Horror crime ത്രില്ലർ

💢Horror crime Thriller💢

അദൃശ്യനായ അജ്ഞാതൻ
ഫുൾ പാർട്ട്‌
************************************

Part 1:

ഒരു കാര്യവും മുൻകൂട്ടി അറിയാനുള്ള കഴിവ് മനുഷ്യർക്ക് നല്കപ്പെട്ടിട്ടില്ല .അതറിയുമായിരുന്നെങ്കിൽ പലതിൽ നിന്നും ആളുകൾ വിട്ടു നിന്നേനെ .അത് പോലെ ഈ യാത്ര ഇത്തരമൊരു അഗ്നി പരീക്ഷണമാകുമെന്നു അറിയുമായിരുന്നെങ്കിൽ ഞാനൊരിക്കലും ആ വാട്സാപ്പ് സന്ദേശത്തിനു സമ്മതം മൂളില്ലായിരുന്നു .കുവൈറ്റിൽ പുതിയ കമ്പനിയിൽ ജോലി കിട്ടി കമ്പനിയുടെ ഉത്ഘാടനത്തിനു ഒരുമാസത്തെ വിസിറ്റിങ്ങിനു പോയതായിരുന്നു ഞാൻ .ഒരു മാസം കഴിഞ്ഞു തിരിച്ചു പോരാനൊരുങ്ങുമ്പോഴാണ് സുഹൃത്ത് ഷജിലിന്റെ വാട്സാപ്പ് സന്ദേശം കിട്ടുന്നത് .

അടുത്ത ചൊവ്വാഴ്ച ഒരു ട്രിപ്പ് പ്ലാൻ ചെയ്തിട്ടുണ്ട് .വാല്പാറ ചുരം കയറി മലക്കപ്പാറ അതിരപ്പള്ളി വഴി തിരിച്ചു പോരുന്ന രീതിയിൽ ...നിനക്കെത്താൻ സാധിക്കുമോ?

ഒന്നും ആലോചിക്കാൻ നിന്നില്ല .അപ്പൊ തന്നെ ഞാൻ മറുപടിയും കൊടുത്തു .

ശനിയാഴ്ച ഞാനെത്തും .അത് കഴിഞ്ഞു ചൊവ്വാഴ്ച നമുക്ക് തീർച്ചയായും പോകാം .ഞാനുണ്ടാകും.

യാത്ര എന്നും ആവേശമായിരുന്ന എനിക്ക് അതിൽ നിന്നും വിട്ടു നില്ക്കാൻ കഴിയുമായിരുന്നില്ല .കുവൈറ്റിൽ നിന്നും ശനിയാഴ്ച നാട്ടിലെത്തിയ ഞാൻ എല്ലാവരെയും വിളിച്ചു ചൊവ്വാഴ്ച വാൽപ്പാറ പോവാനുള്ള കാര്യങ്ങളെല്ലാം ഉറപ്പിച്ചു വെച്ചു.

അങ്ങനെ ആവേശത്തോടെ കാത്തിരുന്ന ആ ദിവസം വന്നെത്തി .

വിനീഷിന്റെ കാറിൽ ഷജിലിനെയും റിയാസിനെയും ഷഫീക്കിനെയും കൂട്ടി ചൊവ്വാഴ്ച ഞങ്ങൾ വാല്പാറയിലേക്കു യാത്ര തിരിച്ചു .

ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ അഗ്നി പരീക്ഷണങ്ങളിലൂടെ കടന്നു പോയ യാത്ര .

അതിരാവിലെ പെരിന്തൾമണ്ണ ടൗണിൽ നിന്നും ഞങ്ങളുടെ വാഹനം വാൾപ്പാറയെ ലക്ഷ്യമാക്കി കുതിച്ചു പാഞ്ഞു. ഞങ്ങൾ കോളേജിൽ പഠിച്ചിരുന്ന കാലത്തേ നല്ല നല്ല ഓർമ്മകൾ പിന്സീറ്റിലിരുന്ന എന്റെ മനസ്സിലേക്ക് ഒരു ഫ്ലാഷ് ബാക് സീൻ കാണുമ്പോലെ ഓടിയെത്തി .മനോഹരമായ കാഴ്ചകൾ കണ്ടു ഒത്തിരി തമാശകളൊക്കെ പറഞ്ഞു വളരെ ആവേശത്തോടെ ഞങ്ങളുടെ വാഹനം പാലക്കാടും പൊള്ളാച്ചിയുമൊക്കെ താണ്ടി ഒരുപാട് ദൂരം യാത്ര ചെയ്തു ആനമലൈ ടൈഗർ റിസേർവിന്റെ ചെക്ക് പോസ്റ്റ് കഴിഞ്ഞു വാൾപാറ ചുരത്തിലേക്കു പ്രവേശിച്ചു.

പ്രകൃതിയിൽ അലിഞ്ഞു ചേർന്ന് സഞ്ചരിക്കാൻ പറ്റിയ ഒരു പാതയാണിതെന്നു മനസ്സിലായ നിമിഷങ്ങൾ. ഇടക്കൊക്കെ ഫോട്ടോസെടുക്കാനും മറ്റും ചുരത്തിലിറങ്ങിയ ഞങ്ങൾക്ക് ആ കൊടുമുടികൾ സമ്മാനിച്ചത് അത്ഭുത കാഴ്ചകളായിരുന്നു .വിവിധ സസ്യ, ജന്തു, പക്ഷി വിഭാഗങ്ങള്‍ കൊണ്ട് സമ്പന്നമായ വനമേഖല.
40 ഹെയർപിൻ ബെന്റുകളുള്ള ആ ചുരത്തിലൂടെ പശ്ചിമ ഘട്ട മലനിരകൾ കാഴ്ചയുടെ വിരുന്നൊരുക്കിയ കാനനപാതയിലൂടെ വരയാടുകളോട് സല്ലപിച്ചു മലമടക്കുകൾ താണ്ടി ഞങ്ങൾ സമുദ്രനിരപ്പിൽ നിന്നും 3500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന വാല്പാറയിലേക്കു നീങ്ങിക്കൊണ്ടിരുന്നു. സഹ്യന്റെ മടിത്തട്ടിലൂടെ പ്രകൃതി സൗന്ദര്യത്തിന്റെ മാസ്മരികമായ വശ്യത മുഴുവൻ ആവാഹിച്ചെടുക്കാൻ സാധിക്കുന്ന ആ പാതയിൽ പലപ്പോഴായി ഞങ്ങൾ വാഹനം നിർത്തി പുറത്തിറങ്ങി ആസ്വാദന തലത്തിന്റെ അനിർവചനീയമായ തലങ്ങളിലൂടെ കടന്നു പോയി .
.
ജോലിത്തിരക്കും മറ്റും കാരണം ഞങ്ങളുടെ കൂടെ വരാൻ പറ്റാതിരുന്ന ഖാലിഖ് ,റാശിദ്,അർശിദ് പിന്നെ ദുബായിലുള്ള യഹ്‌യ ഇവരൊക്കെ അടങ്ങുന്ന ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ നിരന്തരം ഫോട്ടോസ് പോസ്റ്റ് ചെയ്തു കൊണ്ടിരുന്നു . ഇടക്കൊക്കെ ഞങ്ങൾ അവരെ വിളിച്ചു കാഴ്ചകളുടെ കഥകൾ പറഞ്ഞു അവരുടെ മനം മടുപ്പിച്ചു കൊണ്ടിരുന്നു .

കൊച്ചു കൊച്ചു ഇണക്കങ്ങളും പിണക്കങ്ങളും യാത്രകളും മറ്റുമൊക്കെയായി വര്ഷങ്ങളായി ഞങ്ങൾ തുടരുന്ന ആ ചങ്ങാത്തം നിലനിർത്തിക്കൊണ്ടുപോവാൻ ഇടക്കൊക്കെ ഇത്തരം യാത്രകൾ പോവുന്നത് പതിവായിരുന്നു .
നിരന്തരമായ ഫോട്ടോസ് വരവിന്റെ ദേഷ്യത്തിൽ ദുബായിൽ നിന്ന് യഹ്‌യ വീണ്ടും വിളിച്ചു .

'ഈ ആവേശമൊക്കെ തിരിച്ചു വരുമ്പോഴും കാണുമല്ലോ അല്ലെ '.

അവൻ പറഞ്ഞ ആ വാചകം അപ്പൊ ഞങ്ങൾ കാര്യമായെടുത്തില്ലെങ്കിലും പിനീട് ഞങ്ങളെ ഇരുത്തി ചിന്തിപ്പിക്കാൻ പോന്ന ഒരു വലിയ ബോംബായിരുന്നു അത് .(പിന്നീടുള്ള സംഭവങ്ങൾ വായിക്കുമ്പോൾ നിങ്ങൾക്കത് ബോധ്യമാവും )

നീ ഗൾഫിൽ എന്ത് ഉണ്ട ഉണ്ടാക്കാനിരിക്കാ .ഇതൊക്കെ ആസ്വദിക്കണമെങ്കിൽ ഇടയ്ക്കിടയ്ക്ക് നാട്ടിൽ വരണം .അല്ലാതെ നിന്നെപ്പോലെ .........

അല്ലെങ്കിലും അത്തരം സംസാരങ്ങൾക്കൊക്കെ മറുപടി കൊടുക്കാൻ ഷജിൽ പണ്ടേ മിടുക്കനായിരുന്നു .

അപ്പോഴേക്ക് അവൻ ഫോൺ കട്ട് ചെയ്തു .

ഷഫീക് മുന്നിലിരിക്കുന്ന ഷജിലിന്റെ തോളിൽ പതുക്കെ കൈവെച്ചു
അല്ലെങ്കിലും അവനസൂയയാടാ .

പക്ഷെ അവന്റെ വികാരം ഒരു പ്രവാസിയായ എനിക്ക് മനസ്സിലാവുമായിരുന്നു .
ഞാൻ ഷഫീക്കിനോടായി പറഞ്ഞു .

അതല്ലടാ .അവന്റെ മാനസികാവസ്ഥ നിങ്ങള്ക്ക് മനസ്സിലാവണം എന്നില്ല .അത് പോട്ടെ .അവൻ നാട്ടിൽ വന്നാൽ തീർച്ചയായും നമുക്കവനെയും കൂട്ടി ഒരു അടിപൊളി യാത്ര പോവണം .അവന്റെ സങ്കടം അതോടെ മാറിക്കിട്ടും .

ഒരുപാട് ആവേശത്തിലായിരുന്നു ഞങ്ങളെല്ലാവരും.ആവേശത്തെ ഉച്ചസ്ഥായിലെത്തിക്കുന്ന തരത്തിൽ തേയില തോട്ടങ്ങളിൽ കോടമഞ്ഞ് വെള്ളപ്പരവതാനി വിരിച്ചു ഞങ്ങളെ കുളിരണിയിച്ചു. ആരുടെയും മനം മയക്കുന്ന മനോഹരമായ തേയിലത്തോട്ടങ്ങളിൽ കുറച്ചു സമയം ചിലവഴിച്ചു ഞങ്ങൾ വാൾപാറ ടൗൺ ലക്ഷ്യമാക്കി നീങ്ങി.

തമിഴ്നാട്ടിലെ കോയമ്പത്തൂർ ജില്ലയിലെ ഒരു പട്ടണമാണ് വാൾപാറ . ഭംഗിയുള്ള തേയിലത്തോട്ടങ്ങളാലും വ്യത്യസ്തമായ ഡാമുകളുടെയും ഇടയിൽ സ്ഥിതി ചെയ്യുന്ന അതിമനോഹരമായ ഒരു പ്രദേശം . ഷോളയാർ ഡാം,ചിന്നകല്ലാർ വെള്ളച്ചാട്ടം ,മങ്കി ഫാൾസ് വെള്ളച്ചാട്ടം ,നല്ലമുടി പൂഞ്ചോലയ് തുടങ്ങിയ സഞ്ചാരികൾക്കു ഒരുപാട് നല്ല കാഴ്ചകൾ സമ്മാനിക്കുന്ന പ്രകൃതി രമണീയമായ ഒരുപാട് സ്ഥലങ്ങളും ആ പ്രദേശത്തിന്റെ അടുത്തായി സ്ഥിതി ചെയ്യുന്നു .ഭൂരിഭാഗം പ്രദേശങ്ങളും സ്വകാര്യ തോട്ടങ്ങളാണ്.പട്ടണത്തിൽ പഴങ്ങളും പച്ചക്കറികളും തകൃതിയായി കച്ചവടം നടക്കുന്നു ..
വാഹനം പാർക്ക് ചെയ്തു കച്ചവടക്കാർക്കിടയിലൂടെ കാഴ്ചകൾ കണ്ടു നടന്നു ഒരു ഹോട്ടലിൽ കയറി മൂക്കറ്റം ഭക്ഷണം കഴിച്ചു ഞങ്ങൾ യാത്ര തുടർന്നു.

അടുത്തതായി ഞങ്ങളുടെ ലക്‌ഷ്യം നിഗൂഢ വന്യസൗന്ദര്യത്തിന്റെ പറുദീസയായ മലക്കപ്പാറ വാഴച്ചാൽ കാനന പാതയായിരുന്നു .അന്നുതന്നെ തിരിച്ചു വീട്ടിലെത്താനായിരുന്നു ഉദ്ധേശമെന്നത് കൊണ്ട് തന്നെ അധിക സമയം അവിടെ ചിലവഴിക്കാനോ ,ചുറ്റുമുള്ള മനോഹരമായ സ്ഥലങ്ങൾ കാണാനോ നിൽക്കാതെ ഞങ്ങൾ മലക്കപ്പാറ ചെക്ക് പോസ്റ്റ് അടയ്ക്കുന്നതിന് മുൻപായി അവിടെ എത്തുന്നതിനു വേണ്ടി വളരെ വേഗം അവിടെ നിന്ന് മടങ്ങി .
ഒരുപാട് ചിരിച്ചാൽ പിന്നെ ഒരുപാട് കരയേണ്ടി വരും എന്നു പഴമക്കാർ പറഞ്ഞു കേട്ടിട്ടുണ്ട്.പക്ഷെ ആ ചിന്തയൊന്നും ഞങ്ങളുടെ മനസ്സിലുണ്ടായിരുന്നില്ല.ഞങ്ങൾ ഉല്ലാസഭരിതരായിക്കൊണ്ട് മലക്കപ്പാറ ചെക്ക് പോസ്റ്റ് ലക്ഷ്യമാക്കി കുതിച്ചു.

അത്യാവശ്യം വേഗത്തിലായിരുന്നു വിനീഷ് ഡ്രൈവ് ചെയ്തിരുന്നത് .പെട്ടെന്നാണത് സംഭവിച്ചത് .എവിടെനിന്നോ ഒരു ചെറുപ്പക്കാരൻ വണ്ടിയുടെ മുൻപിലേക്ക് കുതിച്ചെത്തി .എവിടെ നിന്ന് വന്നു എന്നുള്ളത് ആർക്കും കാണാൻ സാധിച്ചില്ല . വിനീഷ് ബ്രേക്കിൽ ആഞ്ഞു ചവിട്ടി .
ഒരു വിധം സ്റ്റീയറിങ് വളച്ചു വാഹനത്തിന്റെ നിയന്ത്രിച്ചു നിർത്താൻ സാധിച്ചെങ്കിലും ഞങ്ങളെല്ലാവരും ഭയങ്കര ദേഷ്യത്തിലായിരുന്നു .വണ്ടി ഒതുക്കി ഞങ്ങളെല്ലാവരും അവന്റെ നേരെ കുതിച്ചു .

നിന്റെ മുഖത്തെന്താ കണ്ണില്ലേ? എവിടെ നോക്കിയാടാ .....$&*$

വിനീഷിനു സ്വരത്തിനു ഭയങ്കര കാഠിന്യം .
അവന്റെ മുഖം വല്ലാതെ വിളറി വെളുത്തിരുന്നു .എന്തൊക്കെയോ വല്ലാത്ത അവസ്ഥയിൽ ആ ചെറുപ്പക്കാരൻ ഞങ്ങളോട് അപേക്ഷിച്ചു .

ചേട്ടന്മാരെ .ദയവു ചെയ്തു എന്നെ രക്ഷിക്കണം .ഞാൻ വല്ലാത്തൊരാപകടത്തിലാ .എന്നെയും കൂടി നിങ്ങളുടെ കൂടെ വണ്ടിയിൽ വരാനനുവദിക്കണം .എവിടെയെങ്കിലും സുരക്ഷിതമായ ഒരു സ്ഥലത്തെത്തിക്കഴിഞ്ഞാൽ ഞാൻ തന്നെ ഇറങ്ങിപ്പൊയ്ക്കൊള്ളാം .

അധികം പ്രായം തോന്നില്ല .ഇരുനിറം .നല്ല ഉയരമുള്ള മെലിഞ്ഞ ശരീരപ്രകൃതം .കണ്ടാൽ നിഷ്കളങ്കൻ .പക്ഷെ അവന്റെ മുഖഭാവത്തിൽ നിന്നും അവന്റെ യഥാർത്ഥ വികാരം മനസ്സിലാക്കാൻ സാധിക്കുന്നില്ല .
നമ്മൾ പൊതുവെ നാട്ടുമ്പുറത്തുകാർ ഉപദ്രവമില്ലാത്ത രീതിയിൽ സഹായം ചോദിച്ചാൽ പറ്റില്ല എന്ന് പറഞ്ഞു ശീലമില്ലാത്തതു കൊണ്ട് ഞങ്ങൾ കൂടെ അവനെയും കൂട്ടി.

വാഹനത്തിൽ കയറിയ ചെറുപ്പക്കാരൻ ഭീതിയോടെ ഇടയ്ക്കിടയ്ക്ക് പുറകിലോട്ടു നോക്കുന്നുണ്ടായിരുന്നു.എന്തൊക്കെയോ ദുരൂഹതകൾ ആ ചെറുപ്പക്കാരനിൽ ഞങ്ങൾക്കനുഭവപ്പെട്ടു.ഇടക്കെപ്പോയോ അവന്‍റെ പേര് ചോദിച്ച എന്നോട് വാസു എന്നു മാത്രം പറഞ്ഞുകൊണ്ട് അവൻ തികഞ്ഞ മൗനം പാലിച്ചു.
ഞങ്ങളുടെ ആഹ്ലാദം എവിടെയോ നഷ്ടപ്പെട്ടിരുന്നു.വാഹനത്തിനുള്ളിൽ ആരും പരസ്പരം സംസാരിക്കാതെ തികച്ചും ശ്മശാന മൂകത.

മലക്കപ്പാറ ചെക്ക് പോസ്റ്റ് ഞങ്ങളെത്തുമ്പോൾ സമയം മൂന്നു മണിയോടടുക്കുന്നു .വാഹനത്തിൽ നിന്നും വിനീഷ് രേഖകളുമായി വനം വകുപ്പ് ഉദ്യോഗസ്ഥരുടെ അടുക്കലേക്കു പതിയെ നീങ്ങി. ഫോറെസ്റ് ചെക്ക് പോസ്റ്റിൽ വിനീഷിന്റെ പേരും അഡ്രസ്സും അവർ കുറിച്ചെടുത്തു. വണ്ടിയിൽ ഉള്ള അംഗങ്ങളുടെ എണ്ണം അതു പോലെ പ്ലാസ്റ്റിക് കുപ്പികളുടെ എണ്ണം തുടങ്ങിയ വിവരങ്ങളും അവർ എഴുതിയെടുത്തു.

അവിടെ നിന്നും കിട്ടിയ സ്ലിപ്പിൽ ഞങ്ങൾ വാഴച്ചാൽ ചെക്ക് പോസ്റ്റിൽ റിപ്പോർട്ട് ചെയ്യേണ്ട അവസാന സമയം കുറിച്ചിരുന്നു 5.00 മണി.അതായതു 2 മണിക്കൂറിനുള്ളിൽ 50 കിലോമീറ്റര് താണ്ടി വാഴച്ചാൽ ചെക്ക് പോസ്റ്റിലെത്തണം .വനമേഖലയിൽ അധിക സമയം ചിലവഴിക്കാതിരിക്കാൻ ഫോറെസ്റ് ഡിപ്പാർട്മെന്റ് നടപ്പിലാക്കുന്ന ഒരു സമ്പ്രദായം . കാട്ടിനുള്ളിൽ വാഹനം നിറുത്തി ഇറങ്ങരുതെന്നും ഫോട്ടോസ് എടുക്കരുതെന്നും ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി .

മലക്കപ്പാറയിൽ നിന്നും വാഴച്ചാൽ ചെക്ക്പോസ്റ്റിലേക്ക് 50 കിലോമീറ്റർ.ഇരുൾ മുറ്റിയ അപകടം പതിയിരിക്കുന്ന കൊടിയ വനത്തിലൂടെയുള്ള കാനന പാത.
ഇനി ഞങ്ങൾക്ക് യാത്ര ചെയ്യേണ്ടത് ഈ വനമേഖലയിലൂടെയാണ് .പക്ഷെ അത് ആസ്വദിക്കാനുള്ള മനസികാവസ്ഥയിലായിരുന്നില്ല ഞങ്ങൾ .വാസു എന്ന് പരിചയപ്പെടുത്തിയ അജ്ഞാതനായ ചെറുപ്പക്കാരൻ വാഹനത്തിൽ കയറിയതിനു ശേഷം എല്ലാവരുടെയും മുഖം അകെ മ്ലാനമായിരുന്നു .വിനീഷ് അതി വേഗം വീതി കുറഞ്ഞ ആ റോഡിലൂടെ വണ്ടിയുമായി കുതിച്ചു .ഓരോ വളവിലും അപകടം പ്രതീക്ഷിക്കാവുന്ന തരത്തിൽ മുന്നോട്ടുള്ള കാഴ്ചകളെ മറച്ചു കൊണ്ട് റോഡിലേക്ക് ചാഞ്ഞു നിൽക്കുന്ന ഈറ്റക്കാടുകൾ.പകൽ സമയമായിട്ടു പോലും പലയിടത്തും ഇരുൾ പടർന്നിരുന്നു .
കുറെ ദൂരം വാഹനങ്ങൾ പൊതുവെ കുറവായ ആ കാനന പാതയിലൂടെ മുൻപോട്ടു പോയ ഞങ്ങൾ മൂത്രമൊഴിക്കാൻ വേണ്ടി വാഹനം ഒന്നു നിർത്തി.വാഹനത്തിന്റെ മുൻവശത്തിലൂടെ കാടിന്റെ ഓരത്തിരുന്നു ഞങ്ങൾ കാര്യം സാധിച്ചപ്പോൾ വാസു മാത്രം കാറിന്റെ പിന്നിലൂടെ കുറച്ചു ദൂരേക്ക്‌ മാറിനിന്നു.ഏതായാലും ഞങ്ങൾക്കു കുറേ സമയത്തിന് ശേഷം പരസ്പരം സംസാരിക്കാൻ കിട്ടിയ ഒരവസരമായിരുന്നു അതു.അവൻ വാഹനത്തിൽ കയറിയതിനു ശേഷം എന്തോ ആരും ഒന്നും പരസ്പരം സംസാരിച്ചിരുന്നില്ല.

ഷഫീക്കാണ് സംസാരത്തിനു തുടക്കമിട്ടത്.

"സത്യം പറഞ്ഞാൽ നമ്മുടെ ആ ജോളി മൂടങ് പോയിക്കിട്ടി.ചെക്ക് പോസ്റ്റ് കഴിഞ്ഞാൽ അടുത്ത ടൗണിൽ അവനെ ഇറക്കി വിടണം".

അതു കേട്ട റിയാസും അവന്‍റെ പ്രതിഷേധം രേഖപ്പെടുത്തി.

"എന്തു അപകടത്തിലാണെങ്കിലും അവനെ രക്ഷപ്പെടുത്തിയത് നമ്മളല്ലേ.? എന്തുകൊണ്ട് അവനു സംഭവിച്ച അപകടം നമ്മളോട് തുറന്നു പറഞ്ഞു കൂടാ ?ആ മാരണത്തിനെ വെറുതെ തലയിലെടുത്തു വെക്കണ്ടായിരുന്നു".

ഷജിൽ ഒന്നിരുത്തി മൂളി.

"ചെക്ക് പോസ്റ്റ് വരെ അവനെ നമ്മൾ സഹിച്ചേ പറ്റൂ.അതു കഴിഞ്ഞു നമുക്കവനെ മെല്ലെ ഒഴിവാക്കാം.ഏതായാലും അതിക നേരം ഇവിടെ നിർത്തുന്നതത്ര പന്തിയല്ല.5.00 മണിയാവുമ്പോഴേക്ക് വാഴച്ചാൽ ചെക്ക് പോസ്റ്റ് എത്തണം.വാ പോവാം."

അവനെ വിളിക്കാൻ പോയ വിനീഷ് പരിഭ്രാന്തിയോടെ ഓടി വന്നു.

"എടാ അവനെ അവിടെയൊന്നും കാണാനില്ല."

എന്‍റെ ഉള്ളിലൂടെ ഒരു കൊള്ളിയാൻ മിന്നി.

"വാടാ നമുക്കൊന്നു പോയി നോക്കാം."

ഞങ്ങളവിടെ കാണാവുന്ന സ്ഥലത്തെല്ലാം നോക്കി.

ഇല്ല കാണാനില്ല.

ഞങ്ങൾ വാസൂ എന്നു ഉറക്കെ വിളിച്ചു നോക്കി.
ഞങ്ങളുടെ ശബ്ദം ആ വനമേഖലയിൽ പ്രതിധ്വനി ഉണ്ടാക്കിയെങ്കിലും അനുകൂലമായ ഒരു ശബ്ദവും തിരിച്ചു വന്നില്ല.

സംഗതി അത്ര നിസ്സാരമല്ല.അവനെയും കൂട്ടി ഞങ്ങളുടെ വാഹനത്തിൽ മൊത്തം 6 പേര് എന്നാണു ഞങ്ങൾ മലക്കപ്പാറ ചെക്‌പോസ്റ്റിൽ കൊടുത്ത കണക്ക്‌.
വാഴച്ചാൽ ചെക്ക് പോസ്റ്റിൽ വാസുവില്ലാതെ ചെന്ന് കഴിഞ്ഞാൽ അവനെവിടെ എന്നു ചോദിച്ചാൽ എന്തു പറയും ?

അവന്‍റെ അഡ്രെസ്സ് ചോദിച്ചാൽ.?

അവനു കാട്ടിൽ വെച്ചു എന്തെങ്കിലും സംഭവിച്ചാൽ ?

അവസാനമായി വാസുവിനെ പുറംലോകം കണ്ടത് ഞങ്ങളുടെ കൂടെ.അതുമായി ബന്ധപ്പെട്ടു വരാവുന്ന അന്വേഷണങ്ങൾക്കുള്ള ഉത്തരങ്ങൾ നമ്മളോട് ചോദിക്കപ്പെടുമ്പോൾ എന്തു ഉത്തരം പറയും?.

ഞങ്ങളുടെ മനസ്സിൽ അങ്ങനെ നൂറു നൂറു ചോദ്യങ്ങൾ ആശയക്കുഴപ്പളങ്ങൾ സൃഷ്ടിച്ചു കൊണ്ടിരുന്നു.
എന്ത് ചെയ്യണമെന്നറിയാതെ ഞങ്ങൾ പരസ്പരം മുഖത്തോടു മുഖം നോക്കി.എന്‍റെ മനസ്സിൽ ഭയവും ദേഷ്യവും സങ്കടവും നിരാശയും എല്ലാം ചേർന്ന ഒരു വികാരം മുളപൊട്ടി ഉണർന്നു.

"എന്തെങ്കിലും ചെയ്തേ തീരൂ.അല്ലെങ്കിൽ നമ്മൾ വലിയ പ്രതിസന്ധികളെ നേരിടേണ്ടി വരും."
വിനീഷ് നിരാശയോടെ ചോദിച്ചു.

"പക്ഷെ എന്തു ചെയ്യും ?"

ഞാൻ മെല്ലെ റോഡിനിരുവശവുമുള്ള വനത്തിലെ വലിയ മരങ്ങൾക്കിടയിലൂടെയുള്ള ചെറിയ വിടവുകളിലേക്കു മാറി മാറി നോക്കി .

"ഏതായാലും അവൻ അപ്രത്യക്ഷമായിട്ടു അധിക സമയമായിട്ടില്ല.അതുകൊണ്ടു ഈ പരിസരം വിട്ടു അധിക ദൂരം പോകാൻ സാധ്യതയില്ല.
നമുക്കൊന്ന് തപ്പി നോക്കിയാലോ ?"

"ഈ കൊടും വനത്തിലോ ? "
റിയാസ് ആശങ്ക പ്രകടിപ്പിച്ചു.

"പക്ഷെ നമ്മുടെ മുൻപിൽ മറ്റു മാർഗങ്ങളില്ല."

ഏതായാലും മനസ്സില്ലാ മനസ്സോടെ ഞങ്ങളെല്ലാവരും വാസുവിനെ തിരഞ്ഞു കാട് കയറാൻ തന്നെ തീരുമാനിച്ചു.

അവൻ നിന്നിരുന്ന സ്ഥലത്തു നിന്നും ഈറ്റക്കാടുകൾക്കിടയിലൂടെയുള്ള ഒരു ഇടുങ്ങിയ വഴിയിലൂടെ മനസ്സിൽ അങ്ങേയറ്റം ഭീതിയുണ്ടെങ്കിൽ പോലും ഞങ്ങൾ മുന്നോട്ടു നടന്നു.

മുന്നോട്ടുള്ള വഴി അത്ര എളുപ്പമല്ലായിരുന്നു.ഇടതൂർന്നു നിൽക്കുന്ന മരങ്ങളും തോളോടുയരത്തിൽ വളർന്നു പന്തലിച്ചു നിൽക്കുന്ന കുറ്റിച്ചെടികളും മുന്നോട്ടുള്ള കാഴ്ചകളെ മറക്കുന്ന തരത്തിൽ ചെറിയ ഇരുട്ടും ഞങ്ങളുടെ മാർഗത്തിൽ പ്രയാസം സൃഷ്ടിച്ചു.എന്നാലും വാസുവിനെ കണ്ടു പിടിക്കൽ ഞങ്ങളുടെ ആവശ്യമായത് കൊണ്ടു വലിയ വടി കയ്യിൽ കരുതി അതുകൊണ്ടു കുറ്റിച്ചെടികളെ വകഞ്ഞു മാറ്റിക്കൊണ്ട് ഞങ്ങൾ മുന്നോട്ട് നടന്നു.എന്നാൽ ആ പരിസരത്തൊന്നും സമീപകാലത്തു ഒരു മനുഷ്യജീവി പോലും ആ വഴി യാത്ര ചെയ്ത അടയാളങ്ങളൊന്നും ഞങ്ങൾക്കു കാണാൻ സാധിച്ചില്ല.
പതിയെ പതിയെ കാടിനു വന്യഭാവം കൂടിക്കൂടി വന്നു.സമയം 4.45.ഞങ്ങൾക്കു ചെക്ക് പോസ്റ്റ് കടക്കാൻ തന്ന അവസാന സമയം തീരാൻ ഇനി 15 മിനിറ്റ് കൂടി ബാക്കി.ഞങ്ങൾ ചുറ്റുപാടും കണ്ണോടിച്ചു കൊണ്ട് നടന്നു.ഓരോ നിമിഷം കഴിയുന്തോറും കാട്ടിൽ ഇരുൾ പടർന്നു കൊണ്ടിരിക്കുന്നു.ചീവീടുകളുടെ ശബ്ദം കാട്ടിലാകെ അലയടിച്ചു കൊണ്ടിരുന്നു.

വനാന്തരങ്ങളിൽ നിന്നുള്ള ശബ്ദ ശകലങ്ങൾ മനസ്സിൽ ഭീതിയുടെ നിഴലുകൾ സൃഷ്ടിച്ചു തുടങ്ങി . മരങ്ങളിൽ നിന്നും അടർന്നു വീണ കരിയിലകൾ ചിതറിക്കിടക്കുന്ന ഇടുങ്ങിയ മണ്പാതയിൽ ചവിട്ടടികളിൽ ജാഗ്രത പുലർത്തിക്കൊണ്ടു ഞങ്ങൾ നീങ്ങി . ദൂരെ നിന്നും കാട്ടാനകളുടെ ചിഹ്നം വിളിയും ,പേരറിയാത്ത ഏതൊക്കെയോ ജീവികളുടെ വ്യ്കതവും അവ്യക്തവുമായ ശബ്ദങ്ങളും ,കുറ്റിക്കാടുകളിലെ അസാധാരണമായ ഇളക്കങ്ങളും ഞങ്ങൾ പോകുന്നത് വലിയ അപകടങ്ങളിലേക്കാണ് എന്ന സൂചനകൾ നൽകിത്തുടങ്ങി .എത്ര ദൂരം നടന്നെന്നു ഒരു നിശ്ചയവുമില്ല.

ഈറ്റക്കാടുകൾക്കിടയിൽ ഒരു പാട് അപകടങ്ങൾ പതിയിരിക്കുന്ന പോലെ ഒരു തോന്നൽ എല്ലാവരെയും പിടി കൂടിയിരുന്നു.

“ഇനി മുന്നോട്ടു പോകുന്നതത്ര പന്തിയല്ല .ഇരുട്ടിക്കഴിഞ്ഞാൽ പിന്നെ ഇതിലും വലിയ അപകടങ്ങൾ ചിലപ്പോൾ നമുക്ക് നേരിടേണ്ടി വരും .”

ഷജിൽ അത് പറഞ്ഞപ്പോൾ എല്ലാവരും ഒന്ന് നിന്നു.

“ശരിയാ .നമുക്ക് തിരിച്ചു പോവാം .നമുക്ക് നടന്ന സംഭവങ്ങളെല്ലാം ഉദ്യോഗസ്ഥരോട് പറയാം .അവർ വിശ്വസിക്കുകയാണെങ്കിൽ വിശ്വസിക്കട്ടെ .അല്ലാതെന്തു ചെയ്യാനാ .കേരളത്തിലും തമിഴ്നാട്ടിലുമായി എത്രയോ ചതുരശ്ര കിലോമീറ്റര് നീണ്ടു കിടക്കുന്ന ഈ വിശാലമായ വനമേഖലയിൽ ശരിക്ക് വഴിപോലും അറിയാത്ത നമുക്ക് അവനെ എവിടെക്കിട്ടാനാ”.

റിയാസ് അത് പറഞ്ഞത് ശരിയാണെന്നു എല്ലാര്ക്കും തോന്നി .

കാടു കയറി തപ്പാൻ പറഞ്ഞത് ഞാനാണെങ്കിലും
സത്യത്തിൽ ഈ കാട്ടിലേക്ക് എടുത്തു ചാടി വന്നത് തെറ്റായിപ്പോയി എന്ന് എനിക്കും തോന്നി .

തിരിച്ചു പോവാൻ വേണ്ടി തിരിഞ്ഞ ഷഫീഖ് പെട്ടെന്നൊന്നു നിന്നു. അവൻ കൈചൂണ്ടിയ ഭാഗത്തു മുളങ്കൂട്ടത്തിനിടയിൽ ഒരു ചെറിയ ഇളക്കം .

അതെ.

ഞങ്ങൾ വന്ന വഴിയുടെ വലതു ഭാഗത്തായി കാണുന്ന ഒരു ചെറിയ മുളക്കൂട്ടത്തിനു പുറകിൽ ആരോ പതുങ്ങിയിരിക്കുന്നു.എല്ലാവരും ഭയപ്പാടോടെ അവിടെ തന്നെ നിന്നു .പതിയെ പുറത്തേക്കു വന്ന ആ രൂപം കണ്ടു ഞങ്ങൾ ഞെട്ടിത്തരിച്ചു .ചെറിയ ഈറ്റക്കാടുകൾക്കിടയിൽ തന്റെ വലിയ ശരീരം അതി സമർത്ഥമായി ഒളിപ്പിച്ചു വെച്ച ഒരു ഭീമൻ കൊമ്പനാന .
ആ വഴി വന്നപ്പോൾ ഞങ്ങൾക്കതിനെ കാണാൻ സാധിച്ചിരുന്നില്ല .

പേടിച്ചു വിറച്ച എന്റെ കയ്യിൽ നിന്നും വടി താഴോട്ട് വീണു .തുമ്പിക്കയ്യുയർത്തിക്കൊണ്ട് അവൻ ഭയങ്കരമായ ശബ്ദത്തോടെ ചിന്നം വിളിച്ചു .പിന്നെ ഒന്നും ആലോചിച്ചു നിന്നില്ല .ഞങ്ങൾ ഓടി .മുന്നിലുള്ള തടസ്സങ്ങളെയെല്ലാം വകഞ്ഞു മാറ്റി പിറകിലോട്ടു തിരിഞ്ഞു നോക്കാതെ വളരെ വേഗത്തിൽ മുന്നോട്ടോടിക്കൊണ്ടിരുന്നു .
ഓട്ടത്തിനിടയിൽ തൂങ്ങി നിൽക്കുന്ന കൂറ്റൻ വള്ളിപ്പടർപ്പുകൾ പലപ്പോഴും മാർഗ തടസ്സം സൃഷ്ടിച്ചെങ്കിലും അതിനെയെല്ലാം വകഞ്ഞു മാറ്റിക്കൊണ്ട് ഞാൻ മുൻപിലും മറ്റുള്ളവർ എന്റെ പിറകിലുമായി ദിശയറിയാതെ ഞങ്ങൾ എങ്ങോട്ടെന്നില്ലാതെ കുതിച്ചു പാഞ്ഞു .

എത്രയോ ദൂരം പിന്നിട്ടതിനു ശേഷം ഞാൻ പതിയെ തിരിഞ്ഞു നോക്കി .

എല്ലാവരും പുറകിൽ തന്നെയുണ്ട് .ഏതായാലും താൽക്കാലിക ആശ്വാസം .ആന പുറകിലില്ല .നന്നായി കിതപ്പനുഭവപ്പെടുന്നു .ഈ അടുത്ത കാലത്തൊന്നും ഇങ്ങനെ ഓടിയിട്ടില്ല .എത്രയും പെട്ടെന്ന് കാടിനു വെളിയിലിറങ്ങണം .അല്ലെങ്കിൽ ജീവനാപത്താണ്.പക്ഷെ വന്ന വഴി ആർക്കും കൃത്യമായി അറിയില്ല .ഏകദേശ ഊഹം വെച്ച് ഞങ്ങൾ വളരെ വേഗം നടന്നു .വാസുവിനെ കണ്ടുപിടിക്കലല്ല .എങ്ങനെയെങ്കിലും ആ കാടിനു പുറത്തു കടക്കണം എന്ന ചിന്ത മാത്രമായിരുന്നു എല്ലാവരുടെയും മനസ്സിൽ .ബാക്കിയെല്ലാം പിന്നെ നോക്കാം .പക്ഷെ നടക്കുന്തോറും വഴികൾ ഇടുങ്ങി വരുന്നു .വന്ന വഴിയിൽ കണ്ടിരുന്ന അടയാളങ്ങളൊന്നും ഇപ്പോൾ കാണുന്നില്ല .

പൊടുന്നനെ മുൻപിലുള്ള കുറ്റിക്കാട്ടിൽ നിന്നും ഞങ്ങളെ കവച്ചു വെച്ച് ഏതോ ഒരു ജീവി കുതിച്ചു ചാടി .
പ്രതീക്ഷിക്കാതെയുള്ള ആ ചാട്ടത്തിൽ ഭയന്നു പുറകോട്ടു കാലെടുത്ത വെച്ച എന്റെ ബാലൻസ് തെറ്റി വലതു ഭാഗത്തെ കൂറ്റൻ മരത്തിന്റെ വേരുകൾക്കിടയിലേക്കു തോളിടിച്ചു ഞാൻ വീണു .ഷജിലും വിനീഷും എന്റെ കൈപിടിച്ചു മെല്ലെ എണീപ്പിറ്റു.

ഷഫീക് എന്റെ കൈപിടിച്ചൊന്നു കുടഞ്ഞു .

"വല്ലതും പറ്റിയോ ഡാ "

തോളെല്ലിന് ചെറിയ വേദനയുണ്ടെങ്കിലും ഞാനതു പുറത്തു കാണിച്ചില്ല .

"ഇല്ല നമുക്ക് പോകാം .ഇവിടെ നിന്നൊന്നു രക്ഷപ്പെട്ടു കിട്ടിയാൽ മതി ".

റിയാസ് നാലുപാടും കണ്ണോടിച്ചു .

“നമുക്കെവിടെയോ വഴിതെറ്റിയിരിക്കുന്നു .ലക്ഷ്യമില്ലാതെ ഇങ്ങനെ ഈ കാട്ടിലിങ്ങനെ അലഞ്ഞിട്ടെന്തു കാര്യം .”

“പക്ഷെ പിന്നെയെന്തു ചെയ്യും”

എന്റെ ചോദ്യത്തിന് ആർക്കും മറുപടിയുണ്ടായിരുന്നില്ല .

