ഉച്ചക്കഞ്ഞി

ഉച്ചക്കഞ്ഞി.

         " ചേച്ച്യേ ലേശം കഞ്ഞി കൂടി തരുമോ..."

        ചോറ്റു പാത്രവും നീട്ടി പിടിച്ചുകൊണ്ടുള്ള ഗോപുവിന്റെ ശബ്ദം കേട്ടപ്പോൾ കഞ്ഞിപ്പുരയിൽ വിറക് അടുക്കി വച്ചുകൊണ്ട് ഇരുന്ന ജലജേച്ചി തിരിഞ്ഞു നോക്കി...

         " നി ഇപ്പോൾ അല്ലെ ഒരു പാത്രം കഞ്ഞി കുടിച്ചത് എന്നിട്ട് ഇനിയും വേണോ..."

          അരയിൽ കുത്തിയിരുന്ന സാരി തുമ്പ് വലിച്ചെടുത്ത് നെറ്റിയിലെ വിയർപ്പ് തുടച്ച് വീണ്ടും അരയിലേക്ക് താഴ്ത്തി വച്ച് നടുവിന് കയ്യും തങ്ങി ജലജേച്ചി ഗോപുവിനെ നോക്കി നിന്നു...

        അപ്പോഴും നിഷകളങ്കമായാ ഭാവവത്തോടെ കഞ്ഞി കിട്ടുമെന്ന പ്രതീക്ഷയിൽ ഗോപു പാത്രവും നീട്ടി നിന്നു..

       " കഞ്ഞി തരാം നീ എനിക് ഈ വിറക് അടുക്കി വയ്ക്കാൻ സഹായിക്കണം..."

       ജലജേച്ചി പറയുമ്പോഴേക്കും പാത്രം താഴെ വച്ച് ഗോപു കഞ്ഞിപ്പുരയിലേക്ക് കയറി, കഞ്ഞി കിട്ടാൻ വേണ്ടി എന്ത് ജോലിയും ചെയ്യാൻ അവന്റെ കുഞ്ഞു മനസ്സ് തയ്യാറായിരുന്നു. അത് കൊണ്ട് തന്നെ പല ജോലിക്കായി ജലജേച്ചി ഗോപുവിനെ ഉപയോഗിച്ചു..

       കിട്ടിയ കഞ്ഞിയും പയറും ഒരുമിച്ച് പാത്രത്തിൽ ആക്കി ആരും കാണാതെ ഗോപു അവന്റെ കീറിയ ബാഗിൽ ഭദ്രമായി വച്ചു. വൈകുന്നേരം കൂട്ടബെൽ മുഴങ്ങിയ ഉടനെ ഗോപു ബാഗും ചേർത്ത് പിടിച്ച് ക്ലാസ്സിന്റെ പുറത്തേക്ക് ഓടി തുടങ്ങിയതും വാതിൽ പടിയിൽ കാല് തട്ടി മുറ്റത്തേക്ക് തെറിച്ചു വീണു..

      വീണയുടനെ അവൻ ആദ്യം നോക്കിയത് അവന്റെ ബാഗ് ആയിരുന്നു, തെറിച്ച വീണ ബാഗിൽ നിന്ന് അവന്റെ ചോറ്റു പത്രവും തെറിച്ചു പോയിരുന്നു.തെറിച്ചു പോയ പാത്രത്തിന്റെ അടപ്പ് തുറന്ന് തറയിൽ വീണ കഞ്ഞിയിൽ ചവിട്ടി കൊണ്ട് കുട്ടികൾ ഒടുന്നത് കണ്ടപ്പോൾ ഗോപുവിന്റെ ഉള്ളിൽ അവന്റെ കുഞ്ഞനുജത്തിയുടെയും അമ്മയുടെയും മുഖം ആയിരുന്നു...

         കുട്ടികൾ പോയി കഴിഞ്ഞപ്പോൾ ആണ് അവൻ ബാഗിന്റെ അടുത്തേക്ക് നടന്നത്.ബാഗിൽ നിന്ന് തെറിച്ചു വീണ ബുക്കുകൾ ബാഗിലേക്ക് എടുത്തു വച്ചിട്ട് വേദനയോടെ ആണ് അവൻ തന്റെ ചോറ്റുപാത്രത്തിന്റെ അടുക്കലേക്ക് പോയത്. അതിൽ ഉണ്ടായിരുന്ന കഞ്ഞിയും പയറും എല്ലാം തറയിൽ പോയിരുന്നു, ഒഴിഞ്ഞ ചോറ്റുപാത്രം ബാഗിലേക്ക് വച്ചുകൊണ്ട് ഗോപു വീട്ടിലേക്ക് നടന്നു...

