കടലിനക്കരെ ഫുൾ പാർട്ട്

കടലിനക്കരെ 
ഫുൾ പാർട്ട് 

ഷാർജ എയർപോർട്ടിലെ റൺവേയിലേക്ക്, ഫ്ളൈറ്റ്
ലാൻ്റ് ചെയ്യുമ്പോൾ, അശ്വതിയുടെ മനസ്സിലേക്ക് പലവിധ ചിന്തകൾ കടന്ന് വന്നു.

മറ്റ് യാത്രക്കാരോടൊപ്പം 
പ്രധാന കവാടത്തിലെത്തിയ അവൾ , ഉത്ക്കണ്ഠയോടെ അവിടെ കൂടി നില്ക്കുന്നവരിൽ തൻ്റെ ഭർത്താവിനെ  പരതി.

പല പേരുകളെഴുതിയ പ്ളക്കാർഡുകളുമായി നിരവധി പേർ അവിടെ തടിച്ച് കൂടിയിട്ടുണ്ടെങ്കിലും, അക്കൂട്ടത്തിൽ തൻ്റെ ഭർത്താവ് മാത്രമില്ലെന്ന തിരിച്ചറിവ്, അവളുടെയുള്ളിൽ ആശങ്ക വർദ്ധിപ്പിച്ചു .

എന്താ ഹസ്ബൻ്റിനെ കണ്ടില്ലേ?

നെടുമ്പാശ്ശേരിയിൽ നിന്നും അവളുടെയൊപ്പമുയുണ്ടായിരുന്ന സിജോ എന്ന ചെറുപ്പക്കാരൻ ,അടുത്ത് വന്ന് അശ്വതിയോട്  ചോദിച്ചു.

ഇല്ല കണ്ടില്ല

ഉം,ചിലപ്പോൾ എവിടെയെങ്കിലും ബ്ളോക്ക് കിട്ടിക്കാണും, സാരമില്ല അവിടെ പോയിരുന്നോളു, എന്തായാലും പുള്ളിക്കാരൻ വരാതെ തനിക്ക് പോകാൻ കഴിയില്ലല്ലോ ?ആദ്യമായിട്ടല്ലേ ഇങ്ങോട്ട് വരുന്നത്?

അവളെ സമാധാനിപ്പിച്ചിട്ട്, കൈയ്യിലുണ്ടായിരുന്ന ട്രോളി ബാഗുമുരുട്ടിക്കൊണ്ട്, അയാൾ നടന്ന് പോയി.

ശരിയാണ് അയാൾ പറഞ്ഞത്, ഇവിടേക്കെന്നല്ല ഇല്ലിത്തറ എന്ന തൻ്റെ കൊച്ചുഗ്രാമം വിട്ട് ,ആകെ പോയിട്ടുള്ളത് തൊടുപുഴ ടൗണ് വരെയാണ് ,അതും പാരലൽ കോളേജിൽ പോകാൻ മാത്രം, മറ്റൊരിടത്തേക്കും ഇത് വരെ പോയിട്ടില്ല,ദൂരെ ഒരു സ്ഥലത്തേക്ക് പോകുന്നത് ഇതാദ്യമായിട്ടാണ്

വിസിറ്റേഴ്സ് ലോഞ്ചിലെ 
തണുത്ത് മരവിച്ച സ്റ്റീൽചെയറിലിരിക്കുമ്പോഴും, അശ്വതി വിയർക്കുന്നുണ്ടായിരുന്നു.

അപരിചിതമായ സ്ഥലം ,അറിയാത്ത ഭാഷ സംസാരിക്കുന്നവർ ,ആകെ പരിചയമുണ്ടായിരുന്നൊരു മലയാളിയാണ്, കുറച്ച് മുമ്പ് സംസാരിച്ചിട്ട് പോയത് ,കോള് പോകില്ലെന്നറിഞ്ഞിട്ടും, കൈയ്യിലിരുന്ന മൊബൈലിൽ നിന്നും, അവൾ വെറുതെ ഷൈജുവിൻ്റെ നമ്പരിലേക്ക് ഡയൽ ചെയ്തു, പ്രതീക്ഷിച്ച പോലെ തന്നെ യാതൊരു റിപ്ളേയുമില്ല.

ഇവിടെയെത്തിയാൽ, ഇവിടുത്തെ സിം വാങ്ങി ഫോണാലിടണമെന്ന്, അദ്ദേഹം പറഞ്ഞിരുന്നത് 
അശ്വതിയോർത്തു.

പക്ഷേ ,എല്ലാത്തിനും അദ്ദേഹം വന്നാലേ നടക്കു

അപ്പോഴാണ്, സിജോയെക്കുറിച്ച് അവൾ ചിന്തിച്ചത് ,അയാൾ ഫ്ളൈറ്റിൽ വച്ച് തന്നെ ഇവിടുത്തെ സിം മാറ്റിയിടുന്നത് താൻ കണ്ടതാണ് ,എന്നിട്ട് അയാളുടെ ഫോണിൽ നിന്ന് ഷൈജുവേട്ടനെ വിളിക്കാൻ തനിക്കൊന്ന് തോന്നിയില്ലല്ലോ? താനെന്തൊരു മണ്ടിയാണ്,

നേരം കഴിയുന്തോറും അവളുടെയുള്ളിൽ ഭയാശങ്കകൾ വർദ്ധിച്ചു.

ഒരു സഹായത്തിനായി ,
മലയാളിമുഖമുള്ള ആരെങ്കിലുമുണ്ടോയെന്ന്, അവൾ ചുറ്റിനും കണ്ണോടിച്ച് നോക്കി.

ഇരിപ്പുറയ്ക്കാതെ അവളെഴുന്നേറ്റ് , വാഹനങ്ങൾ വന്ന് യാത്രക്കാരെ ഇറക്കി പോകുന്ന, മെയിൻ 
പാസേജിലേക്കിറങ്ങി നിന്നു.

അപ്പോഴാണ് മനസ്സിനൊരാശ്വാസമെന്നോണം അവളാ കാഴ്ച കണ്ടത്,

കുറച്ച് ദൂരെ കാർ പാർക്കിങ് ഏരിയയിൽ നിന്ന്, തൻ്റെ നേരെ നടന്ന് വരുന്ന സിജോയെ കണ്ടപ്പോൾ ,അവളങ്ങോട്ട് വേഗം ചെന്നു.

സോറി പെങ്ങളെ, അപരിചതമായൊരു സ്ഥലത്ത് നിങ്ങളെ തനിച്ചാക്കി, ഞാൻ പോകാൻ പാടില്ലായിരുന്നു ,നിങ്ങളുടെ ഭർത്താവ് വരുന്നത് വരെയെങ്കിലും, ഞാൻ വെയിറ്റ് ചെയ്യേണ്ടതായിരുന്നെന്ന് ,കുറച്ച് ദൂരം പോയിക്കഴിഞ്ഞപ്പോഴാണ് എനിക്കോർമ്മ വന്നത് ,
ഇത് വരെ ആളെത്തിയില്ലല്ലേ?

ഇല്ല സിജോ, എനിക്കാ ഫോണൊന്നു തരുമോ ?ഞാനൊന്ന് വിളിച്ച് നോക്കട്ടെ

ഓഹ് വൈ നോട്ട്? ഇന്നാ വിളിച്ച് നോക്ക്

അയാളുടെ കൈയ്യിൽ നിന്ന് ഫോൺ വാങ്ങി, ഷൈജുവിനെ വിളിച്ചു. അത് സ്വിച്ച് ഓഫാണെന്നറിഞ്ഞപ്പോൾ, അവൾക്ക് സങ്കടം വന്നു.

അദ്ദേഹത്തിനറിയാവുന്നതല്ലേ? താനിങ്ങോട്ട് ഒറ്റയ്ക്കാണ് വരുന്നതെന്നും ,തനിക്കിവിടം അപരിചിതമാണെന്നും ,
അദ്ദേഹത്തെ കണ്ട് മുട്ടുന്നത് വരെ, തനിക്ക് കോണ്ടാക്ട് ചെയ്യാൻ മറ്റാരുമില്ലെന്നുമൊക്കെ ,എന്നിട്ടും...
അവളുടെ കണ്ണുകൾ ഈറനണിയുന്നതും ,ചുണ്ട് വിതുമ്പുന്നതും സിജോ കണ്ടു.

കരയാതെ പെങ്ങളെ ,നമുക്ക് കുറച്ച് കൂടി നോക്കാം, എന്തായാലും അയാൾ വരാതിരിക്കില്ലല്ലോ?എനിക്കേതായാലും, പോയിട്ട് അത്യാവശ്യമൊന്നുമില്ല, നാളത്തെ ഷിഫ്റ്റിൽ ജോലിക്ക് കയറിയാൽ മതി

അവളെ സമാധാനിപ്പിച്ച് കൊണ്ട് അയാൾ കൂടെ നിന്നു.

നിമിഷങ്ങൾ കൊഴിഞ്ഞ് വീണുകൊണ്ടിരുന്നു.

ആ കാത്തിരിപ്പ് പിന്നീട്  മിനിട്ടുകളും കഴിഞ്ഞ് മണിക്കൂറുകളായപ്പോൾ, സിജുവിൻ്റെ മനസ്സിലും ഒരു പന്തികേട് തോന്നി തുടങ്ങി.

ഇതിനിടയിൽ പല പ്രാവശ്യം ഷൈജുവിൻ്റെ ഫോണിലേക്ക് ഡയൽ ചെയ്തെങ്കിലും, നിരാശയായിരുന്നു ഫലം, അപ്പാഴും സ്വിച്ചോഫ് എന്ന മറുപടി തന്നെയായിരുന്നു.

ഫ്ളൈറ്റിൽ നിന്ന് ഒന്നും കഴിച്ചില്ലല്ലോ? വിശക്കുന്നുണ്ടാവും,
വരു ,നമുക്ക് ക്യാൻറീനിൽ പോയി സ്നാക്ക്സ് എന്തേലും വാങ്ങി കഴിക്കാം

സിജോ, അവളോട് പറഞ്ഞു.

വേണ്ട സിജോ ,എനിക്ക് വിശപ്പും ദാഹവുമൊന്നുമില്ല, അദ്ദേഹത്തിന് എന്ത് പറ്റിയതാവും, ഓർത്തിട്ടെനിക്കൊരു സമാധാനവുമില്ല

ഹേയ്, അങ്ങനെ വേണ്ടാത്തതൊന്നും ചിന്തിക്കേണ്ട,
എന്തെങ്കിലും അത്യാവശ്യം വല്ലതുമുണ്ടായിക്കാണും, അല്ല ഇവിടുത്തെ ഏത് കമ്പനിയിലാണെന്നാ പറഞ്ഞത്?

