ഒളിച്ചോട്ടത്തിന് ശേഷം

💚ഒളിച്ചോട്ടത്തിനു ശേഷം💚
***********************
Full Part
            **************

ഇരുപത്തി മൂന്നു തികഞ്ഞ ഞാൻ സ്നേഹിച്ച പെണ്ണിനേയും വിളിച്ചു വീടിന്റെ ഗേറ്റ് കടന്നു മുറ്റത്തേക്ക് കേറുമ്പോൾ നിലവിളക്കും കൊളുത്തി അമ്മയുo പെങ്ങളും തന്നെ അകത്തേക്ക് ആനയിക്കുമെന്നൊന്നും പ്രതീക്ഷ ഇല്ലായിരുന്നു. 

അവളുടെ കയ്യും പിടിച്ചു അകത്തേക്ക് നടക്കുമ്പോൾ ഉള്ളിൽ ഭയമുണ്ടായിരുന്നു എങ്കിലും ഞാൻ അത് പുറത്തു കാണിച്ചില്ല.  കൂടിറങ്ങി വന്നവൾ നിറയുന്ന കണ്ണാലെ എന്റെ കയ്യിൽ മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു.

എന്നെ പെണ്ണുകാണാൻ ഓരോരുത്തർ വന്നു തുടങ്ങി.  അച്ഛൻ ആരുടെയെങ്കിലും തലയിൽ എന്നെ കെട്ടിവെക്കും.  അങ്ങനെ ഉണ്ടായാൽ പിന്നെ ഞാൻ ജീവനോടെ കാണില്ല,  എങ്ങോട്ട് വിളിച്ചാലും ഇറങ്ങി വരാം എന്ന് പറഞ്ഞപ്പോൾ വേറൊന്നും ചിന്തിച്ചില്ല.  നൈസായിട്ടങ്ങു ഒഴിവാക്കാനല്ല അവളെ സ്നേഹിച്ചത്.  ജീവിതകാലം മുഴുവനും കൂടെ ചേർത്ത് നിർത്താനായിരുന്നു.

ഒടുവിൽ അവളെ വിളിച്ചിറക്കി വരുമ്പോഴും പേരിനൊരു ജോലി ഇല്ലാത്ത,  ഇപ്പോഴും അച്ഛന്റെ ചിലവിൽ ജീവിക്കുന്ന എനിക്ക്  കടക്കാൻ കടമ്പകൾ ഏറെയുണ്ടായിരുന്നു.

ആരാ എന്നുള്ള അച്ഛന്റെ ചോദ്യം കേട്ടാണ് ചിന്തകളിൽ നിന്നും ഉണർന്നത്.

ഞാനാ അച്ഛാ അഭി..

അത് മനസിലായി കൂടുള്ളത് ആരാ?  ഓഹ് കൂടെ പഠിക്കുന്ന കൊച്ചായിരിക്കും അല്ലേ?

അച്ഛൻ അത് ചോദിക്കുമ്പോൾ അവളെന്നെ ദയനീയതയോടെ നോക്കുന്നുണ്ടായിരുന്നു.  അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.
അച്ഛാ ഇത് ആനി.   ഞാൻ സ്നേഹിച്ച പെണ്ണാ.  എനിക്കവളെ ഇറക്കിക്കൊണ്ടു പോരേണ്ടി വന്നു എന്ന് സർവ ധൈര്യവും എടുത്തു പറഞ്ഞു നിർത്തിയപ്പോൾ ഒരടി മുഖത്തു വീണതും അടിയുടെ ഊക്കിൽ താഴേക്കു വീണതും ഒരുമിച്ചായിരുന്നു.

വിളിച്ചിറക്കി ഇങ്ങോട്ട് കൊണ്ടുവന്നതിന്റെ ഉദ്ദേശം?  ഇവിടെ നീയായിട്ടു വല്ലതും ഉണ്ടാക്കി വെച്ചിട്ടുണ്ടോടാ നായെ?
എന്ന് അച്ഛൻ അലറി ചോദിക്കുമ്പോൾ അവൾ പേടികൊണ്ടു പുറകോട്ടു മാറി നിന്ന് വിതുമ്പുന്നുണ്ടായിരുന്നു.

അച്ഛന്റെ ശബ്ദം കേട്ടിട്ടാകണം അമ്മയും പെങ്ങളും ഇറങ്ങി വന്നത്. .

എന്താ ഏട്ടാ പ്രശ്നം എന്ന് അമ്മ ചോദിക്കുമ്പോൾ അച്ഛൻ എന്റെ നേരെ വിരൽ ചൂണ്ടി പറയുന്നുണ്ടായിരുന്നു.  ദേ നിന്റെ പൊന്നോമന മോൻ ഏതോ ഒരുത്തിയേയും വിളിച്ചു വന്നിട്ടുണ്ട് എന്ന്.
എന്റെ ചിലവിൽ തിന്നു എല്ലിന്റെ ഇടയിൽ കയറി ഓരോന്ന് കാണിച്ചിട്ടു അവൻ ഇങ്ങോട്ട് വന്നേക്കുന്നു. അത് പറഞ്ഞു കഴിഞ്ഞും തന്നു ഒരെണ്ണം..
ഇന്നത്തോടെ തീർന്നു.  ഇറങ്ങിക്കോണം.  എനിക്കിങ്ങനെ ഒരു മകനില്ല എന്ന് അച്ഛൻ പറയുമ്പോൾ എന്റെ നോട്ടം മുഴുവനും അമ്മയുടെ മുഖത്തോട്ടായിരുന്നു.

