ലിവിങ് ടു ഗെതെർ

❤ലിവിംഗ് ടുഗതർ❤
ഫുൾ പാർട്ട്‌

തിരക്കിട്ട് കമ്പ്യൂട്ടറിൽ ചില ഫയലുകൾ തിരയുമ്പോഴാണ് ജയ്ബൻ കാബിനിലേക്ക് കടന്നു വന്നത് .

അവളുടെ മുഖം വിടർന്നു . ഒരു പുഞ്ചിരിയോടെ അവളവനെ നോക്കി . ജയ്ബൻ ചെയർ വലിച്ചിട്ടിരുന്നു . അവളുടെ മിഴികൾ അവന്റെ മുഖത്ത് തന്നെയായിരുന്നു .

അവന്റെ സിൽക്ക് പോലുള്ള മുടിയിഴകൾ സുന്ദരമായ നെറ്റിയിലേക്ക് ചിതറിക്കിടപ്പുണ്ടായിരുന്നു . സ്വർണ്ണ ഫ്രെയിമുള്ള കണ്ണടക്കുള്ളിലെ തിളങ്ങുന്ന നക്ഷത്ര കണ്ണുകളും പട്ട് പോലെയുള്ള കവിൾത്തടങ്ങളും ചെറിയ വരപോലെയുള്ള ചുണ്ടുകളും നറുക്കി നിർത്തിയ പൊടിമീശയും കൊച്ചു കുട്ടികളിലെന്നപോലെ സദാ അവന്റെ മുഖത്ത് വിളങ്ങുന്ന കുസൃതിയും എന്നും അവളുടെ ഹൃദയമിടിപ്പ് കൂട്ടിയിരുന്നു .

                  ശീതികരിച്ച റൂമിനുള്ളിൽ നിറഞ്ഞ മൗനത്തെ അവൻ ഭേദിച്ചു .

''ലച്ചു എന്താ മീറ്റിംഗിന് വരാതിരുന്നത് . "

പെട്ടെന്ന് പരിസരം വീണ്ടെടുത്തു കൊണ്ടവൾ പറഞ്ഞു

'' കുറച്ച് വർക്സ് പെന്റിംഗ് ആയിരുന്നു ജയ്ബൻ . നാളെ മോർണിംഗ് തന്നെ മെയിൽ ചെയ്യേണ്ടതാ ."

അവൻ മൂളി .

"എന്തായിരുന്നു മീറ്റിംഗിലെ ഹൈലൈറ്റ് ? "

" കമ്പനിയുടെ പുതിയ പ്രോജക്ടിനെ കുറിച്ചായിരുന്നു . ഷഫ്ന മാഡം ആണ് ടീം ലീഡർ "

" യൂണിറ്റിന്റെ സൈഡിൽ നിന്നുള്ള ഫീഡ്ബാക്ക് എങ്ങനെ?"

"ഓൾ മോസ്റ്റ് പോസിറ്റിവ് ആണ്" അവൻ പറഞ്ഞു .
" മതിയെടോ എഴുന്നേൽക്ക് ബാക്കി ലഞ്ച് കഴിഞ്ഞിട്ട്. "

അവൾ പുഞ്ചിരിച്ചു കൊണ്ട് ഫയലുകൾ ക്ലോസ് ചെയ്തു . ഹാന്റ് ബാഗ് എടുത്ത് അവനൊപ്പം ഡൈനിംഗ് ഹാളിലേക്ക് നടന്നു .

ഹാളിൽ അവിടവിടെ കൂട്ടമായും ഒറ്റക്കും ഒക്കെ ഓഫീസേർസ് ഇരുന്ന് ഫുഡ് കഴിക്കുന്നുണ്ടായിരുന്നു .

ഹാളിലെ ഒഴിഞ്ഞ കോണിലെ രണ്ട് ചെയറുകളുള്ള ടേബിളിലേക്ക് ജയ്ബൻ അവളെ നയിച്ചു .

ലക്ഷ്മി കമ്പനിയിൽ ജോയ്ൻ ചെയ്ത ആദ്യ നാളു മുതൽ അവളോട് ഏറ്റവും അടുപ്പം കാണിച്ചത് ജയ്ബൻ ആണ് . ഇന്ന് സൗഹൃദത്തിനപ്പുറം ഇഴപിരിക്കാനാകാത്ത ഏതോ വികാരം അവർക്കിടയിൽ രൂപപ്പെട്ടിരിക്കുന്നു .

ദിവങ്ങൾ കഴിയും തോറും അതിന്റെ ആഴവും തിളക്കവും ഏറിവരികയാണ് .

പരസ്പരം തുറന്നു സമ്മതിച്ചിട്ടില്ല എങ്കിലും സൗഹൃദത്തിനപ്പുറമാണ് തങ്ങൾ എത്തി നിൽക്കുന്നത് എന്ന് അവർക്കറിയാമായിരുന്നു .

പക്ഷെ ചില പ്രതിസന്ധികൾ അവർക്കിടയിൽ മുൾവേലികൾ സൃഷ്ടിച്ചു കൊണ്ടേയിരുന്നു .

ലഞ്ച് കഴിഞ്ഞ് ജോലി തിരക്കുകളിൽ വ്യാപൃതയാകുമ്പോഴും എന്തോ പറയാൻ തുടങ്ങുന്ന നേർത്ത അധരങ്ങൾ ആയിരുന്നു അവളുടെ മനസിൽ .

സമയം അഞ്ചരയോടടുത്തപ്പോൾ അവൾ വർക്ക് മതിയാക്കി . ചില പ്രധാനപ്പെട്ട ഫയലുകൾ MD യുടെ റൂമിൽ ഏൽപ്പിച്ച് പുറത്തേക്കിറങ്ങി . പുറത്ത് മഴ ചാറുന്നുണ്ടായിരുന്നു .

കാബിൽ കയറിയിരുന്ന് അവൾ കാർ പാർക്കിംഗ് ഏരിയയിലേക്ക് നോക്കി . ജയ്ബന്റെ കാർ കിടപ്പുണ്ട് . അവൻ പോയിട്ടില്ല . കാബ് ചലിച്ചു തുടങ്ങി .

നാല് കിലോമീറ്റർ അപ്പുറമാണ് അവളുടെ വീടിനു മുന്നിൽ കാബ് നിന്നു . അവളിറങ്ങി . ഗേറ്റ് തുറന്ന് അകത്തേക്ക് കയറുമ്പോൾ തന്നെ കണ്ടു സിറ്റൗട്ടിലെ ചാരുകസേരയിൽ ഏതോ പുസ്തകം മറിച്ചു നോക്കി അക്ഷമനായി ഇരിക്കുന്ന മഹേഷിനെ .

അവളെ കണ്ടപ്പോൾ അയാൾ എഴുന്നേറ്റു വന്നു .

"നീയെന്താ വൈകിയേ .."

"വൈകിയിട്ടൊന്നുമില്ല " അവൾ പറഞ്ഞു . പിന്നെയും എന്തോ പറയാൻ തുടങ്ങിയിട്ട് അത് പാതി വഴിയിൽ ഉപേക്ഷിച്ച് അവൾ അകത്തേക്ക് കയറിപ്പോയി .

മഹേഷ് പ്രൈമറി സ്കൂൾ അദ്ധ്യാപകനാണ് . ചെറുപ്പത്തിൽ തന്നെ അമ്മയെ നഷ്ടപ്പെട്ട അവൻ വളർന്നത് അച്ഛനും രണ്ടാനമ്മക്കും ഒപ്പമായിരുന്നു.

പ്ലസ് ടു പരീക്ഷ ഉയർന്ന മാർക്കോടെ പാസായ അവനോട് തുടർന്ന് പഠിക്കണ്ട എന്ന് അവന്റെ രണ്ടാനമ്മ പറഞ്ഞു . അവനു താഴെയുള്ള രണ്ട് പെൺകുട്ടികളെ വിവാഹം ചെയ്ത് അയക്കണം എന്നതാണ് അതിനുള്ള ന്യായമായി അവർ പറഞ്ഞത് .

പാതി വഴിയിൽ പഠനം നിന്നുപോയ അവനെ തുടർന്ന് പഠിക്കാനുള്ള എല്ലാ സഹായങ്ങളും ചെയ്തു കൊടുത്തത് അവന്റെ അദ്ധ്യാപകനായ വാസുദേവൻ സാർ ആയിരുന്നു .

