കല്യാണി ഫുൾ പാർട്ട്

കല്യാണി ഫുൾ പാർട്ട് 
   ----------------

" വരുന്ന ചിങ്ങത്തിൽ നമുക്കിതങ്ങു നടത്താം"
എന്ന് അച്ഛൻ പറയുമ്പോൾ അകത്ത്‌ ആകെ തകർന്ന മട്ടിൽ ഇരിക്കുകയായിരുന്നു കല്യാണി . 
   പുറത്ത്‌ പെണ്ണ് കാണാൻ വന്നത് അച്ഛന്റെ കൂട്ടുകാരനും മോനും ആണെന്ന് അറിഞ്ഞപ്പോൾ തന്നെ അവൾക്ക് അറിയാമായിരുന്നു എല്ലാം നേരത്തെ തീരുമാനിച്ചതാണെന്ന്. 

    പെണ്ണിനെ കെട്ടിച്ചുവിടേണ്ട പ്രായമായെന്ന് പറഞ്ഞ അച്ഛന് മുന്നിൽ മടിച്ചു മടിച്ചാണെങ്കിലും ഒരിക്കൽ അവതരിപ്പിച്ചതാണ് പ്രണയം. 
    പ്രതീക്ഷിച്ചത് ഒരു പൊട്ടിത്തെറിയായിരുന്നെങ്കിൽ നടന്നത് മറ്റൊന്നായിരുന്നു. 

         മുന്നിൽ ഇരികുന്ന കഞ്ഞി കുടിക്കുന്നത് മതിയാക്കി തോർത്തിൽ ചുണ്ടൊന്നു തുടച്ചുകൊണ്ട് എഴുനേൽക്കുമ്പോൾ അച്ഛന്റെ മുഖം ശാന്തമായിരുന്നു. പതിയെ അരികിലേക്ക് വന്നു ചേർത്തുപിടിക്കുമ്പോൾ അയാൾ പറയുന്നുണ്ടായിരുന്നു, 
   " മോളെ  പ്രണയിക്കുന്നത് തെറ്റാണെന്ന് അച്ഛൻ പറയുന്നില്ല. പക്ഷേ,  കണ്ട അണ്ടനേം അടകോടനേം പ്രേമിച്ച് ഇയാളെ എനിയ്ക്ക് ഇഷ്ട്ടമാണ് , ഇയാളില്ലാതെ എനിക്ക് ജീവിക്കാൻ കഴിയില്ല എന്നൊക്കെ പറഞ്ഞ് അച്ഛന്റെ അന്തസ്സിനും അഭിമാനത്തിനും മേലെ കരി വാരി തേക്കരുത്. 
     നിനക്ക്‌ അറിയാലോ.. സമൂഹത്തിൽ നമുക്കിന്ന് ഒരു വിലയുണ്ട്. അതിൽ കുറഞ്ഞൊരു ബന്ധം ആലോചിക്കരുത് മോള്.  
   നമുക്ക് പറ്റിയ ഒരാളെ ആണ് നീ കണ്ടെത്തിയതെങ്കിൽ അച്ഛൻ രണ്ട് കയ്യും നീട്ടി സ്വീകരിക്കും. 
 അതല്ല,  ഒരു പണിക്കും പോവാതെ മുടിയും മോലോട്ട് ആക്കി കണ്ടവന്റെ ബൈക്കും കൊണ്ട് കോളേജ് തുറക്കുമ്പോഴും വിടുമ്പോഴും ഒളിപ്പിച്ചു നിൽക്കുന്ന വല്ലവനും ആണേൽ... അത്‌ മോള് മറന്നേക്ക്.. അല്ലെങ്കിൽ തന്നെ ഒന്ന് ആലോചിച്ചൂടെ  രാവിലെ പത്തു മണി വരെയും വൈകീട്ട് മൂന്ന് മണിക്ക് ശേഷവും ഉച്ചക്കാണ് കോളേജ് വിടുന്നതെങ്കിൽ പന്ത്രണ്ട് മണി ആകുമ്പോഴേക്കും റോഡിൽ  ഷോക്കടിച്ചവനെ പോലെ നിൽക്കുന്നവന്മാർക്ക് ഒരു പണിയും ഉണ്ടാകില്ലെന്ന്. 
  ഉണ്ടായിരുന്നെങ്കിൽ  രാവിലെ 8മണിക്ക് പോകുന്നവൻ വൈകീട്ട് ആറു മണി കഴിഞ്ഞേ വീട്ടിൽ കേറൂ.   
  അപ്പോൾ അച്ഛൻ പറഞ്ഞത് എന്താണെന്ന് വെച്ചാൽ അതുപോലെ ഉള്ളവന്മാരോ നീണ്ട വരിയിൽ തള്ളി തള്ളി മുന്നിൽ എത്തി ഇരുപതു രൂപയുടെ ഓട്ടം പോയി പിന്നേം തള്ളി തള്ളി ജീവിതം തള്ളിനീക്കുന്ന വല്ല ഓട്ടോക്കാരോ ആണെങ്കിൽ മോള് മറന്നേക്ക്.. പ്രണയിക്കുമ്പോൾ മുന്നിൽ ഒരു ജീവിതം കൂടി ഉണ്ടെന്ന് ഓർക്കണം. പ്രണയം അല്ല ജീവിതം എന്നും അറിയണം. 
   അല്ലാതെ പാർക്കിലോ ബീച്ചിലോ പോയി രണ്ട് ഐസ്ക്രീം വാങ്ങിത്തന്നാലോ ഇടക്ക് കുപ്പി വള വാങ്ങിത്തന്നാലോ പിന്നെ അതാണ്‌ വലുതെന്നുള്ള ചിന്ത ആദ്യം കളയണം. 
       ഒന്നോ രണ്ടോ ഡ്രെസ്സൊ,  ഇടക്ക് വല്ല ഫാൻസി കമ്മലോ വാങ്ങിത്തരുന്നവന്റെ സ്നേഹവും കരുതലും വാനോളം പുകഴ്ത്തുമ്പോൾ , 
ഇത്ര കാലം നിന്റെ ആവശ്യം അറിഞ്ഞു എല്ലാം ചെയ്തു തരുന്ന വീട്ടുകാരുടെ സ്നേഹത്തെ ആണ് മക്കൾ മറന്നുപോകുന്നത്. 
       
 ഇതിപ്പോ പറയുന്നത് നിന്റെ മനസ്സ് മാറ്റാനോ അച്ഛന്റെ ആഗ്രഹത്തിനൊത്തൊരു കല്യാണം നടത്താനോ അല്ല. പക്ഷേ, ഇത്ര കാലം നിന്നെ വളർത്തിയ പോലെ തന്നെ വളർത്തിയെടുത്തതാണ് അന്തസ്സ്. 
  അത്‌ നിന്റെ ഇഷ്ട്ടത്തിന്റ പേരിൽ നഷ്ടപ്പെടുത്താൻ എനിക്ക് കഴിയില്ല. 

  അതുകൊണ്ട് മോള് അത്‌ മറന്നേക്ക്. എന്നിട്ട് ഞാൻ പറയുന്നത് കേൾക്ക്. എനിക്ക് പണ്ട് മുതലേ അറിയുന്ന ചെക്കനാണ് മഹേഷ്‌. 
ആ കുടുംബത്തെ നിനക്കും അറിയുന്നതല്ലേ. അവനാണേൽ ബാങ്കിൽ നല്ലൊരു ജോലിയും ഉണ്ട്. 
 മക്കളുടെ ജീവിതം സേഫ് ആയി കാണാൻ ആണ് ഏതൊരു അച്ഛനും അമ്മയും ആഗ്രഹിക്കുക. 
    
  ഇനി ഇതല്ല,  മറുത്തൊരു തീരുമാനം ആണ് മോള് കൈകൊള്ളുന്നതെങ്കിൽ....... "

ബാക്കി മുഴുവനാക്കാതെ പോകുന്ന അച്ഛനെ നിറകണ്ണുമായി നോക്കി നിൽക്കുമ്പോൾ  അവൾക്കറിയാമായിരുന്നു " വാക്കുകൾ ശാന്തമായിരുന്നെങ്കിലും അതിൽ ഒരു ഭീക്ഷണി ഉണ്ടെന്ന്. സ്വന്തം ഇഷ്ടത്തിനു വേണ്ടി വാദിച്ചാൽ അന്തസ്സ് കളഞ്ഞ് ജീവിക്കില്ല എന്നൊരു ധ്വനി. "

അച്ഛൻ പറഞ്ഞ വാക്കുകളിൽ മനസ്സ് പിടക്കുകയായിരുന്നു പിന്നീടുള്ള ഓരോ രാത്രിയും. 
 
 രാത്രി കിടക്കുമമ്പോഴെല്ലാം  മനസ്സ് വല്ലത്തൊരു പിരിമുറുക്കത്തിൽ ആയിരുന്നു. 

ജീവിതം ഇനി എങ്ങോട്ടാണെന്ന് അറിയുന്നില്ല. 
 തന്റെ തീരുമാനം പോലെ ആയിരിക്കും ഇനിയുള്ള ദിവസങ്ങൾ ഇരുട്ടിവെളുക്കുന്നത്. അവൾ ദീര്ഘമായൊന്നു നിശ്വസിച്ചു. 
  പിന്നെ  പുറത്തെ നിലാവിലേക്ക് കണ്ണുംനട്ടിരിക്കുമ്പോൾ അരികിൽ കിടന്നിരുന്ന മൊബൈൽ വൈബ്രെറ്റ് ചെയ്യുന്നുണ്ടായിരുന്നു. 

    ഡിസ്പ്ലേയിൽ തെളിഞ്ഞ പേര് നോക്കികൊണ്ട് ആ കാൾ അറ്റന്റ് ചെയ്യുമ്പോൾ അപ്പുറത്ത് നിന്നും ആ വിളി വല്ലാത്തൊരു കരുതൽ  നൽകികൊണ്ട് അവളുടെ കാതുകളെ സ്പർശ്ശിച്ചു, 

   " കല്യാണി.... ! "

    അപ്പുറത്ത്  മഹേഷ്‌ മേനോൻ ആണ്. അച്ഛന്റെ കൂട്ടുകാരന്റെ മോൻ. അച്ഛന്റെ ഇഷ്ട്ടത്തിനു  മുന്നിൽ ഒന്ന് മൂളിയാൽ ഭാവിയിൽ ഭർത്താവ് ആകേണ്ട ആൾ. 
      മുൻപ് സംസാരിച്ചിട്ടുണ്ട് പലവട്ടം. പക്ഷേ അന്ന് കേട്ട മഹേഷ്‌ മേനോൻ എന്ന ബാങ്ക് മാനേജറുണ്ട് കാർക്കശ്യം  നിറഞ്ഞ ശബ്ദമല്ല ആ നിമിഷങ്ങളിൽ അവളുടെ കാതുകളിൽ തഴുകിയിറങ്ങിയത്. 
 അതിൽ അവളോട് മാത്രമായുള്ള വല്ലാത്തൊരു സ്നേഹം ഉണ്ട്.
 തന്റെ ഒരു മൂളൽ കേൾക്കാൻ വേണ്ടിയാണ് ഈ വിളി എന്നും അറിയാം.. പക്ഷേ... 
  സ്നേഹത്തോടെ ഒന്ന് മൂളാനോ,  ആ ഒരു മൂളൽ കൊണ്ട് പോലും സമ്മതം എന്ന് തോന്നാന്നോ ഇട കൊടുക്കാതെ അവൾ വേഗം ഫോൺ കട്ട്‌ ചെയ്ത് സ്വിച്ച്ഓഫ്‌ ചെയ്ത് ബെഡിലേക്ക് ഇട്ടു. 

  അപ്പോഴും അവളെ വേട്ടയാടിക്കൊണ്ടിരുന്നത് അച്ഛൻ വാക്കുകൾ ആയിരുന്നു. 
  പതിയെ ഉറക്കം കണ്ണുകളെ കവരുമ്പോൾ മുന്നിൽ തൂങ്ങിയാടുന്ന രണ്ട് ശരീരം കണ്ടവൾ ഞെട്ടിയുണർന്നു.  
  പേടിപ്പെടുത്തുന്ന ആ ദുസ്വപ്നത്തിൽ വിയർക്കുമ്പോൾ അവൾ തിരിഞ്ഞരിഞ്ഞ ആ മുഖം അച്ഛന്റെയും അമ്മയുടെയും ആയിരുന്നു. 

   സമയം നോക്കുമ്പോൾ നാലര ആയിട്ടുണ്ട്. അന്നേരം അവളുടെ മനസ്സിലേക്ക് ഓടിവന്നത് പണ്ടെങ്ങോ അമ്മ പറഞ്ഞ ആ വാക്ക് ആയിരുന്നു 
  " പുലർച്ചെ കാണുന്ന സ്വപ്നം ഫലിക്കുമെന്നാ മോളെ ."

അപ്പോൾ.... ഇപ്പോൾ കണ്ട സ്വപ്നം..... 

അവൾ പിന്നെയും വിയർക്കാൻ തുടങ്ങി. ടേബിളിൽ ഇരിക്കുന്ന ജഗ്ഗ് വായിലേക്ക് കമിഴ്ത്തുമ്പോൾ  മുന്നിൽ വീണ്ടും  കുരുക്കിൽ പിടയുന്ന അച്ഛനും അമ്മയും. അവൾ ഭയത്തോടെ പിന്നോട്ട് മാറുമ്പോൾ കുറുക്കിനൊപ്പം മുറുകുന്ന പേശികൾ. 
 പക്ഷേ,  അച്ഛന്റെ മുഖത്തു വെപ്രാളമല്ല. മരണം കൊണ്ട് ജയിച്ചവന്റെ സന്തോഷമാണ്. പൊട്ടിച്ചിരിക്കുന്നുണ്ട്. 

  അവൾ വേഗം കണ്ണുകൾ പൊത്തികൊണ്ട്  ബെഡിൽ കാല്മുട്ടിലെക്ക് മുഖം ചേർത്ത് പൊട്ടിക്കരഞ്ഞു. 

" എന്തൊരു പരീക്ഷണമാണ് ഈശ്വരാ ഇത്.  ജീവിതത്തിൽ ആദ്യമായി മനസ്സിൽ കേറിയ ആ മുഖം മറക്കാൻ കഴിയുന്നില്ല. പക്ഷേ, ഇത്ര കാലം വളർത്തിവലുതാക്കിയ അച്ഛന്റെയും അമ്മയുടെയും വെറുപ്പും ശാപവും ഏറ്റുവാങ്ങി അവരെ മരണത്തിലേക്ക് തള്ളിവിടാനും വയ്യ. "

അവൾക്കറിയില്ലായിരുന്നു മുന്നിലുള്ള ഏത് വഴി സ്വീകരിക്കണമെന്ന്.  
  നേരെയുള്ള വഴി പ്രണയത്തിന്റെ ആണ്. അവിടെ  തന്നെയും കാത്ത്‌ ഒരാൾ നിൽപ്പുണ്ട്. ആ സ്നേഹം കണ്ടില്ലെന്ന് നടിക്കുകയാണെങ്കിൽ അടുത്ത വഴിയിൽ ഒരു ബാങ്ക് ഉദ്യോഗസ്ഥനാണ്.  അച്ഛന്റെ സുഹൃത്തിന്റെ മകൻ.  അച്ഛനോളം, അല്ലെങ്കിൽ അച്ഛനെക്കാൾ ആസ്തി ഉള്ള വീട്ടിലെ  ഇളയവൻ. 
  പണമുണ്ട് പദവിയുണ്ട്.   പക്ഷേ, സ്നേഹം..... അറിയില്ല... ഇതുവരെ അറിയാത്ത ഒരു പുരുഷന്റെ ജീവിതത്തിലേക്ക് കരയുമ്പോൾ സ്ത്രീക്ക് അതൊരു പരീക്ഷണമാണ്. 
 ചിലത് വിജയകരമായി മുന്നോട്ട് പോകും. ചിലത് പരാജയത്തിന്റ കൈപ്പുനീരിൽ,  ചവർപ്പ് രുചിയിൽ കാലം കഴിക്കേണ്ടി വരും. "

  
   അന്ന് രാവിലെ കുളിച്ചൊരുങ്ങി കോളേജിലേക്ക് പോകാൻ ഇറങ്ങുമ്പോൾ  അവൾക്കറിയാമായിരുന്നു  ഗോപൻ വഴിയിൽ കാത്തുനിൽപ്പുണ്ടാകും എന്ന്. 
ഒരുമിച്ചൊരു ബസ്സിൽ ആയിരുന്നു യാത്ര.  
കല്യാണി കോളേജ് പടിക്കൽ ഇറങ്ങുമ്പോൾ ഗോപൻ ടൗണിലേക്ക് ആയിരുന്നു. 
ടൗണിലെ പ്രൈവറ്റ് ബാങ്കിൽ ഇടതുകാലിലെ  സ്വാധീനക്കുറവിന്റെ  പേരിൽ കിട്ടിയ ക്ലാർക്ക് ജോലി. 
   അത്യാവശ്യം വിദ്യാഭ്യാസം ഉണ്ടായിട്ടും എവിടെയുമെത്താതെ കറങ്ങിത്തിരിയുമ്പോൾ ആരുടെയോ സഹതാപത്തിന്റെ പേരിൽ കിട്ടിയതായിരുന്നു. 

ശമ്പളം കുറവാണെങ്കിലും ഉള്ളത് കൊണ്ട് ജീവിക്കാൻ പഠിച്ച കുടുംബമായാത് കൊണ്ട് സന്തോഷത്തോടെ മുന്നോട്ട് പോകുമ്പോൾ  ആകെയുള്ള ആഗ്രഹം കല്ല്യാണിയെ  ജീവിതത്തിലേക്ക് കൂട്ടുക എന്നത് മാത്രമായിരുന്നു. 
         പക്ഷേ,  തന്റെ അവസ്ഥയും പരിമിതിയും കാണുമ്പോൾ  അവളുടെ അച്ഛൻ സമ്മതിക്കുമോ.....
അന്തസ്സ് കാത്തു സൂക്ഷിക്കാൻ കഷ്ട്ടപ്പെടുന്ന ഭാസ്ക്കരപൊതുവാൾക്ക് ഒന്നരകാലൻ അപശകുനമായാൽ..... 
   
   അവൾക്കൊപ്പം ചേർന്നിരിക്കുമ്പോൾ എല്ലാം അവന്റെ മനസ്സിൽ ആ ഒരു ചിന്ത മാത്രമായിരുന്നു. 

" ഗോപേട്ടൻ ന്താ ആലോചിക്കുന്നേ " എന്ന് ചോദിക്കുന്ന അവൾക്ക് മുന്നിൽ ചുമലനക്കികൊണ്ട് കണ്ണടച്ച് ഒന്നുമില്ലെന്ന് കാണിക്കുമ്പോൾ  അവൾ ബസ്സിന്റെ സൈഡ് കമ്പിയിൽ തെരുപ്പിടിച്ചുകൊണ്ട് ദൂരേക്ക് കണ്ണുംനട്ട് ചോദിക്കുന്നുണ്ടായിരുന്നു, 

 " ഞാൻ വേറെ കെട്ടിയാൽ ഗോപേട്ടൻ ന്ത്‌ ചെയ്യും !"

അവളുടെ ആ ചോദ്യം വന്നു തറച്ചത് അവന്റെ ഹൃദയത്തിൽ ആയിരുന്നു. 
   ഒന്നും പറയാൻ കഴിയാതെ അവൻ അവളുടെ മുഖത്തേക്ക് നോക്കി പുഞ്ചിരിക്കാൻ ശ്രമിക്കുമ്പോൾ  അവൾക്കറിയാമായിരുന്നു ആ ചോദ്യം അവനെ അത്രത്തോളം വേദനിപ്പിച്ചെന്ന്. 
ആ മൗനം പറയുന്നുണ്ട് അവന്റ മനസ്സ് പിടക്കുന്നതെന്ന്. 
പക്ഷേ, തന്റെ അവസ്ഥ.... 

അവൾക്ക് അറിയില്ലായിരുന്നു ആരെ തള്ളും , ആരെ കൊള്ളും എന്ന്. 
   
  സ്നേഹം കൊണ്ട് തന്റെ മനസ്സ് കീഴടക്കിയവൻ വേണോ അതോ പണവും പദവിയും കൊണ്ട് അച്ഛന്റെ മനസ്സ് കീഴടക്കിയവൻ വേണോ.... 

   അവൾ ഉത്തരം കിട്ടാത്ത ചോദ്യവും മനസ്സിൽ പേറി നിറഞ്ഞ കണ്ണുകൾ ഗോപൻ കാണാതിരിക്കാനായി ദൂരേക്ക് നോക്കി ഇരിക്കുമ്പോൾ  അവരെ മാത്രം ശ്രദ്ധിച്ചുകൊണ്ട് ഒരാൾ പിന്നിലെ സീറ്റിൽ സ്ഥാനം പിടിച്ചിരുന്നു.  "
      
#കല്യാണി          ( രണ്ട് )
-----------------

സ്നേഹം കൊണ്ട് തന്റെ മനസ്സ് കീഴടക്കിയവൻ വേണോ അതോ പണവും പദവിയും കൊണ്ട് അച്ഛന്റെ മനസ്സ് കീഴടക്കിയവൻ വേണോ.... 

   അവൾ ഉത്തരം കിട്ടാത്ത ചോദ്യവും മനസ്സിൽ പേറി നിറഞ്ഞ കണ്ണുകൾ ഗോപൻ കാണാതിരിക്കാനായി ദൂരേക്ക് നോക്കി ഇരിക്കുമ്പോൾ  അവരെ മാത്രം ശ്രദ്ധിച്ചുകൊണ്ട് ഒരാൾ പിന്നിലെ സീറ്റിൽ സ്ഥാനം പിടിച്ചിരുന്നു.  "

  ബസ്സ് കോളേജ് സ്റ്റോപ്പിലേക്ക് അടുക്കുംതോറും അവളുടെ മനസ്സ് അവന്റ അരികിൽ നിന്നും പോരാൻ മടിക്കുന്നുണ്ടായിരുന്നു. 
   ആ സാമിപ്യം കൊതിക്കുംപോലെ അവന്റെ കയ്യിൽ തെരുപ്പിടിക്കുമ്പോൾ  ഒരിക്കലും ഈ വിരൽതുമ്പിൽ നിന്നും അടർത്തിമാറ്റല്ലേ എന്ന് മാത്രമായിരുന്നു മനസ്സിൽ. 

   " ഗോപേട്ടാ... ഞാൻ.........
നമുക്ക് കുറച്ച് നേരം പാർക്കിൽ പോയാലോ...?  അല്ലെങ്കിൽ കടൽത്തീരത്ത് പോയിരിക്കാം. എന്തോ വല്ലാതെ അസ്വസ്ഥമാണ് എന്റെ മനസ്സ്. ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങൾക്ക് നടുവിലാണിപ്പോൾ ഞാൻ.  ശരിക്കും ഭ്രാന്ത്‌ പിടിക്കുംപോലെ... 
   പ്ലീസ്... ഈ പകൽ നമുക്ക് വേണ്ടി മാറ്റിവെച്ചൂടെ.... ഇനി ചിലപ്പോൾ.. "

അറിയാതെ ആണെങ്കിലും അവളുടെ വായിൽ നിന്നും  പൊഴിഞ്ഞുവീണ ആ വാക്കിനേ പിടിച്ച് നിർത്തിക്കൊണ്ട്  അവൾ പെട്ടന്ന് മൗനം പാലിക്കുമ്പോൾ അവനും അതേ അവസ്ഥയിൽ അവളെ നോക്കുന്നുണ്ടായിരുന്നു. 
  അവൾ എന്തൊക്കെയോ മറയ്ക്കാൻ ശ്രമിക്കുന്നുണ്ടെന്ന് ആ മുഖം പറയുമ്പോൾ ആ മറയ്ക്കലൊക്കെയും മറ്റുള്ള മനസ്സുകളെ വേദനിപ്പിക്കാതിരിക്കാൻ ആണെന്ന് അവനറിയാമായിരുന്നു. 
    ആർക്കൊക്കെയോ വേണ്ടി സ്വായം നീറുകയാണ് ആ മനസ്സ്.. 
അത്‌ ചിലപ്പോൾ തനിക്ക് വേണ്ടി ആണെങ്കിൽ...
   പറയാൻ കഴിയാതെ മനസ്സിൽ വിങ്ങി വിങ്ങി പിടയുന്ന വാക്കുകളിൽ ഉരുകിത്തീരുകയാവാം അവൾ. 
      
    " പറ ഗോപേട്ടാ.... എനിക്ക് വേണ്ടി മാറ്റിവെച്ചൂടെ ഈ ദിവസം?  "

അവൾ അവന്റെ കണ്ണുകളിലേക്ക് നോക്കുമ്പോൾ അവളുടെ കണ്ണുകളിൽ നീർമുത്തുകൾ അടരാൻ വെമ്പി തിളങ്ങുന്നത് അവനിൽ നോവുണർത്തി. 
   ആ നിമിഷം ഒന്ന് ചേർത്തുപിടിക്കാൻ കൊതിക്കുന്നുണ്ടായിരുന്നു അവന്റെ മനസ്സ്.. !
   കൂടെ ഉണ്ടെന്ന് പറയാതെ പറയാൻ....!
   ഒരു ചേർത്തുപിടിക്കലിൽ കണ്ണിൽ ഉരുണ്ടുകൂടിയ കാർമേഘങ്ങൾക്കൊപ്പം  സ്നേഹത്തിന്റെ മഴവിൽവസന്തത്തിലേക്ക് കൈ പിടിച്ച് സന്തോഷത്തിന്റെ നിമിഷങ്ങളെ അവൾക്ക് മാത്രമായി പങ്കുവെക്കാൻ...... 

 വല്ലാതെ തുടിക്കുന്നുണ്ട് മനസ്സ്.... 
   പക്ഷേ,,  ബസ്സിലാണെന്ന ബോധം അവന്റെ ആഗ്രഹങ്ങൾക്ക് കടിഞ്ഞാണിടുമ്പോൾ  നിസ്സഹായതയോടെ ആ മിഴികളിലേക്ക് വെറുതെ നോക്കിയിരിക്കാനേ അവന് കഴിഞ്ഞുളളൂ. 

     " കല്യാണി... നിനക്ക് വേണ്ടി മാറ്റിവെക്കാൻ ഒരു ദിവസമല്ല, ഒരു  യുഗം തന്നെ ഉണ്ട്. 
        നിനക്കൊത്തു നടക്കുമ്പോൾ എനിക്ക് മുന്നിൽ തെളിയുന്ന വഴികളിൽ  നിന്റെ സ്നേഹത്തിന്റ പൂക്കാലം ഞാൻ അനുഭവിക്കുന്നുണ്ട്. 
ഒരിക്കലും വാടാത്ത പൂക്കൾ കൊണ്ട് അലങ്കരിച്ച വഴിത്താരയിൽ നമ്മുടെ സ്വപ്‌നങ്ങൾ  നിറംപ്പെയ്യുന്നുണ്ട്.  
      ഒരു വേനൽപ്പടർപ്പ് കൊണ്ട് മങ്ങിപോകില്ലെന്ന  വിശ്വാസമായിരിക്കാം എല്ലാം... .. "

അവൻ ദീഘമായി ഒന്ന് നിശ്വസിച്ചുകൊണ്ട് അവളിൽ നിന്നും കണ്ണെടുത്തു വിദൂരതയിലേക്ക് നോക്കുമ്പോൾ അകലെ  ചുവന്നണിഞ്ഞ ഗുൽമോഹർചില്ലയിൽ പ്രണയത്തിന്റെ നിമിഷങ്ങൾ ചുംബനംകൊണ്ട് ആസ്വദിക്കുമ്പോലെ രണ്ട് കിളികൾ കൊക്കുരുമ്മി   കരള് പങ്കിടുന്നുണ്ടായിരുന്നു !.

    പിന്നെ കുറെ നേരം മൗനമായിരുന്നു. 
തന്റെ അവസ്ഥയെ എങ്ങിനെ അവനോട് പറയുമെന്ന് അറിയാതെ അവളും അവളുടെ മനസ്സിലുള്ള വിഷമങ്ങൾക്ക് എങ്ങിനെ ആശ്വാസം പകരുമെന്ന് അറിയാതെ അവനും. 

    ബസ്സ് ടൗണിലെത്തുമ്പോൾ എല്ലാവരും ഇറങ്ങുന്നതിനോടൊപ്പം അവരും പുറത്തേക്കിറങ്ങി. 
    പിന്നെ അടുത്തുള്ള ഓട്ടോയിലേക്ക് അവനേയും കൂട്ടികൊണ്ട് കയറുമ്പോൾ അവൾ പറയുന്നുണ്ടായിരുന്നു " ചേട്ടാ.... ബീച്ച് റോഡ് " എന്ന്. 

  അയാൾ തലയാട്ടികൊണ്ട് ഓട്ടോ മുന്നോട്ടെടുക്കുമ്പോൾ അവൻ മാത്രം പുറത്തെ കാഴ്ചകളിലേക്ക് നോക്കി മൗനമായിരിക്കുകയായിരുന്നു. 
  അവന്റ ഇരിപ്പും ഭാവവും കാണുമ്പോൾ തന്നെ അവൾക്ക് അറിയാമായിരുന്നു അവന്റെ മനസ്സ് പുറത്തെ കാഴ്ചകളിൽ അല്ല, വേറെ എന്തൊക്കെയോ ചിന്തകൾക്കൊപ്പം സഞ്ചരിക്കുകയാണെന്ന്. 