അതൊന്നും എന്നോട് പറഞ്ഞിട്ടില്ല,
ഒരു മാസം മുമ്പായിരുന്നു ഞങ്ങളുടെ വിവാഹം ,പിറ്റേന്ന് തന്നെ ഇവിടുന്ന് വിളിച്ചിട്ട് ഉടനെ തിരിച്ചെത്തണമെന്ന് പറഞ്ഞ് ഫോൺ വന്നത് കൊണ്ട്, അദ്ദേഹമന്ന് രാത്രി തന്നെ, 
എന്നെ എൻ്റെ വീട്ടിൽ കൊണ്ടാക്കിയിട്ട്, ഇങ്ങോട്ട് തിരിച്ച് വന്നിരുന്നു,
പിന്നെ ഞാനുമായി ഫോണിൽ മുന്നോ നാലോ പ്രാവശ്യമേ സംസാരിച്ചിട്ടുള്ളു, പലപ്പോഴും അത്യാവശ്യം ചില കാര്യങ്ങൾ മാത്രം പറഞ്ഞ്, ഫോൺ കട്ട് ചെയ്തിരുന്നത് കൊണ്ട്, ഞങ്ങൾക്ക് വിശദമായിട്ടൊന്നും സംസാരിക്കാൻ കഴിഞ്ഞിട്ടില്ല, രണ്ട് ദിവസം മുമ്പാണ്, വിസയുടെ കോപ്പിയും ടിക്കറ്റും വീടിനടുത്തുള്ള ഒരു ഇൻ്റർനെറ്റ് കഫേയിലേക്ക് അയച്ചിട്ടുണ്ടെന്നും, അവിടെ ചെന്ന് പ്രിൻ്റ് ഔട്ടെടുത്ത് ഇന്നത്തെ ഫ്ളൈറ്റിൽ കയറി വരണമെന്നും പറഞ്ഞ് വിളിച്ചത് ,ഫ്ളൈറ്റ്
ലാൻറ് ചെയ്യുമ്പോൾ ,അദ്ദേഹം ഇവിടെയുണ്ടാവുമെന്ന് ഉറപ്പ് പറഞ്ഞത് കൊണ്ട്, കൂടുതലായൊന്നും ഞാൻ ചോദിച്ചുമില്ല

അദ്ദേഹത്തിൻ്റ വീട്ടുകാരോട് ചോദിച്ചാൽ അറിയാൻ പറ്റില്ലേ?

ഇല്ല ,എന്നെ യാതയാക്കാൻ വന്നപ്പോൾ, ഒരു ഉറപ്പിന് ഞാൻ അവരോട് ചോദിച്ചിരുന്നു, 
പക്ഷേ അവർക്കും ഷാർജയിലാണെന്നല്ലാതെ, കൂടുതലൊന്നുമറിയില്ലായിരുന്നു

ഓഹ് അത് ശരി, അപ്പോൾ അങ്ങനെയാണ് കാര്യങ്ങൾ,
ഇനിയിപ്പോൾ, അദ്ദേഹത്തെ എങ്ങനെയെങ്കിലും കണ്ട് പിടിച്ചേ മതിയാവു

സാഹചര്യം കുറച്ച് റോങ്ങാണെന്നൊരു സംശയം, സിജോയുടെ മനസ്സിൽ തോന്നി തുടങ്ങി, കുറച്ച് നാളുകളായി താനും ചില ന്യൂസുകൾ കേട്ടിരുന്നു,
ഇവിടെയുള്ള ചില മലയാളികളുൾപ്പെടെയുള്ള ചെറുപ്പക്കാർ, നാട്ടിൽ ചെന്ന് വിവാഹം കഴിച്ചിട്ട് ,ഉടനെ തിരിച്ചെത്തും ,എന്നിട്ട് ഭാര്യക്ക് ടിക്കറ്റും ,വിസിറ്റിങ്ങ് വിസയും അയച്ചുകൊടുത്ത്, ഇങ്ങോട്ട് തിരിച്ച് വിളിക്കും ,പക്ഷേ അവരെ ആരും എയർപോർട്ടിൽ നിന്ന് പിക്ക് ചെയ്യാൻ വരില്ല, ഹസ്ബൻ്റിനെ കാണാതെ എയർപോർട്ടിൽ അലഞ്ഞ് തിരിയുന്ന ,അന്യ രാജ്യത്ത് നിന്ന് വരുന്ന സ്ത്രീകളെ, ചില തീവ്രവാദ സംഘടനകളുടെ ഏജൻ്റുമാർ, സഹായഹസ്തവുമായി സമീപിക്കുകയും, ഭർത്താവിൻ്റെ കൂട്ടുകാരാണെന്നും, കൂട്ടിക്കൊണ്ട് പോകാൻ വന്നതാണെന്നും പറഞ്ഞ് ,അവരുടെ ഒളിത്താവളങ്ങളിലേക്ക് കൊണ്ട് പോകുകയും ചെയ്യുന്നുണ്ടെന്ന, ആ വാർത്ത സിജോയുടെ മനസ്സിൽ
കിടന്ന് നീറിപ്പുകഞ്ഞു.

പെങ്ങളേ.. നേരമിരുട്ടിത്തുടങ്ങി ,ഇനിയും ഇവിടെ കാത്തിരിക്കുന്നതിൽ അർത്ഥമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല,
നമുക്ക് തല്ക്കാലം എൻ്റെ ഫ്ളാറ്റിലേക്ക് പോകാം ,
എന്നിട്ട്
ഇവിടുത്തെ എഫ് എം റേഡിയോയിൽ വിളിച്ച്, നമുക്ക് ഒരു അനൗൺസ് ചെയ്യിക്കാം, 
ഇത് പോലെയൊരു യുവതി, ഭർത്താവിൻ്റെ നിർദ്ദേശപ്രകാരം ഷാർജയിലെത്തിയിട്ടുണ്ടെന്നും, എൻ്റെ കൂടെ ഫ്ളാറ്റിലുണ്ടെന്നും, പറഞ്ഞ്, ഫ്ലാറ്റിൻ്റെ അഡ്രസ്സും തൻ്റെ ഡീറ്റെയിൽസും കൊടുക്കാം ,അപ്പോഴെന്തായാലും തൻ്റെ ഭർത്താവ് അത് കേട്ട്, തന്നെ കൂട്ടിക്കൊണ്ട് പോകാൻ എൻ്റെ ഫ്ളാറ്റിലേക്ക് വന്ന് കൊള്ളും ,അല്ലാതെ ഇവിടുത്തെ പോലീസിലറിയിച്ചാൽ, 
ചിലപ്പോൾ കുറെ ഫോർമാലിറ്റികളൊക്കെയുണ്ടാവും, അതിന് നമ്മുടെ കുറെ സമയവും പണവുമൊക്കെ ചിലവാക്കേണ്ടി വരും 

ഒരു പക്ഷെ, ഈ പെൺകുട്ടിയെ തീവ്രവാദ ബന്ധമുണ്ടെന്ന സംശയത്തിൽ, ചിലപ്പോൾ പോലീസ് കസ്റ്റഡിയിൽ വെയ്ക്കുമെന്ന ആശങ്ക, 
സിജോയ്ക്കുണ്ടായിരുന്നു.

അയാൾ പറഞ്ഞ ഉപായത്തോട് അശ്വതിക്ക് യോജിപ്പ് തോന്നിയെങ്കിലും ,എന്ത് വിശ്വസിച്ച്, ഒരു പുരുഷൻ്റെയൊപ്പം അയാളുടെ റൂമിലേക്ക് ചെല്ലുമെന്ന ചിന്ത അവളിൽ പിരിമുറുക്കമുണ്ടാക്കി.

ഒരന്യപുരുഷനോടൊപ്പം, എങ്ങിനെ അയാളുടെ ഫ്ളാറ്റിലേക്ക് ചെല്ലുമെന്നായിരിക്കും, അശ്വതിയിപ്പോൾ ചിന്തിക്കുന്നത്
അത് സ്വാഭാവികം ,അശ്വതിയെ ഞാൻ കുറ്റപ്പെടുത്തുന്നില്ല, പക്ഷേ ഈയൊരവസരത്തിൽ, അശ്വതി എന്നെ വിശ്വസിച്ചേ മതിയാകു, അല്ലാതെ മറ്റ് മാർഗ്ഗങ്ങളൊന്നും നമ്മുടെ മുന്നിലില്ല

അയാൾ നിസ്സഹായതയോടെ പറഞ്ഞപ്പോൾ, മറ്റ്മാർഗ്ഗമില്ലാതെ ബാഗുമെടുത്ത് തോളിലിട്ട് കൊണ്ട്, അശ്വതി അയാളെ അനുഗമിച്ചു.

ടാക്സിഡ്രൈവറുമായി, സിജോ മുൻസീറ്റിലിരുന്ന്, അറബിയിൽ എന്തൊക്കെയോ പറഞ്ഞ് ചിരിക്കുന്നത് കേട്ട്, പരിഭ്രമത്തോടെയവൾ പിന്നിലെ സീറ്റിൽ തളർച്ചയോടെയിരുന്നു.

വീട്ടിലിപ്പോൾ, അച്ഛനും അമ്മയുമൊക്കെ താനിവിടെയെത്തിയിട്ട് തിരിച്ച് വിളിക്കുന്നതും പ്രതീക്ഷിച്ചിരുന്നിട്ട്, ഇത് വരെ തൻ്റെ കോള് കാണാത്തത് കൊണ്ട്, അദ്ദേഹത്തിൻ്റെ ഫോണിലേക്കും വിളിച്ചിട്ടുണ്ടാവും, അത് സ്വിച്ച് ഓഫാണെന്നറിയുമ്പോൾ, 
അവരാകെ ഭയന്നിട്ടുണ്ടാവും,
വെറുതെയെന്തിനാ അവരെ കൂടി തീ തീറ്റിക്കുന്നത് ,

അങ്ങനെ ചിന്തിച്ച് കൊണ്ട് അശ്വതി ,സിജോയുടെ കൈയ്യിൽ നിന്നും ഫോൺ വാങ്ങിയിട്ട് വീട്ടിലേക്ക് വിളിച്ചു . 

താനിവിടെയെത്തിയെന്നും, അദ്ദേഹവുമായി റൂമിലേക്ക് പോകുവാണെന്നും, നാളെ വിളിക്കാമെന്നും പറഞ്ഞവൾ ഫോൺ കട്ട് ചെയ്തു.

തിരക്കേറിയ നിരത്തിലൂടെ ടാക്സി ഇഴഞ്ഞ് നീങ്ങുമ്പോൾ, വിശപ്പും ദാഹവും, ഒപ്പം മാനസിക സമ്മർദ്ദവും കൂടി അവളുടെ ശരീരത്തെ ആകെ തളർത്തിക്കളഞ്ഞു.

കടലിനക്കരെ
ഭാഗം -2

അശ്വതീ ..ദേ ഫ്ളാറ്റിലെത്തി

സിജോയുടെ ശബ്ദം കേട്ട് ,പാതി മയക്കത്തിൽ നിന്നും അശ്വതി ഞെട്ടിയുണർന്നു

തിരക്കധികമില്ലാത്ത ഒരു വീതി കുറഞ്ഞ റോഡരികിലെ ഉയരം കുറഞ്ഞൊരു
ബിൻഡിംഗായിരുന്നത്.

