എങ്കിൽ..
രാധയെ പോലെ ഒന്നും മോഹിക്കാതെ പ്രണയിക്കാൻ കഴിഞ്ഞിരുന്നു എങ്കിൽ എന്ന ചിന്തയിൽ നിന്നും
എന്റെ മനസ്സ് നൂലില്ല പട്ടം കണക്കെ പാറി പറന്നു തുടങ്ങി.. 
കണ്ണന് പകരം പതിയെ പതിയെ 
മാഷിന്റെ പുഞ്ചരിക്കുന്ന മുഖം എന്റെ  മനസ്സിൽ  തെളിഞ്ഞു വന്നു കൊണ്ടിരുന്നു..
മാഷിന്റെ കണ്ണുകൾക്ക് എന്തോ കാന്തിക ശക്തിയുണ്ട്.. ആ  നോട്ടമെന്റെ മനസ്സിൽ നിന്നു പോവുന്നെ ഇല്ല..
ഏതോ പൂർവ്വജന്മ ബന്ധം ഉള്ളത് പോലെ ആ കണ്ണുകൾ  ഇപ്പോൾ എന്റെ ഹൃദയത്തിലേക്ക് ആഴ്ന്നു ഇറങ്ങിയിരി ക്കുന്നു... മാഷിന്റെ മനസ്സിൽ മറ്റാരോ ഉണ്ടെന്ന് അറിഞ്ഞിട്ടും  എനിക്കെന്തോ ഒരിഷ്ടം മാഷിനോട് തോന്നി തുടങ്ങിയിരിക്കുന്നു.. 
 മാഷിനെ കുറിച്ച് ഓരോന്ന്  ചിന്തിക്കുമ്പോൾ  എന്റെ ഹൃദമിടിപ്പുകൾക്കു വേഗം കൂടുന്നത് പോലെ  തോന്നി.. എന്റെ ഉള്ളിൽ ഉണ്ടായിരുന്ന സങ്കടങ്ങൾ എല്ലാം സന്തോഷത്തിന് വഴി മാറിയത് പോലെ.. ഇതുവരെ സഞ്ചരിക്കാത്ത വഴികളിലൂടെ എന്തോ തേടി എന്റെ മനസ്സ് സഞ്ചരിച്ചു തുടങ്ങിയിരിക്കുന്നു..  
ഇത്രയും നാൾ തോന്നാത്തൊരടുപ്പമാണ്  മാഷിനോട് എനിക്ക് ഇപ്പോൾ തോന്നി തുടങ്ങിയിരിക്കുന്നത് ..
എന്റെ ചുണ്ടിൽ ചെറു പുഞ്ചിരി വിടർന്നു.. ചുവന്നു തുടുത്തെന്റെ കവിളത്തു നാണത്തിന്റെ നുണക്കുഴി പൂവ് വിരിഞ്ഞു.. ആ ഒരു നിമിഷം കൊണ്ട് ഞാൻ നന്ദന്റെ രാധയായി മാറുകയായിരുന്നു എന്നു തോന്നി പോയി..
എനിക്ക് ചുറ്റും അപ്പോൾ  പ്രണയത്തിന്റെ വർണ്ണശലഭങ്ങൾ പാറി പറന്നു കളിച്ചു കൊണ്ടിരുന്നു..
സ്വപ്നങ്ങളുടെ വർണ്ണ ചിറകു വിടർത്തി ഒരു നിശാ ശലഭമായി എന്റെ മനസ്സും പാറി പറന്നു  തുടങ്ങിയപ്പോഴേക്കും എന്റെ കണ്ണുകൾ  മുറ്റത്തു നിന്ന ചെമ്പക മരചുവട്ടിലേക്ക് പോയി.. 
ചെമ്പക മരത്തിനു പിന്നിലെ ഇരുളിൽ       നിറയെ മിന്നാ മിനുങ്ങുകൾ പാറി കളിക്കുന്നു..  മിന്നാമിനുങ്ങുകളുടെയാ  നുറുങ്ങു വെട്ടത്തിൽ നിന്നും നിലാവെളിച്ചത്തിലേക്കു  ഒരാൾ എന്റെ മുന്നിലേക്ക് നടന്നു വന്നു കൊണ്ടിരുന്നു..


#വൃന്ദാവനം (part-4)
നിലാവിന്റെ വെളിച്ചത്തിൽ തെളിഞ്ഞു വന്നൊരാ മുഖം കണ്ടു എന്റെ കണ്ണുകളെ എനിക്ക് വിശ്വസിക്കാൻ ആയില്ല.. 
നിലാവുദിച്ചതു പോലുള്ള മുഖ സൗന്ദര്യവുമായി ചെറു പുഞ്ചിരിയോടെ മാഷ് അതാ എന്റെ  മുന്നിൽ നിൽക്കുന്നു.. 
എന്ത് പറയണം എന്നറിയാതെ ഞാൻ ആ കണ്ണുകളിലേക്ക് തന്നെ നോക്കി നിന്നു.. 
പെട്ടെന്ന് അമ്മയുടെ വിളി കേട്ട് ഞാൻ ഞെട്ടി തിരിഞ്ഞു നോക്കി..

"എന്തൊരു ഇരുപ്പാടി പെണ്ണേ.. നീ ഇത് ആരെ കിനാവ് കണ്ടോണ്ട് ഇരിക്കുവാ എന്നും ചോദിച്ചു അമ്മ മുന്നിൽ നിൽക്കുന്നു.. 
ഞാൻ ചുറ്റും നോക്കി അപ്പോൾ ഇത്രയും നേരം ഞാൻ കണ്ടത് സ്വപ്നം ആയിരുന്നോ.. 
"ഡി പെണ്ണെ നിനക്കിത് എന്തുപറ്റി..  
നീ ഇത് ആരെയാണ് നോക്കുന്നതെന്ന
അമ്മയുടെ ചോദ്യത്തിന് നാണത്തിൽ കലർന്നൊരു പുഞ്ചിരി മറുപടിയായി നൽകി ഞാൻ അകത്തേക്ക് കേറി പോയി..
"ശ്ശെടാ ഇവൾക്കിതെന്തുപറ്റി എന്നും പറഞ്ഞു അമ്മ അകത്തേക്ക് വന്നു..
"ഡി പെണ്ണെ  സന്ധ്യക്ക് ഇങ്ങനെ ഉമ്മറത്തു കിനാവും കണ്ടിരിക്കുന്നത് അത്ര നല്ലതിനല്ല.. 
ഗന്ധർവ്വൻ കൂടുമെന്നൊക്കെയാണ് പഴമക്കാർ പറയാറുള്ളത്..
"എന്റെ ഉള്ളിൽ ഒരു ഗന്ധർവ്വൻ കുടിയേറി പ്രതിഷ്ഠയും കഴിഞ്ഞെന്നു പാവം അമ്മയുണ്ടോ അറിയുന്നു എന്നോർത്തപ്പോൾ എന്റെ ചുണ്ടിലൊരു മന്ദഹാസം വിടർന്നു..
------------------------------------------------
പതിവ് ജോലികൾ ഒക്കെ തീർത്തു അമ്മക്കൊപ്പം ഭക്ഷണം കഴിച്ചു കിടക്കാൻ തയ്യാറെടുത്തു..
എന്നും കൃഷ്ണ വിഗ്രഹത്തിൽ നോക്കി വഴക്ക് കൂടിയ എനിക്ക് ഇന്നതിനു കഴിയുന്നില്ല..
കണ്ണനോട് പരാതികളോ പരിഭവങ്ങളോ പറയാനായി ഒന്നും തന്നെ എന്റെ നാവിൻ തുമ്പിൽ വന്നില്ല..
ഒരു കുസൃതി ചിരിയോടെ ഓടക്കുഴൽ ചുണ്ടിൽ വെച്ചു നിൽക്കുന്ന കൃഷ്ണന് ചെറു പുഞ്ചിരി സമ്മാനിച്ചു കൊണ്ടു ഞാൻ ഉറങ്ങാൻ കിടന്നു..
എത്ര ശ്രമിച്ചിട്ടും ഉറങ്ങാൻ കഴിയുന്നില്ല.. നിദ്രാ ദേവി എന്റെ അടുക്കലേക്കു വരാൻ മടിക്കുന്നത് പോലെ.. കണ്ണടക്കുമ്പോൾ എല്ലാം മാഷിന്റെ മുഖം എന്റെ കണ്മുന്നിൽ തെളിഞ്ഞു വരുന്നത് പോലെ.. ഞാൻ തിരിഞ്ഞും മറിഞ്ഞും കിടന്നു നോക്കി..
തുറന്നു കിടന്നിരുന്ന ജന്നൽ പാളികൾക്ക് ഇടയിലൂടെ ചെമ്പക പൂക്കളുടെ ഉന്മാദ ഗന്ധമുള്ള കാറ്റ് അകത്തേക്ക് കേറി എന്നെ തഴുകി കടന്നു പോയി .. മുറിയാകെ ചെമ്പക പൂക്കളുടെ മാസ്മരിക സുഗന്ധം നിറഞ്ഞു..
നിലാവിന്റെ സൗന്ദര്യത്തിൽ മതി മറന്നു നിറയെ ചെമ്പക പൂക്കൾ  വിരിഞ്ഞിട്ടുണ്ടാവും..
നിലാവെളിച്ചം ജന്നൽ പാളികൾക്ക് ഇടയിലൂടെ ഒളി കണ്ണിട്ടെന്നെ നോക്കുന്നുണ്ട്..
പാല പൂക്കുന്ന പൗർണ്ണമി രാവുകളിൽ കന്യകമാരെ തേടിയിറങ്ങുന്ന ഗന്ധർവന്മാരെ പറ്റിയിട്ടു പണ്ട് മുത്തശ്ശി പറഞ്ഞു കേട്ടിട്ടുണ്ട്..
പക്ഷേ ഇന്നിവിടെ ചെമ്പകം  പൂവിട്ടപ്പോൾ എന്റെ ഉള്ളിലൊരു ഗന്ധർവ്വൻ കുടിയേറിയിരിക്കുന്നു.. 

നീല വജ്രക്കല്ലു പതിച്ച കിരീടം വെച്ചു കഴുത്തിൽ സ്വർണവും മുത്തുകളും പതിപ്പിച്ച മാലകൾ അണിഞ്ഞു രോമാവൃതമായ നെഞ്ച് വിരിച്ചു വശ്യമായ പുഞ്ചിരിയും പ്രണയ നിറഞ്ഞു തുളുമ്പിയ കണ്ണുകളുമായി വരുന്ന ഗന്ധർവനായി ഞാൻ മാഷിനെ ഒന്നു സങ്കൽപ്പിച്ചു നോക്കി..
അറിയാതെ എന്റെ ഉള്ളിൽ ഒരു നാണം കലർന്ന  പുഞ്ചിരി വിടർന്നു..
അങ്ങനെ മാഷിനെ കുറിച്ച് ഓരോന്ന്  ചിന്തിച്ചു ചിന്തിച്ചു പതിയെ ഞാൻ ഉറക്കത്തിലേക്ക് വഴുതി വീണു.. 
പുലർച്ചെ കോഴി കൂവുന്നത് കേട്ടാണ് ഞാൻ കണ്ണ് തുറന്നത്.. 
പതിവിലും കവിഞ്ഞൊരു സന്തോഷത്തോടെയാണ് ഞാൻ എഴുന്നേറ്റത്.. 
എത്രയും വേഗം പണികൾ ഒക്കെ തീർത്തു അമ്പലത്തിലേക്ക് പോകാനായി എന്റെ മനസ്സ് വെമ്പൽ കൊണ്ടു..
പതിവില്ലാതെ ജോലികൾ എല്ലാം പെട്ടെന്ന് തീർത്തു ഞാൻ അമ്പലത്തിൽ പോവാൻ തയ്യാറാവുന്നത് കണ്ട് അമ്മക്ക് അത്ഭുതം തോന്നി.. 
"നിനക്ക് ഇതെന്ത് പറ്റിയെടി പെണ്ണെ ഞാൻ ഇന്നലെ തൊട്ട് ശ്രദ്ധിക്കുവാണ് നിനക്ക് ആകെ ഒരു മാറ്റം ഉള്ളത് പോലെ തോന്നുന്നു.. 
