കുടുമ്പത്തെ ചതിച്ചവൾ

കുടുമ്പത്തെ ചതിച്ചവൾ
**************************
             *************

അമ്മാ അമ്മാ...

ഓ രാവിലെ മനുഷ്യന്റെ ഉറക്കം കളയാൻ... ആരാ അത്?  തലവഴിയെ ഇട്ടിരുന്ന പുതപ്പ് മാറ്റി മൊബൈൽ എടുത്തു നോക്കി.  ഒൻപതു മണി. ഹോ നേരുത്തേ ആണ്...

വീണ്ടും അമ്മാ അമ്മാ എന്നുള്ള വിളി,  മുറ്റത്തു നിന്നും ആണ്..

ഈ അമ്മ ഇതെവിടെപ്പോയ്ക്കിടക്കുന്നു?  ഉറക്കത്തിൽ അഴിഞ്ഞു പോയ കൈലി എടുത്തു വീണ്ടും ഉടുത്തു റൂമിൽ നിന്നും പുറത്തേക്കിറങ്ങി... 

മുറ്റത്തു ഒരു സ്ത്രീ..  ഒക്കത്തൊരു കുഞ്ഞുമുണ്ട്...  മുഷിഞ്ഞ ഒരു സാരി ഉടുത്തിട്ടുണ്ട്, ഒക്കത്തിരിക്കുന്ന കുഞ്ഞിനെ അവർ കുളിപ്പിക്കാറില്ല എന്ന് തോന്നുന്നു...  മുടിയൊക്കെ ചുരുണ്ടു അഴുക്കു പിടിച്ചു..  തടിച്ച കവിളുകളിൽ കറുത്ത അഴുക്കുകൾ...  കുഞ്ഞിളം ചുണ്ട് ചുവന്നിരിക്കുന്നു...  അവന്റെ നോട്ടം എന്നിലേക്കാണ്..

അമ്മ വല്ലതും താ അമ്മാ?  ഉമ്മറത്തേക്ക് വന്ന എന്നെ നോക്കി അവർ പറഞ്ഞു...  ഞാൻ മുഖം ഒന്ന് കടുപ്പിച്ചു... രാവിലെ ഇറങ്ങിക്കോണം എന്ന് പറഞ്ഞു  അമ്മയെ വിളിച്ചു അകത്തേക്ക് അകത്തേക്ക് പോയി..

ആരാ?  മുറ്റത്തു നിന്നും അമ്മയുടെ ചോദ്യം? 

അപ്പോഴേക്കും ഞാൻ ഉമ്മറത്തേക്ക് ചെന്നു. 
ന്റമ്മേ അമ്മ ഇതെവിടാരുന്നു?  ഞാൻ ഇവിടല്ലാം കിടന്നു നോക്കിയല്ലോ?  രാവിലെ ഇതെവിടെ പോയതാണ്?

അമ്മയെന്നെ കലിപ്പിച്ചൊന്നു നോക്കി..
.വല്ലതും വെച്ച് തരേണ്ടായോ? രാവിലെ എഴുന്നേറ്റു ആ ചന്ത വരെപ്പോകാൻ പറഞ്ഞാൽ പറ്റില്ലല്ലോ?  ഇന്ന് ചന്ത ദിവസം അല്ലെ?  കുറച്ചു മീനും മറ്റും വാങ്ങണമായിരുന്നു... 

സാരിയൊക്കെ ഉടുത്തു നെറ്റിയിൽ ചന്ദനം ഉണ്ടല്ലോ?  ഞാൻ ചോദിച്ചു?
അതെന്താ അങ്ങനെ പോയാൽ പറ്റില്ലേ?  അമ്പലത്തിൽ കേറിയിട്ടാണ് ഞാൻ മാർക്കെറ്റിൽ പോയത് അമ്മ പറഞ്ഞു നിർത്തി

അമ്മയുടെ കയ്യിലെ കവറിൽ മുഴുത്തൊരു അയല തലയും കുത്തി കിടക്കുന്നു...

