അച്ഛന്റെ നവവധു ഫുൾ പാർട്ട്

അച്ഛന്റെ നവവധു ഫുൾ പാർട്ട് 
******************************

അന്ന് ജോലിക്ക് പോയിട്ട് വന്ന അച്ഛന്റെ ഒപ്പം അപരിചിതയായ ഒരു സ്ത്രീയെ കണ്ടു ഞങ്ങൾ മക്കൾ അമ്പരപ്പോടെ വാതിലിന്റെ മറവിൽ പതുങ്ങി നിന്നു..

അത് കണ്ട് പേരെടുത്തു ഉറക്കെ വിളിച്ചു കൊണ്ട് അച്ഛൻ ഞങ്ങളെ എല്ലാവരെയും അവർക്ക് മുന്നിലേക്ക് നിരത്തി നിർത്തി.

"മക്കളെ ഇതാരാണെന്ന് അറിയാമോ.. ഇനിമുതൽ നിങ്ങളുടെ അമ്മയാണ് ഇത്. അമ്മേ എന്ന് വിളിച്ചാൽ മതി കേട്ടോ.."

കേട്ടത് അംഗീകരിക്കാൻ ബുദ്ധിമുട്ട് തോന്നിയ അനിയൻ എന്നെ തുറിച്ചു നോക്കി. ഞാൻ ആകട്ടെ വല്യേച്ചിയെയും!

അവരുടെ മുഖത്തെ മങ്ങൽ  കണ്ടപ്പോൾ ഇത് തമാശ അല്ലെന്ന് ഞങ്ങൾക്ക് തോന്നി തുടങ്ങി.

അച്ഛൻ ആകട്ടെ വേഷം മാറാനും കുളിക്കാനുമൊക്കെയായി അകത്തേക്ക് പോയിക്കഴിഞ്ഞു.ഭിത്തിയിൽ മാല ചാർത്തി സൂക്ഷിച്ച അമ്മയുടെ വലിയ ഫോട്ടോയ്ക്ക് മുന്നിൽ അവർ ഏറെ നേരം നോക്കി നിന്നു.

"നല്ല സുന്ദരി ആയിരുന്നല്ലേ അമ്മ..."

അവരുടെ ചോദ്യം കേൾക്കാത്ത മട്ടിൽ ഞങ്ങൾ ദൃഷ്ടി മറ്റെവിടെയോ കൊളുത്തി വെച്ചു.

"ഈ മോൾക്ക് അമ്മയുടെ നല്ല ഛായ ഉണ്ടല്ലോ."

ചേച്ചിയെ നോക്കിയാണ് അവരത് പറഞ്ഞത്. പക്ഷെ അത് സമ്മതിച്ചു കൊടുക്കാൻ താല്പ്പര്യം ഇല്ലാത്തത് പോലെ ഞങ്ങൾ രണ്ട് പേരും തല വെട്ടിച്ചു.

"അല്ലല്ല ഞങ്ങളും അമ്മയുടെ കൂട്ടാണ്."

ഒരു വലിയ തമാശ കേട്ടത്  പോലെ അവർ ഇളകി ചിരിച്ചു..

"എനിക്ക് നിങ്ങളെ മൂന്ന് പേരെയും ഇഷ്ടപ്പെട്ടു കേട്ടോ.. എന്നെയും ഇഷ്ടപ്പെട്ടെന്ന് കരുതട്ടെ.."

എവിടുന്നോ പെട്ടെന്നൊരു സുപ്രഭാതത്തിൽ അച്ഛനോടൊപ്പം വന്ന് കേറിയ ഒരാളെ അങ്ങനെ പെട്ടന്ന് അംഗീകരിച്ചു കൊടുക്കാൻ പറ്റുമോ.

ആരും ഒന്നും മിണ്ടാതെ മുറിയിലേക്ക് പോയി.

അവർ അവിടെ പരുങ്ങി നിൽക്കുന്നത് കണ്ടെങ്കിലും ഈ പ്രശ്നം അച്ഛൻ മാത്രം സഹിച്ചാൽ മതി എന്നുള്ള ധാരണയിൽ ഞങ്ങൾ മൂവരും എത്തിച്ചേർന്നു..

അന്ന് അത്താഴം കഴിക്കാൻ വിളിച്ചത് അവരായിരുന്നു.അതുവരെ അച്ഛൻ വന്ന് വിളിച്ചു കൊണ്ട് പോയി എല്ലാവരോടുമൊപ്പം ഇരുന്ന് കഴിക്കുമ്പോൾ ആണ് സ്കൂളിലെയും കൂട്ടുകാരുടെയും ഒക്കെ വിശേഷങ്ങൾ പറഞ്ഞിരുന്നത്.

ഇന്ന് അച്ഛൻ അത് മറന്നു പോയോ ?

അതോ അവരെ ഈ ജോലി ഏൽപ്പിച്ചതാണോ ?

എന്തായാലും അച്ഛൻ വരട്ടെ.. വാശിയിൽ ഒട്ടും കുറവില്ലാത്ത ഞാൻ കട്ടിലിൽ കയറി കണ്ണും പൂട്ടി കിടന്നു..

പക്ഷെ വയർ ഒരു വല്ലാത്ത നിലവിളി തുടങ്ങിയിട്ട് കുറച്ചു നേരമായിരുന്നു.

വല്യേച്ചിയും കുഞ്ഞനിയൻ ഹരിക്കുട്ടനും  ബുക്ക് തുറന്നു വെച്ചു വെറുതെ നോക്കിയിരുന്നു.

"ആഹാ മൂന്നു പേർക്കും ഇന്ന് അത്താഴം ഒന്നും വേണ്ടേ.."

അച്ഛന്റെ സ്വരം കേട്ടത്തോടെ വല്ലാത്ത ആശ്വാസമായി.

ഒന്നും മിണ്ടാതെ അച്ഛന്റെ പിന്നാലെ നടക്കുമ്പോൾ ഇന്ന് അവർ എവിടെയായിരിക്കും കിടക്കുന്നതെന്ന് ഓർത്തായിരുന്നു വല്യേച്ചിയുടെ ടെൻഷൻ.

അമ്മയുടെ കറികളുടെ ഒരു സ്വദും അവരുടെ കറികൾക്ക് തോന്നിയില്ല.അവർ വെച്ചത് കൊണ്ടാവും അച്ഛൻ താൽപ്പര്യത്തോടെ കഴിക്കുന്നുണ്ടായിരുന്നു.

ഉത്സാഹത്തോടെ അരികിൽ നിന്ന് വിളമ്പി കൊടുക്കുന്ന അവരോട് കൂടെയിരിക്കാൻ അച്ഛൻ നിർബന്ധിച്ചപ്പോൾ ഒരു മടിയും കൂടാതെ അവർ കസേര വലിച്ചിട്ട് ഇരുന്നു.

അതോടെ വിശപ്പ് കെട്ടതു പോലെ ആയി.

പതിയെ ഓരോരുത്തരായി എഴുന്നേറ്റു കൈ കഴുകാനായി പോയി.

മുറിയിൽ എത്തിയിട്ടും ഒരു വല്ലാത്ത

നിശബ്ദത ഞങ്ങളെ വട്ടം ചുറ്റി..

ഇതുവരെ എന്ത് സ്വാതന്ത്ര്യം ആയിരുന്നു ഞങ്ങൾക്ക് ഈ വീട്ടിൽ.ഇനി എങ്ങനെ ആയിരിക്കുമോ.അവർ അമ്മയ്ക്ക് പകരം വന്നതാണെങ്കിൽ ഇവിടെ ഞങ്ങളുടെ നേർക്ക് അധികാരം കാട്ടാതിരിക്കുമോ.

അച്ഛനും അവരുടെ പക്ഷത്താണെന്ന് തോന്നുന്നു.

അടുക്കളയിൽ പാത്രം കഴുകുന്നതിന്റെ ശബ്ദ കോലാഹലങ്ങളും അച്ഛന്റെ ചിരിയും കേട്ട് വല്ലാത്ത അസ്വസ്ഥത തോന്നുന്നു.

മുറിയിൽ കൂനി പിടിച്ചിരുന്ന ഞങ്ങളുടെ അരികിൽ വന്ന് ഒരു ഗുഡ് നൈറ്റ്‌ പറയുന്ന ശീലവും അച്ഛൻ ഉപേക്ഷിച്ചു എന്ന് തോന്നുന്നു.