"എനിക്കൊരു മാറ്റവുമില്ല അമ്മക്ക് വെറുതെ തോന്നുന്നതാണ് എന്നും പറഞ്ഞു ഞാൻ ഒരുങ്ങാൻ തുടങ്ങി..
അലമാരയിൽ നിന്നും ഇളം റോസ് കളർ ദാവണി എടുത്തു ഉടുത്തു.. 
കണ്ണെഴുതി കറുത്ത കുഞ്ഞു വട്ട പൊട്ടും കുത്തി നെറ്റിയിൽ ചുവന്ന കുറിയും ചാർത്തി കണ്ണാടിയിൽ ഒന്നൂടി തിരിഞ്ഞു മറിഞ്ഞും ഒക്കെ നോക്കി.. 
"ഡി പെണ്ണേ കുറെ നേരമായല്ലോ കണ്ണാടിയുടെ മുന്നിൽ കിടന്നു ഡാൻസ് കളിക്കുന്നു.. എന്താടി ഒരു ഇളക്കം.. 
"അതു പിന്നെ അമ്മേ എനിക്ക് ഈയിടയായി ഗ്ലാമർ അൽപ്പം കൂടിയോ എന്നൊരു സംശയം അതുകൊണ്ട് നോക്കിയതാണ്.. 
"ഓ പിന്നെ ഒന്നു പോടീ പെണ്ണെ.. 
"കണ്ടോ കണ്ടോ അമ്മക്ക്  അസൂയയാണ്.. 
"അസൂയയോ എനിക്കോ എന്റെ സൗന്ദര്യത്തിന്റെ പകുതിയെങ്കിലും നിനക്ക് കിട്ടിയിട്ടുണ്ടോടി..  ഇപ്പോളും ഞാൻ ഒന്നു ഉടുത്തൊരുങ്ങിയാൽ ഉണ്ടല്ലോ എല്ലാവരും എന്നെയേ നോക്കുള്ളു.. 
"ചിരിപ്പിക്കാതെ പോ അമ്മേ മുടിയും നരച്ചു പടുകിളവിയായി എന്നിട്ടും ഇപ്പോഴും മധുര പതിനേഴു ആണെന്നാണ് വിചാരം.. 
"മുടി അൽപ്പം നരച്ചെന്ന് വെച്ച് എനികെന്താടി ഒരു കുറവ്.. 
"ഒരു കുറവും ഇല്ലേ.. അമ്മ സുന്ദരി കുട്ടി തന്നാട്ടോ.. ഇനിയും സംസാരിച്ചു നിന്നാലേ അമ്പലത്തിൽ എത്താൻ താമസിക്കും ഞാൻ പോയിട്ട് വരാട്ടോ  എന്നും പറഞ്ഞു ഞാൻ അവിടെ നിന്നും ഇറങ്ങി..
വഴിയോരം നിൽക്കുന്ന പൂക്കളിൽ മെല്ലെ തഴുകി ഒരു മൂളി പാട്ടും പാടി ഞാൻ നടക്കുന്നതിനിടയിൽ ആണ്  കുമാരേട്ടൻ മുന്നിൽ വന്നത്.. 
"ഇന്നെന്താ മോള് ഭയങ്കര സന്തോഷത്തിൽ ആണല്ലോ പിറന്നാളോ വല്ലതും ആണോ.. 
"ഹേ അല്ല.. 
"മ്മം ഇന്നെന്തായാലും നല്ല  സുന്ദരി കുട്ടിയായിട്ടുണ്ടല്ലോ അമ്പലത്തിലേക്ക് ആണോ.. 
അതുകേട്ടു ചുണ്ടിൽ ചെറിയൊരു പുഞ്ചിരി വിടർന്നു.. 
"അതേ കുമാരേട്ടാ..  സമയം പോയി ഞാൻ പോട്ടെ എന്നും പറഞ്ഞു ഞാൻ മുന്നോട്ടു നടന്നു.. 
പോവും വഴി എല്ലാം മാഷിനെ കുറിച്ചുള്ള ചിന്ത ആയിരുന്നു മനസ്സിൽ..  
മാഷിന്റെ മുഖത്തു എങ്ങനെ നോക്കും..  വശ്യമായ പുഞ്ചിരിയോടെ കുസൃതി നിറഞ്ഞ  മാഷിന്റെ നോട്ടത്തിനു മുന്നിൽ പിടിച്ചു നിൽക്കാൻ എന്റെ മനസ്സിന് ആയെന്നു വരില്ല.. 
അങ്ങോട്ട് കേറി ഇഷ്ടമാണെന്നു പറഞ്ഞാൽ എന്നെ പറ്റി മാഷെന്ത് വിചാരിക്കും..  അയ്യേ ബോറു പരുപാടി അതെന്തായാലും വേണ്ട  എന്നും പറഞ്ഞു നടന്നു ഞാൻ പാട വരമ്പത്തു എത്തി..
കൊയ്ത്തു പാട്ടുകൾ ഈണത്തിൽ ആരൊക്കെയോ പാടുന്നുണ്ട് അതിന്റെ താളത്തിൽ നെൽച്ചെടികൾ കാറ്റിൽ നൃത്തം വെയ്ക്കുന്നു..  നെൽമണികൾ കൊത്തി തിന്നാനെത്തിയ കുഞ്ഞി കുരുവികൾ പാടത്തിന് ചുറ്റും പാറി പറക്കുന്നുണ്ട്.. 
നെൽകതിരുകളെ തഴുകി തലോടി പാട വരമ്പത്തു കൂടി ഞാൻ ആൽത്തറക്കു മുന്നിൽ എത്തി..  ഞാൻ ചുറ്റും ഒന്നു നോക്കി മാഷിനെ അവിടെങ്ങും കാണാനില്ല..  ഇനിയിപ്പോൾ അമ്പലത്തിനുള്ളിൽ ആയിരിക്കും എന്നു കരുതി ഞാൻ അമ്പലത്തിനുള്ളിലേക്കു കേറി..
മുന്നോട്ടു ഓരോ അടി നടക്കുമ്പോഴും എന്റെ കണ്ണുകൾ മാഷിനെ തിരയുകയായിരുന്നു.. 
കള്ള കണ്ണന്റെ മുന്നിൽ നിന്നപ്പോഴും പ്രദക്ഷിണ വഴിയിലും എന്റെ കണ്ണുകൾ മാഷിനെ തിരഞ്ഞു കൊണ്ടിരുന്നു..  പക്ഷേ നിരാശയായിരുന്നു ഫലം.. 
ചിലപ്പോൾ ഇപ്പോൾ വരുമായിരിക്കും എന്തായാലും  കാത്തിരിക്കാം എന്ന ചിന്തയോടെ ഞാൻ അമ്പലകുളത്തിനു അരികിലേക്ക് പോയി.. 
കണ്ണിന് കുളിരേകുന്ന അസുലഭ പ്രണയ മുഹൂർത്തം അവിടെ അരങ്ങേറുകയായിരുന്നു.. 
കുളത്തിൽ നിറയെ താമര പൂക്കൾ വിരിഞ്ഞു നിൽക്കുന്നു.. 
കൃഷ്ണന് ചുറ്റും നിന്ന കാമുകിമ്മാർ എന്നോണം സൂര്യന്റെ പ്രണയം കൊതിച്ചു അവന്റെ ചുംബനം കൊതിച്ചു നിൽക്കുന്നത് പോലെയാണ് എനിക്ക് തോന്നിയത്.. 
മെല്ലെ കൽ പടവുകൾ ഇറങ്ങി ഞാൻ     താഴത്തെ കൽ പടവിൽ  ചെന്നിരുന്നു.. 
ചെറുമണി കല്ലുകളും പെറുക്കി എടുത്തു കുളത്തിലേക്ക് എറിഞ്ഞു കൊണ്ട് വെള്ളത്തിലേക്ക് കാലും വെച്ചിരുന്നു..
നേരം കടന്നു പോയി കൊണ്ടിരുന്നു..  
മാഷിനെ കാണുന്നെ ഇല്ല.. 
നിരാശയുടെ കറുപ്പ് എന്നിലേക്ക്‌ പടർന്നു കയറി..  എന്റെ മുഖം മെല്ലെ വാടി തുടങ്ങി.. 
വെറുതെ ഇരുന്നു സമയം കളയാം എന്നല്ലാതെ ഇനി മാഷ് വരുമെന്ന് തോന്നുന്നില്ല.. 
അതുകൊണ്ട് പോയേക്കാം എന്നു വിചാരിച്ചു കൊണ്ട് ഞാൻ അവിടെ നിന്നും എഴുന്നേറ്റു നടന്നു.. 
പോവും വഴി എല്ലാം എന്റെ കണ്ണുകൾ  പ്രതീക്ഷയോടെ മാഷിന്റെ മുഖം തിരഞ്ഞെങ്കിലും മാഷിനെ എങ്ങും കണ്ടില്ല..
ഉള്ളിൽ ഒരൽപ്പം സങ്കടത്തോടെ ഞാൻ തറവാട്ടിൽ എത്തി.. 
"എന്താ മോളെ എന്ത് പറ്റി  എന്താ നിന്റെ മുഖം വാടിയിരിക്കുന്നത്.. 
"ഒന്നുമില്ല അമ്മേ.. 
"നിന്റെ മുഖം കണ്ടാൽ അമ്മക്ക് മനസ്സിലാവും എന്തോ ഉണ്ടെന്ന്.. 
ആരെങ്കിലും എന്റെ മോളെ കളിയാക്കിയോ.. 
"ഒന്നുമില്ലെന്ന്‌ പറഞ്ഞില്ലെ എന്നും പറഞ്ഞു അമ്മയോട് ദേഷ്യപ്പെട്ടു ഞാൻ അകത്തേക്ക് കേറി പോയി.. 
റൂമിൽ കേറി തലയിണയിൽ മുഖം പൂഴ്ത്തി കട്ടിലിൽ കിടന്നു.. 
വെറുതെ ഞാൻ ഒരുങ്ങി കെട്ടി പോയി.. എന്താവും മാഷ് ഇന്ന്  വരാഞ്ഞത്..
ഇനി ചിലപ്പോൾ വല്ല തിരക്കും ആയിരിക്കും.. എന്നു പറഞ്ഞു മനസ്സിനെ സമാധാനിപ്പിച്ചു.. 
ശ്ശെ ഞാൻ എന്തിനാ വെറുതെ അമ്മയോട് ദേഷ്യപ്പെട്ടത് .. 
പോയി സോപ്പിട്ട് സോറി പറയാം.. 
ഞാൻ നേരെ അമ്മയുടെ അടുത്തെത്തി.. 
"മീനാക്ഷി കുട്ട്യേ എന്താ എന്നോട് ദേഷ്യമാണോ.. 
"ഓ നിന്റെ ബാധ ഒഴിഞ്ഞു പോയോ.. 
"ബാധയോ.. 
"അതേ ബാധ,  അതുപോലെ  കലിതുള്ളി ആണല്ലോ നീ പോയത്.. 
"അതുപിന്നെ അപ്പോൾ എന്റെ മൂഡ് ശെരിയല്ലായിരുന്നു.. 
"എന്നിട്ട് ഇപ്പോൾ ശെരിയായോ..
"ശെരിയായി എന്റെ മീനാക്ഷി കുട്ട്യേ... വാ നമുക്ക് ഭക്ഷണം കഴിക്കാം എന്നും പറഞ്ഞു അമ്മയോടൊപ്പം ഇരുന്നു ഭക്ഷണം കഴിച്ചു കിടന്നു.. 
--------------------------------------------------
പിറ്റേന്നും ഒരുപാട് പ്രതീക്ഷയോടെ എഴുന്നേറ്റു  ഞാൻ അമ്പലത്തിൽ എത്തി.. 
പക്ഷേ ഇന്നും നിരാശപ്പെടാൻ ആയിരുന്നു എന്റെ വിധി..
