രണ്ടാംകെട്ട്

രണ്ടാംകെട്ട് 
................
കല്യാണത്തിനുള്ള ഒരുക്കങളാണ്  .നാത്തൂനും കുട്ടികളും മറ്റു ബന്ധുക്കളും വന്നിട്ടുണ്ട്   .സിറ്റിയിലെ മുന്തിയ തുണികടയിൽ നിന്നാണ് തുണി തരങ്ങൾ .ഉമ്മാക്ക് സാരി ,ഉപ്പാക്ക് ഷര്‍ടും മുണ്ടും ,നാല് നാത്തൂൻമാരില് മൂത്ത രണ്ടാള്‍ക്ക് സാരി താഴെ ഉള്ളോർക്ക് ലാച .ഷാര്ജെല് ഉള്ള ഇക്ക വരോന്ന് അറിയില്ല .എന്നാലും ഓര്ക്ക് തുണി  മേടിക്കണുണ്ട് .'നിനക്കെന്താ ഷഹ്നാ വേണ്ടത് 'എന്ന് മൂത്ത നാത്തൂൻ അല്പം മടിയൊടെ വന്ന് ചോദിച്ചു പോയി .അവൾ ഒന്നും പറഞ്ഞില്ല .പകരം ഒന്ന് പുഞ്ചിരിച്ചു .

നടേ മുറി പുരയിൽ ,മേടിക്കാൻ ഉള്ള സാധനങളുടെ ലിസ്റ്റ് തയ്യാറാക്കുകയാണ് .എല്ലാവരും ഉല്സാഹത്തിലാണ് .അവൾ മാത്രം അങ്ങോട്ട് പോയില്ല .നാലഞ്ചു നാൾ  കഴിഞ്ഞാൽ തന്റെ ഭർത്താവിനെ  നടുകീറി പങ്കു വെക്കാൻ പോവുകയാണ് .

അടുക്കള പുരയിൽ കുഞുമ്മയും വല്ല്യുമ്മയും   പലഹാര പണിക്ക് പോകുന്ന ബന്ധു ആനുമ്മയും വന്നിട്ടുണ്ട് .കൊയലപ്പം ,അരിമുറുക്ക് ,ഹൽവ ,അചപ്പം .നൂറ് കൂട്ടം സാധനങളുടെ ചാർത്ത് അവിടെ തൂക്കിയിട്ടുണ്ട് .വല്ല ബാകറിയില് നിന്നും മേടിചാൽ ഈ പൊല്ലാപ്പ് വല്ലോം ഉണ്ടോന്ന് കുഞാപ്പ പെണ്ണുങ്ങളൊട് ഉറക്കെ ചോദിക്കുന്നുണ്ട് .ഓര് ഓയലില് പൊരിക്കുന്നത് ,നമ്മ അസ്സല് ആട്ടിയ വെളിച്ചെണ്ണയില് പൊരിക്കും ,മറുപടി ഉയര്ന്നു കേൾക്കുന്നുണ്ട്  .പൊരിചെടുത്ത കൊയ്ലപ്പം കിണ്ണത്തിലാക്കി തകർച്ച  നോക്കാൻ അകത്തിരിക്കുന്ന പെണ്ണുങ്ങൾക്ക് കൊണ്ട് കൊടുത്തു .

'അല്ല ഷഹ്ന നീ ഇവിടെ ഇരിക്കാണോ 'എന്നും ചോദിച്ചു കൊണ്ടാണ് ,കുഞുമ്മ കയറി വന്നത് .'നൂറ് മേനിക്ക് പണി കിടക്കുമ്പോൾ ഇരുന്നാൽ എങ്ങനാ' എന്നും പറഞ്ഞോണ്ട് അവർ കട്ടിൽ തലയ്ക്കൽ കയറി ഇരുന്നു .ഇതൊക്കെ നമ്മ പെണ്ണുങ്ങൾക്ക് പറഞ്ഞിട്ടുള്ളതാണ് മോളേന്നും  പറഞ്ഞു അവർ ഷഹ്നയെ നോക്കി .അവൾ ഒന്നും മിണ്ടിയില്ല .മൂന്ന് നാള് കഴിഞ്ഞാൽ ഷഹീർ  നാട്ടിൽ വരും .ഓന്റെ കൂടേ മൂന്ന് നാള് നിനക്ക് പിന്നേം കിടക്കാം .എന്നിട്ടല്ലേ കല്യാണം .മനസൊക്കെ പടച്ചോൻ ഒരുക്കി തരും .