       സുലൈമാനിക്കയുടെ ചയകടയുടെ മുന്നിൽ എത്തിയപ്പോൾ ഗോപു ഒന്ന് നിന്നു. മടിച്ച് മടിച്ച് ഗോപു കടയിലേക്ക് കയറി...

        "എനിക്ക് ഒരു നാല് ദോശ തരുമോ..."

       മടിച്ച് മടിച്ചാണ് ഗോപു സുലൈമാനിക്കയോട് ചോദിച്ചത്..

        " ദോശ തരാം നിന്റെ കയ്യിൽ പൈസയുണ്ടോ..."

        ഉച്ചത്തിൽ സുലൈമാനിക്കയുടെ ശബ്ദം മുഴങ്ങിയപ്പോൾ ഗോപുവിന്റെ ഉള്ളിൽ ചെറിയ പേടി ഉണ്ടായി...

         " ഞാൻ ആ പൈസയ്ക്ക് വേണ്ടി എന്തേലും ജോലി ചെയ്യാം..."

        വിറയലാർന്ന ശബദത്തോടെ ഗോപു പറയുമ്പോൾ സുലൈമാനിക്ക ഉച്ചത്തിൽ ചിരിച്ചു...

          " അല്ല നി എന്ത് പണിയെടുക്കാൻ ആണിവിടെ...പോയേ പോയേ, നി വീട്ടിൽ പോയി പൈസ വാങ്ങിയിട്ട് വാ..."

          " വീട്ടിൽ പൈസ ഇല്ല, അമ്മയ്ക്ക് ജോലി ഇല്ല പനി പിടിച്ചു കിടപ്പാണ്,സ്കൂളിൽ നിന്ന് കിട്ടിയ കഞ്ഞി തറയിൽ പോയി... ഇന്ന് എന്റെ അമ്മയും അനിയത്തിയും പട്ടിണി ആകും..."

        ഗോപു ചോറ്റുപാത്രം തുറന്ന് കാണിച്ച് അത് പറഞ്ഞു തീരുമ്പോഴേക്കും അവന്റെ കണ്ണിൽ നിന്ന് കണ്ണുനീർ തുള്ളികൾ കവിളിലൂടെ ഒലിച്ചിറങ്ങി തുടങ്ങിയിരുന്നു....

          " ടാ, നി ഇതിൽ അഞ്ചാറ് ദോശയും ചമ്മന്തിയും ഒഴിച്ചു കൊടുക്ക്..."

       സുലൈമാനിക്ക അകത്തേക്ക് നോക്കി വിളിച്ച് പറഞ്ഞു...

         " എന്റിക്ക ഇതൊക്കെ അവന്റെ അടവ് ആകും വെറുതേ കൊടുക്കേണ്ട...."

        ഉള്ളിൽ നിന്ന് ജോലിക്കാരൻ വിളിച്ചു പറഞ്ഞു...

          " നി കൊടുക്കട അവനെ കണ്ടാൽ അറിയാം പട്ടിണി ആണെന്ന്..."

         സുലൈമാനിക്ക അത് പറയുമ്പോഴും ഗോപുവിന്റെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ഒഴുകി കൊണ്ടേ ഇരിക്കുകയായിരുന്നു, ചോറ്റുപാത്രത്തിൽ ദോശ വാങ്ങി ബാഗിൽ വച്ചിട്ട് വീണ്ടും സംശയത്തോടെ ഗോപു അവിടെ തന്നെ നിന്നു..

          "മോൻ വീട്ടിൽ കൊണ്ട് പോയി അനിയത്തി കുട്ടിക്ക് കൊടുക്ക്ട്ടോ..."

          അത് പറഞ്ഞ് അവന്റെ തോളിൽ തട്ടി വീട്ടിലേക്ക് വിട്ടു സുലൈമാനിക്ക...