ദിവസങ്ങൾ കടന്നു പോയി.. ആഴ്ച്ച  ഒന്നായി മാഷിനെ കുറിച്ച് ഒരു വിവരവും ഇല്ല..  വെറുതെ എന്റെ മനസ്സിൽ ഓരോ മോഹങ്ങൾ തന്നത് എന്തിനാ എന്റെ കൃഷ്ണ .. 
ഒരു കണക്കിന് മുളയിലേ എന്റെ ആഗ്രഹങ്ങൾ നുള്ളി  കളഞ്ഞത് നന്നായി.. 
എന്നെ പോലൊരു പെണ്ണിന് ആഗ്രഹിക്കാൻ പോയിട്ട്  ഒരിക്കലും സ്വപ്നം കാണാൻ പോലും അവകാശമില്ലല്ലോ അല്ലേ എന്റെ കൃഷ്ണാ എന്നും പറഞ്ഞു വീട്ടിലെ കൃഷ്ണ വിഗ്രഹത്തിനു മുന്നിൽ നിന്നു അമ്മ കാണാതെ ഞാൻ  കരഞ്ഞു.. 
ആദ്യമായി ഒരാളോട് ഇഷ്ടം തോന്നിയതാണ് അത് ഇങ്ങനെയും ആയി.. 
പതിയെ പതിയെ  ഓരോന്ന് പറഞ്ഞു ഞാൻ മനസ്സിനെ  സമാധാന പ്പെടുത്തി
പതിവ് പോലെ തന്നെ ഞാൻ അമ്പലത്തിൽ എത്തി കണ്ണനെ തൊഴുതു അമ്പലക്കുളത്തിനരുകിൽ എത്തി..
ഇന്നു പതിവിലും കൂടുതൽ താമരകൾ വിരിഞ്ഞു നിൽപ്പുണ്ട്.. 
കുളത്തിന് അക്കരെയുള്ള പൂവാക കൊമ്പിൽ രണ്ടു കിളികൾ കൊക്കുരുമ്മി എന്തൊക്കെയോ മൊഴിയുന്നുണ്ട്..  കാറ്റിനു ഏതൊക്കെയോ കാട്ടു പൂക്കളുടെ വാസനയുണ്ട്.. 
കാണാൻ രസമുള്ള ഒരു കാഴ്ച്ച തന്നെയാണത്..  അതും കണ്ടു കൊണ്ടു കൽപടവിൽ ഞാൻ ഇരുന്നു.. 
പെട്ടെന്ന്  ലക്ഷ്മി എന്നൊരു വിളി കേട്ട് ഞാൻ തിരിഞ്ഞു നോക്കി.. 
മാഷായിരുന്നു അത്.. 
എന്താ പറയുക മാഷിനെ വീണ്ടും കണ്ടപ്പോൾ ഒരായിരം താമര പൂക്കൾ ഒന്നിച്ചു വിരിയുന്നത് കണ്മുന്നിൽ കാണുന്ന സന്തോഷമായിരുന്നു എന്റെ മനസ്സിൽ.. 
മാഷ് കൽപടവുകൾ ഇറങ്ങി എന്റെ അടുത്ത് വന്നു നിന്നു.. 
എന്തൊക്കെയോ പറയണം എന്നു തോന്നിയെങ്കിലും വാക്കുകൾ പുറത്തോട്ട് വന്നില്ല.. 
"എന്താ ലക്ഷ്മി എന്താ ഇങ്ങനെ നോക്കുന്നത്.. 
അതിനുള്ള മറുപടി ഞാൻ പറയാൻ തുടങ്ങിയതും ഏട്ടാ എന്നു വിളിച്ചു കൊണ്ടൊരു പെൺകുട്ടി കൽപടവുകൾ ഇറങ്ങി വന്നു കൊണ്ടിരുന്നു.. 
പച്ച പട്ടു പാവാടയും ബ്ലൗസും അണിഞ്ഞൊരു സുന്ദരി പെണ്ണ് .. 
കാറ്റിൽ അവളുടെ മുടി ഇഴകൾ പാറി പറക്കുന്നു..  
അവൾ കാലിൽ അണിഞ്ഞിരിക്കുന്ന വെള്ളി പാദസ്വരത്തിന്റെ കിലുക്കം അവിടാകെ മുഴങ്ങി നിന്നു.. 
ചുണ്ടിൽ ചെറുപുഞ്ചിരിയോടെ അവളെന്റെ മുന്നിൽ വന്നു നിന്നു.. 
അവളെ കണ്ടതും എന്റെ നെഞ്ചിടിപ്പിന്റെ വേഗത കൂടി.. 
മനസ്സിലൂടെ പല ഭ്രാന്തൻ ചിന്തകളും കടന്നു പോയി.. 
എന്റെ കൃഷ്ണാ  ഇനി ഇവളെങ്ങാനും  ആണോ  മാഷിന്റെ കാമുകി..


#വൃന്ദാവനം (part-5)
"ലക്ഷ്മി ഇതാണെന്റെ  പെങ്ങൾ പൂജ ..  ഞാൻ അമ്പലത്തിലേക്ക് ആണെന്ന് അറിഞ്ഞപ്പോൾ പരീക്ഷ അടുത്തു എന്നും പറഞ്ഞു  ഭഗവാനെ മണിയടിക്കാൻ ഇവളും കൂടെ കൂടി.. 
"ഓ പെങ്ങൾ ആയിരുന്നല്ലേ എന്നു മനസ്സിൽ പറഞ്ഞു കൊണ്ടു ഞാൻ ദീർഘനിശ്വാസം വിട്ടു.. 
പൂജ  എന്നെ നോക്കി ചിരിച്ചു. 
"ചേച്ചിയെപറ്റി ചേട്ടൻ പറഞ്ഞിട്ട് ഉണ്ട് പിന്നെ പാർവതിക്ക് ആണെങ്കിൽ  ചേച്ചിയെ പറ്റി പറയാനേ നേരം ഉള്ളൂ.. 
അതുകേട്ടു ഞാനും ചെറു പുഞ്ചിരി പാസ്സാക്കി.. 
"ശെരിയെന്നാൽ നിങ്ങൾ സംസാരിക്ക് ഞാൻ പോയി കൃഷ്ണനെ മണിയടിച്ചിട്ട് വരാം എന്നു പറഞ്ഞവൾ പോയി.. 
മാഷെന്നെ നോക്കിയൊന്നു  ചിരിച്ചു..  
"അല്ല  മാഷേ.. മാഷ്  ഇതെവിടായിരുന്നു.. 
കണ്ടിട്ട് ഒരാഴ്ച്ച ആയല്ലോ..
"ഒന്നും പറയേണ്ട ലക്ഷ്മി ഞാൻ അമ്മയുടെ തറവാട് വരെ പോയിരുന്നു.. അവിടെ അമ്പലത്തിൽ ഉത്സവം ആയിരുന്നു..
അതെല്ലാം കഴിഞ്ഞു ഇന്നലെ വൈകുന്നേരം ആണ് വന്നത്..
"മ്മം എന്നിട്ട് ഉത്സവം എങ്ങനെ ഉണ്ടായിരുന്നു..
"അത് ഇപ്പോൾ എങ്ങനെയാ പറയുക താളമേള വാദ്യഘോഷങ്ങളുമായി അങ്ങ് അടിച്ചു പൊളിച്ചു..
പിന്നെ നല്ല കിടിലൻ പെൺകുട്ടികൾ ഉണ്ടായിരുന്നത് കൊണ്ടു സമയം പോയതും അറിഞ്ഞില്ല..
മാഷ് പെൺകുട്ടികളെ കുറിച്ച് പറഞ്ഞത് എനിക്കത്ര സുഖിച്ചില്ല..
"ഓ അപ്പോൾ വായിനോട്ടം ആയിരുന്നല്ലേ പണി..
"ഹാ ആണെന്നും പറയാം..
"ഓ അപ്പോൾ മാഷ് ആരെയോ പ്രേമിക്കുണ്ടെന്നു പറഞ്ഞിട്ട് അവളെ നോക്കാതെ വായിനോക്കി നടക്കുവാണോ..
"അതിനിപ്പോൾ എന്താ കുഴപ്പം ഒരു നേരം പോക്കിന് ചുമ്മാ രണ്ടു പെൺപിള്ളേരെ നോക്കി എന്നു വെച്ചു മനസ്സിൽ ഉള്ള പ്രണയം എവിടെയും പോവത്തില്ല..
"എന്നാലും അതൊന്നും ശെരിയല്ല മാഷേ..
അതുകേട്ടു മാഷ് ഒന്നു ചിരിച്ചു..
"അതേ മാഷേ..  മാഷ് ആ പെണ്ണിനോട് ഇഷ്ടം ആണെന്ന് പറഞ്ഞോ..
"ഇല്ല പറയണം.. 
അതുകേട്ടു ഉള്ളിൽ ഒരൽപ്പം സന്തോഷം തോന്നിയെങ്കിലും അതൊന്നും ഞാൻ പുറത്തു കാണിച്ചില്ല.. 
"എന്തിനാ മാഷേ ഇങ്ങനെ വെച്ചു താമസിപ്പിക്കുന്നത് അത് അങ്ങ് പറഞ്ഞു കൂടെ.. 
"അതുപിന്നെ പറയണം എന്നും പറഞ്ഞു അവളുടെ അടുത്ത് ചെല്ലുമ്പോൾ  അവളെങ്ങാനും ഇഷ്ടമല്ലെന്ന് പറയുമോ എന്നോർത്തു ഉള്ളിൽ ഒരു ടെൻഷൻ ആണ്.. 
"അയ്യേ അപ്പോൾ മാഷ് ആളൊരു പേടി തൊണ്ടനാ അല്ലേ.. 
"അതേ ലക്ഷ്മി പ്രേമിക്കുന്നവനെ അതിന്റെ ടെൻഷൻ അറിയൂ..  സ്നേഹിക്കുന്ന പെണ്ണിന്റെ മുന്നിൽ ചെന്നു നിന്ന് ഇഷ്ടം ആണെന്ന് പറയാൻ ഏതൊരാണിനും അൽപ്പം ടെൻഷൻ കാണും. അത്‌ അവളെ പേടിച്ചിട്ടല്ല  ഇഷ്ടമല്ല എന്ന മറുപടി കേൾക്കേണ്ടി വരുമോ എന്ന ടെൻഷൻ ആണ്..
"ഉവ്വ ഉവ്വേ.. മാഷ് എപ്പോഴാണെന്ന് വെച്ചാൽ പോയി പറ ഞാൻ പോവുന്നു എന്നും പറഞ്ഞു ഞാൻ കൽപ്പടവുകൾ കേറി മുകളിൽ എത്തി.. എന്റെ പിന്നാലെ മാഷും വന്നു..  അപ്പോഴേക്കും പൂജയും അവിടേക്കു വന്നു.. 
"ഹാ ചേച്ചി പോവാണോ.. 
"ഹാ പോവാണ് ചെന്നിട്ട് കുറച്ചു പണിയുണ്ട്.. 
"ശെരി ചേച്ചി പാർവതിയെ തിരക്കിന്നു പറഞ്ഞേക്ക്.. 
"ഹാ പറയാം എന്നും പറഞ്ഞു ഞാൻ നേരെ തറവാട്ടിലേക്ക് നടന്നു.. 
-----------------------------------------------------
മാഷിനെ കണ്ട സന്തോഷവുമായി തറവാട്ടിൽ എത്തിയ എന്നെ കാത്ത് താടകയെ പോലെ അമ്മായി നിൽപ്പുണ്ടായിരുന്നു.. 
"ഓ ഒന്നര കാലും വെച്ചവൾ രാവിലെ തന്നെ തെണ്ടാൻ ഇറങ്ങിയിരുന്നോ.. 
"ദേ അമ്മായി ഞാൻ പല തവണ പറഞ്ഞിട്ടുണ്ട് കുത്തി നോവിക്കാൻ ഈ പടി കടന്നു വന്നേക്കല്ലെന്നു.. 
"ഓ അവളുടെ  കാലും വയ്യ ഒരു ഗതിയും  പരഗതിയും ഇല്ല എന്നാലും അഹങ്കാരത്തിനു ഒരു കുറവും ഇല്ല.. 