അച്ഛനെ അനുസരിച്ചു മാത്രം ശീലമുള്ള അമ്മ.  അമ്മയുടെ മുഖത്ത് അപ്പോൾ എന്നോടുള്ള ദേഷ്യം ആയിരുന്നോ അതൊ നിസ്സഹായകത ആയിരുന്നോ. 

അമ്മ അവളെ നോക്കുന്നുണ്ട്. 

ഇറങ്ങിപ്പോടാ നായെ എന്ന് പറഞ്ഞു എന്നെ പിടിച്ചു തള്ളുമ്പോഴും നിറഞ്ഞ കണ്ണാൽ എന്റെ പെങ്ങൾ കൈകൊണ്ടു ചേട്ടത്തി അമ്മ കൊള്ളാം എന്നുള്ള ഭാവത്തിൽ കൈകൊണ്ടു ആംഗ്യം കാണിക്കുന്നുണ്ടായിരുന്നു

അതെ ഇന്നലെ വരെയും അച്ഛന്റെ തണലിലായിരുന്നു ജീവിതo.   ഇനിയും അച്ഛന്റെ തണലിൽ കഴിയാം എന്നുള്ള ആഗ്രഹം ഇല്ലായിരുന്നു.  കാരണം എന്റെ അച്ഛനെ ഞാൻ അത്രത്തോളം മനസിലാക്കിയിരുന്നു.  കർക്കശക്കാരൻ.  അച്ഛന്റെ വാക്കുകളാണ് പലപ്പോഴും കുടുമ്പത്തിലെ അവസാന വാക്ക്. 

പെങ്ങൾക്ക് ബാംഗ്ലൂരിൽ പഠിക്കാൻ പോകണം എന്ന് പറഞ്ഞപ്പോൾ അച്ഛൻ അവളെ ഒന്നേ നോക്കിയിരുന്നുള്ളൂ. 

കൂട്ടുകാരെപ്പോലെ ചെത്തി നടക്കാൻ എനിക്കും ഒരു പുതിയ ബൈക്ക് വേണം എന്ന് പറഞ്ഞപ്പോൾ ഇന്ന് മുതൽ ബസിൽ കോളേജിൽ പോയാൽ മതി എന്ന് പറഞ്ഞ അച്ഛൻ.

എന്നെ തല്ലി ദേഷ്യം തീരാതെ വന്നതുകൊണ്ടാകാം അച്ഛൻ അവളുടെ നേരെ കൈ ഓങ്ങിയത്. 
പക്ഷെ അച്ഛന്റെ കൈ തടഞ്ഞുകൊണ്ട് അവൾക്കാദ്യമായി സംരക്ഷണം നൽകിയപ്പോൾ അച്ഛന്റെ തീ പാറുന്ന നോട്ടത്തിൽ ഞാൻ ചൂളിപ്പോയിരുന്നു.  ഒടുവിൽ അവളുടെ കൈപിടിച്ച് കയറിയ പടികൾ തിരിച്ചിറങ്ങുമ്പോൾ പുറകിൽ നിന്നും അമ്മയുടെയും പെങ്ങളുടെയും അടക്കിപ്പിടിച്ചുള്ള കരച്ചിലും കൂടെ എന്തിനാടി കരയുന്നത് നിന്റെ ആരെങ്കിലും ചത്തോ എന്നുള്ള അച്ഛന്റെ ചോദ്യവും അവിടെ ബാക്കിയായി

പടികൾ ഇറങ്ങുമ്പോൾ അച്ഛൻ ഉച്ചത്തിൽ പറയുന്നുണ്ടായിരുന്നു ഇനി നീ അനുഭവിക്കാൻ കിടക്കുന്നതെ ഉള്ളെന്നു   അച്ഛന്റെ ശാപം പേറുന്ന വാക്കുകളിൽ എനിക്ക് ഭയമില്ലായിരുന്നു  .  കാരണം എന്റെ അമ്മയുടെ അനുഗ്രഹവും പ്രാർത്ഥനയും അതിലും മേലെ ഉണ്ടെന്നുള്ള വിശ്വാസം എന്നിലുണ്ടായിരുന്നു.

അവളുടെ കൈപിടിച്ച് ഗേറ്റ് കടന്നു നടക്കുമ്പോൾ ഇനിയെന്ത് എന്നുള്ള ചിന്ത എന്നെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു....

കൂട്ടുകാരുടെ വീട്ടിൽ പോകാം എന്ന് കരുതിയാൽ  ഒരു പരിധി കഴിഞ്ഞാൽ അവർക്കുമൊരു ബാധ്യത ആയിത്തുടങ്ങും.