ഞങ്ങളുടെ സംസാരം കേട്ടുകൊണ്ട് നിന്ന ആ യാചക സ്ത്രീ മുഷിഞ്ഞതുകൊണ്ടാകും അടുത്ത് നിന്ന
അമ്മയുടെ കയ്യിൽ ഒന്ന് തോണ്ടിയത്..

ഓ കണ്ടു കൊച്ചേ ! രാവിലെ ഒരു വേറൊരു പണിയും ഇല്ലേ?  അമ്മ അത് അവരുടെ മുഖത്ത് നോക്കി ചോദിച്ചു  .  അവളൊന്നു ചിരിച്ചു കാണിച്ചു.

ഡാ ആ അടുക്കളയിലെ പാട്ടയിൽ നിന്നും ഒരു 10 രൂപ എടുത്തു കൊടുക്ക്‌ എന്ന് പറഞ്ഞു അമ്മ കയ്യിലിരുന്നൊരു കൊച്ചു പൊതി അഴിച്ചു... അതിൽ നിന്നും കുറച്ചു ചന്ദനം എടുത്തു ആ കുഞ്ഞിന്റെ നെറ്റിയിൽ തേച്ചുകൊണ്ട് അമ്മ ചോദിക്കുന്നുണ്ടായിരുന്നു നിങ്ങൾക്ക് ഈ കുഞ്ഞിനെയൊക്കെ കുറച്ചു വൃത്തിയിൽ കൊണ്ട് നടന്നൂടെ എന്ന്? 

അമ്മ അവളെ വീണ്ടും ഒന്ന് നോക്കി...

അമ്മ പഴയ തുണി വല്ലതും ഉണ്ടോ?  പെൺകുട്ടികളുടെ? 

പൈസ എടുത്തു കൊണ്ട് വന്ന ഞാൻ അമ്മയുടെ മുഖത്തോട്ടൊന്നു നോക്കി..  ആ മുഖം വാടി,  കണ്ണുകൾ നിറഞ്ഞുവോ? 

പഴയതായാലും മതി അമ്മാ?  അവൾ പുറകിൽ നിന്നും പറയുന്നുണ്ടായിരുന്നു...

അവളുടെ വാക്കുകൾക്കു മുഖം കൊടുക്കാതെ അമ്മ അകത്തേക്ക് കയറി..  ഞാൻ പൈസ അവളുടെ നേരെ നീട്ടി.  അത് വാങ്ങിയവൾ വീണ്ടും ചോദിക്കുന്നുണ്ടായിരുന്നു  പഴയ തുണിയുണ്ടെങ്കിൽ താ എന്ന്? 

ഞാൻ ഇവിടൊന്നും ഇല്ല എന്ന് പറഞ്ഞു ആ കുഞ്ഞിന്റെ മുഖത്തേക്ക് വീണ്ടും നോക്കി...  അവനിക്ക് ഉറക്കം വരുന്നുണ്ടെന്നു തോന്നുന്നു..  അവൾ തിണ്ണക്കു ഇരുന്നു കുഞ്ഞിന് പാലുകൊടുക്കാൻ ഒരുങ്ങി.. 

പെട്ടെന്നാണ് അമ്മ ഒരു കെട്ടു തുണിയുമായി അങ്ങോട്ട്‌ വന്നത്.  അമ്മ വന്നിട്ട് എന്റെ മുഖത്തേക്കൊന്നു നോക്കി... അമ്മയുടെ കണ്ണുകൾ നിറഞ്ഞിട്ടുണ്ട്..  ഞാൻ ആ കെട്ടിലേക്കൊന്നു നോക്കി..  കുറെ നല്ല തുണികൾ..  സാരിയും,  ചുരിദാറും,  ധാവണിയും എല്ലാമുണ്ട്...  കുറച്ചൊക്കെ പുതിയതാണ്..