"ഹാ എനിക്ക് അഹങ്കാരം ഇത്തിരി കൂടുതൽ ആണ്.. ഇനി എന്റെ വായിൽ നിന്നും വല്ലതും കേൾക്കും മുൻപ് ഇറങ്ങി പോവാൻ നോക്ക്.. 
"അല്ലെങ്കിലും ഇവിടെ കിടക്കാൻ അല്ല ഞാൻ വന്നത്  നിന്റെ അമ്മയോട് ഒരു കാര്യം പറയാൻ വന്നതാണ്.. 
"ഹാ പറഞ്ഞെങ്കിൽ പൊക്കൂടെ നിങ്ങൾക്ക്.. 
"ഹാ ഞാൻ പോവാണ് എന്നും പറഞ്ഞു അവർ ഇറങ്ങി പോയി..
ഞാൻ നോക്കുമ്പോൾ അമ്മ ഇരുന്നു കരയുന്നു.. 
"എന്താ അമ്മേ എന്തുപറ്റി.. 
"ഒന്നുമില്ല മോളെ.. 
"അമ്മേ കാര്യം പറ അവരെന്താ വന്നു പറഞ്ഞിട്ട് പോയത്.. 
"അതുപിന്നെ മോളെ അച്ഛൻ ഈ തറവാട്  പണയം വെച്ചു ഏട്ടന്റെ കൈയിൽ നിന്നും കുറച്ചു കാശു വാങ്ങിയിരുന്നു.. 
അന്ന് ഏട്ടൻ കാണിച്ച മുദ്രപത്രത്തിൽ ഒക്കെ അച്ഛൻ  ഒപ്പിട്ടും  കൊടുത്തിരുന്നു.. 
"അതിനെന്താ അമ്മേ ആ കാശു കൊടുത്താൽ നമുക്ക് ആ ആധാരം തിരികെ കിട്ടില്ലേ.. 
"എന്റെ മോളെ അതിനു ഏട്ടനിപ്പോൾ ചോദിക്കുന്ന തുക നമുക്ക് താങ്ങാൻ പറ്റുന്നതിനും അപ്പുറമാണ്.. 
"അതു നമുക്ക് എങ്ങനെ എങ്കിലും കൊടുക്കാം അമ്മേ, അമ്മ സമാധാനമായിരിക്ക്.. 
"നടക്കില്ല മോളെ നമ്മളെ കൊണ്ട് കഴിയില്ല അത് എട്ടനും അറിയാം  ഏട്ടനിപ്പോൾ ആവശ്യം ഈ തറവാട് ആണ് അതിനു വേണ്ടിയിട്ട് പലിശയും പലിശയുടെ പലിശയും എന്നൊക്കെ പറഞ്ഞു വലിയൊരു തുകയാണ്  കൊടുക്കാൻ പറഞ്ഞേക്കുന്നത്..
"എന്തിനാ അമ്മേ അമ്മാവൻ നമ്മളോട് ഈ ദ്രോഹം ചെയ്യുന്നത്  ഇതിനു മാത്രം എന്ത് തെറ്റാണ് നമ്മൾ അമ്മാവനോട് ചെയ്തത്.. 
സങ്കടങ്ങൾ തന്ന് നിനക്കിനിയും മതിയായില്ലേ എന്റെ കൃഷ്ണ.. 
എന്നും പറഞ്ഞു ഞാനും കരഞ്ഞു..
----------------------------------------------------
പിന്നീട് കുറച്ചു ദിവസം അമ്പലത്തിൽ പോവാനേ എനിക്ക് തോന്നിയില്ല.. 
മാഷിനെ കാണാത്തതിൽ വിഷമം തോന്നി. പക്ഷേ  അതിനേക്കാൾ വലിയൊരു പ്രശ്നം തലക്കു മുകളിൽ   വാള് പോലെ തൂങ്ങി കിടന്നിരുന്നതിനാൽ എങ്ങനെയും ആ പ്രശ്നത്തിൽ  നിന്നും രക്ഷപ്പെടാൻ ഉള്ള വഴിയേ കുറിച്ചുള്ള ചിന്തയിൽ ആയിരുന്നു ഞാൻ.. 
കളി ചിരി ഇല്ലാതെ ഒരു മൂലക്ക് ഞാൻ ഒതുങ്ങി കൂടിയത് കണ്ടിട്ടാവണം മോൾ അമ്പലത്തിൽ പോയി ഒന്ന് പ്രാത്ഥിക്ക് ഭഗവാൻ എന്തെങ്കിലും വഴി കാണിക്കും എന്നമ്മ പറഞ്ഞത്.. 
അമ്മ പറഞ്ഞത് ശെരിയാണെന്നു എനിക്കും തോന്നി..  ഭഗവാൻ അല്ലാതെ മറ്റാർക്കും ഇനി ഞങ്ങളെ സഹായിക്കാൻ ആവില്ല..
എന്തായാലും നാളെ രാവിലെ അമ്പലത്തിൽ പോവാം, കൂട്ടത്തിൽ മാഷിനെയും ഒന്നു കാണാം എന്നും വിചാരിച്ചു ഞാൻ കിടന്നുറങ്ങി.. 
പിറ്റേന്ന് അമ്പലത്തിൽ എത്തി കണ്ണന് മുന്നിൽ മനസ്സർപ്പിച്ചു പ്രാത്ഥിച്ചു.. 
എന്റെ കണ്ണീർ തുള്ളികൾ കൊണ്ട് കണ്ണന്റെ തിരുനടയിൽ അഭിഷേകം നടത്തി ഞാൻ തിരികെ അമ്പലത്തിനു വെളിയിൽ എത്തുമ്പോൾ ആൽത്തറയിൽ മാഷ് ഇരിപ്പുണ്ടായിരുന്നു.. 
"ഹേ ലക്ഷ്മി താനിത് എവിടായിരുന്നടോ.. എത്ര ദിവസമായി കണ്ടിട്ട്.. 
"കുറച്ചു തിരക്കിലായി പോയി മാഷേ അതാണ് വരാഞ്ഞത്.. 
"മ്മം..  എന്താ തന്റെ മുഖം വല്ലാതിരിക്കുന്നത് , താൻ കരഞ്ഞോ.. 
'ഹേ ഇല്ല.. 
"എന്തിനാടോ എന്നോട് കള്ളം പറയുന്നത്.. തന്റെ മുഖം കണ്ടാൽ അറിയാം കരഞ്ഞെന്നു.. 
എന്താടോ പ്രശ്നം എന്തുപറ്റി.. 
"ഹേ ഒന്നുമില്ല മാഷേ.. 
"മ്മം.. പക്ഷേ തന്റെ മുഖം കണ്ടാൽ അറിയാം എന്തോ പ്രശ്നം ഉണ്ടെന്ന്.. എന്നോട് പറയാൻ പറ്റുന്നത് ആണെങ്കിൽ പറ..
എന്തോ മാഷിനോട്‌ എല്ലാം തുറന്നു പറയുന്നത് ആണ് നല്ലതെന്ന് എനിക്കും  തോന്നി..
ഒടുവിൽ എല്ലാം ഞാൻ മാഷിനോട് തുറന്നു പറഞ്ഞു കൊണ്ടു നടന്നു റോഡിൽ എത്തി.. 
"എല്ലാം ശെരിയാവുമെടോ താൻ വെറുതെ ടെൻഷൻ ആവേണ്ട.. 
"ഒന്നും ശെരിയാവാൻ പോവുന്നില്ല മാഷേ ഇതൊക്കെ എന്റെ വിധിയാണ് അനുഭവിച്ചേ പറ്റു.. 
"അതേ താൻ ബൈക്കിലോട്ട് കേറിക്കെ നമുക്ക് ഒരു സ്ഥലം വരെ പോവാം.. 
"എവിടെ പോവാൻ.. അയ്യോ ഞാനൊന്നും ഇല്ല..
"ഹാ പേടിക്കാതെ കേറ് ലക്ഷ്മി.. 
"ഹേ ശെരിയാവില്ല മാഷേ ആരെങ്കിലും കണ്ടാൽ പിന്നെ അതുമതി.. 
"കണ്ടാൽ ഇപ്പോൾ എന്താ താൻ കേറാൻ നോക്ക്  ഇല്ലെങ്കിൽ ഞാൻ ഇവിടെ തന്നെ നിൽക്കും.. 
"മാഷേ വേണ്ട മാഷേ പിന്നെ ഒരിക്കൽ ആവട്ടെ.. 
"പറ്റില്ല താൻ കേറാൻ നോക്ക്.. 
പെട്ടെന്ന് വരാം..
ഞാൻ പലതും പറഞ്ഞു ഒഴിഞ്ഞു മാറാൻ നോക്കിയെങ്കിലും മാഷിന്റെ നിർബന്ധത്തിനു വഴങ്ങി ഒടുവിൽ ഞാൻ മാഷിന്റെ കൂടെ ബൈക്കിൽ കേറി എങ്ങോട്ടെന്നറിയാതെ യാത്ര തിരിച്ചു..
പൂമരങ്ങൾ പൂത്തുലഞ്ഞു നിൽക്കുന്ന വഴിയോരത്തു കൂടി പാറി പറക്കുന്ന രണ്ടു ചിത്രശലഭങ്ങളായി ഞങ്ങൾ ആ വഴിയിൽ കൂടി ബൈക്കിൽ യാത്ര തുടർന്ന് കൊണ്ടിരുന്നു.. 
ഒടുവിൽ ഒരു കുന്നിൻ ചെരുവിൽ കൊണ്ട് ചെന്നു മാഷ് ബൈക്ക് നിർത്തി..
ഞാൻ ബൈക്കിൽ നിന്നും ഇറങ്ങി ചുറ്റും നോക്കി.. 
പച്ച പുതച്ചു നിൽക്കുന്ന പുൽമേടുകൾ.. കുന്നിൻ ചെരുവിനെ ചുംബിച്ചു  കൊണ്ട് ഒഴുകുന്ന ചെറിയ നദി..
അവിടെ നിറയെ ചെടികൾ പൂവിട്ടു നിൽക്കുന്നു.. 
അതിനു ചുറ്റും നിറയെ ചിത്രശലഭങ്ങൾ പാറി പറക്കുന്നുണ്ട്..
കുന്നിൻ ചെരുവിനെ തഴുകി തലോടി വരുന്ന കാറ്റിന് ചെമ്പക പൂക്കളുടെ മത്തു പിടിപ്പിക്കുന്ന ഗന്ധമുണ്ട്.. 
അകലെ എവിടെയോ ഇരുന്നോ കണ്ണന്റെ വേണുഗാനം പോലെ കുയിൽ പെണ്ണിന്റെ സംഗീതം കേൾക്കാം.. 
ശെരിക്കും ഇതൊരു വൃന്ദാവനം ആണോ എന്ന് പോലും തോന്നി പോവുന്ന മനോഹരമായ പ്രകൃതിഭംഗിയായിരുന്നു ആ പ്രദേശത്തിന്.. 
നദിക്കരയിൽ പൂവിട്ടു നിൽക്കുന്ന ചെമ്പക മരത്തിനു അടുത്തേക്ക് ഞാൻ നടന്നു..  
മരത്തിനു താഴെ നിറയെ ചെമ്പക പൂക്കൾ വീണു കിടപ്പുണ്ട്..  ഞാനതിൽ ഒന്നെടുത്തു മണത്തു നോക്കി.. 
ഞെട്ടറ്റു വീണിട്ടും എന്തൊരു സൗര്യഭ്യമാണ് അവക്കിപ്പോഴും..
ഞാനാ പൂവെടുത്തു തലമുടിയിൽ ചൂടി.. 
മനസ്സിനുള്ളിൽ ഉറങ്ങി കിടന്നിരുന്ന രാധ കൃഷ്ണ പ്രണയം എന്റെ കണ്മുന്നിൽ തെളിഞ്ഞു വന്നു.. 
ഒരു നിമിഷത്തേക്ക് ഞാൻ രാധയായി മാറുകയിരുന്നു.. 