ഞങ്ങൾ വല്ലാതെ തളർന്നിരുന്നു .എല്ലാവരും കുറച്ചു നേരം വിശ്രമിക്കാൻ കഴിഞ്ഞെങ്കിൽ എന്ന് ചിന്തിച്ചു തുടങ്ങിയിരുന്നു .

സമയം 6 മണിയോടടുക്കുന്നു .ഞങ്ങൾക്ക് ചെക്ക് പോസ്റ്റ് കടക്കാൻ അനുവദിച്ച സമയം എപ്പോഴോ അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. സൂര്യൻ ചക്രവാളത്തിൽ മറഞ്ഞു തുടങ്ങുന്നതിന് മുൻപേ രാത്രിയെന്ന പോലെ ഇരുൾ ആ കാടിനെ പുതച്ചു മൂടി തുടങ്ങി .എങ്ങോട്ടു പോവണമെന്ന് യാതൊരു ധാരണയില്ല .പകൽ പോലും സുരക്ഷിതമല്ലാത്ത ആ കാട്ടിൽ രാത്രി എങ്ങനെ നടക്കും ,അതും വഴി പോലും അറിയാതെ .

ഈ സമയം കുറച്ചകലെ എവിടെയോ ഒരു വെള്ളമൊഴുകുന്ന ശബ്ദം കേട്ട ഞങ്ങൾ പതിയെ ആ ശബ്ദം ലക്ഷ്യമാക്കി നടന്നു .ഉരുളൻ കല്ലുകൾക്കിടയിലൂടെ തുള്ളിക്കളിച്ചു വരുന്ന ഒരു ചെറിയ അരുവി കണ്ട ഞങ്ങൾ അവിടെയിരുന്നു . ദാഹിച്ചു വലഞ്ഞിരുന്ന ഞങ്ങൾ ആർത്തിയോടെ അതിൽ നിന്നും കുറച്ചു വെള്ളം കൊരിക്കുടിച്ചു.അപ്പോഴേക്ക് കാടിനെ പൂർണ്ണമായി ഇരുൾ വിഴുങ്ങിക്കഴിഞ്ഞിരുന്നു .

“ഇന്നിനി കാടിനു പുറത്തേക്കു കടക്കാൻ കഴിയില്ല .കുറച്ചു വെളിച്ചമുള്ള ഭാഗം നമ്മളിപ്പോൾ നിൽക്കുന്ന അരുവിയുടെ ഓരത്തു മാത്രമാണ് .നമുക്ക് തല്ക്കാലം ഇവിടെ തങ്ങാം .കുറച്ചു സുരക്ഷിതമായ സ്ഥലമാണെന്ന് തോന്നുന്നു .ബാക്കിയെല്ലാം രാവിലെ തീരുമാനിക്കാം” .

ഷഫീക് പറഞ്ഞത് ശരിയാണെന്നു ഞങ്ങൾക്ക് തോന്നി .അല്ലെങ്കിലും ഞങ്ങളുടെ മുൻപിൽ അതല്ലാതെ മറ്റു മാർഗമുണ്ടായിരുന്നില്ല .അവിടെ മുൻപിൽ കണ്ട ഒരു കൂറ്റൻ പാറയിൽ ഞങ്ങൾ ഇരിപ്പിടം ഉറപ്പിച്ചു .
ആകാശ സീമകൾക്കപ്പുറത്തുള്ള നക്ഷത്രങ്ങൾക്ക് പോലും ഞങ്ങളോടെന്തോ പറയാനുള്ള പോലെ . ഒരു ഭീകരന്റെ മേൽക്കുപ്പായമണിഞ്ഞ പോലെ നിൽക്കുന്ന ആ വനമേഖലയുടെ നടുവിൽ വലിയ ഉരുളൻ കല്ലുകൾക്കിടയിൽ ആകാശത്തോടു മുഖത്തിനെ അഭിമുഖമാക്കി ഞാൻ മെല്ലെ കിടന്നു . പെട്ടെന്നാണ് കയ്യിലുള്ള മൊബൈൽ ഫോണിനെക്കുറിച്ചോർമ്മ വരുന്നത് .
ഞാൻ പതിയെ മൊബൈൽ ഫോൺ പോക്കറ്റിൽ നിന്നെടുത്തു അതിൽ ചാർജ് ഉണ്ടോന്നു നോക്കി .തീരാറായിട്ടുണ്ട് .എല്ലാവരുടെയും മൊബൈൽ സ്വിച്ച് ഓഫ് ആയിരുന്നു .ഒരു കട്ട റേഞ്ച് കാണിക്കുന്നുണ്ട് .മെല്ലെ ലോക്ക് തുറന്ന എന്റെ കൈ തട്ടി ഫേസ്ബുക് അപ്ലിക്കേഷൻ ഓണായി.സാധാരണ fb തുറന്നാൽ രണ്ടു പ്രാവശ്യം മുകളിലേക്ക് നീക്കി നോക്കാതെ അതിൽ നിന്നും കണ്ണെടുക്കുന്ന പതിവില്ല .ആ സമയത്തു എന്റെ കമ്പനിയിൽ ജോലി ചെയ്യുന്ന വിഘ്‌നേശ് എന്ന സുഹൃത്തിനെ ടാഗ് ചെയ്യപ്പെട്ട രീതിയിൽ കണ്ട ഒരു പോസ്റ്റിൽ എന്റെ കണ്ണുടക്കി നിന്നു. അത് കണ്ട പാടെ ഞെട്ടലോടെ ഞാൻ എഴുന്നേറ്റു .

ഞാൻ എല്ലാവരെയും വിളിച്ചു കാണിച്ചു.

“ദേ .ഇത് നോക്കിക്കേ .ഇത് അവൻ തന്നെയല്ലേ .വാസു .”
എല്ലാവരുടെയും കണ്ണുകൾ എന്റെ മൊബൈലിലെ ആ പോസ്റ്റിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു .
അതെ അവൻ തന്നെ .എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു .
പോസ്റ്റിനു മുകളിൽ എഴുതിയത് തമിഴായത് കൊണ്ട് എന്താണെന്നു മനസ്സിലായില്ല .അതിനു താഴെ ഇന്ഗ്ലീഷിൽ എഴുതിയ വാക്കുകൾ കണ്ട ഞങ്ങൾ ഞെട്ടിത്തരിച്ചു കൊണ്ട് മുഖത്തോടു മുഖം നോക്കി നിന്നു .

'my friend passed away yesterday .' !

അതെ വാസുവിന്റെ മരണ വാർത്ത .അത് പോസ്റ്റ് ചെയ്ത തീയതി ശ്രദ്ധിച്ച
ഞങ്ങൾ ഒന്നും മനസ്സിലാവാതെ അങ്ങനെ തരിച്ചു നിന്നു പോയി . 11 ജൂലൈ 2017 . അതായതു ഇന്ന് രാവിലെ പോസ്റ്റ് ചെയ്ത ഒരു മരണ വാർത്ത . പോസ്റ്റിൽ പറഞ്ഞ പ്രകാരം അയാൾ മരണപ്പെട്ടത് ഇന്നലെ .

അതോടെ എന്റെ മൊബൈലും സ്വിച്ച് ഓഫ് ആയി .
“അപ്പൊ നമ്മുടെ കൂടെ വന്നത് ആരു? “
വിനീഷിന്റെ ആ ചോദ്യത്തിന് ആർക്കും ഉത്തരമുണ്ടായിരുന്നില്ല .ആരും ഞെട്ടലിൽ നിന്നു മുക്തമായിട്ടുണ്ടായിരുന്നില്ല . എനിക്ക് തല കറങ്ങുന്ന പോലെ .ആ പാറയിൽ വിനീഷിന്റെ തോളിൽ പിടിച്ചു ഞാൻ മെല്ലെ കിടന്നു .
കുറച്ചു നേരത്തേക്ക് ആരും ഒന്നും സംസാരിച്ചില്ല .ആർക്കും ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ല .

“ഏതു അവലക്ഷണം പിടിച്ച നേരത്താണോ ഇങ്ങോട്ടു വരാൻ തോന്നിയത് റിയാസ് അങ്ങനെ പറഞ്ഞത് തികച്ചും നിരാശയോടെ ആയിരുന്നു .”

“3 ദിവസം മുൻപ് മരണപ്പെട്ട വാസു നമ്മുടെ കൂടെ യാത്ര ചെയ്യുന്നൂ.പിന്നെ പെട്ടെന്ന് അപ്രത്യക്ഷനാവുന്നു.നമ്മൾ അയാളെയും തപ്പി വിഡ്ഢികളായി ഈ കാട്ടിൽ വഴിയറിയാതെ അലയുന്നു .എന്തൊക്കെയാണിവിടെ സംഭവിക്കുന്നത് .ഇനി എന്തൊക്കെയാണ് സംഭവിക്കാൻ പോവുന്നത് .ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ല .”
മനസ്സാനിദ്യം വീണ്ടെടുത്ത ഞാൻ മെല്ലെ എണീറ്റു.
“ഇത് നമ്മളെ കുടുക്കാനുള്ള ഒരു കെണിയാണോ എന്നൊരു സംശയം ..”

ഞാൻ പറഞ്ഞത് കേട്ട എല്ലാവരുടെയും ശ്രദ്ധ എന്നിലേക്ക്‌ കേന്ദ്രീകരിച്ചു കൊണ്ട് എല്ലാവരും ഒരേ സ്വരത്തിൽ ചോദിച്ചു

“എന്ത് കെണി .”

“എന്ത് കെണിയാണെന്നൊന്നും എനിക്കറിയില്ല .പക്ഷെ വാസു നമ്മളെ ഇവിടെ എത്തിച്ചതാണെങ്കിലോ ?”

“പക്ഷെ എന്തിനു ?”

റിയാസ് ആകാക്ഷയോടെ ചോദിച്ചു .
റിയാസിന്റെ ആ ചോദ്യത്തിന് ആർക്കും ഉത്തരമുണ്ടായിരുന്നില്ല .

“ഏതായാലും നമ്മളിനി വളരെ സൂക്ഷിക്കണം .”
“നമ്മൾ എത്തിപ്പെട്ടിട്ടുള്ളത് വളരെ വലിയൊരാപകടത്തിനു നടുവിലാ.
പക്ഷെ എത്ര ചിന്തിച്ചിട്ടും ഇതങ്ങോട്ടു ഉൾക്കൊള്ളാൻ കഴിയുന്നില്ല .
മരണപ്പെട്ട ഒരാളെങ്ങനെ നമ്മുടെ കൂടെ .......ഇല്ല അസംഭവ്യം ."

പക്ഷെ നമ്മളെല്ലാവരും കണ്ടതുമാണ് .

.ആലോചിക്കുമ്പോൾ തന്നെ പേടി തോന്നുന്നു .”
വെള്ളത്തകിട് കെട്ടി മിനുക്കിയ ആകാശത്തിനെതിരെ ഞങ്ങളിരിക്കുന്ന ഇരുണ്ടു ഭീമാകാരമായ ഉരുളൻ പാറക്കല്ലുകൾ തലയെടുപ്പോടെ നിലകൊള്ളുന്നു.കാടിനെയാകെ വിഴുങ്ങിയ ഇരുൾ എന്തൊക്കെയോ അപകടപ്പെടുത്തുന്ന നിഗൂഢതകൾ ഞങ്ങൾക്ക് വേണ്ടി ഒരുക്കി വെച്ചത് പോലെ .ചുറ്റുപാടും കേൾക്കുന്ന ശബ്ദങ്ങൾ ഉള്ളിൽ ഭീതിയുടെ ചുഴികൾ സൃഷ്ടിച്ചു തുടങ്ങി .
ആരോ നമ്മളെ പിന്തുടരുന്നുണ്ടോ എന്നൊരു സംശയം ഷജിൽ പ്രകടിപ്പിച്ചപ്പോൾ
അത് വെറും തോന്നൽ മാത്രമാണെന്ന് പറഞ്ഞു ഞാനെന്റെ ഉള്ളിൽ നിന്നും ഭയത്തെ എടുത്തു വെളിയിൽ കളയാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല .

“നാളെ രാവിലെ തന്നെ ഏതു വിധേനയും കാടിനു വെളിയിൽ കടക്കണം .അല്ലെങ്കിൽ ഒരു പക്ഷെ നമ്മുടെ ജീവൻ തന്നെ അപകടത്തിലായേക്കും”.
ഷഫീഖിന്റെ സ്വരത്തിനു അത് വരെ ഇല്ലാത്ത നിശ്ചയ ദാർഢ്യം അനുഭവപ്പെട്ടു .

ഷജിൽ ആകെ അക്ഷമനായിരുന്നു .

"നമ്മളെ കാത്തിരിക്കുന്ന കുടുംബം ,കൂട്ടുകാർ ,അവരൊക്കെ ഇപ്പോൾ നമ്മളെ അന്വേഷിച്ചു തുടങ്ങിയിട്ടുണ്ടാവും ".

ഞാനൊന്നും മിണ്ടിയില്ല.എനിക്ക് വല്ലാത്ത കുറ്റബോധം തോന്നി . വാസുവിനെ അന്വേഷിച്ചു കാടുകയറാമെന്ന എന്റെ പക്വതയില്ലാത്ത തീരുമാനമായിരുന്നല്ലോ എല്ലാവര്ക്കും ഇങ്ങനെ ഒരവസ്ഥ വരാൻ കാരണമായത് .

സമയം കഴിയുന്തോറും കാടിനു വന്യ ഭാവവും ഇരുളിന് വല്ലാതെ ഭീതിജനിപ്പിക്കുന്ന ഭയാനകതയും കൂടിക്കൂടി വന്നു . അങ്ങകലെ ചക്രവാളത്തിനു കീഴെ ഒരു മങ്ങൽ മൂടിക്കിടക്കുന്ന പോലെ. താഴെ നീളമുള്ള ചെരിവുകൾക്കപ്പുറത്തു ചെങ്കുത്തായ കുന്നുകൾ നിഴൽക്കാഴ്ചകളായി പുറത്തേക്കുന്തി നിൽക്കുന്നു.ഉയരെ നീലാകാശത്തിൽ ചാര നിറത്തിലുള്ള വലിയൊരു പക്ഷി ഞങ്ങൾക്കു മീതെ വട്ടമിട്ട് പറന്നു കൊണ്ടിരുന്നു.ഇരുളിന്റെ അകത്തളങ്ങളെവിടെ നിന്നൊക്കെയോ കത്തിജ്വലിക്കുന്ന രൂപത്തിൽ പലഭാഗങ്ങളിലായി രൂപപ്പെട്ട തിളങ്ങുന്ന കണ്ണുകൾ ഞങ്ങളെയാണോ വീക്ഷിക്കുന്നത് എന്നത് വ്യക്തമല്ല . എല്ലാവരും ചുറ്റുപാടും കണ്ണോടിച്ചു കൊണ്ട് ഭയവിഹ്വലരായിക്കൊണ്ട് ആ പാറപ്പുറത്തങ്ങനെ ഇരുന്നു .സമയം അർദ്ധ രാത്രിയോടടുത്തു കൊണ്ടിരിക്കുന്നു .ഇത്ര ഭയാനകമായ ഒരു രാത്രി എന്റെ ജീവിതത്തിൽ ഇത് വരെ ഉണ്ടായിട്ടില്ല .

മെല്ലെ എപ്പോഴോ ഉറക്കത്തിലേക്കു വഴുതി വീണ എന്റെ മുഖത്തേക്ക് തണുത്ത എന്തോ ഒന്ന് ഇറ്റിറ്റായി വീഴുന്നു .
പതുക്കെ കണ്ണ് തുറന്ന ഞാൻ ഞെട്ടിക്കുന്ന ആ കാഴ്ച കണ്ടു ഭയന്ന് ഉറക്കെ നിലവിളിച്ചു .

#### Horror crime Thriller ####

അദൃശ്യനായ അജ്ഞാതൻ
************************************

**************************************************************************************
തന്റെ മുൻപിൽ ഒരു വലിയ കറുത്തിരുണ്ട നിഴൽ രൂപം മുന്നിൽ ആകാശക്കാഴ്ചകളെ മറച്ചു കൊണ്ട് നിൽക്കുന്നു .മെല്ലെ കുനിഞ്ഞ ആ രൂപത്തിന്റെ മുഖം പതിയെ വ്യകതമായിതുടങ്ങി.

അതെ വാസു .

എന്റെ ഹൃദയമിടിപ്പിന്റെ താളം പുറത്തുകേൾക്കത്തക്ക രീതിയിൽ ഉച്ചത്തിൽ മിടിക്കാൻ തുടങ്ങി .കൈകാലുകളാകെ കുഴഞ്ഞു പോയ പോലെ .

ഇനിയേതു നിമിഷവും എന്റെ മരണം സംഭവിക്കാം എന്നുറപ്പിച്ച നിമിഷങ്ങൾ .തട്ടിപ്പിടഞ്ഞെണീക്കാൻ നോക്കിയ എന്റെ കഴുത്തിൽ അവന്റെ കരുത്തുറ്റ വലതു കൈ മുറുകി .

എനിക്കെണീക്കാൻ സാധിക്കുന്നില്ല .

എന്റെ കണ്ണുകൾ കൂട്ടുകാരെ തിരഞ്ഞു അവിടെയാകെ നോക്കി .

കഴുത്തിലുള്ള പിടി മുറുകിയ കാരണം എനിക്ക് പുറകിലേക്ക് നോക്കാൻ കഴിയുമായിരുന്നില്ല .അവന്റെ മുഖത്തു നിന്നെവിടെനിന്നോ രക്തത്തുള്ളികൾ ഉറ്റി വീഴുന്നുണ്ടായിരുന്നു .

"കൂട്ടുകാരെയാണോ നോക്കുന്നത് ?"

അവന്റെ ഘന ഗംഭീരമായ ശബ്ദം കേട്ട് ഭയത്തോടെ ഞാനവന്റെ മുഖത്തേക്ക് നോക്കി .

"അവർ രക്ഷപ്പെട്ടു .അല്ല .ഞാനവരെ രക്ഷപ്പെടുത്തി .എന്നെപ്പോലെ ?"

എന്ന് പറഞ്ഞു അവൻ ഉറക്കെ ചിരിച്ചു .

ആ ചിരിയിൽ എന്നെ അവസാനിക്കാൻ പോന്ന ഒരു ക്രൂരത അവന്റെ മുഖത്തു കാണാമായിരുന്നു .

കൂട്ടുകാർക്കു സംഭവിച്ചതെന്താവും എന്ന് വാസുവിന്റെ വാക്കുകളിൽ നിന്ന് എനിക്ക് മനസ്സിലായില്ല .

പെട്ടെന്ന് കഴുത്തിലുള്ള അവന്റെ കരാള ഹസ്തങ്ങൾ മുറുകിക്കൊണ്ടിരുന്നു .

ശ്വാസം എടുക്കാൻ കഴിയാത്ത രീതിയിൽ അവന്റെ കയ്യിൽ കിടന്നു പിടഞ്ഞ ഞാൻ ഒരിറ്റു ദയ പ്രതീക്ഷിച്ചു വാസുവിന്റെ മുഖത്തേക്ക് നോക്കി .

"മരിക്കുന്നതിന് മുൻപ് നീ മരിക്കുന്ന കാരണം നിനക്കറിയണമെന്നുണ്ടാവും അല്ലെ ?"

അവൻ ഉച്ചത്തിൽ അലറി

"ഇല്ല .ഞാനും മരിക്കുന്നതിന് മുൻപ് എനിക്കറിയുമായിരുന്നില്ല എന്തിനു വേണ്ടിയാണു എന്നെ കൊലപ്പെടുത്തിയതെന്ന് .അതെ നീതി നടപ്പിലാക്കാൻ വന്നതാണ് ഞാൻ .

അത് കൊണ്ട് അതറിയാനോ ചോദിക്കാനോ ഉള്ള അവകാശം തനിക്കുമില്ല .

എന്റെ ലോകത്തേക്ക് നീയും എത്തുന്ന നിമിഷം നീ എല്ലാം മനസ്സിലാക്കും .

അപ്പൊ മാത്രം നീ അറിഞ്ഞാ മതി."

കഴുത്തിലുള്ള പിടി മുറുകുന്നു .ശ്വാസം എടുക്കാൻ പ്രയാസപ്പെട്ട ഞാൻ സർവശക്തിയും സംഭരിച്ചു അവന്റെ കരാള ഹസത്യങ്ങളിൽ പിടി മുറുക്കി .

അലറിപ്പിടഞ്ഞെണീറ്റ എന്റെ ശബ്ദം കേട്ട് എല്ലാവരും ഉണർന്നു .