നാളെ രാവിലെ തുണി എടുക്കാൻ പോവും .വാതില്ക്ക്കല് വന്ന് മൂത്ത നാത്തൂൻ പറഞ്ഞു .ഷഹ്നയ്ക്ക് സാരിയാണ് ലിസ്റ്റിൽ എഴുതിയിരുക്കുന്നെ .അവർ പോയി .അവൾ കുഞുമ്മയൊട് ഒപ്പം അടുക്കളയിൽ പോയി .പൊരിച്ചു  വച്ച പലഹാരങ്ങൾ മുഴുവൻ ഡബ്ബകളിൽ നിറച്ചു വച്ചു .ആനുമ്മ ഒരു പിഞ്ഞാണത്തിൽ എല്ലാ പലഹാരവും പൊട്ടിച്ചിട്ട് കറുമുറെ ശബ്ദത്തോടെ തിന്നുന്നുണ്ട് .

പലഹാരങ്ങൾ ഡബ്ബയില്‍ നിറച്ചു എണ്ണ പുരണ്ട കൈ സോപ് വെള്ളത്തിൽ മുക്കി അവൾ കഴുകി .ശേഷം അടുക്കളയിലെ സ്ടൂളിൽ ഇരുന്നു .ആനുമ്മ പലഹാര പാത്രം അവൾക്ക് നീട്ടി.അവൾ വേണ്ടെന്ന് തലയാട്ടി .

പിറ്റേന്ന് ഷഹീർ അയച്ച കാർഗോ വന്നു .നാത്തൂൻമാരെല്ലം ചേർന്ന് പെട്ടി പൊളിച്ചു .കുറേയേറെ സാധനങൾ ഉണ്ടായിരുന്നു .സോപ്പ്‌ ,പെർഫ്യൂം ,വെള്ളത്തിൽ കലക്കുന്ന പൊടികൾ ,ചായല ,ഒരു മേക്കപ്പ് സെറ്റ് ,അങനെ നിരവധി സാധനങൾ .മുന്‍പെല്ലാം ആ മേകപ്പ് സെറ്റ് തനിക്കുള്ളതാണെന്ന വിശ്വാസത്തിൽ ഓടി ചെന്ന് അവളെടുക്കാറുണ്ടായിരുന്നു .ഇത്തവണ അവൾ വാതിൽ പടിക്കൽ നിന്ന് അവ കണ്ടു .നാത്തൂൻ അതെടുത്തു പുതിയ മണവാട്ടിക്കുള്ള കല്യാണപെട്ടിയിൽ വച്ചു .അല്ലെങ്കിലും ഇനി തനിക്ക് ചമയങൾ എന്തിനാണ് ?ആദ്യ ഭാര്യയുടെ മുഖം വിളറി മങിയാലും ആർക്കും പരാതിയുണ്ടാവുകയില്ല .പ്രസവിക്കാത്ത സ്ത്രീ വേരുണങിയ ഒരു പാഴ്  വൃക്ഷമാണ് .അവൾ മുറിയിലേക്ക് ചെന്നു .

ഷഹീറിന്റെ പുതിയ ഭാര്യ വരുമ്പോൾ തനിക്ക് ഈ വീട് മാറി പുതിയ വീട്ടിൽ പോകണം .ആ ഒരേക്കർ പറമ്പിന്റെ മൂലയിൽ ഒരു ഒറ്റമുറിയും ഹാളും ഇറയവും അടുക്കളയും ഉള്ള കൊച്ചു വീട് പണി കഴിപ്പിച്ചിട്ടുണ്ട് .അതവൾക്കൂള്ളതാണ് .ഷഹ്നയ്ക്ക് .അതിന്റെ ജനൽ തുറന്നിട്ടാൽ ഈ വീട് കാണാം .ഷഹീർ ഇറയത്തിരുന്നു പേപ്പർ വായിക്കുന്നതും മുറ്റത്തു നിന്ന് കാർ കഴുകുന്നതും കാണാം .ഒരു പക്ഷെ ഷാഹീറീനു വേണ്ടി താനുണ്ടാക്കാറുള്ള എന്തെങ്കിലും വിഭവം തന്റെ കുഞ്ഞി അടുക്കളയില് വച്ചാലും അതിന്റെ മണം ഒഴുകി പരന്നു ഇവിടെയെത്തും .ആ നിമിഷമെങ്കിലും ഷഹീർ അവളെ ഓർക്കാതെ ഇരിക്കില്ല .

ഉച്ച തിരിഞ്ഞപ്പോൾ അവൾ ആ ഒറ്റ മുറി പുരയിലേക്ക് പോയി  .പത്തെഴുപത് മീറ്റർ അകലം മാത്രേ ഉള്ളൂ .മുറ്റം മുഴുവൻ ഒരാളെ പണിക്ക് നിർത്തി കുഞാപ്പ ചെത്തി മിനുക്കിയിട്ടിട്ടുണ്ട് .മുറ്റത്ത് അതിരിനോട് ചേർന്ന് ഒരു ചുവന്ന ചെമ്പകമരം പൂത്തു നിൽക്കുന്നുണ്ട് ,വെള്ളിലത്തിന്റെ വള്ളികൾ നീണ്ട് വളഞ്ഞു അവളുടെ കൈ പിടിക്കാനെന്നോണം ചാഞ്ഞു നിന്നു .വാതിൽ തുറന്ന് അകത്തു കയറി .ആരോടും  സംസാരിക്കാൻ ഇല്ലാതെ മുറിയിലെ നല്ല വായുവെല്ലാം വീര്‍പ്പുമുട്ടി മരിച്ചു പോയിരുന്നു .മുറിയിലെ കട്ടിലിൽ പോയി അവൾ അല്പനേരം ഇരുന്നു .തട്ടത്തിന്റെ തുമ്പ് കൊണ്ട് കണ്ണുകൾ തുടച്ചു പിന്നെ നെഞ്ചിൽ കൈകൾ അമർത്തി ഒരു നിലവിളിയായിരുന്നു .ആരും കേൾക്കാത്ത  ആത്മാവിന്റെ  ആഴത്തിൽ നിന്നുമുള്ള ഒന്ന് !