നമ്മുടെ ഫ്ളാറ്റ് ഏറ്റവും മുകളിലാ

ലിഫ്റ്റിന് മുന്നിലെത്തി, മുകളിലേക്കുള്ള ആരോമാർക്കിൽ വിരലമർത്തിയിട്ട് സിജോ അവളോട് പറഞ്ഞു.

കുറച്ച് കഴിഞ്ഞപ്പോൾ ലിഫ്റ്റിൻ്റെ വാതിൽ മെല്ലെ തുറന്ന് രണ്ട് ചെറുപ്പക്കാർ വെളിയിലക്കിറങ്ങി വന്നു.

അല്ല ബായി... നിങ്ങളെന്താ ഇത്ര താമസിച്ചത് ,ഇതാരാ ചങ്ങാതി..കൂടെയൊരാള്?

സിജോയുടെ സുഹൃത്തുക്കളായിരുന്നത്, തൊട്ടടുത്ത ഫ്ളാറ്റിലാണവർ താമസിക്കുന്നത് .

ങ്ഹാ ഷെഫിറേ ..ഇതെൻ്റെ വൈഫാണ്, പേര് അശ്വതി

ങ്ഹേ? നിങ്ങളെപ്പോഴാ കല്യാണം കഴിച്ചത്

എല്ലാം പെട്ടെന്നായിരുന്നു ഷെഫീറേ.. ഞാനിവിടുന്ന് പോയിട്ട് നാലു മാസമായില്ലേ?അപ്പോൾ വീട്ടുകാർക്ക് ഒരേ നിർബന്ധം എന്നെക്കൊണ്ട് കല്യാണം കഴിപ്പിച്ചേ അടങ്ങൂന്നു,  പിന്നെ ഞാൻ എതിർത്തില്ല ,ഞാനിങ്ങോട്ട് വരാൻ പോകുന്നെന്നറിഞ്ഞപ്പോൾ, അവൾക്കവിടെ ഒറ്റയ്ക്ക് നില്ക്കാൻ വയ്യെന്ന് പറഞ്ഞ് ,
ഒരേ കരച്ചില് ,ഞാൻ പിന്നെ ,നമ്മുടെ കമ്പനി സി ഈ ഒ യെ വിളിച്ച് പറഞ്ഞ്, ഒരു വിസിറ്റിങ്ങ് വിസ സംഘടിപ്പിച്ച് ഇങ്ങ് കൊണ്ട് പോന്നു

അതേതായാലും നന്നായി, നിങ്ങൾക്കിനി കുറച്ച് നാളത്തേയ്ക്ക് ഉണക്ക കുമ്പൂസ് കഴിക്കണ്ടല്ലോ ,ഓളുടെ കൈ കൊണ്ട് ബെച്ച, നല്ല കോയി ബിരിയാണി തിന്നാല്ലോ?

ങ്ഹാ ,തീർച്ചയായും

എന്നാ നിങ്ങള് ചെല്ല് ,ഇതിൻ്റെ ട്രീറ്റ് തരാൻ മറക്കരുത് കെട്ടാ

ഇല്ല ഷെഫീറേ ... ഒരു ദിവസം റൂമിലേക്ക് വിളിച്ച് നിങ്ങൾക്ക് നല്ലൊരു ഫുഡ് ഞങ്ങള് തരും

എന്നാൽ ശരി ബായ് പിന്നെ കാണാം

അവർ ബൈ പറഞ്ഞ് പോയപ്പോൾ ,അശ്വതിയുടെ മനസ്സിൽ വീണ്ടും ഭീതി നിറഞ്ഞു.

എന്താടോ താൻ പേടിച്ച് പോയോ?
അല്ലാതെ നമ്മളെന്ത് പറയും, സത്യം പറയാമെന്ന് വച്ചാൽ, നമ്മുടെ നാട് പോലെയല്ല ഇവിടെ,
പാകിസ്ഥാനിയും, നേപ്പാളിയും, ബംഗ്ലാദേശുകാരുമൊക്കെ നമ്മുടെ ചുറ്റിനുമുണ്ട്, പലതരം പ്രകൃതമുള്ളവരാ ഓരോരുത്തരും, എൻ്റെയൊപ്പമുള്ളത്, അവകാശികളൊന്നുമില്ലാത്ത ഒരു പെൺകുട്ടിയാണെന്നറിഞ്ഞാൽ, അവരെങ്ങനെയൊക്കെ പെരുമാറുമെന്ന് പറയാൻ കഴിയില്ല, അത് കൊണ്ടാണ്, താൻ എൻ്റെ ഭാര്യയാണെന്ന് എനിക്ക് കളവ് പറയേണ്ടി വന്നത്, 

അശ്വതിയുടെ മുഖത്തെ സംഭ്രമം കണ്ട്, സിജോ അവളെ സമാധാനിപ്പിച്ചു.

ലിഫ്റ്റ് മുകളിലേക്ക് ഉയർന്നപ്പോൾ, പേടിയോടവൾ അവൻ്റെ കൈയ്യിൽ പിടിച്ചു.

ആദ്യമായിട്ടാണല്ലേ, ലിഫ്റ്റിൽ കയറുന്നത് ,

അവളെ കളിയാക്കി കൊണ്ട് സി ജോ ചോദിച്ചു.

അതെ, ഞാൻ സിനിമയിൽ മാത്രമേ ഇത് കണ്ടിട്ടുള്ളു

ജാള്യതയോടെ അവർ പറഞ്ഞു.

അഞ്ചാം നിലയിലെത്തി ,
ലിഫ്റ്റിന് വെളിയിലിറങ്ങിയപ്പോൾ, മുതൽ ,അവളുടെ വയറിന് വല്ലാത്തൊരു അസ്വസ്ഥത തുടങ്ങി.

പന്ത്രണ്ടാം നമ്പർ റൂമിൻ്റെ വാതിൽ തുറന്ന് ,അകത്ത് കയറിയപ്പോൾ ഒരു തരം കനച്ചമണം ,അവളുടെ മൂക്കിലേക്ക് അടിച്ച് കയറി.

നാല് മാസങ്ങളായി, അടഞ്ഞ് കിടക്കുവല്ലേ? അത് കൊണ്ട് നല്ല പൊടിയുണ്ടാവും

ബാഗുകൾ താഴെ വച്ചിട്ട്, അയാൾ അകത്ത് പോയി, ഒരു ചൂല് എടുത്ത് കൊണ്ട് വന്നു.

ഇങ്ങ് തരു, ഞാൻ അടിച്ച് വാരാം നിങ്ങള് പോയി ഫ്രഷായിക്കോ

അശ്വതി അവൻ്റെ കൈയ്യിൽ നിന്നും ,ചൂല് പിടിച്ച് വാങ്ങി.

സിജോ, കുളി കഴിഞ്ഞ് ഇറങ്ങി വരുമ്പോൾ ,അശ്വതി ലിവിങ് റൂമും ബെഡ് റൂമും ബാൽക്കണിയുമൊക്കെ വൃത്തിയാക്കിയതിന് ശേഷം, അടുക്കളയിൽ കയറി എന്തോ പരതുകയായിരുന്നു.

ആഹാ വീട്ടുകാരിയായല്ലോ ?എന്താ അന്വേഷിക്കുന്നത്?

അല്ലാ.. ഇവിടെ ഭക്ഷണമുണ്ടാക്കാനുള്ള സാധനങ്ങളൊന്നും കാണുന്നില്ലല്ലോ?

അവിടെയൊന്നും കാണില്ല,
ഞാനധികവും പുറത്തുന്ന് ഓർഡർ ചെയ്യുവാ ,തനിക്കെന്താ കഴിക്കാൻ വേണ്ടത്, രാത്രിയിൽ സാധാരണ എന്താ കഴിക്കാറുള്ളത്?

എനിക്ക് തത്ക്കാലം ഒന്നും വേണ്ട, സിജോയ്ക്ക് എന്തെങ്കിലും വച്ച് തരാമെന്ന് കരുതിയാ ചോദിച്ചത്

അയ്യോ അങ്ങനെ പട്ടിണി കിടക്കാനൊന്നും പറ്റില്ല ,എന്തെങ്കിലും കഴിച്ചേ പറ്റു

അതല്ല സിജോ എനിക്ക് വയറിന് നല്ല സുഖമില്ല, അസഹ്യമായ വയറ് വേദനയുണ്ട് അത് കൊണ്ടാണ്

എങ്കിലത് പറഞ്ഞാൽ പോരെ, ഞാൻ പുറത്ത് പോയി ഗുളികയും ഫുഡും വാങ്ങി വരാം

അയ്യോ.. ഇതെനിക്ക് സാധാരണ ഉണ്ടാവാറുള്ളതാ ,ഇന്നാണ് ഡേറ്റ്,
ഇങ്ങോട്ട് പോരുന്ന സന്തോഷത്തിൽ, ഞാനതങ്ങ് മറന്ന് പോയി ,അത് കൊണ്ട് മുൻകരുതലൊന്നുമെടുത്തിട്ടില്ല

ഓഹ് മനസ്സിലായി, ബാക്കി പറയേണ്ട ,ആവശ്യമുള്ളതൊക്കെ ഞാൻ ഇപ്പോൾ തന്നെ വാങ്ങിക്കൊണ്ട് വരാം, അശ്വതി അത് വരെ ഒന്ന് റസ്റ്റെടുക്ക് ,ഡോറ് ഞാൻ പുറത്ത് നിന്ന് പൂട്ടിക്കൊള്ളാം

അതും പറഞ്ഞ്, സിജോ പുറത്തിറങ്ങി ഡോറടച്ചപ്പോൾ, അശ്വതിക്ക് എന്തെന്നില്ലാത്ത ആശ്വാസം തോന്നി ,എത്ര നല്ല മനുഷ്യനാണയാൾ ,തൻ്റെ കാര്യത്തിൽ അയാൾക്ക്, എന്ത് നല്ല കെയറിങ്ങാണ്, കല്യാണം കഴിഞ്ഞിട്ട് ഒരു മാസമായെങ്കിലും തൻ്റെ ഭർത്താവു പോലും തന്നോട്ഇത്രയും ആത്മാർത്ഥമായി പെരുമാറിയിട്ടില്ലെന്ന് അവൾ ചിന്തിച്ചു. ഒരു പുരുഷൻ തൻ്റെ കഴുത്തിൽ താലിചാർത്തിയത് കൊണ്ട്, താനയാളുടെ ഭാര്യാ പദവി അലങ്കരിക്കുന്നു എന്നല്ലാതെ, യാതൊരു മാനസികബന്ധവും അദ്ദേഹവുമായി തനിക്ക് ഇത് വരെയുണ്ടായിട്ടില്ല, അദ്ദേഹം ഈ നാട്ടിലേക്ക് ക്ഷണിച്ചപ്പോൾ തൻ്റെ ഉള്ളിൽ ഒരു പാട് സ്വപ്നങ്ങൾ പൊട്ടി മുളച്ചിരുന്നു, തൻ്റെ ഭർത്താവുമായി ഒരു പുതിയ ജീവിതം തുടങ്ങാമെന്ന പ്രതീക്ഷയിലാണ്, താൻ പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷത്തോടെ ഫ്ളൈറ്റിൽ കയറുന്നത് ,അത് കൊണ്ടാണ് ഇവിടെയെത്തിയപ്പോൾ, അദ്ദേഹത്തെ കാണാതിരുന്നത് കൊണ്ട് താനാകെ തകർന്ന് പോയത് ,നാളെയെങ്കിലും അദ്ദേഹത്തെ തിരഞ്ഞ് കണ്ട് പിടിക്കണം

അപ്പോഴാണ് ,സിജോ , എഫ് എം റേഡിയോയിൽ, പരസ്യം കൊടുക്കണമെന്ന് പറഞ്ഞത് അശ്വതി ഓർത്തത്

എന്തായാലും സിജോ വരട്ടെ എന്നിട്ട് പറയാമെന്ന് മനസ്സിലുറപ്പിച്ച് മാറിയുടുക്കാനുള്ള ഡ്രസ്സുമെടുത്ത് കൊണ്ട് അവൾ ബാത്റൂമിലേക്ക് കയറി.