പിന്നീട് ഡിഗ്രിയും മാസ്റ്റർ ഡിഗ്രിയും എടുത്ത അവൻ സാറിന്റെ കൂടി സ്വാധീനത്തിൽ തന്നെ ഒരു എയ്ഡഡ് പ്രൈമറി സ്കൂളിൽ ജോലി ലഭിച്ചു .

അവനിലെ നന്മയും സ്നേഹവും ഒക്കെ അറിയാമായിരുന്ന അദ്ധ്യാപകൻ തന്റെ മകൾക്ക് ഒരു ഭർത്താവിനെയും അവനിൽ കണ്ടു .

അവൾ പഠിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു അവരുടെ വിവാഹം . അവൾ പഠിച്ചു . അതിനിടയിൽ അമ്മയായി . മകൾക്ക് 8 മാസം പ്രായമുള്ളപ്പോഴാണ്  പ്രശസ്തമായ ഐ ടി കമ്പനിയിൽ അവൾക്ക് ജോലി ലഭിച്ചത് .

മനുഷ്യൻ യന്ത്രങ്ങളായി പണി ചെയ്യുന്ന വൻകിട കമ്പനിയിലെ യന്ത്രമായി മാറുകയായിരുന്നു പിന്നീട് അവളും . എപ്പോഴും തിരക്കുകൾ . കുഞ്ഞിനെ ശ്രദ്ധിക്കാൻ പോലും അവൾക്ക് സമയമില്ല .

ഇരുവരും ജോലിക്കു പോയിക്കഴിഞ്ഞാൽ കുഞ്ഞിനെ നോക്കാൻ ജനകി എന്ന സ്ത്രീ വരും .
വൈകുന്നേരം നാലു മണിക്ക് മഹേഷ് എത്തുമ്പോൾ കുഞ്ഞിനെ അവനെ ഏൽപിച്ച് ജാനകി വീട്ടിലേക്ക് പോകും .

അവൻ മുറിയിലേക്ക് ചെന്നു . അവൾ കിടക്കുകയായിരുന്നു . വസ്ത്രം പോലും മാറിയിട്ടുണ്ടായിരുന്നില്ല .

ശിവാനിമോൾ ശാന്തമായി ഉറങ്ങുകയാണ് . മുറിയിൽ കാൽപ്പെരുമാറ്റം കേട്ട് ലക്ഷ്മി കണ്ണു തുറന്നു . മഹേഷിനെ കണ്ടതും അവൾ എഴുന്നേറ്റ് മാറി ധരിക്കാനുള്ള വസ്ത്രവുമെടുത്ത് ബാത്ത് റൂമിലേക്ക് കയറി . അയാൾ ബെഡിലിരുന്നു . കുഞ്ഞിന്റെ നെറുകയിൽ മെല്ലെ തലോടി .

അത്താഴം കഴിക്കാനിരുന്നപ്പോൾ മഹേഷ് , മടിയിലുന്ന് കളിക്കുന്ന ശിവാനിമോളുടെ തലയിൽ തലോടിക്കൊണ്ട് പറഞ്ഞു .

" അടുത്ത മാസം വിജയദശമിയാണ് . മോളെ എഴുതിക്കണം . താൻ രണ്ടു മൂന്നു ദിവസം ലീവെടുത്തേ പറ്റൂ . മൂകാമ്പികയിൽ തന്നെ മോളെ എഴുതിക്കണം "

അവൾ മൂളി .

പിന്നെയും അവനെന്തൊക്കെയോ പറഞ്ഞു . അവൾ അലസമായി മറുപടികൾ നൽകി .

കിടക്കയിൽ പുറംതിരിഞ്ഞു കിടക്കുമ്പോൾ അവളുടെ മനസിൽ ജയ്ബന്റെ കുസൃതി നിറഞ്ഞ മുഖമായിരുന്നു ..
               
                                            (തുടരും )

❤ഭാഗം 2

പതിവു പോലെ അന്നും ലഞ്ച് ടൈമിൽ ക്ഷണിക്കാൻ ജയ്ബൻ എത്തി . അവൾ ഹാന്റ് ബാഗെടുത്ത് ഇറങ്ങാൻ തുടങ്ങുകയായിരുന്നു .

അയാൾ അവളോട് പറഞ്ഞു

" ലച്ചു നമുക്ക് ആഫ്റ്റർ നൂൺ ലീവ് എടുത്താലോ .ഒന്ന് ഔട്ടിംഗിന് പോയ് വരാം ."

അവൾ ആദ്യമൊന്ന് ശങ്കിച്ചു . പിന്നെ അവനെ അനുഗമിച്ചു .

അയാൾ കാർ നിരത്തിലേക്കിറക്കി . അതിനുള്ളിൽ നേർത്ത ശബ്ദത്തിൽ സ്റ്റീരിയോ മുഴങ്ങുന്നുണ്ടായിരുന്നു . A. R റഹ്മാന്റെ പ്രണയമുണർത്തുന്ന മനോഹരമായ ഗസൽ .

കാർ നേരേ പോയത് ബീച്ചിലേക്കായിരുന്നു . കാർ പാർക്ക് ചെയ്ത് അവർ കടൽത്തീരത്തേക്ക് നടന്നു .

ഉച്ചയായതിനാൽ അങ്ങിങ്ങ് പളിങ്കു സാമഗ്രികൾ വിൽക്കുന്നവരും പാനിയങ്ങൾ വിൽക്കുന്ന നാടോടികളുമൊഴിച്ചാൽ ബീച്ച് ഒരു വിധം വിചനമായിരുന്നു .

വലം കൈയിൽ ഒരു ചൂടു സ്പർശം അവളറിഞ്ഞു . അവളുടെ ശരീരത്തിലൂടെ ഒരു വൈദ്യുതി പാഞ്ഞു . അവൻ അവളുടെ കയ്യിൽ തന്റെ വിരൽ കോർത്തിരിക്കുകയാണ് .

തിരമാലകൾ കരയെ പുണർന്നു കൊണ്ടേയിരിക്കുന്നു . ആളൊഴിഞ്ഞ ഭാഗത്ത് ഒരു മണൽതിട്ട മേൽ അവർ ഇരുന്നു .

അവൻ അവളുടെ മുഖത്തേക്ക് നോക്കി . പൊള്ളുന്ന ചൂടേറ്റിട്ടാവണം അവളുടെ നെറ്റിയിലും അധരങ്ങൾക്കു മേലും വിയർപ്പു മണികൾ പൊടിഞ്ഞിരിക്കുന്നു .

ആ വിയർപ്പു മണികളിലൂടെ വിരലോടിക്കാനും തന്റെ ചുണ്ടുകൾ കൊണ്ട് അവ ഒപ്പിയെടുക്കാനും അവൻ വല്ലാതെ മോഹിച്ചു .

"ലച്ചു മനുഷ്യന്റെ മനസു കണ്ടിട്ടുണ്ടോ ?"

അവൾ അമ്പരപ്പിൽ അവനെ നോക്കി . പിന്നെ മറുചോദ്യമിട്ടു

" അതെങ്ങനെയാ കാണുക, സത്യത്തിൽ അതൊരു അനുഭവമല്ലേ .. "

നോക്കത്താ ദൂരത്തോളം പടർന്നു കിടക്കുന്ന കടലിന്റെ വിദൂരതയിലേക്ക് നോക്കി അവനൊന്നു പുഞ്ചിരിച്ചു .

അവളുടെ കൈത്തലം നെഞ്ചോടു ചേർത്തു കൊണ്ട് പറഞ്ഞു

" ഈ സാഗരം പോലെയാണ് മനസ് . അത് അനന്തമാണ് , അനാദിയാണ് . നമ്മൾ കാണുന്നതെവിടെയോ അതാണ് ഈ കടലിന്റെ അവസാനമെന്ന് നമുക്ക് തോന്നും . പുറമേയുള്ള പ്രഷുബ്ധതക്കുമപ്പുറം അത് ശാന്തമാണ് . പക്ഷെ അഗാഥതയിലേക്ക് പോയാലോ ചുഴികളാകാം കാത്തിരിക്കുന്നത് , അല്ലെങ്കിൽ കണ്ടെടുക്കാനാകാത്തത്രേം വിലയേറിയ മുത്തും പവിഴ ചിമിഴുകളും "

'' മനസും അങ്ങനെയാണെടോ , ഒരു പാട് നിഗൂഡതകളുടെ അനന്ത സാഗരം . ചിലപ്പോൾ രക്ഷപ്പെടാനാകാത്ത ചുഴികളായ് ഉഴറാം അല്ലെങ്കിൽ മണിച്ചെപ്പിലെ വിലപിടിപ്പുള്ള പവിഴക്കല്ല് ആയേക്കാം "

അവൾ അവനെ നിർനിമേഷയായി നോക്കിയിരുന്നു . എത്ര സുന്ദരമാണ് അവന്റെ കാഴ്ചപ്പാടുകൾ .

