Kissakal

#എന്റെ_മാഷേ

കുഞ്ഞിപെണ്ണിനോട് ഞാൻ ഒരിക്കൽ ചോദിച്ചു മോൾക്ക്‌ അച്ഛനെ ആണോ കൊച്ചച്ചനെയാണോ കൂടുതൽ ഇഷ്ടം എന്ന്....

എനിക്ക് എന്റെ അച്ഛനെ ആണ്‌ ഇഷ്ടം എന്നുള്ള ഉത്തരം പ്രതീക്ഷിച്ചു നിന്ന എന്റെ എല്ലാ  പ്രതീക്ഷകളും  തെറ്റിച്ചുകൊണ്ട് കുഞ്ഞിപെണ്ണ്     അവളുടെ കൊച്ചച്ചനെ ഓടി പോയി കെട്ടിപിടിച്ചുകൊണ്ട് പറഞ്ഞു എനിക്ക് എന്റെ കൊച്ചച്ചനെ ആണ് കൂടുതൽ ഇഷ്ടം എന്ന്..

അവളെ കെട്ടിപിടിച്ചു അവൻ എന്നെ ഗമയോടെ നോക്കി....കുഞ്ഞിപെണ്ണിന് ഏറ്റവും ഇഷ്ടം അവളുടെ കൊച്ചച്ചനെയായിരുന്നു...
ഉണ്ണാനും ഉറങ്ങാനും കളിക്കാനും എല്ലാം അവൻ വേണം... അവളുടെ എല്ലാ കുസൃതികൾക്കും അവൻ കൂട്ട് നിൽക്കുമായിരുന്നു....  ജോലി കഴിഞ്ഞ് വരുന്ന ഞങ്ങളെ കാണുമ്പോ കുഞ്ഞിപെണ്ണ് ഓടി വരും... അവളെ എടുക്കാൻ കൈ നീട്ടുന്ന എന്റെ കൈ തട്ടി മാറ്റി അവൾ അവന്റെ എളിയിലേക്ക് ചാടി കയറും... അവളുടെ അച്ഛൻ എന്ന നിലയിൽ ഇടക്കൊക്കെ എനിക്ക് നല്ല കുശുമ്പ് തോന്നാറുണ്ട്....

രണ്ടും പിന്നെ ഒരു പത്തു പതിനൊന്നു മണി വരെ മേടാണ് വീട്ടിൽ കിടന്ന്... ഓട്ടവും ചാട്ടവും അവൻ വന്നു കഴിഞ്ഞേ അവൾ കഴിക്കു... അവൾ അവനു കൊച്ചച്ചൻ എന്നുള്ള പേര് ചുരുക്കി കൊച്ചേ എന്നാക്കി....  കൊച്ചേ കൊച്ചേ എന്നുള്ള വിളികൊണ്ട് വീട് മുഴുവൻ ബഹളമാവും... ആ വിളി അവൻ തോളത്തു കിടത്തി താരാട്ടു പാടി ഉറക്കുവോളം കാണും....

അവൾ എണീക്കുന്നതിന് മുൻപേ അവൻ ജോലിക്ക് പോകുന്ന ദിവസങ്ങളിൽ മുഖം തേനിച്ച കുത്തിയപോലെ വീർത്തിരിക്കും....
അങ്ങനെയുള്ള ദിവസങ്ങളിൽ ഇടക്ക് പെണ്ണിന് വിശപ്പും ദാഹവും  പോലും കാണില്ല.... രാത്രി അവൻ വന്ന് അവനോടുള്ള യുദ്ധം കഴിഞ്ഞാവും അവൾ എന്തെങ്കിലും കഴിക്കുന്നത് തന്നെ...