   " ഗോപേട്ടാ... ന്താ മുഖത്തിനൊരു വാട്ടം. ഇന്ന് ലീവ്  എടുത്തത് ഈഷ്ടമാവാതോണ്ടാണോ?  ആണേൽ സാരമില്ല, നമുക്ക് തിരിച്ചു പോകാം.. ഇപ്പഴും ഓഫീസ്ടൈം ആകുന്നതല്ലേ ഉളളൂ "

       അവൾ അവന്റെ മുഖത്തു മിന്നിമറയുന്ന ഭാവം ശ്രദ്ധിച്ചുകൊണ്ട് ഇച്ചിരി വിഷമത്തോടെ പറയുമ്പോളായിരുന്നു അവൻ ചിന്തകളിൽ നിന്നും പെട്ടന്ന് സ്വബോധത്തിലേക്ക് വന്നത്. 
      മനസ്സ് ഏതെല്ലാമോ വഴിക്ക് സഞ്ചരിക്കുകയായിരുന്നു.. 
    ഒരു പിടിവള്ളിപോലും ഇല്ലാതെ,  എവിടെയും കരകയറാൻ കഴിയാതെ.... 

   അവളുടെ ചോദ്യത്തിൽ നിറഞ്ഞുനിൽക്കുന്ന വിഷമം കണ്ടപ്പോൾ ഗോപൻ ഒന്ന് ചിരിക്കാൻ ശ്രമിച്ചു. പിന്നെ അവളുടെ നെറ്റിയിലേക്ക് വീണ് കിടക്കുന്ന മുടിയിഴ വകഞ്ഞു മുകളിലേക്ക് വെച്ചുകൊണ്ട് വെറുതെ ഒന്ന് കണ്ണിറുക്കി. പിന്നെ അവളുടെ കൈവെള്ളയിൽ തെരുപ്പിടിച്ചുകൊണ്ട് അവളെ നോക്കി മന്ദഹസിച്ചു, 

   " കല്യാണി..... എനിക്കെന്തോ വല്ലാത്തൊരു ഫീലിംഗ് ആണിപ്പോൾ, 
ഉള്ളിൽ ഒരു പിടപ്പ്..  മനസ്സ് എവിടെയും പിടിച്ചുനിർത്താൻ കഴിയുന്നില്ല... 
   ഇപ്പോൾ കുറച്ച് ദിവസമായിട്ട് ന്റെ മനസ്സ് പറയുന്നുണ്ട്  ഈ ഒന്നരക്കാലന്  ഈ കല്യാണിക്കുട്ടിയുടെ കിട്ടില്ലാന്ന്.  
  സ്വർഗ്ഗം മുന്നിലുള്ള പെണ്ണിനെ പിടിച്ചുവലിച്ചു ഈ നരകത്തിലേക്ക് കൊണ്ടിടണോ മോനെ എന്ന് ഇടക്ക് ചോദിക്കാറുണ്ട് ന്റെ അമ്മ. അത്‌ നമ്മുടെ ഇഷ്ട്ടം കാണുമ്പോൾ പേടിച്ചിട്ടാണ്‌ട്ടോ. ഇത്രയൊക്കെ സ്നേഹിച്ചിട്ട് വഴിപിരിയേണ്ടി വന്നാൽ അത്‌ എത്രത്തോളം മനസ്സിനെ മുറിപ്പെടുത്തുമെന്ന് അറിയാവുന്നത് കൊണ്ട. 

   ന്റെ അമ്മക്ക് ഒരു പ്രണയം ഉണ്ടായിരുന്നുന്ന് കേട്ടിട്ടുണ്ട്. ഇതുപോലെ ആയിരുന്നു അതും. അവസാനം  പണമുള്ള വീട്ടിലെ പെണ്ണിനെ കണ്ടപ്പോൾ അയാൾ അമ്മയെ വേണ്ടെന്ന് വെച്ചു. 
    ഇടക്കൊക്കെ അമ്മ പറയാറുണ്ട് ആ വേദന ഇന്നും ഉണ്ടെന്ന്.ആദ്യമായി മനസ്സിൽ കേറിയ മുഖം ജീവിതാവസാനം വരെ മനസ്സിൽ ഒരു നൊമ്പരമായി അവശേഷിക്കും.പുറമെ നമ്മൾ എത്ര സന്തോഷം കാണിച്ചാലും അകത്ത്‌ ഒരു നീറ്റലായി അതുണ്ടാകും... ആദ്യപ്രണയവും ആദ്യം പ്രണയിച്ച ആ മനസ്സിന്റെ ഉടമയും. !
 അങ്ങനേ ഒരു തെറ്റോ വേദനയോ ന്റെ മക്കൾക്ക് വരരുത് എന്ന്. ഇടക്കൊക്കെ അമ്മയുടെ ആ വാക്കുകൾ ഓർക്കുമ്പോൾ എവിടെയൊക്കെയോ ഒരു ശരി ഉള്ളത് പോലെ...   " 

അവൻ ഒരു ദീർഘനിശ്വാസത്തോടെ അവളെ നോക്കുമ്പോൾ ഓട്ടോ നിർത്തിക്കൊണ്ട് ഡ്രൈവർ അവർക്ക് നേരെ തിരിഞ്ഞു ചിരിച്ചു. 
അപ്പോഴാണ് അവരും അറിഞ്ഞത് ബീച്ച് എത്തിയെന്ന്. 
  
      ഗോപൻ പോക്കറ്റിൽ നിന്നും ഇരുപതിന്റെ നോട്ട് ഓട്ടോകാരന് നേരെ നീട്ടികൊണ്ട് പുഞ്ചിരിച്ചു. 
പിന്നെ  അവളോടൊപ്പം മുന്നോട്ട് നടക്കുമ്പോൾ  പാതി നിർത്തിയിടത്തു നിന്ന് അവൻ വീണ്ടും പറഞ്ഞുതുടങ്ങി. 

    "  സത്യത്തിൽ എനിക്ക് അറിയില്ല കല്യാണി നമ്മുടെ ഈ യാത്ര ശരിയായ ദിശയിലാണെന്ന്. 
   എന്നോ നഷ്ടപ്പെടുമെന്ന് ഉറപ്പുള്ള കുറെ സ്വപ്നങ്ങളാണ് നമ്മൾ കാണുന്നത്. 
      നിലാവും നക്ഷത്രവും പോലെ ഒരു സുന്ദരമായ ലോകം  കൊതിക്കുമ്പോൾ  കണ്ണുകൾക്ക് മുന്നിൽ ഇരുട്ട് വീഴുന്നപോലെ.  ആ ഇരുട്ടിൽ അകന്നകന്ന് അരികിൽ നിന്നും അകലേക്ക് വഴിപിരിയുംപോലെ.. 
       എന്റെ മനസ്സ് പറയുന്നു കല്യാണി.... നമ്മൾ... നമ്മൾ അകലാൻ വിധിക്കപ്പെട്ടവരാണെന്ന്. "

  അത്‌ പറയുമ്പോൾ എപ്പഴോ അവന്റെ  വാക്കൊന്ന് ഇടറിയിരുന്നു. 
    നഷ്ടപ്പെടുമെന്ന് മനസ്സ് പറയുമ്പോഴും നഷ്ട്ടപ്പെടരുത് എന്ന് കൊതിക്കുന്ന പോലെ.... 

അവന്റെ ഓരോ വാക്കും വന്നു പതിച്ചത് അവളുടെ ഹൃദയത്തിൽ ആയിരുന്നു. 
  അതിൽ നിറഞ്ഞു നിൽക്കുന്ന വേദന മനസ്സിനെ കൊത്തിവലിക്കുന്നപ്പോലെ. 

അവൾ അവന്റെ കയ്യിൽ ഒന്ന് മുറുക്കെ പിടിച്ചു. പിന്നെ ഒന്നും പറയാൻ കഴിയാതെ അവന്റെ മുഖത്തേക്ക് നോക്കുമ്പോൾ ചുണ്ടുകൾ ഒരു വിതുമ്പലിനായി കൊതിക്കുന്നപ്പോലെ... കണ്ണുകൾ ഒരു മഴ പ്രതീക്ഷിക്കുംപ്പോലെ.... 

    അവന്റെ കയ്യും പിടിച്ച് കടൽഭിത്തിക്കരികിലുള്ള കരിങ്കൽപാതയിൽ ഇരിക്കുമ്പോൾ അവൾ ആ തിരകളെ നോക്കി. അവ കരയെ എത്രയേറെ പുൽകാൻ ശ്രമിക്കുന്നു. പക്ഷേ, ഒന്ന് ചേർത്തുപിടിക്കുംമുന്നേ കൈവിട്ട് താഴേക്ക് പോകുന്നു. 
പിന്നെയും തിര ശ്രമിച്ചുകൊണ്ടേ ഇരിക്കുന്നു.
എന്നെങ്കിലും പുണരാൻ കഴിയുമെന്ന പ്രതീക്ഷയോടെ... !
 കരയോടുള്ള പ്രണയത്തെ ഒരു തുളളി നനവിനാൽ പറയാതെ പറഞ്ഞുകൊണ്ട് !

 എത്ര നേരം അവൾ ആ കാഴ്ച നോക്കിയിരുന്നു എന്ന് അറിയില്ല. ഇടക്ക് അവന്റെ കയ്യിന്റെ പിടുത്തം ഒന്ന് മുറുകിയപ്പോൾ ആയിരുന്നു അവൾ ഒരു ഞെട്ടലോടെ അവനെ നോക്കിയത്. 

   " എന്ത് പറ്റിയെടോ തനിക്ക്. കുറെ സംസാരിക്കാനുണ്ടെന്ന് പറഞ്ഞിട്ട് ഒന്നും പറയാതെ കടലിലേക്ക് നോക്കി ഒരേ ഇരിപ്പ്. 
  എനിക്ക് മനസ്സിലാകും പറയാൻ മനസ്സിൽ ഒരുപാട് ഉണ്ടെന്ന്. പക്ഷേ, അത്‌ അവതരിപ്പിക്കാനുള്ള മടി,  എന്റെ മനസ്സ് വിഷമിക്കുമോ എന്ന ഭയം. അങ്ങനെ ഒരു കാര്യം അവതരിപ്പിക്കാനല്ലെങ്കിൽ  നിന്റെ മുഖം ഇങ്ങനെ ആവില്ല... വായാടിപെണ്ണിന്റ വാടിതളർന്നുള്ള ഈ ഇരിപ്പ് കണ്ടാൽ അറിയാം പ്രശ്നം ഇച്ചിരി രൂക്ഷമാണെന്ന്. "

  അതും പറഞ്ഞവൻ ചിരിക്കാൻ ശ്രമിക്കുമ്പോൾ അവൾ അവന്റെ മുഖത്തേക്ക് ഒരു നിമിഷം കണ്ണെടുക്കാതെ നോക്കി സഹതാപത്തോടെ. 
  "താൻ കരയാതിരിക്കാൻ ആ ചിരിക്ക് പിന്നിൽ ഒളിപ്പിക്കുകയാണ് സങ്കടങ്ങളെല്ലാം. പാവം..." 

  " ന്താടി പെണ്ണെ ങ്ങനെ നോക്കുന്നത്.  എനിക്ക് മുന്നിൽ ഈ മുഖവുരയുടെ ആവശ്യം ഇല്ലെടോ.. നീ പറഞ്ഞോ.  ഞാൻ പ്രതീക്ഷിക്കുന്നുണ്ട് പലതും. 
  അത്‌  കേൾക്കാൻ മനസ്സിനെ പ്രാപ്തനാക്കിയിട്ടുണ്ട്. 
   ആ പ്രതീക്ഷിക്കുന്നതിൽ കൂടുതൽ ആവില്ല കേൾക്കാൻ പോകുന്നത് എന്നുറപ്പുള്ളത് കൊണ്ട് നീ പറഞ്ഞോ..  എന്നോടല്ലെടി... പറ കല്യാണി "  

     അവൻ അവന്റെ കണ്ണിലേക്കു മാത്രം നോക്കി ഇരിക്കുന്ന അവളുടെ ചുമലിൽ പിടിച്ചുകുലുക്കി ഉണർത്തുമ്പോൾ  അവളുടെ കണ്ണുകളിൽ നീർമുത്തുകൾ ഉരുണ്ടുകൂടി. 
  പതിയെ ഒരു കൈ കൊണ്ടവൾ അത്‌ തുടച്ചുകൊണ്ട് വീണ്ടും കടലിന്റെ നീലിമയിലേക്ക് കണ്ണും നട്ട്  അവളുടെ വിറക്കുന്ന ചുണ്ടുകൾ പതിയെ മന്ത്രിക്കുന്നുണ്ടായിരുന്നു !

     പ്രതീക്ഷിച്ചിരുന്ന  ചോദ്യം ആണെങ്കിലും പെട്ടന്നുള്ള അവളുടെ വാക്കുകൾ  കേട്ട് ഒരു നിമിഷം ഗോപൻ ഞെട്ടലോടെ നിശ്ചലമാകുമ്പോൾ കരയിലേക്ക് ആഞ്ഞടിക്കുന്ന തിര പോലെ അവന്റെ ഹൃദയത്തിൽ താഴിട്ടു പൂട്ടിയ അവളുടെ പാതി ജീവൻ തുടിക്കുന്ന പ്രണയവാതിലിൽ  ആഞ്ഞടിക്കുന്നുണ്ടായിരുന്നു അവൾ ഇടർച്ചയോടെ പറഞ്ഞ അടർത്തിമാറ്റാൻ വെമ്പുന്ന ആ വാക്കുകൾ !

   " നമുക്ക് പിരിഞ്ഞാലോ ഗോപേട്ടാ "  !

#കല്യാണി                ( മൂന്ന് ) 
-----------------

പ്രതീക്ഷിച്ചിരുന്ന  ചോദ്യം ആണെങ്കിലും പെട്ടന്നുള്ള അവളുടെ വാക്കുകൾ  കേട്ട് ഒരു നിമിഷം ഗോപൻ ഞെട്ടലോടെ നിശ്ചലമാകുമ്പോൾ കരയിലേക്ക് ആഞ്ഞടിക്കുന്ന തിര പോലെ അവന്റെ ഹൃദയത്തിൽ താഴിട്ടു പൂട്ടിയ അവളുടെ പാതി ജീവൻ തുടിക്കുന്ന പ്രണയവാതിലിൽ  ആഞ്ഞടിക്കുന്നുണ്ടായിരുന്നു അവൾ ഇടർച്ചയോടെ പറഞ്ഞ അടർത്തിമാറ്റാൻ വെമ്പുന്ന ആ വാക്കുകൾ !

   " നമുക്ക് പിരിഞ്ഞാലോ ഗോപേട്ടാ "  !

 നെഞ്ചിലേക്ക് ആഴ്ന്നിറങ്ങുന്ന വേദനയിലും അവൻ ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു.  
     ആ ചോദ്യത്തോടൊപ്പം നീർമുത്തു പൊഴിയുന്ന കണ്ണുകളാൽ കല്യാണി അവന്റെ മുഖത്തേക്ക് തന്നെ കണ്ണെടുക്കാതെ നോക്കുമ്പോൾ അവന്റെ നിറമില്ലാത്ത പുഞ്ചിരി കണ്ടാവണം  ആ കണ്ണുകൾ നിറഞ്ഞുപെയ്യാൻ തുടങ്ങി. 
 
    " ഒന്ന് പ്രണയിക്കുമ്പോൾ,  ഇഷ്ട്ടപ്പെട്ട അയാളോടൊപ്പം ജീവിതം സ്വപ്നം കാണുമ്പോൾ  ആരുടെയൊക്കെ കണ്ണുനീർ കാണണം.  
ആരെയൊക്കെ മറക്കണം. ആരുടെയൊക്കെ വെറുപ്പും വിദ്വേഷവും ഏറ്റുവാങ്ങണം. 
      പിരിയാം  എന്ന ഒരു വാക്ക് കൊണ്ട് മുറിച്ചുമാറ്റാൻ പറ്റുന്നതല്ല നമ്മുടെ സ്വപ്നങ്ങളെ ബന്ധിച്ച സ്നേഹത്തിന്റെ കണ്ണികൾ.. പക്ഷേ.... 
  എനിക്കറിയില്ല ഗോപേട്ടാ... എന്ത് തീരുമാനിക്കണം എന്ന്. ഏത് വഴിക്ക്  സഞ്ചരിക്കണം എന്ന്." 

അവളുടെ വിങ്ങലുകൾക്കൊപ്പം തികട്ടിവന്ന വാക്കുകൾ  കൊണ്ട് ഹൃദയം മുറിപ്പെടുമ്പോൾ മറുത്തൊരു വാക്ക് പറയാൻ കഴിയാതെ എല്ലാം ഒരു പുഞ്ചിരിയിൽ ഒതുക്കി അവൻ . 

അല്ലെങ്കിൽ തന്നെ എന്ത് പറയാൻ. 
 നീ എന്നെ വിട്ട് പോകരുതെന്നോ. !

അവൻ അവളിൽ നിന്നും മുഖം തിരിച്ചു ദൂരേക്ക് നോക്കുമ്പോൾ അവന്റെ ഒരു വാക്കിനായ് കൊതിച്ച അവൾ നിരാശയോടെ ചോദിക്കുന്നുണ്ടായിരുന്നു 
  " എന്നോട് ഒന്നും പറയാനില്ലേ ഗോപേട്ടന് " എന്ന്. 

അത്‌ കേട്ട് അവൻ ഒന്ന് മന്ദഹസിച്ചു. പിന്നെ കയ്യിൽ കിട്ടിയ ചെറിയ കല്ലുകൾ ദൂരേക്ക് എറിഞ്ഞുകൊണ്ട് ശാന്തമായി പറയുന്നുണ്ടായിരുന്നു, 
    " കല്യാണി.... നിന്റെ ചോദ്യത്തിനുള്ളിൽ നീറുന്ന നിന്നെ എനിക്ക് മനസ്സിലാകും,  നിന്റെ അവസ്ഥയും. അതുകൊണ്ട് തന്നെ ഇവിടെ എന്റെ ഉത്തരത്തിന്  പ്രസക്തിയില്ല. 
         നിന്റെ തീരുമാനം..... അതെന്തുതന്നെ ആയാലും നിറഞ്ഞ സന്തോഷത്തോടെ അതിനെ കേൾക്കാൻ ഞാൻ എന്റെ മനസ്സിനെ പാകപ്പെടുത്തിയിട്ടുണ്ട്. അത്‌ വേറൊന്നും കൊണ്ടല്ല.... ജീവിതം ചിലപ്പോൾ അങ്ങനെ ആണെന്ന് ന്റെ അമ്മ പറയാറുണ്ട്. ചിരിക്കുകയും കൂടെ കരയുകയും ചെയ്യുന്ന കോമാളിയെ പോലെ... 

    ആഗ്രഹങ്ങൾക്കൊത്തു നമുക്ക് ഉയരാൻ കഴിഞ്ഞില്ലെങ്കിൽ അതിൽ ദുഃഖിക്കുന്നതിൽ അർത്ഥമില്ല. അവിടെ നാം ആരെന്ന് ചിന്തിക്കുക. നമ്മുടെ കുറവുകളെ മനസ്സിലാക്കുക. എന്നിട്ട് നാളേക്ക് വേണ്ടി ശ്രമിക്കുക. അമ്മയുടെ വാക്കുകളാട്ടോ !

      നീ പിരിയാം എന്ന് പറയുമ്പോൾ അത്‌ നിന്നെ എത്രത്തോളം വേദനിപ്പിക്കുന്നുണ്ടെന്ന് എനിക്ക് മനസ്സിലാകും. ആ വേദന ചിലപ്പോൾ നാളത്തെ സന്തോഷമാകുമെങ്കിൽ........ "

   അത്‌ പറയുമ്പോൾ മാത്രം എന്തോ തൊണ്ടയിൽ തറച്ചപോലെ വാക്കുകൾ ഒന്ന് ഇടറി. 
 ആ ഇടർച്ച അവൾ അറിയാതിരിക്കാൻ ശ്രമിച്ചെങ്കിലും അത്‌ മനസ്സിലായപ്പോലെ അവന്റെ കയ്യിൽ ഒന്ന് അമർത്തിപ്പിടിച്ചു കല്യാണി. 
 പിന്നെ പതിയെ അവന്റെ തോളിലേക്ക് ചാഞ്ഞിരിക്കുമ്പോൾ അവൻ ആ മുടിയിലൂടെ ഒന്ന് മൃദുവായി തലോടിക്കൊണ്ട് പറയുന്നുണ്ടായിരുന്നു , 
   "  നമ്മൾ ആഗ്രഹിക്കുന്നതെല്ലാം നടക്കണമെന്നില്ലല്ലോ മോളെ. അങ്ങനെ നടക്കുകയാണെങ്കിൽ വിരഹമെന്ന വാക്കിന് ഈ പ്രണയത്തിന്റെ ലോകത്ത്  പ്രസക്തിയില്ലാതായിപോകും.  
    പല പ്രണയം ഇങ്ങനെ ഒക്കെ ആണെടോ.. 
ജീവനോളം സ്നേഹിക്കും.  പിന്നെ ജീവൻ പോകുന്ന വേദനയോടെ അടർത്തിമാറ്റപ്പെടും.  "

     അവൾ അത്‌ കേട്ട് അവന്റെ കണ്ണുകളിലേക്ക് നോക്കി.  ആ കണ്ണുകൾ പറയുന്നുണ്ട്  നഷ്ടപ്പെടാൻ ആഗ്രഹിക്കുന്നില്ലെന്ന്. ഹൃദയമിടിപ്പിന്റ താളത്തിലുണ്ട് നഷ്ടപ്പെടുമോ എന്നുള്ള വേവലാതി. 
  മുടിയിഴകളിലൂടെ സഞ്ചരിക്കുന്ന കൈകൾ ചേർത്തുപിടിക്കാൻ വെമ്പുന്നുണ്ട്... 
     പക്ഷേ, ചുണ്ടുകൾ മാത്രം പറയാതെപറയുന്നുണ്ട് കള്ളം  ....... 

   " എനിക്ക് അറിയില്ല ഗോപേട്ടാ വലുത് ഏത് ചെറുത് ഏതെന്ന്. പ്രണയത്തെ ചേർത്തുപിടിക്കുമ്പോൾ ചിലപ്പോൾ നഷ്ടപ്പെടുന്നത് ഇത്രകാലം പോറ്റിവളർത്തിയ രണ്ട് ജീവിതങ്ങൾ ആവും. ആ ജീവിതങ്ങൾക്കൊപ്പം അവരുടെ ഇഷ്ട്ടങ്ങൾക്ക് വേണ്ടി സഞ്ചരിക്കുകയാണെങ്കിൽ നഷ്ടപ്പെടുന്നത് പാതി ജീവനായ പ്രണയവും. 
      ഇന്നലെ കൂടി അച്ഛൻ പറഞ്ഞു പ്രണയത്തിന്റെ  പേരിൽ പടിയിറങ്ങുകയാണെങ്കിൽ പിന്നെ നീ ഈ പടി കയറുന്നത് അച്ഛനും അമ്മക്കും വേണ്ടി പിണ്ഡച്ചോർ ഉരുട്ടിവെക്കാൻ ആയിരിക്കുമെന്ന്. 
  അതിനർത്ഥം.... 

      ആരെയും നഷ്ട്ടപ്പെടുത്തിക്കകൊണ്ട്..... 
വയ്യ ഗോപേട്ടാ....  
  ഒരു നിമിഷം ഈ ജീവിതം അവസാനിപ്പിച്ചാലോ എന്ന് വരെ...... "

അത്ര നേരം അവളെ കേട്ടിരുന്ന അവൻ ആ വാക്ക്  മുഴുവനാക്കുംമുന്നേ അവളുടെ വാ പൊത്തിപ്പിടിച്ചു. പിന്നെ രൂക്ഷമായി നോക്കികൊണ്ട് ശകാരിക്കും പോലെ പറയുന്നുണ്ടായിരുന്നു, 

  " ദേ, പെണ്ണെ... വേണ്ടാത്ത ചിന്ത വല്ലതും മനസ്സിൽ ഉണ്ടെങ്കിൽ മോള് അത്‌ കളഞ്ഞേക്ക്. 
ചാവണം പോലും... 
നീ ചത്തത് കൊണ്ട് ഈ പ്രശ്നം തീരുമോ... ഞാൻ സന്തോഷിക്കുമോ.. നിന്റെ വീട്ടുകാർ സന്തോഷിക്കുമോ.?  
മോളെ മരണം ഒന്നിനും പരിഹാരമല്ല.. മരിക്കാൻ എളുപ്പമാ.. പിന്നെ ഒന്നും അറിയണ്ടല്ലോ. മറ്റുള്ളവർ ആ മരണം കൊണ്ട് എത്ര വിഷമിക്കുമെന്നോ സ്നേഹിക്കുന്നവരുടെ മാനസികാവസ്ഥയൊ, ഒന്നും... എന്തെങ്കിലും വിഷമം വന്നാൽ അപ്പോൾ പോയി മരിക്കണം...  
   എടി,  മരിക്കാനല്ല,  ജീവിക്കാൻ ആണ് പ്രയാസം.
 നമുക്ക് മുന്നിൽ വരുന്ന പ്രശ്നങ്ങളെ തരണം ചെയ്ത് മുന്നോട്ട് പോകാനാണ് നമ്മൾ ശ്രമിക്കേണ്ടത്. 
   ഇതിപ്പോ ഒരു ഇഷ്ട്ടത്തിന്റെ പേരിൽ നീ മരിച്ചാൽ അത്‌ കൊണ്ട് നഷ്ട്ടം സഹിക്കേണ്ടി വരുന്നവരെ കുറിച്ചൊന്നു മോള് ആലോചിച്ചു നോക്ക്.  നിന്റെ നല്ല ജീവിതം സ്വപ്നം കാണുന്ന വീട്ടുകാരെ തോൽപ്പിക്കുന്നതിനു തുല്യമല്ലെ അതും. അവര് ആരുടെ മുന്നിലും തല കുനിക്കാതിരിക്കാൻ അല്ലെ നീ നമുക്ക് പിരിയാം എന്ന് പറഞ്ഞത്. എന്നിട്ടിപ്പോ.... "

  അവൻ മയത്തിൽ അവളെ കാര്യങ്ങൾ ധരിപ്പിക്കുമ്പോൾ നിറഞ്ഞൊഴുകിയ കണ്ണുകൾ തുടച്ചുകൊണ്ട് അവൾ പറയുന്നുണ്ടായിരുന്നു " സോറി ഏട്ടാ.. മനസ്സ് ചിലപ്പോൾ കൈവിട്ട പോകുവാ " എന്ന്. 
 
   സാരമില്ലെന്നും പറഞ്ഞ് അവളെ ഒന്നുകൂടി ചേർത്തുപിടിച്ചു അവൻ. പിന്നെ ആ കണ്ണുനീർ തുടച്ചുകൊണ്ട് പതിയെ എഴുനേറ്റു. 
  " വാ,  നമുക്ക് കുറച്ചു നേരം നടക്കാം " എന്നും പറഞ്ഞ് അവളുടെ കയ്യിൽ പിടിച്ച് എഴുനേൽപ്പൊച്ചുകൊണ്ട് ആ കരിങ്കൽകെട്ടിൽ നിന്നും മണലിലേക്ക് ഇറങ്ങി മുന്നോട്ട് നടക്കാൻ തുടങ്ങി. 

   " കല്യാണി,  എനിക്ക് മനസ്സിലാകും എല്ലാം.. നിന്റെ വീട്ടുകാർ. അച്ഛൻ,  അന്തസ്സ്.... ഒരിക്കലും അവർക്ക് അംഗീകരിക്കാൻ പറ്റാത്ത ഒരാളാണ് ഞാൻ.. 
      പറയാൻ ചെറിയ ഒരു ജോലിയുള്ളതൊഴിച്ചാൽ  വേറെ എന്തുണ്ട് എനിക്ക്. ഒന്ന് നേരെ നടക്കാൻ പോലും വയ്യാത്ത ഞൊണ്ടിക്കാലൻ. ഒരു പ്രൈവറ്റ് ബാങ്ക് ആയത് കൊണ്ട് എന്ന് വേണമെങ്കിലും നഷ്ട്ടപ്പെടാവുന്ന ജോലി. പെങ്ങൾ, അമ്മ,  കടങ്ങൾ... അങ്ങനെ ഒരു പ്രാരാബ്ധങ്ങൾക്ക് നടുവിലേക്ക് ഒരിക്കലും നിന്റെ അച്ഛൻ നിന്നെ വിടില്ല.. വളർത്തിവലുതാക്കിയ വീട്ടുകാരെ ഉപേക്ഷിക്കാനും പറയാൻ കഴിയില്ല.
 അതിന്റ വേദന ഇപ്പോൾ മനസ്സിലാവില്ലെങ്കിലും എനിക്കും ഉണ്ട്‌ ഒരു പെങ്ങൾ.. നാളെ അവൾ മറ്റൊരാൾക്കൊപ്പം പോയാൽ... 
അപ്പഴേ ആ നഷ്ടങ്ങളുടെ വേദന  മനസ്സിലാകൂ. 
         നീ പറഞ്ഞതാണ് ശരി.. സന്തോഷത്തോടെ നമുക്ക് പിരിയാം... നമ്മൾ  ഒരു ഇഷ്ട്ടം നഷ്ടപ്പെടുത്താൻ തയാറായാൽ  അത്‌  വലിയൊരു സന്തോഷത്തിനു കാരണമാകുമെങ്കിൽ നമുക്ക് പിരിയാം കല്യാണി. 
    പക്ഷെ,  അവസാനശ്രമം എന്നോണം ഞാൻ വരും നിന്റെ വീട്ടിൽ.. നിന്നെ ചോദിക്കാൻ...  സന്തോഷത്തോടെ ഉള്ള ഒരു സ്വീകരണമോ സ്നേഹത്തോടെ ഉള്ള വാക്കോ പ്രതീക്ഷിച്ചല്ല.    കൈപ്പിടിയിൽ ചേർത്തുപിടിച്ച മണൽത്തരികൾ വിരലിനിടയിലൂടെ ഊർന്നിറങ്ങുമ്പോഴും നമ്മൾ ശ്രമിക്കില്ലേ കൈവിട്ടുകളയാതിരിക്കാൻ,  അതുപോലെ  നഷ്ടപ്പെടുമെന്ന് മനസ്സ് പറയുമ്പോഴും ആ മനസ്സിനെ പോലും വിശ്വസിക്കാതെ പ്രതീക്ഷയുടെ അറ്റം പിടിക്കാൻ... 
  പ്രണയം കൈവിട്ടുപോകാതിരിക്കാനുള്ള അവസാന ശ്രമം. !"