അവളുമായി നേരെ പോയത് ഒരു ബീച്ചിലേക്കായിരുന്നു.  ഞങ്ങളൾ പലപ്പോഴും അവിടെ പോയിട്ടുണ്ടെങ്കിലും ഇന്നെന്തോ ഒരു പ്രത്യേകത ഉള്ളത്പോലെ.  കാറ്റിൽ മുടികൾ മുഖത്തേക്ക് പറന്നു  നടക്കുന്ന അവളെ കാണാൻ വല്ലാത്ത മൊഞ്ചുള്ളത് പോലെ.  മെല്ലെ അവളുടെ ചാരത്തേക്കു നീങ്ങി അവളുടെ കൈകൾ പൂഴിമണ്ണോടു ചേർത്ത് പിടിക്കുമ്പോൾ അവളോട്‌ ഞാൻ പറയുന്നുണ്ടായിരുന്നു അച്ഛന്റെ മുന്നിൽ ജീവിച്ചു കാണിക്കണം എന്ന്.
അപ്പോഴും അവളുടെ കണ്ണിൽ നിന്നും ഇറ്റി വീണ കണ്ണുനീർ തുള്ളികൾ എന്റെ കയ്യിൽ പതിച്ചുകൊണ്ടിരുന്നു. 

നേരം ഇരുട്ടി തുടങ്ങിയിരുന്നു.  എങ്ങോട്ടെന്നില്ലാതെ നടന്നു തുടങ്ങി.  അവളുടെ കൈയ്യിൽ പിടിച്ചു വിശക്കുന്നുണ്ടോ എന്ന ചോദ്യത്തിനവൾ ഇല്ലെന്നു തലയാട്ടി. 

തൊട്ടടുത്തുള്ള തട്ടുകടയിൽ നിന്നും ദോശയും വാങ്ങി പൈസ കൊടുക്കാൻ നേരം അച്ഛൻ വീട്ടിലേക്കു സാധനങ്ങൾ വാങ്ങാൻ തന്നു വിട്ട 2000 ത്തിന്റെ നോട്ട് ഞങ്ങളുടെ ശപ്പിന്റെ വിലയായി നീട്ടി ബാക്കി വാങ്ങി നടക്കുമ്പോൾ മനസ്സിൽ എവിടെയോ ഒരു വിങ്ങൽ..

കുറച്ചു മുന്നോട്ടു പോയപ്പോഴാണ് വളകളും കമ്മലുകളും വിൽക്കുന്നൊരു കട കണ്ടത്.  അവളെ റോഡ് സൈഡിൽ നിർത്തി കടയിൽ പോയി 50 രൂപയ്ക്കൊരു കുരിശു മാല വാങ്ങി.

അത് പോക്കെറ്റിൽ ഇട്ടു നടത്തം തുടർന്നു  .  ഇടക്കെപ്പോഴോ കണ്മുന്നിൽ കണ്ട  വലിയ പള്ളിയുടെ മുന്നിൽ ചിരിക്കുന്ന മുഖത്തോടു കൂടിയ കന്യാ മറിയത്തിന്റെ രൂപത്തിന് മുന്നിലേക്ക്‌ അവളുടെ കൈ പിടിച്ചു നടന്നു.  എപ്പോഴോ എരിഞ്ഞു തീരാൻ മറന്ന മെഴുകുതിരികളിൽ വീണ്ടും തിരി തെളിയിച്ചു പ്രാർത്ഥിച്ചു പോക്കെറ്റിൽ കരുതിയ കുരിശു മാല അവളുടെ കഴുത്തിൽ ചാർത്തുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു. 
ആകാശത്തെ മിന്നി തിളങ്ങുന്ന താരകങ്ങൾ ഞങ്ങളെ അനുഗ്രഹിക്കുന്നുണ്ടോ എന്ന് തോന്നി

അവിടെനിന്നും ഇറങ്ങി തൊട്ടു മുന്നിൽ വന്നൊരു ബസിൽ കയറി.  എങ്ങോട്ടാ എന്നുള്ള ചോദ്യത്തിന് അവസാന സ്റ്റോപ്പ് വരെ എന്ന് പറയുമ്പോൾ കണ്ടക്ടർ ഞങ്ങളെ ഇരുത്തിയൊന്നു നോക്കി.

ഇരുളിനെ ഭേദിച്ച്കൊണ്ട്
ബസ് പല കവലകൾ കഴിഞ്ഞു മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു... അപ്പോഴും കുളിരുള്ള കാറ്റു ഞങ്ങളെയും തഴുകി എങ്ങോട്ടെന്നില്ലാതെ വീശിക്കൊണ്ടിരുന്നു

              തുടരും ❤

രണ്ടാം ഭാഗം
--------------------

അവസാന സ്റ്റോപ്പിൽ ബസ് നിർത്തിയപ്പോഴാണ് കണ്ടക്റ്റർ ദേ എത്തി ഇറങ്ങിക്കോ എന്ന് പറഞ്ഞത്.

ഇതേതു സ്റ്റോപ്പാണ് എന്ന് ചോദിച്ചപ്പോൾ അയാൾ നീരസത്തോടെ "കായംകുളം " എന്ന് പറഞ്ഞു നടന്നു നീങ്ങി. 

