പ്രണയ താളം

❤പ്രണയതാളം❤
ഫുൾ പാർട്ട്‌

കല്യാണസദ്യയുടെ ആലസ്യത്തിൽ വീട്ടിലേക്കു വന്നതും ഉടുത്ത വസ്ത്രംപോലും മാറ്റാതെ കട്ടിലിലേക്ക് മറിയുകയായിരിന്നു അവൻ...
പ്രഥമൻ അത്രയ്ക്ക് തലയ്ക്കു പിടിച്ചിരിയ്ക്കുന്നു..

"കാമുകാ.....  കള്ള കാമുകാ..."

പതിവ് എടങ്ങേറ് ശബ്ദം കാതിൽ വീണപ്പോഴാണ് കണ്ണ് തുറന്നത്..
ശബ്ദം ഓക്കേ..
പക്ഷെ,... ആ വിളിയും കയ്യിൽ ചൂലുമായി നിൽക്കുന്ന രൗദ്രഭാവവും കണ്ടപ്പോൾ അജു ഒന്ന് നടുങ്ങി..

"എന്താടി....  ആളെ കൊല്ലാൻ ഇറങ്ങിയതാണോ.... "

"അതിന് എനിക്ക് ചോര കുടിക്കാൻ അറിയില്ലല്ലോ.. "

"എന്ത്... " തെല്ലു സംശയത്തോടെ അവൻ എഴുനേറ്റു..

"ആ... എനിക്ക് മനുഷ്യരുടെ ചോര കുടിക്കാൻ ഒന്നും അറിയില്ലെന്ന്.... "

" എന്താടി പെണ്ണെ...  നിനക്ക് വട്ടായോ... "

ഷർട്ട്‌ ഊരി ബക്കറ്റിൽ ഇട്ടുകൊണ്ട് അവൻ ബാത്‌റൂമിൽ കയറാൻ തുടങ്ങി...

"മോനൊന്നു നിന്നെ... "

സംഗതി എന്തോ വശപിശകാണെന്നു അവന് ബോധ്യമായി... മുഖം ചുളിച്ചുകൊണ്ട് അവൻ തിരിഞ്ഞു നോക്കി..  പുരികം കൊണ്ട് എന്താണെന്നു ചോദിച്ചു...

"ഇന്നെന്തായിരുന്നു കല്യാണവീട്ടിൽ....."

"എന്ത്...  കല്യാണവീട്ടിൽ കല്യാണം ഉണ്ടായിരുന്നു, നല്ല സദ്യ ഉണ്ടായിരുന്നു....  അടിപൊളി പായസവും.. "

"ഡാ...  നീ വേഷംകെട്ട് എടുക്കരുത്... "

"നിനക്കു എന്താ പെണ്ണെ... "

"അത്രയ്ക്ക് പൂതിയാണെങ്കിൽ പോയി പെണ്ണ് കെട്ട് ...  അല്ലാതെ ഇങ്ങനെ പിന്നാലെ നടന്നു ചോര ഊറ്റികുടിയ്ക്കുകയല്ല വേണ്ടത്... "

"എന്ത്....  ആര്.... "

"അച്ഛൻ ഇങ്ങു വരട്ടെ...  എന്താണെന്നും ആരാണെന്നും ഞാൻ കാണിച്ചു തരാം... "

ദൈവമേ...  ആരോ കാര്യമായി പാര വച്ചിരിക്കുന്നു... കല്യാണവീട്ടിലെ വായ്‌നോട്ടം തന്നെ പ്രശ്നം... വാ പൊളിച്ചുകൊണ്ട് അവൻ കുളിയ്ക്കാൻ പോയി...

തലയിൽ വെള്ളം വീണപ്പോൾ നല്ല ആശ്വാസം....  ഉറക്കവും ക്ഷീണവും എല്ലാം പമ്പകടന്നു..

"അമ്മേ....  ചായ... "

ഡൈനിങ് ടേബിളിൽ താളംപിടിച്ചു അവൻ ഓർഡർ കൊടുത്തു...

"വിളിച്ചു കൂവണ്ട...  ചായയും ചാരായവും ഒന്നും തനിയെ  ഉണ്ടാവില്ല... "

ഏതോ റൂമിൽ നിന്നു അശരീരി മുഴങ്ങി...

"ഇതെന്തു കൂത്ത്...  അമ്മ എവിടെ പോയി.. "

"ആ...  എനിക്കറിയില്ല...  മോൻ വേണമെങ്കിൽ കുറച്ച് പച്ചവെള്ളം എടുത്തു കുടിച്ചോ..  പഞ്ചാര ഒന്ന് കുറയട്ടെ... "

ഈ പെണ്ണ് ഇതെന്തു ഭാവിച്ചാണ്...  അർത്ഥം വച്ചിട്ടാണല്ലോ ഓരോന്നും പറയുന്നത്...

"മോളെ ചിന്നുസേ..... "

ഇനി അവളെ സോപ്പിട്ടാലേ ശരിയാകൂ..  കാര്യം അഞ്ച് വയസ്സിനു ഇളയതാണെന്നാലും ഇടഞ്ഞാൽ മഹാ പിശകാണ് അവൾ. അല്ലെങ്കിൽ ചിലപ്പോൾ രംഗം വഷളാക്കും..

"ചിന്നു.....  കുന്നുവാണ്...  എന്നെ സോപ്പിടാനൊന്നും വരേണ്ട.. "

ഒരു കെട്ടു തുണികളുമായി അവൾ ഹാളിലേക്ക് വന്നു..

"എന്റെ ഷർട്ട്‌ എടുത്തില്ലേടി.. "

"അതിന് വേറെ ആളെ നോക്ക്... ഒരു നൂറ്റമ്പത് രൂപ ഇങ്ങോട്ട് വരാനുണ്ട്...  അത് തന്നിട്ട് മതി ഇനി മുന്നോട്ട്...  ഇല്ലെങ്കിൽ മോൻ തന്നെ അലക്കിക്കൊ.. "

സ്വന്തം ചേട്ടന്റെ ഡ്രസ്സ്‌ അലക്കുന്നതിനു വരെ കൈകൂലി വാങ്ങുന്ന പെങ്ങൾ...  എന്ത് ചെയ്യാം....  കൊടുത്താലല്ലേ ശരിയാകൂ... 

"നൂറ്റമ്പതല്ലേ....  ഇന്ന ഇരുനൂറ് പിടി... "

പോക്കറ്റിൽ നിന്നും നൂറിന്റെ രണ്ടു നോട്ടുകൾ എടുത്തു അവൾക്കു നീട്ടി...

"അങ്ങനെ വഴിക്ക് വാ... "

"അല്ല ചിന്നു...  എന്തിനാ നീ ദേഷ്യപ്പെട്ടത്... "

സോപ്പിടലിന്റെ രണ്ടാം ഭാഗം...  ഇപ്പോൾ അൻപതു രൂപ കടക്കാരിയാണല്ലോ അവൾ.. 

"അതേയ്, ബാക്കി പൈസ ഞാൻ വൈകുന്നേരം തരാം....  അച്ഛൻ വന്നിട്ട്...  അതികം പതപ്പിക്കാതെ മോൻ പോ... "

ദൈവമേ, പണി പാലുംവെള്ളത്തിൽ അല്ല കല്യാണവീട്ടിൽ നിന്നും കിട്ടിയോ...  ജെഗ്ഗിലെ വെള്ളം ഒറ്റയിരുപ്പിനു കാലിയാക്കി അവൻ ജംഗ്ഷനിലേക്ക് ഇറങ്ങി.

പതിവ് കറക്കം കഴിഞ്ഞു സന്ധ്യയോടെ വീട്ടിൽ വന്നപ്പോൾ, ഉമ്മറത്ത് കസേരയിൽ അച്ഛൻ ഇരിക്കുന്നുണ്ട്...  പ്രത്യേകിച്ച് ഭാവവ്യത്യാസം ഒന്നുമില്ല...

ഒന്ന് പാളി നോക്കിയിട്ട് പതിയെ അകത്തേക്ക് വലിഞ്ഞു. ചിന്നുവിന്റെ റൂമിൽ നിന്നും കടിച്ചാൽ പൊട്ടാത്ത ഇംഗ്ലീഷ് ഡയലോഗുകൾ കേൾക്കുന്നുണ്ട്...

ഇവൾ ഇങ്ങനെ നാല് ലോകവും കേൾക്കെ പഠിച്ചിട്ടാണ് ബാക്കിയുള്ളവന്റെ സമാദാനം പോയത്...

