പ്രണയ പരാജിതനെ സ്നേഹിച്ച കാന്താരി

💝പ്രണയ പരാജിതനെ സ്നേഹിച്ച കാന്താരി💝
ഫുൾ പാർട്ട്‌

ഇന്നും കുർബാന തീരാറാകുമ്പോൾ
ആയിരിക്കും മേക്കപ്പ് ഒക്കെ കഴിഞ്ഞു അവൾ പള്ളിയിൽ എത്തുന്നത് എന്നുള്ള മമ്മിയുടെ പറച്ചിൽ കേട്ട് കൊണ്ടാണ് അനു റൂമിൽ നിന്ന് ഇറങ്ങി വന്നത്....

ദേ കഴിഞ്ഞു മമ്മി... ഇത്രേം ഗ്ലാമർ ഉള്ള ഞാൻ അത്യാവശ്യം മേക്കപ്പ് ഒന്നും ഇട്ടില്ലെങ്കിൽ പിന്നെ എന്ത് കാര്യം... മമ്മിക്ക് ഈ ഇടയായി കുറച്ചു അസൂയ കൂടിയിട്ടുണ്ട്.....

ഓഹ് പിന്നെ... കുർബ്ബാന കാണാൻ വരുന്നവർ എല്ലാം നിന്റെ സൗന്ദര്യം ആസ്വദിക്കാൻ ആണല്ലോ വരുന്നത്.... കിന്നാരം പറയാതെ പോയി കാറിൽ കേറെഡി പെണ്ണേ....

അതിനു പപ്പ എന്തിയെ മമ്മി ??

വയസ്സ് 50 ആയി.. മകളേക്കാൾ കൂടുതൽ ഒരുങ്ങാൻ സമയം അതിയാനു വേണം... നിങ്ങൾ വരുന്നുണ്ടോ മനുഷ്യ.... ആനി ടീച്ചർ കുറച്ചു ഗൗരവ ഭാവത്തിൽ വിളിച്ചു....

ദേ വന്നെടി.... വീട്ടിൽ നിന്നും ജേക്കബ് ഇച്ചായൻ ഓടി കാറിന്റെ അടുത്തെട്ടു വന്നു...

ഇന്ന് പതിവിനെക്കാൾ കൂടുതൽ പപ്പ സുന്ദരൻ ആയിട്ടുണ്ടല്ലോ.... പോരാത്തതിന് പുതിയ ഷർട്ടും മുണ്ടും... പ്രേതെകിച്ചു എന്താ വിശേഷം ഇന്ന്....

ആഹാ !! മകളായാൽ ഇങ്ങനെ തന്നെ വേണം.. ഇന്ന് നിന്റെ മമ്മി എന്ന് പറയുന്ന പിശാശ് എന്റെ ജീവിതത്തിലേട്ട് വന്നിട്ട് 25 വർഷം തികഞ്ഞു... ജേക്കബ് ഇച്ചായൻ ഒരു ഒളി കണ്ണിട്ട് ആനി ടീച്ചറിനെ നോക്കി പറഞ്ഞു....

അയ്യോ ഇന്ന് നിങ്ങളുടെ വിവാഹ വാർഷികം ആയിരുന്നല്ലേ.... ഞാൻ അത് മറന്നു.. രണ്ടു പേർക്കും അനുവിന്റെ വക ഒരു ഉമ്മ ഇരിക്കട്ടെ എന്ന് പറഞ്ഞു അവൾ രണ്ടു പേർക്കും ഓരോ മുത്തം നൽകി...

കെട്ടിച്ചു വിടാറായി... പെണ്ണിന്റെ കുട്ടിക്കളി ഇത് വരെ മാറിയിട്ടില്ല... പപ്പയുടെ മോള് തന്നെ...
പപ്പയുടെ മോൾ എന്ന് മമ്മിക്ക് പറയാൻ ആണ് കൂടുതൽ ഇഷ്ടം എന്ന് അനുവിന് മനസ്സിലായി...

അതിന് കാരണം ഉണ്ട്.. ഇരുപതാം വയസ്സിൽ പപ്പയുടെ കൂടെ ഇറങ്ങി പോയതാണ് മമ്മി... പപ്പയ്ക്ക് കാര്യമായ ബന്ധുക്കൾ ആരും തന്നെ ഇല്ല... മമ്മി ആണേൽ ആ നാട്ടിലെ അറിയപ്പെടുന്ന വീട്ടുകാരും.. ചെറുപ്പത്തിലേ അമ്മ മരിച്ചു പോയ മമ്മിക്ക് ഒരു അമ്മയുടെ സ്നേഹം ഒക്കെ കൊടുത്തു വളർത്തി വലുതാക്കിയത് ചേട്ടൻ കോശി അച്ചായനാണ്.. ഒടുവിൽ എല്ലാവരെയും വെറുപ്പിച്ചു ആയിരുന്നു മമ്മി പപ്പയുടെ കൂടെ ഇറങ്ങി പോയത്... അതോടെ കോശിച്ചായൻ മമ്മിയെ വെറുത്തു...

പക്ഷെ പപ്പാ മമ്മിക്ക് ഇത് വരെ ഒരു ബുദ്ധിമുട്ടും ഉണ്ടാക്കിയിട്ടില്ല.. ദേഷ്യത്തോടെ ഒരു വാക്ക് പോലും സംസാരിച്ചു കണ്ടിട്ടില്ല.. ചിലപ്പോൾ ഒക്കെ തോന്നും പ്രണയത്തിന്റെ അവസാന വാക്ക് മരണം ആണെന്ന്..

നീ ആരെ സ്വപ്നം കണ്ടിരിക്കുവാ പെണ്ണേ എന്നുള്ള ആനി ടീച്ചറിന്റെ ശബ്ദം കേട്ട് കൊണ്ടാണ് അനു ഓർമ്മകളിൽ നിന്ന് എഴുന്നേറ്റത്...

സാധാരണയിലും തിരക്ക് കൂടുതൽ ആണല്ലോ മമ്മി ഇന്ന് പള്ളിയിൽ....

ഓഹ്... പറയുന്നത് കേട്ടാൽ അവൾ എല്ലാ ഞാറാഴ്ചയും പള്ളിയിൽ വരുന്നത് പോലെ ആണല്ലോ.. മിണ്ടാതെ കുർബ്ബാന കാണാൻ നോക്കെടി പെണ്ണേ എന്ന് പറഞ്ഞു ആനി ടീച്ചർ അനുവിന്റെ കൈയിൽ പിടിച്ചു പള്ളിയുടെ അകത്തെട്ടു നടന്നു...

നീണ്ട 3 മണിക്കൂറത്തെ കുർബാന കഴിഞ്ഞു അവർ ഇരുവരും പുറത്തിറങ്ങി... പപ്പ പതിവ് പോലെ തന്നെ കൂട്ടുകാരുമായി സംസാരിച്ചു അവിടെ നിപ്പുണ്ട്... പള്ളിയിൽ വന്ന ഭൂരിഭാഗം ചെറുപ്പക്കാരും തന്നെയാണ് ശ്രദ്ധിക്കുന്നത് എന്ന് അനുവിന് മനസ്സിലായി....

പക്ഷെ അവൾ തേടി കൊണ്ടിരുന്നത് മറ്റൊരാളെ ആയിരുന്നു... അനു നടന്നു പള്ളിയുടെ സൈഡിൽ ഉള്ള റോഡിൽ ചെന്നു..

ഊഹം തെറ്റിയില്ല... ബൈക്കുമായി ആ ചേട്ടൻ പുറത്തു തന്നെ നിൽക്കുന്നുണ്ട്.. ആരാണെന്നോ എന്താണെന്നോ അറിയില്ല.. പള്ളിയിൽ കുർബ്ബാന കഴിഞ്ഞു വരുന്ന ആ ചേട്ടന്റെ അമ്മയെ വിളിക്കാൻ വേണ്ടി വരുന്നതാണ്.. പക്ഷെ ഇന്ന് വരെ ആ ചേട്ടൻ പള്ളിയിൽ കയറി ഇത് വരെ കണ്ടിട്ടില്ല...
കുറച്ചു നേരത്തെ കാത്തിരിപ്പിന് ശേഷം ആ ചേട്ടന്റെ അമ്മ വന്നു...

ഇവിടെ വരെ വന്നിട്ട് ഒരു തവണ എങ്കിലും പള്ളിയിൽ കയറി കൂടായിരുന്നോ ജോമോനെ നിനക്ക്... എത്ര എന്ന് വെച്ചാണ് ദൈവത്തിനെ പഴി പറഞ്ഞു ജീവിക്കുന്നത് നീ...

ദൈവം.... അങ്ങനെ ഒരാൾ ഉണ്ടോ അമ്മേ... ഉണ്ടെങ്കിൽ ഇന്ന് പല ജീവിതങ്ങളും തകരുമായിരുന്നോ.. പലർക്കും കണ്ണുനീരിൽ നിറഞ്ഞ ഒരു ജീവിതം കിട്ടുമായിരുന്നോ... ദൈവം എന്നൊരാൾ ഇല്ല അമ്മേ.. അത് വെറും സങ്കല്പം മാത്രമാണ്...

ജോമോന്റെ ആ വാക്കുകൾ അനുവിന്റെ മനസ്സിനെ വല്ലാതെ ആകർഷിച്ചു.. ആരോടും പറയാതെ മനസ്സിൽ എന്തൊക്കെയോ വിഷമങ്ങൾ പേറി ജീവിക്കുന്ന ഒരാൾ ആണ് ആ ചേട്ടൻ എന്ന് അനുവിന് തോന്നി...

ബൈക്ക് സ്റ്റാർട്ട്‌ ആക്കി അമ്മയെ കയറ്റി പോവാൻ നേരം ജോമോൻ പള്ളിയുടെ മുന്നിൽ വെച്ചിട്ടുള്ള ദൈവത്തിന്റെ ഫോട്ടോയിലേട്ട് നോക്കി.... ആ കണ്ണുകളിൽ വേദനയുടെയും സങ്കടത്തിന്റെയും നിസ്സഹായതയുടെയും പല പല ഭാവങ്ങൾ മിന്നി മായുന്നത് അനു കണ്ടു... ഒടുവിൽ കണ്ണിൽ നിന്ന് വീണ കണ്ണ് നീര് തുള്ളിയെ അമ്മ കാണാതെ തുടച്ചു മാറ്റി ജോമോൻ പതിയെ ബൈക്ക് ഓടിച്ചു പോകുന്നത് അനു നോക്കി നിന്നു....

ആ ചേട്ടൻ ആരാണ് ? ദൈവത്തിൽ വിശ്വാസം ഇല്ലാത്ത ആ ചേട്ടൻ എന്തിനു ദൈവത്തിന്റെ ഫോട്ടോയിൽ നോക്കി കരയണം... ആ ചേട്ടന് മാത്രം എന്താ ദൈവത്തിനോട് ഇത്ര വെറുപ്പ്‌...
ഉത്തരം കിട്ടാത്ത ഒരു നൂറായിരം സംശയങ്ങൾ അനുവിന്റെ മനസ്സിൽ തെളിഞ്ഞു നിന്നു...

എല്ലാം കണ്ടു പിടിക്കണം.... പക്ഷെ എവിടെ നിന്നു തുടങ്ങും... ആരോടും പറയാത്ത ആ രഹസ്യങ്ങൾ തേടി ഇറങ്ങാൻ അനു തീരുമാനിച്ചു... (തുടരും )

പ്രണയ പരാജിതനെ സ്നേഹിച്ച കാന്താരി.. (ഭാഗം :2)

അനുമോൾ എന്തിയേടി.. അത്താഴം കഴിക്കാൻ വരുന്നില്ലേ അവൾ....

ഫോണിൽ കളിക്കുക ആയിരിക്കും... അല്ലെങ്കിലും അവൾക്കിത്തിരി കളി കൂടുന്നുണ്ട്.. ഇവിടെ ഒരാൾ കൊഞ്ചിപ്പിച്ചു വഷളാക്കി വെച്ചേക്കുവല്ലേ... പിന്നെ എങ്ങനെയാ...

ഹ ഹ ഹ.. എന്റെ ആനി ടീച്ചറേ.. ഒന്നല്ലേ നമുക്ക് ഉള്ളു.. അത് കൊണ്ട് ഉള്ള സ്നേഹം മുഴുവൻ അവൾക്കു കൊടുത്തു പോയി.. നീ അത്താഴം എടുത്തു വെക്കു.. ഞാൻ പോയി അനുവിനെ വിളിച്ചു കൊണ്ട് വരാം....

റൂമിൽ..... അനുവിന്റെ മനസ്സ് നിറയെ ജോമോന്റെ മുഖം ആയിരുന്നു.. കോളേജിൽ വെച്ചു ഒരുപാട് ആണുങ്ങളെ കണ്ടിട്ടുണ്ട്.. പ്രൊപ്പോസ് ചെയ്തിട്ടുണ്ട്.. പക്ഷെ അവരോടൊന്നും തോന്നാത്ത എന്തോ ഒരു ഇത് ആ ചേട്ടനോട് മാത്രം തോന്നുന്നു... കൂടുതൽ ആലോചിക്കും തോറും അനുവിന്റെ മനസ്സ് കൂടുതൽ അസ്വസ്ഥമാകാൻ തുടങ്ങി...

അത്താഴം കഴിക്കാൻ വരുന്നില്ലേ മോളെ... റൂമിലേട്ട് കയറി കൊണ്ട് ജേക്കബ് ഇച്ചായൻ ചോദിച്ചു...

അനുമോൾക്ക് വിശപ്പില്ല പപ്പാ.. നിങ്ങൾ കഴിച്ചോ....

വന്നപ്പോൾ മുതൽ പപ്പാ ശ്രദ്ധിക്കുന്നു... എന്തോ ഒരു വല്ലായ്മ പോലെ മോൾക്ക്‌.. എന്തേലും അസുഖം ഉണ്ടെങ്കിൽ പപ്പയോടു പറ.. നമുക്ക് ഇപ്പൊ തന്നെ ഹോസ്പിറ്റലിൽ പോകാം..

ഒന്നും ഇല്ല പപ്പാ.. അനുമോൾക്ക് വിശപ്പില്ലാത്തത് കൊണ്ടാ... മര്യധയ്ക്ക് നിങ്ങൾ പോയി കഴിക്കാൻ നോക്ക്...

മ്മ്.. എന്തെങ്കിലും ഉണ്ടെങ്കിൽ പപ്പയെ വിളിക്കണം.. കെട്ടോ.. മോൾ എന്നാൽ ഉറങ്ങിക്കോളൂ... ഗുഡ് നൈറ്റ്‌..

ഭൂരിഭാഗം പെൺകുട്ടികളുടെയും സൂപ്പർ ഹീറോ സ്വന്തം അച്ഛൻ ആയിരിക്കും എന്ന് പറയുന്നത് എത്ര ശരി ആണ്... അത്ര മാത്രം പപ്പാ തന്നെ സ്വാധീനിക്കുന്നുണ്ട്.. ഈ ജന്മത്തിൽ പപ്പയുടെ മോൾ ആയിട്ട് ജനിക്കാൻ കഴിഞ്ഞതാണ് തന്റെ ഏറ്റവും വലിയ ഭാഗ്യം എന്ന് അനുവിന് തോന്നി...

ഇത്രയും കാലം പപ്പയ്ക്കും മമ്മിക്കും മാത്രമേ തന്റെ മനസ്സിൽ ഒരു സ്ഥാനം ഉണ്ടായിരുന്നുള്ളു.. പക്ഷെ ഇപ്പൊ ഇന്ന് മുതൽ ആ ചേട്ടനും താൻ ഒരു സ്ഥാനം നൽകിയത് പോലെ അനുവിന് തോന്നി...

എന്തായാലും ആ ചേട്ടനെ പറ്റി കൂടുതൽ അറിയണം... അതിനു ദൈവം തന്നെ എന്തെങ്കിലും ഒരു വഴി കാണിച്ചു തരാതെ ഇരിക്കില്ല.... ആലോചനയിൽ മുഴുകി അനു എപ്പോഴോ ഉറങ്ങി പോയി..

.........
ടി അനുമോളെ.. ഒന്ന് എഴുന്നേറ്റേ... രാവിലെ തന്നെ മമ്മിയുടെ വിളി കേട്ടാണ് അനു കണ്ണ് തുറന്നത്..

എന്താ മമ്മി ഇത്.. ക്ലാസ്സ്‌ ഇല്ലാത്ത ദിവസം പോലും കുറച്ചു നേരം ഉറങ്ങാൻ സമ്മതിച്ചൂടെ..

നിന്റെ കൂടെ പഠിക്കുന്ന ശരണ്യയുടെ കൂടെ നീ ഇന്ന് എവിടെ എങ്കിലും പോകാമെന്നു പറഞ്ഞിരുന്നോ.. ആ കൊച്ചു താഴെ വന്നു നിൽപ്പുണ്ട്...

കർത്താവെ.. ഇന്ന് തിങ്കളാഴ്ച അല്ലേ.. അവളുടെ കല്യാണം ആ മമ്മി ഈ ഞാറാഴ്ച. അവളുടെ ചെക്കന് അവളെ ഇന്ന് കാണണം എന്ന് പറഞ്ഞിരുന്നു.. അവൾക്കു ഒരു കൂട്ടിനു വേണ്ടി എന്നെയും വിളിച്ചതാ.. ഞാൻ അക്കാര്യം മറന്നു..

നീ പോയി റെഡി ആയിട്ട് വാ.. ഞാൻ അപ്പോഴേക്കും അവൾക്കു കാപ്പി കൊടുക്കാം...

അര മണിക്കൂറിനുള്ളിൽ അനു റെഡി ആയി താഴെ വന്നു... മമ്മിയോട് യാത്ര പറഞ്ഞു അവർ വീട്ടിൽ നിന്നും ഇറങ്ങി..

നിന്റെ ചെക്കൻ എവിടെ വരാമെന്നാടി പറഞ്ഞിരിക്കുന്നത്.. പോകുന്നതിനിടയിൽ അനു ചോദിച്ചു..

ജംഗ്ഷൻ ഉള്ള കോഫി ഷോപ്പ് ഇല്ലേ.. അവിടെ വരാനാ പറഞ്ഞിരിക്കുന്നത്.. എന്നോട് എന്തൊക്കെയോ സംസാരിക്കാൻ ഉണ്ടെന്ന്..

വർഷം മൂന്ന് ആയി പ്രേമിക്കാൻ തുടങ്ങിയിട്ട്. ഒടുക്കം കല്യാണം വരെ എത്തി.. എന്നിട്ട് ഇത് വരെ ആയിട്ടും സംസാരിച്ചു തീർന്നില്ലെടി എന്റെ ശരണ്യ കൊച്ചേ....

ഈ ജന്മം കഴിഞ്ഞാലും പറഞ്ഞു തീരാത്തത്ര കാര്യങ്ങൾ ഉണ്ടെടി അനു കൊച്ചേ... രാജീവേട്ടന്റെ കൂടെ കൂട്ടുകാരനും ഉണ്ടാകും.. ഒറ്റയ്ക്ക് പോകാൻ എനിക്ക് ഒരു മടി.. അതാ നിന്നെയും വിളിച്ചത്...

അത് എന്തായാലും നന്നായി... നിന്റെ ചെക്കനെ എനിക്കും കൂടി കാണാമല്ലോ...

വലിയ സുന്ദരൻ ഒന്നും അല്ലേടി.. പക്ഷെ എന്റെ കണ്ണിൽ എന്റെ ഏട്ടൻ എപ്പോഴും സുന്ദരൻ തന്നെ ആ...

സൗന്ദര്യത്തിൽ എന്ത് കാര്യമാടി ഉള്ളത്.. ശരിക്കും 2 മനസ്സുകൾ തമ്മിൽ സ്നേഹിക്കുന്നതിനു അല്ലേ പ്രണയം എന്ന് പറയുന്നത്...

എന്താടി അനു.. നിന്റെ സംസാരത്തിൽ പ്രണയം തുടിക്കുന്നത് പോലെ ഒരു ഫീൽ..

ച്ചെ.... മിണ്ടാതെ ഇരുന്നോണം.. നിന്നോടൊന്നും ഒരു കാര്യം പറയാൻ കൊള്ളില്ല.. വേഗം നടക്കാൻ നോക്ക്. അല്ലെങ്കിൽ നിന്റെ രാജീവേട്ടൻ ഒറ്റയ്ക്കു കാപ്പി കുടിച്ചിട്ട് അങ്ങ് പോകും....

കറക്റ്റ് പത്തു മണിക്ക് തന്നെ അവർ കോഫി ഷോപ്പിൽ എത്തി.. രാജീവ്‌ ഇത് വരെ വന്നിട്ടില്ല.....

നീ ഒന്ന് വിളിച്ചു നോക്കിക്കേ.. അവർ ഇനി വരില്ലേ ഇന്ന്.... അനു ചോദിച്ചു

ശരണ്യ ഉടൻ തന്നെ ഫോൺ എടുത്തു രാജീവിനെ വിളിച്ചു... അവർ പുറത്തെത്തി ടി. ഇപ്പൊ വരും ഇങ്ങോട്ട്..

അടുത്ത നിമിഷം രാജീവും കൂട്ടുകാരനും കൂടി കോഫി ഷോപ്പിന്റെ വാതിൽ തുറന്നു കയറി വന്നു... അവർ നടന്നു വരുന്നതിനിടയിൽ ശരണ്യ അനുവിനോട് പറഞ്ഞു.. ആ ബ്ലൂ ഷർട്ട്‌ ഇട്ട ആളാണ് എന്റെ ചെക്കൻ.. മറ്റേതു കൂടെ ജോലി ചെയ്യുന്ന ആളും...

കാണാൻ ഇരു നിറമാണെങ്കിലും നല്ല മുഖ ഭംഗി തോന്നിക്കുന്നുണ്ട്..എന്തായാലും ശരണ്യക്ക് നന്നായി ചേരും.. അനു മനസ്സിൽ പറഞ്ഞു..

വന്ന വഴി തന്നെ രണ്ടു പേർക്കും ഓരോ ഷേക്ക്‌ ഹാൻഡ് കൊടുത്തിട്ടു രാജീവ്‌ പറഞ്ഞു..

എന്നെ ഇനി പ്രത്യേകം പരിചയപ്പെടുത്തണ്ട കാര്യം ഇല്ലല്ലോ ലെ.... എല്ലാം ശരണ്യ പറഞ്ഞിട്ടുണ്ടാകുമെന്ന് കരുതുന്നു.. ഇത് അരുൺ.. എന്റെ കൂടെ വർക്ക്‌ ചെയ്യുന്നതാണ്... അനുവിനെ പറ്റി എനിക്കറിയാം.. ശരണ്യ എപ്പോഴും പറയാറുണ്ട്..

എന്റെ കുറ്റങ്ങൾ ആണോ ചേട്ടാ ഇവൾ പറഞ്ഞിരിക്കുന്നത് ഫുൾ... ചെറു പുഞ്ചിരിയോടെ അനു ചോദിച്ചു...

ഹ ഹ ഹ.. എല്ലാം വിശദമായി തന്നെ പറയാം.. അതിനു മുൻപ് നമുക്ക് ഓരോ കാപ്പി കുടിക്കാം.. നമുക്ക് ആ കാണുന്ന ടേബിളിൽ ഇരിക്കാം..

ഓരോ കാര്യങ്ങൾ പറയുന്നതിന് ഇടയിൽ ആണ് മാഡം ഓർഡർ പ്ലീസ് എന്ന് പറഞ്ഞു ഒരാൾ അനുവിന്റെ നേരെ മെനു കാർഡ് നീട്ടിയത്.. Tതിരിഞ്ഞു നോക്കിയ അനുവിന് തന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല.. താൻ പള്ളിയിൽ വെച്ചു കണ്ട ചേട്ടൻ അല്ലേ ഇത്.. അതെ ജോമോൻ തന്നെ... വിശ്വാസം വരാതെ അനു ജോമോനെ നോക്കി നിന്നു..

അപ്പോഴാണ് ഹായ് ജോമോൻ ചേട്ടായി എന്ന് പറഞ്ഞു ശരണ്യയുടെ വിളി..

ഒരു ഞെട്ടലിൽ നിന്നു അടുത്ത ഞെട്ടലിലേട്ട് അത് വഴി തെളിച്ചു... അവൾക്കു എങ്ങനെ ജോമോനെ അറിയാം...

അവർ തമ്മിൽ എന്തൊക്കെയോ പറയുന്നുണ്ട്. പക്ഷെ താൻ മറ്റൊരു ലോകത്തു ആയതു കൊണ്ട് അവർ പറയുന്നതൊക്കെ തനിക്കു കേൾക്കാൻ പറ്റാത്തത് പോലെ തോന്നി അനുവിന്...

ഒടുക്കം സ്വബോധം വീണു കിട്ടുമ്പോഴേക്കും ഓർഡർ മേടിച്ചു ജോമോൻ പോയി കഴിഞ്ഞിരുന്നു...

ഉടൻ തന്നെ അനു ശരണ്യയോട് ചോദിച്ചു.. നിനക്ക് എങ്ങനെയാടി ആ ചേട്ടനെ പരിജയം....

എന്റെ അയൽവക്കത്തു താമസിക്കുന്ന ചേട്ടനെ പിന്നെ എനിക്ക് അറിയാതിരിക്കുമോ.. അതെങ്ങനെ ആ നീ ഒരിക്കൽ പോലും എന്റെ വീട്ടിൽ വന്നിട്ടില്ലല്ലോ...

നീ അതൊക്കെ വിട്.. ഈ ചേട്ടൻ ഇവിടെ ആണോ ജോലി ചെയ്യുന്നത്...

ഇപ്പൊ അതെ.. ഒരു മൂന്ന് വർഷം മുൻപ് ഈ കാണുന്ന ഷോപ്പും ഇതിന്റെ അപ്പുറത്തുള്ള ബിൽഡിംഗ്‌ ഒക്കെ ഈ ചേട്ടന്റെ ആയിരുന്നു. ഇപ്പൊ അതൊക്കെ പോയി.. സ്വന്തം കടയിൽ ജോലിക്കാരനെ പോലെ പണി എടുക്കേണ്ട ഗതി ആയി.. ഇതിനെക്കാളും വലിയ സങ്കടം ആണ്..ഈ ചേട്ടൻ നേരത്തെ പ്രേമിച്ച പെണ്ണും അവളുടെ ഭർത്താവും ആണ് ഇപ്പൊ ഇതിന്റെ എല്ലാം ഉടമസ്ഥർ.... അൽപ്പം സങ്കടത്തോടെ ശരണ്യ പറഞ്ഞു നിർത്തി...

കേട്ട കാര്യം വിശ്വസിക്കാൻ പറ്റാതെ ഞെട്ടലോടെ ഇരുന്നുപോയി അനു...
                            (തുടരും )

വൈകിട്ടു വീട്ടിൽ വന്നിട്ടും അനു കൂടുതൽ അസ്വസ്ഥ ആയിരുന്നു.. രാജീവേട്ടൻ ഒക്കെ കൂടെ ഉള്ളത് കൊണ്ട് ജോമോന്റെ കാര്യങ്ങൾ ഒന്നും ചോദിക്കാൻ കഴിഞ്ഞില്ല... എന്തായാലും നാളെ രാവിലെ തന്നെ ശരണ്യയുടെ വീട് വരെ പോകാൻ അനു തീരുമാനിച്ചു...

അന്ന് രാത്രി പതിവിലും കൂടുതൽ സന്തോഷത്തോടെ ആണ് ജേക്കബ് ഇച്ചായൻ വന്നത്...

എടിയേ... എടി ആനി ടീച്ചറേ... ഒന്നിങ്ങു വന്നേടി.....

ഇതെന്താ അതിയാനു പറ്റിയതെന്നു ചോദിച്ചു ആനി ടീച്ചർ വന്നു.. പിന്നാലെ അനുവും...