ഓടകുഴലൂതി ചുണ്ടിൽ ചെറു പുഞ്ചിരിയും കള്ള  കണ്ണിൽ പ്രണയവും നിറച്ചു നിൽക്കുന്ന കൃഷ്ണനെ കണ്മുന്നിൽ പ്രതീക്ഷിച്ചു കൊണ്ട് പ്രണയാദ്രമായ മനസ്സോടെ നോക്കിയ ഞാൻ കണ്ടത് തുമ്പിയുടെ പുറകെ ഓടി നടക്കുന്ന മാഷിനെയാണ്.. 
"ഹേ മാഷേ മാഷിത് എന്താ ഈ കാണിക്കുന്നത്.. 
"ഹേ ഒന്നുമില്ല  ഞാൻ ഈ തുമ്പിയെ പിടിക്കാൻ നോക്കിയതാണ്.. 
"തുമ്പിയെയോ എന്തിന്.. 
"അതുപിന്നെ കുട്ടിക്കാലം തൊട്ടു തുമ്പിയെ പിടിച്ചു അതിനെ കൊണ്ടു കല്ലെടുപ്പിക്കുന്നത് എന്റെ ഒരു ശീലം ആണ്.. 
ഇപ്പോഴും എന്റെ ആ കുസൃതി എന്നെ വിട്ടു മാറിയിട്ടില്ല.. 
ഇവിടെ വരുമ്പോൾ എപ്പോഴും ഞാൻ ഇത് ചെയ്യാറുണ്ട്.. നല്ല രസം ആണെടോ.. സമയം പോവുന്നത് അറിയില്ല.. 
"എന്റെ കൃഷ്ണ.. ഈ അരപ്പിരി ലൂസിനെയാണോ ഞാൻ മാഷെന്ന് വിളിച്ചു പ്രേമിച്ചത് എന്ന് ഞാൻ മനസ്സിൽ പറഞ്ഞു.. 
"എന്താ ലക്ഷ്മി ആലോചിക്കുന്നത്.. എനിക്കു വട്ടാണെന്ന് തോന്നി കാണും അല്ലേ.. 
"ഹേ ഇല്ല.. 
"ഉവ്വ ഉവ്വ..  ഡോ ഈ കുട്ടിക്കാലത്തെ ചില കുസൃതികൾ പ്രായം എത്രയായാലും നമ്മളെ വിട്ടു പോവില്ല.. 
പോത്തുപോലെ വളർന്നെങ്കിലും എന്റെ കുട്ടിക്കളി മാറിയിട്ടില്ലെന്നു അമ്മ എപ്പോഴും പറയാറുണ്ട് .. 
"മ്മം മാഷ് പറഞ്ഞത് ശെരിയാണ് മാഷേ, ഇത്തരം ചില കുട്ടിത്തരങ്ങൾ ഞാനും കാണിക്കാറുണ്ട് എന്നും പറഞ്ഞു ഞാനാ ചെമ്പക ചുവട്ടിൽ ഇരുന്നു.. 
മാഷും വന്നെന്റെ അടുത്തിരുന്നു.. 
പിന്നെ മാഷ് എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു.. 
ഞാനാ മുഖത്തു നിന്നും കണ്ണെടുക്കാതെ മാഷിന്റെ കണ്ണുകളിൽ തന്നെ നോക്കിയിരുന്നു... 
പെട്ടെന്ന് മാഷെന്റെ കണ്ണുകളിലേക്ക് നോക്കി.. 
എന്റെ പൊന്നോ ആ ഒരു നോട്ടം എന്റെ ഹൃദയത്തിലേക്കു അങ്ങ് ആഴ്ന്നിറങ്ങി.. 
ചെറു പുഞ്ചിരിയോടെ നാണത്താൽ ഞാൻ മുഖം കുനിച്ചു.. 
അതുകണ്ടു മാഷെന്റെ മുഖം പിടിച്ചു ഉയർത്തി.. 
ഞങ്ങളുടെ കണ്ണുകൾ തമ്മിൽ ഉടക്കി.. 
പ്രണയാർദ്രമായ ഞങ്ങളുടെ  കണ്ണുകൾ തമ്മിൽ എന്തോ മൊഴിഞ്ഞു.. 
എന്റെ ഹൃദയമിടിപ്പിന് വേഗതയേറുന്നതു പോലെ എനിക്ക് തോന്നി...


#വൃന്ദാവനം (part -6)(അവസാനഭാഗം )
മാഷ് എന്റെ കണ്ണുകളിലേക്കു നോക്കി എന്തോ പറയുവാൻ തുടങ്ങവേ ഫോൺ ബെല്ലടിച്ചു..
മാഷ് പെട്ടെന്ന് എഴുന്നേറ്റു ഫോൺ എടുത്തു സംസാരിച്ചു തുടങ്ങി..  മാഷിന്റെ സംസാരത്തിൽ നിന്നും വിളിച്ചത് കൂട്ടുകാരൻ ആണെന്ന് മനസ്സിലായി.. അൽപ്പം സമയത്തിനുളിൽ മാഷ് കോൾ കട്ട്‌ ആക്കി എന്റെ അടുത്ത് വന്നു.. 
"എന്താ മാഷേ ആരാ വിളിച്ചേ.. 
"ഓ അതെന്റെ കൂട്ടുകാരനാണ് ലക്ഷ്മി.. 
അവൻ അത്യാവശ്യമായി എവിടോ പോവണം ഞാൻ കൂടി ചെല്ലാൻ പറഞ്ഞു വിളിച്ചതാണ്.. 
"മ്മ്മ് എന്നാൽ പിന്നെ  മാഷ് പൊക്കോ.. ഞാനും പോവാണ് എന്നെയും അമ്മ തിരക്കുന്നുണ്ടാവും.. 
"ലക്ഷ്മി ഇവിടുന്ന് എങ്ങനെ പോവാനാണ് വാ ഞാൻ കൊണ്ടു പോയി വിടാം എന്നും പറഞ്ഞു മാഷ് പോയി ബൈക്ക് എടുത്തു കൊണ്ടു വന്നു.. 
പറയാൻ എന്തൊക്കെയോ ബാക്കിവെച്ചു ഞങ്ങൾ അവിടെ നിന്നും വീട്ടിലേക്ക്  യാത്ര തിരിച്ചു.. മാഷെന്നെ അമ്പലത്തിനു അടുത്ത് കൊണ്ട് പോയി വിട്ടിട്ടു തിരികെ പോയി.. 
എന്റെ മനസ്സ് നിറയെ പറഞ്ഞറിയിക്കാൻ ആവാത്ത സന്തോഷമായിരുന്നു..  ഒരുപക്ഷെ ഇത്രയും നല്ല നിമിഷങ്ങൾ ഇതുവരെ എന്റെ ജീവിതത്തിൽ ഉണ്ടായിട്ടേ ഇല്ലെന്ന് തന്നെ പറയാം..
മാഷ് എന്താവും പറയാൻ വന്നത്.. എന്റെ കൃഷ്ണാ വെറുതെ എന്റെ മനസ്സിൽ നീ ഓരോ ആശകൾ വളർത്തരുതേ..  പിന്നെ അത് നഷ്ടമായാൽ എനിക്ക് അത് താങ്ങാൻ പറ്റിയെന്നു വരില്ല എന്നും പറഞ്ഞു നടന്നു നടന്നു ഞാൻ തറവാട്ടിൽ എത്തി.. 
എന്നെ കാത്തു പാറു അവിടെ നിൽപ്പുണ്ടായിരുന്നു.. 
"ചേച്ചി ഇതെവിടായിരുന്നു ഞാൻ ചേച്ചിയെ തിരക്കി അമ്പലത്തിൽ ഒക്കെ വന്നിരുന്നു  എന്നിട്ട് അവിടെങ്ങും ചേച്ചിയെ ഞാൻ കണ്ടില്ല.. 
"ഓ അത് ഞാനെന്റെ ഫ്രണ്ടിനെ കണ്ടു അവളുടെ കൂടെ അവളുടെ വീട് വരെ പോയിരുന്നു.. 
"ഏത് ഫ്രണ്ട്? 
"പറഞ്ഞാൽ നിനക്ക് അറിയില്ല.. 
"ങേ അതാരാ, ചേച്ചിയുടെ ഒട്ടുമിക്ക ഫ്രണ്ട്‌സിനേയും എനിക്കറിയാല്ലോ.. 
"ഹാ പക്ഷെ ഇവളെ നിനക്കറിയാൻ വഴിയില്ല എന്നും പറഞ്ഞു ഞാൻ അകത്തേക്കു കേറി പോയി.. 
"മോളെ ലക്ഷ്മിക്കുട്ടി എന്താ ഒരു ഉരുണ്ടുകളി.. 
"എന്ത് ഉരുണ്ടു കളി നീ ഒന്ന് പോയെടി പെണ്ണെ എന്നും പറഞ്ഞു ഞാൻ ഉള്ളിൽ ചിരിച്ചു കൊണ്ടു അവളോട് ദേഷ്യം കാട്ടി..
"ശ്ശെടാ ഞാൻ തമാശക്ക് ചോദിച്ചതാണ് അതിന് ചേച്ചി എന്തിനാണ് ദേഷ്യപ്പെടുന്നത്.. 
"ആര് ദേഷ്യപ്പെട്ടു നിനക്ക് തോന്നുന്നതാണ്.. 
"ഓ ഇപ്പോൾ അങ്ങനെ ആയോ, ഞാനെന്തായാലും ചേച്ചിയുടെ ഒരു സഹായത്തിനു വേണ്ടി വന്നു നിന്നതാണ്.. 
"എന്റെ സഹായമോ..  എന്ത് സഹായം.. 
"അതുപിന്നെ സഹായം എന്നു വെച്ചാൽ ഒരു കാര്യത്തിൽ എനിക്ക് ചേച്ചിയുടെ കട്ട സപ്പോർട്ട് വേണം.. 
"ഡി പെണ്ണെ നീ വളച്ചു കെട്ടാതെ കാര്യം പറ..
"അതുപിന്നെ ചേച്ചി എനിക്ക് ഒരാളെ ഇഷ്ടമാണ്.. ഈ കാര്യം വീട്ടിൽ അറിഞ്ഞു എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ ചേച്ചി എന്റെ കൂടെ നിൽക്കണം..
"ഒന്ന് പോടീ പെണ്ണെ അല്ലെങ്കിൽ തന്നെ നിന്റെ അമ്മക്ക് എന്നെ കണ്ണെടുത്താൽ കണ്ടു കൂടാ അതിനിടയിൽ ഞാൻ ഇതിന് സപ്പോർട്ട് നിന്നാൽ അവരെന്നെ വെട്ടി കൊല്ലും.. 
"അങ്ങനെ ഒന്നും ഉണ്ടാവില്ല ചേച്ചി എന്റെ കൂടെ ഒന്നു നിന്നാൽ മതി..
"എന്റെ കൃഷ്ണാ ഇവളെന്നെ കൊലക്ക് കൊടുത്തേ അടങ്ങു..
അതുകേട്ടവൾ ചിരിച്ചു.. 
"നീ കിണിച്ചോ മിക്കവാറും അമ്മായി എന്നെ കൊല്ലും.. 
എന്തെങ്കിലും ആവട്ടെ അയാൾ ആരാണെന്ന് നീ പറഞ്ഞില്ലാല്ലോ.. 
"അത് ഒരു സസ്പെൻസ് ആയിട്ട് ഇരിക്കട്ടെ സമയം ആവുമ്പോൾ ഞാൻ പറയാം.. 
"അതെന്തു പണിയാണെടി..  ആരാണെന്ന് എന്നോട് പറ..  ഞാൻ ആരോടും പറയില്ല.. 
"ചേച്ചി ആരോടും പറയില്ലെന്ന് എനിക്കറിയാം എന്നാലും ആരാണെന്നു ഇപ്പോൾ എന്തായാലും ചേച്ചി അറിയേണ്ട എന്നും പറഞ്ഞു അവൾ ഓടി പോയി..
എന്നാലും അത് ആരായിരിക്കും എന്ന് ചിന്തിച്ചു കൊണ്ടു ഇരുന്നപ്പോൾ ആണ് അമ്മ വിളിച്ചത്..   