ദേഷ്യം തീർക്കാൻ ടീവി ഓൺ ചെയ്തു...  അല്പം സൗണ്ട് കൂട്ടിവച്ചു....

"വന്നോ....  കാമുകൻ... "

കയ്യിൽ ഒരു വലിയ പുസ്തകവുമായി ചിന്നു പുറത്തേക്കു വന്നു..

കൂസലില്ലാതെ തന്റെ ഇരുപ്പ് കണ്ടിട്ട് അവൾ അമ്മയെ നീട്ടി വിളിച്ചു. കട്ടൻചായയുമായി അവിടേക്ക് അമ്മ കടന്നു വന്നു.. 
"അമ്മേ....  എനിക്ക് ഒരു കോട്ടൺ സാരി വാങ്ങി തരുമോ.... "

"എന്താ ഇപ്പോൾ അങ്ങനെ ഒരു തോന്നൽ... "

"എനിക്ക് സാരിയുടുക്കാൻ തോന്നിയിട്ട്...   പിന്നെ.,  കറുപ്പ് കളർ തന്നെ വേണം..  അതാകുമ്പോൾ എന്നെക്കാണാൻ കൂടുതൽ ഭംഗി ഉണ്ടാവുമല്ലോ... "

ഈ ഡയലോഗ്....  പടച്ചോനെ...  സംഗതി പ്രശ്നത്തിലേക്കാണല്ലോ പോകുന്നത്....  അമ്മയുടെ കൈയിലെ കട്ടനും വാങ്ങിച്ചു അവൻ റൂമിലേക്ക്‌ നടന്നു...

കംപ്യൂട്ടറിനു മുന്നിൽ ഇരിക്കുമ്പോൾ വീണ്ടും വീണ്ടും ആ ഡയലോഗുകൾ ഓർമ്മയിൽ തെളിഞ്ഞു...

"കാമുകാ....  അജു കാമുകാ... "

"എന്താടി പെണ്ണെ...  നേരം കുറെ ആയല്ലോ നിനക്ക് തുടങ്ങിയിട്ട്... "

"കയ്യിലിരിപ്പ് നന്നാവണം... അല്ലെങ്കിൽ ഇങ്ങനെയിരിക്കും "

"എന്ത്... "

"നിന്റെ ചുറ്റിക്കളികൾ ഞാൻ  കണ്ടുപിടിക്കില്ലെന്നു വിചാരിച്ചോ.. "

"പോടീ....  "

"മോനെ കാമുകാ....  നിനക്ക് ഞാനൊരു പണി വച്ചിട്ടുണ്ട്... "

"നീ പോടീ അവിടെന്ന്... "

ഊണുമേശയിൽ അമ്മയും ചിന്നുവും ഫോണിൽ എന്തൊക്കെയോ നോക്കി ഇരിക്കുന്നുണ്ട്...

"അമ്മേ...  ഇതുപോലത്തെ കറുത്ത സാരിയാ ഞാൻ പറഞ്ഞത്... "

"അത് കൊള്ളാമല്ലോ....  നല്ല ഭംഗി...  ഏതാ ആ കുട്ടി... "

ഫോണിലേക്ക് ഏന്തിവലിഞ്ഞൊന്നു നോക്കി. വാട്സ്ആപ്പിൽ ആരോ അയച്ചുകൊടുത്ത ഫോട്ടോകൾ നോക്കുകയാണ് രണ്ടും..

"ഇത് അജുവല്ലേ.... "

കറുത്ത സാരിക്കാരിയെ ഇടംകണ്ണിട്ട് നോക്കുന്ന അജുവിനെ ചൂണ്ടിക്കൊണ്ട് അമ്മ ചോദിച്ചു...

"അതെയതെ....  "

ആകെ നാറിയ മട്ടിൽ അജു ഐസ് ആയിനിന്നു...

വീണ്ടും വരുന്നു ഫോട്ടോകളുടെ പെരുമഴ. വെള്ളം കൊടുക്കുന്നു....  പപ്പടം കൊടുക്കുന്നു... 

"ഇനി ചോർ വാരികൊടുത്തോ ആവോ... "

ചിന്നു ഒന്നിരുത്തി പറഞ്ഞു...

വായ്‌നോട്ടം തെളിവോടെ പിടിക്കപ്പെട്ടു...  എന്നാലും തന്നെ ഇങ്ങനെ പിന്തുടർന്ന് ഫോട്ടോ എടുത്തത് ആരായിരിക്കും...  ചിന്തകൾ കാടുകയറി...  ചിന്നുവിന്റെ ഫോണിൽ വന്ന സ്ഥിതിയ്ക്ക് അവളുടെ ശിങ്കിടികൾ ഒപ്പിച്ച പണിയാകും....  കാണിച്ചുകൊടുക്കാം എല്ലാത്തിനും....  മനസ്സിലെ ദേഷ്യം അവൻ കടിച്ചമർത്തി...

സീൻ ആകെ കുളമായതിനാൽ ഒന്നും കഴിക്കാതെയാണ് അജു ഉറങ്ങാൻ കിടന്നത്..

ഫോൺ എടുത്തു നെറ്റ് ഓൺ ചെയ്തു..  ഫേസ്ബുക്കിലും വാട്സ്സപ്പിലും നിറയെ നോട്ടിഫിക്കേഷൻ വന്നു കിടക്കുന്നുണ്ട്...  എല്ലാം കണ്ണോടിച്ചു അങ്ങനെ കിടന്നു..

അടുത്ത നിമിഷം ചിന്നുവിന്റെ ഒരു സന്ദേശം വന്നു...

"ഒരു കോട്ടൺ സാരി വാങ്ങിക്കുവാൻ 500 രൂപ തരുമെങ്കിൽ ഒരു സർപ്രൈസ്‌ ഇപ്പോൾ തരും.... "

"നീ ഉണ്ടാക്കിയ സർപ്രൈസ്‌ എല്ലാം ധാരാളം...  വച്ചിട്ട് പോ പെണ്ണെ.. "

കുറച്ച് ദേഷ്യത്തിലാണ് അവൻ പ്രതികരിച്ചത്....

"മോനെ അജു...  10 മിനിറ്റ് സമയം തരാം....  അവസരം  നഷ്ടപ്പെടുത്തിയാൽ നഷ്ടം നിനക്ക് തന്നെ... "

ഒന്നും മനസ്സിലാവാതെ അജു ആ മെസ്സേജ് പിന്നെയും വായിച്ചുകൊണ്ടിരുന്നു...

അടുത്ത സന്ദേശം ഒരു മുഖം മങ്ങിയ ഫോട്ടോ ആയിരുന്നു...  കറുത്ത സാരിയുടുത്ത സ്ത്രീരൂപം...

"അഞ്ഞൂറ്  രൂപയ്ക്ക് ഒരു അടിപൊളി സർപ്രൈസ്‌.... "

ഭീഷണിപ്പെടുത്തി പൈസ തട്ടാനുള്ള അവളുടെ മിടുക്ക് വേറെ ആർക്കും കാണില്ല...  എന്നാലും കുറച്ച് മണിക്കൂറുകൾ മുന്നേ കണ്മുന്നിൽ തെളിഞ്ഞു നിന്ന മുഖം...  പുഞ്ചിരി...  മുല്ലപ്പൂനിറഞ്ഞ ചുരുളന്മുടി....  എല്ലാം ഒരുനിമിഷം അവന്റെ കണ്മുന്നിലേക്ക് ഓടി വന്നു..

കല്യാണവീട്ടിലെ വായ്‌നോട്ടം ആ ദിവസം കഴുയുന്നതുവരെ കാണൂ...  പിന്നെ അവരെ കണ്ടെന്നും വരില്ലല്ലോ... മുൻകാല അനുഭവം. അപ്പോൾ പരമാവധി ബോർ ആക്കി തന്നെയായിരുന്നു വായ്‌നോട്ടം... 

പക്ഷെ,

ഇത്...  എന്തോ മനസ്സിനെ വല്ലാതെ അലട്ടുന്നു. പോരാത്തതിന് വീണ്ടും വീണ്ടും അതുതന്നെ സംസാരവിഷയം ആകുന്നു...

പേരോ, സ്ഥലമോ ഒന്നും അറിയില്ല....  ഒറ്റത്തവണ കണ്ണുകൾ തമ്മിൽ ഉണ്ടാക്കിയിരുന്നു...  ചെറു പുഞ്ചിരിയാൽ മുഖം കുനിച്ചപ്പോൾ ഒതുക്കി കെട്ടിയ മുടിയിൽ സിന്ദൂരരേഖ തെളിഞ്ഞു നിന്നു. പിന്നെ വലിയ ബസ്സിലെ ആൾക്കൂട്ടത്തിലേക്ക് കയറിപോകുമ്പോൾ ഒരു തിരിഞ്ഞു നോട്ടം പ്രതീക്ഷിച്ചു  എങ്കിലും അതുണ്ടായില്ല....