എന്താ പപ്പാ.. എന്താ ഉണ്ടായേ... ഇന്ന് നല്ല സന്തോഷത്തിൽ ആണല്ലോ...

പപ്പാ ഒരു പുതിയ ബിസിനസ് തുടങ്ങാൻ വേണ്ടി ഒരു ലോണിന് അപേക്ഷിച്ചിരുന്നില്ലേ മോളെ... മാസം 2 ആയി അവർ അതിന്റെ പുറകെ ഇട്ടു വട്ടം കറക്കാൻ തുടങ്ങിയിട്ട്. ഒടുക്കം പപ്പാ അത് വേണ്ടെന്നു വെച്ചതാ... ഇന്ന് ബാങ്കിലെ മാനേജർ വിളിച്ചിട്ട് പറയുവാ... സാർ പറഞ്ഞ അത്രയും ക്യാഷ് നാളെ തന്നെ സാറിന്റെ അക്കൗണ്ടിൽ ഉണ്ടാകും എന്ന്... നാളെ രാവിലെ തന്നെ ബാങ്കിൽ ചെല്ലാൻ...

അതെന്താ പപ്പാ പെട്ടെന്ന് അങ്ങനെ.......

ആദ്യം പപ്പയ്ക്കും കാര്യം മനസ്സിലായില്ല.. പിന്നെ ആ ബാങ്കിൽ ജോലി ചെയ്യുന്ന പപ്പയുടെ കൂട്ടുകാരൻ വഴി പപ്പാ ഒരു അന്വേഷണം നടത്തി.. ആരോ നമുക്ക് വേണ്ടി ബാങ്കിൽ റെക്കമെന്റ് ചെയ്തു എന്ന്. പക്ഷെ ആളുടെ പേര് മാത്രം അറിയാൻ പറ്റിയില്ല...

അതാരാ നമുക്ക് വേണ്ടി ബാങ്കിൽ റെക്കമെന്റ് ഒക്കെ ചെയ്യാൻ മാത്രം... ആനി ടീച്ചർ വിശ്വാസം വരാത്ത രീതിയിൽ സ്വയം ചോദിച്ചു...

ഇതിപ്പോ ആദ്യത്തെ സംഭവം അല്ല ആനി ടീച്ചറെ ഇത്.. പണ്ട് നമ്മൾ വീട് പണിയുന്ന സമയത്തു പൈസക്ക് കുറച്ചു ബുദ്ധിമുട്ട് വന്നിട്ട് ഞാൻ പലിശയ്ക്ക് പണം കൊടുക്കുന്ന പിള്ള ചേട്ടനെ കാണാൻ പോയത് ഓർക്കുന്നുണ്ടോ നീ.. അങ്ങേരുടെ അടുത്ത് പലിശ കൂടുതൽ ആയതു കൊണ്ട് ഞാൻ അന്ന് തിരിച്ചു പോന്നു.. പിറ്റേ ദിവസം അങ്ങേരു പലിശ ഒന്നും വേണ്ടാ തന്ന പൈസ മാത്രം ഉള്ളപ്പോൾ തിരിച്ചു തന്നാൽ മതി എന്ന് പറഞ്ഞു ഞാൻ ചോദിച്ച പൈസ മുഴുവൻ തരുകയും ചെയ്തു...

അതും ഇതും ആയിട്ട് എന്ത് ബന്ധം... ആനി ടീച്ചർ ചോദിച്ചു..

അല്ലേടി എനിക്കിപ്പോ ഒരു സംശയം.. ഇപ്പൊ നമ്മളെ സഹായിച്ച മനുഷ്യൻ തന്നെ ആയിരിക്കുമോ.. അന്നും നമ്മളെ സഹായിച്ചതതെന്നു...

നിങ്ങൾ അധികം ആലോചിച്ചു കാട് കയറണ്ട.. എല്ലാ ഞാറാഴ്ചയും മുട്ടിപ്പായി പ്രാർത്ഥിക്കുന്നതു കൊണ്ട് കർത്താവു കാണിച്ചു തന്ന വഴി ആയിരിക്കും ഇത്.. അങ്ങനെ വിശ്വാസിക്ക്...

എന്തായാലും എവിടെ എന്തൊക്കെയോ ഒരു പന്തികേട് പോലെ... നീ എന്തായാലും അത്താഴം എടുത്തു വെക്കു... നാളെ രാവിലെ തന്നെ ബാങ്കിൽ പോകണം....

പപ്പാ.. ഞാനും രാവിലെ പപ്പയുടെ കൂടെ വരാം. പപ്പാ പോകുന്ന വഴി എന്നെ ശരണ്യയുടെ വീട്ടിൽ ഇറക്കിയാൽ മതി.. അവളുടെ വീട് കറക്റ്റ് ആയിട്ട് അറിയില്ല.. അവൾ പറഞ്ഞു തന്ന ഒരു ഓർമ്മ മാത്രമേ ഉള്ളു...

എന്താ മോളെ നാളെ അവളുടെ വിശേഷം..

നാളെ ഒന്നും ഇല്ല പപ്പാ.. കുറേ ആയി അവൾ വീട്ടിൽ വരാൻ പറയുന്നു.. പിന്നെ ഈ സൺ‌ഡേ അവളുടെ കല്യാണം ആ.. അതിനു മുൻപ് ചുമ്മാ ഒന്ന് പോകണം എന്ന് തോന്നി.. അത്രേ ഉള്ളു..

എന്നാ പപ്പാ കൊണ്ടാക്കി തരാം..പപ്പാ ഇപ്പൊ പോയി കുളിച്ചിട്ടു വരട്ടെ.. എന്നിട്ട് ഒരുമിച്ചു അത്താഴം കഴിച്ചു കിടക്കാം...

പിറ്റേന്ന് രാവിലെ തന്നെ അനുവും പപ്പയും കൂടി യാത്ര തിരിച്ചു. കുറച്ചു ബുദ്ധിമുട്ടി ആണെങ്കിലും ശരണ്യയുടെ വീട് കണ്ടു പിടിച്ചു.. അനുവിനെ അവിടെ ആക്കി ജേക്കബ് ഇച്ചായൻ ബാങ്കിലേട്ട് പോയി..

എന്താടി രാവിലെ തന്നെ ഒരു മുന്നറിയിപ്പും കൂടാതെ.. അനുവിനെ കണ്ടപ്പോൾ തന്നെ ശരണ്യ ചോദിച്ചു...

എനിക്ക് നിന്നോട് കുറച്ചു കാര്യം ചോദിക്കാൻ ഉണ്ട്. ഇന്നലെ അവർ കൂടെ ഉണ്ടായത് കൊണ്ട് ചോദിക്കാൻ കഴിഞ്ഞില്ല.. നിന്റെ അച്ഛനും അമ്മയും ഒക്കെ എന്തെ... ??

അവർ കല്യാണം വിളിക്കാൻ പോയി.. നിനക്ക് എന്താ അറിയാൻ ഉള്ളത്....

നമ്മൾ ഇന്നലെ കോഫി ഷോപ്പിൽ വെച്ചു കണ്ട ചേട്ടൻ ഇല്ലേ.. ജോമോൻ.. ആ ചേട്ടനെ പറ്റി കൂടുതൽ അറിയണം..

അതവിടെ നിക്കട്ടെ.. നിനക്ക് ജോമോനെ എങ്ങനെ അറിയാം.. ചെറിയൊരു സംശയത്തോടെ ശരണ്യ ചോദിച്ചു..

ഞാൻ നിന്നോട് നേരത്തെ പറഞ്ഞിട്ടില്ലേ.. പള്ളിയുടെ വാതിക്കൽ വരെ വന്നിട്ട് പള്ളിയിൽ കേറില്ലാത്ത ഒരു ചേട്ടനെ പറ്റി... അത് ഈ ജോമോൻ ചേട്ടൻ ആ...

എന്റെ കൃഷ്ണാ..... നീ ഈ ചേട്ടന്റെ കാര്യം ആയിരുന്നല്ലേ മുൻപ് എന്നോട് പറഞ്ഞത്..

അതേടി... ആ ചേട്ടനെ ചതിച്ചിട്ട് കാമുകി സ്വന്തമാക്കിയത് ആണോ ആ ഷോപ്പും ബിൽഡിംഗ്‌സ്സ് ഒക്കെ...

ആ ചേട്ടനെ അതിനു ആര് ചതിച്ചെന്നാ.... ആ വിവാഹ ബന്ധമേ വേണ്ടെന്നു വെച്ചത് ജോമോൻ ചേട്ടായി ആ..

നീ എന്താ കാര്യം എന്ന് മനസ്സിലാകുന്ന രീതിയിൽ പറ.. അനുവിന്റെ ക്ഷമ നശിച്ചിരുന്നു....

ജോമോൻ ചേട്ടായിയുടെ പപ്പാ ഈ നാട്ടിലെ അറിയപ്പെടുന്ന ബിസിനസ്കാരൻ ആയിരുന്നു. അദ്ദേഹത്തിന്റെ കൂട്ടുകാരന്റെ മകളാണ് ജോമോൻ ചേട്ടായി സ്നേഹിച്ചിരുന്ന പെണ്ണ്. ദിവ്യ പ്രണയം ഒന്നും ആയിരുന്നില്ല.. ജോമോൻ ചേട്ടായിയുടെ അച്ഛൻ ആണ് മകനു വേണ്ടി പ്രൊപോസൽ ആയിട്ട് അങ്ങോട്ട്‌ ചെല്ലുന്നത്.. ഒടുവിൽ കല്യാണവും ഉറപ്പിച്ചു.. ചുരുക്കി പറഞ്ഞാൽ അതിനു ശേഷം ആണ് അവർ തമ്മിൽ ഇഷ്ടത്തിൽ ആകുന്നത് തന്നെ..

എന്നിട്ട്.... എന്നിട്ട് എന്താ ഉണ്ടായത്.. ആകാംഷയോടെ അനു ചോദിച്ചു..

ആ ഇടയ്ക്കാണ് അവർ നടത്തി ഇരുന്ന ബാങ്ക് പൊളിച്ചു എന്ന് ന്യൂസ്‌ വരുന്നത്.. ആരോ ചതിച്ചതാണെന്നും പറയുന്നുണ്ട്.. കോടികൾ ആയി കടം. കടം വീട്ടാൻ ഉള്ള കടയും ബിൽഡിംഗ്‌സ്സ് ഒക്കെ വിൽക്കാൻ തയ്യാറായി. പെട്ടെന്നുള്ള ആവശ്യം ആയതു കൊണ്ട് അന്ന് പൈസ കൊടുത്തു അതൊക്കെ മേടിച്ചത് ആ ചേട്ടന്റെ കാമുകിയുടെ അച്ഛൻ ആണ്. അയാളുടെ കൈയിൽ മാത്രമേ അന്ന് അതിനുള്ള പൈസ ഉള്ളു..

നേടിയതെല്ലാം കൈ വിട്ടു പോകുന്നതിന്റെ വിഷമത്തിൽ ജോമോൻ ചേട്ടായിയുടെ അച്ഛൻ ആത്മഹത്യ ചെയ്തു. എല്ലാത്തിനും കാരണം ദൈവം ആണെന്ന് പറഞ്ഞു അന്ന് മുതൽ പഴി പറഞ്ഞു ജീവിക്കാൻ തുടങ്ങിയതാ.. ജോമോൻ ചേട്ടന്റെ പപ്പാ കഷ്ട്ടപ്പെട്ടു സമ്പാദിച്ച പൈസ കൊണ്ട് തുടങ്ങിയ കോഫി ഷോപ്പ് ആയതു കൊണ്ട് അവിടെ തന്നെ ജോലിക്കും കയറി. ഒടുക്കം ആഗ്രഹിച്ച ജീവിതം കൈ വിട്ടു പോയപ്പോൾ കല്യാണത്തിന് താൽപ്പര്യം ഇല്ല എന്ന് പറഞ്ഞു ഒഴിഞ്ഞു മാറിയതും ജോമോൻ ചേട്ടായി ആണ്. ചുരുക്കി പറഞ്ഞാൽ ആ ചേട്ടൻ ആ ചേച്ചിയെ തേച്ചു.. .

സ്വന്തം ഇഷ്ടങ്ങളെ മറ്റുള്ളവർക്ക് വേണ്ടി വേണ്ടെന്നു വെക്കുന്നത് എങ്ങനെ ആടി തേപ്പാകുന്നത്.. അതൊരു ത്യാഗം ആണ്. സ്നേഹിച്ചവരെ സന്തോഷത്തോടെ ജീവിക്കാൻ വിട്ടിട്ടു സ്വയം വേദന ഏറ്റു വാങ്ങുന്നവർ. ഇങ്ങനെ ചിന്തിക്കുന്ന പുരുഷൻന്മാർ ഒക്കെ അപൂർവമേ ഉണ്ടാകു..

അതവിടെ നിക്കട്ടെ. അനു കൊച്ചിന്റെ വർത്തമാനത്തിൽ എന്തോ ഒരു പന്തികേട് പോലെ. ഇനി നിനക്കെങ്ങാനും ജോമോനോട് ഇഷ്ടം തോന്നി തുടങ്ങിയോ...

ഇഷ്ടമില്ല എന്ന് പറയുന്നത് നുണയാകും... കുറച്ചു ദിവസം മുൻപ് വരെ എന്റെ പപ്പയ്ക്കും മമ്മിക്കും മാത്രമേ എന്റെ മനസ്സിൽ സ്ഥാനം ഉണ്ടായിരുന്നുള്ളു. പക്ഷെ ഇപ്പൊ ആ ചേട്ടനും എന്റെ മനസ്സിൽ എന്തോ ഒരു സ്ഥാനം കൊടുത്തത് പോലെ ഒരു ഫീൽ എനിക്ക്...

നീ ഇത് എന്ത് ഭാവിച്ചാ...ഇത് നിനക്ക് പറ്റിയ ഒരു റിലേഷനേ അല്ല. നീ എന്ത് കണ്ടിട്ട് ആ ജോമോനെ പ്രണയിച്ചത് തന്നെ...

അതിനുള്ള ഉത്തരം മൗനം ആയിരുന്നു അനുവിന്...

എന്താടി മിണ്ടാട്ടം മുട്ടിയോ. നീ പറ ഞാൻ കേൾക്കട്ടെ...

ഒരാളെ പ്രണയിച്ചത് എന്ത് കണ്ടിട്ടാണ് എന്ന് ചോദിച്ചാൽ അതിനുള്ള ഉത്തരം മൗനം ആണ് മറുപടി എങ്കിൽ അതാണ് ലോകത്തിലെ സത്യസന്ധമായ പ്രണയം എന്ന് പപ്പാ എപ്പോഴും പറയാറുണ്ട്. നീ ചോദിച്ച ചോദ്യത്തിന് ഉത്തരം ഇല്ലാത്തതും അത് കൊണ്ടാണ്...

എന്റെ പെണ്ണേ.. നിനക്കിതു വട്ടാ...ചുമ്മാ അർഹിക്കാത്തത് ആഗ്രഹിച്ചു ഒടുക്കം കരയേണ്ടി വരരുത്..

നീ തുടക്കത്തിൽ തന്നെ മനസ്സ് മടുപ്പിക്കാതെ ആ ചേട്ടന്റെ മനസ്സിൽ കേറാൻ എന്തെങ്കിലും ഒരു വഴി പറഞ്ഞുതാടി....

നീ അപ്പൊ രണ്ടും കല്പ്പിച്ചു ആണല്ലേ ഇറങ്ങിയത്.. ശരണ്യ ചോദിച്ചു

ഈ ഒരു കാര്യത്തിൽ എന്തൊക്കെ ബുദ്ധിമുട്ടുകൾ നേരിടാനും ഞാൻ റെഡി ആ. നീ എന്തെങ്കിലും ഒരു വഴി പറഞ്ഞു താ.

കുറച്ചു നേരം ആലോചിച്ചതിന് ശേഷം ശരണ്യ പറഞ്ഞു... ഭൂരിഭാഗം ആൺകുട്ടികളുടെയും മനസ്സിൽ കേറി പറ്റാൻ ഒരേ ഒരു വഴിയേ ഉള്ളു. ആദ്യം ആ ചേട്ടന്റെ അമ്മ ആയിട്ട് കൂടുതൽ അടുക്കണം.നിനക്ക് ആ വീട്ടിൽ കുറച്ചു സ്വാതന്ത്ര്യം ഉണ്ടാക്കി എടുക്കണം. പിന്നെ എല്ലാം ഈസി ആ. നീ എന്തായാലും വാ. നിനക്ക് ഇപ്പൊ തന്നെ ജോമോൻ ചേട്ടായിയുടെ അമ്മയെ പരിജയപ്പെടുത്തി തരാം. ബാക്കി ഒക്കെ നിന്റെ കഴിവ് പോലെ ഇരിക്കും..

ശരണ്യയുടെ കൂടെ ജോമോന്റെ വീട്ടിലെട്ട് പോകുമ്പോൾ ആയിരം പൂർണ ചന്ദ്രൻന്മാരുടെ തെളിച്ചം അനുവിന്റെ മുഖത്തു ഉണ്ടായിരുന്നു. എന്തൊക്കെ ആണോ അറിയണം എന്ന് ആഗ്രഹിച്ചത് അതൊക്കെ അറിയാൻ സാധിച്ചു. ഇനി ജോമോന്റെ മനസ്സിൽ കേറി പറ്റാനും കർത്താവു എന്തെങ്കിലും ഒരു വഴി കാണിച്ചു തരുമെന്നുള്ള  പ്രതീക്ഷയിൽ ആ പ്രണയ പരാജിതന്റെ വീട് ലക്ഷ്യമാക്കി അനു നടന്നു..
                                (തുടരും )
                             

ജോമോന്റെ വീട്ടിലെട്ട് പോകുന്നതിനിടയിൽ ശരണ്യ അനുവിനോടു പറഞ്ഞു...

ടി.. ജോമോൻ ചേട്ടായിയുടെ സ്വഭാവം കുറച്ചു ടഫ് ആണ്.. ആളൊരു ദേഷ്യക്കാരൻ ആ...

അതിനു ഇപ്പൊ എനിക്കെന്താടി കുഴപ്പം..

നിന്റെ ഈ പാവത്താൻ സ്വഭാവം ആയിട്ട് ജോമോന്റെ അടുത്തെട്ടു വരരുത്. ആള് ദേഷ്യപ്പെട്ടാൽ തന്നെ നിനക്ക് ഇനി ഫീൽ ആകരുത്. ഒരു മുൻകരുതലിനു വേണ്ടി ഞാൻ പറഞ്ഞതാ...

ഞാൻ ഇപ്പൊ എന്ത് വേണമെന്ന നീ ഈ പറയുന്നത്...

നിന്റെ ഈ സ്വഭാവം ഒന്ന് മാറ്റണം... ജോമോൻ എന്തെങ്കിലും പറഞ്ഞാൽ തന്നെ കട്ടയ്ക്ക് മറുപടി പറഞ്ഞോണം.. കേട്ടല്ലോ..

അതൊക്കെ ഞാൻ ഏറ്റു. നീ വാ..

ആന്റി.. ട്രീസാന്റി.... ജോമോന്റെ വീട്ടിൽ ചെന്നിട്ടു ശരണ്യ വിളിച്ചു. അകത്തു നിന്ന് ജോമോന്റെ അമ്മ (ട്രീസ്സ ) ഇറങ്ങി വന്നു..

ആഹാ. ശരണ്യ മോൾ ആയിരുന്നോ.. ഞാൻ കരുതി രാവിലെ തന്നെ ആരായിരിക്കും എന്ന്.

ഞങ്ങൾ ചുമ്മാ ഒന്ന് ഇറങ്ങിയതാ ആന്റി...

ഇതാരാ മോളുടെ കൂടെ.. കൂട്ടുകാരി ആണോ...

അതെ ആന്റി. ഞങ്ങൾ ഒരുമിച്ചു പഠിച്ചതാ. ഇവളുടെ പേര് അനു. വീട് ഇവിടെ അടുത്ത് തന്നെ ആ

ഈ മോളെ കണ്ടിട്ട് നല്ല പരിചയം തോന്നുന്നല്ലോ.. അനുവിന്റെ മുഖത്തു നിന്ന് കണ്ണെടുക്കാതെ ട്രീസ്സ ചോദിച്ചു...

അത് അമ്മേ.. നമ്മൾ തമ്മിൽ പള്ളിയിൽ വെച്ച് കണ്ടിട്ടുണ്ട്. ഞാറാഴ്ച കുർബ്ബാനയ്ക്ക് വരുമ്പോൾ. ചെറു പുഞ്ചിരിയോടെ അനു മറുപടി നൽകി..

ആഹ്ഹ് ശരിയാ. ഇപ്പൊ ഓർക്കുന്നു ഞാൻ.. നിങ്ങൾ അവിടെ നിക്കാതെ കേറി ഇരിക്കു കുട്ടികളെ. ഞാൻ പോയി കുടിക്കാൻ എന്തെങ്കിലും എടുത്തിട്ട് വരാം..

അനു ആ വീടും പരിസരവും ഒന്ന് നോക്കി. ഒരു നില വീടാണെങ്കിലും കാണാൻ നല്ല ഭംഗി ഉണ്ട്. വീടിന്റെ മുന്നിൽ ഉള്ള പൂന്തോട്ടം അനുവിന് ഒരുപാട് ഇഷ്ടമായി.. മൊത്തത്തിൽ അടുക്കും ചിട്ടയും ഉള്ള ഒരു വീടും പരിസരവും..

അപ്പോഴാണ് അകത്തെ റൂമിൽ നിന്നും ജോമോൻ ഇറങ്ങി വന്നത്...

ദൈവമേ ഈ ചേട്ടൻ ഇവിടെ ഉണ്ടായിരുന്നോ... പെട്ടെന്ന് ജോമോനെ കണ്ടപ്പോൾ അനുവിന് വെപ്രാളമായി...

ജോമോൻ ചേട്ടായി ഇന്ന് പോയില്ലേ.. ശരണ്യ ചോദിച്ചു..

ഇല്ല...

അതെന്താ പോകാതിരുന്നത്..

പോയില്ല. അത്ര തന്നെ..

ദൈവമേ.. ഇതെന്തു സാധനം...ജോമോന്റെ മറുപടി കേട്ട് അനു മനസ്സിൽ പറഞ്ഞു...

ജോമോൻ ചേട്ടായി.. ഇതെന്റെ കൂട്ടുകാരി ആ. അനു....

അതിനിപ്പോ ഞാൻ എന്ത് വേണം...

അതല്ല ചേട്ടായി..ഇവൾ ചുമ്മാ ഇവിടെ ഉള്ളവരെ പരിചയപെടാൻ വന്നതാ...

എന്നെ പരിചയപ്പെടാൻ മാത്രം ഞാൻ ഇവിടുത്തെ മുഖ്യമന്ത്രിയോ പ്രധാന മന്ത്രിയോ ഒന്നും അല്ലല്ലോ..

ഇത് ഒരു നിലയ്ക്ക് പോകില്ലെന്ന് മനസ്സിലായത് കൊണ്ട് ശരണ്യ പിന്നെ കൂടുതൽ ഒന്നും ചോദിച്ചില്ല..

ഈ ചേട്ടനെ ആണോ നീ പാവമാണെന്നു പറഞ്ഞത്.. ആളൊരു മുരടൻ ആണല്ലോ.. ശരണ്യയെ പോലും ഞെട്ടിച്ചു കൊണ്ടായിരുന്നു അനുവിന്റെ ആ വാക്കുകൾ...

ഇങ്ങനെ ഒരാളെ ആണോ ടി പരിചയപ്പെടാൻ വേണ്ടി എന്നെ നീ വിളിച്ചോണ്ട് വന്നത്. ഈ ചേട്ടനോട് മിണ്ടുന്നതിലും ഭേദം പള്ളിയിൽ പോയി പ്രാർത്ഥിക്കുന്നതാ. അതാകുമ്പോൾ കർത്താവിന്റെ അനുഗ്രഹം എങ്കിലും കിട്ടും..

അനുവിന്റെ വായിൽ നിന്ന് അങ്ങനെ ഒരു മറുപടി ജോമോൻ തീരെ പ്രതീക്ഷിച്ചില്ല. എന്ത് പറയണം എന്നറിയാതെ ജോമോന്റെ മുഖം വിളറി. മുഖത്തു വന്ന അമ്പരപ്പ് മറയ്ക്കാൻ വേണ്ടി ജോമോൻ പറഞ്ഞു..

ഞാൻ ഇങ്ങനെ ഒക്കെ ആണെന്ന് അറിഞ്ഞിട്ടും പിന്നെ എന്തിനാണാവോ എന്നെ പരിചയപ്പെടാൻ വേണ്ടി വന്നത്.

ഒരാളോട് മിണ്ടുമ്പോൾ അല്ലേ ചേട്ടാ അയാളുടെ സ്വഭാവം നമുക്ക് മനസ്സിലാകുന്നത്. അനു കട്ടയ്ക്ക് തന്നെ മറുപടി കൊടുത്തു

എന്നാ ഇപ്പൊ എന്റെ സ്വഭാവം മനസ്സിലായല്ലോ. അത് കൊണ്ട് എന്നെ ആരും പരിചയപ്പെടാൻ വരണ്ട...

അയ്യോ.. അതിനു പരിചയപ്പെടാൻ ആര് വരുന്നു.. പരിചയപ്പെടാൻ വേണ്ടി ചേട്ടൻ ഇവിടുത്തെ മുഖ്യമന്ത്രിയോ പ്രധാന മന്ത്രിയോ അല്ലല്ലോ...

അനുവിന്റെ വാക്കുകൾ കേട്ട് മുഖത്തു ചിരി വന്നെങ്കിലും ഒരു വിധത്തിൽ ജോമോൻ അത് പിടിച്ചു നിർത്തി. ഇവളോട് കൂടുതൽ മിണ്ടുന്നതു ബുദ്ധി അല്ലെന്നു ജോമോൻ മനസ്സിലായി.ഇവളുടെ മുന്നിൽ നിന്നും ഒഴിഞ്ഞു മാറാൻ ഒരു അവസരത്തിന് വേണ്ടി കാത്തു നിക്കുമ്പോൾ ആണ് മക്കളെ ചായ കുടിക്കെന്ന് പറഞ്ഞു അമ്മയുടെ വരവ്.

ചായ കുടിക്കുന്നതിനിടയിൽ അനു ജോമോനെ ഒന്ന് നോക്കി.. വെളുത്ത ആ മുഖം ചുമന്നു തുടുത്തത് പോലെ അനുവിന് തോന്നി...

ചായ കുടി കഴിഞ്ഞു ജോമോന്റെ അമ്മയോട് യാത്ര പറഞ്ഞു അനു ഇറങ്ങി. ജോമോൻ പുറത്തെ കസ്സേരയിൽ പത്രം വായിച്ചു ഇരിപ്പുണ്ട്..

അതെ കലിപ്പൻ ചേട്ടാ. ഞങ്ങൾ പോകുന്നു.

മറുപടി പറയാതെ ഒളി കണ്ണിട്ട് ജോമോൻ അനുവിനെ നോക്കി.

അതെ ചേട്ടനോട് തന്നെ ആ പറഞ്ഞത്. കേട്ടില്ലെന്നു ഉണ്ടോ..

ആഹ്ഹ്.. കേട്ട് കൊച്ചേ.. എന്നാ പൊയ്ക്കോ..

എന്തെങ്കിലും പറഞ്ഞാൽ അതിനു ഇത് പോലെ മറുപടി പറയണം. അതാണ് അനുവിന് ഇഷ്ടം.

അതും പറഞ്ഞു അനു അവിടെ നിന്ന് ഇറങ്ങി നടക്കാൻ തുടങ്ങി. കുറച്ചു നടന്നിട്ട് തിരിഞ്ഞു ജോമോന്റെ വീട്ടിലെട്ട് നോക്കി. ഒരു ചെറു പുഞ്ചിരിയോടെ ഞങ്ങൾ പോകുന്നത് നോക്കി ചിരിച്ചു കൊണ്ട് ജോമോൻ അവിടെ നിപ്പുണ്ടായിരുന്നു. പെട്ടെന്ന് അനു തിരിഞ്ഞു നോക്കുമെന്നു ജോമോൻ കരുതിയില്ല. ഉടൻ തന്നെ തല വെട്ടിച്ചു ജോമോൻ അകത്തെട്ടു കയറി പോയി...