          ഗോപു വീട്ടിൽ ചെല്ലുമ്പോൾ ഉമ്മറത്ത് അവനെയും കാത്ത് അനിയത്തി ഗോപിക ഇരിപ്പുണ്ടായിരുന്നു. ഗോപുവിനെ കണ്ടതും അവൾ ഓടി അവന്റെ അടുക്കലേക്ക് എത്തി.ഗോപു ബാഗിൽ നിന്ന് ചോറ്റു പാത്രമെടുത്ത് അവൾക് നേരെ നീട്ടി...

        "ഹായ് ഇത്തിലെന്ത ദോശയുടെ മണം...."

       ചോറ്റുപാത്രം മണപ്പിച്ചു കൊണ്ട് ഗോപിക ചോദിച്ചു..

        " ഇന്ന് സ്കൂളിൽ ദോശ ആയിരുന്നു മോളെ...നി അമ്മയ്ക്കും കൊടുത്ത് കഴിക്ക്..."

         അത് കേട്ടപ്പോൾ ഗോപിക വീണ്ടും ആ പാത്രം മണപ്പിച്ചു കൊണ്ട് വീട്ടിലേക്ക് കയറി പോയി, ഗോപു നേരെ അമ്മയുടെ അടുക്കലേക്ക് ആണ് പോയത്. കട്ടിലിൽ കിടക്കുന്ന അമ്മയുടെ അരികിലായി അവൻ ഇരുന്നപ്പോഴേക്കും ഗീത കണ്ണ് തുറന്നു...

          " അമ്മയുടെ പനി കുറഞ്ഞോ.."

        ഗോപു അമ്മയുടെ നെറ്റിയിൽ കൈത്തലം വച്ച് ചോദിച്ചപ്പോൾ, പുഞ്ചിരിയോടെ കുറവുണ്ട് എന്ന് തലയാട്ടി...

        " അമ്മേ,, എഴുന്നേൽക്ക് ദോശ കഴിക്കാം..."

        ഗോപിക അപ്പോഴേക്കും രണ്ട് പത്രങ്ങളിൽ ദോശയുമായി വന്നു...

        " ഇത്‌ എവിടുന്ന ദോശ...."

        ഗീത സംശയത്തോടെ ഗോപുവിന്റെ മുഖത്ത് നോക്കി പറഞ്ഞു. അവൻ തലതാഴ്ത്തി ഇരുന്ന് സംഭവിച്ച കാര്യങ്ങൾ പറഞ്ഞു...

         " മോനോട് അമ്മ പറഞ്ഞിട്ടില്ലെ മറ്റുള്ളവരുടെ മുന്നിൽ ചെന്ന് കൈ നീട്ടി നിൽക്കരുത് എന്ന്..."

          ഒഴുകി വന്ന കണ്ണുനീർ തുടച്ച് ഗോപുവിനെ ചേർത്ത് പിടിച്ചുകൊണ്ട് ഗീത പറയുമ്പോൾ ഗോപുവും കരഞ്ഞുപോയി..

          " ഒന്നും കഴിക്കാതെ കിടന്നാൽ പിന്നെ എങ്ങനെ അസുഖം കുറയും,,, അമ്മ വിഷമികണ്ട ഞാൻ പഠിച്ചു വലുതായി ജോലി വാങ്ങി ഈ കടങ്ങൾ ഒക്കെ തീർക്കും..."

      ഗോപു അത് പറഞ്ഞപ്പോൾ അവനെ ഒന്ന് കൂടി ചേർത്ത് പിടിച്ച് ഗീത അവന്റെ നെറുകയിൽ ഒരു ചുംബനം നൽകി...

          പിറ്റേ ദിവസം പതിവ്പോലെ ഗോപു വയറുനിറയെ വെള്ളവും കുടിച്ചുകൊണ്ടു ആണ് സ്കൂളിലേക്ക് പോയത്. അവൻ ആദ്യം കഞ്ഞിപ്പുരയിൽ ജലജേച്ചി വന്നോ എന്നാണ് നോക്കിയത്,കഞ്ഞിപ്പുരയിൽ അവരെ കണ്ടപ്പോൾ ഗോപുവിന് ആശ്വാസമായി,അവൻ വയർ ഒന്ന് തടവിക്കൊണ്ട് ക്ലാസ്സിൽ കയറി...

