ദേവാസുരം ഫുൾ പാർട്ട്

ദേവാസുരം ഫുൾ പാർട്ട് 
💟💟💟💟💟

"ഡീ..."

ക്ലാസ്സിലിരുന്ന ജാനകിയ്ക്ക് നേരെ ശര വേഗത്തിൽ വന്ന വിഷ്ണുവിന്റെ മുഖം ദേഷ്യത്താൽ വലിഞ്ഞ് മുറുകിയിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ മറ്റു കുട്ടികളും അവരെ ശ്രദ്ധിച്ചു. 

"നീ എന്നെ ചതിക്കുകയായിരുന്നല്ലേ?"

ജാനകിക്കും എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലായിരുന്നില്ല. ഇന്നലെ വരെ കോളേജിലെ ഇണക്കുരുവികളായിരുന്ന പ്രണയ ജോഡികൾക്ക് പെട്ടെന്ന് എന്താണ് സംഭവിച്ചത്? എല്ലാവരും സംശയിച്ചു നിന്നു. 

"എപ്പോളും എന്നെ പൊട്ടനാക്കാമെന്ന് നീ വിചാരിച്ചോ?"

"ഏട്ടൻ എന്താണ് പറയുന്നത് എനിക്ക് മനസിലാവുന്നില്ല."

അവൻ അവളുടെ ഇടതു കയ്യിലെ മോതിര വിരലിലേക്ക് ചൂണ്ടി. 

"ഇതെന്താണ്?"

ജാനകി തന്റെ മോതിരം മറയ്ക്കാൻ പാഴ് ശ്രമം നടത്തിക്കൊണ്ടിരുന്നു. 

"നീ ഒന്ന് പറഞ്ഞിട്ട് ഉപേക്ഷിച്ചു  പോയിരുന്നേൽ സമാധാനം ഉണ്ടായിരുന്നു. ഇത് കാമുകിയുടെ നിശ്ചയം കഴിഞ്ഞത് വല്ലവരും പറഞ്ഞു അറിയേണ്ട ഗതികേടിൽ ആയില്ലേ. വെറും പൊട്ടനായി പോയി എല്ലാവരുടെയും മുന്നിൽ."
 
"ഏട്ടാ ഞാൻ പറയുന്നത് കേൾക്കു. മനഃപൂർവം അല്ല ഞാൻ..."

"നീ ഒന്നും പറയേണ്ടെടി. നിന്റെ സ്വഭാവമൊക്കെ മനസിലായി. പാവം പോലെ ഇരുന്നു നീ എന്നെ ഇത്രയും നാൾ പറ്റിച്ചു. വെറുതെയല്ല നിന്റെ അച്ഛൻ അമ്മയെ കൊന്നത്. ഇത് തന്നെ ആവും അമ്മയുടെയും സ്വഭാവം."

അവൾ ഒന്നും മിണ്ടാതെ കരഞ്ഞു കൊണ്ടിരുന്നു. 

"ഇനി നിന്റെ അഭിനയം എന്റെ അടുത്ത് നടക്കില്ല. ഇനിയും നിന്നാൽ ഞാൻ നിന്നെ വല്ലതും ചെയ്തു പോവും."
 
ഇതും പറഞ്ഞ് വിഷ്ണു പുറത്തേക്ക് ഇറങ്ങി പോയി. 

"എന്തൊക്കെയാ വിഷ്ണു ഏട്ടൻ പറഞ്ഞത്? നിന്റെ.. നിന്റെ നിശ്ചയം കഴിഞ്ഞോ?"
 
ജാനകിയുടെ ഉറ്റ സുഹൃത്തായ ദേവികയാണത് ചോദിച്ചത്. 

"അതേ."

തല കുനിച്ചു ജാനകി ഇത് പറഞ്ഞപ്പോൾ ദേഷ്യത്തോടെ വിഷ്ണുവിന് പിന്നാലെ ദേവികയും പോയി. 
ജാനകിയുടെ കണ്ണുകളിൽ നിന്ന് മിഴിനീർ ഉതിർന്നു കൊണ്ടിരുന്നു. അപമാനിതയായി അവൾ ചുറ്റും കണ്ണോടിച്ചു. 

"ഹും കണ്ടാൽ എന്ത് പാവമാണ്. തേപ്പ്കാരി! കഷ്ടം !"

ഇത്രയും കാലം വിഷ്ണുവിനെയും ജാനകിയേയും അസൂയയോടെ നോക്കിയ കണ്ണുകളിൽ ഒരു ഇരയെ കിട്ടിയ സന്തോഷം തെളിഞ്ഞു കണ്ടു. 
അവൾ തന്റെ ബാഗുമെടുത്തു കോളേജിന് പുറകിൽ ഉള്ള ആളൊഴിഞ്ഞ മരച്ചുവട്ടിലേക്ക് ഓടി. അവിടെയിരുന്ന് സർവ്വവും നഷ്ടപ്പെട്ടവളേ പോലെ കരഞ്ഞു. എപ്പോളും ഇങ്ങനെയാണ് ദുഃഖങ്ങൾ പങ്കു വയ്ക്കാൻ ആരുമില്ലാത്തവർക്ക് കരയുമ്പോളാണ് ആശ്വാസം കിട്ടുന്നത്.

ഇത് ഇവളുടെ കഥയാണ് ജാനകിയുടെ ...  സർവ്വം സഹയായ ഒരു പെണ്ണിന്റെ കഥ.. 

♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

കരഞ്ഞു തളർന്നാണ് വീട്ടിൽ എത്തിയത്. കയറി ചെല്ലുമ്പോളേ പറമ്പിൽ പണിയെടുക്കുന്ന മാമനെ കണ്ടിരുന്നു. 

"ആഹാ മോളിന്ന് നേരത്തേ വന്നല്ലോ. അല്ല മുഖമെന്താ വല്ലാതെ ഇരിക്കുന്നത്?"

"ഒന്നുമില്ല ചെറിയ ഒരു തലവേദന ഉണ്ടായിരുന്നു. അതിന്റെ ആവും."

ഒരു ചെറു പുഞ്ചിരി വരുത്താൻ ശ്രമിച്ചു കൊണ്ട് അവൾ പറഞ്ഞു. 

"അകത്തേക്ക് ചെല്ലൂ. ഇനി ഇപ്പൊ ജോലി ഒന്നും ചെയ്യാൻ നിക്കണ്ട. കുറച്ചു നേരം കിടക്കാൻ നോക്ക് അപ്പോളേക്കും എല്ലാം മാറും."

അകത്തേക്ക് ചെന്നു മുറിയിൽ കയറി ഫ്രഷ് ആയി. നേരെ അടുക്കളയിലേക്ക് ചെന്നു. മാമൻ അങ്ങനെയൊക്കെ പറഞ്ഞാലും ജോലി മുഴുവൻ സമയത്ത് തീർത്തില്ലേൽ അമ്മായിയുടെ വഴക്ക് കേൾക്കേണ്ടി വരും. വഴക്ക് പറയാനിപ്പൊ കാരണം ഇല്ലെങ്കിലും അമ്മായിക്ക് എന്നെ എന്തെങ്കിലും പറഞ്ഞാലേ ഉറക്കം വരൂ. 

പാത്രം കഴുകി കൊണ്ടിരുന്നപ്പോളാണ് അമ്മായി അങ്ങോട്ടേക്ക് വന്നത്.

"ഡീ നീ വന്നിട്ട് ആ തുണി എടുത്ത് ഇടാഞ്ഞതെന്താ?"

"അയ്യോ ഞാനത് മറന്നു."

"നീ മറക്കും. അതെങ്ങനെയാ രാജകുമാരി ഭൂമിയിൽ അല്ലല്ലോ ജീവിക്കുന്നത്. ഏതായാലും ഇവിടെ കെട്ടിക്കേറി കിടക്കുന്നു എന്തെങ്കിലും ഉപകാരം നിനക്ക് ചെയ്തുടെ. നാശം പിടിച്ചവൾ. അതെങ്ങനെയാ തന്തയുടെ ഗുണമല്ലേ കാണിക്കു."

എപ്പോളും ഇതൊക്കെ കേൾക്കുന്നതാണെങ്കിലും അന്നെന്തോ കണ്ണുകൾ നിറഞ്ഞു. വിഷ്ണു ഏട്ടൻ പറഞ്ഞ വാക്കുകളും ചെവിയിൽ മുഴങ്ങി കൊണ്ടിരുന്നു. 

"എന്തിനാണ് ഈശ്വരാ എനിക്ക് മാത്രം ഇങ്ങനൊക്കെ വരുന്നത്. ഒരു കരയ്ക്ക് എത്തുമെന്ന് വിചാരിക്കുമ്പോൾ എല്ലാം കൈ വിട്ടു പോകും.  അറിഞ്ഞു കൊണ്ട് ആരെയും ഉപദ്രവിക്കാൻ ശ്രമിച്ചിട്ടില്ല. പക്ഷെ...  ആർക്കും ഉപകാരമില്ലാത്ത ഇങ്ങനെ ഒരു പാഴ്ജന്മം !"

ജോലികൾക്കിടയിലും മനസിലേക്ക് കഴിഞ്ഞു പോയ കാലം ഓടി വന്നു കൊണ്ടിരുന്നു. 
മാമന്റെയോ കുടുംബക്കാരുടെയോ വാക്കുകേൾക്കാതെ രാഘവിനൊപ്പം ഒളിച്ചോടി പോയ സുഭദ്രയുടെ ഒരേ ഒരു കണ്മണി ജാനകി രാഘവ്. കുട്ടിക്കാലത്തു ആവും ആകെ മനസമാധാനം ഞാനറിഞ്ഞത്. ഇത്രയും വർഷം ആയിട്ടും എല്ലാം ഇന്നലെ കഴിഞ്ഞ പോലെ തെളിഞ്ഞു വന്നു. ആ ഒറ്റ മുറി വീട്ടിൽ പൈസയ്ക്ക് മാത്രമേ കുറവുണ്ടായിരുന്നുള്ളൂ. അച്ഛനും അമ്മയും മത്സരിച്ചു സ്നേഹിച്ചു. കുറച്ചു പണം കിട്ടി കഴിഞ്ഞപ്പോൾ അച്ഛൻ പല പല ബിസിനസ്‌കളും ചെയ്യാൻ തുടങ്ങി. ആദ്യമൊക്കെ നിറയെ പണം സമ്പാദിച്ചു. നല്ലൊരു വീടൊക്കെ വാങ്ങി. പഴയത് പോലെ സ്നേഹിക്കാൻ അച്ഛന് സമയം ഇല്ലാതെയായി. ആ സ്നേഹം കൂടെ അമ്മ തന്നിരുന്നു. എപ്പോളാണ് അച്ഛൻ മദ്യത്തിന് അടിമ ആയതെന്ന് അറിയില്ല. ചിലപ്പോൾ ചെയ്യുന്ന ബിസിനസിലെ തകർച്ചകൾ ആവാം അച്ഛനെ മാറ്റിയത്. ആദ്യമൊക്കെ മദ്യപിച്ചു വരുന്ന അച്ഛൻ ഞങ്ങളോട് മിണ്ടാറില്ലായിരുന്നു. പിന്നെ വഴക്കായി ഒരു തരം മാനസിക വിഭ്രാന്തി കാണിക്കാൻ തുടങ്ങി. അമ്മയെ തല്ലാൻ ഓരോ കാരണങ്ങൾ കണ്ടെത്തുമായിരുന്നു. അവസാനം സംശയ രോഗമായി. എല്ലാം അമ്മ സഹിക്കുമായിരുന്നു. പക്ഷെ അത് അമ്മയ്ക്ക് താങ്ങാനായില്ല. അമ്മ പ്രതികരിച്ചു.  അമ്മയോട് വഴക്ക് ഉണ്ടാക്കി ബോധംകെട്ടു അച്ഛൻ ഉറങ്ങുമ്പോൾ അമ്മയും ഞാനും കരഞ്ഞാണ് നേരം പുലർത്തിയിരുന്നത്. അന്ന് മുതൽ ഇരുളിനെ ഭയമായിരുന്നു. ഓരോ രാത്രിയിലും അച്ഛൻ വരാതെ ഇരുന്നാൽ മതിയെന്ന് വരെ ആഗ്രഹിച്ചിട്ടുണ്ട്. അത് പോലൊരു നശിച്ച ദിവസത്തിലാണ് കുടിച്ചു ബോധമില്ലാതെ അച്ഛൻ എന്റെ അമ്മയെ... ഇപ്പോളും ഓർക്കാനാവുന്നില്ല. അവളുടെ കണ്ണുകൾ അപ്പോളും നിറഞ്ഞൊഴുകി കൊണ്ടിരുന്നു. 

"ജാനു ചേച്ചി..."

ശിവയുടെ ശബ്ദമാണ് ആ നശിച്ച ഓർമകളിൽ നിന്ന് അവളെ ഉണർത്തിയത്. 

"ചേച്ചി കരയുവാണോ? അമ്മ വല്ലതും പറഞ്ഞോ?"
 
"ഒന്നുമില്ല മോളേ. ഞാൻ വെറുതെ ഓരോന്ന് ഓർത്ത്.."

"അതെന്തിനാ ഓരോന്നും ഓർക്കുന്നെ. ചേച്ചി ഇങ്ങു വന്നേ. എനിക്ക് കുറേ കഥകൾ പറയാനുണ്ട്."

"എനിക്ക് കുറച്ചു ജോലി കൂടെ ഉണ്ട്. ഞാൻ അത് തീർത്തിട്ട് വരാം കേട്ടോ. അല്ല അനു എന്തേയ്?"

"അവൾ റൂമിൽ ഉണ്ട്. ചേച്ചി അങ്ങോട്ടേക്ക് വരൂ."

മാധവൻ മാമയുടെയും നിർമല അമ്മായിയുടെയും രണ്ട് മക്കളാണ് അനു രഞ്ജിനിയും ശിവ രഞ്ജിനിയും. ഇരട്ടകളാണ്. ഇപ്പോൾ എട്ടാം ക്ലാസ്സിലാണ്. അവർ ഉള്ളതാണ് ഏക സന്തോഷം. അമ്മായി എത്ര വഴക്ക് പറഞ്ഞാലും ഞാൻ അവർക്ക് ചേച്ചിയാണ്. ആ സ്നേഹത്തിൽ ഒരു മായവും അവർ കലർത്തിയിട്ടില്ല. അവരുടെ കുറുമ്പുകൾ കൊണ്ടാണ് ചിരിക്കാൻ മറന്നു പോവാത്തത്. 

ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോളാണ് അമ്മ മരിച്ചത്. അച്ഛൻ ജയിലിലും ആയി ആരോരുമില്ലാതെ ഒറ്റപ്പെട്ടു നിന്നപ്പോൾ ഒരു മടിയും കൂടാതെ മാമൻ എന്നെ ഇങ്ങോട്ടേക്കു കൊണ്ട് വന്നു. ബന്ധുക്കൾക്ക് ആർക്കും എന്നെ ഇഷ്ടമായിരുന്നില്ല. തന്നിഷ്ടത്തിന് ഇറങ്ങി പോയ പെങ്ങളുടെ മകളെ ഉപേക്ഷിക്കാൻ എല്ലാവരും മാമനെ ഉപദേശിച്ചു. പക്ഷെ മാമൻ അതൊന്നും വക വെച്ചില്ല. അമ്മായിക്ക് ആദ്യമൊക്കെ എന്നോട് സ്നേഹം ആയിരുന്നു. പിന്നെ പിന്നെ ഞാനൊരു ശല്യമാവും എന്ന് തോന്നിയിട്ടുണ്ടാവും. അതിലെനിക്ക് അത്ഭുതമൊന്നും തോന്നിയിട്ടില്ല. സ്വന്തം അച്ഛന് തോന്നാത്ത എന്ത് കരുണയാണ് അമ്മായിക്ക് തോന്നേണ്ടത്. അൽപം ചീത്തയൊക്കെ പറഞ്ഞാലും ജീവനോടെ ഇപ്പോളും നിക്കണത് അവരുടെ നല്ല മനസ് കൊണ്ടാണ്. 

എല്ലാ ജോലികളും തീർത്തു റൂമിലേക്ക് ചെല്ലുമ്പോൾ രണ്ടാളും കൂടെ എന്തൊക്കെയോ പറഞ്ഞ് തർക്കിക്കുന്നുണ്ടായിരുന്നു. എന്നെ കണ്ടതും രണ്ടും കൂടെ എന്റെ അടുത്തേക്ക് വന്നു. 

"ജാനു ചേച്ചീടെ കല്യാണത്തിന് ഞങ്ങൾ എന്ത് ഡ്രസ്സ്‌ ഇടുന്നതാ നല്ലത്?"

ശിവയാണ് അത് ചോദിച്ചത്. 

"എനിക്ക് അതൊന്നും അറിയില്ലല്ലോ. നിങ്ങൾക്ക് രണ്ടാൾക്കും ഇഷ്ടം ഉള്ളത് ഇട്ടോളൂ."

"ഞാൻ പറഞ്ഞു ദാവണി മതീന്ന്. ഇവൾ പറയുവാ ഗൗൺ വേണമെന്ന്. ഏതാ നല്ലത് ചേച്ചീ."

അത് പറഞ്ഞത് അനു ആയിരുന്നു. 

"കല്യാണത്തിന് പറയുന്ന ഡ്രസ്സ്‌ എല്ലാത്തിനും വാങ്ങി തരാൻ ആ ഒരു മനുഷ്യൻ തന്നെ പെടാ പാട് പെടേണ്ടെ. സ്വന്തം മക്കളെ കെട്ടിക്കാൻ ഒരു നുള്ള് സമ്പാദ്യം ഇല്ലാത്തപ്പോളാ വല്ലവള്മാർക്കും കൊമ്പത്തെ ആലോചനയും കൊണ്ട് വന്നേക്കുന്നത്."

അമ്മായിയുടെ മറുപടി കേട്ടതും നമ്മുടെ കുറുമ്പികളുടെ കൺഫ്യൂഷനൊക്കെ മാറിയെന്നു തോന്നുന്നു. രണ്ടാളും നല്ല കുട്ടികളായി ഒരു സൈഡിലേക്ക് വലിഞ്ഞു. 
അമ്മായി പറഞ്ഞത് കേട്ട് വിഷമത്തോടെ ഞാൻ നോക്കിയപ്പോൾ രണ്ടും എന്നെ നോക്കി ചിരിച്ചും കാണിച്ചു.

"എനിക്ക് ഇപ്പോൾ കല്യാണം വേണ്ടായിരുന്നു."

തല കുനിച്ചാണ് ഞാനത് പറഞ്ഞത്. 

"എപ്പോൾ ആണെങ്കിലും നിന്നെ കെട്ടിച്ചു വിടേണ്ടേ? നേരത്തേ ആണെങ്കിൽ അത്രയും കുറച്ചു സഹിച്ചാൽ മതിയല്ലോ."

"നീ എന്തിനാണ് അവളെ ഓരോന്നും പറഞ്ഞ് വിഷമിപ്പിക്കണത്. എന്റെ മൂന്ന് മക്കളെയും ഞാൻ ജീവനോടെ ഉള്ളത്രയും കാലം പൊന്നു പോലെ നോക്കും. ബാധ്യത ഒഴിച്ച് വിടാനല്ല അവളെ ഞാൻ കല്യാണത്തിന് നിർബന്ധിച്ചത്, ഇന്ദ്രൻ നല്ല പയ്യനാണ്. അവന്റെ അച്ഛനും ഞാനുമായി വളരെ കാലത്തെ ആത്മബന്ധമാണ്. പണത്തേക്കാൾ ബന്ധങ്ങൾക്ക് വില കൊടുക്കുന്ന കൊണ്ടല്ലേ ഇത്രയും അധഃപതിച്ച നമ്മുടെ കുടുംബത്തേക്ക് പെണ്ണന്വേഷിച്ചു വന്നത്. അത്രയും നല്ല മനസ്സുള്ളോരുടെ കയ്യിൽ ഇവളെ കൊടുത്താൽ പിന്നെ എനിക്ക് സമാധാനമാവും. എനിക്ക് എന്തെങ്കിലും പറ്റിയാലും എന്റെ കുട്ടികളെ ജാനു നോക്കില്ലേ?"

"നിങ്ങൾ ഇങ്ങനെ കുറേ സ്വപ്നം കാണുന്നത് തന്നെ മിച്ചം. ഇതിലും കൂടുതൽ സ്വപ്‌നങ്ങൾ തന്നിട്ട് ഇന്നലെ കണ്ടവന്റെ കൂടെ ഒളിച്ചോടിയ പെങ്ങളുടെ മോളാണ് ഇതെന്ന് ഓർത്താൽ കൊള്ളാം."

"നീ ഒന്ന് മിണ്ടാതിരിക്കണുണ്ടോ? എന്റെ കുട്ടിയെ എനിക്ക് അറിയാം."

എന്നെ ചേർത്ത് നിർത്തിക്കൊണ്ട് മാമൻ പറഞ്ഞപ്പോൾ നെഞ്ച് കീറി മുറിക്കുന്ന വേദന ഉണ്ടായിരുന്നിട്ടും എതിർത്തൊന്നും പറഞ്ഞില്ല. 
നന്ദികേട് ചെയ്തു കൂടാ. സുഭദ്രയെ പോലെ ജാനകിയും ആ മനുഷ്യന്റെ സ്വപ്നങ്ങളെ തല്ലി കെടുത്തിക്കൂടാ. അത് ചിലപ്പോൾ ആരോരുമില്ലാതിരുന്ന പെണ്ണിനെ നോക്കി വളർത്തിയതിന് തിരിച്ചു കൊടുക്കാവുന്ന ഏറ്റവും ചെറിയ പ്രത്യുപകാരമായിരിക്കും. പക്ഷെ വിഷ്ണു ഏട്ടനോട് താൻ കാണിച്ച ക്രൂരതയ്ക്ക് എന്ത് പ്രായിചിത്യമാണ് ചെയ്യേണ്ടതെന്ന് എനിക്ക് അറിയില്ലായിരുന്നു. 

ഇതേ സമയം ഇന്ദ്രിയത്തിൽ, 

"ഏട്ടാ അവൻ ഇതു വരെ കല്യാണത്തിന് താല്പര്യം കാണിക്കുന്നില്ലല്ലോ?"

"എന്റെ ഉഷേ അവന്റെ ഇഷ്ടത്തിനാണോ നമ്മൾ എല്ലാം നിശ്ചയിച്ചത്."

"എങ്കിലും ഏട്ടാ അവനൊരു മാറ്റം ഉണ്ടാകുമെന്ന് വിചാരിച്ചല്ലേ നമ്മൾ എല്ലാം തീരുമാനിച്ചു ഉറപ്പിച്ചത്."

"അതൊക്കെ കല്യാണം കഴിഞ്ഞു മാറുമെന്നേ."

"മാറിയില്ലെങ്കിലോ? എനിക്ക് പേടിയാവുന്നു. ഒരു പാവം പെൺകുട്ടിയുടെ ജീവിതം വെച്ചാണ് നമ്മൾ കളിക്കുന്നത്."
 
"അതൊക്കെ മാറും. ജാനകിക്ക് അവനെ പഴയ ഇന്ദ്രനാക്കാൻ പറ്റും. എനിക്ക് ഉറപ്പുണ്ട്."

ഓരോന്നും പറഞ്ഞ് ഉഷയെ ആശ്വസിപ്പിക്കുമ്പോഴും സേതുമാധവന്റെ മനസിൽ ഒരു ആകാംഷയുടെ കടലിരമ്പുന്നുണ്ടായിരുന്നു. 

ദേവാസുരം -2 & 3
💟💟💟💟💟💟

"ഏട്ടാ അവൻ ഇത് വരെ വന്നില്ലല്ലോ?"

"നീ എന്തിനാ അവനെ കാത്തിരിക്കുന്നത്. രാത്രി വൈകി വരുന്നത് പുതുമയുള്ള കാര്യം അല്ലല്ലോ? ഭക്ഷണം എടുത്ത് വെച്ചിട്ട് നീ പോയി കിടന്നോളു."

"അവൻ വരാതെ എനിക്ക് ഉറക്കം വരില്ല ഏട്ടനത് അറിയില്ലേ?"

അപ്പോഴാണ് കാളിങ് ബെൽ മുഴങ്ങിയത്. 

"അവൻ ആവും."
 
ഇതും പറഞ്ഞ് സേതു പോയി വാതിൽ തുറന്നു. പിന്നാലെ ഉഷയും. 
വാതിൽ തുറന്നതും ആരെയും ശ്രദ്ധിക്കാതെ അകത്തേക്ക് പോകാൻ തുനിഞ്ഞ ഇന്ദ്രനെ സേതു തടഞ്ഞു. 

"ഇന്ദ്രാ..."

"മ്മ്."

"കഴിക്കുന്നില്ലേ?"

"വേണ്ട. ഞാൻ പുറത്തു നിന്ന് കഴിച്ചു."

ഇപ്പോൾ മിക്ക ദിവസങ്ങളിലും ഇങ്ങനെയാണ്. 

"ഒരു നേരമെങ്കിലും നമുക്ക് ഒന്നിച്ച് കഴിച്ചൂടെ. നീ എന്താ ഇങ്ങനെ തുടങ്ങുന്നത്? ഞങ്ങൾ നിന്നോട് എന്ത് തെറ്റാണ് ചെയ്തത്?"

"അച്ഛനത് അമ്മയോട് ചോദിക്ക്. അമ്മയ്ക്ക് അറിയാം എല്ലാം."

ദേഷ്യത്തിൽ ഉഷയെ നോക്കി അവൻ പറഞ്ഞു. 

"ഞാൻ എന്ത് ചെയ്‌തെന്നാണ്. കുറേ കാലമായി നീ ഇത് പറയുന്നു. ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല. എന്റെ മോനെ വേദനിപ്പിക്കുന്ന എന്തെങ്കിലും എനിക്ക് ചെയ്യാൻ കഴിയുമോ?"

വിങ്ങി പൊട്ടി കൊണ്ടാണ് ഉഷയത് പറഞ്ഞത്. 

"തെറ്റ് ചെയ്തെങ്കിൽ തിരുത്താൻ ഞാൻ തയ്യാറാണ്. ഞാൻ ചെയ്ത തെറ്റിന്റെ പേരിൽ നീ നിന്റെ ജീവിതം കളയരുത്."

"ഇനി എന്ത് ജീവിതം. അല്ലെങ്കിലും ഇനി ഒന്നും ശെരിയാവാൻ പോവുന്നില്ല."

ഇതും പറഞ്ഞ് മറുപടിക്ക് കാത്തു നിൽക്കാതെ ഇന്ദ്രൻ മുകളിലേക്ക് കയറി പോയി. 

"കേട്ടില്ലേ ഏട്ടാ നമ്മുടെ മോൻ പറഞ്ഞത്. പണ്ട് അവന് എല്ലാ കാര്യത്തിലും ഞാൻ മതിയായിരുന്നു. എന്റെ മുഖമൊന്നു വാടിയാൽ അവന് സഹിക്കില്ലായിരുന്നു. പക്ഷെ ഇപ്പോൾ... ഞാൻ എന്ത് പറഞ്ഞിട്ടും അവനെന്നെ വിശ്വസിക്കുന്നില്ലല്ലോ?"

"അവന് നിന്നെ വിശ്വാസം ഇല്ലാഞ്ഞിട്ടല്ല. അവന്റെ മനസ് വിഷമിപ്പിച്ച എന്തോ ഒന്ന് ഉണ്ടായിട്ടുണ്ട്. അതിന്റെ ശെരിയായ കാരണം ഉൾക്കൊള്ളാൻ അവന് ചിലപ്പോൾ പറ്റുന്നുണ്ടാവില്ല. അതാവും.. അവൻ എന്ത് പറഞ്ഞാലും നീ അവനെ വിട്ട് പോവില്ലെന്ന് അവന് ഉറപ്പുള്ള കൊണ്ടാവും നിന്നെ കുറ്റപ്പെടുത്തുന്നത്. അല്ലാതെ നിന്നോട് സ്നേഹമില്ലാഞ്ഞിട്ടോ മനസിലാക്കാഞ്ഞിട്ടോ ഒന്നും ആവില്ല."

ആ വാക്കുകൾ ഉഷയ്ക്ക് തെല്ലൊരു ആശ്വാസം നൽകി. കണ്ണീരൊപ്പി ഉഷ മുറിയിലേക്ക് പോയി. ഉഷയുടെ പിന്നാലെ നിസഹായനായി സേതുവും. 

റൂമിലെത്തിയെങ്കിലും നിറ കണ്ണുകളോടെ നിന്ന അമ്മയുടെ മുഖം ഇന്ദ്രന്റെ മനസിൽ നിന്ന് മായുന്നുണ്ടായിരുന്നില്ല. ഒരു നൂറു ചോദ്യങ്ങൾ അവന്റെ മനസിലേക്ക് ഒഴുകിയെത്തി. ഇല്ല ഞാൻ കരുതും പോലെ അമ്മ തന്നെയാവും എല്ലാത്തിനും പിന്നിൽ. ടേബിളിൽ ഇരുന്ന ഫോട്ടോയിലേക്ക് അവന്റെ കണ്ണുകൾ സഞ്ചരിച്ചു. കുട്ടിക്കാലത്തെടുത്ത  അവന്റെയും അലീനയുടെയും അലെക്സിന്റെയും ഫോട്ടോ ആയിരുന്നത്. അലീനയുടെ മുഖത്തെ തിളക്കം അവന്റെ കണ്ണുകളിലും പ്രതിഫലിച്ചിരുന്നു. 

ഫോൺ റിങ് ചെയ്തപ്പോളാണ് ചിന്തകളിൽ നിന്ന് ഉണർന്നത്. ചേച്ചിയാണ് വിളിച്ചത്. നാളെ അങ്ങോട്ടേക്ക് ചെല്ലണം എന്ന് പറഞ്ഞിട്ടുണ്ടായിരുന്നു. ഒന്നൂടെ ഓർമിപ്പിക്കാൻ വിളിച്ചതാണ്. പാവം മക്കളില്ലാതെ കുറേ വിഷമിച്ചതാണ്. ഇപ്പൊൾ ഒരു കുഞ്ഞിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ്. ഒരു അമ്മയുടെ സ്നേഹം അവളിൽ നിന്ന് ഇപ്പോളും എനിക്ക് ലഭിക്കുന്നുണ്ട്. അവളാണ് ജാനകിയുടെ കാര്യം അച്ഛനെ കൊണ്ട് ആലോജിപ്പിച്ചത്. എനിക്ക് താല്പര്യം ഇല്ലാഞ്ഞിട്ടും എന്നെ കൊണ്ട് സമ്മതിപ്പിച്ചു. അതാണോ സത്യം?  അല്ല ചിലരോടുള്ള വാശി കൊണ്ട് സമ്മതിച്ചു പോയതാണ്. പക്ഷെ പിന്നീട് ആലോചിച്ചപ്പോൾ കല്യാണം മുടക്കാൻ ആണ് തോന്നിയത്. ഞാൻ കാരണം ഒരു പെൺകുട്ടിയുടെ ജീവിതം തകരരുതെന്ന് തോന്നി. ഞാൻ എന്താണെന്നും എന്റെ അവസ്ഥ എന്താണെന്നും അവൾ അറിഞ്ഞിരിക്കണം എന്ന് തോന്നി. അതാണ് എല്ലാം തുറന്ന് പറയാനായി ഇന്ന് ജാനകിയുടെ കോളേജിലേക്ക് പോയത്. ഒന്നോർത്താൽ പോയത് നന്നായി അല്ലെങ്കിൽ എല്ലാവരെയും പോലെ അവളുടെ അഭിനയത്തിൽ ഞാനും മയങ്ങി പോയേനെ. ഒരു പണക്കാരനെ കണ്ടപ്പോൾ സ്നേഹിച്ച പുരുഷനെ ഉപേക്ഷിച്ച അവളോട് സഹതാപത്തിന്റെ ആവശ്യം ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. എനിക്ക് ഇവളെക്കാൾ യോജിച്ച മറ്റൊരു ബന്ധം കിട്ടാനുമില്ല. നിഗൂഢമായി ചിരിച്ചുകൊണ്ട് അവൻ ഓർത്തു.

✡️✡️✡️✡️✡️✡️✡️✡️✡️✡️✡️✡️✡️✡️✡️

എത്രയൊക്കെ ന്യായീകരിക്കാൻ ശ്രമിച്ചിട്ടും വിഷ്ണു ഏട്ടനോട് തെറ്റ് ചെയ്തതിന്റെ കുറ്റബോധം മനസിൽ നിന്ന് മാറുന്നുണ്ടായിരുന്നില്ല. ആദ്യമായി കോളേജിൽ ചെന്നപ്പോൾ മുതൽ എന്തിനും ഏതിനും സഹായമായി ഏട്ടൻ കൂടെ ഉണ്ടായിരുന്നു. ആ കണ്ണുകളിലെ തിളക്കം എന്നോടുള്ള പ്രണയമാണെന്ന് തിരിച്ചറിഞ്ഞത് മുതൽ അകറ്റി നിർത്താനേ ശ്രമിച്ചിട്ടുള്ളു. പക്ഷെ എപ്പോളോ സ്നേഹം കൊണ്ടെന്നെ ഏട്ടൻ വിലക്ക് വാങ്ങി. ആ സ്നേഹവും കരുതലും ആസ്വദിക്കാനുള്ള വ്യഗ്രതയിൽ മറ്റെല്ലാ കാര്യങ്ങളും മനഃപൂർവം മറന്നു. മാമൻ ഈ ബന്ധം സമ്മതിക്കുമെന്നാണ് എന്നെ പോലെ ഏട്ടനും കരുതിയിരുന്നത്. പക്ഷെ പെട്ടെന്നാണ് ഇടിത്തീ പോലെ ഇന്ദ്രേട്ടന്റെ ആലോചന വന്നത്. എന്നോടൊന്നു ചോദിക്കുക പോലും ചെയ്യാതെ എല്ലാം സമ്മതിച്ചു വാക്ക് പറഞ്ഞ് നിൽക്കുന്ന മാമനെയാണ് കോളേജിൽ നിന്ന് വരുമ്പോൾ ഞാൻ കണ്ടത്. ഞാൻ അറിയാതെ തന്നെ മുഖത്തു പ്രതിഫലിച്ച വിസമ്മതം മാമനെ തളർത്തുന്നത് കണ്ടത് കൊണ്ടാണ് സന്തോഷത്തോടെ സമ്മതം അറിയിച്ചത്. വിഷ്ണു ഏട്ടനോട്‌ പറയാൻ അവസരം കിട്ടുന്നതിന് മുൻപ് തന്നെ നിശ്ചയവും കഴിഞ്ഞു പോയിരുന്നു. പിന്നീടും ഇത് പറയാനായി പല പ്രാവശ്യം ഒരുങ്ങിയതാണ് പക്ഷെ ഏട്ടന്റെ ആ കണ്ണുകളിലെ സന്തോഷം അത് ദുഃഖമായി മാറുന്നത് കാണാനുള്ള ശക്തി ഉണ്ടായിരുന്നില്ല. അവസാനം ഇങ്ങനെയൊക്കെ ആവുമെന്ന് അറിയാമായിരുന്നു. എന്നോടുള്ള വെറുപ്പ്‌ കൊണ്ടെങ്കിലും മറ്റൊരു സന്തോഷം കണ്ടെത്തിയാൽ മതിയായിരുന്നു. വിഷ്ണു ഇനി തന്റേതാവില്ല എന്ന സത്യം അവളുടെ മനസിനെ വീണ്ടും വീണ്ടും കീറി മുറിച്ചു കൊണ്ടിരുന്നു. 

പിന്നീടുള്ള രണ്ടു ദിവസങ്ങളിലും വിഷ്ണു ഏട്ടൻ കോളേജിൽ വന്നിരുന്നില്ല. എന്നെ വെറുക്കാനും മറക്കാനും ഏട്ടന് കഴിയണേ എന്നാണ് ആ ദിവസങ്ങളിൽ പ്രാർത്ഥിച്ചത്. ദേവുവും എന്നോട് മിണ്ടാതെ നടന്നത് എന്നെ ശെരിക്കും ഒറ്റപ്പെടുത്തി. കുട്ടിക്കാലം മുതലേ ഞങ്ങൾ ഒന്നിച്ചായിരുന്നു. എല്ലാ സങ്കടങ്ങളും സന്തോഷങ്ങളും പങ്കു വയ്ക്കാൻ കൂട്ടായി അവൾ മാത്രേ ഉണ്ടായിരുന്നുള്ളു. കൊലപാതകിയുടെ മകളായി എല്ലാവരും ഒറ്റപ്പെടുത്തുമ്പോളും കൂടെ നിഴലു പോലെ അവളുണ്ടായിരുന്നു. എന്ത് പറഞ്ഞാലും സഹിക്കാൻ തയ്യാറായാണ് അവളുടെ അടുത്തേക്ക് ചെന്നത്. 

"ദേവു..."

കേട്ട ഭാവം പോലുമില്ലാതെ അവൾ തല കുനിച്ചു തന്നെ ഇരുന്നു. 

"പ്ലീസ് ദേവു.. എന്നെ നീ വഴക്ക് പറഞ്ഞോളൂ ദേഷ്യപ്പെട്ടോളൂ മിണ്ടാതെ ഇരിക്കല്ലേടാ.. എനിക്ക് വേറെ ആരാ ഉള്ളത്."

കയ്യിൽ പിടിച്ചത് പറയുമ്പോളേക്കും കണ്ണ് നിറഞ്ഞിരുന്നു. 

"മാമന് മുന്നിൽ തോറ്റു കൊടുക്കേണ്ടി വന്നത് കൊണ്ടാണ്... ആരോരുമില്ലാത്ത എന്നെ വളർത്തിയതല്ലേ മറുത്തൊന്നും പറയാൻ പറ്റിയില്ല."
 
"അതിന് നീ കല്യാണത്തിന് സമ്മതിച്ചതിനാണോ ഞാൻ പിണങ്ങിയത്. നിനക്ക് എന്നോടെങ്കിലും എല്ലാം പറയാമായിരുന്നില്ലേ?"

"അത് നിന്നോടെല്ലാം പറഞ്ഞാൽ വിഷ്ണു ഏട്ടനോടും ഞാൻ പറയേണ്ടി വരില്ലേ? ഏട്ടനെ എനിക്ക് ഉപേക്ഷിക്കാൻ പറ്റണുണ്ടായിരുന്നില്ല."

അത് പറഞ്ഞപ്പോൾ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു. പെട്ടെന്ന് തന്നെ അവളെന്നെ കെട്ടി പിടിച്ചു. 

"ഇത്രേം ദിവസം എങ്ങനെ ഇതൊക്കെ നീ ഒറ്റക്ക് സഹിച്ചു. ആരോടെങ്കിലും പറഞ്ഞാൽ അത്രയും സമാധാനം കിട്ടില്ലേ."

അവളും കരയുന്നുണ്ടായിരുന്നു. 

"പോട്ടെ സാരമില്ല. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞാൻ നിന്റെ കൂടെ ഉണ്ടാവും. എനിക്കറിയാം എന്റെ ജാനുവിനെ."

എല്ലാ കാര്യങ്ങളും അവളോട് തുറന്നു പറഞ്ഞപ്പോൾ ഉത്തരമില്ലാത്ത കുറേ ചോദ്യങ്ങൾ മനസിൽ ഉണ്ടായിരുന്നിട്ടും എന്തോ ഒരു ആശ്വാസം തോന്നി. എല്ലാം അറിഞ്ഞിട്ടും  എന്നെ മനസിലാക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ഒരാളെങ്കിലും ഉണ്ടല്ലോ. പിന്നെയും കുറേ നേരം ഞങ്ങൾ സംസാരിച്ചു. വരാനിരിക്കുന്നത് എന്താണെങ്കിലും തരണം ചെയ്യാനുള്ള ഊർജം അവളെനിക്ക് നൽകി കൊണ്ടിരുന്നു...

കുറേ നാളു കൂടി മനസമാധാനം തോന്നിയത് ഇന്നായിരുന്നു. ആ ഒരു സന്തോഷത്തിലാണ് വീട്ടിലേക്ക് ചെന്നത്. റോഡിൽ നിന്ന് ഇറങ്ങിയപ്പോളേ വീടിന് മുന്നിലൊരു കാർ കിടക്കുന്നത് കണ്ടിരുന്നു. വിരുന്നുകാർ ആരെങ്കിലും എത്തിയതാവുമെന്നാണ് കരുതിയത്. പക്ഷെ എന്തൊക്കെയോ ഒച്ചയും ബഹളവുമൊക്കെ കേട്ടപ്പോൾ അറിയാതെ തന്നെ ഉള്ളിൽ പല ഭയ ചിന്തകളും ഉരുണ്ടു കൂടി. അത് കൊണ്ട് തന്നെ കാലുകൾക്ക് വേഗത കൂടിയിരുന്നു. ചെന്നു കേറുമ്പോൾ തന്നെ ആരൊക്കെയോ ചേർന്ന് മാമനെ എടുത്തു കൊണ്ട് വരുന്നതാണ് കണ്ടത്. ഒരു നിമിഷത്തേക്ക് ശരീരം തളർന്നു പോയിരുന്നു. അമ്മായിയും കുട്ടികളും അലമുറയിട്ട് കരയുന്നുണ്ട്. പെട്ടെന്ന് തന്നെ ഞാൻ മനസ് വീണ്ടെടുത്തു. മാമൻ പറയാറുള്ളത് മനസിൽ വന്നു. 
"നീയെന്റെ മൂത്ത മോളാണ്. എനിക്ക് എന്തെങ്കിലും പറ്റിയാലും ഇവരെ നീയാണ് നോക്കേണ്ടത്." അതേ തളരാൻ പാടില്ല. 

ഞാൻ വേഗം റൂമിലേക്ക് ഓടി. കുട്ടികളെ ട്യൂഷൻ പഠിപ്പിച്ചു കുറേശെ സ്വരുക്കൂട്ടി വെച്ച കുറച്ചു പൈസ കയ്യിലുണ്ടായിരുന്നു അതെടുത്തു ഓടി വന്നു. കുട്ടികൾ രണ്ടാളും വീട്ടിൽ തന്നെ നിൽക്കാൻ പറഞ്ഞ് ഞാനും അമ്മായിയും അടുത്തുള്ള ഒരു ഏട്ടനും കൂടെ കാറിൽ കയറി. അമ്മായി ഭയത്തോടെ മാമന്റെ മുഖത്തു നോക്കി കരയുന്നുണ്ടായിരുന്നു. ഞാൻ അമ്മായിയുടെ കയ്യിൽ പിടിച്ചു ഒന്നും വരില്ലെന്ന് മനസ് കൊണ്ട് പറഞ്ഞു. അടുത്ത് തന്നെയുള്ള സ്വകാര്യ ആശുപത്രിയിലേക്കാണ് പോയത്. പണം എങ്ങനെയെങ്കിലും ഉണ്ടാക്കാമെന്ന വിശ്വാസം ഉണ്ടായിരുന്നു. അവിടെ ചെന്നപ്പോൾ തന്നെ മാമനെ icu വിലാക്കി.  കുറച്ചു സമയം കഴിഞ്ഞപ്പോൾ ഇന്ദ്രേട്ടന്റെ അച്ഛനും അമ്മയും ശിവയേയും അനുവിനെയും കൂട്ടി വന്നു. പേടിച്ചിട്ട് രണ്ടാളും കൂടെ അവരെ വിളിച്ച് പറഞ്ഞതാണത്രേ. ഏതായാലും അച്ഛൻ വന്നത് ആശ്വാസമായി. സൗഹൃദങ്ങളുടെയും ബന്ധങ്ങളുടെയും വില മനസിലാവുന്ന ചില സന്ദർഭങ്ങൾ ഉണ്ട്. ഒന്ന് ആശ്വസിപ്പിക്കാനെങ്കിലും മറ്റൊരാൾ കൂടെയുള്ളത് ഭാഗ്യമാണ്. ഇതൊക്കെ കൊണ്ടാവും മാമൻ എന്റെ കാര്യത്തിൽ തിടുക്കത്തിൽ ഒരു തീരുമാനം എടുത്തത്. 

മാമന് ഇസിജി യിൽ ചെറിയ വേരിയേഷൻ ഉണ്ട്. കുറച്ചു ചെക്ക് അപ്പ്‌ നടത്താൻ ഉണ്ടത്രേ. അധികം സ്‌ട്രെയിൻ ഒന്നും എടുപ്പിക്കരുതെന്നാണ് ഡോക്ടർ പറഞ്ഞത്. ഒരു ദിവസം അവിടെ കിടക്കാൻ പറഞ്ഞു. അമ്മയും അച്ഛനും പോയപ്പോൾ അവരെയും കൊണ്ട് പോയി. അമ്മായിയും ഞാനും അവിടെ തന്നെ നിന്നു. 

✡️✡️✡️✡️✡️✡️✡️✡️✡️✡️✡️✡️✡️✡️✡️

പതിവ് പോലെ നേരം വൈകിയാണ് ഇന്ദ്രൻ വീട്ടിൽ എത്തിയത്. സേതു ആണ് വാതിൽ തുറന്നത്. സേതുവിൻറെ മുഖത്തു ദേഷ്യ ഭാവമായിരുന്നു. അത് ഗൗനിക്കാതെ അകത്തേക്ക് കയറിയപ്പോളാണ് ശിവയേയും അനുവിനെയും കണ്ടത്. ആദ്യം അത്ഭുതം തോന്നിയെങ്കിലും ഒന്ന് ചിരിച്ചെന്ന് വരുത്തി പോകാൻ ഒരുങ്ങുകയായിരുന്നു ഇന്ദ്രൻ. 

"മാധവൻ സുഖമില്ലാതെ ആശുപത്രിയിൽ ആണ്. മോളും നിർമ്മലയും ആശുപത്രിയിൽ നിക്കുന്നത് കൊണ്ട് കുട്ടികളെ ഞങ്ങൾ ഇങ്ങോട്ടേക്കു കൊണ്ട് വന്നു. അവിടുത്തെ കാര്യം പറയാൻ നിന്നെ വിളിച്ചിട്ട് കിട്ടിയില്ല." 

"ഓഫീസിൽ അൽപം തിരക്കായിരുന്നു." 

"അവന് അല്ലെങ്കിലും ഓഫീസ് കഴിഞ്ഞിട്ടേ ബാക്കി എന്തുമുള്ളു."
 
ഉഷയായിരുന്നു അത് പറഞ്ഞത്. ഒന്ന് ചിരിച്ചെന്ന് വരുത്തി ഇന്ദ്രൻ മുറിയിലേക്ക് പോയി. 

"മക്കൾ കഴിച്ചിട്ട് കിടക്കാൻ നോക്കൂ."

"ഏട്ടനും വരട്ടെ നമുക്ക് ഒന്നിച് കഴിക്കാം."

അനു അത് പറഞ്ഞതും സേതു ഇന്ദ്രനെ വിളിക്കാനായി മുകളിലേക്ക് പോയി. 
സേതു മുറിയിൽ ചെല്ലുമ്പോൾ എന്തോ ആലോചിച്ചു ജനലിലൂടെ പുറത്തേക്ക് നോക്കി നിക്കുന്ന ഇന്ദ്രനെ ആണ് കണ്ടത്. 

"ആ കുട്ടികളെ ഒന്നും അറിയിക്കേണ്ട എന്ന് വെച്ചാണ് താഴെ വെച്ചു നിന്നോട് ഞാനൊന്നും പറയാതിരുന്നത്."
 
സേതുവിന്റെ ശബ്ദമാണ് ഇന്ദ്രനെ ചിന്തകളിൽ നിന്ന് ഉണർത്തിയത് എങ്കിലും തന്റെ ദൃഷ്ടിയിൽ മാറ്റം വരുത്താതെ പുറത്തേക്ക് നോക്കി തന്നെ അവൻ നിന്നു. 

"നിന്നോട് എത്ര തവണ പറഞ്ഞതാണ് ആശുപത്രിയിലേക്ക് വരാൻ. ഒന്ന് മുഖം കാണിക്കാണെങ്കിലും വരാമായിരുന്നില്ലെ."

"ഞാൻ വന്നില്ലെന്ന് വെച്ചു അവിടുത്തെ കാര്യങ്ങൾക്ക് മുടക്കൊന്നും വന്നില്ലല്ലോ."

"ഇന്ദ്രാ... ഇത്ര ദുഷ്ടനാണോ നീ. നിന്നിൽ അവർക്ക് എത്രത്തോളം പ്രതീക്ഷ ഉണ്ടാവും. ഉണ്ടാവാൻ പോവുന്ന ബന്ധങ്ങളെ പറ്റി ആലോചിച്ചു ഒന്നും ചെയ്യണ്ട ആരോരുമില്ലാത്തവരെ സഹായിക്കുന്ന പോലെ കണ്ടാൽ മതി. നാളെ ഏതായാലും നീ ഓഫിസിൽ ലീവ് പറഞ്ഞേക്ക്. മാധവൻ നാളെ ഡിസ്ചാർജ് ആവും. നീ വേണം അവരെ വീട്ടിൽ കൊണ്ട് ആക്കാൻ."

"എനിക്ക് നാളെ തിരക്കുണ്ട്."
 
"സേതു മാധവന്റെ മകൻ ആണെങ്കിൽ നീ നാളെ അവിടെ പോകും. ആഹ് ഫ്രഷ് ആയി താഴേക്ക് വാ. ആ കുട്ടികൾ നിന്റെയൊപ്പം കഴിക്കാൻ കാത്തിരിക്കുകയാണ്."

"ഞാൻ കഴിച്ചിട്ടാ വന്നത്."

"കഴിച്ചില്ലെങ്കിലും അവരുടെ കൂടെ കുറച്ചു നേരം സംസാരിക്കൂ."

ഇത്രയും പറഞ്ഞ് സേതു പോയി. 

കുറച്ചു കാലങ്ങൾക്ക് ശേഷം അന്നാണ് ഇന്ദ്രിയത്തിൽ എല്ലാവരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നത്. അതിന്റെ സന്തോഷം ഉഷയുടെയും സേതുവിന്റെയും മുഖത്തു പ്രതിഫലിച്ചിരുന്നു. കുറഞ്ഞ സമയം കൊണ്ട് തന്നെ അനുവും ശിവയും ഇന്ദ്രനോട് അടുത്തു. ആദ്യമൊക്കെ അകൽച്ച തോന്നിയെങ്കിലും ഇന്ദ്രനും അവരെ അനിയത്തിമാരായി കണ്ടു തുടങ്ങിയിരുന്നു. കുറേ സമയത്തെ സംസാരത്തിനു ശേഷം വൈകിയാണ് എല്ലാവരും കിടക്കാനായി പോയത്. 

ശിവയുടെയും അനുവിന്റെയും കൂടെ രാവിലേ തന്നെ ഇന്ദ്രൻ ഹോസ്പിറ്റലിലേക്ക് പോയി. ജാനകിയുടെ കുടുംബവുമായി ഇന്ദ്രൻ അടുക്കാൻ വേണ്ടി സേതു മനഃപൂർവം കൂടെ പോയിരുന്നില്ല. അവിടെയെത്തി ഡിസ്ചാർജ് ചെയ്യാനുള്ള ബില്ല് ഒക്കെ ശെരിയാക്കി. കുറേ സമയം അവരുടെ കൂടെ ചിലവഴിച്ചു. ഇന്ദ്രനും ആ കുടുംബത്തോട് എന്തോ ഒരു ആത്മബന്ധം തോന്നി തുടങ്ങിയിരുന്നു. നിഷ്കളങ്കരായ കുറച്ചു മനുഷ്യർ. എല്ലാവരോടും സ്നേഹം മാത്രം. നിർമലയാണ് അൽപം വത്യസ്ഥ സ്വഭാവം ഇടക്കെങ്കിലും കാണിക്കാറുള്ളത് പക്ഷെ ഇപ്പോൾ മാധവന് വയ്യാത്തത് കൊണ്ടാവും അവരിലും ചെറിയ മാറ്റങ്ങൾ ഉണ്ടായിരുന്നു. എല്ലാവരോടും സംസാരിക്കുമ്പോളും ജാനകിയും ഇന്ദ്രനും പരസ്പരം അകൽച്ച കാണിച്ചിരുന്നു. വിഷ്ണുവിന്റെ കാര്യം അറിയുന്നത് കൊണ്ടാവാം ഇന്ദ്രനിൽ ജാനകിയോട് സഹതാപം പോലും ഉണ്ടാവാത്തത്. നിശ്ചയത്തിന്റെ അന്ന് കണ്ടതല്ലാതെ ജാനകിക്കും ഇന്ദ്രന്റെ കൂടെ ഇടപെഴകി പരിചയം ഇല്ലായിരുന്നു. അവന്റെ പെരുമാറ്റങ്ങളിൽ നിന്നും അവന് തന്നെ ഇഷ്ടമല്ലെന്ന് അവൾ നേരത്തേ തന്നെ ഊഹിച്ചിരുന്നതാണ്.

ഡിസ്ചാർജ് ചെയ്തു അവരെ വീട്ടിൽ കൊണ്ട് പോയി ആക്കിയത് ഇന്ദ്രനാണ്. തിരികെ യാത്ര പറഞ്ഞ് മടങ്ങിയ ഇന്ദ്രന് പിറകെ ജാനകിയെ മാധവൻ പറഞ്ഞ് വിട്ടു. കാറ്‌ വരെ അവൾ അവനെ അനുഗമിച്ചു. 

"ഇന്ദ്രേട്ടാ.. നന്ദി എല്ലാ സഹായങ്ങൾക്കും."

"ഓ നിന്റെ നന്ദിക്ക് വേണ്ടിയല്ല ഞാൻ ഇതൊക്കെ ചെയ്തത്. അകത്തു കിടക്കുന്ന ആ മനുഷ്യനോടും കുട്ടികളോടും തോന്നിയ സഹതാപത്തിന്റെ പുറത്താണ്."

"അറിയാം. എന്നോടുള്ള സ്നേഹം കൊണ്ടല്ല ഇതൊക്കെ ചെയ്തതെന്ന് അറിയാം. എന്നോട് ദേഷ്യം ആണെങ്കിൽ പോലും അതൊന്നും അവരോട് കാണിക്കാതിരുന്നാൽ മതി."