ഓഹോ അപ്പൊ ചിരിക്കാനും അറിയാം അല്ലേ ചേട്ടന്... ഇനിയും വെച്ചിട്ടുണ്ട് ഞാൻ... അനു മനസ്സിൽ പറഞ്ഞു..

നിനക്ക് എവിടുന്നു കിട്ടിയെടി ഇത്ര ദൈര്യം. ഞാൻ പോലും കരുതിയില്ല നീ ഇങ്ങനെ ഒക്കെ പറയുമെന്ന്..

നീ അല്ലേടി എന്നോട് പറഞ്ഞത് എന്ത് പറഞ്ഞാലും കട്ടയ്ക്ക് മറുപടി പറയണം എന്ന്. ഞാനും ആളൊരു കലിപ്പാണെന്നു പുള്ളി വിചാരിക്കട്ടെ..

ആളൊരു പാവമാടി ആ ചേട്ടൻ. പുള്ളിയ്ക്ക് സഹതാപത്തോടെ ഉള്ള വാക്കുകൾ ഒന്നും ആരും പറയുന്നത് ഇഷ്ടമല്ല.അത്കൊണ്ടാണ്
ആരും അടുക്കാതിരിക്കാൻ വേണ്ടി എല്ലാവരെയും വെറുപ്പിക്കുന്നത്.

അതെനിക്ക് മനസ്സിലായെടി. ആ ചേട്ടന്റെ ഏകദേശം സ്വഭാവം ഇപ്പൊ പിടികിട്ടി. നീ നോക്കിക്കോ. ഞാൻ ആ ചേട്ടനെ മാറ്റി എടുക്കും... ആ പ്രണയപരാജിതൻ ഈ കാന്താരിക്ക് ഉള്ളതാ.... അനു ചിരിച്ചു കൊണ്ട് പറഞ്ഞു..

എന്തായാലും നമുക്ക് എല്ലാം കാത്തിരുന്നു കാണാം എന്റെ അനു കൊച്ചേ.....

ഉച്ച കഴിഞ്ഞു പപ്പാ വന്നിരുന്നു അനുവിനെ വിളിക്കാൻ വേണ്ടി. ശരണ്യയോട് യാത്ര പറഞ്ഞു അനു അവിടെ നിന്നും ഇറങ്ങി...

പിറ്റേന്ന് രാവിലെ തന്നെ അനു എഴുന്നേറ്റു.. കുറച്ചു ദൂരെ ഉള്ള ഒരു പള്ളിയിൽ പോകാൻ ഉണ്ട്. പപ്പാ ആക്‌സിഡന്റ് പറ്റി കിടന്നപ്പോൾ നേർന്നൊരു നേർച്ച ആണ്. പപ്പാ രാവിലെ തന്നെ ജോലിക്ക് പോയി. മമ്മിയോട് യാത്ര പറഞ്ഞു അനുവും ഇറങ്ങി...

പള്ളിയിൽ ഒക്കെ പോയി തിരിച്ചു ജംഗ്ഷനിൽ എത്തിയപ്പോൾ സമയം രാത്രി 9 ആകാറായി.. ഫോണിൽ വിളിച്ചു പപ്പയോടു വണ്ടിയുമായി ഇങ്ങോട്ട് വരാൻ പറഞ്ഞു കഴിഞ്ഞപ്പോഴേക്കും ബാലൻസ് തീർന്നു. റീചാർജ് ചെയ്യാൻ ആയി തൊട്ടടുത്ത കടയിലേക്ക് കേറിയപ്പോഴേക്കും കടയിൽ നിന്ന് ജോമോൻ ഇറങ്ങി വരുന്നു.

ഇപ്പൊ എവിടെ ചെന്നാലും ഇവളെ ആണല്ലോ കാണുന്നത്.ജോമോൻ സ്വയം പറഞ്ഞു..

ജോമോനെ പെട്ടെന്ന് കണ്ടപ്പോൾ അനു ഒന്ന് അമ്പരന്നെങ്കിലും അത് മുഖത്തു കാണിക്കാതെ അനു കടയിലേക്ക് നടന്നു..

കണ്ടിട്ട് മിണ്ടാതെ പോകുന്നത് ശരി അല്ലെന്നു തോന്നിയത് കൊണ്ട് ജോമോൻ ചോദിച്ചു...

നീ എന്താ ഇവിടെ ??

ഞാനോ ? റീചാർജ് കടയിലോ ?? കുറച്ചു പലചരക്കു സാധനം മേടിക്കാൻ വേണ്ടി വന്നതാ...

ഇത്തവണ മുഖത്തു വന്ന ചിരി ജോമോന് പിടിച്ചു നിർത്താനായില്ല.

ഹ ഹ ഹ ഹ.. അതല്ല.. ഈ അസമയത്ത്‌ എന്താ ഇവിടെ എന്ന്..

ഓഹോ. അത് അവിടെ നിക്കട്ടെ.. ഏത് സമയം ആണ് ചേട്ടാ ഒരു പെൺകുട്ടിക്ക് അസമയം..

ഹ ഹ ഹ ഹ... ക്വീൻ സിനിമ കണ്ടല്ലേ നീ. ചിരിയോടെ ജോമോൻ ചോദിച്ചു.

എന്തായാലും ഞാൻ ചോദിച്ചത് ശരി അല്ലേ. അതിനു മറുപടി പറ...

എന്റെ കൊച്ചേ തർക്കിക്കാൻ ഞാൻ ഇല്ല.രാത്രിയിൽ പെട്ടെന്ന് കണ്ടപ്പോൾ ചോദിച്ചതാ.

അങ്ങനെ കുറച്ചു മയത്തിൽ ഒക്കെ സംസാരിക്ക്. എന്നാലേ മറുപടി പറയാനും ഒരു രസം ഉള്ളു.

അനുവിന്റെ മുഖത്തു നോക്കി ചിരിച്ചതല്ലാതെ ജോമോൻ മറുപടി ഒന്നും പറഞ്ഞില്ല.

അപ്പോഴാണ് പപ്പാ കാറുമായി വരുന്നത് അനു കണ്ടത്. പോകുന്നു എന്ന് ജോമോനോട് യാത്ര പറഞ്ഞു അനു കടയിൽ നിന്ന് ഇറങ്ങി കാറിന്റെ അങ്ങോട്ട്‌ നടക്കാൻ തുടങ്ങി. കുറച്ചു നടന്നിട്ട് അനു വീണ്ടും ജോമോന്റെ അടുത്തെട്ടു ചെന്നിട്ടു പറഞ്ഞു...

അതേയ് ചേട്ടാ.... ഈ നിരാശ കാമുകന്റെ റോൾ ചേട്ടന് ചേരില്ല കെട്ടോ. ചിരി വരുന്ന സമയത്തൊക്കെ ചിരിക്കണം. അല്ലാതെ ഏതു സമയം അവാർഡ് സിനിമയിൽ കാണുന്നത് പോലെ ശോകം അടിച്ചു നടക്കരുത്.കെട്ടോ... അപ്പൊ ഗുഡ് നൈറ്റ്‌..

അത്രയും പറഞ്ഞു അനു പപ്പയുടെ കൂടെ കാറിൽ കയറി പോകുന്നത് വരെ ജോമോൻ പുഞ്ചിരിയോടെ അനുവിനെ തന്നെ നോക്കി നിക്കുകയായിരുന്നു.

ആ പ്രണയ പരാജിതന്റെ ചിരിക്കുന്ന മുഖം കാറിന്റെ ഉള്ളിൽ തിരിഞ്ഞു നിന്ന് അനു നോക്കി കൊണ്ടിരിക്കുന്നു..
                                        (തുടരും )

അതാരായിരുന്നു മോളെ... കാർ ഓടിക്കുന്നതിനിടയിൽ ജേക്കബ് ഇച്ചായൻ ചോദിച്ചു...

പപ്പാ ആരുടെ കാര്യമാ ചോദിച്ചത്..

പപ്പാ മോളെ വിളിക്കാൻ വേണ്ടി വന്നപ്പോൾ ഒരാളുമായി സംസാരിച്ചു നിക്കുന്നത് കണ്ടല്ലോ

അത് പപ്പാ..... അനുവിന് പെട്ടെന്ന് എന്ത് പറയണം എന്ന് കിട്ടിയില്ല.... ആ ചേട്ടൻ എന്റെ ഒരു ഫ്രണ്ട് ആണ്...

അതാരാ പപ്പാ അറിയാത്തൊരു ഫ്രണ്ട് മോൾക്ക്‌...

അയ്യോ.. അങ്ങനെ വലിയ കമ്പനി ഒന്നും ഇല്ല ഞങ്ങൾ തമ്മിൽ... ജസ്റ്റ്‌ ചെറിയൊരു പരിചയം... അത്രേ ഉള്ളു....

ആണോ... പപ്പാ വെറുതെ ചോദിച്ചെന്നെ ഉള്ളു മോളെ....

അപ്പോഴേക്കും അവർ വീട്ടിൽ എത്തിയിരുന്നു. അവരുടെ വരവ് നോക്കി ആനി ടീച്ചർ പുറത്തു തന്നെ നിൽക്കുന്നുണ്ടായിരുന്നു...

നിനക്കിതു കുറച്ചു നേരത്തെ ഇങ്ങോട്ട് വന്നൂടെ.. രാവിലെ പോയതല്ലേ ഇവിടുന്നു. അനുവിനെ കണ്ടപ്പോൾ തന്നെ ആനി ടീച്ചർ പറഞ്ഞു.

പള്ളിയിൽ നിന്ന് നേരത്തെ ഇറങ്ങിയതാ മമ്മി. പക്ഷെ ഇങ്ങോട്ടുള്ള ഒരു ബസ് മിസ്സായി. പിന്നെ 1, 2 സാധനങ്ങൾ മേടിക്കാൻ കടയിലും കയറി. അതാ ഇത്ര ലേറ്റ് ആയത്.

നിനക്കൊക്കെ ഇങ്ങനെ കറങ്ങി നടന്നാൽ മതിയല്ലോ. തിരിച്ചു വീട്ടിൽ വരുന്നത് വരെ ബാക്കി ഉള്ളവർക്ക് ആ ടെൻഷൻ മുഴുവനും..

അയ്യേ.. ഈ മമ്മിക്കിത് എന്താ പപ്പാ. ഞാൻ ഇപ്പോഴും കൊച്ചു കുട്ടി ആണെന്നാ മമ്മിയുടെ വിചാരം...

ഇപ്പോഴത്തെ കാലം അങ്ങനത്തെ ആ. അത് കൊണ്ടാണ് മമ്മി ഈ പറയുന്നത്..

അഹ്... നീ പോയി ഭക്ഷണം എടുത്തു വെക്കാൻ നോക്ക്. മോൾക്ക്‌ വിശക്കുന്നുണ്ടാകും. ജേക്കബ് ഇച്ചായൻ പറഞ്ഞു.

ഭക്ഷണം കഴിച്ചു കിടക്കാൻ നേരത്തും മനസ്സ് മുഴുവൻ ജോമോന്റെ ഓർമ്മകൾ ആയിരുന്നു അനുവിന്. വീണ്ടും വീണ്ടും ആ മുഖം കാണാൻ തോന്നുന്നു. ഇന്നത്തെ ഒറ്റ ദിവസം കൊണ്ട് താൻ ഒരുപാട് ജോമോനെ ഇഷ്ടപ്പെട്ടത് പോലെ അനുവിന് തോന്നി...

ദിവസങ്ങൾ കടന്നു പോയി. ഒടുവിൽ ഞാറാഴ്ച്ച വന്നു. ഇന്നാണ് ശരണ്യയുടെ കല്യാണം. പപ്പയും മമ്മിയും കൂടി പള്ളിയിൽ പോയി. അനു നേരെ കല്യാണ വീട്ടിലെട്ടും. അവിടെ ചെന്നപ്പോൾ അധികം ആൾക്കാരൊന്നും ഇല്ല. ചെറിയ രീതിയിൽ ഉള്ള വിവാഹം ആണ്. കെട്ടൊക്കെ കഴിഞ്ഞു ശരണ്യ കൂട്ടുകാരികൾ ആയിട്ട് വർത്തമാനം പറഞ്ഞിരിപ്പുണ്ട്...

എടി ശരണ്യ കൊച്ചേ.... സുന്ദരി ആയിട്ടുണ്ടല്ലോ...

അഹ്. ഇപ്പോഴാണോടി നീ വരുന്നത്..

എപ്പോ വന്നാൽ എന്താടി. നിന്നെ കണ്ടില്ലേ...

ഓഹ്. സത്യം പറഞ്ഞാൽ നീ ഇന്ന് എന്നേക്കാൾ കൂടുതൽ വേറൊരാളെ കാണാനാ ഇങ്ങോട്ട് വന്നതെന്ന് എനിക്കറിയാം.

ശരണ്യയുടെ മുഖത്തു നോക്കി അനു ചിരിച്ചു.

അധികം ചിരിക്കണ്ട പെണ്ണേ. ജോമോൻ അവിടെ ഭക്ഷണം കൊടുക്കുന്നതിന്റെ അവിടെ ഉണ്ട്. നീ കണ്ടായിരുന്നോ..

ഇല്ലെടി. ഞാൻ അങ്ങോട്ട്‌ പോയില്ല. നിന്നെ കണ്ടിട്ട് പോകാമെന്നു കരുതി.

അയ്യോ... എന്താ സ്നേഹം. നിനക്കെന്നെ ഇപ്പൊ വേണ്ടെന്നു എനിക്കറിയാടി.. നീയും ജോമോനും ആയിട്ട് ഇപ്പൊ കമ്പനി ആയില്ലേ. എന്റെ റോൾ തീർന്നു.. ഞാൻ ഇനി ഔട്ട്‌..

എന്റെ ശരണ്യ കൊച്ചിനെ ഞാൻ അങ്ങനെ ഒക്കെ മറക്കുമോ. ഒന്നല്ലെങ്കിലും എന്നെ ഒരുപാട് സഹായിച്ചതല്ലേ..

ഉവ്വ് ഉവ്വേ.... ഈ വിചാരം എന്നും ഉണ്ടാകണം കേട്ടോ..

ശരണ്യ മോളെ ഒന്നിങ്ങു വന്നേ...

എടി അമ്മ വിളിക്കുന്നു. നീ ചെന്നു ഭക്ഷണം കഴിച്ചിട്ട് വാ. ജോമോനെയും കാണാലോ. ഞാൻ അപ്പോഴേക്കും അമ്മയുടെ അടുത്ത് വരെ പോയിട്ട് വരാം..

അനു നേരെ സദ്യ വിളമ്പുന്നതിന്റെ അങ്ങോട്ട്‌ ചെന്നു.തിരക്കൊക്കെ കഴിഞ്ഞിരുന്നു. ചുറ്റിനും നോക്കിയപ്പോൾ ജോമോൻ അവിടെ നിൽക്കുന്നത് കണ്ടു. റോസ് ഷർട്ടും വൈറ്റ് മുണ്ടും ആണ് വേഷം. ആ വേഷത്തിൽ ആള് ഒന്നൂടി സുന്ദരൻ ആയത് പോലെ അനുവിന് തോന്നി. അനു നേരെ ജോമോന്റെ അടുക്കലേട്ട് ചെന്നു.

അതേയ്.. കലിപ്പൻ ചേട്ടാ... ഓർമ്മയുണ്ടോ ??

ജോമോൻ തിരിഞ്ഞു നോക്കി. പുറകിൽ ചിരിച്ചു കൊണ്ട് നിൽക്കുന്ന അനുവിനെ കണ്ടു.

അഹ്.. ഇയാളായിരുന്നോ...

ഓഹോ. പിന്നെ ചേട്ടൻ വേറെ ആരാണെന്നാ കരുതിയത്...

ഞാൻ ആരും ആണെന്ന് കരുതിയില്ല. വന്നു വന്നു തന്നോടൊക്കെ മിണ്ടാൻ തന്നെ പേടി ആകുന്നു..

അതെന്തിനാ ചേട്ടൻ എന്നെ പേടിക്കുന്നത്..

അല്ല.. എന്തെങ്കിലും പറഞ്ഞാൽ തന്നെ എന്റെ വായടപ്പിച്ചു കളയുന്ന രീതിയിൽ ഉള്ള മറുപടി ആണല്ലോ തരുന്നത്.

ഹ ഹ ഹ.. എന്നെ കുറച്ചൊക്കെ പേടിക്കുന്നത് നല്ലതാട്ടോ..

അല്ല.... താൻ ഭക്ഷണം കഴിച്ചായിരുന്നോ..

ഇല്ല...

എന്നാ ഇരിക്ക്. ഞാൻ വിളമ്പി തരാം.

ചേട്ടൻ കഴിച്ചായിരുന്നോ...

ഞാൻ പിന്നെ കഴിച്ചോളാം..

അത് വേണ്ടാ. നമുക്ക് ഒരുമിച്ചു ഇരിക്കാം..

ഒരുമിച്ചോ ?? ഏയ് അതൊന്നും ശരി ആവില്ല

ഓഹ്. ഇതെന്തു കഷ്ടം. എനിക്കൊരു കമ്പനി താ മനുഷ്യ..

അത് പിന്നെ... ജോമോന് എന്ത് പറയണം എന്ന് ഒരെത്തും പിടിയും കിട്ടിയില്ല.

ഒരു പിന്നെയും ഇല്ല. ചേട്ടൻ ഇങ്ങ് വന്നേ എന്ന് പറഞ്ഞു ജോമോന്റെ കൈയിൽ പിടിച്ചു അനു ടേബിളിലേട്ട് നടന്നു.

അയ്യേ. കൈ വിട് കൊച്ചേ.. ദേ ആൾക്കാർ ഒക്കെ ശ്രദ്ധിക്കുന്നു..

അതിനെന്താ. അവർ നോക്കട്ടെ. ചേട്ടനു എന്താ നാണം വരുന്നുണ്ടോ... മര്യധയ്ക്ക് അവിടെ ഇരിക്കാൻ നോക്ക്..

ഒഴിഞ്ഞു മാറാൻ ഒരു വഴിയും കിട്ടിയില്ല ജോമോന്. അവരുടെ മുൻപിലെട്ട് നല്ല ആവി പറക്കുന്ന ചോറും കറിയും വിളമ്പി വെച്ചു.

ഇങ്ങനെ അന്തം വിട്ട് കുന്തം പോയത് പോലെ നിക്കാതെ കഴിക്കാൻ നോക്ക് ചേട്ടാ..

ആരൊക്കെ തങ്ങളെ ശ്രദ്ധിക്കുന്നു എന്നറിയാൻ ജോമോൻ ചുറ്റിലും ഒന്ന് കണ്ണോടിച്ചു. അപ്പോഴാണ് കുറച്ചു മാറി ഒരാൾ ഞങ്ങളെ നോക്കി നിക്കുന്നത് കണ്ടത്.

ദൈവമേ. എന്റെ അമ്മ അല്ലേ അത്. ജോമോൻ നാണം കൊണ്ട് തല താഴ്ത്തി കളഞ്ഞു.

ചേട്ടൻ ഇത് മൂക്കും കൊണ്ടാണോ ചോറുണ്ണുന്നത്. മുഖം ഇപ്പൊ കുനിഞ്ഞു ചോറിൽ മുട്ടുമല്ലോ..

അതല്ല കൊച്ചേ. എന്റെ അമ്മ അവിടെ നിന്ന് നമ്മളെ ശ്രദ്ധിക്കുന്നു.

അതിനു ചേട്ടൻ എന്തിനാ ഇങ്ങനെ നാണിക്കുന്നത്. മര്യാദക്ക് കഴിക്കാൻ നോക്ക്.

നിനക്കങ്ങനെ പറഞ്ഞാൽ മതി.എന്റെ കാര്യം എനിക്കല്ലേ അറിയു...

ചേട്ടന്റെ ഫോൺ കൊള്ളാലോ കാണാൻ.. ജോമോന്റെ ഷർട്ടിന്റെ പോക്കറ്റിൽ കിടക്കുന്ന ഫോൺ നോക്കി അനു പറഞ്ഞു.

വിവോ ഫോൺ ആ. എടുത്തിട്ട് 6, 7 മാസം കഴിഞ്ഞു.

ആണോ... ഒന്നിങ്ങു കാണിച്ചേ. ഞാൻ ഒന്ന് നോക്കട്ടെ..

ജോമോൻ ഉടൻ തന്നെ ഫോൺ അനുവിന് കൊടുത്തു.

ആഹാ.. കൊള്ളാലോ. ഇതിൽ നിന്ന് കാൾ പോകുവോ എന്ന് നോക്കട്ടെ എന്ന് പറഞ്ഞു അനു പെട്ടെന്ന് തന്നെ ജോമോന്റെ ഫോണിൽ നിന്നും അനുവിന്റെ ഫോണിലേട്ട് വിളിച്ചു.

താൻ എന്താ ഈ കാണിച്ചത്. അമ്പരപ്പോടെ ജോമോൻ ചോദിച്ചു.

ഞാൻ കാൾ പോകുമോ എന്ന് നോക്കിയതാ ചേട്ടാ.. ചിരിച്ചു കൊണ്ട് അനു മറുപടി നൽകി.

ഓഹോ... സത്യം പറ. എന്റെ നമ്പർ കിട്ടാൻ വേണ്ടി താൻ മനഃപൂർവം കാണിച്ചതല്ലേ ഇത്

ചേട്ടന് നല്ല കാഞ്ഞ ബുദ്ധി ആണല്ലോ.. എത്ര പെട്ടെന്നാ സംഭവം കണ്ടു പിടിച്ചു കളഞ്ഞത്...

ഇയാൾക്ക് സത്യത്തിൽ പ്രാന്ത് വല്ലതും ഉണ്ടോ..

എന്താണെന്നു അറിയില്ല ചേട്ടാ. എല്ലാവരും എന്നോട് ഇങ്ങനെ തന്നെ ആ ചോദിക്കുന്നത്.

തന്നോട് മിണ്ടുന്നതിലും ഭേദം മിണ്ടാതിരിക്കുന്നതാണെന്നു പറഞ്ഞു ജോമോൻ ഭക്ഷണം കഴിച്ചു എഴുന്നേറ്റു. പുറകെ അനുവും..

ചേട്ടാ..കൈ കഴുകിയിട്ട് ഇവിടെ തന്നെ നിക്കണേ. എനിക്കൊരു കാര്യം പറയാൻ ഉണ്ട്. ഞാൻ പെട്ടെന്ന് പോയി ശരണ്യയെ കണ്ടിട്ട് ഇങ്ങോട്ട് വരാം. എന്നിട്ട് പറയാം..

പെട്ടെന്ന് വന്നാൽ എന്നെ കാണാം. അല്ലെങ്കിൽ ഞാൻ എന്റെ പാട്ടിനു പോകും..

അഹ്.ഇപ്പൊ തന്നെ വരാമെന്നേ. ഒന്ന് വെയിറ്റ് ചെയ്യാൻ പറഞ്ഞു അനു ശരണ്യയെ കാണാൻ പോയി. അനു പോകാൻ കാത്തിരുന്നത് പോലെ ഉടൻ തന്നെ ജോമോന്റെ അമ്മ വന്നിട്ട് ജോമോനോട് പറഞ്ഞു...

അത് കഴിഞ്ഞ ദിവസം നമ്മുടെ വീട്ടിൽ വന്ന കുട്ടി അല്ലേടാ.

മ്മ്. അതെ..

സാധാരണ പെൺകുട്ടികൾ ആയിട്ട് മിണ്ടാത്ത നീ ആണോ ഇന്ന് ആ കൊച്ചിനോട് മിണ്ടിയതും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നതും ഒക്കെ കണ്ടത്..

അതിനിപ്പോ അമ്മയ്ക്ക് എന്താ...

എനിക്ക് ഒന്നുല്ല... അമ്മ ചുമ്മാ ചോദിച്ചതാ.. എന്തായാലും ആ കുട്ടി നിനക്ക് നന്നായി ചേരുന്നുണ്ട്...

മിണ്ടാതെ പൊക്കോണം. എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കരുത്..

അപ്പോഴേക്കും ഹായ് അമ്മേ എന്ന് വിളിച്ചു അനു വന്നിരുന്നു..

എന്തൊക്കെ ഉണ്ട് മോളെ വിശേഷം..

സുഖം തന്നെ അമ്മേ. ഞാൻ തിരിച്ചു പോകാൻ തുടങ്ങുവായിരുന്നു. ശരണ്യയെ കണ്ടു അത് പറയാൻ പോയതാ..

ഇയാൾക്ക് എന്നോടെന്തോ പറയാൻ ഉണ്ടെന്നു പറഞ്ഞിട്ടോ... ജോമോൻ ചോദിച്ചു..

അത്... ചേട്ടൻ ഇപ്പൊ ഫ്രീ ആണോ. എന്നാലേ ഞാൻ പറയു..

ഞാൻ ഇപ്പൊ ഫ്രീ ആ. താൻ പറഞ്ഞോ..

എന്നാ പിന്നെ ചേട്ടൻ ബൈക്കിൽ എന്നെ ആ ജംഗ്ഷൻ വരെ കൊണ്ടാക്കി താ..

എന്റെ ബൈക്കിലോ... അമ്പരപ്പോടെ ജോമോൻ ചോദിച്ചു.

അഹ് അതെന്നെ. ഇവിടുന്നു ജംഗ്ഷൻ വരെ ഒറ്റയ്ക്ക് നടന്നു പോകണ്ടേ.. പോരാത്തതിന് ഞാറാഴ്ച ആയത് കൊണ്ട് ഓട്ടോയും ഉണ്ടാകില്ല.

എന്നെ കൊണ്ടൊന്നും പറ്റില്ല. ഇയാൾ വേണേൽ നടന്നു പോയാൽ മതി...

ഒന്ന് കൊണ്ടാക്കെടാ ജോമോനെ... മോള് ഒറ്റയ്ക്കു അല്ലെങ്കിൽ ഇത്രയും ദൂരം നടന്നു പോകണ്ടേ... മറുപടി പറഞ്ഞത് അമ്മ ആയിരുന്നു..

അമ്മേ... അത്....

നീ ഒന്നും പറയണ്ട. ആ ജംഗ്ഷൻ വരെ ആക്കിയാൽ പോരെ. കൊണ്ട് വിട്ടിട്ടു വാടാ...

അമ്മയുടെ തീരുമാനത്തിന് മുൻപിൽ ജോമോന് ഒന്നും പറയാൻ കഴിഞ്ഞില്ല. ഒടുവിൽ മനസ്സില്ലാ മനസ്സോടെ ജോമോൻ ബൈക്കും ആയിട്ട് വന്നു. അമ്മയോട് യാത്ര പറഞ്ഞു അനു ബൈക്കിൽ കയറി ഇരുന്നു. പതിയെ ബൈക്ക് മുൻപോട്ടു പോകാൻ തുടങ്ങിയതും ജോമോന്റെ അമ്മയുടെ മുഖത്തു നോക്കി ചെറിയൊരു കള്ള ചിരിയോടെ കണ്ണൊന്നു അടച്ചു കാണിച്ചു അനു.......
          (തുടരും )..

ചേട്ടനിത് ആർക്ക് വായു ഗുളിക മേടിക്കാൻ പോകാൻ ആ ഇത്ര സ്പീഡിൽ ബൈക്ക് ഓടിക്കുന്നത്...

എനിക്ക് നിന്നെ കൊണ്ടാക്കിയിട്ട് വേറെ നൂറു കൂട്ടം പരിപാടി ഉണ്ട് കൊച്ചേ...