എന്ത് പറ്റിയെടാ .

സുഹൃത്തുക്കളുടെ ചോദ്യം കേട്ട ഞാൻ പതിയെ മനസ്സാനിദ്യം വീണ്ടെടുത്തു ചുറ്റും നോക്കി .

എല്ലാം സ്വപ്നമായിരുന്നോ ?

എനിക്കോ എന്റെ സുഹൃത്തുക്കൾക്കോ ഒന്നും സംഭവിച്ചിട്ടില്ല എന്ന് മനസ്സിലായപ്പോൾ പടച്ചോന് സ്തുതിയർപ്പിച്ചു കൊണ്ട് ഉറക്കം പോയ നിരാശയിൽ ഞാനിരുന്നു .

പിന്നീടെന്തോ ആർക്കും ഉറക്കം വന്നില്ല .ചുറ്റുപാടും കണ്ണോടിച്ചു ആ രാത്രിയുടെ ഭീകരതയെ മുഴുവൻ ആവാഹിച്ചു ഞങ്ങളങ്ങനെ ആ പാറപ്പുറത്തിരുന്നു നേരം വെളുപ്പിച്ചു .

******************************************************************************************************

അതിരാവിലെ ഫോൺ ബെല്ലടിക്കുന്ന ശബ്ദം കേട്ടുണർന്ന റാഷിദ് പ്രാകിക്കൊണ്ടു ഫോണിന്റെ സ്ക്രീനിലേക്ക് നോക്കി .

“ഏതു എരണംകെട്ടവനാണാവോ ഈ സമയത്തു വിളിക്കുന്നത് .”

നോക്കിയപ്പോൾ ഖാലിക്കാണ്.

ഉറക്കംപോയ നിരാശയിൽ ഫോണെടുത്ത റാഷിദ് ആദ്യം നല്ല പോലെ ചീത്ത വിളിച്ചു .

പിന്നെയാണ് അവൻ പറയുന്നത് ശ്രദ്ധിച്ചത് .

“എടാ ഇന്നലെ വാൾപാറ പോയ നമ്മുടെ കൂട്ടുകാർ ഇത് വരെ തിരിച്ചെത്തിയിട്ടില്ല .”

ഫോൺ വിളിച്ചിട്ട് സ്വിച്ചഡ് ഓഫ്.

വിനീഷിന്റെയും ഇർഷാദിന്റെയും വീട്ടിൽ നിന്ന് വിളിച്ചിരുന്നു .”

“എന്തെങ്കിലും അപകടം പറ്റിക്കാണുമോ .”?

തെല്ലൊന്നശങ്കയിലാണെങ്കിലും റാഷിദ് ചോദിച്ചു .

“പെട്ടെന്നെന്തെങ്കിലും ചെയ്തേ തീരൂ .

അർഷിദിന് ഞാൻ വിളിച്ചിരുന്നു .അവൻ വണ്ടിയുമായി ഇങ്ങോട്ടു പുറപ്പെട്ടു കഴിഞ്ഞു .നമുക്ക് ഒന്ന് പോയി നോക്കാം .ഇത് കേട്ടിട്ട് ഒരു സമാധാനവുമില്ല .”

“ഓക്കേ. എന്നാൽ അപ്പഴേക്ക് ഞാൻ റെഡി ആയി നിൽക്കാം.”

റാഷിദ് ഫോൺ കട്ട് ചെയ്തു.

വല്ലാത്ത എന്തോ ചില അപകട സൂചനകൾ തോന്നിയ റാഷിദ് ആദ്യം പത്രമെടുത്തു മുഴുവൻ പരിശോധിച്ചു.അവന്‍റെ കണ്ണുകൾ മുഴുവൻ തിരഞ്ഞത് അപകട വാർത്തകളിലായിരുന്നു.പിന്നീട് ടീവിയിൽ ന്യൂസ് ഓണാക്കി കുറച്ചു നേരം നോക്കി നിന്നു. സകല ഫ്ലാഷ്ന്യൂസുകളും വായിച്ചു നോക്കിയ റാഷിദിന് പക്ഷെ കൂട്ടുകാരുടെ അപകടവുമായി ബന്ധപ്പെട്ട വാർത്തകളൊന്നും കാണാൻ സാധിച്ചില്ല.ആ റൂട്ടിലൂടെ പോയ സഞ്ചാരികളാരെങ്കിലും അസാധാരണമായ വല്ലതും നടന്നിട്ടുണ്ടെങ്കിൽ സഞ്ചാരീ ഫേസ്ബുക് ഗ്രൂപ്പിൽ വരാൻ സാധ്യതയുണ്ട് എന്ന ചിന്തയുടെ അടിസ്ഥാനത്തിൽ ഗ്രൂപ്പിലെ ഇന്നും ഇന്നലെയുമായുള്ള സകല പോസ്റ്റും അവൻ ഒന്ന് തപ്പി നോക്കി . അവന്റെ ചിന്തകൾക്കനുകൂലമായ ഒരു പോസ്റ്റും അവിടെയും കാണാൻ സാധിച്ചില്ല.

എവിടെയാണെങ്കിലും ഇനി അവരെ കണ്ടു പിടിച്ചിട്ടേ മറ്റു കാര്യങ്ങളൊള്ളൂ എന്നു അവൻ മനസ്സിലുറപ്പിച്ചു.
പെട്ടെന്നു കുളിച്ചു റെഡിയായി ചായയും ഭക്ഷണവും കഴിച്ചു റാഷിദ് ബൈക്കെടുത്തു പെരിന്തല്മണ്ണയിലേക്കു പുറപ്പെട്ടു.വിനീഷിന്റെ വീടിനു മുന്നിലൂടെയാണ് പോയതെങ്കിലും അവിടെ കയറി വീട്ടുകാരെ അഭിമുഗീകരിക്കാനുള്ള ബുദ്ധിമുട്ടു കാരണം അവിടെ കയറിയില്ല.പെരിന്തൽമണ്ണ ഖാലിഖ് കാത്തിരിക്കുന്നുണ്ടായിരുന്നു.താമസിയാതെ അർഷിദും വാഹനവുമായി എത്തി.അർഷിദിന്റെ കാറിൽ അവർ വാൾപാറ ലക്ഷ്യമാക്കി പുറപ്പെട്ടു.ആ സമയം വിവരമറിഞ്ഞ യഹ്‌യ ദുബായിൽ നിന്നു വിളിച്ചു കാര്യങ്ങളന്വേഷിച്ചു.അവനെ ഒരു വിധം പറഞ്ഞു സമാധാനിപ്പിച്ചു അവരുടെ വാഹനം ആത്മാർത്ഥമായ കൂട്ടുകാരെ കണ്ടു പിടിക്കുകയെന്ന വലിയ ലക്ഷ്യവുമായി കുതിച്ചു പാഞ്ഞു.
ഈ സമയം റാഷിദിന്റെ ഫോണിലേക്കു ഒരു കാൾ വന്നു .

നോക്കുമ്പോൾ അറിയാത്ത നമ്പറാണ് .ഫോണെടുത്തു സംസാരിച്ച റാഷിദ് ഞെട്ടലോടെ ഖാലിക്കിനോടും അർഷിദിനോടും പറഞ്ഞു .

“എത്രയും പെട്ടെന്ന് നമുക്ക് വാഴച്ചാൽ ചെക്ക് പോസ്റ്റിലെത്തണം “

ഖാലിഖ് ഭീതിയോടെ ചോദിച്ചു

“എന്തു പറ്റി? .നീ തെളിച്ചു പറ .”

“അവരുടെ വാഹനം ഉപേക്ഷിച്ച നിലയിൽ മലക്കപ്പാറക്കും വാഴച്ചാൽ ചെക്ക് പോസ്റ്റിനുമിടയിലുള്ള വനത്തിൽ കണ്ടെത്തിയിട്ടുണ്ട് .

ആക്സിഡന്റ് ഒന്നും നടന്നിട്ടില്ല .

പക്ഷെ അവർ മിസ്സിങ്ങാണു .

വിനീഷിന്റെ അഡ്രസ്സാണ് ചെക്‌പോസ്റ്റിൽ കൊടുത്തിരുന്നത് .അവര്ക്ക് വിളിച്ചപ്പോൾ അവർ എന്റെ ഫോൺ നമ്പർ കൊടുത്തതാണ് .”

അതെ സമയം വിനീഷിന്റെ വീട്ടിൽ നിന്നും റാഷിദിന് അടുത്ത ഫോൺ വന്നു .

ഇതേ സംഭവം പറയാൻ വേണ്ടിയിട്ടു തന്നെയായിരുന്നു വിളിച്ചത് .

“അവർ ആകെ പരിഭ്രമിച്ചിരിക്കുകയാ .നമ്മുക്കെന്നാ തൃശൂർ വഴി പോകാം “.

റാഷിദിന്റെ ശബ്ദം ഇടറിയിരുന്നു .

വാഹനം ഹൈവേയിലൂടെ കുതിച്ചു പാഞ്ഞു .

“എന്നാലും കാടിനകത്തു വണ്ടി നിർത്തിയിട്ടു അവർ എങ്ങോട്ടാവും പോയിട്ടുണ്ടാവുക ?”

ഖാലികിന്റെ ചോദ്യത്തിന് കൃത്യമായ ഉത്തരം ആർക്കും അറിയില്ലെങ്കിലും

“ഇർഷാദിന് കാടു എന്ന് പറഞ്ഞാൽ ഭ്രാന്താണ്‌ .അവൻ ചിലപ്പോ ഒരു താല്പര്യത്തിനു അവരെയും കൂട്ടി വനത്തിനകത്തേക്കു കയറി ചിലപ്പോ പുറത്തു കടക്കാൻ പറ്റാതെ പെട്ടിട്ടുണ്ടാവും .”

അർഷിദിന്റെ മറുപടി പക്ഷെ 2 ആൾക്കും ഉൾക്കൊള്ളാനായില്ല .

“അത്തരം ഒരു ബുദ്ധി മോശം അവർ കാണിക്കുമെന്ന് തോന്നുന്നില്ല .”

വഴിയോരക്കച്ചവടക്കാരും കണ്ണിനു കുളിർമ നൽകുന്ന കാഴ്ചകളും ,ഗ്രാമങ്ങളും പട്ടണങ്ങളും ഒന്നും ശ്രദ്ധിക്കാതെ ഭക്ഷണം പോലും കഴിക്കാതെ അവർ എന്തു സംഭവിച്ചാലും കൂട്ടുകാരെ കണ്ടുപിടിക്കണം എന്ന ഉദ്ദേശ്യത്തോടെ വാഴച്ചാൽ ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരുന്നു.അവർ തികച്ചും അക്ഷമരായിരുന്നു.

അങ്ങനെ ഒരുപാട് ദൂരം യാത്ര ചെയ്തു 1.00 മണി ആയപ്പോഴേക്കു വാഴച്ചാൽ ചെക്ക് പോസ്റ്റിലെത്തി.വണ്ടി പാർക്ക് ചെയ്തു ചെക്ക്പോസ്റിലെ ഉദ്യോഗസ്ഥരോട് വന്ന കാര്യം പറഞ്ഞപ്പോൾ ഡിജിൻ എന്ന ഉദ്യോഗസ്ഥനെ അവരുടെ കൂടെ വിട്ടു.
വാഴച്ചാൽ ചെക്‌പോസ്റ് കടന്നു ഡിജിൻ എന്ന ഉദ്യോഗസ്ഥനെയും കൂട്ടി അവർ വനപാതയിലൂടെ വാഹനവുമായി മുന്നോട്ടു നീങ്ങി.
ഡിജിൻ അവരോടു കാര്യങ്ങളെല്ലാം വിശദീകരിച്ചു.

“ഇന്നലെ ഉച്ച കഴിഞ്ഞു ഉദ്ദേശം 3.00 മണിക്കാണവർ മലക്കപ്പാറ ചെക്‌പോസ്റ് കടന്നത്.ഇന്നലെ ഈ റൂട്ടിൽ വാഹനങ്ങൾ പൊതുവെ കുറവായിരുന്നു.പിന്നീട് 6.00 മണി കഴിഞ്ഞിട്ടും വാഹനം വാഴച്ചാലിലെത്തിയതായി റിപ്പോർട്ട് ചെയ്തിട്ടില്ല.അതിനു മുൻപേ ഇതു വഴി വന്ന ഒരു ഒരു ബൈക്ക് യാത്രികൻ ഒരു കാർ ഒറ്റപ്പെട്ടു വനപാതയിൽ പാർക്ക് ചെയ്യപ്പെട്ടതായി കണ്ടു എന്നും ഒരു ഇൻഫർമേഷൻ തന്നിരുന്നു.
അതു പ്രകാരം തിരച്ചിൽ നടത്തിയപ്പോൾ അയാൾ പറഞ്ഞ പോലെ കാടിനുള്ളിൽ അവരുടെ വാഹനം കണ്ടുകിട്ടി.അവർ കാട്ടിനകത്തേക്കു പ്രവേശിച്ചതായാണ് അവിടുത്തെ സാഹചര്യതെളിവുകളിൽ നിന്നു മനസ്സിലാക്കാൻ കഴിഞ്ഞത്.
അവരെല്ലാവരും ഒരുപാട് അസ്വസ്ഥരായിരുന്നു എന്നാണു മലക്കപ്പാറ ചെക്ക് പോസ്റ്റിൽ അവരെ കണ്ട ഉദ്യോഗസ്ഥർ പറഞ്ഞത്.അവരുടെ മുഖം ആകെ മ്ലാനമായിരുന്നു എന്നും എന്തോ ഒരു പ്രശ്നത്തിൽ അകപ്പെട്ടാണ് അവർ 6 പേരും അവിടെ എത്തിയത് എന്നൊക്കെയാണ് അവിടുത്തെ ഉദ്യോഗസ്ഥരിൽ നിന്നും അറിയാൻ സാധിച്ചത്.”

അതു കേട്ട അർഷിദ് പെട്ടെന്ന് ഇടപെട്ടു.

“സർ 6 പേരോ ?അവർ 5 പേരെ ഉണ്ടായിരുന്നൊള്ളു.ആരാണ് ആറാമൻ.?
അല്ല.അവരുടെ വണ്ടിയിൽ മൊത്തം 6 പേര് ചെക്‌പോസ്റ് കടന്നതായി രേഖയിലുണ്ട്.”

പക്ഷെ ഡിജിന്റെ മറുപടി അവർക്കാർക്കും തൃപ്തികരമായിരുന്നില്ല.
ഖാലിഖ് തന്റെ ഫോണിൽ വാട്സാപ്പിൽ ഇന്നലെ കൂട്ടുകാർ അയച്ച ഫോട്ടോസെല്ലാം അദ്ദേഹത്തിന് കാണിച്ചു കൊടുത്തു കൊണ്ടു പറഞ്ഞു.

“ഇവർ യാത്രയിലുടനീളം എന്നെ വിളിച്ചിരുന്നു.വളരെ സന്തോഷത്തിലായിരുന്നു അവരുടെ ഈ യാത്ര എന്നതിന് തെളിവാണ് ഈ ഫോട്ടോസ്.പക്ഷെ അപ്പോഴൊന്നും ഒരു ആറാമനെക്കുറിച്ചവർ പറയുകയോ ,അത്തരത്തിലുള്ള ഒരു ഫോട്ടോ അയക്കുകയോ ചെയ്തിട്ടില്ല.”

“എന്നാൽ ഈ ആറാമൻ തന്നെയാവും അവരുടെ തിരോധാനത്തിന് പിന്നിൽ .ഞാൻ പറഞ്ഞല്ലോ ?നിങ്ങൾ പറഞ്ഞ പോലെ അത്ര സന്തോഷത്തിലായിരുന്നില്ല അവർ ചെക്ക് പോസ്റ്റ് കടന്നുപോയത് .ഏതായാലും ഇന്ന് രാവിലെ തന്നെ രണ്ടു സംഘങ്ങളായി വനം വകുപ്പ് ജീവനക്കാർ കാടിനകത്തു തിരച്ചിൽ നടത്തിക്കൊണ്ടിരിക്കുന്നുണ്ട് ,പക്ഷെ ഇത് വരെ ഒരു വിവരവും കിട്ടിയിട്ടില്ല .”

ഡിജിൻ ഇത്രയും പറഞ്ഞുകൊണ്ട് മൂവരുടെയും മുഖത്തേക്ക് മാറി മാറി നോക്കി .

ഖാലികും അർഷിദും റാഷിദും പക്ഷെ ഈ പറഞ്ഞ കാര്യങ്ങളൊക്കെ കേട്ട് തരിച്ചിരുന്നു .

‘ആരായിരിക്കും അവരുടെ ഇടയിലേക്ക് കയറി വന്ന ആറാമൻ ?

എന്തിനായിരിക്കും അവർ ഈ അപകടം പതിയിരിക്കുന്ന കൊടുംവനത്തിലേക്കു പ്രവേശിച്ചിട്ടുണ്ടാവുക ?

എന്തായിരിക്കും അവരുടെ ഇപ്പോഴത്തെ അവസ്ഥ ?ജീവനോടെയുണ്ടാവുമോ ?അതോ ......? ‘

നൂറായിരം ചോദ്യങ്ങൾ അവരുടെ മനസ്സിൽ വിള്ളലുകൾ വീഴ്ത്തി കടന്നു പോയി .

അവരവിടെ എത്തുമ്പോൾ വാഹനത്തിനു ചുറ്റും ഒരുപാട് ആളുകളുണ്ടായിരുന്നു .റാഷിദും അർഷിദും ഖാലികും വാഹനത്തിൽ നിന്നിറങ്ങി കൂടെ ഡിജിനും .വാഹനം അവർ മൂന്ന് പേരും പരിശോധിച്ചെങ്കിലും പരിക്കുകളൊന്നും കണ്ടെത്താൻ സാധിച്ചില്ല .

ആ സമയം മൂന്നാമത്തെ സംഘം കാട്ടിൽ തിരച്ചിൽ നടത്താൻ കയറാനൊരുങ്ങുകയായിരുന്നു .ഡിജിൻ അവരെ മലക്കപ്പാറ ഫോറെസ്റ് ഉദ്യോഗസ്ഥരെ പരിചയപ്പെടുത്തി .

സർ ഇത് മിസ്സിങ്ങായ ആളുകളുടെ കൂട്ടുകാരാണ് .ഇവർ പറയുന്നത് അവർ 5 പേരെ ഉണ്ടായിരുന്നുളളൂ യാത്ര പുറപ്പെട്ടപ്പോൾ എന്നാണ് .അവരുടെ കൂടെയുള്ള ആറാമനെ കുറിച്ച് ഇവർക്കറിയില്ല .

അതിൽ ഗിരീഷ് എന്ന് സ്വയം പരിചയപ്പെടുത്തിയ ഉദ്യോഗസ്ഥൻ അവരുടെ മുഖത്തേക്ക് മാറി മാറി നോക്കി

“അപ്പൊ ആറാമനെക്കുറിച്ചു നമ്മൾ അന്വേഷിക്കേണ്ടിയിരിക്കുന്നു .നിങ്ങൾ പേടിക്കേണ്ട നമുക്കവരെ കണ്ടെത്താം .ഏതായാലും അടുത്ത സംഘം അവരെ തിരഞ്ഞു പോകാനൊരുങ്ങുകയാണ് .നിങ്ങൾ ഏതായാലും ചെക്ക് പോസ്റ്റിൽ കാത്തിരുന്നോളൂ .ഇവരെ പറഞ്ഞയച്ചിട്ടു ഞാനങ്ങോട്ടു വരാം.”

അർഷിദ് അക്ഷമനായിക്കൊണ്ട് ആളുടെ സംസാരത്തിനിടക്ക് ഇടയ്ക്കു കയറി .

“സർ .ദയവു ചെയ്തു ഈ സംഘത്തിൽ ഞങ്ങളെയും കൂടെ കൂട്ടണം .അവരെ കണ്ടു പിടിക്കാതെ ഇനി ഒരു തിരിച്ചു പോക്ക് ഞങ്ങൾക്ക് സാധിക്കില്ല .”

“നിങ്ങളുടെ വികാരം എനിക്ക് മനസ്സിലാവും .അത് വേണോ ?കാടാണ് .ഒരുപാട് അപകടങ്ങൾ പ്രതീക്ഷിക്കാവുന്ന ഇടങ്ങളിലൂടെയാണ് സഞ്ചരിക്കേണ്ടത് .ഫോറെസ്റ് ഉദ്യോഗസ്ഥരുടെ കൂടെ കുറച്ചു ആദിവാസി ചെറുപ്പക്കാരെ കൂടി ഉള്പെടുത്തിയിട്ടാണ് ഈ സംഘം കാടു കയറുന്നതു .വനത്തിനുള്ളിലെ അവസ്ഥകളെക്കുറിച്ചറിയാത്ത, പ്രത്യേകിച്ച് മുന്പരിചയമൊന്നുമില്ലാത്ത നിങ്ങളെ കൊണ്ട് പോകുന്നത് തിരച്ചിലിന്റെ വേഗത കുറക്കാനേ ഉപകരിക്കുകയുള്ളു .”