അവൻ അവൾക്ക് നേരെ തിരിഞ്ഞു .

"ലച്ചു വിവാഹിതയാണ് . ഒരു കുഞ്ഞിന്റെ അമ്മയാണ് . അത് ഞാൻ മനസിലാക്കുന്നു . പക്ഷെ അതിനുമപ്പുറം നിന്റെ മനസും ."

"എന്റെ ജീവിതത്തിൽ എനിക്ക് ഓർക്കാൻ നല്ലതുമാത്രമേ ലച്ചു തന്നിട്ടുള്ളു ."

"നീ എന്നെ അറിയുന്നു , ഞാൻ നിന്നെയും . നീ വിവാഹിതയാണെന്നതോ ഒരു കുഞ്ഞിന്റെ അമ്മയാണെന്നതോ എന്റെ വിഷയമല്ല . ഈ സ്നേഹം , അത് മാത്രമാണ് എനിക്കാവശ്യം . വരുമോ എന്റെ കൂടെ എന്റേതു മാത്രമായി "

അവളുടെ ഹൃദയത്തിൽ പെരുമ്പറ മുഴങ്ങി . ഹൃദയമിടിപ്പ് നിലച്ചുവോ എന്നവൾ സംശയിച്ചു . ഒരു വേള കടലിലെ ഓളങ്ങൾ പോലും നിശ്ചലമായതു പോലെ . കൈകൾ തണുത്തുറഞ്ഞിരിക്കുന്നു .

അവൻ അവളുടെ താടിത്തുമ്പിൽ തൊട്ടു

'' തീരുമാനം നിന്റേതാണ് . അതെന്തായാലും ഉൾക്കൊള്ളാൻ ഞാൻ തയാറാണ് "

അവൻ അവളുടെ കണ്ണിലേക്ക് ഉറ്റുനോക്കി .

മുഖം അൽപം കൂടി അവളിലേക്ക് അടുപ്പിച്ചു കൊണ്ട് അവൻ ചോദിച്ചു

"എന്താ ഒന്നും പറയാത്തെ"

അവന്റെ ശ്വാസം അവളുടെ ശ്വാസവുമായി മുട്ടിച്ചേർന്നു .  അതിനു വല്ലാത്ത ചൂട് അനുഭവപ്പെട്ടു ..

            * * * * * * * * *          * * * * * * * *

അവൾ വീട്ടിലെത്തിയപ്പോൾ സന്ധ്യയായിരുന്നു . ഹൃദയത്തിൽ ഒരഗ്നിപർവ്വതം പുകയുകയാണ് . ഗേയ്റ്റുകടക്കുമ്പോൾ തന്നെ അവൾ കേട്ടു അകത്തു നിന്ന് ശിവാനി മോളുടെ നിർത്താതെയുള്ള കരച്ചിൽ .

വീടിനുള്ളിലേക്ക് കാലെടുത്ത് വക്കുമ്പോൾ പാദങ്ങൾ വിറക്കുന്നുണ്ടായിരുന്നു. ചുമരിൽ മാല ചാർത്തി വച്ചിരുന്ന അച്ഛന്റെ ഫോട്ടോയിലേക്ക് അവളൊന്നു പാളി നോക്കി .

കർക്കശക്കാരനായ അച്ഛന്റെ വടിക്കു മുന്നിൽ അനുസരണയോടെ നിൽക്കുന്ന ഒരഞ്ചു വയസുകാരി അവളുടെ ഓർമകളിൽ നിറഞ്ഞു .

അദ്ദേഹത്തിന്റെ തീരുമാനങ്ങൾ എല്ലാം അദ്ദേഹത്തിന്റെ ശരികളായിരുന്നു .

അമ്മക്കും അച്ഛന്റെ തീരുമാനങ്ങൾക്ക് മറുവാക്കുണ്ടായിരുന്നില്ല .

തനിക്ക് വരനെ തിരഞ്ഞെടുത്ത കാര്യത്തിൽ മാത്രം ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം ആദ്യമായി അമ്മയും അത്യപ്തി പ്രകടിപ്പിച്ചു . പക്ഷെ താനന്ന് അച്ഛന്റെ ഭാഗത്തായിരുന്നു .

അച്ഛന്റെ തീരുമാനത്തിൽ മാറ്റമുണ്ടായില്ല .

പക്ഷെ കഴിഞ്ഞ കുറച്ചു നാളുകളായി തനിക്കും അത് തോന്നിയിരിക്കുന്നു . അച്ഛന്റെ തീരുമാനം തെറ്റായിരുന്നു എന്ന് .

ശിവാനി മോൾ നിർത്താതെ കരയുകയാണ് . ഭാരം കുറഞ്ഞ കാലുകൾ വലിച്ചു വച്ച് അവൾ മുറിയിലേക്ക് ചെന്നു .

മഹേഷ് കുഞ്ഞിനെ തോളിലേറ്റി അവളുടെ മുതുകിൽ തട്ടി സാന്ത്വനിപ്പിക്കുകയാണ് , ഏതോ താരാട്ടിന്റെ വരികൾ ഉരുവിട്ടുകൊണ്ട്.

അവളെ കണ്ടതും അയാൾ ഷുഭിതനായി .

"താൻ എവിടെയായിരുന്നു . എത്ര വട്ടം ഞാൻ തന്നെ വിളിച്ചു . റിംഗ് ചെയ്താൽ അതൊന്നെടുത്തു കൂടെ "

ഏതോ മാസ്മര ലോകത്ത് ഒരു പഞ്ഞി തുണ്ടു പോലെ വിഹരിച്ചു കൊണ്ടിരുന്ന അവൾ ചിന്തകൾക്ക് വിരാമമിട്ടു .

"എന്താ കാര്യം ?" അവൾ നെറ്റി ചുളിച്ചു കൊണ്ട് ചോദിച്ചു .

"മോൾക്ക് പനിയായി . ഉച്ചമുതൽ ജാനകി നിന്നെ വിളിക്കുകയായിരുന്നു . നിന്നെ കിട്ടാണ്ടായപ്പോൾ എന്നെ വിളിച്ചു . ഞാൻ വന്നു നോക്കുമ്പോൾ മോൾ വിറക്കുകയായണ് . തീ പോലെ പൊള്ളുന്നുണ്ടായിരുന്നു . ഹോസ്പിറ്റലിൽ കൊണ്ടുപോയപ്പോഴും എത്രവട്ടം ഞാനും തന്നെ വിളിച്ചു "

ഫോൺ കാറിൽ വച്ചിട്ടാണ് ബീച്ചിലേക്ക് പോയത് എന്ന് അവൾ ഓർത്തു . പിന്നീട് താനത് എടുത്തു നോക്കിയതുമില്ല .

" ആഫ്റ്റർ നൂൺ മീറ്റിംഗ് ആയിരുന്നു . അവിടെ ഫോൺ സൈലന്റ് മോഡിലിടണം "

അയാൾക്ക്‌ അരിശം വന്നെങ്കിലും ഒന്നും പറയാതെ കുഞ്ഞിനെയും കൊണ്ട് ഹാളിലേക്ക് പോയി .

അവൾ ബെഡിലേക്ക് ഇരുന്നു . ജയ്ബൻ , മഹേഷ് , മകൾ , എല്ലാം അവളുടെ മുന്നിൽ ഒരു സമസ്യ പോലെ നിൽക്കുകയാണ് .

സമ്മതമാണെങ്കിൽ പൂർണമനസോടെ അവനൊപ്പം ഇറങ്ങിച്ചെല്ലണമെന്നാണ് പറഞ്ഞിരിക്കുന്നത് . അതും നാളെ .

ഒരു വശത്ത് താൻ ആരാധിക്കുന്ന പുരുഷൻ , ഈ ലോകത്ത് മറ്റെന്തിനെക്കാളും മഹത്തരമെന്ന് താൻ കരുതുന്ന സ്വത്ത് , കഴിഞ്ഞ കുറേ നാളുകളായി തനിക്ക് ഉറങ്ങാത്ത രാത്രികൾ സമ്മാനിച്ചത് അവനെ കുറിച്ചുള്ള ചിന്തകളാണ് . മനസുകൊണ്ട് എത്രയോ വട്ടം താനവന്റെ പെണ്ണായി മാറിയിരിക്കുന്നു .