ഓഹ്... വീട്ടിൽ ചെന്നിട്ടു പഴയ കാര്യങ്ങൾ ആലോചിച്ചു സെന്റി അടിച്ചിരിക്കാൻ അല്ലേ...

അതിനു എന്റെ കാര്യങ്ങൾ ഒക്കെ നിനക്കെങ്ങനെ അറിയാം...

അതൊക്കെ ഞാൻ അറിഞ്ഞു... ശരണ്യ പറഞ്ഞു തന്നു...

എനിക്ക് തോന്നി അത്. എന്റെ കാര്യങ്ങൾ അറിഞ്ഞത് കൊണ്ടാണ് ഇയാൾ എന്നോട് ഇത്ര അടുപ്പം കാണിക്കുന്നതെങ്കിൽ അത് വേണ്ടാ.. എനിക്ക് ആരുടേയും സഹതാപം ഇഷ്ട്ടമല്ല..

അയ്യേ... എനിക്ക് ചേട്ടന്റെ കാര്യം അറിഞ്ഞിട്ടു ഒരു വിഷമവും തോന്നിയില്ല. ഇതിനും വലിയ വേദനകൾ അനുഭവിച്ചു കൊണ്ട് ഇവിടെ ഓരോരുത്തർ ജീവിക്കുന്നില്ലേ...

അത് ശരിയാണ്... എന്നാലും എല്ലാവർക്കും അവരുടെ സ്വന്തം വിഷമങ്ങൾ തന്നെയാണ് ഏറ്റവും വലുത്..

ജോമോന്റെ ശബ്ദം ഒന്ന് ഇടറിയത് പോലെ അനുവിന് തോന്നി...

അതെ ചേട്ടാ.. ആ കാണുന്ന കടയുടെ മുൻപിൽ ഒന്ന് നിർത്തണേ..

എന്താ കാര്യം..

അതൊക്കെ പറയാം.. ആദ്യം അവിടെ നിർത്തു..

ജോമോൻ ബൈക്ക് അനു പറഞ്ഞ ബേക്കറിയുടെ മുൻപിൽ നിർത്തി

ഇവിടെ എന്തിനാ നിർത്താൻ പറഞ്ഞത്..

എനിക്ക് ദാഹിച്ചിട്ട് വയ്യ. ഒരു ജ്യൂസ്‌ കുടിക്കാൻ തോന്നി.. അതാ ഇവിടെ നിർത്താൻ പറഞ്ഞത്

എന്നാ വേഗം പോയി കുടിച്ചിട്ട് വാ.

എന്റെ കൈയിൽ അതിനു പൈസ ഒന്നും ഇല്ല. ചേട്ടൻ ഒരെണ്ണം മേടിച്ചു താ..

ജോമോൻ അമ്പരപ്പോടെ നോക്കി..

ഇങ്ങനെ നോക്കണ്ട... ഒരു ജ്യൂസ്‌ മേടിച്ചു തരാൻ അല്ലേ പറഞ്ഞത്. ചേട്ടന്റെ നോട്ടം കണ്ടാൽ ഞാൻ ഒരു പവന്റെ മാല മേടിച്ചു തരാൻ പറഞ്ഞത് പോലെ ഉണ്ടല്ലോ..

താൻ എന്നെ ഒരു വഴി ആക്കും എന്ന് പറഞ്ഞു ജോമോൻ അനുവിനെയും വിളിച്ചു കൊണ്ട് കടയിലേക്ക് കയറി...

എന്ത് ജ്യൂസ്‌ ആ വേണ്ടത്

മുന്തിരി മതി എനിക്ക്..

ചേട്ടാ.. ഒരു ഫ്രഷ് മുന്തിരി ജ്യൂസ്‌.. ജോമോൻ കടക്കാരനോട് പറഞ്ഞു.

അപ്പൊ ചേട്ടൻ ഒന്നും കുടിക്കുന്നില്ലേ.. അനു ജോമോനോട് ചോദിച്ചു.

അയ്യോ .. എനിക്കൊന്നും വേണ്ടേ.. ഇപ്പൊ തന്നെ വയറു നിറഞ്ഞു...

ചേട്ടന് എന്താ ഇത്ര ദേഷ്യം...

എനിക്ക് ദേഷ്യം ഒന്നും ഇല്ല. താൻ ജ്യൂസ്‌ കുടിച്ചിട്ട് പെട്ടെന്ന് വന്നാൽ മതി... ആരെങ്കിലും നമ്മളെ ഇപ്പൊ കണ്ടാൽ പിന്നെ അത് മതി...

ചേട്ടൻ എന്തിനാ ഇങ്ങനെ പേടിക്കുന്നത്. ഒരാണും പെണ്ണും തമ്മിൽ മിണ്ടിയാൽ ഒന്നല്ലെങ്കിൽ അവിഹിതം. അല്ലെങ്കിൽ പ്രേമം. ഇതല്ലാതെ സൗഹൃദം എന്നൊരു കാര്യം കൂടി ഉണ്ട്.

അത് പക്ഷെ നാട്ടുകാർക്കു അറിയില്ലല്ലോ. അവർ എന്തെങ്കിലും കിട്ടാൻ വേണ്ടി നോക്കി നടക്കുവാ. നമ്മൾ ശ്രദ്ധിച്ചാൽ നമുക്ക് കൊള്ളാം..

അതൊക്കെ പോട്ടെ.. ചേട്ടൻ ഇനി വിവാഹം കഴിക്കുന്നില്ലേ..

അറിഞ്ഞിട്ടിപ്പോ എന്തിനാ..

എനിക്ക് ഒരു കല്യാണ ആലോചന ആയിട്ട് അങ്ങോട്ട്‌ വരാൻ ആയിരുന്നു. അനു തമാശ രീതിയിൽ പറഞ്ഞു..

ഈ കാര്യം ആയിട്ട് ആ പരിസരത്തെട്ട് ആരും വന്നു പോവരുത്. താൻ സത്യം പറ.. ഇയാൾ എന്നെ പ്രേമിക്കാൻ ഉള്ള പരിപാടി വല്ലതും ആണോ.. ജോമോൻ ചെറിയൊരു സംശയത്തോടെ ചോദിച്ചു.

അയ്യോ... പ്രേമിക്കാൻ പറ്റിയ ഒരു സാധനം. എനിക്ക് ചേട്ടനേക്കാൾ നല്ല ഫ്രീക്കൻ ആൺപിള്ളേരെ വേറെ കിട്ടും...

ജോമോൻ പിന്നെ കൂടുതൽ ഒന്നും ചോദിക്കാൻ നിന്നില്ല. അപ്പോഴേക്കും ജ്യൂസ്‌ എത്തി.

ചേട്ടന് വേണോ ജ്യൂസ്‌....

എനിക്കൊന്നും വേണ്ടാ.താൻ കുടിച്ചോ..

എന്നാ പിന്നെ നോക്കി കൊതി ഇടരുതട്ടോ.... ചിരിച്ചു കൊണ്ട് അനു പറഞ്ഞു..

ദേ.. മിണ്ടാതിരുന്നു കുടിച്ചോണം. ജ്യൂസ്‌ മേടിച്ചു തന്ന എന്നെ തന്നെ കളിയാക്കാൻ വരുന്നോ...

ജ്യൂസ്‌ കുടിച്ചിട്ട് അവർ കടയിൽ നിന്നും ഇറങ്ങി... ബൈക്ക് സ്റ്റാർട്ട്‌ ചെയ്യുന്നതിന് മുൻപ് അനു ജോമോനോട് പറഞ്ഞു..

ചേട്ടൻ എന്നെ അപ്പുറത്തുള്ള ജംഗ്ഷൻ വരെ കൊണ്ടു വിട്ടാൽ മതി. അവിടെന്നു ഞാൻ പൊക്കോളാം..

അല്ലെങ്കിലും അവിടെ വരെ മാത്രമേ കൊണ്ടു വിടുന്നുള്ളു. അമ്മ പറഞ്ഞത് കൊണ്ട് മാത്രമാ.. തന്നെ കൊണ്ടാക്കാൻ തന്നെ ഞാൻ സമ്മതിച്ചത്..

അമ്മ പറഞത് കൊണ്ടു മാത്രമാണോ... അതോ എന്നോട് എന്തെങ്കിലും ഇഷ്ടം ഉള്ളത് കൊണ്ട് കൂടിയാണോ കൊണ്ടു വിടാൻ സമ്മതിച്ചത്..

അതേയ്.. അധികം ആലോചിച്ചു കാട് കയറണ്ട. താൻ വിചാരിക്കുന്നത് പോലെ എനിക്ക് തന്നോട് ഒന്നും ഇല്ല...

അതിനു ഞാൻ ഒന്നും വിചാരിച്ചില്ലല്ലോ. എന്റെ ഒരു സംശയം ചോദിച്ചതല്ലേ....

കിന്നാരം പറഞ്ഞു നിക്കാതെ വണ്ടിയിലേട്ട് കയറു കൊച്ചേ.... എനിക്ക് വേറെ പണി ഉണ്ട്..

അനു വേഗം ബൈക്കിൽ കയറി.. ജോമോൻ അനുവിനെ അടുത്തുള്ള ജംഗ്ഷനിൽ കൊണ്ടു വിട്ടു...

അതെ.. കലിപ്പൻ ചേട്ടാ... ഒരുപാടൊരുപാട് നന്ദി..

എനിക്ക് നല്ലൊന്നാന്തരം പേരുണ്ട്.. അത് വിളിച്ചാൽ മതി...

പക്ഷെ ഈ മുഖത്തിനും സ്വഭാവത്തിനും ചേരുന്നത് കലിപ്പൻ എന്ന് തന്നെ ആ..

തന്നോട് പറയാൻ ഞാൻ ഇല്ല.. ഞാൻ പോകുന്നു...

അഹ് ശരി... രാത്രി ഞാൻ ഫോൺ വിളിക്കാട്ടോ...

എന്റെ ഫോണിലേട്ട് ആരും വിളിക്കണ്ട.ഞാൻ എടുക്കുകയും ഇല്ല..

എന്തായാലും ഞാൻ വിളിക്കും. എടുക്കുവോ.. എടുക്കാതിരിക്കുവോ എന്നുള്ളത് ചേട്ടന്റെ ഇഷ്ടം...

മ്മ്. ശരി.. വിധി ഉണ്ടെങ്കിൽ ഇനി എവിടെ എങ്കിലും വെച്ചു കാണാമെന്നു പറഞ്ഞു ജോമോൻ ബൈക്ക് ഓടിച്ചു പോകുന്നത് അനു നോക്കി നിന്നു..

ഓട്ടോ പിടിച്ചു വീട്ടിൽ ചെന്നപ്പോൾ ജേക്കബ് ഇച്ചായൻ പുറത്തിരിപ്പുണ്ട്...

കല്യാണം ഒക്കെ എങ്ങനെ ഉണ്ടായിരുന്നു മോളെ..

അടിപൊളി ആയിരുന്നു പപ്പാ.. നിങ്ങൾക്ക് പള്ളിയിൽ കഴിഞ്ഞു നേരെ അങ്ങോട്ട്‌ വരാൻ പാടില്ലായിരുന്നോ...

പള്ളിയിൽ കഴിഞ്ഞു ഇറങ്ങിയപ്പോൾ നിന്റെ മമ്മിയുടെ കൂടെ പഠിച്ച ഒരു കൂട്ടുകാരിയെ കണ്ടു.. പിന്നെ അവരുടെ വീട് വരെ പോകേണ്ടി വന്നു...

എന്നിട്ട് മമ്മി എന്തേയ്...

അകത്തുണ്ട്... T.V കാണുവാ..

ഞാൻ എന്നാ കുറച്ചു നേരം കിടക്കട്ടെ പപ്പാ. ആകെ മൊത്തത്തിൽ ഒരു ക്ഷീണം..

മോള് എന്നാ പോയി കുറച്ചു നേരം ഉറങ്ങാൻ നോക്ക്. പപ്പാ പുറത്തു വരെ പോയിട്ട് ഇപ്പൊ വരാം..

ശരി പപ്പാ... അനു റൂമിലേട്ട് കയറി. ക്ഷീണം കാരണം ഒന്ന് മയങ്ങി.ഒടുവിൽ കണ്ണു തുറന്നപ്പോൾ രാത്രി 8 കഴിഞ്ഞിരുന്നു. പെട്ടെന്നാണ് ജോമോന്റെ കാര്യം മനസിലേട്ട് വന്നത്.

ആള് ഇപ്പൊ എന്തെടുക്കുവായിരിക്കും... ഒന്ന് വിളിച്ചു നോക്കാം എന്ന് പറഞ്ഞു അനു വേഗം ജോമോന്റെ ഫോണിലേട്ട് വിളിച്ചു...

റിങ് ചെയ്തു പകുതി ആയപ്പോഴേക്കും ജോമോൻ ഫോൺ എടുത്തു.

ഹലോ... ആരാ?? 

ഓഹ്. മനസ്സിലാകാത്തത് പോലെ അഭിനയിക്കേണ്ട. ഇത് ഞാനാ.. അനു..

അനുവോ...... ഏത് അനു..

ചേട്ടന്റെ അമ്മായിടെ മോള് അനു ഇല്ലേ... അതാ...

അപ്പുറത്ത് നിന്ന് ജോമോൻ ചിരിക്കുന്ന ശബ്ദം അനു കേട്ടു...

തന്നോട് ഞാൻ പറഞ്ഞതല്ലേ എന്നെ വിളിക്കരുത് എന്ന്...

ഇഷ്ടമല്ലെങ്കിൽ ഫോൺ എടുക്കാതിരുന്നാൽ പോരെ...

പരിചയമില്ലാത്ത നമ്പർ കണ്ടപ്പോൾ ആരാണെന്നു അറിയാൻ വേണ്ടി എടുത്തതാ...

കൂടുതൽ അഭിനയം ഒന്നും വേണ്ടാ. ചേട്ടന് മനസ്സിലായി ഞാൻ ആ വിളിക്കുന്നതെന്ന്. ഇത്രയും നന്നായി അഭിനയിക്കാൻ അറിയുമെങ്കിൽ സിനിമയിൽ ചാൻസ് നോക്കാമായിരുന്നില്ലേ...

താൻ എന്തിനാ എന്നെ ഇപ്പൊ വിളിച്ചത്. അത് പറ...

എനിക്ക് നാളെ ചേട്ടനെ അത്യാവശ്യമായി നേരിട്ടൊന്നു കാണണം..

എന്നെ ഇന്ന് കണ്ടതല്ലേ... ഇനി എന്തിനാ കണ്ടിട്ട്...

ചേട്ടന്റെ സൗന്ദര്യം കൂടിയോ കുറഞ്ഞോ എന്ന് നോക്കാൻ വേണ്ടി. അനു കുറച്ചു ദേഷ്യത്തോടെ പറഞ്ഞു.

ഹ ഹ ഹ. എനിക്ക് നാളെ ജോലി ഉണ്ട് അനു..

ഏഹ്..??  എന്താ വിളിച്ചത്. അനു എന്നോ... അത്ഭുതത്തോടെ അനു ചോദിച്ചു...

അതെ... എന്താ തന്റെ പേര് അത് തന്നെയല്ലേ...

അതെ..പക്ഷെ ചേട്ടൻ എന്റെ പേര് ഓർത്തിരിക്കുന്നുണ്ടായിരുന്നോ??

ആകെ രണ്ടക്ഷരം ഉള്ള ഒരു പേര്. അല്ലാതെ വായിൽ കൊള്ളില്ലാത്ത പേരൊന്നും അല്ലല്ലോ തന്റെ. അതുകൊണ്ട് ഓർത്തിരിക്കാൻ പാടൊന്നും ഇല്ല.

അതവിടെ നിക്കട്ടെ. ഞാൻ ചോദിച്ചതിന്റെ മറുപടി പറഞ്ഞില്ലല്ലോ. നാളെ കാണാൻ പറ്റുമോ?

അത്യാവശ്യം ആണോ കണ്ടിട്ട്..

അതെ. അത്യാവശ്യമായി ഒരു കാര്യം പറയാൻ ഉണ്ട്.

എന്നാ അതങ്ങു ഇപ്പൊ പറഞ്ഞാൽ പോരെ.

അത് പറ്റില്ല. നേരിട്ട് പറയണ്ട കാര്യം നേരിട്ട് തന്നെ പറയണം.

എന്നാ ശരി. ഞാൻ നാളെ എവിടെ വരണം.

ഞാറാഴ്ച വരാറുള്ള പള്ളിയില്ലേ. അവിടെ വന്നാൽ മതി. ഞാൻ 10 മണി ആകുമ്പോൾ അവിടെ ഉണ്ടാകും. ചേട്ടൻ അങ്ങോട്ട്‌ വന്നാൽ മതി

മ്മ്. ശരി എന്നാ നാളെ കാണാം. ഗുഡ് നൈറ്റ്‌

തിരിച്ചൊരു ഗുഡ് നൈറ്റ്‌ പറഞ്ഞു അനു ഫോൺ കട്ട്‌ ചെയ്തു.

നാളെ... തന്റെ മനസ്സിൽ ഉള്ള ഇഷ്ടം തുറന്നു പറയാൻ അനു തീരുമാനിച്ചു. അല്ലെങ്കിൽ വൈകും തോറും ജോമോൻ തന്നെ വിട്ടു പോകുമോ എന്നുള്ള ഭയം അനുവിനെ അലട്ടി കൊണ്ടിരുന്നു. ഇഷ്ടം ആണെന്നുള്ള കാര്യം തുറന്നു പറഞ്ഞാൽ അത് കേട്ടിട്ട് ജോമോൻ എങ്ങനെ പ്രതികരിക്കും എന്നോലോചിച്ചു അനുവിന് ടെൻഷൻ ആയി. എന്തായാലും വരുന്നിടത്തു വെച്ചു കാണാം എന്നുള്ള പ്രതീക്ഷയിൽ എത്രയും വേഗം നാളെ ആകാൻ വേണ്ടി അനു കാത്തിരുന്നു.
                                               (തുടരും)

പിറ്റേ ദിവസം രാവിലെ തന്നെ അനു എഴുന്നേറ്റു... ഇന്നാണ് തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളിൽ ഒന്ന്. അതിനെ പറ്റി ആലോചിക്കും തോറും ടെൻഷൻ കൂടി വന്നു അനുവിന്.... പലരും ഇങ്ങോട്ട് പ്രൊപ്പോസ് ചെയ്തിട്ടുണ്ടെങ്കിലും ആദ്യമായാണ് ഒരാളെ അങ്ങോട്ട്‌ ചെയ്യുന്നത്....

അനുമോൾ എഴുന്നേറ്റില്ലെടി... പത്രം വായിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ജേക്കബ് ഇച്ചായൻ ചോദിച്ചു..

രാവിലെ കുളിയും കഴിഞ്ഞു റെഡി ആകുന്നുണ്ട്. ആരെയോ കാണാൻ ഉണ്ടെന്ന്..

ആരെയാണെന്നു നിന്നോട് പറഞ്ഞില്ലേ..

ഞാൻ കൂടുതൽ അതിനെ പറ്റി ചോദിക്കാൻ നിന്നില്ല. അവളുടെ എല്ലാ കാര്യവും പറയുന്നത് അച്ചായനോടാണല്ലോ. ഞാൻ അവൾക്കു പേരിനു മാത്രം ഒരു മമ്മി. അത്രേ ഉള്ളു..

ഹ ഹ ഹ... നിനക്കതിൽ കുറച്ചു അസൂയ ഉണ്ടെന്നു തോന്നുന്നല്ലോ ആനി ടീച്ചറേ..

എനിക്കൊരു അസൂയയും ഇല്ല. പപ്പയും മോളും കൂടി എന്താണെന്നു വെച്ചാൽ ആയിക്കോ...

നീ പോയി മോളെ കാപ്പി കുടിക്കാൻ വിളിച്ചിട്ട് വാ...

ആനി ടീച്ചർ അനുവിനെ വിളിക്കാൻ റൂമിലേട്ട് പോയി...

അനുവിന് ആണെങ്കിൽ അന്ന് എത്ര ഒരുങ്ങിയിട്ടും ഒരു തൃപ്തി വരുന്നുണ്ടായില്ല. കുറേ ഡ്രെസ്സുകൾ മാറി മാറി ഇട്ടു നോക്കി. പക്ഷെ ഇന്ന് മാത്രം ഒരു ഡ്രസ്സ്‌ ഇട്ടിട്ടും തനിക്കു സൗന്ദര്യം തോന്നിക്കാത്തത് പോലെ അനുവിന് തോന്നി...

നീ എന്താടി ഫാഷൻ ഷോയ്ക്ക് പോവാണോ... റൂമിൽ ഡ്രസ്സ്‌ കൂടി കിടക്കുന്നത് കണ്ടു ആനി ടീച്ചർ ചോദിച്ചു.

ഒറ്റ ഡ്രസ്സ്‌ പോലും എനിക്കിപ്പോ ചേരുന്നില്ല മമ്മി. ഇന്ന് തന്നെ പുതിയ കുറച്ചു ഡ്രസ്സ്‌ വാങ്ങണം..

ഇതൊക്കെ പുതിയ ഡ്രസ്സ്‌ ആണല്ലോ.. നിന്നെ ഇന്ന് എന്താ ആരെങ്കിലും പെണ്ണ് കാണാൻ വരുന്നുണ്ടോ..

ആ വരുന്നുണ്ട്. തമാശ കളഞ്ഞിട്ട് ഇതിൽ ഏത് ഡ്രസ്സ്‌ ആ എനിക്ക് ചേരുന്നതെന്നു പറ മമ്മി...

ദേ.... ആ റെഡ് ചുരിദാർ ഇട്ടാൽ മതി.അത് നിനക്ക് നന്നായി ചേരും..

അതെങ്കിൽ അത്.. മമ്മി എന്തിനാ ഇപ്പൊ ഇങ്ങോട്ട് വന്നത്...

പപ്പാ കാപ്പി കുടിക്കാൻ വിളിക്കുന്നത് പറയാൻ വന്നതാ...

മമ്മി പൊയ്ക്കോ. ഞാൻ ഈ ഡ്രസ്സ്‌ ഇട്ടിട്ടു അങ്ങോട്ട്‌ വന്നേക്കാം..

പത്തു മിനിറ്റിനുള്ളിൽ അനു റെഡി ആയി താഴേക്കു വന്നപ്പോഴേക്കും ജേക്കബ് ഇച്ചായൻ കാപ്പി കുടിച്ചു തുടങ്ങിയിരുന്നു..

മോളിന്നു ആരെ കാണാനാ പോകുന്നത്..

അത് പപ്പാ...എന്റെ കൂടെ കോളേജിൽ പഠിച്ച ഒരു ഫ്രണ്ടിനെ കാണാൻ..

എന്നാ ആ കുട്ടിയോട് ഇങ്ങോട്ട് വരാൻ പറഞ്ഞാൽ പോരായിരുന്നോ...

അതല്ല പപ്പാ. ഞങ്ങൾക്ക് കുറച്ചു ഷോപ്പിംഗ് ഒക്കെ ഉണ്ട്. അത് കൊണ്ടാണ് പുറത്തു വെച്ചു കാണാമെന്നു പറഞ്ഞത്..

ആണോ... എന്നാൽ എന്തെങ്കിലും കഴിച്ചിട്ട് പോയാൽ മതി..... ആനി... മോൾക്ക്‌ കഴിക്കാൻ എന്തെങ്കിലും കൊടുക്ക്‌....

ഭക്ഷണം കഴിക്കുന്നതിനിടയിൽ അനു ആകെ അസ്വസ്ഥ ആയിരുന്നു. ആദ്യമായി താൻ പപ്പയോടു നുണ പറഞ്ഞതിന്റെ കുറ്റ ബോധം അനുവിന്റെ മനസ്സിൽ ഉണ്ടായിരുന്നു.. ഭക്ഷണം പകുതി കഴിച്ചു അനു എഴുന്നേറ്റു പോയി..

പപ്പാ കൊണ്ടു വിടണോ മോളെ...

വേണ്ടാ പപ്പാ.. ഞാൻ ഒരു ഓട്ടോ പിടിച്ചു പൊയ്ക്കോളാം..

പോകുന്നതൊക്കെ കൊള്ളാം. നേരത്തെ തന്നെ ഇങ്ങോട്ട് വന്നേക്കണം. ആനി ടീച്ചർ പറഞ്ഞു..

ഞാൻ പെട്ടെന്ന് തന്നെ വരാമെന്നു പറഞ്ഞു യാത്ര പറഞ്ഞിട്ട് അനു ഇറങ്ങി. ഓട്ടോ പിടിച്ചു പള്ളിയിൽ എത്തുമ്പോഴേക്കും 10 ആകാറായിരുന്നു..

ഏതു നിമിഷവും ഇനി ജോമോൻ വരാം.സമയം പോകുന്തോറും അനുവിന്റെ കൈയ്യും കാലും വിറച്ചു തുടങ്ങിയിരുന്നു... കർത്താവെ.. കാത്തോളണേ എന്ന് മനസ്സിൽ പ്രാർത്ഥിച്ചപ്പോഴേക്കും ജോമോൻ ബൈക്കിനു വരുന്നത് കണ്ടു..

ബൈക്ക് നിർത്തി ജോമോൻ പള്ളിയുടെ പുറത്തു തന്നെ നിക്കുന്നത് കണ്ടിട്ട് അനു ചോദിച്ചു...

എന്താ പള്ളിയിലേട്ട് കയറി വരുന്നില്ലേ..

ഇല്ല.. ഞാൻ ഇപ്പൊ കുറച്ചു വർഷമായി പള്ളിയിൽ ഒന്നും കയറാറില്ല...

ആ ശീലം ഇനി ഒന്ന് മാറ്റി ഇങ്ങോട്ടൊന്നു കയറി വാ..

പറയാനുള്ളത് എന്താണെന്നു വെച്ചാൽ ഈ പുറത്തു വെച്ചു പറഞ്ഞാൽ പോരെ...

പറ്റില്ല..മര്യധയ്ക്ക്‌ ഇങ്ങോട്ട് കയറി വന്നോ. എന്നെ ഇനി ചുമ്മാ ദേഷ്യം പിടിപ്പിക്കരുത്.ദേഷ്യം അഭിനയിച്ചു അനു പറഞ്ഞു...

ഒടുവിൽ മനസ്സില്ലാ മനസ്സോടെ ജോമോൻ പള്ളിയിലേട്ട് കയറി..

ഇന്ന് കാണാൻ നല്ല സുന്ദരൻ ആയിട്ടുണ്ടല്ലോ. ചിരിച്ചു കൊണ്ട് അനു പറഞ്ഞു...

അതേയ്... ഞാൻ സോപ്പ് കുളിക്കുമ്പോൾ മാത്രമേ ഉപയോഗിക്കാറുള്ളൂ കൊച്ചേ..

ഹ ഹ.... ചേട്ടൻ തമാശ ഒക്കെ പറയുമോ...

എന്താ എനിക്ക് തമാശ പറയാൻ പാടില്ല എന്നുണ്ടോ...

അതൊക്കെ പറഞ്ഞോ.. പക്ഷെ അത്യാവശ്യം ചിരി വരുന്ന നല്ല സ്റ്റാൻഡേർഡ് തമാശ ഒക്കെ പറ..അല്ലാതെ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് മുൻപുള്ള ഇജ്ജാതി തമാശ ഒക്കെ പറയാതിരിക്കു..

ഓഹോ. ഇയാൾ എന്നെ കളിയാക്കാൻ വേണ്ടി ആണോ ഇങ്ങോട്ട് വിളിച്ചു വരുത്തിയത്..

അല്ല.എനിക്ക് ചേട്ടനോട് ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു..

ദേ കൊച്ചേ.... വല്ല പൈസയും കടം ചോദിക്കാൻ ആണെങ്കിൽ അഞ്ചിന്റെ പൈസ എന്റെൽ ഇല്ലാട്ടോ.. ചിരിയോടെ ജോമോൻ പറഞ്ഞു..