അങ്ങനെയിരിക്കെ വീടിലേക്ക്‌ പോസ്റ്റുമാൻ വഴി ആ വാർത്ത വന്നു... ഹരിക്ക് ഗുജറാത്തിലേക്ക് പ്രൊമോഷനോട് കൂടി ട്രാൻസ്ഫർ... വീടിന്റെ അപ്പുറതാണ് ഗുജറാത്ത്‌  എന്നപോലെ കുഞ്ഞിപെണ്ണ് ചിരിച്ചു കളിച്ചു നടന്നു... അവനെ യാത്രയാക്കാൻ പോയപ്പോളും ഒന്നും മനസിലാവാതെ കുഞ്ഞിപെണ്ണ് രണ്ടു കൈയും വീശി അവനെ യാത്രയാക്കി... ട്രെയിനിൽനിന്നു ഓടി തിരിച്ചു വന്ന് അവളെ കെട്ടിപിടിച്ചു അവൻ കരയുന്നത് കണ്ട് അവിടെ നിന്ന ഞാൻ ഉൾപ്പടെ എല്ലാവരും കരഞ്ഞു...
അവൻ കരയുന്നത് കണ്ടതും കുഞ്ഞിപെണ്ണും കരയാൻ തുടങ്ങി... ഒരു കൂട്ടകരച്ചിൽ ആയിരുന്നു കുറച്ച് നേരത്തേക്ക്....

കരഞ്ഞു എപ്പോളോ ഉറങ്ങിപോയ കുഞ്ഞിപെണ്ണ് എണീറ്റതെ അന്വേഷിച്ചതു അവളുടെ കൊച്ചേനെയാണ്.... കൊച്ചേ ഗുജറാത്തിൽ അല്ലേ എന്ന് ചോദിച്ച രമ്യയോട് രാത്രി ആയിട്ടും എന്താ വരാതെ എന്നായിരുന്നു അവളുടെ ചോദ്യം.... ഗുജറാത്ത്‌ ദൂരെയാണ് അങ്ങനെ ഓടി വരാൻ പറ്റില്ല എന്ന് പറഞ്ഞു തീരുംമുൻപേ കുഞ്ഞിപെണ്ണ് കരഞ്ഞു തുടങ്ങി....
ഒരാഴ്ചയോളം ആ കരച്ചിൽ നീണ്ടു... കരഞ്ഞു കരഞ്ഞു കക്ഷിക്ക്  പനിയും പിടിപ്പിച്ചു.... അവന്റെ ഫോൺ കോൾ വരുമ്പോ ഓടി വരും അവൾക്കും അവനും മാത്രം മനസിലാവുന്ന ഭാഷയിൽ എന്തോക്കെയോ പറയും...
പയ്യെ പയ്യെ അവൾ എന്നോട് അടുത്ത് തുടങ്ങി... അറിയാതെ എങ്കിലും അവന്റെ അകൽച്ചയിൽ ഞാൻ സന്തോഷിച്ചു....