എന്നും പറഞ്ഞുകൊണ്ട് അവൻ അവളുടെ മുഖത്തേക്ക് നോക്കി പുഞ്ചിരിക്കുമ്പോൾ ആ ചിരിക്ക് പിന്നിൽ ഒരു പെരുമഴക്കാലം പേമാരി പെയ്യാൻ കാത്തിരിപ്പുണ്ടെന്ന് അവൾക്ക് അറിയാമായിരുന്നു. 
   
    വീട്ടിലേക്ക് വരാനോ വരേണ്ടെന്നോ പറയാൻ കഴിയുന്നില്ലായിരുന്നു അവൾക്ക്. വന്നാൽ പുച്ഛത്തോടെ മാത്രമാകും അച്ഛൻ ഗോപേട്ടനെ കാണുന്നത്. 
  ഒരിക്കലും നല്ല ഒരു സ്വീകരണം പ്രതീക്ഷിക്കണ്ട. 
   ചിലപ്പോൾ അച്ഛന്റെ വാക്കുകൾക്ക് മുന്നിൽ അപമാനഭാരത്താൽ തല കുനിച്ചിറങ്ങേണ്ടി വരും. 
അങ്ങനെ ഒരു കാഴ്ച കൂടി താൻ കാണേണ്ടി വരുമല്ലോ എന്നോർക്കുമ്പോൾ ഇപ്പഴേ പിടക്കുന്നുണ്ട് മനസ്സ്. 

പക്ഷേ, വരേണ്ടെന്ന് പറയാനും കഴിയുന്നില്ല. 
അത്‌ ചിലപ്പോൾ ഈ മനസ്സിനെ വേദനിപ്പിക്കും. 
മനപ്പൂർവം അകലാൻ ശ്രമിക്കുകയാണെന്ന് തോന്നിയാൽ.... 
      ഗോപേട്ടൻ പറഞ്ഞപ്പോലെ,  ഒരു അവസാന പ്രതീക്ഷ.. 
  നടക്കുമെന്ന് ഉറപ്പില്ലെങ്കിലും വിശ്വാസം കൈവിടാതെ പ്രണയത്തിനൊപ്പം സഞ്ചരിക്കാൻ വേണ്ടി ഒരു അവസാന ശ്രമം. "

 പക്ഷേ, മനസ്സിലുള്ള തോന്നലുകൾ ഒന്നും പറയാതെ അവന്റെ കൈ കോർത്തുപിടിച്ചു മുന്നോട് നടന്നു ഒരുപാട് ദൂരം.. ശാന്തമാകാത്ത കടൽ പോലെയായിരുന്നു അവരുടെ മനസ്സും. 
  
   ഇനി ഇങ്ങനെ കൈ കോർത്തിപിടിച്ചൊരു നടത്തം ഉണ്ടാകുമോ എന്ന് പോലും അറിയില്ല. 
മഹേഷുമായുള്ള വിവാഹം വീട്ടുകാർ തീരുമാനിച്ച മട്ടാണ്. ഗോപേട്ടൻ വീട്ടിലേക്ക് വന്നു പെണ്ണ് ചോദിച്ചാൽ പോലും ഉറപ്പില്ല വീട്ടുകാർ ഗോപേട്ടന്റെ കുറവുകളെ അംഗീകരിക്കുമെന്ന്. ഞങ്ങടെ പ്രണയത്തെ രണ്ട് കയ്യുംനീട്ടി സ്വീകരിക്കുമെന്ന്. 
   അതുപോലെ ഇപ്പോൾ തീരുമാനിച്ച കല്യാണത്തിൽ നിന്ന് പിന്മാറുമെന്നും. 

അങ്ങനെ ആണെങ്കിൽ ചിലപ്പോൾ ഇത് അവസാനത്തെ നടത്തമായിരിക്കും. ഇനി ഇങ്ങനെ ഒന്ന് കൈകോർത്തു പിടിക്കാൻ,  ഈ തോളിലേക്ക് ചാഞ്ഞു പരിഭവം പറയാൻ,  കണ്ണുകളിലേക്ക് നോക്കി പ്രണയം പങ്കിടാൻ ഒന്നും കഴിഞ്ഞെന്ന് വരില്ല എന്നോർക്കുമ്പോൾ ഞെഞ്ചിൽ ഒരു ഭാരം തങ്ങിനിൽക്കുന്നപോലെ തോന്നി അവൾക്ക്. അതോടൊപ്പം അവന്റെ കയ്യിൽ ഒന്നുകൂടി മുറുക്കിപിടിച്ചു കല്യാണി. 

   "  എടി പെണ്ണെ... പരിഭവം പറഞ്ഞ് പറഞ്ഞ് സമയം പോയതറിഞ്ഞില്ല... നോക്ക് ഉച്ചയായി.. നിനക്ക് ഉച്ചവരെ അല്ലെ ക്ലാസുള്ളൂ. ഇനീം വൈകിയാൽ ചിലപ്പോൾ ഇന്നത്തോടെ തീരും എല്ലാം.. നിന്റെ പഠിത്തം പോലും. അതുകൊണ്ട് നമുക്ക് പോകാം.... "  

അവളും വാച്ചിലേക്ക് നോക്കികൊണ്ട്  പതിയെ തലയാട്ടി. പിന്നെ അവന്റെ കയ്യിൽ നിന്നും പതിയെ അവന്റെ നിഴൽ ചേർന്ന് നടന്നു റോഡിലേക്ക്. മുന്നോട്ട് നടക്കുംതോറും പിരിയാൻ മനസ്സ് സമ്മതിക്കുന്നുണ്ടായിരുന്നില്ല. 
ഇനി ഇതുപോലെ.... 
അറിയില്ല... ദൈവം കരുതിവെച്ച തീരുമാനം എന്തെന്ന്. 
 റോഡിലേക്ക് കേറി ഒരു വണ്ടിക്ക് വേണ്ടി കാത്തുനിൽക്കുമ്പോൾ അവന്റെ പിന്നിലേക്ക് നിന്നും അവൾ,  നിറയുന്ന കണ്ണുകൾ അവൻ കാണാതിരിക്കാൻ. 

  അതൊന്നും ശ്രദ്ധിക്കാതെ അടുത്തേക്ക് വരുന്ന ഓട്ടോക്ക് കൈകാണിച്ചു നിർത്തി അവളോട് കേറാൻ പറയുമ്പോൾ പോക്കറ്റിൽ നിന്നും ഓട്ടോ കാശ് നൽകികൊണ്ട് "ടൗണിൽ ഒന്ന് വിട്ടേക്ക് ചേട്ടാ " എന്ന് പറഞ്ഞ അവനെ അവൾ കണ്ണെടുക്കാതെ നോക്കുന്നുണ്ടായിരുന്നു. 

   " ഒന്ന് കരഞ്ഞൂടെ  ഏട്ടാ.. ന്തിനാ ന്റെ മുന്നിൽ ങ്ങനെ കടിച്ചുപിടിച്ചു നിൽക്കുന്നത്. എന്തിനാ ഒരു ചിരി കൊണ്ട് കബളിപ്പിക്കുന്നത്.. പൊട്ടിക്കരയുന്ന മനസ്സിനെ ഒന്ന് സ്വതന്ത്രമാക്കി വിട്ടൂടെ... ഞാൻ കരയാതിരിക്കാൻ വേണ്ടി ന്തിനാ ങ്ങനെ സ്വയം ... "
 അവളുടെ മനസ്സ് വിങ്ങിപ്പൊട്ടുകയായിരുന്നു. 

" നീ പൊക്കോ കല്യാണി.. ഞാൻ കുറച്ചു നേരം കൂടി ഇവിടെ ഇരിക്കട്ടെ.. ന്തായാലും ലീവ് ആയി. ഇനി കടലിനോട് ഒരു കഥ പറയട്ടെ ഞാൻ....
നീ പൊക്കോ " 
എന്നും പറഞ്ഞ് മുഖം തിരിക്കുമ്പോൾ മുന്നോട്ട് പോകുന്ന ഓട്ടോയിൽ അവൾ തല പിന്നെലേക്ക് അമര്ത്തിക്കിടന്നു പൊട്ടിക്കരയുകയായിരുന്നു. 

    ഓട്ടോ കണ്മുന്നിൽ നിന്നും മറയുന്നത് വരെ അവൻ അതേ നിൽപ്പ് തുടർന്നു. പിന്നെ കയ്യിൽ കരുതിയ ബാഗിൽ നിന്നും വെള്ളക്കുപ്പി എടുത്തു മുഖം കഴുകുമ്പോൾ  " ഗോപൻ " എന്നും വിളിച്ചുകൊണ്ട് അപ്രതീക്ഷിതമായി തോളിൽ പതിഞ്ഞ കൈ കണ്ട് അവൻ പെട്ടന്ന് തിരിഞ്ഞുനോക്കി. 

    മുന്നിൽ നിൽക്കുന്ന ആളെ കണ്ട് അമ്പരപ്പോടെ  ആ മുഖത്തേക്ക് നോക്കുമ്പോൾ അയാൾ ഗോപന് നേരെ കൈ നീട്ടിയിരുന്നു ഷേക്ഹാൻന്റിനായി. !

          
#കല്യാണി             ( നാല് ) 
--------------------

ഓട്ടോ കണ്മുന്നിൽ നിന്നും മറയുന്നത് വരെ അവൻ അതേ നിൽപ്പ് തുടർന്നു. പിന്നെ കയ്യിൽ കരുതിയ ബാഗിൽ നിന്നും വെള്ളക്കുപ്പി എടുത്തു മുഖം കഴുകുമ്പോൾ  " ഗോപൻ " എന്നും വിളിച്ചുകൊണ്ട് അപ്രതീക്ഷിതമായി തോളിൽ പതിഞ്ഞ കൈ കണ്ട് അവൻ പെട്ടന്ന് തിരിഞ്ഞുനോക്കി. 

    മുന്നിൽ നിൽക്കുന്ന ആളെ കണ്ട് അമ്പരപ്പോടെ  ആ മുഖത്തേക്ക് നോക്കുമ്പോൾ അയാൾ ഗോപന് നേരെ കൈ നീട്ടിയിരുന്നു ഷേക്ഹാൻന്റിനായി. !

  " ടാ.. നീ "

  അപ്രതീക്ഷിതമായി കണ്ട ആ മുഖത്തേക്ക് അത്ഭുതത്തോടെ നോക്കുമ്പോൾ  അയാൾ പുഞ്ചിരിയോടെ ചോദിക്കുന്നുണ്ടായിരുന്നു
 " എന്താണ് മിസ്റ്റർ ഗോപൻ... ഒരാൾ ഔപചാരികതയോടെ കൈ നീട്ടുമ്പോൾ തിരിച്ചും അത്‌ പ്രതീക്ഷിക്കുന്നതിൽ തെറ്റുണ്ടോ " എന്ന്. 
   
   പെട്ടന്ന് ആ മുഖം കണ്ടുള്ള ഷോക്കിൽ നിൽക്കുകയായിരുന്ന ഗോപൻ പുഞ്ചിരിയോടെ ആ കൈ തട്ടിമാറ്റി അവനെ  അതിയായ സന്തോഷത്തോടെ ആലിംഗനം ചെയ്യുമ്പോൾ " നമ്മൾ തമ്മിൽ വേണോ മഹേഷ്  ഇതുപോലെ ഉള്ള ഔപചാരികതയോക്കെ " എന്ന് ചോദിക്കുന്നുണ്ടായിരുന്നു അവൻ. 

പിന്നെ  ആ സന്തോഷനിമിഷങ്ങളിലെ ആലിംഗനത്തിൽ നിന്നും അവനെ മോചിതനാക്കികൊണ്ട് കയ്യിലെ കുപ്പിയിൽ നിന്നും കുറച്ചു വെള്ളം വായിലേക്ക് ഒഴിച്ച് കുപ്പി തിരികെ ബാഗിലേക്ക് വെച്ചു. 

" എത്ര നാളയെടാ  കണ്ടിട്ട്. ഒരു വിവരവും ഇല്ലായിരുന്നല്ലോ നിന്നെ കുറിച്ച്. നമ്പറിൽ വിളിക്കുമ്പോൾ ഫോൺ സ്വിച്ച്ഓഫ്‌. ന്നാ എന്നെങ്കിലും ഒന്ന് ഇങ്ങോട്ട് വിളിക്കുക,  അതും ഇല്ല.  അല്ലെങ്കിൽ തന്നെ ബാങ്ക് മാനേജർക്ക് ഈ ക്ലാർക്കിനെ വിളിക്കാനൊക്കെ എവിടെ സമയം അല്ലെ.?   ന്തായാലും അവിചാരിതമായിട്ടാണെങ്കിലും ഈ തിരുമോന്ത ഒന്ന് കാണാൻ കഴിഞ്ഞല്ലോ. സന്തോഷം സർ " 

    അവന്റെ പരാതിയും പരിഭവവും കേട്ട് മഹേഷ്‌ ഒന്ന് ചിരിച്ചു. പിന്നെ ഗോപന്റെ തോളിൽ കയ്യിട്ടുകൊണ്ട് മുന്നോട്ട് നടന്നു. 

  " ടാ,  ഞാൻ മനപ്പൂർവം വിളിക്കാത്തതല്ല. കുറച്ചു തിരക്കുകൾ,  പിന്നെ എന്റെ പഴയ നമ്പർ ഇപ്പോൾ ഇല്ല. അതുകൊണ്ടാണ് അതിലേക്ക് വിളിച്ചാൽ കിട്ടാത്തത്. പിന്നെ കരുതി നിന്നെ നേരിൽ കാണാമെന്ന്.  കാണണമല്ലോ "

അത്‌ പറയുമ്പോൾ മാത്രം ആ വാക്കിനൊരു ഊന്നൽ കൊടുത്തിരുന്നു മഹേഷ്‌. അതോടൊപ്പം എല്ലാം കേട്ട് കൂടെ നടക്കുന്ന ഗോപനെ ഒരു പുച്ഛഭാവത്തോടെ ഇടംകണ്ണിട്ടു നോക്കികൊണ്ടായിരുന്നു മഹേഷ്‌ തുടർന്നത്, 

  "  ഇപ്പോൾ ഞാൻ വന്നത് രണ്ട് കാര്യങ്ങൾക്ക് വേണ്ടിയാണ്. ഒന്ന് ഞാൻ നാട്ടിലേക്ക് വരുന്നു ഇനി സ്ഥിരമായി. അതിനിടക്ക് ഒരു ലോങ്ങ്‌ ലീവ് എടുത്തു. 
 രണ്ടാമത്തെ കാര്യം വീട്ടുകാരൊക്കെ കൂടി ഒരു പെണ്ണ് കെട്ടിച്ചെന്നെ തളച്ചിടാൻ പോകുന്നു. 
   നിനക്കറിയാലോ രണ്ടും എനിക്ക് അലര്ജിയാണെന്ന്. നാട്ടിൽ നിൽക്കലും പെണ്ണ് കെട്ടലും. 
  പക്ഷേ,  വീട്ടുകാരുടെ നിർബന്ധം. പിന്നെ അറിയുന്ന കുട്ടി കൂടി ആയത് കൊണ്ട് പകുതി സമ്മതത്തിൽ ങ്ങനെ നിൽകുവാ.. "

  അതും പറഞ്ഞുകൊണ്ട് മഹേഷ്‌ പൊട്ടിച്ചിരിക്കുമ്പോൾ ആ ചിരിക്കൊപ്പം ഒന്ന് മന്ദഹസിച്ചു ഗോപൻ. പിന്നെ കടലിലേക്ക് തണൽ വീശുന്ന ഒരു മരത്തിനു താഴെ അവനെയും കൂട്ടി ഇരിക്കുമ്പോൾ വല്ലാത്തൊരു പരവേശം തോന്നിയിരുന്നു അവന്. 

 പതിയെ പാതി ചത്ത കാലിൽ വെറുതെ തടവുമ്പോൾ മുഖത്തു മിന്നിയ പുഞ്ചിരിയോടെ തന്നെ മഹേഷിനോടായി പറയുന്നുണ്ടായിരുന്നു അവൻ " കുറെ നടന്നാൽ ഒരു കട്ടുകഴപ്പാ.. പിന്നെ ഒരു പെരുപ്പും.  " എന്ന്. 

  " അതൊക്ക പോട്ടെ.. നീ എങ്ങിനെ ഇവിടെ എത്തി. ഞാൻ ഇവിടെ ഉണ്ടെന്ന് ആര് പറഞ്ഞു. ഞാൻ ഇങ്ങോട്ട് വരുന്ന കാര്യം ആർക്കും അറിയില്ലല്ലോ " 

 ഇടക്കെന്തൊ ചിന്തിച്ചുകൊണ്ട് കാലിൽ തടവുന്നതിനോടൊപ്പം ഗോപൻ മഹേഷിനോടായി ചോദിക്കുമ്പോൾ  മുഖത്തെ കണ്ണട അഴിച്ചു കർച്ചീഫിൽ തുടക്കുന്നതിനോടൊപ്പം ചുണ്ടിൽ വിടർന്ന പുച്ഛം കലർന്ന മന്ദഹാസത്തോടെ മഹേഷ്‌ പറയുന്നുണ്ടായിരുന്നു 
   " നീ ഉള്ളിടത്തു വരേണ്ടദിപ്പോ ന്റെ ആവശ്യം അല്ലെ മോനെ. നീ എനിക്ക് അത്ര പ്രിയപ്പെട്ടവൻ അല്ലെ,..! അന്നും.. ഇന്നും  ! ഇനി അങ്ങോട്ടും !
 അപ്പോൾ പിന്നെ കണ്ടുപിടിക്കേണ്ട ആളാണെങ്കിൽ എന്ത് ചെയ്തിട്ടാണേലും ഈ മഹേഷ്‌മേനോൻ കണ്ടുപിടിക്കുമെന്ന് നിനക്ക് അറിയില്ലേ. 
  അതൊരു വാശിയായി ഏറ്റെടുത്താൽ പിന്നെ അതിന്റ അറ്റം കാണാതെ പിറകോട്ട് പോകില്ലെന്ന് എല്ലാവരേക്കാൾ കൂടുതൽ അറിയുന്ന വെക്തിയല്ലേ നീ.?"
അത്‌ പറയുമ്പോൾ വാക്കുകൾക്കു വല്ലാത്തൊരു മൂർച്ചയുണ്ടായിരുന്നു. അതോടൊപ്പം  മഹേഷിന്റെ നോട്ടത്തിൽ നിറഞ്ഞു നിൽക്കുന്ന ക്രൗര്യത  ഗോപന് മാത്രം മനസിലാക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. 

     അല്ലെങ്കിൽ തന്നെ എന്നും കൂടെ നിന്നിട്ടുള്ള പ്രിയപ്പെട്ട കൂട്ടുകാരനെ  കുറെ നാളുകള്ക്ക് ശേഷം കാണുമ്പോൾ അത്‌ ജീവിതം തന്നെ മാറ്റിമറിക്കാൻ പോകുന്ന കൂടിക്കാഴ്ചയായി മാറുമെന്ന് എങ്ങിനെ മനസ്സിലാവാൻ. 
   ഒന്നുമില്ലായ്മയിൽ നിന്നും കൈ പിടിച്ചുയർത്തിയവനാണ് മുന്നിൽ ഇരിക്കുന്നത്. 
 കഷ്ടപ്പാടുകൾക്ക് നടുവിൽ ജീവിതം ഒരു ചോദ്യചിന്ഹമായി നിൽക്കുമ്പോൾ  അതിൽ നിന്നും ഒരു കര കാണിച്ചു തന്നവനാണ്. 
   ബാങ്കിൽ ഒരു ജോലി ശരിയാക്കിത്തന്ന്  കഷ്ടപ്പാടിന്റെ പ്രളയകുത്തിൽ അകപ്പെട്ടവനെ ഒരു കൈ തന്ന് ജീവിതത്തിലേക്ക് പിടിച്ചിയർത്തിയ പ്രിയപ്പെട്ടവൻ. 
    അതിന്റ നന്ദിയും കടപ്പാടും എന്നും മനസ്സിലും വാക്കുകളിലും ഉണ്ടായിരുന്നു ഗോപന്റെ. 

        " നീ എന്താടാ. ആലോചിക്കുന്നത്.  കുറെ നേരമായി ഞാൻ ശ്രദ്ധിക്കുന്നു ആകെ ഒരു മൂകത.  മുന്നിൽ ഞാൻ ഇരിക്കുന്നത് കൊണ്ട് മാത്രം നിവർത്തിയില്ലാതെ ചിരിക്കുന്നപോലെ.
 കണ്ണുകൾ  ആകെ മൂടിക്കെട്ടി... ന്തോ ഉണ്ടല്ലോ മോനെ....  "

ഇത്ര നേരം മുന്നിൽ ഒരു സിനിമ പോലെ ഓടിയതെല്ലാം കണ്ടില്ലെന്ന മട്ടിൽ ഒരു കൗശലക്കാരന്റെ ബുദ്ധിയോടെ ഗോപനേ ചുഴിഞ്ഞുനോക്കികൊണ്ട് ചോദിക്കുമ്പോൾ  അതിനുള്ള മറുപടിയും ഒരു ചിരിയിലൊതുക്കി അവൻ. 

   പിന്നെ  കടലിന്റെ തിരകളുടെ സങ്കടങ്ങളെ അറിഞ്ഞ് അവരുടെ അലകളിലേക്ക് മനസ്സിനെ ലയിപ്പിക്കുംപ്പോലെ നിർവികാരതയോടെ  കടലിലേക്ക് നോക്കിയിരുന്നു. 

    അത്‌ കണ്ടാവണം കൂടുതലൊന്നും ചോദിക്കാതെ " നീ വാ.. ആദ്യം നമുക്ക് വല്ലതും കഴിക്കാം... എന്നിട്ടാവാം ബാക്കി വിശേഷങ്ങൾ " എന്നും പറഞ്ഞ്  മഹേഷ്‌ പതിയെ എഴുനേറ്റ് കൂടെ എഴുന്നേറ്റ ഗോപനോടൊപ്പം റോഡിലേക്ക് നടന്നു.  
      അപ്പോഴും മഹേഷിന്റെ ചുണ്ടുകളിൽ ഗൂഢമായ ഒരു പുഞ്ചിരി ഒളിഞ്ഞിരിപ്പുണ്ടായിരുന്നു.  

         --------------------------------------------------------

  രാത്രി വീട്ടിലേക്ക് കേറി ചെല്ലുമ്പോഴും കഞ്ഞിക്കു മുന്നിലിരിക്കിമ്പോഴുമെല്ലാം മനസ്സ് അസ്വസ്ഥമായിരുന്നു ഗോപന്റെ. 
    മനസ്സിനെ എവിടെയും പിടിച്ചുനിർത്താൻ കഴിയുന്നില്ല. 
  ചങ്കിൽ എന്തോ തടഞ്ഞുനിൽക്കുംപ്പോലെ.. 
    ജീവനോളം സ്നേഹിച്ചവൾ നാളെ മറ്റൊരാളുടെ ജീവിതത്തിന്റെ ഭാഗമാകുമ്പോൾ അത്‌ തനിക്ക് എത്രത്തോളം താങ്ങാൻ കഴിയുമെന്ന് അറിയില്ലായിരുന്നു അവന്. 
 രണ്ട്  മനസ്സുകളെ അടർത്തിമാറ്റാൻ എളുപ്പമാണ്. പക്ഷേ അതേ മനസ്സുകളെ ജീവിതത്തിലേക്ക് ചേർത്തുവെക്കാൻ മുന്നിൽ ഒരുപാട് കടമ്പകളുണ്ട്. മനസ്സുകൊണ്ടും ശരീരംകൊണ്ടും സമ്പത്തു കൊണ്ടും ജയിക്കാൻ കഴിയുന്നവന്റ മുന്നിൽ ഇതെലാം നിസ്സാരമായിരിക്കാം. പക്ഷേ  ഇതൊന്നുമിലാത്ത തന്നെ പോലുള്ളവർക്ക് ശരിക്കും പ്രണയിക്കാൻ പോലും അർഹത ഇല്ല . "

കഞ്ഞിക്കു മുന്നിലിരുന്ന് ഓരോന്നു ആലോചിക്കുംതോറും അവന് ഭ്രാന്ത് പിടിക്കുന്നുണ്ടായിരുന്നു. 
     അവന്റെ ആ ഇരിപ്പും മുന്നിൽ ആറിത്തണുത്ത കഞ്ഞിയും കണ്ട് " ഇതെന്ത് പറ്റി ഈ ചെക്കന് " എന്നും ആലോചിച്ച്  അവന്റ അരികിലേക്ക് വന്ന അമ്മ ആ മുടിയിലൂടെ തലോടിക്കൊണ്ട്
 " ഇന്നെന്താ പറ്റിയത് നിനക്ക്?  വന്നപ്പോൾ മുതൽ ഞാൻ ശ്രദ്ധിക്കുന്നതാ.. ആരെയും നോക്കുന്നില്ല, ചിരിക്കുന്നില്ല ,  ഒന്നും മിണ്ടുന്നില്ല.  നനഞ്ഞ കോഴിയെ പോലെ വാടിതൂങ്ങിയുള്ള ഈ ഇരിപ്പ്. മുന്നിലുള്ള കഞ്ഞി ഒന്ന് തൊട്ടിട്ടു കൂടിയില്ല.  ന്ത്‌ പറ്റിയെടാ " എന്ന് ചോദിക്കുമ്പോൾ അത്‌ വരെ കരയാതെ പിടിച്ചുനിന്ന അവൻ അമ്മയുടെ കയ്യിലേക്ക് മുഖം ചേർത്തു വിങ്ങിപ്പൊട്ടിക്കൊണ്ട് പറയുന്നുണ്ടായിരുന്നു 
  "  അമ്മ പറഞ്ഞപോലെ  വിരഹം വല്ലാത്തൊരു വേദനയാണ് അമ്മേ " എന്ന്. 

അത്‌ കേട്ടപ്പോൾ തന്നെ അമ്മക്ക് കുറച്ചൊക്കെ കാര്യങ്ങൾ മനസ്സിലാക്കൻ കഴിയുന്നുണ്ടായിരുന്നു. ഒരിക്കൽ ഇതേ അവസ്ഥയിൽ നിന്നത് കൊണ്ടാവാം  മകന്റെ വേദനയെ മനസ്സിലാക്കുമ്പോലെ  പൊട്ടിക്കരയുന്ന അവനെ ചേർത്തുപിടിച്ചു മുടിയിൽ പിന്നെയും തഴുകുമ്പോൾ  അമ്മയുടെ മനസ്സ് പറയുന്നുണ്ടായിരുന്നു " കരയട്ടെ.. മതിയാവോളം.. ആ കണ്ണുനീരിനൊപ്പം കുറച്ചെങ്കിലും വിഷമത്തെ അലിയിച്ചുകളയാൻ ന്റെ കുട്ടിക്ക് കഴിയട്ടെ " എന്ന്.  

  കുറച്ച് നേരത്തെ ആ ഇരിപ്പിനു ശേഷം വയറിൽ കൈ ചുറ്റി കരച്ചിലടക്കാൻ പാട് പെടുന്ന മകന്റെ മുഖം പിടിച്ചുയർത്തി അവനോട് മുഖം കഴുകാൻ ആവശ്യപ്പെട്ടു. പിന്നെ ആറിത്തണുത്ത കഞ്ഞി എടുത്ത് അടുക്കളയിലേക്ക് നടക്കാൻ തുടങ്ങുമ്പോൾ അമ്മ ഓര്മ്മിപ്പിക്കലെന്നോണം പറയുന്നുണ്ടായിരുന്നു 
  " മോനെ പ്രണയിക്കാൻ പ്രയാസമില്ല. പക്ഷേ, ആ പ്രണയത്തെ ജീവിതമാക്കി മാറ്റാനും ആ  ജീവിതത്തെ അവസാനം വരെ  പ്രണയിക്കാനും ഒരു ഭാഗ്യം വേണം. കൂടെ ഉള്ളപ്പോൾ അറിയാത്ത ഒന്ന് നഷ്ടപ്പെടുമ്പോൾ നമ്മൾ അറിയും, 
  കൂടെ ഉള്ളപ്പോൾ നാം അറിയാതെ പോയ സ്നേഹത്തിന്റെ ആഴം. !
      ആ ആഴം നമ്മളെ ആഴത്തിൽ മുറിവേല്പിക്കും. 
മറ്റെന്തിനേക്കാളൂം വലിയ മുറിവായി ജീവിതകാലം മുഴുവൻ നമ്മോടൊപ്പം അതുണ്ടാകും.  
  മറക്കാൻ ശ്രമിക്കുമ്പോൾ കൂടുതൽ ഓർമ്മിപ്പിക്കും.  
  പ്രണയം വല്ലാത്തൊരു അനുഭൂതിയാണ്.. 
  അത്‌ പ്രണയിക്കപ്പെടുമ്പോൾ മാത്രമല്ല,  വിരഹത്തോടൊപ്പം സഞ്ചരിക്കുമ്പോഴും !
     ന്റെ മോൻ അതോർത്തിനി വിഷമിക്കരുത്. അവൾ നിനക്ക് വിധിച്ചതാണെങ്കിൽ അവളെ നിനക്ക് തന്നെ കിട്ടും.   അതിപ്പോ ആര് എതിർത്താലും തളർത്തിയാലും. 
    അതുകൊണ്ട്  നീ ഇനി നേരിട്ട് പോണം ആ കുട്ടിയുടെ വീട്ടിൽ. പെണ്ണ് ചോദിക്കാൻ... നാളെ നേരിട്ട് ചോദിച്ചിരുന്നെങ്കിൽ ഒന്ന് ആലോചിക്കാമായിരുന്നു എന്ന് അവർക്ക് പറയാനുള്ള ഒരു ഇട കൊടുക്കരുത്. 
  തരുന്നതും തരാതിരിക്കുന്നതും അവരുടെ ഇഷ്ട്ടം . " 

അതും പറഞ്ഞ് അവനെ നോക്കി ഒന്ന് ചിരിക്കാൻ ശ്രമിച്ചുകൊണ്ട് അമ്മ അടുക്കളയിലേക്ക് പോകുമ്പോൾ  അവനും മനസ്സിൽ തീരുമാനിച്ചിരുന്നു  
 "  നേരിട്ട് പോയി പെണ്ണ് ചോദിക്കാം.  അപമാനിക്കപെട്ടാലും  അവൾക്കായി അവസാന ശ്രമം " എന്ന്. 