പിന്നെ ഞാൻ നേരെ അമ്മയുടെ അടുത്തേക്ക് പോയി.. 
---------------------------------------------------- രാത്രി ഉറങ്ങാൻ കിടന്നപ്പോൾ മനസ്സിൽ നിറയെ  മാഷിനെ കുറിച്ചുള്ള ചിന്തകൾ ആയിരുന്നു .. 
മഷിനോടൊപ്പം ഉള്ള ഓരോ നിമിഷവും ഞാൻ എന്നെ തന്നെ മറക്കുകയാണ്.. ദിവസങ്ങൾ കഴിയും തോറും മാഷിനോടുള്ള ഇഷ്ടവും കൂടി കൂടി വരുകയാണ്.. 
എപ്പോഴും മാഷെന്റെ കൂടെ ഉണ്ടാവണം എന്നൊരു തോന്നൽ ആണ് ഇപ്പോൾ എന്റെ മനസ്സ് നിറയെ.. 
അർഹിക്കാത്തത് ആണോ കൃഷ്ണാ ഞാൻ ഈ ആഗ്രഹിക്കുന്നത്.. 
എനിക്കറിയില്ല.. ആകെ ഭ്രാന്ത് പിടിപ്പിക്കുന്ന ചിന്തകളുമായി ഞാൻ തിരിഞ്ഞും മറിഞ്ഞും കിടന്നു നേരം വെളുപ്പിച്ചു..
നേരം പുലർന്നു പതിവ് പോലെ കുളിച്ചൊരുങ്ങി അമ്പലത്തിലേക്ക് പോവാൻ തയ്യാറായി നിന്നപ്പോൾ ആണ് പാറു കരഞ്ഞു കലങ്ങിയ കണ്ണുമായി ഓടി വന്നത്.. 
"എന്താ മോളെ എന്തുപറ്റി.. 
"ചേച്ചി അമ്മ വീണു ഹോസ്പിറ്റലിൽ കൊണ്ടുപോയിരുന്നു.. 
തലയ്ക്കു സ്റ്റിച്ചു ഉണ്ട് കൂടാതെ നട്ടെല്ലിന് ചെറിയ ക്ഷെതം ഏറ്റിട്ടുണ്ട്.. രണ്ടുമാസത്തെ റസ്റ്റ്‌ വേണമെന്നാണ് പറഞ്ഞത്.. 
"എങ്ങനെ വീണു.. 
"ബാത്‌റൂമിൽ തെന്നി വീണതാണ്.. 
"എന്നിട്ടിപ്പോൾ അമ്മായി ഹോസ്പിറ്റലിൽ ആണോ.. 
"അല്ല ചേച്ചി വീട്ടിൽ കൊണ്ടു വന്നു.. 
അതുകേട്ടു ഞാനും അമ്മയും കൂടി അവളുടെ കൂടെ പോയി..
ഞങ്ങൾ അവിടെ ചെല്ലുമ്പോൾ തലയിൽ കെട്ടുമായി കിടക്കുന്ന അമ്മായിയെയാണ് കണ്ടത്..  അമ്മാവനെ അവിടെങ്ങും കണ്ടില്ല.. 
ഞങ്ങൾ അമ്മായിയുടെ അടുത്തേക്ക്  ചെന്നു..  ആളുടെ മുഖം കണ്ടാൽ അറിയാം നല്ല വേദന ഉണ്ടെന്ന്..  കാര്യം ഞങ്ങളെ ഒരുപാട് ദ്രോഹിച്ചിട്ട് ഉണ്ടെങ്കിലും അമ്മായിയുടെ കിടപ്പ് കണ്ടപ്പോൾ എനിക്ക് എന്തോ സങ്കടം തോന്നി.. 
അമ്മായി ഞങ്ങളെ നോക്കി..  ആ കണ്ണുകളിൽ പഴയ ശൗര്യത്തിനു പകരം  നിസ്സഹായത തളം കെട്ടി നിൽക്കുന്നു..
ഞാൻ ഒരൽപ്പം പേടിയോടെ അമ്മായിയുടെ അടുത്ത് ചെന്ന് നിന്നു.. 
"മോളെ നിന്നെയും അമ്മയെയും വേദനിപ്പിച്ചതിന്  എനിക്ക് ദൈവം തന്ന ശിക്ഷയാ ഇതെന്നും പറഞ്ഞു അമ്മായിയുടെ കണ്ണുകൾ നിറഞ്ഞു.. 
അത് കേട്ടപ്പോൾ എനിക്ക് അത്ഭുതമായി ഒരൊറ്റ വീഴ്ച കൊണ്ടു ഒരാൾക്ക്  ഇങ്ങനെയൊക്കെ  മാറ്റം വരുമോ.. എന്റെ കണ്ണാ ഇതെന്തു അത്ഭുതം ആണ്..
"മോളെ ഇവൾക്ക് നീയും അമ്മയും കുറച്ചു ദിവസം ഇവിടെ നിൽക്കുമോ.. 
എന്റെ കാര്യങ്ങൾ നോക്കാൻ ആരേലും വേണം.. പാറുവിനു പരീക്ഷ അടുത്ത് വരുവല്ലേ അവള് പഠിത്തം കളഞ്ഞു എന്നെ നോക്കി നിന്നാൽ ശെരിയാവില്ല.. 
"അതിനെന്താ അമ്മായി ഞാൻ നിന്നോളാം എന്നു പറഞ്ഞു ഞാനവിടെ നിൽക്കാൻ തീരുമാനിച്ചു.. 
പിന്നീടുള്ള ദിവസങ്ങളിൽ അമ്മായിയുടെ കാര്യങ്ങൾ നോക്കാൻ തുടങ്ങിയത് കൊണ്ടു അമ്പലത്തിൽ പോവാനോ മാഷിനെ കാണാനോ പറ്റിയില്ല.. 
കാണാൻ പലപ്പോഴും മനസ്സ് കൊതിച്ചെങ്കിലും തിരക്കുകൾ കാരണം ഒന്നിനും കഴിഞ്ഞില്ല..
അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു പോയി അമ്മായി എഴുന്നേറ്റു നടക്കാൻ തുടങ്ങി..
അമ്മായിയിൽ നിന്നും അമ്മാവനിൽ നിന്നും ഇതുവരെ കിട്ടാത്ത സ്നേഹമായിരുന്നു ഈ ദിവസങ്ങളിൽ എല്ലാം എനിക്ക് കിട്ടിയത് .. 
എല്ലാം കൃഷ്ണന്റെ അനുഗ്രഹം ആണെന്ന്  ഇടക്കിടെ അമ്മ പറയും.. അത് ശെരിയാണെന്ന് എനിക്കും തോന്നി..
അമ്മായിക്ക് ഇപ്പോൾ എന്തിനും ഞാൻ വേണം പാറുവിനേക്കാൾ സ്നേഹം എന്നോട് ആണോ എന്നു പോലും തോന്നി പോയി.. 
-------------------------------------------------
"മോളെ പാറുവിനു ഒരു ആലോചന വന്നിട്ടുണ്ട് ഞങ്ങൾ അന്വേഷി ച്ചിരുന്നു  നല്ല പയ്യനാണ് ..  ദേ ഇതാണ് പയ്യന്റെ ഫോട്ടോ എന്നും പറഞ്ഞു അമ്മായി ഫോട്ടോ എന്റെ നേരെ നീട്ടി.. 
ഫോട്ടോയിലെ മുഖം കണ്ടു ഒരു നിമിഷം ഞാൻ തളർന്ന് ഇരുന്ന് പോയി..
"എന്താ മോളെ കണ്ടിട്ട് എങ്ങനെ ഉണ്ട് കൊള്ളാമോ..  അവളുടെ കൂട്ടുകാരിയുടെ ചേട്ടൻ ആണ്..  നന്ദൻ എന്നാണ് പേര്.. 
ചേച്ചി നിൽക്കുമ്പോൾ അനിയത്തിയെ കെട്ടിക്കുന്നത് ശെരിയല്ലെന്ന് അറിയാം എങ്കിലും നല്ല ഒരാലോചന വന്നപ്പോൾ എങ്ങനെയാണ് മോളെ വേണ്ടെന്ന് വെക്കുക.. 
എങ്ങനെ ഉണ്ട് ആള് നിനക്ക് ഇഷ്ടം ആയോ.. 
"മ്മം കൊള്ളാം അമ്മായി അവൾക്ക് നന്നായി ചേരും.. 
അമ്മായിയോട്  അത് പറയുമ്പോളേക്കും എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി തുടങ്ങിരുന്നു.. 
"എന്താ മോളെ എന്തുപറ്റി..
"ഒന്നുമില്ല എന്റെ കണ്ണിൽ എന്തോ പൊടി പോയി..  ഞാൻ പോയൊന്നു മുഖം കഴുകിട്ടു വരാം എന്നും പറഞ്ഞു ഞാൻ അവിടെ നിന്നും അടുക്കളയിലേക്ക് പോയി.. 
ഇത്രയും സന്തോഷം നീ എനിക്ക് തന്നത് എന്നെ ഇങ്ങനെ കരയിക്കാൻ ആയിരുന്നോ കൃഷ്ണാ എന്നു പറഞ്ഞു കൊണ്ടു ഞാൻ പൊട്ടി കരഞ്ഞു..
"എന്താ ചേച്ചി എന്തുപറ്റി എന്നു ചോദിച്ചു കൊണ്ടു പാറു അങ്ങോട്ടേക്ക് വന്നു.. 
"ഒന്നുമില്ലെടി ഞാൻ ചുമ്മാ ഓരോന്ന് ആലോചിച്ചു നിന്നപ്പോൾ കണ്ണ് നിറഞ്ഞു  പോയതാണ് എന്നും പറഞ്ഞു ഞാൻ കണ്ണുകൾ തുടച്ചു.. 
"ഞാൻ നന്ദേട്ടന്റെ കാര്യം പറയാത്തതിന് ചേച്ചിക്ക് എന്നോട് ദേഷ്യം ഉണ്ടോ.. 
"ഹേയ് ഇല്ലെടി.. 
"ചേച്ചി ഞാൻ പറയാഞ്ഞത് മറ്റൊന്നും കൊണ്ടല്ല നന്ദേട്ടന് എന്നെ ഇഷ്ടം ആവുമോ എന്നറിയാത്ത കൊണ്ടായിരുന്നു.. 
ഇന്നലെ പൂജ വിളിച്ചു പറഞ്ഞു ഏട്ടനും വീട്ടുകാർക്കും ഒക്കെ എന്നെ ഇഷ്ടം ആയെന്നു അപ്പോൾ പിന്നെ എല്ലാം പെട്ടെന്ന് ആയി..  അവർ അച്ഛനെ വിളിച്ചു സംസാരിച്ചു കാര്യങ്ങൾ ഒക്കെ ഉറപ്പിച്ചു.. 
"മാഷ് നിന്നെ ഇഷ്ടം ആണെന്ന് പറഞ്ഞോ..
"പറഞ്ഞല്ലോ.. അതെന്താ ചേച്ചി അങ്ങനെ ചോദിച്ചേ? 
"ഹേയ് ഒന്നുമില്ലെടി ഞാൻ വെറുതെ ചോദിച്ചതാണ്.. 
"മ്മം.. നന്ദേട്ടന് എന്നെ ഇഷ്ടം ആവുമെന്ന് ഞാൻ ഒരിക്കലും വിചാരിച്ചില്ല..  ഒരുപാട് ആരാധികമാർ ഒക്കെ ഉള്ള ആളല്ലേ എന്നെ ഇഷ്ടം ആവില്ലെന്നാണ് ഞാൻ വിചാരിച്ചത്.. 
പിന്നെ പൂജ വഴി ഞാനെന്റെ ഇഷ്ടം അറിയിച്ചപ്പോൾ ഏട്ടനും ഇഷ്ടം ആണെന്ന് പറഞ്ഞു.. 
എന്റെ ചേച്ചി ആ സമയത്തു എനിക്ക് ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല..