നിരാശനായ കാമുകഹൃദയം ബൈക്കിന്റെ കണ്ണാടിയിൽ ചുമ്മാ ഒന്ന് നോക്കിയപ്പോൾ...  ബസിലെ ചില്ലുജാലകം തുറന്ന് കുറെ കൈകൾ വീശിയകലുന്നത് കണ്ടു...  കൂട്ടത്തിൽ അവളും..  കറുത്ത സാരിത്തലപ്പുകൊണ്ട് ചിരിയൊതുക്കിപ്പിടിച്ചു കുപ്പിവളകൾ കിലുക്കി യാത്ര ചൊല്ലുന്നു....

"സമയം തീരാറായി....  ഇനി ഒരു മിനിറ്റിനും നൂറ് രൂപ വീതം കൂടുന്നതാണ്... "

ഒരു ദാക്ഷിണ്യവും ഇല്ലാത്ത മെസ്സേജ് കണ്ട് അജുവിന്‌ ദേഷ്യം വന്നു....

"ചിന്നുസേ....  എന്റെ കയ്യിൽ അത്രേം പൈസ ഇപ്പോൾ ഇല്ലടാ....  "

"ഓഹോ... "

"നീ അത് സെന്റ് ചെയ്യ്...  നാളെ ഉച്ചയ്ക്ക് പൈസ തരാം... "

"മോനെ കാമുകാ....  എന്നെ പറ്റിക്കാൻ നോക്കല്ലേ... "

"സത്യായിട്ടും ഇല്ലടാ.... "

"നിന്റെ പേഴ്സിന്റെ ചെറിയ അറയിൽ രണ്ടായിരത്തിന്റെ മൂന്ന് നോട്ട് ഒളിപ്പിച്ചു വച്ചത് ഞാൻ കണ്ടില്ലെന്നാണോ നീ വിചാരിച്ചത്.... "

തലയിൽ തേങ്ങാ വീണതുപോലെ തോന്നി അവന്...

"ഡീ....  നിന്നോടാരെടീ എന്റെ പേഴ്‌സ് തപ്പാൻ പറഞ്ഞത്... "

"ഹിഹിഹി....  നിനക്ക് വേണേൽ അഞ്ഞൂറ് രൂപ വാതിലിനടിയിലൂടെ ഇട്ടോ... "

"ചില്ലറ ഇല്ല...  "

"രണ്ടായിരം തന്നോ....  ബാക്കി കറക്റ്റ് ആയി തരാം... "

"നീയല്ലേ തരുന്നത്... "

"നിനക്ക് വേണമെങ്കിൽ മതി...  ദേ ആയിരത്തി അഞ്ഞൂറ് രൂപ ഇപ്പോൾ എന്റെ കയ്യിലുണ്ട്.. "

അത്രയും പൈസയുടെ ഒരു ഫോട്ടോ അവന് അപ്പോൾ തന്നെ അയച്ചുകൊടുത്തു...

തന്റെ അവസ്ഥ മുതലെടുക്കുന്ന അനുജത്തി....  ഇവളെ കെട്ടുന്നവന്റെ കഷ്ടകാലം....  മനസ്സിൽ പ്രാകികൊണ്ട് പൈസ എടുത്തു  വാതിൽ തുറക്കാൻ നോക്കി...

വാതിൽ പുറമെ നിന്നു കുറ്റിയിട്ടിരിക്കുകയാണ്...

"കാമുകാ...  എന്തായി....  സമയം പോകുന്നു... "

വീണ്ടും മെസ്സേജ്

"ഈ വാതിൽ ആരാ പുറത്തുനിന്നു അടച്ചത്... "

"അതൊരു സേഫ്റ്റിക്ക് വേണ്ടി ഞാൻ ലോക്ക് ചെയ്തതാ... ഇനി എന്റെ ഫോൺ എങ്ങാനും തട്ടിപ്പറിക്കാൻ നോക്കിയാലോ...  മോൻ പൈസ വാതിലിനടിയിലൂടെ ഇങ്ങ് താ.. "

വീണ്ടും വീണ്ടും തന്നിലേക്ക് തെളിഞ്ഞുവരുന്ന ആ സുന്ദരമുഖം അവനെ തളർത്തികൊണ്ടിരുന്നു.... 

വാതിലിനടിയിലൂടെ രണ്ടായിരത്തിന്റെ നോട്ട് തിരുകിക്കൊടുക്കുമ്പോൾ ഇനിയും അവളെ കാണാനുള്ള ആവേശമായിരുന്നു....

പൈസ കൊടുത്തിട്ട് ഫോണിലേക്ക് നോക്കിയിരുന്നു... ബാക്കി പൈസയേക്കാൾ കൊതിച്ചത് ആ മുഖം ഒന്നുകൂടെ കാണുവായിരുന്നു..

പെണ്ണ് പറ്റിച്ചോ ദൈവമേ.,  ബാക്കി പൈസയും ഇല്ല ഫോട്ടോയും ഇല്ല...

"ചിന്നുസേ....  ഫോട്ടോ അയക്കേടാ... "

അവൻ അയച്ച മെസ്സേജിന് റിപ്ലൈ നോക്കിയിരുന്നു....  കണ്ണിമ വെട്ടാതെ...

സമയം പോയികൊണ്ടേയിരുന്നു...  വീണ്ടും വീണ്ടും മെസ്സേജുകൾ അയച്ചു...  മറുപടി ഇല്ല... 

വിദഗ്ദമായി പറ്റിക്കപ്പെട്ടിരിക്കുന്നോ  അവൻ...  വാതിൽ ചവുട്ടി തുറക്കാൻ തോന്നുന്നുണ്ട്...  പക്ഷെ.,  അച്ഛന്റെ സ്വഭാവം നന്നായി അറിയുന്ന അവൻ കലിയടക്കിപ്പിടിച്ചു... 

ചിന്നുവിന്റെ നമ്പറിലേക്ക് വിളിച്ചു....

"താങ്കൾ വിളിക്കുന്ന സബ്സ്ക്രൈബർ ഇപ്പോൾ പരിധിയ്ക്ക് പുറത്താണ്.... "

കാതിൽ പെരുമ്പറ മുഴങ്ങി...

രണ്ടും കല്പ്പിച്ചു ലാൻഡ്‌ഫോണിലേക്ക് വിളിച്ചു...  അതും സ്വാഹാ... 

അച്ഛനെ ഈ നേരത്ത് വിളിച്ചാൽ നല്ല ഡോസ് കിട്ടും അതുമല്ല രംഗം ആകെ വഷളാകും....

രണ്ടായിരവും പോയി വിചാരിച്ചത് കിട്ടിയതുമില്ല...  ദേഷ്യവും സങ്കടവും താങ്ങാനാവാതെ അജു റൂമിൽ തലങ്ങും വിലങ്ങും നടന്നു...

സമയം ഒരുമണിയോടടുക്കുന്നു..  ഉറക്കം വരുന്നില്ല...  വീണ്ടും ചിന്നുവിനെ വിളിച്ചു നോക്കി...  ഇനി പ്രയോജനമില്ല...  പതിനൊന്നു മണി കഴിഞ്ഞാൽ ഫോൺ ഓഫ്‌ ചെയ്യണം എന്നാണ് അവൾക്കു അച്ഛൻ കൊടുത്ത ഓർഡർ....  അത് അനുസരിക്കുന്നതിൽ അവന് സന്തോഷം തോന്നി എന്നാലും, തന്നെ ചതിച്ചതിൽ അവന് അമർഷം കൂടിവന്നു...

ഇനിയും ഇവിടെ കിടന്നാൽ വട്ടാകും...  അജു എഴുനേറ്റ് വാതിലിനടുത്തേക്ക് നടന്നു. തടവിലാക്കപ്പെട്ട കൊലപ്പുള്ളിയെ പോലെ അവൻ ജനൽകമ്പികളിൽ പിടിച്ചു ജനൽപ്പാളി ഒന്ന് തള്ളിനോക്കി....

ഇതെന്താണ്...  എല്ലാം പുറമെനിന്ന് അടച്ച്പൂട്ടിയോ....  ദേഷ്യം പെരുവിരലിൽകൂടി അടുത്തിരിക്കുന്ന കസേര നാലുകഷ്ണമായി തറയിൽ ചിതറിത്തെറിച്ചു...