             -------------------------------------------

 രാവിലെ  കുളിച്ചു നല്ല ഡ്രസ്സ്‌ ഒക്കെ ഇട്ട് പുറത്തേക്കിറങ്ങുമ്പോൾ അവനെ പടിക്കലോളം അനുഗമിക്കാൻ അമ്മയും അനിയത്തിയും ഉണ്ടായിരുന്നു. 
  ഗേറ്റ് കടന്ന് പുറത്തേക്ക് ഇറങ്ങുമ്പോൾ ഗോപൻ  ഒരു ധൈര്യമെന്നോണം ഒന്നുകൂടി തിരിഞ്ഞുനോക്കി. അവിടെ അവനെ നോക്കി പുഞ്ചിരിയോടെ നിൽക്കുന്ന അമ്മയുടെ പ്രസന്നമായ മുഖം കാണുമ്പോൾ തന്നെ മനസിന്‌ ഒരു പോസിറ്റീവ് എനർജി കിട്ടുന്നുണ്ടായിരുന്നു അവന്. പതിയെ മുന്നോട്ട് നടന്ന് ഇടക്ക് കിട്ടിയ ഓട്ടോയിൽ കയറി വഴി പറഞ്ഞുകൊടുത്ത്‌  സീറ്റിലേക്ക് ചാരി ഇരിക്കുമ്പോൾ മനസ്സ് മുഴുവൻ കല്യാണിയുടെ മുഖം ആയിരുന്നു. 
 അവളുടെ നിഷ്ക്കളങ്കമായ പുഞ്ചിരിയായിരുന്നു. 

 ആ ചിരി എന്നും കൂടെ ഉണ്ടാകുമോ എന്നറിയാനുള്ള ആ യാത്ര അവസാനിച്ചത്  വലിയ ഒരു ഗേറ്റിനു മുന്നിൽ ആയിരുന്നു. 
  നിർത്തിയ ഓട്ടോയിൽ നിന്നും വയ്യാത്ത കാൽ  പതിയെ കൈ കൊണ്ട് പൊക്കിവെച്ചു പുറത്തേക്കിറങ്ങി പോക്കറ്റിൽ നിന്നും കാശ് എടുത്തുകൊടുത്ത്‌ ഓട്ടോ പറഞ്ഞ് വിടുമ്പോൾ  മനസ്സ് വല്ലാതെ പിടിക്കാൻ തുടങ്ങി. 

  ആ പിടപ്പോടെ തലയുയർത്തി ഗേറ്റിനരികിലേക്ക് നടക്കുമ്പോൾ അതിൽ വലിയ അക്ഷരത്തിൽ   എഴുതിയ പേര് മനസ്സിലൊന്ന് വായിച്ചു അവൻ. 
  പിന്നെ മുന്നിലെ വലിയ ഗേറ്റ് പതിയെ അകത്തേക്ക് മലർക്കെ തുറന്നു. !

#കല്യാണി           ( അഞ്ച് )
-------------------

ആ ചിരി എന്നും കൂടെ ഉണ്ടാകുമോ എന്നറിയാനുള്ള ആ യാത്ര അവസാനിച്ചത്  വലിയ ഒരു ഗേറ്റിനു മുന്നിൽ ആയിരുന്നു. 
  നിർത്തിയ ഓട്ടോയിൽ നിന്നും വയ്യാത്ത കാൽ  പതിയെ കൈ കൊണ്ട് പൊക്കിവെച്ചു പുറത്തേക്കിറങ്ങി പോക്കറ്റിൽ നിന്നും കാശ് എടുത്തുകൊടുത്ത്‌ ഓട്ടോ പറഞ്ഞ് വിടുമ്പോൾ  മനസ്സ് വല്ലാതെ പിടിക്കാൻ തുടങ്ങി. 

  ആ പിടപ്പോടെ തലയുയർത്തി ഗേറ്റിനരികിലേക്ക് നടക്കുമ്പോൾ അതിൽ വലിയ അക്ഷരത്തിൽ   എഴുതിയ പേര് മനസ്സിലൊന്ന് വായിച്ചു അവൻ. 
  പിന്നെ മുന്നിലെ വലിയ ഗേറ്റ് പതിയെ അകത്തേക്ക് മലർക്കെ തുറന്നു. !

      കൂട്ടിൽ കിടക്കുന്ന പട്ടിയുടെ നിർത്താതെയുള്ള കുര കേട്ടായിരുന്നു കല്യാണി പുറത്തേക്കിറങ്ങിയത്. 
   പട്ടി കുരക്കുന്നതെന്തിനാണെന്നറിയാൻ ഉമ്മറത്തേക്ക് വന്ന അവൾ ഒരു നിമിഷം ഗേറ്റ് കടന്ന് വരുന്ന ഗോപനെ കണ്ട് ഞെട്ടിലോടെ നിശ്ചലമായിനിൽക്കുമ്പോൾ അവളുടെ നെഞ്ചിലൂടെ ഭയം തീണ്ടിയ കൊള്ളിയാൻ  വിറപൂണ്ടു പായുന്നുണ്ടായിരുന്നു. 

   വരുമെന്ന് പറഞ്ഞപ്പോൾ മുതൽ ഇങ്ങനെ ഒരു വരവ് പ്രതീക്ഷിച്ചതാണെങ്കിലും പെട്ടന്ന് മുന്നിൽ വന്നു നിൽക്കുമ്പോൾ വല്ലാത്തൊരു പരവേശം. 
    ഇനി നടക്കാൻ പോകുന്നതിനെ കുറിച്ച് ആലോചിക്കുമ്പോൾ ആകെ ഒരു വെപ്രാളം. 
   വെട്ടൊന്ന് മുറി രണ്ട് എന്ന സ്വഭാവക്കാരനായ അച്ഛൻ ഗോപന് മുന്നിൽ എങ്ങിനെ പ്രതികരിക്കുമെന്ന് അറിയാതെ വേവലാതിയോടെ നിൽക്കുന്ന അവൾക്കരികിലേക്ക് അകത്തു നിന്ന് വന്ന അമ്മ ചോദിക്കുന്നുണ്ടായിരുന്നു " ആരാ മോളെ പുറത്ത്. പട്ടി കുരക്കുന്നത് കേട്ടല്ലോ " എന്ന്. 
   
    പക്ഷേ,  അമ്മയുടെ ചോദ്യത്തിന് മുന്നിൽ ഒന്നും പറയാൻ കഴിയാത്തപ്പോലെ നാവ് വരണ്ട അവസ്ഥയിൽ അവൾ പുറത്തേക്ക് കണ്ണുകൾ കൊണ്ട്  കാണിച്ച്,   വിറയ്ക്കുന്ന കൈ നെഞ്ചിൽ വെച്ച് മനസ്സുരുകി പ്രാര്ത്ഥിക്കുകയായിരുന്നു "അരുതാത്തതൊന്നും സംഭവിക്കരുതേ " എന്ന്. 

   മോളുടെ നോട്ടം കണ്ട് പുറത്തേക്ക് നോക്കിയ അവർ അപ്പോഴാണ് ഉമ്മറത്തേക്ക് വരുന്ന ഗോപനെ കണ്ടതും. 
ആരാണെന്ന സംശയത്തോടെ  അവളെ ഒന്ന് നോക്കികൊണ്ട് പുറത്തേക്കിറങ്ങി അവന് നേരെ ചിരിക്കുമ്പോൾ ഗോപനും ഒന്ന് പുഞ്ചിരിച്ചു. 

  " കല്യാണിയുടെ അച്ഛൻ..... "

    വിക്കികൊണ്ട് ചോദിക്കുന്ന അവനെ ഒന്ന് അടിമുടിനോക്കി " നിൽക്കൂ ഞാൻ വിളിക്കാം " എന്നും പറഞ്ഞ് അവർ അകത്തേക്ക് തിരിയുമ്പോൾ കല്യാണിയെ ഒന്ന് കണ്ണുകൾകൊണ്ട് ഇരുത്തിയുഴിഞ്ഞു അമ്മ. 
ആ നോട്ടത്തിൽ ഉണ്ടായിരുന്നു ഉത്തരം തേടുന്ന  ആയിരം സംശയങ്ങൾ . 

    പിന്നെ ഒന്നും പറയാതെ  മൂളുക മാത്രം ചെയ്ത്  അവർ അകത്തേക്ക് പോകുമ്പോൾ പുറത്ത് നിൽക്കുന്ന അവന്റെ നോട്ടം മുഴുവൻ അവളിലായിരുന്നു. 
  അവൾ പേടിയോടെ അവനെ നോക്കുമ്പോൾ  മനസ്സിൽ നുരഞ്ഞുപൊന്തുന്ന ഭയം പുറത്തുകാണിക്കാതെ അവൻ ഒന്ന് മന്ദഹസിക്കാൻ ശ്രമിച്ചു. പക്ഷേ അതിന് മറുപടിയെന്നോണമുള്ള അവളുടെ ചിരി പാതി വാടിയ പൂ പോലെ നിറംകെട്ടുപോയിരുന്നു. 

   " ആരാ... ന്താ വേണ്ടേ "

അവരുടെ നൊമ്പരം ചിന്തിയ നോട്ടങ്ങൾക്കിടയിലേക്ക് ഗാംഭീര്യം നിറഞ്ഞ ആ ചോദ്യം കേട്ട് അവളൊന്നു ഞെട്ടി തിരിഞ്ഞു.. 
   പിന്നെ അച്ഛന്റെ  നിഴലനക്കം അവളിൽ സൃഷ്ട്ടിച്ച ഭയത്തിന്റെ ചൂട് തട്ടി ഉരുകിവിയർക്കുമ്പോൾ " മോള് അകത്തേക്ക് പൊക്കോ " എന്നും പറഞ്ഞ് ഗംഗാധരൻ ഉമ്മറത്തു നിൽക്കുന്ന ചെറുപ്പക്കാരനെ നോക്കി " വരൂ " എന്നും പറഞ്ഞ് ഉമ്മറത്തെ കസേരയിലേക്ക് വിരൽ ചൂണ്ടി   അയാൾ അടുത്തുള്ള സെറ്റിയിലേക്കൊന്ന് അമർന്നിരുന്നു. 
  പിന്നെ ഒന്ന് മുരടനക്കികൊണ്ട് ചോദ്യഭാവത്തിൽ അവനെ നോക്കികൊണ്ട് " ആരാ, വന്നതെന്തിനാണെന്ന് പറഞ്ഞില്ലല്ലോ?  " എന്ന് ചോദിക്കുമ്പോൾ എങ്ങിനെ കാര്യം അവതരിപ്പിച്ചുതുടങ്ങണമെന്ന് അറിയാതെ വിയർക്കുകയായിരുന്നു ഗോപൻ.
  
  ആകെ ഒരു വെപ്രാളം.... 
വാക്കുകൾ തൊണ്ടക്കുഴിയിൽ തടഞ്ഞുനിൽക്കുംപോലെ.... 
അവൻ കൈ കൊണ്ട് പതിയെ വിയർക്കാൻ തുടങ്ങിയ മുഖം ഒന്ന് അമർത്തിത്തുടച്ച്  ചെറുതായൊന്ന് ചുമച്ചുകൊണ്ട് വിറയാർന്ന ശബ്‌ദത്തിൽ പറയുന്നുണ്ടായിരുന്നു 
  " ഞാൻ... ഞാൻ  ഗോപകുമാർ....  ടൗണിൽ ഒരു പ്രൈവറ്റ്ബാങ്കിലാണ് ജോലി ..... 
  ഇവിടുത്തെ കല്യാണി..... 
ഞങ്ങള് തമ്മിൽ ഇഷ്ടത്തിലാണ്... 
   ഇവിടെ വന്നു പെണ്ണ് ചോദിക്കാൻ മാത്രമുള്ള യോഗ്യത എനിക്കില്ലെന്ന് അറിയാം.. പക്ഷേ, സ്നേഹിച്ചുപോയി.. എന്നും സ്നേഹിക്കാനുള്ള ഒരു മനസ്സുമുണ്ട്. 
    ഞങ്ങളുടെ സ്നേഹത്തെ വേർപിരിക്കരുത്.. " 

അവൻ തൊഴുകൈയ്യോടെ ചെറിയ വാക്കുകളിൽ കാര്യം അവതരിപ്പിക്കുമ്പോൾ അകത്ത്‌ എല്ലാം ശ്രദ്ധിച്ചുകൊണ്ട് വിഷമത്തോടെ ഇരിക്കുകയായിരുന്നു കല്യാണി.. അതോടൊപ്പം ആ വിഷമത്തെക്കാൾ വേഗത്തിൽ ഒരു ഭയവും പരിഭ്രമവും അവളെ പിടികൂടി. 
മുന്നിൽ എല്ലാം കേട്ടിരിക്കുന്ന അച്ഛൻ  ആലോചനയിലെന്നോണം മിണ്ടാതിരിക്കുന്നത് വരാനിരിക്കുന്ന ഭൂകമ്പത്തിനു മുന്നോടിയായുള്ള ശാന്തതയാണെന്ന് തോന്നി  അവൾക്ക്. 
  
   അതേ ചിന്തയിൽ തന്നെ ആയിരുന്നു ഗോപനും. പക്ഷേ, കല്യാണിക്ക് വേണ്ടിയാണെന്ന് ഓർക്കുമ്പോൾ മനസ്സിലെ ഇഷ്ടം തുറന്നുപറഞ്ഞതിന്റെ പേരിൽ ഇവിടെ നിന്ന് എത്രത്തോളം അപമാനിക്കപ്പെട്ടാലും അത്‌ സഹിക്കാൻ മനസ്സിനെ ബലപ്പെടുത്തുന്നുണ്ടായിരുന്നു അവൻ. 
   ഒരു പൊട്ടിത്തെറിക്കു വേണ്ടി കാത്തിരിക്കുപോലെ.... !

പക്ഷേ അവരെ രണ്ട് പേരുടെയും ധാരണകളെ തിരുത്തികൊണ്ട് വളരെ ശാന്തമായിട്ടായിരുന്നു അയാൾ അകത്തേക്ക് നോക്കി " വിമലേ,  ഉമ്മറത്തേക്ക് രണ്ട് ചായ എടുക്ക്.  എന്നിട്ട് അത്‌ മോൾടെ കയ്യിൽ കൊടുത്തുവിട് " എന്ന് ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ട് അവനേ നോക്കി ഒന്ന് പുഞ്ചിരിച്ചത്. 

പക്ഷേ,  ചായയുമായി കല്യാണി ഉമ്മറത്തെത്തുന്നത് വരെ രണ്ട് പേരും ഒന്നും മിണ്ടിയില്ല.  മഥിക്കുന്ന മനസ്സുമായി ചായ ടേബിളിൽ വെച്ച് അച്ഛനെ പേടിയോടെ ഒന്ന് നോക്കികൊണ്ട് അവൾ പിന്തിരിയാൻ ശ്രമിക്കുമ്പോൾ  അച്ഛൻ പറയുന്നുണ്ടായിരുന്നു
 " മോളെ...  ഇവനേ നിനക്ക് പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യം ഇല്ലെന്ന് അറിയാം. അവൻ തന്നെ പറഞ്ഞു നിങ്ങൾ തമ്മിൽ ഇഷ്ട്ടത്തിലാണെന്ന്. നീയും പറഞ്ഞിട്ടുണ്ട് നിന്റെ മനസ്സിൽ അങ്ങനെ ഒരു ഇഷ്ടമുണ്ടെന്ന്.  
     ഇന്നത്തെ കാലത്ത് പെണ്ണിനെ തരില്ലെന്ന് പറഞ്ഞാൽ അപ്പൊ വിളിച്ചിറക്കികൊണ്ട്പോയി താലി കെട്ടുന്നതാണലോ പാഷൻ.  അതിനൊന്നും മുതിരാതെ ആൺകുട്ടിയെ പോലെ നേരിട്ട് വന്നു പെണ്ണ് ചോദിക്കാൻ കാണിച്ച ഇവന്റെ മിടുക്ക് എനിക്ക് ഇഷ്ട്ടപ്പെട്ടു. അപ്പോൾ പിന്നെ അവൻ നേരിട്ട് തന്നെ പെണ്ണ് ചോദിച്ചുവന്ന സ്ഥിതിക്ക് അതൊക്കെ അതിന്റ മുറപോലെ തന്നെ നടക്കണ്ടേ. അതുകൊണ്ടാണ് മോളോട് ചായയുമായി വരാൻ പറഞ്ഞത്. അപ്പോൾ ഇനി മോള് പൊക്കോ.. ബാക്കി ഭാവി കാര്യങ്ങൾ ഞങ്ങള് സംസാരിച്ചു തീരുമാനിക്കാം " എന്ന്. 

പിന്നെ ചിരിച്ചുകൊണ്ട് അവളോട് അകത്തേക്ക് പോകാൻ ആവശ്യപ്പെട്ടുകൊണ്ട് അയാൾ ഗോപന് നേരെ തിരിഞ്ഞു. 
  അച്ഛന്റെ സംസാരം കേട്ട് ആശ്ചര്യത്തോടെ ഒന്ന് നോക്കികൊണ്ട് അവൾ അകത്തേക്ക് പോകുമ്പോൾ എവിടെയോ ഒരു പ്രതീക്ഷയുടെ നാമ്പ് തളിരിടുന്നുണ്ടായിരുന്നു. 

      അതേ സമയം ഗോപന് നേരെ മുഖവുരയില്ലാതെ കാര്യത്തിലേക്ക് കടന്നിരുന്നു അയാൾ. 
    " അപ്പോൾ വന്ന ചടങ്ങ് കഴിഞ്ഞു.  ഇനി എന്റെ തീരുമാനം തുറന്ന് പറയാം.. 
ഇത് നടക്കില്ല.  
    അറുത്തുമുറിച്ച് ഒറ്റവാക്കിൽ പറയുന്നതാണ് ശീലം. 
      ഈ പ്രായത്തിൽ പ്രണയം എന്ന് പറയുന്നത് എല്ലാവർക്കും  ജീവിതത്തിന്റെ ഒരു ഭാഗമായിപ്പോയി. എന്ന് വെച്ച് അത്‌ നടക്കണമെന്ന് വാശി പിടിക്കരുത്. അങ്ങനെ വാശി പിടിക്കുമ്പോൾ ആലോചിക്കണം പെണ്ണിന്റ വീട്ടുകാരെ പറ്റി. അവർക്കൊപ്പം നിൽക്കാനുള്ള  തന്റെ യോഗ്യതയെ പറ്റി. അതൊന്നും നോക്കാതെ വഴിയിൽ നിന്ന് കൈ വീശികാണിക്കുന്ന കണ്ട അണ്ടനും അടകോടനും ഒക്കെ വിശ്വസിച്ചു വീട്ടുകാരെ ധിക്കരിച്ചുപോയ പല പെണുങ്ങളുടെയും അവസ്ഥ നമ്മള് കാണുന്നതല്ലേ മോനെ?  
  അങ്ങനെ ഒരു അവസ്ഥ എന്റെ മോൾക്ക് ഉണ്ടാകരുത്. ഉണ്ടായാൽ അത്‌ കാണാൻ ഞങ്ങൾ ഉണ്ടാകില്ല ഈ ഭൂമിയിൽ. 

  ഇതൊക്കെ മനസ്സിലാവണമെങ്കിൽ എന്റെ ഈ സ്ഥാനത് നാളെ നീ ആകണം. അല്ലെങ്കിൽ ഇതുപോലെ ഒരു അവസ്ഥയിൽ നിനക്ക് ഒരു പെങ്ങൾ ഉണ്ടെങ്കിൽ അപ്പോൾ മനസ്സിലാകും ഇതൊക്കെ അനുഭവിക്കുന്ന രക്ഷിതാവിന്റെ മാനസികാവസ്ഥ. !

  ഞാൻ ഈ പറഞ്ഞതൊന്നും നീ മോശമാണെന്ന അർത്ഥത്തിൽ അല്ല. 
പക്ഷേ,  എന്റെ മകളുടെ ഭാവി തീരുമാനിക്കാനുള്ള അവകാശമെങ്കിലും എനിക്ക് വേണം. അതിനുള്ള യോഗ്യത അവളുടെ അച്ഛൻ എന്ന നിലയിൽ എനിക്കില്ലേ? 

നീ നല്ലൊരു പയ്യനാണ്. അതുകൊണ്ട് ഞാൻ പറയുന്നത് നിനക്ക് മനസ്സിലാക്കാൻ പറ്റും. 
 നന്നായി ആലോചിക്ക്.. ന്നിട്ട് എന്റെ മോൾക്ക് നല്ല ഒരു ഉപദേശം നൽക് . ജീവിതത്തിൽ പോസിറ്റീവ് ആയി ചിന്തിക്കാൻ.. 
  നീ നല്ലൊരു കാമുകനാണ്. അതുപോലെ നല്ല ഒരു കൂട്ടുകാരൻ കൂടി ആകാൻ കഴിയണം ഇനി. അതാണ്‌ നിനക്കും അവൾക്കും നിങ്ങളുടെ  ഭാവിക്കും നല്ലത് "

   ഒരു അച്ഛന്റെ വാക്കുകൾ മാത്രമായിരുന്നു അത്രനേരമെങ്കിലും  അവസാനത്തെ വാക്കിൽ ഒരു ഭീക്ഷണിയുടെ സ്വരം മനസ്സിലാക്കാൻ കഴിഞ്ഞിരുന്നു ഗോപന്. 
    ഇനിയും ഈ പ്രണയവുമായി മുന്നോട്ട് പോകാൻ ആണ് പ്ലാനെങ്കിൽ എന്തും സംഭവിക്കാം എന്ന ധ്വനി. ഒന്നുങ്കിൽ തന്റെ മരണം അല്ലെങ്കിൽ കല്ല്യാണിയുടെ അച്ഛന്റെയും അമ്മയുടെയും മരണം...  

   ഒന്ന് മാത്രം ഉറപ്പാണ്.. ഈ പ്രണയത്തിനിപ്പോൾ ചോരയുടെ മണമാണെന്ന് !

മറുത്തൊന്നും പറയാൻ കഴിയാതെ വയ്യാത്ത കാൽ വലിച്ചുവെച്ച് മെല്ലെ എഴുനേറ്റു അവൻ. പിന്നെ അയാൾക്ക് നേരെ തലയാട്ടി പുഞ്ചിരിക്കാൻ ശ്രമിച്ചുകൊണ്ട് പുറത്തേക്ക് നടക്കാൻ തുടങ്ങുമ്പോൾ അവളുടെ ഒരു നിഴലനക്കം പ്രതീക്ഷിച്ചുകൊണ്ട് ഒന്ന് തിരിഞ്ഞുനോക്കി ഗോപൻ. പിന്നെ എല്ലാം പ്രതീക്ഷയും നഷ്ട്ടപ്പെട്ടവനെ പോലെ പുറത്തേക്ക് നടക്കുമ്പോൾ അകത്ത്‌ അച്ഛന്റെ വാക്കുകളും ഗോപന്റെ നിസ്സഹായാവസ്ഥയും കണ്ട് വിങ്ങിപൊട്ടുകയായിരുന്നു കല്യാണി. 

   " മോളെ ങ്ങനെ കരയല്ലേ... വിധിച്ചതേ നമുക്ക് കിട്ടൂ.  നിനക്ക് അറിയാലോ അച്ഛന്റെ സ്വഭാവം... നിന്റെ ഭാവിക്ക് നല്ലത് വരാനല്ലേ  ഞങ്ങളും ആഗ്രഹിക്കൂ.. അല്ലാതെ ആര്ക്കെങ്കിലും കെട്ടിച്ചുകൊടുത്തു ഭാരം ഒഴിയാൻ അല്ലല്ലോ ഇത്രേം കാലം വളർത്തിവലുതാക്കിയത്.  നിങ്ങൾ നിങ്ങളുടെ സ്നേഹത്തിനു മാത്രം പ്രധാന്യം കൊടുക്കുമ്പോൾ നിങ്ങളെ സ്നേഹിക്കുന്നവരെ ആണ് ഒറ്റ നിമിഷം കൊണ്ട് തള്ളിക്കളയുന്നത്. 
 മോള് ആലോചിക്ക്.... ജീവിതം ഒന്നേ ഉളളൂ.. അത്‌ എങ്ങിനെ ജീവിച്ചുതീർക്കണമെന്ന് "

 അവളുടെ കരച്ചിൽ കണ്ട് അരികിലേക്ക് വന്ന അമ്മ മുടിയിലൂടെ തലോടിക്കൊണ്ട് അത്രയും പറയുമ്പോൾ അമ്മയുടെ തോളിലേക്ക് തല വെച്ച്  സങ്കടങ്ങളെ കണ്ണുനീരാക്കി ഒഴുക്കിക്കളയുകയായിരുന്നു കല്യാണി. 

   പിന്നെ മനസ്സിൽ എന്തോ തീരുമാനിച്ചപ്പോലെ നിറഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ട് ശാന്തമായി എന്നാൽ വാക്കുകൾ ദൃഢമാക്കികൊണ്ട് അവൾ പറയുന്നുണ്ടായിരുന്നു 
    " അമ്മേ...  സ്നേഹിക്കുന്നത് ഇത്ര വലിയ തെറ്റാണോ?   എല്ലാം അറിയുന്ന, മനസ്സും ജീവിതസാഹചര്യങ്ങളുമെല്ലാം മനസ്സിലാക്കിയ ഒരാളെ ഒഴിവാക്കി  ഒന്നും പരസ്പരം അറിയാത്ത ഒരാളുടെ ജീവിതത്തിലേക്ക് കടന്ന് ചെല്ലുമ്പോൾ എല്ലാം ശരിയാവും എന്നത് വെറും വിശ്വാസം മാത്രമല്ലേ.  പത്തിൽ പത്തു പൊരുത്തം പറഞ്ഞു കെട്ടുന്നവരിൽ പലരും  പത്തു ദിവസം സന്തോഷത്തോടെ തികച്ചു ജീവിക്കുന്നില്ല.  
അങ്ങനെ ഒരു ലോകത്താണ് മനസ്സ് അറിയുന്നവരെ അകറ്റാൻ ശ്രമിക്കുന്നത്. 

  മനസ്സുകൊണ്ടുള്ള പൊരുത്തത്തെക്കാൾ വലുതായി എന്താണമ്മേ ജീവിതത്തിൽ നോക്കേണ്ടത്. പണമോ പ്രതാപമോ?  
                എല്ലാം നിങ്ങൾ തീരുമാനിക്കൂ... ഞാൻ എന്തിനും തയാറാണ്. മനസ്സിൽ ഒരാളെ പ്രതിഷ്ഠിച്ചു മറ്റൊരുത്തന്റെ ഭാര്യയായി അഭിനയിക്കാൻ,  ചിരിക്കാൻ,  സന്തോഷം കാണിക്കാൻ.... മനസ്സ് കൊണ്ട് അംഗീകരിക്കാത്ത  വിവാഹം എന്ന കോമാളിവേഷം കെട്ടി നിങ്ങൾക്കൊക്കെ സന്തോഷം നൽകാൻ. 

   അച്ഛൻ ജയിക്കട്ടെ  എല്ലാവർക്കും മുന്നിൽ. മകളുടെ ഇഷ്ടത്തെക്കാൾ  വലുത് പണത്തിന്റെ വലുപ്പവും  ഉയർത്തിപിടിക്കുന്ന അന്തസ്സും ആണെങ്കിൽ അതിന്റ വലുപ്പം ഇനിയും കൂടട്ടെ.. 

 പക്ഷേ,  ഒന്നോർത്താൽ നന്ന്.   പണം കണ്ടും കൊടുത്തും പ്രൗഢിയുടെ തിളക്കംകൂട്ടാൻ തൂക്കി വിൽക്കുന്നത് മകളുടെ ശരീരം മാത്രമാണെന്ന്. 
മനസ്സ് , പണത്തേക്കാൾ മൂല്യം സ്നേഹത്തിന് കൽപ്പിക്കുന്ന ഒരാള്ക്ക് നേരത്തെ കൊടുത്തതാണ് കല്യാണി.... 
   ആർക്കൊപ്പം ജീവിച്ചാലും മനസ്സ് കൊണ്ട് ഞാൻ ഗോപന്റെ പെണ്ണായിരിക്കും. 

   ഗോപന്റെ മാത്രം പെണ്ണ് ! "

#കല്യാണി               ( ആറ്  )
    ------------------

അച്ഛൻ ജയിക്കട്ടെ  എല്ലാവർക്കും മുന്നിൽ. മകളുടെ ഇഷ്ടത്തെക്കാൾ  വലുത് പണത്തിന്റെ വലുപ്പവും  ഉയർത്തിപിടിക്കുന്ന അന്തസ്സും ആണെങ്കിൽ അതിന്റ വലുപ്പം ഇനിയും കൂടട്ടെ.. 