തിരികെ വീട്ടിൽ എത്തിയപ്പോൾ ഏതാനും ആളുകൾ വന്നിരുന്നു .യതീം ഖാനയില്‍ കുട്ട്യോൾക്ക് ഒരു നേരത്തെ ബിരിയാണി കൊച്ചാപ്പ എല്പിചിട്ടുണ്ട് .ഷഹീറിന്റെ ഉമ്മാന്റെ നേർച്ചയാണ് .ആരും ഇല്ലാത്ത കുട്ട്യോൾടെ പള്ളേം ഉള്ളും റാഹത്തായി നിറയട്ടെ .എന്നാലെ എന്റെ മോന് ഒരു വാപ്പ ആവാൻ പറ്റൂ .ഊണിന് ഉള്ള കായും മറ്റും കൊച്ചാപ്പ എണ്ണി കൊടുത്തു .ഷഹ്ന പടവുകൾ കയറി അകത്തു ചെന്നു .അകത്തെ കർട്ടനും വിരിയും എല്ലാം മാറ്റുന്നുണ്ട്  .ഷഹീറിന്റെ കൂടേ ഗൾഫിൽ ജോലി ചെയ്യുന്നോരുടെ വീട്ടുകാരൊക്കെ കല്യാണത്തിന് വരും .വീടിന്റെ മൊഞ്ച് കൂട്ടിയില്ലെങ്കില്  കുറച്ചിലാണ്  .

ഷഹ്ന അടുക്കളയിൽ ചെന്നു .നാത്തൂൻമാരുടെ മുതിർന്ന രണ്ട് പെൺകുട്ടികൾ അടുക്കള വൃത്തിയാക്കുന്നുണ്ട് .അവളും ഒരു ചൂലും കോരിയും  എടുത്തു ചെന്നു .പിന്നീന്ന് ഒരു വിളി ,മൂത്ത നാത്തൂനാണ് .പോയി അന്റെ മുറി വെടിപ്പാക്ക് .പുതിയ പൊരേല്ക്ക് മാറ്റാനുളള അന്റെ സാധനങൾ എല്ലാം കെട്ടി പൊതിഞു വയ്ക്ക്  .നാളെ പണിക്ക് പെണ്ണുങ്ങൾ വരുമ്പോൾ ഓര് കൊണ്ട് വച്ചു തരും എല്ലാം .

ചൂല് താഴെയിട്ട് അവൾ മുറിയിലേക്ക് ചെന്നു .അവളുടെ മുറി എപ്പോഴും അടക്കി പെറുക്കി വച്ചു വൃത്തിയുള്ളതാണ് .ഉമ്മ ചെറുപ്പത്തിലേ പഠിപ്പിച്ച ചിട്ടയാണ് .ഷഹീർ ഊരിയ കുപ്പായം വരെ നിലത്തു ഇട്ട് പോകും .അവൾ പിന്നാലെ നടന്ന് പെറുക്കും .കുളിച്ചു വന്നാല് തോർത്ത് കട്ടിൽ തലയ്ക്കൽ ചുരുട്ടിയിടും .അതും പോയി കുടഞ്ഞു നീർത്തിയിടും .നീയുള്ളപ്പോൾ പിന്നെന്തിനാ ഞാൻ അടക്കി പെറുക്കി വയ്ക്കുന്നത് പൊന്നേ എന്നാണ് ഷഹീർ പറയാറുള്ളത് .അങനെ ഒതുക്കി പെറുക്കി വച്ച ഒരു കിടപ്പു മുറി ഒഴിയാൻ പോവുകയാണ് .