കായംകുളം ചരിത്രങ്ങൾ ഉറങ്ങുന്ന നാട്  .  നേരം വെളുത്തു തുടങ്ങിയിരിക്കുന്നു.  അവളെയും വിളിച്ചു ബസിൽ നിന്നും ഇറങ്ങി നടന്നു.  മഴ ചാറുന്നുണ്ട്.  സ്റ്റാൻഡിലെ വാഷ് റൂമിൽ കയറി ഒന്ന് ഫ്രഷ് ആയി. 

അപ്പോഴേക്കും വിശപ്പിന്റെ വിളി എത്തിത്തുടങ്ങിയിരുന്നു.  വീട്ടിലായിരുന്നെങ്കിൽ ഇപ്പൊ പെങ്ങൾക്കുള്ളതും കൂടി കഴിച്ചു തീർത്തേനെ.
കയ്യിൽ ഉണ്ടായിരുന്ന 2000 ൽ 200 രൂപയെ ബാക്കിയുള്ളൂ. 

അവളെ സ്റ്റാൻഡിൽ ഇരുത്തി റോഡിലേക്കിറങ്ങി.  ചുറ്റിനും കണ്ണോടിച്ചു.  തൊട്ടു മുന്നിൽ കണ്ട മൊബൈൽ കടയിൽ കയറി കയ്യിലിരുന്ന മാമൻ വാങ്ങിത്തന്ന സാംസങിന്റെ ഫോൺ കൊടുത്തു കിട്ടിയ വിലക്ക് വിറ്റു.

അവളുടെ കൈ പിടിച്ചു നടക്കുന്ന കൂട്ടത്തിലാണ് വീട് വാടകക്ക് എന്നൊരു ബോർഡ് കണ്ടത്.  അവളുടെ ഫോൺ വാങ്ങി ആ നമ്പറിൽ വിളിച്ചു.

അവളുടെ എന്റെ ഫോൺ എന്തെ എന്നുള്ള ചോദ്യം ഞാൻ കേട്ടില്ല എന്ന് നടിച്ചു.  വിളിച്ച നമ്പറിൽ നിന്നുള്ള  ആൾ വന്നു.  കുറച്ചു ദൂരം മാറി ഒരു വീട് കാണിച്ചു തന്നു.  കൊള്ളാം രണ്ടു റൂമുകളോടും,  ഒരു അടുക്കള, ബാത്രൂം ഇവ അടങ്ങിയ കൊച്ചൊരു വീട്.  കയ്യിൽ ഇരുന്ന ക്യാഷ് അഡ്വാൻസ് ആയിക്കൊടുത്തു താക്കോൽ വാങ്ങി.

വീടിനകത്തേക്ക് കയറി.  എല്ലാം വൃത്തിയായി കിടക്കുന്നു.  ആരോ അടുത്ത്  താമസിച്ചു ഒഴിഞ്ഞ വീടാണ് എന്ന് തോന്നുന്നു. 

കയ്യിലിരുന്ന ബാക്കി കാശിനു വീട്ടിലേക്കു വേണ്ടുന്ന കുറച്ചു സാധനങ്ങൾ ഒക്കെ വാങ്ങി. 
അവൾ കാണാതെ റൂമിലിരുന്ന് ബാക്കി പൈസ എണ്ണി തിരിയുമ്പോൾ കഴുത്തിലും കയ്യിലും കാലിലും കിടന്ന സ്വർണ ഉരുപ്പടികൾ ഊരി എന്റെ നേരെ നീട്ടിയ അവളെ വലിച്ചു ദേഹത്തൊട്ടു അടുപ്പിക്കുമ്പോൾ അവളുടെ മുഖം നാണംകൊണ്ടു ചുവന്നിരുന്നു.

അന്ന് രാത്രിയിൽ ഒരു ഗ്ലാസ്‌ പാലുമായി റൂമിലേക്ക്‌ വന്ന അവളുടെ മുഖത്തെ നാണം കണ്ടു വാ പൊത്തി ചിരിച്ച എന്നെ നോക്കി കൊഞ്ഞനം കുത്തിയ അവളെ കെട്ടിപ്പിടിച്ചു അന്നാദ്യമായി അവളുടെ ചുണ്ടുകൾ നുകരുമ്പോഴും,  അവളുടെ സുന്ദര മേനിയുടെ ചൂടറിയുമ്പോഴും ഞങ്ങൾ പ്രണയിച്ചു ജീവിത്തിലേക്കു കടന്നിരുന്നു.

പിറ്റേന്ന് രാവിലെ അവൾ നൽകിയ സ്വർണ്ണം എവിടെങ്കിലും വിൽക്കൻ ഇറങ്ങി നടന്നപ്പോഴാണ് കായംകുളത്തെ ഒരു പ്രമുഖ വസ്ത്രശാലയ്ക്കു മുന്നിൽ ഒരു പരസ്യം കണ്ടത്. 