വാതിൽ വീണ്ടും തുറക്കാൻ വേണ്ടി അങ്ങോട്ട്‌ നീങ്ങി...  ശക്തിയായി ലോക്ക് പിടിച്ച് വലിച്ചു..  വലിയുടെ ആഘാതത്തിൽ അടിതെറ്റി അവൻ കട്ടിലിലേക്ക് മറിഞ്ഞുവീണു...  അത് എപ്പോഴോ തുറന്ന് വച്ചിരുന്നു...

നടുവുംകുത്തി വീണ അജു എഴുനേറ്റു പുറത്തേക്കു കടന്നു... ഡൈനിങ് ടേബിളിൽ ഒരു ഫോണും കുറെ നോട്ടുകളും ഇരിക്കുന്നു...

ചിന്നുവിന്റെ ഫോൺ...  അവന്റെ ശരീരം തണുത്തു... ഫോൺ എടുത്തു ഗാലറി തുറന്നു...

തുടരും...

❤പ്രണയത്താളം❤

ഭാഗം -2
(എന്റെ ഹൃദയതാളം )

....
ഗാലറി കണ്ടതും കണ്ണിൽ ഇരുട്ട് വീണു...  ഒരു ഫോട്ടോ പോലും ഇല്ലാതെ എല്ലാം ക്ലീൻ ആയിരുന്നു... സങ്കടവും ദേഷ്യവും അവനെ കീഴ്പെടുത്തി...

അടക്കിവച്ചിരിക്കുന്ന നോട്ടുകൾക്കിടയിൽ ഒരു കുറിപ്പ് അവന്റെ കണ്ണിൽപ്പെട്ടു...

"ഏട്ടാ...  ഏട്ടൻ ഇതുവരെ അനുഭവിച്ച ടെൻഷൻ സത്യമാണെങ്കിൽ ആത്മാർത്ഥമാണെങ്കിൽ ഈ  നമ്പറിൽ ഒരു മെസ്സേജ് കൊടുക്കണം... അവൾ ഉറങ്ങിക്കാണില്ല... "

കണ്ണുകളെ വിശ്വസിക്കാനായില്ല... ഫോൺ എടുത്തു നമ്പർ സേവ് ചെയ്തു വാട്സ്ആപ്പ് തുറന്നു... 

"online"

അജു സമയം നോക്കി..   രണ്ടുമണി കഴിഞ്ഞു....  ഇപ്പോഴും ഓൺലൈൻ.

ഹായ്....

അജു രണ്ടുംകല്പിച്ചു ഒരു മെസ്സേജ് അയച്ചു...

പിന്നെ കാത്തിരിപ്പായി...  മറുപുറത്ത് ടൈപ്പിംഗ്‌ എന്ന് കാണിക്കുന്നു...  നിൽക്കുന്നു...  മറുപടി ഒന്നും വരുന്നില്ല...

"ഹായ്.... "

മറുപടി വന്നതും പിന്നീട് അവന് എന്ത് പറയണം എന്നറിയാതെയായി..

"ഉറങ്ങിയില്ലേ... "

"ഇല്ല...  ചിന്നു ആണോ ... "

"ഏത് ചിന്നു "

"ശ്രുതിയുടെ ക്ലാസ്സിലെ ചിന്നു ആണോ ഇത്... "

"ഏത് ശ്രുതി ? ഏത് ചിന്നു ?... ഇയ്യാളുടെ പേരെന്താ ? "

"നമ്പർ തെറ്റിയെങ്കിൽ വച്ചിട്ട് പോ മാഷേ.. "

ഡിപിയിലെ രൂപം കണ്ട് ഒന്ന് കളിപ്പിക്കാം എന്ന് കരുതിയതാ..  ഇപ്പോൾ സംഗതി എല്ലാം കയ്യീന്ന് പോയി...

"ഹലോ...  ഞാൻ ചിന്നുവിന്റെ ഏട്ടനാണ്..... "

"സോറി... "

അവൾ പിന്നീട് ഒന്നും പറയാതെ ഓഫ്‌ലൈൻ ആയി...

മനോഹരമായ പ്രൊഫൈൽ ഫോട്ടോ ഫോണിലേക്ക് സേവ് ചെയ്തു... 

ഒന്ന് വിളിച്ചാലോ...  അല്ലേൽ വേണ്ട ഈ അസമയത്ത് വിളിക്കുന്നത് മോശമല്ലേ...  ചിത്രത്തിലൂടെ കണ്ണോടിച്ചു കിടക്കുന്ന നേരം ഒരു കുളിർമഴ നനഞ്ഞ പ്രതീതിയായിരുന്നു അവനിൽ...

ഫാനിന്റെ കാറ്റിലും അവൻ നന്നായി വിയർത്തിരുന്നു... ഇനി ആളെ മനസ്സിലായി കാണില്ലേ..   പഴയ പ്രൊഫൈൽ മാറ്റി പുതിയത് സെറ്റ് ചെയ്തു..

അടുത്ത ദിവസം കണ്ണ് തുറന്നത്  തകർന്ന കസേരയുടെ കാര്യം പറഞ്ഞ് അച്ഛൻ അമ്മയോട് കയർക്കുന്നത് കേട്ടിട്ടായിരുന്നു...  കൂട്ടത്തിൽ പ്രോത്സാഹനത്തിന് ചിന്നുവും.

തലയിണയിൽ മുഖം പൂഴ്ത്തി ഫോൺ തപ്പിയെടുത്തു സമയം നോക്കി... എട്ടര...

ഇന്റർനെറ്റ്‌ ഓൺ ചെയ്ത് വാട്സാപ്പ് മെസ്സേജുകൾ തോണ്ടിനോക്കി...

"last seen today 7.48am..."

പേരറിയാത്ത കറുത്തസാരിക്കാരി വന്നുപോയിട്ട് ഒരു മണിക്കൂർ കഴിഞ്ഞിരിക്കുന്നു...  ഒരു ഗുഡ് മോർണിങ് പോലും അയച്ചിട്ടില്ല... പ്രൊഫൈൽ ചിത്രവും മാറ്റിയിരിക്കുന്നു...

എന്തായാലും വേണ്ടില്ല ഒരു അടിപൊളി ഗുഡ്മോർണിംഗ് വിഷ് ചെയ്തു...  രാവിലെ നേരത്തെ എണീക്കാത്തതു ഭയങ്കര വിഷമം പോലെ അവന് തോന്നി...

"കാമുകാ..... "

തുള്ളിച്ചാടികൊണ്ട് ചിന്നു അകത്തേക്ക് വന്നു...

"എന്താണ് കാമുകൻ രാവിലെ ഫോണിൽ കലാപരുപാടി.. "

"ഒന്നുല്യാടി...  നിനക്ക് ഇന്ന് ക്ലാസ്സ്‌ ഇല്ലേ... "

"ഉണ്ടല്ലോ... ഞാൻ ഇറങ്ങാറായി...  എന്തായി ഇന്നലെ.. "

മേശയിൽ എന്തോ തിരയുന്നതിനിടയിൽ അവൾ ചോദിച്ചു...

"എന്താവാൻ....  അത് ആരാ ?.. നിന്റെ ഫ്രണ്ട് ആണോ ?
എന്തിനാ മെസ്സേജ് അയക്കാൻ പറഞ്ഞത് ?
എന്റെ മെസ്സേജ് കണ്ടതും അത് ഓഫ്‌ ചെയ്ത് പോയി.. "

"അയ്യോടാ പാവം...
കാമുകൻ എന്നെയൊന്നു കോളേജിലേക്ക് വിട്ടുതരുമോ.. "

"പിന്നേ.... നീ വേണേൽ ബസ്സിൽ പോ.. "

"വേണമെങ്കിൽ മതി...  ഓരോ ചാൻസും വിലപ്പെട്ടതാണ്... "

"നീ ആദ്യം അഞ്ഞൂറിന്റെ കാര്യം തീരുമാനമാക്കു...  എന്നിട്ട് മതി ബാക്കി... "

"അതിന്റെ റിസൾട്ട്‌ അല്ലേ ഇന്നലെ കണ്ടത്...  നിനക്ക് കഴിവില്ലാത്തത് എന്റെ കുറ്റമാണോ.... "

"ഡി...  നീ ആളെ വട്ടാക്കല്ലേ...."

"എന്നെ കൊണ്ടുവിടുമോ ഇല്ലയോ...   നേരം പോകുന്നു.. സർപ്രൈസ് കഴിഞ്ഞിട്ടില്ല.... ചാൻസുകൾ കൂടുന്നു... "

കോളേജ്,  സർപ്രൈസ്,  ചാൻസ് എന്ന് കേട്ടതും അവനിൽ ഉത്സാഹമായി..  പത്തുമിനുട്ടിനുള്ളിൽ ആശാൻ റെഡി ആയി...

