അനുഭൂതി

അനുഭൂതി
 
മുലയൂട്ടാനും മൂത്രതുണി കഴുകാനും ഒന്നും എന്നെ കിട്ടില്ലെന്ന്‌ മഹിയോട് നേരത്തെ ഞാൻ പറഞ്ഞതല്ലേ..
പ്രസവിക്കാൻ താല്പര്യം ഇല്ലാതിരുന്നിട്ടും മഹിയുടെ ചീപ്പ് സെന്റിമെന്റ്സ് കാരണം ഞാൻ നിങ്ങളുടെ കുഞ്ഞിന് ജന്മം നൽകി എന്ന് വെച്ച് എന്റെ കരിയർ മോഡലിംഗ് ആണ്.. അത്  കളഞ്ഞു പുളിച്ചു നിങ്ങളുടെ കൊച്ചിന് മുലയൂട്ടി ഇരിക്കാൻ എന്നെ കിട്ടില്ല... അതിനു നിങ്ങൾ വേറെ ആളെ നോക്കണം...

വിശന്നു കരയുന്ന കുഞ്ഞുമായി മാലിനിയുടെ അടുത്തേക്ക് ചെന്ന എന്നോട് അവൾ  ഉറഞ്ഞു തുള്ളി അത് പറയുമ്പോൾ സർവനിയന്ത്രണവും വിട്ട് പോയിരുന്നു...

നീ പ്രസവിച്ച കുഞ്ഞിന് നീയല്ലാതെ ആരാടി മുലയൂട്ടണ്ടത്... എന്റെ  കുഞ്ഞിന്റെ വിശപ്പടക്കിയിട്ട് മതി നിന്റെ ഉദ്യോഗം.. കേട്ടോടി അവളുടെ നേരെ കൈയോങ്ങി ഞാൻ അത് പറയുമ്പോളേക്കും അമ്മയും അവിടെ എത്തിയിരുന്നു.. 

മഹി.. എന്താ ഇത്... അവൾ പെറ്റെഴുന്നേറ്റ പെണ്ണാ... അവളുടെ നേർക്കാണോ നീ തല്ലാൻ കൈ ഓങ്ങുന്നത്.. 

അമ്മ അത് ചോദിച്ചോണ്ട് എന്റെ കുഞ്ഞിനെ കയ്യിലെടുത്ത് അവൾക്ക് നേരെ തിരിഞ്ഞു പറഞ്ഞത്.. 

മോളെ... നിന്റെ ചോരയാണ് മറ്റാരേക്കാളും ഇവൾക്ക് നിന്നെയാണ് ഇപ്പോൾ  ആവിശ്യം.. അത് നീ കണ്ടില്ല എന്ന് വെക്കരുത് എന്നാണ്... 

അമ്മയുടെ മകന്റെ നിർബന്ധത്തിനു മാത്രം ആണ് ഞാൻ ഈ സാഹസത്തിന് മുതിർന്നത്.. അമ്മക്ക് കണ്ണടക്കും മുൻപ് പേരക്കുട്ടിയെ കാണണം പോലും... അന്നേ ഞാൻ പറഞ്ഞതാ ഇയാളോട് എനിക്ക് ഇതിനൊന്നും താല്പര്യം ഇല്ല എന്ന്.. 
അവൾ അത് പറഞ്ഞതും.. 

അമ്മയോടായി ഞാൻ പറഞ്ഞത് മനസാക്ഷി എന്നൊന്നില്ലാത്ത ഇവളോടൊക്കെ വേദം ഓതാതെ എന്റെ കുഞ്ഞിന്റെ വിശപ്പടക്കാൻ എന്താ വേണ്ടത് എന്ന് ചെയ്യ് അമ്മേ എന്നായിരുന്നു... 