കുന്തം. ഞാൻ ഒരു സീരിയസ് കാര്യം പറയാൻ വരുമ്പോൾ ആണോ ഇമ്മാതിരി ടിന്റുമോൻ കോമഡി പറയുന്നത്..

തന്റെ നിലവാരത്തിന് ഈ കോമഡി ഒക്കെ ധാരാളം എന്ന് പറഞ്ഞു ജോമോൻ പൊട്ടി ചിരിച്ചു..

ഇളിച്ചു കഴിഞ്ഞോ ആവോ....

അഹ്... കഴിഞ്ഞു. ഇനി പറയാൻ ഉള്ളത് പറഞ്ഞോ...

ഞാൻ അത് പറഞ്ഞാൽ ചേട്ടൻ എങ്ങനെ പ്രതികരിക്കും എന്ന് അറിയില്ല...

താൻ എന്തായാലും പറ..ഞാൻ കേട്ടിട്ട് പറയാം...

അത്....

ആ പറയടോ....

അത് പിന്നെ..എനിക്ക് ചേട്ടനെ...

എനിക്ക് ചേട്ടനെ ഇഷ്ടമാണെന്നു അല്ലേ താൻ പറയാൻ വരുന്നതെന്നു ജോമോൻ അങ്ങോട്ട്‌ ചോദിച്ചു..

അമ്പരപ്പോടെ അനു ജോമോന്റെ മുഖത്തെട്ടു നോക്കി...

ചേട്ടനിക്കാര്യം എങ്ങനെ മനസ്സിലായി..

ഹ ഹ ഹ.. ഇത്രയും നേരം എന്നെ കളിയാക്കുകയും കട്ടയ്ക്ക് മറുപടി തന്നു കൊണ്ടിരുന്ന താൻ ഇപ്പൊ വാക്കുകൾ കിട്ടാതെ പരുങ്ങണമെങ്കിൽ പറയാൻ വരുന്നത് പ്രണയമാണെന്ന് ഊഹിക്കാൻ വെറും അഞ്ചാം ക്ലാസുകാരന്റെ ബുദ്ധി മതി കൊച്ചേ...

മറുപടി പറയാനാവാതെ അനു തല താഴ്ത്തി നിന്നു. കുറച്ചു കഴിഞ്ഞു മുഖം ഉയർത്തി ജോമോനോട് ചോദിച്ചു..

ചേട്ടന് എന്നെ കല്യാണം കഴിച്ചൂടെ..

അതിനുള്ള മറുപടി ചിരി ആയിരുന്നു ജോമോന്..

ഇപ്പൊ നിനക്ക് ഏകദേശം 22,23 വയസ്സ് ആയിട്ടുണ്ടാകും. ഈ പ്രായത്തിൽ ഒരാളോട് പ്രേമം തോന്നുന്നത് സർവ സാധാരണയാ.. തോന്നിയ ഇഷ്ടം തെറ്റായിരുന്നെന്നു കുറച്ചു കഴിയുമ്പോൾ ആയിരിക്കും തനിക്കു മനസ്സിലാകുന്നത്...

ഇത് വെറും ടൈം പാസ്സിനുള്ള ഇഷ്ടം അല്ല ചേട്ടാ.. ഞാൻ സീരിയസ് ആയിട്ടാണ് പ്രേമിക്കുന്നത്..

താൻ ഒരു വലിയ വീട്ടിലെ പെണ്ണാണ്. ഞാൻ ആണെങ്കിൽ ഒരു സാധാരണക്കാരനും. നമ്മൾ തമ്മിൽ എല്ലാ കാര്യത്തിനും ഒരുപാട് വ്യത്യാസം ഉണ്ട്.

ചേട്ടൻ എന്താ പറഞ്ഞു വരുന്നത്...

തനിയ്ക്ക് നല്ല ചുള്ളൻ പയ്യന്മാരെ അച്ഛനും അമ്മയും കണ്ടു പിടിച്ചു തരും.. അത് കൊണ്ട്..

അത് കൊണ്ട് ബാക്കി കൂടി പറ..

വേറൊന്നും അല്ല. നമ്മുടെ ഈ റിലേഷൻ ശരി ആകില്ല. അത് കൊണ്ട് മനസ്സിൽ തോന്നിയ ഇഷ്ടം കളയുന്നതാണ് തനിക്കു നല്ലത്.

അപ്പോഴേക്കും അനുവിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു..

ഇപ്പൊ പ്രണയം തോന്നി തുടങ്ങിയട്ടല്ലേ ഉള്ളു. അത് കൊണ്ട് പെട്ടെന്ന് മറക്കാനും തനിക്കു എളുപ്പമായിരിക്കും...

അനു മറുപടി ഒന്നും പറയാതെ തല താഴ്ത്തി നിന്നു..

അനുവിന് ഇനി എന്തെങ്കിലും പറയാനുണ്ടോ... ഇനി ഒന്നും ഇല്ലെങ്കിൽ എനിക്ക് ജോലിക്ക് പോവാമായിരുന്നു...

ഇനി ഒന്നും ഇല്ല.. ചേട്ടൻ പൊയ്ക്കോളൂ.. അനുവിന്റെ ശബ്ദം ഇടറിയിരുന്നു..

എന്നാ താൻ വാ... ഞാൻ ജംഗ്ഷൻ വരെ കൊണ്ടാക്കി തരാം..

ഓഹ് വേണ്ടാ.... ഞാൻ ഇവിടുന്നു ഒരു ഓട്ടോ പിടിച്ചു പോയ്കോളാം....

എന്നാ ശരി.... ഇനി എപ്പോഴെങ്കിലും കാണാമെന്നു പറഞ്ഞു ജോമോൻ ബൈക്ക് ഓടിച്ചു പോകുമ്പോഴേക്കും കണ്ണു നീർ തുള്ളികൾ അനുവിന്റെ കവിളിനെ സ്പർശിച്ചിരുന്നു..

ഓട്ടോ പിടിച്ചു വീട്ടിൽ എത്തുമ്പോഴേക്കും അനു ആകെ തളർന്നിരുന്നു. മമ്മിയുടെ ചോദ്യങ്ങൾക്കൊന്നും മറുപടി കൊടുക്കാൻ നിക്കാതെ റൂമിൽ കയറി മനസ്സിലുള്ള വിഷമം അനു കരഞ്ഞു തീർത്തു..

ആദ്യ പ്രണയം തന്നെ പരാജയപ്പെട്ടതിന്റെ വിഷമത്തിൽ ഊണും ഉറക്കവും അനുവിന് നഷ്ടമായിരുന്നു.. തന്റെ മാറ്റം വീട്ടുകാർ അറിയാതിരിക്കാൻ വേണ്ടി അവർക്ക് മുൻപിൽ സന്തോഷം അഭിനയിച്ചു അനു....

മാസങ്ങൾ കടന്നു പോയി.. ജോമോനെ ഇപ്പൊ കാണാറുമില്ലെങ്കിലും വിളിക്കാറുമില്ലെങ്കിലും ജോമോനോടുള്ള ഇഷ്ടം അത് പോലെ തന്നെ അനുവിന്റെ മനസ്സിൽ ഉണ്ടായിരുന്നു. ആ ഇടയ്ക്കാണ് ശരണ്യ 2 ദിവസം വീട്ടിൽ നിക്കാൻ വന്നിട്ടുണ്ട്..അനുവിനെ കാണണം എന്ന് പറഞ്ഞു ഫോൺ വിളിക്കുന്നത്.

മനസ്സിൽ ഉള്ള വിഷമം ശരണ്യയോട് പറഞ്ഞാൽ തനിക്കു അതൊരു ആശ്വാസമായിരിക്കും എന്ന് അനുവിന് അറിയാമായിരുന്നു. പിറ്റേന്ന് രാവിലെ തന്നെ ശരണ്യയെ കാണാൻ അനു പുറപ്പെട്ടു..

ശരണ്യയുടെ വീട്ടിൽ ചെന്നപ്പോഴേക്കും ശരണ്യയും ഭർത്താവും കൂടി ജോമോന്റെ വീട്ടിലേട്ട് പോകാൻ ഇറങ്ങുവായിരുന്നു..

ആഹാ.. നീ വന്നോ... നമുക്ക് ജോമോന്റെ വീട് വരെ പോയിട്ട് വരാടി... അനുവിനെ കണ്ടപ്പോൾ ശരണ്യ പറഞ്ഞു.

ഞാൻ ഇല്ല നിങ്ങൾ പോയിട്ട് വാ..

ദേ പെണ്ണേ... ജാഡ കളഞ്ഞിട്ട് മര്യാദക്ക് വാ..

ഒടുക്കം ശരണ്യ നിർബന്ധിപ്പിച്ചു അനുവിനെ വിളിച്ചു കൊണ്ട് പോയി..

ജോമോന്റെ വീട്ടിൽ ചെന്നപ്പോൾ ജോമോൻ ജോലിക്ക് പോയിരുന്നു. അമ്മ ശരണ്യയും ഭർത്താവും ആയിട്ട് വർത്തമാനം പറയുന്നതിനിടയിൽ അനു വെറുതെ ജോമോന്റെ റൂമിലേട്ട് കയറി..

ഒരുപാട് പുസ്തകങ്ങൾ മേശപ്പുറത്തു ഇരിക്കുന്നുണ്ടായിരുന്നു. ആള് നന്നായി വായനാ ശീലം ഉള്ള കൂട്ടത്തിൽ ആണെന്ന് അനുവിന് മനസ്സിലായി..

അപ്പോഴാണ് മോളെ ചായ കുടിക്കാൻ വാ എന്ന് പറഞ്ഞു അമ്മ വിളിക്കുന്നത്...

ധൃതിയിൽ തിരിഞ്ഞപ്പോഴേക്കും അനുവിന്റെ കൈ തട്ടി മേശപ്പുറത്തുള്ള പുസ്തകങ്ങൾ താഴെ വീണു. കൂടെ പുസ്തകത്തിന്റെ ഉള്ളിൽ ഇരുന്ന കുറച്ചു ഫോട്ടോസും...

അത് ആരുടെ ആണെന്ന് അറിയാൻ വേണ്ടി ഫോട്ടോ എടുത്തു നോക്കിയ അനു ഞെട്ടിപ്പോയി... കണ്ണിൽ മൊത്തം ഇരുട്ട് കയറുന്നത് പോലെ തോന്നി അനുവിന്...

                                                      (തുടരും )

ഫോട്ടോ പഴയത് പോലെ ബുക്കിന്റെ ഇടയിലേട്ട് കയറ്റി വെച്ചിട്ട്.....ബുക്കെല്ലാം പഴയത് പോലെ തന്നെ മേശപ്പുറത്തു കയറ്റി വെച്ചു അനു.....

ഇന്നെന്താ മോളുടെ മുഖത്തു ഒരു തെളിച്ചക്കുറവ് പോലെ. ചായ കുടിക്കുന്നതിനിടയിൽ ജോമോന്റെ അമ്മ അനുവിനോട് ചോദിച്ചു.

ഏയ്.ഒന്നും ഇല്ല അമ്മേ... അമ്മയ്ക്ക് വെറുതെ തോന്നുന്നതാ..

തോന്നുന്നതൊന്നും അല്ല. മോൾക്ക്‌ എന്തോ വിഷമം ഉണ്ട്..

ഇവൾക്ക് എന്തെങ്കിലും നിസ്സാര കാര്യം മതി ആന്റി മുഖം വീർപ്പിച്ചിരിക്കാൻ. ശരണ്യയുടെ വക ആയിരുന്നു മറുപടി..

ശരണ്യ മോൾ ഇനി എന്നാ തിരിച്ചു പോകുന്നത്..

ഞാൻ 4 ദിവസം ഇവിടെ ഉണ്ടാകും ആന്റി.

എന്നാ ഇടയ്ക്ക് ഇങ്ങോട്ട് ഇറങ്ങണം.ആന്റി ഇവിടെ ഒറ്റയ്ക്കല്ലേ ഉള്ളു. മിണ്ടാനും പറയാനും ആരും ഇല്ല...

അതിനെന്താ ആന്റി.ഞാൻ വരാം..

അനുമോളും പറ്റുമെങ്കിൽ വരണം കെട്ടോ. നിങ്ങൾ ഇങ്ങനെ ഇടയ്ക്ക് വരുന്നതാ അമ്മയ്ക്ക് ഒരു ആശ്വാസം..

സമയം ഉള്ളത് പോലെ ഞാനും വരാം അമ്മേ. ക്ലാസ്സ്‌ ഒക്കെ കഴിഞ്ഞല്ലോ....

ചായ കുടി കഴിഞ്ഞു അവർ ജോമോന്റെ അമ്മയോട് യാത്ര പറഞ്ഞു ഇറങ്ങി..അതിനു മുൻപ് 2 ഫോട്ടോയും ബുക്കിൽ നിന്ന് എടുക്കാനും അനു മറന്നില്ല..

നിനക്കിതു എന്ത് പറ്റിയെടി.. ചെറിയൊരു സംശയത്തോടെ ശരണ്യ ചോദിച്ചു.

ഒന്നുമില്ലെടി....

ദേ പെണ്ണേ... നുണ എന്നോട് പറയണ്ട. നിന്നെ ഇന്നും ഇന്നലെയും കാണാൻ തുടങ്ങിയതല്ലല്ലോ ഞാൻ.

മറുപടി പറയാതെ അനു തല താഴ്ത്തി. ശരണ്യ വേഗം അവളുടെ അടുത്ത് പോയി ഇരുന്നു കൊണ്ട് ചോദിച്ചു....

എന്താടി പ്രശ്നം... എന്താ ഉണ്ടായത്..

എടി.... അത്.... പ്രേമം നൈസ് ആയി ചീറ്റി പോയി...

അത് കേട്ടതും ഒറ്റ ചിരി ആയിരുന്നു ശരണ്യ..

എന്താടി ഇത്ര മാത്രം ഇതിൽ ഇളിക്കാൻ..

നിന്റെ മുഖം കണ്ടപ്പോൾ ഞാൻ കരുതി എന്തോ ഗുരുതര പ്രശ്നം ആണെന്നാ. ഈ പെണ്ണ് ചിരിപ്പിച്ചു കൊല്ലും..

നിനക്ക് തമാശ.ആദ്യമായി ഒരാളോട് ഇഷ്ടം തോന്നിയതാ.അതിപ്പോ ഇങ്ങനെയും ആയി.

എടി മണ്ടി.. ഒരു സുപ്രഭാതത്തിൽ ചെന്നു ഇഷ്ടമാണെന്നു പറഞ്ഞാൽ ഒരു ആണും അത് സ്വീകരിക്കില്ല... നോ എന്നെ മറുപടി പറയു..

നീ പറയുന്നതും ശരി ആ. എന്നാലും ജോമോൻ അങ്ങനെ പറയുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല. ഒരാളോട് ആദ്യമായി ഇഷ്ടം തോന്നിയതാ. അത് ഇങ്ങനെയും ആയി..

കുറച്ചു നാൾ നീ ജോമോന്റെ പുറകെ നടന്നാൽ മനസ്സ് മാറും ജോമോന്റെ. ഭൂരിഭാഗം ആണുങ്ങളുടെയും മനസ്സ് അങ്ങനെ ആ. ജോമോൻ നിന്നോട് ഇഷ്ടമാണെന്നു പറയും. എനിക്ക് നല്ല പ്രതീക്ഷ ഉണ്ട്.

ഇപ്പൊ പ്രതീക്ഷയുടെ ചെറിയൊരു കച്ചി തുരുമ്പ് വീണ് കിട്ടിയിട്ടുണ്ട്.. അതാ എന്റെ അവസാനത്തെ പിടി വള്ളി..

അതെന്താടി.. എന്നോട് പറ. ആകാംഷയോടെ ശരണ്യ ചോദിച്ചു...

അത് എന്താണെന്നു നിന്നോട് ഞാൻ നാളെ പറയാം. അതിനു മുൻപ് എനിക്ക് ജോമോനെ കാണണം. ഇതിനെ പറ്റി ആദ്യം ജോമോനോട് സംസാരിക്കണം. എന്നിട്ട് നിന്നോട് പറയാം.

ഈ പെണ്ണ് എന്നെ ടെൻഷൻ അടിപ്പിച്ചു കൊല്ലുമല്ലോ....

നാളെ ഒരു ദിവസം കൂടി വെയിറ്റ് ചെയ്യടി...

ആഹ്.. ശരി.. നീ നാളെ അപ്പൊ ജോമോനെ കാണുന്നുണ്ടോ...

മ്മ്. കാണണം. ഇപ്പൊ കുറച്ചു മാസങ്ങൾ ആയി കണ്ടിട്ട്. ഇന്നൊന്നു വിളിച്ചു നോക്കണം..

ആഹാ.. നിങ്ങൾ തമ്മിൽ അപ്പൊ ഫോൺ വിളി ഒക്കെ ഉണ്ടല്ലേ...

ദേ.... മിണ്ടാണ്ട് പൊയ്ക്കോണം. ആകെ ഒരു തവണ ഒന്നു വിളിച്ചു. അതേ ഉള്ളു. പിന്നെ ഇത് വരെ ഞാൻ അങ്ങോട്ടും ജോമോൻ ഇങ്ങോട്ടും വിളിച്ചിട്ടില്ല.

നീ വിഷമിക്കാതെടി.... നീ നോക്കിക്കോ... ജോമോൻ തന്നെ നിന്നെ കെട്ടും. ഇത് എന്റെ വാക്കാ..എന്റെ വാക്ക് ഇത് വരെ തെറ്റിയ ചരിത്രം ഇല്ലെന്നു നിനക്ക് അറിയാമല്ലോ..

നിന്റെ നാവ് പൊന്നാകട്ടെ... ചിരിച്ചു കൊണ്ടു അനു പറഞ്ഞു..

അത് മോള് കൈയിൽ വെച്ചാൽ മതി. പ്രേമം സക്സസ് ആയാൽ ഒരു അടിപൊളി ചെലവ് ചെയ്യണം.

എന്ത് വേണേലും ചെയ്യാം. എടി ഞാൻ ഇറങ്ങുവാ. നേരത്തെ അങ്ങോട്ട്‌ ചെല്ലണം എന്നാ മമ്മിയുടെ ഓർഡർ..

നീ നാളെ ജോമോനെ കണ്ടിട്ട് ഇങ്ങോട്ട് വരണം. പറ്റിക്കരുത്..

അഹ് വരാമെടി.... എനിക്ക് എല്ലാ കാര്യവും തുറന്നു പറയാൻ എന്റെ ശരണ്യ കൊച്ചു മാത്രല്ലേ ഉള്ളു...

മതി സോപ്പ് പതപ്പിച്ചത്...മോള് ചെല്ലാൻ നോക്ക്...

എന്നാ ശരി നാളെ കാണാം എന്ന് പറഞ്ഞു അനു ഇറങ്ങി. വീട്ടിൽ ചെല്ലുമ്പോഴേക്കും പപ്പയുടെ കാർ പുറത്തുണ്ടായിരുന്നു.

പപ്പാ ഇന്ന് നേരത്തെ വന്നോ...അനു സ്വയം ചോദിച്ചു..

ആഹാ ഇന്ന് നേരത്തെ എഴുന്നള്ളിയോ... അനുവിന്റെ വരവ് കണ്ടു ആനി ടീച്ചർ ചോദിച്ചു.
.
പപ്പാ ഇന്ന് നേരത്തെ വന്നോ. ഹാളിൽ T.V കണ്ടുകൊണ്ടിരുന്ന ജേക്കബ് ഇച്ചായനോട് അനു ചോദിച്ചു.

പപ്പാ ഇന്ന് നേരത്തെ വന്നു മോളെ.ഒരു ഹാപ്പി ന്യൂസ്‌ ഉണ്ട്.

അതെന്താ പപ്പാ..

അതൊക്കെ പറയാം... ആദ്യം മോള് ഇവിടെ വന്നു ഇരിക്ക്.

അനു പപ്പയുടെ അടുത്തായി ചെന്നിരുന്നു.

ഇനി എന്താ കാര്യം എന്ന് പറ പപ്പാ...

വേറൊന്നും അല്ല മോളെ.. മോൾക്ക്‌ നല്ലൊരു കല്യാണാലോചന വന്നിട്ടുണ്ട്.

എനിക്കോ.... കല്യാണാലോചനയോ.... അത്ഭുതത്തോടെ അനു ചോദിച്ചു.

മോളും മമ്മിയും സമ്മതിക്കുവാണെങ്കിൽ പപ്പാ വേണമെങ്കിൽ ഒന്നുടെ കെട്ടാം. ചിരിച്ചു കൊണ്ടു ജേക്കബ് ഇച്ചായൻ പറഞ്ഞു.

ദേ മനുഷ്യ.... മോള് ഇരിക്കുവാണെന്നൊന്നും ഞാൻ നോക്കില്ല. എന്റെ വായിൽ ഇരിക്കുന്നത് കേൾക്കും.

എനിക്കിപ്പോ കല്യാണം ഒന്നും വേണ്ടാ പപ്പാ..

എടി പെണ്ണേ... അടുത്ത മാസം നിനക്ക് വയസ്സ് 23 ആകും. ഞങ്ങൾക്ക് എന്തെങ്കിലും പറ്റുന്നതിനു മുൻപ് നിന്നെ ആരുടെയെങ്കിലും കൈയ്യിൽ പിടിച്ചു ഏൽപ്പിക്കണം.

എനിക്ക് ഇനിയും പഠിക്കണം. അതൊക്കെ കഴിഞ്ഞിട്ട് മതി കല്യാണം ഒക്കെ..

മോളെ അതിനു നമ്മൾ ഇതൊന്നു വാക്കാൽ ഉറപ്പിച്ചു വെക്കുന്നതെ ഉള്ളു. പപ്പയുടെ കൂട്ടുകാരന്റെ മകൻ ആ ചെറുക്കൻ. പേര് ജീവൻ. വിദേശത്ത് ആ ജോലി. അവൻ ഇങ്ങനെ ഒരു കാര്യം പറഞ്ഞപ്പോൾ കൊള്ളാമെന്നു എനിക്കും തോന്നി.

എന്നിട്ട് പപ്പാ എന്ത് പറഞ്ഞു.

എനിക്ക് നൂറു വട്ടം സമ്മതം ആണെന്ന്..മോൾക്കും അങ്ങനെ തന്നെ ആയിരിക്കുമെന്നും..

മ്മ്. ഞാൻ ഒന്ന് ആലോചിച്ചിട്ട് പറയാം പപ്പാ. ഞാൻ കുറച്ചു നേരം കിടക്കട്ടെ എന്ന് പറഞ്ഞു അനു വേഗം റൂമിലേട്ട് കയറി. റൂമിൽ ചെന്നതും ഉടൻ തന്നെ ജോമോന്റെ നമ്പർ ഡയൽ ചെയ്തു അനു.

ബെല്ലടിച്ചു തീരാറായപ്പോഴേക്കും ജോമോൻ ഫോൺ എടുത്തു..

താൻ ജീവനോടെ തന്നെ ഉണ്ടല്ലേ.... ഫോൺ എടുത്ത വഴി തന്നെ ജോമോൻ അനുവിനോട് ചോദിച്ചു.

അഹ്.. ജീവനോടെ തന്നെ ഉണ്ട്. ചേട്ടന് ഇടയ്ക്കൊക്കെ ഇങ്ങോട്ട് ഫോൺ വിളിച്ചൂടെ.

ഓഹ് പിന്നെ.. നിന്നെ ഇടയ്ക്കിടയ്ക്ക് വിളിക്കാൻ നീ ആര് എന്റെ കാമുകിയോ..

വേണമെങ്കിൽ കാമുകി ആകാനും ഞാൻ റെഡി ആ.

ദേ കൊച്ചേ... എനിക്കിവിടെ നൂറു കൂട്ടം പണി ഉണ്ട്. കിന്നരിച്ചു നിക്കാതെ വിളിച്ച കാര്യം പറ......

എനിക്ക് അത്യാവശ്യമായി ചേട്ടനെ ഒന്നുടെ കാണണം.

പിന്നെയും പ്രേമം പറയാൻ ആണോ..

അതൊന്നുമല്ല... ചേട്ടൻ നാളെ ഒന്ന് വാ. നേരിൽ കാണുമ്പോൾ പറയാം.

ഓഹ്.. നാളെ എവിടെ വരണം.

ജംഗ്ഷന്റെ അവിടെ ഉള്ള ത്രീ കിങ്‌സ് റെസ്റ്റോറന്റ് വന്നാൽ മതി.

സമ്മതിച്ചു. പക്ഷെ രാവിലെ ഒരു 8 മണിക്ക് വരണം. തന്നെ കണ്ടു കഴിഞ്ഞു എനിക്ക് പിന്നെ അവിടെന്നു നേരെ ജോലിക്ക് പോവാനാ..

മ്മ്.. ഓക്കേ.. ഞാനും ആ സമയത്തു തന്നെ വരാം..

എന്നാ ബാക്കി ഒക്കെ നാളെ നേരിട്ട് കാണുമ്പോൾ പറയാമെന്നു പറഞ്ഞു ജോമോൻ ഫോൺ കട്ട്‌ ചെയ്തു.

പിറ്റേന്ന് അനു അവിടെ ചെല്ലുമ്പോൾ ജോമോൻ അവിടെ ഇരിപ്പുണ്ടായിരുന്നു....

തമ്പുരാട്ടി എഴുന്നള്ളിയോ... കറക്റ്റ് ടൈമിനു തന്നെ വന്നല്ലോ..

ഞാൻ അല്ലെങ്കിലും അങ്ങനെ ആ. പറഞ്ഞ വാക്ക് പാലിക്കും.

പിന്നെ എന്തൊക്കെ ഉണ്ട് വിശേഷം.വീട്ടിൽ എല്ലാവർക്കും സുഖം തന്നെ അല്ലേ..

ദൈവം സഹായിച്ചു സുഖം തന്നെ. ഇനി ചേട്ടൻ  ഓരോന്ന് ചോദിച്ചു അവർക്ക് എന്തെങ്കിലും വരുത്തി വെയ്ക്കാതിരുന്നാൽ മതി..

ഹ ഹ ഹ. തന്റെ തൊലിക്കട്ടി അപാരം തന്നെ. എത്ര വിഷമം മനസ്സിൽ ഉണ്ടായാലും ഈ വളിച്ച കോമഡി പറയുന്നത് നിർത്തില്ലല്ലേ നീ.

ചേട്ടന് ഇജ്ജാതി കോമഡി ഒക്കെ അല്ലേ ഇഷ്ടം..ചേട്ടൻ ഹാപ്പി ആയിക്കോട്ടെ എന്ന് കരുതിയാ ഇടയ്ക്ക് ഇങ്ങനെ ഓരോന്ന് വെച്ചു കാച്ചുന്നത്.

ഞാൻ കരുതിയത് താൻ പ്രേമം പൊട്ടിയതിന്റെ വിഷമത്തിൽ ഇത് വഴി ഒക്കെ മാനസ മൈനേ പാട്ടും പാടി നടക്കുവാണെന്നാ.

അത് ഉടനെ തന്നെ ചേട്ടൻ മിക്കവാറും ഇനി പാടി നടക്കേണ്ടി വരും..

ങ്ങേ.. ഞാനോ??..... അത് അവിടെ നിക്കട്ടെ. ആദ്യം കാണണം എന്ന് പറഞ്ഞത് എന്തിനാണെന്ന് പറ.

പറയാൻ ഒന്നും ഇല്ല. ഒരു കാര്യം കാണിക്കാൻ ആ ഉള്ളത്.

ഹ ഹ ഹ. അത് കൊള്ളാല്ലോ. എന്നാ വേഗം കാണിക്കു. എനിക്കത് കാണാൻ ആകാംഷ ആയി.

അതിനുള്ള മറുപടി കൊടുക്കാൻ നിക്കാതെ അനു വേഗം പേഴ്സ് തുറന്നു.