അവൾ കുഞ്ഞിന് പാല് കൊടുക്കാൻ തുടങ്ങിയപ്പോൾ അമ്മ എന്റെ മുഖത്ത് നോക്കിപ്പറഞ്ഞു എന്ത് കാണാൻ നിൽക്കുവാടാ?  കേറിപ്പോടാ അകത്തേക്കെന്നു..

ഞാൻ അകത്തേക്ക് കയറി,  ഉമ്മറത്തിട്ടിരിക്കുന്ന കസേരയിൽ ഇരുന്നു..

ഇതൊക്കെ ഒരു മറ വെച്ച് കൊടുക്കേണ്ടായോ എന്ന് അമ്മ അവളോട്‌ ചോദിക്കുന്നുണ്ടായിരുന്നു.. 

അയ്യോ അമ്മ ഇത്രയും വേണ്ട ! ഇതെല്ലാം നല്ലതാണല്ലോ എന്ന് പറഞ്ഞവൾ ആ തുണിയൊക്കെ അഴിച്ചു നിവർത്തി നോക്കി...

ഞാൻ ആ തുണിയിലേക്കൊന്നു നോക്കി...   പുതിയ ഇളം റോസും വെള്ളയും നിറങ്ങൾ ഉള്ളൊരു ചുരിദാർ..  അത് കണ്ടപ്പോൾ എന്റെ ഉള്ളമൊന്നു പിടഞ്ഞു.  കണ്ണുകൾ നിറഞ്ഞു..

അന്നാദ്യമായി ഞാൻ അവൾക്കു വാങ്ങി നൽകിയ ചുരിദാർ.. 2000 രൂപയ്ക്കു മുകളിൽ വിലയുള്ള ചുരിദാർ.  അന്ന് ആദ്യമായ് ശമ്പളം കിട്ടിയപ്പോൾ വാങ്ങിയത്...

മോളെവിടെ അമ്മ എന്നുള്ള അവളുടെ ചോദ്യം കേട്ടു  അമ്മ എന്നെയൊന്നു നോക്കി...  എന്റെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് കണ്ടിട്ടാകണം അമ്മയുടെ കണ്ണുകളും നിറഞ്ഞത്..

കല്യാണം കഴിച്ചയച്ചോ?  വീണ്ടും അവളുടെ ചോദ്യം?   ഒരു ദീർഘ ശ്വാസം വിട്ടുകൊണ്ട് അമ്മ പറഞ്ഞു നിർത്തി മോളു മരിച്ചു പോയി  എന്ന്..   അത് പറയുമ്പോൾ അമ്മയുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.   കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.

അപ്പോഴേക്കും എന്റെ കണ്ണുകളും നിറഞ്ഞിരുന്നു...  ഞാൻ മെല്ലെ എഴുന്നേറ്റു അകത്തേക്ക് കയറി അവളുടെ മുറിയിൽ കയറി..   ഏട്ടാ എന്നുള്ള വിളി കാതിൽ മുഴങ്ങിയൊ?  ആകെപ്പാടെ മുറിയെല്ലാം പൊടി പിടിച്ചു കിടക്കുന്നു... അവളുടെ അലമാര ഇപ്പൊ അമ്മ തുറന്നതായിരിക്കും...  ഇനിയതിൽ തുണിയൊന്നും ബാക്കിയില്ല..

ഞാൻ തിരിഞ്ഞു എന്റെ മുറിയിലേക്ക് നടന്നു..  വീട്ടിൽ എവിടെയൊക്കെയോ അവളുടെ പാദസ്വര കിലുക്കം കേൾക്കുന്നുണ്ടോ?  അവളുടെ ഉറക്കെയുള്ള പത്ര വായന കേൾക്കുന്നുണ്ടോ?  അമ്മയുമായുള്ള വഴക്ക് കഴിഞ്ഞുള്ള കള്ളക്കരച്ചിൽ കേൾക്കുന്നുണ്ടോ?  ഡാ ചേട്ടൻ തെണ്ടീ എന്നുള്ള കൊഞ്ചലുകൾ കേൾക്കുന്നുണ്ടോ?