ലേഡി സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട് എന്ന്.  സ്വർണ്ണം വിറ്റു തിരികെ വന്നു പരസ്യത്തിൽ കണ്ട കാര്യം അവളോട്‌ പറഞ്ഞപ്പോൾ എങ്കിൽ നമുക്ക് ഉച്ചകഴിഞ്ഞു പോയി അന്വേഷിക്കാം എന്ന് പറഞ്ഞവൾ എന്റെ നെഞ്ചിലേക്ക് ചായുമ്പോഴും അവളുടെ മുഖത്ത് നിരാശയുടെ ഒരംശം പോലും ഞാൻ കണ്ടില്ല

ഉച്ചക്ക് അവളുടെ കൂടെ അവിടെ പോയി കാര്യങ്ങൾ അന്വേഷിച്ചു പിറ്റേന്ന് മുതൽ ജോലിക്ക് കയറാൻ പറഞ്ഞപ്പോൾ അവളുടെ മുഖത്തെ സന്തോഷം എന്റെ മുഖത്തില്ലായിരുന്നു.  കാരണം  നല്ലൊരു കുടുമ്പത്തിൽ എല്ലാo അനുഭവിച്ചു കഴിയേണ്ട ഒരുവൾ....
എന്റെ കണ്ണ് നിറയുന്നത് കണ്ടിട്ടാകണം അവൾ പെട്ടെന്ന് തിരിഞ്ഞു നടന്നത്.

പിറ്റേന്ന് മുതൽ അവളൊരു വീട്ടമ്മ ആയി മാറുകയായിരുന്നു. 
രാവിലെ എഴുന്നേറ്റു മുറ്റം തൂത്തു,  അടുക്കളയിൽ കയറി ഫുഡ്‌ ഉണ്ടാക്കി,  എനിക്കുള്ള ചായയും ഇട്ടു വന്ന അവളുടെ മുഖത്ത് വിയർപ്പിൻ തുള്ളികൾ പറ്റിപ്പിടിച്ചിട്ടുണ്ടായിരുന്നു.

അവളുടെ കയ്യിൽ പിടിച്ചു വലിച്ച എന്നോട് ന്നു വിട് ഇച്ചായാ എന്നുള്ള വിളിയിൽ ഞാൻ അറിയാതെ കൈ വിട്ടു  .  ഒരു നാണത്തോടെ അവൾ ദേ കുളിച്ചിട്ടു ഞാൻ ഇറങ്ങൂട്ടോ,  ഫുടൊക്കെ ഉണ്ട് എടുത്തു കഴിക്കണേ എന്ന് പറഞ്ഞവൾ കുളിക്കാനായി പുറത്തേക്കു പോയി.

കുളിച്ചിട്ടു ഈറൻ മുടിയുമായി വന്ന അവളുടെ മുഖത്തോട്ടു നോക്കി ബുദ്ധിമുട്ടായോടോ എന്നുള്ള ചോദ്യത്തിന് എന്റെ നെറ്റിയിൽ നനഞ്ഞ ചുണ്ടാൽ ചുംബിച്ചിട്ടവൾ നടന്നു നീങ്ങി.

അവൾ പോയ പുറകിനു ഞാൻ എന്തെങ്കിലും ജോലി കിട്ടുമോ എന്ന് അന്വേഷിച്ചു നടന്നു തുടങ്ങി.  ഇടയ്ക്കു ഒരാൾ പറഞ്ഞു മോൻ ആ സേട്ടിന്റെ കടയിലൊന്നു ചോദിച്ചു നോക്കാൻ. 

അയാൾ പറഞ്ഞത് വെറുതെ ആയില്ല.  സേട്ടിന്റെ കടയിൽ സെയിൽസ് മാൻ ആയി ജോലി കിട്ടി  . 

പിന്നീടങ്ങോട്ട് ചെറിയ ചെറിയ പിണക്കങ്ങളിലൂടെയും ഇണക്കങ്ങളിലൂടെയും ഞങ്ങളുടെ ജീവിതം മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു. 

ഇടക്കെപ്പോഴോ അമ്മയെയും പെങ്ങളെയും വിളിച്ചപ്പോൾ സ്വിച്ച് ഓഫ്‌ പറഞ്ഞു  .
അച്ഛനെ വിളിച്ചില്ല കാരണം മനസു മുഴുവനും അച്ഛനോടുള്ള വാശി ആയിരുന്നു

കാലങ്ങൾ മെല്ലെ കടന്നു പോയി.  ഇന്നോളം പരിഭവമൊന്നും പറയാതെയവൾ എന്റെ കൂടെ കൂടിയിട്ട് ഒന്നര കൊല്ലം കഴിഞ്ഞിരിക്കുന്നു.  രണ്ടുപേർക്കും അത്യാവശ്യം ശമ്പളം കിട്ടുന്നതുകൊണ്ട് ജീവിതം  മുട്ടുകളില്ലാതെ കടന്നു പോയി. 

ഞങ്ങളുടെ ഷോപ്പിംഗുകൾ കായംകുളമെന്ന വളർന്നു വരുന്ന പട്ടണത്തിൽ ഒതുങ്ങിയപ്പോൾ ഞങ്ങളുടെ ഔട്ടിങ് പലപ്പോഴും കൃഷ്ണപുരം കൊട്ടാരത്തിൽ അവസാനിച്ചിരുന്നു.