അലമാര തുറന്ന് സാരികളും മറ്റ്‌ വസ്ത്രങളും ഒരു ബാഗില് കയറ്റി വച്ചു .പച്ച പട്ടു പൊതിഞ്ഞ പഴയ തന്റെ കല്യാണ സാരി  അവൾ വെറുതെ നീർത്തി നോക്കി .ഒൻപത് വർഷം  കഴിഞ്ഞിട്ടും മിന്ന് വിട്ടിട്ടില്ല .കല്യാണ ദിവസത്തിന്റെ മണം പോലും പോയിട്ടില്ല .അത് ചുറ്റി നിന്നു കൊണ്ടാണ് ആദ്യമായി ഒരു പുരുഷന്റെ സ്പർശമേറ്റത് .ഷഹീറിന്റെ  ചുംബനങൾ ഏറ്റു വാങ്ങി തളർന്ന് വീണ് പോയത് .കണ്ണ് കലങി ഒഴുകി .എത്ര ശ്രമിചിട്ടും അവൾക്ക് ആ സാരി പഴയ പടി ഭംഗിയിൽ  മടക്കാനായില്ല  .അതിന് ഒരു കടലോളം ഭാരം അനുഭവപെട്ടു .

എല്ലാം കെട്ടി പൂട്ടി വച്ചു വലിയ കട്ടിലിന്റെ തുമ്പത്ത് പുഴിവിനെ പോലെ അവൾ കിടന്നു .ഉറക്കം വരാതെ ആയപ്പോൾ സ്വന്തം ഉമ്മയെ ഫോണിൽ വിളിച്ചു .ഉറക്കെ കരയണം എന്നുണ്ട് .കരഞില്ല .മറുതലയ്ക്കല് ഉമ്മയും നിശബ്ദമായിരുന്നു .ഒടുവിൽ "വിഷമിക്കരുത് മോളെ" എന്ന് മാത്രം പറഞ്ഞു .ഉപ്പാക്ക് ഫോൺ കൊടുക്കണ്ട എന്ന് പറഞ്ഞു .അനുജത്തിമാരെ കെട്ടിക്കാൻ ഷഹീർ തന്ന പൊന്നിന്റെയും പണത്തിന്റെയും  അളവുകൾ ഉപ്പാക്ക്  കിറു കൃത്യമാണ് .ഒടുവിൽ എന്റെ ഒഴിഞ്ഞ വയറും രേഖപ്പെടുത്തി ഉപ്പ ഷഹീറിനെ ശരിയുടെ പക്ഷത്ത് നിർത്തും .ദുഃഖം മനോഹരമാകുന്നത്  അത് പൂർണമായും സ്വകാര്യതയോടെ ആസ്വദിക്കുമ്പോൾ മാത്രമാണ് .മറ്റൊരാൾക്ക് മുൻപിൽ അത് തുറന്ന് വച്ചാൽ പിന്നെയത് വികൃതമാണ് .

അവൾ ഉറങ്ങാൻ ശ്രമിച്ചു .

പിറ്റേന്ന് രാവിലെ തന്നെ പണിക്കുള്ള പെണ്ണുങ്ങൾ വന്നു .ഷഹ്ന കെട്ടി പൊതിഞു വചതെല്ലം പെണ്ണുങ്ങൾ തലയിലേറ്റി പുതിയ ഒറ്റ മുറി പുരയിൽ കൊണ്ട് വച്ചു .നാത്തൂൻമാരുടെ ചെറിയ പെൺകുട്ടികൾ അവളുടെ കൈ പിടിച്ചു അവിടേക്ക് വന്നു .ഇറയത്തു അടുക്കളയിലേക്ക്  വേണ്ട പാത്രങ്ങൾ, ധാന്യങ്ങൾ ,മസാലകൾ ,പൊടികൾ   ഗ്യാസ് ,പ്ലസ്ടിക് കുട്ടകൾ , മുറിയിലേക്കു വേണ്ട ചവിട്ടികൾ ,വൃത്തിയാക്കാനുള്ള ഉപകരണങ്ങൾ എല്ലാം ഉണ്ട് .കൊചാപ്പ ഏർപാടാക്കിയതായിരിക്കും .പണിക്ക് വന്ന പെണ്ണുങ്ങൾ അതെല്ലാം ഒതുക്കി പെറുക്കി വച്ചു .ഒപ്പം അവളും കൂടി .പണിക്ക് വന്നതിൽ നരച്ച ഒരു ചേച്ചി ഉണ്ടായിരുന്നു .അവർ അവളെ അലിവോടെ നോക്കി .'നെഞ്ച് നീറുന്നുണ്ടാവും അല്ലെ കുഞ്ഞേ 'എന്ന് ചോദിച്ചപോൾ അവൾ വികൃതമായി പുഞ്ചിരിച്ചു .

അന്ന് രാത്രി ഷഹീർ വന്നു .കൊച്ചാപ്പയുടെ മോനും നാത്തൂന്മാരുടേ ആൺകുട്ടികളുമാണ് എയർ പോർട്ടിൽ പോയത് .മുന്പാണെങ്കിൽ അവൾ പോകാറുണ്ടായിരുന്നു .മിന്നുന്ന ലാച്ചയും സുറുമയും എല്ലാം എഴുതി .അന്നെല്ലാം വീട് മുതല് എയർപോർടിൻറെ കവാടം വരെ നീണ്ട ഒരു മഴവില്ല്  വിരിയും .വീട്ടിലെത്തി അയാളുടെ അത്തറിന്റെ മണമുള്ള ഒരു ചുംബനത്തിൽ തീർന്നു പോകാവുന്ന വ്യഥകളേ തനിക്കുള്ളൂ എന്ന് അവൾക്കെന്നും തോന്നാറുണ്ടായിരുന്നു .