മറുവശത്ത് . മനസും ശരീരവും പകുത്തു തന്ന ജീവന്റെ പാതിയായ ഭർത്താവും പറക്കമുറ്റാത്ത തന്റെ കുഞ്ഞും ....

അത്താഴം കഴിഞ്ഞ് ഉറങ്ങാൻ കിടക്കുമ്പോൾ അവൾ ആ സമസ്യ പൂരിപ്പിച്ചു കഴിഞ്ഞിരുന്നു .

                      (തുടരും)

❤ഭാഗം 3

പിറ്റേന്ന് പതിവിലും നേരത്തേ അവളുണർന്നു . കിച്ചണിലെ തിരക്കുകൾ കഴിഞ്ഞ് മുറിയിൽ വരുമ്പോഴും മഹേഷും മകളും നല്ല ഉറക്കമായിരുന്നു .

ശിവാനിമോൾ വല്ലാതെ ക്ഷീണിച്ചിരുന്നു .

അവൾ കുഞ്ഞിന്റെ നെറുകയിൽ കെത്തലം വച്ചു നോക്കി . പനി അൽപം ശമിച്ചിട്ടുണ്ട് .

അവൾ കുളിച്ചു വരുമ്പോൾ കിടക്കയിൽ മഹേഷ് ഉണ്ടായിരുന്നില്ല . അയാൾ സിറ്റൗട്ടിൽ ഇരുന്ന് പത്രം വായിക്കുന്നുണ്ടാകും എന്നവൾ ഊഹിച്ചു .

കിച്ചണിൽ പോയി അയാൾക്കുള്ള ചായയുമായി അവൾ പൂമുഖത്തേക്ക് വന്നു .

കപ്പ് അയാൾക്ക് നൽകി കൊണ്ടവൾ ചോതിച്ചു

"ചോറ് കെട്ടി വക്കട്ടെ "

"വേണ്ട"  അയാൾ പറഞ്ഞു

" ഞാൻ രണ്ടു ദിവസം ലീവാണ് . മോൾടടുത്ത് ആരെങ്കിലും വേണം . "

അവളുടെ ഹൃദയത്തിൽ ഒരു നനവ് പടർന്നു .

അയാൾ തുടർന്നു .

" ആ ജാനകിയെ വിളിച്ചു പറഞ്ഞേക്ക് ഇന്ന് വരണ്ട എന്ന് "

അവൾ മൂളി .

അൽപം കഴിഞ്ഞപ്പോൾ അവൾ ഹാന്റ്  ബാഗുമായി സിറ്റൗട്ടിലേക്ക് വന്നു .

പീകോക്ക് നിറത്തിൽ ഗോൾഡൻ നൂലുകൾ പതിപ്പിച്ച ചുരിദാറായിരുന്നു വേഷം . വെളുത്ത് മെലിഞ്ഞ് സുന്ദരിയായിരുന്ന അവൾ ആ വേഷത്തിൽ അതീവ സുന്ദരിയായി കാണപ്പെട്ടു .

"ഇതെന്താ ഇത്ര നേരത്തേ "
മഹേഷ് ചോതിച്ചു .

"ഓഫീസിൽ കുറച്ച് തിരക്കുണ്ട് "

കാബിനു കാത്തു നിൽക്കാതെ അവൾ റോഡിലേക്കിറങ്ങി നടന്നു .

      * * * * * * * * * * * * *     * * * * * * * * * *

ശിവാനി മോളുടെ ശബ്ദം കേട്ടാണ് അയാൾ മുറിയിലേക്ക് ചെന്നത് . അവൾ ഉണർന്നിരിക്കുന്നു .

ബെഡിൽ എഴുന്നേറ്റിരിക്കുകയാണെങ്കിലും കണ്ണുകൾ ഇറുകെ അടച്ചു വച്ചിരിക്കുകയാണ് .

അയാൾ അരികിൽ ചെന്നിരുന്നു . അവളെ മടിയിൽ എടുത്തു വച്ചു നെറ്റിയിലും കവിളിലും ചുംബിച്ചു .

അവൾ മെല്ലെ മെല്ലെ കുഞ്ഞിക്കണ്ണുകൾ ചിമ്മി തുറന്നു .

അയാളുടെ മുഖത്തേക്ക് നോക്കി വാടിയ ഒരു ചിരി ചിരിച്ചു ..

അവളെയുമെടുത്ത് കിച്ചണിലേക്ക് പോയി . ഒരു ചെറിയ ഗ്ലാസിൽ പാൽ പകർന്നു തണുപ്പിച്ചു അല്പാൽപമായി അവൾക്ക് നൽകി .

പിന്നെ അവളെ പല്ലു തേയ്പ്പിച്ചു ,.മുഖവും ശരീരവും നേർത്ത ചൂടു വെള്ളത്തിൽ തുടച്ചെടുത്തു .

ബിസ്ക്കറ്റ് കുതിർത്ത് ചെറിയ സ്പൂണിൽ കോരി അവളെ കഴിപ്പിച്ചു .

ഒരു ഗ്ലാസിൽ വെള്ളവുമെടുത്ത് റൂമിലേക്ക് വന്നു .

മോളെ ബെഡിലിരുത്തി  , മേശവലിപ്പിൽ മരുന്നുകൾ തിരയുമ്പോഴാണ് നാലായി മടക്കിയ ഒരു കടലാസ് കണ്ടത് .

അയാൾ അത് നിവർത്തി വായിക്കാൻ തുടങ്ങി .

" അച്ഛന്റെ തെറ്റ് ഞാൻ തിരുത്തുകയാണ് . എനിക്കും മഹിക്കുമിടയിൽ കാലം വലിയൊരു മതിൽ തീർത്തിരിക്കുന്നു. അത് കാണാതെ ജീവിക്കുന്നതിൽ അർത്ഥമില്ല .

ഞാൻ പോവുകയാണ് , എന്നെ അറിയുന്ന ഞാനറിയുന്ന പുരുഷനോടൊപ്പം .

എന്നെ വെറുക്കുകയോ ശപിക്കുകയോ ഒക്കെ ആവാം . പക്ഷെ ഒരിക്കലും എന്നെ തേടി വരരുത് .

മോളെ , അവളെ ജീവനു തുല്യം സ്നേഹിക്കുന്ന മഹിയെ ഏൽപ്പിക്കുന്നു .

എനിക്ക് ചേർന്നൊരു ജീവിതം ഞാൻ തിരഞ്ഞെടുത്തു . മഹിക്കും അതിനു കഴിയട്ടെ "
            
              ലക്ഷ്മി

അയാളുടെ ഹൃദയത്തിലൂടെ ഒരു മിന്നൽ പിണർ പാഞ്ഞു . മേശക്കരികിൽ നിന്ന് ബെഡിലേക്ക് കാതങ്ങളോളം ദൂരം തോന്നി .

അയാൾ ബെഡിലേക്ക് വേച്ചിരുന്നു പോയി .

കൈകൾ വിറക്കുന്നുണ്ടായിരുന്നു .

ശിവാനി അയാളുടെ കൈകളിൽ തെരുപ്പിടിച്ച് മടിയിലേക്ക് കയറിയിരുന്നു .

അപ്പോഴും അയാൾ ആ ഞെട്ടലിൽ നിന്ന് മുക്തനായിരുന്നില്ല .

അറിയാതെ അയാളുടെ ഇടം കൈ മകളെ നെഞ്ചോടടക്കി പിടിച്ചു .

അവന്റെ കണ്ണുകളിൽ നിന്ന് വലിയൊരു കണ്ണുനീർ തുള്ളി അടർന്ന് കവിളിലൂടെ ഒഴുകി മകളുടെ ശിരസിൽ തട്ടി ചിന്നി ചിതറി .
    
     * * * * * *       ** * * * * *       * * * * * * * *

വൈകുന്നേരം ..

ഓഫീസിലെ സുഹൃത്തുക്കളെയെല്ലാം അവർ കമ്പനി ഗസ്റ്റ് ഹൗസിലേക്ക് ക്ഷണിച്ചിരിക്കുകയാണ് . ഒരു സർപ്രൈസ് ഉണ്ടെന്ന് മാത്രമേ പറഞ്ഞിട്ടുള്ളു .

ഏഴു മണിയോടെ എല്ലാവരും എത്തിചേർന്നു . പാർട്ടി ആരംഭിച്ചു .