ആരോടൊക്കെയോ ഉള്ള വാശി പോലെ മുറിയിലെ ലൈറ്റ് അണച്ചു വാതിൽ വലിച്ചടച്ചു. ഹരിക്കുട്ടനെ നടുക്ക് കിടത്തി ഞങ്ങൾ രണ്ട് പേരും ഇരുട്ടിലേക്ക് കണ്ണുകൾ തുറന്നു വെച്ചു..

അച്ഛൻ അന്ന് മുറിയിൽ വന്നതേയില്ല.അതോ അടച്ചു പൂട്ടിയ വാതിലിനപ്പുറം ഒരു നിമിഷമെങ്കിലും വന്ന് നിന്നിട്ടുണ്ടാവുമോ..

ഉറക്കം വരാതെ കിടക്കുമ്പോൾ അമ്മയെ കുറിച്ച് ഓർത്ത് വല്ലാത്ത സങ്കടം വന്നു.

അമ്മ ഇത്രയും പെട്ടെന്ന് ഞങ്ങളെ വിട്ട് പോകേണ്ടിയിരുന്നില്ല. അതുകൊണ്ടല്ലേ ഇപ്പോൾ അച്ഛൻ ഏതോ ഒരുത്തിയെ വീട്ടിൽ പാർപ്പിക്കാൻ കൊണ്ട് വന്നത്.

അമ്മയുടെ അസുഖം കൂടി ആശുപത്രിയിൽ കിടക്കുമ്പോഴൊക്കെ ഞങ്ങളെ മൂന്ന് പേരെയും അമ്മ ചേർത്ത് പിടിച്ചു കണ്ണുനീരൊഴുക്കുമായിരുന്നു.

ഒരുപാട് നീണ്ട മുടിയുണ്ടായിരുന്ന അമ്മയുടെ തലയിൽ ഒരൊറ്റ മുടിപോലും അന്നുണ്ടായിരുന്നില്ല.

അമ്മ മരിച്ചു പോകും എന്ന് പറഞ്ഞു കരഞ്ഞപ്പോൾ അനിയൻ ഉറക്കെ നിലവിളിച്ചു.രണ്ടു പെണ്മക്കൾക്ക് ശേഷം ഉണ്ടായ ആൺ തരിയെ അമ്മയ്ക്ക് ജീവനായിരുന്നു. അച്ഛനും!

പെട്ടെന്ന് ആയിരുന്നു അമ്മയുടെ മരണം!

അത് ഒരു കണക്കിന് നന്നായി എന്നാണ് എല്ലാവരും പറഞ്ഞത്. ഒരുപാട് വേദന അനുഭവിക്കേണ്ടി വന്നില്ലല്ലോ എന്നത് മാത്രം ആയിരുന്നു എല്ലാവരുടെയും മനസ്സിനെ സമാധാനിപ്പിച്ചത്. പക്ഷെ അമ്മയില്ലാത്ത ഒരു ജീവിതമോ വീടോ സ്വപ്നം കാണാൻ പോലും ഞങ്ങളെക്കൊണ്ട് ആവില്ലായിരുന്നു..

എപ്പോഴും എന്തിനും അമ്മേ അമ്മേ എന്നുള്ള വിളി നാവിൽ നിന്ന് വിട്ടൊഴിയാൽ ഒരുപാട് നാളുകൾ വേണ്ടി വന്നു. എന്നിട്ടും കിടക്കുന്നതിനു മുൻപും രാവിലെ എഴുന്നേൽക്കുമ്പോഴും അമ്മയുടെ മുഖം മാത്രം ആണ് മനസ്സിൽ.. അതിനിനി ആരൊക്കെ മുന്നിൽ അവതരിച്ചാലും മാറ്റമുണ്ടാവാൻ പോകുന്നില്ല.

അമ്മയുടെ വലിയ ഫോട്ടോ ചുവരിൽ തൂക്കുമ്പോൾ അച്ഛന്റെ കണ്ണുകളിൽ നിന്ന് അരുവി പോലെ കണ്ണുനീർ ഒഴുകിയിറങ്ങുന്നുണ്ടായിരുന്നു.

ആ അച്ഛൻ ആണ് ഇന്ന് ഏതോ

ഒരുത്തിയെയും കൊണ്ട് വന്നേക്കുന്നത്!

ചിന്തകൾ കൊളുത്തി വലിച്ചുകൊണ്ട് പോയൊരു ദിക്കിലെവിടെയോ വെച്ച് ഉറക്കം വന്ന് കീഴ്പ്പെടുത്തി കളഞ്ഞു!

രാവിലെ പതിവിലും വൈകിയാണ് എല്ലാവരും ഉണർന്നത്. പതിവ് പോലെ നേരെ അടുക്കളയിലേക്ക് നടക്കാൻ തുടങ്ങിയ തന്നെ ചേച്ചി പിടിച്ചു നിർത്തി.

"എവിടെക്കാ ഇത്ര ധൃതിയിൽ. അവരുടെ  ആ തിരുമോന്ത കാണാനാണോ നീയിപ്പോൾ അങ്ങോട്ടേക്കൊടുന്നത്.."

ഒന്ന് നിന്നു. വീണ്ടും ചേച്ചിയെ സൂക്ഷിച്ചു നോക്കി. അങ്ങനെ അങ്ങ് വിട്ട് കൊടുക്കാൻ പറ്റുമോ.. ഇത്രയും നാൾ നമ്മുടേത് മാത്രമായിരുന്ന വീടും അടുക്കളയുമൊക്കെ ഒരു നിമിഷം കൊണ്ട് ആർക്കെങ്കിലും തീറെഴുതി കൊടുക്കാനോ ?

" ചേച്ചി ഇങ്ങോട്ട് വാ. നമുക്ക് നോക്കാം എന്താ അവിടെ നടക്കുന്നതെന്ന്.. "

വല്യേച്ചിയുടെ കയ്യും പിടിച്ചു ഞാനും അടുക്കളയിലേക്ക് നടന്നു.

അടുക്കളയിൽ ആകെ മൊത്തം ഒരു മാറ്റം വന്നത് പോലെ ഒരു തോന്നൽ.

വല്ലാത്ത അടുക്കും ചിട്ടയും. അടുപ്പിൽ വേവുന്ന കടലക്കറിയുടെ മസാല ഗന്ധം അവിടെ മുഴുവനും പരന്നൊഴുകുന്നു..

മൂക്കും വിടർത്തി നിന്ന എന്നെ ശാസിക്കുന്ന

ഒരു നോട്ടം നോക്കിയിട്ട് ചേച്ചി രണ്ടു ഗ്ലാസ്‌ എടുത്തു.

"ആഹാ നിങ്ങൾ എഴുന്നേറ്റോ. എന്നും ഇത്രയും വൈകിയാണോ എഴുന്നേൽക്കാറ്.."

ഗ്ലാസ്സിലേക്ക് ചൂട് പാൽ ചായ ഒഴിക്കുമ്പോൾ ഞാൻ അവരെ ശ്രദ്ധിച്ചു.

രാവിലെ കുളിയും തേവാരവുമൊക്കെ കഴിഞ്ഞ മട്ടുണ്ട്!

നെറ്റിയിൽ കുങ്കുമ പൊട്ടും ഭസ്മവും.. സീമന്ത രേഖയിൽ നീളത്തിൽ അണിഞ്ഞിരുന്ന കുങ്കുമത്തിന്റെ തരികൾ കണ്ണിലേക്കു അടിച്ചു കയറിയത് പോലെ ഞാൻ  കണ്ണുകൾ ഒന്ന് ഞെരുടി.

മുൻപ് അമ്മയുടെ നിറുകയിൽ മാത്രമേ ഈ ചുവപ്പ് കണ്ടിരുന്നുള്ളൂ.

അമ്മയും ഇതേപോലെ രാവിലെ കുളിച്ചു കുറിയും തൊട്ടേ അടുക്കളയിൽ കയറിയിരുന്നുള്ളൂ.

ഇവർ ഞങ്ങളുടെ അമ്മയുടെ സ്വഭാവം അച്ഛനിൽ നിന്ന് മനസ്സിലാക്കിയിട്ട് ഞങ്ങളെയും അച്ഛനെയും കൈയിലെടുക്കാനുള്ള അടവാണോ??