ഇടക്കൊരു ദിവസം എവിടെയോ പോയി മടങ്ങി വരുന്ന വഴിയാണ് അവളുടെ നോട്ടം കുറച്ചു നേരത്തേക്ക് അടുത്ത് കണ്ട ബാങ്ക് കോച്ചിംഗ് സെന്ററിലേക്ക് പോയത്.  അവളുടെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു ബാങ്ക് ജോലി എന്നുള്ളത്...

അന്ന് രാത്രിയിൽ അവൾക്കു ആദ്യമായ് വാങ്ങിയ സ്വർണ്ണ മോതിരം അവളുടെ വിരലിൽ  അണിയിച്ചു.  കയ്യിൽ ഒരു ചുമ്പനം നൽകി.   അവളുടെ മുടിയിഴകളിൽ വിരലൊടിച്ചുകൊണ്ടു ഞാൻ ചോദിച്ചു നിനക്കിനി വല്ല ആഗ്രഹവും ഉണ്ടോ എന്ന്. 

ഇല്ലെന്നവൾ കണ്ണടച്ചുകൊണ്ടു കാണിച്ചിട്ട് എഴുന്നേൽക്കാൻ പോയപ്പോൾ അവളെ വീണ്ടും പിടിച്ചു അവളുടെ ചെവിയിൽ മെല്ലെ ഞാൻ പറഞ്ഞു നാളെമുതൽ ന്റെ മോളു ബാങ്ക് കോച്ചിങ്ങിനു പൊയ്ക്കൊള്ളാൻ. 

ഒരു ഞെട്ടലോടെ അവളെന്നെ നോക്കുമ്പോൾ അവളുടെ കൈ നെഞ്ചോട് ചേർത്ത് ഞാൻ പറഞ്ഞു.  നിന്റെ ഈ സ്വപ്നം എങ്കിലും എനിക്ക് നടത്തി തരണം പെണ്ണെ എന്ന്.

പിറ്റേന്നുമുതലവൾ സെയിൽസ് ഗേൾ പണി ഉപേക്ഷിച്ചു തന്റെ സ്വപ്‌നങ്ങൾ തേടി വീണ്ടും ഇറങ്ങിത്തുടങ്ങി.  പിന്നീട് കഷ്ട്ടപ്പെട്ടും ഉറക്കം മാറ്റിവെച്ചും  പഠിപ്പോടു പഠിപ്പായിരുന്നു അവൾ.  രാത്രിയുടെ നിശ്ശബ്ദതകളിൽ അവൾ പഠിപ്പിൽ മുഴുകുമ്പോൾ ഞാൻ പലപ്പോഴും പിതപ്പിനടിയിലെ സുഖ നിദ്രയിലാകും..

അവളുടെ കഷ്ടപ്പാടിന്റെയും ദൈവാനുഗ്രഹത്തിന്റെയും ഫലമായിരുന്നു ബാങ്ക് ലിസ്റ്റിൽ അവളുടെ പേര് വന്നത്. 
സന്തോഷം കൊണ്ടെന്നെ  കെട്ടിപിടിക്കുമ്പോഴും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

ആദ്യത്തെ അപ്പോയ്ന്റ്മെന്റ് പേപ്പർ വന്നപ്പോൾ കണ്ണ് തള്ളിപ്പോയി..

പുതുതായി തുടങ്ങുന്ന SBI യുടെ ബ്രാഞ്ചിലെ അസിസ്റ്റന്റ് മാനേജർ ആയിട്ടവൾക്കു പോസ്റ്റ്‌ കിട്ടി  .
അതും ഞങ്ങളുടെ നാട്ടിലേക്കു... 

വീടിന്റെ അവിടെ നിന്നും ഏകദേശം 20 KM അപ്പുറത്തുള്ളൊരു സ്ഥലമാണ്. 

വീണ്ടും ഒരു മടക്കം.  ജനിച്ചു വളർന്ന നാട്ടിലേക്ക് വളർത്തി വലുതാക്കിയവരുടെ മുന്നിലേക്ക്‌ ആട്ടിപ്പായിച്ചവരുടെ അരികിലേക്ക്....

ആദ്യമായ് കാലെടുത്തു ബാങ്കിലേക്ക് കയറിയ അവൾ തലകറങ്ങി അവിടെ വീണപ്പോൾ കുറച്ചു പേര് പറയുന്നത് കേട്ടു ആദ്യമായി ജോലിക്ക് കയറിയതിന്റെ ആകും എന്ന്. 

പക്ഷെ പരീക്ഷിച്ച ഡോക്ടർ അവൾ ഒരു അമ്മയും ഞാൻ ഒരു അച്ഛനും ആകാൻ പോകുന്നു എന്ന് പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ സന്തോഷം കൊണ്ടു നിറഞ്ഞു കവിയുന്നുണ്ടായിരുന്നു.  കൂടെ എന്റെയും..

അന്ന് രാത്രി അവൾ എന്നോട് ചോദിക്കുന്നുണ്ടായിരുന്നു നമുക്കിടയിലേക്കൊരു കുഞ്ഞ് താരകം വന്നാൽ ചിലപ്പോൾ അമ്മയുo അച്ഛനും നമ്മളെ സ്വീകരിക്കുമായിരിക്കും ല്ലേ ഇച്ചായാ  എന്ന്..