"പിന്നേയ്....  ആ നീല ഷർട്ട്‌ മതി ട്ടാ... "

അടുക്കളയിൽ നിന്നും ചിന്നു വിളിച്ചു പറഞ്ഞു..

അണിഞ്ഞൊരുങ്ങി ബൈക്കിൽ ചിന്നുവിനെയും കൂട്ടി കോളേജിലെക്....

ഗേറ്റിൽ വച്ച് ആ യാത്ര അവസാനിച്ചു..

"കാമുകാ... "

അത് കേട്ടതും അവൻ ഒന്ന് കണ്ണുരുട്ടി..

"ദാ....  അങ്ങോട്ട്‌ നോക്ക്യേ... "

വരാന്തയിൽ കൂടിനിൽക്കുന്ന കുട്ടികളെ കണ്ണുകൊണ്ടു കാണിച്ചു അവൾ പറഞ്ഞു.

കൂട്ടത്തിൽ നീല നിറത്തിലുള്ള  സാരിയുടുത്ത് വെളുത്തു കൊലുന്നനെ ഒരു രൂപം....  അവന് കണ്ണുകളെ വിശ്വസിക്കാനായില്ല....

"അതാണ്‌ കാമുകി... എന്റെ ഫ്രണ്ട് ന്റെ ബന്ധുവാണ്  "

അവന്റെ കാതുകളിൽ ആ ശബ്ദമൊന്നും കയറിയില്ല....

"കാമുകാ...   ഡാ മോനെ വണ്ടി വിട്ടേ... മതി മതി... "

"ചിന്നുസേ.... ഡി, അവളുടെ പേരെന്താ ? "

"നമ്പർ കിട്ടിയില്ലേ,  പേരും നാളുമൊക്കെ നേരിട്ട് ചോദിച്ചോ..  ഞാൻ പോവാ ....  അപ്പോൾ അഞ്ഞൂറ് ന്റെ പണി കഴിഞ്ഞേ... "

വീട്ടിൽ വന്ന് വാട്സാപ്പ് തുറന്നു...  അയച്ച മെസ്സേജ് ന് ഒരു മറുപടിയും ഇല്ല... 

ചായ കുടിച്ചു നാട്ടിലെ  അവസാന നാളുകളുടെ കണക്കെടുപ്പ് മനസ്സിൽ ഓർമ്മിച്ചു... ഇനി രണ്ടാഴ്ച  കൂടിയേ ഈ വീടും നാടും പച്ചപ്പും എല്ലാം ഉണ്ടാകൂ.. പിന്നെ മണൽക്കാറ്റു വീശുന്ന സ്വപ്നങ്ങളുടെ മറ്റൊരു പറുദീസാ..  
നാട്ടിൽ തെണ്ടിനടന്നത് മതിയാക്കി വിദേശത്തുപോകാൻ ഒരുങ്ങിയത് ഇപ്പോഴാണ് വലിയ ദുഃഖകരമായത്... 

ഇന്നേവരെ ഒരു പെൺകൊടിപോലും തിരിഞ്ഞു നോക്കാത്ത തന്റെ മുഖത്തേക്ക് ആദ്യമായി പ്രേമപൂർവ്വം ഒരു നോട്ടം കിട്ടിയത് ശരിക്കൊന്നു ആസ്വദിക്കാൻപോലും സമയമില്ല...

ഇനി തന്റെ അരുമ പെങ്ങളുടെ സ്വഭാവം വച്ച് നോക്കുമ്പോൾ സാമ്പത്തികം അടിച്ചുമാറ്റാൻ വേണ്ടിയാകുമോ..  ഇനി വൈകുന്നേരം ആകണം എന്തെങ്കിലും ഒരു വിവരം അറിയുവാൻ...

ഊരുചുറ്റലും ഉറക്കവും എല്ലാമായി വൈകുന്നേരമാക്കി.

"അമ്മേ....  ഞാൻ ചിന്നുവിനെ വിളിക്കാൻ പോവാ.."

പോവാനൊരുങ്ങും വഴിയേ അമ്മയോട് പറഞ്ഞു..

"ഇന്നെന്താ കീരിയും പാമ്പും കൂടെ വല്ലാത്ത സ്നേഹം... "

അമ്മയുടെ വാക്കുകൾക്ക് മറുപടി കൊടുക്കാതെ ബൈക്ക് പട പട അടിച്ചു കുതിച്ചു പാഞ്ഞു...

ബസ് കാത്തുനിൽക്കുന്ന ചിന്നുവിന്റെ അടുത്ത് വണ്ടി നിർത്തി അവൻ ആകെമൊത്തം ഒന്ന് കണ്ണോടിച്ചു...

"ഹലോ....  ഇന്നെന്താ പൊന്നാങ്ങള ഈ വഴി... "

ബൈക്കിൽ കയറുമ്പോൾ അവൾ ചോദിച്ചു..

"ഒന്നൂല്യ...  ഈ വഴിക്ക് പോവേണ്ട ആവശ്യം ഉണ്ടായിരുന്നു.... "

"മതി മോനെ ബബബ പറഞ്ഞത്...  കാമുകി നേരത്തെ സ്ഥലംവിട്ടു.. "

നിരാശ മുഖം കറുപ്പിച്ചു... 

വീട്ടിലെത്തിയതും ഇറങ്ങുമ്പോൾ സ്റ്റാൻഡ് ഇടാതെ ബൈക്ക് മറിഞ്ഞു വീണതും ഒന്നും അവൻ അറിഞ്ഞില്ല... 

ശബ്ദം കേട്ട് അമ്മ ഇറങ്ങിവന്നു..

"വീണ്ടും അടികൂടിയോ...  പോകുമ്പോൾ ഭയങ്കര സ്നേഹം ആയിരുന്നല്ലോ... "

അവൻ ഒന്നും പറയാതെ അകത്തേക്ക് കയറിപ്പോയി...

വാട്സാപ്പ് എടുത്തു കാത്തിരിപ്പായി...  ഇതുവരെ ഓൺലൈനിൽ വന്നിട്ടില്ല...

ഇപ്പോഴാണെങ്കിൽ ഡിപി യും ഇല്ല..

"മോനേ....  ചായ വേണ്ടേ "

അമ്മ വാതിൽക്കൽ നിന്നു വിളിച്ചു..  പുറത്തേക്കു ഇറങ്ങിയപ്പോൾ ചിന്നു ഫോണിൽ സംസാരിക്കുകയായിരുന്നു... 
ചായ കുടിക്കുന്നതിനിടയിൽ ഫോൺ ലൗഡ്‌സ്പീക്കർ ഓൺ ചെയ്തു മേശപ്പുറത്തുവച്ചു...  കൂട്ടുകാരി ശ്രുതിയാണ് മറുതലയ്ക്കൽ..

"ഡീ ചിന്നു ...  എനിക്ക് പേടിയാ...  ഞാനെങ്ങനെ ഇതൊക്കെ ചോദിക്കുക... "

"ഇവിടെ അസ്ഥിക്ക് പിടിച്ചിരിക്കുകയാ ഒരാൾക്ക്..."

"പിന്നെ നേരിട്ട് ചോദിക്കാൻ പറ.. "

"അത് പിന്നെ... നീ ആദ്യം ഒരു സൂചന കൊടുക്കണം...  പിന്നെ ഒരു ഫോട്ടോ എനിക്ക് അയച്ചു താ... "

"ശരി ശരി... എന്റെ പുക കണ്ടാലേ നിനക്ക് സമാധാനമാകൂ അല്ലേ... "

സംഭാഷണം നിലച്ചു...  അജുവിന്‌ ഒരുപിടിയും കിട്ടിയില്ല... അമ്മയും ചിന്നുവും പരസ്പരം ചിരിക്കുന്നുണ്ട്..

"അമ്മേ...  കറുത്ത സാരിക്കൊപ്പം സ്വർണ്ണക്കൊലുസ്സ് ആണല്ലേ ഭംഗി... "

"അതെയതെ...  "

"ആ അതൊക്കെയിടാനും യോഗം വേണം... "

അന്ന് രാത്രിയിൽ അജുവിന്റെ വാട്സ്ആപ്പിൽ ഒരു മെസ്സേജ് വന്നു...

"എന്താ നിങ്ങളുടെ ഉദ്ദേശം.. "

അറിയാത്ത നമ്പർ ആണ്... പ്രൊഫൈൽ ചിത്രവും ഇല്ല.  മെസ്സേജ് കണ്ടിട്ട് മറ്റേ ആൾ തന്നെയാണെന്ന് അവന് ബോധ്യമായി.. 