അവൾ അടുക്കളയിൽ ചെന്നിരുന്നു .ആനുമ്മയും കുഞ്ഞുമ്മയും കഥകൾ പറഞ്ഞു സ്ലാബിൽ ചാരി നിൽപ്പുണ്ട് .വല്ല്യുമ്മ്മ പാത്രങ്ങളിൽ വിഭവങൾ പകർത്തി വക്കുന്നുണ്ട് .പത്തിരിയും  ബീഫും ചൂടൊടെവിളമ്പി മാറ്റി വച്ചിട്ടുണ്ട് .മുൻപ് എയർ പോർട്ടിൽ നിന്നും വന്നാൽ അവളാണ് ഓടി വന്ന് ഷഹീറിന്  വിളമ്പി കൊടുക്കുക .അയാൾ ഓരോ വായ് കഴിക്കുമ്പോഴും അവളെ തന്നെ നോക്കാറുണ്ടായിരുന്നു .കല്യാണരാത്രിയിലേക്കാള്‍  അധികം നാണത്തിൽ  ചുമരും ചാരി അയാളെ നോക്കി നിൽക്കും .ഇന്നിനി അതിന്റെ ആവശ്യമില്ല .

പുറത്തു ബഹളം കേട്ടു .എയർ പോർട്ടിൽ പോയ വണ്ടി വന്നതാണ് .അടുക്കളയിൽ നിന്നും അവൾ അയാളെ കണ്ടു .പതിവിലും മൊഞ്ച് കൂടിയിരിക്കുന്നു .നെഞ്ചെല്ലാം മാംസം വച്ചു വിരിഞ്ഞിരിക്കുന്നു .അയാൾ നടു മുറി പുരയിലിരുന്നു .കൊചാപ്പയും കുഞ്ഞുമ്മയും എല്ലാം അങ്ങോട്ട് ചെന്ന് വിശേഷങ്ങൾ ചോദിചു കൊണ്ടിരുന്നു .അയാൾ സന്തോഷത്തോടെ മറുപടികൾ പറഞ്ഞു .ഇടയ്ക്കിടെ അയാൾ ചുറ്റിലും നോക്കി കൊണ്ടിരുന്നു .ഒരുപക്ഷെ അവളെ തന്നെ ആയിരിക്കും .അവൾ അവിടെയ്ക്ക് പോയില്ല .

ഷഹീർ മൊബൈലിൽ എന്തൊക്കെയോ കാണിച്ചു കൊടുക്കുന്നുണ്ട് .നാത്തൂൻമാർ അതും മേടിച്ചു വലിയുമ്മക്കും ആനുമ്മയ്ക്കും കുഞുമ്മാക്കും കാണിച്ചു .ശേഷം ഷഹീറിന്റെ ഉമ്മാന്റെ മുറിയിലും പോകുന്നത് കണ്ടു .പിന്നെ ഫോൺ നാത്തൂൻമാരുടെ കുഞുങലുടെ കയ്യിലായി .അവർ അതും കൊണ്ട് ഷഹ്നയ്ക്ക് അരികിലും പോയി .പുതിയ അമ്മായിന്റെ ചിത്രമാണ് .മൈലാഞ്ചി കൊമ്പ് പോലെ നീണ്ട അതി ഭംഗിയുള്ള ഒരു പെൺകുട്ടി .'സില്മ മടി പോലുണ്ട് 'അങ്ങനെയാണ് കുട്ടികൾ പറഞ്ഞത് .അവരെ പോലെ നിഷ്കളങ്കമായി നോക്കുകയാണെങ്കിൽ താനും ഒരു പക്ഷെ അത് തന്നെ പറയുമായിരുന്നു  എന്ന് അവൾക്കും തോന്നി .

അടുക്കളയോട് ചേർന്ന വലിയ മുറിയിൽ നാത്തൂന്മാരുടേ ചെറിയ കുഞ്ഞുങ്ങൾ ഉറങ്ങാൻ കിടന്നിരുന്നു .അവൾ അവർക്ക് നടുവിൽ പോയി ചുരുണ്ട് കൂടി ഉറങ്ങാൻ കിടന്നു .