അവളെ ചേർത്ത് പിടിച്ചു ഞാൻ പറഞ്ഞു അവിടുന്നു ഇറങ്ങി വന്നത് മുതൽ എനിക്ക് നീയും നിനക്ക് ഞാനുമെ ഉണ്ടായിരുന്നുള്ളൂ   എന്ന് ഇനി നമുക്കിടയിലേക്കൊരു കുഞ്ഞും.  അവനിക്കും നമ്മൾ മതിയെടോ എന്ന്.

ഞാൻ നാട്ടിലൊരു സൂപ്പർ മാർക്കെറ്റിൽ അക്കൗണ്ടന്റ് ആയിട്ട് ജോലിക്ക് കയറി. 

അവളുടെ കുഞ്ഞു കുഞ്ഞു ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കുമ്പോൾ ഞാൻ അറിയാതെ തന്നെ ഞാൻ പക്വതയുള്ളൊരു ഭർത്താവിലേക്കു പരിണാമപ്പെട്ടിരുന്നു.  ഇടക്കവൾ പറയാറുണ്ട് കുഞ്ഞൊന്നു ആയിട്ടും ഈ ഇച്ചായന്റെ കുട്ടിക്കളി മാറിയിട്ടില്ല എന്ന്.

മാസങ്ങൾ ശരവേഗത്തിൽ കൊഴിഞ്ഞുകൊണ്ടിരുന്നു.  അപ്പോഴേക്കും അവൾ മാനസികമായും ശാരീരികമായും ഒരമ്മ ആകാനുള്ള എല്ലാ തയ്യാറെടുപ്പുകളും തുടങ്ങിയിരുന്നു.  

ഒടുവിൽ ദൈവം ഞങ്ങൾക്കൊരു സുന്ദരി താരകത്തിനെ നൽകി അനുഗ്രഹിച്ചു.  അവളോട്‌ ഒട്ടിക്കിടക്കുന്ന കുഞ്ഞുമോളെ കയ്യിൽ എടുത്തു നെറ്റിയിൽ ചുംബിച്ചു. 
ഓപ്പറേഷൻ തിയേറ്ററിൽ നിന്നും അവളെ വാർഡിലേക്ക് മാറ്റിയപ്പോൾ അവിടെ കിടക്കുന്ന ആളെക്കണ്ടു ഞാനൊന്നു ഞെട്ടി. 

എന്റെ പെങ്ങൾ എന്റെ കൂടെപ്പിറപ്പു അവളും ഒരമ്മയായി അവിടെ കിടക്കുന്നു.  അവളുടെ ചാരെ കുഞ്ഞിക്കണ്ണുകൾ പൂട്ടിയുറങ്ങുന്ന സുന്ദരി ഒരു മോളും.
ഞാൻ ആനിയെ വിളിച്ചു അവളെക്കാണിച്ചു. 

പെങ്ങൾ ഉറക്കത്തിലാണ്.  അവളുടെ ഡെലിവറി ഇന്നലെ ആരുന്നെന്നു തോന്നുന്നു.  ഇവളും ഇവിടുത്തെ ട്രീട്മെന്റിൽ ആയിട്ട് ഒരിക്കൽ പോലും ഞങ്ങൾ തമ്മിൽ കണ്ടിട്ടില്ല. 

പെട്ടെന്നാണ് അവിടേക്കു കയറി വന്ന അച്ഛനെയും അമ്മയെയും കണ്ടു ഞങ്ങളൾ വീണ്ടും ഒന്നൂടെ ഞെട്ടിയത്. 

അച്ഛൻ പെങ്ങളുടെ  അരികിലേക്ക് ചെന്നു ഉറങ്ങിക്കിടന്ന കുഞ്ഞിനെ എടുത്തു തുരുതുരാ ചുംബിച്ചു നേരെ നോക്കിയപ്പോൾ എന്റെ കുഞ്ഞുമായി നിൽക്കുന്ന എന്നെയാണ് കണ്ടത്..

ആ കണ്ണുകൾ എന്റെ കുഞ്ഞിന്റെ മേലേക്ക് പോയോ? 
അച്ഛന്റെ നോട്ടം കണ്ടിട്ടാകണം അമ്മയും അവളും അവിടേക്ക് നോക്കിയത്.  എന്നെയും അവളെയും കുഞ്ഞിനേയും കണ്ട അമ്മയുടെയും അവളുടെയും കണ്ണുകൾ നിറഞ്ഞിരുന്നു. 

അമ്മയുടെ മുഖം കണ്ടാലറിയാം എന്റെ കുഞ്ഞിനെ വാരിയെടുത്തൊന്നു ചുംബിക്കുവാൻ ആ ചുണ്ടുകൾ കൊതിക്കുന്നുണ്ടെന്നു.  പക്ഷെ അച്ഛന്റെ സാനിദ്ധ്യം അമ്മയെ അതിൽ നിന്നും പിന്തിരിപ്പിച്ചു. 

എന്നോടുള്ള വാശിക്കായിരിക്കും അച്ഛൻ പെങ്ങളുടെ കുഞ്ഞിന്റെ നെറ്റിയിലും കവിളിലും ഒരായിരം ചുമ്പനം കൊണ്ടു മൂടുമ്പോൾ ആനിയുടെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു..