"ഇത് ഞാൻ ഉദ്ദേശിക്കുന്ന ആളാണെങ്കിൽ... അറിഞ്ഞ കാര്യങ്ങളെല്ലാം സത്യമാണ്.. "

"എന്ത് കാര്യങ്ങൾ... "

"എനിക്ക് ഇയ്യാളെ ഒന്ന് നേരിട്ട് കാണണം എന്നുണ്ട്... "

"എന്തിന്... "

"കുറച്ചു കാര്യങ്ങൾ സംസാരിക്കണം...  "

"എന്ത് കാര്യങ്ങൾ "

"ഞാൻ കുറച്ചു ദിവസങ്ങൾ കൂടിയേ നാട്ടിൽ ഉണ്ടാകൂ...  പോവുന്നതിനു മുന്നേ താല്പര്യം ഉണ്ടെങ്കിൽ കാണണം.. "

"നിങ്ങൾ കാര്യം എന്താണെന്നു പറയൂ.. "

"അത് നേരിട്ട് പറഞ്ഞാലേ ശരിയാകൂ... "

"എന്നാൽ.... ഞായറാഴ്ച വീട്ടിലേക്കു വരൂ... "

എവിടെനിന്നോ വന്ന ധൈര്യം...  അതായിരുന്നു ആ സംഭാഷണത്തിൽ നിറഞ്ഞു നിന്നത്..

"മോനേ കാമുകാ.... "

വാതിലിൽ തട്ടിയുള്ള വിളി....  ചിന്നുവാണ്...

"അപ്പോൾ അങ്ങനെയാണ് കാര്യങ്ങൾ...  വീട്ടിലേക്കു തന്നെ പോകണോ "

അകത്തു കടന്ന ഉടനെ അവൾ ചോദിച്ചു..

"എന്ത്.... "

"കുന്തം....  നീ ആരോടാ ഇപ്പോൾ ചാറ്റ് ചെയ്തത്... "

"അത്....  പിന്നെ....  ചിന്നുസേ.."

"മോനേ....  അജു..  സീരിയസ് ആണോ...  അതോ നേരംപോക്ക് കളിയോ.. "

"ചിന്നുസേ....  പേരെങ്കിലും ഒന്ന് പറഞ്ഞു താ... "

"അതൊക്കെ അവിടെ നിൽക്കട്ടെ...  ഞാൻ പറഞ്ഞതിന് ഉത്തരം പറ.. "

"എനിക്ക് ഒന്ന് കണ്ടു സംസാരിക്കണം... "

"എന്നിട്ട്.... "

"അവൾക്കു ഇഷ്ടമാണെങ്കിൽ ഞാൻ പോയിവന്നിട്ട് കെട്ടണം..."

"ഓഹോ....  കാര്യങ്ങൾ അത്രയ്ക്ക് എത്തിയോ.. "

"യെസ്.. "

"കള്ള കാമുകൻ ഇത്രനേരം ചാറ്റ് ചെയ്തത് ആരോടാണെന്നു അറിയോ... "

"അത്...  അത് ആ കുട്ടിയല്ലേ.. "

"ഉവ്വ....  കുട്ടി....  അത് അവളുടെ അമ്മാവനായിരുന്നു മോനേ....  പണി കിട്ടാതെ നോക്കിക്കോ..  "

"ചിന്നുസേ....  ഡീ... "

"എന്നോടൊന്നും പറയേണ്ട... "

"ഞാൻ പോയി സംസാരിച്ചാലോ... "

"ചെല്ല്...  എന്നിട്ട് എന്താച്ച ചെയ്യ്.. "

"നീ കൂടെ വരണം "

"അയ്യേ....  ഞാൻ എന്തിനാ.. "

"നിനക്കല്ലേ അവളെ പരിചയം...  മറ്റേ കുട്ടിയെകൂടെ വിളിക്കാം.. "

"ഭയങ്കര പ്ലാനിങ് ആണല്ലോ.. "

"എനിക്ക് പോവുന്നതിനു മുന്നേ ഇതിൽ ഒരു തീരുമാനം ഉണ്ടാക്കണം... "

"തീരുമാനങ്ങൾ എല്ലാം ആയി.. "

"എന്ത്.  "

"ആ...  എല്ലാം തീരുമാനം ആയതുപോലെയാ എന്ന്... എന്റെ കാലിൽ ഒരു കുഞ്ഞു സ്വർണ്ണ കൊലുസ്സ് വന്നാൽ....  ബാക്കി എല്ലാം ഞാൻ ശരിയാക്കി തരാം.... "

ഇവൾ ആള് കൊള്ളാമല്ലോ...  പുര കത്തുമ്പോൾ തന്നെ വാഴ വെട്ടുന്നു...

"അതെ..   ഇപ്പോഴൊന്നും വേണ്ട...  നിന്റെ ജോലി എല്ലാം ഓക്കേ ആയിട്ട് ഒരു മൂന്ന് നാല് മാസത്തിനുള്ളിൽ മതി... "

കുഞ്ഞു പെങ്ങൾക്ക് വാങ്ങികൊടുക്കുന്നതിൽ അവന് സന്തോഷമേ ഉള്ളൂ.  അവൾ അത് സൂത്രത്തിൽ നേടിയെടുക്കുമ്പോഴാണ് ആ വീട്ടിൽ സന്തോഷം കൂടുന്നത്...

തുടരും...

#പ്രണയതാളം (അവസാനഭാഗം)

::::   നീയെൻ ജീവതാളം :::::

വിട്ടുവീഴ്ചയില്ലാതെ  സ്വർണ്ണകൊലുസ്സ് ഉടമ്പടി ധാരണയായി...  മൂന്ന് മാസം സമയം..

മനസ്സു ചോദിക്കാൻ ആങ്ങളയും പെങ്ങളും പോകാൻ തീരുമാനമായി.... 

ഇറങ്ങാൻ നേരം അച്ഛന്റെ വക ഉപദേശം..

"ഇനി വണ്ടിയിൽ  അതികം കറക്കം ഒന്നും വേണ്ട... "

തലകുലുക്കി യാത്രയാകുമ്പോൾ മനസ്സിൽ പൂക്കാലമായിരുന്നു.  വഴികൾ പറഞ്ഞുകൊടുത്ത് ചിന്നുവും വാതോരാതെ സംസാരിക്കുന്നുണ്ട്...

"ഡാ...  ഒന്ന് നിർത്തിയെ... "

ഫോൺ ചെവിയിൽ വച്ചുകൊണ്ട് അവൾ താഴെ ഇറങ്ങി..  എന്തൊക്കെയോ കുശുകുശുക്കുന്നുണ്ട്...  എന്താണെന്നു ചോദിച്ചിട്ട് പറയുന്നുമില്ല....

"എന്താടീ.... "

"വീട്ടിലേക്കു പോകേണ്ട... "

"എന്തെങ്കിലും പ്രശ്നം ഉണ്ടോ.. "

"നീ വണ്ടി എടുക്കൂ...  ശ്രുതിയുടെ വീട്ടിൽ പോകാം.. "

"എന്താ കാര്യം എന്ന് പറ ചിന്നുസേ.. "

"ഡാ പൊട്ടാ....  അവൾക്ക് നിന്നോട് തനിച്ചു സംസാരിക്കണം എന്ന്... "

"നേരോ.. ?"

"ദൈവമേ...  ഇങ്ങനെ ഒരു മണകുണാഞ്ചൻ.. "

കൂട്ടുകാരിയുടെ വീട്ടിലേക്കു കയറിയ ബൈക്ക് നോക്കി ടെറസ്സിൽ ഒരു കറുത്ത സാരി മിന്നിമറഞ്ഞു..

ഒരുമിച്ചു ചായ കുടിക്കുമ്പോഴും അവർ പരസ്പരം നോക്കിയില്ല...

"ചിന്നൂ...  നമുക്ക് കട്ടുറുമ്പാവേണ്ട... "

ചിന്നുവിന്റെ കൈപിടിച്ച് റൂമിനു അകത്തേക്ക് കയറുമ്പോൾ ശ്രുതി പറഞ്ഞു... 

"കാമുകാ....  കുളമാക്കരുത്.. "

കൂടെ ചിന്നുവിന്റെ ഡയലോഗും..

ചായയുടെ ചൂട് കൂടുന്നതോ...  അതോ ശരീരം വിറയുന്നതോ എന്തോ... നന്നായി വിയർക്കുന്നുണ്ട്...