കട്ടിലിലേക്ക് വീണ്ടും കിടന്നപ്പോഴേക്കും അവളുടെ ഓർമ്മകളിൽ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു... കണ്ണുകൾ മെല്ലെ അടച്ചു...   ഞാൻ വാങ്ങി കൊടുത്ത ചുരിദാറുമിട്ടു കയ്യിൽ നിറയെ വളയുമിട്ടു നെറ്റിയിൽ കുറിയും തൊട്ട് പുഞ്ചിരിക്കുന്ന അവളുടെ മുഖം..

അന്ന് ഒരു ഇന്റർവ്യൂനു പോയിട്ട് തിരികെ വന്നപ്പോഴാണ് അടുത്ത വീട്ടിലെ എബിൻ ചേട്ടൻ പറഞ്ഞത് ശ്രീ നിന്റെ അമ്മയൊന്നു കുഴഞ്ഞു വീണിരുന്നു എന്ന്...  നിന്റെ വല്യച്ഛനാണ് പറഞ്ഞത്..

അയ്യോ എന്നിട്ട് വല്ലതും പറ്റിയോ?

ഇല്ല.  ഇപ്പൊ അവിടെ ആള് നിൽക്കുന്നത് കണ്ടിട്ടാണ് ഞാൻ അങ്ങോട്ട്‌ പോയതു.  കുഴപ്പമൊന്നുമില്ല..

ഞാൻ വീട്ടിലേക്കു ഓടി.  അകത്തേക്ക് കയറി.. അമ്മാവന്മാരും,  വല്യച്ഛനും വല്ല്യമ്മയും അവരുടെ മക്കളും എല്ലാവരുമുണ്ട്  ..

ജോലി ശെരിയായോ എന്നുള്ള വല്യച്ഛന്റെ ചോദ്യത്തിനു കിട്ടി എന്നുള്ള ഭാവത്തിൽ തലയാട്ടി അകത്തേക്ക് നടന്നു.   അമ്മ കിടക്കുന്ന കട്ടിലിന്റെ ചാരെ ചെന്ന് നിന്നു.  ചേച്ചിയുണ്ട് അവിടെ!

എന്നെ കണ്ടപാടെ അമ്മയുടെ കണ്ണുകൾ നിറഞ്ഞു,  എന്താ അമ്മേ എന്ന് പറഞ്ഞു അമ്മയുടെ നെറ്റിയിൽ ചുംബിച്ചപ്പോൾ അമ്മ ഒരു എഴുത്ത് എന്റെ നേരെ നീട്ടി..

അമ്മയ്ക്കും അച്ഛനും പിന്നെ എന്റെ ഏട്ടനോടും..

ഞാൻ പോകുന്നു എന്നെ സ്നേഹിക്കുന്ന ആളോടുകൂടെ, ഞാൻ സ്നേഹിക്കുന്ന ആളോട് കൂടെ... അനുഗ്രഹിക്കില്ല എന്നറിയാം ശപിക്കരുത്..

     മഞ്ജു...

അത് വായിച്ചു തീർന്നപ്പോഴേക്കും ശരീരം കുഴയുന്നതായി തോന്നി..  വാ പൊത്തി കരയുമ്പോൾ കൂടെ അമ്മയും ചേച്ചിയും കരയുന്നുണ്ടായിരുന്നു..

എന്നാലും അമ്മേ അവൾ..  നമ്മളോട് നമ്മളെയൊക്കെ വേണ്ടാതെ, ... സംസാരിക്കാൻ വാക്കുകൾ പരതിയ നിമിഷം...  നമ്മുടെ സ്നേഹം കാണാതെ അവൾ...