കുളി കഴിഞ്ഞിറങ്ങി വരുമ്പോൾ
സിജോ, കുറെ പൊതികളുമായി തന്നെ കാത്ത് സോഫയിലിരിക്കുന്നത് അശ്വതി കണ്ടു.

ദാ താൻ പറഞ്ഞ സാധനം ,
പിന്നെ ഇത് ചിക്കനും കുബ്ബൂസുമാ,
താൻ റെഡിയായിട്ട് വരികയാണെങ്കിൽ, നമുക്ക് ഒരുമിച്ചിരുന്ന് കഴിക്കാം

അല്ല സിജോ, എഫ് എമ്മിൽ വിളിച്ച് പറഞ്ഞിരുന്നോ?

ഇല്ല ,അത് ശരിയാവില്ല ,
നേരത്തെ നമ്മള് സംസാരിച്ച ഷെഫീറ്, ആ ന്യൂസ് കേട്ടാൽ നമ്മൾ പറഞ്ഞത് കളവാണെന്ന് അവന് മനസ്സിലാവില്ലേ?

അപ്പോൾ പിന്നെ നമ്മളിനി എന്ത് ചെയ്യും

എന്തായാലും നാളെ നേരം വെളുക്കട്ടെ ,എനിക്ക് നാളെ ഉച്ചവരെയേ ഡ്യൂട്ടി ഉണ്ടാവുകയുള്ളു ,അതിന് ശേഷം നമുക്കൊരുമിച്ച് ഒരു സ്ഥലം വരെ പോകാം, ഇവിടുത്തെ പ്രവാസി കൂട്ടായ്മയുടെ സെക്രട്ടറി നജീബിക്കായെ എനിക്ക് വ്യക്തിപരമായി പരിചയമുണ്ട് അയാളോട് നമുക്ക് സത്യം പറയാം കക്ഷി രഹസ്യമായി ഷൈജുവിനെക്കുറിച്ച് അന്വേഷിച്ച് ആളെ നമുക്ക് കണ്ടു പിടിച്ച് തരും,
താനിപ്പോൾ ഭക്ഷണം കഴിച്ച് ,സമാധാനമായി കിടന്നുറങ്ങ് ,ബാക്കിയൊക്കെ നാളെ

സിജോയുടെ വാക്കുകൾ വിശ്വസിച്ച് , അവൻ്റെ നിർബന്ധത്തിന് വഴങ്ങി, വിശപ്പില്ലാതിരുന്നിട്ടും അവൾ എന്തൊക്കെയോ കഴിച്ചെന്ന് വരുത്തി എഴുന്നേറ്റ് കൈ കഴുകി

ഉറങ്ങാറായെങ്കിൽ ബെഡ് റൂമിൽ പോയി, കതകടച്ച് കിടന്നോളു ,ഞാനിവിടെ സോഫയിൽഷീറ്റ് വിരിച്ച് കിടന്നോളാം

സിജോ അത് പറഞ്ഞപ്പോൾ അശ്വതിക്ക് എന്തെന്നില്ലാത്ത ആശ്വാസം തോന്നി

അവന് ഗുഡ് നൈറ്റ് പറഞ്ഞിട്ട്, അശ്വതി ബെഡ് റൂമിൽ കയറി ഭദ്രമായി, കതക് ചേർത്തടച്ച് കുറ്റികൾ രണ്ടുമിട്ടു.

കട്ടിലിലേക്ക് വീഴേണ്ട താമസം ക്ഷീണം കൊണ്ടവൾ ഉറങ്ങി പോയി.

പിറ്റേന്ന് ഉറക്കമുണരുമ്പോൾ ജനൽ ഗ്ളാസ്സിലൂടെ പുറത്തെ വെയിൽ കണ്ടപ്പോഴാണ് നേരം ഒരു പാടായെന്ന് അവൾക്ക് മനസ്സിലായത്

ചാടിയെഴുന്നേറ്റ്, കതക് തുറന്ന് പുറത്തിറങ്ങിയപ്പോൾ സോഫയിൽ സിജോയെ കണ്ടില്ല

ടീപ്പോയ്ക്ക് മുകളിൽ ഒരു പൊതിയും അതിന് മുകളിൽ ഒരു പേപ്പറും പേനയും മടക്കി വച്ചിരിക്കുന്നത് കണ്ട് ആകാംക്ഷയോടെ അശ്വതി അതെടുത്ത് വായിച്ചു.

ഞാൻ ഡ്യുട്ടിക്ക് പോകുവാണ് ,ഈ പൊതിയിൽ രാവിലെ കഴിക്കാനുള്ള ഫുഡാണ് അതും കഴിച്ച് സമാധാനത്തോടെ ഇരിക്കുക ,ഞാൻ ഉച്ചയ്ക്ക് തിരിച്ച് വരും, എന്നിട്ട് നമുക്കൊരുമിച്ച് നജീബിനെ കാണാൻ പോകാം

കത്ത് വായിച്ചിട്ട് സമാധാനത്തോടെയാൾ ഫ്രഷാകാനായി ബാത്റൂമിലേക്ക് കയറി

ഉച്ചയ്ക്ക് കൃത്യമായി സിജോ റൂമിലെത്തി

അശ്വതി പോകാൻ തയ്യാറായി ഇരിക്കുകയായിരുന്നു

സിജോയോടൊപ്പം ഫ്ളാറ്റിൽ നിന്നിറങ്ങുമ്പോൾ ഇന്നെങ്കിലും അദ്ദേഹത്തെ കാണാൻ കഴിയണേ എന്ന പ്രാർത്ഥനയായിരുന്നു അവളുടെ മനസ്സിൽ

ലിഫ്റ്റിറങ്ങി ചെല്ലുമ്പോൾ ,സിജോ വന്ന ടാക്സി, താഴെ കാത്ത്കിടപ്പുണ്ടായിരുന്നു.

അശ്വതിയെയും കൂട്ടി
നജീബിൻ്റെ ഓഫീസിലെത്തുമ്പോൾ, ഭാഗ്യത്തിന് അയാളവിടെ ഉണ്ടായിരുന്നു.

സിജോ നജീബിനോട്, കാര്യങ്ങളെല്ലാം തുറന്ന് പറഞ്ഞു

ങ്ഹാ സിജോ, ഇന്നലെ എമിറേറ്റ്സ് റോഡിൽ ഒരാക്സിഡൻ്റുണ്ടായെന്നും അതിലൊരു മലയാളിയാണെന്നും പറഞ്ഞ് കുറച്ച് മുമ്പ് എനിക്കൊരു കോൾ വന്നിരുന്നു, ഞാനങ്ങോട്ട് പോകാൻ തുടങ്ങുവായിരുന്നു ഒരു കാര്യം ചെയ്യ് നിങ്ങളും കൂടി എൻ്റെ കൂടെ വാ നിങ്ങൾ പറയുന്ന ആളാണോ എന്ന് നമുക്ക് നോക്കാമല്ലോ

അത് കേട്ടപ്പോൾ അശ്വതിയുടെ ഉള്ളിൽ ഒരു ഞെട്ടലുണ്ടായി .


കടലിനക്കരെ
ഭാഗം-3

ഹോസ്പിറ്റലിൻ്റെ വിശാലമായ പാർക്കിങ്ങ് ഏരിയയിൽ കാറ് ഒതുക്കി നിർത്തുമ്പോൾ അശ്വതിയുടെ ഹൃദയം 
പട പട മിടിക്കുന്നുണ്ടായിരുന്നു.

നജീബ് ,തിരക്കേറിയ എൻക്വയറി ഡെസ്കിലെ സ്റ്റാഫിനോട് , വിവരങ്ങൾ ആരായുമ്പോഴും, അത് തൻ്റെ ഭർത്താവ് ആയിരിക്കരുതേ എന്നാണ് അശ്വതി പ്രാർത്ഥിച്ചത്.

വരൂ നമുക്ക് ഐസിയുവിലേക്ക് ചെല്ലാം, ഇവിടെ അഡ്മിറ്റ് ചെയ്തിരിക്കുന്നയാളുടെ ഡീറ്റൈൽസ് ഒന്നും ഇവർക്ക് അറിയില്ല ,ആക്സിഡൻറുണ്ടായ സമയത്ത് മലയാളത്തിലെന്തോ സംസാരിച്ചതിൽ നിന്നുമാണ് അതൊരു മലയാളിയാണെന്ന് തിരിച്ചറിഞ്ഞത് ,അതിന് ശേഷം അയാളുടെ ബോധം നഷ്ടപ്പെട്ടു
ഇനി, അശ്വതി വേണം ആളെ ഐഡൻറിഫൈ ചെയ്യാൻ

ഡോക്ടറുടെ പെർമിഷനോടെ ഐസിയുവിലേക്ക് കയറുമ്പോൾ അശ്വതിയുടെ ശരീരത്തിന് ഭാരക്കുറവ് അനുഭവപ്പെട്ടു

കൂടെ വന്ന നഴ്സ് ചൂണ്ടിക്കാണിച്ച ബെഡ്ഡിലേക്ക് അവൾ ആശങ്കയോടെ നോക്കി

അല്ല ഇതല്ല ഇതെൻ്റെ ഭർത്താവല്ല

ആശ്വാസത്തോടെ അവൾ സ്വയം പിറുപിറുത്തു

വേഗം തന്നെ, ഐ സി യു വി ന് വെളിയിലിറങ്ങി സിജോയോടും, നജീബിനോടും വിവരം പറഞ്ഞ് ഹോസ്പിറ്റലിൽ നിന്നിറങ്ങുമ്പോൾ
തൻ്റെ ഭർത്താവിൻ്റെ തിരോധാനം ഒരു ചോദ്യചിഹ്നമായി അവളുടെ ചിന്തകളെ ചുട്ട് പൊള്ളിച്ചു.