നിർവികാരമായ ഇത്രയും പറഞ്ഞ് അവൾ തിരികെ നടന്നു പോയി. 

അവളുടെ മറുപടി അവനിൽ ഞെട്ടലാണ് ഉണ്ടാക്കിയത്. തന്റെ സ്വത്തിനും പണത്തിനും വേണ്ടിയാണ് അവൾ ഈ കല്യാണത്തിന് സമ്മതിച്ചതെങ്കിൽ എന്റെ സ്നേഹം അവൾ പിടിച്ചു വാങ്ങാൻ അല്ലേ ശ്രമിക്കേണ്ടത്. അവൾ എന്നിൽ നിന്നും ഒന്നും പ്രതീക്ഷിക്കാത്ത രീതിയിലെ മുഖ ഭാവം ആയിരുന്നു അവൾക്ക്. അവളുടെ ഉദ്ദേശം എന്താണെന്ന് ഇന്ദ്രന് മനസിലാവുന്നുണ്ടായിരുന്നില്ല. 

വൈകിട്ട് തന്നെ സേതുവും ഉഷയും മാധവനെ കാണാൻ എത്തിയിരുന്നു. എത്രയും പെട്ടെന്ന് ഇന്ദ്രന്റെയും ജാനകിയുടെയും വിവാഹം നടത്തണമെന്ന് മാധവനാണ് പറഞ്ഞത്. ഉഷയ്ക്കും സേതുവിനും സന്തോഷമേ ഉണ്ടായിരുന്നുള്ളു. ജോത്സ്യരെ കണ്ടു അടുത്ത് തന്നെയുള്ള ഒരു മുഹൂർത്തം കുറിപ്പിക്കാമെന്ന് പറഞ്ഞാണ് ഉഷയും സേതുവും പോയത്. 

ഇവരുടെ സംസാരമൊക്കെ കേട്ട് ശിവയാണ് ജാനകിയോട് ഈ കാര്യങ്ങൾ പറഞ്ഞത്. ജാനുവിന് ഒരു മരവിപ്പാണ് തോന്നിയത്. എത്രയൊക്കെ മുറിച്ചു മാറ്റിയാലും മറക്കാൻ ശ്രമിച്ചാലും വിഷ്ണു അവളുടെ മനസിൽ നിന്ന് മാഞ്ഞിരുന്നില്ല. ഇന്ദ്രനും ഈ വിവാഹത്തിൽ താല്പര്യമില്ല അത് അറിഞ്ഞിട്ടും തനിക്ക് എതിർക്കാൻ പറ്റാത്തതിൽ അവൾക്ക് സങ്കടം തോന്നി. ഒരു ഭർത്താവിന്റെ സ്നേഹമൊന്നും അല്ലെങ്കിലും ആഗ്രഹിക്കുന്നില്ല. ആഗ്രഹിക്കാൻ പേടിയുമാണ്. എനിക്കായി എന്തെങ്കിലും മാറ്റി വയ്ക്കാൻ ദൈവം മറന്നു പോയിരിക്കണം.  ആകെയുള്ള ആശ്വാസം അമ്മയും അച്ഛനുമാണ്. എന്റെ അമ്മ മരിച്ചതിനു ശേഷം അമ്മയോളം സ്നേഹം കിട്ടുന്നത് ഉഷ അമ്മയുടെ അടുത്ത് നിന്നാണ്. ആ സ്നേഹമെങ്കിലും കിട്ടുമെന്നത് അവളിൽ പ്രതീക്ഷ നിറച്ചിരുന്നു. 

✡️✡️✡️✡️✡️✡️✡️✡️✡️✡️✡️✡️✡️✡️✡️

വൈകിട്ട് വന്നപ്പോൾ തന്നെ സേതു ഇന്ദ്രനോട് കല്യാണ കാര്യം പറഞ്ഞിരുന്നു. എതിർത്തൊന്നും പറയാൻ നിന്നില്ല. മുറിയിലേക്ക് കയറി കുറേ നേരത്തെ ആലോചനയ്ക്ക് ശേഷം  ലാപ് എടുത്ത് അലീനയെ വീഡിയോ കാൾ ചെയ്തു. സ്‌ക്രീനിൽ വെളുത്തു മെലിഞ്ഞ നീല കണ്ണുകളുള്ള ഒരു പെൺകുട്ടിയുടെ രൂപം തെളിഞ്ഞു വന്നിരുന്നു. 

"ഹായ് ഇന്ദ്രാ..."

"ഹായ് അലീ.."

അവന്റെ മുഖത്തു എന്തെന്നില്ലാത്ത സന്തോഷം തളം കെട്ടി നിന്നിരുന്നു. 

"എവിടാണ് മാൻ ! കാണാനേ ഇല്ലല്ലോ. പണ്ടൊക്കെ മൂന്നും നാലും നേരം വിളിച്ചിരുന്നതാണ്."

"നീയല്ലേ എപ്പോളും ബിസി."

"അതൊക്കെ പോട്ടെ അലക്സ്‌ നിന്നെ വിളിച്ചിരുന്നോ?"

"ഇല്ല രണ്ടു ദിവസായി വിളിച്ചിട്ട്."

"എന്നെയും വിളിച്ചിട്ട് രണ്ടു ദിവസായി. അല്ല നീ ഇതെന്ത് കോലമാണ് ഒരുമാതിരി നിരാശ കാമുകൻമാരെ പോലെ. താടിയും മുടിയും വളർത്തി.. ആ പഴയ കോലം ആയിരുന്നു നല്ലത്."

മറുപടി ഒരു പുഞ്ചിരിയിൽ ഒതുക്കി ഇന്ദ്രൻ സംസാരിച്ചു തുടങ്ങി. 

"അലീ ഞാനൊരു കാര്യം പറയാനാണ് വിളിച്ചത്. എന്റെ കല്യാണം ഉടനെ ഉണ്ടാവും. ചിലപ്പോൾ രണ്ടാഴ്ചക്ക് ഉള്ളിൽ."

"ആഹാ അപ്പോ കല്യാണ ചെക്കൻ ആണല്ലേ.
കൺഗ്രാറ്സ്‌ ഡിയർ.. അപ്പൊ കല്യാണം വിളിക്കാനാണോ വിളിച്ചേ. ശേ എനിക്ക് ചിലപ്പോൾ ഉടനേ ലീവ് കിട്ടില്ല."

"അതൊന്നും പറ്റില്ല നീ വരണം."

"ലീവ് കിട്ടിയ ഉടനേ ഞാൻ അവിടെ ലാൻഡ് ചെയ്തിരിക്കും. അല്ലെങ്കിലും അമേരിക്ക എനിക്ക് മടുത്തു."

"മ്മ്."

"അല്ല നിനക്ക് എന്താ ഒരു വിഷമം?"

"ഒന്നുമില്ല. തലവേദന ആണ്. ഞാൻ പിന്നെ വിളിക്കാം."

"ഓക്കേ ടേക്ക് കെയർ. ലവ് യൂ.."

വേഗം കാൾ കട്ട്‌ ആക്കി അവൻ ബെഡിലേക്ക് കിടന്നു. അവനിൽ നിരാശ കുമിഞ്ഞു കൂടുന്നുണ്ടായിരുന്നു. അവളുടെ മുഖത്തെ ഭാവം അടുത്തറിയാനാണ് വീഡിയോ കാൾ ചെയ്തത്. മറ്റൊരാൾ അവന്റെ ജീവിതത്തിലേക്ക് കടന്നു വരുന്നെന്നു അറിയുമ്പോളെങ്കിലും അവളിലൊരു മാറ്റം അവൻ പ്രതീക്ഷിച്ചിരുന്നു. തെല്ലൊരു ഞെട്ടൽ പോലും അവളിൽ ഉണ്ടാക്കാത്തത് അവനെ വേദനിപ്പിച്ചു. അതവനെ കൂടുതൽ ഭ്രാന്തനാക്കി കൊണ്ടിരുന്നു.

ദേവാസുരം 4 & 5
💟💟💟💟💟💟

"അമ്മേ നമ്മുടെ അലീനയെ ഞാൻ ഇങ്ങോട്ട് കൊണ്ട് വന്നാലോ?"

"അതെന്താ ഇപ്പോൾ പ്രത്യേകിച്ച് ചോദിക്കാൻ? നിങ്ങൾ മൂന്നാളും എപ്പോളും ഇവടൊക്കെ തന്നെയല്ലേ?"

"അതല്ല അമ്മക്കുട്ടി. അമ്മയുടെ മരുമകളായി കൊണ്ട് വരട്ടെ എന്ന്.."

ഞെട്ടലോടെ ഉഷ ഇന്ദ്രനെ നോക്കി. അവളുടെ മുഖത്തെ പുഞ്ചിരി മാഞ്ഞിരുന്നു. 

"എന്തൊക്കെയാ നീ പറയുന്നത്? നിന്റെ തമാശ അൽപം കൂടുന്നുണ്ട് കേട്ടോ?"

"തമാശ ഒന്നുമല്ല. അവൾ... അവൾ നല്ല കുട്ടി അല്ലേ. കുഞ്ഞുനാൾ തൊട്ട് ഇന്ന് വരെ എപ്പോളും നിഴലു പോലെ അവളും അലെക്സും ഉണ്ടായിരുന്നു. ഇനിയും അങ്ങനെ കൂടെ കൂട്ടാനാണ് മോഹം."

"അതിനാണോ കല്യാണം കഴിക്കണത്?"

"അത് കൊണ്ട് മാത്രമല്ല. എനിക്ക് കുട്ടിക്കാലം തൊട്ടേ അവളോട് ഇഷ്ടമായിരുന്നു. തിരിച്ചറിവ് വന്ന പ്രായത്തിലാണ് അതാണ് പ്രണയമെന്ന് മനസിലായത്."
ഒരു ചെറു ചിരിയോടെ അവൻ പറഞ്ഞു. 

"എനിക്ക് ഇഷ്ടമല്ല. എന്റെ  മകന്റെ ഭാര്യയായി വരുന്ന കുട്ടിയെ പറ്റി എനിക്കും കുറച്ചു ആഗ്രഹങ്ങൾ ഉണ്ട്."

"അതെന്താ അമ്മയ്ക്ക് അവളെ ഇഷ്ടമല്ലേ. അമ്മ പറയാറുണ്ടല്ലോ അവൾ നല്ല കുട്ടി ആണെന്ന്"

"ഇഷ്ടമില്ലാഞ്ഞിട്ടല്ല. ജീവിതത്തിൽ നിന്റെ സ്വഭാവത്തിന് ഇണങ്ങുന്ന കുട്ടി അല്ല അവൾ. 
അങ്ങനെ എനിക്ക് തോന്നിയിട്ടില്ല.
നിങ്ങൾ രണ്ടു പേരെയും എനിക്കറിയാം. നിങ്ങൾ ചേരില്ല. നീ ഇത് അവളോട് പറഞ്ഞിരുന്നോ?"

"അമ്മയോടാണ് ആദ്യം പറയുന്നത്."

"അലെക്സിന് അറിയുമോ?"

"അറിയില്ല."

"ആഹ് എങ്കിൽ ഇനി ആരോടും പറയണ്ട. അവളും നിന്നെ അങ്ങനെ കണ്ടിട്ടുണ്ടാവില്ല. നല്ലൊരു സൗഹൃദം ഇത് പറഞ്ഞ് നശിപ്പിക്കല്ലേ."

"അവൾക്കെന്നെ ഇഷ്ടമാണ്."

"എന്ന് നിന്നോട് ആരാണ് പറഞ്ഞത്."

"എനിക്ക് തോന്നി. അവളെന്നോട് പലപ്പോഴും ആ ഒരു അടുപ്പം കാണിക്കാറുണ്ട്. ഞങ്ങൾ മൂന്നാളും ഒന്നിച്ചുള്ളപ്പോളും അവൾ എന്നോടാണ് കൂടുതൽ ഇടപെടുന്നത്." 

"അതൊക്കെ പ്രണയം കൊണ്ടാണെന്നു പറയാൻ പറ്റില്ല ഇന്ദ്രാ.. ഞാൻ പറഞ്ഞില്ലേ നീ അത് മറന്നു കളയൂ. എനിക്ക് ഇഷ്ടമല്ല."

"അമ്മയുടെ സമ്മതം എനിക്ക് ആവശ്യമില്ല. ഞാൻ അവളോട് പറഞ്ഞോളാം. അവൾക്ക് ഇഷ്ടമാണെങ്കിൽ ഇന്ദ്രന്റെ ഭാര്യ അലീന ആയിരിക്കും."

"ഇതൊന്നും നടക്കില്ല. എനിക്ക് ഉറപ്പുണ്ട്."

അമ്മയുടെ മുഖത്തെ ആത്മവിശ്വാസം അത് അവന്റെ മനസ്സിൽ നിന്ന് മാഞ്ഞിട്ടില്ലായിരുന്നു. 
പെട്ടെന്ന് തന്നെ അവൻ തന്റെ ചിന്തകളിൽ നിന്ന് തിരിച്ചു വന്നു. 

അമ്മയാണ് എല്ലാത്തിനും കാരണം. അവൾക്ക് എന്നേക്കാൾ ഇഷ്ടം അമ്മയോടായിരുന്നു. അതാവും അവൾ... അമ്മ അറിയാതെ ഒന്നും നടക്കില്ല. എങ്കിലും സ്വന്തം സ്വാർത്ഥ താല്പര്യത്തിന് വേണ്ടി മകന്റെ ജീവിതം തകർക്കാനും മാത്രം അധപതിച്ചു പോകുമോ എന്റെ അമ്മ. അറിയില്ല. അവൾക്ക് എങ്ങനെ ഇത്രത്തോളം എന്നെ അകറ്റി നിർത്താൻ കഴിയുന്നു. അധിക കാലം പ്രണയം മറച്ചു വയ്ക്കാൻ എങ്ങനെ കഴിയും. കല്യാണം അടുക്കുമ്പോളെങ്കിലും അവളിലൊരു മാറ്റം ഞാൻ പ്രതീക്ഷിച്ചിരുന്നു. ഇനി അമ്മ പറഞ്ഞ പോലെ അവൾക്ക് ഒരിക്കലും എന്നോട് ഇഷ്ടം തോന്നിയിട്ടില്ലേ? ഇല്ല അങ്ങനെ വിശ്വസിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. 

✡️✡️✡️✡️✡️✡️✡️✡️✡️✡️✡️✡️✡️✡️✡️✡️

എന്തോ ഗൗരവമേറിയ കാരണം ആയത് കൊണ്ടാവാം രുദ്രേച്ചി എന്നെ നേരിട്ട് കാണണമെന്ന് പറഞ്ഞത്. അച്ഛനെയും അമ്മയെയും പോലെ തന്നെ രുദ്രേച്ചിക്കും നല്ല സ്നേഹമാണ്. പണ്ട് മുതൽക്കേ കാണുമ്പോളൊക്കെ ഒത്തിരി സംസാരിക്കുമായിരുന്നു. ഇന്ദ്രേട്ടന്റെ ആലോചന വന്നതിനു ശേഷം നേരിട്ട് കാണാൻ കഴിഞ്ഞില്ലെങ്കിലും മിക്കപ്പോഴും ചേച്ചി വിളിക്കാറുണ്ട്. എപ്പോളും വാ തോരാതെ സംസാരിച്ചു കൊണ്ടേ ഇരിക്കും. കൂടുതലും ഏട്ടന്റെ കാര്യങ്ങൾ ആവും പറയുക. പലപ്പോഴും ചേച്ചിക്ക് ഏട്ടനോടുള്ള സ്നേഹം കാണുമ്പോൾ കൊതി ആവാറുണ്ട്. ഒരു ചേട്ടനോ ചേച്ചിയോ ആരും എനിക്ക് ഇല്ലാതെ ആയി പോയതിൽ പലപ്പോഴും സങ്കടം തോന്നിയിട്ടുണ്ട്.

ഓരോന്നും ആലോചിച്ചു പാർക്കിൽ ഇരിക്കുമ്പോളാണ് ചേച്ചി അങ്ങോട്ടേക്ക് വന്നത്. വളരെ ശ്രദ്ധിച്ചാണ് ചേച്ചി ഓരോ ചുവടും വെച്ചിരുന്നത്. ചെക്ക് അപ്പിന് പോയിട്ട് വരുന്ന വഴിയാണ്. എന്റെ അടുത്ത് വന്നു കയ്യിലൊക്കെ പിടിച്ചു പതിവ് പോലെ ആള് സംസാരിക്കാൻ തുടങ്ങി. 

വിശേഷം പറച്ചിലൊക്കെ കഴിഞ്ഞ് ചേച്ചി അല്പസമയം മൗനം പാലിച്ചു. എന്തോ ആലോചിക്കുന്നത് പോലെ. 

"ജാനുവിനെ ഞാൻ നേരിട്ട് കാണണമെന്ന് പറഞ്ഞത് അൽപം ഗൗരവമുള്ള കാര്യം സംസാരിക്കാൻ ആണ്. അമ്മയ്ക്ക് ഇത് പറയാൻ കഴിയാത്തത് കൊണ്ടാണ് എന്നെ ഇങ്ങോട്ടേക്കു വിട്ടത്."

"എന്താണ് ചേച്ചി? എന്താണെങ്കിലും പറഞ്ഞോളൂ."

"അത്.. അത് ഇന്ദ്രന്റെ കാര്യമാണ്. അവന് ഈ വിവാഹത്തിന് അൽപം താല്പര്യ കുറവ് ഉണ്ട്."

അത് നേരത്തേ അറിയുന്ന കാര്യമായത് കൊണ്ട് ഞെട്ടലൊന്നും തോന്നിയില്ല.

"അതെനിക്ക് മനസിലായിരുന്നു ചേച്ചി."

"അവന്റെ പെരുമാറ്റത്തിൽ നിന്നും നീ അത് ഊഹിക്കുമെന്ന് എനിക്ക് അറിയാമായിരുന്നു. 
കുറച്ചു കാലമായി അവൻ ആളാകെ മാറിയിരിക്കുന്നു. എന്നോട് മാത്രേ അൽപം സ്നേഹം കാണിക്കുള്ളു. അമ്മയോട് എപ്പോളും ദേഷ്യമാണ്. കാരണം എന്താണെന്ന് അമ്മയ്ക്കും വലിയ നിശ്ചയമില്ല. ഈ ഒരു കല്യാണത്തിലൂടെയെങ്കിലും അവനിലൊരു മാറ്റം ഉണ്ടാവുമെന്ന് ഞാൻ പ്രതീക്ഷിച്ചു. അത് കൊണ്ടാണ് ഞാനവനെ വിവാഹത്തിന് നിർബന്ധിച്ചത്. അവൻ മനസില്ലാ മനസോടെ സമ്മതിച്ചു."

ഇത് പറഞ്ഞ് ചേച്ചി എന്റെ മുഖത്തേക്ക് നോക്കി. 

"മുഹൂർത്തം കുറിക്കുന്നതിന് മുൻപ് നീ ഇത് അറിയണം എന്ന് അമ്മയാണ് പറഞ്ഞത്. ഒരു പരീക്ഷണത്തിന് ഉപയോഗിക്കുന്നെന്ന് വിചാരിക്കരുത്. നിന്നെ പോലൊരു കുട്ടിയെ ആണ് ഞങ്ങൾ ആഗ്രഹിച്ചത് അല്ലാതെ മറ്റൊന്നും ഉണ്ടായ കൊണ്ടല്ല. തീരുമാനം നിന്റേതാണ്. അതിപ്പോൾ സമ്മതം അല്ലെങ്കിലും ഞങ്ങളുടെ സ്നേഹത്തിന് ഒരു കുറവും ഉണ്ടാവില്ല കേട്ടോ. നീ എന്റെ കുഞ്ഞനിയത്തി ആയിരിക്കും."

ഒരു ചെറു പുഞ്ചിരിയോടെയാണ് ചേച്ചി അത് പറഞ്ഞത്. 

അൽപ നേരം ഞാൻ ശൂന്യതയിലേക്ക് നോക്കി ഇരുന്നു. ഞാൻ ഊഹിച്ചിരുന്ന കാര്യങ്ങൾ തന്നെയാണ് ചേച്ചി പറഞ്ഞത്. ഒന്നോർത്താൽ ഞാനും ഈ വിവാഹത്തിന് മനസ് കൊണ്ട് തയ്യാറായിട്ടില്ല. മറ്റുള്ളവരുടെ സന്തോഷത്തിനായാവും ഇന്ദ്രേട്ടനും വിവാഹത്തിന് സമ്മതിച്ചത് ആ ഒരു അവസ്ഥ എന്നേക്കാൾ നന്നായി വേറെ ആര് മനസിലാക്കാൻ ആണ്. ആ അമ്മയ്ക്ക് മകനെ തിരിച്ചു കൊടുക്കാൻ എന്തെങ്കിലും സഹായം എന്നെ കൊണ്ട് ചെയ്യാനാവും എന്ന് അവർ പ്രതീക്ഷിക്കുമ്പോൾ അതെനിക്ക് തല്ലി കെടുത്താനാവില്ല. ഒരു ഭാരമായി മാത്രേ എല്ലാവരും കണ്ടിട്ടുള്ളു. ആർക്കെങ്കിലും ഞാനൊരു പ്രതീക്ഷ ആവുന്നത് ഇപ്പോളാണ്. ചിലപ്പോൾ ഇനി ഒരിക്കലും ഇങ്ങനൊരു അവസരം കിട്ടിയെന്നും വരില്ല. അത് കൊണ്ട് തന്നെ മറുത്തൊന്നും ആലോചിക്കാതെ തീരുമാനം എടുത്തു കഴിഞ്ഞിരുന്നു. 

"എനിക്ക് സമ്മതമാണ് ചേച്ചി. ഇന്ദ്രേട്ടൻ എങ്ങനെയുള്ള ആളാണെങ്കിലും എനിക്ക്  ഈ വിവാഹത്തിന് സമ്മതമാണ്. പിന്നെ സ്നേഹം കൊണ്ട് ഉണങ്ങാത്ത മുറിവുകൾ ഉണ്ടാവില്ല. എന്റെ അമ്മ പറഞ്ഞു പഠിപ്പിച്ച വാക്കുകളാണ്. പക്ഷെ അമ്മ പരാജയപ്പെട്ടു പോയി. എങ്കിലും ഞാനും ശ്രമിക്കും ഇന്ദ്രേട്ടനെ പഴയ ആളാക്കാൻ."

ചേച്ചിയെന്നെ വാരി പുണർന്നു. എന്റെ തലയിലൂടെ മെല്ലെ വിരലോടിച്ചു. 

"എനിക്കുറപ്പുണ്ട് നിനക്ക് അതിന് പറ്റും. ഒത്തിരി സന്തോഷമുണ്ട് മോളേ. നീ ഇങ്ങനെ പറയുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല." 

"നിങ്ങളുടെ സ്നേഹം കാണുമ്പോൾ എനിക്ക് ഉപേക്ഷിച്ചു പോവാൻ പറ്റണില്ല ചേച്ചി."
 
എന്റെ കണ്ണുകളും അറിയാതെ നിറഞ്ഞിരുന്നു. 

"ഞങ്ങളെല്ലാരും നിന്റെ കൂടെ ഉണ്ട്. പിന്നെ കല്യാണം കഴിഞ്ഞ് ഇങ്ങനെ കണ്ണും നിറച്ചു നടക്കരുത് കേട്ടോ. നല്ല സ്‌ട്രോങ് ആയിട്ട് നിന്നോണം. അല്ലെങ്കിലേ അവൻ നിന്റെ തലയിൽ കയറി നിരങ്ങും. ആഹ് കല്യാണത്തിന് മുൻപ് അതിനായിട്ടൊരു ക്ലാസ്സ് ഞാൻ എടുത്തു തരാം. ഇപ്പോൾ അതിന് പ്രിപ്പയർ ചെയ്തിട്ടില്ല."

പിന്നെയും കുറേ സമയം സംസാരിച്ചിട്ടാണ് ഞങ്ങൾ പിരിഞ്ഞത്. 

വീട്ടിൽ ചെന്നപ്പോളേ മാമൻ പറഞ്ഞു കല്യാണത്തിന് മുഹൂർത്തം ശെരിയായെന്ന്. അടുത്ത ആഴ്ചയാണത്രെ നല്ല മുഹൂർത്തം ഉള്ളത്. അത് കഴിഞ്ഞാൽ പിന്നെയും ഒരു മാസം കൂടെ കഴിയണമെന്ന്. തീയതി നിശ്ചയിച്ചെന്ന് അറിഞ്ഞപ്പോൾ മുതൽ അത്രയും സമയം ഉണ്ടായിരുന്ന ധൈര്യം എന്നിൽ നിന്ന് അകലാൻ തുടങ്ങിയിരുന്നു. എന്തെന്നില്ലാത്ത ഭയം എന്നിലേക്ക് ഇരച്ചു കയറുന്നുണ്ടായിരുന്നു. ഇത്രയും കാലം ജീവിതത്തിൽ നടന്ന സംഭവങ്ങളെക്കാൾ വലുതൊന്നും ഇനി വരാനിലെങ്കിലും അറിയാത്തൊരു ലോകത്തേക്ക് ചെന്നു പെടുന്നത് എന്നെ അസ്വസ്ഥമാക്കി കൊണ്ടിരുന്നു. മാമന്റെ മുഖത്തെ സന്തോഷമാണ് അല്പമെങ്കിലും എന്നിൽ ആശ്വാസം നിറച്ചത്. അതെന്നും മായാതെ കണ്ടാൽ മതിയായിരുന്നു. നിർമല അമ്മയ്ക്കും എന്നോടുള്ള പെരുമാറ്റത്തിൽ മാറ്റമുണ്ടായിരുന്നു. അന്ന് ആശുപത്രിയിൽ പോയതിന് ശേഷം ഇങ്ങനെയാണ്. ചിലപ്പോൾ കുറച്ചു കാലം കൂടി സഹിച്ചാൽ മതിയല്ലോ അതാവും. പെട്ടെന്ന് വിഷ്ണു ഏട്ടന്റെ മുഖം മനസിലേക്ക് വന്നു. ഉള്ളിലെവിടെയോ നോവ് അനുഭവപ്പെട്ടു. ഇനിയേട്ടനെ മനസിൽ പോലും സൂക്ഷിച്ചു കൂടാ. പരസ്പരം ഇഷ്ടത്തോടെയല്ല വിവാഹമെങ്കിലും താലി കഴുത്തിലിട്ടു അന്യ പുരുഷനെ മനസിൽ വയ്ക്കാൻ ജാനകിക്ക് കഴിയില്ല. പറ്റുമെങ്കിൽ വിവാഹത്തിന് മുൻപ് വിഷ്ണു ഏട്ടനോട് എല്ലാ തെറ്റുകളും ഏറ്റു പറഞ്ഞു മാപ്പ് ചോദിക്കണം. തിരുത്താൻ കഴിയാത്ത തെറ്റാണ് ചെയ്തതെങ്കിലും അല്പമെങ്കിലും കുറ്റബോധം കുറയാൻ ചിലപ്പോൾ കഴിയുമായിരിക്കും. 

സമയം പെട്ടെന്ന് കടന്നു പൊയ്ക്കൊണ്ടിരുന്നു. മാമൻ ഓടി നടന്നു ബന്ധുക്കളെയൊക്കെ ക്ഷണിച്ചു. പാവം പൈസക്ക് വേണ്ടി കുറേ കഷ്ടപ്പെടുന്നുണ്ടായിരുന്നു. ഞാൻ എതിർത്തിട്ടും വസ്തു പണയം വെച്ചു വരെ പണം നേടാൻ മാമൻ ശ്രമിച്ചു. ഒരു ദിവസം അവിടുത്തെ അമ്മയും അച്ഛനും വന്നിരുന്നു. എല്ലാവർക്കും കുറേ ഡ്രെസ്സും ആഭരണങ്ങളും കൊണ്ട് വന്നു. അതൊക്കെ വാങ്ങാൻ ആദ്യം മാമൻ തയ്യാറായില്ല. പക്ഷെ അവിടുത്തെ അച്ഛന്റെ നിർബന്ധത്തിന് വഴങ്ങേണ്ടി വന്നു. അതൊക്കെ വാങ്ങുമ്പോൾ അർഹതപ്പെടാത്തത് വാങ്ങുന്നതിന് ജാള്യത തോന്നിയെങ്കിലും മാമന്റെ കഷ്ടപ്പാട് കുറഞ്ഞതിൽ ആശ്വാസം തോന്നി.. 

ദേവിക വഴി വിഷ്ണു ഏട്ടനെ പലപ്പോഴും കോൺടാക്ട് ചെയ്യാൻ ശ്രമിച്ചെങ്കിലും ഒരു അറിവും ഉണ്ടായിരുന്നില്ല. സ്റ്റഡി ലീവൊക്കെ ആയത് കൊണ്ട് ഏട്ടന്റെ ഫ്രണ്ട്സ് വഴിയും ഒന്നും അറിയാൻ കഴിഞ്ഞില്ല. പല തവണ ഏട്ടന്റെ നമ്പറിൽ വിളിച്ചെങ്കിലും ഫോൺ ഓഫ്‌ ആയിരുന്നു. അവസാനം എനിക്ക് പറയാനുള്ളതെല്ലാം ഞാൻ ഏട്ടന് മെസ്സേജ് അയച്ചു. എന്നെങ്കിലും കാണുമായിരിക്കും എന്ന പ്രതീക്ഷയിൽ.. 
നേരിട്ടല്ലെങ്കിലും തെറ്റുകൾ ഏറ്റു പറഞ്ഞതിന്റെ ഒരു സമാധാനം ഉണ്ടായിരുന്നു. ഞാനങ്ങനെ ഒരു തീരുമാനമെടുക്കാൻ ഉണ്ടായ സാഹചര്യവും ഏട്ടനിൽ നിന്നും മറച്ചു പിടിച്ചതിന്റെ കാരണവും എല്ലാം.. വിഷ്ണു ഏട്ടന് വേണ്ടി എന്റെ മിഴികൾ തോരാതെ പെയ്തു കൊണ്ടിരുന്നു. ചിലപ്പോൾ ഇനി ഒരിക്കലും ഏട്ടന് വേണ്ടി എന്റെ മിഴികൾ നിറയ്ക്കാൻ എനിക്ക് കഴിഞ്ഞില്ലെന്ന് വരാം. 

💟💟💟💟💟💟💟💟💟💟💟💟💟💟💟

"നിർമ്മലേ ഇത് വരെ കുട്ടിയെ ഒരുക്കി കഴിഞ്ഞില്ലേ?"

വീട്ടിൽ വരുന്ന അതിഥികളെ സ്വീകരിക്കുന്ന തിരക്കിലായിരുന്നു നിർമ്മല. 

"എന്റെ മാധവേട്ടാ സമയം ഇനിയും ഉണ്ടല്ലോ. ഇങ്ങനെ ഓരോ മിനിറ്റും ഇടവിട്ട് ഈ ചോദ്യം തന്നെ ചോദിക്കല്ലേ. അവിടെങ്ങാനും സമാധാനത്തോടെ ഇരിക്ക് ഇങ്ങനെ ഓടി നടക്കാതെ."

"എനിക്ക് എങ്ങനെ സമാധാനം ഉണ്ടാവാനാണ്. എന്റെ കുട്ടിയുടെ കല്യാണം കഴിയണത് വരെ എനിക്കങ്ങനെ അടങ്ങി ഇരിക്കാൻ പറ്റില്ലല്ലോ."

മാധവനെ നോക്കി ചിരിച്ചു കൊണ്ട് നിർമ്മല കുട്ടികളുടെ അടുത്തേക്ക് പോയി. 
അവിടെ ദേവികയും കൂട്ടുകാരും ജാനുവിനെ ഒരുക്കുകയാണ്. വേറെ രണ്ടുപേർ അവിടെ ഉണ്ടെങ്കിലും സ്വന്തമായിട്ട് ഒരുങ്ങി ഇത് വരെ സംതൃപ്തരായിട്ടില്ല. 

"ജാനു ചേച്ചി... എത്ര വരച്ചിട്ടും ശെരിയാവണില്ല. എനിക്ക് ഒന്ന് കണ്ണെഴുതി തരുവോ?"

അനുവായിരുന്നു അത്.അനുവിനെയും ശിവയേയും കുഞ്ഞിലേ മുതൽ ഒരുക്കാറുള്ളത് ജാനു ആണ്. 

"അതിനെന്താ രണ്ടാളും ഇങ്ങു വാ."

അപ്പോളാണ് നിർമ്മല അങ്ങോട്ടേക്ക് വന്നത്. 

"ആഹാ ഇവിടെ നിങ്ങളാണോ അതോ ജാനു ആണോ കല്യാണ പെണ്ണ്. അടി കൊള്ളും രണ്ടിനും. അവിടെ അച്ഛനാണേൽ ഒരുക്കി കഴിഞ്ഞോ എന്ന് ചോദിച്ചു ബഹളം വെക്കുവാ അതിനിടയ്ക്കാണ്."

"വേണ്ട അമ്മായി. അവരെ ഒന്നും പറയല്ലേ. ഞാൻ വേഗം അവരെ ഒരുക്കി കൊള്ളാം."
 
"നീയാണ് രണ്ടിനെയും ഇത്രയും വഷളാക്കിയത്. ഇനി നീ പോയി കഴിയുമ്പോ ഈ വേഷം കെട്ടും കൊണ്ട് എന്റടുത്തു വന്നാൽ രണ്ടിനും നല്ലത് കിട്ടും പറഞ്ഞേക്കാം."

അത് പറഞ്ഞപ്പോ രണ്ടാളും സങ്കടത്തോടെ ജാനുവിനെ നോക്കി. എന്തോ അവൾക്കും ഉള്ളിലൊരു നോവ് തോന്നി. കുറേ വർഷങ്ങളായി ഇവരാണ് അവളുടെ ലോകം. പെട്ടെന്ന് അവരെ പിരിയുന്നത് ഉൾക്കൊള്ളാൻ അവൾക്ക് കഴിയുമായിരുന്നില്ല. കുട്ടികളുടെ കാര്യവും വത്യസ്ഥമായിരുന്നില്ല. അച്ഛനെക്കാളും അമ്മയെക്കാളും അവരെ മനസിലാക്കി ചേർത്ത് നിർത്തിയിരുന്നത് അവരുടെ ജാനു ചേച്ചി ആയിരുന്നു. രണ്ടാളുടെയും വിഷമം കണ്ടു ജാനു അവരെ ചേർത്ത് നിർത്തി. 

"എപ്പോ ന്റെ കുട്ടികൾ വിളിച്ചാലും ഞാൻ വരുമല്ലോ. എന്തിനാ വിഷമിക്കണേ? വേഗം ഒരുക്കി തരാം ഇങ്ങു വാ.."

അവൾ അവരെ ഒരുക്കുന്നത് നോക്കി നിന്ന നിർമ്മലയുടെ കണ്ണുകളും അറിയാതെ നിറഞ്ഞു. ഇത്രയും കാലം അവളെ ദ്രോഹിച്ചത് ഓർക്കുമ്പോൾ അവർ കുറ്റബോധം കൊണ്ട് നീറുകയായിരുന്നു.

ഒരു ചില്ലി റെഡ് നിറത്തിലെ സാരി ആയിരുന്നു അവൾ ധരിച്ചിരുന്നത്. തലയിൽ മുല്ലപ്പൂ ഒക്കെ വെച്ച് ആഭരണങ്ങളൊക്കെ ഇട്ടു നല്ല സുന്ദരിയായിട്ടുണ്ടായിരുന്നു. 

"ദേ അവർ വന്നു ട്ടോ. വേഗം അങ്ങോട്ടേക്ക് എത്തിക്കൊള്ളൂ."
മാധവന്റെ ശബ്ദം കേട്ടതും ജാനിയുടെ നെഞ്ചിൽ പെരുമ്പറ മുഴക്കം കേട്ടു തുടങ്ങി. എന്തെന്നില്ലാത്ത ഭയം അവളെ മൂടിയിരുന്നു. ചുറ്റിനും നടക്കുന്നതൊന്നും അവൾക്ക് ശ്രദ്ധിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. ആരൊക്കെയോ പറയുന്നത് കേട്ട് യാന്ത്രികമായി അവൾ ചലിച്ചുകൊണ്ടിരുന്നു. കതിർമണ്ഡപത്തിൽ ഇന്ദ്രന് അടുത്ത് ഇരിക്കുമ്പോളും അവളിൽ നിർവികാരത മാത്രമാണ് ഉണ്ടായിരുന്നത്. മാധവന്റെ മുഖത്തു ഒരു ആശ്വാസമായിരുന്നു നിഴലിച്ചിരുന്നത്. കുഞ്ഞു നാൾ മുതൽ സങ്കടങ്ങൾ മാത്രം അനുഭവിച്ച തന്റെ സഹോദരിയുടെ മകൾക്ക് ഇനിയെങ്കിലുമൊരു നല്ല ജീവിതം അയാൾ പ്രതീക്ഷിച്ചിരുന്നു. ഉഷയിലും സേതുവിലും എന്തെന്നില്ലാത്ത സന്തോഷമായിരുന്നു രുദ്രയ്ക്കും മറിച്ചായിരുന്നില്ല. ഇന്ദ്രന്റെ കണ്ണുകൾ അപ്പോഴും പ്രതീക്ഷയോടെ ആരെയോ തിരഞ്ഞു കൊണ്ടിരുന്നു. താലി രുദ്രൻ ചാർത്തി കൊടുത്തപ്പോൾ തന്റെ മരണം വരെ ഈ താലി കൂടെ ഉണ്ടാകണേ എന്ന പ്രാർത്ഥന മാത്രമേ ജാനുവിന് ഉണ്ടായിരുന്നുള്ളു. തന്റെ സീമന്ത രേഖയിൽ ചുവപ്പ് പടർന്നപ്പോൾ കണ്ണുകൾ അടച്ചു കൊണ്ട് അവൾ സ്വീകരിച്ചു. കണ്ണുകൾ തുറന്നപ്പോൾ ക്ഷണിച്ച അതിഥികൾക്ക് ഇടയിൽ തന്നെ മാത്രം ഉറ്റു നോക്കുന്ന ആ നിറഞ്ഞ കണ്ണുകളെ തിരിച്ചറിയാൻ അവൾക്ക് അധികം താമസം ഉണ്ടായില്ല. പെട്ടെന്നുണ്ടായ കുറ്റ ബോധത്തിൽ ശിരസു താണപ്പോളും ആ കണ്ണുകൾ അവളെ തന്നെ നോക്കുന്നുണ്ടായിരുന്നു. പിന്നീട് അവളുടെ നിറഞ്ഞു വന്ന കണ്ണുനീർ കാഴ്ച മറച്ചെങ്കിലും വിഷ്ണുവിനെ തേടി വീണ്ടുമെത്തിയിരുന്നു. പക്ഷെ അവനെ കണ്ടെത്താൻ അവൾക്ക് പിന്നീട് കഴിഞ്ഞില്ല. 

എല്ലാവരോടും യാത്ര പറഞ്ഞിറങ്ങുമ്പോളും കണ്ണുകൾ നിറഞ്ഞു തന്നെ ഇരുന്നിരുന്നു. ഇന്ദ്രന്റെ മുഖത്തു നിരാശ തളം കെട്ടി കിടന്നു. ഇന്ദ്രിയത്തിൽ എത്തും വരെയും ഒരു വാക്ക് പോലും ഇരുവരും സംസാരിച്ചില്ല. നില വിളക്ക് കൊടുത്ത് ഉഷ ജാനുവിനെ സ്വീകരിക്കുമ്പോളും ഇന്ദ്രൻ തന്റെ ഇഷ്ടമില്ലായ്മ പ്രകടിപ്പിച്ചിരുന്നു. ഉഷയെയും സേതുവിനെയും ഇന്ദ്രന്റെ സ്വഭാവം വേദനിപ്പിച്ചെങ്കിലും ജാനുവിന് ഒന്നും തോന്നിയില്ല. തനിക്കൊരു അമ്മയുടെ സ്നേഹവും കരുതലും കിട്ടിയതിന്റെ സന്തോഷത്തിലായിരുന്നു അവൾ. കൂടുതലായൊന്നും ആരിൽ നിന്നും അവൾ പ്രതീക്ഷിച്ചിരുന്നില്ല. 

വൈകിട്ട് റിസപ്ഷൻ ഒക്കെ കഴിഞ്ഞ് ബന്ധുക്കളുടെ പൊങ്ങച്ചങ്ങൾക്കിടയിൽ നിന്ന് രുദ്രയാണ് ജാനുവിനെ രക്ഷിച്ചത്. ഇന്ദ്രന്റെ മുറിയിലേക്ക് കൊണ്ട് പോയി അവൾക്ക് മാറി ഇടാനുള്ള ഡ്രെസ്സും രുദ്ര കാട്ടി കൊടുത്തു. അവൾ ഫ്രഷ് ആയി ഇറങ്ങും വരെ രുദ്ര അവൾക്ക് കൂട്ടായി ഇരുന്നു. ഇതിനിടയിലാണ് ഇന്ദ്രൻ മുറിയിലേക്ക് വന്നത്. 

"ചേച്ചി എന്താ ഇവിടെ ഇരിക്കുന്നത്."
 
"ജാനു ഫ്രഷ് ആകുവാണ്. ഞാൻ അവൾക്ക് കൂട്ടിരുന്നതാ."

"ഈ വയ്യാത്ത നീയെന്തിനാ അവളുടെ പുറകേ നടക്കുന്നത്?"

"നീ നടക്കാത്തത് കൊണ്ട്. നീ അവളോട് കാണിക്കുന്നതൊക്കെ ഞങ്ങൾക്ക് മനസ്സിലാവുന്നുണ്ട്. ആദ്യായിട്ട് വീട് മാറി നിക്കുന്ന പെൺകുട്ടികളുടെ മനസ് നിനക്കൊന്നും അറിയില്ല. ഭർത്താവാണ് അവർക്ക് ഒരു സമാധാനം കൊടുക്കേണ്ടത്. എപ്പോളും കൂടെ ഉണ്ടാവുമെന്ന ഉറപ്പു മാത്രം മതി ജീവിത കാലം മുഴുവൻ അവൾ നിന്റെ കൂടെ ഉണ്ടാവാൻ." 

അവൻ ഒന്നും മിണ്ടാതെ രുദ്ര പറയുന്നതൊക്കെയും ശ്രദ്ധിച്ചു.

"എനിക്ക് ഏതായാലും അവളെ ഒറ്റക്കാക്കാൻ കഴിയില്ല. നിന്റെ ഭാര്യയെന്നതിൽ ഉപരി അവളെന്റെ അനിയത്തി ആണ്. അങ്ങനെ കാണാനാണ് എനിക്ക് ഇഷ്ടം." 

"നിനക്ക് അല്ലെങ്കിലും എല്ലാവരെയും വിശ്വാസം ആണല്ലോ. ഞാനൊന്നും പറയുന്നില്ല."

"നീ ഒന്നും പറയണ്ട."

"ഞാൻ പോകുവാണ്. ആ സാധനത്തിന്റെ നീരാട്ട് കഴിയുമ്പോ പറ. എനിക്ക് ഒന്ന് ഫ്രഷ് ആവണം."

"ഇത് നിന്റെ റൂമല്ലേ നിനക്ക് ഇഷ്ടമുള്ളപ്പോ കുളിച്ചോ ആരെങ്കിലും തടഞ്ഞോ അതിന്."

അവൻ ദേഷ്യത്തിൽ ചവിട്ടി തുള്ളി പുറത്തേക്ക് പോകുന്നത് ഒരു ചിരിയോടെ രുദ്ര നോക്കിയിരുന്നു. അപ്പോളേക്കും ജാനു കുളി കഴിഞ്ഞ് ഇറങ്ങി. 

"ആഹാ നീ ഫ്രഷ് ആയി കഴിഞ്ഞിരുന്നോ?  ദേ അവനിപ്പോ വന്നു പോയതേ ഉള്ളൂ."

"ഇന്ദ്രേട്ടന്റെ സംസാരം ഞാൻ കേട്ടിരുന്നു. ഏട്ടൻ പോയിട്ട് ഇറങ്ങാൻ നോക്കി നിക്കുവായിരുന്നു."

"ആഹാ ബെസ്റ്റ്. നന്നായി."

"നീ ഏതായാലും വാ. നമുക്ക് ഇവടൊക്കെ കണ്ടു എല്ലാരുമായും പരിചയപ്പെടാം. അല്ലെങ്കിൽ ആ കഴുത ഇനിയും ഇങ്ങോട്ട് വന്നു വഴക്ക് കൂടും. 
ആഹ് പിന്നെ അവൻ എന്തെങ്കിലും പറയുമ്പോ മിണ്ടാതെ ഇരുന്നാൽ അവന് അഹങ്കാരം കൂടും. അവൻ മോശമായി എന്തെങ്കിലും പറഞ്ഞാൽ എതിർത്തു പറയണം. അല്ലെങ്കിൽ നിന്റെ ഭാഗത്തു എന്തെങ്കിലും തെറ്റുണ്ടെന്ന് അവൻ വിചാരിക്കും."

ഇതും പറഞ്ഞ് ജാനുവിന്റെ കയ്യും പിടിച്ചു രുദ്ര പുറത്തേക്കിറങ്ങി. 

ഫ്രഷ് ആയി പുറത്തേക്ക് വന്നപ്പോളാണ് ഫോൺ ബെൽ ചെയ്യുന്നത് ഇന്ദ്രൻ കണ്ടത്. പ്രതീക്ഷിച്ചത് പോലെ അലീന ആയിരുന്നു അത്. പതിവ് പോലെ സൗഹൃദത്തോടെ ആണ് അവൾ അന്നും അവനോട് സംസാരിച്ചത്. ജാനുവിന്റെ കാര്യങ്ങൾ ഉത്സാഹത്തോടെ അവൾ തിരക്കുന്നതിൽ അവന് ദേഷ്യം തോന്നി. തന്നെ ഒരിക്കലും അലീന പ്രണയിച്ചിരുന്നില്ലെന്ന തോന്നൽ അവനിലും ഉടലെടുത്തു തുടങ്ങിയിരുന്നു. അലീന ഫോൺ വെച്ചതിനു ശേഷവും അവൻ ചിന്തയിലാണ്ടിരുന്നു. അപ്പോളാണ് ജാനു പാലുമായി മുറിയിലേക്ക് വരുന്നത് അവന്റെ ശ്രദ്ധയിൽ പെട്ടത്. അവളെ മൈൻഡ് ചെയ്യാതെ അവനവിടെ തന്നെ ഇരുന്നു. അവനിൽ നിന്നും ഒരു പ്രതികരണവും കാണാത്തതിനാൽ അവൾ അവനരികിലേക്ക് ചെന്നു. അവൾ അവനരികിലായി ബെഡിൽ ഇരുന്നതും ഇന്ദ്രൻ ഇരുന്നിടത്തു നിന്നും ചാടി പിടഞ്ഞെഴുന്നേറ്റു. ഏതോ ജീവിയെ കണ്ടത് പോലെ ഞെട്ടിയെഴുന്നേറ്റ അവനെ അവളും ഭയത്തോടെ നോക്കി. 

"എന്താ ഏട്ടാ? എന്ത് പറ്റി?"

"നിന്നോട് ആരാ പറഞ്ഞേ എന്റെ കട്ടിലിൽ ഇരിക്കാൻ."

"അത്.. ഞാൻ.. "

"ദേ എന്നെ മയക്കി എടുക്കാമെന്ന് വല്ല ചിന്തയും ഉണ്ടെങ്കിൽ അത് കയ്യിൽ തന്നെ വെച്ചേച്ചാൽ മതി. നിന്റെ അഭിനയമൊന്നും എന്റെ അടുത്ത് നടക്കില്ല."
 
"അതിന് ഞാൻ അഭിനയിച്ചില്ലല്ലോ? 
പിന്നെ ഇനി ഈ മുറി എന്റെ കൂടെ ആണ്. ഞാൻ എവിടെ വേണമെങ്കിലും ഇരിക്കും."

"അവളുടെ ഒരു മുറി! നിന്നെ ഇവിടുന്ന് ഓടിക്കാൻ എനിക്ക് അറിയാം."

"ചേട്ടൻ അതിന് കഷ്ടപ്പെടണ്ട 
എന്തൊക്കെ ചെയ്‌തെന്ന് പറഞ്ഞാലും എന്നെ ഇപ്പൊ കൊല്ലുമെന്ന് പറഞ്ഞാൽ പോലും ഞാൻ ഇവിടുന്ന് പോകില്ല. ഇനിയും മാമനെ ബുദ്ധിമുട്ടിക്കാൻ എനിക്ക് കഴിയില്ല. പഠിത്തം കഴിഞ്ഞ് നല്ലൊരു ജോലി കിട്ടും വരെ എനിക്ക് ഇവിടെ നിന്നേ പറ്റുള്ളൂ."

"ഓ ഇത് വലിയ ശല്യമായല്ലോ?"

"ചേട്ടൻ എന്തിനാ പേടിക്കുന്നത്? നമുക്ക് നല്ല ഫ്രണ്ട്‌സ് ആയി കഴിയാമെന്നേ."

"നീ ഇതും ഇതിനപ്പുറവും പറയുമെന്ന് എനിക്ക് അറിയാം. എന്റെ പൈസ കണ്ടല്ലേ നീ നിന്റെ കാമുകനെ ഉപേക്ഷിച്ചത്?"

ഇന്ദ്രൻ പെട്ടെന്നത് പറഞ്ഞപ്പോൾ അവൾക്ക് ആദ്യമൊരു ഞെട്ടലാണ് ഉണ്ടായത്. 

"എന്താ നിന്റെ നാവിറങ്ങി പോയോ?  നിന്റെ എല്ലാ ചരിത്രവും എനിക്കറിയാം. എന്റെ വീട്ടുകാരെ പറ്റിക്കുന്നത് പോലെ എന്നെ പറ്റിക്കാമെന്ന് വിചാരിക്കണ്ട."

"ഞാൻ ആരെയും പറ്റിച്ചിട്ടില്ല. പിന്നെ ഇപ്പോൾ ഏട്ടൻ പറഞ്ഞത് സത്യമാണ്. ഞാനങ്ങനെ ചെയ്തതിനു എന്റേതായ കാരണമുണ്ട്. ഇപ്പോൾ ഏട്ടനോട് അത് പറഞ്ഞാൽ വീണ്ടും ഏട്ടന് മുന്നിൽ ഒരു പരിഹാസ പാത്രം ആകാമെന്നേ ഉള്ളൂ. എന്നെങ്കിലും ഏട്ടനായിട്ട് എന്നെ മനസിലാക്കുമെങ്കിൽ മനസിലാക്കു."

ഇത്രയും പറഞ്ഞ് അവൾ ഒരു തലയിണയും ഷീറ്റുമായി താഴേക്ക് ഇറങ്ങി കിടന്നു. അവളെന്തെങ്കിലും ന്യായീകരണങ്ങൾ നിരത്തുമെന്നാണ് അവൻ വിചാരിച്ചിരുന്നത്. പക്ഷെ പെട്ടെന്നുള്ള അവളുടെ ഈ പ്രവൃത്തിയിൽ അവന് ആശ്ചര്യം തോന്നി. 

ദേവാസുരം 6 & 7
💟💟💟💟💟💟

എപ്പോളത്തെയും പോലെ അതിരാവിലെ തന്നെ ജാനു ഉണർന്നു. വേഗം ഫ്രഷ് ആയി താഴേക്കു ചെന്നു. അടുക്കളയിൽ ഉഷ ഉണ്ടായിരുന്നു. ആ വീട്ടിൽ ആദ്യമായത് കൊണ്ട് എന്താണ് ചെയ്യേണ്ടതെന്ന് ഒന്നും അവൾക്ക് അറിയില്ലായിരുന്നു. ഉഷയുടെ പിന്നിലായി അവൾ ചെന്നു നിന്നു. 

"ആഹാ മോള് നേരത്തെ എണീറ്റോ? കുറച്ചു നേരം കൂടെ കിടന്നു കൂടായിരുന്നോ?"

"ഞാൻ ഈ സമയത്ത് എപ്പോളും എണീക്കും. അവിടെ പശു ഒക്കെ ഉള്ളതല്ലേ." 

"ഇവിടെ ഇത്ര നേരത്തേ എണീറ്റ് തീർക്കാനുള്ള പണിയൊന്നുമില്ല മോളേ. ദേ ഞാൻ തന്നെ ഇന്ന് നേരത്തേ എണീറ്റത് നിങ്ങൾക്ക് അമ്പലത്തിലൊക്കെ പോകേണ്ടത് കൊണ്ടാണ്."

അപ്പോളാണ് ജാനുവിനെ ഉഷ ശ്രദ്ധിച്ചത്. 

"അല്ല മോളെന്താ സിന്ദൂരം തൊടാഞ്ഞത്?"

ജാനുവും ആ കാര്യം മറന്നു പോയിരുന്നു. 

"അത് ഞാൻ മറന്നു പോയി."
അവൾ പരിഭ്രമത്തോടെ പറഞ്ഞു. 

"ആദ്യമൊക്കെ എല്ലാരും മറക്കും മോളേ. സാരമില്ല പക്ഷെ ഓർത്ത് എപ്പോളും തൊടണം കേട്ടോ. സുമംഗലിയായ പെണ്ണിന് താലിയും സിന്ദൂരവും ഭർത്താവിനെ പോലെ തന്നെ പ്രാധാന്യമുള്ളതാണ്. അമ്മ എന്റെ കുട്ടിക്ക് എല്ലാം പറഞ്ഞ് തരാം. മോള് ഈ ചായ കൊണ്ട് അവന് കൊടുക്ക്. എന്നിട്ട് സിന്ദൂരവും തൊട്ട് അമ്പലത്തിൽ പോവാൻ ഒരുങ്ങു."

ഉഷ പറഞ്ഞത് കേട്ടിട്ടും അവൾക്ക് റൂമിലേക്ക് പോകാൻ മടി തോന്നിയിരുന്നു. ഇന്ദ്രനോട്‌ എങ്ങനെ ഇടപെടണമെന്നും അവളോടുള്ള അവന്റെ പ്രതികരണം എന്താവുമെന്നും അവൾക്ക് അറിയില്ലായിരുന്നു. 