ഇതാരാണെന്നു മാത്രം ചേട്ടൻ എന്നോട് പറഞ്ഞാൽ മതി എന്ന് പറഞ്ഞു അനു ആ ഫോട്ടോ ജോമോന്റെ നേരെ കാണിച്ചു.

പെട്ടെന്ന് അത് കണ്ടതിന്റെ ഷോക്കിൽ ജോമോന് തല ചുറ്റുന്നത് പോലെ തോന്നി. റെസ്റ്റോറന്റിലെ ac യുടെ തണുപ്പിലും ജോമോൻ ഒരു നിമിഷം കൊണ്ടു വിയർത്തു കുളിച്ചു.............
                              (തുടരും)

എന്താ ചേട്ടൻ മിണ്ടാത്തെ..

എന്ത് പറയണം എന്നറിയാതെ വാക്കുകൾക്ക് വേണ്ടി ജോമോൻ വിഷമിച്ചു.

എന്നോട് പ്രേമവും ഇല്ല ഒരു മണ്ണാങ്കട്ടയും ഇല്ല എന്ന് പറഞ്ഞിട്ട് എന്റെ ഫോട്ടോ എന്തിനാ ചേട്ടൻ സൂക്ഷിച്ചു വെച്ചത്..

നിനക്കിതു എങ്ങനെ കിട്ടി.

എങ്ങനെ കിട്ടി എന്നല്ലല്ലോ ഇപ്പോഴത്തെ വിഷയം.

നിനക്കിതു എങ്ങനെ കിട്ടി എന്ന് പറ ആദ്യം.

കഴിഞ്ഞ ദിവസം വീട്ടിൽ വന്നപ്പോ അവിചാരിതമായി ചേട്ടന്റെ റൂമിൽ ഒന്നു കയറി. കൈ തട്ടി ബുക്സ് ഒക്കെ മറിഞ്ഞു വീണപ്പോൾ അതിന്റെ ഇടയിൽ നിന്നും കിട്ടിയതാ.

മ്മ്. ഞാൻ പോകുന്നു.. നമുക്ക് പിന്നെ കാണാമെന്നു പറഞ്ഞു ജോമോൻ ഇരുന്നിടത്തു നിന്ന് എഴുന്നേറ്റു.

ഉടൻ തന്നെ അനു ജോമോന്റെ കൈയിൽ കയറി പിടിച്ചു..

അങ്ങനെ എന്റെ ചോദ്യങ്ങൾക്ക് മറുപടി തരാതെ ഇവിടുന്നു പോകാൻ നോക്കണ്ട. ഞാൻ സമ്മതിക്കില്ല.

കൈ വിട് കൊച്ചേ.... ആൾക്കാർ ശ്രദ്ധിക്കുന്നു.

എന്നാ മര്യധയ്ക്ക്‌ അവിടെ ഇരിക്ക്.. എന്നിട്ട് എന്റെ ചോദ്യത്തിന് ഉത്തരം താ.

ഞാൻ വെറുതെ തമാശയ്ക്ക് ഫോട്ടോ സൂക്ഷിച്ചെന്നെ ഉള്ളു...... ഒരു വിധത്തിൽ ജോമോൻ പറഞ്ഞൊപ്പിച്ചു.

ഓഹോ അത് ഭയങ്കര തമാശ ആയി പോയല്ലോ.. ഇതൊക്കെ ഞാൻ ശരണ്യയുടെ കല്യാണത്തിന്റെ അന്ന് എടുത്ത ഫോട്ടോസ് ഒക്കെ ആ. എന്നിട്ട് അതിൽ നിന്ന് എന്റെ ഫോട്ടോ മാത്രം വെട്ടി എടുത്തു സൂക്ഷിച്ചു വെച്ചിരിക്കുന്നു.

എടൊ... അത് എന്തോ അങ്ങനെയൊക്കെ തോന്നി.. അത്രേ ഉള്ളു...

ഓഹോ...എന്നാലും ചേട്ടന് എന്നോട് പ്രണയം ആണെന്ന് സമ്മതിച്ചു തരാൻ മനസ്സ് അനുവദിക്കുന്നില്ലല്ലേ....

മറുപടി പറയാനാകാതെ ജോമോൻ തല താഴ്ത്തി..

എന്തിനാ ചേട്ടാ.. തോന്നിയ ഇഷ്ട്ടം അവരോടു പറയാതെ ഉള്ളിൽ ഇങ്ങനെ സൂക്ഷിച്ചു കൊണ്ടു നടക്കുന്നത്..എന്നിട്ട് അതിൽ നിന്ന് ചേട്ടന് എന്ത് സന്തോഷം കിട്ടി...

ഞാൻ പിന്നെ എന്ത് ചെയ്യണമായിരുന്നു... എന്റെ കഷ്ടപ്പാടുകൾ അനുഭവിക്കാൻ നിന്നെയും ക്ഷണിക്കണമായിരുന്നോ.. സകല വിധ സുഖ സൗകര്യങ്ങളോടെ ജീവിക്കുന്ന നിന്നെ കണ്ണീർ നിറഞ്ഞ എന്റെ ജീവിതത്തിലേക്ക് കൂടെ വരുന്നുണ്ടോ എന്ന് ചോദിക്കണമായിരുന്നോ.. ഒരു നിമിഷം ജോമോൻ പരിസരം മറന്നു പൊട്ടിത്തെറിച്ചു.

അമ്പരപ്പോടെ അനു ജോമോന്റെ മുഖത്തെട്ടു നോക്കി...

ഒരിക്കലും ഒരുമിക്കാൻ പറ്റില്ലെന്ന് അറിഞ്ഞത് കൊണ്ടാണ് മനസ്സിൽ ഇഷ്ടം ഒളിപ്പിച്ചു വെച്ചത്. വെറുതെ കുറേ മോഹം നിനക്ക് തന്നിട്ട് അവസാനം നിനക്ക് കരയേണ്ട ഒരു ഗതി ഉണ്ടാകരുത് എന്ന് കരുതി ആണ് വിഷമത്തോടെ ആണെങ്കിലും എന്റെ ഇഷ്ടങ്ങൾ ഞാൻ മറന്നത്. ചില സമയത്തു വിട്ടു കൊടുക്കലും പ്രണയം തന്നെ ആണ് അനു..

അനു ജോമോന്റെ മുഖത്തെട്ടു നോക്കി ഇരുന്നതല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല.

നമ്മൾ തമ്മിൽ ഒരുമിക്കില്ല... നിനക്ക് നല്ലൊരു ഭാവി ഉണ്ട്. അത് എന്നെപോലെ ഉള്ള ഒരാളെ പ്രണയിച്ചു നശിപ്പിക്കരുത്.

എന്റെ ഭാവി ഓർത്തു ചേട്ടൻ സങ്കടപ്പെടണ്ട. എല്ലാം അറിഞ്ഞിട്ടു തന്നെ അല്ലേ ഞാൻ ചേട്ടനോട് ഇഷ്ടം പറഞ്ഞതും. എന്റെ കഴുത്തിൽ ഒരു മിന്നു വീഴുന്നുണ്ടെങ്കിൽ അത് ചേട്ടന്റെ ആയിരിക്കും..

വെറുതെ നടക്കാത്ത കാര്യങ്ങൾ സ്വപ്നം കണ്ടിട്ട് യാതൊരു കാര്യവുമില്ല.. എന്റെ ജീവിതം എനിക്ക് പഠിപ്പിച്ചു തന്നതാണ് അത്.

ഓഹ്. ഇങ്ങനെ മനസ്സ് മടുപ്പിക്കുന്ന കാര്യം പറയല്ലേ.... ചേട്ടന് എന്നെ ഇഷ്ടമാണോ അല്ലയോ?

ഇഷ്ടമാണ്.. പക്ഷെ...

ഒരു പക്ഷയും ഇല്ല..... എനിക്ക് അത്രയും അറിഞ്ഞാൽ മതി...

താൻ ഇത് എന്ത് ഭാവിച്ചാ... ഞാൻ പറയുന്നതൊന്നു മനസ്സിലാക്ക് ആദ്യം.തന്റെ അച്ഛനും അമ്മയും ഈ കല്യാണത്തിന് സമ്മതിക്കുമെന്നു തനിക്കു തോന്നുന്നുണ്ടോ.

കഴിഞ്ഞ ദിവസം മുൻപ് വരെ ആയിരുന്നെങ്കിൽ അവർ എന്റെ ഇഷ്ടത്തിന് കൂട്ട് നിന്നേനെ.പക്ഷെ ഇപ്പൊ ചെറിയൊരു പ്രശ്നം ഉണ്ട്..

എന്ത് പ്രശ്നം......

എനിക്കൊരു കല്യാണാലോചന വന്നിട്ടുണ്ട്.പപ്പയുടെ കൂട്ടുകാരന്റെ മകൻ ആണ് കക്ഷി... പേര് ജീവൻ.ഗൾഫിൽ ആയിരുന്നു. ഇപ്പൊ ലീവിന് വന്നിട്ടുണ്ട്.

എന്നിട്ട് കല്യാണം ഉറപ്പിച്ചോ..ജോമോന്റെ വാക്കുകളിൽ ആകാംഷ ഉള്ളത് പോലെ അനുവിന് തോന്നി.

പപ്പാ ഏറെക്കുറെ സമ്മതിച്ച മട്ട് ആ. ഇന്നലെ ചെറുക്കന്റെ ഫോട്ടോസ് ഒക്കെ കാണിച്ചു തന്നു എനിക്ക്.

താൻ എന്ത് പറഞ്ഞു എന്നിട്ട്..

ഞാൻ ഇനി നോ എന്ന് പറഞ്ഞാലും രക്ഷയില്ല. ഇന്നലെ തന്നെ ഓരോ ഒഴിവു കഴിവുകൾ പറഞ്ഞു തല ഊരാൻ നോക്കിയതാ.പക്ഷെ അവർ സമ്മതിച്ചു തരുന്നില്ല.

അപ്പൊ ഇനി എന്ത് ചെയ്യും..

അവൻ എന്നെ കെട്ടി കൊണ്ടു പോകുന്നതും നോക്കി അതിന്റെ വിഷമത്തിൽ ചേട്ടൻ ഇത് വഴി മാനസ മൈനേ എന്ന പാട്ടും പാടി നടന്നോ..

മറുപടി പറയാനാകാതെ ജോമോൻ തല താഴ്ത്തി.

ചേട്ടൻ വിഷമിക്കാൻ പറഞ്ഞതല്ല.എന്നെ ഇഷ്ടമാണെന്നുള്ള കാര്യം കുറച്ചു നേരത്തെ പറഞ്ഞിരുന്നെങ്കിൽ ഈ കുഴപ്പം ഒന്നും ഉണ്ടാവില്ലായിരുന്നു.

പറയണമെന്ന് കരുതുമ്പോഴൊക്കെ വീട്ടിലെ കഷ്ടപ്പാടുകൾ ഓർമ വരും. അപ്പൊ പറയാനും കഴിയില്ല..

അതൊക്കെ പോട്ടെ. എന്തായാലും ഞാൻ ഇന്ന് ഇക്കാര്യം പപ്പയോടു തുറന്നു പറയും. അവർ എന്താ പറയുന്നതെന്ന് നോക്കട്ടെ.ഇനിയും വൈകിയാൽ പപ്പാ മറ്റേ ആലോചന ആയിട്ട് മുന്നോട്ടു പോകും.

ഒന്നുടെ ആലോചിച്ചിട്ട് പോരെ അനു. എന്റെ ജീവിതത്തിലേക്ക് വന്നാൽ നീ ആഗ്രഹിച്ച പോലൊരു ജീവിതം നിനക്ക് കിട്ടില്ല.

എനിക്ക് അങ്ങനെ കൂടുതൽ ആഗ്രഹങ്ങൾ ഒന്നും ഇല്ല ചേട്ടാ. ഒരു ദിവസം എങ്കിൽ ഒരു ദിവസം.. ചേട്ടന്റെ ഭാര്യ ആയി ജീവിക്കണം.. എന്നിട്ട് പിന്നെ ചത്താലും കുഴപ്പമില്ല.

എന്നെ ഒരുപാട് ഇഷ്ടമാണല്ലേ..

എന്നേക്കാൾ കൂടുതൽ ഞാൻ ഇപ്പൊ ചേട്ടനെ സ്നേഹിക്കുന്നു. അപ്പോഴേക്കും അനുവിന്റെ കണ്ണുകൾ നിറഞ്ഞു.

എന്താടോ ഇത്. കണ്ണൊക്കെ നിറഞ്ഞല്ലോ.

അത് സന്തോഷം കൊണ്ടാ.നമുക്ക് ഒരാളോട് തോന്നുന്ന ഇഷ്ടം തിരിച്ചു അവർക്കും ഉണ്ടെന്നു അറിയുന്ന നിമിഷം ഉണ്ടല്ലോ.. അതൊക്കെ ഒരു പെൺകുട്ടിയെ സംബന്ധിച്ചു മറക്കാൻ പറ്റാത്ത നിമിഷങ്ങളിൽ ഒന്നാ.. ചിരിച്ചു കൊണ്ടു അനു പറഞ്ഞു.

വാ... മതി അനു.... നമുക്ക് പോകാം. എനിക്ക് ജോലിക്ക് കയറാൻ സമയം ആയി. ചെല്ലാമെന്ന് പറഞ്ഞു പോയി ഞാൻ. അല്ലെങ്കിൽ കുഴപ്പമില്ലായിരുന്നു.

അത് സാരമില്ല.ചേട്ടൻ പൊയ്ക്കോ.. എന്തായാലും ഇഷ്ടമാണെന്നുള്ള കാര്യം അറിഞ്ഞല്ലോ.എനിക്കത് മതി.

അനുവിന് എവിടെയാ പോകേണ്ടത് എന്ന് പറഞ്ഞാൽ ഞാൻ കൊണ്ടു വിടാം..

അയ്യോ അതൊന്നും വേണ്ടാ.. ഇവിടുന്നു ഓട്ടോ കിട്ടുമല്ലോ.ഞാൻ അതിൽ പോയ്കോളാം. ചേട്ടൻ സമയം കളയാതെ പോവാൻ നോക്ക്.

മ്മ്.. എന്നാ ഞാൻ പൊയ്ക്കോട്ടേ.

വൈകിട്ടു വിളിക്കുമോ എന്നെ..

വിളിക്കാം...

പറ്റിക്കരുത്.. ചിരിയോടെ അനു പറഞ്ഞു.

ഇല്ല അനു.. ഞാൻ വിളിച്ചോളാം എന്ന് പറഞ്ഞു ജോമോൻ ഷോപ്പിൽ നിന്നും ഇറങ്ങി. പുറകെ അനുവും. ബൈക്കിൽ കയറി പോകാൻ നേരം ജോമോൻ തിരിഞ്ഞൊന്നു അനുവിനെ നോക്കി. ആ നോട്ടത്തിൽ ഇത്രയും നാൾ തന്നോട് മറച്ചു വെച്ച ഇഷ്ടം മുഴുവനും ഉള്ളത് പോലെ അനുവിന് തോന്നി.

യാത്ര പറഞ്ഞു ജോമോൻ പോയ പുറകെ അനു ഫോൺ എടുത്തു ശരണ്യയെ വിളിച്ചു.

എന്തോന്നാടി. ഉറങ്ങാനും സമ്മതിക്കില്ലേ...ഫോൺ എടുത്ത വഴി ശരണ്യ ചോദിച്ചു.

കുന്തം...നീ ഇത് വരെ എഴുന്നേറ്റില്ലേ...

സ്വന്തം വീട്ടിൽ വരുമ്പോൾ ആ കുറച്ചു അധികം നേരം ഉറങ്ങുന്നത്. എന്നാലും വിളിച്ചു നിന്നെ പോലെ ആരെങ്കിലും ശല്യം ചെയ്യും.

എടി ഞാൻ ഒരു സന്തോഷ വർത്തമാനം പറയാൻ ആ വിളിച്ചത്.

എന്താടി. ലോട്ടറി അടിച്ചോ.

അഹ് അടിച്ചു. ഒരു വലിയ ലോട്ടറി.ജോമോൻ എന്ന ലോട്ടറി.

നീ ഇത് എന്താടി പെണ്ണേ പറഞ്ഞു വരുന്നത്.

എടി മണ്ടി.ജോമോന് എന്നോട് പ്രണയം ആയിരുന്നു.

ഏഹ്. ഇക്കാര്യം നിന്നോടാര് പറഞ്ഞു.

ജോമോൻ തന്നെ പറഞ്ഞതാ..

രാവിലേ തന്നെ പറ്റിക്കാൻ നോക്കരുത് എന്നെ.

ഓഹ്.സത്യം ആടി. നീ എന്നെ ഒന്ന് വിശ്വാസിക്ക്.

എന്നാലും ഇതെങ്ങനെ സംഭവിച്ചു. വിശ്വാസം വരാത്തത് പോലെ ശരണ്യ ചോദിച്ചു.

അതൊക്കെ ഞാൻ വിശദമായി നേരിട്ട് കാണുമ്പോൾ പറയാം. അതിനു മുൻപ് എനിക്ക് പപ്പയെയും മമ്മിയെയും ഒന്ന് കാണണം. അത് കഴിഞ്ഞു ഞാൻ നിന്റെ വീട്ടിലെട്ട് വരാം.

പെട്ടെന്ന് വരണം നീ.ഇനി ഇതിനെ പറ്റി അറിയാതെ ഒരു സമാധാനം കിട്ടില്ല.

ഉച്ച കഴിഞ്ഞു വരാടി ഞാൻ. അപ്പൊ ശരി.ബാക്കി ഒക്കെ നേരിട്ട് കാണുമ്പോൾ.

മ്മ്.ഓക്കേ.ബൈ ടി....

അനു വേഗം ഫോൺ കട്ട്‌ ചെയ്തു ഉടൻ തന്നെ ഓട്ടോയിൽ കയറി വീട്ടിലെട്ട് യാത്ര ആയി.ഇപ്പൊ തന്നെ ജോമോനെ ഇഷ്ടമാണെന്നുള്ള കാര്യം തുറന്നു പറയണം എന്ന് കരുതി അനു വീട്ടിൽ വന്നിറങ്ങി.

വീട്ടിലെട്ട് കയറിയതും അനു ഞെട്ടിത്തരിച്ചു നിന്നു പോയതും പെട്ടെന്നായിരുന്നു...
                                                             (തുടരും)

കണ്ട കാര്യം വിശ്വസിക്കാൻ പറ്റാത്തതിന്റെ ഷോക്കിൽ അനു നിന്നിടത്തു തന്നെ നിന്നു. അപ്പോഴാണ് ജേക്കബ് ഇച്ചായൻ അനുവിനെ കാണുന്നത്.

മോളെന്താ അവിടെ തന്നെ നിന്നു കളഞ്ഞത്... ഇങ്ങോട്ട് കയറി വാ.

അനുവിന് കാലുകൾ അനക്കാൻ പറ്റാത്തത് പോലെ തോന്നി. തന്നെ പെണ്ണ് കാണാൻ ജീവനും വീട്ടുകാരും ആണ് വന്നിരിക്കുന്നതെന്ന് ഒറ്റ നോട്ടത്തിൽ തന്നെ അനുവിന് മനസ്സിലായിരുന്നു.

പെട്ടെന്ന് നിങ്ങളെ എല്ലാവരെയും കണ്ടതിന്റെ ഞെട്ടലാ. ജേക്കബ് ഇച്ചായൻ പറയുന്നത് കേട്ട് എല്ലാവരും ചിരിച്ചു.

മോള് ഞങ്ങളെ കണ്ടു ടെൻഷൻ ആകണ്ട. ഞങ്ങൾ വെറുതെ ഇത് വഴി പോയപ്പോൾ കയറിയെന്നേ ഉള്ളു... അവരുടെ കൂടെ ഉള്ളവരിൽ ഒരാൾ അനുവിനോട് പറഞ്ഞു.

അനു പതിയെ അവരുടെ അടുത്തേക്ക് ചെന്നു...

മോളെ ഇത് ജീവന്റെ പപ്പാ.. ജോർജേട്ടൻ.. ഇതാണ് പപ്പ എപ്പോഴും പറയാറുള്ള പപ്പയുടെ കൂട്ടുകാരൻ. അത് ജീവന്റെ മമ്മി.പിന്നെ കൂടെ ഉള്ളത് ജീവന്റെ പപ്പയുടെ അനിയനും ഫാമിലിയും.

ഓരോരുത്തരെ ആയി ജേക്കബ് ഇച്ചായൻ അനുവിന് പരിചയപ്പെടുത്തി കൊടുത്തു.

ഭാഗ്യം... ജീവൻ അവരുടെ കൂടെ വന്നിട്ടില്ലെന്ന് അനു ആശ്വസിക്കുമ്പോൾ ആണ് മോളെ അതാണ് ജീവൻ എന്ന് ജേക്കബ് ഇച്ചായൻ പറയുന്നത്.

അനു തിരിഞ്ഞു നോക്കിയപ്പോൾ കൈയിൽ ജ്യൂസ്‌ ഗ്ലാസും പിടിച്ചു നടന്നു വരുന്ന ജീവനെ കണ്ടു....

ഒന്ന് ജീവനെ നോക്കിയിട്ട് അനു വേഗം നോട്ടം മാറ്റി കളഞ്ഞു.

മോള് എവിടെ പോയേക്കുവായിരുന്നു.... ജീവന്റെ അമ്മയുടെ വക ആയിരുന്നു ചോദ്യം.....

ഞാൻ...... അത്... കൂടെ പഠിച്ച ഫ്രണ്ടിനെ കാണാൻ പോയതാ... ഒരു വിധത്തിൽ അനു പറഞ്ഞൊപ്പിച്ചു...

മോളുടെ പഠിത്തം ഒക്കെ കഴിഞ്ഞോ...ജീവന്റെ പപ്പയുടെ സംസാരത്തിൽ കുറച്ചു ഗൗരവം ഉള്ളത് പോലെ അനുവിന് തോന്നി...

മ്മ്... കഴിഞ്ഞു.... ഇനിയും പഠിച്ചാൽ കൊള്ളാമെന്നുണ്ട്..

നമുക്കൊ നേരാവണ്ണം പഠിക്കാൻ പറ്റിയില്ല. അതാ മക്കളെ എങ്കിലും നന്നായി പഠിപ്പിക്കുന്നത്. ജേക്കബ് ഇച്ചായൻ പറഞ്ഞു...

മോന് മോളോടൊന്നും ചോദിക്കാൻ ഇല്ലേ... ഒന്നും മിണ്ടാതിരിക്കുന്ന ജീവനോടായി ആനി ടീച്ചർ പറഞ്ഞു.

അത് ആന്റി.... ഞാൻ ഇനി എന്ത് പറയാൻ. എന്റെ കാര്യങ്ങൾ നിങ്ങൾക്കും നിങ്ങളുടെ കാര്യങ്ങൾ ഞങ്ങൾക്കും അറിയാവുന്നതല്ലേ....

അതൊക്കെ ശരിയാ... എന്നാലും മോൻ ആദ്യമായി അല്ലേ ഞങ്ങളുടെ മോളെ കാണുന്നത്. എന്നിട്ട് ഒന്നും ചോദിച്ചില്ലല്ലോ..

ഇപ്പൊ തന്നെ അവളുടെ പകുതി ജീവൻ പോയിരിക്കുവാ.. ഇനി നീ ഉള്ളതും കൂടി കളയല്ലേ ആനി ടീച്ചറെ... ചിരിച്ചു കൊണ്ടു ജേക്കബ് ഇച്ചായൻ പറഞ്ഞു...

എടാ.. എന്നാ ഞങ്ങൾ അങ്ങ് ഇറങ്ങുവാ.. ഇനി മറ്റൊരു ദിവസം വിശദമായി വരാമെന്നു പറഞ്ഞു ജോർജേട്ടൻ ഇരുന്നിടത്തു നിന്നു എഴുന്നേറ്റു..

എന്നാ അങ്ങനെ ആകട്ടെടാ... എന്തായാലും ഇവിടെ വരെ വരാൻ നിനക്ക് തോന്നിയല്ലോ..സന്തോഷം....

നമ്മൾ ഇനി ബന്ധുക്കാരാകാൻ പോകുവല്ലേടാ.. ഇനി എപ്പോ വേണമെങ്കിലും ഞങ്ങൾക്ക് ഇങ്ങോട്ടും നിങ്ങൾക്ക് അങ്ങോട്ടും വരാമല്ലോ...

എന്നാ മോളെ ഞങ്ങൾ ഇറങ്ങുവാണെന്ന് പറഞ്ഞു ജീവന്റെ മമ്മിയും ബന്ധുക്കാരും അനുവിനോട് യാത്ര പറഞ്ഞു.

ജീവൻ നടന്നു അനുവിന്റെ അടുത്തേക്ക് ചെന്നു...

അപ്പൊ ശരി അനു.... ഇനിയും കാണാം..

മ്മ്.. ശരി.. കൂടുതൽ ഒന്നും അനു പറയാൻ നിന്നില്ല. അവർ എങ്ങനെ എങ്കിലും പോയാൽ മതിയെന്നായിരുന്നു അനുവിന്...

യാത്ര പറഞ്ഞു അവർ പോയ ഉടനെ അനു വേഗം റൂമിൽ കയറി വാതിലടച്ചു.

ദൈവമേ.... പ്രതീക്ഷകൾ എല്ലാം തകരുവാണല്ലോ...ജോമോനെ എനിക്ക് വിധിച്ചിട്ടില്ലേ... അനു സ്വയം ഒരു നിമിഷം ചിന്തിച്ചു..

ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടിയില്ല അനുവിന്... ഉടൻ തന്നെ ജോമോന്റെ ഫോണിലേക്ക് അനു വിളിച്ചു...

എന്താ.... ഇപ്പോഴല്ലേ കണ്ടിട്ട് പോയത്...ഫോൺ എടുത്ത വഴി തന്നെ ജോമോൻ ചോദിച്ചു.

ഓരോ പ്രശ്നങ്ങൾ ഒന്നിനു പുറകെ ഒന്നായി വന്നു കൊണ്ടിരിക്കുമ്പോൾ വിളിക്കാതിരിക്കാൻ പറ്റോ...

ഇത്ര പെട്ടെന്ന് പുതിയ പ്രശ്നം ആയോ.. അത്ഭുതത്തോടെ ജോമോൻ ചോദിച്ചു..

അത് കൊണ്ടല്ലേ ഞാൻ ഇപ്പൊ വിളിച്ചത്...

എന്താടോ... എന്ത് പറ്റി... എന്താ പുതിയ പ്രശ്നം...

എനിക്കിപ്പോ തന്നെ ചേട്ടനെ കണ്ടേ പറ്റു..

ഞാൻ ജോലിയിൽ കയറിയതെ ഉള്ളു.ഇന്നിനി കാണാൻ പറ്റില്ല..

ഓഹോ... ഇന്ന് കണ്ടില്ലെങ്കിൽ പിന്നെ ഒരിക്കലും കാണാൻ പറ്റി എന്ന് വരില്ല...

താൻ ടെൻഷൻ അടിപ്പിക്കാതെ കാര്യം എന്താണെന്നു വെച്ചാൽ ഫോണിലൂടെ പറ.

അത് പറ്റില്ല. നേരിട്ട് തന്നെ പറയണം. ഇവിടെ വെച്ചു സംസാരിച്ചാൽ എപ്പോഴാ പപ്പയും മമ്മിയും റൂമിലേക്ക്‌ കയറി വരുന്നതെന്ന് പറയാൻ പറ്റില്ല.

എന്നാ താൻ ഒരു കാര്യം ചെയ്യ്. നേരെ ഞാൻ ജോലി ചെയ്യുന്ന കോഫി ഷോപ്പിൽ വാ.നമുക്കിവിടെ വെച്ചു സംസാരിക്കാം.

ഓക്കേ...ഞാൻ ഒരു അര മണിക്കൂറിൽ എത്താമെന്ന് പറഞ്ഞു അനു വേഗം ഫോൺ കട്ട്‌ ചെയ്തു..