           ബെല്ലടിച്ച് കഴിഞ്ഞ് ക്ലാസ് ടീച്ചർ അറ്റന്റൻസ് എടുത്ത് കഴിഞ്ഞപ്പോൾ ആണ് "ടീച്ചറെ.." എന്ന് നീട്ടി വിളിച്ചുകൊണ്ട് ബാലു എഴുന്നേറ്റ് നിന്നത്..ടീച്ചർ എന്താ എന്ന അർത്ഥത്തിൽ ബാലുവിനെ നോക്കി...

          " ടീച്ചറെ ഈ ഗോപു വൈകുന്നേരം വീട്ടിൽ പോകുമ്പോൾ പാത്രത്തിൽ കഞ്ഞിയും കൊണ്ട് പോകും,ഇന്നലെ അവൻ വീണപ്പോൾ അവന്റെ പാത്രത്തിൽ നിന്ന് കഞ്ഞി തറയിൽ മൊത്തം വീണു...."

          ബാലു അത് പറയുമ്പോൾ ക്ലാസ്സിലെ കുട്ടികളുടെ എല്ലാം കണ്ണുകളിൽ ഗോപുവിന്റെ നേർക്ക് ആയിരുന്നു. ബാലു പറഞ്ഞത് ശരി വച്ചുകൊണ്ട് പലരുടെയും ശബ്ദം ക്ലാസിൽ ഉയർന്നു. ഗോപു കള്ളനെ പോലെ ആരുടെയും മുഖത്ത് നോക്കാതെ തല കുമ്പിട്ട് തന്നെ ഇരുന്നു...

          " ഗോപു എഴുന്നേൽക്ക്..."

       ടീച്ചറുടെ ശബ്ദം മുഴങ്ങിയപ്പോൾ, തെറ്റ് ചെയ്ത കുറ്റവാളിയെ പോലെ അവൻ എഴുന്നേറ്റ് തല കുമ്പിട്ട് നിന്നു...

          "നി ഇന്നലെ വീട്ടിൽ കഞ്ഞിയും കൊണ്ടാണോ പോയത്..."
  
          ടീച്ചർ ചോദിച്ചിട്ടും ഗോപു ഒന്നും മിണ്ടാതെ തല കുനിച്ച് തന്നെ നിന്നു...

         " എന്താ ഗോപു നീ ചോദിച്ചത് കേട്ടില്ലേ..."

         വീണ്ടും ടീച്ചറുടെ ശബ്ദം മുഴങ്ങിയപ്പോൾ ഗോപു കൊണ്ട് പോയെന്ന് തലയാട്ടി...

         " വായ് തുറന്ന് പറ ഗോപു.. നി എന്തിനാ കൊണ്ട് പോയത്..."

         " അത്..അത് വീട്ടിൽ അമ്മയ്ക്കും അനിയത്തിക്കും കൊടുക്കാൻ..."

          ഗോപു വിക്കി വിക്കി പറഞ്ഞു...

          " അതെന്താ നിന്റെ വീട്ടിൽ ചോറു വയ്ക്കറില്ലേ..."

           " അമ്മയ്ക്ക് പനി പിടിച്ചു കിടക്കാൻ തുടങ്ങിയിട്ട് കുറച്ച് ദിവസമായി, അതുകൊണ്ട് ജോലിക്ക് പോകാൻ പറ്റില്ല, പൈസ ഇല്ലാത്തത് കൊണ്ട് സാധങ്ങൾ ഒന്നും വാങ്ങിയില്ല...അമ്മയ്ക്ക് വയ്യാത്തത് കൊണ്ട് കൂട്ടിന് അനുജത്തി ഇരിക്കും,  അവർക്ക് കൊടുക്കാൻ ആണ് ബാക്കി വരുന്നതിൽ നിന്ന് കഞ്ഞി കൊണ്ട് പോകുന്നത്...."

            അത് പറഞ്ഞു തീരും മുൻപേ ഗോപു കരഞ്ഞു തുടങ്ങി..ഏങ്ങലടിച്ചു കരയുന്ന ഗോപുവിനെ കണ്ടപ്പോൾ ക്ലാസ്സിലെ കുട്ടികളുടെയും കണ്ണ് നിറഞ്ഞുപോയി.. അവനെ എന്ത് പറഞ്ഞ് അശ്വസിപ്പിക്കണം എന്ന് ടീച്ചർക്കും അറിയില്ലായിരുന്നു.. അൽപ്പ നേരം  ക്ലാസ്സിൽ നിശബ്ദത തളം കെട്ടി നിന്നു...