"എന്താണ് മോളാലോചിച്ചു നിക്കുന്നത്."

"ഇന്ദ്രേട്ടൻ..." 

"അവനെ മോള് പേടിക്കുക ഒന്നും വേണ്ട. അവൻ കൂടി പോയാൽ വഴക്ക് പറയും അത്രേ ഉണ്ടാവുള്ളു."

"അമ്പലത്തിൽ ഏട്ടൻ വരുവോ?"

"ഓ അതാണോ? വേറെ എവിടെ വന്നില്ലെങ്കിലും അവൻ അമ്പലത്തിൽ വരും. ഇവിടെ അടുത്തുള്ള നമ്മുടെ കുടുബ ക്ഷേത്രത്തിൽ ശിവനാണ് പ്രതിഷ്ഠ. അവന്റെ ഇഷ്ട ദേവനാണ്. അത്യാവശ്യം ദൈവ വിശ്വാസമുള്ള കൂട്ടത്തിലാണ്. കുട്ടിക്കാലത്തു മുത്തശ്ശി ആയിരുന്നു അവനെല്ലാം. അമ്മയുടെ കൂടെ കൂടി ആവും ഇങ്ങനെയുള്ള നല്ല ഗുണങ്ങൾ കിട്ടിയത്. പക്ഷെ ഇപ്പോൾ എന്താണാവോ എന്റെ കുട്ടിക്ക് പറ്റിയത്. കുറേ കാലമായി അമ്പലത്തിലും പോണില്ല."

നിറഞ്ഞ കണ്ണുകൾ സാരി തലപ്പ് വെച്ചു തുടച്ചു കൊണ്ട് ഉഷ ജാനുവിനെ നോക്കി. അവൾക്കും ആ അമ്മയോട് സഹതാപം തോന്നി. 

"എല്ലാം ശെരിയാകും അമ്മേ."

"മ്മ് മോള് വേണം എല്ലാം പഴയ പോലെ ആക്കാൻ."

മറുപടിയായി ഒരു ചെറു പുഞ്ചിരി നൽകി കൊണ്ട് ഇന്ദ്രനുള്ള ചായയുമായി ജാനു മുകളിലേക്ക് പോയി. 

✡️✡️✡️✡️✡️✡️✡️✡️✡️✡️✡️✡️✡️✡️✡️✡️

"ഡീ പ്രാന്തി നീ ഇത് വരെ എണീറ്റില്ലേ??"

ചായയുമായി അലീനയെ ഉണർത്താൻ ശ്രമിക്കുകയാണ് ഇന്ദ്രൻ. 

"നിനക്ക് വേറെ ഒരു പണിയുമില്ലേ? അവളിപ്പോ ഒന്നും എണീക്കാൻ പോണില്ല."

അലക്സ്‌ ആയിരുന്നു അത്. അലക്സിന്റെയും ഇന്ദ്രന്റെയും സംസാരം കേട്ടാണ് അലീന ഉണർന്നത്. 

"നിനക്കൊന്നും ഉറക്കവുമില്ലേ പിശാശുക്കളെ ! ഇന്നലെ പാതിരാത്രി വരെ കംമ്പയിൻ സ്റ്റഡി എന്നും പറഞ്ഞ് കുത്തിയിരുന്നതല്ലേ? മനുഷ്യനെ ഒന്ന് ഉറക്കത്തുമില്ല."

"ബെസ്റ്റ് നട്ടുച്ച ആവാറായി അപ്പോളാണ്. പെൺപിള്ളേരായാലെ നേരത്തേ എണീക്കണം." 

"ഓ പിന്നെ എന്നെ കൊണ്ടൊന്നും വയ്യാ. നീ നിന്റെ ഭാര്യയോട് പറഞ്ഞാൽ മതി."

"അതേടി ഭാര്യമാരായാൽ രാവിലെ കുളിച്ചു ചന്ദനക്കുറി ഒക്കെ ഇട്ടു ഒരു ചായയുമായൊക്കെ വന്നു ഭർത്താവിനെ വിളിച്ചുണർത്തനം അല്ലാതെ നിന്നേ പോലെ..."

"എന്നെക്കൊണ്ടൊന്നും പറ്റില്ല. ഞാനെങ്ങാനും ആണെങ്കില് നീ ഇത് പോലെ എന്നും ചായ കൊണ്ട് തരേണ്ടി വരും."

അവന്റെ കയ്യിൽ നിന്നും ചായ വാങ്ങി കുടിച്ചു കൊണ്ടാണ് അവളത് പറഞ്ഞത്. 

"അല്ല അലക്സെ നിനക്കും ഇത് പോലത്തെ സ്വപ്‌നങ്ങൾ ഉണ്ടോ?"

"ഹേയ് ഇതൊക്കെ ഓൾഡ്‌ കോൺസെപ്റ് അല്ലേ."

"ഹാവു സമാധാനമായി. എല്ലാവരും ഇവനെ പോലെ അല്ലല്ലോ."

പൊട്ടിച്ചിരിച്ചു കൊണ്ടാണ് അവളത് പറഞ്ഞത്. അവളുടെ ആ ചിരിയാണ് ഇന്ദ്രനെ എപ്പോളും ആകർഷിച്ചിരുന്നത്. 

✡️✡️✡️✡️✡️✡️✡️✡️✡️✡️✡️✡️✡️✡️✡️✡️

എന്തോ ശബ്ദം കേട്ടാണ് ഇന്ദ്രൻ കണ്ണുകൾ തുറന്നത്. കണ്മുന്നിൽ കുളിച്ചു മുഖത്തു ചായങ്ങൾ പൂശാതെ ഒരു കുറി മാത്രം തൊട്ട്  ജാനുവിനെ കണ്ടപ്പോൾ ഒരു നിമിഷത്തേക്ക് ഇന്ദ്രനും പരിസരം മറന്നു നോക്കി. 

"ഏട്ടാ..?"

ജാനുവിന്റെ ശബ്ദമാണ് അവനെ ഉണർത്തിയത്. അപ്പോളാണ് ജാനുവാണ് മുന്നിൽ നിക്കുന്നതെന്ന ബോധം അവനുണ്ടായത്. 

"എന്തുവാടി രാവിലെ തന്നെ മനുഷ്യനെ പേടിപ്പിക്കാൻ നോക്കുവാണോ? ഓരോ വേഷം കെട്ടിക്കൊണ്ട് വന്നോളും." 

"ഞാൻ ഒരു വേഷവും കെട്ടാൻ വന്നതല്ല. അമ്മ ചായ കൊണ്ട് തരാൻ പറഞ്ഞു."

"ആഹ് അതവിടെ വെച്ചാൽ പോരെ."

"തണുത്തു പോകാതിരിക്കാനാ വിളിച്ചത്. 
ദേ വെച്ചിട്ടുണ്ട്." 

ഇതും പറഞ്ഞ് അവൾ കണ്ണാടിക്ക് മുന്നിലേക്ക് പോയി. അൽപം നനവുള്ള അവളുടെ മുട്ടറ്റമുള്ള മുടി കൈ കൊണ്ട് കോതി ഒതുക്കി. സിന്ദൂര ചെപ്പിൽ നിന്നും ഒരു നുള്ള് സിന്ദൂരമെടുത്തു സീമന്ത രേഖയിലേക്ക് ചാർത്തി. സിന്ദൂരമണിഞ്ഞതും കണ്ണാടിയിലെ തന്റെ പ്രതിബിംബത്തിന് ഒരു പ്രത്യേക ഭംഗി കൈ വന്നത് പോലെ അവൾക്ക് തോന്നി. കണ്ണാടിയിൽ നോക്കി തിരിഞ്ഞ അവൾ കാണുന്നത് തന്നെ ആശ്ചര്യത്തോടെ നോക്കി നിക്കുന്ന ഇന്ദ്രനെ ആണ്. എന്താണെന്ന് അവൾ പുരികം പൊക്കി ചോദിച്ചപ്പോളാണ് ഇന്ദ്രനും തന്റെ അബദ്ധം മനസിലായത്. തന്റെ മനസിൽ ആഗ്രഹിച്ചിരുന്നത് പോലെ ജാനു പെരുമാറിയപ്പോൾ അറിയാതെ ഒരു കൗതുകം തോന്നി നോക്കിയതാണ്. അല്ലെങ്കിലും ഇവളെന്ത് കാണിച്ചാലും തന്നെ ബാധിക്കുന്ന കാര്യമല്ലല്ലോ. 

"രാവിലെ ഒരുങ്ങി കെട്ടി എങ്ങോട്ടേക്കാണ്?"

തനിക്കുണ്ടായ ജാള്യത മറയ്ക്കാനായി കൃത്രിമ ദേഷ്യത്തിൽ അവൻ ചോദിച്ചു. 

"അമ്പലത്തിൽ പോണമെന്നു അമ്മ പറഞ്ഞു."

"ഓ അതാണോ രാവിലെ തന്നെ ഈ പ്രഹസനം."

"ഞാനെന്ത് പ്രഹസനം ആണ് കാട്ടിയത്? ഇതൊക്കെ ഞാൻ എന്നും കാട്ടാറുള്ള പ്രഹസനം ആണ്. കാണെ കാണെ ഏട്ടനും ശീലായി കൊള്ളും."

അതും പറഞ്ഞു അവൾ റൂമിനു പുറത്തേക്ക് ഇറങ്ങാൻ തുടങ്ങി. 

"അതേ അമ്മ പറഞ്ഞു വേഗം റെഡി ആവാൻ. അമ്പലത്തിൽ ഇന്ന് എന്തൊക്കെയോ വിശേഷാൽ പൂജയൊക്കെ ഉണ്ടെന്ന്." 

"ഞാനൊന്നും വരണില്ല. അല്ലേലും നിന്റെ കൂടെ വന്നാലും മതി."

"ന്റെ കൂടെ വന്നെന്നും വെച്ചു എന്താണ്? ദൈവത്തെ കാണാനല്ലേ പോണത്. ഇനി ഇപ്പോ എന്നോടുള്ള ദേഷ്യം ദൈവത്തോട് കാട്ടണത് എന്തിനാണ്. ഞാൻ പറഞ്ഞല്ലോ ഭാര്യയുടെ ഒരു അവകാശവും ഞാൻ പിടിച്ചു വാങ്ങാൻ വരില്ല."

"അല്ലെങ്കിലും നിനക്ക് എന്നിൽ ഒരു അവകാശവും ഇല്ല."

"പിന്നെന്തിനാ പേടിക്കണേ? നമുക്ക് പോയിട്ട് വരാമെന്നേ. എനിക്ക് ആണെങ്കിൽ ഇവിടെ പരിചയവും ഇല്ല. സ്ഥലം കാട്ടി തരാൻ വരണെന്ന് വിചാരിച്ചാൽ മതി."

ഇതും പറഞ്ഞ് അവൾ പുറത്തേക്ക് പോയി. അവളുടെ മറുപടിയിൽ സംതൃപ്തനായതിനാലാവാം അവനും മറുത്തൊന്നും പറഞ്ഞില്ല. 
രുദ്രയും  വരുന്നുണ്ടെന്ന് പറഞ്ഞെങ്കിലും അജിത്ത് അവളെ പോകാൻ അനുവദിച്ചില്ല. കാത്തിരുന്നു കിട്ടിയ കുട്ടി ആയത് കൊണ്ടാവാം എല്ലാവർക്കും രുദ്രയുടെ കാര്യത്തിൽ വല്ലാത്ത ശ്രദ്ധ ഉണ്ടായിരുന്നു. 

സെറ്റ് സാരിയും നീല നിറത്തിലെ ബ്ലൗസുമായിരുന്നു ജാനുവിന്റെ വേഷം. മുടി വൃത്തിയിൽ പിന്നി ഒതുക്കി വെച്ചിരുന്നു. ഒരു ചെറിയ കറുത്ത പൊട്ടു മാത്രമായിരുന്നു ആകെ കൂടെ ഉള്ള ചമയം. കഴുത്തിലെ താലിയും നെറ്റിയിലെ സിന്ദൂരവും മാത്രം മതിയായിരുന്നു അവളുടെ ഭംഗിക്ക് മാറ്റ് കൂട്ടാൻ. ഒരു ചെക്ക് ഷർട്ടും കസവു മുണ്ടുമായിരുന്നു ഇന്ദ്രന്റെ വേഷം. നീല നിറത്തിലെ ഷർട്ട് ജാനു എടുത്ത് കൊടുത്തെങ്കിലും അവളോടൊപ്പം കൂടാൻ ഇഷ്ടം അല്ലാത്തത് കൊണ്ട് കക്ഷി അതിട്ടില്ല.
ഇന്ദ്രൻ നേരത്തേ തന്നെ കാറിൽ കയറി ഇരുന്നിരുന്നു. ജാനു അമ്മയോടൊക്കെ പറഞ്ഞിട്ട് അൽപം വൈകിയാണ് കാറിൽ കയറിയത്.

"ഞാൻ നിന്റെ ഡ്രൈവർ ഒന്നുമല്ല ഇങ്ങനെ കാത്ത് കിടക്കാൻ. ഇനി ഒരിക്കൽ കൂടെ ഈ പരിപാടി കാണിച്ചാൽ ഞാനെന്റെ പാട്ടിന് പോകും." 

അവൾ മറുപടിയൊന്നും പറയാതെ തല കുലുക്കി സമ്മതിച്ചു. 

അടുത്ത് തന്നെ ആയിരുന്നു ക്ഷേത്രം. ശനിയാഴ്ച ആയത് കൊണ്ടാവും ക്ഷേത്രത്തിൽ തിരക്കുണ്ടായിരുന്നു.  ക്ഷേത്രത്തിലേക്ക് കടക്കുന്നതിനുള്ളിൽ പലരും ഇന്ദ്രനോട് വിശേഷങ്ങൾ അന്വേഷിക്കുന്നുണ്ടായിരുന്നു. കുറച്ചു കാലമായി അമ്പലത്തിലേക്ക് കാണാത്തതിന്റെ പരാതിയും ചിലർ പറയുന്നുണ്ടായിരുന്നു. ജാനുവിനോട് മാത്രം ഇന്ദ്രനൊന്നും മിണ്ടിയില്ല. ആരെങ്കിലും ചോദിക്കുമ്പോൾ ഭാര്യയെന്ന് പറഞ്ഞ് ചൂണ്ടി കാട്ടും അപ്പോൾ മാത്രം ഒരു ചെറു പുഞ്ചിരി അവൾക്ക് സമ്മാനിക്കും. അവന്റെ ആ പ്രവൃത്തി പോലും അവളിൽ സന്തോഷം നിറച്ചു കൊണ്ടിരുന്നു. അവൻ അമ്പലത്തിലേക്ക് കടന്നപ്പോൾ അവനെ അനുഗമിച്ച് അവളും കയറി. 
അകത്തെ ശിവ പ്രതിഷ്ടയിൽ നോക്കി അവൾ നിന്നു. എന്താണ് പ്രാർത്ഥിക്കേണ്ടതെന്ന് അവൾക്ക് നിശ്ചയമില്ലായിരുന്നു. അല്ലെങ്കിലും പ്രാർത്ഥിക്കാൻ ഇപ്പോൾ പേടിയാണ് എന്ത് ആഗ്രഹിച്ചാലും അത് തട്ടിത്തെറിപ്പിക്കുകയല്ലേ ചെയ്യുള്ളൂ. അങ്ങനെ ഓരോന്നും ആലോചിച്ചു അടുത്ത് നിക്കുന്ന ആളെ നോക്കിയപ്പോൾ ആള് ഭയങ്കര പ്രാർത്ഥനയിലാണ്. കണ്ണൊക്കെ അടച്ചു കയ്യൊക്കെ കൂപ്പി. ഇന്ദ്രന്റെ ആ ഭാവമാറ്റം അവളും പ്രതീക്ഷിച്ചിരുന്നില്ല. മുഴുവൻ കലിപ്പും നിരാശയും ആണെങ്കിലും ഭക്തിക്ക് കുറവൊന്നുമില്ല. അവൾക്ക് അവനോട് സഹതാപമാണ് തോന്നിയത് പണ്ട് താനും ഇത് പോലെ എത്രയോ തവണ കരഞ്ഞു പ്രാർത്ഥിച്ചിട്ടുണ്ട് ഇത് വരെ ഒന്നും നടന്നിട്ടില്ല. അപ്പോഴേക്കും ഇന്ദ്രൻ പ്രാർത്ഥന നിർത്തി പ്രദക്ഷിണം വയ്ക്കാനായി പോയിരുന്നു. അവന്റെ പിന്നാലെ നടന്നടുക്കാൻ ശ്രമിക്കുമ്പോളാണ് ഇന്ദ്രന്റെ വീടിന് അടുത്തുള്ള ഒരു ചേച്ചി ജാനുവിനെ കണ്ടത്. പിന്നീട് പുള്ളിക്കാരിയുടെ കുശലാന്വേഷണത്തിന് ഒടുവിൽ ഓടി പിടിച്ചാണ് പ്രദക്ഷിണം വച്ചത്. ഇന്ദ്രനെ ആണെങ്കിൽ കാണാനുമില്ല. അപ്പോളാണ് രാവിലെ അവൻ പറഞ്ഞത് അവളുടെ മനസിലേക്ക് വന്നത്. ഇനിയെങ്ങാനും അവളെ ഇട്ടിട്ട് പോയിട്ടുണ്ടാകുവോ എന്ന് ഭയന്ന് ചുറ്റമ്പലത്തിനുള്ളിലേക്ക് വീണ്ടും കടക്കുമ്പോളാണ് സോപാന സംഗീതം അവളുടെ കാതുകളിൽ പതിഞ്ഞത്. 

നാഗഭൂഷിത പദങ്ങളും 
ചടുലതാളമോടു തിരുനടനവും 
ഭസ്മഭൂഷിതമുരസ്ഥലം ഹരിണചർമവും  
ഫണിഗണങ്ങളും 
വാസുകി പരിവിശോഭിതം വിമലവക്ഷസും 
ഭവഭയാവഹം 
ചന്ദ്രശേഖരാ തെളിഞ്ഞു കാണണം 
അന്തികേമമ സദാശിവ...

വേഗത്തിൽ അകത്തേക്ക് കടന്ന അവളുടെ കണ്ണുകൾ തിളങ്ങി. ആരിലും ഭക്തി നിറക്കുന്ന തരത്തിലായിരുന്നു ഇന്ദ്രന്റെ ആലാപനം. ഓരോ വാക്കുകളും വളരെ മനോഹരമായാണ് അവൻ പാടിയത്. ജാനുവും പരിസരം മറന്ന് അവനെ നോക്കി നിന്നു.

അമ്പലത്തിൽ നിന്നും തിരികെ വീട്ടിലേക്ക് പോകുമ്പോൾ മനസിൽ മുഴുവൻ ഇന്ദ്രേട്ടനെ പറ്റിയുള്ള ചിന്തകളായിരുന്നു. പുറമെ ദേഷ്യത്തിന്റെ മൂടുപടം ഇട്ടിട്ടുണ്ടെങ്കിലും അകമേ ഒരു പാവമാണെന്നു തോന്നി. ഏട്ടനോടുള്ള ഭയമെല്ലാം എങ്ങോട്ടോ പോയി മറഞ്ഞത് പോലെ. എത്ര സൗമ്യമായാണ് എല്ലാവരോടും പെരുമാറുന്നത്. ഏട്ടനോട് വല്ലാത്ത അടുപ്പം തോന്നി അതോടൊപ്പം ആശ്വാസവും എന്നോട് സ്നേഹമൊന്നും കാണിച്ചില്ലെങ്കിലും ഏട്ടന്റെ മനസിൽ  ഒരു സ്ഥാനം തന്നിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു പോയി. അച്ഛനും അമ്മയും ഇല്ലാത്ത അനാഥ പെണ്ണിന് സ്വപ്നം കാണാനാവാത്തതാണ് ഇന്ദ്രിയത്തിലെ മരുമകൾ സ്ഥാനം. എന്നെ വെച്ചു നോക്കുമ്പോൾ ഇന്ദ്രേട്ടൻ എത്രയോ മുകളിലാണ് എനിക്ക് കയ്യെത്തി പിടിക്കാൻ പറ്റുന്നതിലും മുകളിൽ അങ്ങനൊരു സ്ഥാനം ഞാൻ ആഗ്രഹിക്കുന്നത് തന്നെ വിഢിത്തരമാണ്. ഒരിക്കലും ഏട്ടന്റെ മനസിൽ ഒരു സ്ഥാനം എനിക്കായി ഉണ്ടാവില്ല. എന്നും ഏട്ടനെ കണ്ടു ജീവിക്കാനുള്ള ഭാഗ്യമെങ്കിലും തന്നാൽ മതിയായിരുന്നു അത് പോലും സ്വാർത്ഥത ആയി പോകും. എന്നെ പോലൊരു പെൺകുട്ടി ഏട്ടന് ചേരില്ല. 

"നീ ഇതിൽ തന്നെ ഇരിക്കാൻ പോകുവാണോ?"

ഇന്ദ്രന്റെ ശബ്ദം കേട്ടതും ജാനു ഒന്നു ഞെട്ടി. 

"നീ കണ്ണ് തുറന്ന് ഉറങ്ങുവായിരുന്നോ?"
 
ജാള്യത മറയ്ക്കാൻ ഒരു പുഞ്ചിരി സമ്മാനിച്ചു കൊണ്ട് അവൾ പുറത്തേക്ക് ഇറങ്ങി. ഇന്ദ്രന് മുഖം കൊടുക്കാതെ വേഗം വീട്ടിലേക്ക് പോയി. അവൾ അകത്തു ചെന്നതും ലിവിങ്ങിൽ ഉഷയും രുദ്രയും ഉണ്ടായിരുന്നു. അവളുടെ മുഖത്തെ സന്തോഷം അവരിലേക്കും പകർന്നിരുന്നു. 

"അല്ല എന്താണ് കള്ള ലക്ഷണം ഇങ്ങോട്ട് വന്നേ ചോദിക്കട്ടെ?"

ജാനുവിനെ നോക്കി ചിരിച്ചു കൊണ്ട് രുദ്ര ചോദിച്ചു. ജാനുവിന്റെ മുഖം നാണം കൊണ്ട് ചുവന്നു. 

"എന്റെ രുദ്രേ നീ എന്റെ കുട്ടിയെ കളിയാക്കാതെ. മോളിവിടെ വന്നിരിക്കൂ. അമ്പലത്തിൽ പോയ വിശേഷം പറയൂ."

ജാനു സന്തോഷത്തോടെ ഉഷയുടെ അരികിൽ പോയിരുന്നു. ഒരു കൊച്ചു കുട്ടിയെ എന്ന പോലെ ഉഷ അവളെ ചേർത്ത് പിടിച്ചു. അമ്പലത്തിൽ പോയപ്പോൾ ഉണ്ടായ ഓരോ സംഭവങ്ങളും അവൾ വിവരിക്കാൻ തുടങ്ങി. കുട്ടികളെ അമ്മമാർ കേൾക്കുന്നത് പോലെ ഉഷയും കേൾവിക്കാരി ആയപ്പോൾ ജാനുവിലും ആവേശം കൂടി. ഓരോന്നും പറഞ്ഞോണ്ടിരിക്കുമ്പോളാണ് ഇന്ദ്രനവരെ കടന്നു പോയത്. അവൻ അടുത്തെത്തിയപ്പോൾ പെട്ടെന്ന് ജാനു നിശബ്ദയായി. കള്ളത്തരം ചെയ്ത കുട്ടിയെ പോലുള്ള അവളുടെ ഇരുപ്പ് അവനിലും സംശയം ഉണ്ടാക്കി. അവളെ ഒന്ന് കൂർപ്പിച്ചു നോക്കി അവൻ മുകളിലേക്ക് പോയി. അവൻ പോയതും അവൾ വീണ്ടും കഥ പറച്ചിൽ തുടങ്ങി. മുകളിൽ നിന്ന് കൊണ്ട് ഇന്ദ്രനും അത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പലപ്പോഴും അവളുടെ സംസാരം അവനിലും ചിരി പടർത്തി. ഇടയ്ക്കെപ്പോഴൊക്കെയോ അവളോട്‌ ഉള്ള ദേഷ്യം അവനും മറന്നു പോകുന്നുണ്ടായിരുന്നു. 

ഉച്ച കഴിഞ്ഞ് വിരുന്നിനു വേണ്ടി മാധവന്റെ വീട്ടിലേക്കു അവർ യാത്ര തിരിച്ചു. പോകുന്ന വഴിക്ക് പരസ്പരം ഒന്നും സംസാരിച്ചില്ലെങ്കിലും ഇടയ്ക്കിടെ ജാനു അവനെ പാളി നോക്കുന്നുണ്ടായിരുന്നു. എന്തോ അവനെ കാണാനൊരു കൗതുകം അവളിൽ ഉടലെടുത്തിരുന്നു. പോകുന്ന വഴിക്ക് അനുവിനും ശിവയ്ക്കും ചോക്ലേറ്റ് ഒക്കെ വാങ്ങിച്ചു. ഒരു റെസ്റ്റയിൽസിനു മുന്നിൽ വണ്ടി നിർത്തിയപ്പോൾ എന്തിനാണെന്ന ഭാവമായിരുന്നു ജാനുവിന് ഉണ്ടായത്. അകത്തേക്ക് ഇന്ദ്രനെ അനുഗമിച്ചു. ശിവയ്ക്കും അനുവിനും ഇഷ്ടായത് എടുക്കാൻ പറഞ്ഞപ്പോൾ സന്തോഷം തോന്നി. എല്ലാം വില കൂടിയ തുണിത്തരങ്ങൾ ആയത് കൊണ്ട് പലതും സെലക്ട്‌ ചെയ്യാതെ മാറ്റി വയ്ക്കുന്നത് കണ്ട് ഇന്ദ്രൻ തന്നെ സെലക്ട്‌ ചെയ്തു. മാധവനും നിർമ്മലയ്ക്കും ഓരോ ജോഡി ഡ്രസ്സ്‌ എടുത്തിരുന്നു. 

വീട്ടിലേക്ക് കാർ കടക്കുമ്പോൾ തന്നെ മാധവൻ അവരെയും കാത്ത് ഉമ്മറ പടിക്കൽ നിൽക്കുന്നത് കാണാമായിരുന്നു. 

"നിർമ്മലേ മക്കള് വന്നു കേട്ടോ.."
 
അകത്തേക്ക് നോക്കി മാധവൻ പറഞ്ഞത്  കേൾക്കേണ്ട താമസം അനുവും ശിവയും ഓടി പാഞ്ഞു പുറത്തേക്ക് വന്നു. 

"ജാനു ചേച്ചീ..."

രണ്ടാളും ജാനിയുടെ ചുറ്റും കൂടി. ഓരോന്നും പറഞ്ഞു കൊണ്ടിരുന്നപ്പോളാണ് ഇന്ദ്രനും അങ്ങോട്ടേക്ക് വന്നത്. 

"കൊള്ളാം അപ്പോൾ ഞാൻ ഒറ്റക്കായി അല്ലേ?"

അത് പറഞ്ഞതും രണ്ടാളും ക്ഷമ പറച്ചിലൊക്കെ ആയി ഇന്ദ്രന്റെ പിറകെ പോയി. അവർക്ക് വാങ്ങിയ ഡ്രെസ്സുകളും പലഹാരങ്ങളും കണ്ടപ്പോൾ രണ്ടാൾക്കും ഒത്തിരി സന്തോഷായി. ഇന്ദ്രനാണ് സെലക്ട്‌ ചെയ്‌തെന്ന് അറിഞ്ഞപ്പോൾ സന്തോഷത്തോടൊപ്പം ഒരു സുരക്ഷിതത്വവും മാധവന് തോന്നി. തന്റെ കണക്കു കൂട്ടലുകൾ പിഴയ്ക്കാത്തതിൽ സ്വയം അഭിമാനിച്ചു. ഇന്ദ്രനോടൊപ്പം കൂടി കഴിഞ്ഞപ്പോൾ ശിവയും അനുവും മറ്റൊരു ലോകത്തായിരുന്നു. സ്കൂളിലെ വിശേഷം പറച്ചിലും പരസ്പരം കളിയാക്കലും ആകെ ബഹളം. ഇന്ദ്രനും അവരോടൊപ്പം ഒരു കൊച്ചു കുട്ടിയെ പോലെ കൂട്ടായി. കുറേ നേരത്തെ ബഹളത്തിന് ശേഷം രണ്ടാളും പോയപ്പോൾ ഇന്ദ്രനും മാധവനും തമ്മിലായി സംസാരം. വളരെ പക്വതയോടെ ആണ് മാധവനോട് ഇന്ദ്രൻ സംസാരിച്ചത്. മാധവന്റെ കൃഷിയിടത്തെ പറ്റി സംസാരിച്ചപ്പോൾ പരിചയ സമ്പന്നനായ ഒരു നാട്ടിൻപുറത്തുകാരനായി അവൻ മാറുകയായിരുന്നു. ഇന്ദ്രന്റെ ഓരോ മാറ്റവും രണ്ടു കണ്ണുകൾ വീക്ഷിക്കുന്നുണ്ടായിരുന്നു. ആ കണ്ണുകളിൽ ഇടക്കെപ്പോഴോ നീർത്തിളക്കവും ഉണ്ടായി. രാത്രിയിൽ അവിടെ തങ്ങുമ്പോളും പതിവ് പോലെ ജാനു അവനായി കിടക്ക വിട്ടു കൊടുത്തിരുന്നു. 

രാവിലെ തന്നെ തിരികെ ഇന്ദ്രിയത്തിലേക്ക് അവർ പോകാനൊരുങ്ങി. ശിവയ്ക്കും അനുവിനും സങ്കടമുണ്ടെങ്കിലും മാധവന് സന്തോഷമായിരുന്നു. ജാനുവിന്റെ നല്ല ജീവിതത്തിൽ അയാൾ സംതൃപ്തനായിരുന്നു.
വീട്ടിലേക്കെത്തുമ്പോൾ എല്ലാവരും എങ്ങോട്ടേക്കോ പോകാൻ ഒരുങ്ങി നീക്കുകയായിരുന്നു. രുദ്രയ്ക്ക് കൂട്ടായി ഉഷയും സേതുവും അവരുടെ വീട്ടിലേക്ക് പോവുകയാണ്. ഇന്ദ്രനതിൽ താല്പര്യമില്ലായ്മ അറിയിച്ചെങ്കിലും രുദ്ര പറഞ്ഞു അതൊക്കെ മാറ്റി. അവർ പോകുന്നതിലും അവന് വിഷമം ജാനുവിനൊപ്പം ഒറ്റക്ക് അവിടെ നിൽക്കുന്നതിലായിരുന്നു. ജാനുവിനും മറിച്ചായിരുന്നില്ല. ഒരു അമ്മയുടെയും അച്ഛന്റെയും സ്നേഹം അറിഞ്ഞിട്ടില്ലാത്ത അവൾക്ക് അവരെ പിരിയുന്നതിൽ നിരാശ തോന്നിയിരുന്നു. 

അന്ന് അത്താഴത്തിനു ജാനു ഇന്ദ്രനെ വിളിച്ചെങ്കിലും അവൻ കഴിക്കാൻ കൂട്ടാക്കിയില്ല. എന്തോ ജാനുവിനും പിന്നെ കഴിക്കാൻ തോന്നിയില്ല. രണ്ടാളും ഒന്നും കഴിക്കാതെയാണ് കിടന്നത്. ആ വലിയ വീട്ടിൽ നിശബ്ദത തളം കെട്ടി കിടന്നു. ഇന്ദ്രന് അതിൽ പുതുമയൊന്നും ഉണ്ടായിരുന്നില്ല. കുറച്ചു കാലമായി രുദ്ര വരുമ്പോൾ മാത്രമാണ് അനക്കം ഉണ്ടായിരുന്നത് എന്നാൽ ജാനുവിന് ശ്വാസം മുട്ടുന്ന പോലെയാണ് തോന്നിയിരുന്നത്. അനുവിന്റെയും ശിവയുടെയും ഒച്ചപ്പാടുകൾക്ക് ഇടയിൽ നിന്നും പെട്ടെന്ന് നിശബ്ദമായൊരു താഴ്വാരത്തിൽ പെട്ടത് പോലെ. അപരിചിതരെ പോലെ അന്നത്തെ രാത്രി അവർ തള്ളി നീക്കി.

പിറ്റേ ദിവസവും അതിരാവിലെ എഴുന്നേറ്റ് തന്റെ ജോലികളിൽ ജാനു വ്യാപൃതയായിരുന്നു. തലേ ദിവസത്തെ പോലെ സിന്ദൂരം തൊടാൻ അവൾ മറന്നിരുന്നില്ല. പൂർണമായും ഒരു ഗൃഹനാഥയിലേക്ക് അവൾ മാറിയിരുന്നു. ചായയുമായി തന്നെ വിളിക്കാൻ വന്ന ജാനുവിന്റെ മുഖത്തെ പ്രകാശം അവനിലേക്കും പകരുന്നുണ്ടായിരുന്നു. രാവിലത്തെ ഭക്ഷണം തയ്യാറാക്കി വിളിക്കാൻ വന്നപ്പോൾ അവൻ അവിടെ ഉണ്ടായിരുന്നില്ല. അവനെ കാണാതെ ആയപ്പോൾ ഉള്ളിലെവിടെയോ ഭയം ഉരുണ്ടു കൂടുന്നത് അവളറിഞ്ഞു. ഫോണിൽ വിളിക്കാമെന്ന് വെച്ചാൽ ആകെ ഉള്ളത് ലാൻഡ് ഫോണാണ്. അവന്റെ നമ്പർ അറിയുകയുമില്ല. ഭർത്താവിന്റെ ഫോൺ നമ്പർ പോലുമറിയാത്ത ഒരു ഭാര്യ! അവൾക്ക് സ്വയം പുച്ഛം തോന്നി. പുറത്തേക്ക് കണ്ണുംനട്ടു വാതിൽ പടിയിൽ തന്നെ അവൾ കാത്ത് നിന്നു. ഓരോ ശബ്ദം കേൾക്കുമ്പോളും പ്രതീക്ഷയോടെ അവളുടെ കണ്ണുകൾ അവനെ തിരഞ്ഞു പക്ഷെ നിരാശയായിരുന്നു ഫലം. ഉച്ചക്കത്തേക്കുള്ള ഊണ് തയ്യാറായി കഴിഞ്ഞിട്ടും ആളെ കാണാനില്ല. ജാനുവിൽ നിരാശയും സങ്കടവും കുമിഞ്ഞു കൂടി. ഒരു പരിചയുവുമില്ലാത്ത ഒരിടത്ത് തന്നെ ഒറ്റക്കാക്കി പോയ ഇന്ദ്രനോട് ദേഷ്യം തോന്നി. രാവിലെ മുതൽക്കേ ഒന്നും കഴിച്ചില്ലെങ്കിലും തളർച്ചയൊന്നും അവൾ അറിഞ്ഞിരുന്നില്ല. സമയം ഒരു മൂന്നു മണിയോടടുത്തപ്പോളാണ് ഇന്ദ്രൻ വന്നു കയറിയത്. ദേഷ്യം കൊണ്ട് എന്തൊക്കെയോ ചോദിക്കാനും പറയാനും ഉണ്ടായിരുന്നെങ്കിലും അവൾ മൂകയായി അവനെ സ്വീകരിച്ചു. പുറത്ത് നിന്ന് കഴിച്ചിട്ടാണ് വന്നതെന്ന് പറഞ്ഞു ഇന്ദ്രൻ മുകളിലേക്ക് പോകുമ്പോൾ ഉള്ളിലെവിടെയോ ചെറു നോവ് പടർന്നിരുന്നു. വിളമ്പി വെച്ച ഭക്ഷണം തിരികെ എടുത്ത് വെച്ച് മുറ്റത്തെ മാവിൻ ചുവട്ടിൽ പോയി ഇരിക്കുമ്പോൾ മനസ് ശൂന്യമായിരുന്നു. കുട്ടിക്കാലം മുതൽക്കേ പട്ടിണി കിടന്ന് ശീലമായതിനാലാവാം വിശപ്പൊന്നും അറിയുന്നുണ്ടായിരുന്നില്ല. പലപ്പോഴും വിശന്നിട്ടും കണ്ണുനീരിൽ കുതിർന്ന ഭക്ഷണം തൊണ്ടയിൽ കുരുങ്ങി കിടന്നിട്ടുണ്ട്. ചിലപ്പോഴൊക്കെ കഴിക്കാൻ എത്തുമ്പോൾ ഒഴിഞ്ഞ പാത്രങ്ങളാണ് ഉണ്ടായിരുന്നത്. പക്ഷെ എന്തു കൊണ്ടോ ഇത്രത്തോളം ഒറ്റപ്പെടൽ അവിടെ അനുഭവിച്ചിരുന്നില്ല. എത്രയൊക്കെ വിഷമങ്ങൾ ഉണ്ടായാലും ആശ്വസിപ്പിക്കാനും ആരൊക്കെയോ ഉണ്ടായിരുന്നു. ഇടയ്ക്കെപ്പോഴോ അമ്മയെയും ഓർത്തു. പാവം സ്വന്തം ഭർത്താവിൽ നിന്നും എത്രത്തോളം ദുരിതം അനുഭവിച്ചിട്ടുണ്ടാകും. അവസാന ശ്വാസം വലിക്കുമ്പോളും താൻ പ്രാണനായി കണ്ട ഭർത്താവിന്റെ കൈ കൊണ്ട് മരിക്കുന്നതിലാവാം ഏറ്റവും വിഷമിച്ചിട്ടുള്ളത്.

✡️✡️✡️✡️✡️✡️✡️✡️✡️✡️✡️✡️✡️✡️✡️

അവളോടൊപ്പം ഇരിക്കാനുള്ള മടി കൊണ്ടാണ് രാവിലെ തന്നെ പുറത്തേക്ക് പോയത്. ഉമ്മറപടിയിലുള്ള അവളുടെ നിൽപ്പ് കണ്ടപ്പോളേ മനസ്സിലായിരുന്നു നന്നായി പേടിച്ചെന്നു. അവളുടെ മുഖത്തു നിന്നും പറയാതെ പോയതിലെ പരിഭവവും വായിച്ചെടുക്കാൻ കഴിഞ്ഞിരുന്നു. അവളും ഒന്നും കഴിച്ചിട്ടുണ്ടാവില്ലെന്ന് അറിഞ്ഞിട്ടും കഴിച്ചെന്നു കള്ളം പറഞ്ഞു ഒഴിവാകാൻ ആണ് തോന്നിയത്. ഒന്നും കഴിക്കാതെ അവളും പോകുന്നത് കണ്ടപ്പോൾ എന്തോ ഒരു സങ്കടം. എത്രയൊക്കെ വെറുപ്പ് നിറച്ചു വെച്ചിട്ടും അവളെ കാണുമ്പോൾ സഹതാപമായി മാറുന്നു. വീണ്ടും അവളുടെ കണ്ണുകളിലെ നിരാശ കണ്മുന്നിൽ തെളിഞ്ഞു വന്നപ്പോൾ എന്ത് കൊണ്ടോ അതിനു നേരെ കണ്ണടയ്ക്കാൻ കഴിഞ്ഞില്ല. താഴേക്ക് ഇറങ്ങി ചെല്ലുമ്പോൾ നിറഞ്ഞ കണ്ണുകളോടെ ആലോചനയിലാണ്ട ജാനുവിനെയാണ് കണ്ടത്. അൽപ സമയം അവളെയും വീക്ഷിച്ചു നിന്നു. ഒറ്റ നോട്ടത്തിൽ ഒരു പാവം പെണ്ണ്. എന്ത് കൊണ്ടാണ് അവൾ തന്റെ പ്രണയം ഉപേക്ഷിച്ചതെന്ന് ഇപ്പോളും അറിയില്ലെങ്കിലും അവളിലും എന്തൊക്കെയോ ശെരികൾ ഉണ്ടെന്ന് അവനും തോന്നി തുടങ്ങിയിരുന്നു. 

"എനിക്ക് വിശക്കുന്നു."
 
അവളെ ചിന്തകളിൽ നിന്ന് ഉണർത്താൻ എന്ന വണ്ണം അവൻ പറഞ്ഞു. 

"ദാ ഇപ്പോ എടുത്തു വെക്കാം."

ചാടി പിടഞ്ഞെഴുന്നേറ്റ് കൊണ്ട് അവൾ പറഞ്ഞു. നിറഞ്ഞിരുന്ന കണ്ണുകൾ അമർത്തി തുടച്ചു ചെറു പുഞ്ചിരിയോടെ അവൾ അകത്തേക്ക് ഓടി. 

ദേവാസുരം 8 & 9
💟💟💟💟💟💟

ജാനു വേഗത്തിൽ തന്നെ ഭക്ഷണം എടുത്തു വെച്ചു. അവൻ കഴിക്കാനായി വന്നപ്പോൾ അവളിൽ എന്തെന്നില്ലാത്ത ആവേശം വന്നത് പോലെ. അത്രയും സമയം മനസ്സിലുണ്ടായിരുന്ന സങ്കടങ്ങൾ അലിഞ്ഞു പോയിരുന്നു. സാമ്പാറും തോരനും പുളിശ്ശേരിയുമൊക്കെയായി  ഒരു ചെറിയ ഊണ്. പാത്രത്തിലെ അവന്റെ ഇഷ്ടങ്ങൾ കണ്ടറിഞ്ഞു മനസും നിറയുന്ന തരത്തിൽ സന്തോഷത്തോടെയാണ് അവൾ വിളമ്പി കൊടുത്തത്. ഇന്ദ്രന് തന്റെ മുത്തശ്ശിയെ ഓർമ വരുന്ന തരത്തിൽ ഉള്ളതായിരുന്നു അവളുടെ പാചകം. ശെരിക്കും മുത്തശ്ശി വയ്ക്കുന്നത് പോലെ തന്നെ. അവനും ആസ്വദിച്ചു ഭക്ഷണം കഴിച്ചു. 

"നീ കഴിക്കുന്നില്ലേ?"

മടിയോടെയാണ് ഇന്ദ്രനത് ചോദിച്ചത്. 

"ഞാൻ പിന്നീട് കഴിച്ചോളാം."
 
അവന്റെ ആ വാക്കുകൾ മതിയായിരുന്നു അവളുടെ മനസ് നിറയ്ക്കാൻ.
അവൻ കഴിച്ചു മുകളിലേക്ക് പോയതിനു ശേഷം അവൻ കഴിച്ചതിന്റെ ബാക്കിയാണ് അവളും കഴിച്ചത്. അങ്ങനെ കഴിക്കുമ്പോൾ ഉള്ളിലെവിടെയോ വല്ലാത്ത സന്തോഷം തോന്നിയിരുന്നു. 
കഴിച്ചിട്ട് മുകളിലേക്ക് ചെന്നപ്പോൾ റൂമിൽ അവൻ ഉണ്ടായിരുന്നില്ല. 

"ഡീ..."

അലക്കാനായി അവന്റെ മുഷിഞ്ഞ തുണികൾ എടുത്തു തിരിഞ്ഞപ്പോളാണ് ഇന്ദ്രന്റെ അലർച്ച കെട്ടത്. 
"നീ എന്തിനാ എന്റെ ഡ്രസ്സ്‌ എടുക്കുന്നത്?"
 
"അലക്കാൻ."

"നീ ഉണ്ടാക്കി തന്നത് കഴിച്ചെന്നും വെച്ചു കൂടുതൽ ഭാര്യ ചമയാൻ വരണ്ട. ജോലിക്കാരി ഉണ്ട് അതൊക്കെ ചെയ്യാൻ."

"ഞാൻ നേരത്തേ പറഞ്ഞതാണ് ഭാര്യ ചമയാൻ താത്പര്യമില്ലെന്ന്. പിന്നെ ഇവിടെ എനിക്ക് ചെയ്യാനുള്ള ജോലിയല്ലേ ഉള്ളൂ അത് കൊണ്ട് ജോലിക്ക് വരുന്ന ചേച്ചിയോട് വരണ്ടെന്ന് പറയാൻ അമ്മയോട് ഞാൻ പറഞ്ഞിരുന്നു."

"നിന്നോട് ആര് പറഞ്ഞു ഇവിടുത്തെ ജോലിയെടുക്കാൻ?"

"ഞാൻ ഇവിടുന്ന് കഴിക്കുന്നതിനു പകരമായി ജോലി ചെയ്യുന്നെന്ന് കരുതിയാൽ മതി. ഇനി അതും പറ്റില്ലെങ്കിൽ ജോലിക്കാരിക്ക് കൊടുക്കുന്ന ശമ്പളം എനിക്ക് തന്നേക്ക്‌."
 
ഒരു കുസൃതി ചിരിയോടെ അവൾ അതും പറഞ്ഞുകൊണ്ട് വസ്ത്രങ്ങളുമെടുത്തു താഴേക്ക് പോയി. 

അലക്കൊക്കെ കഴിഞ്ഞു തിരികെ വന്നപ്പോൾ അവൻ അവിടെ ഉണ്ടായിരുന്നില്ല. സന്ധ്യ കഴിഞ്ഞും അവനെ കാണാതായതോടെ അവൾക്കും പേടിയായി. ഒറ്റയ്ക്ക് ഒരു മുറിയിൽ പോലും രാത്രിയിൽ ഇരിക്കാൻ അവൾക്ക് ഭയമാണ്. അന്ന് അമ്മയെ അച്ഛൻ ഉപദ്രവിച്ചപ്പോൾ ജാനുവിനെ മുറിയിൽ പൂട്ടി ഇട്ടിരുന്നു.  അമ്മയുടെ ശബ്ദമൊന്നും കേൾക്കാതെയായപ്പോൾ അലറി വിളിച്ച് കരഞ്ഞെങ്കിലും ആരും അത് കേട്ടിരുന്നില്ല. പിറ്റേന്ന് നേരം വെളുക്കും വരെയും ആ ഇരുട്ട് മുറിയിൽ കരഞ്ഞു കരഞ്ഞാണ് നേരം വെളുപ്പിച്ചത്. അതിൽ പിന്നീട് ഇങ്ങനെയാണ്. ഒറ്റക്കായപ്പോൾ അന്നത്തെ ആ കാര്യങ്ങളൊക്കെ അവളുടെ മനസിലേക്ക് ഓടി വന്നു. അറിയാതെ കണ്ണുകളും നിറഞ്ഞു. അപ്പോളാണ് കാളിങ് ബെൽ അടിച്ചത്. ഇന്ദ്രനാവും അതെന്ന് അവൾക്ക് അറിയാമായിരുന്നു. 

"എവിടെങ്കിലും പോകുമെങ്കിൽ പറഞ്ഞിട്ട് പൊയ്ക്കൂടേ?"

വാതിൽ തുറന്നു കൊണ്ട് ദേഷ്യത്തിൽ അവൾ ചോദിച്ചു. 

"അതെന്താ ഞാൻ പുറത്ത് പോണമെങ്കിൽ നിന്റെ അനുവാദവും വാങ്ങണോ?"

"കാണാതാവുമ്പോ എവിടെ ആണെന്ന് വെച്ചു ഇരിക്കാനാണ്."

അവൾ പറഞ്ഞത് ശ്രദ്ധിക്കാതെ അവൻ അകത്തേക്ക് കയറി. പിന്നാലെ ജാനുവും. 

"നീ അമ്മയെ വിളിച്ചില്ലായിരുന്നോ? നിന്നോട് അങ്ങോട്ടേക്ക് വിളിക്കാൻ പറഞ്ഞു."

"എന്റെ കയ്യിൽ ഫോണില്ല. ഇവിടുത്തെ ഫോണിൽ നിന്ന് വിളിക്കാൻ നമ്പറും അറിയില്ല അതാണ് ഏട്ടനേയും വിളിക്കാതെ ഇരുന്നത്."

"നിനക്ക് ഫോണില്ലായിരുന്നോ?"

അതിശയത്തോടെയാണ് ഇന്ദ്രനത് ചോദിച്ചത്. 

"ഒരു പഴയ ഫോൺ ഉണ്ടായിരുന്നു. ഇങ്ങോട്ടേക്കു വന്നപ്പോൾ  അത് കുട്ടികൾക്ക് കൊടുത്തു."

"മ്മ്. ദാ അമ്മയെ വിളിച്ച് സംസാരിച്ചോളൂ."
 
അവൻ ഫോണും കൊടുത്ത് മുകളിലേക്ക് പോയി. 

അവൾ ഉഷയെ വിളിച്ചു സംസാരിച്ചു. അന്നത്തെ കാര്യങ്ങളൊക്കെ കേട്ട് കഴിഞ്ഞപ്പോളാണ് ഉഷയ്ക്കും ആശ്വാസമായത്. അവർ വീട്ടിൽ ഉണ്ടെങ്കിൽ ജാനുവും ഇന്ദ്രനും ഒരിക്കലും അടുക്കില്ലെന്നു അറിയാവുന്നത് കൊണ്ടാണ് രുദ്രയുടെ പേരും പറഞ്ഞു ഇവിടുന്ന് പോയത്. ഏതായാലും കണക്കു കൂട്ടിയത് പോലെ തന്നെ കാര്യങ്ങൾ നടക്കുമെന്ന പ്രതീക്ഷ അവരിലും നാമ്പിട്ടിരുന്നു. അവന്റെ ഇഷ്ടങ്ങൾ അവളും ഉഷയോട് ചോദിച്ചു മനസിലാക്കിയിരുന്നു. 

ഫോൺ തിരികെ കൊടുക്കാനായി പോകുമ്പോളാണ് വോൾപേപ്പറിൽ അവളുടെ കണ്ണ് പതിച്ചത് ഇന്ദ്രനോടൊപ്പം രണ്ടു പേർ കൂടെ ചിത്രത്തിൽ ഉണ്ടായിരുന്നു ഒരാൾ പെൺകുട്ടി ആണ്. അവന്റെ ഷെൽഫിൽ കണ്ട കുട്ടിക്കാലത്തെ ഫോട്ടോയിലും ഇവർ തന്നെയാവുമെന്ന് അവൾ ഊഹിച്ചു. അവർ കൂടെയുള്ളപ്പോളാണ് അവൻ സന്തോഷിക്കുന്നതെന്ന് ആ ചിത്രത്തിൽ നിന്ന്  അവൾക്ക് മനസിലായി. ഇനി ഇവരുമായുള്ള പ്രശ്നം കൊണ്ടാണോ ഏട്ടന് എപ്പോളും ദേഷ്യം? കല്യാണത്തിനും ഇവരെയൊന്നും കണ്ടില്ല. അങ്ങനെ ഓരോന്നും ആലോചിച്ചു റൂമിലേക്ക് എത്തിയപ്പോൾ ഫോൺ വീണ്ടും ബെൽ ചെയ്തു. സ്‌ക്രീനിൽ നേരത്തേ കണ്ട പെൺകുട്ടിയും ഇന്ദ്രനുമായുള്ള ഫോട്ടോ തെളിഞ്ഞു വന്നു. ഇന്ദ്രൻ അവളെ ചേർത്ത് പിടിച്ചുള്ള ഫോട്ടോ കണ്ടപ്പോൾ ജാനുവിനും ചെറിയ കുശുമ്പ് ഉണ്ടായെന്നു പറയാം. അലീന എന്നാണ് പേര് തെളിഞ്ഞു വന്നത്.  ഇന്ദ്രന് ഫോൺ കൊടുത്ത് അവൾ  മുറിയിൽ തന്നെ ചുറ്റി പറ്റി നിന്നു. 

"ഡാ എവിടാണ്?

"ഞാൻ  വീട്ടിൽ ഉണ്ട്. എന്താടി?"

"അല്ല ഒരു കല്യാണം കഴിച്ചതിൽ പിന്നെ ഒരു വിവരവും ഇല്ല. ഇപ്പോ നമ്മളെയൊന്നും വേണ്ടല്ലേ."
 
"നിനക്കല്ലേ വേണ്ടാത്തത്."

അവന്റെ മുഖത്തു ഒരു പുഞ്ചിരി ഒളിഞ്ഞിരുന്നു. ജാനുവും അവനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവൻ അവളെ ഒന്ന് നോക്കിയിട്ട് ബാൽക്കണിയിലേക്ക് പോയി. കുറേ സമയം നോക്കി നിന്നിട്ടും അവൻ വരാതിരുന്നത് കൊണ്ട് നമ്മുടെ കുശുമ്പി ജാനു ദേഷ്യം പിടിച്ച് ലൈറ്റ് ഒക്കെ ഓഫ്‌ ആക്കി നേരത്തേ കിടന്നു. പക്ഷെ ഇന്ദ്രൻ വരും വരെ അവൾ ഉറങ്ങിയിരുന്നില്ല. 

പിറ്റേന്ന് ഇന്ദ്രന് ഓഫീസിൽ പോകേണ്ട ആവശ്യം ഉണ്ടായിരുന്നു. അവന് പോവാനായി ഡ്രെസ്സും ജാനു എടുത്ത് വെച്ചിട്ടുണ്ടായിരുന്നു. അവൻ കഴിച്ചിട്ട് പോകാനായി ഇറങ്ങിയപ്പോൾ ജാനുവും ഒരുങ്ങി താഴേക്ക് വന്നു. 

"നീ ഇതെങ്ങോട്ടാ?"

"കോളേജിൽ എക്സാം ഫീ അടക്കേണ്ട ലാസ്റ്റ് ദിവസം നാളെയാണ്."

"അതിന്? തനിയെ അങ്ങോട്ട് പോയ മതി. എനിക്കൊന്നും വയ്യാ."

"എന്നെ ബസ് സ്റ്റോപ്പിൽ ആക്കി തന്നാൽ മതി. അവിടുന്ന് ഞാൻ പൊക്കോളാം."

അവളുടെ മുഖത്തെ ഭാവം കണ്ടപ്പോൾ മറുത്ത് ഒന്നും പറയാൻ തോന്നിയില്ല. 
"മ്മ്."

അവൾ വേഗം തന്നെ കാറിൽ കയറി. 