പ്രത്യേകിച്ച് സംഭവ വികാസങ്ങളൊന്നുമില്ലാതെ ആ ദിവസവും കടന്ന് പോയി.

പിറ്റേന്ന്, അശ്വതി നേരത്തെ എഴുന്നേറ്റു, തലേ ദിവസം ഹോസ്പിറ്റലിൽ നിന്ന് തിരിച്ച് വരുന്ന വഴി ,സൂപ്പർ മാർക്കറ്റിൽ കയറി ,അത്യാവശ്യം വേണ്ട പലവ്യഞ്ജനങ്ങളൊക്കെ, സിജോയെക്കൊണ്ടവൾ വാങ്ങിപ്പിച്ചിരുന്നു ,തനിക്ക് സംരക്ഷണവും ,സഹായവും ചെയ്യുന്നയാൾക്ക് ,രുചിയുള്ള ആഹാരമെങ്കിലും വച്ച് കൊടുക്കണമെന്ന് അവൾ തീരുമാനിച്ചിരുന്നു.

സിജോ കമ്പനിയിൽ പോകുന്നതിന് മുമ്പ് ,അശ്വതി ബ്രേക്ക് ഫാസ്റ്റ് തയ്യാറാക്കി ടേബിളിൽ കൊണ്ട് വച്ചു.

താനും കൂടെയിരിക്ക്, 
നമുക്കൊരുമിച്ച് കഴിക്കാം

വേണ്ട സിജോ, ഞാൻ പിന്നെ കഴിച്ചോളാം ,എനിക്കൊന്ന് ഫ്രഷാകാനുണ്ട്

എന്നാൽ ശരി, ഉച്ചയ്ക്ക് ഞാൻ കഴിവതും നേരത്തെ വരാം, ഇന്ന് നമുക്ക് ഇവിടുത്തെ ബീച്ചിലും പാർക്കിലുമൊക്കെ ഒന്ന് പോയി നോക്കാം, എവിടെയെങ്കിലും വച്ച് ഷൈജുവിനെ കാണാതിരിക്കില്ല

ഉം അത് വേണം ,
എങ്ങനെയെങ്കിലും അദ്ദേഹത്തെ കണ്ടെത്തണം, എന്നാലേ എനിക്ക് സമാധാനമാവു ,ഇനി അഥവാ എന്തെങ്കിലും ദുരുദ്ദേശത്താൽ എന്നെ മനപ്പൂവ്വം ചീറ്റ് ചെയ്യാൻ ശ്രമിച്ചതാണെങ്കിൽ ,പിന്നെ എനിക്ക് ഇവിടെ തങ്ങാൻ താല്പര്യമില്ല ,സിജോയെ ബുദ്ധിമുട്ടിക്കാൻ നില്ക്കാതെ ഞാൻ തിരിച്ച് പൊയ്ക്കോള്ളാം ,അത് വരെ നിങ്ങളെന്നെ ഒന്ന് സഹായിക്കണം,

ഹേയ് എന്താടോയിത്, താൻ നെർവ്വസാകാതെ, നമുക്ക് വഴിയുണ്ടാക്കാം ,
ഞാനെന്തായാലും പോയിട്ട് വരാം

യാത്ര പറഞ്ഞ് സിജോ പോയപ്പോൾ, അശ്വതി അകത്ത് കയറി ഭദ്രമായി കതകടച്ച് കുറ്റിയിട്ടു.

ഉച്ചകഴിഞ്ഞ് പാർക്കിലും ബീച്ചിലുമൊക്കെ തൻ്റെ ഭർത്താവിനെ തിരഞ്ഞ് നടന്നെങ്കിലും, അശ്വതിക്ക് പ്രതീക്ഷിച്ച പോലെ, അയാളെ കണ്ടെത്താനായില്ല , 

ഇരുൾ വീണ നിരത്തുകളിൽ, നിയോൺ ബൾബുകൾ വെളിച്ചം വിതറിയപ്പോൾ, അന്നത്തെ തിരച്ചിലവസാനിപ്പിച്ച് നിരാശയോടെയവൾ, 
സിജോയോടൊപ്പം ഫ്ളാറ്റിലേക്ക് മടങ്ങി.

മൂന്നാം ദിവസം കമ്പനിയിൽ നിന്നും സിജോ വന്നത്, അശ്വതിയെ ഞെട്ടിക്കുന്ന ഒരു വാർത്തയുമായിട്ടാണ്.

ഞാൻ പറയുന്നത് സംയമനത്തോടെ വേണം, താൻ ഉൾക്കൊള്ളാൻ

എന്താണെങ്കിലും പറയു സിജോ, എന്തും നേരിടാൻ ഞാനെൻ്റെ മനസ്സിനെ പാകപ്പെടുത്തിക്കഴിഞ്ഞു

അശ്വതീ.. ഞാനിന്ന് ഇവിടുത്തെ ഒരു പ്രമുഖ ഷോപ്പിങ്ങ് മാളിലെ എൻ്റെ ഒരു സുഹൃത്തിനെ കണ്ടിരുന്നു ,അവനെ ഞാൻ അശ്വതി തന്ന ഷൈജുവിൻ്റെ ഫോട്ടോ കാണിച്ചു ,അത് കണ്ടയുടനെ അവന് ആളെ മനസ്സിലായി, ഷൈജു ഇടയ്ക്കിടെ അവിടെ ചെല്ലാറുണ്ടായിരുന്നു, അത് മറ്റൊന്നുമല്ല ആ മാളിലെ സെയിൽസ് മാനേജരായ ശ്രീലങ്കക്കാരിയുമായി അയാൾക്ക് അടുപ്പമുണ്ടായിരുന്നു, കഴിഞ്ഞയാഴ്ച അവരെ അബുദാബിയിലെ ബ്രാഞ്ചിലേക്ക് ട്രാൻസ്ഫർ ചെയ്തപ്പോൾ, അവരെ എയർപോർട്ടിലേക്ക് കാറിൽ കൊണ്ട് പോയത് എൻ്റെയീ സുഹൃത്തായിരുന്നു, അന്നവരെ കാത്ത്,  ഷൈജു എയർപോർട്ടിൽ നില്പുണ്ടായിരുന്നെന്നും ,
ഷൈജുവും അവരോടൊപ്പം വിമാനത്താവളത്തിനകത്തേക്ക് കയറി പോകുന്നത് കണ്ടെന്നുമാണ് ,അവൻ എന്നോട്  പറഞ്ഞത്,
അങ്ങനെയെങ്കിൽ, അയാൾ ആ ശ്രീലങ്കക്കാരിയോടൊപ്പം, ഇപ്പോൾ അബുദാബിയിലെ ഏതെങ്കിലും ഫ്ളാറ്റിലുണ്ടാവും, നമുക്ക് വേണമെങ്കിൽ നാളെ അവിടെ വരെ പോകാം

വേണ്ടാ ... വേണ്ട സിജോ, ഇനി എനിക്കയാളെ കാണേണ്ട, ഇത് വരെ അയാൾക്ക് എന്തെങ്കിലും അപകടം പിണഞ്ഞിട്ടുണ്ടാവുമോ എന്നായിരുന്നു എൻ്റെ ഉത്ക്കണ്ഠ,
എന്നെ വഞ്ചിക്കുകയായിരുന്നെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല , മറ്റൊരുത്തിയോടൊപ്പം മനസ്സും ശരീരവും പങ്ക് വച്ച അയാളെ ,എനിക്കിനി ആവശ്യമില്ല, അതിന് വേണ്ടി ഒരു നിമിഷം പോലും ഇവിടെ ചിലവഴിക്കാൻ എനിക്കാഗ്രഹവുമില്ല, എനിക്ക് തിരിച്ച് നാട്ടിലേക്ക് മടങ്ങണം, പക്ഷേ, പ്രായമായ  എൻ്റെ അച്ഛനോടും അമ്മയോടും ഞാനെന്ത് സമാധാനം പറയും ?

അശ്വതി അയാളുടെ മുന്നിൽ നിന്ന് പൊട്ടിക്കരഞ്ഞു.

കൂൾ ഡൗൺ അശ്വതി.. തനിക്ക് ഒന്നും നഷ്ടപ്പെട്ടിട്ടില്ല എന്ന് കരുതി സമാധാനിക്കു ,നമുക്ക് നിയമപരമായി മുന്നോട്ട് പോകാം,
എന്നിട്ട് നഷ്ടപരിഹാരത്തിന് കേസ്സ് കൊടുക്കാം

എന്തിനാ സിജോ വെറുതെ,
എനിക്ക് നഷ്ടപ്പെട്ട എൻ്റെ ജീവിതത്തെക്കാൾ വലുതല്ലല്ലോ
കുറെ പണവും സ്വർണ്ണവുമൊക്കെ? എടുത്തോട്ടെ, എല്ലാം അയാൾ എടുത്തോട്ടെ, ഞാനെല്ലാം ഈശ്വരന് മുന്നിൽ സമർപ്പിക്കുവാണ്, എന്നെ ചതിച്ചതിൻ്റെ ശിക്ഷ, ദൈവം
അവന് കൊടുത്ത് കൊള്ളും,
സിജോ എനിക്ക് നാട്ടിലേക്ക് പോകാനുള്ള ഒരു സഹായം ചെയ്ത് തരണം, ഇത് വരെ ചിലവായതെല്ലാം, ഞാൻ സിജോയുടെ അക്കൗണ്ടിലേക്ക് ഇട്ട് തരാം

ഹേയ് ,താനങ്ങനെയൊന്നും ഇപ്പോൾ ചിന്തിക്കേണ്ട ,പോകാനുള്ള സൗകര്യങ്ങളൊക്കെ, ഞാൻ ശരിയാക്കിത്തരാം, പക്ഷേ താനിപ്പോൾ നാട്ടിലേക്ക് ചെന്നാൽ, തൻ്റെ ജീവിതം ഇങ്ങനെയൊക്കെ ആയിപ്പോയെന്നറിയുമ്പോൾ, അച്ഛനും അമ്മയ്ക്കും അത് സഹിക്കാൻ കഴിയുമോ ? ഞാൻ പറയുന്നത്, താനിങ്ങോട്ട് രണ്ട് മാസത്തേയ്ക്കല്ലേ വന്നിരിക്കുന്നത് ,ഏതായാലും അത് വരെ ഇവിടെ നില്ക്ക്, അതിനുള്ളിൽ നമുക്ക് പതിയെ അച്ഛനേയും അമ്മയേയും, കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്താം

അത് വരെ ഞാനിവിടെ സിജോയെ ബുദ്ധിമുട്ടിച്ച് കൊണ്ട് എങ്ങനെ കഴിയും

അങ്ങനെയൊരു കോംപ്ലക്സുണ്ടെങ്കിൽ, എൻ്റെ സിഇഓ യോട് പറഞ്ഞ്, തനിക്കവിടെ തല്ക്കാലം 
പാർട്ട്ടൈം ജോബ് എന്തേലും ശരിയാക്കാം, വലിയ ശബ്ബളമൊന്നുമുണ്ടാവില്ല, 
തനിക്കിവിടെ തനിച്ചിരിക്കുമ്പോഴുള്ള ബോറടി ഒന്ന് മാറിക്കിട്ടും ,അത്ര തന്നെ

സിജോ പറഞ്ഞതിനോട് ,മനസ്സില്ലാ മനസ്സോടെയവൾ സമ്മതം മൂളി.