അപ്പോഴേക്കും അച്ഛനും കുളിയും കഴിഞ്ഞു നിറഞ്ഞ ചിരിയോടെ എത്തി.

ഒരുപാട് നാളുകൾക്കു ശേഷം അച്ഛന്റെ മുഖത്തൊരു പ്രസാദം വന്നിരിക്കുന്നു !

"എന്താ രണ്ട് പേർക്കും അമ്മയെ ഇഷ്ടായോ "

ഒന്ന് തുറിച്ചു നോക്കിയിട്ട് ഞങ്ങൾ തിരികെ നടന്നു..

"ഒന്നും കാര്യാക്കണ്ട കേട്ടോ. പിള്ളേരല്ലേ കുറച്ചു സമയം എടുക്കും.."

പിന്നിൽ അച്ഛന്റെ  സ്വരം കേട്ടു. കഷ്ടം തോന്നുന്നു അച്ഛന്റെ കാര്യം ഓർത്ത്. എന്ത് കണ്ടിട്ടാണ് ഇപ്പോൾ ഇങ്ങനെ ഒരു ബന്ധം..

അന്ന് നിസ്സഹകരണ മനോഭാവത്തോടെ തന്നെ ഞങ്ങൾ മൂന്ന് പേരും സ്കൂളിൽ പോയി.

ടീച്ചർ എങ്ങനെ അറിഞ്ഞുവോ ആവോ.

പുതിയ അമ്മയെ കുറിച്ച് ചോദിച്ചപ്പോൾ

"നിക്ക് ഇഷ്ടപ്പെട്ടില്ല" എന്ന് മാത്രം മറുപടി കൊടുത്തു..

സ്കൂൾ വിട്ടു തിരികെ വീട്ടിലേക്ക് പോകുമ്പോൾ ഞങ്ങൾ ഒരു പദ്ധതി ആസൂത്രണം ചെയ്തു.

അമ്മൂമ്മയുടെ വീട്ടിൽ പോവുക. വീട്ടിലേക്ക് പോകുന്ന ഭാഗത്ത്‌ തന്നെ ആണ് അമ്മയുടെ വീടും. അവിടെ ചെന്ന് എല്ലാ സങ്കടങ്ങളും പറഞ്ഞു കഴിഞ്ഞപ്പോൾ വല്ലാത്ത ആശ്വാസം തോന്നി.മാമൻ എന്തെങ്കിലും ഒരു വഴി പറഞ്ഞു തരാതിരിക്കില്ല.

എല്ലാം കേട്ടിട്ടും ഒന്നും മിണ്ടാതെ ഇരിക്കുന്നത് കണ്ടപ്പോൾ ഒരു പന്തികേട് മണത്തു.

അവരൊക്കെ എല്ലാം അറിഞ്ഞു കഴിഞ്ഞിട്ടുണ്ടാവുമോ ടീച്ചറിനെ പോലെ  !

സതീഷ് മാമൻ ഞങ്ങൾ പറഞ്ഞത് കേട്ട് അമ്മൂമ്മയെ നോക്കി ഒന്ന് ചിരിച്ചു. ഒപ്പം മാമിയും.

"മക്കളെ നിങ്ങളോട് ഒന്നും പറയാതിരുന്നത് മനഃപൂർവം അല്ല. പെട്ടന്ന് ഇതൊക്കെ അംഗീകരിക്കാൻ നിങ്ങൾക്ക് കുറച്ചു വല്ലായ്മ തോന്നും. അവളൊരു പാവമാണ്.

അപ്പൂപ്പന്റെ വകയിലുള്ള ഒരനിയത്തിയുടെ മകളാണ്. അച്ഛനും അമ്മയും തീരെ ചെറുപ്പത്തിലേ മരിച്ചു പോയി. വളർത്തിയതും പഠിപ്പിച്ചതുമൊക്കെ നിങ്ങടെ അപ്പൂപ്പൻ ആണ്.

നല്ല ഒരു കല്യാണം ഒത്തു വന്നപ്പോൾ അത് നടത്താൻ എല്ലാവരും കൂടി തീരുമാനിച്ചതാണ്. പക്ഷെ അവൾക്ക് അതിനു യോഗം ഇല്ലാണ്ട് പോയി. ആ പയ്യൻ ഒരു ആക്സിഡന്റിൽ മരിച്ചതോടെ ഇനി ഒരു കല്യാണവും വേണ്ടെന്ന് പറഞ്ഞു നിന്നതാ. ഞങ്ങളൊക്കെ ഇല്ലാതെ ആയാൽ അതിനുപിന്നെ ആരുണ്ട്. അതുകൊണ്ട് സതീഷ് ആണ് നിങ്ങടെ അച്ഛനോട് ഈ കാര്യം പറഞ്ഞത്. പക്ഷെ അവൻ അമ്പിനും വില്ലിനും അടുക്കില്ല. നിങ്ങൾക്ക് വിഷമമാവും എന്ന് പറഞ്ഞ്!

പിന്നെ  അവളുടെ കഥ കേട്ടപ്പോൾ ഒരു ജീവിതം കൊടുക്കാൻ അവൻ തയാറായതാ. നിർമ്മല ഒരു പാവം കുട്ടിയാണ്. നിങ്ങളെ അവൾ പൊന്നു പോലെ നോക്കും എനിക്കുറപ്പുണ്ട്.."

അവിടെയും ഒരു രക്ഷയുമില്ല എന്ന് മനസ്സിലായതോടെ ഞങ്ങൾ തിരിച്ചു നടന്നു. ഇനി ആരോടും ഒന്നും പറഞ്ഞിട്ടും ഒരു കാര്യവുമില്ല. വരുന്നതൊക്കെ അനുഭവിക്കാനായിരിക്കും അമ്മ ഞങ്ങളെ ഇട്ടിട്ട് പോയത്.

കണ്ണുനീർ ആരും കാണാതെ തുടച്ചു കളഞ്ഞിട്ട് ഹരിക്കുട്ടന്റെ കയ്യും പിടിച്ചു ഞങ്ങൾ മൂന്നുപേരും ആഞ്ഞു നടന്നു..

ഞങ്ങൾ വരുന്നതും കാത്തു കൊണ്ട് ഒരുപാട് നാളുകൾക്കു ശേഷം  ഒരു പുതിയ ആൾ വരാന്തയിൽ നിൽപ്പുണ്ടായിരുന്നു.


അച്ഛന്റെ നവവധു - ഭാഗം രണ്ട്
*****************************

"അച്ഛൻ ഇപ്പോൾ വിളിച്ചു ചോദിച്ചതേയുള്ളൂ നിങ്ങൾ എത്തിയോ എന്ന്.."

ഒന്നും പറയാതെ അവരെ കടന്നകത്തേക്ക് പോകുമ്പോൾ ഒരു തിരസ്ക്കരണത്തിന്റെ വേദന അവരിലുണ്ടായോ.. ശ്രദ്ധിച്ചില്ല.

കുളിച്ചു വരുമ്പോൾ മേശപ്പുറത്ത് എന്തൊക്കെയോ പുതിയ വിഭവങ്ങൾ നിരത്തി വെച്ചിരിക്കുന്നു!
ഹരിക്കുട്ടൻ ആർത്തിയോടെ ചാടിക്കയറി കസേരയിൽ സ്ഥാനം പിടിച്ചത് കണ്ട് വിലക്കാനാഞ്ഞതും അവർ അപേക്ഷയുടെ സ്വരത്തിൽ യാചിച്ചു..

"അരുത് മോളെ.മോൻ കഴിക്കട്ടെ.
നിങ്ങൾക്ക് വേണ്ടി ഇതെല്ലാം ഉണ്ടാക്കി ഞാൻ കാത്തിരിക്കുവായിരുന്നു ഇതുവരെ.. എന്നോടുള്ള ദേഷ്യം ഈ ഭക്ഷണത്തോട് കാട്ടരുതേ.."

പിന്നെ ഒന്നും പറയാൻ തോന്നിയില്ല.അല്ലെങ്കിലും അവർ ഈ വീട്ടിൽ വന്നതിനു ശേഷം ഒരു ശബ്ദം പോലും ഞങ്ങളുടെ നാവിൽ നിന്നുതിർന്നിട്ടില്ലല്ലോ !!

