Kissakal

മഴ നനഞ്ഞു അവൾ എന്റെ അടുത്തേക്ക് നീങ്ങി.....   കല്ല്യാണം കഴിഞ്ഞ ആദ്യനാളുകളായതിനാൽ......

എനിക്കറിയില്ലായിരുന്നു എങ്ങനെ തുടങ്ങണമെന്ന്....

"ഇങ്ങനെയൊക്കെ കഥ തുടങ്ങിയാലെ ഇപ്പോ നാലാള് ശ്രദ്ധിക്കൂ എന്ന അവസ്ഥയാ."

"ശരിക്കും?"

"ശരിക്കും. സ്ഥിരം കഥകൾ വായിച്ചു മടുത്തു.  എല്ലാത്തിനും ഒരേ പ്രമേയമാണ്. ഭാര്യയെ സ്നേഹിക്കാത്ത ഭർത്താവ്, പിന്നെ തെറ്റ് മനസ്സിലാക്കി സ്നേഹിക്കുന്നു. ഇല്ലെങ്കിൽ ഒരു തേപ്പ് കഥ."

"ഭയങ്കര ഗവേഷണം നടത്തിയല്ലോ താനപ്പോൾ. ആളുകൾ കൂടുതൽ  വായിക്കണമെങ്കിൽ താനും അങ്ങനെ എഴുതൂ."

"അയ്യടാ. ഞാൻ എന്റെ ഒറിജിനൽ ഐ ഡിയിലാണ് കഥ പോസ്റ്റ് ചെയ്യുന്നത്. അല്ലാതെ ഇയാളുടെ പോലെ ഫേക്ക് അക്കൗണ്ടല്ല. നാട്ടുകാരും വീട്ടുകാരുമൊക്കെ കാണും. ഒന്നാതെ ഇപ്പോ കല്ല്യാണം ഉറപ്പിച്ചിരിക്കുന്ന സമയമാ. ആദ്യരാത്രിയെ പറ്റിയൊക്കെ എഴുതിയാൽ ആളുകൾ എന്ത് വിചാരിക്കും? ഞാൻ മാധവിക്കുട്ടി ഒന്നുമല്ല "

"അപ്പോ തന്റെ കല്ല്യാണം ഉറപ്പിച്ചോ? ഒരു ചാൻസ് മിസ്സായല്ലോ."

"ഓ.. കളിയാക്കേണ്ട."

"ആരാ ആ ഭാഗ്യവാൻ?"

"ശരത്. അമ്മാവന്റെ മകനാണ്. ഇൻഫോ പാർക്കിൽ വർക്ക് ചെയ്യുന്നു."

"പ്രേമവിവാഹമാണോ?"

"അയ്യോ.  അല്ല. ഞങ്ങൾ അധികം കണ്ടിട്ടുപോലുമില്ല."

"അതെന്താ?"

"സാഹചര്യം ഇല്ലായിരുന്നു. പിന്നെ പ്രേമിക്കാൻ ആഗ്രഹമുണ്ട്. പക്ഷേ നടക്കേണ്ടേ?"

"അതെന്താ അയാള്‍ക്ക് താൽപര്യമില്ലേ?"

"താൽപര്യമില്ലാഞ്ഞിട്ടല്ല. അത് സമയമാകുമ്പോൾ സംഭവിക്കും."

"അയ്യോ സാഹിത്യം എന്നോട് വേണ്ട. അതൊക്കെ പോട്ടെ എന്റെ അക്കൗണ്ട് ഫേക്കാണെന്ന് എങ്ങനെ മനസിലായി.?"

"ഞാനത്രയ്ക്ക് മണ്ടിയൊന്നുമല്ല. ഒറിജിനലായിരുന്നെങ്കിൽ സ്വന്തം ഫോട്ടോയിട്ടേനെ."

"ഓ .. അങ്ങനെ.  അതെ ഞാൻ ഫേക്കാണ്. ഫേക്കാണെന്ന് അറിഞ്ഞിട്ടെന്താ റിക്വസ്റ്റ് അക്‌സെപ്റ് ചെയ്തത്?"

"അതിനു പിന്നിൽ ഒരു കാരണമുണ്ട്. ഞാൻ പറയുന്നത് പോലെ ചെയ്താൽ മനസ്സിലാകും."

" പറ ചെയ്യാം. ഇപ്പോ സിസ്റ്റത്തില്ലേ ഫേസ്ബുക്ക് ഉപയോഗിക്കുന്നത്?"

"അതെ."

"എന്നാൽ ഫോൺ എടുക്കൂ. ഞാൻ പറയുന്ന അക്കൗണ്ടിൽ കേറൂ."

"അതെന്തിനാ?"

"അപ്പം തിന്നാൽ മതി കുഴി എണ്ണേണ്ട."

"ശരി ശരി.  പറ"

"Sathyam12@gmail.com. അതാണ് username."

"ആരുടെ അക്കൗണ്ടാണ്?

"കേറി നോക്കുമ്പോൾ അറിയാം."

"വല്ല തീവ്രവാദിയുടേയുമാണോ?"

"പറയുന്നത് ചെയ്യാൻ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ?"

"അയ്യോ ഇല്ലേയ്.. ഞാനൊന്നും ചോദിച്ചില്ല. താൻ പാസ്സ് വേഡ് പറ."

"12345/"

"ശരി നോക്കട്ടെ"

ആ അക്കൗണ്ട് തുറന്ന  ഞെട്ടി പോയ ഭാവത്തിൽ എന്നോട് ചോദിച്ചു.