 പക്ഷേ,  ഒന്നോർത്താൽ നന്ന്.   പണം കണ്ടും കൊടുത്തും പ്രൗഢിയുടെ തിളക്കംകൂട്ടാൻ തൂക്കി വിൽക്കുന്നത് മകളുടെ ശരീരം മാത്രമാണെന്ന്. 
മനസ്സ് , പണത്തേക്കാൾ മൂല്യം സ്നേഹത്തിന് കൽപ്പിക്കുന്ന ഒരാള്ക്ക് നേരത്തെ കൊടുത്തതാണ് കല്യാണി.... 
   ആർക്കൊപ്പം ജീവിച്ചാലും മനസ്സ് കൊണ്ട് ഞാൻ ഗോപന്റെ പെണ്ണായിരിക്കും. 

   ഗോപന്റെ മാത്രം പെണ്ണ് ! "

        ----------------------------------------------------------

പുറത്തേക്കിറങ്ങി മുന്നോട്ട് നടക്കുമ്പോൾ  മനസ്സ് വല്ലാതെ അസ്വസ്ഥമായിരുന്നു ഗോപന്റെ  .   
  അവളെ മറക്കാൻ പറയാതെ പറഞ്ഞ കല്യാണിയുടെ അച്ഛന്റെ വാക്കുകൾ മാത്രമായിരുന്നു മനസ്സിൽ. 
 എല്ലാ പ്രതീക്ഷയും അസ്തമിച്ചിരിക്കുന്നു. 
   "   ഇത്ര നാൾ ഹൃദയത്തിൽ കൊണ്ട് നടന്നവളെ  ഹൃദയം മുറിയുന്ന വേദനയോടെ പറിച്ചുമാറ്റണം. എന്നിട്ട് എല്ലാം മറന്ന് ചിരിക്കണം അവളെ നോക്കി. 
നല്ലൊരു സുഹൃത്ത് ആവണം.... 
  അവളുടെ അച്ഛന്റെ വാക്കുകളാണ്. 

പക്ഷേ, കഴിയുമോ,  അങ്ങനെ ഒരു ആയുഷ്ക്കാലം ഓർക്കാനുള്ള സ്നേഹം തന്നവളെ ഒരു നിമിഷം കൊണ്ട് പറിച്ചെറിയാൻ. "

  പക്ഷേ,  ഒന്ന് മാത്രം ഉറപ്പാണ്, കല്യാണി ഇനി മറ്റൊരാളുടെ ആണ്.  ഇനി ഒരു കൂടിക്കാഴ്ച....... 

   കാലിയായി വരുന്ന ഒരു ഓട്ടോക്ക് കൈ കാണിച്ചു നിർത്തി അതിൽ കയറുമ്പോൾ ആയിരുന്നു പോക്കറ്റിൽ കിടന്ന ഫോൺ അടിക്കാൻ തുടങ്ങിയത്. 
    മനസ്സ് അസ്വസ്ഥമായത് കൊണ്ടാവാം ആദ്യം ആ കാൾ എടുക്കാൻ മടിച്ചെങ്കിലും  വീണ്ടും അടിക്കാൻ തുടങ്ങിയപ്പോൾ അവൻ ഫോൺ എടുത്തു നോക്കി. അതിൽ തെളിഞ്ഞ മഹേഷ്‌  എന്ന് കണ്ടപ്പോൾ തന്നെ ഒരു ആശ്വാസത്തിനെന്നോണം ഗോപൻ വേഗം ആ കാൾ അറ്റന്റ് ചെയ്തു, 

 "  ടാ,  നീ എവിടെ ആണ് സൺ‌ഡേ ആയിട്ട്? 
 ഈ ഒഴിവ്‌ ദിവസമെങ്കിലും വീട്ടിൽ തന്നെ ചടഞ്ഞിരിക്കാതെ ഒന്ന് പുറത്തേക്കിറങ്ങിക്കൂടെ. 
ഞാൻ ടൗണിൽ ഉണ്ട്. സോഡിയാക് ബാറിൽ.  നീ നേരെ ഇങ്ങോട്ട് വാ.. ഒഴിവൊന്നും പറയണ്ട. എന്റെ സന്തോഷമാണ് നിന്റെ സന്തോഷം എന്ന് ഇടക്കൊക്കെ നീ പറയാറില്ലേ. അപ്പോൾ എന്റെ സന്തോഷത്തിന് വേണ്ടി വേം വാ... വെയ്റ്റിംഗ് "

അതും പറഞ്ഞ് ഗോപന് മറുത്തൊരു വാക്ക് പറയാനുള്ള സമയംപ്പോലും കൊടുക്കാതെ കാൾ ഡിസ്കണക്റ്റ് ചെയ്യുമ്പോൾ എന്ത് ചെയ്യണമെന്ന് അറിയാതെ ഫോണും പിടിച്ച് അതേ ഇരിപ്പ് തുടർന്നു അവൻ. 

    "മനസ്സാകെ തകർന്നിരിക്കുന്ന ഈ അവസ്ഥയിൽ അവൻ ചിലപ്പോൾ ഒരു ആശ്വാസമാകും. പക്ഷേ ബാറിലേക്ക്..... "
അങ്ങനെ ചിന്തിച്ചെങ്കിലും  മഹേഷിനെ പിണക്കാനോ അവന്റെ വാക്കുകളെ കേട്ടില്ലെന്ന് നടിക്കാനോ കഴിയില്ലായിരുന്നു ഗോപന്. 
    " എന്നും കൈപിടിച്ചുയർത്താനേ ശ്രമിച്ചിട്ടുള്ളൂ.. 
എന്തിനും കൂടെ നിന്നവൻ. വീഴാൻ പോകുമ്പോൾ താങ്ങായി നിൽക്കുന്നവൻ. അവനെ ഇപ്പോൾ നടന്ന സംഭവങ്ങളുടെയോ തന്റെ മാനസികാവസ്ഥയുടെയോ പേരിൽ പിണക്കുന്നത് ശരിയല്ല.  എന്റെ വേദനകൾ മനസ്സിൽ മൂടിവെക്കാം.  ഒരു ചിരികൊണ്ട്,  തന്റെ സാമിപ്യം കൊണ്ട് അവൻ സന്തോഷിക്കുമെങ്കിൽ... "

 " ചേട്ടാ. നേരെ ടൗണിലോട്ട് പോട്ടെട്ടോ "

ഓട്ടോക്കാരനേ ചട്ടംകെട്ടി  കണ്ണുകൾ അടച്ച് പിന്നിലേക്ക് സീറ്റിലേക്ക് ചാരിയിരിക്കുമ്പോൾ കല്യാണിയുടെ മുഖമായിരുന്നു മനസ്സിൽ. 
  അടുത്തിരുന്ന് മുടിയിലൂടെ വിരലോടിച്ചു നെറ്റിയിൽ  മൃദുലമായി ചുംബിക്കുന്നവൾ  !
    നെഞ്ചിലേക്ക് തല ചായ്ച്ചുകൊണ്ട് ജീവിതത്തെ സ്വപ്നം കാണുന്നവൾ !
    കൈ കോർത്തു പിടിച്ച് കടൽത്തിരകൾക്കൊപ്പം സഞ്ചരിക്കുമ്പോൾ നിഴൽപോലെ ചേർന്നു നടക്കുന്നവൾ  !
കടലിന്റെ വേദന ഒരിക്കൽ തന്റേതാകുമെന്ന് 
 നീരസപ്പെട്ടവൾ !

അപ്പോഴേല്ലാം പറയുമായിരുന്നു " നിനക്ക് വേണ്ടി കാത്തിരിക്കുന്ന കരയായി എന്നും ഞാൻ ഉണ്ടാകും മരണം വരെ "  എന്ന്. 

    " ഏട്ടാ.... "

കല്യാണിയുടെ വിളി കേട്ട പോലെ ഞെട്ടി ഉണരുമ്പോൾ സൈഡിൽ ഓട്ടോ നിർത്തിക്കൊണ്ട് അയാൾ അവനെ തട്ടിവിളിക്കുന്നുണ്ടായിരുന്നു 
  " ചേട്ടാ.. ടൌൺ എത്തി " എന്നും പറഞ്ഞ്. 

  അപ്പോഴാണ് അവനും സ്ഥലകാലബോധം ഉണ്ടായതും.  പിന്നെ ഓട്ടോക്കാരനെ നോക്കി ഒന്ന് ചിരിച്ചുകൊണ്ട് എത്രയായി എന്നും ചോദിച്ച് കാശ് എടുത്തു കൊടുത്ത്‌ അവൻ വയ്യാത്ത കാലിനെ ഒരു കൈ കൊണ്ട് താങ്ങി പുറത്തേക്ക് വെച്ച് ആയാസപ്പെട്ട് മെല്ലെ ഇറങ്ങി. പിന്നെ ഓട്ടോക്കാരന് വീണ്ടും ഒരു പുഞ്ചിരി സമ്മാനിച്ച്   മെല്ലെ ബാർ ലക്ഷ്യമാക്കി നടന്നു . 

      ഇടക്ക് ഫോൺ എടുത്ത് മഹേഷ്‌ എവിടെയാണെന്ന് ഉറപ്പാക്കി മുന്നോട്ട് നടക്കുമ്പോൾ ബാറിന് പുറത്ത് മഹേഷിന്റെ കാർ കിടപ്പുണ്ടായിരുന്നു. 

 201 നമ്പർ മുറിക്ക് മുന്നിൽ എത്തിയപ്പോഴേക്കും വല്ലാതെ ക്ഷീണിച്ചിരുന്നു ഗോപൻ. മുഖത്തെ വിയർപ്പ് കർച്ചീഫിൽ തുടച്ചുകൊണ്ട് കാളിംഗ്ബെൽ അമർത്തുമ്പോൾ അവനെ പ്രതീക്ഷിച്ചിരിക്കുന്ന പോലെ പെട്ടന്ന് തന്നെ മഹേഷ്‌ വാതിൽ തുറന്നു. 

   " ആഹാ.. വന്നല്ലോ സർ..  എപ്പോ വിളിച്ചതാടോ നിന്നെ. വീട്ടിൽ നിന്നും ഇവിടെ വരാൻ ഇത്രേം നേരം വേണോ.. ബാറിന്റെ A/C യിൽ കാത്തിരുന്ന് മടുത്തിട്ടാ ഒരു റൂം തന്നെ എടുത്തത്. അവിടെ ആകെ ബഹളോം കലപിലയും.. മനസ്സ് ഒന്ന് റിലാക്സ് ആവനാ ബാറിൽ വരുന്നത്. അപ്പൊ ഇവിടെ ചിലർ കുടിച്ച് മറിഞ്ഞു ഡിസ്ക്കോഡാൻസ് കളിക്കുവാ.... ഇതാകുമ്പോൾ നോ പ്രോബ്ലം.. പ്രൈവസി ഉണ്ട്. മൈൻഡ് ഒക്കെ ആണ്.. ആരുടേം ശല്യം ഇല്ല. മനസ്സ്  ഒന്ന് ഫ്രഷ് ആകും ഐസ് കൂട്ടി ഒരു പെഗ്ഗ് അങ്ങ് പിടിപ്പിച്ചാൽ.. കൂൾ.. "
  
 എന്നും പറഞ്ഞ് അവന്റെ തോളിൽ കയ്യിട്ട് അകത്തേക്ക് ക്ഷണിക്കുമ്പോൾ അവന്റ സന്തോഷം നിറഞ്ഞ വാക്കുകൾക്കു ഒരു പുഞ്ചിരി മാത്രം മറുപടിയായി നൽകി ഗോപൻ. 

   " നീ എന്താടോ എപ്പഴും ഇങ്ങനെ ആണോ. നനഞ്ഞ പടക്കം പോലെ.. ഒന്ന് ഉഷാർ ആയിക്കേ "
എന്നും പറഞ്ഞ് കുപ്പിയിൽ നിന്നും കുറച്ചു മദ്യം ഗ്ലാസ്സിലേക്ക് പകർന്ന് ഐസ്‌ക്യൂബ് ഇട്ട്  ഗോപന് നേരെ നീട്ടുമ്പോൾ " എനിക്ക് വേണ്ടെടാ " എന്നും പറഞ്ഞ് സന്തോഷത്തോടെ നിരസിച്ചു അവൻ. 

    " അത്‌ പറ്റില്ല മോനെ... എന്റെ കൂടെ ഇരികുമ്പോൾ നീ ഇത് കഴിക്കണം... സൗഹൃദത്തിന്റെ ആഴം കൂട്ടാൻ ഇതിനേക്കാൾ ബെസ്റ്റ് വേറൊന്നില്ല മോനെ.. "

" അതെല്ലെടാ... എനിക്ക്... എനിക്ക് വേണ്ട.. നീ വിളിച്ചത് കൊണ്ട് മാത്രം ആണ് ഞാൻ... "

  വാക്കുകളിൽ അപ്പോഴും വല്ലാത്തൊരു വിഷമം നിറഞ്ഞുനിൽപ്പുണ്ടായിരുന്നു. 

" നീ ഇത് പിടി.. ബാക്കി ഒക്കെ നമുക്ക് സംസാരിക്കാം " എന്നും പറഞ്ഞ് പിന്നേയും അവന്റെ നിർബന്ധം കൂടിയപ്പോൾ കഴിക്കാതെ ആ ഗ്ലാസ് അവൻ നിലത്തുവെക്കില്ലെന്ന് മനസ്സിലായി ഗോപന്. അത്കൊണ്ട്തന്നെ പാതി മനസ്സോടെ അത്‌ കയ്യിൽ വാങ്ങുമ്പോൾ മറ്റൊരു ഗ്ലാസ്സിൽ അതുപോലെ മദ്യം ഒഴിച്ച് മഹേഷ്‌ ഗോപന്റെ ഗ്ളാസ്സിലൊന്ന് മുട്ടിച്ചുകൊണ്ട് ചിയേർസ് പറഞ്ഞ് ചുണ്ടോട് ചേർത്തു. 
  കൂടെ ഗോപനും. !

" ഇനി പറ.. എന്താ മോന്റെ പ്രശ്നം.. നിനക്കില്ലാത്ത പ്രശ്നങ്ങൾ ഇല്ലെന്ന് അറിയാം.. പക്ഷേ,  ഇതിപ്പോ മറ്റെന്തോ വല്ലാത്ത ഒരു പ്രശ്നം ആണ്. അല്ലെങ്കിൽ നീ ഇത്രക്ക് മൂഡോഫ് ആകില്ല. 
      അതുകൊണ്ട് ന്റെ പൊന്ന് മോൻ കാര്യംപറ.. ന്താ പ്രശ്നം " 

അത്‌ ചോദിക്കുമ്പോൾ മഹേഷിന്റെ കണ്ണിൽ ഒരു തിളക്കമുണ്ടായിരുന്നു. എല്ലാം അറിഞ്ഞിട്ടും ഒന്നുമറിയാത്തവനെപ്പോലെ ഗോപന്റെ വായിൽ നിന്നുതന്നെ അത്‌ കേൾക്കാനുള്ള  ആഗ്രഹത്തോടെ അവൻ ഗോപന്റെ കണ്ണുകളിലേക്ക് നോക്കുമ്പോൾ  ആ കണ്ണുകളിൽ ചെറിയൊരു നനവ് പടരുന്നത് അറിയാൻ കഴിയുന്നുണ്ടായിരുന്നു മഹേഷിന്. 

   " ശരിയാണടാ .. ഞാൻ ഇപ്പോൾ വല്ലാത്തൊരു അവസ്ഥയിലാണ്. കൈച്ചിട്ട് ഇറക്കാനും വയ്യ,  മധുരിച്ചിട്ട് തുപ്പാനും വയ്യാത്ത പോലെ.  എന്നെപോലെ ഒരു ഒന്നരകാലനു ആഗ്രഹിക്കാൻ പോലും അർഹതയില്ലാത്ത ഒന്ന് ഞാൻ ആഗ്രഹിച്ചു, മോഹിച്ചു,  എന്നും കൂടെ വേണമെന്ന് ആശിച്ചു. പക്ഷേ.... 
     പണ്ടാരോ പറഞ്ഞപോലെ കൊക്കിൽ ഒതുങ്ങുന്നത് തിരഞ്ഞെടുക്കണം കൊത്താൻ. 
അല്ലെങ്കിൽ  മരിച്ച മനസ്സുമായി ജീവിക്കേണ്ടി വരും പിന്നീട്. 
  ഇപ്പോൾ ഞാൻ അങ്ങനെയാടോ... ഹൃദയംകൊണ്ട് സ്നേഹിച്ചവളെ ഹൃദയം മുറിച്ച് വേർപ്പെടുത്തേണ്ട അവസ്ഥ.. 
   കണ്ട സ്വപ്നങ്ങൾ ഒരു രാത്രി പുലരുമ്പോൾ  അന്യമാകുന്നു.
കൊതിച്ച ജീവിതം അരികിൽ നിന്നും മറ്റൊരാൾക്കൊപ്പം സഞ്ചരിക്കാൻ തുടങ്ങുന്നു. 
    അടുക്കാൻ വെമ്പുന്ന മനസ്സുകളെ അടർത്തിമാറ്റുമ്പോളുള്ള വേദന ഉണ്ടല്ലോ.. അത്‌ മരണത്തേക്കാൾ ക്രൂരമാണെടോ.. 
    ദേഹിയില്ലാത്ത ദേഹം പോലെ..... "

അത്‌ പറയുമ്പോൾ അവന്റെ വാക്കുകൾ ഇടറുന്നുണ്ടെങ്കിലും  കണ്ണുകൾ പൊട്ടിയൊഴുകാതിരിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു ഗോപൻ. 
     പിന്നെ കല്യാണിയെ കുറിച്ച് പറയാൻ  തുടങ്ങുമ്പോൾ ആയിരുന്നു മഹേഷ്‌ അവനെ തടഞ്ഞുകൊണ്ട് സംസാരിച്ചത്, 

   " ഇനി നീ കൂടുതലൊന്നും പറയണ്ട... നിന്റെ വാക്കുകളിലുണ്ട് എല്ലാം.. ഇനി ആ വിഷയത്തെ കുറച്ചു ഞാൻ ചോദിക്കുന്നില്ല.. അവളെ കുറിച്ചോ ഇപ്പോൾ നീ ഇങ്ങനെ ഒക്കെ പറയാനുണ്ടായ കാരണങ്ങളെ കുറിച്ചോ.. പക്ഷേ,,  ഒന്ന് നീ ഉറപ്പിച്ചോ... നിന്റെ മനസ്സിൽ കയറിപ്പറ്റിയ ആ പെണ്ണിനെ നിന്നെക്കൊണ്ട് തന്നെ കെട്ടിക്കും ഈ മഹേഷ്‌.. അത്‌ രണ്ട് പെഗ്ഗിന്റ് പുറത്ത് പറയുന്ന വീരവാദം അല്ല.. എന്റെ കൂട്ടുകാരന് ഞാൻ കൊടുക്കുന്ന വാക്കാണ്  " 

 എന്നും പറഞ്ഞ് അവനെ കെട്ടിപിടിക്കുമ്പോൾ അത്‌ വരെ പിടിച്ചുനിന്നഗോപന്റെ  കണ്ണുകൾ സന്തോഷം കൊണ്ട് ഒഴുകുന്നുണ്ടായിരുന്നു. 
    മഹേഷിന്റെ ചുണ്ടുകളിൽ വല്ലാത്തൊരു പുഞ്ചിരിയും ! 

    പിന്നെ   ആ സന്തോഷം ഒന്നുകൂടി ആഘോഷിക്കുമ്പോലെ മഹേഷ്‌ രണ്ട് ഗ്ളാസുകളിലേക്ക് മദ്യം പകർന്നു അവന് നേരെ നീട്ടുമ്പോൾ ഗോപനും മനസ്സിൽ നിന്നും വലിയ ഒരു ഭാരം ഇറക്കിവെച്ച സന്തോഷത്തിൽ ആ ഗ്ലാസ് വാങ്ങി ചുണ്ടിലേക്ക് ചേർത്തു. പിന്നെ ഒരു കൈ കൊണ്ട് ചുണ്ടൊന്നു തുടച്ചുകൊണ്ട് മഹേഷിനോടായി ചോദിക്കുന്നുണ്ടായിരുന്നു 
 "അല്ല, നിന്റെ വിവാഹത്തെ കുറിച്ച് കൂടുതലായി ഒന്നും പറഞ്ഞില്ലല്ലോ നീ.. എവിടെ വരെ ആയി കാര്യങ്ങൾ.. ന്തായി തീരുമാനം " എന്നൊക്കെ. 

   അത്‌ കേട്ട് മഹേഷ്‌ ഒന്ന് പതിയെ ചിരിച്ചു 

  " കല്യാണം ... ന്റെ കല്യാണം... ഞാൻ പറഞ്ഞല്ലോ, എന്റെ താല്പര്യം അല്ല.. വീട്ടുകാരുടെ നിർബന്ധം. പിന്നെ അറിയുന്ന വീടും ആളും ആയത് കൊണ്ട് സമ്മതം. എന്നായാലും ഇതൊക്കെ വേണ്ടേ. "  

അതും പറഞ്ഞ് എന്തോ ആലോചിക്കുമ്പോലെ പെട്ടന്ന് മൊബൈൽ എടുത്ത് തുറക്കുമ്പോൾ പറയുന്നുണ്ടായിരുന്നു " നീ എന്റെ പെണ്ണിനെ കണ്ടില്ലല്ലോ " എന്ന്. അതും പറഞ്ഞ് ഫോൺ അവന് നേരെ നീട്ടുമ്പോൾ കയ്യിലെ ഗ്ലാസ് ടേബിളിൽ വെച്ച് സന്തോഷത്തോടെ ഗോപൻ ഫോൺ വാങ്ങി ഡിസ്പ്ലേയിലേക്ക് നോക്കി... 
   അതിൽ തെളിഞ്ഞ മുഖം കണ്ട്  വിശ്വസിക്കാൻ കഴിയാതെ  ഒരു നിമിഷം ഞെട്ടിത്തരിച്ചു വിറങ്ങലിച്ചിരിക്കുമ്പോൾ മഹേഷ്‌ മീശയിൽ തെരുപ്പിടിച്ച്  ചുണ്ടിൽ ഒരു ചിരി നിറച്ചുകൊണ്ട് പറയുന്നുണ്ടായിരുന്നു 

   " ഇതാണ് എന്റെ പെണ്ണ് ! " എന്ന്. 


#കല്യാണി         ( ഏഴ്  ) 
-------------------

അതും പറഞ്ഞ് എന്തോ ആലോചിക്കുമ്പോലെ പെട്ടന്ന് മൊബൈൽ എടുത്ത് തുറക്കുമ്പോൾ പറയുന്നുണ്ടായിരുന്നു " നീ എന്റെ പെണ്ണിനെ കണ്ടില്ലല്ലോ " എന്ന്. അതും പറഞ്ഞ് ഫോൺ അവന് നേരെ നീട്ടുമ്പോൾ കയ്യിലെ ഗ്ലാസ് ടേബിളിൽ വെച്ച് സന്തോഷത്തോടെ ഗോപൻ ഫോൺ വാങ്ങി ഡിസ്പ്ലേയിലേക്ക് നോക്കി... 
   അതിൽ തെളിഞ്ഞ മുഖം കണ്ട്  വിശ്വസിക്കാൻ കഴിയാതെ  ഒരു നിമിഷം ഞെട്ടിത്തരിച്ചു വിറങ്ങലിച്ചിരിക്കുമ്പോൾ മഹേഷ്‌ മീശയിൽ തെരുപ്പിടിച്ച്  ചുണ്ടിൽ ഒരു ചിരി നിറച്ചുകൊണ്ട് പറയുന്നുണ്ടായിരുന്നു 

   " ഇതാണ് എന്റെ പെണ്ണ് ! " എന്ന്. 

   പെട്ടന്നുണ്ടായ ഞെട്ടലിൽ നിന്ന് മോചിതനാവാൻ കുറച്ച് സമയമെടുത്തു ഗോപന്. 
    പിന്നെ അതേ ഭാവത്തോടെ മഹേഷിന്റെ മുഖത്തേക്ക് നോക്കുമ്പോൾ അവന്റെ  മുഖത്തപ്പോഴും മായാത്ത ഒരു പുഞ്ചിരി ഉണ്ടായിരുന്നു. 

   " ന്താടാ.. നിന്ക്ക് വിശ്വസിക്കാൻ കഴിയുന്നില്ലേ?   അതോ നിന്നോട് ഒന്ന് പറയുകപോലും ചെയ്യാതെ ഞാൻ ഒരു തീരുമാനം എടുത്തതിലുള്ള ദേഷ്യമാണോ നിന്റെ മുഖത്ത്‌?  "
 
ഗോപന്റെ നോട്ടം കണ്ടപ്പോൾ തന്നെ തന്റെ തീരുമാനം അവനേ വല്ലാതെ പിടിച്ചുലച്ചിട്ടുണ്ടെന്ന് മനസ്സിലായപ്പോലെ മഹേഷ്‌ അവനോട് ആരായുമ്പോൾ ഒന്നും പറയാൻ കഴിയാതെ ഇരിക്കുകയായിരുന്നു ഗോപൻ. 

    " ഗോപാ... എന്റെ ഇഷ്ട്ടങ്ങൾ എന്നും നിന്റെ കൂടി ഇഷ്ട്ടങ്ങൾ അല്ലെ... അതുകൊണ്ട് മാത്രമാണ് ഞാൻ ഇങ്ങനെ ഒരു തീരുമാനം എടുത്തത്.  എനിക്കറിയാം പെട്ടന്ന് നിനക്ക് ഇത് അസെപ്റ്റ് ചെയ്യാൻ കഴിയില്ലെന്ന്. നിനക്ക് പ്രിയപ്പെട്ടവളേ സ്വന്തമാക്കാൻ ഞാൻ ആഗ്രഹിക്കുമ്പോൾ അത്‌ നിന്നോട് ഒന്ന് ഷെയർ പോലും ചെയ്യാത്തത് എന്റെ തെറ്റാണ്. 
   നാട്ടിലേക്ക് വരുമ്പോൾ മനസ്സിൽ ഇവൾ മാത്രമായിരുന്നു.  വീട്ടുകാർ പല ആലോചനകളും മുന്നോട്ട് വെക്കുമ്പോൾ അതിനെ ഒക്കെ തള്ളിക്കളയാൻ കാരണവും ഇതായിരുന്നു. 
        ഞാൻ പറഞ്ഞല്ലോ വീട്ടുകാർക്ക് ഇഷ്ട്ടമാണെന്ന്.  പക്ഷേ, അത്‌ സത്യത്തിൽ ഒരു കള്ളമാണ്.  
    അവർ ഇവളെ കണ്ടിട്ടുണ്ടെങ്കിലും എന്റെ ഈ തീരുമാനം അവർക്ക് അംഗീകരിക്കാൻ കഴിയുന്നില്ലായിരുന്നു. പിന്നെ എന്റെ വാശിക്ക് മുന്നിൽ  അസപ്റ്റ്  ചെയ്യണോ അതോ റിജെക്ട് ചെയ്യണോ എന്ന കൺഫ്യൂഷനിൽ ആണ് അവർ ഇപ്പോഴും. 
        
   എനിക്കറിയാം ഈ ഫോട്ടോ നിന്റെ ചങ്കിടിപ്പ് കൂട്ടുമെന്ന്. പെട്ടന്ന് ഇതിനെ നിനക്ക് അംഗീകരിക്കാൻ കഴിയില്ലെന്നും. 
       പക്ഷേ,  എന്നെ മനസ്സിലാക്കാൻ നിനക്ക് കഴിയും. നിന്നെക്കാൾ ഏറെ എന്നെ മനസ്സിലാക്കിയ ഒരാൾ വേറെ ഇല്ലല്ലൊ...

   പക്ഷേ, ഇപ്പഴും ഞാൻ പറയുന്നു നിന്റെ സമ്മതം ഇല്ലങ്കിൽ ഈ ആഗ്രഹം ഞാൻ ഇവിടെ ഉപേക്ഷിക്കും. ഇതിനേക്കൾ ഒക്കെ വലുത് എനിക്ക് നീ ആണ്. നമ്മുടെ സൗഹൃദം ആണ്. ഒരു പെണ്ണ് കാരണം അത്‌ ഇല്ലാതാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.. 
        എല്ലാം നിന്നോട് ഷെയർ ചെയ്യുന്ന ഞാൻ ഇത് മാത്രം പറയാതിരുന്നത് എന്റെ തീരുമാനം നിനക്ക് അംഗീകരിക്കാൻ കഴിയുമെന്ന വിശ്വസത്തിൽ ആണ്. "

    മഹേഷിന്റെ ഓരോ വാക്കുകളും അവന്റെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുമ്പോൾ പെട്ടന്ന് എന്ത് മറുപടി പറയണമെന്ന് അറിയാതെ ഇരിക്കുകയായിരുന്നു ഗോപൻ. 
      " ഇങ്ങനെ ഒരു കാര്യം അവൻ മുന്നോട്ട് വെക്കുന്നതെന്ന് അറിഞ്ഞില്ല.  മനസ്സിൽ പോലും ചിന്തിച്ചില്ല ..... "

       പെട്ടന്നൊരു മറുപടി പറയാൻ കഴിയാതെ അവൻ മുന്നിലെ ഗ്ളാസ്സിൽ ഒഴിച്ച് വെച്ച മദ്യം ഒറ്റ വലിക്ക് തീർത്ത്‌ മുഖം തുടച്ചുകൊണ്ട് എഴുന്നേൽക്കുമ്പോൾ മഹേഷ്‌ പോസിറ്റീവ് ആയ ഒരു ഉത്തരം പ്രതീക്ഷിച്ചുകൊണ്ട് പിന്നെയും ചോദിക്കുന്നുണ്ടായിരുന്നു " ടാ നീ ഒന്നും പറഞ്ഞില്ല " എന്ന്. 