അച്ഛൻ അന്ന് പതിവിലും വൈകിയാണ് എത്തിയത്.അതുവരെ ഞങ്ങൾ മുറിക്കുള്ളിൽ ഹോം വർക്ക് ചെയ്‌തും വായിച്ചും കഴിച്ചു കൂട്ടി.

ഇടയ്ക്ക് ചേച്ചി മുറിക്ക് പുറത്തിറങ്ങിയപ്പോൾ അവർ ജനാലയിലൂടെ ഇരുട്ടിലേക്ക് നോക്കി നിൽക്കുന്നുണ്ടായിരുന്നു..

അച്ഛൻ വരാൻ വൈകിയതിന്റെ കാരണം മനസ്സിലായത് ഒരു ഓട്ടോയിൽ നിറയെ സാധനങ്ങളുമായി വന്നിറങ്ങിയപ്പോളാണ്.

ഓഹ്! പുതിയ ഭാര്യയ്ക്ക് വേണ്ടി ഇനി എന്തൊക്കെയാണാവോ കൊണ്ട് വന്നേക്കുന്നത്..

ഹരിക്കുട്ടൻ അച്ഛന്റെ പിന്നാലെ പോകുന്നത് കണ്ടപ്പോൾ രോഷം തോന്നി.നാണമില്ലാത്തവൻ!!

അന്ന് അടുക്കള നിറയെ സാധനങ്ങൾ കൊണ്ട് നിറഞ്ഞു.അച്ഛന് ഇഷ്ടമില്ലാത്തത് വരെ വാങ്ങിച്ചു കൂട്ടിയിട്ടുണ്ട്.
അമ്മൂമ്മ പറഞ്ഞത് ഓർത്തു.ആരുമില്ലാത്ത ആളെന്ന സഹതാപം കൊണ്ടാവും..

അന്ന് എല്ലാവരും ഒത്ത് ഭക്ഷണം കഴിക്കുമ്പോൾ ആണ് അച്ഛൻ ഞങ്ങളുടെ നേർക്ക് ഒരു ചോദ്യമെറിഞ്ഞത്.

"അമ്മൂമ്മ എന്താ പറഞ്ഞത്.."

ഓഹോ അതും അച്ഛനെ വിളിച്ചു പറഞ്ഞിരിക്കുന്നു.ആരെയും വിശ്വസിക്കാൻ കൊള്ളില്ല.എന്തൊരു ലോകം ആണിത്!
അമ്മ ഇല്ലാതായാൽ പിന്നെ ആരുമില്ല ഒരു  ശരണത്തിന്!

അച്ഛൻ വിടാൻ ഭാവമില്ല..

"എന്റെ മക്കളുടെ സംശയവും
ദേഷ്യവുമൊക്കെ മാറിയോ ?"

അവരുടെ മുൻപിൽ വെച്ച് ആ ചോദ്യത്തിന്റെ മറുപടി കൊടുക്കാൻ ഞങ്ങൾ തയ്യാറല്ലായിരുന്നു.
അപ്പോൾ അവരെ കുറിച്ചുള്ള വിവരങ്ങൾ ചോർത്താൻ പോയത് കൈയോടെ പിടിച്ചു എന്നുള്ള ഭാവമായിരുന്നൊ അച്ഛന്റെ മുഖത്ത് ?
ഒന്നും അറിയില്ലല്ലോ.
ഒരുപക്ഷെ തോന്നുന്നതാവും..

അന്ന് വാതിൽ ചാരാൻ തുടങ്ങുമ്പോഴാണ് അച്ഛൻ വേഗം മുറിയിലേക്ക് കടന്നു വന്നത്.

"എനിക്ക് നിങ്ങളോട് മൂന്നുപേരോടുമായി കുറച്ചു കാര്യങ്ങൾ പറയാനുണ്ട്.."

മുഖവുര ആർക്ക് വേണ്ടിയുള്ളതാണെന്ന് പറയാതെ തന്നെ പിടികിട്ടി.

"ഞാൻ നിങ്ങളോട് പറയാതെയാണ് നിർമ്മലയെ ഇവിടേക്ക് കൂട്ടിക്കൊണ്ട് വന്നത് എന്നത് ശരി തന്നെ.
ഇവിടേക്ക് എന്ന് പറഞ്ഞാൽ ഇതുവരെ നമ്മുടെത്  മാത്രമായിരുന്ന ജീവിതത്തിലേക്ക്.
ആരുമില്ലാത്ത ഒരു സ്ത്രീക്ക് ഒരു ജീവിതം കൊടുക്കാൻ മാത്രമല്ല അങ്ങനെ ചെയ്തത് നിങ്ങൾ വളർന്നു വരികയാണ്.അച്ഛനെപ്പോഴും കൂട്ടിരിക്കാൻ പറ്റില്ല.ഈ സമയത്ത് അമ്മയുടെ സ്ഥാനത്തു നിൽക്കാൻ ഒരാള് വേണം.
അത് ഞാൻ നിഷേധിച്ചിട്ടും എന്നെക്കൊണ്ട് എല്ലാവരും കൂടി സമ്മതിപ്പിച്ചതായിരുന്നു.
പിന്നെ നിർമ്മലയെക്കുറിച്ച് കേട്ടപ്പോൾ ഒരു സഹതാപം കൂടി തോന്നിയെന്നതാണ് സത്യം.
എന്റെ മക്കൾ അവളോട് ദുർമുഖം കാട്ടുന്നത് ഇനിയെങ്കിലും ഉപേക്ഷിക്കണം.എനിക്കുറപ്പുണ്ട് അവൾക്ക് ഒരിക്കലും ഒരു രണ്ടാനമ്മയുടെ പോര് എടുക്കാൻ ആവില്ലെന്ന്.മക്കളെ പൊന്നുപോലെ നോക്കിക്കൊള്ളാം എന്നെനിക്ക് നിങ്ങളുടെ അമ്മയുടെ ഫോട്ടോക്ക് മുൻപിൽ വെച്ച് ഉറപ്പ് തന്നിട്ടുണ്ട്.അത് പോരേ.."

അച്ഛന്റെ സ്വരം അല്പം ഇടറിയോ..
ഒരു വല്ലാത്ത നിശബ്ദത അവിടെയാകെ വട്ടം ചുറ്റി. ഹരിക്കുട്ടന്റെ കൂർക്കം വലി മാത്രം ഒരു താരാട്ട് പോലെ ഉയരുന്നുണ്ട്..
അച്ഛൻ എപ്പോഴാണ് മുറി വിട്ടു പോയതെന്ന് ഒരു പിടിയും കിട്ടിയില്ല.

തലേന്ന് രാത്രിയിൽ ഉറങ്ങാൻ വൈകിയതിന്റെ ക്ഷീണം അത്രയ്ക്കും അധികമായിരുന്നു!

ഓരോ ദിവസങ്ങൾ കഴിയുംതോറും അച്ഛന്റെ മുഖത്തെ തെളിച്ചം കൂടിക്കൂടി വരുന്നത് ഞങ്ങൾ ശ്രദ്ധിച്ചിരുന്നു..
ഒരു പുരുഷന് തുണയായി ഒരു സ്ത്രീ കൂടിയേ കഴിയൂ എന്ന് അമ്മൂമ്മ അന്ന് പറഞ്ഞത് ഇതായിരിക്കുമോ ?
പക്ഷെ അതിലും വലിയൊരു കള്ളത്തരം ഞങ്ങൾ കണ്ട് പിടിച്ചത് ഏറെ വൈകിയായിരുന്നു..

ഹരിക്കുട്ടൻ കൂറ് മാറിയത് അറിയാൻ കുറച്ചു വൈകിപ്പോയി.
ഞങ്ങൾ കാണാതെ അവൻ അച്ഛന്റെ മുറിയിൽ പോകാറുള്ളതും അടുക്കളയിൽ അവന് സ്പെഷ്യലായി കിട്ടിയിരുന്ന ജിലേബിയും ഒക്കെ വെളിച്ചത്തു കൊണ്ട് വരാൻ കുറച്ചു പാടുപെടേണ്ടി വന്നു.
എന്നിട്ടും ഒന്നുമറിയാത്തത് പോലെ 
അവൻ ഞങ്ങളുടെ കൂടെ ചേർന്ന് നല്ല പിള്ള ചമഞ്ഞിരുന്നു!