അർഷിദ് താൻ പങ്കെടുത്ത ഫോറെസ്റ് ക്യാമ്പുകളുടെ ഡീറ്റെയിൽസ് മൊബൈലിൽ ഗിരീഷ് സാറിന് കാണിച്ചു കൊടുത്തപ്പോൾ അദ്ദേഹം സമ്മതിച്ചു .

അങ്ങനെ ആ ഫോറെസ്റ് ഉദ്യോഗസ്ഥരും ആദിവാസി ചെറുപ്പക്കാരും അടങ്ങിയ സംഘത്തിന് കൂടെ ഖാലികും അർഷിദും റാഷിദും കൂടെ തങ്ങളുടെ ഉറ്റ മിത്രങ്ങളെ കണ്ടു പിടിക്കാൻ വേണ്ടി തങ്ങളെ വിഴുങ്ങാനെന്നോണം വാ പിളർത്തി നിൽക്കുന്ന അപകടം പതിയിരിക്കുന്ന കൊടും വനത്തിനുള്ളിലേക്ക് തിങ്ങി നിറഞ്ഞ ഈറ്റക്കാടുകൾക്കിടയിലൂടെ അവർ പ്രവേശിച്ചു .

*****************************************

ഇന്നലത്തെ വീഴ്ചയിൽ തോളെല്ലിന് നന്നായി വേദനയനുഭവപ്പെടുന്നുണ്ടെങ്കിൽ പോലും സുഹൃത്തുക്കളെ അനുഗമിച്ചു വളരെ വേഗം ഞാൻ മുന്നോട്ട് നടന്നു.

മരങ്ങൾ തിങ്ങി നിൽക്കുന്ന കൊടും വനത്തിൽ ചെറിയ തുള്ളികളായി മണ്ണിനെ പുളകിതനാക്കികൊണ്ടു പെയ്യുന്ന ചാറ്റൽ മഴ .മരച്ചില്ലകൾക്കിടയിൽ ഇലകളിലൂടെ ഊർന്നിറങ്ങി ദേഹത്തേക്ക് ഉറ്റി വീണ ജലത്തുള്ളികൾ പക്ഷെ ഞങ്ങളുടെ മനസ്സിനെ തണുപ്പിക്കാൻ പാകമുള്ളതായിരുന്നില്ല . ഞങ്ങൾക്കിരുവശവും നിബിഡമായ പച്ചപ്പടർപ്പിലൂടെ എത്തിനോക്കുന്ന കൂറ്റൻ മരച്ചില്ലത്തുമ്പുകളിൽ വെള്ളത്തുള്ളികളുടെ ഭാരം മൂലം തൂങ്ങി നിൽക്കുന്ന നേർത്ത ഇലകൾ എന്‍റെ കണ്ണുകളിൽ തട്ടി തിളങ്ങുന്നു.
ഒഴുകിയെത്തിയ മന്ദമാരുദ്ധന്റെ വിരസമായ മൂളലും കൊഴിഞ്ഞു വീഴുന്ന ഇലകളുടെ മർമ്മരവും കെട്ടു കൊണ്ടു ചെറിയ ഇരുട്ട് മൂടിയ കുറ്റിക്കാടുകൾക്കിടയിലൂടെ ഞങ്ങൾ തിരക്കിട്ടു നടന്നു.ആകാശമുഖത്തെ മറച്ചു കൊണ്ടു മേഘങ്ങൾ സവാരി നടത്തിക്കൊണ്ടിരുന്നു.അന്തരീക്ഷത്തിൽ ഭയപ്പെടുത്തുന്ന നിഗൂഢത തളം കെട്ടി നിൽക്കുന്നു.
എത്ര നടന്നിട്ടും കാടിനു വെളിയിൽ കടക്കാൻ കഴിയാത്തതിന്റെ നിരാശ എല്ലാവരിലും ഉണ്ടായിരുന്നു .അതിനെല്ലാമുപരി തങ്ങളെ പിന്തുടരുന്ന ഒരു പൈശാചിക ശക്തി അത് ഞങ്ങളെ മറ്റേതോ ഒരു ലക്ഷ്യ സ്ഥാനത്തേക്ക് നയിക്കുന്ന പോലെ ഒരു തോന്നൽ ഞങ്ങളിലുള്ള ധൈര്യത്തെ ചോർത്തിക്കളഞ്ഞിരുന്നു . ക്ഷീണവും ,ഭയവും ,വിശപ്പും ,നിരാശയും ഒക്കെ ഉണ്ടെങ്കിലും ഞങ്ങൾ മുന്നോട്ടു നടന്നു കൊണ്ടിരുന്നു .

മുന്നോട്ടു നടക്കുന്തോറും കാടിനെ പ്രകമ്പനം കൊള്ളിക്കുന്ന തരത്തിൽ അങ്ങിങ്ങായി മുഴങ്ങിക്കേൾക്കുന്ന ശബ്ദങ്ങൾ .ചെങ്കുത്തായ കയറ്റങ്ങളിൽ മരങ്ങളുടെ വശങ്ങളിലൂടെ പടർന്നു പന്തലിച്ച വള്ളിപ്പടപ്പുകളിൽ പുറത്തേണക്കുന്തി നിൽക്കുന്ന കൂർത്ത മുള്ളുകൾ പലപ്പോഴായി ശരീരത്തിൽ പോറലുകളുണ്ടാക്കി .

മുന്നിൽ കൃത്യമായ വഴികളൊന്നുമില്ല .എല്ലാവരും എങ്ങോട്ടോ നടന്നു നീങ്ങുന്നു .ഇന്നലെ രാത്രി കണ്ട സ്വപ്നം മനസ്സിൽ നിന്നിറങ്ങിപ്പോവുന്നില്ല.

അതൊരു വലിയ അപകടത്തിന്റെ സൂചനയാകുമോ ?

.വാസുവെന്ന ചെറുപ്പക്കാരൻ ഒരു ഭീകര രൂപമായി ഞങ്ങളുടെ മുന്പിലേതു സമയവും പ്രത്യക്ഷപ്പെടാം എന്ന ചിന്ത മനസിന്റെ അകത്തളങ്ങളെ അകെ പിടിച്ചു കുലുക്കിയിരുന്നു .

ഇത്തരം ഒരുപാട് അപകട ചിന്തകൾ ഉള്ളിൽ ഭയത്തിന്റെ വേലിയേറ്റം സൃഷ്ട്ടിച്ചെങ്കിലും രക്ഷപ്പെടണം എന്ന ഉറച്ച ചിന്തയുമായി ഞാൻ അവരോടൊപ്പം യാന്ത്രികമായി നീങ്ങിക്കൊണ്ടിരുന്നു .

മുൻപിൽ നടന്നു കൊണ്ടിരുന്ന ഷജിൽ വഴി തടസ്സപെടുത്തിക്കിടന്നിരുന്ന മുറിഞ്ഞു കിടന്ന ഒരു കൂറ്റൻ മരക്കമ്പിൽ ഞങ്ങൾക്കഭിമുഖമായി തിരിഞ്ഞിരുന്നു .

"നമ്മളെങ്ങോട്ടാ ഈ പോവുന്നത് ".?ഈ വഴി പോയാൽ കാടിനു പുറത്തു കടക്കാമെന്നു ആർക്കെങ്കിലും ഉറപ്പുണ്ടോ "?

കുറെ നേരമായി തുടരുന്ന നടത്തം തടസ്സപ്പെട്ട ദേഷ്യത്തിലായിരുന്നു റിയാസ് .

"പിന്നെ നമ്മളെന്തു ചെയ്യണം ".ഇവിടെ ഇരുന്നാൽ വല്ല മായാവിയും വന്നു നമ്മളെ ഇവിടെ നിന്നു രക്ഷപ്പെടുത്തി തരുമോ ".നമുക്കൊരു നിമിഷം പോലും പാഴാക്കാനില്ല .ഇരുട്ടുന്നതിനു മുൻപ് ഇതിനു വെളിയിൽ കടന്നേ പറ്റൂ.
ഇവിടെ കപ്പയം ,അടിച്ചിലോതി തുടങ്ങിയ ആദിവാസി കോളനികളുള്ളതായി എവിടെ നിന്നോ കേട്ടിട്ടുണ്ട് .ഏറ്റവും മിനിമം അവിടെയെങ്കിലും എത്താൻ നമുക്ക് സാധിക്കണം .അതിനു ഇവിടെ ഇരുന്നാലോചിച്ചിരുന്നിട്ട് കാര്യമില്ല .വാ മുന്നോട്ട് നടക്കാം "

എല്ലാവരും അവന്റെ വാക്കുകൾ ശരി വച്ചു.അല്ലാതെ മറ്റൊരു മാർഗവും ഞങ്ങളുടെ മുന്പിലില്ല .

മുറിഞ്ഞു വീണ കൂറ്റൻ മരക്കഷ്ണത്തിന്റെ മുകളിലൂടെ അള്ളിപ്പിടിച്ചു കയറി ഞങ്ങൾ വീണ്ടും മുന്നോട്ടു നടന്നു .

ദൂരെ എവിടെ നിന്നോ ഏതോ ഒരു ജീവിയുടെ അതി ദയനീയമായ ഒരു കരച്ചിൽ കേൾക്കാമായിരുന്നു .വല്ല കടുവയോ, പുലിയോ ഇരയെ വേട്ടയാടിപ്പിടിച്ചതാവാം . ഇനിയിപ്പോ അവറ്റകൾക്കിരയാവാനാകുമോ ഞങ്ങളുടെ വിധി .ചെവി തുളച്ചു കടന്നു വരുന്ന മുളങ്കൂട്ടങ്ങളിൽ നിന്നുള്ള ശബ്ദ തരംഗങ്ങൾ മുന്നോട്ടുള്ള ഓരോ കാൽപെരുമാറ്റത്തിലും സൂക്ഷിക്കാൻ ഞങ്ങളെ പ്രേരിപ്പിച്ചു . ഏതോ ദിശയിൽ നിന്നു അടിച്ചു വീശിയ കുളിരുണർത്തുന്ന ഒരു ചെറുകാറ്റു ഞങ്ങളെ തഴുകിത്തലോടി കടന്നു പോയി .

എവിടെ നിന്നോ പിന്തുടർന്ന് തുടങ്ങിയ നിഴൽ രൂപം ഞങ്ങളുടെ തൊട്ടു പിന്നിലെത്തിയ പോലെ .

പെട്ടെന്ന് ഞാനൊന്നു നിന്നു.

എന്തൊക്കെയോ അവ്യക്തമായ ചില ശബ്ദങ്ങൾ .

അതെ..

എന്റെ തൊട്ടു പിറകിൽ നിന്നു തന്നെയാണ് .

പുറകിലേക്ക് തിരിഞ്ഞു നോക്കാൻ ഉള്ളിൽ തിളച്ചു മറിയുന്ന ഭയം എന്നെ അനുവദിച്ചില്ല .

തുടരും....

#### Horror crime Thriller ####

അദൃശ്യനായ അജ്ഞാതൻ
************************************

എല്ലാവരും എന്നിൽ നിന്നും കുറച്ചകലത്തിലായി നടന്നെത്തിയിരുന്നു .
പുറകിൽ ഇടതു ഭാഗത്തു നിന്നു ഞൊടിയിടയിൽ എന്നെ കടന്നു ശര വേഗത്തിൽ കുതിച്ചു വന്ന ഒരു കറുത്ത രൂപത്തെ കണ്ടു ഞാൻ ഭയന്ന് അത്യുച്ചത്തിൽ അലറി നിലവിളിച്ചു .പുറകിലേക്ക് തിരിഞ്ഞോടി വന്ന സുഹൃത്തുക്കൾക്ക് പക്ഷെ ഒന്നും കാണാൻ സാധിച്ചില്ല .പക്ഷെ ഉയരത്തിൽ വളർന്നു നിൽക്കുന്ന കുറ്റിച്ചെടികളിൽ ഉണ്ടായ അസാധാരണമായ ആളനക്കം അവരുടെ ശ്രദ്ധയിൽ പെട്ടു.
എനിക്കും എന്താണെന്നു മനസ്സിലാക്കാൻ കഴിയാത്തത്ര വേഗത്തിലായിരുന്നു ആ നീക്കം .
ആ സംഭവത്തോടെ എല്ലാവരുടെയും മനസ്സിലുള്ള ഭയം വീണ്ടും വർധിച്ചു .

ആ സംഭവം കാരണം എന്‍റെ മുൻപിൽ ഷജിലും വിനീഷും പിറകിൽ ഷഫീഖും റിയാസും എന്ന രീതിയിലാണ് പിന്നീട് ഞങ്ങൾ നടന്നത്.മഴ തോർന്നിരുന്നെങ്കിലും നടത്തത്തിന്റെ വേഗതയെ അതു ബാധിച്ചിരുന്നു.കാർമേഘങ്ങൾ കാട്ടിൽ ചെറിയ രീതിയിൽ ഇരുൾ പടർത്തിയിരുന്നു.ഏതു നിമിഷവും അപകടങ്ങളെ പ്രതീക്ഷിച്ചു ഉള്ളിൽ നിറഞ്ഞ ഭീതിയോടെ ഞങ്ങൾ മുന്നോട്ടു നടന്നു. എപ്പോ വേണമെങ്കിലും മുന്നിൽ പ്രത്യക്ഷപ്പെടാവുന്ന വന്യമൃഗങ്ങളും അതിലേറെ ഞങ്ങളെ ഈ വനത്തിനുള്ളിലെത്തിച്ച മരണപ്പെട്ട വാസു എന്ന ചെറുപ്പക്കാരനും ഞങ്ങളുടെ ഉള്ളിൽ സൃഷ്ടിച്ച ഭയമെന്ന വികാരം വർണ്ണനാണീതമായിരുന്നു.

ഇഴ ജന്തുക്കൾ അവിടെ ധാരാളമായുണ്ടായിരുന്നത് കൊണ്ട് ഓരോ ചെരുപ്പടിയും വളരെ സൂക്ഷിച്ചാണ് ഞങ്ങൾ മുന്നോട്ടു പോയിരുന്നത് .

എത്ര നടന്നിട്ടും തീരാത്ത ആ വനത്തിൽ ലക്ഷ്യസ്ഥാനം കണ്ടുപടിക്കാൻ കഴിയാതെ ഉത്തരം കിട്ടാത്ത ചോദ്യങ്ങളുടെ ഭാണ്ഡക്കെട്ടുകളുമായി ഞങ്ങളങ്ങനെ നടന്നു .ഇന്നത്തെ രാത്രിയും കൂടി ഈ വനത്തിൽ കഴിച്ചു കൂട്ടുന്ന കാര്യം ഒരിക്കലും ഞങ്ങൾക്ക് ചിന്തിക്കാൻ പോലും കഴിയുമായിരുന്നില്ല .
ചെറിയ കാറ്റുകൾ പോലും മുളങ്കാട്ടിൽ നിന്നും ഭീതിപ്പെടുത്തുന്ന ശബ്ദങ്ങളെ പുറപ്പെടുവിക്കുന്നു .

അങ്ങനെ എത്ര ദൂരം നടന്നൊന്നും യാതൊരു നിശ്ചയവുമില്ല .വഴി തടസ്സപ്പെടുത്തിയ കൂറ്റൻ മരങ്ങളും ,മുൾവേലികൾ പോലെ പടർന്നു പന്തലിച്ചു നിൽക്കുന്ന വള്ളിപ്പടർപ്പുകളും ,തലയുയർത്തി നിൽക്കുന്ന കുറ്റിക്കാടുകളും,ചെങ്കുത്തായ പാറക്കെട്ടുകളും ,പുൽമേടുകളും ,കാട്ടരുവികളും കടന്നു ഞങ്ങൾ കുറെ ദൂരം മുന്നോട്ടു പോയി .വലിയ കല്ലുകളിൽ തട്ടിത്തടഞ്ഞും ,ചെങ്കുത്തായ കയറ്റങ്ങൾ കയറി കിതച്ചും , നീങ്ങിയ ഞങ്ങളുടെ മുന്നിൽ പെട്ടെന്ന് ഒരുപാട് ചിത്ര ശലഭങ്ങൾ പ്രത്യക്ഷപ്പെട്ടു .

എവിടുന്നോ ചില കിളികളുടെ കുയിൽനാദങ്ങൾ കേക്കുന്നു .ആ കാഴ്ച ഞങ്ങളിൽ കുറെ സമയത്തിന് ശേഷം ചെറിയൊരു സന്തോഷത്തിനു കാരണമാക്കി .കാട്ടു വഴികൾ കൂടുതൽ നടക്കാൻ പാകത്തിലുള്ള വഴികളായി മാറി .കുറെ ദൂരെ നിന്ന് വാഹനങ്ങൾ കടന്നു പോവുന്ന ശബ്ദം കേൾക്കുന്നു .അതെ നമ്മൾ എത്തിയിരിക്കുന്നു. റിയാസ് സന്തോഷത്തോടെ അത് പറഞ്ഞപ്പോൾ എല്ലാവരുടെയും നടത്തത്തിനു വേഗത കൂടി .കുറച്ചു ദൂരെ ഇടതു ഭാഗത്തായി മേഞ്ഞു നടക്കുന്ന മാന്കൂട്ടങ്ങൾ.കുറച്ചു കൂടി മുന്നിലായി ഒരു വലിയ ചായത്തോട്ടം .അതിനിടയിലുള്ള വഴിയിലൂടെ ഞങ്ങൾ ആവേശത്തോടെ നടന്നു നീങ്ങി .ഞങ്ങൾ കാണാൻ കൊതിച്ച കാഴ്ച .മുന്നിലൂടെ വളഞ്ഞും പുളഞ്ഞും പോവുന്ന വീതി കുറഞ്ഞ ഒരു റോഡിൻറെ ചാരത്തു ഞങ്ങളെത്തി .

അവിടെ കണ്ട ഒരു ചേട്ടനോട് ഭക്ഷണം കിട്ടാൻ വല്ല മാർഗവുമുണ്ടോന്നു ചോദിച്ചപ്പോൾ കുറച്ചു ദൂരെ ഒരു വീട് കാണിച്ചു തന്നു .ഞങ്ങൾ നേരെ ആ വീട്ടിലേക്കു നടന്നു .വീടിനോടു ചേർന്ന് ഒരു ചെറിയ ചായക്കട .അവിടെ കയറി നന്നായി ഭക്ഷണം കഴിച്ചു വിശപ്പടക്കിയ ഞങ്ങൾ അവിടയുണ്ടായിരുന്ന ചേട്ടനോട് ടൗണിലേക്ക്‌ വല്ല വണ്ടിയും കിട്ടാൻ മാർഗ്ഗമുണ്ടോ എന്നന്വേഷിച്ചു.

“അല്പം കഴിഞ്ഞാൽ കുറച്ചു സാധനങ്ങളുമായി ഷാജി എന്നൊരു പയ്യൻ ജീപ്പുമായി വരും .അവന്റെ കൂടെ വേണമെങ്കിൽ നിങ്ങള്ക്ക് വാല്പാറ ടൗണിലെത്താം . ഇവിടെ കാത്തു നിന്നാ മതി .ഇവിടേയ്ക്ക് വേണ്ട പഴക്കുലകളുമായി അവൻ ഇപ്പൊ വരും” .

“എന്നാ ശരി ചേട്ടാ ഞങ്ങളിവിടെ കാത്തു നിൽക്കാം”

.എന്ന് പറഞ്ഞു ഞാൻ എല്ലാവരെയും കൂട്ടി കുറച്ചപ്പുറത്തേക്കു മാറി നിന്നു.

“ഈ നടന്ന സംഭവങ്ങൾ ആരോടും ഒന്നും പറയാൻ പോവണ്ട .ആർക്കും വിശ്വസനീയമായ കഥകളല്ലല്ലോ നമ്മുടെ അടുത്ത് .സ്ഥലം കാണാൻ വന്നതാണെന്നും വഴിതെറ്റി കുറച്ചു കാട്ടിൽ അലഞ്ഞു സമയം പോയെന്നും മാത്രം പറഞ്ഞാൽ മതി .അപ്പൊ ഇനി എന്താ നമ്മുടെ പ്ലാൻ ? ” .