മഹി.. എനിക്ക് മനസാക്ഷി ഇല്ല സമ്മതിച്ചു ഈ പറഞ്ഞ സാദനം മാഹിക്കുണ്ടായിരുന്നു എങ്കിൽ എന്റെയും എന്റെ ഡാഡിയുടെ പത്തു പുത്തൻ  കണ്ടപ്പോൾ മുറപ്പെണ്ണിനെ മറന്ന് എനിക്ക് മുന്നിൽ നിങ്ങളുടെ കണ്ണ് മഞ്ഞളിക്കില്ലായിരുന്നു എന്ന് അവൾ എന്റെ നേർക്ക് നിന്ന് പറഞ്ഞപ്പോൾ 

ഭൂമിയിലേക്ക് ഊഴ്ന്നിറങ്ങും പോലെയാണ് എനിക്ക് തോന്നിയത് ഒന്നും മിണ്ടാതെ കോണി പടികൾ ഇറങ്ങുമ്പോൾ അമ്മ അവളോട്‌ വീണ്ടും ഇരക്കുന്നത് കേൾക്കാമായിരുന്നു.. 

മോളെ ഒരു നേരത്തെ വിശപ്പടക്ക് കുഞ്ഞിന്റെ... ബാക്കി കാര്യങ്ങൾ എല്ലാം പിന്നീട് തീരുമാനിക്കാം എന്ന് അമ്മ പറയുമ്പോൾ 

മഹി ചതിച്ച ഒരു പെണ്ണില്ലേ അപ്പുറത്ത്.. ... കുഞ്ഞു മരിച്ചു പോയത് കൊണ്ട് ഭർത്താവ് ഉപേക്ഷിച്ച രേവതി.. അമ്മയുടെ ചേട്ടന്റെ മകൾ മഹിയുടെ പഴയ ഇഷ്ടക്കാരി അവളോട്‌ പറ.. എനിക്ക് വയ്യ ഈ വിഴുപ്പ് ചുമന്നു എന്റെ ഭാവി കളയാൻ.. എന്ന് പറഞ്ഞു എനിക്ക് മുന്നിലൂടെ സ്ത്രീധനമായി തന്ന കാറിന്റെ ചാവിയും എടുത്ത് പോകുന്ന മാലിനിയെ തടയാൻ പോയിട്ട് ഒന്ന് ശബ്ദം ഉയർത്താൻ പോലും അപ്പോൾ എനിക്ക് കഴിഞ്ഞില്ല എന്നതായിരുന്നു വാസ്തവം...

മാലിനി കാർ സ്റ്റാർട്ട്‌ ചെയ്തതും അവളെ മറികടന്ന് ഓടി വരുന്ന രേവതിയാണ് എന്റെ കണ്ണിൽ ഉടക്കിയത്.. 

ഒരിക്കൽ ഞാൻ എന്റെ പ്രണയവും ജീവിതവും കാട്ടി മോഹിപ്പിച്ചവൾ എനിക്ക് വേണ്ടി കാത്തിരുന്നവൾക് മുന്നിലേക്ക് അഞ്ചക്ക ശമ്പളമുള്ള ജോലിയെ കുറിച്ച് പറയുന്നതിന് ഒപ്പം കമ്പനി സി. ഇ. ഓ യുടെ മകളുടെ ഫോട്ടോയും കാണിച്ചിരുന്നു... 

ആരാ മഹിയെട്ട ഇത് എന്നാ അവളുടെ ചോദ്യത്തിന് ഞാൻ വിവാഹം ചെയ്യാൻ പോകുന്ന പെണ്ണ് എന്ന് പറയുമ്പോൾ 

അപ്പോൾ ഞാൻ ആരാ മഹിയെട്ട എന്ന് മാത്രം ആയിരുന്നു അവൾ ചോദിച്ചത്.. 
നീ എന്റെ കളികൂട്ടുകാരി മാത്രം ആവണം രേവു എന്ന് ഞാൻ പറയുമ്പോൾ പൊട്ടികരച്ചിൽ ആയിരുന്നു.. അവിടം ആകെ നിറഞ്ഞു നിന്നത്.. 

അവൾക്കു മുന്നിലൂടെ ഞാൻ മാലിനിയെ വിവാഹം കഴിച്ചു കൊണ്ടുവരുമ്പോൾ ഒരു നിഴലായ് പോലും രേവതി ഞങ്ങൾക്ക് മുന്നിൽ വന്നിട്ടില്ല ... 