ശരണ്യയുടെ വീട്ടിൽ പോകുവാണെന്നു പപ്പയോടും മമ്മിയോടും പറയാമെന്നു കരുതി അനു അവരെ കാണാൻ ഹാളിലേക്ക് ചെന്നു.

ഹാളിൽ പപ്പയും മമ്മിയും തന്റെ കാര്യം ആണ് സംസാരിക്കുന്നതെന്ന് മനസ്സിലാക്കിയ അനു ഒരു നിമിഷം അവരുടെ സംഭാഷണം ശ്രദ്ധിച്ചു....

ആ പയ്യൻ ആള് മിടുക്കൻ ആണല്ലേ ആനി ടീച്ചറെ..

കൊള്ളാം.. കാണാൻ ഒക്കെ നല്ല ഭംഗി ഉണ്ട്. പക്ഷെ അനുവിന്റെ മുഖം കണ്ടിട്ട് അവൾക്കു ഈ കല്യാണത്തിന് താല്പര്യം ഇല്ലാത്തതു പോലെ തോന്നി...

അത് താല്പര്യം ഇല്ലാത്തതു കൊണ്ടല്ലെടി. പെട്ടെന്ന് അവരെ എല്ലാവരെയും കണ്ടതിന്റെ ടെൻഷൻ ആ..

എന്തായാലും അവൾക്കെന്തോ വിഷമം ഉണ്ട്. ഇനി അവൾക്കു വെല്ല പ്രേമവും ഉണ്ടോന്നാ എന്റെ സംശയം ഇച്ചായാ....

അത് കേട്ട് ജേക്കബ് ഇച്ചായൻ പൊട്ടി ചിരിച്ചു.

ഹ ഹ ഹ.. അവളെ.... എന്റെ മോൾ ആ. അവൾക്കു അങ്ങനെ ഒന്നും തന്നെ ഉണ്ടാവില്ല. ഇനി നീ ചുമ്മാ ആവശ്യം ഇല്ലാത്തതു ചിന്തിച്ചു കൂട്ടണ്ട.

ഹോ... എനിക്കൊരു സംശയം പറയാനും പാടില്ലേ...

നീ വാ തുറക്കുന്നത് മണ്ടത്തരം പറയാൻ ആണല്ലോ... സത്യം പറ.. നീ പഠിപ്പിക്കുന്ന പിള്ളേര് വെല്ലോം രക്ഷപെട്ടിട്ടുണ്ടോ... ജേക്കബ് ഇച്ചായൻ ചിരിച്ചു കൊണ്ടു പറഞ്ഞു.

ദേ... മനുഷ്യ... ചുമ്മാ എന്റെ വായിലിരിക്കുന്നത് കേൾക്കരുത്.

അപ്പോഴേക്കും അനു വേഗം അവരുടെ അടുത്തേക്ക് ചെന്നു..

പപ്പാ... ഞാൻ ശരണ്യയുടെ വീട് വരെ പോയിട്ട് വരാം..

നീ രാവിലെ അല്ലേ ആരെയോ കാണാൻ പോയിട്ട് വന്നത്.. അൽപ്പം ദേഷ്യത്തോടെ ആനി ടീച്ചർ ചോദിച്ചു.

പോയിട്ട് കാണാൻ പറ്റിയില്ല മമ്മി. അതാ നേരത്തെ ഇങ്ങോട്ട് പോന്നത്.

എന്നാ മോള് വേഗം പോയിട്ട് വാ. പപ്പാ കൊണ്ടു വിടണോ..

വേണ്ടാ പപ്പാ. ഞാൻ പൊയ്ക്കോളാം...

മോളെ... പിന്നെ വേറൊരു കാര്യം... കല്യാണം ഒക്കെ വരികയാ... ഇനി കുറച്ചു കറക്കം ഒക്കെ കുറയ്ക്കണം.

മ്മ്. ശരി പപ്പാ... ഞാൻ വേഗം പോയിട്ട് വരാമെന്നു പറഞ്ഞു അനു വേഗം അവിടെ നിന്നും ഇറങ്ങി.

ഓട്ടോ പിടിച്ചു ജോമോൻ ജോലി ചെയ്യുന്ന ഷോപ്പിനു മുന്നിൽ അനു ചെന്നിറങ്ങി. അനുവിന്റെ വരവും നോക്കി ജോമോൻ പുറത്തു തന്നെ നിൽക്കുന്നുണ്ടായിരുന്നു.

എന്താ അനു... എന്താ പ്രശ്നം..

അത്... ഞാൻ പറഞ്ഞില്ലേ എനിക്കൊരു കല്യാണാലോചന വന്നിരുന്നെന്നു. അവർ ഇന്ന് വീട്ടിൽ വന്നിരുന്നു.

വീട്ടിലോ...?? പെണ്ണ് കാണാൻ വന്നതാണോ..

അത് വഴി പോയപ്പോൾ കയറിയതാണെന്നാ പറഞ്ഞത്. ചുരുക്കി പറഞ്ഞാൽ ഒരു പെണ്ണ് കാണൽ തന്നെ.

താൻ നമ്മുടെ കാര്യം പപ്പയോടു പറയണം എന്ന് പറഞ്ഞിട്ട് പറഞ്ഞില്ലേ അപ്പൊ.

പറയാനായിട്ട് ഒരു അവസരം കിട്ടണ്ടേ. വീട്ടിൽ ചെന്ന് കയറിയപ്പോൾ ആദ്യം കാണുന്നത് അവരെയൊക്കെയാ.. എനിക്കാണേൽ ആലോചിച്ചിട്ട് ഒരു വഴിയും കിട്ടുന്നില്ല.. പ്രാന്ത് പിടിക്കാറായി...

ഇനി ഒരു വഴിയേ ഉള്ളു...

അതെന്താ..... അമ്പരപ്പോടെ അനു ജോമോന്റെ മുഖത്തേക്ക് നോക്കി കൊണ്ടിരുന്നു.. ജോമോന്റെ മറുപടിയും പ്രതീക്ഷിച്ചു......
                           (തുടരും)

കുറച്ചു നേരം ജോമോൻ മിണ്ടാതെ തന്നെ നിന്നു...

ചേട്ടൻ എന്താ മിണ്ടാത്തത്. എന്താ വഴി എന്ന് പറ..

അത് അനു..... അത് പിന്നെ....

എന്തായാലും പറ.......

ഏതായാലും നമുക്കൊരുമിക്കാൻ പറ്റുമെന്നു തോന്നുന്നില്ല. അതിലും നല്ലതല്ലേ നമ്മുടെ ഇഷ്ടം സ്വയം വേണ്ടെന്നു വെക്കുന്നത്...

അപ്പോഴേക്കും അനുവിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു....

ഞാൻ സങ്കടപ്പെടാൻ വേണ്ടി പറഞ്ഞതല്ല അനു. ഞാൻ ആലോചിച്ചിട്ട് ഈ ഒരു വഴി മാത്രമേ കണ്ടുള്ളു..

ഇങ്ങനെ പകുതിക്കു വെച്ചു പിരിയാൻ വേണ്ടി ആണോ നമ്മൾ പരസ്പരം സ്നേഹിച്ചത്.

അല്ല. ഞാൻ പിന്നെ എന്ത് ചെയ്യണം. എന്റെ ഈ അവസ്ഥയിൽ ഞാൻ തന്റെ വീട്ടിൽ വന്നു പെണ്ണ് ചോദിച്ചാൽ അവർ അത് സമ്മതിക്കില്ലെന്ന് നൂറു ശതമാനം ഉറപ്പാ...

അക്കാര്യം എനിക്കും അറിയാം ചേട്ടാ....

ഞാൻ പിന്നെ വേറെ എന്ത് ചെയ്യാനാ.. താൻ തന്നെ ഇനി ഒരു വഴി കണ്ടു പിടിക്ക്...

എന്റെ മനസ്സിൽ ഒരു ഐഡിയ തോന്നുന്നുണ്ട്.

എന്താ അത്....

സാധാരണ ഭൂരിഭാഗം കാമുകി കാമുകന്മാർ ചെയ്യുന്നത് പോലെ രജിസ്റ്റർ മാര്യേജ് ചെയ്യണം...

രജിസ്റ്റർ മാര്യേജ് ചെയ്യാനോ?? അമ്പരപ്പോടെ ജോമോൻ അനുവിനെ നോക്കി..

ഹാ അതെ.. ചേട്ടൻ എന്താ പേടി ആകുന്നുണ്ടോ....

ദേ... അനു ചുമ്മാ കളിക്കാൻ നിക്കരുത്. ഇത് ജീവിതം ആണ്.

നമുക്കിനി ഒരുമിച്ചു ജീവിക്കണം എങ്കിൽ ഇതേ ഉള്ളു ഒരു വഴി...

താൻ നടക്കുന്ന കാര്യം വല്ലതും പറ.. രജിസ്റ്റർ മാര്യേജ് എനിക്ക് താല്പര്യം ഇല്ല....

ഓഹോ..എങ്കിൽ ചേട്ടൻ പറഞ്ഞത് പോലെ നമുക്ക് പിരിയാം. പക്ഷെ ഒരു കാര്യത്തിൽ ചേട്ടൻ എനിക്കൊരു ഉറപ്പ് തരണം..

എന്താ അത്...

നമ്മൾ തമ്മിൽ പിരിഞ്ഞാലും ചേട്ടൻ സന്തോഷം ആയിരിക്കും എന്ന്. എന്നെ മറന്നു മറ്റൊരു പെണ്ണിനെ താലി കെട്ടി ചേട്ടൻ സുഖമായി ജീവിക്കുമെന്ന്.

അത് കേട്ടതും ജോമോൻ സാവധാനം തല താഴ്ത്തി കളഞ്ഞു.

എന്തിനാ തല കുനിച്ചത്. അക്കാര്യത്തിൽ ഒരു വാക്ക് തരാൻ പറ്റുമോ ചേട്ടന് ...

അത്.... അനു....

ചേട്ടന് അത് ഒരിക്കലും പറ്റില്ലെന്ന് എനിക്കറിയാം. അതാ പറഞ്ഞത് രജിസ്റ്റർ മാര്യേജ് ചെയ്യാം എന്ന്...

പക്ഷെ അങ്ങനെ ചെയ്താൽ അത് കൂടുതൽ പ്രശ്നത്തിന് വഴി തെളിക്കും അനു. നമ്മുടെ ബന്ധം ഒരിക്കലും തന്റെ വീട്ടുകാർ അംഗീകരിച്ചു തരില്ല. ഒരിക്കൽ പോലും നിന്റെ പപ്പയെയും മമ്മിയെയും കാണാൻ പറ്റി എന്ന് പോലും വരില്ല..

മാര്യേജ് കഴിഞ്ഞാൽ നമ്മുടെ ബന്ധം പപ്പയും മമ്മിയും അംഗീകരിക്കും. അതോർത്തു ചേട്ടൻ ടെൻഷൻ ആകണ്ട..

അതെങ്ങനെ തനിക്കറിയാം..

എന്റെ പപ്പയുടെയും മമ്മിയുടെയും രജിസ്റ്റർ മാര്യേജ് ആയിരുന്നു.. മാര്യേജ് കഴിഞ്ഞു 25 വർഷം ആയിട്ട് പോലും എന്റെ മമ്മിയുടെ ഒരെ ഒരു ആങ്ങള ആയ കോശിച്ചായൻ ഇത് വരെയും അന്വേഷിച്ചു വന്നിട്ടില്ല. അക്കാര്യം മമ്മി എപ്പോഴും പറയും. മമ്മിക്ക് നല്ല വിഷമവും ഉണ്ട് അതിൽ. അത് കൊണ്ടു എന്റെ രജിസ്റ്റർ മാര്യേജ് കഴിഞ്ഞാൽ പോലും അവർക്ക് ഇങ്ങനെ ഒരു അനുഭവം ഉള്ളത് കൊണ്ടു തീർച്ചയായും അവർ എന്നെ അന്വേഷിച്ചു വരികയും ചെയ്യും നമ്മുടെ ബന്ധം അംഗീകരിക്കുകയും ചെയ്യും. പിന്നെ സ്നേഹ ബന്ധത്തിന്റെ കാര്യങ്ങൾ അവർക്ക് തന്നെ നന്നായി അറിയാവുന്നതും ആണല്ലോ.

നമ്മുടെ കാര്യത്തിൽ അവർ സമ്മതിക്കും എങ്കിൽ നമ്മുടെ ബന്ധത്തെ പറ്റി അവരോടു തുറന്നു പറഞ്ഞാൽ പോരെ അനു..വെറുതെ ഒളിച്ചോടണ്ടല്ലോ....

അത് റിസ്ക് ആണ് ചേട്ടാ ഇനി. പ്രേതെകിച്ചു എനിക്ക് മറ്റൊരു ആലോചന വന്ന സ്ഥിതിക്ക്. ഞാൻ ഇനി നമ്മുടെ ബന്ധത്തെ പറ്റി അവരോടു പറഞ്ഞാൽ തന്നെ അവർക്ക് അതിനു സമ്മതം അല്ലെങ്കിൽ ഇന്നത്തോടെ എല്ലാം തീരും. പിന്നെ നമുക്ക് ഇനി ഒരിക്കൽ പോലും നേരിട്ട് കാണാൻ പറ്റി എന്ന് വരില്ല..ഒന്ന് ഫോൺ കൂടി ചെയ്യാൻ പറ്റി എന്ന് വരില്ല.

ഞാൻ ആലോചിക്കുന്നത് എന്റെ അമ്മയുടെ കാര്യം ആണ്.പെട്ടെന്ന് ഒരു ദിവസം തന്നെ കെട്ടി വീട്ടിലേക്കു ചെന്നാൽ അമ്മ എന്ത് കരുതുമോ ആവോ..

ചേട്ടന്റെ അമ്മ ആളൊരു പാവം അല്ലേ. മാത്രവുമല്ല അമ്മയ്ക്ക് എന്നെ ഭയങ്കര ഇഷ്ട്ടവുമാ..

ഓഹോ... ഇതിനിടയിൽ അമ്മയെ വളച്ചു വശത്താക്കിയല്ലേ...

എനിക്കറിയായിരുന്നു ചേട്ടൻ എന്നെ തന്നെ കെട്ടുമെന്ന്. അത് കൊണ്ടു അമ്മായി അമ്മ പോര് ഒഴിവാക്കാൻ വേണ്ടി ആദ്യം തന്നെ അമ്മയെ സോപ്പിട്ടു വീഴ്ത്തി.

താൻ എത്ര സില്ലി ആയിട്ടാ സംസാരിക്കുന്നത്. തനിക്കു ഒരു പേടിയും തോന്നുന്നില്ലേ അനു...

പിന്നെ ഇല്ലാതെ... ഇത്രയും നാൾ പപ്പയ്ക്കും മമ്മിക്കും വേണ്ടി ആ ഞാൻ ജീവിച്ചത്. അവരെ വിഷമിപ്പിക്കേണ്ടി വരുമെന്ന് ഓർക്കുമ്പോൾ എന്റെ ചങ്ക് തകരുവാ..

എന്നാ എന്നെ മറന്നു അവർ പറയുന്ന ആളെ അങ്ങ് കെട്ടിയാൽ പോരെ...

ദേ... എന്നെ കൊണ്ടു വെറുതെ അതും ഇതും പറയിപ്പിക്കരുത്....

അല്ല അനു. ഒരു കാര്യം ചോദിക്കാൻ മറന്നു...

എന്താ.????

താൻ മമ്മിയുടെ ചേട്ടന്റെ കാര്യം പറഞ്ഞില്ലേ..കോശിച്ചായനെ പറ്റി. അദ്ദേഹം എന്താ നിങ്ങളെ തിരക്കി ഇത്രയും കൊല്ലം ആയിട്ട് വരാത്തത്..

ആവോ അതൊന്നും എനിക്കറിയില്ല. മമ്മിയോടുള്ള ദേഷ്യം കൊണ്ടാകും ചിലപ്പോൾ. കാരണം അത്ര ബുദ്ധിമുട്ടി ആ കോശിച്ചായൻ മമ്മിയെ വളർത്തിയത്..

എങ്കിൽ പിന്നെ നിങ്ങൾക്ക് കോശിച്ചായനെ കാണാൻ പൊയ്ക്കൂടേ...

അതിനു പപ്പാ സമ്മതിക്കില്ല. ഞങ്ങൾ അങ്ങോട്ട്‌ പോയാൽ കോശിച്ചായൻ എങ്ങനെ പ്രതികരിക്കും എന്ന് പോലും പറയാൻ പറ്റില്ല. അത്രയ്ക്കുണ്ടാകും മമ്മിയോടുള്ള ദേഷ്യം.

എന്നിട്ട് അദ്ദേഹം ഇപ്പൊ എന്ത് ചെയ്യുന്നു..

വക്കീൽ ആണെന്ന് മാത്രമേ എനിക്കറിയൂ.കൂടുതൽ ഒന്നും അറിയില്ല എനിക്ക്.

ഇനി നമ്മൾ കല്യാണം കഴിച്ചാൽ തന്റെ പപ്പയും മമ്മിയും അന്വേഷിച്ചു വന്നില്ലെങ്കിലോ...

വരും ചേട്ടാ... ഞാൻ എന്നാൽ അവർക്ക് ജീവനാണ്. അത് കൊണ്ടു തീർച്ചയായും വരും..

തന്റെ വിശ്വാസം തന്നെ രക്ഷിക്കട്ടെ. എന്നിട്ട് എന്ന് മാര്യേജ് ചെയ്യാനാ തന്റെ പ്ലാൻ.

അധികം നീട്ടിക്കൊണ്ട് പോകരുത്. കാരണം വൈകുന്ന ഓരോ നിമിഷവും എന്റെ മറ്റേ കല്യാണത്തിനുള്ള സാധ്യത കൂടും. അത് കൊണ്ടു പറ്റിയാൽ തന്നെ നാളെ തന്നെ ചെയ്യണം..

നാളെ തന്നെയോ....

അതെ.. അല്ലെങ്കിൽ പ്രശ്നങ്ങൾ ഇനിയും വഷളാകും. അതാ ഞാൻ ഇത്ര ധൃതി പിടിക്കുന്നത്.

താൻ നല്ലത് പോലെ ആലോചിച്ചിട്ട് തന്നെ ആണോ ഇതൊക്കെ പറയുന്നത്.

അതെ ചേട്ടാ.... എനിക്ക് ചേട്ടൻ ഇല്ലാതെ ജീവിക്കാൻ പറ്റില്ല.

ഞാൻ ഇനി ഒന്നും പറയുന്നില്ല.തന്റെ ഇഷ്ടം പോലെ നടക്കട്ടെ.

പിന്നെ വേറൊരു കാര്യം. രജിസ്റ്റർ മാര്യേജ് നമുക്ക് കുറച്ചു ദൂരെ ഉള്ള ഏതെങ്കിലും രജിസ്റ്റർ ഓഫീസിൽ വെച്ചു ചെയ്താൽ മതി...

അതെന്തിനാ???

എന്റെ പപ്പയെ ഇവിടെ ഉള്ള ഭൂരിഭാഗം പേർക്കും അറിയാവുന്നതാ. പപ്പയെ പരിജയം ഉള്ള ആരെങ്കിലും ആ രജിസ്റ്റർ ഓഫീസിൽ ഉണ്ടെങ്കിൽ തീർന്നു നമ്മുടെ കാര്യം....

പിന്നെ എവിടെ വെച്ചു ചെയ്യാനാ തന്റെ പ്ലാൻ....

മൂന്നാറിൽ ഒരു രജിസ്റ്റർ ഓഫീസ് ഉണ്ട്. എന്റെ കൂട്ടുകാരിയുടെ പപ്പാ ആ അവിടുത്തെ ഓഫീസർ. ഞാൻ അവളെ വിളിച്ചു നമ്മുടെ കാര്യം പറയാം.

അപ്പൊ താൻ രണ്ടും കല്പിച്ചാണല്ലേ...

അതെ.. ഞാൻ വെളുപ്പിന് 3 മണി ആകുമ്പോൾ വീട്ടിൽ നിന്നും ഇറങ്ങും. ആ സമയത്തു പുറപ്പെട്ടാൽ ഏകദേശം 8 ആകുമ്പോൾ മൂന്നാർ എത്തും നമ്മൾ. പിന്നെ കാര്യങ്ങൾ എല്ലാം ഈസി ആ.

എടൊ അങ്ങനെ എളുപ്പം ഒന്നും രജിസ്റ്റർ മാര്യേജ് ചെയ്യാൻ ഒന്നും പറ്റില്ല. ഒരു മാസം വരെ എങ്കിലും നമ്മൾ വിവാഹം കഴിക്കാൻ പോകുന്ന കാര്യം അവരുടെ നോട്ടീസ് ബോർഡ്‌ ഇടണം..

അതോർത്തു ചേട്ടൻ ടെൻഷൻ ആകണ്ട. അവളുടെ പപ്പാ അതൊക്കെ റെഡി ആക്കിക്കോളും...

എനിക്കാണേൽ താൻ പറയുന്നത് തന്നെ കേട്ടിട്ട് പേടി ആകുന്നു. ദേ കണ്ടില്ലേ എന്റെ കൈയും കാലും വിറക്കുന്നത്.

അയ്യോ... ഇതെന്തൊരു പേടിതൊണ്ടൻ ആ കർത്താവെ.. ജീവിതത്തിൽ കുറച്ചു ധൈര്യം കാണിക്കു. എന്നാലേ പല കാര്യങ്ങളും നമുക്ക് നേടി എടുക്കാൻ പറ്റു.

ഓഹ്... ഇനി ഞാൻ ആയിട്ട് തന്റെ പ്രതീക്ഷകൾ ഇല്ലാതാക്കുന്നില്ല. രജിസ്റ്റർ മാര്യേജ് എങ്കിൽ രജിസ്റ്റർ മാര്യേജ്.... ഞാൻ കറക്റ്റ് 3 ആകുമ്പോൾ തന്റെ വീടിനു വെളിയിൽ ഉണ്ടാകും...

അഹ്.. എന്നാ ഞാൻ പോകുന്നു. ശരണ്യയോട് കൂടി ഇക്കാര്യം പറയണം.

അവളെ വിശ്വസിക്കാമോ അനു...

എന്നേക്കാൾ കൂടുതൽ വിശ്വസിക്കാം. ചേട്ടന്റെ ജോലി നടക്കട്ടെ. അപ്പൊ എല്ലാം പറഞ്ഞത് പോലെ...

മ്മ്. ശരി അനു....

ജോമോനോട് യാത്ര പറഞ്ഞു ഓട്ടോ പിടിച്ചു അനു ശരണ്യയുടെ വീട്ടിൽ ചെന്നിറങ്ങി. ശരണ്യ വീടിന്റെ സിറ്റ് ഔട്ടിൽ തന്നെ ഇരിക്കുന്നുണ്ടായിരുന്നു.

എന്താടി പച്ച മാങ്ങ തിന്നുന്നത്...വിശേഷം വല്ലതും ആയോ... ചിരിച്ചു കൊണ്ടു അനു ചോദിച്ചു..

ഓഹ്..നീ ആയിരുന്നോ... ഇവിടുത്തെ മാവിൽ നിന്നു ഒരെണ്ണം പറിച്ചു തിന്നതാടി... രാജീവേട്ടന്റെ വീട്ടിൽ മാവ് പോയിട്ട് ഒരു മുളക് തൈ പോലും ഇല്ല...

ഹ ഹ... നീ തന്നെ അല്ലേ ആളെ പ്രേമിച്ചു വീഴ്ത്തിയത്. എന്നിട്ട് കുറ്റം പറയുന്നോ...

അല്ല. നീ എന്താ ഒരു മുന്നറിയിപ്പ് ഇല്ലാതെ..

ഒരു അത്യാവശ്യ കാര്യം പറയാൻ വന്നതാടി..

എന്താടി ജോമോൻ നിന്നെ തേച്ചോ??

ഓഹ്.. ആ കരിനാക്ക് വളച്ചു ഒന്നും പറയല്ലെടി. ഇത് അതൊന്നുമല്ല.

പിന്നെ വേറെന്താ..

ഞാനും ജോമോനും നാളെ രജിസ്റ്റർ മാര്യേജ് ചെയ്യാൻ പോകുന്നു.

രജിസ്റ്റർ മാര്യേജ് ഓ?? അമ്പരപ്പ് കൊണ്ടു ശരണ്യ വാ പൊളിച്ചപ്പോൾ വായിൽ നിന്നും മാങ്ങാ താഴേക്കു ചാടി..

അഹ്.. നീ ഇങ്ങനെ വാ പൊളിച്ചു മാങ്ങാ താഴെ കളയാതെ..

നീ ഇത് എന്താടി അനു കൊച്ചേ ഈ പറയുന്നത്..

വേറെ വഴി ഇല്ലെടി. ഇപ്പൊ ഇത് ചെയ്തില്ലെങ്കിൽ ജോമോനെ എന്നെന്നേക്കുമായി എനിക്ക് നഷ്ട്ടമാകും.

ദേ പെണ്ണേ..... ആലോചിച്ചിട്ട് എനിക്ക് ഇപ്പൊ തന്നെ തല കറങ്ങുന്നു. നിന്റെ പപ്പയും മമ്മിയും കൂടി എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടാക്കുമോ ആവോ..

അക്കാര്യം ഓർത്തു നീ പേടിക്കേണ്ട. അവർ ഒന്നും ചെയ്യില്ല...

എന്നാലും ഇത് വേണോ അനു...

വേണം.. നീ എന്നെ പിന്തിരിപ്പിക്കാൻ ശ്രമിക്കരുത്. ജോമോൻ ഇല്ലാതെ എനിക്കിനി ജീവിക്കാൻ പറ്റില്ല..

കുറച്ചു നേരം ശരണ്യ ഒന്നും മിണ്ടാതെ ഇരുന്നു. കുറച്ചു നേരത്തെ ആലോചനയ്ക്ക് ശേഷം ശരണ്യ പറഞ്ഞു...

ഇത് നിന്റെ ജീവിതം ആണ്. തീരുമാനം എടുക്കേണ്ടത് നീയും. നിന്റെ ആഗ്രഹം പോലെ നടക്കട്ടെ..

ടാ.. ഞാൻ വെളുപ്പിന് ഇവിടെ നിന്നും ഇറങ്ങും. മൂന്നാർ വെച്ചിട്ടാ രജിസ്റ്റർ ചെയ്യുന്നത്. ബാക്കി ഒക്കെ ഞാൻ പിന്നെ പറയാം. വീട്ടിലേക്കു ചെല്ലട്ടെ.സമയം ഒരുപാടായി..

മ്മ്. അനു നീ സൂക്ഷിക്കണം. എനിക്കെന്തോ ആപത്തു വരുന്നത് പോലെ തോന്നുന്നു..

നീ ഇനി എന്നെ കൂടി പേടിപ്പിക്കല്ലേ കൊച്ചേ. ഞങ്ങൾക്ക് ഒന്നും പറ്റില്ലെടി. ഇനി അപ്പൊ കല്യാണം കഴിഞ്ഞിട്ട് കാണാം..

ശരി ടി..ബൈ....

ശരണ്യയുടെ വീട്ടിൽ നിന്നും അനു വേഗം വീട്ടിൽ തിരിച്ചെത്തി. അത്താഴം ഒക്കെ കഴിച്ചു നേരത്തെ തന്നെ ഉറങ്ങാൻ കിടന്നു അനു. സമയം പോകും തോറും ടെൻഷൻ കൂടി വന്നു അനുവിന്. ഒടുവിൽ അലാറം അടിക്കുന്നത് കേട്ടു അനു എഴുന്നേറ്റു..