രണ്ട് ദിവസത്തിന് ശേഷം അശ്വതിയും, സിജോയോടൊപ്പം കമ്പനിയിൽ പോകാൻ തുടങ്ങി.

ദിവസങ്ങൾ കടന്ന് പോയി.

പതിയെ പതിയെ, അശ്വതിയിൽ മാറ്റങ്ങൾ വന്ന് തുടങ്ങി ,ഇടയ്ക്കിടെ നാട്ടിലേക്ക് വിളിച്ച് ,അച്ഛൻ്റെയും അമ്മയുടെയും സുഖവിവരങ്ങൾ അന്വേഷിക്കും ,ഷൈജുവിനെക്കുറിച്ച് അവർ ചോദിക്കുമ്പോൾ, ജോലിക്ക് പോയിരിക്കുവാണെന്ന് കളവ് പറയും

എൻ്റെ വിസാ കാലാവധി അവസാനിക്കാറായി

ഒരു ദിവസം അത്താഴം കഴിക്കുമ്പോൾ, അശ്വതി സിജോയെ ഓർമ്മിപ്പിച്ചു.

ഉം, എനിക്കോർമ്മയുണ്ട്, ഞാൻ നാളെത്തന്നെ പോയി ടിക്കറ്റ് ബുക്ക് ചെയ്യാം

അല്ലാ.. ഞാനൊരു കാര്യം ചോദിച്ചോട്ടെ? എനിക്കീ കമ്പനിയിൽ സ്ഥിരമായിട്ടൊരു ജോലി തരപ്പെടുത്താൻ സിജോയ്ക്ക് കഴിയുമോ?

അതെന്താ, തനിക്കപ്പോൾ നാട്ടിൽ പോകണ്ടെ?

നാട്ടിൽ പോയാലും, എനിക്കിനി ജീവിക്കാൻ മറ്റ് മാർഗ്ഗമൊന്നുമില്ലല്ലോ?
പ്രായമായ മാതാപിതാക്കളെ ഇനിയും ബുദ്ധിമുട്ടിക്കുന്നത് ശരിയല്ലല്ലോ ?എനിക്കിനി
സ്വന്തം കാലിൽ നില്ക്കണം,
അതാണ് എൻ്റെ ഇപ്പോഴത്തെ ലക്ഷ്യം

ഉം നല്ല തീരുമാനമാണ് ,കുറച്ച് ബുദ്ധിമുട്ടിയാണെങ്കിലും,
ഒരു ലേബർ വിസ നമുക്ക് സംഘടിപ്പിക്കാം ,നാളെ തന്നെ ഞാൻ എംഡിയെ കണ്ട്, കാര്യങ്ങൾ സംസാരിക്കാം

അശ്വതി മാറുകയായിരുന്നു,
ഗ്രാമീണതയുടെ നിഷ്കളതയിൽ ഒതുങ്ങി ജീവിച്ചിരുന്ന അവൾ, തൻ്റേടവും കരുത്തുമുള്ള സ്ത്രീയായി പുനർജ്ജനിക്കുകയായിരുന്നു.


കടലിനക്കരെ
ഭാഗം-4

ഇവിടെ നിന്ന് അബുദാബിയിലേക്ക് എത്ര ദൂരമുണ്ട്?

കമ്പനി വക ക്യാൻറീനിൽ, ഉച്ചഭക്ഷണത്തിനിരിക്കുമ്പോൾ ,
കൂടെ ജോലി ചെയ്യുന്ന, മലയാളം ഭാഗികമായി സംസാരിക്കുന്ന , ചൈനക്കാരിയോട് അശ്വതി ചോദിച്ചു .

ഷാർജ റ്റു അബുദാബി ,വൺ സിക്സ്റ്റി കിലോമീറ്റർ ഒൺലി

ങ്ഹേ, അത്രയുള്ളോ ?

അതിശയോക്തിയോടെ അശ്വതി ചോദിച്ചു.

യെസ് മാം, ഇവിടുന്ന് എപ്പോഴും അങ്ങോട്ടുള്ള ബസ്സ് കിട്ടും, വാട്ട് ഹാപ്പെൻഡ്?

ഹേയ് ഒന്നുമില്ല

അശ്വതിയുടെ മനസ്സിൽ കിടന്ന്
ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങൾ,  അവളെ ശ്വാസം മുട്ടിച്ചു.

രാവിലെ കമ്പനിയുടെ മുന്നിൽ എംഡി യുടെ കാറ് കാണാതിരുന്നത് കൊണ്ട് ,അദ്ദേഹം
ലീവാണോന്നറിയാനാണ്, അടുത്തിരുന്ന യാങ്ങ്ചൂയിയോട് വെറുതെ ഒരു കുശലം ചോദിച്ചത്.

അപ്പോഴാണ് എംഡി അബുദാബിയിൽ ഒരു മീറ്റിംഗിന് പോയെന്നും ഉച്ചകഴിഞ്ഞ് തിരിച്ച് വരുമെന്നും അവൾ പറഞ്ഞത്.

ങ്ഹേ അബുദാബിയിലേക്ക് കാറിൽ പോയോ?

താനപ്പോൾ ജിജ്ഞാസയോടെ ചോദിച്ചു.

യെസ് മാം ,അവര് കാറിലാണ് പോയത്

യാംങ്ങ്ചൂയി തറപ്പിച്ച് പറഞ്ഞപ്പോഴാണ്, ഷാർജയിൽ നിന്നും അബുദാബിയിലേക്കുള്ള ദൂരമെത്രയാണെന്ന് ,അശ്വതി അവളോട് ചോദിച്ചത്.

ഷാർജയിൽ നിന്നും ബസ്സ് മാർഗ്ഗം പോകാവുന്ന അബുദാബിയിലേക്ക് ഷൈജുവും കാമുകിയും ഫ്ളൈറ്റിൽ പോയെന്ന്, സിജോ പറഞ്ഞത് എന്ത് കൊണ്ടായിരിക്കും?

അശ്വതിയുടെ മനസ്സിൽ സംശയത്തിൻ്റെ വിത്തുകൾ പൊട്ടി മുളയ്ക്കാൻ തുടങ്ങി.

സിജോ, തന്നോട് കള്ളം പറഞ്ഞതാവുമോ?

ഹേയ്, തൻ്റെ ഭർത്താവിനെ കുറിച്ച് അയാൾക്ക് അങ്ങനെയൊരു വാർത്ത സൃഷ്ടിക്കേണ്ട കാര്യമുണ്ടോ ,തന്നെയും ഷൈജുവിനെയും തമ്മിൽ തെറ്റിച്ചിട്ട് അയാൾക്ക് എന്ത് കിട്ടാനാ ,ഇനി അഥവാ തന്നോട് എന്തെങ്കിലും ആകർഷണം തോന്നിയത് കൊണ്ടാണെങ്കിൽ, ഇത് വരെ ,അയാൾ തന്നോട് ,ഒരു വാക്കോ, നോക്കോ കൊണ്ട് മോശമായി പെരുമാറിയിട്ടില്ല

അപ്പോൾ പിന്നെ അയാളേ സംശയിക്കേണ്ട കാര്യമുണ്ടോ ?

അങ്ങനെയൊരു ചോദ്യം അവളുടെ മനസ്സിനെ അലട്ടിയപ്പോൾ അതിലെന്തെങ്കിലും വാസ്തവമുണ്ടോ എന്നറിയാൻ അന്ന് മുതൽ അശ്വതി ,
സിജോയെ, അയാളറിയാതെ നിരീക്ഷിക്കാൻ തുടങ്ങി.

ഒരു വെള്ളിയാഴ്ച ദിവസം പൊതു അവധിയായിരുന്നത് കൊണ്ട് ,സിജോ കൂട്ടുകാരോടൊപ്പം പുറത്ത് പോയ സമയത്ത്, അശ്വതി ഫ്ളാറ്റ് വൃത്തിയാക്കാനായി സാധനങ്ങളൊക്കെ അടുക്കി വയ്ക്കുമ്പോഴാണ്, ബെഡ്റൂമിലെ ഷെൽഫിലിരുന്ന ഡയറിയിൽ നിന്നും ഒരു കളർ ഫോട്ടോ താഴെ വീണത്

കൗതുകത്തോടെ അതെടുത്ത് നോക്കിയ അശ്വതി ,ഞെട്ടിവിറച്ച് പോയി.

ഏതോ ഒരു പാർക്കിൽ വച്ച്
നാല് കൂട്ടുകാർ ചേർന്നെടുത്ത ഫോട്ടോ ആയിരുന്നത് ,

ആ ഗ്രൂപ്പ് ഫോട്ടോയിൽ ,
അടുത്ത ഫ്ളാറ്റിലെ ഷെഫീറിനെയും ,ബിജുവിനെയും കൂടാതെ, സിജോയുടെ തോളിൽ കൈയ്യിട്ട് നില്ക്കുന്നത് ,
തൻ്റെ ഭർത്താവ് ഷൈജുവാണെന്നറിഞ്ഞ നിമിഷം, തല കറങ്ങി താഴെ വീണ് പോകുമെന്നവൾക്ക് തോന്നി .

അപ്പോൾ തൻ്റെ ഭർത്താവുമായി സിജോയ്ക്കും, കൂട്ടുകാർക്കും നേരത്തെ പരിചയമുണ്ടായിരുന്നോ?
എന്നിട്ട് അതും തന്നിൽ നിന്ന് അവർ മറച്ച് വച്ചെങ്കിൽ,ഷൈജുവിനെ കാണാതായത് ,ഇവരറിഞ്ഞിട്ട് തന്നെയാവണം

തൻ്റെ ഭർത്താവിൻ്റെ തിരോധാനത്തിൽ സിജോയ്ക്കും, കൂട്ടുകാർക്കും വ്യക്തമായ പങ്കുണ്ടെന്ന് അവൾക്ക് ബോധ്യമായി

പക്ഷേ, അദ്ദേഹത്തിനെ ഇവർ എന്ത് ചെയ്തെന്നറിയണമെങ്കിൽ താനിനിയും ഒരുപാട് കാത്തിരിക്കേണ്ടി വരും ,അല്ലാതെ അവിവേകം കാണിച്ചാൽ, ഒരു പെണ്ണായ തനിക്ക്, എന്തും ചെയ്യാൻ മടിയില്ലാത്ത, സിജോയുടെയും ,കൂട്ടുകാരുടെയും മുന്നിൽ ,പിടിച്ച് നില്ക്കാൻ കഴിയില്ലന്ന് അവൾക്ക് ബോധ്യമായി

അറിഞ്ഞിടത്തോളം, സിജോ തന്നിൽ നിന്നും എന്തൊക്കെയോ മറച്ച് വയ്ക്കുന്നുണ്ട്  ,അതിൻ്റെ പിന്നിലെ ദുരൂഹതകൾ ചികഞ്ഞെടുത്താലേ, ഷൈജുവിന് എന്ത് സംഭവിച്ചു എന്നതിനെക്കുറിച്ച് ,തനിക്ക് ഒരു ഏകദേശ ധാരണയുണ്ടാവുകയുള്ളു, എന്ന് മനസ്സിലാക്കിയ അശ്വതി, ക്ഷമയോടെ സിജോയുടെ ഓരോ നീക്കവും നിരീക്ഷിച്ചു.