"മ്മം അല്ലെങ്കിലും നീ എന്നെപോലെ അല്ല ഭാഗ്യം ഉള്ള കുട്ടിയാണ്..  ആഗ്രഹിക്കുന്നതൊക്കെ കിട്ടും.. 
"അതെന്താ ചേച്ചി അങ്ങനെ പറഞ്ഞത്.. 
"ഹേയ് ഒന്നുമില്ല മോളെ..  മാഷ് നിനക്ക് നന്നായി ചേരും, നിന്നെ പൊന്നു പോലെ മാഷ് നോക്കും എന്നും പറഞ്ഞു ഞാൻ അവിടെ നിന്നും പുറത്തേക്ക് ഇറങ്ങി എന്റെ തറവാട്ടിലേക്ക് നടന്നു.. 
തറവാട്ടിൽ എത്തിയതും കണ്ണന്റെ കൊച്ചു വിഗ്രഹത്തിനു മുന്നിൽ നിന്ന് ഞാൻ പൊട്ടി കരഞ്ഞു.. 
"എന്തിനാ കണ്ണാ നീ ആവശ്യമില്ലാത്ത ആഗ്രഹങ്ങൾ താനെന്നെ വെറുതെ മോഹിപ്പിച്ചത്.. ഞാൻ നിന്നോട് അപ്പോഴേ പറഞ്ഞതല്ലേ ഒരു ഒന്നും വേണ്ടെന്ന്.. എന്നിട്ടും നീ എന്തിനാ എന്നോട് ഇങ്ങനെ ചെയ്തത്  എന്റെ കണ്ണീർ കാണുന്നത് നിനക്ക് അത്രക്ക് ഇഷ്ടം ആണോ.. 
അല്ലെങ്കിലും പ്രണയത്തിന്റെ വില അറിയാത്ത നിന്നോട് എന്റെ സങ്കടം പറഞ്ഞിട്ട് എന്ത് കാര്യം.. 
 നിന്നെ മനസ്സറിഞ്ഞു പ്രണയിച്ച രാധക്ക് വിരഹം സമ്മാനിച്ചവൻ അല്ലെ നീ..  നിന്നെ ഇത്രയും കാലം പൂജിച്ചു പ്രാത്ഥിച്ച ഞാൻ മണ്ടി എന്നൊക്കെ പറഞ്ഞു ഞാൻ കരഞ്ഞു കൊണ്ടിരുന്നു.. 
രണ്ട് മൂന്ന് ദിവസത്തേക്ക് ആ മുറി വിട്ട് ഞാൻ പുറത്തേക്ക് ഇറങ്ങി ഇല്ല.. ആകെ ഭ്രാന്ത് പിടിച്ചത് പോലെ ആയിരുന്നു.. 
അതിനിടയിൽ അമ്മായിയും പാറുവും ഒക്കെ വന്നപ്പോൾ ഓരോന്ന് പറഞ്ഞു അവരെ ഞാൻ ഒഴിവാക്കി വിട്ടു.. 
പതിയെ പതിയെ ഞാൻ എന്റെ മനസ്സിനെ സത്യം അംഗീകരിക്കാൻ പാകപ്പെടുത്തി എടുത്തു.. 
മാഷിന് എന്നെ ഇഷ്ടം ആണെന്ന് ഞാൻ വെറുതെ തെറ്റിദ്ധരിച്ചു.. 
അല്ലെങ്കിലും മാഷിനെ പ്രേമിക്കാനും സ്വന്തമാക്കാനും എനിക്കെന്തു യോഗ്യത ആണുള്ളത്.. 
മാഷിന് എന്നേക്കാൾ ചേരുക പാറു തന്നെ ആണ്..   അതുകൊണ്ടാണല്ലോ മാഷും അവളെ ഇഷ്ടം ആണെന്ന് പറഞ്ഞത്.. 
ഇനി അവർക്കിടയിൽ ഞാൻ ഒരു തടസ്സം ആവാൻ പാടില്ല എന്നെനിക്ക് തോന്നി.. എനിക്കെന്റെ അനിയത്തിയുടെ സന്തോഷം ആണ് വലുത്.. 
അതുകൊണ്ട് തന്നെ എന്റെ ഉള്ളിലെ ഇഷ്ടം ആരോരും അറിയാതെ ഉള്ളിൽ തന്നെ കുഴിച്ചു മൂടാൻ ഞാൻ തീരുമാനിച്ചു.. 
ശെരിക്കും പറഞ്ഞാൽ വിരഹിണിയായ രാധയുടെ അവസ്ഥയായിരുന്നു എനിക്കപ്പോൾ.. കൃഷ്ണനെ കാണുവാൻ അവന്റെ മനോഹരമായ വേണുനാദത്തിൽ ലയിച്ചു അവന്റെ മാറിലെ ചൂടേറ്റ് ഇരിക്കാൻ കൊതിച്ചു കൃഷ്ണൻ വരുമെന്ന പ്രതീക്ഷയിൽ ദിവസങ്ങൾ എണ്ണി കാത്തിരുന്ന രാധയെ പോലെ എന്നെ ഇഷ്ടം ആണെന്ന് പറഞ്ഞു കൊണ്ട് മാഷ്  വരുമായിരിക്കും എന്ന   പ്രതീക്ഷയിൽ ഞാനും കാത്തിരുന്നു..  പക്ഷേ നിരാശയായിരുന്നു ഫലം.. അങ്ങനെ 
പുറമെ ചിരിച്ചും ആരും കാണാതെ കരഞ്ഞും  ദിവസങ്ങൾ ഞാൻ തള്ളി നീക്കി.. 
----------------------------------------------------
ഒടുവിൽ  കല്യാണ ദിവസം വന്നെത്തി..
ഞാനൊഴികെ എല്ലാവരുടെയും മുഖത്തു സന്തോഷത്തിന്റെ പൂത്തിരി കത്തി നിൽക്കുന്നുണ്ട്.. 
കൈയിൽ കിട്ടിയ ഡ്രെസ്സും ഇട്ട് ഭ്രാന്ത് പിടിക്കുന്ന മനസ്സുമായി ഉള്ളു നീറി ഞാൻ എല്ലാവരുടെയും ഇടയിലൂടെ നടന്നു .. 
"മോളെ.. മോളെന്താ  ഈ കോലത്തിൽ ആണോ കല്യാണത്തിന് വരുന്നത് വേഗം പോയി ഒരുങ്ങിക്കെ എന്നും പറഞ്ഞു അമ്മായി എന്റെ നേരെ വില കൂടിയ  സാരിയും ആഭരണങ്ങളും നീട്ടി.. 
"അയ്യോ അമ്മായി എനിക്ക് എന്തിനാ ഇതൊക്കെ.. 
"അതേ കല്യാണ പെണ്ണിന്റെ ചേച്ചിയും കല്യാണപെണ്ണിനെ പോലെ തന്നെ ഒരുങ്ങി വരണം ഇല്ലെങ്കിലെ നമ്മുടെ പാറുവിനാ അതിന്റെ കുറവ്..  അതുകൊണ്ട് എന്റെ മോൾ വേഗം ഇതൊക്കെ  ഇട്ട് വാ എന്നും പറഞ്ഞു അമ്മായി പോയി.. 
അമ്മായി തന്ന സാരിയും ആഭരണങ്ങളും ഞാൻ നോക്കി.. 
ഇതൊക്കെ അണിഞ്ഞു ഒരു കല്യാണപെണ്ണായി  കൃഷ്ണന്റെ തിരുനടയിൽ നിൽക്കുന്നത് ഒരുപാട് ഞാൻ സ്വപ്നം കണ്ടിട്ടുണ്ട്..  ഇന്ന് ഇതെല്ലാം അണിഞ്ഞു നിൽക്കാനുള്ള  ഭാഗ്യം ലഭിച്ചു പക്ഷേ കല്യാണപെണ്ണിന്റെ ചേച്ചി ആയിട്ട് ആണെന്ന് മാത്രം.. 
എന്റെ കണ്ണുകളിൽ  നിന്ന് സാരിയിലേക്ക് കണ്ണീർതുള്ളികൾ ഉതിർന്നു വീണു കൊണ്ടിരുന്നു.. 
"എന്റെ കൃഷ്ണാ എന്നെ കൊണ്ടു ഒന്നിനും പറ്റുമെന്ന് തോന്നുന്നില്ല.. 
മാഷ് പാറുവിന്റെ കഴുത്തിൽ താലി ചാർത്തുന്നത് കാണാനുള്ള ശക്തി എനിക്കില്ല എന്റെ കണ്ണാ..
എന്തിനാണ് എന്നെ നീ ഇങ്ങനെ വേദനിപ്പിച്ചു കൊണ്ടിരിക്കുന്നത്..  ഞാൻ പോവില്ല എനിക്കതിന് കഴിയില്ല എന്നു പറഞ്ഞു  കല്യാണത്തിന് പോവാതെ ഇരിക്കാൻ ഞാൻ ആവുന്നതും ശ്രമിച്ചെങ്കിലും അമ്മായിയുടെയും പാറുവിന്റെയും നിർബന്ധത്തിനു വഴങ്ങി എനിക്ക് അവരോടൊപ്പം അമ്പലത്തിലേക്ക് പോവേണ്ടി വന്നു.. 
നിറകണ്ണുകളോടെയാണ് ഞാൻ അമ്പലത്തിലേക്ക് കാലെടുത്തു വെച്ചത്.. കൊട്ടും കുരവയുമായി നിറയെ ആളുകൾ അവിടെ ഉണ്ടായിരുന്നു.. എല്ലാവരും പുഞ്ചിരിയോടെ നിൽക്കുന്നു..  ഞാൻ മുഖത്തൊരു കൃത്രിമ ചിരി ഫിറ്റ്‌ ചെയ്തു നിന്നു..
ഞങ്ങൾ ചെന്നു കഴിഞ്ഞു കുറച്ചു കഴിഞ്ഞ പ്പോളേക്കും സ്വർണ്ണക്കരയോട് കൂടിയ വെള്ളമുണ്ടും ക്രീം കളർ ഷർട്ടും  അണിഞ്ഞു മാഷും പിന്നെ  മാഷിന്റെ അമ്മയും അനിയത്തിയും കൂട്ടുകാരും ബന്ധുക്കളും ഒക്കെ ചേർന്നൊരു കൂട്ടം ആളുകളും   വന്നു..
ഞാൻ മാഷിന്റെ മുഖത്തേക്ക് ഒന്ന്  നോക്കി ആ മുഖത്തു ഇതുവരെ കാണാത്തൊരു സന്തോഷം നിറഞ്ഞു നിൽക്കുന്നു.. 
അപ്പോൾ പിന്നെ മാഷിന് എന്നെ ഇഷ്ടം ആണെന്ന്  എനിക്ക് തോന്നിയത് 
ആയിരിക്കും അല്ലെങ്കിലും എന്നെപ്പോലൊരു കാലു വയ്യാത്ത പെണ്ണിനെ പ്രേമിക്കാനും കെട്ടാനും ആരാണ് തയ്യാറാവുക.. 
സത്യത്തിൽ കൃഷ്ണനെ പ്രണയിച്ച രാധയെ പോലെ തന്നെയായി എന്റെ അവസ്ഥയും പ്രണയിക്കാനേ അവകാശമുള്ളൂ സ്വന്തമാക്കാൻ അവകാശം ഇല്ലല്ലോ..
ഇനിയും ഇവിടെ നിന്നാൽ ഞാൻ ചിലപ്പോൾ പൊട്ടി കരഞ്ഞു പോവും അത് പാടില്ല എന്നോർത്ത് ഞാൻ അവിടെ നിന്നും പോവാൻ തുടങ്ങിയതും പാറു എന്റെ കൈയിൽ മുറുകെ പിടിച്ചു.. 
അപ്പോഴേക്കും മുഹൂർത്തം ആവാറായി എന്നു ആരോ വിളിച്ചു പറഞ്ഞു... പെട്ടെന്ന് 
കെട്ടിമേളം മുഴങ്ങി തുടങ്ങി.. ആ നിമിഷം  പാറു പിന്നിലേക്ക് മാറി.. പെട്ടെന്ന്  അടുത്ത് നിന്ന  മാഷെന്റെ കഴുത്തിൽ താലി അണിയിച്ചു.. 