അങ്ങനെ ഇരിക്കെ 6 മാസങ്ങൾക്ക് ശേഷം ഹരി നാട്ടിലേക്ക് വരുമെന്ന് പറഞ്ഞു കോൾ വന്നു... എല്ലാരേക്കാളും അവന്റെ വരവ് നോക്കി ഇരുന്നത് കുഞ്ഞിപെണ്ണാവും....
അവൻ വരുന്നതിന്റെ തലേന്ന് അവൾ ഉറങ്ങാതെ നേരം വെളുപ്പിച്ചു.. ഇടക്കിടക്ക് ഉറങ്ങി കിടന്ന രമായെ വിളിച്ച് രാവിലെ ആയിലെ എന്ന് ചോദിച്ചുകൊണ്ടേ ഇരുന്നു... രാവിലെ 5 ആയപ്പോതേക്കും അവൾ എല്ലാരേയും വിളിച്ചെണീപിച്ചു... 12ന് വരുന്ന അവനു വേണ്ടി ഞങ്ങളോട് വഴക്ക് കൂടി 9 മണി ആയപ്പോളെ പുള്ളിക്കാരി ഞങ്ങളെ റെയിൽവേ സ്റ്റേഷനിൽ കൊണ്ടേ നിർത്തി.. ഓരോ ട്രെയിൻ വരുമ്പോളും പോകുമ്പോളും കൊച്ചേ കൊച്ചേ എന്ന് വിളിച്ച് കൂവി ഭയങ്കര ബഹളം... അവിടെ നിന്നു ക്ഷമകെട്ട് അവസാനം കുഞ്ഞിപെണ്ണിന് ദേഷ്യം വന്നു തുടങ്ങി...  ദേഷ്യംകൊണ്ട് വഴക്കിട്ട് അവൾ എപ്പോളോ ഉറങ്ങി... പിന്നീട് കണ്ണുതുറന്നത് പെണ്ണെ എന്ന് പറഞ്ഞു രമ്യയുടെ തോളത്തു കിടക്കണ അവളെ ഹരി കൊട്ടി വിളിക്കുമ്പോളാണ്.... അവനെ  കണ്ടതും കുഞ്ഞിന്റെ സന്തോഷത്തിനു ഒരു പരുതിയില്ലായിരുന്നു... എന്തൊക്കെയാണ്  അവനെ കാണിച്ചു കൊടുക്കണ്ടേ  പറയണ്ടേ എന്നറിയാതെ അവൾ കുഴഞ്ഞു... ബഹളതോട് ബഹളം....  ഹരി വന്നതിനു ശേഷം അവന്റെ തോളത്തു നിന്നു കുഞ്ഞിപെണ്ണ് ഇറങ്ങിയിട്ടില്ല...
ഞങ്ങളോട് ഒന്ന് മിണ്ടാൻ പോലും സമ്മതിക്കാതെ അവനെയും കൊണ്ടു അവളുടെതായ ലോകതായിരുന്നു പെണ്ണ്....
ഓണത്തിന് ഡ്രസ്സ്‌ എടുക്കാൻ വരുന്നുണ്ടോ എന്നുള്ള ചോദ്യത്തിനു ഇല്ല ഞാനും കൊച്ചേയും ഇവടെ നിക്കും ഞങ്ങൾക്ക് കളിക്കണം എന്ന് പറഞ്ഞവൾ ഞങ്ങളെ യാത്രയാക്കി...

എടാ കഥപറഞ്ഞിരുന്നത് മതി നാളെ നിനക്ക് അടുക്കളയിലാണ് ഡ്യൂട്ടി 4ന് റിപ്പോർട്ട്‌ ചെയ്യണം  കിടന്നുറങ്ങാൻ നോക്ക് . ഇരുമ്പഴികളിൽ ചൂരലുകൊണ്ടു തട്ടി രമേശ്‌ സർ ഞങ്ങളെ ഓർമ്മിപ്പിച്ചു....

അരണ്ട വെളിച്ചത്തിൽ ശരത്തെന്നോട് അടഞ്ഞ ശബ്ദത്തിൽ ചോദിച്ചു എങ്ങനെയൊക്കെയായിട്ടും ചേട്ടൻ എന്തിനാ സ്വന്തം അനിയനെ  കൊന്നത്...

ഇരുട്ടിൽ തിളങ്ങുന്ന അവന്റെ കണ്ണുകളെ നോക്കി ഞാൻ ചിരിച്ചു..

ചേട്ടന് കൈ വിറച്ചില്ലേ സ്വന്തം ചോരയെ... അവന്റെ വാക്കുകളെ മുറിച്ചു കൊണ്ട് ഞാൻ പറഞ്ഞു ഇല്ല....

മെല്ലെ തിരിഞ്ഞുകിടന്ന എന്റെ കാതിൽ ഐ സി യുവിലെ നിശബ്ദതയിൽ  ഇടറിയ ശബ്ദത്തിൽ  കുഞ്ഞിപെണ്ണ് എന്നോട് പറഞ്ഞത് അപ്പോളും മുഴങ്ങുന്നുണ്ടായിരുന്നു.....

കൊച്ച കൊള്ളൂല്ല....  കൊച്ച ചീത്തയാ എനിക്ക് ഒത്തിരി വേദനിച്ചു ഒത്തിരി ഒത്തിരി വേദനിച്ചു....

Anjitha Sindhu Saji

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്