ഓടി പിടിച്ചാണ് കോളേജിൽ എത്തിയത്. ഓഫീസിനു മുന്നിൽ ക്ലാസ്സിലെ കുറച്ചു കുട്ടികൾ ഉണ്ടായിരുന്നു. ചിലരൊക്കെ വന്നു സംസാരിച്ചു. വിവാഹത്തിന്റെ വിശേഷങ്ങൾ ചോദിച്ചു. ദേവു നേരത്തേ ഫീ അടച്ചിരുന്നു അത് കൊണ്ട് ഇന്ന് വന്നില്ല. അവളോട് ഞാനും ഇന്ന് വരുമെന്ന് പറഞ്ഞിരുന്നെങ്കിൽ അവളും വന്നേനെ. ശേ പറയാഞ്ഞത് മണ്ടത്തരമായി ഇനിയിപ്പോ ഒറ്റക്ക് നടക്കണം. തിരികെ ഒറ്റക്ക് പോവാൻ ആണെങ്കിൽ മടിയാവുന്നു. ഏട്ടൻ കാറിൽ കയറാൻ പറഞ്ഞപ്പോൾ കോളേജ് വരെ കൊണ്ട് ആകുമെന്നാണ് വിചാരിച്ചത്. ആഹ് ബസ് സ്റ്റോപ്പിലെങ്കിലും ആക്കാൻ തോന്നിയത് ഭാഗ്യം. 

എക്സാം ഫീയൊക്കെ അടച്ചു സ്റ്റാഫ്‌ റൂമിൽ ചെന്നു ടീച്ചേഴ്സിനെയൊക്കെ കണ്ടു. കുറച്ചു നോട്സ് വാങ്ങാനും ഉണ്ടായിരുന്നു. അങ്ങനെ അവിടുന്നും ഇറങ്ങി കഴിഞ്ഞപ്പോൾ അനുവാദം കൂടാതെ മനസിലേക്ക് വിഷ്ണു ഏട്ടന്റെ ചിന്തകൾ കടന്നു വന്നു. ഉള്ളിൽ വല്ലാത്ത നോവ് തോന്നി. കല്യാണത്തിന്റെ അന്ന് കണ്ട ഏട്ടന്റെ കലങ്ങിയ കണ്ണുകളാണ് ആദ്യം മനസിലേക്ക് വന്നത്. അരുതെന്ന് എത്രയൊക്കെ പറഞ്ഞിട്ടും കണ്ണുകൾ അറിയാതെ നിറഞ്ഞു. കുറച്ചു സമയം കോളേജിനു പിറകിലെ മരച്ചുവട്ടിൽ ഇരിക്കാമെന്ന് കരുതിയാണ് അങ്ങോട്ടേക്ക് നടന്നത്. എത്ര നേരം അവിടെ ഇരുന്നെന്ന് അറിയില്ല. 

ആരോ വിളിക്കുന്ന ശബ്ദം കേട്ടാണ് തല ഉയർത്തി നോക്കിയത്. 
വിഷ്ണു ഏട്ടന്റെ ക്ലാസ്സിലെ ആതിര ചേച്ചിയായിരുന്നു അത്. വിഷ്ണു ഏട്ടനോട് അടുപ്പം കാണിക്കുമെങ്കിലും ചേച്ചി ഇത് വരെ എന്നോട് മിണ്ടിയിട്ടില്ല. ചേച്ചിയുടെ പെരുമാറ്റങ്ങളിൽ നിന്ന് എന്നോടെന്തോ ദേഷ്യം ഉള്ള പോലെയാണ് തോന്നിയിട്ടുള്ളത്. 

എന്ത് കൊണ്ടോ ചേച്ചിയുടെ മുഖത്തേക്ക് നോക്കാൻ എനിക്ക് കഴിഞ്ഞില്ല. തെറ്റ് ചെയ്തവളെ പോലെ തല കുമ്പിട്ടു എഴുന്നേറ്റ് നിന്നു. 

"അവന്റെ ജീവിതം നശിപ്പിച്ചപ്പോൾ നിനക്ക് സന്തോഷമായില്ലേ."

ചേച്ചി ഇത് പറയാനാവും വരുന്നതെന്ന് നേരത്തേ അറിയാമായിരുന്നു. എന്തൊക്കെ പറഞ്ഞാലും കേൾക്കാൻ ബാധ്യസ്ഥ ആയത് കൊണ്ട് ഒന്നും മിണ്ടാതെ അങ്ങനെ തന്നെ നിന്നു. 

"ഒരു പണക്കാരനെ കണ്ടപ്പോൾ പോകാൻ ആണെങ്കിൽ എന്തിനാ ആ പാവത്തിനെ ആശിപ്പിച്ചത്. അവൻ ഇത് വരെ ഫീ അടക്കാൻ വന്നിട്ടില്ല. ഞങ്ങൾ പലരും അവനെ കോൺടാക്ട് ചെയ്യാൻ ശ്രമിച്ചെങ്കിലും നടന്നിട്ടില്ല. അറിയാല്ലോ അവൻ എത്ര നന്നായിട്ട് പഠിക്കുമായിരുന്നെന്ന്. അവന്റെ വീട്ടിലെ അവസ്ഥ അറിയുന്ന കൊണ്ടാണല്ലോ നീ ഇട്ടിട്ട് പോയത്. ആ വീട്ടിലെ ആകെയുള്ള പ്രതീക്ഷ അവനായിരുന്നു. ഈ എക്സാം കൂടെ കഴിഞ്ഞാൽ ഉറപ്പായും അവന് നല്ലൊരു ജോലി കിട്ടും. നീ കാരണം അവൻ എക്സാം എഴുതിയില്ലെങ്കിൽ ആ കുടുംബം മുഴുവൻ നശിക്കാൻ കാരണക്കാരി നീയാവും ഓർത്തോ."

ഇത്രയും പറഞ്ഞു മറുപടിക്ക് കാത്ത് നിൽക്കാതെ ആതിര പോയി. 
ഒരിക്കലും ന്യായീകരിക്കാൻ കഴിയാത്ത തെറ്റാണ് താൻ ചെയ്തതെന്ന് അവൾക്ക് അറിയാമായിരുന്നു പക്ഷെ താൻ കാരണം അവന്റെ ഭാവി വരെ ഇല്ലാതാകുമെന്ന് അവളെ വിചാരിച്ചിരുന്നില്ല. പഠിച്ചു നേടാനാഗ്രഹിച്ച അവന്റെ സ്വപ്‌നങ്ങൾ അവളുടെ മനസിലേക്ക് വന്നു. ജാനുവിൽ കുറ്റബോധം കുമിഞ്ഞു കൂടി.

✡️✡️✡️✡️✡️✡️✡️✡️✡️✡️✡️✡️✡️✡️✡️✡️

ഓഫിസിൽ വെച്ചു സേതു വിളിച്ചു കഴിഞ്ഞപ്പോൾ മുതൽ എന്തോ ഒരു ടെൻഷൻ ഇന്ദ്രനെ ബാധിച്ചിരുന്നു. ജാനുവിനെ ഒറ്റക്ക് കോളജിൽ വിട്ടതിനു സേതു അവനെ ശാസിച്ചിരുന്നു. ഒരു ഫോൺ പോലും ഇല്ലാതെ ഒറ്റക്ക് വിട്ടത് ശെരിയായില്ലെന്ന് അവനും തോന്നി. അത് കൊണ്ടാണ് രണ്ടാമതൊന്നും ആലോചിക്കാതെ അവളെ വിളിക്കാൻ കോളേജിൽ വന്നത്. കുറേ സമയം ഗേറ്റിന് മുന്നിൽ കാത്ത് നിന്നിട്ടും കാണാഞ്ഞത് കൊണ്ടാണ് അകത്തേക്ക് വന്നത്. മരച്ചുവട്ടിൽ അവളുണ്ടെന്ന് ആരോ പറഞ്ഞത് കേട്ടാണ് അങ്ങോട്ടേക്ക് ചെന്നു. ആതിരയുടെ സംസാരം കേട്ടത് കൊണ്ട് കുറച്ചു മാറി അവൻ നിന്നു. എല്ലാം കേട്ട് കഴിഞ്ഞ് അവളുടെ അടുത്തേക്ക് ഉടനേ ചെല്ലാൻ തോന്നിയില്ല. പക്ഷെ അവളുടെ എല്ലാം തകർന്ന മുഖഭാവം അവനെ വല്ലാതെ സ്വാധീനിച്ചു. എന്ത് കൊണ്ടോ തന്റെ പണമോ സ്വത്തോ അവളെ ആകർഷിച്ചിട്ടില്ലെന്ന് അവനും തോന്നിയിരുന്നു. അവളുടേത് മാത്രമായ എന്തോ ശെരികൾ അവളുടെ ഈ തീരുമാനത്തിന് പിന്നിലുണ്ടെന്ന് അവനും വിശ്വസിച്ചു. ഒരിക്കലും ആരോടും തന്റെ തെറ്റിനെ ന്യായീകരിക്കാതെ എല്ലാം തെറ്റുകളും ഏറ്റു കൊണ്ടുള്ള അവളുടെ നിൽപ്പിൽ അവനും വിഷമം തോന്നി തുടങ്ങിയിരുന്നു. അത് കൊണ്ടാണ് അൽപ സമയം നോക്കി നിന്നിട്ട് അവളുടെ അടുത്തേക്ക് ചെന്നത്.

ഇന്ദ്രൻ അവൾക്കരികിൽ ചെന്നിട്ടും അവളത് അറിഞ്ഞിരുന്നില്ല. അവളുടെ തോളിൽ അവന്റെ കൈകൾ പതിഞ്ഞപ്പോളാണ് അവൾ  ഞെട്ടി അവന്റെ മുഖത്തേക്ക് നോക്കുന്നത്. അവനെ കണ്ടതും വീണ്ടും അവളുടെ കണ്ണുകൾ നിറഞ്ഞു. 

"പണത്തിനു വേണ്ടിയാണ് ഈ വിവാഹത്തിന് സമ്മതിച്ചെന്ന് അല്ലേ ഏട്ടനും കരുതുന്നത്?"
 
മറുപടിയൊന്നും പറയാതെ അവനും മൗനിയായി നിന്നു.  

"അമ്മയെ പോലെ എനിക്കും മാമനെ ധിക്കരിക്കാൻ കഴിയാഞ്ഞത് കൊണ്ടാണ്. ഞാനാണ് എല്ലാത്തിനും കാരണം."

അവളുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു.

"സാരമില്ലെടോ എനിക്ക് മനസിലാവും. വരൂ നമുക്ക് എന്താണെന്ന് വെച്ചാൽ ചെയ്യാം."

അവൻ അവളുടെ കൈകൾ ചേർത്ത് പിടിച്ച് പറഞ്ഞു. നിർവികാരം നിറഞ്ഞ മുഖവുമായി  അവൾ ഇന്ദ്രന്റെ കൂടെ നടന്നു. അപ്പോളും അവൻ അവളുടെ കയ്യിൽ മുറുകെ പിടിച്ചിരുന്നു.

കാറിലിരിക്കുമ്പോൾ ഇന്ദ്രന്റെ ശ്രദ്ധ മുഴുവൻ ജാനുവിലായിരുന്നു. ആരോരുമില്ലാത്ത പെണ്ണിനോട് തോന്നിയ സഹതാപമാണോ അറിയില്ല. എത്രയൊക്കെ ദേഷ്യപ്പെടാൻ തോന്നിയാലും ആ മുഖം കാണുമ്പോൾ... എന്തോ ഒരു ആത്മബന്ധം ഉള്ളത് പോലെ. പക്ഷെ ഒരിക്കലും ഒരു ഇഷ്ടം തോന്നിയിട്ടുണ്ടോ? ഇല്ലായിരിക്കും. അറിയില്ല. അലീനയെ പറ്റി അല്ലാതെ മറ്റാരെയും അങ്ങനെ ചിന്തിച്ചിട്ടില്ല. ഒരു പക്ഷെ അലീന തന്റെ ജീവിതത്തിൽ ഉണ്ടായിരുന്നില്ലെങ്കിൽ ജാനുവിനെ ഇഷ്ടപ്പെടുമായിരുന്നിരിക്കാം. അലീനയുടെയും ജാനുവിന്റെയും സ്വഭാവം തീർത്തും വത്യസ്ഥമായിരുന്നു. ജാനു ചെയ്യുന്ന ഓരോ പ്രവൃത്തിയും ഇന്ദ്രന്റെ ഭാര്യാ സങ്കൽപ്പം പോലെയാണ്. പക്ഷെ അവൻ അതിയായി സ്നേഹിക്കുന്നത് അലീനയെയും. എങ്ങനെയാണ് തനിക്ക് അലീനയോട് പ്രണയം തോന്നിയെന്ന് ഇപ്പോളും അവന് അറിയില്ല. പക്ഷെ അവൻ സ്നേഹിച്ചത് ആത്മാർത്ഥമായാണ് അത് കൊണ്ട് തന്നെ അലീനയെ മറക്കാനും കഴിയുന്നില്ല. അലീനയിൽ നിന്ന് ഒരിക്കലും സ്നേഹം പിടിച്ച് വാങ്ങാനും അവൻ ആഗ്രഹിക്കുന്നില്ല. ജാനുവിന്റെ അവസ്ഥ അത് കൊണ്ടാവും ഇന്ദ്രനും മനസിലാവുന്നുണ്ടായിരുന്നു. മറ്റൊരാളുടെ നിർബന്ധപ്രകാരം സ്വന്തം പ്രണയത്തിൽ നിന്ന് പിന്മാറുന്ന അവളുടെ മാനസികാവസ്ഥ എന്തായിരുന്നിരിക്കണം. എല്ലാവരിൽ നിന്നും കുറ്റപ്പെടുത്തൽ മാത്രം ! ചിലരുടെ പിടിവാശികൾക്ക് അവൾ പകരം നൽകിയത് തന്റെ സന്തോഷത്തെയാണ്. വിവാഹ ജീവിതത്തിലും അവൾക്കു സന്തോഷം ലഭിക്കില്ലെന്ന് ഓർത്തപ്പോൾ അവന് സഹതാപം തോന്നി. അലീനയും ഇത് പോലെ ആരുടെയെങ്കിലും നിർബന്ധത്തിനു വഴങ്ങിയാണ് തന്നിൽ നിന്നും അകന്നതെങ്കിൽ... ഇതിലും വേദന അവളും സഹിക്കുന്നുണ്ടാവില്ലേ. അവന്റെ മനസ് അസ്വസ്ഥമായി തുടങ്ങിയിരുന്നു. റോഡ് സൈഡിലേക്ക് അവൻ കാർ പാർക്ക്‌ ചെയ്തു. 

അൽപ സമയത്തെ ആലോചനയ്ക്ക് ഒടുവിലാണ് പരിസരബോധം അവനുണ്ടായത്. ഞെട്ടി ജാനുവിനെ നോക്കിയപ്പോൾ അവൾ അപ്പോഴും ആലോചനയിലാണ്ടു ഇരിക്കുകയായിരുന്നു. കണ്ണുനീർ ചാലുകൾ ഒലിച്ചിറങ്ങുന്നുണ്ട്. 

"ഡോ താനിങ്ങനെ കരയാതെ."

ചിന്തകളിൽ നിന്ന് ഉണർന്നു പെട്ടെന്ന് തന്നെ നിവർന്നിരുന്നു അവൾ കണ്ണുകൾ തുടച്ചു. 

"എങ്ങോട്ടേക്കാ പോവേണ്ടത്. അവനെ പറ്റി അന്വേഷിക്കണ്ടേ?"

അവനത് പറഞ്ഞതും ജാനു ആശ്ചര്യത്തോടെ അവനെ നോക്കി. അവനിൽ നിന്ന് അത്തരത്തിലൊരു പ്രതികരണം അവൾ പ്രതീക്ഷിച്ചിരുന്നില്ല. 

"പറയെടോ എന്താണ് ചെയ്യേണ്ടത്?"

"അത്... എനിക്കൊന്നു ദേവുവിനെ കാണണം."
 
അവൾക്ക് ഉറപ്പുണ്ടായിരുന്നു ദേവുവിന് അവളെ സഹായിക്കാനാവുമെന്ന്. 

"മ്മ് നമുക്ക് അവളുടെ വീട്ടിൽ പോവാം."
 
അത് കേട്ടപ്പോൾ ജാനുവിനും ജീവൻ വെച്ചത് പോലെ. ദേവുവിന്റെ വീട്ടിലേക്കുള്ള വഴി പറഞ്ഞു കൊടുത്തത് അവളാണ്. 

മുറ്റത്ത് കാറ്‌ വന്ന ശബ്ദം കേട്ടാണ് ദേവു പുറത്തേക്ക് ഇറങ്ങിയത്. കാറിൽ നിന്ന് ഇറങ്ങിയ ജാനുവിനെ കണ്ടതും അതിശയം ആണ് ഉണ്ടായത്. തന്നെ കണ്ടതും ജാനു ഓടി വന്നു മാറോടു ചേർത്ത് കെട്ടി പിടിച്ചിരുന്നു. കരഞ്ഞു വീർത്ത കൺപോളകൾ വിളിച്ചോതുന്നുണ്ടായിരുന്നു അവളുടെ സങ്കടങ്ങളെ. ഇന്ദ്രന്റെ മുഖത്തെ ഭാവങ്ങളിൽ നിന്ന് അതിന് കാരണക്കാരൻ അവനല്ലെന്ന് അവൾ ഊഹിച്ചെടുത്തു. ദേവു അവളെയും കൂട്ടി വീടിന് അടുത്തുള്ള കുളക്കടവിലേക്ക് പോയി. തനിക്ക് കഴിയുന്നത് പോലെ അവളെ ആശ്വസിപ്പിച്ചു കൊണ്ടിരുന്നു. അവൾ ഒന്ന് സമാധാനപ്പെട്ടതിന് ശേഷമാണ് ദേവു കാര്യങ്ങൾ ചോദിച്ചു മനസിലാക്കിയത്. നിറഞ്ഞൊഴുകുന്ന കണ്ണുനീർ വീണ്ടും തുടച്ചു കൊണ്ട് അവൾ ജാനുവിനോട് മനസ് തുറന്നു. 

"നിന്നോട് ഇതൊക്കെ ആരാണ് പറഞ്ഞത്?"

മുഴുവൻ കഥകളും കേട്ടതിനു ശേഷം ദേവു ചോദിച്ചു. 

"ആതിര ചേച്ചി."

"ഏത് വിഷ്ണു ചേട്ടന്റെ ക്ലാസ്സിൽ ഉള്ള.. ഓ വെറുതെയല്ല. വിഷ്ണു ഏട്ടൻ പഠിപ്പൊന്നും നിർത്തിയിട്ടില്ല. നിന്റെ വിവാഹം കഴിഞ്ഞ അന്ന് മുതൽ ഇന്നോളം ഏട്ടന്റെ എല്ലാ കാര്യങ്ങളും ഞാൻ അന്വേഷിക്കാറുണ്ട്."

ദേവു പറഞ്ഞു തുടങ്ങി. 

"എന്തു കൊണ്ടോ ആ അവസ്ഥയിൽ ഒറ്റക്ക് വിട്ടു പോകാൻ തോന്നിയില്ല. നിന്റെ സുഹൃത്തെന്ന നിലയ്ക്ക് എന്റെ കടമയാണ് അതെന്ന് തോന്നി. ആദ്യമൊക്കെ എന്നോട് വെറുപ്പ് കാട്ടിയെങ്കിലും ഇപ്പോ ഏട്ടന് കുഴപ്പമൊന്നും ഇല്ല. നിന്നോടുള്ള ഇഷ്ടം ഇപ്പോളും പഴയത് പോലെ തന്നെ ഉണ്ട്. നീ ഇന്ദ്രേട്ടന്റെ കൂടെ സന്തോഷത്തോടെ ജീവിക്കണമെന്നാണ് ആ പാവവും ഇപ്പോ ആഗ്രഹിക്കുന്നത്."

"അപ്പോ എക്സാം എഴുതാൻ വരില്ലെന്ന് പറഞ്ഞതോ?"

"ഇന്ന് ഫീ അടക്കാൻ പോകുമെന്നാ എന്നോടും പറഞ്ഞത്. നിനക്ക് വിശ്വാസം ഇല്ലെങ്കിൽ ഞാൻ ഏട്ടനെ കൊണ്ട് തന്നെ പറയിപ്പിക്കാം."
 
അവൾ ഫോണെടുത്തു വിഷ്ണുവിനെ വിളിച്ചു സ്പീക്കറിൽ ഇട്ടു. 

"ഹലോ..?"

"ഹലോ.."

മറുതലക്കൽ നിന്നും വിഷ്ണുവിന്റെ ശബ്ദം കേട്ടപ്പോൾ ജാനുവിന് സമാധാനമായി. 

"ഞാൻ ദേവിക ആണ്."

"മ്മ് മനസിലായി."

"ഏട്ടൻ ഫീ അടച്ചിരുന്നോ?"

"ഇല്ല. എനിക്ക് കുറച്ചു തിരക്ക് ഉണ്ടായിരുന്നു. അത് കൊണ്ട് ഇന്ന് പോയില്ല."

"നാളെ അടക്കുവോ?  അല്ലെങ്കിൽ ഞാൻ പോകുമ്പോ അടക്കാം."

"ഞാൻ നാളെ തന്നെ അടക്കും. നീ പേടിക്കണ്ട നിന്റെ കൂട്ടുകാരി കാരണം ഞാൻ എന്റെ ജീവിതം തകർക്കില്ല. എനിക്ക് വേണ്ടിയല്ലെങ്കിലും അനിയത്തി കുട്ടിക്ക് വേണ്ടി എനിക്ക് ജയിച്ചേ പറ്റു."

അവൻ പറഞ്ഞ ആ വാക്കുകളിൽ ആത്മവിശ്വാസം ഉണ്ടായിരുന്നു. സ്വപ്നങ്ങൾക്ക് പിന്നാലെ സഞ്ചരിക്കുന്ന പഴയ വിഷ്ണു ആയി അവൻ മാറിയിരുന്നു. 

ആ വാക്കുകൾ ജാനുവിനും കരുത്ത് പകർന്നു. അവളുടെ മുഖത്തും ആശ്വാസത്തിന്റെ പുഞ്ചിരി പടർന്നു. 

"താനിങ്ങനെ ഇടക്ക് ഇടക്ക് വിളിച്ചു എന്നെ പറ്റി അന്വേഷിക്കണമെന്നില്ല. ഞാൻ ഇപ്പോൾ ഓക്കേ ആണ്."

"മ്മ്."

"ഇപ്പോ വിശ്വാസമായോ?"

ഫോൺ കട്ട്‌ ചെയ്ത് ഒരു പുഞ്ചിരിയോടെ ദേവു ചോദിച്ചു . ആ പുഞ്ചിരി ജാനുവിന്റെ മുഖത്തും പടർന്നു. 

"ഇപ്പോളാണ് സമാധാനം ആയത്. ഞാൻ അങ്ങ് ഇല്ലാണ്ടായി പോയി. മാപ്പർഹിക്കാത്ത തെറ്റാണ് ഞാൻ ഏട്ടനോട് ചെയ്തത് പക്ഷെ അതിന്റെ പേരിൽ ഏട്ടന്റെ ജീവിതം കൂടെ നശിച്ചാൽ പിന്നെ ഞാൻ ജീവിച്ചിരുന്നിട്ട് എന്തിനാണ്."

"നീ എന്തിനാ എഴുതാ പുറം വായിക്കുന്നത്. 
അല്ല നിന്നോട് ഈ നുണ കഥയൊക്കെ ആരാ പറഞ്ഞെ? ആതിര ചേച്ചി അല്ലേ?"

"മ്മ്"

"ഞാൻ പണ്ടേ പറഞ്ഞതല്ലേ ആ ചേച്ചിക്ക് നിന്നോട് എന്തോ ദേഷ്യം ഉണ്ടെന്ന്. വിഷ്ണു ഏട്ടനോട് അവർക്ക് ഒരു കണ്ണുണ്ടെന്നാ എന്റെ ബലമായ സംശയം. അല്ലെങ്കിൽ നിന്നോട് അവർ എന്തിനാ ദേഷ്യപ്പെടുന്നത്? ഏട്ടനില്ലാത്ത പ്രശ്നം അവർക്ക് എന്തിനാ? ഒരു അവസരം കിട്ടിയപ്പോ നിന്നോടവർ ദേഷ്യം തീർത്തതാ."

"ആ അതെന്തെങ്കിലും ആവട്ടെ ഏതായാലും കുഴപ്പങ്ങൾ ഒന്നും ഇല്ലല്ലോ."

ജാനു സമാധാനത്തോടെ പറഞ്ഞു. 

"എന്റെ കുട്ടി കുറച്ചു സമയം കൊണ്ട് കരഞ്ഞു കോലം കേട്ടല്ലോ?  അല്ല അത് പോട്ടെ ഇന്ദ്രേട്ടന് നിന്നോട് ഇഷ്ടം ഒന്നും ഇല്ലെന്ന് പറഞ്ഞിട്ട് കല്യാണം കഴിഞ്ഞപ്പോ രണ്ടാളും സെറ്റ് ആയോ?"

കളിയാക്കി ചിരിച്ചു കൊണ്ട് ദേവു അത് ചോദിച്ചപ്പോൾ ജാനുവിന്റെ മുഖത്തും നാണം വിടർന്നു.

"ആഹാ പെണ്ണിന് നാണം വന്നല്ലോ?"

"ഇഷ്ടം ഒന്നും ഉണ്ടായിട്ടല്ല. ദേഷ്യം ഒന്നും കാണിക്കുന്നില്ല എന്നെ ഉള്ളൂ."

"പിന്നെ ഏട്ടൻ എന്തിനാ കോളേജിൽ വന്നത്?"

"അയ്യോ അത് ചോദിക്കാൻ ഞാനും മറന്നു. ബസ് സ്റ്റോപ്പിൽ ആക്കി തന്ന ആളാണ്. എന്തിനാണാവോ കോളേജിൽ വന്നേ?"

അപ്പോളാണ് അതിനെ പറ്റി അവളും ചിന്തിച്ചത്. 

"അത് നിങ്ങൾ ഭാര്യയും ഭർത്താവും കൂടെ വീട്ടിൽ പോയി ആലോചിച്ചാൽ മതി. രണ്ടാളും കൂടെ ഒന്നിച്ചു ആദ്യായിട്ട് വന്നിട്ട് മുറ്റത്തു നിന്ന് സംസാരിക്കുവാ നീ അകത്തേക്ക് വാ."

"അല്ല ഏട്ടൻ?"

ചുറ്റും കണ്ണോടിച്ചു കൊണ്ട് ജാനു പറഞ്ഞു. 

"മാങ്ങയുടെ കണക്കെടുക്കുവാണെന്ന് തോന്നുന്നു. കുറേ നേരായി മാവിൻ ചുവട്ടിൽ കിടന്നു കറങ്ങുന്നു."

ഇന്ദ്രന്റെ നിൽപ്പ് കണ്ടപ്പോൾ ജാനുവിന്റെ മുഖത്തും ഒരു ചിരി വിടർന്നു. ദേവുവിനെ കണ്ടു കഴിഞ്ഞപ്പോൾ ജാനു പൂർണമായും ഇന്ദ്രന്റെ കാര്യം മറന്നു പോയിരുന്നു. അതിലവൾക്ക് കുറ്റബോധം തോന്നി. ദേവുവിന്റെ വീട്ടിൽ നിന്നും ഭക്ഷണമൊക്കെ കഴിച്ചിട്ട് അൽപ സമയം കഴിഞ്ഞാണ് അവർ തിരികെ ഇന്ദ്രിയത്തിലേക്ക് പോയത്. ദേവുവിന്റെ സാന്നിധ്യം ജാനുവിന് സന്തോഷം നൽകുന്നത് കൊണ്ടാണ് വീട്ടിൽ പോകാൻ ഇന്ദ്രനും ധൃതി പിടിക്കാഞ്ഞത്. അവളിലെ മാറ്റം അവനിലും സന്തോഷം ഉളവാക്കി. പോകുന്ന വഴിക്ക് രാത്രിയിലേക്കുള്ള ഭക്ഷണവും അവർ വാങ്ങിയിരുന്നു. 

"അവന്റെ കാര്യം അറിഞ്ഞോ?"

ഭക്ഷണം കഴിക്കും വഴിയാണ് ഇന്ദ്രൻ അത് ചോദിച്ചത്. അത് വരെ രണ്ടാളും പരസ്പരം സംസാരിച്ചിരുന്നെങ്കിലും അവളുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞു നോക്കാനുള്ള മടി കൊണ്ടാണ് അത്രയും സമയം ചോദിക്കാതെ ഇരുന്നത്. പക്ഷെ ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല. 

"അല്ല എന്നോട് പറയാൻ പറ്റുമെങ്കിൽ പറഞ്ഞാൽ മതി."

ദേവികയിൽ നിന്ന് അറിഞ്ഞ കാര്യങ്ങൾ അവൾ അവന് വിശദീകരിച്ചു കൊടുക്കുമ്പോൾ അവൾക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി. തന്നെ പറ്റി അറിയാൻ അവനിൽ താല്പര്യം ഉണ്ടാവുന്നത് അവളിലും കുഞ്ഞു പ്രതീക്ഷകളുടെ വിത്തുകൾ പാകുന്നുണ്ടായിരുന്നു. 

അടുക്കളയിലെ ജോലികളൊക്കെ കഴിഞ്ഞ് റൂമിലേക്ക് പോകുമ്പോൾ മനസ് ശാന്തമായിരുന്നു. അമ്മയെയും മാമനെയുമൊക്കെ വിളിച്ചു വിശേഷങ്ങൾ തിരക്കണമെന്ന് തോന്നിയെങ്കിലും ഏട്ടനോട് പറയാൻ എന്തോ മടി തോന്നി. ഏട്ടൻ കട്ടിലിൽ ഇരുന്നു ലാപ്പിൽ എന്തൊക്കെയോ ചെയ്യുകയായിരുന്നു. രാത്രി കുടിക്കാനുള്ള വെള്ളം ടേബിളിനു മുകളിൽ വെച്ചു. ഇനി എന്താ ചെയ്യുക എന്നറിയാതെ അൽപ സമയം അവിടെ നിന്നപ്പോളാണ് ഇന്ദ്രന്റെ ശ്രദ്ധ അവളിൽ പതിച്ചത്. 

"ആ തനിക്ക് ഒരു സാധനം തരാൻ ഞാൻ മറന്നു."

ഷെൽഫിൽ നിന്ന് ഒരു പൊതിയെടുത്തു കൊണ്ടാണ് അവനത് പറഞ്ഞത്. 

"ഇഷ്ടായില്ലെങ്കിൽ മാറ്റി വാങ്ങാം."

അവൾക്ക് നേരെ നീട്ടി കൊണ്ട് അവൻ പറഞ്ഞു. 
അതെന്താണെന്ന് അറിയാനുള്ള ജിജ്ഞാസയിൽ അവൾ വേഗം ബോക്സ്‌ തുറന്നു.

"ഫോണോ?"

അവൾ അത്ഭുതത്തോടെ ചോദിച്ചു. 

"അച്ഛൻ പറഞ്ഞിട്ട് ഇത് തരാനാണ് ഞാൻ കോളേജിൽ വന്നത്. പിന്നെ ഈ കാര്യം മറന്നു പോയി. എല്ലാവരുടെയും നമ്പർ സേവ് ചെയ്തിട്ടുണ്ട് എന്റെയും."

"മ്മ്."

അവൾ സന്തോഷത്തോടെ തലയാട്ടി. വേഗം തന്നെ ഉഷയെയും മാധവനെയും വിളിച്ച് സംസാരിച്ചു. അപ്പോളേക്കും ഇന്ദ്രനും കിടക്കാൻ തയ്യാറായി. അവൾ താഴെ ഷീറ്റ് വിരിച്ച് കിടക്കാൻ ഒരുങ്ങി. 

"ഇവിടെ ഇപ്പോൾ നമ്മൾ മാത്രമല്ലെ ഉള്ളൂ. നീ അപ്പുറത്തെ റൂമിൽ കിടന്നോളു. താഴെ കിടക്കണ്ടല്ലോ?"

"അത്.. എനിക്ക് ഒറ്റക്ക് ഒരു റൂമിൽ രാത്രി കിടക്കാൻ പേടിയാണ്. അമ്മ മരിച്ചതിൽ പിന്നെ അങ്ങനെ ആണ്. അവിടെ അനുവിന്റെയും ശിവയുടെയും ഒപ്പമാണ് കിടന്നിരുന്നത്."

"താൻ ഇവിടെ കിടക്കുന്നതിൽ എനിക്ക് കുഴപ്പമൊന്നും ഇല്ല. താഴെ കിടന്ന് ബുദ്ധിമുട്ടണ്ടല്ലോ എന്ന് വെച്ചു പറഞ്ഞതാണ്."
 
"എനിക്ക് ബുദ്ധിമുട്ടൊന്നും ഇല്ല."

ആവേശത്തോടെ അവൾ പറഞ്ഞു. കുറച്ചു കാലങ്ങൾക്ക് ശേഷം ആ രാത്രിയിൽ രണ്ടു പേരും സുഖമായി ഉറങ്ങി പുതിയൊരു പുലരിയെ വരവേൽക്കാൻ... 

ദേവാസുരം 10 & 11
💟💟💟💟💟💟💟

കുറഞ്ഞ കാലയളവ് കൊണ്ട് തന്നെ ഇന്ദ്രന്റെ ഓരോ ആവശ്യങ്ങളും പറയാതെ തന്നെ ജാനു മനസിലാക്കിയിരുന്നു. അധികമൊന്നും സംസാരിച്ചില്ലെങ്കിലും നല്ലൊരു സൗഹൃദം അവർക്കിടയിൽ ഉടലെടുത്തു. അവന്റെ ഓരോ പ്രവൃത്തികളും ജാനുവിൽ പ്രതീക്ഷ വളർത്തി പക്ഷെ ഇന്ദ്രൻ പലപ്പോഴും അവളെ ഒരു സുഹൃത്തായാണ് കണ്ടത്. ഇന്നേക്ക് രണ്ട് ആഴ്ചയായി അവരുടെ വിവാഹം കഴിഞ്ഞിട്ട്. ഇന്ദ്രൻ ജോലിക്ക് പോവാനും തുടങ്ങി. 

ഏട്ടാ നമുക്ക് നാളെ രുദ്രേച്ചിയുടെ അടുത്ത് പോയാലോ?
അലക്കിയ ഡ്രെസ്സുകൾ മടക്കുന്നതിന് ഇടയിൽ അവൾ ഇന്ദ്രനോടായി പറഞ്ഞു. 

എന്താ ഇപ്പോ അങ്ങോട്ട് പോവാൻ
അത് കൊള്ളാം ചേച്ചിയെ കാണാൻ പോണതിന് കാരണം വേണോ. അല്ലെങ്കിലും അമ്മയ്ക്ക് നമ്മളെ കാണണം എന്ന് ആഗ്രഹം ഉണ്ട്.

ആഹ് എനിക്ക് ജോലി ഉണ്ട്. അല്ലെങ്കിലും കാണാഞ്ഞിട്ട് കുറേ നാളൊന്നും ആയില്ലല്ലോ? 

ഏട്ടനെന്താ അമ്മയോട് ഇത്ര ദേഷ്യം? അമ്മ പാവമല്ലേ? 
പലപ്പോഴും ഇന്ദ്രൻ ഉഷയെ മാത്രം അവഗണിക്കുന്നത് ജാനു ശ്രദ്ധിച്ചിരുന്നു. 
 
എന്റെ അമ്മയെ എന്നേക്കാൾ കൂടുതൽ നിനക്ക് അറിയില്ലല്ലോ. നീ പറഞ്ഞിട്ട് വേണ്ട അമ്മയുടെ സ്നേഹം എനിക്ക് മനസിലാകാൻ. 

ജന്മം കൊണ്ട് എന്റെ അമ്മ അല്ലെങ്കിലും കർമം കൊണ്ട് എന്റെ അമ്മയായി ഈ ലോകത്ത് ഇപ്പോ ഉഷാമ്മ മാത്രേ ഉള്ളൂ. അമ്മ ഏട്ടനെ പറ്റി ഓർത്തു കുറേ വിഷമിക്കുന്നുണ്ട്. അത് കണ്ടപ്പോ അറിയാതെ പറഞ്ഞതാണ്. 
വളരെ സൗമ്യമായി ജാനു പറഞ്ഞു. 

എന്നെ ആർക്കും മനസിലാവില്ല. 

എന്താണ് പ്രശ്നം? ഏട്ടൻ എന്നോട് പറയൂ. 

ബെസ്റ്റ്. ചോദിക്കുന്നത് കേട്ടാൽ ഇപ്പോ പരിഹാരം കണ്ടു പിടിച്ചു തരുമെന്ന് തോന്നും. 
നിനക്ക് അതിനുള്ള പ്രായം ആവുമ്പോ ഞാൻ പറയാം കേട്ടാ. 
അവളെ കളിയാക്കി കൊണ്ട് ഇന്ദ്രൻ പറഞ്ഞു. മറുപടിയെന്ന വണ്ണം അവൾ അവനെ ചുണ്ട് കൂർപ്പിച്ചു കാണിച്ചു. 

അല്ല നിനക്ക് ഒന്നും പഠിക്കാനില്ലേ? നാളെ കഴിഞ്ഞല്ലേ എക്സാം തുടങ്ങുന്നത്. 

ഞാൻ പഠിക്കുന്നുണ്ടല്ലോ

എപ്പോ ഞാൻ നീ ബുക്ക്‌ തുറക്കുന്നത് പോലും കണ്ടിട്ടില്ലാലോ? 

അത് ഏട്ടൻ പോയി കഴിഞ്ഞു ഒറ്റക്ക് അല്ലേ അപ്പോ ഫുൾ ടൈം ഞാൻ പഠിക്കും. 

ദൈവത്തിന് അറിയാം. ദേ മര്യാദക്ക് പഠിച്ചു ജോലി മേടിച്ചോണം എന്നിട്ട് വേണം എനിക്ക് നിന്നേ ഇവിടുന്ന് ഇറക്കി വിടാൻ. 
ഇന്ദ്രൻ ഒരു തമാശയ്ക്ക് പറഞ്ഞതാണെങ്കിലും ജാനുവിന്റെ മനസിൽ ഒരു കൂരിരുമ്പു തറയ്ക്കും പോലെയാണ് ആ വാക്കുകൾ കൊണ്ടത്. തന്റെ മുഖത്തെ ഭാവങ്ങൾ അവന് മനസിലാവാതെ ഇരിക്കാൻ അവൾ ശ്രമിച്ചു കൊണ്ടിരുന്നു. 

അയ്യോ ഞാൻ അടുക്കളയിൽ വാതിൽ അടച്ചില്ലെന്ന് തോന്നണു. ഞാൻ ഇപ്പോ വരാം. 

മാഞ്ഞു പോയ മന്ദഹാസത്തെ തിരികെ വിളിച്ചു എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു അവൾ താഴേക്ക് ഓടി. ഇന്ദ്രൻ  ആവട്ടെ താൻ പറഞ്ഞതിൽ ഒളിഞ്ഞിരുന്ന സത്യങ്ങളെ ഗൗനിച്ചിരുന്നില്ല. അത് കൊണ്ട് തന്നെ അവളുടെ ഭാവ മാറ്റവും അവന് മനസിലായില്ല. 
അന്നത്തെ രാത്രി ജാനുവിന് ഉറങ്ങാൻ കഴിഞ്ഞില്ല. താൻ മറന്നു പോയ അല്ലെങ്കിൽ മനഃപൂർവം മറന്ന സത്യങ്ങൾ, എന്നെങ്കിലും താൻ ഈ വീട്ടിൽ നിന്നും ഇന്ദ്രന്റെ ജീവിതത്തിൽ നിന്നും പടിയിറങ്ങണമെന്ന ചിന്തകൾ അവളെ വീണ്ടും നോവിച്ചു കൊണ്ടിരുന്നു. എന്തു കൊണ്ടോ ഉള്ളിലുണ്ടായ പ്രതീക്ഷകളെ പറ്റി ഓർത്തപ്പോൾ പുച്ഛം തോന്നി. ഏട്ടൻ തന്നോടൽപ്പം കരുണ കാട്ടിയപ്പോൾ ഭാര്യയോടുള്ള കരുതലെന്ന് തെറ്റിദ്ധരിച്ച തന്റെ സ്വാർത്ഥതയോട് ദേഷ്യം തോന്നി. അർഹിക്കാത്തത് ആഗ്രഹിക്കരുതെന്ന് പണ്ടേ മനസിനെ ശീലിപ്പിച്ചിരുന്ന പാഠങ്ങൾ ആയിരുന്നു പനി പിടിച്ച് കിടക്കുമ്പോൾ മാറോടണയ്ക്കുന്ന അമ്മയും വിജയിക്കാനുള്ള പ്രോത്സാഹനം തരുന്ന അച്ഛനും അതിന് പോലും അർഹതയില്ലാത്ത തനിക്ക് മറ്റെന്താണ് ആഗ്രഹിക്കാൻ കഴിയുക. കരഞ്ഞിട്ടാവും നന്നായി തലയും വേദനിക്കുന്നു. എത്രയൊക്കെ ശ്രമിച്ചിട്ടും ഉറങ്ങാൻ കഴിയുന്നില്ല. കണ്ണുകൾ അടച്ചു കിടക്കുമ്പോൾ ഇന്ദ്രന്റെ ആ വാക്കുകളാണ് കാതുകളിൽ അലയടിക്കുന്നത്. അവൾ കണ്ണുകൾ അമർത്തി അടച്ചു കിടന്നു.

എഴുന്നേറ്റപ്പോൾ തന്റെ പതിവ് ചായ ടേബിളിൽ കാണാതിരുന്നപ്പോളാണ് ഇന്ദ്രന്റെ കണ്ണുകൾ ജാനുവിനെ തേടിയത്. നിലത്തു വിരിച്ച പായയിൽ ഒരു വശത്തേക്ക് തല ചെരിച്ചു വെച്ചു കിടക്കുന്ന അവളെ അൽപ സമയം അറിയാതെ നോക്കിയിരുന്നു. കുറച്ചു സമയം കഴിഞ്ഞപ്പോളാണ് പരിസര ബോധം ഉണ്ടായത്. എന്തോ അവളെ അങ്ങനെ നോക്കി ഇരിക്കുന്നതിൽ ഒരു രസം തോന്നി. മാറി കിടന്ന പുതപ്പെടുത്തു അവളെ പുതപ്പിച്ചിട്ട് ഫ്രഷ് ആവാനായി പോയി. 

ജാനു തന്റെ കണ്ണുകൾ പതിയെ തുറന്നു ചുറ്റും നോക്കി. സമയം വൈകിയെന്ന് ഒറ്റ നോട്ടത്തിൽ തന്നെ മനസിലാക്കിയിരുന്നു. അലാറം  വെക്കേണ്ടതായിരുന്നു. ഉറങ്ങാൻ താമസിച്ച കൊണ്ടാണ് തന്റെ പതിവുകൾ തെറ്റിയത്. ഇന്നലെ നടന്ന കാര്യങ്ങളെ പറ്റി ചിന്തിച് ഇനിയും സമയം കളയാൻ താല്പര്യമില്ല. ബെഡിലേക്ക് നോക്കിയപ്പോൾ അവിടം ശൂന്യം ആയിരുന്നു. അയ്യോ ഏട്ടന് പോവാൻ ഉള്ളതല്ലേ.
അവൾ വേഗം എഴുന്നേറ്റ് ഫ്രഷ് ആവാൻ പോയി. ഇന്നലെ കരഞ്ഞത് കൊണ്ടാവും തലയ്ക്കു നല്ല വേദന. ശരീരം വേദനയും ഉണ്ടായിരുന്നു. ഇനി കരഞ്ഞു പനി പിടിച്ചതാവുമോ? അങ്ങനെ ഓരോന്നും ഓർത്തു പുറത്തേക്ക് ഇറങ്ങി  പതിവ് പോലെ ചന്ദനവും സിന്ദൂരവും തൊട്ട് താഴേക്ക് ഓടി. പൂജ മുറിയിൽ വിളക്ക് വെയ്ക്കാൻ ചെന്നപ്പോൾ അവിടെ തിരിയൊക്കെ തെളിച്ചിട്ടുണ്ടായിരുന്നു. "ഏട്ടനാവും കത്തിച്ചത്."

അവൾ മുറ്റത്തേക്ക് വാതിൽക്കൽ നിന്ന് നോക്കി. അവിടെങ്ങും ആളെ കാണുന്നുണ്ടായിരുന്നില്ല. നിരാശയിൽ തിരിഞ്ഞപ്പോളാണ് എന്തിലോ ഇടിച്ചു നിന്നത്. മുഖം ഉയർത്തി നോക്കുമ്പോൾ ഇന്ദ്രന്റെ നെഞ്ചിൽ തട്ടിയാണ് നിൽക്കുന്നത്. ജാനുവിന് ആണെങ്കിൽ എട്ടാം ക്ലാസ്സ്‌ കഴിഞ്ഞ് പൊക്കം വെച്ചിട്ടില്ലെന്ന് തോന്നുന്നു. അത്രയ്ക്ക് പൊക്കം കുറവാണ്. അവൻ അവളുടെ തലയിൽ വലതു കൈ പിടിച്ചു മാറ്റി നിർത്തി. തന്നെ കളിയാക്കാനാണ് അവനങ്ങനെ ചെയ്തതെന്ന് അവൾക്ക് അറിയാമായിരുന്നു. 

താമസിച്ചു എഴുന്നേറ്റിട്ട് മനുഷ്യനെ ഇടിച്ചു കൊല്ലാനും നോക്കുവാണോ? 
കുസൃതി ചിരിയോടെ കയ്യിലൊരു കപ്പും പിടിച്ചാണ് ഇന്ദ്രന്റെ നിൽപ്. അവളും ഒരു പുഞ്ചിരി അവന് സമ്മാനിച്ചു. 

എന്ത് പറ്റി. മുഖം വല്ലാതെ ഇരിക്കുന്നല്ലോ? നിനക്ക് വയ്യേ? 

എനിക്ക് കുഴപ്പമൊന്നും ഇല്ല. എക്സാം ആവുമ്പോ ഉറക്കം കുറവാ രാത്രി ഉറങ്ങിയപ്പോൾ താമസിച്ചു അതാവും എഴുന്നേക്കാൻ വൈകിയത്. 

ആണോ ആഹ് സാരമില്ല. ദേ ഞാൻ ഒരു ചായ ഒക്കെ ഉണ്ടാക്കി. ഇന്നാ താൻ ഇത് കുടിച്ച് അടുക്കളയിൽ കയറിക്കോ. എനിക്ക് പോകാൻ ഉള്ളതാ. 

അവളുടെ കയ്യിലേക്ക് കപ്പ്‌ കൊടുത്ത് അവൻ മുകളിലേക്ക് പോയി. അവൻ പോവുന്നതും നോക്കി ഒരു പുഞ്ചിരിയോടെ അവൾ ചായ കുടിച്ചു. ഇന്നലത്തെ കാര്യങ്ങൾ ഓർത്തപ്പോൾ ആ പുഞ്ചിരി മാറി വിഷാദം ആ മുഖത്തേക്ക് പടർന്നിരുന്നു. 
അവൻ പോവാൻ റെഡി ആയി വരുമ്പോളേക്കും ജാനു ദോശയും ചമ്മന്തിയും ഉണ്ടാക്കി വെച്ചിട്ടുണ്ടായിരുന്നു. അവൻ വേഗം കഴിച്ച് ഓഫീസിലേക്ക് പോയി. 
ഇന്ദ്രൻ പോയതിനു ശേഷവും നല്ല ക്ഷീണവും നടുവ് വേദനയും വയറു വേദനയുമൊക്കെ അവൾക്ക് തോന്നി. വല്ലാത്തൊരു അവസ്ഥ. സാധാരണ പീരിയഡ്സ് ആവുമ്പോളാണ് ഇങ്ങനെ. അവൾ വേഗം ഡേറ്റ് നോക്കി. ആവാൻ ഇനിയും രണ്ടു ദിവസം കൂടെ ഉണ്ട്. ഇനി ടെൻഷൻ ഒക്കെ അടിച്ചു നേരത്തേ ആവോ? അവൾ വിചാരിച്ചത് പോലെ തന്നെ സംഭവിച്ചു. പിന്നെ ആകെ ശോകം മൂകം ! പഠിക്കാനൊന്നും നിന്നില്ല കുറച്ചു നേരം കിടക്കാൻ തോന്നി. ക്ഷീണം കൊണ്ട് മയങ്ങി പോയി. 
ഫോൺ ബെൽ ചെയ്യുന്നത് പോലെ തോന്നിയാണ് ജാനു ഉണർന്നത്. നോക്കിയപ്പോ ഇന്ദ്രനാണ് എടുക്കും മുന്നേ കട്ട്‌ ആയി പോയി. സമയം മൂന്ന് മണി കഴിഞ്ഞിട്ടുണ്ട്. വീണ്ടും കാൾ വരുന്നത് കണ്ട് ഫോൺ എടുത്തു. 

നീ ഡോർ തുറക്ക്. ഞാൻ താഴെ ഉണ്ട്. 

ദേ വരുന്നു. 
അവൾ പരമാവധി വേഗത്തിൽ താഴേക്ക് ചെന്നു. എത്രയൊക്കെ ശ്രമിച്ചിട്ടും ഈ സമയത്ത് ഉണ്ടാവുന്ന തളർച്ച അവളിലും പ്രകടമായിരുന്നു.

നീ ഇത് എന്നാ ചെയ്യുവായിരുന്നു. എത്ര നേരായിട്ട് നോക്കി നിക്കുവാ. 

അത് ഞാൻ ഉറങ്ങി പോയി. 

ആഹാ ഇതാണോ നിന്റെ പഠിത്തം. 
ഇതും പറഞ്ഞ് അവൻ അകത്തേക്ക് കയറി. അപ്പോളാണ് അവളുടെ മുഖത്തേക്ക് അവൻ ശ്രദ്ധിച്ചത്. 

നിനക്ക് വയ്യായ്ക മാറിയില്ലേ? 

അത് കുഴപ്പമൊന്നും ഇല്ല. 
എന്തോ കള്ളത്തരം മറയ്ക്കാൻ ശ്രമിക്കും പോലെ അവൾ പറഞ്ഞു. തന്റെ അവസ്ഥയെ പറ്റി അവനോട് പറയാൻ എന്തോ മടി അവൾക്ക് തോന്നി. 

ആഹ്. എനിക്ക് വിശന്നിട്ടു വയ്യാ. നീ കഴിക്കാൻ എന്തെങ്കിലും എടുക്ക്. 

അയ്യോ ഏട്ടൻ ഒന്നും കഴിച്ചില്ലേ? 

ഓഫീസിൽ ഒരു മീറ്റിംഗ് ഉണ്ടായിരുന്നു. ഇപ്പോളാ തീർന്നത്. പിന്നെ ഈ സമയത്ത് പുറത്ത് നിന്ന് കഴിക്കാൻ ഒന്നും തോന്നിയില്ല. ഞാൻ ഇങ്ങു പൊന്നു. 

ഞാൻ കറി ഒന്നും വെച്ചില്ല. ഏട്ടൻ വൈകിട്ട് വരുമെന്നാ ഞാൻ വിചാരിച്ചേ. ഉറങ്ങിയും പോയി. 

ശോ എനിക്ക് വിശക്കുന്നല്ലോ. 

അവന്റെ മുഖത്തു വിശപ്പ് കൊണ്ടുള്ള ക്ഷീണം നിഴലിച്ചിരുന്നു. അവൾക്കും സങ്കടം തോന്നി. 

ഇനിയിപ്പോ ഓർഡർ ചെയ്താലും എപ്പോ കിട്ടാനാ? 

ഏട്ടൻ ഫ്രഷ് ആയി വരൂ അപ്പോളേക്കും ഞാൻ എന്തെങ്കിലും ചെയ്ത് തരാം. 

അവനെ പറഞ്ഞു മുകളിലേക്ക് വിട്ട് അവൾ വേഗം അടുക്കളയിലേക്ക് കയറി. വേഗത്തിൽ എന്തൊക്കെയോ ഉണ്ടാക്കി. അവൻ വന്നപ്പോളേക്കും അവൾ ചോറ് വിളമ്പി. ഇഞ്ചിയും കാന്താരിയും ഇട്ട മോരും കുറച്ചു മുളക് ചമ്മന്തിയും അച്ചാറും പപ്പടവും ആണ് കറികളായി ഉണ്ടായിരുന്നത്. സത്യത്തിൽ ഇത് മാത്രം കൂട്ടി ഒരു ഊണ് ഇന്ദ്രൻ ജീവിതത്തിൽ കഴിച്ചിട്ടുണ്ടായിരുന്നില്ല. അത് കൊണ്ട് തന്നെ മടിച്ചാണ് കഴിക്കാൻ തുടങ്ങിയത്. പക്ഷെ വിശന്നിട്ടാണോ എന്നറിയില്ല നല്ല സ്വാദ് ഉണ്ടായിരുന്നു. 

അടിപൊളിയായിട്ടുണ്ട്. നീ ഇത്ര പെട്ടെന്ന് ഇതൊക്കെ ഉണ്ടാക്കിയോ? 

അവൻ കഴിക്കുന്നതിന് ഇടയിൽ ചോദിച്ചു. അപ്പോളാണ് അവളും അതോർത്തത് അത്രയും സമയം ഉണ്ടായിരുന്ന ക്ഷീണമൊക്കെ അവൾ മറന്നിരുന്നു. 
അവൻ ആസ്വദിച്ചു ഭക്ഷണം കഴിച്ചു. അവന്റെ സന്തോഷം അവളുടെ മനസും നിറച്ചു. 
അവൻ പോയി കഴിഞ്ഞ് പതിവ് പോലെ അവൻ കഴിച്ചതിന്റെ ബാക്കി അവളും കഴിച്ചു. 
നാളെ എക്സാം ആയത് കൊണ്ട് തന്നെ വൈകിട്ട് ജാനു കട്ട പഠിത്തത്തിൽ ആയിരുന്നു. പഠിക്കാനിരിക്കുമ്പോളും അവളിൽ ഉണ്ടായിരുന്ന അസ്വസ്ഥതകൾ ഇന്ദ്രൻ ശ്രദ്ധിച്ചിരുന്നു. അവളിലെ ഈ മാറ്റത്തിന് കാരണം അവനും ഊഹിച്ചു മനസിലാക്കി. 