ഹാളിലെ അരണ്ട വെളിച്ചത്തിൽ മുഴങ്ങുന്ന സ്റ്റീരിയോക്കൊപ്പം  നൃത്തവും മദ്യവുമൊക്കെയായി ആനന്ദത്തിന്റെ ലഹരി നുരഞ്ഞു പൊന്തുന്ന രാവായിരുന്നു അത് .

ഷാംപെയിനുകൾ ചീറ്റി തെറിച്ചു ...

ജയ്‌ബനും ലക്ഷ്മിയും ഒരോ പെഗ് ബിയർ മാത്രം കഴിച്ചു .

ചുവപ്പിൽ വൈരം പോലെ തിളങ്ങുന്ന കല്ലുകൾ പതിച്ച സാരിയായിരുന്നു ലക്ഷ്മിയുടെ വേഷം ......

ഒടുവിൽ അവർ സർപ്രൈസ്  പൊട്ടിച്ചു . സുഹൃത്തുക്കൾ അവർക്ക് ചുറ്റും വലയം തീർത്തു നിന്നു .

ജയ്ബൻ പറഞ്ഞു തുടങ്ങി .

"ഡിയർ ഫ്രണ്ട്സ്

നിങ്ങൾക്ക് എല്ലാവർക്കും അറിയാം കഴിഞ്ഞ രണ്ടു വർഷമായി ഞാനും ലക്ഷ്മിയും ആത്മാർത്ഥ സുഹൃത്തുക്കൾ ആണ് എന്ന് .

നിങ്ങളിൽ പലരും ഞങ്ങളുടെ റിലേഷൻഷിപ്പിനെ സംശയിച്ചിട്ടുമുണ്ട് .. "

സുഹൃത്തുക്കൾ പരസ്പരം നോക്കി .

ജയ്ബൻ തുടർന്നു .

" ഇന്ന് അതിനൊരു പരിസമാപ്തി കുറിക്കുകയാണ് .

ഞങ്ങൾ ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചു ...

വീ അർ ഗോയിംഗ് റ്റു ലിവ് ടുഗതർ "

സുഹൃത്തുക്കൾക്കിടയിൽ അമ്പരപ്പ് പടർന്നു . വലയത്തിന്റെ ഒരു കോണിൽ ആരോ കയ്യടിച്ചു തുടങ്ങി .

ഒടുവിൽ അതൊരു കരഘോഷമായി മുഴങ്ങി .. സുഹൃത്തുക്കൾ ഓരോടുത്തരായി നവ നമ്പതികൾക്ക് ആശംസകൾ അർപ്പിക്കാൻ തുടങ്ങി ...

                       (തുടരും)

❤ഭാഗം 4

ദിവസങ്ങൾ കടന്നു പൊയ്ക്കൊണ്ടേയിരുന്നു . ഇതിനോടകം ലക്ഷ്മി ചില കാര്യങ്ങൾ മനസിലാക്കി . ജയ്ബൻ സ്ഥിരമായി മദ്യപിക്കാറുണ്ട് .

ചില ബിസ്നസുകളിലും അവന് പാർട്ണർഷിപ്പുണ്ട് .

അതൊക്കെ ആർക്കൊപ്പമാണെന്നോ എന്താണെന്നോ അവൾക്കറിയില്ലായിരുന്നു .

ചില ദിവസങ്ങളിൽ ഓഫീസ് കഴിഞ്ഞ് അവളെ ഫ്ലാറ്റിൽ വിട്ട് അവൻ ബിസ്നസ് ആവശ്യങ്ങൾക്ക് പോകാറുണ്ട് .

രാത്രി ഏറെ വൈകിയാകും എത്തുക .

ചിലപ്പോൾ മദ്യപിച്ച് ഡ്രൈവ് ചെയ്യാൻ പോലും പറ്റാത്ത അവസ്ഥയിലാകുന്ന അവനെ സുഹൃത്തുക്കളാകും താങ്ങിപ്പിടിച്ച് കൊണ്ടു വരുന്നത് .

ചിലരുടെ കൊത്തിപ്പറിക്കുന്ന നോട്ടം കണ്ട് അവൾ അപമാനിതയായി ചുട്ടുപൊള്ളും .

രാവിലെ അതിനെക്കുറിച്ച് ചോദിക്കുമ്പോൾ മാപ്പു പറച്ചിലും കാലു പിടിക്കലുമൊക്കെയാണ് .

ഇനിയത് ഉണ്ടാകില്ല എന്ന് പലകുറി ആവർത്തിക്കും . പക്ഷെ പിന്നെയും സ്ഥിതി പഴയതു തന്നെ .

എങ്കിലും അവൻ അവളെ ഒരുപാട് സ്നേഹിച്ചിരുന്നു . അവൾ ആഗ്രഹിക്കുന്നതെന്തും നേടി കൊടുക്കും .

എല്ലാ വീക്കെന്റിലും ബീച്ചിലോ മറ്റെവിടേക്കെങ്കിലുമോ അവൻ അവളെയും കൂട്ടി യാത്ര പോകും .

സ്വകാര്യ നിമിഷങ്ങളിൽ പലപ്പോഴും അവൻ പറയാറുണ്ട് .

"ഒരിക്കലും എന്റെ ലച്ചു എന്നെ വിട്ട് പോകരുത് . തന്നെക്കൂടാതെ എനിക്കൊരു ജീവിതമില്ല"

ആ സ്നേഹത്തിനു മുന്നിൽ മനസിലെ വിഷമങ്ങൾ അവൾ  മറക്കും .

* * * * * * * *        * * * * * * *        * * * * * * *

പ്രിൻസിപ്പൽ അനീറ്റ എബ്രഹാം മഹേഷിന്റെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു .

തന്റെ മുൻപിലിരിക്കുന്ന ആ റസിഗ്നേഷൻ ലെറ്ററിൽ ഒപ്പിടാൻ അവർക്ക് ഒട്ടും മനസില്ലായിരുന്നു .

സ്കൂളിലെ ഏറ്റവും മികച്ച അദ്ധ്യാപകരിൽ ഒരാളാണ് മഹേഷ് . വിദ്യാർത്ഥികൾക്ക് ഏറ്റവും പ്രിയപ്പെട്ട അദ്ധ്യാപകനും .

" ഇത് ഒരു ഒളിച്ചോട്ടമാണ് മഹേഷ് . ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാകും . അത് ഫെയ്സ് ചെയ്യുകയാണ് വേണ്ടത് "

ഒരു അവസാന ശ്രമമെന്നോണം അനീറ്റ പറഞ്ഞു .

മഹേഷ് നിഷേതാർത്ഥത്തിൽ തലയാട്ടി .

"അല്ല മാഡം ..... ഇനിയിവിടെ പറ്റില്ല .... എന്റെ മോൾ , അവൾ മാത്രമാണ് ഇനി എന്റെ ജീവിത ലക്ഷ്യം . അവളുടെ ഭാവിക്കു മങ്ങലേൽക്കുന്ന ഒന്നും അവൾക്കു ചുറ്റിനും ഉണ്ടാകാൻ പാടില്ല . എന്റെ കുഞ്ഞിനു വേണ്ടിയാണ് ഈ ഒളിച്ചോട്ടം "

"അങ്ങനെ തീരുമാനിക്കണ്ട മഹേഷ് . താനും ചെറുപ്പമാണ് . കഴിഞ്ഞത് കഴിഞ്ഞു . ലക്ഷ്മിയെ കണ്ട് നിയമപരമായി ബന്ധം പിരിയണം .

മഹേഷ് മറ്റൊരു വിവാഹം ചെയ്യണം"

അയാൾ നിസംഗനായി ഇരുന്നതേയുള്ളു.

തൊട്ടടുത്ത സ്റ്റാഫ് റൂമിൽ ഷേർളി ടീച്ചറിന്റെ മടിയിൽ ഇരുന്ന് കളിക്കുന്ന ശിവാനിയെ അയാൾ തല ചെരിച്ചു നോക്കി .

പിന്നെ പറഞ്ഞു .

''ചെറുപ്പത്തിൽ  പെറ്റമ്മ നഷ്ടപ്പെട്ടവനാ ഞാൻ . അച്ഛന്റെ രണ്ടാം വിവാഹം കൊണ്ട്  സത്യത്തിൽ അനാധനായി ജീവിച്ചവൻ . "

അയാൾ അൽപ നേരം മുഖം കുനിച്ചിരുന്നു . പിന്നെ പറഞ്ഞു .