അതിനായി അവൾ, സിജോയുടെ ഫോൺ കോളുകൾ പരിശോധിക്കാനുള്ള ശ്രമം തുടങ്ങി

ഒരു ദിവസം സിജോ, കുളിക്കാൻ കയറിയ തക്കം നോക്കി ,അശ്വതി അവൻ്റെ ഫോണിലെ, ഓട്ടോമാറ്റിക്ക് റെക്കോർഡിങ്ങ് ഓൺ ചെയ്ത് വച്ചു

അത് കഴിഞ്ഞുള്ള ദിവസങ്ങളിൽ റെക്കോഡ് ചെയ്യപ്പെട്ട കോളുകൾ സിജോ അറിയാതെ അശ്വതി പ്ളേ ചെയ്ത് നോക്കിയെങ്കിലും സംശയാസ്പദമായ ഒന്നും തന്നെ കേൾക്കാൻ കഴിഞ്ഞില്ല

പക്ഷേ ഒരു ദിവസം അവൾ പ്രതീക്ഷിച്ചിരുന്ന ആ സംഭാഷണം അശ്വതിയുടെ കാതുകളിൽ ഇടിമുഴക്കം സൃഷ്ടിച്ചു.

പ്രവാസി മലയാളി കൂട്ടായ്മയുടെ സെക്രട്ടറി നെജീബ്, സിജോയുമായി സംസാരിക്കുന്ന റെക്കോർഡിങ്ങായിരുന്നത്

സംഭാഷണത്തിൽ, നജീബ് ഒരു നാണയത്തെക്കുറിച്ച് ചോദിക്കുന്നതും, അത് ഇത് വരെ അശ്വതിയിൽ നിന്നും തനിക്ക് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നുമാണ്, സിജോ നജീബിനോട്പറഞ്ഞത് .

അപ്പോഴാണ്, താൻ നാട്ടിൽ നിന്ന് വരാനൊരുങ്ങുമ്പോൾ ഷൈജു, തന്നെ വിളിച്ച് വളരെ രഹസ്യമായി പറഞ്ഞ കാര്യം അശ്വതിയുടെ മനസ്സിലേക്കോടി വന്നത്

ങ്ഹാ ,അശ്വതീ.. എൻ്റെ അലമാരയുടെ ട്രേയിൽ 111 എന്നെഴുതിയ ഒരു നാണയം സൂക്ഷിച്ച് വച്ചിട്ടുണ്ട് നീ ഇങ്ങോട്ട് പോരുമ്പോൾ അത് വളരെ രഹസ്യമായി എൻ്റെ കയ്യിൽ കൊണ്ട് തരണം ,ഒരു കാരണവശാലും നിൻ്റെ ബാഗിലോ സ്യൂട്ട്കെയ്സിലോ വയ്ക്കരുത് നിൻ്റെ ശരീരത്തിലെവിടെയെങ്കിലും ഒളിച്ച് വച്ച് വേണം അത് കൊണ്ട് വരാൻ അതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് നീയിവിടെയെത്തിയിട്ട് ഞാൻ പറയാം ,ഒരു കാരണവശാലും അത് നഷ്ടപ്പെടുത്തരുത്

ഇത്ര ആത്മാർത്ഥമായിട്ട് അതിന് മുമ്പ് അദ്ദേഹം തന്നോട് സംസാരിച്ചിട്ടില്ലെന്ന് താനന്ന് ഓർക്കുകയും ചെയ്തു

എന്തായാലും, അദ്ദേഹം പറഞ്ഞത് പോലെ ,അതിൻ്റെ പ്രാധാന്യമുൾക്കൊണ്ട്, താനന്ന് ആ നാണയം തൻ്റെ ബോക്സ് രൂപത്തിലുള്ള താലിയുടെ ഉള്ളിൽ സൂക്ഷിച്ച് വച്ച് കൊണ്ടാണ് വീട്ടിൽ നിന്നും യാത്ര തിരിച്ചത്

എന്താക്കെ നഷ്ടപ്പെട്ടാലും തൻ്റെ കഴുത്തിൽ എപ്പോഴും കിടക്കുന്ന ,അദ്ദേഹമണിയിച്ച കെട്ട്താലി താൻ നഷ്ടപ്പെടുത്തില്ലെന്ന ബോധ്യമുള്ളത് കൊണ്ടാണ് ആ നാണയം അവിടെ തന്നെ ഭദ്രമായി സൂക്ഷിച്ച് വച്ചത് .

നജീബ്, സിജോയോട് പറഞ്ഞതും ആ നാണയത്തെക്കുറിച്ച് തന്നെയാണെന്ന് അശ്വതി ഉറപ്പിച്ചു

പക്ഷേ, ആ നാണയത്തിന് എന്താണിത്ര പ്രത്യേകത?

അതിനി വിലപിടിപ്പുള്ള വല്ല ലോഹവുമാണോ?

അങ്ങനെയാണെങ്കിൽ ,സ്വന്തം കൂട്ടുകാരനെ ഇല്ലായ്മ ചെയ്ത് തട്ടിയെടുക്കാനും മാത്രം, വില പിടിപ്പുള്ളതാണോ അതിൻ്റെ മൂല്യം

അതിന് വേണ്ടി അവർ തൻ്റെ ഭർത്താവിനെ കൊന്ന് കാണുമോ

സങ്കടവും ജിജ്ഞാസയും കൊണ്ട് അശ്വതിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി

അല്പം കഴിഞ്ഞ് എന്തോ തീരുമാനിച്ചുറച്ച പോലെ അശ്വതി എഴുന്നേറ്റു

അപ്പോഴേക്കും സിജോ കുളികഴിഞ്ഞ് ബാത്റൂമിൽ നിന്നിറങ്ങി വന്നു

സിജോ നമുക്കിന്ന് ഔട്ടിങ്ങിന് പോയാലോ

ഓഹ് അതിനെന്താ പോയേക്കാം എങ്ങോട്ടാ പോകേണ്ടതെന്ന് പറഞ്ഞാൽ മതി

നമുക്കിന്ന് ബീച്ചിൽ പോകാം എനിക്കവിടുത്തെ കടലിലേക്ക് നീണ്ട് കിടക്കുന്ന പാലത്തിൽ നിന്ന് അല്പം കാറ്റ് കൊള്ളണം

ആഹാ കൊള്ളാമല്ലോ എന്താ വല്ല കവിതയുമെഴുതാൻ പ്ളാനുണ്ടോ

ഹേയ് ഒരു മോഹം, അത്ര തന്നെ

ഓകെ ഞാൻ ദേ ഇപ്പോൾ റെഡിയായ് വരാം

സിജോ, കമ്പനി വക കാറിലാണ്
അശ്വതിയുമായി ബീച്ചിലേക്ക് പോയത്.

ഇനി ഞാൻ ഡ്രൈവ് ചെയ്യട്ടെ, കുറച്ച് ദൂരമല്ലേയുള്ളു ?

കടൽപാലമെത്താറായപ്പോൾ,
അശ്വതി സിജോയോട് ചോദിച്ചു.

ങ്ഹേ? അശ്വതിക്ക് ഡ്രൈവിങ്ങറിയാമോ ?

ഉം, അദ്ദേഹമെന്നെ പെണ്ണ് കാണാൻ വന്നപ്പോൾ ,ആദ്യം ചോദിച്ചത് ഡ്രൈവിങ്ങ് അറിയാമോന്നാ ,ഇല്ലെന്ന് ഞാൻ പറഞ്ഞപ്പോൾ, എങ്കിൽ കല്യാണത്തിന് മുമ്പ് ലൈസൻസെടുക്കമെന്ന് എന്നെ നിർബന്ധിച്ചത് കൊണ്ടാണ്, ഞാൻ കഷ്ടപ്പെട്ട് പഠിച്ച് ലൈസൻസെടുത്തത്

പക്ഷേ ,അവിടുത്തെ ലൈസൻസിവിടെ പറ്റില്ല കേട്ടോ?
മാത്രമല്ല ഇവിടെ ലഫ്റ്റ് ഹാൻ്റ് ഡ്രൈവാ

അതൊക്കെ എനിക്കറിയാം, ഇത് കുറച്ചല്ലേയുള്ളു ,ഞാനൊന്ന് ഡ്രൈ ചെയ്ത് നോക്കട്ടെ

അശ്വതിയുടെ ആഗ്രഹപ്രകാരം 
സിജോ, ഡ്രൈവിങ്ങ് സീറ്റിൽ നിന്നിറങ്ങി വലത് വശത്തേക്ക് മാറി ഇരുന്നപ്പോൾ, അശ്വതി ഇടത് വശത്ത് കയറിയിട്ട് ,കാറ് മുന്നോട്ടെടുത്തു.

കടൽപാലത്തിലൂടെ മുന്നോട്ട് നീങ്ങിയ കാറിന് സ്പീഡ് കൂടുന്നത് കണ്ട്, സിജോയ്ക്ക് പരിഭ്രമം തുടങ്ങി .

അശ്വതി.. പതിയെ, ഇനിയും മുന്നോട്ട് പോയാൽ നമ്മൾ നേരെ നടുക്കടലിൽ ചെന്ന് വീഴും

അതെനിക്കറിയാം സിജോ, അതിന് വേണ്ടി തന്നെയാണ് ഞാൻ സ്പീഡ് കൂട്ടിയത്

അശ്വതിയുടെ ശബ്ദം മാറിയതും മുഖത്ത് ഗൗരവംനിറഞ്ഞതും, സി ജോയെ പരിഭ്രാന്തനാക്കി.

അശ്വതി തമാശ കാണിക്കല്ലേ
വണ്ടി നിർത്ത്... വണ്ടി നിർത്താൻ ...

സിജോയുടെ അലർച്ചയോടൊപ്പം പാലത്തിൻ്റെ എഡ്ജിൽ താഴേക്ക് പതിക്കാൻ പാകത്തിൽ ,മുൻ ടയറുകൾ തറയിലുരഞ്ഞ്, കാറ് നിന്നു.

എന്താ അശ്വതീ.കാണിക്കുന്നത്
വണ്ടി പുറകോട്ടെടുക്ക്

ഇല്ല അതിന് മുമ്പ് എനിക്ക് ചിലതറിയാനുണ്ട് ,എൻ്റെ ഭർത്താവിനെ നിങ്ങളെല്ലാവരും ചേർന്ന് എന്ത് ചെയ്തു

ങ് ഹേ അയാളാ ശ്രീലങ്കക്കാരിയുമായി...