ഡോ.. ഇന്നാ ഇത് കുടിക്ക് കുറച്ചു ആശ്വാസം കിട്ടും. ഉലുവ വെള്ളമാണ്. രുദ്രേച്ചിക്ക് അമ്മ കൊടുക്കുന്നത് കണ്ടിട്ടുണ്ട്. 

പന്തം കണ്ട പെരുച്ചാഴിയെ പോലെ തന്നെ നോക്കി നിന്ന ജാനകിയോടായി അവൻ പറഞ്ഞു. ഒന്നും ചോദിക്കാതെ അവൾ അത് വാങ്ങി കുടിച്ചു. ആദ്യായിട്ടാണ് ഇങ്ങനെ ഇരിക്കുമ്പോ ഇത് പോലെ എന്തെങ്കിലും സഹായം ആരെങ്കിലും ചെയ്ത് തരുന്നത്. അമ്മ അരികിൽ ഇല്ലാത്തത് പെൺമക്കൾക്ക് ഏറ്റവും മിസ്സ്‌ ചെയ്യുന്നത് ഈ ഒരു അവസരത്തിൽ ആവും. പക്ഷെ ഇന്ദ്രന്റെ പ്രവൃത്തി അവളുടെ കണ്ണുകളെ ഈറനണിയിച്ചു. 

എന്താടോ അത്രക്ക് വേദനിക്കുന്നുണ്ടോ? 
അവളുടെ നിറഞ്ഞ കണ്ണുകൾ നോക്കി അവൻ ചോദിച്ചു. 

ഏയ്‌ ഇല്ല. സന്തോഷം കൊണ്ടാണ്. ഇങ്ങനൊക്കെ ആദ്യായിട്ടാണ്. 

അവൾ കണ്ണുകൾ തുടച്ചു പറയുന്നത് കേട്ടപ്പോൾ അവനിലും ഒരു ചെറിയ സങ്കടം ഉണ്ടായി. രാത്രിയിൽ താഴെ കിടന്ന് ബുദ്ധിമുട്ടണ്ട എന്ന് വെച്ച് ജാനുവിനെ നിർബന്ധിച്ചു ബെഡിൽ കിടത്തി അവൻ താഴെയും കിടന്നു. കുറച്ചു സമയം കഴിഞ്ഞപ്പോൾ തന്നെ ജാനു ഉറങ്ങിയിരുന്നു. താഴെ ഒരാൾക്ക് തിരിഞ്ഞും മറിഞ്ഞും ചരിഞ്ഞും നിവർന്നും ഒക്കെ കിടന്നിട്ടും ഉറങ്ങാൻ പറ്റണില്ല. കണ്ണടച്ചു കിടന്നിട്ട് ഒരു രക്ഷയുമില്ല. എന്നും താഴെ കിടന്ന് ഉറങ്ങുന്ന ജാനുവിനെ ഇന്ദ്രൻ മനസാൽ പുകഴ്ത്തി. അവസാനം ഒരു രക്ഷയുമില്ലാതെ ജാനുവിനോട് പറയാമെന്നു വെച്ചു എഴുന്നേറ്റ് നോക്കുമ്പോൾ അവൾ നല്ല ഉറക്കം. എങ്ങനെ വിളിക്കും എന്ന് വിചാരിച്ചു അവളെയും നോക്കി അങ്ങനെ ഇരുന്നു. ഇടയ്ക്കെപ്പോഴോ ജാനു കണ്ണുകൾ തുറന്ന് നോക്കുമ്പോൾ ഉറക്കം തൂങ്ങി ഇരിക്കുന്ന ഇന്ദ്രനെയാണ് കണ്ടത്.

ഏട്ടാ എന്താണ് ഇരുന്നു ഉറങ്ങുന്നത്? 
ചിരി കടിച്ചമർത്തി അവൾ ചോദിച്ചു. 

ശീലമാവാത്ത കൊണ്ടാവും ഉറക്കം വരണില്ല. 

ഏട്ടൻ ഇവിടെ കിടന്നോ ഞാൻ താഴെ കിടക്കാം. 
വെറും തറയിൽ കിടക്കുന്ന ബുദ്ധിമുട്ട് അറിഞ്ഞത് കൊണ്ടാവാം അവൻ അതിന് സമ്മതിച്ചില്ല. 

എങ്കിൽ ഏട്ടനും ബെഡിൽ കിടന്നോളു. എനിക്ക് കുഴപ്പം ഒന്നും ഇല്ല. 

മടിച്ചാണെങ്കിലും വേറെ നിവൃത്തി ഇല്ലാത്തത് കൊണ്ട് അവൻ കട്ടിലിൽ ഒരു ഓരം ചേർന്ന് കിടന്നു. അവന്റെ കിടപ്പ് കണ്ടു ജാനുവിനും ചിരി വരുന്നുണ്ടായിരുന്നു. 
ഇന്ദ്രന്റെ ഫോൺ ബെൽ ചെയ്യുന്നത് കേട്ടാണ് രാവിലെ ഇരുവരും ഉണർന്നത്. ഇന്ദ്രന്റെ സംസാരത്തിൽ അതിയായ സന്തോഷം ഉണ്ടായിരുന്നു. 
"ജാനു നാളെ നമുക്ക് ഒരു ഗസ്റ്റ് ഉണ്ട് കേട്ടോ.."

"ആരാ ഏട്ടാ വരുന്നത്?"

"എന്റെ ജീവിതത്തിൽ ഏറ്റവും മിസ്സ്‌ ചെയ്തവർ ആണ് വരുന്നത്. ഇനി അവരെ ഞാൻ തിരികെ വിടില്ല."

എന്തൊക്കെയോ ആലോചിച്ചു ഉറപ്പിച്ചത് പോലെ അവൻ പറഞ്ഞു. അവനെ മനസിലാക്കിയത് വെച്ചു നോക്കിയാൽ അലീനയും അലെക്സും ആവും വരുന്നതെന്ന് അവൾ ഊഹിച്ചിരുന്നു. ഈ കുറഞ്ഞ കാലയളവിൽ അവരുടെ കാര്യങ്ങളാണ് അവൻ ഏറ്റവും കൂടുതൽ പറഞ്ഞിട്ടുള്ളത്. ആ ഓർമകളിലേക്ക് പോകുമ്പോൾ അവന്റെ മുഖത്തു ഉണ്ടാവുന്ന സന്തോഷം അവൾ ശ്രദ്ധിച്ചിരുന്നു.  

"നാളെ നിനക്ക് എക്സാം ഉണ്ടോ?"

"ഇല്ല ഇനി മൂന്ന് നാല് ദിവസം കഴിഞ്ഞേ ഉള്ളൂ."
 
"നിനക്ക് ഒറ്റക്ക് എല്ലാം കൂടെ ചെയ്യാൻ പറ്റുവോ നാളെ? അതോ സഹായത്തിനു ആരെയെങ്കിലും വെക്കണോ?"
 
"അതൊന്നും വേണ്ട. രണ്ടു പേരുടെ കാര്യല്ലേ ഉള്ളൂ. അതൊക്കെ ഞാൻ നോക്കിക്കൊള്ളാം. പിന്നെ ഏട്ടനും സഹായിക്കണം."

"ആ അതൊക്കെ സഹായിക്കാം."

"നിനക്ക് ഇന്ന് എപ്പോളാണ് എക്സാം?"

"രാവിലെയാണ്."

"ആഹ് അപ്പോ ഉച്ച കഴിഞ്ഞ് നമുക്ക് ഷോപ്പിങ്ങിന് പോവാം. സാധനങ്ങൾ ഒക്കെ വാങ്ങാം."

"മ്മ്."

അവളെ കോളേജിൽ ആക്കിയിട്ട് ഇന്ദ്രൻ ഓഫീസിലേക്കും പോയി. ദേവു അവിടെ എത്തിയിട്ടുണ്ടായിരുന്നു. അത് കൊണ്ട് തന്നെ ജാനുവിനും സമാധാനമായി. എക്സാമിനു കേറും വരെ രണ്ടാളും കട്ട പഠിത്തമായിരുന്നു. കയറാനുള്ള സമയം ആയപ്പോളാണ് ഫോൺ റിങ് ചെയ്തത്. ഇന്ദ്രന്റെ കാൾ ആണെന്ന് കണ്ടതും ദേവു ഒരു ആക്കിയ ചിരി ജാനുവിന് നേരെ കൊടുത്തു. 

"ഹലോ ഏട്ടാ.."

"ആഹ് ഞാൻ all the best പറയാൻ മറന്നു. അതാ വിളിച്ചേ. നന്നായിട്ട് എക്സാം എഴുത് കേട്ടോ."

"മ്മ്."

അവളുടെ മുഖത്ത് നാണത്തിൽ കുതിർന്ന ഒരു പുഞ്ചിരി വിടർന്നു.

"എന്താണ് മോളേ പൂത്തുലഞ്ഞു നിൽക്കുവാണല്ലോ."

ദേവുവിന്റെ ശബ്ദം കേട്ടപ്പോളാണ് താൻ കോളേജിൽ ആണെന്ന ബോധം അവൾക്ക് ഉണ്ടായത്. എങ്കിലും ചമ്മൽ പുറമെ കാട്ടാതെ ഗൗരവത്തിൽ വീണ്ടും പഠിക്കാൻ തുടങ്ങി. 

"അല്ല അങ്ങനെ നീ പഠിക്കണ്ട. എന്നാത്തിനാ ഏട്ടൻ വിളിച്ചത്."

"അത് all the best പറയാൻ."

"ആഹാ അപ്പോ അവിടെ വരെ ആയി കാര്യങ്ങൾ."

"അതിനിപ്പോ എന്താ. നീ പഠിക്കാൻ നോക്ക്."

അത് കേട്ടപ്പോൾ ദേവുവിന്റെ മൂഡ്‌ പോയെന്ന് തോന്നുന്നു. വീണ്ടും പഠിക്കാൻ തുടങ്ങി.
എക്സാം വലിയ കുഴപ്പം ഒന്നും ഉണ്ടായിരുന്നില്ല. ഏട്ടൻ വരും വരെ കൂട്ടായി ദേവുവും ഉണ്ടായിരുന്നു. ഞങ്ങൾ സ്ഥിരമായി ഇരിക്കുന്ന മരത്തിനു ചുവട്ടിൽ ഏട്ടനേയും കാത്ത് ഇരുന്നു. 
ഞങ്ങളാണ് ദേവുവിനെ വീട്ടിൽ കൊണ്ട് ആക്കിയത്. സമയം ഇല്ലാത്തത് കൊണ്ട് അകത്തേക്ക് ഒന്നും കയറിയില്ല. അവിടുന്ന് നേരെ മാർക്കറ്റിൽ പോയി നാളത്തേക്ക് ഉള്ള സാധനങ്ങൾ വാങ്ങി. പച്ചക്കറി ആണ് കൂടുതലും. ഓരോ കറികളുടെയും പേര് പറയും അത് അലീനക്ക് ഇഷ്ടാണ് ഇത് അലീനയ്ക്ക് ഇഷ്ടാണ്. അപ്പൊ അലക്സ്‌ ചേട്ടന് ഒന്നും വേണ്ടേ എന്ന് ചോദിച്ചപ്പോ പറയുവാ അവൻ എല്ലാം കഴിക്കുമെന്ന്. അലക്സ്‌ ചേട്ടൻ ഏതായാലും ഒരു ഭക്ഷണ പ്രിയൻ ആയ കൊണ്ട് രക്ഷപെട്ടു. അല്ലെങ്കിൽ ഇത് പോലെ ഒരു ലിസ്റ്റ് അയാൾക്കും ഉണ്ടാക്കണ്ടേ. ഷോപ്പിംഗ് കഴിഞ്ഞ് ഫുഡൊക്കെ കഴിച്ചിട്ടാണ് വീട്ടിലേക്ക് പോയത്. 

വീട്ടിൽ എത്തിയതും ഇന്ദ്രൻ വളരെ ഉത്സാഹത്തിലായിരുന്നു. മുഴുവൻ സമയവും ഫോണിലായിരുന്നെന്ന് വേണം പറയാൻ. പഴങ്കഥ പറച്ചിലും പരാതി പറച്ചിലും ആകെ ഒരു ബഹളമായിരുന്നു. കുറച്ചു നേരം മുറിയിലൊക്കെ കറങ്ങിയിട്ടും ഇന്ദ്രനൊരു മൈൻഡ് ഇല്ലെന്ന് കണ്ടപ്പോൾ ജാനു പതിയെ താഴേക്ക് പോന്നു. എല്ലായിടവും വൃത്തിയാക്കി രാത്രിയിലെ ഫുഡും റെഡിയാക്കി ചെന്നപ്പോളും ഇന്ദ്രന്റെ ഫോൺ വിളി തീർന്നിട്ടുണ്ടായിരുന്നില്ല. അത് കണ്ടപ്പോൾ എന്തോ ദേഷ്യം തോന്നി. ചെറിയൊരു കുശുമ്പും. 

"അതേ കഴിക്കാൻ എടുത്തു വെച്ചിട്ടുണ്ട്."
 
അവന് അരികിലായി ചെന്നു അൽപം ഉറക്കെ അവൾ പറഞ്ഞു. 

"ആഹ് ഞാൻ വന്നേക്കാം."

ഇതും പറഞ്ഞ് ഇന്ദ്രൻ വീണ്ടും സംസാരം തുടർന്നു. 
കുറച്ചു നേരം നോക്കി നിന്നിട്ടും വരുന്നില്ലെന്നായപ്പോ അവൾ വീണ്ടും അവനരികിലേക്ക് ചെന്നു. 

"എനിക്ക് ഉറങ്ങണം. വരണുണ്ടോ?"
 
ഇത് പറഞ്ഞതും ഇന്ദ്രനൊരു നോട്ടം നോക്കി പാവം ജാനു നിന്ന് ഉരുകി പോയി. 
ഞാൻ പിന്നെ കഴിച്ചോളാം നീ കിടന്നോളു. 
ഫോൺ വിളിക്കുന്ന കൊണ്ടാണ് അവളെ അവൻ ആ നോട്ടം കൊണ്ട് വെറുതെ വിട്ടത്. ഇനിയും എന്തെങ്കിലും പറയും മുന്നേ ജാനു താഴേക്ക് പോയി. എന്തോ കഴിച്ചെന്നു വരുത്തി ഇന്ദ്രനുള്ളത് എടുത്ത് വെച്ചിട്ട് ബെഡിൽ കയറി കിടന്നു. അവൾ ഉറങ്ങുമ്പോളും അവൻ ഫോൺ മാറ്റിയിട്ടുണ്ടായിരുന്നില്ല. 

രാവിലെ ഉണർന്നപ്പോളെ ഇന്ദ്രന് വല്ലാത്ത ഉന്മേഷം തോന്നി. പതിവ് ചായ ടേബിളിൽ ഉണ്ടായിരുന്നു. ആദ്യം തന്നെ അലീനയെ വിളിച്ച് അവർ എപ്പോൾ എത്തുമെന്ന് ചോദിച്ചു മനസിലാക്കി. ഫ്രഷ് ആയി അടുക്കളയിലേക്ക് ചെല്ലുമ്പോൾ അടുക്കളയിൽ വേഗത്തിൽ ജോലി ചെയ്യുന്ന ജാനുവിനെയാണ് കണ്ടത്. ജോലിയിൽ സഹായിക്കാമെന്ന് പറഞ്ഞിട്ട് താമസിച്ചു എഴുന്നേറ്റത്തിൽ അവന് ജാള്യത തോന്നി. മുകളിലെ ഷെൽഫിൽ നിന്നും കയ്യെത്തി പാത്രം എടുക്കാൻ ശ്രമിക്കുന്ന ജാനുവിനെ കണ്ടപ്പോൾ ചിരിയാണ് വന്നത്. 

"നിനക്ക് എന്നെ കൂടെ വിളിച്ച് കൂടായിരുന്നോ."

അവളുടെ പുറകിലൂടെ പാത്രം എടുത്തു കൊണ്ട് അവൻ ചോദിച്ചു.

"ഇന്നലെ ഉറക്കമൊന്നും ഇല്ലാഞ്ഞല്ലോ അത് കൊണ്ട് ഉറങ്ങിക്കോട്ടെ എന്ന് വെച്ചു."

തലേദിവസത്തെ അനിഷ്ടം കാണിക്കാനെന്ന വണ്ണം അവൾ പറഞ്ഞു. 

"ഇപ്പോൾ ഞാൻ എന്താ ചെയേണ്ടത്?"

"തേങ്ങ പൊതിച്ചു തരുവോ?"

"അതെനിക്ക് അറിയില്ല."

"ഏഹ് അറിയില്ലേ? ആ എങ്കിൽ ദേ ആ പച്ചക്കറി അരിഞ്ഞു താ."
 
"അയ്യോ അത് പറ്റില്ല എന്റെ കൈ മുറിയും."

"പിന്നെ എന്നാ ജോലി ചെയ്യാൻ പറ്റും?"

"അത് കൊള്ളാം എന്റെ അമ്മ എന്നെ അടുക്കളയിൽ കയറ്റിയിട്ടില്ല അറിയുവോ? പാവമല്ലേ എന്ന് വെച്ചാണ് സഹായിക്കാമെന്ന് പറഞ്ഞത്."

"എന്റെ പൊന്നോ ഒന്നും ചെയ്യണ്ട. ദേ പറമ്പിൽ പോയി കുറച്ചു വാഴയില വെട്ടി കൊണ്ട് വാ. ഇവിടെ നിന്നാൽ എന്റെ പണി കൂടെ നടക്കില്ല."

അവൾ തൊഴുകയ്യാലെ ചിരിച്ചു കൊണ്ട് പറഞ്ഞു. അവിയലും തോരനും പുളിശ്ശേരിയും ഒക്കെയായി ഒരു സദ്യ തന്നെ ജാനു ഒരുക്കിയിരുന്നു. 

"അവരെ കാണുന്നില്ലല്ലോ?" 

"2 മണിക്ക് എത്തുമെന്നാ പറഞ്ഞത്. ചിലപ്പോൾ ബ്ലോക്ക്‌ ആയിരിക്കും."

അപ്പോളാണ് മുറ്റത്തേക്ക് ഒരു കാർ വന്നത്. ഇന്ദ്രൻ വേഗത്തിൽ കാറിനടുത്തേക്ക് ചെന്നു. മുൻവശത്തെ ഡോർ തുറന്ന് മോഡേൺ ആയിട്ടുള്ള ഒരു പെൺകുട്ടി ഇറങ്ങി. മെലിഞ്ഞു പൊക്കമുള്ള ഒരു സുന്ദരി പെണ്ണ്. അവളുടെ മുഖത്തു ആത്മവിശ്വാസം പ്രതിഫലിച്ചിരുന്നു. അവളുടെ മുഖത്തും ഇന്ദ്രനെ കണ്ടപ്പോൾ നിഷ്കളങ്കമായ പുഞ്ചിരി രൂപപ്പെട്ടിരുന്നു. കാറിൽ നിന്ന് ഇറങ്ങിയ അലീനയെ കണ്ടതും ഇന്ദ്രന്റെ കണ്ണുകൾ വിടർന്നു. 

"അലീ..."

അവൻ കൈകൾ വിടർത്തി അവൾക്കരികിലേക്ക് ചെന്നു. അവളും അവനെ ആലിംഗനം ചെയ്തു. അവരുടെ ആ പ്രവൃത്തി നമ്മുടെ ജാനുവിന് അത്രക്ക് പിടിച്ചില്ല. തന്നെ പോലും ഒന്ന് തൊടാത്ത മനുഷ്യനാണ് ! കൂട്ടുകാരി ആണെങ്കിലും കെട്ടി പിടിച്ചാലേ പറ്റുള്ളോ? ഹും.. 

"അവൻ എന്തെ?"
  
ഇന്ദ്രൻ അലെക്സിനെ അന്വേഷിച്ചു. 

"ദേ അകത്തുണ്ട്. ഏതോ കാൾ വന്നു."

കാറിലേക്ക് നോക്കി അലീന പറഞ്ഞു. 

"നല്ല ആളാണ്. നീ എയർപോർട്ടിൽ വരുമെന്ന ഞാൻ വിചാരിച്ചത്."

"ഞാൻ വന്നേനെ. ഫ്ലൈറ്റ് വന്നു കഴിഞ്ഞ് രാത്രിയിൽ ഇങ്ങോട്ടേക്കു എത്താൻ ഏതായാലും വൈകും. ജാനു ഒറ്റക്കാവില്ലേ അതാണ്."

ജാനുവിനെ നോക്കി കൊണ്ട് ഇന്ദ്രൻ അലീനയോടായി പറഞ്ഞു. അത് പറയുമ്പോൾ അവന്റെ മുഖത്തു ഒരു നിരാശ മിന്നി മാഞ്ഞത് ജാനു ശ്രദ്ധിച്ചിരുന്നു. 

"അപ്പോ ഭാര്യയെ കിട്ടിയപ്പോൾ ഞാൻ പുറത്തായല്ലേ. ഇതാണോ ജാനകി?"

ജാനുവിന് നേരെ വിരൽ ചൂണ്ടി കൊണ്ടാണ് അലീന അത് ചോദിച്ചത്. അതെയെന്ന് ഇന്ദ്രനും തലയാട്ടി.

"കല്യാണ ഫോട്ടോ കണ്ടിരുന്നു. പക്ഷെ നിന്റെ ഒരു ടേസ്റ്റ് ഒക്കെ വെച്ചു എന്നെ പോലെ ഒരു തന്റേടി ആവുമെന്നാ വിചാരിച്ചത് ഇതൊരു ടിപ്പിക്കൽ അമ്പലവാസി പെൺകുട്ടി ആണെന്ന് തോന്നുന്നല്ലോ."

ജാനുവിനെ അടിമുടി നോക്കിക്കൊണ്ട് അലീന പറഞ്ഞു. 

"എന്റെ പൊന്നളിയാ ഇവളെ പോലുള്ളതിനെക്കാൾ നല്ലത് ജാനു തന്നെയാ.."

അലക്സാണ് അലീനയ്ക്കുള്ള മറുപടി കൊടുത്തത്. 
അലീനയുടെ സംസാരം ജാനുവിന് അത്ര പിടിച്ചിട്ടില്ല. ഇന്ദ്രനാണെങ്കിൽ എന്തോ നഷ്ടപ്പെട്ട ആരെയോ പോലെ അങ്ങനെ നിൽക്കുവാണ്.
അലീനയും അലെക്സും പരസ്പരം എന്തൊക്കെയോ പറഞ്ഞു തർക്കിക്കുന്നുണ്ട്. ജാനു മുൻകൈ എടുത്ത് അവരെ അകത്തേക്ക് ക്ഷണിച്ചു. ലിവിങ്ങിൽ അവർ സംസാരിച്ചിരിക്കുമ്പോൾ ജാനു അവർക്ക് ജ്യൂസുമായി വന്നു. ആ കുറച്ചു സമയം കൊണ്ട് തന്നെ ഇന്ദ്രന് അലീനയോട് പ്രത്യേക ഇഷ്ടം ഉണ്ടെന്ന് ജാനു മനസിലാക്കിയിരുന്നു. പലപ്പോഴും ഇന്ദ്രൻ അലീനയെ പാളി നോക്കിയിരുന്നത് ഈ സംശയത്തെ ദൃഢപ്പെടുത്തി. 

"ദേ ഇന്നലെ പറഞ്ഞതൊക്കെ കാര്യായിട്ട് ആണല്ലോ അല്ലേ?"

"എന്ത്?"

"രണ്ടാളും തിരികെ പോണില്ലെന്ന് പറഞ്ഞത്. 
ആഹ് ദേ ഇവളിവിടെ നിൽക്കും. എന്റെ കാര്യം ഉറപ്പില്ല."

"നീയും നിൽക്കണം."

അലീന അലെക്സിനോടായി പറഞ്ഞു. 

"അവൻ നിന്നോളും. ആദ്യം നീ പഴയത് പോലെ എന്റെ ഓഫീസിൽ വാ. എന്നിട്ട് നമുക്ക് മൂന്നു പേർക്കും കൂടെ മറ്റൊരു ബിസിനസ്‌ തുടങ്ങാം."

"അല്ല നിനക്ക് സ്വന്തായിട്ട് ഒരു കമ്പനി ഉള്ളതല്ലേ പിന്നെ നീ എന്തിനാ ഞങ്ങളുടെ കൂടെ കൂടുന്നത്."

"എപ്പോളും നമ്മൾ മൂന്നാളും ഒന്നിച്ചല്ലേ. ഈ കാര്യത്തിൽ എന്നെ പുറത്താക്കാം എന്ന് വിചാരിക്കണ്ട."

അലെക്സിനോടായി ഇന്ദ്രൻ പറഞ്ഞു. 
അലീനയും അലെക്സും ആദ്യം കഴിക്കാൻ ഇരുന്നു. ഇന്ദ്രൻ വിളമ്പാൻ ജാനുവിനൊപ്പം കൂടി. അലീനയുടെ ഇഷ്ടങ്ങൾ കണ്ടറിഞ്ഞു ഇന്ദ്രൻ പെരുമാറുന്നത് കണ്ടപ്പോൾ ഉള്ളിലെവിടെയോ നോവ് പടരുന്നത് ജാനു അറിയുന്നുണ്ടായിരുന്നു. തന്നോട് കാണിക്കുന്ന കരുതൽ ഇഷ്ടമാണെന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷെ ഇന്ദ്രന് ആരെക്കാളും പ്രാധാന്യമുള്ള മറ്റൊരാൾ ഉണ്ടെന്നത് അവളെ തളർത്തി. 

"ഡാ അലക്സെ ഫുഡൊക്കെ എങ്ങനുണ്ട്?"

"അടിപൊളിയായിട്ടുണ്ടെടാ. പുളിശ്ശേരി നിന്റെ മുത്തശ്ശി വെച്ചിരുന്നത് പോലെ തന്നെയാ."

"അലീ ദേ നിനക്കല്ലേ പുളിശ്ശേരി ഇഷ്ടം. കുറച്ചു കൂടി ഒഴിക്കട്ടെ."
ഇന്ദ്രൻ അലീനയോടായി പറഞ്ഞു.  

"അയ്യോ മതി. എനിക്കെന്തോ അത് ഇഷ്ടായില്ല."

അവളെടുത്തടിച്ച പോലെ അങ്ങനെ പറഞ്ഞപ്പോൾ ഇന്ദ്രനും അലെക്സിനും എന്തോ പോലെ തോന്നി. 

"അവൾക്ക് തിന്നാൻ അല്ലേ അറിയുള്ളു. ഒരു സാധനം ഉണ്ടാക്കാൻ അറിയില്ല എന്നിട്ടാണ്."

"അതേ എന്റെ മമ്മി എനിക്ക് വേണ്ടതൊക്കെ ഉണ്ടാക്കി തരും. പിന്നെ കാശ് കൊടുത്ത് ജോലിക്കാരെ വെച്ചാൽ അവർ ഉണ്ടാക്കി തരില്ലേ."

"ഓ നല്ലതാ. നിന്നോട് പറഞ്ഞിട്ട് കാര്യമില്ല."

പുച്ഛത്തോടെ അലക്സ് അങ്ങനെ പറഞ്ഞത് അലീനക്ക് അത്ര പിടിച്ചിട്ടില്ലെന്ന് അവളുടെ മുഖം വ്യക്തമാക്കുന്നുണ്ടായിരുന്നു. 

"ഡാ നീ ഭാഗ്യവാനാണ്. നല്ലൊരു പെണ്ണിനെയാ നിനക്ക് കിട്ടിയത്. ജാനു ഫുഡ്‌ സൂപ്പർ ആണ് കേട്ടോ." 

അവളെ നോക്കി അലക്സ് പറഞ്ഞു. മറുപടിയായി ഒരു പുഞ്ചിരി ജാനു അവന് സമ്മാനിച്ചു. ജാനു അലീനയെ ശ്രദ്ധിക്കുകയായിരുന്നു. മെലിഞ്ഞിട്ട് നല്ല ഗോതമ്പിന്റെ നിറമായിരുന്നു അവൾക്ക്. സ്ട്രൈറ് ചെയ്ത ചെമ്പൻ മുടി ഭംഗിയിൽ വെട്ടിയിട്ടുണ്ടായിരുന്നു. അങ്ങിങ്ങായി മുടിയിഴകൾ മുഖത്തേക്ക് വീണു കിടക്കുന്നത് അവളെ കൂടുതൽ സുന്ദരിയാക്കി. എന്ത് കൊണ്ടും ഇന്ദ്രന് നന്നായി ചേരും. ഇന്ദ്രൻ അവളോട് അടുത്ത് ഇടപെടുന്നത് ജാനു നോക്കി കൊണ്ട് നിന്നു. പക്ഷെ തന്റെ പ്രിയപ്പെട്ടവൻ മറ്റൊരു പെണ്ണിനോട്‌ അടുപ്പം കാണിക്കുന്നതും അവളെ കൂടുതലായി ശ്രദ്ധിക്കുന്നതും ഏതൊരു പെണ്ണിനെ പോലെ ജാനുവിൽ അസൂയയും സങ്കടവും ഉണ്ടാക്കി അതേ അവസ്ഥയിൽ തന്നെയായിരുന്നു അലീനയും. 

ദേവാസുരം 12 & 13
💟💟💟💟💟💟💟

അലെക്സിന് മറ്റെവിടെയോ പോവാൻ ഉള്ളത് കൊണ്ട് കഴിച്ചിട്ട് അവർ ഇറങ്ങി. ഇന്ദ്രൻ നിർബന്ധിച്ചെങ്കിലും അലീനയും അവനോടൊപ്പം പോയി. പലപ്പോഴും അലീന പണ്ടത്തേതിൽ നിന്ന് വത്യസ്തമായി തന്നിൽ നിന്ന് അകലം കാട്ടുന്നത് ഇന്ദ്രന് മനസിലാവുന്നുണ്ടായിരുന്നു. എന്ത് കൊണ്ടോ ഉള്ളിൽ ഒരുപാട് വിഷമം. ചിലപ്പോൾ തന്റെ വിവാഹം കഴിഞ്ഞതിനാലാവാം. അല്ല തന്റെ ഇഷ്ടം അവളെ അറിയിച്ചതിൽ പിന്നെ അങ്ങനെയാണ്. പിന്നീട് ഒരിക്കലും തന്റെ പഴയ അലീ ആയി അവൾ പെരുമാറിയിട്ടില്ല. പണ്ടത്തെ അലീനയെ അവൻ ഓർത്തെടുത്തു. കുട്ടിക്കാലം മുതൽക്കേ തങ്ങൾ കൂട്ടുകാരായിരുന്നു. തങ്ങൾക്കിടയിൽ ആണെന്നും പെണ്ണെന്നുമുള്ള വേലിക്കെട്ടുകൾ ഉണ്ടായിരുന്നില്ല. വളർന്നു വന്നപ്പോളും അങ്ങനെ തന്നെ ആയിരുന്നു. അലക്സ് ആണ് അവൾക്ക് തന്നോടുള്ള അടുപ്പത്തെ പറ്റി ആദ്യം സൂചന നൽകിയത്. ആദ്യം എനിക്കും ഉൾക്കൊള്ളാൻ കഴിഞ്ഞില്ലെങ്കിലും ഇടക്കെപ്പോളോ അവളുടെ പെരുമാറ്റം പ്രണയമാണെന്ന് ഞാനും ഉറപ്പിച്ചു. പിന്നീട് അങ്ങോട്ടാണ് അവളെ ഞാനും ശ്രദ്ധിച്ചു തുടങ്ങിയത്. അവളുടെ ഒരോ കുസൃതികളും ഞാനും ആസ്വദിച്ചു. പലപ്പോഴും രുദ്രേച്ചി എനിക്ക് തരുന്ന സ്നേഹവും കരുതലും അവളിൽ നിന്നും ലഭിച്ചിരുന്നു. എനിക്ക് ഒരു പ്രശ്നം ഉണ്ടായാൽ അവൾക്കെന്ന പോലെ പരിഹാരം കണ്ടെത്തിയിരുന്നു. തന്റെ തെറ്റ് കൊണ്ടാണോ അവൾ ഇത്തരത്തിൽ പെരുമാറുന്നതെന്ന ചിന്ത അവനെ അസ്വസ്ഥൻ ആക്കി. അല്ല ഒന്നിന് വേണ്ടിയും തന്നെ അകറ്റി നിർത്താൻ അവൾക്കാവില്ല. 

"ഏട്ടാ കഴിക്കുന്നില്ലേ?"

ജാനുവിന്റെ ചോദ്യമാണ് അവനെ ഉണർത്തിയത്. 

"മ്മ്."

കഴിക്കാനായി ഇരിക്കുമ്പോളും ഇന്ദ്രനിലെ ഭാവ മാറ്റം ജാനു ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ജാനുവിന്റെ സംശയങ്ങളെ ഇന്ദ്രന്റെ മാറ്റം  ബലപ്പെടുത്തി. തന്റെ ഭർത്താവിന് മറ്റൊരു പെണ്ണിനോട് പ്രണയം ഉണ്ടെന്നത് അവളെയും തളർത്തി. അവളുടെയും ഊർജം കുറഞ്ഞു പോയത് പോലെ. രണ്ടാളും മൂകമായിരുന്നാണ് അന്ന് ഭക്ഷണം കഴിച്ചത്. ഒറ്റക്ക് ഇരിക്കാൻ രണ്ടാളും ആഗ്രഹിച്ചത് പോലെ. രാത്രിയും വളരെ വൈകിയാണ് ഇന്ദ്രൻ കിടക്കാൻ  വന്നത്. അവളും അവനെ അകറ്റി നിർത്താൻ ആഗ്രഹിച്ചു. പിന്നീട് ഇന്ദ്രൻ തന്റെ ഓഫീസിലെ തിരക്കുകളിലും ജാനു പഠനത്തിലും മുഴുകി. 

"നീയെന്താ ചിന്താവിഷ്ടയായ സീതയെ പോലെ ഇരിക്കുന്നത്?"

പതിവിന് വിപരീതമായി എക്സാം ഹാളിന് പുറത്ത് ചിന്തയിലാണ്ടിരിക്കുന്ന ജാനുവിനോട് ദേവു ചോദിച്ചു. 

"ഒന്നുമില്ല."

ദേവുവിന്റെ മുഖത്തേക്ക് നോക്കാതെയാണ് ജാനു മറുപടി പറഞ്ഞത്. അപ്പോളേക്കും എക്സാം തുടങ്ങാനുള്ള ബെൽ അടിച്ചത് കൊണ്ട് ദേവു കൂടുതലായൊന്നും ചോദിച്ചില്ല. രണ്ടാളും അകത്തേക്ക് കയറി. 
എക്സാം കഴിഞ്ഞ് പതിവ് പോലെ റൂമിന് പുറത്ത് ജാനുവിനെ കാണാതായപ്പോളെ ദേവുവിന് കാര്യം മനസ്സിലായിരുന്നു. അവൾ വേഗത്തിൽ പതിവ് സ്ഥലത്തേക്ക് നടന്നു. 

"കാര്യം പറ."

ജാനുവിന് അരികിലായി ഇരുന്നു കൊണ്ട് ദേവു പറഞ്ഞു. ദേവുവിന്റെ മുഖത്തേക്ക് നോക്കിയ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. 

"എന്താടാ എന്ത് പറ്റി? എന്നോട് പറ."

ദേവുവിന്റെ ചോദ്യങ്ങൾക്ക് മറുപടി കൊടുക്കാതിരിക്കാൻ കഴിഞ്ഞില്ല. എല്ലാ കാര്യങ്ങളും അവളോട് പറഞ്ഞു. തന്റെ സംശയങ്ങൾ ഉൾപ്പെടെ. അവളെല്ലാം ശ്രദ്ധയോടെ കേട്ടിരുന്നു. 

"നിന്റെ സംശയം ശെരിയാണെന്ന് വെക്കാം. പക്ഷെ പിന്നെന്തിനാണ് ഏട്ടൻ നീയുമായുള്ള വിവാഹത്തിന് സമ്മതിച്ചത്?
അറിഞ്ഞടുത്തോളം നിന്നെക്കാൾ നല്ല ബന്ധം അതാണ്. അടുത്തറിയുന്ന ആളുകളും. അവർക്ക് ഇഷ്ടമുണ്ടെങ്കിൽ കെട്ടി കൂടെ."

"അമ്മ സമ്മതിക്കാഞ്ഞിട്ടാണോ ഇനി അമ്മയോട് ദേഷ്യം."

ജാനു തന്റെ സംശയം അവളോടു പറഞ്ഞു. 

"അത് ശെരിയാവാം. പക്ഷെ അറിഞ്ഞടുത്തോളം നിന്റെ അമ്മായി അമ്മ ജാതി വേറെ ആയത് കൊണ്ട് മാത്രം വിവാഹത്തിന് സമ്മതിക്കാതെ ഇരിക്കുമോ?"

"അതും ശെരിയാണ്. അങ്ങനെ ഇരുന്നാലും ഏട്ടൻ അതിനെ എതിർത്തു അവളെ തന്നെ കെട്ടും. ആ രീതിയിലാണ് ഏട്ടന്റെ സ്വഭാവം."

"അത് തന്നെ അതാണ് എന്റെയും സംശയം. നിന്റെ ഏട്ടൻ അവളെ കെയർ ചെയ്യുന്നതൊക്കെ പോട്ടെ അവളുടെ പെരുമാറ്റത്തിൽ ഏട്ടനോട് ഇഷ്ടം ഉള്ള പോലെ എന്തെങ്കിലും ഉണ്ടോ?"

"സാധാരണ ഫ്രണ്ട്സ് സംസാരിക്കുന്ന പോലെയാണ് എനിക്ക് തോന്നിയത്."
 
അൽപ സമയം ആലോചിച്ചിട്ടാണ് ജാനു അത് പറഞ്ഞത്.

"അപ്പോ നീ പേടിക്കണ്ട. നിന്റെ ഏട്ടൻ ഒന്നെങ്കിൽ ഇഷ്ടം അവളെ അറിയിച്ചിട്ടില്ല. അല്ലെങ്കിൽ അവൾ അത് നിരസിച്ചു."

"ഏഹ്?"

"ആടി. അവളിൽ നിന്നൊരു പോസിറ്റീവ് റെസ്പോൺസ് ഉണ്ടായിരുന്നെങ്കിൽ നീ ഇപ്പൊ അവിടെ ഉണ്ടാകില്ലായിരുന്നു."

"പക്ഷെ ഏട്ടനെ അവൾക്ക് ഇഷ്ടല്ലാതാവുമോ?"

"അതെന്താ നിന്റെ ചേട്ടൻ കാമദേവൻ ആണോ? ഒന്ന് പൊക്കോണം. നീ ഇതിനാണോ സങ്കടപ്പെട്ടത്? ഡീ പൊട്ടിക്കാളി എന്തൊക്കെ പറഞ്ഞാലും നീ അങ്ങേരുടെ ഭാര്യ ആണ്. നിന്നോടാണേൽ പുള്ളിക്ക് ചെറിയ ഇഷ്ടം ഒക്കെ ഉണ്ട്."

"എപ്പോ?"

"ഓ ഒന്നും അറിയാത്തത് പോലെ."

ഒരു കള്ള ചിരിയോടെ ദേവു പറയുന്നത് കണ്ടപ്പോളേ അവൾ ഉദേശിച്ചത് മനസിലായി. 

"അല്ലെടാ ഏട്ടൻ എല്ലാവരോടും അങ്ങനാ. ഏട്ടൻ സ്നേഹിക്കുന്നവരെ നന്നായി കെയർ ചെയ്യും. സ്നേഹം മനസ്സിൽ സൂക്ഷിക്കുന്ന ടൈപ്പ് അല്ല. അത് കണ്ടു ഞാനും തെറ്റിദ്ധരിച്ചതാ."
 
"ഓ അതായത് എന്റെ അച്ഛനെ പോലെ ഒരു മൂരാച്ചി അല്ലെന്ന്."

"ദേ ദേവു നിന്റെ അച്ഛൻ കേൾക്കണ്ട അന്നത്തോടെ നീ തീരും."

ദേവുവിന്റെ അച്ഛൻ വല്യ ദുർവാശിയും കൃത്യനിഷ്ഠയുമൊക്കെ ഉള്ള ഒരു റിട്ടയേർഡ് മിലിറ്ററിക്കാരൻ ആണ് കേട്ടോ. അവളുടെ കള്ളത്തരമൊന്നും അവിടെ വിലപ്പോകില്ല. ഓരോ കുരുത്തക്കേട് കാട്ടുമ്പോളും നല്ല അടി കിട്ടും എന്നാലും അവൾ നന്നായിട്ടില്ല. അവൾക്ക് പേടിയും ഇല്ല. 

"അത് പോട്ടെ. ഏതായാലും നീ വിചാരിച്ചാൽ നിന്റെ കെട്ടിയോൻ നിന്നെ വിട്ട് എങ്ങും പോവില്ല."

"എങ്ങനെ?"

"ഓ പൊട്ടി നീ ഒന്നും ചെയ്യണ്ട. സാധാരണ ചെയ്യില്ലേ, എല്ലാരേയും സ്നേഹിക്കില്ലേ അത് തന്നെ മതി. ഒന്നും പ്രതീക്ഷിക്കാതെ ഏട്ടനെ പ്രണയിക്കുക. അങ്ങനെ വിട്ടിട്ട് പോവാൻ ആർക്കും പറ്റില്ലെന്നേ."
 
അതേ എളുപ്പമുള്ള കാര്യമാണ്. ഇന്ന് വരെ താൻ സ്നേഹിച്ചവരിൽ നിന്ന് ഒന്നും കിട്ടിയിട്ടില്ല താനൊട്ട് ഒന്നും പ്രതീക്ഷിച്ചിട്ടും ഇല്ല. ദേവു പറഞ്ഞതിലും കാര്യമുണ്ട്. അലീനയെ ഇഷ്ടമായിരുന്നെങ്കിലും പണ്ടത്തെ കാര്യമല്ലേ. അങ്ങനെ നോക്കാൻ ആണെങ്കിൽ വിഷ്ണു ഏട്ടനെ പറ്റി ഇന്ദ്രേട്ടനും പറയണമല്ലോ. 

"താങ്ക്സ് മുത്തേ.."

ദേവുവിനെ കെട്ടി പിടിച്ച് കൊണ്ടാണ് ജാനു അത് പറഞ്ഞത്. 

"അല്ല ഇതൊക്കെ നീ എപ്പോ പഠിച്ചു ഒന്നും പ്രതീക്ഷിക്കാതെ പ്രണയിക്കാൻ?"

സംശയ ഭാവത്തിൽ ജാനു ചോദിച്ചത് കേട്ടതും ദേവു നിന്നു പരുങ്ങി. 

"ഹേയ് അങ്ങനെയൊക്കെ അല്ലേ നമ്മൾ കാണുന്നത് സിനിമയിലൊക്കെ."

"ഏത് സിനിമയിൽ?"

"അതെന്തെങ്കിലും ആവട്ടെ നീ പോയി ഞാൻ പറഞ്ഞ പോലെ ചെയ്യാൻ നോക്ക്."

"എന്തോ ഉണ്ടല്ലോ?"

"ഇത് കൊള്ളാം. കഷ്ടപ്പെട്ട് CID പണി ചെയ്ത് ഓരോന്ന് പറഞ്ഞു തന്നപ്പോൾ വാദി പ്രതിയായോ?"

"ആയിക്കോട്ടെ. അല്ല എന്താ ഇനി ചെയേണ്ടത്?"
 
"അലീന മോഡേൺ അല്ലേ അപ്പോ അങ്ങനത്തെ പെണ്ണിനെ ആവും നിന്റെ ഏട്ടനും ഇഷ്ടം. നമുക്ക് ഈ കൊറിയൻ സീരിയലിൽ കാണും പോലെ ഒരു മേക്ക് ഓവർ ചെയ്താലോ?"

"അതൊക്കെ ഭയങ്കര ഓവർ അല്ലേ മോളേ. ഞാൻ എങ്ങനെ ഇരിക്കുന്നോ അത് പോലെ ഇഷ്ടപ്പെട്ടാൽ മതി. അല്ലാതെ എനിക്ക് എന്റെ ഐഡന്റിറ്റി മാറ്റാൻ പറ്റില്ല."

"അതും ശെരിയാ. പക്ഷെ നിന്റെ ഈ ഓഞ്ഞ ലുക്ക്‌ കുറച്ചു മാറ്റണം. ചെറിയ പൊടി കൈകൾ നമുക്ക് തന്നെ ചെയ്യാം. എന്റെ ഒരു ചേച്ചിയുടെ പാർലർ ഉണ്ട് നമുക്ക് ഇടക്ക് അവിടെ പോവാം."

"മ്മ്."

വൈകിട്ട് ഇന്ദ്രൻ വരും വരെ രണ്ടാളും അവിടിരുന്നു പ്ലാനിങ്ങിൽ ആയിരുന്നു. പതിവ് പോലെ ദേവുവിനെ വീട്ടിൽ ആക്കിയിട്ടാണ് അവർ പോയത്. 

രാവിലെ പോയതിൽ നിന്നും വത്യസ്തമായാണ് ജാനു തിരികെ വീട്ടിൽ എത്തിയത്. പഴയ കരുത്ത് തിരിച്ചു വന്നത് പോലെ. മാമനെയും രുദ്രേച്ചിയേയും വിളിച്ചു. എക്സാം കഴിഞ്ഞ് ചേച്ചിയുടെ വീട്ടിൽ ഒരാഴ്ച്ച നിൽക്കാൻ വരണമെന്ന് പറഞ്ഞു. ഇന്ദ്രനെ കൊണ്ടും സമ്മതിപ്പിക്കാൻ ജാനുവിനെ ഏൽപ്പിച്ചിട്ടാണ് വെച്ചത്. രാത്രിയിൽ മുറിയിലേക്ക് ചെന്നപ്പോൾ ഇന്ദ്രൻ വലിയ ആലോചനയിൽ ആയിരുന്നു. ആളുടെ മൂഡ്‌ ശെരിയാക്കാമെന്ന് വെച്ചു ജാനു അങ്ങോട്ടേക്ക് കയറി സംസാരിച്ചു. ആദ്യമൊക്കെ താൽപര്യക്കുറവ് കാണിച്ചെങ്കിലും മുത്തശ്ശിയെ പറ്റി പറഞ്ഞപ്പോൾ ആള് ഓൺ ആയി. അത്രത്തോളം ഇന്ദ്രനെ സ്വാധീനിച്ച മറ്റൊരു വ്യക്തി ഇല്ലെന്ന് ജാനുവിന് അറിയാമായിരുന്നു. പിന്നെ കുട്ടിക്കാലത്തെ വീര വാദമായി. ഓ തള്ളൽ ഒരു രക്ഷയുമില്ല. ജാനുവിനും അതൊക്കെ കേട്ടറിവായിരുന്നു. മുത്തശ്ശിയും തറവാടും കുളവും എല്ലാം. അവളുടെ ബാല്യത്തിന് നിറങ്ങൾ ഇല്ലായിരുന്നു. ഇന്ദ്രൻ ഓരോന്നും പറയുമ്പോളും തനിക്ക് അത്തരത്തിൽ ഒന്നും പറയാനില്ലെന്നത് അവളിൽ ഒരു ചെറു നോവ് ഉണ്ടാക്കി. അത് മനസിലാക്കിയെന്ന വണ്ണം ഇന്ദ്രൻ അവളെയും ഒരിക്കൽ പഴയ തറവാട്ടിൽ കൊണ്ട് പോകാമെന്നു ഏറ്റു. രുദ്രയുടെ വീട്ടിൽ പോവുന്ന കാര്യം പറഞ്ഞപ്പോൾ ഇന്ദ്രനും എതിർത്തൊന്നും പറഞ്ഞില്ല. വിരുന്നിനു ചെല്ലാത്തതിന്റെ പരിഭവം എന്നും അവനോട് രുദ്ര പറയുന്നുണ്ടായിരുന്നു. 

"ആഹ് പിന്നെ ഞാനൊരു കാര്യം പറയാൻ മറന്നു. അടുത്ത monday നമുക്ക് ഒരു പാർട്ടി ഉണ്ട്."

"എവിടെ?"

"ഓഫീസിൽ നമ്മുടെ മാര്യേജിന്റെ പാർട്ടി പ്രത്യേകം നടത്താൻ പറഞ്ഞിരുന്നു. പിന്നെ അലീനയ്ക്ക് ഒരു വെൽക്കം കൂടെ കൊടുക്കാല്ലോ."

അലീനയുടെ കാര്യം കേട്ടപ്പോൾ അത്രക്ക് അങ്ങോട്ട് ഇഷ്ടായില്ലെങ്കിലും മുഖത്തൊന്നും കാട്ടിയില്ല. 

"മ്മ്."

"നമുക്ക് അതിന് ഡ്രസ്സ്‌ ഒക്കെ എടുക്കാൻ പോവണം. Monday ഫ്രീ അല്ലേ?"

"എനിക്ക് ഇനി രണ്ടു ദിവസം കൂടിയേ എക്സാം ഉള്ളു. പിന്നെ ഞാൻ ഫ്രീ ആണ്."

"ആഹ് അപ്പോ അത് കഴിഞ്ഞു ഡ്രസ്സ്‌ എടുക്കാം."

"മ്മ്. പിന്നെ ഞാനൊന്നു മുടി വെട്ടിയാലോ എന്ന് ഓർക്കുവാ."

ദേവു രാവിലെ പറഞ്ഞപ്പോൾ വലിയ ഡയലോഗൊക്കെ അടിച്ചെങ്കിലും ഇന്ദ്രന്റെ ഇഷ്ടത്തിന് മാറാൻ അവൾ തയ്യാറായിരുന്നു. 

"ഏഹ് എന്തിനാ മുടി വെട്ടുന്നത്?"

"ചുമ്മാ. എപ്പോളും ഒരു പോലെ നടന്നാൽ മതിയോ?"

"പെൺകുട്ടികൾക്ക് മുടി ഒരു ഐശ്വര്യമാണ് !മുത്തശ്ശിയുടെ അഭിപ്രായമാണ് കേട്ടോ. അത് കേട്ടു കേട്ട് ആവും എനിക്കും അതാ ഇഷ്ടം. തനിക്ക് ഇഷ്ടം ഉള്ളത് പോലെ ചെയ്തോളു. ഞാൻ പറഞ്ഞെന്നെ ഉള്ളൂ."

സത്യം പറഞ്ഞാൽ അവന്റെ അഭിപ്രായം അവളിൽ സന്തോഷമാണ് നിറച്ചത്. താൻ വിചാരിച്ചു വെച്ചിരിക്കുന്നതല്ല ഇന്ദ്രന്റെ ഇഷ്ടങ്ങളെന്ന് അവൾക്ക് മനസ്സിലാവാൻ ആ വാക്കുകൾ മതിയായിരുന്നു. 

പിന്നീട് ഉള്ള രണ്ടു ദിവസം എക്സാമും ബഹളവുമായി പെട്ടെന്ന് കടന്നു പോയി. അവസാനത്തെ എക്സാം കഴിഞ്ഞ് തിങ്കളാഴ്ച രാവിലെ പാർലറിൽ വെച്ചു കാണാമെന്നു ഏറ്റു രണ്ടാളും പിരിഞ്ഞു. അന്ന് വൈകിട്ട് പോയി ഡ്രസ്സ്‌ വാങ്ങി. നിറയെ ത്രെഡ് വർക്ക്‌ ഉള്ള ക്രീം കളർ ചുരിദാറാണ് വാങ്ങിയത്. ഏട്ടനാണ് സെലക്ട്‌ ചെയ്തതെങ്കിലും എനിക്ക് വളരെ ഇഷ്ടപ്പെട്ടിരുന്നു അത്. അതിന് വേണ്ടിയുള്ള ആക്സസ്സറീസ് ഞാൻ തന്നെ വാങ്ങിക്കൊള്ളാമെന്ന് പറഞ്ഞു. 

രാവിലേ മുതൽക്കേ ഇന്ദ്രൻ ഫങ്ക്ഷന്റെ തിരക്കിലായിരുന്നു. ജാനുവിനെ വൈകിട്ട് വന്നു പിക് ചെയ്യാമെന്ന് ഏറ്റിട്ടാണ് അവൻ പോയത്. ഓഫീസിലെ ജോലിക്കാരെ കൂടാതെ ബിസിനസ്‌ ഫ്രണ്ട്‌സും ഷെയർ ഹോൾഡേഴ്സുമൊക്കെ വരുമായിരുന്നു. അത് കൊണ്ട് തന്നെ ഇന്ദ്രന്റെ ശ്രദ്ധ എല്ലാ കാര്യത്തിലും പതിഞ്ഞിരുന്നു. പുതിയ പല പ്രോജെക്ടുകളെ പറ്റി സംസാരിക്കാനും ഈ അവസരം ഉപയോഗപ്പെടുത്താനായിരുന്നു ഇന്ദ്രന്റെ ഉദ്ദേശം. 

ഉച്ച കഴിഞ്ഞ് ഡ്രസ്സ്‌ മാറാനും ജാനുവിനെ കൂട്ടാനുമാണ് ഇന്ദ്രൻ വീട്ടിൽ എത്തിയത്. പക്ഷെ ജാനുവിനെ അവിടെ കണ്ടില്ലായിരുന്നു. 
രണ്ടു തവണ റിങ് ചെയ്തതിന് ശേഷമാണ് ജാനു ഫോൺ എടുത്തത്. 

"ഹലോ നീയിത് എവിടെയാണ്?"

ക്ഷമ നശിച്ചാണ് ഇന്ദ്രനത് ചോദിച്ചത്. 

"ഞാൻ ദേ ഇപ്പോൾ വരാം ഏട്ടാ. വീടിന്റെ കീ ആ ജനലിന് അടുത്ത് ഉണ്ട്. ഏട്ടൻ റെഡി ആവുമ്പോളേക്കും ഞാൻ അവിടെ ഉണ്ടാവും."

"ആഹ് വേഗം വാ."