ഒടുവിൽ അച്ഛനും അമ്മയും പോകാൻ നേരം ആ അമ്മക്കണ്ണുകൾ ഞങ്ങളുടെ നേരെ പതിച്ച നേരം അച്ഛൻ കാണാതെ അമ്മയുടെ മുഖത്ത് കണ്ടൊരു പുഞ്ചിരി മതിയായിരുന്നു ഞങ്ങൾക്കൊരു ആശ്വാസം കിട്ടാൻ

അവർ നടന്നു റൂമിൽ നിന്നും പുറത്തെക്ക് പോയി.  അച്ഛനൊപ്പം പോയ അമ്മ പെട്ടെന്ന് തിരിഞ്ഞു വന്നു ആനിയുടെ ചാരെ കിടന്ന എന്റെ കുഞ്ഞുമോളെ വാരിയെടുത്ത് ചുംബിക്കുമ്പോൾ ആനി പൊട്ടിക്കരയുന്നുണ്ടായിരുന്നു...

ഇടയ്ക്കു അമ്മ എന്നോട് ചോദിക്കുന്നുണ്ടായിരുന്നു.  അച്ഛനോട് ദേഷ്യമാണോ എന്റെ മോനെന്നു??

ഇല്ലമ്മേ ! നന്ദിയും കടപ്പാടും മാത്രമേ ഉള്ളൂ.  എന്നിൽ വാശി നിറച്ചതിനു,  എന്നെ ജീവിതത്തിലേക്ക് തള്ളിയിട്ടതിനു.  ജീവിതം എന്തെന്ന് പഠിപ്പിച്ചതിനു.. ഒരുപക്ഷെ അച്ഛൻ അന്നെന്നെ വീട്ടിൽ കയറ്റിയിരുന്നു എങ്കിൽ എനിക്ക്....
ഇടറുന്ന ശബ്ദത്താൽ
നിറഞ്ഞ കണ്ണാലെ ഒരു പുഞ്ചിരിയോടെ ഞാനതു പറഞ്ഞു നിർത്തുമ്പോൾ അമ്മ ആനിയുടെ നെറ്റിയിലും കൊടുത്തൊരു സ്നേഹത്തിൽ ചാലിച്ചൊരു ചുടു ചുമ്പനം..

പെങ്ങളുടെ കുഞ്ഞിനെ എടുത്തു കയ്യിൽ വെച്ച് എന്റെ മകളോട് ചേർത്ത് വെച്ചപ്പോൾ അവർ പരസ്പരം നോക്കി ചിരിച്ചുവോ?

ചോര ചോരയെ തിരിച്ചറിഞ്ഞ നിമിഷം...

പെട്ടെന്ന് അമ്മ കുഞ്ഞിനേയും എടുത്തു പുറത്തേക്കു പോയപ്പോൾ അത് അച്ഛനെ കാണിക്കാൻ ആയിരിക്കുമെന്ന് രണ്ടാമതൊന്നു ചിന്തിക്കേണ്ടി വന്നില്ല...

അമ്മയുടെ കയ്യിൽ നിന്നും കുഞ്ഞിനെ വാങ്ങി നെഞ്ചോടു ചേർത്ത് നെറ്റിയിൽ ചുംബിക്കുമ്പോൾ അച്ഛൻ ആരോടെന്നില്ലാതെ പറയുന്നുണ്ടായിരുന്നു ഇങ്ങനെയാണ് ഞാൻ എന്റെ മകനെയും വളർത്തിയത് എന്ന്...

ഒടുവിൽ കുഞ്ഞിനെ ആനിയുടെ അടുക്കലേക്കു കിടത്തി അച്ഛൻ അവളുടെ കയ്യിൽ പിടിച്ചു എന്റെ മുഖത്തോട്ട് നോക്കി തിരിഞ്ഞു നടന്നപ്പോൾ അച്ഛന്റെ കയ്യിൽ പിടിച്ചു ഞാൻ അറിയാതെ പറഞ്ഞു പോയി ശപിക്കല്ലേ അച്ഛാ എന്ന്...

കർക്കശക്കാരനായ അച്ഛൻ ഒരു കൊച്ചു കുട്ടിയെപ്പോലെ അന്ന് കരയുന്നത് ഞാൻ കണ്ടു. മുണ്ടിന്റെ തലപ്പ് കൊണ്ട് കണ്ണ് തുടച്ചിട്ടച്ചൻ പറഞ്ഞു അങ്ങോട്ട്‌ വന്നേക്കണം മൂന്നു പേരും കൂടിയെന്ന്.

ഇന്ന് അച്ഛന്റെ മടിയിൽ രണ്ടു മാലാഖകുഞ്ഞുങ്ങളുണ്ട്.

ആനിയുടെ ബന്ധുക്കൾ
വീട്ടിലേക്കു വന്നു തുടങ്ങി. 
ഇന്നെല്ലാവരും സന്തോഷത്തിലാണ്.  ആ സന്തോഷം എന്നും നിലനിൽക്കട്ടെ... 
                      ശുഭം ❤
മുഹൈമിൻ

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്