"നമുക്ക് ടെറസ്സിൽ പോയാലോ.. "

വിക്കി വിക്കി അജു പറഞ്ഞു...

ടെറസ്സിലെ തണലിൽ അവർ എങ്ങോട്ടോ നോക്കി നിന്നു...

"ഞാൻ അജയ്... ഇയ്യാളുടെ പേരെന്താ... "

"ആഹ്....  " സ്വപ്നത്തിൽനിന്നു ഞെട്ടിയുണർന്നപോലെ അവൾ അവനെ നോക്കി..

"എന്താ പേര്.... "

"ഞാൻ കാർത്തിക...  "

"നല്ല പേര്.. ഞാൻ അധികം വളച്ചുകെട്ടുന്നില്ല...  എനിക്ക് ഇയ്യാളെ ഒരുപാട് ഇഷ്ടമായി.. "

"ഇഷ്ടം...  ചിന്നു പറഞ്ഞു എല്ലാം..  "

"എന്ത്.. "

"അസ്ഥിക്ക് പിടിച്ചിരിക്കുകയാണെന്നു.. "

"സത്യം.. ഇയ്യാൾക്ക്...  സോറി കാർത്തികയ്ക്ക് ഇഷ്ടമാണെങ്കിൽ വീട്ടിൽ വന്നു പെണ്ണുചോദിക്കട്ടെ ഞാൻ.. "

"അജു...  ഞാനും അങ്ങനെ വിളിച്ചോട്ടെ.. "

"തീർച്ചയായും... "

"എനിക്ക് ഇഷ്ടക്കേടൊന്നും ഇല്ല്യ...  ചിന്നുവിന്റെ ചേട്ടനെ എനിക്കും ഇഷ്ടാണ്..  പക്ഷെ.. "

"എന്താ പക്ഷെ ????

"ചിന്നു ഒന്നും പറഞ്ഞില്ലേ... "

"ഇല്ല...  എന്താ ??

"ഇങ്ങനെ ഒരു ആഗ്രഹം പറഞ്ഞപ്പോൾ ഞാൻ എല്ലാം അവളോട്‌ പറഞ്ഞതാണ്... "

"എന്നോട് ഒന്നും പറഞ്ഞില്ല "

"അജൂ...  ഞാൻ അച്ഛനും അമ്മയും ഇല്ലാത്ത കുട്ടിയാണ്...  അമ്മൂമ്മയും മാമനുമാണ് എന്നെ വളർത്തിയത്... എന്റെ ലോകം വളരെ ചെറിയതാണ്...  ഒരുപക്ഷെ.,  നീ ആഗ്രഹിക്കുന്ന ഒരു പങ്കാളിയാവാൻ എനിക്ക് യോഗ്യത ഇല്ലെങ്കിലോ... "

"കാർത്തികാ.... "

"അതെ...  എല്ലാം അറിയണം...  വെറുതെ നേരംപോകാൻ പ്രേമിക്കാൻ എനിക്ക് ഇഷ്ടല്യ.. "

കണ്ണുകൾ നിറയാൻ തുടങ്ങിയ അവളോട്‌ എന്ത് പറയണം എന്ന് അറിയാതെ അവൻ നിന്നു..

"കാർത്തികാ.. എന്നെ ഇഷ്ടമാണോ നിനക്ക്... " അവൻ വീണ്ടും ചോദിച്ചു..

"അജൂ....  നന്നായി ആലോചിച്ചിട്ടാണോ സംസാരിക്കുന്നത്.. "

"അതെ...  നന്നായി ആലോചിച്ചിട്ട് തന്നെ..  ഞാൻ അടുത്ത ആഴ്ച ഗൾഫിൽ പോകുകയാണ്...  എന്റെ ഇഷ്ടം വീട്ടിൽ സമ്മതിക്കും...  ഇപ്പോൾ ഒരു വാക്ക് മതി...  ഒരു വർഷം കഴിഞ്ഞാൽ ഞാൻ നിന്നെ കെട്ടികൊണ്ടുപോകും.. പിന്നെ... "
"എന്താ പിന്നെ... ?

"ഇഷ്ടമാണെങ്കിൽ എനിക്കൊരു വാക്ക് തരണം ഇപ്പോൾ... "

മൗനം പിടിപെട്ടു...  ജീവിതത്തിന്റെ നിർണ്ണായക തീരുമാനം എടുക്കേണ്ട സമയം...
"എന്തെന്ന് പറ... " മുഖം കുനിച്ചു നിൽക്കുന്ന അജുവിനോട് അവൾ ചോദിച്ചു..

"അത്....  ചിന്നു... "

"അവൾക്ക് എന്താ.. "

"അവളെ ഇഷ്ടമാണോ "

"അതെന്താ അങ്ങനെ ചോദിക്കാൻ...  ഞങ്ങൾ നല്ല കൂട്ടല്ലേ.. "

"ഞങ്ങളുടെ രാജകുമാരിയാണ് ചിന്നു...  ഭയങ്കര വാശിയുണ്ട്..   അതുപോലെ സ്നേഹവും.. പിന്നേ... "

"പിന്നെയും പിന്നെ ??

"അതെ.,  എല്ലാം നീ അറിയണം...  "

"എന്താണെന്നു പറയൂ.. "

"അവൾ ഒരു സ്ഥിരം രോഗിയാണ്...  പുറമെ കളിച്ചു ചിരിച്ചു നടക്കും എന്നാലും.. നമ്മൾ ഒഴികെ അവൾക്കു ഒരു ജീവിതം ഉണ്ടാവില്ല...  ഞാൻ അവൾക്ക് ചേട്ടൻ മാത്രമല്ല...  ചിലപ്പോൾ അച്ഛനാകും...  അനിയനാകും...  നല്ല കൂട്ടുകാരനാകും.... നീ എന്റെ ജീവിതത്തിൽ വന്നാലും അവളെ അകറ്റി നിർത്താൻ എനിക്കാവില്ല.... "

"അജൂ....  "

കണ്ണുനീർ തുള്ളികൾ ഇറ്റുവീഴുന്ന കാല്പാദങ്ങളിൽ കാർത്തിക നോക്കികൊണ്ടിരുന്നു...

"അജൂ...  എനിക്ക് ആ വീട്ടിലേക്കു വരണം...  ഞാൻ നോക്കിക്കോളാം നമ്മുടെ ചിന്നുവിനെ.... "

"കാർത്തികാ...  ഈ കാര്യങ്ങൾ നീ അറിഞ്ഞു എന്ന് നടിക്കരുത്...  അവളോട്‌ ചോദിക്കരുത്... "

"ഇല്ല....  ഒരിക്കലുമില്ല... "

സന്തോഷം നിറയാൻ തുടങ്ങി ആ മനസ്സുകളിൽ...

"ഒരു വർഷം കാത്തിരിക്കുമോ.. "

"മ്മ്മ്.. " നാണം എപ്പോഴോ ആ കവിളുകളിൽ ചുവപ്പ് പടർത്തി..

അവളുടെ വലതുകൈ പിടിച്ചു അവൻ നെഞ്ചോടു ചേർത്തു..  പടപടാ മിടിക്കുന്ന ഹൃദയതാളം അവളുടെ കൈയിലൂടെ ആ ഹൃദയത്തിലും അലകൾ ഉയർത്തി...

"അജൂ...  ഞാൻ വിശ്വസിച്ചോട്ടെ ഇതൊക്കെ... "

"ഇനി നീ എന്റെയാണ്...  എന്റെ മാത്രം...  ആരുമില്ലെന്ന് ഇനി ചിന്തിക്കേണ്ട.... "

"പോവുന്നതിനു മുന്നേ ഇനി കാണുമോ.... "

"കാണും....  ഞങ്ങൾ വരും... അടുത്ത ദിവസം തന്നെ... "

തണുത്ത കരങ്ങൾ എപ്പോഴോ വിറയൽ മാറിയിരുന്നു...  ഉച്ചവെയിൽ നിഴൽമാറ്റിയ ടെറസ്സിൽ അവർ കണ്ണുകളിൽ നോക്കി നിന്നു...

"ഹലോ..... "

ചിന്നുവിന്റെ വിളിയിലാണ് അവർ സ്ഥലകാലം ഓർമിച്ചത്..

"അത്രയ്ക്ക് ഒക്കെ ആയോ.. "

കൈകൾ വേർപെടുത്തികൊണ്ട് അവർ അകന്നു നിന്നു...