എന്റെ ചോദ്യം കേട്ട ഉടനെ വിനീഷ് പറഞ്ഞു

“വീട്ടിൽ പോകാം .”

“പക്ഷെ എങ്ങനെ ?കാർ എന്ത് ചെയ്യും .?നമ്മളെ തിരഞ്ഞു ഇപ്പൊ ഫോറെസ്റ് ഉദ്യോഗസ്ഥർ കാട്ടിൽ പരതുന്നുണ്ടാവും .നമ്മളെ മാത്രമല്ല .വാസുവിനെയും ?
അവനെവിടെ എന്ന് ചോദിച്ചാൽ ?
അതാരാണെന്ന് ചോദിച്ചാൽ ?
മരണപ്പെട്ടു പോയ ഒരാളായിരുന്നു നമ്മുടെ കൂടെ യാത്ര ചെയ്തത് എന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ ? അങ്ങനെയാവുമ്പോൾ ഒരിക്കലും അവനെ കണ്ടു പിടിക്കാൻ ആർക്കും കഴിയില്ല .അപ്പൊ പിന്നീട് അതിനുത്തരം പറയേണ്ടത് നമ്മളാവും .”

“പിന്നെ നമ്മളെന്തു ചെയ്യും ? .”
റിയാസിന്റെ ചോദ്യത്തിൽ അല്പം നിരാശ കലർന്നിരുന്നു .

“ഇതിൽ നിന്നും തലയൂരാൻ എന്താണ് വഴി എന്ന് ആലോചിക്കേണ്ടിയിരിക്കുന്നു”
.അത് പറയുമ്പോൾ എന്ത് ചെയ്യണമെന്ന് എനിക്കും ഒരു ധാരണയും ഉണ്ടായിരുന്നില്ല .
കുറച്ചു നേരം എല്ലാവരും മുഖത്തോടു മുഖം നോക്കി നിന്നു.അല്പനേരത്തെ നിശബ്ധതയെ പിന്നീട് ഭേദിച്ചതു ഷജിലിന്റെ വാക്കുകളായിരുന്നു .
“നിന്റെ ഫ്രണ്ടിന്റെ ഫേസ്ബുക് പേജിൽ നിന്നല്ലേ വാസു മരിച്ച വാർത്ത നമ്മൾ കണ്ടത് .അവൻ നാട്ടിലുണ്ടെങ്കിൽ അവനു വിളിച്ചു കാര്യങ്ങളന്വേഷിച്ചാൽ ഏറെക്കുറെ കാര്യങ്ങൾക്കു ഒരു തീരുമാനം കിട്ടും .”
എനിക്കും അത് ശരിയാണെന്നു തോന്നി .എന്റെ പേഴ്സിൽ ഞാൻ സുഹൃത്തുക്കളുടെ നമ്പറെല്ലാം ഒരു ചെറിയ പോക്കറ്റ് ഡയറിയിൽ സൂക്ഷിച്ചിരുന്നു .
“പക്ഷെ എവിടെ നിന്നു ഫോൺ വിളിക്കും .?”

“നമുക്കാ ചേട്ടനോട് ചോദിച്ചാലോ ?”

ഷഫീക് ഉടൻ തന്നെ ഓടിച്ചെന്നു ചേട്ടനെ എന്തോ പറഞ്ഞു മയക്കി അദ്ദേഹത്തിന്റെ ഫോണുമായെത്തി .

ഞാൻ ഡയറിയിൽ നിന്നെടുത്ത വിഘ്‌നേഷിന്റെ വീട്ടിലെ നമ്പറിൽ ഞാൻ വിളിച്ചു .വിഘ്‌നേശ് വീട്ടിൽ തന്നെ ഉണ്ടായിരുന്നു .അവന്റെ പെങ്ങളുടെ കല്യാണത്തിന് നാട്ടിൽ വന്നതായിരുന്നു അവൻ .കാര്യങ്ങളെല്ലാം വളരെ ചുരുക്കിയാണെങ്കിലും അവനോടെല്ലാം പറഞ്ഞു .അന്വേഷിച്ചു തിരിച്ചു വിളിക്കാം എന്ന് പറഞ്ഞ അവന്റെ ഫോണും കാത്തു ഞങ്ങളിരുന്നു .
കുറച്ചു നേരം കഴിഞ്ഞപ്പോൾ അവൻ തിരിച്ചു വിളിച്ചു .
അവന്റെ മറുപടിയിൽ അൽപ്പം ഇടർച്ച ഉണ്ടായിരുന്നു .

“വാസു എന്റെ വാല്പാറക്കടുത്തുള്ള സിങ്കോണ എന്ന ഗ്രാമത്തിൽ താമസിക്കുന്ന വിക്കി എന്ന friendന്റെ കൂട്ടുകാരനാണ് .നിങ്ങൾ അറിഞ്ഞത് ശരിയാണ് .പക്ഷെ വാസുവിന്റെ മരണം സാധാരണ മരണമായിരുന്നില്ല .അതൊരു കൊലപാതകമായിരുന്നു .പക്ഷെ ആരാണ് അത് ചെയ്തത് എന്ന് വ്യ്കതമായിട്ടില്ല .പോലീസ് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ് .”
ആ വാർത്ത കേട്ട ഞങ്ങൾ പകച്ചു നിന്നു .
“ഇനി ഞങ്ങളെന്തു ചെയ്യണം ?”
“ഞാൻ വിക്കിയുടെ നമ്പർ തരാം നിങ്ങൾ അവനെ വിളിക്കണം .അവനു നിങ്ങളെ കാണണം എന്നും പറഞ്ഞു .പിന്നെ ഈ കാര്യങ്ങൾ അതീവ രഹസ്യമായി വെച്ചാ മതി .വിക്കി അങ്ങനെയാണ് പറഞ്ഞത് .എത്രയും പെട്ടെന്ന് നിങ്ങൾ അവന്റെ അടുത്തെത്തണം .വാല്പാറ എത്തിയിട്ട് വിളിച്ചാൽ അവൻ വരും .”

ഓക്കേ .ഞാൻ നമ്പർ എഴുതിയെടുത്തു .
അപ്പോഴേക്ക് ഫോൺ അന്വേഷിച്ചു ആ ചേട്ടൻ വന്നു .

ഷഫീക് ചേട്ടനെ തണുപ്പിക്കാൻ വേണ്ടി ചാടിക്കയറി പറഞ്ഞു .

“ഞങ്ങൾ ഒരൊറ്റ കോളേ ചെയ്തുള്ളൂ .പിന്നെ അവൻ തിരിച്ചു വിളിച്ചതാട്ടോ ?”

ചേട്ടൻ അവന്റെ മുഖത്തേക്ക് നോക്കി ഒരു ചെറിയ ചിരി പാസാക്കി .

“അതൊന്നും സാരമില്ല പിള്ളേരെ .ഞാൻ ആ പയ്യനെ ഒന്ന് വിളിച്ചു നോക്കട്ടെ .അവനെ കാണാനില്ലല്ലോ “

ഫോൺ വാങ്ങി വിളിക്കാനൊരുങ്ങുമ്പോഴേക്കും ഒരു ജീപ്പ് ആ കടയുടെ മുൻപിൽ വന്നു നിർത്തി .
അതിൽ നിന്ന് ഇറങ്ങിയ ചെറുപ്പക്കാരൻ ആ ചേട്ടനെ വിളിച്ചു 2 പഴക്കുലകൾ വണ്ടിയിൽ നിന്നും ഇറക്കി വെച്ചു .അത് കടയിലേക്കെടുത്തു വെക്കാൻ ഞങ്ങളും സഹായിച്ചു .

ഞങ്ങളെ ചൂണ്ടിക്കൊണ്ട് ആ ചേട്ടൻ ഷാജി എന്ന ചെറുപ്പക്കാരനോട് പറഞ്ഞു .

“നീ ടൗണിലേക്കല്ലേ .ഇവരെയും കൂടി കൊണ്ട് പോവണം .ടൗണിൽ ഇറക്കി കൊടുത്താൽ മതി .”

അതിനെന്താ .ഏതായാലും വണ്ടി കാലിയടിച്ചു പോവാനിരിക്കായിരുന്നു .ഏതായാലും ഒരു കൂട്ടായല്ലോ ? നിങ്ങൾ വണ്ടിയിലേക്ക് കയറിയിരുന്നോളൂ.
കേൾക്കേണ്ട താമസം ഞങ്ങളെല്ലാവരും ആ ജീപ്പിൽ കയറി ഇടം പിടിച്ചു .

താമസിയാതെ ഷാജിയെന്ന ചെറുപ്പക്കാരൻ ഞങ്ങളെയും കൂട്ടി ജീപ്പുമായി വാല്പാറയിലേക്കു പുറപ്പെട്ടു.

ആൾ ഭയങ്കര സംസാര പ്രിയനായിരുന്നു .അത് കൊണ്ട് തന്നെ അയാളുടെ മുൻപിൽ പിടിച്ചു നില്ക്കാൻ ഞങ്ങൾ നന്നായി പാടുപെട്ടു .

അവന്റെ ചോദ്യങ്ങൾക്കു പക്ഷെ എല്ലാവരും ആദ്യം തന്നെ പറഞ്ഞുറപ്പിച്ച മറുപടി പറഞ്ഞു തല്ക്കാലം പിടിച്ചു നിന്നു.

സൂര്യൻ ചക്രവാള സീമകളിൽ വിശ്രമിക്കാൻ തയ്യാറായിരിക്കുന്നു .ചെറിയ ഇരുൾ മൂടിത്തുടങ്ങിയ വളഞ്ഞുപുളഞ്ഞു പോകുന്ന റോഡിലൂടെ ജീപ്പ് ഞങ്ങളെയും കൊണ്ട് കുതിച്ചു പായുമ്പോൾ ഞങ്ങളുടെ മനസ്സുകൾ അനിർവചനീയമായ ചിന്താ മണ്ഡലങ്ങളിലൂടെ കടന്നു പോയിക്കൊണ്ടിരുന്നു .
ഇനി എന്ത് ?എന്ന ചോദ്യമാണ് ഞങ്ങളെ കുഴക്കുന്ന ഏറ്റവും വലിയ പ്രശ്നം .
വാസുവിനെ ഉപേക്ഷിക്കാൻ ഞങ്ങൾക്ക് കഴിയുന്നില്ല. അല്ല യഥാർത്ഥത്തിൽ വാസു ഞങ്ങളെ വിട്ടൊഴിയുന്നില്ല എന്നതാണ് സത്യം.

വിക്കി എന്തിനാവും ഞങ്ങളെ കാണണം എന്ന് പറഞ്ഞത് ? ആരായിരിക്കും വാസുവിനെ കൊന്നത് ?അത് ചെയ്തത് എന്തിനായിരിക്കും ?അതിനെല്ലാമുപരി വാസുവെന്തിന് ഞങ്ങളുടെ പുറകെ കൂടി ?
ചോദ്യങ്ങൾ ഒരുപാട് ഉത്തരംകിട്ടാതെ അങ്ങനെ കിടക്കുന്നു .

താമസിയാതെ ഞങ്ങൾ വാൾപാറ ടൗണിലെത്തി .പക്ഷെ ടൗണിൽ പലയിടത്തായി പോലീസുകാരുണ്ടായിരുന്നു .ഷാജിയോട് ചോദിച്ചപ്പോൾ അവൻ പറഞ്ഞ മറുപടി ഞങ്ങളെ വീണ്ടും പ്രതിസന്ധികളുടെ കൊടുമുടിയിലെത്തിച്ചു
“.കോയമ്പത്തൂർ സെൻട്രൽ ജയിലിൽ നിന്നും കുപ്രസിദ്ധനായ ഒരു സൈക്കോ കില്ലർ ജയിൽ ചാടിയിട്ടുണ്ട് .നിരവധി സംസ്ഥാനങ്ങളിൽ സ്ത്രീകളും കുട്ടികളുമടക്കം ഒരുപാട് പേരെ കൊലപ്പെടുത്തിയിട്ടുള്ള ഒരു അപകടകാരിയായ ഒരു കൊലയാളി .വിചിത്രമായ സംഗതിയെന്തെന്നു വെച്ചാൽ അയാൾ ചെയ്ത കൊലപാതകങ്ങളൊക്കെ അയാൾ പോലീസിനോട് സമ്മതിച്ചിട്ടുണ്ട് .പക്ഷെ എന്തിനാണ് കൊലപ്പെടുത്തിയത് എന്ന് മാത്രം ഇത് വരെ പറഞ്ഞിട്ടില്ല .ഏതായാലും നിങ്ങൾ സൂക്ഷിക്കണം .”

.സന്ധ്യാ സമയമായിരിക്കുന്നു .
ഞങ്ങൾ ഷാജിയോട് യാത്ര പറഞ്ഞു അവിടെയിറങ്ങി .കുറച്ചു പൈസ കൊടുത്തു നോക്കിയെങ്കിലും അവൻ വാങ്ങിയില്ല .
വാസുവിലേക്കെത്താനുള്ള യാത്ര മുഴുവൻ ഫ്രീയാണെന്നു തോന്നുന്നു .
ഞങ്ങൾ ടൗണിൽ കുറച്ചു ഒഴിഞ്ഞ സ്ഥലത്തേക്ക് മാറിനിന്നു .
“വിക്കിക്ക് വിളിക്കണോ? എന്റെ ചോദ്യത്തിനുള്ള ഉത്തരം പക്ഷെ ആർക്കും ഉണ്ടായിരുന്നില്ല .ആർക്കും ഇനി എന്ത് ചെയ്യണമെന്ന കാര്യത്തിന് വ്യക്തമായ ഒരു പ്ലാനും ഇല്ലായിരുന്നു .”
“നമ്മൾ വെറുതെ ഈ കേസിനു തലവെച്ചു കൊടുക്കണോ ?”
വിനീഷിനു സംശയം .
“അത് ശരിയാ ഭയങ്കര വലിയ അപകടങ്ങളിലേക്കാണ് നമ്മൾ നീങ്ങിക്കൊണ്ടിരിക്കുന്നത് .
ഇപ്പോഴിതാ ആളുകളെ വെറുതെ കൊല്ലുന്ന ഒരു കൊലയാളി കൂടി നമ്മുടെ ഈ പരിസരത്തായി കറങ്ങി നടക്കുന്നു .നമ്മൾ എന്തിനു പുലിവാല് പിടിക്കണം .നമുക്ക് എല്ലാവരെയും വിളിച്ചു കാര്യങ്ങളെല്ലാം പറഞ്ഞു കിട്ടിയ വണ്ടിക്കു നാട് പിടിക്കാം .അല്ലെങ്കിൽ നാളെ ഒരു പക്ഷെ ആവശ്യമില്ലാത്ത ഒരു കാര്യത്തിനിറങ്ങി തിരിച്ചതിന്റെ പേരിൽ മരിച്ചു വീഴാനാവും നമ്മുടെ വിധി .അതുകൊണ്ടു വാസുവിനെ നമുക്കിവിടെ ഉപേക്ഷിക്കാം . “
റിയാസിന്റെ മറുപടി വളരെ വ്യകതമായിരുന്നു.

എല്ലാവരും അവൻ പറഞ്ഞത് അംഗീകരിച്ചു .ആ സമയത്തു ഞങ്ങളുടെ നേരെ ഒരു ഇരുനിറത്തിലുള്ള ഉയരം കുറഞ്ഞ ഒരു ചെറുപ്പക്കാരൻ നടന്നു വരുന്നതായി എന്റെ ശ്രദ്ധയിൽ പെട്ടു.ഞങ്ങളുടെ അടുത്ത് വന്നു നിന്ന അയാൾ എല്ലാവരുടെയും മുഖത്തേക്ക് മാറി മാറി നോക്കി.

“നിങ്ങളല്ലേ വിഘ്‌നേഷിന്റെ സുഹൃത്തുക്കൾ .”

“അതെ .”

ഞാൻ അറിയാതെ മറുപടി പറഞ്ഞു പോയി .

“ഞാൻ വിക്കി .ഞാൻ നിങ്ങളുടെ വിളിയും കാത്തിരിക്കായിരുന്നു .ഇവിടെ മാറി നിൽക്കുന്നത് കണ്ടപ്പോൾ നിങ്ങൾ തന്നെയായിരിക്കും എന്ന് തോന്നി .ഇവിടെ ഇങ്ങനെ മാറി നിൽക്കുന്നത് അത്ര പന്തിയല്ല .
ഇവിടെ എല്ലായിടത്തും പോലീസിന്റെ കണ്ണുണ്ട് .നിങ്ങൾ വരൂ നമുക്കൊരിടം വരെ പോകാം .”

എല്ലാവരും യാന്ത്രികമായി അവന്റെ പിറകെ നടന്നു .ആ സമയം ടൗണിലെ ആൾക്കൂട്ടത്തിനിടയിൽ രണ്ടു കണ്ണുകൾ ഞങ്ങളുടെ പുറകെ വരുന്ന ഒരു തോന്നൽ .ഇനി എന്തെല്ലാമാണോ അനുഭവിക്കാൻ കിടക്കുന്നതു .

അവന്റെ കാറിൽ കയറി ഞങ്ങൾ ടൗണിൽ നിന്നും എങ്ങോട്ടോ പുറപ്പെട്ടു .
ഞങ്ങളെല്ലാവരെയും പരിചയപ്പെട്ട വിക്കി ഒരു കാര്യം ഞങ്ങളോട് അപേക്ഷിച്ചു .

“ഏതായാലും രാത്രിയായി .ഇത്രയും ബുദ്ധിമുട്ടുകളനുഭവിച്ച നിങ്ങള്ക്ക് ഒരു ദൂര യാത്ര റിസ്കാണ് . നിങ്ങൾ ദയവു ചെയ്തു ഈ ഒരു ദിവസം ഇവിടെ തങ്ങണം .”

എല്ലാവരുടെയും മൗനം വിക്കി സമ്മതമായെടുത്തു .അയാൾ ഞങ്ങളെ കൂട്ടിക്കൊണ്ടു പോയത് കുറച്ചകലെയുള്ള ഒരൊറ്റപ്പെട്ട വീട്ടിലേക്കായിരുന്നു .

മനോഹരമായ ചായത്തോട്ടങ്ങൾക്കിടയിലുള്ള ഒരു കൊച്ചു വീട് .

ആ വീട്ടിൽ ഞങ്ങൾക്ക് താമസിക്കാനുള്ള ചെറിയ രീതിയിലുള്ള സൗകര്യങ്ങളൊക്കെ വിക്കി ഒരുക്കിയിരുന്നു .

പക്ഷെ ഞാൻ ചിന്തിച്ചത് അതൊന്നും ആയിരുന്നില്ല .ആരോ ഞങ്ങളെ പിന്തുടരുന്നെന്നു വ്യക്തം .അതിനേക്കാളുപരി ഈ ഒറ്റപ്പെട്ട സ്ഥലത്തു വെച്ച് ഞങ്ങൾക്കെന്തെങ്കിലും പറ്റിയാൽ ഒരാളെപ്പോലും ആ പരിസരത്തിനു സഹായത്തിനു കിട്ടാനും പ്രയാസമാണ് .
നല്ല ക്ഷീണമുണ്ടാവും .എല്ലാവരും ഒന്ന് ഫ്രഷായിക്കോളൂ .എന്നിട്ടു നമുക്ക് സംസാരിക്കാം .അത് പറഞ്ഞു വിക്കി നേരെ അടുക്കളയിലേക്കു പോയി
ഞങ്ങൾ ഫ്രഷായി വന്നപ്പോഴേക്കും കഴിക്കാനുള്ള ഭക്ഷണം തീന്മേശയിൽ റെഡിയായിരുന്നു .

ഭക്ഷണം കഴിച്ചപ്പോൾ ഞങ്ങളൊന്നും പരസ്പരം സംസാരിച്ചിരുന്നില്ല .പക്ഷെ വിക്കി എന്ന ചെറുപ്പക്കാരൻ ഞങ്ങളുടെ ഭാവങ്ങൾ നിരീക്ഷിച്ചു കൊണ്ട് ഞങ്ങളുടെ മുന്പിലിരിക്കുന്നുണ്ടായിരുന്നു.

ഭക്ഷണമൊക്കെ കഴിച്ചു കഴിഞ്ഞു അവൻ വിരിച്ചു തന്ന വിരിപ്പിൽ ഞങ്ങളെല്ലാവരും ചമ്രം പടിഞ്ഞിരുന്നു .