ദിവസങ്ങളും മാസങ്ങളും കടന്ന് പോയത് അറിഞ്ഞില്ല.
നിസ്സഹകരണം അതെ പോലെ നിലനിർത്തി ഞങ്ങൾ രണ്ട് പേരും പോരാളികളെ പ്പോലെ നിലകൊണ്ടപ്പോഴേക്കും കൂറ് മാറിയ  ഹരിക്കുട്ടനെ ഞങ്ങളുടെ ലിസ്റ്റിൽ നിന്ന് ഞാൻ തൂത്തു വാരി കളഞ്ഞിരുന്നു.

അവനിപ്പോൾ ചെറിയമ്മ ഇല്ലാതെ ഒരു കാര്യവുമില്ല എന്നായിരിക്കുന്നു. എതിർ പക്ഷത്തു മൂന്നുപേരായത് എന്നെയും ചേച്ചിയെയും ചില്ലറയല്ല ക്ഷീണിപ്പിച്ചത്.
പക്ഷെ ഞങ്ങൾ ഞങ്ങളുടെ മനസ്സിനോട് തന്നെയായിരുന്നു പോരാടിക്കൊണ്ടിരുന്നതെന്ന് അറിയാൻ ഒരുപാട് വൈകിപ്പോയി.
അങ്ങോട്ട് കാണിച്ച അകൽച്ച ഒരിക്കലും തിരിച്ചിങ്ങോട്ട് ഇല്ലാത്തതായിരുന്നു ഞങ്ങളെ തളർത്തിയതും..

എല്ലാം സമയാസമയം റെഡിയായിരുന്നു. എന്തെങ്കിലും കാരണം തിരക്കി പോരടിക്കാൻ തക്കം പാർത്തിരുന്ന എന്റെ ശക്തിയും അതോടെ ക്ഷയിച്ചു തുടങ്ങി.

ഒരിക്കൽ സ്കൂളിൽ പോകാൻ ഒരുങ്ങി വന്നപ്പോൾ ശൂന്യമായ തീൻമേശ കണ്ട് എനിക്ക് അരിശം വന്നു.
ഇതെന്താ ഇന്നിവിടെ ഒന്നും ഉണ്ടാക്കിയില്ലേ..
അടുക്കളയിൽ രാവിലത്തെ കാപ്പി മാത്രം ചൂടാറി കിടപ്പുണ്ട്!

അച്ഛന്റെ മുറിയിലേക്ക് എത്തിനോക്കിയപ്പോൾ കട്ടിലിൽ പുതച്ചു മൂടികിടക്കുന്ന ഹരിക്കുട്ടന്റെ ചെറിയമ്മയെ കണ്ട് ശബ്ദം വല്ലാതെ ഉയർന്നുപോയി..

അതുകേട്ടതും പിടഞ്ഞെഴുന്നേൽക്കാൻ തുടങ്ങിയ അവർ അയ്യോ എന്ന് പറഞ്ഞു കൊണ്ട് കട്ടിലിലേക്ക് തന്നെ വീണു.
ചേച്ചി സംശയത്തോടെ എന്നെയൊന്നു നോക്കി. അടുത്തേക്ക് ചെല്ലാനോ എന്നുള്ള സന്ദേഹമുണ്ട് ആ നോട്ടത്തിൽ എന്ന് പിടികിട്ടി..

എന്തെങ്കിലും വയ്യാഴിക ആയിരിക്കുമോ.
അച്ഛനെ അവിടെയെങ്ങും കണ്ടില്ല..
അച്ഛൻ ഓഫീസിൽ പോയിട്ടില്ല എന്നുറപ്പാണ്. പിന്നെ ഈ അച്ഛൻ ഇതെവിടെ പോയി ??
ഹരിക്കുട്ടനെ വിളിച്ചു രഹസ്യമായി അന്വേഷിച്ചു..

"എന്താടാ നിന്റെ ചെറിയമ്മയ്ക്ക്..
അച്ഛൻ എവിടെ പോയതാ..??"

അച്ഛൻ ചെറിയമ്മയെ ഹോസ്പിറ്റലിൽ കൊണ്ടോവാൻ വണ്ടി വിളിക്കാൻ പോയതാ ചെറിയമ്മയ്ക്ക്‌ തീരെ വയ്യ. പനിയാണെന്നാ  അച്ഛൻ പറഞ്ഞത്.. "

വീണ്ടും മുറിയുടെ വാതിൽക്കൽ വരെ പോയി നോക്കി. അനക്കം കേട്ടാവണം വെള്ളം വെള്ളം എന്നവർ  പിറുപിറുക്കുന്നത് കേട്ട് ചേച്ചി അടുക്കളയിലേക്ക് പോയി ചൂട് വെള്ളവുമായി  അവരുടെ മുന്നിൽ ചെന്നു നിന്നു.

അതുകണ്ട് ആർത്തിയോടെ ഗ്ലാസ്സിലേക്ക് നോക്കിയ അവർ തലയുയർത്താനൊരു ശ്രമം നടത്തി. അതുകണ്ട് ചേച്ചി മെല്ലെ അവരുടെ തല ഉയർത്തി വെള്ളം ചുണ്ടോട് അടുപ്പിച്ചു കൊടുത്തു.

നന്ദി നിറഞ്ഞ ഒരു നോട്ടം ചേച്ചിക്ക് നേരെ നീട്ടി അവർ വീണ്ടും പുതപ്പിലേക്ക് ചുരുണ്ടു കൂടി..

നല്ല ചൂടുണ്ട് കേട്ടോ..
ചിലപ്പോൾ അഡ്മിറ്റ് ആക്കിയേക്കും..
അച്ഛൻ വണ്ടിയുമായി വന്ന് അവരെ പതിയെ എഴുന്നേൽപ്പിച്ച് ഒരു ഷാൾ അലമാരയ്ക്കുള്ളിൽ നിന്ന് എടുത്തു ചുമലിലൂടെ പുതപ്പിച്ചു  മെല്ലെ വണ്ടിയിലേക്ക് കയറ്റി.

"കഴിക്കാനുള്ളത് മേശപ്പുറത്തു കൊണ്ട് വെച്ചിട്ടുണ്ട്. കഴിച്ചിട്ട് സ്കൂളിൽ പൊക്കോ. ഉച്ചക്ക് ഞാൻ എന്തെങ്കിലും വാങ്ങി  കൊണ്ട് തരാം "

ഓട്ടോയിൽ നിന്ന് തല പുറത്തേക്കിട്ടാണ് അച്ഛനതു പറഞ്ഞത്.
അപ്പോഴും അച്ഛന് ഞങ്ങളിലുള്ള കരുതൽ കണ്ട് മനസ്സ് നിറഞ്ഞു പോയ സമയമായിരുന്നത്!
അമ്മയില്ലാത്ത കുറവ് ഇതുവരെ ഞങ്ങൾ അറിയാതിരുന്നത് അച്ഛന്റെ  ഈ കരുതൽ കൊണ്ട് മാത്രമായിരുന്നുവല്ലോ..

വൈകുന്നേരം തിരികെ വീട്ടിൽ എത്താൻ വല്ലാത്തൊരു തിടുക്കമായിരുന്നു..

ഹരിക്കുട്ടൻ അച്ഛന്റെ മുറിയിലേക്കാണ് ആദ്യം പോയത്.കണ്ണടച്ചുറങ്ങുന്ന ചെറിയമ്മയുടെ നെറ്റിയിൽ അവൻ കുഞ്ഞ് കൈകൾ കൊണ്ട് മെല്ലെ തലോടി.. ഹാവൂ ചൂട് കുറഞ്ഞിട്ടുണ്ട്. ചെറിയമ്മയെ ഡോക്ടറ് കുത്തിവെച്ചിട്ടുണ്ടാവും..
പാവം ചെറിയമ്മ !
വേദനിച്ചു കാണും..

അവൻ മെല്ലെ പിന്തിരിയാൻ തുടങ്ങിയതും നിർമ്മല ആ കൈകൾ ചേർത്തു പിടിച്ചു.

"മോൻ വന്നോ.ചെറിയമ്മ മൂന്ന് പേർക്കും
പലഹാരം ഉണ്ടാക്കിവെച്ചിട്ടുണ്ട്.ഉച്ചയ്ക്ക് കടപ്പലഹാരം അല്ലേ കഴിച്ചത്.. കുളിച്ചിട്ട് വേഗം വന്ന് വയറു നിറയെ കഴിച്ചോ.."