അച്ഛൻ അറിഞ്ഞോ അമ്മേ? 

മ്മ്,  വല്യച്ഛൻ വിളിച്ചു..  ആരും അവളെ അന്വേഷിച്ചു പോകേണ്ട എന്ന് പറഞ്ഞു..  അങ്ങനെയൊരു മോളിനി ഇല്ലെന്ന് കണ്ടോളാൻ പറഞ്ഞു.. 

പാവം അച്ഛൻ എത്ര നാളായി ഗൾഫിലാണ്.. ചങ്ക് പൊട്ടിയാകും അച്ഛൻ അത് പറഞ്ഞത്.  പാവം പൊട്ടിക്കരഞ്ഞിട്ടുണ്ടാകും.

എന്തൊക്കെയോ ഓർത്തു പൊട്ടിക്കരഞ്ഞുകൊണ്ട്‌ അമ്മയുടെ ചാരെ ഇരുന്നപ്പോൾ എന്റെ കണ്ണ് തുടച്ചുകൊണ്ട് അമ്മയാണ് പറഞ്ഞത് മരിച്ചു പോയി എന്ന് കരുതിയാൽ മതിയെടാ എന്ന്..
ഇതുവരെ ആരും അറിഞ്ഞിട്ടില്ല..   ഇനി നാട്ടുകാർ അറിയുമ്പോൾ അവരുടെ മുഖത്ത് എങ്ങനെ നോക്കും മോനെ?  വളർത്തുദോഷമാണെന്ന് പറയില്ലേ? കോളേജിൽ പോകുവാ എന്ന് പറഞ്ഞു ഇറങ്ങിയവളാണ്...

അത് പറഞ്ഞു എന്നെ കെട്ടിപ്പിടിച്ചു കരയുമ്പോൾ അമ്മ പറയുന്നുണ്ടായിരുന്നു എന്നോട് അവളിതു ചെയ്തല്ലോടാ എന്ന്.. 

അന്ന് വെറുത്തതാണ്.  ആരുടെ കൂടെപ്പോയ്,  എങ്ങോട്ട് പോയി എന്നൊന്നും ആരും അന്വേഷിക്കാൻ പോയില്ല.. വർഷം രണ്ടു കഴിഞ്ഞിരിക്കുന്നു...  ഇടക്ക് അച്ഛൻ നാട്ടിൽ വന്നിട്ട് പോലും അവളുടെ കാര്യം ഒന്ന് സംസാരിച്ചത് കൂടെയില്ല.. എല്ലാ പ്രാവശ്യവും വരുമ്പോൾ അവൾക്കുള്ളത് തന്നെ കാണുo ഒരു പെട്ടി നിറയെ..  അച്ഛൻ വന്നിറങ്ങിയപ്പോൾ കരഞ്ഞുകൊണ്ട് നിന്ന അമ്മയോട് നമ്മളെ വേണ്ടാത്തവരെ നമുക്കും വേണ്ട എന്ന് പറഞ്ഞപ്പോൾ ആ കണ്ണുകൾ നിറഞ്ഞിരുന്നു..  ശബ്ദം ഇടറിയിരുന്നു.  

ഒരിക്കൽ പത്രം വായിച്ചുകൊണ്ട് കണ്ണ് നിറച്ച അമ്മയുടെ അടുത്തേക്ക് ചെന്നപ്പോൾ അമ്മ പത്രത്തിലേക്ക് ചൂണ്ടി ആ വാർത്ത കാണിച്ചു തന്നു.  അജ്ഞാത യുവതി ട്രെയിൻ തട്ടി മരിച്ച നിലയിൽ എന്ന്...  ഞാൻ ഒരു ഞെട്ടലോടെ ആ ഫോട്ടോയിലേക്കു നോക്കി..  അല്ല  അവളല്ല. 
ഞാൻ അമ്മയുടെ മുഖത്തോട്ട് നോക്കി...  അമ്മയുടെ കണ്ണുകളിൽ ഞാൻ കാണുന്നുണ്ടായിരുന്നു മനസ്സിൽ നിന്നും ആട്ടിയിറക്കിയ മകളെക്കുറിച്ചുള്ള ആശങ്കകളും പരിഭവങ്ങളും പരാതികളും ദേഷ്യവും എല്ലാം...