“ഇന്നലെ നടന്ന സംഭവം മുഴുവൻ വിശദമായി ഒന്ന് പറഞ്ഞെ ? “

വിക്കിയുടെ മുഖത്തു ആകാംക്ഷ നിറഞ്ഞിരുന്നു .
ഞങ്ങൾ കഴിഞ്ഞ ദിവസ സംഭവിച്ച കാര്യങ്ങൾ വള്ളിപുള്ളി തെറ്റാതെ വിശദീകരിച്ചു പറഞ്ഞു .എല്ലാം ക്ഷമയോടെ കേട്ട വിക്കിയുടെ കണ്ണിൽ നിന്നും ഞാൻ നോക്കുമ്പോൾ കണ്ണുനീർ പൊഴിയുന്നുണ്ടായിരുന്നു .

അവൻ മൊബൈലെടുത്തു കുറെ ഫോട്ടോസ് കാണിച്ചു തന്നു .

“ഇതാണ് വാസു .ഇവനെത്തന്നെയാണ് നിങ്ങൾ കണ്ടത് എന്നുറപ്പാണോ ?”

“അതെ .ഞങ്ങൾ തറപ്പിച്ചു പറഞ്ഞു .”

ചെറിയ വിതുമ്പലോടെ വിക്കി ഞങ്ങൾക്കഭിമുഖമായി എഴുന്നേറ്റു നിന്നു.

“.വളരെ ചെറുപ്പത്തിൽ അച്ഛൻ നാരായണേട്ടനോപ്പം ഇവിടെ എത്തിയ ആളായിരുന്നു വാസു .കുട്ടിക്കാലം തൊട്ടേ ഞങ്ങൾ വളരെ അടുത്ത സുഹൃത്തുക്കളായി മാറി .വളരെ പാവമായിരുന്നു അവൻ .ആരോടും ഒരു പ്രശ്നത്തിനും പോകാതെ ,ചെറിയ പ്രശ്നങ്ങൾ വരുമ്പോഴേക്ക് പേടിച്ചു കരയുന്ന സ്വഭാവക്കാരനായിരുന്നു അവൻ .
തോട്ടത്തിലായിരുന്നു ജോലി .കുറച്ചു കാലം കഴിഞ്ഞു അവന്റെ അച്ഛനും മരിച്ചു .നല്ല അധ്വാന ശീലനായ ഒരു ചെറുപ്പക്കാരൻ .ഒറ്റക്കായിരുന്ന അവൻ ഒരു കല്യാണം കഴിച്ചു കുടുംബമായി താമസിക്കാനുള്ള ഒരുക്കത്തിലായിരുന്നു .
അതിനിടയിലാണ് പെട്ടെന്ന് ഈ അപകടം കയറി വന്നത് .എന്താണ് സംഭവിച്ചതെന്ന് ആർക്കും അറിയില്ല .അന്ന് രാത്രി ഞാൻ അവസാനമായി കാണുമ്പോൾ മുൻപെങ്ങും ഇല്ലാത്ത വിധം പതിവില്ലാത്ത സന്തോഷത്തിലായിരുന്നു അവൻ വീട്ടിലേക്കു പോയത് .പിന്നെ പിറ്റേന്ന് രാവിലെ അവന്റെ കൊലപാതക വാർത്തയാണ് കേൾക്കാൻ കഴിഞ്ഞത് .ഞാനും കണ്ടതാ ഒരു നോക്ക് .ഒരു കൈലി മുണ്ടു മാത്രമുടുത്തു ചോരയിൽ കുളിച്ചു മരിച്ചു കിടന്ന അവന്റെ മുഖം ഇപ്പോഴും എന്റെ ഉള്ളിൽ നിന്ന് മാഞ്ഞു പോയിട്ടില്ല .പക്ഷെ ഒരാളോടും ഒരു തെറ്റും ചെയ്യാത്ത ആ പാവത്തിനെ ആരായിരിക്കും ഈ ക്രൂരകൃത്യത്തിനിരയാക്കിയത് .ഇത് വരെ പോലീസിനും ഒരു തുമ്പും കിട്ടിയിട്ടില്ല .അവന്റെ ബൈക്ക് മാത്രം മിസ്സിങ്ങാണ്.വീട്ടിലുണ്ടായിരുന്ന പണമോ മറ്റുള്ള വസ്തുക്കളോ ഒന്നും മോഷണം പോയിട്ടുമില്ല .
പക്ഷെ ഇപ്പോഴും മനസ്സിലാവാത്തത് യാതൊരു ബന്ധവുമില്ലാത്ത നിങ്ങളുടെ മുൻപിൽ എങ്ങനെയാണു വാസു പ്രത്യക്ഷപ്പെട്ടത് എന്നതാണ് ? പിന്നീട് അപ്രത്യക്ഷനാവുകയും ചെയ്തു .ഏതായാലും നിങ്ങളെ ഇവിടെ എത്തിച്ചതിന്റെ പിന്നിൽ അവന്റെ ഘാതകരെ വെളിച്ചത്തിലേയ്ക്കു കൊണ്ടുവരാനോ ? അല്ലെങ്കിൽ അവർക്കു തക്കതായ ശിക്ഷ നൽകാനോ വേണ്ടിത്തന്നെയാണെന്നു വ്യക്തം .”

ഇതെല്ലം ഒരു സിനിമാക്കഥ പോലെ കേട്ട് അന്തംവിട്ടു കുന്തം വിഴുങ്ങിയ പോലെ ഞങ്ങളിരുന്നു .

അവസാനം പറഞ്ഞത് എനിക്കത്ര ബോധിച്ചില്ല .

“അതായതു ഈ കേസ് ഞങ്ങളന്വേഷിച്ചു കുറ്റവാളിയെ കണ്ടുപിടിക്കണം എന്നാണോ ഉദ്ദേശിച്ചേ .ഞങ്ങൾക്ക് പോയിട്ട് ഒരുപാട് കാര്യമുള്ളതാ .ഞങ്ങളെ വെറുതെ ഇതിനിടക്ക് വലിച്ചിഴക്കല്ലേ .പിന്നെ ഞങ്ങൾ പോലീസുദ്യോഗസ്ഥരൊന്നും അല്ല .”

വിക്കി ശാന്തനായി പറഞ്ഞു .

“അത് കൊണ്ടല്ല ,ഇത്തരം ഒരുപാട് സംഭവങ്ങൾ ഞാൻ കേട്ടിട്ടുണ്ട് .നിങ്ങളെ ഇവിടം വരെ വാസു എത്തിച്ചിട്ടുണ്ടെങ്കിൽ ബാക്കിയെല്ലാം അവൻ തന്നെ ചെയ്തോളും .നിങ്ങൾ അതിനൊരു നിയോഗമായി എന്ന് മാത്രം..”

അവൻ പറഞ്ഞത് ശരിയാണെന്നു എനിക്കും തോന്നി .അല്ലെങ്കിൽ ഒരുദിവസത്തെ ട്രിപ്പിന് വന്ന ഞങ്ങളെങ്ങനെ ഇത്രയധികം സാഹചര്യങ്ങളിലൂടെ കടന്നു പോയി അവസാനം ഇവിടെയെത്തി .
വിക്കി ഒരു മൊബൈൽ ഫോൺ എന്റെ കയ്യിൽ വച്ച് തന്നു . .

“നിങ്ങളുടെ മൊബൈലുകൾ തല്ക്കാലം ഓൺ ആക്കണ്ട .എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഇതിൽ എന്റെ നമ്പറുണ്ട് .ഇതിൽ വിളിച്ചാൽ മതി .
ബാക്കിയെല്ലാം നമുക്ക് നാളെ സംസാരിക്കാം .നിങ്ങൾ കിടന്നോളൂ .ഇന്നലെ രാത്രി കാട്ടിലായിരുന്നില്ലേ ?ശരിക്കും ഉറങ്ങാൻ പറ്റിയിട്ടുണ്ടാവില്ലല്ലോ ?
രാവിലെ ഞാൻ ഭക്ഷണവുമായി വരാം .ബാക്കി കാര്യങ്ങൾ അപ്പോൾ പറയാം .”

അങ്ങനെ വിക്കി ഞങ്ങളോട് യാത്ര പറഞ്ഞു കാറുമായി പോയി .

അവൻ പോയ ഉടനെ ഷഫീക് എനിക്കഭിമുഖമായി തിരിഞ്ഞു നിന്നു.

“പിന്നെ എന്താ എല്ലാവരുടെയും ഉദ്ദേശം ? ഞാൻ നാളെ രാവിലെ സഥലം വിടും .എനിക്ക് വയ്യ പുലിവാല് പിടിക്കാൻ .ആർക്കെങ്കിലും കൂടെ വരാൻ താല്പര്യമുണ്ടെങ്കിൽ വരാം.”
ഷജിലിന് പക്ഷെ അവൻ പറഞ്ഞതത്ര ഇഷ്ടപ്പെട്ടില്ല .
“എല്ലാവരും ഒരുമിച്ചല്ലേ വന്നത് .അപ്പൊ ഇനി നമ്മുടെ പോക്കും ഒരുമിച്ചു തന്നെ മതി .നീ ദേഷ്യപ്പെടാൻ മാത്രം നമ്മളാരും ഒന്നും ചെയ്തിട്ടല്ലല്ലോ നമ്മളിവിടെ എത്തിയത് .അത് വിക്കി പറഞ്ഞത് പോലെ നമ്മളെ ആരോ ഇവിടെ എത്തിച്ചതാ.ഏതായാലും എല്ലാവരുടെയും അഭിപ്രായമറിഞ്ഞു നാളെത്തന്നെ നമുക്ക് നാട്ടിലേക്കു പോകാം .”

അപ്പോഴും എന്റെ കണ്ണുകൾ ചുറ്റും പരതുകയായിരുന്നു .ഏതോ രണ്ടു കണ്ണുകൾ ഇരുട്ടിലെവിടെയോ ഞങ്ങളെ നിരീക്ഷിക്കുന്നതായി എനിക്ക് തോന്നി .
പുറത്തു വീശിയടിച്ച കാറ്റിന് ഒരു വല്ലാത്ത തരം കുളിര്.കാലാവസ്ഥ വലിയൊരു മാറ്റത്തിനു തയ്യാറെടുക്കുന്ന പോലെ.ഈ സമയം ആകാശത്തു തെളിഞ്ഞ മിന്നൽപിണർ ഞങ്ങളുടെ ഉള്ളിൽ ഒരു തീക്കനൽ സൃഷ്ട്ടിച്ചു.പെട്ടെന്നു ഘോരമായ ശബ്ദത്തോടെ പൊട്ടിത്തെറിച്ച ഇടി ആ വീടിനെയാകെ പ്രകമ്പനം കൊള്ളിച്ചു.വലിയ മഴ തുള്ളികൾ ഭൂമിയിൽ കനത്ത ശബ്ദത്തോടെ പതിച്ചു തുടങ്ങി.പൊടുന്നനെ ഞങ്ങൾ വീട്ടിനുള്ളിൽ കയറി വാതിലടച്ചു.പക്ഷെ പെട്ടെന്നുണ്ടായ ആ കാലാവസ്ഥാമാറ്റം അത്ര നല്ല സൂചനകളല്ല എന്നെനിക്കു വ്യക്തമായിരുന്നു.

ഞങ്ങളിൽ നിന്നു കുടിയിറങ്ങിപ്പോയിരുന്ന ഭയം വീണ്ടും മനസ്സിലേക്ക് കുതിച്ചെത്തുന്നു.ഏതോ ഒരു നിഗൂഢ ശക്തി ഞങ്ങളുടെ പുറകേയുണ്ടെന്നത് വെറും തോന്നലല്ലെന്നു വ്യക്തമാവുന്നു.
കാറ്റിന്റെ ശക്തി കൊണ്ടോ എന്തോ ജനവാതിലുകൾ ഭയങ്കര ശബ്ദത്തോടെ അടയുകയും തുറക്കുകയും ചെയ്യുന്നു .പെട്ടെന്ന് കറന്റു പോയി മുറിയിലാകെ ഇരുട്ട് പടർന്നു .

ശക്തമായ ഇടിയുടെ മുഴക്കത്തിനനുസരിച്ചു ആകാശത്തു മൂർച്ചയുള്ള വാൾ കണക്കെ തെളിഞ്ഞു കൊണ്ടിരുന്ന മിന്നലിന്റെ പ്രകാശം ഇടയ്ക്കിടെ ജനവാതിൽ തുളച്ചു ഉള്ളിലേക്ക് വന്നു കൊണ്ടിരിക്കുന്നു .

വിനീഷ് മെല്ലെ ജനവാതിലുകൾ അടച്ചു കുറ്റിയിട്ടു .പുറത്തു കാലാവസ്ഥ അകെ പ്രക്ഷുബ്ധം .ഏതോ ഒരു വലിയ ദുരന്തം വരാനിരിക്കുന്ന പോലെ .ഇടയ്ക്കിടെ മിന്നിത്തെളിഞ്ഞ വെളിച്ചത്തിൽ ജനവാതിലിലൂടെ അതി ശക്തിയായി പെയ്യുന്ന പേമാരിയും കാറ്റിൽ ആടിയുലയുന്ന മരങ്ങളും കാണാം .
എല്ലാ ഇന്ധ്രിയങ്ങളെയും ജാഗരൂഗരാക്കിക്കൊണ്ട് ഹാളിന്റെ ഒരു മൂലയിലേക്കെല്ലാവരും ഒതുങ്ങി നിന്നു.

എത്ര നേരം അങ്ങനെ നിന്നു എന്നൊന്നും ഓർമ്മയില്ല .മഴയുടെ ശക്തി ഒന്നു കുറഞ്ഞു.ചുമരിൽ എന്തോ മുട്ടിയിരുമ്മുന്ന ഒരു നിഗൂഢ ശബ്ദം ഇടയ്ക്കിടയ്ക്ക് കേൾക്കാമായിരുന്നു.ചുമർ പാനൽ ഇടിമിന്നൽ വെട്ടി സ്വർണ്ണ രശ്മി പോലെ തിളങ്ങി.ഈ സംഭവങ്ങളെല്ലാം ഞങ്ങളുടെ മനസ്സിൽ ഭീകരമായ മ്ലാനത ഉണ്ടാക്കാൻ പോന്നതായിരുന്നു.ആ സുവർണ്ണ വെളിച്ചത്തിൽ കാറ്റിൽ ആടിയുലയുന്ന മരങ്ങൾക്കിടയിൽ ഒരു പ്രത്യേക വെളിച്ചം വീടിനെ ലക്ഷ്യമാക്കി വരുന്നത് ജനൽ ചില്ലുകൾക്കിടയിലൂടെ വ്യക്തമായി കാണാമായിരുന്നു.

അടുത്തെത്തുന്തോറും ആ വെളിച്ചതിനുപിന്നിൽ അവ്യക്തമായ ഒരു രൂപം ഞങ്ങൾക്കു കാണാൻ സാധിച്ചു.പൊക്കമേറിയ ഇരുണ്ട ചുമലുകളുള്ള ആ രൂപം നിശബ്ദമായി ഞങ്ങൾ നിലകൊള്ളുന്ന വീടിനെ ലക്ഷ്‌യമാക്കി നീങ്ങിക്കൊണ്ടിരുന്നു.പകുതി കണ്ടതും അവ്യക്തവുമായ ആ രാക്ഷസീയ തിന്മയുടെ രൂപം ഇരുട്ടിൽ വളർന്നു വലുതായി ഈ വീടിനു നേരെ അടുത്തുകൊണ്ടിരിക്കുന്നു.
അതു ഞങ്ങളെ പിന്തുടർന്നു കൊണ്ടിരിക്കുന്ന പൈശാചിക ശക്തിയാണെന്നു വ്യക്തം.ഓടിയൊളിക്കാനോ ,അലമുറയിട്ടു ആളെക്കൂട്ടാനോ പറ്റിയ ഒരു സ്ഥലത്തല്ല നിൽക്കുന്നതെന്ന ബോധം അത്തരം പ്രവൃത്തികളിൽ നിന്നും ഞങ്ങളെ പുറകോട്ടു വലിച്ചു.

ആ കറുത്ത വിദൂരതയിൽ നിന്നു വന്ന വെളിച്ചവും രൂപവും പതിയെ വീടിനടുത്തെത്തുകയും ഞൊടിയിടയിൽ അപ്രത്യക്ഷമാവുകയും ചെയ്തു.

ആകാശത്തിന്റെ കൂറ്റൻ കമാനത്തിനു താഴെ ഞങ്ങളും ഞങ്ങളെ ലക്ഷ്യമാക്കി വരുന്ന ആ രൂപവും മാത്രമേ ജീവനുള്ള വസ്തുക്കളായി ഉള്ളൂ എന്നു തോന്നി.കുറച്ചു നേരം അനങ്ങാതെ ഇരുന്ന ഞങ്ങൾ ജനവാതിലിലൂടെ പുറത്തേക്കു നോക്കി.
മഴ മെല്ലെ മാറിത്തുടങ്ങിയിരിക്കുന്നു. പശ്ചിമ ചക്രവാളം രക്ത -സ്വർണ്ണ വർണ്ണത്തിൽ ജ്വലിച്ചു കൊണ്ടിരുന്നു. കാറ്റിന്റെ ശക്തിയും കുറഞ്ഞു വന്നു.

പെട്ടെന്നു ജനവാതിലിനടുത്തു പ്രത്യക്ഷപ്പെട്ട ഭയാനകമായ നിഴൽ രൂപത്തെക്കണ്ടു ഞങ്ങൾ പേടിച്ചരണ്ട് ഹാളിന്റെ വ്യത്യസ്ത ഭാഗങ്ങളിലേക്കായി ഓടി മാറി.

അതിൽ പക്ഷെ ഷഫീക് മാത്രം ഒറ്റപ്പെട്ടു പ്രധാന വാതിലിനു പുറകിലെത്തി. ഹാളിന്റെ ഇടതു ഭാഗത്തു ഞാനും വിനീഷും എത്തിയപ്പോൾ ഷജിലും റിയാസും അഭിമുഖമായെത്തിയിരുന്നു.എല്ലാവരുടെയും മുഖത്തു ഭയമെന്ന വികാരത്തിന്റെ രസമുകുളങ്ങൾ മിന്നി മറയുന്നു.

പൊടുന്നനെ വലിയ ശബ്ദത്തോടെ ശഫീകിന് തൊട്ടുമുന്നിലുള്ള ബലഹീനമായ പ്രധാന വാതിൽ തകർന്നു വീണു.ഞെട്ടിത്തരിച്ച ഞങ്ങളുടെ ഹൃദയമിടിപ്പുകൾ പുറത്തേക്കു കേൾക്കുമാറുച്ചത്തിൽ മിടിച്ചു കൊണ്ടിരുന്നു.
എന്ത് ചെയ്യണമെന്നറിയാതെ ഞങ്ങൾ പരസ്പരം നോക്കി.

ഭയത്തെ ഉച്ചസ്ഥായിലെത്തിക്കുമാറ് ഞങ്ങളുടെ മുൻപിൽ ആ രൂപം വെളിവായി.പൊളിഞ്ഞ വാതിൽ കഷ്ണങ്ങൾക്കിടയിലൂടെ അവന്‍റെ ഭീകരമായ പൈശാചിക മുഖം ഉള്ളിലേക്ക് തള്ളി വന്നു.

തുടരും ........

Horror crime Thriller

അദൃശ്യനായ അജ്ഞാതൻ
************************************

Part 4

**************************************************************************************
പക്ഷെ ഞങ്ങൾ പ്രതീക്ഷിച്ച വാസുവിന്റെ മുഖമല്ല.ഭീകരമായ ഒരു മൃഗീയ മുഖം.മഴത്തുള്ളികൾ ഒലിച്ചിറങ്ങുന്ന വലിയ മുറിപ്പാടുകളുള്ള മുഖത്തു കുറ്റിത്താടികൾക്കിടയിലൂടെ തുള്ളികൾ ഇറ്റിറ്റായി തറയിൽ വീണുകൊണ്ടിരുന്നു.ജടകെട്ടിയ തലമുടി തൂങ്ങിക്കിടക്കുന്നു.

.വലിയ ഭീമാകാരമായ കരുത്തുറ്റ ശരീരത്തിൽ അലസമായ വസ്ത്ര വിധാനം. മിന്നലിന്റെ വെളിച്ചത്തിൽ അവന്‍റെ ക്രൂരമായ കണ്ണുകൾ മിന്നിത്തിളങ്ങുന്നു.അവന്‍റെ കണ്ണുകൾ ഇരുട്ടിലൂടെ വലത്തോട്ടും ഇടത്തോട്ടും തത്തിക്കളിച്ചു.ആ ഭീകരനായ മനുഷ്യ രൂപത്തെ കണ്ടു എന്‍റെ ഹൃദയം മരവിച്ചു പോയി.