ഞാൻ മേശപ്പുറത്തേക്ക് നോക്കിയപ്പോൾ പതിവ് പോലെ എന്തൊക്കെയോ അടച്ചു വെച്ചിട്ടുണ്ട്.പനിയായിട്ടും ഇതൊക്കെ എങ്ങനെ ചെയ്തു!!
ചേച്ചിയും  അതിശയത്തോടെ നോക്കുന്നുണ്ടായിരുന്നു!



അച്ഛന്റെ നവവധു -അവസാന ഭാഗം
**********************************

ഉച്ച നേരത്ത് അച്ഛൻ സ്കൂളിൽ കൊണ്ട് തന്ന കട പലഹാരം അപ്പോഴേ ദഹിച്ചു പോയിരിക്കുന്നു. വിശപ്പിന്റെ വിളിയിൽ തീന്മേശയിൽ നിരത്തി വെച്ചിരുന്നതൊക്കെയും വലിച്ചു വാരി കഴിക്കുമ്പോൾ അവരെന്തെങ്കിലും  കഴിച്ചോ എന്ന് തിരക്കാൻ ഞങ്ങൾ മെനക്കെട്ടതുമില്ല!

അച്ഛൻ അന്ന് ഓഫീസിൽ പോയിരുന്നില്ലല്ലോ. അതുകൊണ്ട് അച്ഛൻ കൂടെയിരുത്തി ഊട്ടിയിട്ടുണ്ടാവും..
പ്രിയപ്പെട്ട ഭാര്യയല്ലേ!!

പതിയെ അവർ വീണ്ടും അസുഖമെല്ലാം കുറഞ്ഞു പഴയപടി  ഓടിനടന്നു ജോലി
ചെയ്യാൻ തുടങ്ങി.
വീടിനുള്ളിൽ വീണ്ടും പഴയതിലും കൂടുതൽ തെളിച്ചവും തിളക്കവും നിറഞ്ഞു.

ഒരു ദിവസം രാവിലെ ചേച്ചി ഞങ്ങളോടൊപ്പം സ്കൂളിൽ വരാൻ തയ്യാറാകാതെ കൂനിപ്പിടിച്ച് മുറിക്കുള്ളിൽ തന്നെ ഇരിക്കുന്നത് കണ്ട് അവർ തിരക്കി. ഹരിക്കുട്ടനാണ് അതിനുള്ള മറുപടി കൊടുത്തത്.

"ചേച്ചിക്ക് വയറു വേദന എടുക്കുന്നൂന്ന്
പറഞ്ഞു കരയുന്നു. ഇന്ന് സ്കൂളിൽ വരുന്നില്ല "

അത് കേട്ടതും വേഗം മുറിയിലേക്ക് പോയ അവർ തിളങ്ങുന്ന മുഖത്തോടെയാണ് ഇറങ്ങിവന്നത്.

" നിങ്ങൾ സമയം കളയാതെ പൊയ്ക്കോ. ചേച്ചി ഇനി കുറച്ചു ദിവസം കഴിഞ്ഞേ സ്കൂളിൽ  വരത്തുള്ളൂ എന്ന് അവളുടെ ക്ലാസ്സ്‌ ടീച്ചറിനോടൊന്ന് പറഞ്ഞേക്കണേ.. "

ങ്‌ഹേ ഒരു വയറു വേദന വന്നൂന്ന് വെച്ചിട്ട് കുറെ ദിവസം എന്തിനാ സ്കൂളിൽ വരാതിരിക്കുന്നെ.??
ഇവർക്കെന്താ ഭ്രാന്ത് പിടിച്ചോ..
വീണ്ടും മുറിയിലേക്ക് ഒന്നെത്തിനോക്കിയപ്പോൾ അവർ ചേച്ചിയുടെ മുടിയിലും മുഖത്തുമൊക്കെ സ്നേഹപൂർവ്വം തഴുകുന്നുണ്ടായിരുന്നു!!

"വാടാ പോകാം.. നമുക്ക്
ഇവിടെ റോളൊന്നുമില്ല. അവരെന്തെങ്കിലുമൊക്കെ ചെയ്യട്ടെ.."

എന്തിനെന്നറിയാത്ത ഒരമർഷം ആരോടൊക്കെയോ തോന്നി..
അതിന്റെ കനലിൽ അമർത്തി ചവുട്ടി നടന്നു..

അന്ന് ചേച്ചിയുടെ ഒൻപത് എ ഡിവിഷന്റെ വാതിൽക്കൽ എത്തിനോക്കിയപ്പോൾ ക്ലാസ്സ്‌ ടീച്ചർ എന്തോ എഴുതുന്നത് കണ്ട്‌ ഒന്നറച്ചു നിന്നു.

തന്റെ നിഴലനക്കം കേട്ടിട്ടാവണം കയറി വരൂ എന്ന് പറഞ്ഞത്..

കാര്യം പറഞ്ഞപ്പോൾ ഒരു ചിരിയോടെ ടീച്ചർ തലകുലുക്കി ഓകെ എന്ന് പറഞ്ഞു.
അപ്പോൾ വീണ്ടും ഒരു വല്ലാത്ത സംശയം തോന്നി.
അതാ ടീച്ചർക്കും അതെ സന്തോഷം തന്നെ !!

വൈകിട്ട് ചേച്ചി കൂടെയില്ലാത്തതിനാൽ ഹരിക്കുട്ടന്റെ കയ്യിൽ മുറുക്കെ പിടിച്ചു വഴിയിറമ്പിലൂടെ വേഗം വീട്ടിലേക്ക് നടന്നു.

പതിവിലും കൂടുതൽ പലഹാരങ്ങൾ അന്ന് ഊണുമേശയിൽ നിരന്നിരിക്കുന്നു!!
ചേച്ചി മറ്റൊരു മുറിയിൽ എന്തോ വായിച്ചു കൊണ്ടിരിക്കുന്നു.
എന്നെക്കണ്ടതും ചേച്ചിയുടെ മുഖം നാണം കൊണ്ട് ചുവന്നു.
ചേച്ചിയോട് കാര്യം തിരക്കുന്നത് കേട്ടുകൊണ്ടാണ് അവർ അങ്ങോട്ട് വന്നത്.

"മോളും ഇനി ഇതുപോലെ ഒരു ദിവസം ഒരു വലിയ പെണ്ണാകും കേട്ടോ.."

അതുകേട്ട് ചേച്ചി വാപൊത്തി ചിരിച്ചു.
കലിപ്പോടെ മുറിയിൽ നിന്നിറങ്ങി പോരുമ്പോൾ ഒന്ന് മാത്രം പിടികിട്ടി..
ചേച്ചി വലിയ പെണ്ണായിരിക്കുന്നു.പക്ഷെ വെറും ഒൻപതാം ക്ലാസ്സിൽ ആകുമ്പോഴേക്കും എങ്ങിനെയാണ് വല്യപെണ്ണാകുന്നത്..
അമ്മയെ പോലെ വല്യപെണ്ണാകാൻ ഒരുപാട് നാളുകൾ കഴിയണ്ടേ...

സംശയം ഒരു കീറാമുട്ടി പോലെ അപ്പോഴും മനസ്സിൽ അവശേഷിച്ചു..
പക്ഷെ എന്നെ തകർത്തു. കളഞ്ഞത് അതൊന്നുമായിരുന്നില്ല!
അന്ന് രാത്രിയിൽ ചേച്ചിയുടെ മുറിയിലാണ് അവരും ഉറങ്ങിയത്..
ഞാൻ ആകെപ്പാടെ ഒറ്റപ്പെട്ടത് പോലെ ആയി.

എന്തിനെന്നറിയാത്തൊരു സങ്കടം എന്റെ മനസ്സിൽ അലയടിച്ചു കൊണ്ടിരുന്നു..
ഹരിക്കുട്ടനെ ചേർത്ത് പിടിച്ചു കിടക്കുമ്പോൾ അമ്മ അടുത്തുണ്ടായിരുന്നെങ്കിൽ എന്ന് വല്ലാതെ കൊതിച്ചു..
ചേച്ചിയും ഇപ്പോൾ കൂറ് മാറിയിരിക്കുന്നു. ഇനി എന്റെ പക്ഷേത്തു ഞാൻ മാത്രം..
ഞാൻ ഒറ്റയ്ക്ക്  തന്നെ ഇനിമുതൽ
 യുദ്ധം ചെയ്യേണ്ടിയിരിക്കുന്നു.
വീട്ടിൽ മൂന്നു ദിവസത്തിന് ശേഷം വലിയ ബഹളമായിരുന്നു. ബന്ധുക്കളും അയല്പക്കകാരുമൊക്കെ ഒരുപാട് പലഹാരങ്ങളും പുത്തനുടുപ്പുകളും ചേച്ചിക്ക് മാത്രമായി കൊണ്ട് കൊടുത്തു..