പിറ്റേന്ന് രാവിലെ അയാൾ പത്രം വായിക്കുന്നത് കണ്ടു .കുപ്പായം ധരിക്കാതെ  ,വെളുത്ത നീല കള്ളികൾ ഉള്ള ലുങ്കിയും ചുറ്റി ഉറക്കചടവോടെ  .ഉറക്കചടവിലായിരുന്നു അയാൾക്ക് എന്നും ഭംഗി .കൺ തടങ്ങൾ വീര്‍ത്തും കവിളിൽ വിരിയുടെ പാടുകള്‍ പതിഞു കിടക്കുന്നതും അവൾ ഏറെ നോക്കിയിരുന്നിട്ടുണ്ട് .അയാൾ  പുഞ്ചിരിച്ചു .അയാളുടെ അപ്പോഴത്തെ മാനസികാവസ്ഥ അവൾക്ക് അറിയില്ലായിരുന്നു .കാരണം അത് ഖനനം ചെയ്യേണ്ട അവളുടെ മനസ് കുറച്ചു നാൾ മുൻപ് കാണാതെ പോയിരുന്നു .

പിറ്റേന്ന് കല്യാണ വസ്ത്രങ്ങൾ ഒക്കെ തുന്നി കൊണ്ട് വന്നു .അവ്ള്ക്ക് വേണ്ടി മേടിച്ചു തുന്നിച്ച  ഒന്ന് ഒരു കവറിൽ തിരുകി നാത്തൂൻ ഏല്പിച്ചു .അവൾക്ക് ഇനി സ്വന്തമായി ഒരു മുറിയില്ല .എഴുപത് മീറ്റർ ഓടിയാലാണ് തന്റെ പുതിയ ഒറ്റ മുറി പുരയിലെ അലമാരയിൽ അതെടുത്തു വയ്ക്കാനാവുക .അവളത്  അടുക്കളയിലെ ഒരു ഷെൽഫിൽ എടുത്തു വച്ചു .ഷഹീറും നാതൂന്റെ കുട്ടികളും തുണികടയിൽ പോയി .ഷഹീറിനു   സ്വർണ നിറമുള്ള ഒരു ഷെർവാണിയാണ് .ഷഹീർമാമ ട്രയല് നോക്കിയപ്പോൾ സിനിമനടന്റെ മൊഞ്ച് തോന്നി .തുണിക്കടയില്‍ കൂട്ടിനു പോയ നാത്തൂന്റെ കുട്ടികൾ അങ്ങനെയാണ് പറഞത് .

ആനുമ്മയും വല്ല്യുമ്മയും  പലഹാരങ്ങൾ കവറുകളിലാക്കി ബന്ധുക്കളുടെ പൊരകളിലേക്ക്  കൊടുത്തയച്ചു .ഷഹ്ന അടുക്കളയിൽ ജീരക വെള്ളം തിളപ്പിക്കുകയും ബീഫിലേക്ക് വരട്ടാൻ ഉള്ള നാളികേര കൊത്തുകൾ അരിയുകയും ചെയ്തു .നടുമുറി പുരയിൽ ഷഹീറിന്റെ  ഗൾഫിൽ ഉള്ള സുഹൃത്തുക്കളും മറ്റും വന്നിട്ടുണ്ട് .പണ്ടെല്ലാം അവർ വരുമ്പോൾ സ്വന്തമായി ഉണ്ടാക്കിയ ജ്യൂസൊ ഐസ് ക്രീമൊ കൊണ്ട് ചെന്ന് അവർക്ക് കൊടുക്കാറുണ്ടായിരുന്നു .ഇന്ന് ആനുമ്മ നാരങ്ങ കലക്കി കൊണ്ട് കൊടുത്തു .അവരാരും അവളെ തിരക്കിയില്ല .അത് ഉചിതമല്ല അവർക്കും എന്ന് തോന്നികാണും .

പിറ്റേന്ന് ആണ് കല്യാണം .ആകെ പണിയും തിരക്കും ആണ് .വരുന്ന അതിഥികളെ സ്വീകരിച്ചു ഇരുത്താൻ  വലിയ മേശകൾ നിരതിയിട്ടുന്ദ് .പല തരം പലഹാരങ്ങൾ ,വെള്ളം ,ചായ .സാമ്പത്തിക  സ്ഥിതി ഉയർന്നത് കൊണ്ട് ഈ കല്യാണമാണ് കേമം .ഒൻപത് വര്ഷം മുൻപ് ഷഹീറിനു ഇന്നത്തെ അത്രെം സ്തിതികൾ ഉണ്ടായിരുന്നില്ല .  ഷഹ്നയുടെ  ഉപ്പായും വന്നിരുന്നു .അയാളും ചായ കുടിക്കുന്നത്‌ കണ്ടു .അവളെ കാണാൻ നിൽക്കാതെ ഉപ്പ തിരികെ  പോയി .കണ്ടാൽ തന്നെ ഉപ്പയ്ക്ക് പറയാൻ എന്താണ് കാണുക ?.