നിറഞ്ഞ എന്റെ കണ്ണ് തുടച്ചുകൊണ്ട് അമ്മ പറയുന്നുണ്ടായിരുന്നു അവൾ ഒരുതവണ മരിച്ചപ്പോൾ നമ്മൾ കരഞ്ഞതാണ് ഇനി കരയരുതെന്നു..   പറച്ചിലിൽ മാത്രമേ ഉള്ളൂ അമ്മ..   അവളുടെ മുറിയിൽ കയറിയാൽ പൊട്ടിക്കരഞ്ഞു തളർന്നു പോകും എന്നുള്ളതുകൊണ്ടാണ് അമ്മ അവിടേക്കു കയറി ഒന്നും ചെയ്യാത്തത്

പെട്ടെന്നാണ് കട്ടിലിൽ കിടന്ന എന്റെ നെറ്റിയിലൊരു നനവ് അനുഭവപ്പെട്ടത്.  ഓർമ്മകളിൽ നിന്നും കണ്ണ് തുറന്നു നോക്കിയപ്പോൾ അമ്മ എന്റെ നെറ്റിയിൽ ചന്ദനം തേച്ചതാണ്...  അമ്മയുടെ കണ്ണുനീർ തുള്ളികൾ എന്റെ മുഖത്ത് പതിച്ചാണ്..

നിറഞ്ഞ എന്റെ കണ്ണുകൾ കണ്ടിട്ടാകണം അമ്മ പറഞ്ഞത് എന്തിനാടാ കരയുന്നതെന്നു? ..

അപ്പൊ അമ്മ കരയുന്നതോ?  അത് ചോദിച്ചപ്പോഴേക്കും എന്നെ കെട്ടിപ്പിടിച്ചു ഉച്ചത്തിൽ ഏങ്ങലടിച്ചു കരഞ്ഞുകൊണ്ട് പറയുന്നുണ്ടായിരുന്നു ഇന്നവളുടെ ജന്മദിനം ആയിരുന്നെന്നു.  ഞാൻ അമ്പലം വരെയൊന്നു പോയി ഒരു പുഷ്പാഞ്ജലി കഴിപ്പിച്ചു എന്ന്..  അവൾക്കു എന്നെ വേണ്ടാ എങ്കിലും ഞാൻ പെറ്റുപോയില്ലേ?  ഒരമ്മ ആയിപ്പോയില്ലേ എന്ന്?  അവൾ നമ്മളെയൊക്കെ ഓർക്കുന്നുണ്ടാകുമോടാ എന്ന് ചോദിച്ചു അമ്മ കണ്ണുകൾ സാരിത്തലപ്പുകൊണ്ട് തുടച്ചു പോകുമ്പോഴും ഞാൻ മനസ്സിൽ ഓർത്തു ഈ അമ്മയുടെ കണ്ണുനീർ തുള്ളികൾ ഒരിക്കലും ശാപമായി അവളുടെ മേലെ പതിക്കരുതേ എന്ന്...

പ്രാണനു തുല്യം സ്നേഹിക്കുന്ന അമ്മയെയും ജീവനു തുല്യം സ്നേഹിക്കുന്ന അച്ഛനെയും കൂടെപ്പിറപ്പുകളെയും ഉപേക്ഷിച്ചു ഇന്നലെക്കണ്ട ഒരുത്തന്റെ കൂടെപ്പോകുന്ന പെൺകുട്ടികൾക്കായി സമർപ്പിക്കുന്നു...

       ശുഭം ❤
മുഹൈമിൻ

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്