അച്ഛന്റെ പുതിയ ഭാര്യ ചേച്ചിയുടെ കയ്യിലിട്ടു കൊടുത്ത സ്വർണ്ണ വള കണ്ട് എന്റെ കണ്ണ് മഞ്ഞളിച്ചുപോയി!

നോക്കിക്കോ ഞാനും ഒരു വല്യ പെണ്ണാകുമല്ലോ..
എത്രയും പെട്ടന്ന് വല്യ പെണ്ണായിരുന്നെങ്കിൽ!!

പിന്നീടുള്ള ദിവസങ്ങളിൽ അമ്മയും മകളും പോലെ ആയിരുന്നു ചേച്ചിയും അവരും തമ്മിലുള്ള പെരുമാറ്റങ്ങൾ..

അപ്പോൾ എല്ലാവരും പറയുകയും കഥകളിലൊക്കെ വായിക്കുകയും ചെയ്യുന്നത് പോലെ അല്ലേ ഈ ജീവിതം ??

രണ്ടാനമ്മ എന്ന സ്ത്രീ ഒരു യക്ഷിയെ പോലെ കുട്ടികളുടെ ചോര കുടിക്കുകയും ഉപദ്രവിക്കുകയും ഒക്കെ ചെയ്യുന്ന ചിത്രങ്ങൾ ആയിരുന്നു മനസ്സ് നിറയെ..

എല്ലാവരും കൂടിയിരുന്നു ടിവി കാണുകയും കഴിക്കുകയുമൊക്കെ ചെയ്യുമ്പോഴും മനസ്സുകൊണ്ട് ഒറ്റപ്പെട്ടിരുന്നു. ചേച്ചിയോട് പോലും ഒരു അകൽച്ച തോന്നിത്തുടങ്ങി.
എനിക്കിപ്പോൾ ആരുമില്ല. ഞാൻ മാത്രം അമ്മയില്ലാത്തവൾ ആണ് എന്നൊക്കെയുള്ള ചിന്തകൾ എന്നെ മഥിച്ചു കൊണ്ടിരുന്നു.

സ്കൂളിൽ പഠിപ്പിക്കുമ്പോഴും മറ്റേതോ ലോകത്തായിരുന്നു ഞാൻ.
പക്ഷെ എന്റെ മാറ്റങ്ങൾ ചേച്ചി മനസ്സിലാക്കുന്നുണ്ടായിരുന്നു.

"നിനക്ക് നീതന്നെ ആണ് മതിൽ കെട്ടി വെച്ചിരിക്കുന്നത്. അവർ നീ കരുതുമ്പോലെ ഒരു സ്ത്രീയെ അല്ല. എന്ത് സ്നേഹം ആണെന്നോ നമ്മളോടൊക്കെ. ഇതുവരെ ആരുമില്ലാതെ കഴിഞ്ഞ അവർക്കിപ്പോൾ നമ്മളെല്ലാം ഉണ്ടെന്ന് പറഞ്ഞു എന്ത് സന്തോഷത്തിലാണെന്നോ..

നീ മാത്രം ഇങ്ങനെ വെറുപ്പ് കാണിക്കുന്നതിൽ ഒരുപാട് വിഷമം ഉണ്ട് ചെറിയമ്മയ്ക്ക്. ഞങ്ങളെക്കാൾ കൂടുതൽ ഇഷ്ടം അവർക്ക് നിന്നോടാണ് എന്ന് പറഞ്ഞു. കാരണം നീയൊരു നല്ല കുട്ടിയാണത്രെ. അമ്മയെ ഒരുപാട് സ്നേഹിക്കുന്നവൾ.. അതുകൊണ്ടാണ് നിനക്ക് അവരെ അംഗീകരിക്കാൻ ബുദ്ധിമുട്ട് തോന്നുന്നതെന്ന്.. "

അങ്ങനെ പലതും പറഞ്ഞു വളച്ചെടുക്കാൻ അല്ലെങ്കിലും ഇത്തിരി മിടുക്ക് കൂടുതലാണ് ചേച്ചിക്ക്..

അച്ഛൻ പഴയതിലും ഇപ്പോൾ സുന്ദരനും കൂടുതൽ ചെറുപ്പവുമായതുപോലെ !
അതുപോലെ ആണല്ലോ അവർ അച്ഛനെ ഊട്ടുന്നതും പരിചരിക്കുന്നതും..
പാവം എന്റെ അമ്മയെ കുറിച്ച് അച്ഛൻ എപ്പോഴെങ്കിലും ഓർക്കുന്നുണ്ടാവുമോ ??

അന്ന് രാത്രിയിൽ അച്ഛൻ ഒരു പ്രഖ്യാപനം നടത്തി.പുലർച്ചെ എല്ലാവരും എഴുന്നേറ്റു കുളിച്ചൊരുങ്ങിക്കോളണം.ഗുരുവായൂർ അമ്പലത്തിൽ പോകാനാണ്.

അതുകൊണ്ട് ഊണും കഴിഞ്ഞ് എല്ലാം റെഡി ആക്കി വെച്ചിട്ട് വേഗം കിടന്നുറങ്ങാൻ പറഞ്ഞിട്ട് അച്ഛൻ മുറിയിലേക്ക് പോയി..

എല്ലാവരുടെയും മുഖം പൂത്തിരി കത്തിച്ചത് പോലെയുണ്ട്.
കടന്നൽ കുത്തിയത് പോലുള്ള തന്റെ മുഖത്തേക്ക് അവർ നിസ്സാരമട്ടിൽ
ഒന്നുനോക്കി..

അന്ന് ഉറങ്ങാൻ കിടന്നിട്ടും ഉറക്കം വന്നതേയില്ല.
ചേച്ചി മുറിയിൽ തന്നെ മറ്റൊരു കട്ടിലിൽ ആണ് ഇപ്പോൾ കിടക്കാറ്.ഹരിക്കുട്ടന് പിന്നെ കട്ടിൽ കാണേണ്ട താമസം.

കണ്ണടയ്ക്കാൻ ശ്രമിക്കുമ്പോഴൊക്കെ പോണോ വേണ്ടയോ എന്നുള്ള വടം വലിയിൽ പെട്ട് ഞാൻ ഉഴറി.. മുറിയിലെ കൂർക്കം വലികളുടെ താളത്തിൽ പെട്ട് എപ്പോഴാ കണ്ണുകൾ അടഞ്ഞുപോയി.

ആരോ കുലുക്കി വിളിക്കുന്നത് കേട്ടപ്പോൾ പുളിച്ച കണ്ണുകൾ തുറക്കാൻ വല്ലാതെ പാടുപെട്ടു.
ചേച്ചിയും ഹരിക്കുട്ടനുമൊക്കെ കുളിച്ചു കഴിഞ്ഞിരിക്കുന്നു..

കൊള്ളാം.ആരും അപ്പോൾ ഇത്രയും നേരായിട്ടും തന്നെ മാത്രം വിളിച്ചില്ലല്ലോ..
കാണിച്ചു കൊടുക്കുന്നുണ്ട്.പൊക്കോട്ടെ എല്ലാരും.. എനിക്ക് അമ്മ മാത്രം മതി കൂട്ടിന്..

പുതപ്പ് തലവഴി മൂടി  കണ്ണുകൾ മാത്രം തുറന്നു വെച്ചു.
അച്ഛൻ ഉറക്കെ തന്റെ പേര് വിളിക്കുന്നുണ്ട്.ചേച്ചിയും ഹരിക്കുട്ടനും ചെറിയമ്മേ എന്ന് നീട്ടി വിളിക്കുന്നത് കേൾക്കാം.