ഒരിക്കൽ അമ്മയുമായി ഫോണിൽ സംസാരിച്ച കൂട്ടത്തിൽ രേവുന്റെ വിവാഹം കഴിഞ്ഞത് അറിഞ്ഞു പിന്നെ ഗർഭിണി ആയതും.. 

എനിക്ക് കുഞ്ഞു പിറന്നതിന് മുൻപിലത്തെ ആഴ്ച അവളും ഒരു കുഞ്ഞിന് ജന്മം നൽകി എങ്കിലുംഅതിനെ കിട്ടിയില്ല എന്ന് പറഞ്ഞു കരയുന്ന അമ്മയെ ഞാനും കണ്ടിരുന്നു എങ്കിലും അവളെ ഒന്ന് കാണാനോ സമാധാനിപ്പിക്കാനോ എനിക്കും തോന്നിയില്ല.. 

രേവതി എനിക്ക് മുൻപിൽ എത്തി ഒരു നിമിഷം നിന്നെങ്കിലും അമ്മായി എവിടെ മഹിയേട്ട എന്ന് ചോദിച്ചപ്പോൾ മുകളിലേക്ക് വിരൽ ചൂണ്ടുക മാത്രം ആണ് ഞാൻ ചെയ്തത്.. 

കുഞ്ഞിന്റെ കരച്ചിൽ കേട്ട ഭാഗത്തേക്ക്‌ അവൾ നടക്കുമ്പോൾ എന്റെ ചങ്കും ഒന്ന് പിടച്ചിരുന്നു.. 

കുറച്ചു നിമിഷങ്ങൾക്ക് ഉള്ളിൽ എന്റെ മോളുടെ കരച്ചിൽ നിന്നപ്പോൾ ഞാനും അവളുടെ അടുത്തേക്ക് നടന്ന് അടുത്തിരുന്നു... 

അമ്മയുടെ കട്ടിലിൽ എന്റെ കുഞ്ഞിനെയും മാറോട് ചേർത്ത് മുലയൂട്ടുന്ന രേവതിയേ കണ്ടപ്പോൾ ചെയ്ത തെറ്റ് ഓർത്ത് കണ്ണീരിനാൽ എന്റെ  കാഴ്ചയും മങ്ങിയിരുന്നു .. 

പിന്നീടുള്ള ഓരോ നിമിഷങ്ങളിൽ കുഞ്ഞിന്റെ വിശപ്പ് മാറ്റാനും അവളെ കുളിപ്പിക്കാനും മറ്റുള്ള കാര്യങ്ങൾക്കും രേവതി അവളെ തന്നെ മാറ്റി വെച്ചിരുന്നു.. 

പലപ്പോഴും ഒന്ന് ഉരിയാടാൻ അവൾക്കു നേരെ അടുക്കുമ്പോഴും മൗനമായിരുന്നു എനിക്കുള്ള മറുപടി.. 

ഇന്നാദ്യമായി എന്റെ മോള് അമ്മ എന്ന ആദ്യാക്ഷരം പറഞ്ഞുകൊണ്ട് രേവതിയുടെ അടുത്തേക്ക് ഓടിയടുത്തപ്പോൾ അവളെ നെഞ്ചോടു ചേർത്ത് അവൾ അമ്മയോട് ചോദിച്ചത്.. 

അമ്മായി.. പുന്നാര എന്നെ അമ്മേന്ന് വിളിച്ചോട്ടെ അല്ലെ എന്നായിരുന്നു... 

നീ  അവളുടെ അമ്മ തന്നെ അല്ലെ എന്ന് അമ്മ പറയുമ്പോഴേക്കും  മാതൃത്വത്തിന്റെ അനുഭൂതി നുകർന്നുകൊണ്ട്  കുഞ്ഞിനെ അവൾ മുത്തങ്ങളാൽ  മൂടിയിരുന്നു.... 

NB: അമ്മയാകാൻ പ്രസവിക്കണം എന്നില്ല മാതൃത്വം തുളുമ്പുന്ന മനസുണ്ടായാലും  മതി 

 രച്ചൂസ്  പപ്പൻ

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്