അതിന് മറുപടി എന്നോണം മഹേഷിന് ഒരു പുഞ്ചിരി സമ്മാനിച്ചുകൊണ്ട് പുറത്തേക്ക് നടക്കാൻ തുടങ്ങുമ്പോൾ അവൻ ഒന്ന് തിരിഞ്ഞുനോക്കിക്കികൊണ്ട് പറയുന്നുണ്ടായിരുന്നു 
   " എന്റെ തീരുമാനം അല്ലല്ലോ ഇവിടെ പ്രധാനം.. അവളുടെ അല്ലെ... അവൾ സന്തോഷത്തോടെ സമ്മതിച്ചാൽ പിന്നെ എനിക്ക് എന്ത് കുഴപ്പം.. ദൈവം അങ്ങനേ ആണ് തീരുമാനിച്ചതെങ്കിൽ അത്‌ നടക്കട്ടെ " എന്ന്. 

   അതും പറഞ്ഞ് വയ്യാത്ത കാലും വലിച്ച് ഗോപൻ   പുറത്തേക്ക് ഇറങ്ങുമ്പോൾ  വീണ് കിട്ടിയ സന്തോഷം ആഘോഷിക്കാൻ മഹേഷ്‌ ഗ്ലാസ്സിലേക്ക് മദ്യം പകരുകയായിരുന്നു. 

         -------------------------------------------------

" മോളെ,  എന്താണ് നിന്റെ തീരുമാനം?  അച്ഛനെ ഇനിയും വിഷമിപ്പിക്കാൻ ആണോ? "

 രാത്രി ഭക്ഷണം പോലും കഴിക്കാതെ കിടക്കുന്ന മകൾക്കരികിൽ ഇരിക്കുമ്പോൾ ഒരു അച്ഛന്റെ എല്ലാ വേവലാതിയും വിഷമവും ആ വാക്കുകളിൽ ഉണ്ടായിരുന്നു. 

    അരികിലിരിക്കുന്ന അച്ഛനെ കണ്ട് കണ്ണ് തുടച്ച് കല്യാണി എഴുന്നേൽക്കുമ്പോൾ വാത്സല്യത്തോടെ  അവളുടെ മുടിയിൽ ഒന്ന് തലോടി അയാൾ. പിന്നെ    അവളുടെ കരഞ്ഞുതിണർത്ത കണ്ണുകളിലേക്ക് നോക്കികൊണ്ട് പറയുന്നുണ്ടായിരുന്നു 
" മോളെ.. എനിക്ക് മനസ്സിലാകും മോളുടെ വിഷമം. പക്ഷേ, ഇതുപോലെ നാളെ ന്റെ കുട്ടി കരയേണ്ടി വരുന്ന ഒരു അവസ്ഥ ഇല്ലാതിരിക്കാൻ ആണ് അച്ഛൻ മോളെ ഇപ്പോൾ വന്ന ആലോചനക്ക് നിർബന്ധിക്കുന്നത്. മോളെ കുറിച്ച് എല്ലാം അറിയുന്ന കൂട്ടരല്ലേ. അവിടെ മോൾക്ക് സ്വർഗ്ഗമാകും. ഇപ്പോൾ നീ കരയുന്നത് നാളെ നിനക്ക് സന്തോഷം നൽകുവാൻ ആയിരിക്കും. 
    നമുക്ക് ഒരു ജീവിതമല്ലേ ഉളളൂ.. അത്‌ വെറുതെ എന്നോ മനസ്സിൽ തോന്നിയ ഒരു ഇഷ്ട്ടത്തിന്റെ പേരിൽ...... "

   അയാൾ അത്രയും പറഞ്ഞ് നിർത്തുമ്പോൾ അച്ഛന്റെ വാക്കുകളിൽ അച്ഛൻ കണ്ടെത്തുന്ന ശരികളെ ഓർത്ത്  ആ മുഖത്തേക്ക് നോക്കി ഇരിക്കുകയായിരുന്നു കല്യാണി. 
  അച്ഛൻ അച്ഛന്റെ  മുന്നിൽ  നിൽക്കുന്ന ശരികളെ മാത്രം കാണാൻ ശ്രമിക്കുമ്പോൾ മകളെ മനപ്പൂർവം മനസ്സിലാക്കാൻ ശ്രമിക്കാതിരിക്കുകയാണെന്ന് പോലും തോന്നിപ്പോയി അവൾക്ക്. 
    
 മെല്ലെ കണ്ണുകൾ തുടച്ചുകൊണ്ട് അച്ഛന്റെ മുഖത്തു നിന്നും കണ്ണെടുത്ത്‌ താഴേക്ക് നോക്കിയിരിക്കുമ്പോൾ അവൾ പറയുന്നുണ്ടായിരുന്നു, 

  "  എനിക്ക് വാശിയില്ല അച്ഛാ.. സങ്കടവും.. 
നിങ്ങളുടെ തീരുമാനം പോലെ ഞാൻ നിൽക്കാം.. നിങ്ങൾ പറയുന്ന ആൾക്ക് മുന്നിൽ ഞാൻ കഴുത്ത് നീട്ടാം..  നിങ്ങക്കൊക്കെ സന്തോഷം നൽകുന്ന എന്റെ  തുടർന്നുള്ള ജീവിതം ഞാൻ സ്വീകരികാം. പക്ഷേ,  ഞാൻ ഒന്ന് ചോദിക്കട്ടെ.. 
എന്നെങ്കിലും അച്ഛൻ ഈ മോളെ മനസ്സിലാക്കിയിട്ടുണ്ടോ?  അച്ഛന്റെ മോളുടെ മനസ്സ് അറിഞ്ഞിട്ടുണ്ടോ?  അച്ഛന്റെ തീരുമാനങ്ങളിലെ ശരികളെ എനിക്ക് മുന്നിൽ നിരത്തുമ്പോൾ  എന്റെ ശരികൾക്ക് ഒരിക്കലെങ്കിലും കാതോർത്തിട്ടുണ്ടോ?  
  ഇല്ല അച്ഛാ.. 
 എന്നും അച്ഛന്റെ തീരുമാനങ്ങൾ മാത്രമായിരുന്നു ശരി. അല്ലെങ്കിൽ അച്ഛൻ അങ്ങനെ ആക്കിയെടുക്കാൻ ശ്രമിക്കും.  
  ഇവിടെയും അത്‌ തന്നെ അല്ലെ അച്ഛാ നടക്കുന്നത്. ഞാൻ ഒരാളെ ഇഷ്ട്ടമാണെന്ന് പറയുമ്പോൾ അച്ഛന് മോളുടെ മനസ്സിനേക്കാൾ വലുത് അച്ഛനോപ്പം നിൽക്കുന്ന അന്തസ്സാണ്. 
     അച്ഛാ. ഒന്ന് ഞാൻ പറഞ്ഞോട്ടെ...ധിക്കാരമായി കാണണ്ട... 
 അന്തസ്സ് എന്നത് പണം കൊണ്ട് നേടാൻ കഴിയുന്ന ഒന്നല്ല. അത്‌ മനസ്സിന്റെ വലുപ്പം കൊണ്ട്  താനേ വന്നു ചേരുന്നതാണ്. അങ്ങനെ നോക്കുമ്പോൾ  ഞാൻ സ്നേഹിച്ചവന് നമ്മളെക്കാൾ അന്തസ്സ് ഉണ്ട് അച്ഛാ.. അതുകൊണ്ട് ആണല്ലോ എന്നെ ഒരിക്കൽ പോലും കൂടെ വരാൻ നിർബന്ധിക്കാതെ നേരിട്ട് അച്ഛന് മുന്നിൽ വന്ന് എന്നെ ചോദിച്ചത്.. 
  അഭിമാനം ഉള്ളത് കൊണ്ടല്ലേ അച്ഛാ അച്ഛന്റെ തീരുമാനങ്ങളെ വെല്ലു വിളിക്കാതെ പുഞ്ചിരിയോടെ ഇവിടെ നിന്നും ഇറങ്ങിപ്പോയത്. പക്ഷേ, ഇന്നലെ ഇവിടെ നിന്നും ഇറങ്ങിപോകുമ്പോൾ ആ മനസ്സ് എത്ര വേദനിച്ചിട്ടുണ്ടെന്ന് എനിക്ക് അറിയാം. കാരണം ആ മനസ്സ് നിറയെ ഞാൻ ആണ്.  

അതുപോലെ തന്നെ ആണ് എന്റെ മനസ്സിലും. നിങ്ങളുടെ വാക്കിന്റെ വില കളയാതിരിക്കാൻ,  ധിക്കരിക്കാതിരിക്കാൻ ഞാൻ അച്ഛൻ പറയുന്ന ആൾക്ക് മുന്നിൽ കഴുത്ത് നീട്ടാം.. പക്ഷേ, അതോടൊപ്പം എന്റെ മനസ്സിനെ വിലയ്ക്ക് വാങ്ങാൻ ശ്രമിക്കരുത്. അത്‌ ഒരാൾക്കേ കല്യാണി കൊടുത്തിട്ടുള്ളൂ.. മരിക്കുവോളം  അത്‌ അയാൾക്ക് വേണ്ടി മാത്രമേ തുടിക്കുകയുള്ളൂ. "

  അവളുടെ ഓരോ വാക്കും അയാൾ കേട്ടത്  വല്ലാത്തൊരു മാനസികാവസ്ഥയിൽ ആയിരുന്നു. 
 ആലോചിക്കുമ്പോൾ അവൾ പറഞ്ഞതിൽ ശരിയുണ്ട്.. പക്ഷേ, മകൾക്ക് വേണ്ടി ജീവിക്കുന്ന ഒരു അച്ഛന്റെ മനസ്സിന്റെ വേവലാതികൾ ആണ് എല്ലാം എന്ന് അവൾ മനസ്സിലാകുന്നില്ലലോ എന്നോർക്കുമ്പോൾ അയാളുടെ ഹൃദയം വല്ലാതെ പിടക്കുന്നുണ്ടായിരുന്നു. 
    ആദ്യമായി  മകളുടെ ചോദ്യങ്ങൾക്ക് മുന്നിൽ ഉത്തരം മുട്ടുമ്പോൾ അയാൾ അസ്വസ്ഥതയോടെ അവളോട് മറുത്തൊന്നും പറയാതെ പതിയെ എഴുനേറ്റു. പിന്നെ അവളെ ഒന്ന് നോക്കുകപോലും ചെയ്യാതെ പതിയെ റൂമിൽ നിന്നും പുറത്തേക്ക് കടക്കുമ്പോൾ അച്ഛന്റെ ആ പോക്ക് നോക്കി വിഷമത്തോടെ ഇരിക്കുകയായിരുന്നു കല്യാണി അച്ഛന്റെ മനസ്സ് വിഷമിപ്പിച്ചതോർത്ത്‌. 

       -------------------------------------------------------

        ദിവസങ്ങൾ കൊഴിഞ്ഞുവീണുകൊണ്ടിരുന്നു. 
   പകലും രാത്രിയും മാറിമറയുന്നതിനോടൊപ്പം അവളിലേക്കുള്ള ദൂരം കൂടുന്നത് പോലെ തോന്നി ഗോപന്.ഇപ്പോൾ അതികം വിളിക്കാൻ ശ്രമിക്കാറില്ല. അവൾ വിളിച്ചാലും പലപ്പോഴും ഒഴിഞ്ഞുമാറും.  ഇനി ഒരു വാക്ക് കൊണ്ട് പോലും അവള്ക്ക് ആശ കൊടുക്കാതിരിക്കാൻ അവൻ സ്വയം വേദനകളെ കടിച്ചമർത്തുമ്പോൾ അവളുടെ ജീവിതം സന്തോഷം നിറഞ്ഞതാകണാമെന്ന ആഗ്രഹം മാത്രമായിരുന്നു മനസ്സിൽ. 
അതുകൊണ്ട് തന്നെ അവൾ കയറാറുള്ള ബസ്സിലെ യാത്ര പോലും വേണ്ടെന്ന് വെച്ച് സ്വന്തമായി വാങ്ങിയ സ്കൂട്ടിയിലേക്ക്  ബാങ്കിലേക്കുള്ള യാത്രയെ പറിച്ചുനടുമ്പോൾ പ്രാണനായ് പ്രണയിച്ചവളെ വേരോടെ പിഴുതെറിയാൻ ശ്രമിക്കുന്ന വേദനയിലൂടെ ആയിരുന്നു ഓരോ ദിവസവും കടന്ന്പോയത്. 

അന്ന് ഒരു ഞായർ ദിവസം മഹേഷ്‌ വിളിക്കുമ്പോൾ പറഞ്ഞത് " ഒരിടം വരെ പോകണം,  നീ വേഗം റെഡിയായി നിൽക്ക് " എന്ന് മാത്രമായിരുന്നു. 
 എങ്ങോട്ടെന്നോ എന്തിനാണെന്നോ പറയാതെ ഫോൺ വെച്ച മഹേഷ്‌ കുറച്ചു സമയത്തിനുള്ളിൽ വീട് പടിക്കൽ എത്തുമ്പോൾ ഗോപനും റെഡിയായി ഇറങ്ങിയിരുന്നു. 

  കാർ മുന്നോട്ട് എടുക്കുമ്പോൾ എങ്ങോടാണെന്ന് പല വട്ടം ചോദിച്ചെങ്കിലും അതിനുള്ള മറുപടി ഒരു പുഞ്ചിരിയിൽ ഒതുക്കി മഹേഷ്‌.  
  പക്ഷേ, ഉത്തരം തേടുന്ന ഗോപന്റെ നോട്ടം കണ്ടപ്പോൾ ചിരിയോടെ തന്നെ മഹേഷ്‌ പറയുന്നുണ്ടായിരുന്നു " നീ ഒന്ന് അടങ്ങിയിരിക്ക്... ന്തായാലും നിന്നെ കൊല്ലാൻ കൊണ്ടുപോകുകയല്ല " എന്ന്. 

അതിന് ശേഷം കൂടുതലൊന്നും ചോദിച്ചില്ല ഗോപൻ. പക്ഷേ,  കുറച്ചു നേരത്തെ ആ യാത്ര ഗോപനെ ഞെട്ടിച്ചുകൊണ്ട് അവസാനിച്ചത്  വലിയ ഗേറ്റിനു മുന്നിൽ ആയിരുന്നു. 
     അതേ ഞെട്ടലോടെ " ഇതെന്താണ് ഇവിടെ " എന്ന അർത്ഥത്തിൽ ഗോപൻ മഹേഷിനെ നോക്കുമ്പോൾ അവൻ കണ്ണുകൾ കൊണ്ട് ഇറങ്ങാൻ ആംഗ്യം കാട്ടി. 
പിന്നെ ഡോർ തുറന്ന് ഇറങ്ങുമ്പോൾ താല്പര്യമില്ലാത്ത മട്ടിൽ ആയിരുന്നു ഗോപൻ ഇറങ്ങിയത്. 

  " എന്തിനാണ് ഇവിടെ.. ഇത്..... "

അവന്റെ വാക്കുകൾക്ക് ചെവി കൊടുക്കാതെ കാർ ലോക്ക് ചെയ്ത് ഗോപന്റെ തോളിൽ കയ്യിട്ട് ആ വലിയ ഗേറ്റ് തുറന്ന് അകത്തേക്ക് നടക്കുമ്പോൾ ഗോപന്റെ കണ്ണുകൾ നാലുപാടും തിരഞ്ഞത് കല്ല്യാണിയെ ആയിരുന്നു. 

 പക്ഷേ, അവളുടെ അച്ഛന്റെ വാക്കുകൾ അപ്പോഴും കാതിൽ മുഴങ്ങുമ്പോൾ മുന്നിൽ സംഭവിക്കാൻ പോകുന്നതെന്തെന്ന് അറിയാതെ വേവലാതിയോടെ മഹേഷിനെ നോക്കുമ്പോൾ അതൊന്നും ശ്രദ്ധിക്കാതെ മുന്നോട്ട് നടക്കുകയായിരുന്നു അവൻ. 

    പുറത്ത് പത്രം വായിച്ചിരിക്കുന്ന കല്യാണിയുടെ അച്ഛന് മുന്നിൽ ഗോപനേ ഒന്ന് കണ്ണിറുക്കി കാണിച്ചുകൊണ്ട് മഹേഷ്‌ മുരടനക്കുമ്പോൾ അയാൾ പത്രത്തിൽ നിന്നും കണ്ണെടുത്ത്‌ മുന്നിലേക്ക് നോക്കികൊണ്ട് പെട്ടന്ന് എഴുനേറ്റു. 

    പിന്നെ കണ്ണട ഒന്ന് നേരെ ആക്കികൊണ്ട് അവരെ ഒന്നുകൂടി ഇരുത്തി നോക്കി അയാൾ. 

  മകൾക്ക് വേണ്ടി താൻ കണ്ടെത്തിയ ഭാവി വരനെയും അവൾ സ്വയം കണ്ടെത്തിയ അവളുടെ  കാമുകനെയും  !!

#കല്യാണി               ( ഏട്ട് )
---------------------

പുറത്ത് പത്രം വായിച്ചിരിക്കുന്ന കല്യാണിയുടെ അച്ഛന് മുന്നിൽ ഗോപനേ ഒന്ന് കണ്ണിറുക്കി കാണിച്ചുകൊണ്ട് മഹേഷ്‌ മുരടനക്കുമ്പോൾ അയാൾ പത്രത്തിൽ നിന്നും കണ്ണെടുത്ത്‌ മുന്നിലേക്ക് നോക്കികൊണ്ട് പെട്ടന്ന് എഴുനേറ്റു. 

    പിന്നെ കണ്ണട ഒന്ന് നേരെ ആക്കികൊണ്ട് അവരെ ഒന്നുകൂടി ഇരുത്തി നോക്കി അയാൾ. 

  മകൾക്ക് വേണ്ടി താൻ കണ്ടെത്തിയ ഭാവി വരനെയും അവൾ സ്വയം കണ്ടെത്തിയ അവളുടെ  കാമുകനെയും  !!

  പക്ഷേ, അപ്പോഴും വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു ഗോപൻ.  
 'മഹേഷ്‌ ഒരിടം വരെ പോകണമെന്ന് പറഞ്ഞപ്പോൾ അത്‌ ഇവിടേക്ക് ആകുമെന്ന് കരുതിയില്ല. അറിഞ്ഞിരുന്നെങ്കിൽ സമ്മതിക്കില്ലായിരുന്നു . പക്ഷേ.. ഇതിപ്പോ "  
     മനസ്സ് പറയുന്നുണ്ട് പിൻതിരിഞ്ഞു  നടക്കാൻ...
അപ്പോഴും  അവിടെ പിടിച്ചുകെട്ടുംപോലെ എന്തോ ഒന്ന് അവനെ പിടിച്ചുലക്കുന്നുണ്ടായിരുന്നു. 
കണ്ണുകൾ ഇടക്ക് അറിയാതെ പോലും കല്യാണിയെ തേടുന്നുണ്ടായിരുന്നു !

 " രണ്ടാളും കേറി വാ "

      കല്യാണിയുടെ അച്ഛനാണ്.. 
 പുഞ്ചിരിയോടെ അയാൾ രണ്ട് പേരെയും അകത്തേക്ക് ക്ഷണിക്കുമ്പോൾ മുന്നിൽ നടക്കുന്നത് വിശ്വസിക്കാൻ കഴിയാതെ നിൽക്കുകയായിരുന്നു ഗോപൻ. 
    അന്ന് വന്നപ്പോൾ തന്നെ വാക്കുകളിൽ ഒരു ഭീക്ഷണിയും താക്കീതും ഉണ്ടായിരുന്നു. 
 പിന്നെയും കേറി വരുമ്പോൾ പ്രതീക്ഷിച്ചത് ദേഷ്യത്താൽ ചുവക്കുന്ന മുഖമായിരുന്നെങ്കിൽ കാണുന്നത് സൗമ്യമായി പുഞ്ചിരിക്കുന്ന ഒരു മനുഷ്യനെ. 

     " ഇങ്ങനെ പുറത്ത് തന്നെ നിൽക്കാതെ കേറി വാ "  എന്ന് ഒരിക്കൽ കൂടി അവരെ അകത്തേക്ക് ക്ഷണിച്ചുകൊണ്ട് അയാൾ അകത്തേക്ക് നോക്കി ഉറക്കെ വിളിച്ചുപറയുന്നുണ്ടായിരുന്നു " മോളെ കല്യാണി,  പുറത്തേക്ക് രണ്ട് ചായ എടുക്കൂട്ടോ " എന്ന്. 

  അച്ഛന്റെ വിളി കേട്ട് തീരെ താല്പര്യം ഇല്ലാത്ത പോലെ റൂമിൽ നിന്നും പുറത്തേക്കിറങ്ങിയ അവൾ പൂമുഖത്തിരിക്കുന്ന ഗോപനെ കണ്ട് ആശ്ചര്യത്തോടെ  അവന്റ മുഖത്തേക്ക് നോക്കി.  പക്ഷേ, കൂടെ ഇരിക്കുന്ന മഹേഷിനെ കൂടി കണ്ടതോടെ മുഖത്തുണ്ടായ സന്തോഷം നിറംക്കെട്ടിരുന്നു അവളിൽ. 
   " എന്താണ് രണ്ട് പേരും വന്നതിന്റ കാര്യം " എന്നറിയാതെ മനസ്സൊന്നു പിടക്കുമ്പോൾ എന്തോ സംഭവിക്കാൻ പോകുന്നനെന്നു തോന്നി കല്യാണിക്ക്. 
    
    പതിയെ ആർക്കും മുഖം കൊടുക്കാതെ അകത്തേക്ക് പോയ അവളെ ഒരു നോട്ടം കണ്ടിരുന്നു ഗോപൻ.  ആ ഒരു നോട്ടം മതിയായിരുന്നു അവന് അത്ര നേരം ഉണ്ടായിരുന്ന മനസ്സിന്റെ പിരിമുറുക്കം കുറയ്ക്കാൻ. !

          അപ്പോഴും ഈ വരവിന്റെ ഉദ്ദേശം എന്തെന്ന് അറിയാതെ ഉള്ള സംശയം അവന്റ നോട്ടത്തിൽ ഉണ്ടെന്ന് മനസിലായി മഹേഷിന്. അതുകൊണ്ട് തന്നെ അവനെ നോക്കി ഒന്ന് കണ്ണിറുക്കികൊണ്ട് അവൻ കല്യാണിയുടെ അച്ഛനോടായി പറയുന്നുണ്ടായിരുന്നു " അപ്പോ അങ്കിൾ,  ഇനിയും വൈകിക്കാതെ ഈ വരവിന്റെ ഉദ്ദേശം പറയാം. കണ്ടില്ലേ ഇവന്റെ മുഖത്തെ പരിഭ്രമം. ഞാൻ കൊല്ലാൻ കൊണ്ട്വന്ന പോലെയാ നോട്ടം " എന്ന്. 

അതുകേട്ട് അയാളൊന്ന് ചിരിച്ചു. പിന്നെ അകത്തു നിന്ന് ചായയുമായി വന്ന കല്യാണിയോട് രണ്ട് പേർക്കും ചായ കൊടുക്കാൻ ആവശ്യപ്പെട്ടു. അവൾ അച്ഛൻ പറഞ്ഞ പോലെ രണ്ട് പേർക്കും ചായ കൊടുത്ത് ആരുടേയും മുഖത്തേക്ക് നോക്കാതെ പോകാനായി തിരിയുമ്പോൾ അച്ഛൻ അവളുടെ കയ്യിൽ പിടിച്ച് " മോള് ഇവിടെ ഇരി " എന്നും പറഞ്ഞ് അയാൾക്കരികിൽ നിർബന്ധപ്പൂർവം പിടിച്ചിരുത്തി. 
  
  ഇതുവരെ ഇതുപോലെ ഒരിക്കൽ പോലും ചെയ്തിട്ടില്ലാത്ത അച്ഛന്റെ ആ പെരുമാറ്റം അവൾക്ക് അത്ഭുതമായിരുന്നു.  
പതിയെ അച്ഛനരികിൽ ഇരിക്കുമ്പോൾ അവൾ  അച്ഛന്റെ മുഖത്തെ ചിരി കണ്ട് അമ്പരന്നിരുന്നു,  " ഇതിപ്പോ കൊല്ലാനാണോ വളർത്താൻ ആണോ ചിരിക്കുന്നത് " എന്ന സന്ദേഹത്തോടെ. 

       " അപ്പൊ ഞാൻ നിങ്ങളെ വിളിച്ചതിന്റ കാര്യം പറയാം... കാര്യം മഹേഷിന് അറിയാം. 
വലിയ മുഖവുരയൊന്നും ഇല്ലാതെ എല്ലാം തുറന്നു പറയുന്നതാണ് എന്റെ ശീലം.  അപ്പൊ പറഞ്ഞ് വന്നത് എന്താണെന്ന് വെച്ചാൽ എന്റെ മോളുടെ കല്യാണം ഞാൻ തീരുമാനിച്ചു " 

അത്ര നേരം കാര്യം അറിയാൻ വേണ്ടി കാത്തിരുന്ന കല്യാണിയും ഗോപനും അത്‌ കേട്ട് ഒന്ന് ഞെട്ടി.  
 പക്ഷേ, പിന്നീട് അയാൾ പറഞ്ഞ വാക്ക് കേട്ട് അവർ  അച്ഛന്റെ വാക്കുകളെ വിശ്വസിക്കാൻ കഴിയാതെ അത്ഭുതത്തോടെ പരസ്പ്പരം നോക്കി. !

 " എന്റെ മോളുടെ കല്യാണം ഞാൻ തീരുമാനിച്ചു. പക്ഷേ,   അതിൽ ഒരു മാറ്റം ഉണ്ട്.  ഞാൻ തീരുമാനിച്ച  മഹേഷ്‌ അല്ല,  എന്റെ മകൾ അവൾക്ക് വേണ്ടി കണ്ടെത്തിയ ഗോപൻ തന്നെ ആണ് എന്റെ മകളുടെ ഭാവിവരൻ.! "

  വിശ്വസിക്കാൻ കഴിയുന്നില്ലായിരുന്നു  രണ്ട് പേർക്കും. 
  കേട്ടത് സത്യമാണോ അതോ സ്വപ്നമാണോ എന്നറിയാതെ അവർ പരസ്പ്പരം നോക്കുമ്പോൾ സന്തോഷം കൊണ്ട് രണ്ട് പേരുടെയും കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. 

    പക്ഷേ, അതോടൊപ്പം അവന്റെ മനസ്സിൽ പതിഞ്ഞത്  വേറെ ഒരു വാക്കുണ്ടായിരുന്നു.     കല്യാണിക്ക് വേണ്ടി വീട്ടുകാർ കണ്ടെത്തിയ വരൻ മഹേഷ്‌ ആണെന്നത്  !
 അതൊരു പുതിയ  അറിവായിരുന്നു ഗോപന്.  
  ആ വാക്കുകൾ മനസ്സിനെ പിടിച്ചുലക്കുമ്പോൾ ഗോപൻ വിശ്വസിക്കാൻ കഴിയാതെ മഹേഷിനെ നോക്കി.  
  അവന്റെ നോട്ടത്തിന്റ അർത്ഥം മനസ്സിലായപ്പോലെ ഒന്ന് കണ്ണുകൾ അടച്ച് കാണിച്ചു പുഞ്ചിരിയോടെ " അതെ " എന്ന അർത്ഥത്തിൽ. 

     സത്യത്തിൽ മുന്നിൽ നടക്കുന്നത് എന്താണെന്ന് മനസ്സിലാകുന്നില്ലായിരുന്നു ഗോപന്. 
  കല്യാണിയെ പെണ്ണ് ചോദിക്കുമ്പോൾ തരില്ലെന്ന് മുഖത്ത്‌ നോക്കി പറഞ്ഞ ആള് ഇപ്പോൾ നിറഞ്ഞ മനസ്സോടെ സമ്മതം മൂളുന്നു. 
  അവൾക്ക് വേറെ കല്യാണം വീട്ടുകാർ തീരുമാനിച്ച കാര്യം അറിഞ്ഞപ്പോഴും അത്‌ മഹേഷ്‌ ആണെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. 
 
 മനസ്സിൽ കൊടുമ്പിരികൊള്ളുന്ന സന്തോഷത്തോടൊപ്പം  ഈ പെട്ടന്നുള്ള തീരുമാനത്തിന് പിന്നിൽ എന്തൊക്കെയോ നടന്നിട്ടുണ്ട് എന്ന് മാത്രം മനസിലായി ഗോപന്. പക്ഷേ, എന്തെന്ന് മാത്രം എത്ര ആലോചിച്ചിട്ടും ഒരു എത്തും പിടിയും കിട്ടുന്നിലായിരുന്നു അവന്. 

    " അപ്പോൾ ഞാൻ പറഞ്ഞത് ഗോപന് മനസിലായല്ലോ.. എന്റെ മകളെ ഗോപന്റെ കയ്യിൽ ഏൽപ്പിക്കാൻ എനിക്ക് പൂർണ്ണസമ്മതം ആണെന്ന്. എന്റെ മകളെയും അവൾക്ക് നിങ്ങളോടുള്ള സ്നേഹവും മനസിലാക്കാൻ കുറച്ചു വൈകി ഞാൻ. അതുപോലെ സ്നേഹത്തിന്റ വിലയും. 
   ഇനി ബാക്കി കാര്യങ്ങൾ എങ്ങനെയൊക്കെ ആണെന്ന് നിങ്ങൾ വീട്ടുകാർ ചേർന്ന് ആലോചിച്ചു തീരുമാനിച്ച് അറിയിക്കൂ.  അതല്ലേ മഹേഷേ നല്ലത് " 
 എന്നും ചോദിച്ചുകൊണ്ട് അയാൾ മഹേഷിനെ നോക്കുമ്പോൾ " അതേ അങ്കിൾ " എന്നും  പറഞ്ഞ് അവൻ പതിയെ തലയാട്ടി. 