ആരോ തന്റെ പുതപ്പ് വലിച്ചു മാറ്റി നോക്കാൻ ശ്രമിക്കുന്നത് കണ്ടപ്പോൾ കണ്ണുകൾ ഇറുക്കിയടച്ചു.
ഒരു തണുത്ത കരസ്പർശം തന്റെ നെറ്റിയിലൂടെ തലോടി കടന്നുപോയത് അറിഞ്ഞു.പക്ഷെ അത് ഇതുവരെ പരിചയമില്ലാത്ത ആരുടെയോ ആണ്!

"മോളെ എഴുന്നേറ്റു വാ എല്ലാവരും റെഡിയായി."
ഓഹോ അത് മാറ്റാരുമല്ല അപ്പോൾ.

"ഞാനെങ്ങോട്ടുമില്ല.തല വേദനിച്ചിട്ട് വയ്യ.
എനിക്ക് തീരെ വയ്യ.നിങ്ങൾ പൊയ്ക്കോ.
ഞാൻ വരുന്നില്ല.."

"അയ്യോ അത് പറ്റില്ല.മോളെ തന്നെ ഇവിടെ ആക്കിയിട്ട് ഞങ്ങൾ അത്രയും ദൂരെ പോകാനോ.. ചൂടൊന്നുമില്ലല്ലോ..."

ഈ സോപ്പിങ് എന്റെ അടുത്ത് ചിലവാകില്ല.
ഞാനേ കാർത്തികയുടെ മാത്രം മോളാണ്..
ഉള്ളിൽ ഞാൻ മുരണ്ടത് ആരും കേടട്ട് കാണാൻ വഴിയില്ല..

അച്ഛനും കാര്യം തിരക്കി വന്നു.
അവർ അച്ഛനോട് പറയുന്നത് കേട്ട് എനിക്ക് അരിശം വന്നു.

"എങ്കിൽ നിങ്ങൾ മൂന്ന് പേരും കൂടി പോയിട്ട് വരൂ.ഞാൻ മോൾക്ക് കൂട്ടിരിക്കാം.."

ശ്ശെടാ ഇതെന്തൊരു കഷ്ടമാണ്.
ഇവരെ കൊണ്ട് തോറ്റല്ലോ..
ചേച്ചി കുറ്റപ്പെടുത്തുമ്പോലെ നോക്കി.ഹരിക്കുട്ടന്റെ മുഖത്ത് കടിച്ചു തിന്നാനുള്ള ഭാവം!
അച്ഛൻ ആകെ ധർമ്മ സങ്കടത്തിൽ പെട്ടതുപോലെ നിന്നു.

"എന്തായാലും പോകാൻ തീരുമാനിച്ചതല്ലേ.അത് മുടക്കേണ്ട.
ഇന്ന് നിങ്ങൾ പോയിട്ട് വരൂ.നമുക്ക് മറ്റൊരിക്കൽ എല്ലാവർക്കും കൂടി പോയി തൊഴാം.."

എന്ത് ചെയ്യും.നെറ്റിയിൽ മരുന്ന് തേക്കാൻ പോലുമുള്ള ചൂടില്ല.
പക്ഷെ വാശിയാണെങ്കിൽ കൂടിയ ചൂടിലും!

"എങ്കിൽ ശരി.നമുക്ക് പോയിട്ട് വരാം.
അവരിവിടെ നിൽക്കട്ടെ.."

അച്ഛൻ നിരാശയോടെ അതും പറഞ്ഞു മുറിവിട്ടു.പിന്നാലെ ചേച്ചിയും ഹരിക്കുട്ടനും..
തന്നെ വീണ്ടുമൊരിക്കൽ കൂടി ഒന്ന് നോക്കിയിട്ട് യാത്രയാക്കാൻ അവരും കൂടെ പോയി..

ആകെയൊരു ശൂന്യാവസ്ഥ തോന്നി.
വല്ലാത്തൊരു പരവേശം.അയ്യോ എനിക്കും പോണേ അവരുടെ കൂടെ.. ഉള്ളിൽ ആരോ ഇരുന്നലറി വിളിക്കുന്നു.
അച്ഛനും ചേച്ചിയുമൊന്നും പോകില്ലെന്നാണ് കരുതിയത്. ഇതിപ്പോൾ വെളുക്കാൻ തേച്ചത് പാണ്ടായീന്ന് പറഞ്ഞത് പോലെ ആയല്ലോ..

പുതപ്പ് വലിച്ചെറിഞ്ഞു ഞാൻ വെളിയിലേക്കോടി. അവര് പോയോ
ആരുടെയും അനക്കമൊന്നുമില്ലല്ലോ..

"എന്താ മോൾടെ പനിയൊക്കെ മാറിയോ.?"
പിന്നിൽ അനക്കം കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ ഒരു വല്ലാത്ത ചിരിയോടെയുണ്ട്  അവർ നിൽക്കുന്നു.

"എനിക്കും പോണം അവരുടെ കൂടെ.."

ചുളുങ്ങിപ്പോയ  ശബ്ദത്തിൽ അത് പറയുമ്പോൾ കണ്ണീർ കവിളിലേക്ക് ഒലിച്ചിറങ്ങി..

"അപ്പോൾ പനിയും തലവേദനയുമോ.."

ഒന്നും മിണ്ടാതെ കരയുന്ന എന്റെ അരികിലേക്ക് വന്ന് മുഖം പിടിച്ചുയർത്തി അല്പ്പം കടുത്ത സ്വരത്തിലാണത് പറഞ്ഞത്..

"എങ്കിൽ വേഗം പോയി കുളിച്ചൊരുങ്ങി വരൂ.."

ഒന്ന് സംശയിച്ചു നിന്നിട്ടാണ് ബാത്‌റൂമിലേക്ക് ഓടിയത്..
തലയിലെ വെള്ളം ശരിക്കും തുടച്ചു കളയാനൊന്നും മെനക്കെട്ടില്ല.
അലമാര വലിച്ചു തുറന്നു പുതിയ പാട്ടുപാവാടയും ബ്ലൗസും ശടെന്ന് വലിച്ചിട്ടു.
കണ്ണാടിയിൽ നോക്കി പൌഡർ എടുത്തു മുഖം മുഴുവനും ഒന്ന് പൂശി. ചേച്ചിയുടെ ശേഖരത്തിൽ നിന്ന് ഒരു തിളങ്ങുന്ന സ്റ്റിക്കർ പൊട്ടെടുത്ത് നെറ്റിയിലൊട്ടിച്ചു.

ഒരുക്കം കഴിഞ്ഞു മുറിവിട്ടിറങ്ങുമ്പോൾ അവർ പാട്ടുസരിയുമുടുത്തു സുന്ദരിയായി തന്നെയും കാത്തു നിൽക്കുന്നു !

പക്ഷെ അപ്പോഴും ഒരു ചോദ്യം ഉള്ളിൽ
കിടന്ന് തികട്ടി..

അച്ഛനൊക്കെ പോയല്ലോ പിന്നെ എങ്ങനെ പോകും..
എന്റെ മുഖത്തെ സന്ദേഹം കണ്ടിട്ടാവും അവർ ഒരു ചോദ്യം ചോദിച്ചത്.

"ആട്ടെ എന്റെ കൂടെ വരാൻ സമ്മതമാണോ..?"

ഞാൻ അറിയാതെ തലകുലുക്കി. എനിക്ക് എങ്ങനെ ആയാലും പോയാൽ മതിയായിരുന്നു.

ബാഗും തോളത്തിട്ട് ഞങ്ങൾ പുറത്തിറങ്ങി വീട് പൂട്ടി തിരിഞ്ഞു നോക്കുമ്പോൾ അതാ അച്ഛനും ചേച്ചിയും ഹരിക്കുട്ടനും നിന്ന് ചിരിയടക്കാൻ പാടുപെടുന്നു !!

വിളറി വെളുത്ത മുഖത്തോടെ ഞാൻ അറച്ചു നിൽക്കുമ്പോൾ എന്റെ കയ്യിൽ സ്വാതന്ത്ര്യത്തോടെ പിടിച്ച് അവർ.. അല്ലല്ല ചെറിയമ്മ മുന്നോട്ട് നടന്നു.. ആ കയ്യിലപ്പോൾ വല്ലാത്തൊരു ചൂടുണ്ടായിരുന്നു. അമ്മയുടെ കയ്യിലെ ചൂട് പോലെ തന്നെ !

അവസാനിച്ചു..

ശാലിനി മുരളി 





Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്