ഫോൺ വെച്ചിട്ട് അവൻ ഫ്രഷ് ആകാനായി പോയി. ഒരു വൈറ്റ് ഷർട്ടും കോട്ടും സ്യൂട്ടും ഒക്കെ ഇട്ടു മുടിയൊക്കെ ജെൽ ഉപയോഗിച്ച് ഒതുക്കി ഒരു പെർഫെക്ട് ബിസിനസ്‌കാരന്റെ രീതിയിലാണ് അവൻ ഒരുങ്ങിയത്. ഒരിക്കൽ കൂടെ കണ്ണാടി നോക്കിയ ശേഷം ഇന്ദ്രൻ താഴേക്ക് ഇറങ്ങി ചെന്നു. മുറ്റത്തു ഓട്ടോയുടെ ശബ്ദം കേട്ടപ്പോളെ ജാനു ആവുമെന്ന് ഊഹിച്ചിരുന്നു. അകത്തേക്ക് കയറി വന്ന ജാനു ആളാകെ മാറിയിരുന്നു. മുഖത്തെ ചായം കുറച്ചേ ഉള്ളെങ്കിലും അവളിൽ കുറെയേറെ മാറ്റങ്ങൾ ഉണ്ടായതായി ഇന്ദ്രന് തോന്നി. സാധാരണ ഉപയോഗിക്കുന്നതിൽ നിന്ന് വത്യസ്തമായ ആഭരണങ്ങളായിരുന്നു അവളണിഞ്ഞിരുന്നത്. അവയ്ക്ക് നല്ല വലുപ്പവും ഉണ്ടായിരുന്നു. മുടി കെട്ടുന്ന രീതിയും കണ്ണെഴുതിയതും എല്ലാം ഒന്നിനൊന്നു മെച്ചമായിരുന്നു. ഒരു നിമിഷം ഇന്ദ്രനും അവളെ കണ്ണെടുക്കാതെ നോക്കി പോയി. 
ഡോ അടിപൊളിയായിട്ടുണ്ടല്ലോ. 
കൈ കൊണ്ട് സൂപ്പർ എന്ന് ആംഗ്യം കാട്ടി കൊണ്ടാണ് ഇന്ദ്രനത് പറഞ്ഞത്. അവനിൽ നിന്നും കേൾക്കാൻ ആഗ്രഹിച്ച വാക്കുകൾ കേട്ടതോടെ അവളുടെ മുഖം ഒന്നുകൂടെ വിടർന്നു. 

"ശെരിക്കും."

"ആടോ. താനിങ്ങനെ പൊളിയായിട്ട് വരുമെന്നു അറിഞ്ഞിരുന്നെങ്കിൽ ഞാനും പാർലറിൽ പോയേനെ."
 
"അതെന്താ?"

"അല്ല നിന്റെ കൂടെ പിടിച്ച് നിൽക്കണ്ടേ."

ചിരിച്ചു കൊണ്ടാണ് ഇന്ദ്രനത് പറഞ്ഞത്. ജാനിക്കും അത് കേട്ടപ്പോൾ ചിരി വന്നു. 
അപ്പോളേക്കും ഇന്ദ്രനൊരു കാൾ വന്നു. 
ദാ ഞാൻ വരുന്നു. ഞങ്ങൾ ഇറങ്ങുവാ. 

"ജാനു വേഗം ഇറങ്ങാം. അലക്സ് ആണ് വിളിച്ചത്. അവരൊക്കെ എത്തി."

ഓഡിറ്റോറിയത്തിനു മുന്നിൽ തന്നെ അലെക്സും അലീനയും നിൽക്കുന്നുണ്ടായിരുന്നു. വർക്കുകൾ ഒന്നുമില്ലാത്ത നേവി ബ്ലൂ നിറത്തിലെ സ്ലീവ് ലെസ്സ് ഗൗണിൽ അലീനയും സുന്ദരിയായിരുന്നു. വൈറ്റ് സ്റ്റോൺസ് പതിപ്പിച്ച കമ്മലുകൾ ഒഴിച്ചാൽ മറ്റാഭരണങ്ങൾ ഒന്നും തന്നെ അവൾ അണിഞ്ഞിരുന്നില്ല. അലെക്സുമായി എന്തൊക്കെയോ സംസാരിച്ചു നിൽക്കുമ്പോളാണ് ഇന്ദ്രനും ജാനുവും അവർക്കരികിലേക്ക് വരുന്നത് അലീന കണ്ടത്. ജാനുവിനെ കണ്ടതും അവളുടെ മുഖത്തെ പുഞ്ചിരി മാഞ്ഞിരുന്നു. എന്തോ ഒരു വെറുപ്പ് വന്നു മൂടിയത് പോലെ. അലക്സ് ആണെങ്കിൽ സന്തോഷത്തോടെ അവരുടെ അടുത്തേക്ക് നടന്നു. അലീനയും അവനെ അനുഗമിച്ചു. 

'എന്തുവാടെ ഭാര്യയും ഭർത്താവും ഇപ്പോളാണോ ഒരുങ്ങി കഴിഞ്ഞത്?"

അലക്സിന്റെ ചോദ്യത്തിന് മറുപടിയെന്നവണ്ണം രണ്ടാളും ചിരിച്ചു. 

"ഡീ അലീ നീയല്ലേ ഇവന് പറ്റുന്ന പെണ്ണല്ല ഇവളെന്ന് പറഞ്ഞത്. സത്യാണ് കേട്ടോ ഇവളുടെ ലുക്ക്‌ വെച്ചു എനിക്കാവും മാച്ച്. ജാൻ നീ സൂപ്പറായിട്ട് ഉണ്ട്."

"ജാനോ?"

അലീന മുഖം കോട്ടി കൊണ്ട് ചോദിച്ചു. 

"അതേ ജാനകിയെ ഷോർട്ട് ആക്കി ജാൻ ! ഞാൻ ഇനി അങ്ങനെയേ വിളിക്കു കേട്ടോ."

"ഡാ വാ നമുക്ക് അകത്തു കുറച്ചു പണികൾ ഉണ്ട്. ആ ഗ്ലോബൽ ഗ്രൂപ്പിന്റെ എംഡി യെ കറക്കാൻ കുറച്ചു വഴി പറഞ്ഞ് താ. അലീ ജാനുവിനെയും കൂട്ടി നമ്മുടെ പഴയ കമ്പനിക്കാരെയൊക്കെ പരിചയപ്പെടൂ."

ഇന്ദ്രനാണ് അത് പറഞ്ഞത്. 

"മ്മ്."

ജാനു ശെരിയെന്ന രീതിയിൽ തലയാട്ടി. കുറച്ചു സമയം രണ്ടാളും സംസാരിച്ചു ഇരുന്നു. പലപ്പോഴും ജാനകിയെ പുച്ഛിച്ചാണ് അലീന സംസാരിച്ചത്. ജാനുവിന് അത് മനസിലായെങ്കിലും അവൾ വലിയ മൈൻഡ് ഒന്നും കൊടുത്തില്ല. ഇന്ദ്രന്റെ അച്ഛനും അമ്മയും വന്ന് കഴിഞ്ഞപ്പോൾ ജാനു അവരുടെ കൂടെ കൂടി. കുറേ നാളു കൂടി അലീനയെ കണ്ട സന്തോഷം ഉഷയിലും ഉണ്ടായിരുന്നു. ഒരു മകളോടെന്ന സ്നേഹം ഉഷയ്ക്ക് അലീനയോട് ഉണ്ടായിരുന്നു. അലീനയ്ക്കും മറിച്ചായിരുന്നില്ല. ജാനു രണ്ടാളെയും നിരീക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്നു. രണ്ടാളുടെയും സ്നേഹത്തിൽ ഒരു മായവും അവൾക്ക് കണ്ടെത്താനായില്ല. പിന്നെ എന്ത് കൊണ്ടാവും ഇന്ദ്രൻ അലീനയെ വിവാഹം കഴിക്കാഞ്ഞത്? ആ ഒരു ചോദ്യത്തിന് ഉത്തരം തേടുകയായിരുന്നു ജാനു. പഴയ കൂട്ടുകാരെ കണ്ടപ്പോൾ അലീന ആ വഴിക്ക് പോയി. പിന്നെ അമ്മയും മോളും കത്തിയടി ആയിരുന്നു. 

ഗസ്റ്റ് എല്ലാവരും എത്തിയതിനു ശേഷം പാർട്ടി തുടങ്ങി. ഇടയ്ക്കെപ്പോഴോ ഇന്ദ്രൻ ജാനുവിന് അരികിൽ വന്നു. അവളുടെ കൈകളിൽ പിടിച്ച് അവളെ എല്ലാർക്കും പരിചയപ്പെടുത്തി. വീണ്ടും അവൻ തിരക്കുകളിൽ മുഴുകി. സ്റ്റേജിൽ കയറി സ്റ്റാഫുകളിൽ ആരോ ഇന്ദ്രനും ജാനുവും ഒന്നിച്ചു പാട്ട് പാടാൻ ആവശ്യപ്പെട്ടു. ജാനുവിന് പാടാൻ അറിയില്ലെന്ന് പറഞ്ഞ് ഇന്ദ്രൻ ഒഴിയാൻ ശ്രമിച്ചു. ഇന്ദ്രൻ പാടുന്ന കാര്യം എല്ലാവർക്കും അറിയാമായിരുന്നു. എങ്കിൽ പതിവ് പോലെ അലീനയുമായി പാടാൻ ആരൊക്കെയോ പറഞ്ഞു. ജാനുവിനെ കാണിക്കാനെന്ന വണ്ണം അലീന പാടാൻ തയ്യാറായി. ഇന്ദ്രനും ഒന്നിച്ചു സ്റ്റേജിൽ നിന്ന് അലീന ജാനുവിനെ നോക്കി. ജാനുവിന് അതിൽ എന്തോ വിഷമം തോന്നിയിരുന്നു. ഒരു പാട്ട് പാടുന്നതിൽ തെറ്റൊന്നുമില്ല പക്ഷെ തന്നോടൊന്നു ചോദിക്കുക പോലും ചെയ്യാതെ ഇന്ദ്രൻ മറുപടി പറഞ്ഞതിൽ അവൾക്ക് വിഷമം തോന്നി. 

മുൻപേ വാ എൻ അൻപേ വാ 
ഊനേ വാ ഉയിരെ വാ 
മുൻപേ വാ എൻ അൻപേ വാ 
പൂ പൂവായ് പൂപോം വാ.. 

അവർ പാടി തുടങ്ങി. അലീനയും നന്നായി പാടുമായിരുന്നു. കുട്ടിക്കാലം മുതൽക്കേ അലീന ഇന്ദ്രൻ കോമ്പിനേഷൻ ഹിറ്റ്‌ ആയിരുന്നു. ജാനുവിന്റെ മുഖത്തു നിന്നും എന്തൊക്കെയോ മനസിലായിട്ടാവാം ഉഷയ്ക്കും ചെറിയ വിഷമം തോന്നി. ബാക്കി എല്ലാവരും പാട്ട് ആസ്വദിക്കുകയായിരുന്നു. 

തേൻ മലൈ തേക്കുക്കു നീതാൻ
ഉന്തൻ തോഴകളിൽ ഇടം തരലാമ..?  
നാൻ സായും തോഴമേൽ 
വേറാരും സായ്‌ന്താലെ താഗുമാ..?

ജാനുവിന്റെ കണ്ണുകൾ അറിയാതെ തന്നെ നിറഞ്ഞു വന്നു. ഇനിയും അവിടെ നിന്നാൽ ആളുകൾ ശ്രദ്ധിക്കുമെന്നതിനാൽ അവൾ പതിയെ പുറകിലായി ആളൊഴിഞ്ഞ ഒരു മൂലയിലേക്ക് മാറി നിന്നു. അവിടെ നിന്ന് സ്റ്റേജിലേക്ക് നോക്കി നിൽക്കുമ്പോളാണ് ആരോ അവളുടെ കയ്യിൽ പിടിച്ച് വലിച്ചു കൊണ്ട് പോയത്. പെട്ടെന്നുള്ള വെപ്രാളത്തിൽ കൈ വിടുത്താനും സംസാരിക്കാനും ശ്രമിച്ചെങ്കിലും ആളുകളുടെ ബഹളത്തിൽ ആരും അത് ശ്രദ്ധിച്ചില്ല. 
സ്റ്റേജിൽ നിന്ന് ഇറങ്ങിയതും എല്ലാവരും ഇന്ദ്രനെയും അലീനയെയും പ്രശംസിക്കാൻ ചുറ്റും കൂടിയിരുന്നു. എന്ത് കൊണ്ടോ ആ തിരക്കിനിടയിലും ഇന്ദ്രന്റെ കണ്ണുകൾ ഒരു മുഖത്തെ തേടി. ജാനു ഉഷയുടെ കൂടെ ഉണ്ടാവുമെന്നാണ് അവനും കരുതിയത്. കുറേ സമയം കഴിഞ്ഞും അവളെ കാണാതായപ്പോൾ അവൻ ഉഷയുടെ അടുത്തേക്ക് നീങ്ങി. 
അവിടെ സേതുവിനൊപ്പം സംസാരിച്ചു നിൽക്കുന്ന ഉഷയെ കണ്ടതും അറിയാതെ ഉള്ളിലൊരു ആന്തൽ. ജാനുവിന് മറ്റാരെയും പരിചയമില്ലാത്തത് കൊണ്ട് വേറെ എവിടെയും പോകാൻ സാധ്യത ഇല്ലെന്ന് അവന് അറിയാമായിരുന്നു. അവന്റെ കാലുകൾക്ക് വേഗത കൂടി. ആളുകൾക്ക് ഇടയിൽ ആ രണ്ടു കണ്ണുകൾ മാത്രം തിരഞ്ഞു കൊണ്ട് അവൻ നടന്നു. ആരൊക്കെയോ സൗഹൃദം പുതുക്കാൻ വന്നപ്പോളും അതൊന്നും ശ്രദ്ധിക്കാതെ ഏറ്റവും പുറകിലെ ഒഴിഞ്ഞ മൂലയിലേക്ക് അവൻ പാഞ്ഞു. ആ തിരക്കിനിടയിലും ഇന്ദ്രന്റെ പരിഭ്രമം അലീന ശ്രദ്ധിച്ചിരുന്നു. അവളും അവന്റെ പിന്നാലെ അങ്ങോട്ടേക്ക് നടന്നു.
 
ദേവാസുരം 14 & 15
💟💟💟💟💟💟💟

ഇരുളിൽ കയ്യിലെ പിടി അയഞ്ഞപ്പോളാണ് ചുറ്റും നോക്കിയത്. ഓഡിറ്റോറിയതിന് പുറകിലായി ഒരു ചെറിയ തടാകം പോലെ ഉണ്ട്. അതിനോട് ചേർന്ന് ഇരിപ്പിടങ്ങളും. ശരിക്കും പേടിച്ചു പോയിരുന്നു. ഇപ്പോളും അലക്സ് ചേട്ടൻ എന്തിനാണ് ഇങ്ങോട്ടേക്കു കൂട്ടി കൊണ്ട് വന്നതെന്ന് അറിയില്ല. പരസ്പരം ഒന്നും സംസാരിക്കാതെ അവർ അവിടെ ഇരുന്നു. അൽപ സമയത്തേക്ക് ഒറ്റക്കിരിക്കാൻ അവളും ആഗ്രഹിച്ചിരുന്നു. കുറച്ചു സമയം കഴിഞ്ഞ് കൂട്ടി കൊണ്ട് വന്ന ആളുടെ മുഖത്തു നോക്കിയപ്പോൾ ആള് അവളെയും നോക്കി ഇരിക്കുകയാണ്. മുഖത്തു ഒരു പുഞ്ചിരി ഉണ്ടായിരുന്നു. 

"നീ ഇങ്ങനെ പാവമാകല്ലേ."

"ഏട്ടാ അത്.."

കണ്ണുകൾ നിറച്ചു കൊണ്ട് ജാനു എന്തോ പറയാൻ തുനിഞ്ഞു. 

"നിനക്ക് ഒരു കാര്യം അറിയുവോ ഈ അലെക്സ് ഇത് വരെ ആരെയും പെങ്ങളായി കണ്ടിട്ടില്ല. വീട്ടിലും ഒറ്റയ്ക്ക് ആയിരുന്നു. പക്ഷെ നിന്നെ എനിക്ക് അനിയത്തിയായി തോന്നുകയാണ്. അലക്സിന്റെ ഒരേ ഒരു പെങ്ങൾ ! അപ്പോ നീ ഇങ്ങനെ വിഷമിക്കാൻ ഞാൻ സമ്മതിക്കുവോ?"

അവന്റെ വാക്കുകൾ ശ്രദ്ധിക്കുകയായിരുന്നു ജാനു. 

"ഇന്ദ്രന് നിന്നോട് ഇഷ്ടമൊക്കെ ഉണ്ട്. അത് പുറത്ത് കൊണ്ട് വരാനുള്ള വഴിയൊക്കെ എനിക്ക് അറിയാം."

എന്തോ തീരുമാനിച്ചുറപ്പിച്ച പോലെ അലക്സ് പറഞ്ഞു. 

"നീ ഒന്നും ചെയ്യണ്ട. എന്റെ കൂടെ നിന്ന് തന്നാൽ മതി."

ഇത്രയും കേട്ടപ്പോൾ തന്നെ അവൾക്ക് പാതി ആശ്വാസം തോന്നി. ഒരു ചേട്ടന്റെ കരുതലും സ്നേഹവും അവളും ആഗ്രഹിച്ചിരുന്നു. സ്വന്തമെന്ന് പറയാൻ ആരും ഇല്ലാതെയിരുന്ന തനിക്ക് ഇപ്പോൾ ആരൊക്കെയോ ഉണ്ടെന്ന തിരിച്ചറിവ് അവളിലും സന്തോഷം നിറച്ചു. അലക്സ് നല്ല സംസാര പ്രിയനായിരുന്നു. കുറേ സമയം ഇരുവരും അവിടെ ഇരുന്നു സംസാരിച്ചു. കുട്ടിക്കാലത്തെ ഇന്ദ്രന്റെ കഥകളൊക്കെ അവൻ ജാനുവിന് പറഞ്ഞു കൊടുത്തു. അങ്ങനെ ഓരോന്നും സംസാരിച്ചിരിക്കുമ്പോളാണ് വെപ്രാളത്തിൽ ജാനുവിനെയും തിരഞ്ഞ് ഇന്ദ്രൻ അങ്ങോട്ടേക്ക് വന്നത്. അലക്സ് ഇന്ദ്രനെ കണ്ടിരുന്നു അത് കൊണ്ട് തന്നെ ജാനുവിനോട് കൂടുതൽ സംസാരിച്ച് ഇന്ദ്രനെ കാണാത്തത് പോലെ അവനിരുന്നു. ഇന്ദ്രനെ കണ്ടതും ജാനു എഴുന്നേറ്റ് നിന്നു. അവളെ കണ്ടപ്പോളുണ്ടായ ഇന്ദ്രന്റെ ആശ്വാസ ഭാവം അലക്സ് ശ്രദ്ധിച്ചിരുന്നു. അലക്സ് ഇന്ദ്രന് വലിയ മൈൻഡ് കൊടുക്കാതെ അവിടെ തന്നെ ഇരുന്നു. 

"നീ ഇവിടെ വന്ന് ഇരിക്കുവായിരുന്നോ?"

അൽപം കനത്തിൽ ഇന്ദ്രൻ ജാനുവിനോടായി ചോദിച്ചു. 

"അത്.. ഞാൻ.."

"നീ ഭാര്യയെ കാണാതെ പേടിച്ചോ?"

അലക്സ് അങ്ങനെ ചോദിച്ചത് ഇന്ദ്രന് തീരെ പിടിച്ചില്ല. 

"അല്ല ഞാൻ നിന്നെ തിരക്കി ഇറങ്ങിയതാ. ഇവളെ ഇപ്പോ തിരക്കേണ്ട കാര്യമില്ലല്ലോ. ഞാൻ നേരത്തേ പറഞ്ഞില്ലേ ഗ്ലോബൽ ഗ്രൂപ്പിന്റെ കാര്യം. നീ വാ."

ഇന്ദ്രന്റെ ആ മറുപടി കേട്ടതും ജാനുവിന്റെ മുഖത്തെ പ്രതീക്ഷ വീണ്ടും അസ്തമിച്ചു. പക്ഷെ അലെക്സിന് ഇന്ദ്രന്റെ കള്ളത്തരം മനസ്സിലായിരുന്നു. 

"ഓ അത് നീ ഡീൽ ചെയ്തോളു. ഞാനും ജാനും കുറച്ചു കൂടെ സംസാരിക്കട്ടെ."

"ജാനു നിന്നെ അമ്മ അന്വേഷിക്കുന്നുണ്ട്. 
അയ്യോ ആണോ. അലക്സ് ചേട്ടാ ഞാൻ അങ്ങോട്ടേക്ക് പോകുവാണ് കേട്ടോ."

മറുപടിക്ക് കാത്ത് നിക്കാതെ ജാനു തിരിഞ്ഞു നടന്നു. ജാനു പോവുന്നതും നോക്കി അലക്സ് നിൽക്കുന്നത് കണ്ടപ്പോൾ എന്ത് കൊണ്ടോ ഇന്ദ്രന് ദേഷ്യമാണ് ഉണ്ടായത്. 

"ഡാ എന്താ നിന്റെ ഉദ്ദേശം?"

ഗൗരവത്തിലാണ് ഇന്ദ്രനത് ചോദിച്ചത്. 

"എന്താണ് നിന്റെ ഉദ്ദേശം? അത് ആദ്യം പറയൂ."

അലക്സും മറു ചോദ്യം ചോദിച്ചു. 

"എന്ത്?"

"ഇപ്പോളും നീ അലീനയുടെ പിന്നാലെ നടക്കുന്നതിന്റെ ഉദ്ദേശം?"

"നീ എന്തൊക്കെയാണ് പറയുന്നത്?"

"മറ്റുള്ളവരുടെ മുന്നിൽ കളിക്കുന്ന നാടകം നീ എന്റെ മുന്നിലും ആടേണ്ട. എനിക്ക് എല്ലാം അറിയാം. നിനക്ക് അവളെ മറക്കാനാവുന്നില്ലെങ്കിൽ എന്തിന് വിവാഹം കഴിച്ചു. ജാനകിയെ പറ്റി നീ ചിന്തിച്ചിട്ടുണ്ടോ? അവൾക്ക് എത്രത്തോളം സങ്കടം ഉണ്ടാവും."

"അതിനെ പറ്റി നീ ആലോചിക്കണ്ട കാര്യമില്ല അലക്സ്."

"ഉണ്ട്. എനിക്കവളെ ഇഷ്ടമാണെന്ന് കരുതിക്കൊള്ളൂ."

"നീ കണ്ടിട്ടുള്ള രീതിയിലെ പെണ്ണല്ല അവൾ. അവളെ വിട്ടേക്ക്."

പണ്ട് മുതൽക്കേ പെണ്ണുങ്ങളോട് അടുത്തിടപെഴകുന്ന സ്വഭാവമാണ് അലെക്സിന് ഉള്ളത്. അത് ഇന്ദ്രന് നന്നായി അറിയാമായിരുന്നു. 

"അതേ ഞാൻ അവളെ പോലൊരു പെണ്ണിനെ കണ്ടിട്ടില്ല. അത് കൊണ്ടാണ് പറഞ്ഞത്."

"മതി അലക്സ്. അവളെന്റെ ഭാര്യയാണ്. ഇനിയും ഇത് പോലെ വല്ലതും പറഞ്ഞാൽ ഞാൻ ഇങ്ങനെ ആവില്ല റീയാക്ട് ചെയ്യുന്നത്."

ദേഷ്യത്തിൽ ഇത്രയും പറഞ്ഞ് ഇന്ദ്രൻ തിരിഞ്ഞു നടന്നു. 

"ഇത് പോലെ തന്നെ അവൾക്കും നിന്റെ മേൽ അവകാശമുണ്ട് അത് നീ മറക്കണ്ട. പിന്നെ നിന്നിലൊരു മാറ്റം ഉണ്ടായില്ലെങ്കിൽ ജാനകിയെ ഞാൻ കൊണ്ട് പോകും."

വിരലുകൾ കൈ വെള്ളയിലേക്ക് അമർത്തി പിടിച്ചു കൊണ്ട് ഇന്ദ്രൻ വേഗത്തിൽ നടന്നു നീങ്ങി. ഇന്ദ്രനും അലെക്സും സംസാരിച്ചത് മുഴുവൻ കേട്ടില്ലെങ്കിലും അവസാനം അലക്സ് പറഞ്ഞ ആ വാക്കുകൾ വെള്ളിടി പോലെയാണ് അലീനയുടെ കാതുകളിൽ പതിച്ചത്. അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. നിമിഷ നേരം കൊണ്ട് അവളുടെ മനസ്സിൽ പകയുടെ കാർമേഘങ്ങൾ ഉരുണ്ടു കൂടി. 

പിന്നീട് ഫങ്ക്ഷനിൽ ശ്രദ്ധിക്കാൻ ഇന്ദ്രന് കഴിഞ്ഞില്ല. എപ്പോളും കണ്ണുകൾ ജാനുവിന് പിന്നാലെ ആയിരുന്നു. അലക്സ് അവൾക്കരികിൽ എത്തുമെന്ന തോന്നൽ ഉണ്ടായാൽ പോലും അവൾക്കരികിലേക്ക് അവൻ ഓടിയെത്തിയിരുന്നു. ഇന്ദ്രന്റെ പ്രവൃത്തികൾ അലെക്സിൽ ചിരിയുളവാക്കി. ജാനുവും ഇന്ദ്രന്റെ പെട്ടെന്നുള്ള മാറ്റത്തിന്റെ കാരണം അന്വേഷിക്കുകയായിരുന്നു. 
സമയം പോകും തോറും വന്ന അതിഥികൾ ഓരോരുത്തരായി പോയി തുടങ്ങി. അവസാനം ഇന്ദ്രനും അലെക്സും അലീനയും ജാനുവും അവരുടെ കുറച്ചു ഫ്രണ്ട്‌സും മാത്രമായി. അവർ എല്ലാവരും ഡ്രിങ്ക്‌സും ഫുഡും ഡാൻസും ഒക്കെയായി ആഘോഷിക്കുകയായിരുന്നു. അലീനയും ജാനുവും ഒന്നിച്ചു കഴിക്കാൻ ഇരുന്നു. അലെക്സിന് മുന്നേ വന്ന് ജാനുവിന് അരികിലായി ഇന്ദ്രൻ സീറ്റ്‌ പിടിച്ചു. ജാനുവിന് പോലും അത് കണ്ട് ചിരി അടക്കാനായില്ല. അലക്സ് ആണെങ്കിൽ അവളെ എന്തൊക്കെയോ കണ്ണ് കൊണ്ടൊക്കെ കാട്ടുന്നുണ്ട്. ഇത് കണ്ടിട്ട് അലീനയ്ക്കും ഇന്ദ്രനും ഒരുപോലെ ദേഷ്യം വരണുണ്ടായിരുന്നു. 

ഇന്ദ്രനൊരു ബിയർ ബോട്ടിൽ പൊട്ടിച്ചു ഗ്ലാസ്സിലേക്ക് ഒഴിച്ചു. 

"ഡാ എനിക്കും."

അലക്സ് ഗ്ലാസ്‌ നീട്ടി. 

"എനിക്കും."

അലീനയും ഇന്ദ്രനോടായി പറഞ്ഞു. 

"ജാൻ നിനക്ക് വേണ്ടേ?"
 
"അയ്യോ വേണ്ട. ഞാനിത് കുടിച്ചിട്ടില്ല."

"ഒന്ന് ട്രൈ ചെയ്ത് നോക്കൂ. ഇതൊക്കെ ഒരു രസമല്ലേ."

അലക്സ് അവളെ നിർബന്ധിച്ചു. 

"അവൾക്ക് വേണ്ടെങ്കിൽ നിർബന്ധിക്കണ്ട. 
അലെക്സിനോടായി ഇന്ദ്രൻ പറഞ്ഞു."

"ഞാൻ പറഞ്ഞതല്ലേ ഇന്ദ്രന്റെ ടേസ്റ്റ് അല്ല ഇവൾക്കെന്ന്."

പുച്ഛത്തോടെ ജാനുവിനെ നോക്കിയത് പറയുമ്പോൾ അലീനയുടെ കണ്ണിൽ പക എരിയുന്നുണ്ടായിരുന്നു. 

"എനിക്കും വേണം ഏട്ടാ."

എന്തോ തീരുമാനിച്ചു ഉറപ്പിച്ച പോലെ ജാനുവും ഗ്ലാസ്‌ നീട്ടി. 

"നിനക്ക് ശീലമില്ലെങ്കിൽ കഴിക്കണ്ട."

ഇന്ദ്രൻ അവളെ പിന്തിരിപ്പിക്കാൻ നോക്കിയെങ്കിലും അവൾ തയ്യാറായില്ല.
വാശിയിൽ എങ്ങനൊക്കെയോ ഒരു ഗ്ലാസ് കുടിച്ച് തീർത്തു. അലീന വീണ്ടും ഗ്ലാസ്‌ നിറച്ചു കൊടുത്തത് വേഗത്തിൽ ജാനു കുടിച്ചു. തലയ്ക്കു ഭയങ്കര ഭാരം തോന്നിയപ്പോൾ അവൾ തലയിൽ കൈ താങ്ങി ഇരുന്നു. അവളിലെ മാറ്റങ്ങൾ പന്തിയല്ലെന്ന് തോന്നിയതിനാൽ ഇന്ദ്രൻ അവളെ വീട്ടിലേക്ക് പോവാൻ വിളിച്ചു. എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും ബാലൻസ് കിട്ടാതെ വീണ്ടും ഇരുന്നിടത്ത് തന്നെ ഇരുന്നു. ഇതു കണ്ടതും അലക്സ് വന്ന് ജാനുവിനെ പിടിക്കാൻ ഒരുങ്ങി. അലക്സിന്റെ കൈ തട്ടി മാറ്റി ഇന്ദ്രൻ അവളെ താങ്ങി.

"നിങ്ങൾ കണ്ടിന്യു ചെയ്തോളു. ഞങ്ങൾ ഇറങ്ങുവാണു."
 
ഇതും പറഞ്ഞ് ജാനുവിനെയും കൂട്ടി ഇന്ദ്രൻ അവിടുന്ന് ഇറങ്ങി. അലക്സിന്റെ ചുണ്ടിൽ നിഗൂഢമായ ഒരു ചിരിച്ചു വിരിഞ്ഞത് അലീനയും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. 

"വേണ്ട ഏട്ടാ.. എന്നെ പിടിക്കേണ്ട. ഞാൻ നടന്നോളാം."

ഇന്ദ്രന്റെ കൈ തട്ടി മാറ്റി കൊണ്ട് ജാനു പറഞ്ഞു. ഇന്ദ്രൻ അത് ഗൗനിക്കാതെ അവളെയും കൂട്ടി എങ്ങനെയൊക്കെയോ കാറിൽ കയറി. കാറിൽ വെച്ചും അവൾ ഓരോന്നും സംസാരിച്ചു കൊണ്ടിരുന്നു. ഡ്രൈവ് ചെയ്യുന്നുണ്ടെങ്കിലും ഇന്ദ്രന്റെ ശ്രദ്ധ അവളിലായിരുന്നു. ഇടയ്ക്ക് അവന്റെ മുഖത്തു പുഞ്ചിരി തെളിഞ്ഞു വന്നിരുന്നു. 

"ഞാൻ പാടില്ലെന്ന് ആരാ പറഞ്ഞേ... അവളെക്കാൾ നന്നായി ഞാൻ പാടും."

ഇടയ്ക്ക് ചുണ്ടൊക്കെ കൂർപ്പിച്ചു കൊണ്ട് സങ്കടത്തിൽ അവൾ പറഞ്ഞു. 

"ഏട്ടൻ എന്റെ കൂടെ പാടിയില്ല. ദുഷ്ടൻ ! ഇനി എന്നോട് മിണ്ടണ്ട. ഞാൻ പാടില്ലെന്ന്.."

അവൾ പറഞ്ഞു കൊണ്ടിരുന്നു. ഇത് കേട്ടപ്പോൾ ഇന്ദ്രനും എന്തോ പോലെ തോന്നി. അവൾക്ക് പാടാൻ അറിയുമോ എന്ന് പോലും ചോദിക്കാതിരുന്നത് തെറ്റായെന്ന് അവന് ബോധ്യമായി. കുറച്ചു സമയത്തേക്ക് അവൾ ഒന്നും മിണ്ടാതെ ഇരുന്നു. പെട്ടെന്ന് ഛർദിക്കാൻ വരും പോലെ കാണിച്ചു. അരുതെന്ന് കണ്ണ് കൊണ്ട് ഗോഷ്ടി കാണിച്ചു കൊണ്ട് അവൻ വേഗം കാർ സൈഡിലേക്ക് ഒതുക്കി നിർത്തി. ഡ്രൈവിങ് സീറ്റിൽ നിന്നും ഇറങ്ങി അവളെ വിളിക്കാനായി ഡോർ തുറന്നതും അവൾ അവന്റെ മേലേക്ക് ഛർദിച്ചു കഴിഞ്ഞിരുന്നു. അവൾ വായ പൊത്തി നിഷ്കു ലുക്കിൽ ചിരിച്ചു. ഇന്ദ്രന് ആണെങ്കിൽ അറപ്പും ദേഷ്യവും വന്നു. അവന്റെ കാലു മുഴുവൻ വൃത്തികേടായിരുന്നു. കാറിൽ നിന്ന് വെള്ളത്തിന്റെ ബോട്ടിൽ എടുത്ത് മരച്ചുവട്ടിലിലേക്ക് മാറി നിന്ന് കാലൊക്കെ കഴുകി. തിരികെ കാറിലേക്ക് കയറിയപ്പോൾ അവൾ ഉറങ്ങിയിട്ടുണ്ടായിരുന്നു. വീട്ടിൽ ചെന്ന് അവളെ ബെഡിൽ ഇരുത്തി അവൻ നേരെ ഫ്രഷ് ആവാൻ പോയി. 

"പോയി ഫ്രഷ് ആയിട്ട് വാ. അപ്പോൾ ആ കെട്ടു വിടും."

ജാനുവിനോടായി അവൻ പറഞ്ഞു. 

"എനിക്കൊന്നും വയ്യാ."

"കുളിച്ചിട്ട് വരാതെ ബെഡിൽ കിടത്തില്ല."

"കുളിക്കാം. ഒരു കാര്യം പറയുവോ?"

"എന്താണ്?"

"എന്നോട് പറ ഐ ലവ് യൂ  എന്ന്."
 
"എന്ത്."

"എന്നോട് പറ."

"നീ കുളിക്കണ്ട."

"എനിക്ക് അറിയാം. എന്നെ ആർക്കും ഇഷ്ടല്ല."

അവൾ വീണ്ടും കരയാൻ തുടങ്ങി. 

"ആര് പറഞ്ഞു എനിക്ക് നിന്നെ ഇഷ്ടമാണ്."

അവളെ സമാധാനിപ്പിക്കാൻ എന്ന വണ്ണം അവൻ പറഞ്ഞു. അത് പറഞ്ഞപ്പോൾ അവളുടെ കണ്ണുകളിൽ ഉണ്ടായ തിളക്കം അവൻ ശ്രദ്ധിച്ചിരുന്നു. അവനും അവളുടെ പ്രവൃത്തികളെ ആസ്വദിക്കുകയായിരുന്നു. ഇത് വരെ കണ്ടിട്ടില്ലാത്തത് പോലെ. എന്തോ ഒരു ആകർഷണീയത അവൾക്ക് വന്നതായി അവനു തോന്നി. 

"എനിക്ക് അറിയാം ഏട്ടന് എന്നെ ഇഷ്ടമാണെന്ന്. ലവ് യൂ ടൂ.."

ഇതും പറഞ്ഞ് ഇന്ദ്രന്റെ കവിളിൽ ഒരുമ്മയും കൊടുത്ത് കക്ഷി വീണ്ടും ബെഡിലേക്ക് കിടന്നു. ആദ്യ ചുംബനം! തന്റെ കവിളിൽ പിടിച്ചു ജാനുവിനെയും നോക്കി ഒരു നിമിഷം അവൻ നിന്നു. വീണ്ടും അവളെ ശല്യം ചെയ്യാതെ ബാൽക്കണിയിലെ കസേരയിൽ അവൻ പോയിരുന്നു. ജാനുവിനെ കണ്ടത് മുതൽക്കുള്ള കാര്യങ്ങൾ ആലോചിച്ചു. ഇടയ്ക്കെപ്പോഴോ സങ്കടം നിഴലിച്ചു. അലക്സ് പറഞ്ഞതിനെ പറ്റി ചിന്തിച്ചു. താൻ കാട്ടുന്ന അവഗണന അവളെ എത്രത്തോളം ബാധിക്കുന്നുണ്ടാവും. വെറും രണ്ടു തവണ മാത്രം കണ്ടിട്ടുള്ള അലെക്സിന് പോലും അവളെ മനസിലാക്കാൻ പറ്റി. പക്ഷെ ഞാൻ.. അവളെ ശ്രദ്ധിച്ചിട്ടില്ലെന്ന് പറയാനാവില്ല. താലി കെട്ടുമ്പോൾ വെറുപ്പ് മാത്രേ ഉണ്ടായിരുന്നുള്ളു. പക്ഷെ ഇപ്പോ അങ്ങനെ അല്ല. അവൾ സങ്കടപ്പെടുമ്പോൾ തന്റെ ഉള്ളിലും ഒരു നോവ് ഉണ്ടാവുന്നു. ചിലപ്പോളൊക്കെ അവൾ തന്നിൽ പുഞ്ചിരി ഉണർത്തുന്നു. ഇഷ്ടമാണോ എന്ന് ചോദിച്ചാൽ നിസംശയം ഇഷ്ടമാണെന്ന് പറയാനാവും. അത് ഏത് തരത്തിൽ ആണെന്ന് ചിന്തിച്ചിട്ടില്ല. ജാനു തന്റെ ഭാര്യയാണെന്നതിനെ പറ്റി താൻ പലപ്പോഴും മറന്നു പോയിരുന്നു. അവന് കുറ്റബോധം തോന്നി.

രാവിലെ എഴുന്നേൽക്കുമ്പോൾ തലയ്ക്കു നല്ല ഭാരം തോന്നിയിരുന്നു. വേഷം പോലും മാറാതെ താൻ കിടന്നുറങ്ങിയെന്നത് അവൾക്ക് വിശ്വസിക്കാനായില്ല. ഇന്നലത്തെ പല കാര്യങ്ങളും ഓർത്തെടുക്കാൻ ശ്രമിച്ചെങ്കിലും മൂടൽ മഞ്ഞു ബാധിച്ച പോലെ ആയിരുന്നു. ഒന്നും വ്യക്തമല്ല. വാശിക്ക് ബിയർ കുടിച്ചത് വരെ ഓർമ ഉണ്ട്. ഒരു ആവശ്യവും ഇല്ലായിരുന്നു. ഇന്ദ്രനെ അടുത്തെങ്ങും കണ്ടില്ല. അവൾ വേഗം ഫ്രഷ് ആയി. ഇപ്പൊ തലയ്ക്കു ഒരു ആശ്വാസം തോന്നുന്നുണ്ട്. അപ്പോളും ഇന്ദ്രനെ കാണാതെയായപ്പോൾ ബാൽക്കണിയിലേക്ക് അവളുടെ ശ്രദ്ധ തിരിഞ്ഞു. ഒരു കുഞ്ഞു കുട്ടിയെ പോലെ കസേരയിൽ ഇരുന്നു ഉറങ്ങുന്ന അവനെ കണ്ടപ്പോൾ വാത്സല്യമാണ് തോന്നിയത്. പതിയെ ആ മുടിയിഴകളിൽ തലോടി. ജാനു താഴേക്ക് പോയി കഴിഞ്ഞാണ് ഇന്ദ്രൻ കണ്ണുകൾ തുറന്നത്. അപ്പോളും അവളുടെ കൈകളിലെ തണുപ്പ് അവന് അനുഭവപ്പെടുന്നുണ്ടായിരുന്നു. 
കുറേ സമയം കഴിഞ്ഞിട്ടും പതിവ് ചായ കിട്ടാതെ വന്നപ്പോളാണ് അവൻ അടുക്കളയിലേക്ക് ചെന്നത്. 

"ചായ കാണാഞ്ഞപ്പോ ഞാൻ കരുതി താൻ ജോലി തിരക്കിലാവും എന്ന്. താനിവിടെ സ്വപ്നം കണ്ടു നിക്കുവാണോ?"

ചായ കപ്പും പിടിച്ചു ആലോചിച്ചു നിക്കുന്ന ജാനുവിനെ കണ്ടതും അവൻ ചോദിച്ചു.

"ഞാൻ വരുവായിരുന്നു."

അവന്റെ മുഖത്തു നോക്കാതെയാണ് അവളത് പറഞ്ഞത്. 

ചായ വാങ്ങി കുടിച്ചു കൊണ്ട് ഇന്ദ്രൻ ഓരോന്നും സംസാരിക്കുമ്പോളും തല കുനിച്ചു നിൽക്കുന്ന ജാനുവിനെ അവൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. തലേ ദിവസം ബോധമില്ലാതെ താൻ എന്തൊക്കെ ചെയ്‌തെന്ന ചിന്തയായിരുന്നു അവളുടെ മനസ് നിറയെ. 

"ഇന്ന് ഞാൻ ജോലിക്ക് പോകുന്നില്ല. ഇന്ന് ഫുൾ തനിക്ക് റസ്റ്റ്‌ ആണ്. എല്ലാം ഞാൻ ചെയ്തോളാം."

അത് കേട്ടതും അവളെ അതിശയത്തോടെ അവന്റെ മുഖത്തേക്ക് നോക്കി. അവളുടെ നോട്ടം കണ്ടപ്പോൾ അവനും ആവേശം കൂടി. അവൻ നേരെ അടുക്കളയിലേക്ക് പോയി പിന്നാലെ അവളും. 
യുദ്ധത്തിന് പോവുന്ന എക്സ്പ്രെഷനൊക്കെ ഇട്ടു അവൻ അടുക്കളയിലേക്ക് പോവുന്നത് കണ്ടപ്പോൾ അവൾക്ക് ചിരി വരുന്നുണ്ടായിരുന്നു. ഗ്യാസ് കത്തിക്കാനും ദോശ മാവ് ഒഴിക്കാനുമൊക്കെ ജാനു അടുത്ത് നിന്ന് പറഞ്ഞ് കൊടുത്തു കൊണ്ടിരുന്നു. ഇന്ദ്രനാണെങ്കിൽ എല്ലാം അറിയാമെന്ന ഭാവവും. 

"ഏട്ടാ അത്ര വലുതാക്കിയല്ല പച്ചക്കറി അറിയേണ്ടത്. ഞാൻ കാണിച്ചു തരാം."

അവന്റെ കയ്യിൽ നിന്ന് കത്തി വാങ്ങാൻ ശ്രമിച്ചു കൊണ്ടാണ് ജാനു അത് പറഞ്ഞത്. 
അവൻ അവളെ എടുത്ത് പുറകിലായുള്ള ടേബിളിൽ ഇരുത്തി. അവളുടെ മുന്നിൽ തൊട്ടരുകിലായി വന്നു നിന്നു. അവന്റെ കണ്ണുകളിൽ നോക്കാൻ അവൾക്ക് കഴിയുന്നുണ്ടായിരുന്നില്ല. അവന്റെ നിശ്വാസം അവളുടെ മുഖത്തു തട്ടുന്നുണ്ടായിരുന്നു. 

"കുറെ നേരായി തുടങ്ങിയിട്ട്. മര്യാദക്ക് ഇവിടെ ഇരുന്നോണം. എങ്ങാനും താഴെ ഇറങ്ങിയാൽ ആണ്. ഞാൻ ചെയ്തോളാം."

ഇത്രയും പറഞ്ഞ് വീണ്ടും തിരിഞ്ഞു ജോലി ചെയ്യാൻ തുടങ്ങി. ജാനു ശെരിക്കും ഞെട്ടി പോയിരുന്നു. പെട്ടെന്ന് എന്താണ് സംഭവിച്ചതെന്ന് പോലും മനസിലായില്ല. അവളുടെ ഇരുപ്പ് കണ്ട് അവന്റെ ചുണ്ടിലും ഒരു പുഞ്ചിരി ഉണ്ടായി. 

ഫുഡൊക്കെ റെഡി ആക്കി കഴിഞ്ഞ് ഇന്ദ്രൻ തന്നെ അവളെ താഴെ ഇറക്കി. അവളുടെ മുഖം നാണം കൊണ്ട് ചുവന്നിരുന്നു. വലിയ കാര്യത്തിൽ ഫുഡ്‌ കഴിച്ചു തുടങ്ങിയപ്പോളാണ് പാചകം അത്ര നിസാര കാര്യമല്ലെന്ന് അവന് മനസിലായത്. മടിയോടെ ജാനുവിനെ നോക്കിയപ്പോൾ പുള്ളിക്കാരി അവനെ നോക്കി വൃത്തിക്ക് ചിരിച്ചു കാണിച്ചു. 

"എന്തേ കഴിക്കുന്നില്ലേ?"

"ഇത്തിരി ഉപ്പു കൂടി പോയോ?"

"ആഹാ ഉപ്പൊക്കെ മനസിലാവുന്നുണ്ടോ?"

അവനും അവളെ നോക്കി ഇളിച്ചു കാണിച്ചു. 

"നമുക്ക് ഓൺലൈൻ ഫുഡ്‌ വാങ്ങാം."

ഒരു കുസൃതി ചിരിയോടെ അവനത് പറഞ്ഞപ്പോൾ അവളും ചിരിക്കുന്നുണ്ടായിരുന്നു. 

"ഡോ നമുക്ക് നാളെ രുദ്രേച്ചിയുടെ അടുത്ത് പോവാം. പിന്നെ മാധവ മാമയെയും വിളിക്കാം. എല്ലാവർക്കും കൂടെ പോവാം."

"ആണോ..?"

"ആണെന്നെ."

അവളുടെ കണ്ണുകളിലെ സന്തോഷം അവൻ ആസ്വദിച്ചു തുടങ്ങിയിരുന്നു. 
പിറ്റേന്ന് രാവിലെ തന്നെ അവർ രുദ്രയുടെ അടുത്തേക്ക് പുറപ്പെട്ടു. ജോലിത്തിരക്ക് കൊണ്ട് മാധവൻ വന്നില്ല. അനുവും ശിവയും മാത്രമാണ് അവരുടെ കൂടെ പോയത്. കാറിൽ ഇരിക്കുമ്പോൾ പലപ്പോഴും ഇന്ദ്രന്റെ കണ്ണുകൾ ജാനുവിനെ തേടി പോയിരുന്നു. 

ദേവാസുരം 16 & 17
💟💟💟💟💟💟💟

മനുഷ്യൻ പ്രകൃതിയുമായി ഇഴുകി കഴിയുന്ന ഒരു ഗ്രാമത്തിലായിരുന്നു രുദ്രയുടെ വീട്. രുദ്ര അനീഷിനൊപ്പം ബാംഗ്ലൂരിലായിരുന്നു നിന്നിരുന്നത്. ഗർഭിണി ആണെന്ന് അറിഞ്ഞപ്പോൾ പിന്നെ അവിടെ നിൽക്കാൻ അനീഷ് സമ്മതിച്ചില്ല. മാസത്തിൽ ഒന്നോ രണ്ടോ തവണ അവൻ ബാംഗ്ലൂരിൽ പോവും. അനീഷിന്റെ അമ്മ ചെറുപ്പത്തിലേ മരിച്ചതാണ്. രണ്ടു വർഷം മുൻപ് അച്ഛനും പോയതിൽ പിന്നെ തറവാട്ടിൽ ദേവകിയെന്ന അവന്റെ അപ്പച്ചി മാത്രേ ഉണ്ടായിരുന്നുള്ളു. അവർ ഇത് വരെ വിവാഹം കഴിച്ചിട്ടില്ല. ഒരു നിഷ്കളങ്കയായ സാധു സ്ത്രീ അതായിരുന്നു ദേവകി. ജാനുവും ഇന്ദ്രനും വരുന്നുണ്ടെന്ന് അറിഞ്ഞതിൽ പിന്നെ ഉഷയ്ക്ക് ആവേശമായിരുന്നു. അവരോടൊപ്പം നിൽക്കാൻ മനസ് കൊണ്ട് ഉഷയ്ക്കും ആഗ്രഹമുണ്ടായിരുന്നു. പിന്നെ രുദ്രയ്ക്ക് കൂട്ടിന് വേണ്ടിയും ഇന്ദ്രന്റെ ദേഷ്യമൊക്കെ  കുറയ്ക്കാനുമാണ് ഇങ്ങോട്ടേക്കു പോന്നത്. അനീഷ് ജോലിയുടെ ആവശ്യങ്ങൾക്ക് ബാംഗ്ലൂരിൽ ആയിരുന്നു. ഉഷ കാലത്തേ തന്നെ ഇന്ദ്രന് ഇഷ്ടമുള്ള വിഭവങ്ങളൊക്കെ തയ്യാറാക്കി വെച്ചിരുന്നു. അവർക്ക് താമസിക്കാൻ മുകളിലത്തെ മുറിയും ഒരുക്കിയിട്ടുണ്ടായിരുന്നു. 

കാറിന്റെ ശബ്ദം കേട്ടതും എല്ലാവരും മുറ്റത്തേക്ക് ഇറങ്ങി. കാറിൽ നിന്ന് ജാനു ഉഷയ്ക്കരികിലേക്ക് എത്തി. 

"ഒരു സർപ്രൈസ് ഉണ്ട്.."

ഉഷയുടെ കയ്യിൽ പിടിച്ച് പറഞ്ഞ് കൊണ്ട് ജാനു  തിരിഞ്ഞു കാറിലേക്ക് നോക്കിയപ്പോളാണ് അവരുടെ കൂടെ വന്ന അനുവിനെയും ശിവയേയും അവർ കണ്ടത്. 

"ആഹാ മക്കളും വന്നോ??"

ഉഷ വേഗത്തിൽ അവരുടെ അടുത്തേക്ക് പോയി. കാറിൽ നിന്ന് ബാഗുകൾ എടുക്കുന്ന ഇന്ദ്രനെ ഇടം കണ്ണിട്ട് നോക്കിയെങ്കിലും അവന്റെ ശ്രദ്ധ തന്നിൽ പതിക്കാത്തതിൽ ഉഷയ്ക്ക് വിഷമം തോന്നി. 

"ചേച്ചി എന്തേയ് അമ്മേ?"

"അകത്തു ഉണ്ടാവും മോളേ. നിങ്ങൾ വന്നത് അറിഞ്ഞിട്ടുണ്ടാവില്ല."

"യാത്രയൊക്കെ സുഖായിരുന്നോ മോളേ?"
 
ദേവകി ജാനുവിന്റെ കയ്യിൽ പിടിച്ച് കൊണ്ട് ചോദിച്ചു. 

"ആയിരുന്നു."

"ഞാൻ അനീഷിന്റെ അപ്പച്ചിയാണ് ട്ടോ. കല്യാണത്തിന് വന്നില്ലായിരുന്നു. എനിക്കെ അന്ന് തീരെ വയ്യാരുന്നു അത്രടം വരെ കാറിലിരുന്ന് വരാൻ. മുട്ട് വേദനയാണ് മോളേ."

"സാരമില്ല ട്ടോ. ഇപ്പോ സംസാരിക്കാല്ലോ."

ദേവകിയുടെ താണ്ടിയിൽ പിടിച്ച് കൊഞ്ചിക്കൊണ്ട് ജാനു പറഞ്ഞു. 
ബാഗുകൾ എടുക്കുന്നതിനു ഇടയിൽ ഇന്ദ്രൻ ഉഷയെ നോക്കുന്നുണ്ടായിരുന്നു. സംസാരിക്കാൻ തോന്നിയെങ്കിലും ഉള്ളിലെവിടെയോ ഉറങ്ങി കിടന്ന വാശി അതിന് അനുവദിച്ചില്ല. അനുവും ശിവയും ഉഷയുടെ പിന്നാലെ കൂടി. ദേവകിയും അവരെ പരിചയപ്പെടുന്നുണ്ടായിരുന്നു. 

ജാനു രുദ്രയുടെ മുറിയിലേക്ക് പോയി. പിന്നാലെ ഇന്ദ്രനും ചെല്ലുന്നുണ്ടായിരുന്നു. രുദ്ര മുറിയിൽ ബുക്ക്‌ വായിച്ചു കൊണ്ടിരിക്കുകയായിരുന്നു. 

"വീട്ടിൽ ആരെങ്കിലും വന്നാൽ പോലും അറിയാത്ത വായനയാണല്ലോ?"

ഇന്ദ്രൻ അതും പറഞ്ഞ് അവൾക്കരികിലേക്ക് ചെന്നു. രുദ്ര അതിശയത്തോടെ ഉന്തിയ വയറും താങ്ങി എഴുന്നേറ്റു. 

"നിങ്ങൾ എപ്പോളാ വന്നത്? ശോ ഞാൻ അറിഞ്ഞതേ ഇല്ല."

ജാനുവിന്റെ കയ്യിൽ പിടിച്ചു രുദ്ര പറഞ്ഞു. 

"മാമന്റെ ഉണ്ണി അമ്മക്ക് നല്ല ഇടി കൊടുക്കണം ട്ടോ."

രുദ്രയുടെ വയറിൽ പിടിച്ച് കൊണ്ട് ഇന്ദ്രൻ പറഞ്ഞു. 

"നിന്റെ അടിയും ഇടിയും കൊണ്ടത് പോരാഞ്ഞിട്ടാണോ നീ എന്റെ കുട്ടിയെ കൂടെ ചീത്ത ആക്കണത്. നോക്കിക്കോ ഞങ്ങൾ പുറത്ത് വന്നിട്ട് മാമനെ ശെരിയാക്കും അല്ലേ മക്കളെ."

രുദ്രയും വയറിൽ തടകി കൊണ്ട് പറഞ്ഞു. ജാനു ഇരുവരുടെയും പ്രവൃത്തികൾ കൗതുകത്തോടെ നോക്കി കാണുകയായിരുന്നു. 