"എന്റെ മകളായി പിറന്നു പോയതിന് അവളുടേത് ഒരു ശാപം പിടിച്ച ജന്മമായി പോകരുത് "

" അവൾക്ക് ഞാൻ മാത്രം മതി . എന്റെ കുഞ്ഞിന് എന്റെ നെഞ്ചിലെ ചൂട് മതി വളരാൻ "

" അവൾക്ക് വളരാൻ ഒരു ആയുസ് മുഴുവൻ ഞാനവളുടെ താരാട്ടാകും "

ഗദ്ഗദം കൊണ്ട് വാക്കുകൾ തൊണ്ടയിൽ കുടുങ്ങിപ്പോയി.

അനീറ്റ മാഡം പിന്നെ നിർബന്ധിച്ചില്ല .

റെസിഗ്നേഷൻ ലെറ്റർ ഒപ്പിട്ടു .

"എത്രയും വേഗം ഫോർമാലിറ്റീസ് തീർക്കാം മഹേഷ് ..  മുംബയിലേക്കാണല്ലേ പോകുന്നത്? "

''അതെ ... അവിടെയൊരു സ്കൂളിലേക്കാ അപ്പോയ്ൻമെന്റ് ഓർഡർ ലഭിച്ചത് "

" OK ആൾ ദ ബെസ്റ്റ് മഹേഷ് "

അയാൾ എഴുന്നേറ്റ് സ്റ്റാഫ് റൂമിലേക്ക് ചെന്നു . ഷേർളി ടീച്ചറിന്റെ മടിയിൽ നിന്നും ശിവാനി മോളെ എടുത്തു തോളത്തിട്ടു . സഹപ്രവർത്തകരോട് യാത്ര പറഞ്ഞിറങ്ങി .

മകളെ നെഞ്ചോട് ചേർത്ത് പടിയിറങ്ങുന്ന ആ നല്ല അച്ഛന് , സ്കൂളിന് നഷ്ടപ്പെടുന്ന ആ നല്ല അദ്ധ്യാപകന് കണ്ണുനീർ തുള്ളിക്കിപ്പുറം നിന്നു മാത്രമേ പ്രിൻസിപ്പൽ അനീറ്റക്ക് യാത്ര മംഗളങ്ങൾ നേരാൻ കഴിഞ്ഞുള്ളു ..

* * * * * * * *         * * * * * *        * * * * * * * *

    അന്ന് ഒരു ശനിയാഴ്ചയായിരുന്നു . വൈകുന്നേരം ജയ്ബനോടൊപ്പം ഒരു സുഹൃത്തു കൂടി ഉണ്ടായിരുന്നു . ജയ്ബൻ അയാളെ അവൾക്ക് പരിചയപ്പെടുത്തി .

''ലക്ഷ്മി ഇത് ജോസഫ് തരകൻ . തരകൻ സാർ എന്നാ എല്ലാവരും വിളിക്കുന്നെ . ഇദ്ദേഹം ചെന്നൈയിൽ തുടങ്ങുന്ന ബിസ്നസിൽ  ഞാനും ഒരു പാർട്ണർ ആണ് . "

അൻപതിനു മേൽ പ്രായം വരും അയാൾക്ക്. നര കയറിയ കഷണ്ടിത്തലയും കഴുകൻ കണ്ണുകളും ഉള്ള അയാളെ അവൾക്ക് തീരെ പിടിച്ചില്ല.

എങ്കിലും അനിഷ്ടം പുറത്തു കാണിക്കാതെ ചിരിച്ചു.

കുടിക്കാൻ ഇരുവർക്കും മാംഗോ ജ്യൂസ് നൽകി അവൾ തിരികെ കിച്ചണിൽ വന്നു നിന്നു .

ഇതുപോലുള്ളവരോടുള്ള കൂട്ടുകെട്ട് അവസാനിപ്പിക്കണമെന്ന് ജയ്ബനോട് ഇന്ന് തന്നെ പറയണം . കണ്ടിട്ടു തന്നെ ഒരു കള്ള ലക്ഷണം .അവൾ മനസിൽ പറഞ്ഞു .

അപ്പോൾ ജയ്ബൻ കിച്ചണിലേക്ക് വന്നു .

" അത്താഴത്തിനു തരകൻ സാർ ഉണ്ടാകും . നീ എന്തെങ്കിലും പെട്ടെന്ന് പ്രിപ്പയർ ചെയ്യു "

പറഞ്ഞിട്ട് തിരിഞ്ഞ് ഫ്രിഡ്ജിൽ നിന്ന് മദ്യക്കുപ്പിയും സോഡയും ഗ്ലാസുമെടുത്തു .

അത്താഴത്തിനു ഇരിക്കുമ്പോൾ തന്നെ ജയ്ബൻ കുഴഞ്ഞ മട്ടായിരുന്നു . കഴിക്കാൻ സമയം അവൻ അവളെ കൂടി വലിച്ച് അവർക്കൊപ്പമിരുത്തി .

ഭക്ഷണം കഴിഞ്ഞു കിച്ചൺ വൃത്തിയാക്കിയ ശേഷം അവൾ റൂമിലേക്ക് പോയി . അപ്പോഴും ഹാളിലെ മദ്യസേവ അവസാനിച്ചിരുന്നില്ല ..

കുറച്ചു കഴിഞ്ഞപ്പോൾ റൂമിനു പുറത്തു കാൽപ്പെരുമാറ്റം കേട്ടു . അവൾ പരിഭവത്തോടെ തിരിഞ്ഞു കിടന്നു .

തോളത്ത് കൈ അമർന്നപ്പോൾ അവൾ കഴുത്ത് തിരിച്ചു നോക്കി .

അത് ജയ്ബനായിരുന്നില്ല . തരകനായിരുന്നു .

അവൾ പിടഞ്ഞെഴുന്നേറ്റ് ബെഡിൽ നിന്ന് ഇറങ്ങിയോടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല . അയാളുടെ ബലിഷ്ഠമായ കരങ്ങൾക്കിടയിൽ ഒരു പക്ഷി കുഞ്ഞിനെപ്പോലെ അവൾ ഞെരിഞ്ഞമർന്നു .

അലങ്കോലപ്പെട്ട  മുറിയുടെ ഒരു കോണിൽ തല കുമ്പിട്ടിരുന്ന് വാവിട്ടു കരയുകയായിരുന്നു അവൾ .

പുറത്തെവിടെയോ ഉച്ചത്തിൽ നായ്ക്കളുടെ കുരച്ചിൽ അവൾ കേട്ടു . ഒരു കുഞ്ഞിന്റെ കരച്ചിലും ഒപ്പം കേൾക്കാം . അവൾ പുറത്തിറങ്ങി ശബ്ദം കേട്ട ദിക്കിലേക്ക് നടന്നു . തെരുവിൽ കുറേ നായ്ക്കൾ എന്തോ കടിച്ചു കീറുന്നു . കുഞ്ഞിന്റെ കരച്ചിലും അവിടെയാണ് .

അവൾ നായ്ക്കൂട്ടത്തിനിടയിലേക്ക് ഓടിക്കയറി . നായ്ക്കൾ പല ഭാഗത്തേക്കായി ചിതറി മാറി .

അവൾ കുഞ്ഞിനെയെടുത്തു . അരണ്ട വെളിച്ചത്തിൽ ആ കുഞ്ഞിന്റെ മുഖം അവൾ കണ്ടു .

തന്റെ ശിവാനി മോളുടെ മുഖമായിരുന്നു ആ കുഞ്ഞിന് .

മോളേ ................

അവൾ അലറി വിളിച്ചു .

പെട്ടെന്ന് അവളുടെ കാലുകളിൽ എന്തോ ചുറ്റി പിണയുന്നത് അവളറിഞ്ഞു .

                               (തുടരും)

❤അവസാന ഭാഗം

അവൾ കണ്ണുകൾ വലിച്ചു തുറന്നു .

ജയ്ബൻ അവളുടെ കാലിൽ കെട്ടിപ്പിടിച്ച് കരയുകയാണ് . അവൾ കാൽ പിൻ വലിച്ചു . അവനെ തള്ളി മറിച്ചിട്ട് എഴുന്നേറ്റു പോയി .

അവൾ അവനോടൊന്നും സംസാരിച്ചില്ല . പക്ഷെ പിന്നീടുള്ള ദിവസങ്ങളിൽ അവൻ മദ്യം കൈ കൊണ്ട് തൊട്ടില്ല .

അവളിലെ പരിഭവം മാഞ്ഞു തുടങ്ങി . കഴിഞ്ഞത് ഒരു ദുഃസ്വപ്നം പോലെ മറക്കാമെന്ന് അവൻ പറത്തു . അവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു .

രണ്ടാഴ്ചക്കു ശേഷം ഒരു വൈകുന്നേരം ഓഫീസിൽ നിന്ന് വന്നയുടൻ ജയ്ബൻ മദ്യക്കുപ്പിയുമായി ഇരുന്നു . അവൾ വിലക്കി .

പക്ഷെ അവൻ അനുസരിക്കാൻ കൂട്ടാക്കിയില്ല .  അലച്ചു വന്ന ഷോഭത്തിൽ അവൾ ആ കുപ്പികൾ തറയിലേക്ക് വലിച്ചെറിഞ്ഞു .

അവന്റെ ദേഹത്തേക്ക് ഒരു വിറയൽ പാഞ്ഞ് കയറി .

"എടീ ...."  അവൻ അലറി.

"നിങ്ങളുടെ ഈ മദ്യപാനമാ എന്റെ ജീവിതം തകർത്തത് . ഇനിയും മതിയായില്ല അല്ലേ "

അവൾ ആർത്തലക്കുകയായിരുന്നു.

അവൻ അവളുടെ നേരേ പാഞ്ഞു ചെന്നു . ഇരുകരണത്തും മാറി മാറിയടിച്ചു .

അവൻ ഗർജിച്ചു ..

"എന്നെ മദ്യപാനിയാക്കിയത് നീയാടീ ..  .മറ്റൊരുത്തന്റെ കൂടെ ജീവിച്ച് അവന്റെ കുഞ്ഞിനെ പ്രസവിച്ച നിന്റെ കിടപ്പറയിലേക്ക് സ്വബോധത്തോടെ കയറി വരാൻ എനിക്ക് അഭിമാനക്കുറവുണ്ടെടീ ... "

അവൾ തകർന്നു പോയി . തീ കോരിയിടും പോലെയാണ് ആ വാക്കുകൾ അവളുടെ കാതിൽ വീണത് .

വീണ്ടും അവൻ ശബ്ദിച്ചു .

" പക്ഷെ നിന്നെ എനിക്കു വേണം . നിന്റെ ആ ഒറ്റ രാത്രി കൊണ്ട് എനിക്ക് കിട്ടിയത് കോടികളുടെ ബിസിനസാ .. "

അവൾ ഉരുകി തീരുകയായിരുന്നു..

" ഒരുത്തന്റെ കൂടെ ജീവിച്ച നിന്നെ കെട്ടിലമ്മയായി വാഴിക്കാൻ മാത്രം വിഡ്ഢിയല്ല ഞാൻ .. പറയുന്നതൊക്കെ അനുസരിച്ച് ഒരു പട്ടിയെ പോലെ എന്റെ കാൽകീഴിൽ കിടന്നോണം "

അവളുടെ ബോധം മറയുകയായിരുന്നു . കണ്ണിൽ ഇരുട്ട് കയറി . കാതുകൾ കൊട്ടിയടച്ച പോലെ .

ജയ്ബൻ പിന്നീട് പറഞ്ഞതൊന്നും അവൾ കേട്ടില്ല . ചുമരിലൂടെ ഉരഞ്ഞ് അവൾ താഴേക്ക് ഊർന്നു വീണു ...

പിന്നീട് കയ്പ്പേറിയ ദിവസങ്ങളായിരുന്നു . പല രാത്രികളിലും അവളാ ദുഃസ്വപ്നം കണ്ട് ഞെട്ടി എഴുന്നേറ്റു ...

നായ്ക്കൾ കടിച്ചു കീറുന്ന കുഞ്ഞ് . അതിന് തന്റെ ശിവാനി മോളുടെ മുഖം .

അവളുടെ നിർത്താതെയുള്ള കരച്ചിൽ ലക്ഷ്മിയുടെ മനസിനെ മധിച്ചു കൊണ്ടിരുന്നു ...

ഇനിയൊരിക്കലും തിരികെ അവർക്കടുത്തേക്ക് ചെല്ലാനാകില്ല ..

അവർക്കൊപ്പം ജീവിക്കുകയൊന്നും വേണ്ട .

പക്ഷെ ഒരിക്കലെങ്കിലും തനിക്കവരോട് മാപ്പ് പറയണം .  ആട്ടിപ്പായിക്കുമായിരിക്കും , പേപ്പട്ടിയെപ്പോലെ തല്ലിയിറക്കുമായിരിക്കും ...

എന്തു ചെയ്താലും അതൊന്നും അധികമാകില്ല ....

നാലര വർഷം മഹിക്കൊപ്പം ജീവിച്ചു . തലോടാനല്ലാതെ തല്ലാൻ വേണ്ടി ഒരിക്കൽ പോലും ആ കെകൾ ഉയർന്നിട്ടില്ല ...

താൻ ചെയ്ത അപരാധത്തിന്റെ ശിക്ഷയാണിത് .

കിടപ്പറയിലേ ക്രൂരതകൾക്ക് മുന്നിൽ ഒരു കോലാടിനെപ്പോലെ അവൾ നിന്നു ..

പോകാൻ മറ്റൊരിടമില്ല .. അല്ലെങ്കിലും രക്ഷപ്പെടാൻ ആഗ്രഹമില്ല .. ഈ ശിക്ഷ താൻ അനുഭവിക്കണം ..

മഹിയുടെയും തന്റെ പൊന്നുമോളുടെയും പാദാരവിന്ദങ്ങളിൽ ഈ കണ്ണുനീർ പുഷ്പാഞ്ചലിയായി തീരട്ടെ ...

അതിനിടയിൽ മറ്റൊരു സത്യം കൂടി അവൾ തിരിച്ചറിഞ്ഞു .

താനൊരു അമ്മയാകാൻ പോകുന്നു ..

ചിലപ്പോൾ ഈ വാർത്ത ജയ്ബനിൽ മാറ്റമുണ്ടാക്കിയെന്നിരിക്കും ... കാലം തനിക്ക് മാപ്പു തന്നെങ്കിലെന്ന് അവൾ ഉള്ളുരുകി പ്രാർത്ഥിച്ചു ..

ജയ്ബനെ പോലും അറിയിക്കാതെ അവൾ ആശുപത്രിയിൽ പോയി . ടെസ്റ്റ് റിപ്പോർട്ടുകൾ സംശയം ശരിയാണെന്ന് ഉറപ്പിച്ചു ..

മറ്റു ചില ടെസ്റ്റുകൾ കൂടി നടത്തി . ആ റിസൾട്ടുകൾ 3 ദിവസം കഴിഞ്ഞേ കിട്ടുകയുള്ളു ..

വീട്ടിലെത്തുമ്പോൾ മൂന്നര മണി ആയിട്ടേ ഉണ്ടായിരുന്നുള്ളു ...

പക്ഷെ വാതിൽക്കൽ ജയ്ബൻ കാത്തു നിൽപ്പുണ്ടായിരുന്നു .

" എന്നോട് പറയാതെ നീ എന്തിനാ ലീവെടുത്തത് .. എവിടെ പോയതാടീ ...?."

അവന്റെ ശബ്ദത്തിന് ഒട്ടും മയമില്ലായിരുന്നു ..

"ജയ്ബൻ ... പ്ലീസ് ഞാൻ പറയുന്നതൊന്നു കേൾക്കു "

അവൾ അകത്തേക്ക് കയറി . അവൻ വാതിലടച്ചു ..

''ജയ്ബൻ നീയൊരു അച്ഛനാകാൻ പോവുകയാണ് .  സംശയം ശരിയാണോ എന്നുറപ്പിച്ചിട്ട് പറയാമെന്ന് കരുതി .. "

കയ്യിലിരുന്ന ടെസ്റ്റ് റിസൾട്ടുകൾ അവൾ അവനു നേരേ നീട്ടി.

അതു വാങ്ങി നോക്കിയ ശേഷം അൽപനേരം അവൻ അവളുടെ മുഖത്തേക്ക് നോക്കി നിന്നു ...

പിന്നെ ബെഡ്റൂമിലേക്ക് കയറിപ്പോയി . അൽപം കഴിഞ്ഞപ്പോൾ കയ്യിലൊരു കടലാസുമായി അവൻ വന്നു അവൾക്കഭിമുഖം നിന്നു ..

പിന്നെ അവളുടെ കവിളത്ത് ആഞ്ഞടിച്ചു .. അവൾ പിന്നിലേക്ക് വേച്ചുപോയി ..