അത്യാവശ്യം വേണ്ടാ ഡ്രസ്സ്‌ ഒക്കെ പായ്ക്ക് ചെയ്തു പപ്പയുടെയും മമ്മിയുടെയും റൂമിൽ ചെന്നു ഉറങ്ങി കിടക്കുന്ന അവരുടെ കാല് തൊട്ടു അനുഗ്രഹം മേടിച്ചു അനു. ജോമോന്റെ കൂടെ പോകുന്ന ഒരു കുറിപ്പ് മേശപ്പുറത്തും വെച്ചു..

അവരുടെ റൂമിൽ നിന്നും ഇറങ്ങി മുൻവശത്തെ വാതിൽ തുറക്കുന്നതിനായി ഹാളിലേക്ക് പെട്ടെന്ന് നടന്ന അനുവിന്റെ ബാഗിൽ പിന്നിൽ നിന്നു ആരോ പിടിച്ചു വലിച്ചു. അനു പേടിച്ചു വിറച്ചു കൊണ്ടു പതിയെ പുറകിലേക്ക് തിരിഞ്ഞു...
                                           (തുടരും)

പേടിയോടെ അനു പതിയെ തല പുറകിലേക്ക് തിരിച്ചു. ഇന്നത്തോടെ തന്റെ സ്വപ്‌നങ്ങൾ അവസാനിച്ചെന്ന് കരുതി തിരിഞ്ഞു നോക്കിയ അനുവിന് പെട്ടെന്നാണ് ശ്വാസം നേരെ വീണത്...

ബാഗിന്റെ വള്ളി ഹാളിൽ കിടക്കുന്ന കസ്സേരയിൽ കുടുങ്ങിയതായിരുന്നു. ഒരു നിമിഷം തന്റെ ജീവൻ തിരിച്ചു കിട്ടിയത് പോലെ അനുവിന് തോന്നി.....

വേഗം തന്നെ ബാഗിന്റെ വള്ളി കസ്സേരയിൽ നിന്നും മാറ്റിയിട്ട് അനു സാവധാനം മുൻവശത്തെ വാതിൽ തുറന്നു പുറത്തിറങ്ങി...

പ്രതീക്ഷിച്ചത് പോലെ തന്നെ ജോമോൻ കാറുമായി പുറത്തു തന്നെ നിക്കുന്നുണ്ടായിരുന്നു....

അനുവിന്റെ മുഖം കണ്ടിട്ട് നല്ല ടെൻഷൻ ഉള്ളത് പോലെ തോന്നുന്നല്ലോ...

പിന്നെ ഇല്ലാതിരിക്കുമോ... ഇവിടെ നിന്നു സംസാരിക്കുന്നത് അത്ര പന്തി അല്ല ചേട്ടാ. ആരെങ്കിലും കണ്ടാൽ തീർന്നു...

താൻ വേഗം കാറിൽ കയറു.....

അനു ഉടൻ തന്നെ ഡോർ തുറന്നു കാറിൽ കയറി. ജോമോൻ പെട്ടെന്ന് തന്നെ കാർ സ്റ്റാർട്ട്‌ ചെയ്തു ഓടിച്ചു പോയി.....

                      **********

പിറ്റേന്ന് ജേക്കബ് ഇച്ചായന്റെ വീട് മരണ വീടിനു തുല്യം ആയിരുന്നു. അനുവിന്റെ കത്ത് അവർക്ക് കിട്ടിയിരുന്നു. അത് വായിച്ചത് മുതൽ ആനി ടീച്ചർ കരച്ചിലാണ്....

ഇച്ചായാ... എനിക്ക് അവളെ കാണണം...

നീ ഇങ്ങനെ കരയാതിരിക്ക് ആനി.. നമുക്ക് എന്തെങ്കിലും ഒരു വഴി ഉണ്ടാക്കാം...

എന്നാലും... അവൾക്കു നമ്മളോടിത് ചെയ്യാൻ തോന്നിയല്ലോ ഇച്ചായാ....

ഒന്നേ ഉള്ളെന്ന് കരുതി ലാളിച്ചു വളർത്തിയതിന്റെ ആടി... അപ്പോഴേക്കും ജേക്കബ് ഇച്ചായന്റെ കണ്ണുകളും നിറഞ്ഞിരുന്നു...

ആനി ടീച്ചർ കരച്ചിൽ നിർത്തി സാവധാനം ജേക്കബ് ഇച്ചായന്റെ അടുത്ത് ചെന്നിരുന്നു...

നമുക്ക് അവളെ അന്വേഷിക്കണ്ടേ ഇച്ചായാ..

ഞാൻ എവിടെ പോയി അന്വേഷിക്കാൻ ആ. അവളുടെ കൂട്ടുകാരി ശരണ്യ പറഞ്ഞത് നീയും കേട്ടതല്ലേ.അനുവിന് അങ്ങനെ ഒരു പയ്യനോട് ഇഷ്ടം ഉള്ള കാര്യം അവൾക്കു അറിയില്ല എന്ന്....

എന്നാലും.... എന്റെ മോൾക്ക്‌ ഒന്നും പറ്റാതിരുന്നാൽ മതിയായിരുന്നു....

നീ ഒന്ന് സമാധാനം ആയിരിക്കെടി.അവർ കല്യാണം കഴിഞ്ഞാൽ നേരെ ഇങ്ങോട്ട് ആയിരിക്കും വരുന്നത്...

എന്നാൽ ഞാൻ അവളെ ഈ വീട്ടിൽ കയറ്റത്തില്ല....

എത്ര നാൾ നീ മോളോട് ഇങ്ങനെ ദേഷ്യം കാണിക്കും. നിനക്ക് തന്നെ ഒരു അനുഭവം ഇല്ലേ ആനി. ഇത്രേം വർഷം കഴിഞ്ഞിട്ടും കോശിച്ചായൻ തിരക്കി വരാത്തതിന്റെ വിഷമം നീ ഇപ്പോഴും എന്നോട് പറയാറില്ലേ. നമ്മൾ പണ്ട് കുറേ അലഞ്ഞത് പോലെ നമ്മുടെ മോളെയും കണ്ട വഴി ഒക്കെ അലയാൻ വിടണം എന്നാണോ നീ പറയുന്നത്....

ഇച്ചായൻ അവൾ ചെയ്ത തെറ്റിനെ ന്യായീകരിക്കുവാണോ....

അല്ല ആനി. നമ്മളും പണ്ട് ഒന്നാകാൻ വേണ്ടി ഇത് പോലൊരു എടുത്തു ചാട്ടം നടത്തിയത് നീ ഓർത്തു നോക്ക്. ഇപ്പൊ നമ്മുടെ മോളും അതെ ചെയ്തിട്ടുള്ളു.

മറുപടി പറയാതെ ആനി ടീച്ചർ ഇരുന്നു കരഞ്ഞു. സാവധാനം ജേക്കബ് ഇച്ചായൻ ആനി ടീച്ചറിന്റെ മുഖം തന്റെ മാറിലേക്ക് വെച്ചു....

ക്ഷമിക്ക് ആനി..നമ്മുടെ മോളല്ലേ. അവൾക്കൊരു തെറ്റ് പറ്റിയതാകും. അത് ക്ഷെമിച്ചു അവൾക്കു മാപ്പ് കൊടുക്കേണ്ടത് നമ്മൾ അല്ലേ...

പെട്ടെന്നാണ് ജേക്കബ് ഇച്ചായന്റെ ഫോൺ റിംഗ് ചെയ്തത്. നോക്കിയപ്പോൾ പരിജയം ഇല്ലാത്ത നമ്പർ ആയിരുന്നു.

ഹലോ...

ഹലോ.. ജേക്കബ് സാർ അല്ലേ..

അതെ.. ആരാ...

സാർ ഞാൻ കാനറാ ബാങ്ക് മാനേജർ ഗിരി ആണ്. സർ എന്നെ ഓർക്കുന്നില്ലേ. കുറച്ചു ദിവസം മുൻപ് ഞാൻ സാറിനു ഒരു ലോൺ പാസ്സാക്കി തന്നിരുന്നു...

ഓഹ്.. ഗിരിധർ അല്ലേ.. ഇപ്പൊ ആളെ മനസ്സിലായി..എന്താ വിശേഷിച്ചു...

സാറിനോട് ഒരു കാര്യം പറയാൻ വേണ്ടി വിളിച്ചതാ...

എന്താടോ.. പറഞ്ഞോ...

സാറിന്റെ മോളും ആ പയ്യനും എന്റെ വീട്ടിൽ ഉണ്ട്...

എന്ത്.... തന്റെ വീട്ടിലോ.. ഇരുന്നിടത്തു നിന്ന് ചാടി എഴുന്നേറ്റു ജേക്കബ് ഇച്ചായൻ...

സാർ ടെൻഷൻ ആകണ്ട.. അവരുടെ കല്യാണം ഒന്നും കഴിഞ്ഞിട്ടില്ല. സാറും മാഡവും കൂടി ഒന്നിവിടെ വരെ വന്നാൽ കൊള്ളായിരുന്നു..

ഞാൻ ഇപ്പൊ തന്നെ വരാമെന്നു പറഞ്ഞു ജേക്കബ് ഇച്ചായൻ ഫോൺ കട്ട്‌ ചെയ്തു...

അരമണിക്കൂർ കൊണ്ടു അവർ ഗിരിയുടെ വീട്ടിൽ എത്തി. അവരുടെ വരവും പ്രതീക്ഷിച്ചു ഗിരി പുറത്തു തന്നെ നിൽക്കുന്നുണ്ടായിരുന്നു...

എവിടെ.. എവിടെടോ എന്റെ മോള്...

അവർക്ക് ഒരു കുഴപ്പവും ഇല്ല.അവർ ദേ ഹാളിൽ ഇരിപ്പുണ്ട്...

ഹാളിലേക്ക് കയറി ചെന്ന അവർ അവിടെ ഇരുന്നു കരയുന്ന അനുവിനെ കണ്ടു.. പപ്പയെ കണ്ട അനു വേഗം ജേക്കബ് ഇച്ചായന്റെ അടുത്തേക്ക് ചെന്നു കെട്ടിപിടിച്ചു കരഞ്ഞു.....

അഹ്.... പോട്ടെ മോളെ കരയണ്ട...

എന്നോട് ക്ഷമിക്ക് പപ്പാ.. അനുമോൾക്ക് ഒരു തെറ്റ് പറ്റിയതാ....

അത് പപ്പയ്ക്ക് മനസ്സിലായി..മോള് കരയാതിരിക്ക്...

ജേക്കബ് ഇച്ചായൻ അനുവിനെ ഒരു കസേരയിൽ കൊണ്ടു ഇരുത്തി. എന്നിട്ട് ജോമോന്റെ അടുത്തേക്ക് ചെന്നു..

ജോമോൻ അല്ലേ..

മ്മ്. അതെ.. വിറച്ചു കൊണ്ടു ജോമോൻ മറുപടി പറഞ്ഞു...

ജോമോനും ഗിരിയും തമ്മിൽ എങ്ങനെ ആ പരിജയം...

അതിനുള്ള മറുപടി പറഞ്ഞത് ഗിരി ആയിരുന്നു...

ഞാനും ജോമോനും തമ്മിൽ പരിജയം ഇല്ല.അവരെ ഇങ്ങോട്ട് കൊണ്ടു വന്നത് വേറെ ഒരാളാണ്...

അതാരാ.. ജേക്കബ് ഇച്ചായൻ അമ്പരപ്പോടെ ചോദിച്ചു..

അതിനുള്ള മറുപടി പറയാൻ നിക്കാതെ ഗിരി സൈഡിൽ കാണുന്ന റൂമിലേക്ക്‌ നോക്കി. ഉടനെ തന്നെ ആ റൂമിൽ നിന്നും ഒരു മനുഷ്യൻ ഇറങ്ങി വന്നു. അയാളെ കണ്ടതും ആനി ടീച്ചർ വിറയാർന്ന ശബ്ദത്തോടെ പറഞ്ഞു..

"കോശിച്ചായൻ"

പെട്ടെന്ന് കോശിച്ചായനെ കണ്ടതോടെ ജേക്കബ് ഇച്ചായനും ഞെട്ടിയിരുന്നു. കോശിച്ചായൻ നടന്നു അവരുടെ മുൻപിൽ വന്നു നിന്നു...

അച്ചായാ... വിതുമ്പി കൊണ്ടു ആനി ടീച്ചർ വിളിച്ചു...

അതെ കോശിച്ചായൻ തന്നെ. അപ്പൊ എന്നെ എന്റെ പുന്നാര പെങ്ങൾ മറന്നിട്ടില്ലല്ലേ...

അച്ചായാ.. അത്.. ഞാൻ... വാക്കുകൾ കിട്ടാനാകാതെ ആനി ടീച്ചർ കരഞ്ഞു..

താൻ എന്താടോ ജേക്കബേ.. എന്നെ കണ്ടിട്ട് അന്തം വിട്ട് നിക്കുന്നത്..

മറുപടി പറയാതെ ജേക്കബ് ഇച്ചായൻ കോശിച്ചായന്റെ മുഖത്തേക്ക് തന്നെ നോക്കി..

ഓഹ്. ഞാനും ജോമോനും തമ്മിൽ എങ്ങനെ ആ പരിജയം എന്നല്ലേ താൻ ഇപ്പൊ ആലോചിക്കുന്നത് ജേക്കബേ..

മ്മ്.. അതെ അച്ചായാ...

എല്ലാത്തിനും ഉള്ള മറുപടി ഞാൻ പറയാം. അതിനു മുൻപ് എനിക്ക് എന്റെ പെങ്ങളോട് കുറച്ചു സംസാരിക്കാൻ ഉണ്ട്..

സ്വന്തം മോൾ നിങ്ങളോട് ഇങ്ങനെ കാണിച്ചപ്പോൾ നിനക്ക് സങ്കടം സഹിക്കാൻ പറ്റുന്നില്ലല്ലേ ആനി..

അച്ചായാ.. എന്നോട്...

നീ ഒന്നും പറയണ്ട. കുഴിച്ചു മൂടിയ കാര്യങ്ങൾ വീണ്ടും ചികഞ്ഞെടുക്കാൻ വേണ്ടി വന്നതല്ല ഞാൻ. 23 വർഷം സ്നേഹിച്ച മകൾ ഒരു പുരുഷന്റെ കൂടെ ഇറങ്ങി പോയപ്പോൾ അമ്മ ഇല്ലാതെ വളർന്ന നിനക്ക് ഒരു അമ്മയുടെ സ്നേഹം തന്നു വളർത്തി വലുതാക്കി പഠിപ്പിച്ചു ഒടുക്കം നീ 25 വർഷം മുൻപ് ഇവന്റെ കൂടെ ഇറങ്ങി പോയപ്പോൾ ഞാൻ അനുഭവിച്ച വേദന നിനക്ക് ഊഹിക്കാൻ ഇനിയെങ്കിലും പറ്റുമല്ലോ അല്ലേ...

മറുപടി പറയാനാകാതെ ആനി ടീച്ചർ പൊട്ടി കരഞ്ഞു...

കഴിഞ്ഞ 25 വർഷം ഞാൻ കാത്തിരുന്നു.എന്റെ പുന്നാര പെങ്ങൾ എന്നെ അന്വേഷിച്ചു വരുമെന്ന്. പക്ഷെ കണ്ടില്ല.. നിങ്ങളെ അന്വേഷിച്ചു എനിക്ക് വരണം എന്നുണ്ടായിരുന്നു. പക്ഷെ എന്റെ ഈഗോ അതിനു എന്നെ അനുവദിച്ചില്ല..

ഇനി ഞാനും ജോമോനും തമ്മിൽ ഉള്ള ബന്ധം... ഞാൻ ഇവനെ പരിചയപ്പെടുന്നത് ഇന്നലെ ആണ്. അനുവിൽ നിന്ന് നിങ്ങളുടെ കാര്യങ്ങൾ അറിഞ്ഞ ഇവൻ എന്നെ കാണാൻ ഇന്നലെ എന്റെ ഓഫീസിൽ വന്നിരുന്നു..

ജേക്കബ് ഇച്ചായൻ തല തിരിച്ചു ജോമോനെ ഒന്ന് നോക്കി. ജോമോൻ തല കുനിച്ചു നിൽക്കുകയായിരുന്നു...

ഇവൻ മനസ്സിൽ നന്മ ഉള്ള പയ്യനാ ജേക്കബേ. അത് കൊണ്ടാണ് നിങ്ങൾ ഇനി അനുവിനെ തിരക്കി വന്നില്ലെങ്കിലോ എന്നുള്ള പേടി കൊണ്ടു ഇവൻ എന്നെ തിരക്കി വന്നത്. അവനു ആരുടേയും കണ്ണു നിറയാതെ അനുവിനെ സ്വന്തമാക്കണം എന്നെ ഉള്ളു. ഇതെല്ലാം നിങ്ങളോട് തുറന്നു പറയാൻ ആ ഇപ്പൊ ഇങ്ങോട്ട് വിളിപ്പിച്ചത്...

അനുമോൾ ഒന്നിങ്ങു വന്നേ.. കസ്സേരയിൽ ഇരിക്കുകയായിരുന്ന അനുവിനെ കോശിച്ചായൻ വിളിച്ചു..

മോളെ ഇഷ്ട്ടപ്പെട്ട ആളെ വിവാഹം കഴിക്കുന്നതിൽ തെറ്റില്ല. പക്ഷെ അതിനു ജന്മം തന്നവരുടെ അനുഗ്രഹം കൂടി ഉണ്ടാകണം.എല്ലാവരും ചേർന്നുള്ള കല്യാണത്തിനെ ഒരു സുഖം ഉണ്ടാകു.അങ്ങനെ ഉള്ള ഒത്തു ചേരലിനെ ഒരു സന്തോഷം ഉണ്ടാകു...

അങ്കിളേ... എനിക്കൊരു തെറ്റ് പറ്റിയതാ..

അത് അങ്കിളിനു അറിയാം. ഇന്നത്തെ കാലത്തെ ഭൂരിഭാഗം പെൺകുട്ടികളും പ്രേമം ഉള്ള കാര്യം വീട്ടിൽ പറയാതെ നേരെ ഒളിച്ചോടുകയാണ് ചെയ്യുന്നത്. അതാണ് ഇപ്പൊ മോളും എന്റെ പെങ്ങളും ചെയ്തത്.

അവർ അവരുടെ സന്തോഷം തേടി പോകുമ്പോൾ അതിൽ എരിഞ്ഞു തീരുന്ന ഒരുപാട് ജീവിതങ്ങൾ വേറെ ഉണ്ടെന്ന് അവർ ഓർക്കുന്നില്ല..

സ്നേഹിക്കുന്ന ആളിനെ പറ്റി വീട്ടിൽ ഒന്ന് പറഞ്ഞു നോക്കു. നിങ്ങളെ ജീവനെ പോലെ സ്നേഹിക്കുന്ന നിങ്ങളുടെ സന്തോഷം ആഗ്രഹിക്കുന്ന മാതാപിതാക്കൾ ആണെങ്കിൽ തീർച്ചയായും അതിനു അവർ സമ്മതിക്കും..

പിന്നെ ചില മാതാപിതാക്കൾ അതിനെ എതിർക്കുന്നത്.. കഷ്ട്ടപ്പെട്ടു വളർത്തി വലുതാക്കിയ മക്കളുടെ കാര്യത്തിൽ തീരുമാനം എടുക്കാൻ അവർക്കും കാണില്ലേ ആഗ്രഹം...

മറുപടി പറയാതെ എല്ലാവരും തല കുനിച്ചു നിന്നു. കോശിച്ചായൻ അനുവിനെയും ജോമോനെയും തന്നോട് ചേർത്ത് നിർത്തിയിട്ടു ജേക്കബ് ഇച്ചായനോട് പറഞ്ഞു..

ജേക്കബേ.. സ്നേഹബന്ധത്തിന്റെ വില മറ്റാരേക്കാളും നന്നായി നിങ്ങൾ രണ്ടു പേർക്കും അറിയാമല്ലോ. അത് കൊണ്ടു ഇവരുടെ ആഗ്രഹങ്ങൾക്കും നിങ്ങൾ എതിര് നിൽക്കില്ലെന്നു ഞാൻ കരുതുന്നു. എന്താ അങ്ങനെ അല്ലേ ആനി.....

അവരുടെ സന്തോഷം എന്താണോ അച്ചായാ അത് തന്നെ ആ ഞങ്ങളുടെ സന്തോഷം..

അത് കേട്ടതോടെ ഒരു നിമിഷം അനുവിന്റെയും ജോമോന്റേയും മുഖം ഒന്ന് തെളിഞ്ഞു..

മോൻ ഒരു ദിവസം വീട്ടുകാരെയും കൂട്ടി ഞങ്ങളുടെ വീട്ടിലേക്കു വാ. ബാക്കി ഒക്കെ നമുക്ക് അപ്പൊ തീരുമാനിക്കാം..

ശരി അച്ഛാ. ഞങ്ങൾ വരാം..

അപ്പൊ എന്റെ റോൾ കഴിഞ്ഞു. എന്നാ ഞാൻ ഇനി ഇറങ്ങുവാ. ഉച്ച കഴിഞ്ഞു കോടതിയിൽ പോകണം..

ഞാൻ ഇറങ്ങുവാ ആനി. തിരക്കൊക്കെ കഴിഞ്ഞു ഞാൻ ഒരു ദിവസം അങ്ങോട്ടേക്ക് ഇറങ്ങാം... എന്റെ പെങ്ങളോട് അച്ചായന് ഒരു ദേഷ്യവും ഇല്ല..

ആനി ടീച്ചർ കോശിച്ചായനെ കെട്ടിപിടിച്ചു കരഞ്ഞു...

എല്ലാവരോടുമായി യാത്ര പറഞ്ഞു കോശിച്ചായൻ അവിടെ നിന്നും ഇറങ്ങി. പെട്ടെന്നാണ് എന്തോ കാര്യം ഓർത്തത് പോലെ ജേക്കബ് ഇച്ചായൻ ഇപ്പൊ വരാമെന്നു പറഞ്ഞു കോശിച്ചായന്റെ പുറകെ ഓടിയത്..

കാറിൽ കയറാൻ തുടങ്ങുവായിരുന്നു കോശിച്ചായൻ..

അച്ചായാ.. പോവല്ലേ.. ഒരു കാര്യം കൂടി പറയാൻ ഉണ്ട്..

എന്താ ജേക്കബേ..

അല്ല അച്ചായൻ നേരത്തെ എന്നെ ഒരുപാട് സഹായിച്ചിട്ടില്ലേ. അതിനൊരു നന്ദി പറയാൻ വേണ്ടി വന്നതാ..

താൻ എന്താടോ പറയുന്നത്...

വീണിടത്തു നിന്നു ഉരുളണ്ട അച്ചായാ. പണ്ട് പല തവണ എനിക്ക് കാശിനു ആവശ്യം വന്നപ്പോഴും അച്ചായൻ പറഞ്ഞു വിട്ട ആളുകൾ അല്ലേ എന്നെ സഹായിച്ചത്..

ഏയ് താൻ എന്തോ തെറ്റിദ്ധരിച്ചതാ.. 25 വർഷം കഴിഞ്ഞു ഞാൻ നിങ്ങളെ ഇപ്പോഴാ കാണുന്നത് തന്നെ.. ഒരു വിധത്തിൽ കോശിച്ചായൻ പറഞ്ഞൊപ്പിച്ചു.

ഓഹോ അച്ചായൻ എത്ര നേരം നുണ പറഞ്ഞു പിടിച്ചു നിൽക്കും...

സത്യം പറയുന്നത് എങ്ങനെ ആടോ നുണ ആകുന്നത്..

ഞാൻ ഈ ഗിരിയുടെ ബാങ്കിൽ മുൻപ് പല തവണ അപേക്ഷിച്ചിട്ടും എനിക്ക് ലോൺ കിട്ടിയില്ല. പെട്ടെന്നാണ് ഒരു ദിവസം ഗിരി എന്നെ വിളിച്ചു പറയുന്നത് സാറിന്റെ ലോൺ റെഡി ആയിട്ടുണ്ടെന്നു.

അല്ല അതും ആയി ഇതിനെന്താ ബന്ധം..

അച്ചായൻ ഒന്ന് ക്ഷമിക്ക്. ഞാൻ മുഴുവനും പറയട്ടെ. ഗിരി പെട്ടെന്ന് എന്താ ലോൺ ശരിയാക്കി തന്നതെന്ന് ഞാൻ അന്വേഷിച്ചപ്പോൾ ആരോ എനിക്ക് വേണ്ടി റെക്കമെന്റ് ചെയ്തിട്ടുണ്ടെന്ന് ഞാൻ അറിഞ്ഞു...

ഓഹോ.അപ്പൊ ജേക്കബ് കരുതി ഇതിന്റെ പുറകിൽ ഞാൻ ആണെന്ന്. തന്നെ എത്രയോ പേർക്ക് പരിജയം ഉള്ളതാ. അവരിൽ ആരെങ്കിലും ആയിക്കൂടെ..

എങ്കിൽ പിന്നെ എന്റെ ഒരു സംശയത്തിന് മറുപടി കൂടി പറഞ്ഞാൽ മതി അച്ചായൻ.

എന്താ അത്..

ഈ ഗിരിയെ ജോമോന് യാതൊരു പരിചയവും ഇല്ല. അത് ഗിരി തന്നെ എന്നോട് പറഞ്ഞതാ. അവരെ മറ്റൊരാൾ ആ ഇങ്ങോട്ട് കൊണ്ടു വന്നതെന്ന്.. അതായത് അച്ചായൻ... ഗിരി ആയിട്ട് അത്ര നല്ല പരിജയം ഉള്ളത് കൊണ്ടു മാത്രം ആണല്ലോ അച്ചായൻ അവരെ വിശ്വസിച്ചു ഇങ്ങോട്ട് കൊണ്ടു വന്നത്. അല്ലാതെ ഒരു പരിജയം ഇല്ലാത്ത ആളുകളെ ഗിരി വീട്ടിൽ വിളിച്ചു കയറ്റില്ലല്ലോ..

ചിരിച്ചു കൊണ്ടു മറുപടി പറഞ്ഞു കൊണ്ടിരുന്ന കോശിച്ചായന്റെ മുഖത്തു നിന്നു ഒരു നിമിഷം ചിരി മാഞ്ഞു..

ഇത്രയും കാര്യങ്ങൾ ഒന്ന് കൂട്ടിക്കിഴിച്ചു നോക്കിയാൽ അച്ചായൻ ആ ഞങ്ങളെ സഹായിച്ചതെന്ന് മനസ്സിലാക്കാൻ അത്ര വലിയ പഠിപ്പൊന്നും വേണ്ടാ.. ഇനി പറ.... അച്ചായൻ തന്നെ അല്ലേ അത്??

അതിനുള്ള മറുപടി പറയാതെ കോശിച്ചായൻ ജേക്കബ് ഇച്ചായന്റെ കൈയ്യിൽ രണ്ടും കൂട്ടി പിടിച്ചു. ആ കണ്ണുകൾ നിറയുന്നത് ജേക്കബ് ഇച്ചായൻ കണ്ടു..

എന്നിട്ട് സാവധാനം കാറിന്റെ അടുത്തേക്ക് നീങ്ങി ഡോർ തുറന്നു ഉള്ളിൽ കയറുന്നതിനു മുൻപ് ജേക്കബ് ഇച്ചായനെ നോക്കി ഒന്ന് പുഞ്ചിരിച്ചു കോശിച്ചായൻ..

ആ പുഞ്ചിരിയിൽ ജേക്കബ് ഇച്ചായൻ കണ്ടു.. പെങ്ങളോടുള്ള സ്നേഹവും തന്റെ ചോദ്യത്തിനുള്ള മറുപടിയും.....
                                (അവസാനിച്ചു )

ശ്രീജിത്ത്‌ അച്ചൂസ്

⭕ഈ സ്റ്റോറിയുടെ pdf file വേണ്ടവർ mail ചെയ്യുക⭕

kissakaludesulthan@gmail.com

🔵READ MORE STORIES VISIT BLOG🔵

kissakaludesulthan.blogspot.com

💠💠💠💠💠

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്