"അല്ല അമ്മായി എന്താ ഒന്നും മിണ്ടാതെ നിക്കണേ?"

ഇന്ദ്രൻ ജാനുവിനോടായി ചോദിച്ചു. അവൾ രുദ്രയുടെ വയറിലേക്ക് കുനിഞ്ഞ് രഹസ്യം പറയും പോലെ കൈ മറച്ചു വെച്ച് എന്തൊക്കെയോ പറഞ്ഞു. 

"നീയെന്താ പറഞ്ഞേ?"

"അതൊക്കെ രഹസ്യാ.."

അവൾ കുസൃതിയോടെ പറഞ്ഞു. 

യാത്രാക്ഷീണം കൊണ്ട് അന്നത്തെ ദിവസം പുറത്തേക്കൊന്നും പോയില്ല. ഉഷയോടും രുദ്രയോടും വിശേഷങ്ങൾ പറഞ്ഞ് വീട്ടിൽ തന്നെ ഇരുന്നു. പിന്നെ വീടിനോട് ചേർന്നുള്ള കുളവും മാവും കാവും ഒക്കെ അവർക്ക് കാട്ടി കൊടുത്തു. നാളെ കാലത്ത് തന്നെ അടുത്തുള്ള അമ്പലത്തിൽ പോകാമെന്ന് ചട്ടവും കെട്ടി. അനുവും ശിവയുമാണെങ്കിൽ ആകെ ത്രില്ലിൽ ആയിരുന്നു. കുറച്ചു വർക്ക്‌ തീർക്കാൻ ഉള്ളത് കൊണ്ട് രാത്രിയിൽ ഭക്ഷണം കഴിച്ച് ഇന്ദ്രൻ നേരെ റൂമിൽ പോയിരുന്നു. ജാനുവും ശിവയും ഉഷയും രുദ്രയും ദേവകിയുമൊക്കെ രുദ്രയുടെ മുറിയിൽ കാര്യായിട്ട് കത്തി അടിയിൽ ആയിരുന്നു. കിടക്കാനുള്ള സമയം ആയിട്ടും ജാനുവിനെ കാണാതായതോടെ ഇന്ദ്രൻ നേരെ അങ്ങോട്ടേക്ക് വെച്ചു പിടിച്ചു. 
റൂമിന് വെളിയിൽ വെച്ച് തന്നെ ഒച്ചയും അനക്കവും കേൾക്കാമായിരുന്നു. 

"അതേ നിങ്ങൾക്ക് ഉറക്കം ഒന്നും വരുന്നില്ലേ?"

റൂമിലേക്ക് കയറി കൊണ്ട് ഇന്ദ്രൻ പറഞ്ഞു. 

"ഇല്ല എന്തേയ്?"

രുദ്രയാണ് മറുപടി പറഞ്ഞത്. 

"നീ ഉറങ്ങിക്കോ അതിന് എന്നാ?"

"നീ വരുന്നില്ലേ?"

ജാനുവിനെ നോക്കി കൊണ്ട് ഇന്ദ്രൻ ചോദിച്ചു. 

"ഓ അങ്ങനെ.. അപ്പോ ഭാര്യയെ വിളിക്കാൻ വന്നതാണല്ലേ?"
 
രുദ്ര അത് പറഞ്ഞപ്പോളാണ് തനിക്ക് പറ്റിയ അബദ്ധത്തെ പറ്റി ഇന്ദ്രനും ചിന്തിച്ചത്. ഒരു ആവേശത്തിൽ വന്നു വിളിച്ചതായിരുന്നു. അവന്റെ ചമ്മിയ മുഖം കണ്ടപ്പോൾ ഉഷയുടെയും രുദ്രയുടെയും മുഖത്തു പുഞ്ചിരി വിടർന്നു. പിന്നെയും എന്തൊക്കെയോ പറയാൻ പോയ രുദ്രയെ ഉഷ കണ്ണുകൾ കൊണ്ട് തടഞ്ഞു. 

"ഞാൻ വാതിൽ പൂട്ടി കിടക്കട്ടെ എന്ന് ചോദിക്കാൻ വന്നതാ. വേറെ ഒന്നുമില്ല."
 
മുഖത്തു വന്ന ചമ്മൽ മറച്ചു കൊണ്ട് ഇന്ദ്രൻ എങ്ങനൊക്കെയോ പറഞ്ഞ് ഒപ്പിച്ചു. 

"അല്ലെങ്കിലും സ്നേഹമുള്ള ഭാര്യാ ഭർത്താക്കന്മാർ ഒരിക്കലും പിരിഞ്ഞു ജീവിക്കില്ല. രുദ്ര മോള് അവനെ കളിയാക്കേണ്ട കാര്യമൊന്നും ഇല്ല."

ദേവകിയമ്മ കാര്യായിട്ട് തന്നെ ഓരോന്നും പറയാൻ തുടങ്ങി. 

ഇടയിൽ ഇന്ദ്രൻ ജാനുവിനെ പാളി നോക്കിയപ്പോൾ ഞാൻ ഈ നാട്ടുകാരിയെ അല്ല എന്ന മട്ടിൽ ഇരിക്കുവാണ് കക്ഷി. 

"ഏട്ടൻ പോയി കിടന്നോളു. ജാനു ചേച്ചി ഞങ്ങളുടെ കൂടെ കിടന്നോട്ടെ."

അനുവാണ് അത് പറഞ്ഞത്. 

"ആഹ് അത് ശെരിയാ. എത്ര നാളായി ചേച്ചിയുടെ കൂടെ കിടന്നിട്ട്."

ശിവയും അതിനെ പിന്തുണച്ചതോടെ ഇന്ദ്രൻ പയ്യെ അവിടുന്ന് വലിഞ്ഞു. 

"ഇത്രയും മാറ്റം ഞാൻ പ്രതീക്ഷിച്ചില്ലാട്ടോ."

ചെവിയിലായി രുദ്ര അത് പറഞ്ഞപ്പോൾ ജാനുവിന്റെ കവിളിലും നാണത്തിന്റെ ചുവപ്പ് രാശി പടർന്നിരുന്നു.
അന്നത്തെ രാത്രി ഇന്ദ്രന് ഉറങ്ങാൻ കഴിഞ്ഞില്ല. ഒരു രാത്രി പോലും അവളെ പിരിഞ്ഞിരിക്കാൻ കഴിയാത്ത അത്രയും തങ്ങൾ അടുത്തോ? അവന് തന്നെ അതിശയം തോന്നി. തനിക്ക് അവളോടുള്ള വികാരം അതെന്താണെന്ന് അവൻ ആലോചിച്ചു കൊണ്ടിരുന്നു. പലപ്പോഴും അവളെ കുറിച്ച് മാത്രം ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു. അറിയാതെ മനസ് കൈ വിട്ടു പോകുകയാണ്. 

രാവിലെ അമ്പലത്തിൽ പോകേണ്ടതിനാൽ പതിവിലും നേരത്തെയാണ് ജാനു ഉണർന്നത്. ഫ്രഷ് ആവാൻ ഡ്രസ്സ്‌ ഒക്കെ ഇന്ദ്രന്റെ റൂമിൽ ആയത് കൊണ്ട് അനുവിനെയും ശിവയേയും തട്ടി വിളിച്ചിട്ട് അവൾ ഇന്ദ്രന്റെ റൂമിലേക്ക് പോയി. ഇന്നലെ രാത്രി അവൾക്കും ഉറങ്ങാൻ കഴിഞ്ഞില്ല. സന്തോഷം വന്നാലും ഉറക്കം പോകുവോ? അവൾക്ക് അതൊരു ആദ്യ അറിവായിരുന്നു. പലപ്പോഴും കരഞ്ഞാണ് ഉറങ്ങിയിട്ടുള്ളത്. 

റൂം പൂട്ടിയിട്ടുണ്ടാവും എന്ന് കരുതി അവനെ വിളിക്കാൻ ഫോണൊക്കെ കൊണ്ടാണ് ജാനു പോയത്. പക്ഷെ വാതിൽ ചാരിയിട്ടേ ഉണ്ടായിരുന്നുള്ളു. താൻ ഉണരും മുന്നേ ജാനു എത്തുമെന്ന് അവനും അറിയാമായിരുന്നു. റൂമിലേക്ക് കയറിയതും അവളുടെ കണ്ണുകൾ ഇന്ദ്രനെ തിരഞ്ഞു. കൈകൾ കൊണ്ട് കണ്ണ് മറച്ചു കിടക്കുന്ന ഇന്ദ്രനെയും നോക്കി ഡ്രെസ്സുമെടുത്തു ഫ്രഷ് ആവാനായി അകത്തേക്ക് പോയി. ചുവന്ന കരയുള്ള സെറ്റ് സാരി ആയിരുന്നു എടുത്ത് വെച്ചത്. ഫ്രഷ് ആയതിനു ശേഷം ഡ്രസിങ് ഏരിയയിൽ നിന്ന് സാരി ഉടുക്കാനും തുടങ്ങി. മുന്താണിയുടെ പ്ലീറ്റ്സ് എടുക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുമ്പോളാണ് ഇന്ദ്രൻ ഉണർന്നത്. ജാനു വന്നതൊന്നും അറിയാതെ ഉറക്കച്ചടവിൽ അവൻ അകത്തേക്ക് കയറി. ഇന്ദ്രൻ കയറി വന്നതും ജാനു പെട്ടെന്ന് പേടിച്ചു കാറി. അത് കണ്ടു അവനും പേടിച്ചു. പിന്നീടാണ് രണ്ടാൾക്കും സ്ഥലകാല ബോധം ഉണ്ടായത്. ഇന്ദ്രൻ സോറി പറഞ്ഞ് പുറത്തേക്ക് നടന്നു. 

സാരി ഉടുത്തു കഴിഞ്ഞിട്ടും പുറത്തേക്ക് വരാൻ അവൾക്ക് എന്തോ മടി തോന്നി. മടിച്ചു മടിച്ചാണ് അവൾ പുറത്തേക്ക് വന്നത്. പക്ഷെ ഇന്ദ്രൻ അവിടെ ഉണ്ടായിരുന്നില്ല. അവൾ വേഗം റെഡി ആയി അനുവിന്റെയും ശിവയുടെയും റൂമിലേക്ക് പോയി. ജാനു പോയതിന് ശേഷം വന്ന് ഇന്ദ്രനും റെഡി ആയി താഴേക്ക് ചെന്നു. ഉഷ അവന് ചായ കൊണ്ട് കൊടുത്തു. അപ്പോളേക്കും ജാനുവും അവിടേക്ക് വന്നു. 

"അല്ല മോളേ കുട്ടികൾ വരുന്നില്ലേ?"

"എന്റെ അമ്മേ ഞാൻ മടുത്തു. രണ്ടെണ്ണവും കേട്ട ഭാവം കാണിക്കാതെ കിടപ്പുണ്ട്. ഇനിയും നിന്നാൽ താമസിക്കും അതാ ഞാൻ ഇങ്ങോട്ട് വന്നത്."

"ആഹ് പോട്ടെ. കുട്ടികളല്ലേ. ഉറക്കം മാറിയിട്ടുണ്ടാവില്ല. നിങ്ങൾ രണ്ടാളും പോയിട്ട് വാ."

"മ്മ്."

ഉഷയ്ക്ക് നേരെ തലയാട്ടി കൊണ്ട് അവളെ പതുക്കെ ഇന്ദ്രനെ നോക്കി. മൂപ്പര് ജാനുവിന് നേരെ നോക്കാതെ ചായ കുടിക്കുവാണ്. 

രണ്ടാളും കൂടെ അമ്പലത്തിലേക്ക് ഇറങ്ങി. 

"നടന്നു പോവാനുള്ളതേ ഉള്ളൂ."

ഇന്ദ്രൻ ആരോടെന്നില്ലാതെ പറഞ്ഞു. 
നേരം വെളുത്തു വരുന്നതേ ഉണ്ടായിരുന്നുള്ളു. പക്ഷികളുടെ കല പില ശബ്ദങ്ങൾ കേൾക്കാം. റോഡിൽ നിന്ന് ഒരു ചെറിയ വരമ്പിൽ കൂടെ വേണം അമ്പലത്തിലേക്ക് പോവാൻ. ഇന്ദ്രൻ മുൻപിൽ നടന്നു. ജാനു ആണെങ്കിൽ സാരിയൊക്കെ ഇട്ടു വീഴുമോ എന്നുള്ള ഭയത്തിൽ നടക്കാൻ പാടു പെടുകയായിരുന്നു. ഇടയ്ക്ക് തിരിഞ്ഞു നോക്കിയപ്പോളാണ് ജാനുവിന്റെ കഷ്ടപ്പാട് അവനും മനസിലായത്. തിരികെ ചെന്ന് അവൾക്ക് നേരെ കൈ നീട്ടി. 

"ഇങ്ങനെ നടന്നാൽ പെട്ടെന്നൊന്നും ചെല്ലില്ല.കൈ പിടിച്ചു നടന്നോളു വീഴാതെ നോക്കിക്കൊള്ളാം."

സംശയത്തോടെ തന്നെ നോക്കിയ ജാനുവിനോടായി അവൻ പറഞ്ഞു. ബലമായി അവളുടെ കൈകളിൽ പിടിച്ചു മുൻപിലായി അവൻ നടന്നു. കുറേ കാലങ്ങൾക്ക് ശേഷം അന്നാണ് അവൾ മനസ് തുറന്നു ദൈവത്തിന് നന്ദി പറയുന്നത്. കൽവിളക്കിന് മുന്നിൽ അവനോട് ചേർന്ന് നിന്ന് പ്രാർത്ഥിക്കുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകുന്നുണ്ടായിരുന്നു. തിരികെ വീട്ടിലേക്ക് നടക്കുമ്പോളും അവൻ അവളുടെ കൈകളെ ചേർത്ത് പിടിച്ചിരുന്നു. 

അമ്പലത്തിൽ നിന്ന് ചെന്നതും ജാനു ഉഷയെ സഹായിക്കാൻ അടുക്കളയിൽ കൂടി. ഇന്ദ്രനും കുട്ടീസും തൊടിയിൽ മാവിന്റെ ചുവട്ടിലും കുളക്കടവിലുമൊക്കെ കറങ്ങി നടന്നു. കഴിക്കാനായി വിളിച്ചപ്പോളാണ് മൂവരും അകത്തേക്ക് വന്നത്. രുദ്രയും ഇന്ദ്രനും കുട്ടികളും ഒന്നിച്ചു കഴിക്കാനിരുന്നു. ഏറെ നിർബന്ധിച്ചിട്ടും ജാനു വിളമ്പാനാണ് നിന്നത്.

"പുളിശ്ശേരി ഉണ്ടാക്കിയില്ലേ?"

കഴിക്കാൻ തുടങ്ങും മുന്നേ തന്നെ ജാനുവിനോടായി ഇന്ദ്രൻ ചോദിച്ചു. 

"ഉണ്ട്. ദാ ഇപ്പോ എടുത്തിട്ട് വരാം."

അതും പറഞ്ഞു അവൾ വേഗത്തിൽ അടുക്കളയിലേക്ക് പോയി. ഇന്ദ്രൻ അത് ചോദിച്ചപ്പോളാണ് ധൃതി പിടിച്ചു ജാനു  അത് ഉണ്ടാക്കിയതിന്റെ കാരണം ഉഷയ്ക്ക് മനസിലായത്. കുട്ടിക്കാലത്തു തന്റെ അമ്മ ഉണ്ടാക്കുന്ന പുളിശ്ശേരി വല്യ ഇഷ്ടമായിരുന്നെന്നതും ഉഷ ഓർത്തു. 
അവൻ പറയാതെ തന്നെ അവന്റെ ഇഷ്ടങ്ങൾ കണ്ടറിഞ്ഞു ചെയ്യുന്ന ജാനുവിനോട് ഉഷയ്ക്ക് മതിപ്പ് തോന്നി. അത് പോലെ തന്നെ എന്തിനും ഏതിനും ജാനുവിനെ അന്വേഷിക്കുന്ന ഇന്ദ്രനെ കണ്ടപ്പോൾ സന്തോഷവും. 

ഊണ് കഴിച്ച് കഴിഞ്ഞ് എല്ലാവരും കൂടെ നാട്ടു മാവിൻ ചുവത്തിലേക്ക് പോയി. സേതു ടൗണിൽ എന്തൊക്കെയോ വാങ്ങാൻ പോയിട്ട് എത്തിയിരുന്നില്ല. അപ്പോളാണ് അനുവും ശിവയും ഒരു ഊഞ്ഞാൽ കെട്ടി തരാൻ ഇന്ദ്രനോട് ആവശ്യപ്പെട്ടത്. ആദ്യമൊക്കെ ഒഴിവ് പറഞ്ഞെങ്കിലും രുദ്രയും പറഞ്ഞതോടെ അവൻ കെട്ടി കൊടുക്കാൻ ഏറ്റു. മാവിൽ കേറി കഴിഞ്ഞപ്പോ രുദ്രയ്ക്ക് മാങ്ങാ തിന്നാൻ മോഹം ! നല്ല അസ്സൽ പച്ച മാങ്ങ മാവ് നിറയെ ഉണ്ടായിരുന്നു. അവൻ മാങ്ങാ പറിച്ച് ഇട്ടു കൊടുത്തതും ജാനു എടുത്ത് കൊണ്ട് പോയി മുറിച് ഉപ്പും ഇട്ടു കൊണ്ട് വന്നു. ദേവകിയും ഉഷയും ആദ്യം തന്നെ തങ്ങൾക്ക് വേണ്ടെന്ന് പറഞ്ഞു പിന്മാറിയിരുന്നു. അനുവും ശിവയും കണ്ണൊക്കെ ഇറുക്കി അടച്ചു ഒരു കഷ്ണം കഴിച്ചെങ്കിലും അവരും പിന്മാറി. അത്രയ്ക്ക് പുളി ഉണ്ടായിരുന്നു. ഇന്ദ്രന് പിന്നെ പണ്ട് തൊട്ടേ പച്ച മാങ്ങാ ഇഷ്ടമല്ല. 

"എന്റെ രുദ്രേച്ചി നിനക്ക് ഇത് കഴിച്ചിട്ട് പല്ലു പുളിക്കുന്നില്ലേ. നിന്റെ എക്സ്പ്രഷൻ കണ്ടിട്ട് തന്നെ എനിക്ക് പുളി തോന്നുന്നു."
 
"അതേ.. ഇതിന് ഇത്തിരി പുളി കൂടുതലാ. എങ്കിലും കൊള്ളാം."
 
അവൾ കണ്ണൊക്കെ ഇറുക്കി അടച്ചു കൊണ്ട് പറഞ്ഞു. 

"മോന് ഇതൊന്നും അറിയാഞ്ഞിട്ടാ. ഗർഭിണിയായ പെണ്ണുങ്ങൾക്ക് ഈ മാങ്ങയുടെ പുളിയൊക്കെ ഇഷ്ടമാണ്. അതൊക്കെ മോനും  ഒരു ദിവസം മനസ്സിലാവും."

ഇതും പറഞ്ഞ് ചിരിച്ചു കൊണ്ട് ജാനുവിനെ നോക്കിയ ദേവകിയുടെ കണ്ണ് തള്ളുന്നത് കണ്ടാണ് എല്ലാവരും ജാനുവിനെ നോക്കിയത്. ആള് ആരും പറയുന്നത് ശ്രദ്ധിക്കാതെ മാങ്ങാ കഴിക്കുവാണ്. പുളിയുടെ ഒരു നവരസങ്ങൾ പോലും മുഖത്തു കാട്ടാതെ കഴിക്കുന്നത് കണ്ട് ഇന്ദ്രൻ പോലും വാ പൊളിച്ചു പോയി. ഒരുമാതിരി ഗ്രഹണി പിടിച്ച പിള്ളേർ ചക്ക കൂട്ടാൻ കണ്ടത് പോലെ ! ഇത് കണ്ടതും സംശയഭാവേന രുദ്ര ഇന്ദ്രനെ നോക്കി പുരികമൊക്കെ പൊക്കി എന്തൊക്കെയോ കണ്ണ് കൊണ്ട് ചോദിച്ചു. ഇന്ദ്രനാവട്ടെ ഞാൻ ഒന്നും ചെയ്തില്ലെന്നൊക്കെ നിഷേധ ഭാവത്തിൽ തല വെട്ടിക്കുന്നുണ്ട്. 

"എന്താ കുട്ടിയെ നിനക്കും വിശേഷമുണ്ടോ?"

ദേവകി കാര്യായിട്ട് ജാനുവിനോട് ചോദിച്ചു. 

"എന്ത്?"

പെട്ടെന്ന് കാര്യം മനസിലാവാതെ ജാനു ചോദിച്ചു. 

"അല്ല ഈ പുളി മാങ്ങാ ഇങ്ങനെ കഴിക്കുന്ന കണ്ടു ചോദിച്ചതാ."

"എനിക്ക് പുളി ഇഷ്ടാണ്."

നിഷ്കളങ്കമായി പറഞ്ഞു കൊണ്ട് അവൾ വീണ്ടും കഴിക്കാൻ തുടങ്ങി. അവൾ കഴിക്കുന്നത് നോക്കിയിട്ട് എല്ലാവരും ഇന്ദ്രനെ നോക്കി. 

"ഡാ നീ പെട്ട്. ഇപ്പോ ഇങ്ങനെ ആണേൽ വിശേഷം ഉണ്ടായാൽ നിനക്ക് മാവിൽ നിന്ന് ഇറങ്ങാൻ സമയം ഉണ്ടാവില്ല ട്ടോ."

രഹസ്യമായി അവന്റെ ചെവിയിൽ പറഞ്ഞ് രുദ്ര ചിരിച്ചു. ഇന്ദ്രൻ അവളെ കണ്ണ് കൊണ്ട് പറഞ്ഞ് മനസിലാക്കാൻ ശ്രമിച്ചെങ്കിലും ജാനുവിന്റെ മുഴുവൻ ശ്രദ്ധയും മാങ്ങയിൽ ആയിരുന്നു. അവസാനം അവൻ പിന്മാറി. കുറേ സമയം കഴിഞ്ഞപ്പോൾ രുദ്രയും അമ്മമാരും അകത്തേക്ക് പോയി. കുട്ടീസ് ഊഞ്ഞാലാട്ടം ആയിരുന്നു. ഇന്ദ്രനും ജാനുവും അവരെയും നോക്കി കുറേ സമയം ഇരുന്നു. 

"ഡോ നമുക്ക് കുളക്കടവിലേക്ക് പോവാം."

"ആഹ്."

അവൾ എഴുന്നേറ്റ് അനുവിനെയും ശിവയേയും വിളിക്കാൻ തുനിഞ്ഞു. 

"അവർ ഇപ്പോ കളിക്കട്ടെ. അവരെ പിന്നെ വിളിക്കാം."
 
അതും പറഞ്ഞ് ഇന്ദ്രൻ നടന്നു. അവന് പിന്നാലെ അവളും. അധികം വലുപ്പം ഒന്നും ഇല്ലാത്ത ഒരു ചെറിയ കുളമായിരുന്നു അത്. വേനൽക്കാലം ആയതിനാൽ വെള്ളവും കുറവായിരുന്നു. ഇന്ദ്രൻ പോയി കല്പടവിൽ ഇരുന്നു. അതിന് താഴെയായി അവളും. 

"നല്ല രസം ഉണ്ടല്ലേ ഇവിടെ ഇരിക്കാൻ."

കാലുകൾ വെള്ളത്തിലേക്ക് ഇറക്കി കൊണ്ട് അവൾ പറഞ്ഞു. 

"ആഹ് രസമൊക്കെയാണ്. പക്ഷെ ഒറ്റക്ക് ഒന്നും ഇങ്ങോട്ട് വരരുത്."

"അതെന്താ?"

"ഈ കുളത്തിൽ പണ്ട് ഇവിടുത്തെ വേലക്കാരി എങ്ങാണ്ട് വീണു മരിച്ചിട്ടുണ്ട്. അതിൽ പിന്നെ മൊത്തം നാല് പേര് മരിച്ചു."

"ഏഹ് ഈ ചെറിയ കുളത്തിൽ വീണോ?"
 
ചുറ്റും കണ്ണോടിച്ചു കൊണ്ട് ജാനു പറഞ്ഞു. 

"നല്ല ആഴം ഉണ്ട്. കണ്ടാൽ തോന്നില്ലെന്നേ ഉള്ളൂ."

"ആണോ?"

"മ്മ്. പ്രേത ബാധ ഉള്ള കുളമാണെന്നൊക്കെ പറയുന്നത് കേൾക്കാം. എനിക്ക് അറിയില്ല."

അവൻ അത് പറഞ്ഞതും ഭയത്തോടെ കുളത്തിൽ നിന്ന് കാലെടുത്തു മാറ്റുന്ന ജാനുവിനെ കണ്ടപ്പോൾ അവന്റെ ചുണ്ടിലും ഒരു ചിരി വിടർന്നു. 

"ഡോ സോറി."

കുറച്ചു നേരത്തെ നിശബ്ദതയ്ക്കു ഒടുവിൽ ഇന്ദ്രൻ പറഞ്ഞു. 

"എന്തിന്?"

സംശയഭാവത്തിൽ ജാനു ചോദിച്ചു. 

"താൻ പാടില്ലെന്ന് പറഞ്ഞതിന്. അവരിൽ നിന്ന് പാടാതെ രക്ഷപെടാൻ പറഞ്ഞതാണ്. പക്ഷെ അലീനയുമായി പാടാൻ പറയുമെന്നും അവളതിന് തയ്യാറാകുമെന്നും കരുതിയില്ല. സോറി."

"അയ്യേ അതിനാണോ? അതൊന്നും കുഴപ്പമില്ല. അല്ലെങ്കിലും ആരെങ്കിലും ഇതൊക്കെ മനസ്സിൽ വെച്ചേക്കുവോ?"

മുഖത്തു പുച്ഛം വാരി വിതറി ജാനു അത് പറഞ്ഞപ്പോൾ അന്ന് രാത്രി അതും പറഞ്ഞ് കരഞ്ഞ ജാനുവിന്റെ മുഖമാണ് ഓർമ്മ വന്നത്. 

"എന്തിനാണ് ചിരിക്കുന്നത്?"

"ഹേയ് ഒന്നുമില്ല. നീ അതൊക്കെ കാര്യമാക്കാത്തതിന്റെ സന്തോഷത്തിൽ ചിരിച്ചതാ."

വീണ്ടും ചിരിച്ചുകൊണ്ട് ഇന്ദ്രൻ പറഞ്ഞത് കേട്ട് ഒന്നും അറിയാതെ അവളും കൂടെ ചിരിച്ചു. 

"അല്ല നമുക്ക് രാത്രി ഒരു ബിയർ അടിച്ചാലോ?"

"അയ്യോ വേണ്ട. അന്ന് തന്നെ എന്തൊക്കെ കാണിച്ചെന്ന് ഒരു ഓർമയുമില്ല. എന്നാ തലവേദന ആയിരുന്നെന്നു അറിയുവോ?"

"പിന്നെന്തിനാ കഷ്ടപ്പെട്ട് കഴിക്കാൻ പോയത്?"
 
"അത് പിന്നെ... ഒന്നൂല്ല അപ്പോ തോന്നി. അത്രേ ഉള്ളൂ."

"മ്മ്."

ഇന്ദ്രൻ അവളുടെ മുഖത്തു നിന്ന് കണ്ണ് മാറ്റാതെ ഓരോന്നും ചോദിച്ചു കൊണ്ടിരുന്നു. അവളിലെ ഓരോ ഭാവങ്ങളും അവൻ ആസ്വദിക്കുകയായിരുന്നു. 

"പിന്നെ?"

"പിന്നെന്താ?"

"അടുത്ത മാസം തന്റെ പിറന്നാൾ അല്ലേ?"

"ഏട്ടൻ എങ്ങനെ അറിഞ്ഞു."

അതിശയത്തോടെയാണ് അവളത് ചോദിച്ചത്. 

"അതൊക്കെ അറിഞ്ഞു. തനിക്ക് ഞാനെന്ത് ഗിഫ്റ്റാ തരേണ്ടത്?"

"എനിക്ക് ഗിഫ്റ്റ് ഒന്നും വേണ്ട. ഇങ്ങനെ എന്നോട് എപ്പോളും സംസാരിച്ചാൽ മതി."

"അതൊക്കെ സംസാരിക്കാം. തനിക്ക് ഞാൻ ഒരു സർപ്രൈസ് വെച്ചിട്ടുണ്ട്. അത് കൂടാതെ തനിക്ക് എന്ത് ആഗ്രഹം ആണ് ഉള്ളത്?"

"അതോ ഞാൻ ആലോജിക്കട്ടെ..."

"എന്നെ സിനിമ കാണിക്കാൻ കൊണ്ട് പോകുവോ?"

കുറേ നേരത്തെ ആലോചനയ്ക്ക് ശേഷമാണ് അവളത് പറഞ്ഞത്. 

"അയ്യേ സിനിമയോ?"

"ഞാൻ ഇത് വരെ തീയറ്ററിൽ പോയി സിനിമ കണ്ടിട്ടില്ല."
 
അവൾ സങ്കടത്തോടെ മുഖം കുനിച്ചു പറഞ്ഞു. 

"ഓർമ വെച്ചപ്പോൾ തൊട്ട് അച്ഛനും അമ്മയും വഴക്കാണ്. സ്വബോധത്തോടെ അച്ഛനെ കണ്ട ഓർമ ഇല്ല. പിന്നെ അമ്മ മരിച്ചു കഴിഞ്ഞ് അമ്മാവൻ എന്നെ നോക്കുന്നത് തന്നെ വല്യ കാര്യമല്ലേ. എങ്കിലും അവർ എവിടെയെങ്കിലുമൊക്കെ പോവാൻ ഇറങ്ങുമ്പോൾ ഒരു പ്രതീക്ഷ ആണ്. പക്ഷെ എല്ലാരും കൂടെ പോയാൽ വീട്ടിലെ കാര്യങ്ങൾ ആരാ നോക്കുക."

തല ഉയർത്തി ഇന്ദ്രനെ നോക്കിയ ശേഷം അവൾ വീണ്ടും തുടർന്നു. 

"ഏട്ടനൊരു കാര്യം അറിയാവോ? ഈ ലോകത്തിൽ ഏറ്റവും നിസഹായ അവസ്ഥ എന്നത് നമുക്ക് സ്വന്തമെന്ന് പറയാൻ ആരും ഇല്ലാതാവുന്നതാണ്. എല്ലാവർക്കും ഒരു പരിഹാസപാത്രമായി ഇങ്ങനെ ജീവിക്കുന്നത്. ഏട്ടന് അമ്മയുണ്ട് അച്ഛനുണ്ട് ചേച്ചിയുണ്ട്... പക്ഷെ അവരെ നഷ്ടപ്പെട്ടാൽ മറ്റാർക്കും നമ്മൾ അന്യരാണ്. ചിലപ്പോൾ എന്റെ തോന്നലാവാം. പക്ഷെ എനിക്ക് എന്റെ ജീവിതം തന്ന തിരിച്ചറിവ് അതാണ്. ആരോടും പരാതിയില്ല. മാമന്റെ വാക്ക് കേൾക്കാതെ ഇറങ്ങി പോയ അമ്മയോടും സംശയം മൂത്ത് ഭാര്യയെ കൊന്ന അച്ഛനോടും ആരോടും.."

അവളുടെ കണ്ണുകൾ ഈറനണിയാൻ തുടങ്ങിയിരുന്നു. ഇന്ദ്രനും അവളെ പറ്റി ആലോചിച്ചപ്പോൾ സങ്കടം തോന്നി. 

"അമ്മ ചെയ്ത തെറ്റെങ്കിലും തിരുത്താൻ ഒരു അവസരം കിട്ടിയപ്പോൾ അത് കൊണ്ടാണ് ഏട്ടന് പോലും ഇഷ്ടമല്ലെന്ന് അറിഞ്ഞിട്ടും ഈ വിവാഹത്തിന് സമ്മതിച്ചത്. പക്ഷെ അപ്പോളും വിഷ്ണു ഏട്ടനോട് പൊറുക്കാനാവാത്ത തെറ്റാണ് ചെയ്തതെന്ന ബോധ്യമുണ്ട്. പക്ഷെ..."

"അതൊക്കെ വിട്.. ഏതായാലും ജാനുക്കുട്ടിയെ ഞാൻ സിനിമ കാണിക്കാൻ കൊണ്ട് പോകും. കുറേ സ്ഥലത്ത് കൊണ്ട് പോകും നോക്കിക്കോ."

അവൻ കൊച്ചു കുട്ടിയോടെന്ന പോലെ അവളോട് പറഞ്ഞു. കുറെയേറെ സമയം ഇരുവരും അവിടെ ഇരുന്നു സംസാരിച്ചു. ഒടുവിൽ അനുവും ശിവയും വിളിക്കുന്ന ശബ്ദം കേട്ടപ്പോളാണ് അവിടുന്ന് എഴുന്നേറ്റത്. പെട്ടെന്ന് എഴുന്നേറ്റപ്പോൾ കാലു തെന്നി ജാനു കുളത്തിലേക്ക് വീണു. എഴുന്നേക്കാൻ കഴിയാതെ കൈ മുകളിലേക്ക് ഉയർത്തി അടിക്കുമ്പോളേക്കും ഇന്ദ്രന്റെ കൈകൾ അവളെ പിടിച്ചിരുന്നു. 

"ഡോ.."

അവന്റെ കഴുത്തിലൂടെ കൈ പിടിച്ച് കണ്ണടച്ചിരുന്ന അവൾ മെല്ലെ കണ്ണുകൾ തുറന്നു നോക്കി. 

"ഡോ തനിക്ക് ഞാൻ പറയുന്നത് കേൾക്കാൻ വയ്യേ. കാലു താഴെ കുത്തിക്കോ ഇതിന് ആഴം കുറവാണ്."

മെല്ലെ കാലുകൾ താഴേക്ക് പതിപ്പിച്ചപ്പോളാണ് അവൻ പറഞ്ഞത് സത്യമാണെന്നു അവൾക്കും  മനസിലായത്. 

"അപ്പൊ ആഴം ഉണ്ടെന്നൊക്കെ പറഞ്ഞിട്ട്?"

"അത് വെറുതെ തന്നെ പറ്റിക്കാൻ പറഞ്ഞതല്ലേ. ഉടനേ താൻ ഇതിൽ ചാടുമെന്ന് ഞാൻ കരുതിയില്ല."
 
"ഞാൻ ചാടിയതല്ല. വീണതാ."

"ആഹ് എന്തെങ്കിലും ആവട്ടെ. പോയി ഡ്രസ്സ്‌ മാറാം അല്ലെങ്കിൽ വല്ല പനിയും പിടിക്കും."

പടവിൽ ആദ്യം കയറിയ ശേഷം അവൻ അവളെയും കൈ പിടിച്ച് കയറ്റി.
നനഞ്ഞപടി രണ്ടാളും പോണത് കണ്ട് ശിവയും അനുവും കളിയാക്കി ചിരിച്ചു. 
റൂമിലേക്ക് ചെല്ലുമ്പോൾ ഇന്ദ്രന്റെ ഫോൺ റിങ് ചെയ്യുന്നുണ്ടായിരുന്നു. ഓഫീസിലെ കാളുകളും അലീനയുടെ കാളും വന്നിട്ടുണ്ടായിരുന്നു. ആദ്യം തന്നെ ഓഫിസിലേക്ക് വിളിച്ച് ഇന്ദ്രൻ സംസാരിച്ചു. അവന്റെ മുഖം ഭാവം കണ്ടപ്പോളേ എന്തൊക്കെയോ പ്രേശ്നങ്ങൾ ഉള്ളതായി ജാനുവിന് തോന്നിയിരുന്നു. 

"നീ വേഗം റെഡി ആവൂ. നമുക്ക് ഇപ്പോൾ തന്നെ തിരിക്കണം."

"എന്താ ഏട്ടാ? എന്ത് പറ്റി?"

"അതൊക്കെ പറയാം.."

ദേവാസുരം 18 & 19
💟💟💟💟💟💟💟

യാത്ര പറഞ്ഞിറങ്ങുമ്പോൾ എല്ലാവരിലും ദുഃഖം നിഴലിച്ചിരുന്നു. പെട്ടെന്നൊരു മടങ്ങി പോക്ക് ആരും പ്രതീക്ഷിച്ചിരുന്നില്ല. അടുത്ത ദിവസം പോകാമെന്നു നിർബന്ധിച്ചെങ്കിലും നിൽക്കാതെ പോകുന്നതിന്റെ പരിഭവമായിരുന്നു രുദ്രയ്ക്ക്. ഓഫീസിൽ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടെന്ന് മാത്രം എല്ലാവർക്കും മനസിലായി. തിരികെ പോകുമ്പോൾ കാറിലും എല്ലാവരും നിശ്ശബ്ദരായിരുന്നു. ഇന്ദ്രൻ ആരെയൊക്കെയോ ഇടയ്ക്ക് വിളിക്കുന്നുണ്ടെങ്കിലും കാൾ അറ്റൻഡ് ചെയ്യുന്നുണ്ടായിരുന്നില്ല. അവസാനം അവന്റെ മുഖം ദേഷ്യം കൊണ്ട് ചുവക്കുന്നത് ജാനു ശ്രദ്ധിച്ചു. കുട്ടികൾക്കും അത് മനസിലായത് കൊണ്ടാവാം അവരും ശ്വാസം അടക്കി പിടിച്ചാണ് ഇരുന്നത്. അവരെ വീട്ടിൽ ആക്കിയിട്ടു ജാനുവുമായിട്ടാണ് ഓഫീസിലേക്ക് പോയത്. ആരെയൊക്കെയോ വീഡിയോ കാൾ ചെയ്യുന്നതും സ്റ്റാഫിനോടൊക്കെ കയർത്തു സംസാരിക്കുന്നതും കണ്ടപ്പോളാണ് ജാനു പുറത്തേക്ക് ഇറങ്ങിയത്. ഗസ്റ്റ്‌ റൂമിനോട്‌ ചേർന്നുള്ള കോർട്യാർഡിനു അടുത്ത് നിന്നപ്പോൾ ഇന്ദ്രനും അങ്ങോട്ടേക്ക് വന്നു.
 
"താൻ മടുത്തോ?"

"ഹേയ് ഇല്ല. പ്രശ്നങ്ങളൊക്കെ തീർത്തോ?"
 
"തീർന്നെന്ന് പറയാം. പക്ഷെ നമുക്ക് ഒരു സ്ഥലത്ത് കൂടെ പോണം. അല്ലാതെ ശെരിയാവില്ല."

"എവിടാ?"

"അലീനയുടെ അടുത്ത്."

അത് പറഞ്ഞതും ജാനുവിന്റെ മുഖം വാടി. 

ഡോർ തുറന്നു ഇന്ദ്രനെ കണ്ടപ്പോൾ അലീനയുടെ മുഖത്തു അത്ഭുതമൊന്നും ഉണ്ടായിരുന്നില്ല. അവന്റെ വരവ് അവൾ പ്രതീക്ഷിച്ചിരുന്നു. ജാനുവിനെ കൂടെ കൂടിയതിന്റെ നീരസം അവളിലും ഉണ്ടായിരുന്നു.

"നീ എന്താ ഫോൺ എടുക്കാത്തത്?"

ആ ചോദ്യം കേൾക്കാത്തത് പോലെ അവൾ സോഫയിലേക്ക് ഇരുന്നു. 

"നിനക്ക് ചെവിയും കേൾക്കില്ലേ? എത്ര നേരായിട്ട് ഞാൻ വിളിക്കുന്നതാണ്."

അവളോടൊപ്പം ഇരുന്നു കൊണ്ട് അവൻ ചോദിച്ചു. 
അവരുടെ സംഭാഷണം ശ്രദ്ധിച്ചു കൊണ്ട് ജാനുവും മറ്റൊരു കസേരയിൽ ഇരുന്നു. 

"എനിക്ക് വയ്യാരുന്നു."

"എന്ത് പറ്റി? പനിയൊന്നും ഇല്ലല്ലോ?"
 
അവളുടെ നെറ്റിയിൽ തൊട്ടു നോക്കി കൊണ്ടാണ് ഇന്ദ്രൻ അത് പറഞ്ഞത്. 
അവന്റെ ആ പ്രവൃത്തി ജാനുവിലും സങ്കടം നിറച്ചു. 

"നിനക്ക് മടിയാണ്. ഇന്ന് ഓഫീസിൽ ഞാൻ വന്നില്ലായിരുന്നെങ്കിൽ എത്ര രൂപയുടെ നഷ്ടം ഉണ്ടാകുമായിരുന്നു. നിന്നെ ഏൽപിച്ചിട്ടല്ലേ ഞാൻ പോയത്. നിനക്ക് അതിന് പറ്റില്ലായിരുന്നെങ്കിൽ എന്നെ അറിയിക്കണമായിരുന്നു. അല്ലാതെ.."

"എനിക്ക് പറ്റില്ലായിരുന്നു."

"അതിന് കാരണമാണ് ഞാൻ ചോദിച്ചത്."

"എല്ലാവർക്കും അവരുടേതായ കാര്യങ്ങൾ ആണല്ലോ. എനിക്ക് മടുത്തു."

ജാനുവിനെ നോക്കി കൊണ്ടാണ് അലീന അത് പറഞ്ഞത്. 

"നീ ഇങ്ങനെ പറയാനും മാത്രം എന്താണ് പറ്റിയത്?"

"നോക്ക് ഇന്ദ്രാ എനിക്ക് നല്ല തലവേദന ഉണ്ട്. നമ്മൾ ഇപ്പോ സംസാരിച്ചാൽ ശെരിയാവില്ല."
 
"അലീ നീ എന്താണ് ഉദ്ദേശിക്കുന്നതെന്ന് വായ തുറന്ന് പറയാതെ ആരും അറിയാൻ പോണില്ല. എല്ലാം മനസ്സിൽ വെച്ചിട്ട് മറ്റുള്ളവർ എങ്ങനെ അറിയാനാണ്. ഞങ്ങൾ ഇറങ്ങുവാണു. നീ കുറച്ചു ദിവസം റസ്റ്റ്‌ എടുക്ക്. ഓഫീസിൽ വരുന്നില്ലെങ്കിൽ വരണ്ട."

അലീന താഴേയ്ക്ക് കണ്ണുകൾ പായിച്ചു കൊണ്ട് ഒന്നും മിണ്ടാതെ ഇരുന്നു. അവർ പോകുന്നത് വരെ ആ ഇരുപ്പ് തുടർന്നിരുന്നു. അവർ പോയതിന് ശേഷം നിറഞ്ഞ കണ്ണുകൾ അമർത്തി തുടച്ചു റൂമിലേക്ക് പോയി. ബെഡിൽ കിടക്കുമ്പോളും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. 

തിരികെ വീട്ടിലേക്ക് പോകുമ്പോളും ഇരുവരും നിശ്ശബ്ദരായിരുന്നു. അലീനയ്ക്ക് എന്ത് സംഭവിച്ചു എന്നതായിരുന്നു ഇന്ദ്രന്റെ ചിന്ത. ജാനുവിന് ആണെങ്കിൽ ഇന്ദ്രനും അലീനയും അടുത്ത് ഇടപെടുന്നതിൽ അസൂയയും. അവൾ ചെറുതായൊക്കെ മുഖം വീർപ്പിച്ചു ഇരുന്നു. 

"എന്താ താനൊന്നും മിണ്ടാത്തത്?"

"ഒന്നുമില്ല."

"ഡോ അലീനയുടെ സ്വഭാവം തനിക്ക് അറിയാഞ്ഞിട്ടാണ്. അവൾ സാധാരണ പെൺകുട്ടികളെ പോലെ ഒന്നുമല്ല. ഒരു ടൈപ്പ് ആണ്. അവൾക്ക് എന്ത് മനസിൽ തോന്നിയാലും മുഖത്തു നോക്കി പറയും. ഇഷ്ടം ഉള്ളവരോട് നല്ല സ്നേഹവുമായിരിക്കും. താനുമായി അധികം കമ്പനി ആകാത്തത് കൊണ്ടാണ് തന്നോട് അകൽച്ച കാണിക്കുന്നത്. പിന്നെ അവളെ എനിക്ക് അങ്ങനെ ഒറ്റക്ക് വിടാനും പറ്റില്ല."

"മ്മ്."

"ഓ പിന്നെയും മ്മ്. താൻ എന്തെങ്കിലും മിണ്ടെടോ."

അവൾ ഒരു ചെറിയ ചിരി അവന് സമ്മാനിച്ചു. നേരം വൈകിയത് കൊണ്ട് രാത്രിയിലേക്കുള്ള ഫുഡും വാങ്ങിയാണ് അവർ വീട്ടിലേക്ക് പോയത്. 

ദിവസങ്ങൾ വീണ്ടും കടന്നു പോയി കൊണ്ടിരുന്നു. ജാനുവിന് ക്ലാസും തുടങ്ങി. ഇന്ദ്രന്റെ മനസിലും ജാനുവിനോട് പ്രണയം തോന്നി തുടങ്ങിയിരുന്നു. അവന്റെ നോട്ടത്തിൽ നിന്നും പെരുമാറ്റത്തിൽ നിന്നും അവൾക്കും അത് മനസ്സിലായിരുന്നു. അവൻ ഇഷ്ടം തുറന്നു പറയുന്ന ദിവസത്തിനായുള്ള കാത്തിരിപ്പിലാണ് അവളും. ഇന്ദ്രനാവട്ടെ ജാനുവിന്റെ പിറന്നാളിന് തന്റെ സ്നേഹം പൂർണമായും അവൾക്കു നൽകാനുള്ള കാത്തിരുപ്പിലായിരുന്നു. 

പതിവ് ചായയുമായി ഇന്ദ്രനെ ഉണർത്താൻ റൂമിലേക്ക് വരികയായിരുന്നു ജാനു. 

"Happy B'day ജാനു."

പിന്നിൽ നിന്നും കെട്ടിപിടിച്ചു അവളുടെ കാതോരമായി അവൻ പറഞ്ഞു.  

"ഞാൻ ഇന്ന് വൈകിട്ട് നേരത്തെ എത്തും. താൻ ഇതൊക്കെ ഇട്ടു ഒരുങ്ങി നിൽക്കണം."

കയ്യിലേക്ക് ഒരു പാക്കറ്റ് നൽകി കൊണ്ട് ഇന്ദ്രൻ പറഞ്ഞു. 

സന്തോഷത്തോടെ അവന്റെ കണ്ണുകളിലേക്ക് നോക്കിയ അവളുടെ മിഴികൾ നിറഞ്ഞിരുന്നു. 

"ആഹ് ബെസ്റ്റ്. താൻ കരയുവാണോ?"

"അമ്മയല്ലാതെ ആദ്യമായാണ് മറ്റൊരാൾ സമ്മാനം തരുന്നത്."

"ഇത് അതിന് സമ്മാനം അല്ല. എന്റെ ജാനുവിന് ഇന്ന് മുഴുവൻ സർപ്രൈസ് ആണ്. പിന്നെ അൽപം വർക്ക്‌ ഉള്ള കൊണ്ടാണ് ഓഫിസിൽ പോവുന്നത്. ഉച്ച കഴിഞ്ഞ് ഞാൻ വരും."

അതും പറഞ്ഞ് ചിരിയോടെ അവൻ ഫ്രഷ് ആവാനായി പോയി. അവൾ അവൻ തന്ന കവർ തുറന്നു നോക്കി. ചില്ലി റെഡ് നിറത്തിൽ ത്രെഡ് വർക്ക്‌ ചെയ്ത ഒരു സാരി ആയിരുന്നു അത്. അന്നത്തെ ദിവസം അവൾ കോളേജിൽ പോയില്ല. അവന് വേണ്ടിയുള്ള കാത്തിരുപ്പിലായിരുന്നു. ഉച്ചയ്ക്ക് തന്നെ ഡ്രെസ്സൊക്കെ മാറ്റി അവനെയും നോക്കി ഇരുന്നു. സമയം ഇഴഞ്ഞു നീങ്ങുന്നത് പോലെയാണ് അവൾക്ക് തോന്നിയത്. വല്ലാത്ത ആകാംഷ തന്നിൽ നിറയുന്നത് അവൾ അറിഞ്ഞിരുന്നു. പലപ്പോഴും അവളുടെ മുഖത്തു ഒരു പുഞ്ചിരി മിന്നി മാഞ്ഞു. 

ഓഫീസിലെ ജോലികൾ തീർത്തു വേണ്ട നിർദേശങ്ങളും കൊടുത്ത് തിരികെ ഇറങ്ങിയപ്പോളാണ് ഫോൺ ബെൽ ചെയ്തത്. 

"ഡാ പറയെടാ.."

"നീ വേഗം പ്രൊവിഡൻസ് ഹോസ്പിറ്റലിൽ വരുവോ?"

"എന്താടാ എന്ത് പറ്റി?"

"അലീന ഇവിടെ അഡ്മിറ്റ്‌ ആണ്."
 
"ഞാൻ ദേ വരുന്നു."

ധൃതിയിൽ കാറുമെടുത്ത് ഇന്ദ്രൻ അങ്ങോട്ടേക്ക് പാഞ്ഞു. 

"എന്താടാ പറ്റിയത്.?"

റൂമിന് വെളിയിലായി നിന്ന അലെക്സിനോട് അവൻ ചോദിച്ചു. 

"അറിയില്ലെടാ. കുറച്ചു ദിവസമായിട്ട് വിളിച്ചാൽ എടുക്കുന്നില്ലായിരുന്നു. ഇന്ന് ഞാൻ ചെന്നു നോക്കുമ്പോൾ വെയിൻ കട്ട്‌ ചെയ്ത് കിടക്കുന്നതാണ് കണ്ടത്. ആ സമയത്ത് ചെന്നില്ലായിരുന്നെങ്കിൽ.."

"ഇത്രക്ക് ഒക്കെ ചെയ്യാൻ എന്താടാ പ്രശനം?"

"അറിയില്ല."

മുഖം താഴ്ത്തി കൊണ്ടാണ് അലക്സ് അത് പറഞ്ഞത്. 

സംസാരിക്കുന്നതിന് ഇടയിൽ രണ്ടു തവണ ഇന്ദ്രന്റെ ഫോൺ ബെൽ ചെയ്തിരുന്നു. ഓഫിസിൽ നിന്ന് ആയത് കൊണ്ട് അവൻ കാൾ അറ്റൻഡ് ചെയ്തു. മാറി നിന്ന് എന്തൊക്കെയോ പറഞ്ഞ് ഫോൺ കട്ട്‌ ചെയ്ത് സൈലന്റ് ആക്കി വച്ചു. 

"ഡോക്ടർ എന്ത് പറഞ്ഞു?"

"കുഴപ്പം ഒന്നുമില്ലെടാ. ഇപ്പോ മയക്കത്തിൽ ആണ്."

"നീ വല്ലതും കഴിച്ചോ? ഞാൻ എന്തെങ്കിലും വാങ്ങി വരാം. നിന്റെ ഡ്രെസ്സിൽ ബ്ലഡ്‌ ആണല്ലോ ഒരു ഷർട്ടും വാങ്ങാം."

"മ്മ്."

തിരികെ നടക്കുമ്പോളും അവൾ എന്തിന് അങ്ങനെ ചെയ്‌തെന്ന ചോദ്യം മാത്രമായിരുന്നു അവന്റെ മനസ്സിൽ. താനും അവളെ മറക്കാൻ തുടങ്ങിയിരുന്നു. പക്ഷെ അവൾ സ്വയം ഇല്ലാതാവുന്നത് കാണുമ്പോൾ സഹിക്കുന്നില്ല. അറിയാതെ ഉള്ളിലൊരു നീറ്റൽ. ഇനി അതിന് താനും കാരണക്കാരൻ ആണോ എന്നാ ചിന്ത അവനെ തളർത്തി. 

അവൻ ക്യാന്റീനിലേക്ക് പോയി അലെക്സിനും അലീനയ്ക്കും കഴിക്കാറുള്ളത് വാങ്ങി അടുത്ത കടയിൽ നിന്ന് ഒരു ഷർട്ടും വാങ്ങി തിരികെ വരുമ്പോൾ റൂമിന് പുറത്ത് അലക്സ് ഉണ്ടായിരുന്നില്ല. റൂമിൽ ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചാണ് ഡോർ തുറന്നത്. 

"എന്തിനാ അലീ നീ ഇങ്ങനൊക്കെ ചെയ്തത്?  നിനക്ക് ഭ്രാന്ത്‌ പിടിച്ചോ?"

"പിന്നെ ഞാൻ എന്തിന് ജീവിക്കണം അലക്സ്. നിനക്ക് അറിയില്ലേ എല്ലാം."
 
ഇരുവരുടെയും സംസാരം കേട്ടതും ഇന്ദ്രൻ അവിടെ തന്നെ നിന്നു. 

"നീ ഇനിയും എന്ത് പറഞ്ഞാണ് എന്നെ അവഗണിക്കാൻ പോകുന്നത്. ചെറുപ്പം മുതലേ നിന്നെ മാത്രമേ മാനസിൽ കൊണ്ട് നടന്നിട്ടുള്ളൂ. അത് കൊണ്ട് തന്നെ നിന്നോട് മിണ്ടാനും അടുക്കാനും ഒക്കെ ഉള്ളിലൊരു നാണമായിരുന്നു. മറ്റാരുടെ മുന്നിലും തോറ്റു കൊടുത്തില്ലെങ്കിലും നിന്റെ കാര്യം വരുമ്പോൾ ഞാൻ വെറുമൊരു പെണ്ണായി പോകുന്നു. നീ മറ്റുള്ള പെൺകുട്ടികളോട് മിണ്ടുന്നതു പോലും എനിക്ക് സഹിക്കാനാവുന്നില്ല. പല തവണ ഞാൻ എന്റെ ഇഷ്ടം നിന്നോട് പറയാൻ ശ്രമിച്ചു പക്ഷെ കഴിഞ്ഞില്ല. അവസാനം എങ്ങനെയൊക്കെയോ ഞാനത് നിന്നെ അറിയിച്ചപ്പോൾ ഇന്ദ്രന് എന്നെ ഇഷ്ടമാണെന്ന് പറഞ്ഞു നീ എന്നെ ഒഴിവാക്കി. നിന്നോടെനിക്കുള്ള ഇഷ്ടം ഒരിക്കലും അവനെ അറിയിക്കരുതെന്ന് പറഞ്ഞത് കൊണ്ടാണ് അവൻ എന്നോട് ഇഷ്ടം പറഞ്ഞപ്പോൾ മറ്റു കാരണങ്ങൾ പറഞ്ഞ് ഒഴിവാക്കിയത്. മറ്റൊരു പെൺകുട്ടി അവന്റെ ജീവിതത്തിൽ വരുമ്പോൾ നീ എന്നോട് എടുക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചു. അത് കൊണ്ടാണ് ഉഷാമ്മയോട് പറഞ്ഞ് ഇന്ദ്രനെ മറ്റൊരു വിവാഹത്തിന് നിർബന്ധിച്ചത്."
 