നിർത്തൂ.. ഞാനാ പഴയതൊട്ടാവാടി പെണ്ണല്ല, എല്ലാമറിഞ്ഞിട്ടാണ് ഞാൻ ചോദിക്കുന്നത് താനിത് കണ്ടോ?

അശ്വതി ബാഗിലിരുന്ന ആ ഗ്രൂപ്പ് ഫോട്ടോ ,സിജോയെ കാണിച്ചപ്പോൾ അയാൾ ഞെട്ടിത്തരിച്ചു പോയി

ഞാനൊന്ന് ആക്സിലേറ്ററിൽ കാലമർത്തിയാൽ നമ്മളൊരുമിച്ച് ഈ നടുക്കടലിൽ മുങ്ങിത്താഴും അത് വേണ്ടെങ്കിൽ നടന്നത് മുഴുവൻ എന്നോട് പറഞ്ഞോ

വേണ്ടാ... വേണ്ട അശ്വതി, ഞാനെല്ലാം പറയാം ,ഷൈജുവിന് ഒന്നും സംഭവിച്ചിട്ടല്ല, അയാളെ ഞങ്ങൾ ഷഫീറിൻ്റെ ഫ്ളാറ്റിൽ തടങ്കലിൽ വച്ചിരിക്കുകയാണ്

തടങ്കലിലോ എന്തിന്?

പറയാം എല്ലാം ഞാൻ പറയാം
ഇവിടെ എല്ലാ വർഷവും ദുബായ് ഫെസ്റ്റ് നടക്കാറുണ്ട് ,അപ്പോൾ അവിടെ നിന്നും പർച്ചേസ് ചെയ്യുന്ന സാധനങ്ങൾക്കൊപ്പം ഒരു സമ്മാനകൂപ്പണും എല്ലാവർക്കും ലഭിക്കും, ഇത്തവണ കൂപ്പണിന് പകരം നാണയ രൂത്തിലുള്ള നമ്പരെഴുതിയ ചെറിയ ടോക്കണായിരുന്നു നല്കിയത്, ഷൈജുവും അന്ന് കല്യാണത്തിന് വേണ്ട സ്വർണ്ണമാല പർച്ചേയ്സ് ചെയ്തപ്പോൾ അവനും നാണയം കിട്ടിയിരുന്നു
ഞാനന്ന് നാട്ടിലായിരുന്നു
അതിൻ്റെ നറുക്കെടുപ്പ് നടന്നപ്പോൾ ഒന്നാം സമ്മാനമായ നൂറ്റമ്പത് കോടിയോളം വരുന്ന ഇന്ത്യൻ മണി സമ്മാനമായി ലഭിച്ചത് ഷൈജുവിൻ്റെ കൈയ്യിലിരുന്ന നാണയത്തിനാണെന്ന് അവൻ വിളിച്ച് പറഞ്ഞപ്പോൾ അവിശ്വസനീയതയോടൊപ്പം അസൂയയും എനിക്ക് തോന്നിയിരുന്നു

അങ്ങനെ എത്രയും പെട്ടെന്ന് നീ തിരിച്ച് ഷാർജയിലെത്തണമെന്നും അവൻ്റെ വൈഫ്, സമ്മാനമടിച്ച നാണയവുമായി ഇന്ത്യൻ എയർലൈൻസിൽ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ടെന്നും, നമുക്കൊന്ന് അടിച്ച് പൊളിക്കാമെന്നും പറഞ്ഞ് ഷൈജു എനിക്ക് ഫോൺ ചെയ്തിരുന്നു

അങ്ങനെയാണ് ഞാനും അശ്വതിയും തമ്മിൽ വിമാനത്തിൽ വച്ച് കണ്ട് മുട്ടുന്നത് ,അശ്വതി ഭർത്താവിനെക്കാണാൻ വരികയാണന്ന് പറഞ്ഞപ്പോഴെ താൻ ഷൈജുവിൻ്റെ ഭാര്യയാണെന്ന് എനിക്ക് മനസ്സിലായിരുന്നു

പക്ഷേ അപ്പോൾ ഞാൻ അറിയാത്ത ഭാവം നടിച്ചത് എൻ്റെ മനസ്സിലപ്പോൾ ചെകുത്താൻ കടന്ന് കൂടിയത് കൊണ്ടായിരുന്നു
പത്ത്തലമുറ തിന്ന് മുടിച്ചാലും തീരാത്ത സ്വത്ത് കൈയ്യിൽ വന്ന സന്തോഷത്തിന് ഷൈജു ചിലപ്പോൾ ഞങ്ങൾക്കെല്ലാം കുറച്ച് ചിലവ് ചെയ്യുമായിരിക്കും
പക്ഷേ ഷൈജുവിൻ്റെ കൈയ്യിൽ നിന്നും ആ നാണയം അടിച്ച് മാറ്റിയാൽ നൂറ്റമ്പത് കോടി എനിക്ക് കിട്ടില്ലേ എന്ന ചിന്ത എന്നെ കൊണ്ട് ക്രൂരമായ ചില തീരുമാനങ്ങൾ എടുക്കാൻ പ്രേരിപ്പിച്ചു.

പക്ഷേ ഒറ്റയ്ക്ക് ഞാൻ വിചാരിച്ചാൽ ഒന്നും നടക്കില്ലെന്ന് തോന്നിയത് കൊണ്ടാണ് ,ഞാൻ സഹായത്തിനായി ഷെഫിറിനെയും ബിജുവിനെയും നജീബിനെയും കൂട്ട് പിടിച്ചത്

ഷാർജ എയർപോർട്ടിലിറങ്ങുന്ന അശ്വതിയെ സ്വീകരിക്കാൻ വരുന്ന ഷൈജുവിനെ തടയാനും ഷൈജു അശ്വതിയെ ചതിച്ചെന്ന നുണക്കഥയുണ്ടാക്കി നിങ്ങളെ തമ്മിൽ അകറ്റാനും അങ്ങനെ നിസ്സഹായ ആയ അശ്വതിക്ക് എൻ്റെ ഫ്ളാറ്റിൽ അഭയം കൊടുക്കാനും ഞങ്ങൾ തമ്മിൽ ഗൂഡാലോചന നടത്തി

അങ്ങനെയാണ് എയർപോർട്ടിൽ നിന്ന് ആദ്യമിറങ്ങിയ ഞാൻ ഷൈജുവിനെ അശ്വതികാണാതെ തടഞ്ഞ് വച്ചതും, ഷെഫിറും നെജീബും ബിജുവും കൂടി മറ്റൊരു കാറിലെത്തി ഷൈജുവിനെ ഫ്ളാറ്റിൽ തന്ത്രപൂർവ്വം എത്തിച്ച് പൂട്ടിയിട്ടതും

എൻ്റെ ഭർത്താവിനെ പൂട്ടിയിട്ടാൽ നിങ്ങൾക്കെങ്ങനെ നാണയം കിട്ടാനാ, അതെൻ്റെ കൈവശമല്ലേ?

അതേ അത് കൊണ്ടാണ് അശ്വതിയെ എന്നോടൊപ്പം താമസിപ്പിച്ചത് ,ആ നാണയം തൻ്റെ ബാഗിലുണ്ടാവുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു
എന്നെങ്കിലും അശ്വതി ബാത്റൂമിൽ കയറുന്ന തക്കത്തിന് ബാഗിൽ നിന്നും നാണയമെടുക്കാമെന്ന് കരുതിയെങ്കിലും അശ്വതി എപ്പോഴും മുറി പൂട്ടിയതിന് ശേഷം കുളിക്കാൻ കയറിയിരുന്നത് കൊണ്ട് എനിക്കത് കൈക്കലാക്കാൻ കഴിഞ്ഞില്ല

അല്ല അത് കൈക്കലാക്കിയാലും നിങ്ങളതിന് ശേഷം ഷൈജുവിനെ മോചിപ്പിക്കുമ്പോൾ നിങ്ങൾക്കെതിരെ ഷൈജു കേസ് കൊടുക്കില്ലേ?അപ്പോൾ നിങ്ങൾ പിടിക്കപ്പെടില്ലേ?

ഇല്ല അതിന് മുമ്പ് പണവുമായി രാജ്യം വിടാനായിരുന്നു ഞങ്ങളുടെ പ്ളാൻ ,അതിന് വേണ്ട എല്ലാ തയ്യാറെടുപ്പുകളും ഞങ്ങൾ നടത്തിക്കഴിഞ്ഞിരുന്നു ,ഇവിടുന്ന് ആദ്യം ക്യാനഡയിലെത്താനും അവിടെയെത്തിയതിന് ശേഷം അശ്വതിയെ ഫോണിൽ വിളിച്ച് ഷൈജുവിനെക്കുറിച്ചുള്ള വിവരങ്ങൾ പറയാനുമായിരുന്നു ഞങ്ങൾ തീരുമാനിച്ചിരുന്നത് അങ്ങനെ രാജ്യങ്ങളിൽ നിന്നും രാജ്യങ്ങളിലേക്ക് പറന്ന് നടക്കാനും ആഡംബര ജീവിതം നയിക്കാനുമായി ഞങ്ങൾ സ്വപ്നങ്ങൾ നെയ്ത് കൂട്ടുകയായിരുന്നു, ഇത്രയും ദിവസം

കൊള്ളാം സിജോ, കുറച്ച് പണത്തിനും സുഖജീവിതത്തിനും വേണ്ടി നീ നിൻ്റെ ഉറ്റ സുഹൃത്തിനെയും ഭാര്യയുമാണ് ഇത്രയും നാൾ വഞ്ചിച്ചത് നീയത് കൊണ്ട് മാപ്പർഹിക്കുന്നില്ല ,എനിക്ക് എത്രയും വേഗം തിരിച്ച് ഫ്ളാറ്റിലെത്തണം ,എൻ്റെ ഭർത്താവിനെ മോചിപ്പിക്കണം
അതിന് ഞാൻ ഷാർജ പോലീസിൻ്റെ സഹായം തേടിയിട്ടുണ്ട് , ദാ നീ പുറകിലേക്ക് തിരിഞ്ഞ് നോക്കു, ആ വരുന്ന പോലീസ് വാഹനങ്ങളിൽ ഒന്ന് നിന്നെ ജയിലിലേക്ക് കൊണ്ട് പോകാനും മറ്റേത് എന്നെ എൻ്റെ ഭർത്താവിൻ്റെയരികിലെത്തിക്കാനുമാണ് ,അവിടെ കാവലിരിക്കുന്ന നിൻ്റെ കൂട്ടുകാരെയും നിനക്ക് കൂട്ടിനായി അവർ ജയിലിലെത്തിച്ച് തരും

അശ്വതി പറഞ്ഞ് തീരുമ്പോഴേക്കും സൈറൺ മുഴക്കി കൊണ്ട് പോലീസ് വാഹനങ്ങൾ കാറിന് പിന്നിൽ വന്ന് നിന്നു.

അവസാനിച്ചു.

സജി തൈപ്പറമ്പ് 

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്