   പിന്നെ മെല്ലെ ഗോപനെ ഒന്ന് തോണ്ടിക്കൊണ്ട് ഇറങ്ങാം എന്ന് ആംഗ്യം കാട്ടി മെല്ലെ എഴുന്നേറ്റു മഹേഷ്‌. 
 " അപ്പോ അങ്കിൾ. ഞങ്ങൾ ഇറങ്ങുകയാണ്. 
ബാക്കി കാര്യങ്ങൾ വീട്ടുകാരുമായി തീരുമാനിച്ച് വൈകാതെ തന്നെ അറിയിക്കാം... കാര്യമായിട്ട് ആരോടും ചോദിക്കാനോ പറയാനോ ഇല്ല.. ഇവന് ഉള്ളത് അമ്മയും അനിയത്തിയും ആണെന്ന് അറിയാലോ  അങ്കിളിനും. 
 പിന്നെ ഉള്ളത് വകയിൽ ഒന്ന് രണ്ട് ബന്ധുക്കൾ ആണ്.  അതൊക്കെ വിളിച്ച് പറഞ്ഞാൽ തീരുന്ന കാര്യമേ ഉളളൂ.. അപ്പൊ പിന്നെ ഇനി ഒരു യാത്ര പറച്ചിൽ ഇല്ല. " എന്നും പറഞ്ഞ് കല്ല്യാണിക്ക് ഒരു ചിരി സമ്മാനിച്ച് മഹേഷ് തിരിയുമ്പോൾ  ചിരിയോടെ രണ്ട് പേരോടും യാത്ര പറഞ്ഞ് ഗോപനും അവനോടൊപ്പം പുറത്തേക്ക് നടന്നു. 

    അവർ പുറത്തേക്കിറങ്ങിയ ഉടനെ അച്ഛന്റെ വാക്കുകൾ നൽകിയ സന്തോഷം അയാളുടെ കവിളിൽ ഒരു ഉമ്മയായി നൽകികൊണ്ട്  കല്ല്യാണി അകത്തേക്ക് ഓടുമ്പോൾ  എല്ലാം കേട്ട് ചിരിയോടെ  പിറകിൽ അമ്മയും ഉണ്ടായിരുന്നു. !

           ---------------------------------------------------

 " ടാ, സത്യത്തിൽ എന്താ ഇപ്പോൾ സംഭവിച്ചത്... എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല ഒന്നും. എല്ലാം ഒരു സ്വപ്നം പോലെ .. പക്ഷേ അതിനേക്കാൾ എന്നെ ഷോക്കടിപ്പിച്ചത് അവൾക്ക് വേണ്ടി ആലോചിച്ച ചെക്കൻ നീയാണെന്ന് അറിഞ്ഞപ്പോൾ ആണ്. 
  ഇതുവരെ അങ്ങനെ ഒരു സൂചന പോലും നീ തന്നില്ലല്ലോ.... ശരിക്കും എങ്ങനാടാ ഇതൊക്കെ ഇങ്ങനെ..... !
  ആകെ മൊത്തം കൺഫ്യൂഷൻ..  
ഇങ്ങനെ ഒരു നിമിഷം സ്വപ്നത്തിൽ പോലും കരുതിയിട്ടില്ല ഞാൻ.. കൈവിട്ടുപോയ ഹൃദയം ആണ് നീ എനിക്ക് തിരികെ തന്നത്..  ഇതിനൊക്കെ ഞാൻ എങ്ങിനെ ആണെടാ മഹേഷേ കടം വീട്ടുക... നിന്നെ പോലെ ഒരു സുഹൃത്തിനെ കിട്ടാൻ എന്ത് മുജ്ജന്മസുകൃതമാണാവോ ഞാൻ ചെയ്തെ... "

എന്നും ചോദിച്ചുകൊണ്ട് ഗോപൻ മഹേഷിനെ കെട്ടിപിടിക്കുമ്പോൾ മഹേഷ്‌  അവനെ അടർത്തിമാറ്റികൊണ്ട് പറയുന്നുണ്ടായിരുന്നു 
 " മോൻ വെറുതെ സെന്റി അടിച്ചു ഈ നിമിഷങ്ങളെ ചളകുളമാക്കാതെ ആദ്യം കാറിൽ കേറൂ.
 എന്നിട്ട് ഈ സന്തോഷം  രണ്ട് പെഗ്ഗ് അടിച്ചുകൊണ്ട് ആഘോഷിക്കാം നമുക്ക്. 
   അപ്പഴേ ഈ സന്തോഷം അതിന്റ ഒരു മൂഡിലേക്ക് എത്തൂ " എന്നും പറഞ്ഞ് അവനോട്‌ കാറിലേക്ക് കയറാൻ ആവശ്യപ്പെട്ടുകൊണ്ട് മഹേഷ്‌ കാറിലേക്ക് കയറി സ്റ്റാർട്ട്‌ ചെയ്തു. പിന്നെ നേരെ സോഡിയാക് ബാർ ലക്ഷ്യമാക്കി കാർ വിട്ടു അവൻ. 
 
   ബാറിന്റെ പാർക്കിംഗ്ഏരിയയിൽ കാർ നിർത്തി ഇറങ്ങി രണ്ട് പേരും. പിന്നെ കാർ ലോക്ക് ചെയ്ത് റിസപ്ഷനിൽ ചെന്ന് ഒരു റൂം എടുത്ത് അവിടേക്ക് നടക്കുമ്പോൾ അവന് പിന്നിലായി നടക്കുന്ന ഗോപൻ അപ്പോഴും ആലോചനയിൽ ആയിരുന്നു 
 അകന്നുപോയ പ്രണയം വീണ്ടും അരികിലെത്തുമ്പോൾ അതിൽ ഇവന്റെ റോൾ എന്താണെന്ന്. 
           എങ്ങനെയാണ് കല്യാണി വീണ്ടും തന്നിലേക്ക് എത്തിയതെന്ന്. 

     റൂമിന്റെ വാതിൽ തുറന്ന് ലാൻഡ്ഫോൺ എടുത്ത് നാല് പെഗ്ഗ് ഓർഡർ ചെയ്ത് മഹേഷ്‌ ബെഡിലേക്ക് ഇരിക്കുമ്പോൾ  വാതിൽ പതിയെ ചാരികൊണ്ട് ഗോപനും അവനരികിൽ ഇരുന്നു. 
  പിന്നെ അവന്റെ സംശയം പിന്നെയും അവന് മുന്നിൽ അവതരിപ്പിക്കുമ്പോൾ മറുപടിയെന്നോർണം  ഒന്ന് പുഞ്ചിരിച്ചു മഹേഷ്‌. 

  " ശരി,  നീ നിനക്ക് പറയാൻ തോന്നുമ്പോൾ പറ എന്നോട്. പക്ഷേ, ഇത്രയൊക്കെ നീ എനിക്ക് വേണ്ടി ചെയ്യുമ്പോൾ ഞാൻ... ഞാൻ നിനക്ക് എന്താടാ തരാ " 

ഗോപൻ നന്ദിയോടെ അവനെ നോക്കി ചോദിക്കുമ്പോൾ ബെഡിലേക്ക് മലർന്ന് കിടന്നുകൊണ്ട് ചുണ്ടിലൂറുന്ന ചിരിയോടെ  മഹേഷ്‌ പറയുന്നുണ്ടായിരുന്നു, 

    " എനിക്ക് വേണ്ടത് നിനക്ക് അറിയാലോ നൻപാ... അത്‌ ഞാൻ നിന്നോട് പറഞ്ഞിട്ടും ഉണ്ട്. 
 എങ്കിലും ഒരിക്കൽ  കൂടി പറയാം.. ഞാൻ സ്നേഹിച്ച പെൺകുട്ടിയെ എനിക്ക് തന്നൂടെ?  ! "


#കല്യാണി             ( ഒൻപത് ) 

ഗോപൻ നന്ദിയോടെ അവനെ നോക്കി ചോദിക്കുമ്പോൾ ബെഡിലേക്ക് മലർന്ന് കിടന്നുകൊണ്ട് ചുണ്ടിലൂറുന്ന ചിരിയോടെ  മഹേഷ്‌ പറയുന്നുണ്ടായിരുന്നു, 

    " എനിക്ക് വേണ്ടത് നിനക്ക് അറിയാലോ നൻപാ... അത്‌ ഞാൻ നിന്നോട് പറഞ്ഞിട്ടും ഉണ്ട്. 
 എങ്കിലും ഒരിക്കൽ  കൂടി പറയാം.. ഞാൻ സ്നേഹിച്ച പെൺകുട്ടിയെ എനിക്ക് തന്നൂടെ?  ! "
    
          അവന്റെ ചോദ്യം കേട്ട് ഗോപനൊന്നു മന്ദഹസിച്ചു. 
 അപ്പഴാണ് റൂംബോയ്  മഹേഷ്‌ ഓഡർ ചെയ്ത മദ്യവും സോഡയുമായി അകത്തേക്ക് വന്നത്. 
 കയ്യിലെ ട്രേയിൽ നിന്നും നാല് ഗ്ളാസ്സിലായി ഒഴിച്ച മദ്യവും സോഡയും ടേബിളിൽ  വിനയത്തോടെ " ഇനി എന്തെങ്കിലും വേണോ സർ " എന്ന് ചോദിക്കുമ്പോൾ " ഇപ്പോൾ ഒന്നും വേണ്ട... ഞാൻ വിളികാം " എന്നും പറഞ്ഞ് മഹേഷ്‌ അവനെ ഒരു പുഞ്ചിരി സമ്മാനിക്കുമ്പോൾ റൂംബോയ് തലയാട്ടികൊണ്ട് പുറത്തേക്ക് കടന്ന് വാതിൽ അടച്ചു. 

      അപ്പോഴേക്കും സോഡാ പൊട്ടിച്ച് രണ്ട് ഗ്ളാസ്സിലേക്ക് പകർന്ന് ഒന്ന് ഗോപന് നേരെ നീട്ടിയിരുന്നു മഹേഷ്‌.   
  " അപ്പോൾ നിന്റെ പ്രണയം വിജയിച്ചതിന്റെ സന്തോഷത്തിന് ചിയേർസ് " എന്നും പറഞ്ഞ് ഗോപന്റെ ഗ്ലാസ്സിൽ ഒന്ന് മുട്ടിച്ചുകൊണ്ട് ഒറ്റ വലിക്ക് ആ ഗ്ലാസ് തീർത്തു മഹേഷ്‌. 
  അപ്പോഴെല്ലാം ഗ്ലാസ് കയ്യിൽ തന്നെ പിടിച്ച് ഗോപൻ മഹേഷിന്റെ സന്തോഷത്തെ നോക്കിക്കാണുകയായിരുന്നു. 
     
    " ടാ, നീ അതും കയ്യിൽ പിടിച്ച് കിനാവ് കാണാതെ വലിക്ക്. എന്നിട്ട് ഞാൻ ചോതിച്ചതിന്റ മറുപടി പറ.. എനിക്ക് തന്നൂടെ അവളെ. 
നിന്റെ പ്രിയപ്പെട്ട പെങ്ങളെ ? 
ഗായത്രിയെ ഞാൻ പൊന്ന് പോലെ നോക്കിക്കോളാം . !
  ഇനി നിനക്ക്  ഞാൻ ചോദിച്ചത് ശരിയായി തോന്നിയില്ലെങ്കിൽ,   ഞാൻ ആയത് കൊണ്ട് മറുത്തെങ്ങനെ പറയും എന്നൊരു ചിന്തയൊന്നും വേണ്ടാട്ടോ... താല്പര്യം ഇല്ലെങ്കിൽ തുറന്ന് പറയാം. ഇതിന്റെ പേരിൽ ഒരിക്കലും നമ്മുടെ ഈ സൗഹൃദത്തിന് ഒരു കോട്ടം തട്ടരുത്. അതിന് എനിക്ക് താല്പര്യം ഇല്ല. അതുകൊണ്ട് നിനക്ക് മനസ്സിൽ തോന്നുന്നതെന്താന്നോ അത്‌ തുറന്ന് പറയാം... തീരുമാനം രണ്ടായാലും ഞാൻ ഹാപ്പിയാണ് " 

         
     " ന്റെ പൊന്ന് അളിയാ... എന്റെ പെങ്ങളെ നിനക്ക് തരുന്നതിൽ എനിക്ക് നൂറ് സമ്മതം ആണ്. നിന്നെ പോലെ ഒരാളുടെ കയ്യിൽ അവളെ പിടിച്ചേൽപ്പിക്കുമ്പോൾ  അതില്പരം എന്ത് സന്തോഷമാണെടാ എനിക്കുള്ളത്. 
    പക്ഷേ,  ഒരു കാര്യത്തിൽ എനിക്ക് നിന്നോട് കുറച്ചു ദേഷ്യവും വിഷമവും ഉണ്ട്. 
   
    നിന്റെ മനസ്സിൽ ഇങ്ങനെ ഒരു ഇഷ്ട്ടം ഉണ്ടായിരുന്നു എന്ന് ഒരു സൂചന പോലും എനിക്ക് തന്നില്ല നീ. അന്ന് നിന്റെ മൊബൈലിൽ ഫോട്ടോ കാണിക്കുമ്പോൾ ശരിക്കും നിന്നെ കൊല്ലാനുള്ള ദേഷ്യമാണ് എനിക്ക് വന്നത്.  അത്‌ അവളെ നീ ചോദിച്ചത് കൊണ്ടല്ല.. ഇത്ര കാലം നമ്മൾ ഒറ്റ ചങ്കായി നടന്നിട്ട് ഒരു വാക്ക് പോലും പറയാത്തതിൽ. "

ഗോപനത് പറയുമ്പോൾ മഹേഷ്‌  അടുത്ത ഗ്ലാസ്സിലെ മദ്യത്തിൽ സോഡാ മിക്സ് ചെയ്ത് ചുണ്ടോട് ചേർത്ത് ഒരു സിപ്പെടുത്തു. 
പിന്നെ അവനിൽ നിന്നും മുഖം തിരിച്ച്  ഗ്ളാസ്സിൽ തെരുപ്പിടിച്ചുകൊണ്ട് നിറം മങ്ങിയ ചിരിയോടെ പറയുന്നുണ്ടായിരുന്നു 
   " ശരിയാണ് ഗോപാ.... തെറ്റാണ് ഞാൻ ചെയ്‌തത്‌. എല്ലാം നിന്നോട് പറയാറുള്ള ഞാൻ ഇത് മാത്രം മറച്ചുവെച്ചു. പക്ഷേ, അത്‌ മനപ്പൂർവം അല്ലേടാ... 
    വല്ലാത്തൊരു അവസ്ഥയായിരുന്നു. 
 എന്റെ മനസ്സിൽ ഇങ്ങനെ ഒരു ഇഷ്ട്ടം തോന്നുമ്പോൾ അത്‌ നിന്നോട് ചെയ്യുന്ന ചതി ആകുമോ എന്നൊരു തോന്നൽ. നീ പറഞ്ഞ പോലെ ഒറ്റ ചങ്കായി നടന്നിട്ട് ആ ചങ്കിനിട്ടു തന്നെ കുത്തലാകുമോ എന്നൊരു ഭയം. 
         പല വട്ടം ആലോചിച്ചു. പലപ്പോഴും നിന്നോട് പറയാൻ ശ്രമിച്ചു. അപ്പോഴെല്ലാം മനസ്സ് പറയുന്നുണ്ടായിരുന്നു  ഇങ്ങനെ ഒരു ഇഷ്ട്ടം പറയുമ്പോൾ കൂടെ നടന്ന് ഇപ്പണി നീ ഒപ്പിക്കുമെന്ന് കരുതിയില്ല എന്ന് നിന്റെ നാവിൽ നിന്ന് വീണാൽ പിന്നെ നമ്മുടെ സൗഹൃദത്തോട് ഞാൻ ചെയ്യുന്ന വലിയ ചതിയാകും അത്‌. അങ്ങനെ ഒക്കെ ചിന്തിച്ചപ്പോൾ.....  
 നമ്മുടെ ഈ സൗഹൃദം ഇല്ലാതാക്കി ഒരു ജീവിതം ഞാൻ ആഗ്രഹിക്കുന്നില്ല.. "

  എന്നും പറഞ്ഞ് ഗ്ലാസ്സിലെ ബാക്കിയുള്ള മദ്യം കൂടി ഒറ്റ വലിക്ക് കുടിച്ച്  അവൻ ഗോപനെ നോക്കി ചിരിച്ചു. 

   അപ്പോഴെല്ലാം ഗോപന് മഹേഷിനെ തന്നെ ശ്രദ്ധിക്കുകയായിരുന്നു. 
  അവന്റെ വാക്കുകൾ കണ്ണ് നിറയ്ക്കുമ്പോൾ മനസ്സ് പറയുന്നുണ്ടായിരുന്നു " ഇതുപോലെ ചങ്ക് പറിച്ചു തരുന്ന  കൂട്ടുകാരനെ കിട്ടാനും വേണം ഭാഗ്യം. 
 അതുപോലെ ഇവനെക്കാൾ നല്ലൊരു ഭർത്താവിനെ എന്റെ പെങ്ങൾക്ക് കണ്ടെത്തിക്കൊടുക്കാൻ ഈ ഏട്ടന് കഴിയില്ല " എന്ന്. 

    " ടാ... നീ ഇങ്ങനെ ഇമോഷണൽ ആവല്ലേ.. ഞാൻ പറഞ്ഞെന്നെ ഉളളൂ...  ഞാൻ പറഞ്ഞല്ലോ ഈ കാര്യത്തിൽ എനിക്ക് മറുത്തൊരു വാക്കില്ല... നിന്നെക്കാൾ നല്ലൊരു ഭർത്താവിനെ എന്റെ പെങ്ങൾക്ക് വേണ്ടി കണ്ടെത്താനും എനിക്ക് കഴിയില്ല. "

    എന്നും പറഞ്ഞ് മഹേഷിനെ നോക്കി ചിരിക്കുമ്പോൾ  മനസ്സിലുണ്ടായിരുന്ന സംശയങ്ങൾ ഒന്നുകൂടി ആവർത്തിച്ചു അവൻ. 

   "  നിന്റെം എന്റെ പെങ്ങളുടേം കാര്യം ഇപ്പോൾ അവിടെ നിൽക്കട്ടെ.. അത്‌ ഞങ്ങള് കാരണവന്മാർ ആലോചിച്ചു വേണ്ടപോലെ ചെയ്യാം.. മോൻ ഇപ്പോൾ ഈ കാര്യം പറ..  
  കല്യാണിയെ പെണ്ണ് കാണാൻ നീ എപ്പോ പോയി. അവൾക്ക് വേണ്ടി കണ്ടെത്തിയ പയ്യൻ നീ ആയത് എങ്ങിനെ.. പിന്നെ എല്ലാം തകിടം മറിഞ്ഞു കല്യാണി എന്നിൽ  തന്നെ എത്തിയത് എങ്ങിനെ?  
  എനിക്കാണേൽ ഇതൊക്കെ ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല.. അതുകൊണ്ട് മോൻ പറ...  കെട്ടുപിണഞ്ഞു കിടക്കുന്ന ഈ സംഭവം ഒന്ന് അഴിയട്ടെ ആദ്യം.. " എന്ന്. 

    അത്‌ കേട്ട് മഹേഷ്‌ ബെഡിൽ നിന്നും എഴുനേറ്റ് ഇപ്പോൾ വരാം എന്നും പറഞ്ഞ് ബാത്റൂമിലേക്ക് നടന്നു  പിന്നെ കുറച്ചു സമയത്തിന് ശേഷം തിരികെ പാന്റ് നേരെ ഇട്ടുകൊണ്ട് വരുമ്പോൾ  
  ഗോപനോടായി പറയുന്നുണ്ടായിരുന്നു 

   " ശരിയാണ്....  പറയാനാണേൽ കുറെ ഉണ്ട്. ഞാൻ ഇവിടെ വരാൻ ഉണ്ടായ കാരണം മുതൽ. 

  നിനക്ക് അറിയോ... എന്റെ അച്ഛനും ഈ കല്യാണിയുടെ അച്ഛനും സുഹൃത്തുക്കൾ ആണ്.  അതാണ്‌ എനിക്ക് കിട്ടിയ പണിയും. 
   കൂട്ടുകാരന്റെ മകളെ കെട്ടിക്കാൻ വീട്ടുകാരുടെ നിർബന്ധം സഹിക്കവയ്യാതായപ്പോൾ ആണ് ഞാൻ നിന്റെ പെങ്ങളെ അവർക്ക് കാണിച്ചത്.  
  അത്‌ വീട്ടുകാർ സമ്മതിച്ചില്ലെന്ന് മാത്രമല്ല, കല്ല്യാണിയെ തന്നെ ഞാൻ കിട്ടണമെന്ന വാശിയിലും ആയിരുന്നു. നിനക്കറിയാലോ വാശിയിൽ ഞാനും ഒട്ടും കുറവല്ലെന്ന്.. അവസാനം എന്റെ വാശിക്ക് മുന്നിൽ വീട്ടുകാർ പാതി സമ്മതം മൂളുമ്പോൾ അച്ഛൻ ആവശ്യപ്പെട്ടത് ഒന്ന് മാത്രമായിരുന്നു ,  കൂട്ടുകാരനോട് എന്നെയും കൂട്ടി വരാം എന്ന് പറഞ്ഞ വാക്ക് പാലിക്കണം എന്ന്. അതിന് ശേഷം എനിക്ക് ഇഷ്ട്ടമായില്ല എന്നോ വേറെ എന്തെങ്കിലും കാരണം പറഞ്ഞ് ഒഴിയണമെന്ന്. 
അങ്ങനെ ആണ് ഞാൻ ആ വീട്ടിൽ കല്യാണിയെ പെണ്ണ് കാണാൻ ചെല്ലുന്നത്. പക്ഷേ കല്യാണിയുടെ അച്ഛന്റെ എല്ലാം തീരുമാനിച്ച പോലെ ആയിരുന്നു സംസാരിച്ചതത്രയും. 

   അവിടെ നിന്നും മറുത്തൊന്നും പറയാൻ കഴിയാതെ ഇറങ്ങുമ്പോൾ എനിക്ക് അറിയില്ലായിരുന്നു കല്യാണിക്ക് ഇങ്ങനെ ഒരു ഇഷ്ട്ടം ഉണ്ടെന്ന്. അതുകൊണ്ട് തന്നെ ഞാനുമായുള്ള വിവാഹത്തിന് അവൾക്ക് സമ്മതമാണെന്നാണ് ഞാൻ കരുതിയത്. 

     പക്ഷേ, എന്റെ മനസ്സിൽ അങ്ങനെ ഒരു താല്പര്യം ഇല്ലാത്തത് കൊണ്ട് തന്നെ അത്‌ കല്ല്യാണി എങ്കിലും ഉടനെ അറിയണമെന്ന് ഞാൻ ആഗ്രഹിച്ചു. അതിന് വേണ്ടി ഒന്ന് രണ്ട് വട്ടം ഞാൻ അവളുടെ ഫോണിൽ വിളിച്ചെങ്കിലും എന്നെ ഞെട്ടിച്ചുകൊണ്ട് തീരെ സംസാരിക്കാൻ താല്പര്യം ഇല്ലാത്ത പോലെ ആയിരുന്നു അവളുടെ പെരുമാറ്റം. "

മഹേഷ്‌ പറയുന്നതെല്ലാം കേട്ട്  അതിൽ മുഴുകി ആശ്ചര്യത്തോടെ ഇരിക്കുകയായിരുന്നു ഗോപൻ. 
  പക്ഷേ അതൊന്നും ശ്രദ്ധിക്കാതെ മഹേഷ്‌ തുടരുന്നുണ്ടായിരുന്നു, 

   "   ഫോണിലൂടെ എന്റെ അവസ്ഥ അവളെ അറിയിക്കാനുള്ള ശ്രമം പരാചയപ്പെട്ടപ്പോൾ പിന്നെ നേരിൽ കണ്ട് എല്ലാം തുറന്ന് പറയാനുള്ള ശ്രമം ആയിരുന്നു. അങ്ങനെ ആണ് അവൾ എന്നും കോളേജിലേക്ക് പോകാറുള്ള ബസ്സിൽ ഞാൻ കേറുന്നത്. അവളോട് സംസാരിക്കാൻ ഒരു അവസരം വീണുകിട്ടുമെന്ന പ്രതീക്ഷയിൽ. 

   പക്ഷേ, എന്നെ ഞെട്ടിച്ചുകൊണ്ട് അവളോടൊപ്പം ബസ്സ് കയറാൻ നീയും കൂടെ ഉണ്ടായിരുന്നു. 
  നിങ്ങൾ ഒരേ സീറ്റിൽ സ്ഥാനം പിടിക്കുമ്പോൾ എനിക്ക് ആശ്ചര്യമായിരുന്നു. 
    അപ്പോഴണ് അവൾ എന്റെ കാൾ കാണുമ്പോൾ എടുക്കാത്തതിന്റെയും സ്വിച്ച് ഓഫ്‌ ചെയ്യുന്നതിന്റെയും കാരണം എനിക്ക് മനസിലായത്. 
    ആ നിമിഷം ഏറെ സന്തോഷിച്ചത് ഞാൻ ആണ്.   എനിക്ക് ആ കല്യാണത്തിൽ നിന്നും തലയൂരാൻ മുന്നിൽ വഴി തെളിഞ്ഞല്ലോ. 

    നിങ്ങൾ തമ്മിലുള്ള ഇഷ്ട്ടത്തെ കുറിച്ച് കൂടുതൽ അറിയാൻ ഞാൻ ആ ദിവസം മുഴുവൻ നിങ്ങളുടെ പിറകെ ഉണ്ടായിരുന്നു നിങ്ങൾ പോലും അറിയാതെ. അന്നായിരുന്നു നമ്മൾ കടപ്പുറത്തു വെച്ച് കണ്ടതും.  "

അത്‌ പറയുമ്പോൾ ഗോപൻ ആശ്ചര്യത്തോടെ ചോദിക്കുന്നുണ്ടായിരുന്നു " പിന്നെ എന്താ നീ ഇതൊന്നും അന്ന് പറയാതിരുന്നത് " എന്ന്. 

  അത്‌ കേട്ട് മഹേഷ്‌ അവനെ നോക്കി ചിരിച്ചു. പിന്നെ ഗോപന് വേണ്ടി മാറ്റിവെച്ച ഗ്ലാസ്സിലേ മദ്യം വെള്ളം പോലും ചേർക്കാതെ വായിലേക്ക് ഒഴിച്ചു. 

പിന്നെ ചുണ്ടുകൾ തുടച്ചുകൊണ്ട് പറയുന്നുണ്ടായിരുന്നു 
  " അന്ന് നിങ്ങൾ പിരിയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. നിന്റെയും. അപ്പഴേ എനിക്ക് തോന്നിയിരുന്നു അവളുടെ സമ്മതത്തോടെ അല്ല ഞാനുമായുള്ള വിവാഹത്തിന് ചട്ടം കൂട്ടുന്നത് എന്ന്. 
    പിന്നെ നീ പറയട്ടെ എന്ന് കരുതി കാത്തിരുന്നു. 
നിന്റെ മനസ്സിൽ ഇങ്ങനെ ഒരു ഇഷ്ട്ടം ഉള്ളത് നീ പറഞ്ഞറിയുമ്പോൾ അതെനിക് ഒരു സന്തോഷം അല്ലെ.. പക്ഷേ നീ പറഞ്ഞില്ല " 
 

അത്‌ പറയുമ്പോൾ ഗോപൻ ഇടക്ക് കേറി പറയുന്നുണ്ടായിരുന്നു 
  " ശരിയാടാ. ഞാൻ പറഞ്ഞില്ല.. പക്ഷേ അന്ന് കണ്ടതിനു ശേഷം ഞാൻ പറയാതിരുന്നത് നടക്കാത്ത ഒരു കാര്യത്തിലേക്ക് നിന്നെ കൂടി വലിച്ചിഴക്കേണ്ടെന്ന് കരുതി. മറക്കാൻ ശ്രമിക്കുന്നതിനെ പിന്നെയും എന്തിനാണ് വെറുതെ...... 

   പക്ഷേ,  ഇപ്പഴും ഒരു ചോദ്യത്തിനുള്ള ഉത്തരം മാത്രം ബാക്കിയാണല്ലോ... !
  ഇത്രയൊക്കെ നടന്നിട്ടും എങ്ങിനെ ആണ് കല്യാണിയുടെ അച്ഛനെ കൊണ്ട് ഇങ്ങനെ ഒരു തീരുമാനത്തിൽ എത്തിച്ചത്.  കടുംപിടുത്തതിൽ നിന്ന കരിങ്കല്ലായ മനസ്സിനെ ഇങ്ങനെ ശാന്തമാക്കി മാറ്റാനും ഈ ഒന്നരക്കാലനെ അംഗീകരിക്കാനും അയാൾക് തോന്നാൻ..... !"