അലീനയുടെ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു. 

"ഇപ്പോളും നീ എന്നിൽ നിന്ന് അകലുകയാണ്. എന്റെ കാത്തിരിപ്പിനും പ്രതീക്ഷയ്‌ക്കും ഒരു വിലയും നീ എന്ത് കൊണ്ടാണ് നൽകാത്തത്."

"ഞാൻ പറയുന്നതൊന്ന് നീ മനസിലാക്കു അലീ. ഇന്ദ്രൻ ഒരു പാവമാണ്. അവന്റെ മനസ്സിൽ നിന്നോടുള്ള പ്രണയം കുത്തി നിറച്ചത് ഞാനാണ്. നിനക്ക് എന്നോട് ഇഷ്ടമാണെന്ന് അറിഞ്ഞാൽ അവൻ ഉറപ്പായും ഒഴിഞ്ഞു മാറും പക്ഷെ എന്ത് സമാധാനത്തിൽ നമ്മൾ ഒന്നിച്ചു ജീവിക്കും. എന്നും അവന്റെ മാനസിൽ ഒരു കുറ്റ ബോധം ഉണ്ടാവില്ലേ?  അവൻ നമ്മുടെ ഫ്രണ്ട് അല്ലേ വിട്ട് കളയാനാകുമോ?"

"എനിക്ക് മനസിലായി  അലക്സ്. പക്ഷെ ഇപ്പോ അവൻ വിവാഹം കഴിച്ചില്ലേ?"

അവൾ ദയനീയമായി അലെക്സിനെ നോക്കി. 

"അതേ. പക്ഷെ അവൻ ജാനുവിനോട് കാട്ടുന്ന അകൽച്ച നീ കണ്ടില്ലേ? അവൻ ഉറപ്പായും അവളെ സ്നേഹിക്കും. പക്ഷെ അതൊരിക്കലും നമുക്ക് വേണ്ടി ആവരുത്. അവന്റെ സ്വന്തം ഇഷ്ടപ്രകാരം ആവണം. അത് കൊണ്ടാണ് കുറച്ചു സമയം ഞാൻ ആവശ്യപ്പെടുന്നത്. നീ ഇങ്ങനൊക്കെ ചെയ്യുമെന്ന് ഞാൻ കരുതിയില്ല."

"നിനക്ക് എന്താണെങ്കിലും എന്നോടും പറഞ്ഞ് കൂടെ. ഒന്ന് കാൾ ചെയ്താൽ പോലും എടുക്കില്ല. എന്നെ ഒറ്റക്ക് ആക്കി പോയിട്ടല്ലേ ഞാൻ ഇങ്ങനെ ചെയ്തത്."
 
"ഞാൻ ഇനി ഒരിക്കലും നിന്നെ ഒറ്റക്ക് ആക്കില്ല."

അവളുടെ കൈകളിൽ പിടിച്ച് കൊണ്ട് അവൻ പറഞ്ഞു. അവന്റെ കണ്ണുകളും നിറഞ്ഞിരുന്നു. 
 
പെട്ടെന്ന് എന്തോ ആലോചിച്ചെന്ന പോലെ ഇന്ദ്രൻ അങ്ങോട്ടേക്ക് കടന്നു ചെന്നു. 

"ആഹ് എണീറ്റോ കാന്താരി."

അവനെ കണ്ടതും അലക്സ് തന്റെ കൈകൾ അടർത്തി മാറ്റി. കണ്ണുകൾ തുടച്ചു. 

"എന്നാ പണിയാണ് കാണിച്ചത്?"

അവൾക്കരികിലായി ഇരുന്നു കൊണ്ട് ഇന്ദ്രൻ ചോദിച്ചു. അവൾ ചെറുതായി ചിരിച്ചു കാണിച്ചു. 

"കൊള്ളാം ഏതായാലും."

കുറച്ചു സമയം നിശബ്ദമായിരുന്നു എല്ലാവരും. 

"ഡാ നീ ഇവിടെ ഉണ്ടാവില്ലേ? എനിക്ക് പോണമായിരുന്നു. ഇന്ന് ജാനുവിന്റെ പിറന്നാളാണ്. ഞങ്ങൾക്ക് കുറേ പ്ലാനൊക്കെ ഉണ്ടായിരുന്നു. ഞാൻ നാളെ വരാം."

അതും പറഞ്ഞ് വാങ്ങിയ സാധനങ്ങൾ ടേബിളിൽ വെച്ചു തിരിഞ്ഞു നോക്കാതെ അവിടുന്ന് ഇറങ്ങി. ഒരു മരവിപ്പാണ് ഇന്ദ്രന്  തോന്നിയത്. എല്ലാം കേട്ട് കഴിഞ്ഞപ്പോൾ എങ്ങോട്ടേക്കെങ്കിലും പോകാൻ ആണ് ആഗ്രഹിച്ചത്. ഇനിയും അവർക്കിടയിൽ ഒരു കരടാവാതെ ഇരിക്കാനാണ് അപ്പോൾ തോന്നിയത് പോലെ എന്തൊക്കെയോ പറഞ്ഞ് പുറത്തേക്ക് ഇറങ്ങിയത്. തന്റെ അമ്മയെ പോലും വേദനിപ്പിച്ചത് ഓർക്കും തോറും അവൻ കുറ്റബോധത്താൽ നീറി. എങ്ങോട്ടെന്നില്ലാതെ അവൻ പുറത്തേക്കു ഇറങ്ങി. 

സന്ധ്യ ആവാറായിട്ടും ഇന്ദ്രനെ കാണാതെ ആയപ്പോളാണ് അവൾ അവനെ വിളിച്ചത്. 
കുറേ തവണ വിളിച്ചിട്ടും ഫോൺ എടുക്കാതായപ്പോൾ വല്ലാത്ത ഭയം അവളിൽ കുമിഞ്ഞു കൂടി. മനഃപൂർവം താമസിക്കില്ലെന്ന് അവൾക്ക് അറിയാമായിരുന്നു. ഓഫീസിൽ തിരക്കുണ്ടായിട്ടാവും വരാത്തതെന്ന് വിചാരിച്ചു അവൾ സമാധാനിച്ചു. കുറേ കഴിഞ്ഞും കാണാതായപ്പോൾ ഓഫീസിലെ നമ്പറിൽ വിളിച്ചു. അവിടുന്നും നേരത്തേ പോയെന്ന് അറിഞ്ഞപ്പോൾ കയ്യും കാലും തളരുന്നത് പോലെയാണ് തോന്നിയത്. ജാനുവിന്റെ ടെൻഷൻ കൊണ്ട് ആവണം ഇന്ദ്രന്റെ പി എ  യുടെ നമ്പർ സെക്യൂരിറ്റി കൊടുത്തത്. അവരെ വിളിക്കുമ്പോൾ എവിടെങ്കിലും ഉണ്ടെന്ന് അറിഞ്ഞാൽ മതിയെന്ന പ്രാർത്ഥന ആയിരുന്നു. 

"ഹലോ"

"ഹലോ..ഞാൻ മിസിസ് ഇന്ദ്രജിത്ത് ആണ്. ഏട്ടൻ ഓഫീസിൽ നിന്ന് പോന്നിരുന്നോ? വിളിച്ചിട്ട് കിട്ടുന്നില്ല."

"ആഹ് മാഡം. സാർ നേരത്തേ ഇറങ്ങിയല്ലോ. അലീന മാഡത്തിനെ കാണാനായാണ്.."

ബാക്കി അവർ പറയുന്നത് കേൾക്കാതെ കാൾ കട്ട്‌ ചെയ്ത് നിർവികാരതയോടെ വെറും നിലത്ത് അവൾ ഇരുന്നു. കുറേ സമയം ആ ഇരുപ്പ് തുടർന്നിട്ട് മനസ്സിൽ എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ചത് പോലെ റൂമിലേക്ക് പോയി.  
ഇന്ദ്രന്റെ മനസ്സിൽ തനിക്ക് ഒരിക്കലും സ്ഥാനം ഉണ്ടാവില്ലെന്നത് അവളെ തളർത്തി കൊണ്ടിരുന്നു. എപ്പോളായാലും അലീനയെ തേടി അവൻ പോകുമെന്ന തിരിച്ചറിവ് അവളിൽ ആഴ്ന്നിറങ്ങിയിരുന്നു. കണ്ണാടിയിലെ തന്റെ പ്രതിബിംബത്തെ നോക്കി പുച്ഛത്തോടെ അവൾ ചിരിച്ചു. അവൻ വാങ്ങി കൊടുത്ത സാരിയിലും നെറ്റിയിലെ സിന്ദൂരത്തിലും താലിയിലുമെല്ലാം അവളുടെ വിരലുകൾ സഞ്ചരിച്ചു. ഭ്രാന്തമായ ആവേശത്തോടെ തന്റെ ആഭരണങ്ങൾ അഴിച്ചെറിഞ്ഞു. നെറ്റിയിലെ പൊട്ടും സിന്ദൂരവും മായ്ച്ചു. പൊട്ടിച്ചെറിയാനായി കൈ താലിയിൽ അമർന്നതും ഒരു തളർച്ചയോടെ താഴേക്ക് ഭിത്തിയിൽ ചാരി ഇരുന്നു. ഒരു കൊച്ചു കുട്ടിയെ പോലെ കരഞ്ഞു. സമയം കടന്നു പോകും തോറും താനൊരു ഭ്രാന്തിയാകുമെന്ന ചിന്തയാണ് അവളെ ദേവികയെ വിളിപ്പിച്ചത്. അവളെ വിളിച്ച് തന്റെ ദുഃഖങ്ങൾ മുഴുവൻ പങ്കുവെച്ചു. അവളുടെ വാക്കുകൾ ഒരു ഉചിതമായ തീരുമാനമെടുക്കാൻ അവളെ പ്രാപ്തയാക്കി എന്ന് വേണം പറയാൻ. 

"ജാനു ഇത് നിന്റെ ജീവിതമാണ്. എന്ത് തീരുമാനം എടുത്താലും നീ നിന്റെ സ്റ്റാൻഡിൽ ഉറച്ചു നിൽക്കണം. പിന്നെ ഇനിയും ഏട്ടനിൽ മാറ്റം ഇല്ലെങ്കിൽ ഞാനൊരിക്കലും നിന്നെ ഈ ബന്ധം തുടർന്നു പോകാൻ നിർബന്ധിക്കില്ല."

അത്രയും പറഞ്ഞ് ദേവു കാൾ കട്ട്‌ ചെയ്തു. ജാനു തന്റെ ഡ്രെസ്സും സാധനങ്ങളും പാക്ക് ചെയ്ത് അടുത്ത മുറിയിലേക്ക് പോയി. 

ദേവാസുരം 20 ( അവസാനഭാഗം 🤩 )
💟💟💟💟💟💟💟💟💟💟💟💟💟

ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങിയപ്പോൾ ഒരു മരവിപ്പ് ആയിരുന്നു. താൻ കാരണം എത്ര പേര് ദുഖിച്ചിരുന്നു. സ്വന്തം അമ്മയെ പോലും മനസിലാക്കിയില്ല. എന്തൊക്കെ ചെയ്താലും തന്റെ തെറ്റിനുള്ള പരിഹാരമാവില്ലെന്ന് അവന് ഉറപ്പുണ്ടായിരുന്നു. തന്നെ ഒരു നല്ല സുഹൃത്തായി കണ്ട് പെരുമാറിയ അലീനയെ മറ്റൊരു കണ്ണിലൂടെ കണ്ടത് ഓർക്കുമ്പോൾ ഭൂമി പിളർന്നു താഴേക്ക് പോയാൽ മതിയെന്ന് അവന് തോന്നി. ഇനിയും ഓരോന്നും ചിന്തിച്ചാൽ തനിക്ക് ഭ്രാന്ത്‌ പിടിക്കുമെന്ന് തോന്നിയപ്പോളാണ് അടുത്തുള്ള ബാറിലേക്ക് കാർ കയറ്റിയത്. എല്ലാം താൽക്കാലികമായി മറക്കാൻ മറ്റൊരു വഴിയും അപ്പോൾ അവന് മുന്നിൽ ഉണ്ടായിരുന്നില്ല. ബോധം മറയും വരെ കുടിക്കണമെന്ന് മാത്രമേ ഉണ്ടായിരുന്നുള്ളു. ഏറെ വൈകിയപ്പോൾ ഏതോ ഓട്ടോയിൽ വീട്ടിലേക്ക് പോയി. കാളിങ് ബെൽ അടിച്ചപ്പോൾ തന്നെ ജാനു വന്നു ഡോർ തുറന്നു കൊടുത്തിരുന്നു. അവളെ ഒന്ന് നോക്കുക പോലും ചെയ്യാതെ തപ്പി തടഞ്ഞു എങ്ങനെയൊക്കെയോ മുകളിലേക്ക് കയറി കട്ടിലിൽ കിടന്നു. അപ്പോൾ തന്നെ ഉറങ്ങുകയും ചെയ്തു. 

എത്രയൊക്കെ വാശി മനസ്സിൽ സൂക്ഷിച്ചിട്ടും വെറുക്കാനാവാത്തതിനാലാണ് കാളിങ് ബെൽ കേട്ടതും ഓടി പോയി വാതിൽ തുറന്നത്. ബോധമില്ലാതെ നിൽക്കുന്ന ഇന്ദ്രനെ കണ്ടപ്പോൾ തന്റെ അച്ഛനെയാണ് ഓർമ വന്നത്. ആദ്യമായി ജീവിതത്തോട് അറപ്പും വെറുപ്പും തോന്നി. അവനിൽ നിന്ന് സോറി എന്ന വാക്കെങ്കിലും അവൾ പ്രതീക്ഷിച്ചിരുന്നു. ഏട്ടന്റെ ജീവിതത്തിലും മനസിലും അൽപം പോലും തനിക്ക് സ്ഥാനം ഉണ്ടാവില്ല. അച്ഛൻ ഒരിക്കലെങ്കിലും അമ്മയെ സ്നേഹിച്ചിരുന്നു 
താൻ അതിനേക്കാൾ അധഃപതിച്ച പെണ്ണായി പോയി. 

പിന്നാലെ പോയി അവന്റെ റൂമിലേക്ക് എത്തി നോക്കുമ്പോൾ ഇന്ദ്രൻ ഉറങ്ങുന്നുണ്ടായിരുന്നു. അടുത്തുള്ള മുറിയിൽ കയറി ലൈറ്റ് ഓഫ്‌ ആക്കി. ആദ്യമായി ഒറ്റയ്ക്ക് ആവാൻ ആഗ്രഹിച്ചു പോയി. എന്നിലെ ഭയം എങ്ങനെ ഇല്ലാതായെന്നു മനസിലായില്ല. ആദ്യമായി ഇരുളിനോടു പ്രണയം തോന്നി. മറ്റൊന്നിനെയും കാണണ്ടല്ലോ. ഇത് വരെ ഒറ്റക്ക് ആയിരുന്നു. ഇടയ്ക്ക് എപ്പോഴോ ഒരു കൂട്ട് ആഗ്രഹിച്ചു പോയി അർഹത പെട്ടത് അല്ലാഞ്ഞിട്ടും കൊതിച്ചു പോയി. ചിലപ്പോൾ വിഷ്ണു ഏട്ടനോട് ചെയ്ത തെറ്റിന്റെ പ്രതിഫലം ആവാം. അല്ലെങ്കിൽ ഒരിക്കലും സന്തോഷം അറിയരുതെന്ന ദൈവത്തിന്റെ വാശി ആവാം. കരയുകയാണെന്ന് തലയണ നനഞ്ഞപ്പോളാണ് മനസിലായത്. ഇനി കരയാൻ പാടില്ല. ഒഴിഞ്ഞു പോവണം. എന്റെ ആവശ്യം ഈ വീട്ടിൽ ആർക്കും ഇല്ലാത്തത് പോലെ എനിക്കും വേണ്ട. എന്നെ വേണ്ടവർ മറ്റെവിടെങ്കിലും ഉണ്ടാവാം.  കണ്ടില്ലേ പ്രകാശം നഷ്ടമായപ്പോൾ സ്വന്തം നിഴലും ഉപേക്ഷിച്ചു പോയിരിക്കുന്നു. എന്താണ് ചെയ്യേണ്ടതെന്ന് അവൾക്ക് നിശ്ചയം ഉണ്ടായിരുന്നു. 

രാവിലെ താമസിച്ചാണ് അവൻ ഉണർന്നത്. തലയ്ക്കു നല്ല ഭാരം തോന്നിയിരുന്നു. ഇന്നലത്തെ ഓരോ സംഭവങ്ങളും അവന്റെ കണ്മുന്നിൽ തെളിഞ്ഞു വന്നു. അറിയാതെ തല കുനിഞ്ഞു. ഇന്നലെ എപ്പോൾ വീട്ടിൽ എത്തിയെന്നത് പോലും ഓർമ ഇല്ല. തലയ്ക്കു ഒരു മരവിപ്പ് മാത്രം. പെട്ടെന്ന് എന്തോ ഓർത്തെന്ന പോലെ അവൻ ചുറ്റും പരതി.
ജാനു... ! താൻ അവളെ മറന്നെന്നു അവന് വിശ്വസിക്കാൻ കഴിഞ്ഞില്ല. ഇന്നലെ നടന്ന ഓരോ സംഭവങ്ങളും അത്രത്തോളം മനസിനെ പിടിച്ച് കുലുക്കിയിരുന്നു. പക്ഷെ രാത്രിയിൽ പോലും അവളെ ഓർത്തെടുക്കാൻ കഴിഞ്ഞില്ല. ഇന്നലെ താൻ വരുമ്പോൾ അവളിവിടെ ഉണ്ടായിരുന്നില്ലേ? വാതിൽ തുറന്നു താരാതെ അകത്തു കയറാൻ ആവില്ലല്ലോ? 
അവൻ ടേബിളിൽ നോക്കി. പതിവ് ചായ അവിടെ ഉണ്ടായിരുന്നില്ല. താഴേക്ക് ചെല്ലുമ്പോൾ അടുക്കളയിൽ ഉണ്ടാവുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നു. അവിടവും  ശൂന്യമായിരുന്നു. രാവിലെയും ഒന്നും പാകം ചെയ്തതിന്റെ ലക്ഷണം ഒന്നുമില്ല. ഇന്നലെ അവൾക്ക് കൊടുത്ത മോഹന വാഗ്ദാനങ്ങൾ ആണ് ആദ്യം മനസ്സിൽ തെളിഞ്ഞു വന്നത്. പാവം കാത്തിരുന്നിട്ടുണ്ടാവും. തെറ്റുകൾക്ക് മേലെ തെറ്റുകളാണ് താൻ ചെയ്ത് കൂട്ടുന്നത്. മുറ്റത്തു നോക്കി വീണ്ടും മുകളിലേക്ക് പോവുമ്പോൾ അവിടെ ഉണ്ടാവണമെന്ന് ആഗ്രഹിച്ചിരുന്നു. അലമാരയിൽ അവളുടെ സാധനങ്ങൾ കാണാതായപ്പോൾ ശൂന്യതയാണ് തോന്നിയത്. തന്റേതെന്ന് ധൈര്യത്തോടെ പറയാൻ ഉണ്ടായിരുന്ന ഒരു വ്യക്തിയെ കൂടി താൻ അകറ്റിയിരിക്കുന്നു. അത്രത്തോളം വേദനിക്കാതെ അവൾ തന്നെ ഒറ്റക്കാക്കി പോകില്ലെന്ന് അവന് അറിയാമായിരുന്നു. 
വേഗം മാധവ മാമയെ വിളിച്ചു. അവിടുത്തെ വിശേഷങ്ങൾ അന്വേഷിച്ചപ്പോൾ തന്നെ മാമൻ ജാനുവിനെ തിരക്കി. അവൾ അവിടെ എത്തിയില്ല എന്ന മനസ്സിലായതും എന്തൊക്കെയോ പറഞ്ഞ് ഫോൺ കട്ട്‌ ആക്കി. തനിയെ രുദ്രേച്ചിയുടെ അടുക്കൽ പോവില്ലെന്ന് അറിയാമായിരുന്നു. ഇനി കോളേജിൽ പോയിട്ടുണ്ടാവുമോ? ദേവികയ്ക്ക് ഉറപ്പായും അവളെ പറ്റി അറിയാമായിരിക്കും. ദേവികയുടെ നമ്പർ അറിയാത്തത് കൊണ്ട് അവളുടെ വീട്ടിലേക്കാണ് ആദ്യം പോയത്. അവിടെ ചെന്നപ്പോളാണ് ദേവിക കോളേജിൽ ഉണ്ടെന്ന് അറിഞ്ഞത്. ക്ലാസ്സ്‌ ടൈം ആയത് കൊണ്ട് ബ്രേക്ക്‌ ആവുന്നത് വരെ വെയിറ്റ് ചെയ്യാൻ ജാനു പതിവായി ഇരിക്കാറുള്ള മരച്ചുവട്ടിലേക്ക് നടന്നു. 

അവിടെ ജാനുവിനെ കണ്ടതും അവന് ആശ്വാസം തോന്നി. അവളുടെ അടുക്കലേക്ക് നടക്കാൻ ഒരുങ്ങിയപ്പോളാണ് കൂടെയുള്ള ആളിൽ അവന്റെ ശ്രദ്ധ പതിഞ്ഞത്. അന്നൊരിക്കൽ താൻ ഇവിടെ ആദ്യമായി എത്തിയപ്പോൾ വലിഞ്ഞു മുറുകിയ മുഖവുമായി ദേഷ്യത്തിൽ ജാനുവിനോട് സംസാരിച്ച് നിറഞ്ഞ കണ്ണുകളോടെ ക്ലാസ്സിലെ നിന്ന് ഇറങ്ങി പോയ അവന്റെ രൂപം ഇന്നും ഇന്ദ്രന്റെ മുന്നിൽ തെളിഞ്ഞു നിന്നിരുന്നു. ഇപ്പോൾ അവന്റെ മുഖത്ത് ആ ഭാവങ്ങളൊന്നും കാണാനില്ലായിരുന്നു. സൗമ്യ ഭാവത്തോടെ അവൻ ജാനുവിനെ നോക്കി ഇരിക്കയാണ്. അവൾ തല കുനിച്ച് ഇരിക്കുന്ന കൊണ്ട് അവളിലെ ഭാവം അവന് മനസിലായില്ല. 

"ജാനു നിന്നോട് അന്നും ഇന്നും എനിക്ക് ഒരു ദേഷ്യവുമില്ല. ഇന്ദ്രൻ നിന്റെ ജീവിതത്തിൽ വന്നതോടെ ഞാൻ മനഃപൂർവം ഒഴിഞ്ഞു പോയതാണ്. പക്ഷെ ദേവു പറഞ്ഞത് വെച്ച് നീ ഇങ്ങനെ നരകിച്ചു ജീവിക്കണ്ട ജാനു. ആരോരുമില്ലെന്ന് വെച്ചു നീ അവിടെ നിൽക്കേണ്ട കാര്യമില്ല. നീ എന്റെയൊപ്പം വരാൻ തയ്യാറാണെങ്കിൽ ഞാൻ കൊണ്ട് പോകും നിന്നെ. മറ്റൊന്നും കൊണ്ട് ഞാൻ നിന്റെ സ്നേഹത്തെ ഇരിക്കലും തൂക്കി നോക്കില്ല. സഹതാപം കൊണ്ടൊന്നുമല്ല. അന്നും ഇന്നും ഇഷ്ടം തന്നെയാണ്. ഇപ്പോളതു കൂടിയിട്ടേ ഉള്ളൂ. മറ്റുള്ളോർക്ക് വേണ്ടി സ്വന്തം ജീവിതം ദാനമായി കൊടുത്ത നിന്നോട് ഇപ്പോൾ ആരാധനയാണ്."

വിഷ്ണു പറഞ്ഞ് നിർത്തി മറുപടിക്കായി ജാനുവിനെ നോക്കി. അവൾ അതേ ഇരുപ്പ് തുടരുകയാണ്. അവളുടെ മറുപടി എന്താണെങ്കിലും സ്വീകരിക്കാൻ വിഷ്ണുവിനൊപ്പം ഇന്ദ്രനും തയ്യാറായിരുന്നു. 
പക്ഷെ അവളുടെ നാവ് കൊണ്ട് അത് കേൾക്കാൻ ഇന്ദ്രന് ഭയം തോന്നി. ഇത് വരെ പ്രകടമാക്കാത്ത തന്റെ സ്നേഹത്തേക്കാൾ ഒത്തിരി പ്രധാന്യമർഹിക്കുന്നത്‌ വിഷ്ണുവിന്റെ സ്നേഹം തന്നെയാണ്. അന്നും ഇന്നും അവളോട് അവൻ കാണിക്കുന്ന കരുതൽ തനിക്ക് പോലും മതിപ്പ് തോന്നിക്കുന്ന തരത്തിലാണ്. അങ്ങനെയുള്ള വിഷ്ണുവിനെ എന്തിന്റെ പേരിലാണ് അവൾ തള്ളി പറയുക. അവളെ വിട്ടുകൊടുത്ത് കൊണ്ട് തിരികെ നടന്നു പോവുമ്പോളും മനസ് മറ്റെങ്ങോ പാറി നടക്കുകയായിരുന്നു. 

"എന്നെ വീണ്ടും ഏട്ടന്റെ ജീവിതത്തിലേക്ക് ക്ഷണിക്കാൻ കാണിച്ച മനസിന് ഒരുപാട് നന്ദിയുണ്ട്. പക്ഷെ ഈ താലി മരണം വരെ അണിയണമെന്നതാണ് എന്റെ ആഗ്രഹം. അത്ര പെട്ടെന്ന് അറുത്ത് മാറ്റാൻ കഴിയുന്ന ഒന്നാണോ താലി. എത്രയൊക്കെ അവഗണന എന്നോട് കാട്ടിയാലും ഇന്ദ്രേട്ടന്റെ മനസ് എനിക്ക് അറിയാം. ഏട്ടന്റെ പെരുമാറ്റം പലപ്പോഴും എന്നെ തളർത്തിയിട്ടുണ്ടാവാം. ഒരിക്കലും എനിക്ക് ഏട്ടനെ മറക്കാനോ വെറുക്കാനോ കഴിയില്ല. ഞാനും വിഷ്ണു ഏട്ടനും ആയുള്ള ബന്ധം അറിഞ്ഞു കൊണ്ടാണ് ഏട്ടൻ എന്നെ വിവാഹം ചെയ്തത്. ഞാൻ ഒന്നും പറയാതെ തന്നെ അദ്ദേഹം എന്നെ മനസിലാക്കിയിരുന്നു. അപ്പോഴത്തെ സങ്കടം കൊണ്ടാണ് ഞാൻ ദേവുവിനെ വിളിച്ച് എന്തൊക്കെയോ പറഞ്ഞത് അല്ലാതെ മറ്റൊന്നും ഇല്ല. ഉണ്ടായാലും എന്റെ മരണം വരെ എന്റെ പാതി അദ്ദേഹം ആയിരിക്കും."

വിഷ്ണുവിന്റെ മുഖത്തു നോക്കി ഉറച്ച ശബ്ദത്തോടെ ജാനു പറഞ്ഞു നിർത്തി. 

"ഏട്ടനോട് ചെയ്ത തെറ്റിന് എന്ത് ചെയ്താലും പരിഹാരമാവില്ലെന്ന് അറിയാം. ക്ഷമിക്കണം അത് മാത്രേ എനിക്ക് ഇപ്പോ പറയാനാവൂ."

"ഡോ ദേവിക പറഞ്ഞപ്പോൾ.. തന്റെ അവസ്ഥ ഓർത്തപ്പോൾ മറ്റൊന്നും ആലോചിച്ചില്ല. താൻ പറഞ്ഞതാണ് ശെരി. ഭാര്യാ ഭർതൃ ബന്ധമെന്നത് വാക്കുകൾക്ക് അതീതമാണ്. പരസ്പര വിശ്വാസമാണ് അതിന് അടിത്തറ. താൻ അവനെ അത്രത്തോളം വിശ്വസിക്കുമ്പോൾ ഉറപ്പായും അവൻ തന്നെ മനസിലാക്കും. ഒരു പക്ഷെ എന്റെ വാക്ക് കേട്ട് എന്നോടൊപ്പം താൻ വന്നിരുന്നെങ്കിൽ എനിക്ക് തന്നോടുള്ള വിശ്വാസം നഷ്ടമായേനെ.
എത്രയും വേഗം നിങ്ങൾ ഒന്നാവട്ടെ."

അത്രയും പറഞ്ഞ് ഒരു ചെറു പുഞ്ചിരി അവൾക്ക് സമ്മാനിച്ചു കൊണ്ട് അവൻ നടന്നകന്നു. അവൻ പോവുന്നതും നോക്കി  ജാനു ദീർഘ നിശ്വാസം വിട്ടു.

തിരികെ വീട്ടിലേക്ക് പോകുമ്പോളും ജാനുവിനെ പറ്റിയുള്ള ചിന്തകളായിരുന്നു മനസ് നിറയെ. അപ്പോളത്തെ ഒരു തോന്നലിൽ തിരികെ നടന്നെങ്കിലും പിന്നീട് അവളുടെ മറുപടി കേൾക്കാൻ ആഗ്രഹിച്ചിരുന്നു. എന്ത് കൊണ്ടോ അവളെ വിട്ട് പോരാൻ തോന്നിയ നിമിഷത്തെ ശപിച്ചിരുന്നു. ഇല്ല അവൾ തന്നെ വിട്ട് പോകില്ല. അങ്ങനെ പോവാൻ അവൾക്കാകുമോ? പോകാതിരിക്കാൻ താൻ അവളെ എന്നെങ്കിലും സ്നേഹിച്ചിട്ടുണ്ടോ? മോഹന വാഗ്ദാനങ്ങൾ നൽകി പറ്റിച്ചിട്ടുണ്ട്. അങ്ങനെയല്ല ഇടയ്ക്ക് എപ്പോഴൊക്കെയോ താൻ അവളെ പ്രണയിച്ചിരുന്നില്ലേ. അവളെ ഞാനത് അറിയിച്ചിട്ടില്ലേ... എന്തൊക്കെ ചെയ്താലും ഇന്നലെ അവളെ ഞാൻ മറന്നിരുന്നു. തനിക്കെങ്ങനെ അതിന് കഴിഞ്ഞു. മനസ് തുറന്ന് സംസാരിക്കുക എങ്കിലും ചെയ്തിരുന്നെങ്കിൽ.. ഇനി എത്ര ന്യായീകരിക്കാൻ ശ്രമിച്ചാലും അവളത് വിശ്വസിക്കുമോ? അറിയില്ല. ഭ്രാന്തെടുക്കുന്ന ചിന്തകളുമായാണ് വീട്ടിലേക്ക് ചെന്നത്. എത്ര സമയം ലിവിങ്ങിൽ ഇരുന്നെന്ന് അറിയില്ല. ആരോ ഡോർ തുറക്കുന്ന ശബ്ദം കേട്ടാണ് അങ്ങോട്ടേക്ക് നോക്കിയത്. ജാനു ആയിരിക്കണമെന്ന് അതിയായി ആഗ്രഹിച്ചിരുന്നു. പ്രതീക്ഷിച്ച പോലെ തന്നെ അവൾ കടന്നു വന്നപ്പോൾ മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷം നിറയുന്നുണ്ടായിരുന്നു. തന്നെ നോക്കുക പോലും ചെയ്യാതെ അവൾ കടന്നു പോയപ്പോൾ ഒരു ചെറിയ നിരാശ തോന്നിയെങ്കിലും ഇനിയും തന്റെ മൗനം അവളെ നഷ്ടമാക്കിയാലോ എന്ന തോന്നൽ കൊണ്ടാണ് അവൾക്ക് പിന്നാലെ ചെന്നത്. റൂമിൽ അവളെ കാണാതായപ്പോൾ വീണ്ടും സംശയമായി. ഇനി അവളെ താൻ സ്വപ്നം കണ്ടതാണോ എന്ന് പോലും ചിന്തിച്ചു പോയി. 

തിരികെ ഇറങ്ങാൻ പോയപ്പോളാണ് വലിയൊരു ബാഗുമായി വീണ്ടും അവൾ റൂമിലേക്ക് വന്നത്. അപ്പോൾ കാര്യങ്ങൾ ഏകദേശം എനിക്ക് മനസിലായി തുടങ്ങിയിരുന്നു. ആള് പെട്ടിയും കിടക്കയുമെടുത്തു പോയിട്ട് തിരിച്ചു വരുന്ന വഴിയാണ്. മുഖം കടന്നൽ കുത്തിയ പോലെ വീർപ്പിച്ചു വെച്ചിട്ടുണ്ട്. എല്ലാം കൂടെ കണ്ടപ്പോൾ അറിയാതെ ചിരിച്ചു പോയി. അത് കണ്ടതും ജാനു ദഹിപ്പിക്കും പോലെ അവനെ നോക്കി. 

"ചിരിക്കുകയൊന്നും വേണ്ട. അങ്ങനിപ്പോ ഞാൻ പോണില്ല."

അവളുടെ മറുപടി കേട്ടതും കെട്ടിപിടിച്ചു ഒരുമ്മ കൊടുക്കാനാണ് തോന്നിയത്. 

"കോളേജിൽ വന്നിട്ട് എന്നെ കൂട്ടാതെ പോന്നത് എന്താ?"

അവൾ ഇന്ദ്രന്റെ മുഖത്തേക്ക് നോക്കി ചോദിച്ചപ്പോൾ അവൻ തന്റെ തല കുനിച്ചു. അവൾ അവനരികിലേക്ക് ചെന്ന് മുഖത്തേക്ക് നോക്കി. 

"ഇനി എന്നെ ഒറ്റയ്ക്ക് ആക്കി പോകുവോ?"

മറുപടിയായി അവളെ ചേർത്ത് നിർത്തുമ്പോൾ അവന്റെ കണ്ണുകളും നിറഞ്ഞിരുന്നു. അവളുടെ കണ്ണുകളും നിറഞ്ഞൊഴുകിയിരുന്നു. 

"ജാനു.. ഞാൻ ഇന്നലെ... സോറി.."

"ഏട്ടൻ എന്തിനാ സോറി പറയണേ. കാര്യം അറിയാതെ ഞാനാണ് ഓരോന്നും ആലോചിച്ചു കൂട്ടിയത്."

അവന്റെ മുഖത്തേക്ക് നോക്കി ഒരു ചെറു ചിരിയോടെ അവൾ പറഞ്ഞു. അപ്പോളും അവന്റെ മുഖത്തു സങ്കടം നിഴലിച്ചിരുന്നു. തെറ്റ് ചെയ്തവനെ പോലെ അവൻ നിലത്തേക്ക് നോക്കിയാണ് നിന്നത്. അവന്റെ മനസ്സ് അവൾക്കും മനസിലാവുന്നുണ്ടായിരുന്നു. 

"ഏട്ടൻ റെഡി ആവൂ. നമുക്ക് ഒരിടം വരെ പോവാം."

"എവിടെ?"

"അതൊക്കെ ഉണ്ടെന്നേ."

അതും പറഞ്ഞ് ഡ്രെസ്സും കൊടുത്ത് അവൾ അവനെ ഫ്രഷ് ആവാനായി പറഞ്ഞ് വിട്ടു. അവൻ തിരികെ ഇറങ്ങുമ്പോളേക്കും അവൾ അവനുള്ള ചായയുമായി വന്നിരുന്നു. 

രുദ്രയുടെ വീട്ടിലേക്കാണ് അവർ ചെന്നത്. പറയാതെ ചെന്നത് അവർക്കും സർപ്രൈസ് ആയിരുന്നു. ദേഷ്യമൊന്നും ഇല്ലായിരുന്നെങ്കിലും ഉഷയോട് ഇടപെഴകാൻ ഇന്ദ്രന് എന്ത് കൊണ്ടോ കഴിഞ്ഞിരുന്നില്ല. ഇടയ്ക്കൊക്കെ പാളി അവരെ നോക്കുമെങ്കിലും കുറ്റബോധം അവനെ കാർന്നു തിന്നുകൊണ്ടിരുന്നു. അത് മനസിലാക്കിയെന്ന വണ്ണം രാത്രിയിൽ ഇന്ദ്രനും ഉഷയ്ക്കും തനിച്ച് സംസാരിക്കാൻ സാഹചര്യം ഉണ്ടാക്കി കൊടുത്തത് ജാനുവാണ്.
ക്ഷമ പറഞ്ഞും ക്ഷമിച്ചും അമ്മയും മകനും സംസാരിക്കുന്നത് കണ്ടപ്പോളാണ് അവളുടെ ദൗത്യം പൂർണമായത്. അവർക്കായി അവിടുന്ന്  ഒഴിഞ്ഞു മാറി തിരികെ റൂമിൽ എത്തുമ്പോൾ മനസ്സിൽ ഒരുപാട് സന്തോഷം തോന്നിയിരുന്നു.  അമ്മയും മക്കളും അകലുന്നതിന്റെ വേദന തന്നോളം അറിയുന്ന ആരാണ് ഉള്ളത്. അത് കൊണ്ട് തന്നെ ഇന്ദ്രേട്ടന്റെയും ഉഷാമ്മയുടെയും സന്തോഷം കാണുമ്പോൾ അറിയാതെ കണ്ണ് നിറയുന്നു. ആ അമ്മയുടെ സന്തോഷം ഇപ്പോളും കണ്ണുകളിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. കുറേ സമയം കഴിഞ്ഞിട്ടും അമ്മയുടെയും മോന്റെയും വിശേഷം പറച്ചിൽ കഴിഞ്ഞിട്ടുണ്ടായിരുന്നില്ല.
ഫ്രഷ് ആയി ഇറങ്ങി കണ്ണാടിക്ക് മുന്നിൽ നിൽക്കുമ്പോളാണ് പുറകിൽ കാൽപ്പെരുമാറ്റം കേട്ടത്. തിരിഞ്ഞു നോക്കാതെ തന്നെ അവൾക്ക് അതാരാണെന്ന് ഊഹിക്കാമായിരുന്നു.

"താങ്ക്സ്"

പിന്നിലൂടെ അവളെ ചേർത്ത് പിടിച്ചു കാതോരത്തായി അവൻ പറഞ്ഞു. ഒരു ചിരിയോടെ തിരിഞ്ഞ് അവനെ നോക്കുമ്പോൾ അവന്റെ കണ്ണുകളിൽ കാണാമായിരുന്നു അവളോടുള്ള പ്രണയം. ആ പ്രണയാഗ്നി താങ്ങാൻ ആവാതെ അവൾ തന്റെ കണ്ണുകളെ  പിൻവാങ്ങി. അവളുടെ കവിൾ തടങ്ങൾ  നാണത്താൽ ചുവന്നിരുന്നു. സിന്ദൂര ചെപ്പിൽ നിന്ന് ഒരു നുള്ള് അവൻ തന്റെ പ്രണയോപഹാരമായി നെറ്റിയിൽ ചാർത്തിയപ്പോൾ കണ്ണുകളടച്ച് അവൾ സ്വീകരിച്ചു. കൺകോണിൽ വിരിഞ്ഞ മിഴിനീർ തുടച്ചുകൊണ്ട് അവൻ അവളുടെ നെറ്റിയിൽ ചുംബിച്ചു. മുഖം ഉയർത്താതെ നിന്ന അവളുടെ താണ്ടിയിൽ പിടിച്ചു ഉയർത്തി അവളുടെ അധരങ്ങളെയും അവൻ സ്വന്തമാക്കി. കണ്ണുകളടച്ചു ആ ചുടു ചുംബനം അവൾ സ്വീകരിച്ചു. ശ്വാസം ലഭിക്കാതെ വന്നപ്പോളാണ് അവന്റെ ഷർട്ടിൽ അവൾ പിടിമുറുക്കിയത്. അവളുടെ നഖങ്ങൾ ശരീരത്തിൽ ആഴ്ന്നിറങ്ങിയപ്പോളാണ് അവൻ അവളെ സ്വതന്ത്രമാക്കിയത്. ശ്വാസം വലിച്ച് വിടുന്ന ജാനുവിനെ കണ്ടപ്പോൾ അവന് ചിരിയാണ് വന്നത്. അവളുടെ അധരങ്ങൾ വീണ്ടും അവനെ ആകർഷിച്ചുകൊണ്ടിരുന്നു. അവനിൽ അവൾ അലിഞ്ഞു ചേരുമ്പോൾ പുറത്ത് മഴത്തുള്ളികളും  മണ്ണിനോട് അലിഞ്ഞു ചേരുന്നുണ്ടായിരുന്നു. ഒടുവിൽ അവന്റെ നെഞ്ചിലെ താരാട്ടു കേട്ട് ഉറങ്ങുമ്പോൾ ഇതുവരെ അനുഭവിക്കാത്ത ഒരു സുരക്ഷിതത്വം അവളും അറിയുകയായിരുന്നു. 

✡️✡️✡️✡️✡️✡️✡️✡️✡️✡️✡️✡️✡️✡️✡️

"എന്നാലും എന്റെ ദേവു നീ എങ്ങനെ നിന്റെ അച്ഛനെ കൊണ്ട് ഇത് സമ്മതിപ്പിച്ചു?"

വിവാഹ വസ്ത്രമണിഞ്ഞു നിൽക്കുന്ന ദേവുവിന് മുല്ലപ്പൂ ചൂടിച്ചു കൊണ്ടാണ് ജാനു അത് ചോദിച്ചത്.

"ഓ ഇതൊക്കെ വലിയ കാര്യമാണോ? ധൈര്യം വേണം മിസ്റ്റർ. അല്ലാതെ നിന്നെ പോലെ.."

ജാനുവിന്റെ മുഖത്തെ ഭാവം മാറിയപ്പോളാണ് താൻ പറഞ്ഞതിലെ അബദ്ധം ദേവുവിനും മനസിലായത്. 

"അയ്യോ ഞാൻ അങ്ങനെ പറഞ്ഞതല്ലെടാ. ഈ ലോകത്ത് എനിക്ക് ഏറ്റവും കടപ്പാട് നിന്നോടാണ്. നീ അന്നങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ എനിക്ക് എന്റെ വിഷ്ണു ഏട്ടനെ കിട്ടുമായിരുന്നോ? ഒരിക്കലും ഏട്ടനെന്നെ മനസിലാക്കുമെന്ന് ഞാൻ വിചാരിച്ചതല്ല. ആദ്യമൊക്കെ നിരുത്സാഹപ്പെടുത്തിയെങ്കിലും പിന്നീട് ഏട്ടനും എന്നെ മനസിലാക്കി. ഒരർത്ഥത്തിൽ നോക്കിയാൽ നീ തന്ന ദാനമാണ് എന്റെ ജീവിതം."

ജാനുവിനെ നോക്കി ദേവു ഇത് പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. 

"അങ്ങനെയൊന്നും പറയല്ലേ. എല്ലാവരുടെ ജീവിതവും പലരുടെയും ദാനമാണ്. ആദ്യം ദൈവത്തിന്റെ പിന്നെ അച്ഛനും അമ്മയും അങ്ങനെ പലരും... നീ സെന്റി അടിക്കാതെ വേഗം റെഡി ആവൂ. സമയം അടുക്കാറായി."

"അല്ല നിങ്ങളുടെ അലീനയുടെ കല്യാണം കഴിഞ്ഞില്ലേ?"

"ആഹ്. അവർ ഇപ്പോ അമേരിക്കയിൽ സെറ്റിൽ ആയി. പുതിയ അതിഥിക്ക് കാത്തിരിക്കുന്നു." 

"ആണോ?"

"മ്മ്. പിന്നെ രുദ്രേച്ചിക്ക് ഇന്ന് വരാൻ പറ്റില്ല കേട്ടോ.."

"അയ്യോ അതെന്താ?"

"ചേച്ചിയുടെ മോൻ ഇല്ലേ ശങ്കു അവനെ ബാംഗ്ലൂരിലെ സ്കൂളിൽ ചേർക്കാൻ ഇന്നാണ് പോകേണ്ടത്. ചേച്ചി പ്രത്യേകം പറയാൻ പറഞ്ഞതാ."

"ആണോ.. മ്മ്. അപ്പോ ഉഷാമ്മ?"

"അമ്മയും അച്ഛനും വന്നിട്ടുണ്ട്."

"അല്ല നിന്റെ കെട്ടിയോനും പിള്ളേരും എന്തേയ്?"

"അത് പറഞ്ഞപ്പോളാ ഓർത്തത്. മോൻ ഉണർന്നിട്ടുണ്ടാവും മോളെ പോലെയല്ല അവൻ ദേഷ്യക്കാരനാ എപ്പോളും കരഞ്ഞോണ്ട് ഇരിക്കും."

"ഓ അച്ഛനെ പോലെയാവും അല്ലേ?"

അതും പറഞ്ഞ് ദേവു കളിയാക്കി ചിരിച്ചു. 

"അത്രക്ക് നീ എന്റെ കെട്ടിയോനെ കളിയാക്കണ്ട കേട്ടോ. എനിക്കും വരും അവസരം."

താഴേക്ക് ചെല്ലുമ്പോളേ കണ്ടു ഉഷയുടെ കയ്യിൽ കിടന്നു കരയുന്ന ആദി മോനെ.. ഇന്ദ്രനാണെങ്കിൽ ഓരോന്നും പറഞ്ഞ് സമാധാനിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. ആമി മോളും അവളെ കൊണ്ട് ആവുന്ന പോലെ താഴെ നിന്ന് കൊച്ചനുജനെ എന്തൊക്കെയോ കാട്ടുന്നുണ്ട്. എല്ലാം കണ്ടപ്പോൾ ചിരിയാണ് വന്നത്. വേഗത്തിൽ ചെന്ന് മോനെ എടുത്തു. സ്വിച്ചിട്ട പോലെ ആള് കരച്ചിൽ നിർത്തി. അവൾ വിജയിഭാവത്തിൽ അവനെ നോക്കി. 

"ഓ അല്ലെങ്കിലും എല്ലാവർക്കും അമ്മയെ മതിയല്ലോ പാവം ഞാൻ."

"അച്ഛേ... നിച്ച് അച്ഛയെ മതി.."

താഴെ കൊഞ്ചിക്കൊണ്ട് ആമി പറയുന്നത് കേട്ടപ്പോൾ ഇന്ദ്രനും ചിരി പൊട്ടി. 

"അച്ഛന്റെ ആമി വായോ.."

അവളെ കൈകളിൽ കോരിയെടുത്തതും ആമി ഇന്ദ്രന്റെ കവിളിൽ ഉമ്മ കൊടുത്തു. 

"കണ്ടോ എനിക്കും ചോദിക്കാനും പറയാനും ആളുണ്ട്."

"ഓ സമ്മതിച്ചു."
 
"പിന്നെ നമുക്ക് ഇവിടെ പാട്ട് പാടണ്ടേ?"

ഒരു കുസൃതി ചിരിയോടെ അവളോട് രഹസ്യത്തിൽ ഇന്ദ്രൻ ചോദിച്ചു. 

"ദേ മനുഷ്യാ.. പണ്ടെങ്ങാണ്ട് നിങ്ങളുടെ കൂടെ പാടണം എന്ന് പറഞ്ഞെന്നും പറഞ്ഞ് എവിടെ പോയാലും ഈ പാട്ട് പാടുന്ന സ്വഭാവം നിങ്ങൾ നിർത്തിയില്ലേൽ ഞാൻ നിങ്ങളെ ഇട്ടിട്ടും പോകും പറഞ്ഞേക്കാം. ഈ പേരും പറഞ്ഞ് കുറേ ആയി മനുഷ്യനെ ഉപദ്രവിക്കുന്നു.."

✡️✡️✡️✡️✡️✡️✡️✡️✡️✡️✡️✡️✡️✡️✡️

ഞെട്ടി ഉണർന്നു ചുറ്റും നോക്കിയപ്പോളാണ് താൻ സ്വപ്നം കാണുകയാണെന്ന് അവന് മനസിലായത്. കട്ടിലിൽ നിന്നും എഴുന്നേറ്റു. ടേബിളിൽ വെച്ചിരുന്ന ഫോട്ടോയിലേക്ക് അവന്റെ ശ്രദ്ധ പോയി. തന്റെയും മക്കളുടേയുമൊപ്പം ചിരിച്ചു കൊണ്ട് നിൽക്കുന്ന ജാനുവിന്റെ ചിത്രത്തിന് മുകളിലൂടെ അവന്റെ വിരലുകൾ സഞ്ചരിച്ചു. കണ്ണാടിയിലെ തന്റെ പ്രതിബിംബത്തിലേക്ക് അവൻ ശ്രദ്ധിച്ചു. നര വീണ തന്റെ മുടിയിഴകളെ അവൻ തലോടി.
"എന്നിലെ മാറ്റങ്ങൾ നീ കാണുന്നുണ്ടോ .. നീ ഇന്നും പഴയത് പോലെ തന്നെയല്ലേ. എന്നെയും മക്കളെയും പിരിഞ്ഞ് ഇത്രയും കാലം നീ എങ്ങനെ കഴിഞ്ഞു. നിന്നെ ഒരിക്കലും ഒറ്റക്കാക്കില്ലെന്ന് തന്ന എന്റെ വാക്ക് സാധിക്കാൻ എനിക്ക് കഴിഞ്ഞില്ല. നിന്നെ പോലെ നമ്മുടെ മക്കളും അനാഥരാവരുതെന്നത് കൊണ്ടാണ് ഞാൻ നിന്റെ പിന്നാലെ വരാതിരുന്നത്. നീണ്ട ഇരുപത് വർഷക്കാലം നീയില്ലാതെ... ഓർക്കാൻ കൂടെ വയ്യ. ഇന്ന് നമ്മുടെ മക്കൾ രണ്ടാളും നല്ല ജീവിതം നേടി. ഞാനില്ലെങ്കിലും അവർ അനാഥരല്ല. ഇന്ന് ഞാനാണ് ഒറ്റക്ക് ആയത്. നീ പോയ അന്ന് മുതൽ ഒരർത്ഥത്തിൽ ഞാൻ ഒറ്റക്കായിരുന്നു. നിന്റെ ആഗ്രഹം പോലെ മരണം വരെ നീ സുമംഗലി ആയിരുന്നു. പക്ഷെ എന്നേക്കാൾ പാപി മറ്റാരാണ് ഉള്ളത്. എത്ര ശ്രമിച്ചാലും നിനക്ക് പകരമാവാൻ എനിക്ക് കഴിയില്ലായിരുന്നു. എങ്കിലും കടമകൾ ഓരോന്നും തീർത്ത് ഇന്ന് ഞാൻ നിന്നെയാണ് കാത്തിരിക്കുന്നത്. ഇനിയെങ്കിലും എന്നോടുള്ള പിണക്കം മതിയാക്കി വരൂ.. ഇനിയൊരിക്കലും നിനക്ക് തന്ന വാക്ക് ഞാൻ തെറ്റിക്കില്ല."

വീണ്ടും കട്ടിലിലേക്ക് കിടക്കുമ്പോൾ കണ്ണുനീർ അവന്റെ കവിളിലൂടെ ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു. ഒരു തണുത്ത കാറ്റ് ആ മുറിയിലേക്ക് കടന്നു വന്നു. ആ കാറ്റിന് ജാനുവിന്റെ ഗന്ധമാണെന്ന് അവൻ തിരിച്ചറിഞ്ഞു. കണ്ണുകൾ തുറക്കാൻ ശ്രമിച്ചെങ്കിലും അതിന് കഴിഞ്ഞില്ല. നെറ്റിയിൽ അവളുടെ കരസ്പർശം ഏറ്റത് പോലെ തണുപ്പ് അനുഭവപ്പെട്ടു. ഒടുവിൽ ആ തണുപ്പ് ശരീരത്തിൽ ഉടനീളം അനുഭവപ്പെട്ടു. പൊടുന്നനെ ജാനുവിന്റെ ശബ്ദം അവൻ കേട്ടു. കണ്ണ് തുറക്കുമ്പോൾ അവൾ അടുത്തുണ്ടായിരുന്നു. അവളുടെ കൈകളിൽ കൈ ചേർത്ത് ആകാശത്തിനും ഭൂമിക്കും ഇടയിലൂടെ അവർ സഞ്ചരിച്ചു. പൂർത്തിയാവാത്ത ആഗ്രഹങ്ങൾ സാധിക്കാനായി. ഇനിയൊരിക്കലും ആ കൈകൾ വിടില്ലെന്ന ഉറപ്പ് ഇരുവർക്കും ഉണ്ടായിരുന്നു. അതേ മരണത്തിനും അതീതമാണ് പ്രണയം.....

അവസാനിച്ചു... 

അഞ്ജലി അഞ്ചു 

Comments

  1. കഥ അടിപൊളി ആയിരുന്നു... പക്ഷെ ജാനകി മരിച്ചു എന്ന് വായിച്ചപ്പോൾ സങ്കടം തോന്നി.. അവൾക്ക് അധിക കാലം അവരുടെ കൂടെ ജീവിക്കാൻ കഴിഞ്ഞില്ലല്ലോ എന്ന് കണ്ടപ്പോ നിരാശ തോന്നി... എങ്കിലും കഥയുടെ അവസാനം അവർ വീണ്ടും ഒരുമിച്ചു മരണത്തിലൂടെ എന്ന് കണ്ടപ്പോൾ ഒരു ആശ്വാസം....

    ReplyDelete

Post a Comment

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്