നാത്തൂന്മാരും രാത്രി ഉണ്ണാൻ വന്ന ബന്ധുക്കാരും അകത്തിരുന്നു മൈലാഞ്ചിയിട്ടു .മുറ്റത്തെ പന്തല് പഴയതിനെക്കാള്‍ കേമമാണ് .മാലബൾബുകൾ പല വർണങ്ങൾകൊണ്ട് മിന്നി കൊണ്ടിരുന്നു .തലേന്ന് കൂടാൻ വന്ന ഉസ്താദും മൊയ്‌ല്യാരും മുതിർന്ന ആണുങ്ങളും പുറത്തെ പന്തലിലെ കസേലകളിൽ ഇരുന്ന് വർത്തമാനങ്ങൾ പറഞ്ഞു ചിരിച്ചു .പെണ്ണുങ്ങൾ പാലിട്ട ചായയും സുലൈമാനികളും വിതരണം ചെയ്തു .ആനുമ്മയും വല്ല്യുമ്മയും അടുക്കളയിൽ പലഹാരങ്ങൾ കിണ്ണത്തിൽ പകർത്തി ആളുകൾക്ക് തിന്നാൻ കൊടുത്തു .ഷഹീറിന്റെ ഉമ്മ മുറിയിൽ തന്നെയിരുന്നു ബന്ധുക്കളോട് സംസാരിച്ചു .പുറത്തു ഷഹീർ  സുഹൃത്തുക്കളോട് എന്തോ പറഞ്ഞു ചിരിക്കുന്നത് കേട്ടു .അവൾ ഓരോ തിരക്കുകളിൽ നിന്നും മറഞു മറഞു വീടിന്റെ പിറകിലെ ആരും ചെല്ലാത്ത ഒരു ചുമരിൽ ചാരി നിന്നു .ചുവന്ന് വാടിയ ഒരു പൂ മാത്രമുള്ള ഒരു പാവം ചെമ്പരത്തിച്ചില്ല മാത്രം അവളുടെ ഹൃദയം കണ്ടു .

ആളുകൾ ഒക്കെ ഒഴിഞു പോയിതുടങ്ങി .പെണ്ണുങ്ങൾ എല്ലാം പിറ്റേന്ന് മുടി കെട്ടേണ്ട വിധവും മറ്റും പറഞ്ഞു വാചാലരായി .വല്ല്യുമ്മയും ആനുമ്മയും പലഹാര പാത്രങ്ങൾ ഭദ്രമാക്കി .കുഞുമ്മ പണിക്ക് വന്ന പെണ്ണുങ്ങൾക്ക് കഴുകാൻ ഉള്ള പാത്രങ്ങൾ കൂട്ടിവച്ചു കൊടുത്തു .രാത്രി കനത്തപ്പോൾ അവൾ അകത്തു വന്നു .അടുക്കള പുരയോട് ചേർന്ന മുറിയിൽ നാത്തൂന്മാരുടെ ചെറിയ കുട്ടികൾ ഉറങ്ങുന്നതിന് ഇടയിൽ അവൾ കിടന്നു .

വെളുക്കാൻ ആയപ്പോഴാണ് അവൾ ഉറങ്ങി പോയത് .മുറിയിൽ ആകെ തിക്കും തിരക്കും കേട്ടപോൾ ആണ് എഴുന്നേറ്റത് .കല്യാണതിരക്ക് .എല്ലാവരും കുളിയും മറ്റും ആയി നടക്കുന്നു .വല്ല്യുമ്മ സുലൈമാനി വിതരണം ചെയ്യുന്നു .നേരം വെളുക്കും  പടി വീട് ഉത്സാഹത്തിലാണ് .അടുക്കളയിലെ ഷെൽഫിൽ നിന്നും സാരിപൊതിയെടുത്തു അവൾ തന്റെ ഒറ്റമുറി പുരയിലേക്ക് നടന്നു .

മുറ്റത്തെ വെള്ളിലം മഞിൽ തണുത്തു തനിച്ചു നിന്നു .വാതിൽ തുറന്ന് അവൾ അകത്തു കയറി .മുഖം കഴുകി .ചായ വച്ചു .ജനലുകൾ തുറന്നിട്ടു .ഇന്ന് ഷഹീർ പുറത്തു വന്നിരുന്നു പത്രം വായിക്കുകയില്ല .എങ്കിലും അവൾ വെറുതെ ജനലുകൾ തുറന്ന് പുറത്തേക്ക് നോക്കിയിരുന്നു .അവിടെ ആളുകൾ വന്നു കൊണ്ടിരുന്നു .

അവൾ കുളിച്ചു .അവൾക്ക് വേണ്ടി തയ്പ്പിച്ച സാരിയും ബ്ലൗസും എടുത്തിട്ടു .അതിന്റെ അയവൊ നിറമോ ഒന്നും അവളെ ബാധിച്ചില്ല .കണ്ണാടിയില്‍ നോക്കി നിന്നപ്പോൾ വിളർച്ച മാത്രം കണ്ടെത്തി .