അവളുടെ മുഖത്തേക്ക് വന്യമായി നോക്കിക്കൊണ്ട് അവൻ പറഞ്ഞു

"ഇതെന്താണെന്നറിയുമോ നിനക്ക് ... ഒരിക്കലും ഞാനൊരു അച്ഛനാകില്ലെന്ന് മെഡിക്കൽ സയൻസ് വിധിയെഴുതിയ റിപ്പോർട്ട് "

ആ കടലാസ് അവളുടെ മുഖത്തേക്ക് അവൻ എറിഞ്ഞു ..

കാതിൽ ഒരു സ്ഫോടനം നടന്നതു പോലെയാണ് ആ വാക്കുകൾ അവൾ കേട്ടത് ..

അന്തരീക്ഷത്തിൽ അവന്റെ ശബ്ദം അട്ടഹാസം പോലെ വീണ്ടുമുയർന്നു .

"ഞാനല്ലെങ്കിൽ പിന്നെയാരാടീ .. നിന്റെ വയറ്റിലെ ഈ വിത്തിന്റെ തന്ത ... നിന്റെ ആദ്യ ഭർത്താവോ .. അതോ ഒരു രാത്രി നിന്നെ ചവച്ചു തുപ്പിയ ആ കിഴവനോ .. അതോ ഞാൻ പോലുമറിയാത്ത മറ്റാരെങ്കിലുമോ പറയടീ ... "

ചാട്ടുളി പോലുള്ള ആ വാക്കുകൾക്കൊപ്പം ഒരിക്കൽകൂടി അവന്റെ കരം അവളുടെ കവിളത്ത് പതിച്ചു ..

കൺമുന്നിലുള്ളതെല്ലാം തനിക്കു മുൻപിൽ വട്ടം കറങ്ങുന്നതു പോലെ തോന്നി ലക്ഷ്മിക്ക് ..ഉറഞ്ഞ മഞ്ഞുകട്ട പോലെ അവൾ ചുമരിലേക്ക് ചാരി നിന്നു ...

* * * * * * * *          * * * * * * * * *        * * * *

പിറ്റേന്ന് പുലർച്ചെ തന്നെ അവൾ പോകാനിറങ്ങി . ഒരു എയർ ബാഗിൽ കൊള്ളാവുന്ന വസ്ത്രങ്ങൾ എടുത്തു ..

ഹാളിലെ സോഫയിൽ ജയ്ബൻ കിടക്കുന്നു .. ടീപ്പോയിൽ ഒഴിഞ്ഞ കുപ്പികളും ഗ്ലാസും ..

ക്ലബ് സോഡയുടെ ഒരു ബോട്ടിൽ നിലത്തു വീണു കിടക്കുന്നു ..

അവൾ പുറത്തിറങ്ങി . സമയം ഏഴായിട്ടേയുള്ളു . ഒൻപതിനു മുൻപ് ചെന്നാലെ മഹിയെ കാണാൻ കഴിയൂ ...

ആ കാൽക്കൽ വീണു മാപ്പിരക്കണം.

ഒരു ഓട്ടോറിക്ഷയിൽ അവൾ വീടിന് മുന്നിലിറങ്ങി ..

പക്ഷെ താഴിട്ടുപൂട്ടിയ ഗേറ്റാണ് അവൾ കണ്ടത് . മഹിയും മോളും ഇത്ര രാവിലെ എവിടെപ്പോയി ...

ഗേറ്റിന്റെ അഴികൾക്കിടയിലൂടെ അവൾ അകത്തേക്ക് നോക്കി .

" ചേച്ചിയെന്താ ഇവിടെ ... "

ചോദ്യം കേട്ട് അവൾ തിരിഞ്ഞു നോക്കി .. അടുത്ത വീട്ടിലെ പയ്യനാണ് .

"ഇവിടെ ...." അവൾ വീടിന് നേർക്ക് ചൂണ്ടി.

" അവരൊക്കെ പോയല്ലോ .."

അവന്റെ മുഖത്തെ പുശ്ച ഭാവം കണ്ടില്ലെന്ന് നടിച്ചു കൊണ്ട് ചോദിച്ചു ..

"എങ്ങോട്ട് .. "

" ആ അതറിയില്ല ... ഇനിയിങ്ങോട്ടില്ലന്നാ പറഞ്ഞെ "

അവൾ സ്തംബ്ധയായി ... ഈശ്വരാ എന്തൊരു വിധിയാണ് തന്റേത്.

അവൻ എന്തെങ്കിലും ചോദിക്കുമെന്ന് ഭയന്ന് അവൾ തിരിഞ്ഞു നടന്നു ...

ഒന്നു പൊട്ടിക്കരയാൻ അവൾ വെമ്പി ..

പിന്നീട് അവൾ പോയത് ഹോസ്പിറ്റലിലേക്കാണ് . ടെസ്റ്റ് റിപ്പോർട്ടുകൾ വാങ്ങാൻ .

ഡോക്ടറുടെ റൂമിനു മുന്നിൽ അവൾ കാത്തിരുന്നു .

നഴ്സ് വന്ന് അവളുടെ പേര് വിളിച്ചു . അവർ അവളെ മറ്റൊരിടത്തേക്ക് കൂട്ടികൊണ്ടു പോയി ..

ആ റൂമിനു മുന്നിൽ Dr .ആശലത , Senior Medical Consultant എന്ന ബോർഡ് കണ്ടു ...

* * * * * * * * * * *        * * * * * * * * * * * * * *

കൈകളിൽ മുറുക്കി പിടിച്ച ടെസ്റ്റ് റിപ്പോർട്ടിൽ അവൾ ഒരു തരം മരവിപ്പോടെ നോക്കി ....

വിധിയുടെ ഏറ്റവും ഒടുവിലത്തെ ക്രൂരത ...

കേട്ടു മാത്രം പരിചയമുള്ള ആ രോഗത്തിനു കൂടി താൻ അടിമയായിരിക്കുന്നു ..

എച്ച് ഐ വി ബാധിതയാണ് താനെന്ന് തിരിച്ചറിയുമ്പോൾ ഈ ലോകം മുഴുവൻ തന്നിൽ നിന്ന് ഓടിയൊളിക്കും ...

മരണത്തിന്റെ കറുത്ത കൈകളിലേക്ക് എത്തപ്പെട്ടതിൽ അവൾക്ക് ദുഃഖമില്ലായിരുന്നു ...

പക്ഷെ വെറുപ്പോടെ അറപ്പോടെ തന്നെ നോക്കുന്ന മുഖങ്ങളെ അവൾ ഭയന്നു ...

പുറത്തിറങ്ങിയതും ഒരു പോലീസ് ജീപ്പ് പാഞ്ഞു വന്നു നിന്നു ....

രണ്ട് പോലീസുകാരും ഒരു വനിതാ പോലീസും അവൾക്കടുത്തേക്ക് വന്നു .

" നിങ്ങളാണോ ലക്ഷ്മി ...."

"അതെ ... "

"എവിടെയാ താമസിക്കുന്നത് ..."

"നിങ്ങൾ തേടിവന്നയാൾ ഞാൻ തന്നെയാണ് ...."

പോലീസുകാർ പരസ്പരം നോക്കി ....

" ഷാൾ കഴുത്തിൽ കുരുക്കി കാമുകനെ കൊന്ന ആ യുവതി ഞാൻ തന്നെയാണ് ... "

ഇരുമ്പ് വിലങ്ങുകൾ അവൾക്ക് കൈവള ചാർത്തി ..

ഏതോ കാരാഗൃഹത്തിന്റെ ഒഴിഞ്ഞ മൂലയിൽ ആരാലും സംരക്ഷിക്കപ്പെടാനില്ലാതെ മെലിഞ്ഞ് ചുക്കിചുളിഞ് കാലം കഴിക്കുന്ന ഒരു സ്ത്രീരൂപം അവളുടെ കൺമുന്നിൽ തെളിഞ്ഞു നിന്നു ....

അങ്ങ് ദൂരെ അറബിക്കടലിന്റെ അഗാഥ നീലിമയിൽ ചെഞ്ചായം പുരണ്ടിരുന്നു .....

ചക്രവാളങ്ങളിൽ പക്ഷികൾ കൂടണയാൻ തുടങ്ങി ....

കടലിന്റെ കാണാക്കയങ്ങളിലേക്കെങ്ങോ സൂര്യൻ ആഴ്ന്നിറങ്ങി ........

                          അവസാനിച്ചു ....
അമൃത അജയൻ
(അമ്മുക്കുട്ടി ചെമ്പകത്ത് )

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്