ഗോപന്റെ ആശ്ചര്യത്തോടെ ഉള്ള ചോദ്യം കേട്ട് മഹേഷ്‌  അവനരികിൽ വന്നിരുന്നു പിന്നെ  അവന്റെ തോളിൽ കൈവെച്ചുകൊണ്ട് ആ കണ്ണുകളിലേക്കനോക്കി പറയുന്നുണ്ടായിരുന്നു 

   " ഞാൻ പറഞ്ഞല്ലോ ഇത്രയൊക്കെ ആണ് ഇതിനിടയിൽ സംഭവിച്ചത്. 
   പക്ഷേ,  നിനക്ക് കല്യാണിയെ തരാൻ,  അല്ലെങ്കിൽ അങ്ങനെ ഒരു തീരുമാനത്തിൽ അയാൾ എത്താൻ കാരണം ഞാൻ അല്ല.. 
എനിക്കതിൽ വലിയ പങ്കൊന്നുമില്ല.... 

അത്‌..... അത്‌  ഞാൻ അല്ല  ... 
നിനക്ക് കല്യാണിയെ കിട്ടാൻ അവരാണ് കാരണം.. ! "

( അവസാനഭാഗം ) 

#കല്യാണി         ( പത്ത്‌  )
-------------------                                    

" ഞാൻ പറഞ്ഞല്ലോ ഇത്രയൊക്കെ ആണ് ഇതിനിടയിൽ സംഭവിച്ചത്. 
   പക്ഷേ,  നിനക്ക് കല്യാണിയെ തരാൻ,  അല്ലെങ്കിൽ അങ്ങനെ ഒരു തീരുമാനത്തിൽ അയാൾ എത്താൻ കാരണം ഞാൻ അല്ല.. 
എനിക്കതിൽ വലിയ പങ്കൊന്നുമില്ല.... 

അത്‌..... അത്‌  ഞാൻ അല്ല  ... 
നിനക്ക് കല്യാണിയെ കിട്ടാൻ അവരാണ് കാരണം.. ! "

   ഇവനിത് എന്തൊക്കെയാണ് ഈ പറയുന്നത് എന്നും ചിന്തിച്ചുകൊണ്ടിരിക്കുകയായിരുന്നു ഗോപൻ. 

   " എന്റെ മഹേഷേ... നീ പറയുന്നതൊന്നും എനിക്ക് മനസ്സിലാകുന്നില്ല. നീ അല്ലെങ്കിൽ പിന്നെ ഇക്കാര്യത്തിൽ എനിക്ക് വേണ്ടി സംസാരിച്ചത് ആരാണെന്ന നീ ഈ പറയുന്നേ... ഒന്ന് തെളിച്ചു പറ " എന്ന് പറയുന്ന ഗോപനോട്‌ മഹേഷ്‌ പുഞ്ചിരിച്ചുകൊണ്ട് പറയുന്നുണ്ടായിരുന്നു 
   " അതേടാ.. ഞാൻ അല്ല നിനക്ക് കല്യാണിയെ കിട്ടാൻ കാരണം... അത്‌ നിന്റെ.... നിന്റെ അമ്മയാണ് ! "

   ആ വാക്ക് വല്ലാത്തൊരു ഷോക്ക് ആയിരുന്നു  ഗോപന്.   അമ്മയാണ് തനിക്ക് കല്യാണിയെ കിട്ടാൻ കാരണം എന്ന് മഹേഷ്‌ പറയുമ്പോൾ  അതെങ്ങനെ എന്ന് ചിന്തിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ലായിരുന്നു അവന്.. 

   " ടാ... പക്ഷേ.... നീ..... എനിക്ക് ഒന്നും മനസ്സിലാകുന്നില്ല അളിയാ... അമ്മ എന്ത് ചെയ്തെന്ന നീ ഈ പറയുന്നേ. അങ്ങനെ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ അമ്മ എന്നോട് പറയേണ്ടതല്ലേ.  ?  അത്‌ മാത്രമല്ല, ഇതൊക്കെ നിനക്ക് എങ്ങിനെ അറിയാം?   എനിക്ക്.... എനിക്കൊന്നും മനസ്സിലാകുന്നില്ല മോനെ മഹേഷേ.... "

ഗോപൻ കാര്യം മനസ്സിലാകാതെ വട്ട് പിടിക്കുംപ്പോലെ തല ചൊറിഞ്ഞുകൊണ്ട് അവനെ നോക്കുമ്പോൾ  മഹേഷ്‌ ഒന്ന് പൊട്ടിച്ചിരിച്ചു. 

   " നീ ഇങ്ങനെ വെറുതെ ആലോചിച്ചു തല പുണ്ണാക്കണ്ട..  എല്ലാം ഞാൻ പറയാം....  ഏതൊരു കഥക്കും നല്ലൊരു ക്ലൈമാക്സ്‌ ഉണ്ടാകുമല്ലോ. അതുപോലെ നിന്റെ പ്രണയകഥയ്ക്ക് ഇത്ര മനോഹരമായ ഒരു ക്ലൈമാക്‌സിലേക്ക് അടുപ്പിച്ചത് നിന്റെ അമ്മയാണ്.  "

എന്നും പറഞ്ഞ് അതിയായ സന്തോഷത്തോടെ മഹേഷ്‌ അന്ന് നടന്ന കാര്യങ്ങളിലേക്ക് തിരികെ നടക്കുമ്പോൾ  ആവേശത്തോടെ അവന്റെ വാക്കുകൾക്കു ചെവിയോർത്തിരിക്കുകയായിരുന്നു  ഗോപൻ !

         -------------------------------------------------

 രാവിലെ കുളിയും കഴിഞ്ഞ് ഈ ദിവസം തീരാൻ ഇനി എവിടെ പോണം എന്നറിയാതെ ആലോചനയിൽ ഇരിക്കുമ്പോൾ ആയിരുന്നു സോഫയിൽ കിടന്ന മൊബൈൽ റിങ് ചെയ്തുതുടങ്ങിയത്. 
   " ഇനി ഇതേതാണാവോ കുരിശ് " എന്ന് മനസ്സിൽ ചിന്തിച്ചുകൊണ്ട് ഫോൺ എടുത്ത് നോക്കുമ്പോൾ  ഡിസ്പ്ലേയിൽ തെളിഞ്ഞ പരിചയമില്ലാത്ത നമ്പർ കണ്ട് ആദ്യമൊന്ന് മടിച്ചു മഹേഷ്‌. പിന്നെ താല്പര്യമില്ലാത്ത പോലെ കാൾ അറ്റന്റ് ചെയ്യുമ്പോൾ അപ്പുറത്ത് നിന്ന് പറയുന്നുണ്ടായിരുന്നു 
   " മോനെ ഞാൻ അമ്മയാടാ " എന്ന്. 

 " അമ്മയോ " എന്നും ചിന്തിച്ച് അടുക്കളയിലേക്കൊന്നു എത്തിവലിഞ്ഞുനോക്കി അമ്മ അവിടെ ഉണ്ടെന്ന് ഉറപ്പുവരുത്തികൊണ്ട്  അവൻ സംശയത്തോടെ ഫോൺ ചെവിയോട് ചേർത്തു , 
" ആരാ... മനസ്സിലായില്ല "

അവന്റെ സംശയം നിറഞ്ഞ ചോദ്യത്തിന് മറുപടിയെന്നോണം അപ്പുറത്ത് നിന്ന് പറയുന്നുണ്ടായിരുന്നു, 
   " മോനെ. ഞാൻ ഗോപന്റെ അമ്മയാ....നീ ഇത്രിടം വരെ ഒന്ന് വരാമോ?   ഗോപനോട് പറയണ്ട.. എനിക്ക് ഒരിടം വരെ പോകാനാണ് " എന്ന്. 

  ഗോപന്റെ അമ്മയാണ് മറുതലക്കൽ  എന്ന് മനസ്സിലായപ്പോൾ  ഉള്ളിൽ നുരഞ്ഞുപൊന്തിയ  സന്തോഷത്തോടെ തന്നെ മഹേഷ്‌ " വരാം അമ്മേ " എന്ന് പറയുമ്പോൾ  അവിടം വരെ പോയാൽ ഗായത്രിയെ ഒന്ന് കാണാമല്ലോ എന്ന ചിന്ത കൂടി ഉണ്ടായിരുന്നു മനസ്സിൽ. 

   അതുകൊണ്ടു തന്നെ കാൾ കട്ട് ചെയ്ത് വേഗം റെഡിയായി  കാറുമായി ഗോപന്റെ വീട്ടിലെത്തുമ്പോൾ  എവിടേക്കോ പോകാൻ എന്ന പോലെ റെഡിയായി കാത്തിരിക്കുകയായിരുന്നു അമ്മ. 

    കാർ നിർത്തി പുറത്തേക്കിറങ്ങുമ്പോൾ ആദ്യം തിരഞ്ഞത് ഗായത്രിയെ ആയിരുന്നെങ്കിലും ആ ഉദ്യമത്തെ നിരാശപ്പെടുത്തികൊണ്ട് അകത്തേക്ക്  കയറാൻ പോലും സമ്മതിക്കാതെ അമ്മ കാറിനടുത്തെത്തിയിരുന്നു. 

  " എവിടേക്ക് ആണമ്മേ പോകുന്നത് "  എന്ന് ചോദിക്കുമ്പോൾ " അതൊക്കെ പറയാം മോനെ നീ ആദ്യം വണ്ടി എടുക്ക് " എന്നും പറഞ്ഞ് അമ്മ ഡോർ തുറന്നു കാറിലേക്ക് കേറാൻ തുടങ്ങുമ്പോൾ വീട്ടിലേക്ക് നോക്കികൊണ്ട് വിളിച്ചുപറയുന്നുണ്ടായിരുന്നു " മോളെ അമ്മ ഇപ്പം വരാമേ.. നീ ഉമ്മറത്തെ കതക് അടച്ചേര് " എന്ന്. 

      പിന്നെ ഡോർ അടച്ച് " പോവാ "എന്ന് പറയുമ്പോൾ മഹേഷിന്റെ കണ്ണുകൾ വാതിൽ  അടക്കാൻ ഗായത്രി വരുമെന്നുള്ള വിശ്വാസത്തിൽ   വീടിലേക്ക്  പ്രതീക്ഷയോടെ നോക്കുന്നുണ്ടായിരുന്നു. 

     " മോനെ.. വണ്ടി എടുക്ക്.. എനിക്ക് പെട്ടന്ന് വരണം. പെണ്ണിവിടെ ഒറ്റക്കാ " എന്ന് പറയുന്ന അമ്മയുടെ സംസാരം കേട്ട് കണ്ണുകൾ പിൻവലിച്ച്  കാർ എടുക്കുമ്പോൾ മഹേഷ്‌ വീണ്ടും സംശയത്തോടെ ചോദിക്കുന്നുണ്ടായിരുന്നു  
  " അമ്മ എങ്ങോട്ടാണെന്ന് പറഞ്ഞില്ലല്ലോ. പിന്നെ ഞാൻ ഇവിടെ വരുന്നത് ഗോപൻ അറിയേണ്ടെന്ന് പറഞ്ഞത് എന്തിനാ " എന്ന്.. 

   അതിന് മറുപടിയെന്നോണം അമ്മ അവനെ ഒന്ന് നോക്കി. 
   " ഗോപൻ അറിയേണ്ടെന്ന് പറഞ്ഞത് വേറൊന്നും കൊണ്ടല്ല.. അവൻ മനസുകൊണ്ട് മറക്കാൻ ശ്രമിക്കുന്ന ഒരു കാര്യത്തിന് വേണ്ടിയാണ് നമ്മളിപ്പോൾ പോകുന്നത്. 
      കല്യാണിയുടെ വീട്ടിലേക്ക്. 
 നിനക്ക് അറിയാതിരിക്കില്ലല്ലോ ആ വീട്. 
ഗോപന് നിന്നോട് പറയാത്ത ഒരു കാര്യവും ഇല്ലല്ലോ. അതുകൊണ്ട് ആണ് നിന്നെ തന്നെ ഞാൻ വിളിച്ചത്. എനിക്ക് നീ ആ വീടൊന്ന് കാണിച്ചു തരണം. ഗോപൻ ചോദിച്ചപ്പോൾ കൊടുക്കില്ലെന്ന് പറഞ്ഞെങ്കിലും എന്റെ മോന് വേണ്ടി ഈ അമ്മയും ഒന്ന് ചോദിച്ചുനോക്കട്ടെ ആ കുട്ടിയെ എനിക്ക് മരുമകളായി തരുമോ എന്ന്. 
     എന്റെ മോന് അച്ഛനല്ലേ ഇല്ലാതുള്ളൂ. അതുകൊണ്ട് ഞാൻ തന്നെ പോകാമെന്നു വെച്ചു. 
നീ എനിക്ക് ആ വീടൊന്ന് കാണിച്ചുതന്നാൽ മതി " എന്ന്. 

  അത്‌ കേട്ട് അന്തം വിട്ടിരിക്കുകയായിരുന്നു മഹേഷ്‌. 
   " ഗോപൻ എന്നോട് ഈ ഒന്നും പറഞ്ഞിട്ടില്ല " എന്ന് പറയാനാണ് ആദ്യം കരുതിയതെങ്കിലും  അവൻ പറഞ്ഞില്ലെങ്കിലും എല്ലാം അറിഞ്ഞിട്ടും അറിയില്ലെന്ന് പറയുന്നത് ശരിയല്ലെന്ന് തോന്നി മഹേഷിന്.  ഇനി അങ്ങനെ എങ്കിലും ആ പെണ്ണിനെ ഗോപന് കിട്ടിയാലോ... ! അത്‌ മാത്രമല്ല,  കല്യാണിയുമായുള്ള വിവാഹം മുടക്കിയിട്ട് വേണം ഗായത്രിയെ ജീവിതത്തിലേക്ക് കൂടാൻ എന്നൊക്കെ ചിന്തിച്ചപ്പോൾ അമ്മയുടെ വാക്കുകൾക്കു മറുത്തൊന്നും പറയാതെ കാർ നേരെ കല്യാണിയുടെ വീട് ലക്ഷ്യമാക്കി വിട്ടു അവൻ.

   ആ വലിയ ഗേറ്റിനു മുന്നിൽ കാർ നിർത്തുമ്പോൾ അമ്മയെ നോക്കികൊണ്ട് " ഇതാണ്  വീട് " എന്നും പറഞ്ഞ് പുറത്തേക്കിറങ്ങി അവൻ. കൂടെ അമ്മയും.  
  മുന്നിലെ വലിയ ഗേറ്റ് തുറന്ന് അമ്മ അകത്തേക്ക് നടക്കുമ്പോൾ പിറകെ മഹേഷും ഉള്ളിലേക്ക് നടന്നു. 

   പടി കടന്ന് മുറ്റത് എത്തുമ്പോൾ  പുറത്ത് ആരും ഇല്ലായിരുന്നു. മഹേഷ്‌ വേഗം ചെന്ന് കാളിങ്ബെൽ അമർത്തി പിറകോട്ട് മാറി നിൽകുമ്പോൾ വാതിൽ തുറന്ന കല്യാണിയുടെ അച്ഛൻ മഹേഷിനെ കണ്ട് ഒന്ന് പുഞ്ചിരിച്ചു. 
   പിന്നെ " ആരിത് മഹേഷോ " എന്നും ചോദിച്ചുകൊണ്ട് മുന്നോട്ട് വന്ന അയാൾ മഹേഷിന്റെ കൂടെ നിൽക്കുന്ന ആളുടെ മുഖം  കണ്ട് ഒരു ഞെട്ടലോടെ രണ്ടടി പിന്നോട്ട് വെച്ചു. 

    അതേ അവസ്ഥയിൽ ആയിരുന്നു അപ്പൊ ഗോപന്റെ അമ്മയും.
മുന്നിൽ നിൽക്കുന്ന ആളെ കണ്ട് വിശ്വാസം വരാത്ത പോലെ ഒന്നുകൂടി കണ്ണടച്ച് തുറക്കുമ്പോൾ  മഹേഷ്‌ ചിരിയോടെ പറയുന്നുണ്ടായിരുന്നു " അങ്കിൾ ഇത്... ഇത് ഗോപന്റെ അമ്മയാണ്... ഗോപനെ അങ്കിളിന് അറിയാതിരിക്കില്ലല്ലോ അല്ലെ " എന്ന്. 

അത്‌ വീണ്ടും ഒരു ഞെട്ടലുളവാക്കി അയാളിൽ. 
മുന്നിൽ നിൽക്കുന്നത് ഗോപന്റെ അമ്മയാണെന്നത് മാത്രമല്ല,  മകൾക്ക് വേണ്ടി കണ്ടെത്തിയ ഭാവി മരുമകൻ ആണ് മകളുടെ കാമുകന്റെ അമ്മയെ കൂട്ടി വന്നിരിക്കുന്നത് എന്നത് കൂടി അയാളിൽ വല്ലാത്തൊരു പരവേശം ഉണ്ടാക്കി.  

പക്ഷേ, അവരുടെ മുഖത്തെ ഭാവമാറ്റമൊന്നും ശ്രദ്ധിക്കാതെ ഗോപന്റെ അമ്മയെ അയാൾക്ക് പരിജയപ്പെടുത്തിയ പോലെ അയാളെ അമ്മക്കും പരിചയപ്പെടുത്താൻ തുടങ്ങുമ്പോൾ  അതിനെ കൈ ഉയർത്തി തടഞ്ഞുകൊണ്ട് ഒരു പുച്ഛം നിറഞ്ഞ ചിരിയോടെ അമ്മ പറയുന്നുണ്ടായിരുന്നു, 

  " മോനേ മഹേഷേ.. ഈ മുഖം നീ എനിക്ക് പറഞ്ഞ് പരിചയപെടുത്തണ്ട. 
ഇതങ്ങനെ പെട്ടന്നു  മറക്കാൻ കഴിയുന്ന ഒരു മുഖം അല്ലല്ലോ..! 
നീ പറയാൻ പോകുന്നത് കല്യാണിയുടെ അച്ഛൻ എന്നല്ലേ?  പക്ഷേ, ആ കല്യാണിയുടെ അച്ഛനാകും മുന്നേ വളരെ വെക്തമായി അറിയുന്ന ആളും മുഖവുമാണ് എനിക്കിത്. "  

പെട്ടന്നുള്ള  അമ്മയുടെ ഭാവമാറ്റവും കല്യാണിയുടെ അച്ഛന്റെ നിൽപ്പുമെല്ലാം കണ്ട് അമ്പരന്നു നിൽക്കുകയായിരുന്നു മഹേഷ്‌. 

       " ഇപ്പോൾ  എനിക്കും തോനുന്നു  എന്റെ മോൻ പറഞ്ഞത് ശരിയാണെന്ന്..
 ഈ വീട്ടിൽ നിന്ന് എന്റെ മോന് ഒരു പെണ്ണ് കിട്ടുമെന്ന് പ്രതീക്ഷിക്കണ്ട.  സ്നേഹത്തിന്റ വിലയറിയാത്ത ഇയാൾക്ക് അന്നും ഇന്നും പണം മതി.. 
  അത്‌ എല്ലാവരേക്കാളും കൂടുതൽ അറിയുന്ന ആള് ആണ് ഞാൻ.  "

അതും പറഞ്ഞ് അമ്മ അയാളെ ഒന്നുകൂടി പുച്ഛത്തോടെ നോക്കികൊണ്ട് പറയുന്നുണ്ടായിരുന്നു 
" എന്റെ മോൻ സ്നേഹിച്ചത് നിങ്ങളുടെ മകളേ ആണെന്ന് അറിഞ്ഞിരുന്നെങ്കിൽ ഞാൻ അത്‌ എന്നെ വേണ്ടെന്ന് പറഞ്ഞേനെ. എന്റെ ജീവിതത്തിൽ സംഭവിച്ച നഷ്ടത്തെ കുറിച്ച് അവരോട് ആയിരം വട്ടം പറയാറുണ്ട് ഞാൻ എന്റെ മക്കള്ക്ക് അങ്ങനെ ഒരു വേദന ഉണ്ടാവാതിരിക്കാൻ. പക്ഷേ, അന്നെനിക്ക് സംഭവിച്ചത് തന്നെ എന്റെ മകനും സംഭവിച്ചിരിക്കുന്നു. 

നിങ്ങളുടെ വാക്ക് കേട്ട് നിങ്ങളുടെ ജീവിതത്തിലേക്ക് വരാൻ കൊതിച്ച എന്നെ പണത്തിന്റെ പേരിൽ നിങ്ങൾ ഒരു നിമിഷം തള്ളി പറയുമ്പോൾ അന്ന് ഞാൻ അനുഭവിച്ച വേദനയുണ്ടല്ലോ അതേ വേദനയാണ് നിങ്ങളുടെ മകളെ സ്നേഹിച്ച എന്റെ മകന്റെ അവസ്ഥയയും. 

      ഒരു പെണ്ണിന്റ മനസ്സിനെയും സ്നേഹത്തിന്റെ ആഴത്തെയും തിരിച്ചറിയാൻ കഴിയാത്ത നിങ്ങളിൽ നിന്ന് ഇത്രയും പ്രതീക്ഷിച്ചാൽ മതി.
ഒന്നോർത്തോ... അന്ന്  ഇതേ അവസ്ഥയിൽ ഞാൻ ആയിരുന്നെങ്കിൽ ഇന്ന് എന്റെ സ്ഥാനത് നിങ്ങളുടെ മകളാണ്. 
  അന്ന് ഞാൻ അനുഭവിച്ച വേദന എന്തെന്ന് നിങ്ങൾക്ക് മനസ്സിലാക്കാൻ പോകുന്നത് ഇപ്പഴും പണത്തിന്റെയും പ്രതാപത്തിന്റെയും പേരിൽ നിങ്ങൾ കെട്ടിച്ചുവിടാൻ പോകുന്ന മകളിലൂടെ ആയിരിക്കും.  

    എന്റെ ജീവിതം ചവിട്ടിയരച്ചാണ് അന്ന് നിങ്ങൾ പോയത്.  ഇന്നിപ്പോ അതെ വാശിയിൽ ചവിട്ടിയരക്കാൻ പോകുന്നത് സ്വന്തം മകളുടെ ജീവിതം ആണ്. ഒന്നോർത്തോ.. ആണുങ്ങൾക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല. പക്ഷേ, പെണുങ്ങൾക്ക് അങ്ങനെ അല്ല.. മനസ്സിൽ കൊണ്ട് നടന്നത് അത്ര പെട്ടന്നൊന്നും അങ്ങനെ മായ്ച്ചു കളയാൻ കഴിയില്ല.. അതിന് ഉദാഹരണമാണ് ഞാനും ഇനി മുതൽ നിങ്ങളുടെ മകളും.  "

    എന്നും പറഞ്ഞ് അമ്മ മഹേഷിനെ നോക്കികൊണ്ട് " വാ മോനെ പോവാം.. ഇയാളുടെ  കാല് പിടിക്കുന്നതിലും നല്ലത് എന്റെ മോൻ ഈ പെണ്ണിനെ കെട്ടാതെ ഇരിക്കുന്നതാണ്. സ്നേഹത്തിന്റെ വില അറിയാത്തവരോട് വെറുതെ വായിട്ടലച്ചിട്ട് കാര്യമില്ല. വായിലലെ വെള്ളം വറ്റിയാൽ അത്രയും നഷ്ട്ടം നമുക്കാ " എന്നും പറഞ്ഞ് തിരികെ പോകാനായി തിരിയുമ്പോൾ എല്ലാം കേട്ട് ഒന്നും മിണ്ടാൻ കഴിയാതെ തരിച്ചു നിൽക്കുകയായിരുന്നു കല്ല്യാണിയുടെ അച്ഛൻ. 

    അന്ന്, സ്നേഹിച്ച പെണ്ണിനെ വേണ്ടെന്ന് വെച്ച് വീട്ടുകാരുടെ താല്പര്യത്തിനൊത്തൊരു പെണ്ണിനെ വിവാഹം ചെയ്യുമ്പോൾ വീണ്ടും അവളെ ഇങ്ങനെ ഒരു അവസ്ഥയിൽ കാണുമെന്നു കരുതിയില്ല അയാൾ.  
  അന്ന് താൻ നിഷ്ക്കരുണം തളിക്കളഞ്ഞവളുടെ മകനെയാണ്  ഇന്ന് തന്റെ മകൾ ജീവന് തുല്യം സ്നേഹിക്കുന്നത് എന്ന്കൂടി ഓർത്തപ്പോൾ അയാൾ വല്ലാത്ത പരവേശത്തോടെ കസേരയിലേക്ക് ഇരുന്നു. 

  അതെല്ലാം കണ്ട് ആശ്ചര്യത്തോടെ അന്തം വിട്ട് നിൽക്കുന്ന മഹേഷിനെയും വിളിച്ച് അമ്മ പുറത്തേക്ക് നടക്കുമ്പോൾ ആ പോക്ക് കണ്ട് വല്ലാത്തൊരു അവസ്ഥയിൽ ഇരിക്കുകയായിരുന്നു കല്യാണിയുടെ അച്ഛൻ. 

   പണത്തിനു വേണ്ടി കളഞ്ഞ ഒരു പ്രണയകാലം അപ്പോൾ മനസ്സിനെ നോവിച്ചുകൊണ്ട് കുലംകുത്തി ഒഴുകുന്നുണ്ടായിരുന്നു. 

      ---------------------------------------------------

മഹേഷ്‌ പറഞ്ഞതെല്ലാം കേട്ട് വിശ്വസിക്കാൻ കഴിയാതെ വാ പൊളിച്ചിരിക്കുകയായിരുന്നു ഗോപൻ. 
    
" ടാ.... അപ്പൊ...അപ്പോ നീ പറഞ്ഞുവരുന്നത് കല്യാണിയുടെ അച്ഛൻ...... " 

" അതേ മോനെ... ഞാൻ പറഞ്ഞുവരുന്നതല്ല.. നിന്റെ അമ്മ പറഞ്ഞത്  ! കല്യാണിയുടെ അച്ഛൻ മൗനത്തോടെ സമ്മതിച്ചത് ! 
അതേടാ.. പണ്ട് നഷ്ട്ടപ്പെട്ട ഒരു ഇഷ്ട്ടത്തെ കുറിച്ച് നിന്റെ അമ്മ പറയാറില്ലേ. ആ കഥയിലെ  നായകനും വില്ലനും ആണ് കല്യാണിയുടെ അച്ഛൻ !  
നേർവഴിക്ക് പറഞ്ഞാൽ.. നിന്റെ അമ്മയെ നൈസായി  തേച്ചിട്ട് പോയ ആ ഓൾഡ് കാമുകൻ  അയാൾ ആണെന്ന് ! "

അതിന് ശേഷം അയാൾ എന്നെ വിളിച്ചിരുന്നു. 
 എന്നോട് ക്ഷമ ചോദിക്കാൻ,  പിന്നെ കല്യാണിയെ  നിനക്ക് തരാൻ ഞാൻ പിന്മാറണമെന്ന് പറയാൻ.... 
അയാൾക്ക് അറിയില്ലല്ലോ.. അത്‌ കേൾക്കുമ്പോൾ  എനിക്കുണ്ടാകുന്ന സന്തോഷം.. അതൊന്ന് ഒഴിവാക്കാൻ വേണ്ടി ഞാൻ പെട്ട പാട് എന്താണെന്ന് !
  അതും പറഞ്ഞ് മഹേഷ്‌  പൊട്ടിച്ചിരിക്കുമ്പോൾ  
 മുന്നിൽ നടക്കുന്നത് ഇത് എന്തൊക്കെയാണെന്ന് ചിന്തിച്ച് ആകെ തലകറങ്ങി ഇരിക്കുകയായിരുന്നു ഗോപൻ. 
  
  " എനിക്കിത് ആലോചിച്ചിട്ട് ആകെ മൊത്തം ഭ്രാന്താകുന്ന അവസ്ഥയാ.. അതുകൊണ്ട് നീ ഒരു രണ്ട് പെഗ്ഗ് ഓർഡർ ചെയ്തെ... ഹോ എജ്ജാതി ട്വിസ്റ്റ്‌ ആടെ നമ്മുടെ കഥയ്ക്ക് "

 അത്‌ കേട്ട്  ചിരിയോടെ തന്നെ ലാൻഡ്ഫോൺ എടുത്ത് മദ്യത്തിന് ഓർഡർ ചെയ്ത് റിസീവർ താഴെ വെക്കുമ്പോൾ മഹേഷ്‌  പറയുന്നുണ്ടായിരുന്നു 
   "ശരിയാണ് പൊന്നോ.... എജ്ജാതി......   മ്യാരകം " എന്ന്  !

അതും പറഞ്ഞ് പൊട്ടിച്ചിരിക്കുന്ന മഹേഷിനോടൊപ്പം ഗോപനും പങ്ക് ചേരുമ്പോൾ  
 ഓർഡർ ചെയ്ത പെഗ്ഗ് വാതിൽ തുറന്ന് അകത്തേക്ക് വരുന്നുണ്ടായിരുന്നു  രണ്ട് കല്യാണത്തിന്റെയും സന്തോഷം  ആഘോഷമാകുവാൻ !
 
       ------------------------------------------------

അപ്പോൾ ഇനീം കല്യാണിയുടെയും ഗോപന്റെയും പ്രണയം  നീട്ടിവലിച്ചു ചളമാകുന്നില്ല. 
  എല്ലാം ശുഭമായി അവസാനിച്ച സ്ഥിതിക്ക് ഈ വരുന്ന ചിങ്ങം പത്തിന്  പത്തിനും പതിനൊന്നിനും ഇടക്കുള്ള ശുഭമുഹൂർത്തത്തിൽ  ആണ് വിവാഹം.. അപ്പൊ പറഞ്ഞപോലെ എല്ലാവരും ഇതൊരു ക്ഷണമായി കണ്ട്  നേരത്തെ അങ്ങ് എത്തിയേക്കണം !
എലാവരുടെയും അനുഗ്രഹവും ആശിർവാദവും കല്യാണിയുടെയും ഗോപന്റെയും ജീവിതത്തെ മനോഹരമാക്കട്ടെ.......!!!
 ( ശുഭം )
  
ദേവൻ

Comments

Post a Comment

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്