കല്യാണ വീട്ടിലെ തിരക്കുകളും ശബ്ദങ്ങളും അവളുടെ ജനൽചില്ലുകളിൽ വന്ന് തറച്ചു കൊണ്ടിരുന്നു .കുഞാപ്പ തരാക്കി വച്ചിരിക്കുന്ന പലചരക്കിൽ പായസഗോതമ്പുണ്ട് .ഷെഹീറിന് ഇഷ്ടം മധുരങ്ങളോടാണ് .എപോഴാണ് തന്റെ ഇടനെഞ്ചിൽ അയാൾക്ക് കയ്പ്പ് തേട്ടിയത് ?നെഞ്ചിലല്ല ഊഷരമായ മണലാരണ്യം പോലെ വരണ്ട ഗര്ഭപാത്രത്തിൽ എവിടെയോ ആണ് കയ്പ്പ് പൂത്തത് .

നുറുക്ക് ഗോതമ്പ്  കഴുകി വാർത്തു വച്ചു .നാളികേരം ചിരവി .അകലെ കല്യാണക്കാര് വാഹനങളിൽ പോകുന്ന ശബ്ദം കേട്ടു .സ്വർണ ഷർവാണിയില്‍ വിരിഞ്ഞ നെഞ്ചുള്ള ഷഹീർ എത്ര ഭംഗിയായി കാണണം .ഏലക്കപൊടിച്ചു ,ചുക്ക് പൊടിച്ചു ശേഷം പായസത്തിനു പാത്രത്തിൽ കരുതി .ശർക്കര ഉരുക്കി വച്ചു .

ശേഷം അവൾ ഇറയത്തേക്ക് ചെന്നു .കസേലയിൽ ഇരുന്നു .ചുവന്ന ചെമ്പകമരത്തെ ഷഹീറിന്റെ പേര് വിളിചോട്ടെ എന്ന് ചോദിചു .ആരും മിണ്ടാൻ ഇല്ലാത്തവർക്ക് പുല്ലും പുഷ്പവും കാതുള്ള ജീവികളാണ് .അന്ന് ഏറെ നേരം  അവൾ വെറുതെ ഇരുന്നു .

ഉച്ച തിരിഞ്ഞു .അവൾ ജനലുകൾ തുറന്നിട്ടു .പായസം ഒരുക്കി .ശർക്കര വേവുന്ന ഗന്ധം ഇഷ്ടമുള്ള ഒരാൾ മാത്രം അവളുടെ പിറകിൽ വന്നു നിന്നില്ല .നേരം ഇരുട്ടുമ്പോൾ വാഹനങൾ കല്യാണവീട്ടിൽ വന്നു നിൽക്കുന്നത് കേട്ടു .അവൾ അടുക്കളയിലെ സ്ളാബ് ചാരി വെറുതെ നിന്നു .

പിന്നീട്  നേരം ഒന്നുടെ ഇരുണ്ടപോൾ ജനൽ വഴി  പുറത്തേക്ക് നോക്കി വെറുതെയിരുന്നു  .രാത്രി കനക്കും തോറും വാഹനങൾ അവിടെ മുറ്റത്തു നിന്നും ഒഴിഞു പോയ് കൊണ്ടിരുന്നു .അവളെ തിരക്കി ആരും വന്നില്ല .ശേഷം ആ വീട്ടിലെ ഒരൊ മുറിയിലെ വെളിച്ചം അണയാൻ തുദങി .അവസാനം വടക്കേ അറ്റത്തെ ഷഹീറിന്റെ മുറിയില്‍ മാത്രം വെളിച്ചം കണ്ടു .താൻ തയറാക്കിയ പായസത്തിന്റെ  എലക്കാമണവും ശർക്കര ഉരുകിയ ഗന്ധവും കൊണ്ട് ഒരു കാറ്റ് പടിയിറങ്ങി പോയി .കല്യാണ പായസം .തന്റെ അടുക്കള രുചികളില് അയാൾ എന്നും അവളെ തിരിച്ചറീയാറുണ്ടായിരുന്നു  .

ഷഹീറിന്റെ മുറിയിലും വെളിച്ചം കണ്ടില്ല .ഏറ്റവും നിസ്സംഗതയോടെ അവൾ പാത്രങ്ങൾ കഴുകി വച്ചു ശേഷം വിരികൾ കുടഞ്ഞു വിരിച്ചു .വെളിച്ചം കെടുത്താൻ ഭയം തോന്നി .കിടക്കയിൽ ചെരിഞ്ഞു കിടന്നു .ഒരിക്കകും പൂക്കാതെയിരുന്ന ഗർഭപാത്രത്തിൽ നിന്ന് ജനിക്കാതെ പോയഒരോ കുഞ്ഞുങ്ങളും നിലവിളിച്ചു കൊണ്ട് കരയുന്നത് മാത്രം കേട്ടു .ഒടുവിൽ അവർക്കൊപ്പം അവളും കരഞ്ഞു .ഉറക്കെ .കൂട്ടിനു ഇരുട്ടിലെ വെള്ളില വള്ളിയും ഒറ്റ ചെമ്പകവും !

ആര്യൻ തൃശൂർ .

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്