ഒന്നും മനസ്സിലാവാതെ ഞാൻ മാഷിന്റെ മുഖത്തേക്ക് നോക്കി.. 
മാഷെന്നെ നോക്കി ഒന്നു പുഞ്ചിരിച്ചു കൊണ്ടു എന്റെ നെറുകയിൽ സിന്ദുരവും ചാർത്തി.. എന്താണ് നടക്കുന്നതെന്ന് മനസ്സിലാവാതെ 
ഞാൻ തിരിഞ്ഞു  പാറുവിനു നേരെ  നോക്കിയപ്പോൾ കണ്ടത്   മറ്റൊരാൾ അവളുടെ കഴുത്തിൽ താലി അണിയിക്കുന്നതാണ്..  എന്തൊക്കെയാണ് നടക്കുന്നത് എന്നു മനസ്സിലാവാതെ ഞാൻ എല്ലാവരെയും മാറി മാറി നോക്കി.. 
"എന്താ ലക്ഷ്മി ഇങ്ങനെ നോക്കുന്നത്..
ഇതെല്ലാം പാറുവിന്റെയും പൂജയുടെയും  ഐഡിയ ആണ്..   അവരാണ്  ഞങ്ങളെ എല്ലാവരെയും  കൊണ്ടും ഇങ്ങനെ ഒരു നാടകം കളിപ്പിച്ചത്.. 
"അതേ മോളെ നന്ദൻ പറഞ്ഞത് ശെരിയാണ്.. എല്ലാം അവരുടെ പ്ലാൻ ആണ്..  അല്ലെങ്കിൽ തന്നെ നിനക്ക് തോന്നുന്നുണ്ടോ നിന്റെ കല്യാണം നടത്താതെ പാറു  കല്യാണം കഴിക്കുമെന്ന്..  
അവളുടെയും നിന്റെയും കല്യാണം ഒരേ സമയത്ത് നടത്തണം എന്നവൾക്ക് വാശി ആയിരുന്നു.. അതിനിടയിൽ നന്ദന്റെ കാര്യം അവൾ പറഞ്ഞപ്പോൾ ഞങ്ങൾക്ക് എല്ലാവർക്കും സമ്മതം ആയിരുന്നു.. നിന്നോട് എല്ലാം ഞാൻ പറയാൻ ഒരുങ്ങിയതാണ് പക്ഷേ നിനക്ക് ഇങ്ങനെ ഒരു സർപ്രൈസ് കൊടുക്കണം എന്നവൾ പറഞ്ഞപ്പോൾ ഞങ്ങൾ എല്ലാവരും അതിനു കൂട്ടു നിന്നെന്നെ ഉള്ളൂ എന്ന് പറഞ്ഞു അമ്മായി ചിരിച്ചു..
"അതേയ് ചേച്ചി.. ചേച്ചിക്ക് നന്ദേട്ടനെ ഇഷ്ടം ആണെന്ന് എനിക്കറിയാമായിരുന്നു.. 
ഞാൻ പൂജ വഴി ഏട്ടനോട് ചോദിച്ചപ്പോൾ ഏട്ടനും ചേച്ചിയെ ഇഷ്ടം ആണെന്ന് പറഞ്ഞു പിന്നെ എല്ലാം ഞാനും പൂജയും കൂടി അങ്ങ് പ്ലാൻ ചെയ്തു.. 
 
എന്റെ ചേച്ചി പെണ്ണിന് ഇതിലും വലിയൊരു   സർപ്രൈസ് തരാൻ എനിക്ക് ഇനി പറ്റില്ല എന്നെനിക്ക് ഉറപ്പായിരുന്നു.. 
പിന്നെ എനിക്കെന്റെ ചേച്ചി കഴിഞ്ഞിട്ടേ മറ്റാരും ഉള്ളൂ.. 
അതുകൊണ്ട് തന്നെ നല്ലൊരാളുടെ കൈയിൽ തന്നെ ചേച്ചിയെ ഏൽപ്പിക്കണം എന്നുണ്ടായിരുന്നു.. അതെന്തായാലും സാധിച്ചു എന്നവൾ പറഞ്ഞു നിർത്തുമ്പോഴേക്കും എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.. 
"അയ്യേ നല്ലൊരു ദിവസമായിട്ടു എന്റെ ചേച്ചി കരയുവാണോ..  വേഗം കണ്ണ് തുടക്ക്..  എന്നും പറഞ്ഞവൾ എന്നെ കെട്ടി പിടിച്ചു.. 
ഒരുപാട് കരഞ്ഞിട്ടുള്ളതല്ലേ അതുകൊണ്ട് ഇനി ഒരിക്കലും എന്റെ ചേച്ചി കരയാൻ പാടില്ല..  എന്നും പറഞ്ഞവൾ എന്റെ കണ്ണുകൾ തുടച്ചു.. 
"ദേ..നന്ദേട്ടാ എന്റെ ചേച്ചിയുടെ കണ്ണ് ഇനി ഒരിക്കലും നിറയാൻ ഇടവരുത്തരുത് കേട്ടോ.. 
ഏട്ടൻ കരയിക്കില്ലെന്നു എനിക്ക് ഉറപ്പുണ്ട്..  ഈ ഏട്ടനെ കിട്ടിയത് എന്റെ ചേച്ചിയുടെ ഭാഗ്യം ആണ്.. കാരണം എല്ലാവരും ചേച്ചിയുടെ കുറവുകൾ ശ്രദ്ധിച്ചപ്പോൾ ഏട്ടൻ  ശ്രദ്ധിച്ചത് ചേച്ചിയുടെ മനസ്സാണ്..  അതുകൊണ്ടാണല്ലോ അമ്മയെയും ബന്ധുക്കളെയും  ഒക്കെ  പറഞ്ഞു സമ്മതിപ്പിച്ചു എന്റെ ഈ ചേച്ചിയെ ഏട്ടൻ സ്വന്തമാക്കിയത് തന്നെ .. 
അതുകേട്ടു മാഷ്  പുഞ്ചിരിച്ചു.. 
"അതേ കണ്ണിൽ കണ്ണിൽ നോക്കി നിൽക്കാതെ ഇനി രണ്ടു പേരും കൂടി മതിയാവോളം കണ്ണനെ തൊഴുതു വന്നോളൂ  ഞങ്ങൾ മാറി തന്നേക്കാം എന്നും പറഞ്ഞു അവൾ അവളുടെ ഭർത്താവിന്റെ കൈയും പിടിച്ചു പുഞ്ചിരിച്ചു കൊണ്ടു   എല്ലാവരുമായി പോയി.. എന്റെ തലയിൽ കൈവച്ചു അനുഗ്രഹിച്ചു കൊണ്ടു അമ്മയും അവരോടൊപ്പം പോയി.. 
എന്ത് പറയണം എന്നറിയാത്തൊരു അവസ്ഥയിൽ ആയിരുന്നു ഞാനപ്പോൾ..  സന്തോഷമോ സങ്കടമോ എന്നൊന്നും പറയാൻ പറ്റാത്തൊരു അവസ്ഥ..  വാക്കുകൾ പുറത്തേക്ക് വരാനാവാതെ ഉള്ളിൽ വീർപ്പു മുട്ടിച്ചു കൊണ്ടിരുന്നു.. എന്റെ നിസ്സഹായ അവസ്ഥ കണ്ടിട്ട് ആവണം ഒരു ചെറു പുഞ്ചിരിയോടെ മാഷെന്നെ ചേർത്ത് പിടിച്ചു.. 
എന്റെ കണ്ണുകളപ്പോൾ  ശ്രീകോവിനുള്ളിലെ കൃഷ്ണനിൽ പതിച്ചു.. 
നീലകാർവർണ്ണനായ കള്ള കണ്ണൻ പുഞ്ചിരി തൂകി നിൽക്കുകയാണ്.. 
എന്റെ കൃഷ്ണ നീയും ഈ നാടകത്തിനു കൂട്ടു നിന്നല്ലേ.. 
ഇത്രയേറെ സങ്കടം തന്നെന്നെ നീ പരീക്ഷിച്ചത് ഇങ്ങനെ ഒരു സന്തോഷം തരാൻ ആയിരുന്നോ..  എന്റെ സങ്കടം കൊണ്ടു നിന്നെ എന്തൊക്കെയോ ഞാൻ പറഞ്ഞു പോയി എന്നോട് ക്ഷെമിക്കണേ കണ്ണാ..  എന്നു ഞാൻ പറയുമ്പോളേക്കുംചെമ്പക പൂക്കളുടെ സുഗന്ധവുമായി വന്ന കാറ്റിൽ മണികൾ കിലുങ്ങി.. 
എവിടെ നിന്നോ ഒരു മയിൽപ്പീലി പാറി പറന്നെന്റെ മുന്നിൽ വന്നു വീണു.. 
ഞാനത് കുനിഞ്ഞു എടുത്തു.. 
നീലാകാശം കാണാതെ ഒളിപ്പിച്ച മയിൽപ്പീലി പോലെ എന്റെ ഉള്ളിൽ ഒളിച്ചു വെച്ചിരുന്ന ഇഷ്ടത്തെ എന്റെ മാഷിനെ എനിക്കെന്റെ കണ്ണൻ സമ്മാനമായി തന്നിരിക്കുന്നു.. നിന്നോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല കണ്ണാ.. 
ഒരുപാട് സങ്കടങ്ങൾക്ക് ഒടുവിൽ ആ കള്ള കണ്ണൻ എന്റെ ഉള്ളിൽ ആനന്ദനടനം ആടുകയായിരുന്നു.. വൃന്ദാവനത്തിൽ ആടിയ ലീലകളെക്കാൾ സുന്ദരമായ ലീലകൾ ആയിരുന്നു  ഈ കള്ള കണ്ണൻ എന്റെ ഈ ജീവിതത്തിൽ ആടിയത്.. 
ഈ പൊട്ടി പെണ്ണിന്റെ സ്വപ്നങ്ങൾക്ക് നീ ഇത്രത്തോളം വില കല്പിക്കുമെന്ന് ഒരിക്കൽ പോലും ഞാൻ കരുതിയില്ല എന്നു പറഞ്ഞു കൊണ്ട് എന്റെ കണ്ണീർ തുള്ളികൾ കൊണ്ടു കണ്ണന് ഞാൻ അർച്ചന ചെയ്തപ്പോഴേക്കും 
അകലെ എവിടെ നിന്നോ  മധുരമായൊരു  ഓടകുഴൽ നാദം എന്റെ കാതുകളിൽ പതിച്ചു.. 
ആ വേണുഗാനത്തിൽ മതി മറന്നു നിന്ന എന്റെ കൈകളിൽ കോർത്തു മാഷും നിന്നു.. 
കള്ള കണ്ണന്റെ അനുഗ്രഹത്താൽ കണ്ണീരിൽ കുതിർന്ന ലക്ഷ്മിയുടെ ജീവിതത്തിൽ ഇനി പ്രണയത്തി ന്റെയും  സന്തോഷത്തി ന്റെയും  പൂക്കാലം പൂവിടുകയാണ്.. 
 അവളുടെ സങ്കടങ്ങൾക്കും സന്തോഷങ്ങൾക്കും കൂട്ടായി ഇനി എന്നും മാഷുമുണ്ടാവും.. 
-----------------------------------------------
അല്ലെങ്കിലും ഈ  കള്ള കൃഷ്ണൻ ഇങ്ങനെ ആണെന്നേ.. തന്റെ ഭക്തരെ ഒരുപാട് പരീക്ഷിക്കും,  കരയിക്കും ഒടുവിൽ എല്ലാ പ്രതീക്ഷകളും ഇല്ലാതാവുന്ന നിമിഷം സന്തോഷം കൊണ്ടങ്ങു നമ്മളെ മൂടി കളയുകയും ചെയ്യും.. 
കൃഷ്‌ണാ ഗുരുവായൂരപ്പാ എല്ലാം നിന്റെ മായാ ലീലകൾ.. 
(ശുഭം... )

ശിവ




Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്