"നിങ്ങൾ കൊള്ളാമല്ലോ...  ദൈവമേ..  ടെറസ്സിൽ ആയത് ഭാഗ്യം... "

"ചിന്നുസേ.... " കാർത്തിക ശോകഭാവത്തിൽ അവളെ  വിളിച്ചു...  അജു കണ്ണുകൾകൊണ്ട് അരുതെന്നു പറഞ്ഞു...

സ്നേഹാലിംഗനം...  യാത്രപറച്ചിൽ...  ബൈക്ക് മനസ്സില്ലാ മനസ്സോടെ വീടുവിട്ടകന്നു...

"ഡാ കള്ളാ....  എന്തായി കാര്യങ്ങൾ... "

"ചിന്നുമോളെ....  എല്ലാം ഓക്കേ ആണെടാ... "

"മോളോ... "

"എന്താടി നിനക്ക് പിടിച്ചില്ലേ... "

"കൊലുസ്സ് മറക്കേണ്ട...  ഇല്ലേൽ എല്ലാം ഞാൻ കുളമാക്കും.... "

"എനിക്ക് പോവാൻ തോന്നുന്നില്ലടാ... "

"മോനേ അജൂ...  ഇവിടെ തെണ്ടിക്കൊണ്ട് നടന്നാൽ അവളെ വേറെ ആരെങ്കിലും കെട്ടും... "

"അവളോ...  ചേട്ടത്തി എന്ന് വിളിക്കെടി... "

"അയ്യടാ....  എനിക്കൊന്നും വയ്യ...  ഞാൻ വേണേൽ പേര് വിളിക്കാം... "

"അങ്ങനെയെങ്കിൽ അങ്ങനെ.. രണ്ടും കൂടെ അടികൂടരുത്..  "

"ആ നോക്കാം... "

വീട്ടിലെത്തുമ്പോഴേക്കും ചിന്നുവിന്റെ മുഖം വാടിയിരുന്നു..   ഇഷ്ടമാണ് എന്നാലും അവരുടെ ലോകത്തേക്ക് വേറെ ഒരാൾ വരുന്നത് എന്തോ അവളിൽ നിന്നു തട്ടിയെടുക്കുന്നത്പോലെ തോന്നി....

ഊണ് കഴിഞ്ഞു കിടക്കാൻ നേരം ചിന്നു അജുവിന്റെ റൂമിലേക്ക്‌ ചെന്നു... 

"അജൂ....  ഡാ... നീ ഉറക്കമായോ... "

കയ്യിലെ പാക്കറ്റ് പുറകിൽ ഒളിപ്പിച്ചു അവൾ അവനെ തോണ്ടി വിളിച്ചു...

"എന്താടി പെണ്ണെ...  ഉറക്കമൊന്നുമില്ലേ... "

"ഇന്നാ....  ഇഷ്ടായോ നോക്ക്യേ.. "
കവർ തുറന്നു നോക്കികൊണ്ട്‌ അവൻ പുഞ്ചിരിച്ചു...  തനിക്കു ഏറ്റവും ഇഷ്ടമുള്ള വെള്ള കളർ ഷർട്ട്‌... 

"ഇതെന്താ....  സമ്മാനമാണോ "

"ഇഷ്ടായോ... "

"ഇഷ്ടായി....  അല്ല...  ഇതിനുള്ള ക്യാഷ് എവിടെന്ന... "

"നിന്റെ പോക്കറ്റടിച്ചു സേവ് ചെയ്തത്... "

"എടീ....  "

"നിനക്ക് വിഷമം ഇല്ലെടാ... "

"പോവാതെ പറ്റില്ലല്ലോ പെണ്ണെ.."

"പിന്നേ...  ഇത് ഞാൻ വാങ്ങിയതല്ല...."

"പിന്നെ... "

"നിന്റെ മറ്റവൾ...  അയ്യോ..  സോറി...  ചേട്ടത്തി... "

"ആഹാ.... "

"ഡാ...  ഇപ്പോൾ എന്നെ വേണ്ടാതായോ നിനക്ക്... "

"നീ ഞങ്ങളുടെ രാജകുമാരിയല്ലേ മോളെ... "

നെറ്റിയിൽ ചുംബനം കൊടുത്തുകൊണ്ട് അവളെ പറഞ്ഞുവിടുമ്പോൾ അജു മനസ്സുകൊണ്ട് കരയുകയായിരുന്നു...  അവൾക്കു ഓർമ്മവച്ച നാൾമുതൽ നിഴലുപോലെ കൂടെ ഉള്ളതാണ്...  ഇനി ഈ ഒറ്റപ്പെടൽ എങ്ങനെ താങ്ങുമോ ആവോ...  ആരോഗ്യമില്ലാത്ത ഹൃദയം നൽകി എന്തിനാണ് ദൈവം അവളെ സൃഷ്ടിച്ചത്... 

ഔപചാരികമായ പെണ്ണുകാണലും മോതിരം മാറ്റലും എല്ലാം വളരെ പെട്ടെന്നായിരുന്നു....

ഇനി ഒരു ദിവസം....  നാളെ രാത്രിയിൽ ഇവിടെനിന്നും പറന്നാൽ പിന്നെ ഒരു വർഷം കഴിഞ്ഞേ മടങ്ങു...

"ചേട്ടാ.... "

"എന്ത്.... " പരിചയമില്ലാത്ത ആ വിളി കേട്ട് അവൻ ചിന്നുവിനെ നോക്കി... "

"ചേട്ടാ....  എന്ന്.... "

"ദൈവമേ...  ഇത് നീ തന്നെയാണോ... "

"എടാ... "

"ആഹ്...  ഇപ്പോഴാണ് യഥാർത്ഥ ചിന്നു ആയതു.... "

"നീ പോയാൽ... "

"പോവെണ്ടേ... "

"പൊയ്ക്കോ പൊയ്ക്കോ...  "

"ധൃതിയായല്ലേ.... "

"അയ്യോടാ....  അതല്ല...  എനിക്ക്.. "

"എന്താ മോളെ...  കാര്യം പറ.. "

"നീ പോയാൽ...  ഞാൻ ഇനി ആരുടെ പോക്കറ്റടിക്കും...  "

"അമ്പടി കള്ളീ.... "

പഴ്സിനുള്ളിലെ എടിഎം കാർഡ് എടുത്ത് അവൾക്ക് നീട്ടികൊണ്ട് അവളോട്‌ പറഞ്ഞു...

"അച്ഛനോടും അമ്മയോടും വഴക്കിടാൻ നിൽക്കരുത്...  എന്റെ മോൾക്ക്‌ ആവശ്യമുള്ളത് എടുത്തോ...  പിന്നെ... "

"അജൂ...  നീ പോവേണ്ടഡാ... "

"ചിന്നൂ....  ദേ നോക്ക്...  ഇനി കാർത്തിക കൂട്ടുണ്ടല്ലോ... അവൾക്കും ആവശ്യമുള്ളത് വാങ്ങി കൊടുക്കണം..  "

യാത്ര പറയുമ്പോൾ ഹൃദയം പൊട്ടുന്ന വേദന അവൻ അടക്കിപ്പിടിച്ചു...  അവന്റെ കണ്ണ് നിറഞ്ഞാൽ ചിന്നുവിന് താങ്ങാനാവില്ല എന്ന് അവനറിയാം... 

ഇറങ്ങാൻ നേരം കാർത്തികയും വന്നു..  കലങ്ങിയ കണ്ണുകളിൽ നീർതുള്ളികൾ പൊടിഞ്ഞു...  അധികമൊന്നും സംസാരിക്കാനോ മനസ്സ് പങ്കുവയ്ക്കുവാനോ കഴിഞ്ഞിട്ടില്ല അവർക്ക്...

കാറിൽ കയറാൻ നേരം അവളോട്‌ പറഞ്ഞു...

"കാത്തിരിക്കണം....  ഒരുപാട് സ്വപ്‌നങ്ങൾ കാണണം....  സന്തോഷമായി ഇരിക്കണം...  പിന്നേ....  നമ്മുടെ ചിന്നുവിനെ നോക്കണം.... "

മറുപടിയായി വാക്കുകൾ ഒന്നും അവളിൽ വന്നില്ല....  കൂട്ടിപ്പിടിച്ച കൈകൾ അവൾ നെഞ്ചോടു ചേർത്തു....  വിരലുകളിൽ അമർത്തി ചുംബിച്ചു...  കണ്ണുനീർ പടർന്ന വിരലുകൾ വിറയ്ക്കുന്നുണ്ടായിരുന്നു....  ഹൃദയത്തോട് ചേർത്തുവച്ച  കൈകളിലൂടെ അവർ പ്രണയത്തിന്റെ ഭാഷയിൽ യാത്ര പറഞ്ഞു....

@കുട്ടൂസ്

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്