"ഏയ് അച്ചു... ഇത് തന്റെ ഫേസ്ബുക്ക് അല്ലേ? ഇതെന്തിനാ എനിക്ക്? "

"മോൻ എന്റെ അടുത്തു അടവ് കാണിച്ചതു മതി ട്ടോ. എനിക്ക് അറിയാം ആരാ ചാറ്റ് ചെയ്യുന്നതെന്ന്. എന്നെ അറിയാൻ ഫേക്ക് അക്കൗണ്ടിന്റെ ആവശ്യമില്ല. ഒറിജിനൽ തന്നെ നോക്കിക്കോ."

"താൻ തെറ്റുധരിക്കല്ലേ പ്ലീസ്? ഇന്നത്തെ കാലം ശരിയല്ല. പിന്നെ അറേജ് മാരേജും. അതുകൊണ്ടാ ഞാൻ ഇങ്ങനെയൊക്കെ ചെയ്തേ. തന്നെ കൂടുതൽ മനസ്സിലാക്കാൻ വേണ്ടി"

"കുഴപ്പമില്ല. എനിക്ക് ദേഷ്യമൊന്നുമില്ല. റിക്വസ്റ്റ് അക്‌സെപ്റ് ചെയ്തപ്പോൾ എനിക്കറിയില്ലായിരുന്നു ശരത്തേട്ടനാണെന്ന്. കഥകളിലെ കമന്റുകൾ ഞാൻ ശ്രദ്ധിച്ചിരുന്നു. അങ്ങനെ ഫ്രണ്ടാക്കിയതാണ്. അതുകൊണ്ട് എനിക്ക് നിങ്ങളേയും കുറച്ചൊക്കെ അറിയാൻ പറ്റി. സ്വല്പം കോഴിത്തരമൊക്കെയുണ്ടല്ലോ കൈയ്യിൽ."

"ഓഹോ. അപ്പോ തന്റെ മെസ്സെൻജറോ? ഒരു കോഴിക്കടയാണല്ലോ?"

"ആരാധകരാ കൂടുതൽ. മറുപടി കൊടുത്തില്ലെങ്കിൽ പിന്നെ ജാഡയാണെന്നൊക്കെ പരാതി കേൾക്കേണ്ടി വരും."

"ഓ. എനിക്ക് അതിൽ ഒന്നും ഒരു പ്രശ്നവുമില്ല. തനിക്ക് തന്റേതായ സ്വതന്ത്രമുണ്ടായിരിക്കും. ഞാനതിൽ കൈ കടത്തില്ല. താൻ ചൂടാകുമെന്നൊക്കെയാ ഞാൻ കരുതിയത്. പക്ഷേ...നാട്ടിൻ പുറത്തെ വെറും പൊട്ടിപെണ്ണല്ല. നാട്ടിൻ പുറത്തെ നൻമയും പരിശുദ്ധിയും മനസിൽ സൂക്ഷിക്കുന്ന ആധുനിക ചിന്താഗതിയുളള പെണ്ണ്. കൊളളാം. എനിക്ക് ഇഷ്ടായി."

"തളളാതെ."

"തളളിയതല്ല. കാര്യം പറഞ്ഞതാ."

"ഹമ്.. എനിക്കും ഇഷ്ടമായി. "

അങ്ങനെ കെട്ടും കഴിഞ്ഞ് അടിച്ചു പൊളിച്ചൊരു ജീവിതമായിരുന്നു. പുതിയ കഥ പോസ്റ്റ് ചെയ്യുന്ന തിരക്കിലായിരുന്നു ഞാനന്ന്. മടിയിൽ തല വെച്ച് ഓർമ്മകൾ അയവിറക്കുകയായിരുന്നു കെട്ടിയോൻ.

"അച്ചൂ... നിന്നിൽ എനിക്ക് ഏറ്റവും ഇഷ്ടമായത്  നിന്റെ ചിന്താഗതിയാണ്. സാധാരണ ഭാര്യമാർ, ഭയങ്കര അസൂയയുളളവരാണ്. ഭര്‍ത്താവിനെ തിരിയാനും മറിയാനും സമ്മതിക്കില്ല."

"ഓഹോ"

"പുറകെ നടന്നു ഫേസ്ബുക്കും വാട്ട്സപ്പും ചെക്ക് ചെയ്യും. ഒരു വിശ്വാസമില്ലാത്തതു പോലെ."

"മമ്മ്..."

"പക്ഷേ നീ അങ്ങനെയൊന്നുമല്ല. എന്റെ ഭാഗ്യമാണ് നീ."

"മ്മ് മ"

"നീ ഞാൻ പറയുന്നത് ശ്രദ്ധിക്കുന്നുണ്ടോ? അവളുടെ ഒരു ഒനക്ക കഥ. നീ ഒരു പെണ്ണായത് കൊണ്ടാ നിനക്ക് ഇത്രയും ആരാധകർ. കഥ ഇട്ടാൽ കുറേ എണ്ണം വന്നോളും ഇൻബോക്സിലേക്ക്. ഇവനൊക്കെ എന്തെങ്കിലും പറയണമെങ്കിൽ  കമന്റ് ബോക്സിൽ പറഞ്ഞൂടേ?"

ദേഷ്യപെട്ടുകൊണ്ട് അസൂയ ഇല്ലാത്ത ആ ആധുനിക മനുഷ്യൻ മുറിയുടെ വെളിയിലേക്ക് നടന്നു.

ഒന്നു അനുനയിപ്പിക്കാൻ പിന്നാലെ ചെന്ന ഞാൻ കണ്ടത്.... ബാൽക്കണിയിൽ ഇരുന്നു എന്റെ മെസ്സെൻജർ കോഴികളെ ഓടിക്കുന്ന ഭർത്താവിനെയാണ്.

NB: Fiction

~ ശാരി പി പണിക്കർ  ( ചാരു )

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്