          "മോൻ വാ....."

         തന്റെ മുന്നിൽ നിന്ന് കരയുന്ന ഗോപുവിനെയും കൂട്ടി ടീച്ചർ സ്റ്റാഫ് മുറിയിലേക്ക് നടന്നു..അവിടെ ഉള്ള അധ്യാപകരോട് അവന്റെ കാര്യം പറഞ്ഞപ്പോൾ അവനെയും കൂട്ടി വീട്ടിൽ പോയി കാര്യങ്ങൾ തിരക്കാൻ എല്ലാവരും കൂടി തീരുമാനിച്ചു..

       ഗോപുവിനെയും കൂട്ടി രണ്ട് അദ്ധ്യാപകർ അവന്റെ വീട്ടിൽ ചെല്ലുമ്പോൾ അവിടത്തെ സ്ഥിതി പരിതാപകരം ആയിരുന്നു,അടുപ്പ് കണ്ടാൽ അറിയാം അവിടെ തീ പുകഞ്ഞിട്ട് ദിവസങ്ങളായി എന്ന്, അടുക്കളയിൽ ഒഴിഞ്ഞ കുറെ പാത്രങ്ങൾ മാത്രം.. അവർക്ക് വേണ്ട അത്യാവശ്യ സാധങ്ങൾ വാങ്ങി കൊടുത്തിട്ടാണ് അദ്ധ്യാപകർ തിരികെ പോയത്...

         പിറ്റേന്ന് അനിയത്തിയുടെ കയ്യും പിടിച്ചാണ് ഗോപു സ്കൂളിന്റെ പടി കയറി വന്നത്..അനിയത്തിയെ ക്ലാസ്സിൽ ആക്കി അവൻ ചോറ്റു പാത്രവും ആയി നേരെ സ്റ്റാഫ് റൂമിലേക്ക് ആണ് പോയത്.പാത്രം തുറന്നപ്പോൾ നല്ല ഉണ്ണിയപ്പത്തിന്റെ മണം അവിടെ പടർന്നു..

          " ഇത്‌ എന്റെ അമ്മ ഉണ്ടാക്കിയതാണ്, എല്ലാം സാറന്മാർക്ക് വേണ്ടിയാണ്..." 

         അത് പറഞ്ഞ് അവൻ ചോറ്റു പത്രവുമായി എല്ലാവരുടെയും അടുത്ത് ചെന്നു,അവസാനം അവന്റെ ക്ലാസ് ടീച്ചറുടെ അടുത്ത് ചെന്നപ്പോഴേക്കും അവന്റെ കണ്ണുകൾ വീണ്ടും നിറഞ്ഞൊഴുകി...

         " മോൻ നല്ലപോലെ പഠിച്ച് നല്ലൊരു ജോലി വാങ്ങി അമ്മയെ പൊന്ന് പോലെ നോക്കണം കേട്ടോ..."

           അവന്റെ പാത്രത്തിൽ നിന്ന് ഒരു ഉണ്ണിയപ്പം എടുത്ത് കൊണ്ട് ടീച്ചർ പറഞ്ഞു...

          " ഈ ഉണ്ണിയപ്പം എല്ലാം ടീച്ചർക്ക് ആണ്, ടീച്ചറുടെ മക്കൾക്ക് കൊടുത്തോ..."

         " ഈ സ്കൂളിൽ ഉള്ളവരെല്ലാം എന്റെ മക്കൾ ആണ്, ഇത് കൊണ്ട് പോയി ക്ലാസ്സിലെ എല്ലാവർക്കും കൊടുക്ക്ട്ടോ..."

         ഗോപു അതുമായി ക്ലാസ്സിലേക്ക് നടക്കുമ്പോൾ ഒരു കുഞ്ഞിന് ജന്മം കൊടുക്കാൻ കഴിയാത്ത തന്റെ വിധിയോർത്ത് അവരുടെ കണ്ണുകളും നിറഞ്ഞിരുന്നു....

ശ്യാം.

Comments

  1. ഒരുപാട് സന്തോഷായി കഥയുടെ അവസാനം കണ്ടപ്പോൾ... ഒത്തിരി ഇഷ്ട്ടമായി ഈ എഴുത്തിനെയും...

    ReplyDelete

Post a Comment

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്