ഏതുനിമിഷവും ആക്രമിക്കപ്പെടാം എന്നു മനസ്സിലാക്കിയ ഞങ്ങൾക്കു രക്ഷപ്പെടാൻ ഒരു മാർഗവും ഉണ്ടായിരുന്നില്ല.കൈകാലുകൾ തളർന്നു തുടങ്ങിയ എന്‍റെ ശരീരത്തിൽ രക്തയോട്ടം നിന്നു പോയ പോലെ.ഇത്രയും ഭയാനകമായ മനുഷ്യ രൂപം എന്‍റെ ഭീകരമായ ദുസ്വപ്നങ്ങളിൽ പോലും ഞാൻ ഇന്നുവരെ കണ്ടിട്ടില്ല.

അയാളുടെ കരുത്തുറ്റ കാലുകൾ തറയിൽ ചെറിയ ശബ്ദമുണ്ടാക്കിക്കൊണ്ട് ഞങ്ങളോട് അടുത്ത് കൊണ്ടിരുന്നു.അതിശക്തമായ ശബ്ദത്തോടെ അയാൾ അലറി വിളിച്ചു.പക്ഷെ അയാളുടെ ഭാഷ ഞങ്ങൾക്കു വ്യക്തമായില്ല.പക്ഷെ അതിനിടയിൽ വാസു എന്നുച്ചരിച്ചതു എന്‍റെ ശ്രദ്ധയിൽ പെട്ടു.മറുപടി പറയാൻ കഴിയാതെ തരിച്ചു നിന്നു പോയ ഞങ്ങളുടെ തൊട്ടുമുന്പിൽ എത്തിയ ആൾ എന്‍റെ കഴുത്തിന് അയാളുടെ കരാള ഹസ്തങ്ങൾ കൊണ്ടു പിടിമുറുക്കി.

എന്റെ കൈകാലുകൾ വായുവിൽ കിടന്നു പിടഞ്ഞു.കഴുത്തിൽ അവന്‍റെ പിടി മുറുകുക്കൊണ്ടിരിക്കുന്തോറും എനിക്കു ശ്വാസതടസ്സം അനുഭവപ്പെട്ടു.

പൊടുന്നനെ ഷഫീക് വാതിൽപൊളിയിൽ നിന്നും അടർത്തിയെടുത്ത പട്ടികക്കഷണം എടുത്തു ആ പ്രാകൃത മനുഷ്യന്റെ തലക്കു പുറകിൽ ശക്തിയായി അടിച്ചു.ഇടിയുടെ ആഘാതത്തിൽ എന്‍റെ കഴുത്തിൽ നിന്നു പിടിവിട്ട അവൻ ശഫീകിന് നേരെ തിരിഞ്ഞു.

അതിനു മുൻപായി അടുത്ത അടി അവന്‍റെ തല പൊളിച്ചിരുന്നു.രക്തം വാർന്ന തലയുമായി ഷഫീഖിന്റെ നേരെ കുതിച്ച അവന്‍റെ ദേഹത്തേക്ക് ഞങ്ങളെല്ലാവരും കൂടി ചാടി വീണു .

പക്ഷെ അയാളുടെ ശക്തിയായ ഒരു കുടച്ചിൽ മതിയായിരുന്നു ഞങ്ങളെ തെറിപ്പിക്കാൻ.കയ്യിൽ നിന്നും പലകക്കഷണം കൈവിടാതെ മുറുകെപ്പിടിച്ചിരുന്ന ഷഫീഖിന്റെ മൂന്നാമത്തെ അടി പക്ഷെ അയാൾക്ക്‌ എണീക്കാൻ കയ്യാത്ത തരത്തിൽ തളർത്തിക്കളഞ്ഞു.അയാളുടെ തലയിലെ മുറിവുകളിൽ നിന്നു ചോര തറയിലേക്ക് ഒലിച്ചിറങ്ങി.അപ്പോഴും അയാളുടെ കണ്ണുകൾ ചുറ്റും തിരയുന്നുണ്ടായിരുന്നു.തറയിൽ മുഖമമർത്തിക്കൊണ്ടു എന്തൊക്കെയോ അവ്യക്തമായി പിറുപിറുത്തു കൊണ്ടു മെല്ലെ മെല്ലെ അയാളുടെ ബോധം നഷ്ട്ടപ്പെട്ടു.
എന്തൊക്കെയാണ് ഇവിടെ സംഭവിച്ചതെന്ന് യാതൊരു ധാരണയും കിട്ടുന്നില്ല.എല്ലാവർക്കും സമനില വീണ്ടെടുക്കാൻ കുറച്ചു സമയമെടുത്തു.ആജാനബാഹുവായ ആ മനുഷ്യൻ നിലത്തു തളം കെട്ടിക്കിടക്കുന്ന രക്തത്തിൽ മുഖം പൂഴ്ത്തിക്കിടക്കുന്നു.പുറത്തു മഴയൊഴിഞ്ഞു പോയിരിക്കുന്നു.കാറ്റും മന്ദഗതിയിലായി.മിന്നലിന്റെ വെളിച്ചം തകർന്ന വാതിൽ കട്ടിലകൾക്കിടയിലൂടെ ഇടയ്ക്കിടയ്ക്ക് മുറിയിലേക്ക് കടന്നു വരുന്നു.

‘ഞങ്ങളുടെ മുന്നിൽ ചോരയൊലിപ്പിച്ചു കിടക്കുന്ന ഈ മനുഷ്യൻ ആരാണ്?
അയാൾ എന്തിനാണ് ഞങ്ങളുടെ പുറകെ വിടാതെ പിന്തുടർന്നിരുന്നത്.?എന്തായിരിക്കും അയാൾ ഞങ്ങളോട് ചോദിയ്ക്കാൻ ശ്രമിച്ചത് ? ഞങ്ങളുടെ വാഹനത്തിൽ കയറി അപ്രത്യക്ഷമായിപ്പോയ വാസു എവിടെ ? യഥാർത്ഥത്തിൽ ഞങ്ങളെ ഇവിടെ എത്തിച്ചത് ആരാണ് ? അങ്ങനെ വീണ്ടും ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങൾ. എന്ത് ചെയ്യണമെന്നറിയാതെ എല്ലാവരും മുഖത്തോടു മുഖം നോക്കി ഇരിക്കുമ്പോൾ ഷജിലാണ് വിക്കി തന്ന ഫോണിന്റെ കാര്യം ഓർക്കുന്നത്.
നമുക്ക് വിക്കിക്ക് വിളിച്ചാലോ ?അല്ലാതെ വേറൊരു മാർഗവും നമ്മുടെ മുന്പിലില്ല.
ഷഫീക് അയാളെത്തന്നെ സൂക്ഷിച്ചു നോക്കിക്കൊണ്ടൊരിക്കുകയായിരുന്നു.
“ഇയാളുടെ ജീവൻ പോയിക്കാണുമോ ?”
വിനീഷ് ആ മനുഷ്യന്റെ അടുത്ത് പോയി സൂക്ഷ്മമായി നിരീക്ഷിച്ചു.
“ഇല്ല ജീവനുണ്ട്.ഏതായാലും ദൈവം കാത്തു.യഥാർത്ഥത്തിൽ ആരായിരിക്കും ഇയാൾ ?അതൊക്കെ പിന്നെ ചിന്തിക്കാം.രക്ഷപ്പെട്ടതു തന്നെ ഭാഗ്യം എന്നു വിജാരിച്ചാ മതി.പെട്ടെന്ന് വിക്കിയെ വിളിച്ചു വരുത്തണം. “
അപ്പോഴും ഞെട്ടലിൽ നിന്നു മുക്തനായിരുന്നില്ലെങ്കിലും ഞാൻ ഫോണെടുത്തു വിക്കിക്ക് വിളിച്ചു സംഭവങ്ങളെല്ലാം പറഞ്ഞു.മറുപടി പറയാൻ അവനു വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല.അപ്പൊ അവൻ തന്നെയായിരിക്കും എന്‍റെ വാസുവിനെ കൊന്നത്.അവനു ജീവനുണ്ടല്ലോ അല്ലേ ?ഞാനേതായാലും ഇപ്പൊ വരാം...ബാക്കി ഞാൻ നോക്കിക്കോളാം.വിക്കി ഫോൺ കട്ട് ചെയ്തു.

*****************************************************************
വാഴച്ചാൽ ഫോറെസ്റ്. ഓഫിസ് സമയം രാത്രി 1.00 മണി.
ഖാലികിന്റെയും അർഷിദിന്റെയും റാഷിദിന്റെയും മുഖത്തു തികഞ്ഞ നിരാശയുണ്ടായിരുന്നെങ്കിൽ കൂടി ആ ചെറുപ്പക്കാരന്റെ വാക്കുകൾക്കായി അവർ കാതു കൂർപ്പിച്ചു .ഡിജിനും ,ഗിരീഷും മറ്റു വനം വകുപ്പുദ്യോഗസ്ഥരുമെല്ലാം അവന്റെ മുഖത്തേക്ക് തന്നെ ശ്രദ്ധിച്ചു അവനഭിമുഖമായി ഇരുന്നു .
അവൻ ആ കഥ പറഞ്ഞു തുടങ്ങി ....
*************************************************************

1989 ഡിസംബർ മാസം .പഞ്ചാബിലെ ഗുല്ലാം ഹുസൈൻവാലക്കടുത്തുള്ള പാകിസ്താനോട് അതിർത്തി പങ്കിടുന്ന ഒരു ചെറിയ ഗ്രാമം ..ഒരുപാട് തീവ്രവാദി ആക്രമണങ്ങളും രക്ത രൂക്ഷിത വംശീയ കലാപങ്ങളും നടന്ന ഒരു പ്രദേശം .പാക് പിന്തുണയോടെ രൂപീകരിച്ച ഖലിസ്ഥാൻ കമാൻഡോ ഫോഴ്സ് എന്ന ഭീകര സംഘടനയാണു പഞ്ചാബിലുടനീളം കൊലയും അക്രമവും സംഘടിപ്പിച്ചിരുന്നത്.തീവ്രവാദികളുടെ ഒളിഞ്ഞിരുന്നുള്ള ആക്രമണങ്ങളിൽ ഈയാമ്പാറ്റകൾ പോലെ സൈനികർ മരിച്ചു വീണു. അനേകം സിവിലിയന്മാർ കൊല്ല്പപെട്ടു. അനേകം നിരപരാധികൾ വധിയ്ക്കപ്പെട്ടു.ഏതു നിമിഷവും വെടിയൊച്ചയും പുകപടലങ്ങളും മാത്രമായി മാറിയ അതിർത്തി ഗ്രാമത്തിൽ നിന്ന് ആളുകൾ കൂട്ടത്തോടെ പലായനം ചെയ്തു തുടങ്ങി .കാശ്മീരിലുണ്ടായിരുന്ന റാം സിങ് എന്ന അതിസമര്ഥനായ ഒരു പോലീസ് ഉദ്യോഗസ്ഥനെ ഗവണ്മെന്റ് പഞ്ചാബിലെ
പ്രശനങ്ങൾക്കു പരിഹാരം കാണാനായി നിയോഗിച്ചു .
റാം സിങ് സേനയിലെയും ആർമിയിലെയും കഴിവുള്ള ആളുകളെ തിരഞ്ഞെടുത്തു സേവ് പഞ്ചാബി ഫോഴ്സ് എന്ന പേരിൽ ഒരു വിങ്ങിനെ രൂപപ്പെടുത്തിയെടുത്തു.ഒരു നിരപരാധിയുടെയും ചോര ചിന്താതെ അതീവ ജാഗ്രതയോടെ മാത്രമേ കാര്യങ്ങൾ പ്ലാൻ ചെയ്യാവൂ എന്നു ഗവെർന്മെന്റിന്റെ കർശന നിർദേശമുണ്ടായിരുന്നു.എന്നാൽ റാം സിംഗിനെ സംബന്ധിച്ചു ഇതു വരെ നടത്തിയ ഓപ്പറേഷൻസ് പോലെ അത്ര എളുപ്പമായിരുന്നില്ല കാര്യങ്ങൾ.
റാം സിങ് സേവ് പഞ്ചാബി ഫോഴ്‌സിന്റെ ഓപ്പറേഷൻ പ്ലാൻ ചെയ്തിരുന്നത് വളരെ വ്യത്യസ്തമായിട്ടായിരുന്നു . ഏറ്റവും കഴിവുള്ള 4 പേരെ ഒരു പ്രത്യേക വിഭാഗമാക്കി മാറ്റി .ഏറ്റവും അത്യാധുനിക ആയുധങ്ങളായിരിയ്ക്കും ഇവർക്കുണ്ടാവുക. ഓരോ ആൾക്കും ഒന്നിലേറെ ആയുധങ്ങളുണ്ടാവും.ഇവരുടെ ജോലി ഓപ്പറേഷൻ പ്ലാൻ ചെയ്ത സ്ഥലം നിരീക്ഷിക്കുകയും അതാതു സമയം വയർലസ് വഴി വിവരങ്ങൾ കൈമാറുകയും ചെയ്യുക എന്നതാണ് .അവർ കൊടുത്ത ഇൻഫർമേഷൻ അനുസരിച്ചുള്ള സന്നാഹനങ്ങളുമായി അടുത്ത സംഘവും പുറപ്പെടും .പിന്നീട് ഈ രണ്ടു സംഘങ്ങളും ചേർന്ന് അതിശക്തമായ ആക്രമണം എതിർപക്ഷത്തേക്കു അഴിച്ചു വിടും .അതിലൂടെ നിരപരാധികളുടെ രക്തം ചിന്താതെ തീവ്രവാദികളെ തുരത്താം എന്ന് റാം സിങ് വിശ്വസിച്ചു .

പഞ്ചാബിലെ പോലീസ് ഹെർക്വാർട്ടേഴ്‌സ് ഗ്രൗഡിൽ അതിനു വേണ്ട സ്പെഷ്യൽ കമാൻഡോ ട്രെയിനിംഗ് അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ അതിവേഗം പുരോഗമിച്ചു കൊണ്ടിരുന്നു .വായുവിൽ നിൽക്കുന്ന ഹെലികോപ്ടറുകളിൽ നിന്നും റോപ്പുകളിൽ ഊർന്നിറങ്ങുന്ന കമാൻഡോകൾ നിലത്തെത്തുന്നതും നിലത്തേക്കു വീഴുകയാണു. നിലം സ്പർശിയ്ക്കും മുൻപ് അവരുടെ കൈയിലെ സബ്മെഷീൻ ഗണ്ണിൽ നിന്നും അകലെയുള്ള ഡമ്മിയുടെ തലയ്ക്കു നേരെ തന്നെ ഒരു ബുള്ളറ്റ് പറന്നിരിയ്ക്കും. ഒട്ടും പിഴയ്ക്കാത്ത കൃത്യത.മറ്റൊരു ടീം ബിൽഡിങുകൾ എക്സ്പ്ലോസീവ്സ് ഉപയോഗിച്ചു ബ്രേയ്ക്ക് ചെയ്യുന്നു. കൃത്യതയോടെ ഗ്രനേഡുകൾ എറിയുന്നു. അരയ്ക്കു താഴെ ഗൺ പിടിച്ചു കൊണ്ട് ലക്ഷ്യം ഭേദിയ്ക്കുന്ന ഷാർപ്പ് ഷൂട്ടർമാർ മറ്റൊരിടത്ത്.
അങ്ങനെ ട്രെയിനിങ് മറ്റും തകൃതിയായി പുരോഗമിച്ചു .

അതിനിടയിൽ റാം സിങ്ങിന് ഒരു രഹസ്യ സന്ദേശം ലഭിച്ചു .പാകിസ്ഥാൻ അതിർത്തിയിൽ ഗുലാം ഹുസൈൻവാലക്കടുത്തുള്ള ഒറ്റപ്പെട്ട ഏതോ ഒരു വീട് ഖലിസ്ഥാൻ തീവ്രവാദികൾ അവരുടെ താവളമാക്കിയിട്ടുണ്ട് എന്നായിരുന്നു ആ സന്ദേശം .റാം സിങ് ഉടൻ തന്നെ സേവ് പഞ്ചാബി ഫോഴ്‌സിലെ പ്രാഥമിക ഘട്ട ഓപ്പറേഷന് നിയോഗിച്ച സേനാംഗങ്ങളെ രഹസ്യമായി വിളിച്ചു വരുത്തി .കാര്യങ്ങളെല്ലാം അവരോടു പറഞ്ഞു ഓപ്പറേഷൻ നടത്തേണ്ട രീതികളേക്കുറിച്ചു അവരെ ബോധ്യപ്പെടുത്തി .ഉത്തർപ്രദേശിൽ നിന്നുള്ള ശിഹാബുദ്ധീൻ ,കർണാടകയിൽ നിന്നുള്ള കിരൺ കുമാർ ,രാജസ്ഥാൻ സ്വദേശിയായ സഞ്ജയ് ജോഷി ,പഞ്ചാബിൽ നിന്നും മിലൻ സിങ് എന്നിവരായിരുന്നു ആ ഓപ്പറേഷന് നിയോഗിക്കപ്പെട്ട സമർത്ഥരായ സേനാംഗങ്ങൾ .
താമസിയാതെ അവർ സർവ്വ ആയുധങ്ങളുമായി വളരെ രഹസ്യമായി പഞ്ചാബ് പാക്കിസ്ഥാൻ അതിർത്തിയിലെ ഗുല്ലാം ഹുസൈൻവാല ലക്ഷ്യമാക്കി നീങ്ങി .വൈകുന്നേരമായപ്പോഴത്തേക്കു സ്ഥലത്തെത്തിയ സംഗം തിരച്ചിൽ ആരംഭിച്ചു .

വാഹനം റോഡിനരികിൽ നിർത്തി വിശാലമായ പുൽപ്പരപ്പിലൂടെ അവർ നടന്നും ഇഴഞ്ഞുമൊക്കെയായി നീങ്ങിക്കൊണ്ടിരുന്നു .അതി സൂക്ഷ്മമായിരുന്നു അവരുടെ നീക്കങ്ങൾ .ഇതിനിടെ അവർ കടന്നു പോയ സ്ഥലങ്ങളിലെല്ലാം ഗ്രാമീണർ ഒഴിഞ്ഞു പോയ വീടുകൾ കാണാമായിരുന്നു .പക്ഷെ അവിടെയൊന്നും അവർക്കു തീവൃവാദി സാന്നിദ്യം കണ്ടുപിടിക്കാനായില്ല .അവർ അക്ഷമരായിക്കൊണ്ട് മുന്നോട്ട് നീങ്ങി .കുറെ ദൂരം വീടുകളില്ലാത്ത ഒഴിഞ്ഞ പ്രദേശത്തു കൂടി സഞ്ചരിച്ച അവർ തങ്ങൾക്കു മാപ്പിൽ അടയാളപ്പെടുത്തിത്തന്ന ഭാഗം ഇതോടു കൂടി തീരുകയാണ് എന്ന് ബോധ്യമായി .സന്ധ്യാ സമയമായിത്തുടങ്ങിയിരുന്നു .മടങ്ങാൻ വേണ്ടി ഒരുങ്ങുമ്പോഴാണ് ദൂരെ ഒരു വീട് അവരുടെ ശ്രദ്ധയിൽ പെട്ടത്.

ഒറ്റനോട്ടത്തിൽ തന്നെ ഇതുവരെ കണ്ട വീടുകൾ പോലെ ആൾ താമസമില്ലാതെ വീടല്ല എന്നവർക്ക് വ്യക്തമായി .മെല്ലെ ആ വീടിനു കുറച്ചു ദൂരെയായി അവർ പതുങ്ങിയിരുന്ന് നിരീക്ഷിക്കാനാരംഭിച്ചു .പക്ഷെ ആരെയും പുറത്തേക്കു കാണാൻ അവർക്കു സാധിച്ചില്ല .എന്നാൽ വീടിനുള്ളിലെ വെളിച്ചത്തിൽ നിന്ന് ആള്പെരുമാറ്റം കാണാൻ സാധിച്ചു .കുറെ നേരത്തെ നിരീക്ഷണത്തിനു ശേഷം ഉള്ളിലെ ആളുകളെ കീഴ്പ്പെടുത്താൻ ഒരു വലിയ സംഘത്തിന്റെ ആവശ്യം ഇല്ല എന്നവർക്ക് മനസ്സിലായി .സർവ ആയുധങ്ങളും കയ്യിലുള്ള തങ്ങൾക്കു തുരത്താവുന്ന സംഗം മാത്രമേ അകത്തുള്ളൂ എന്ന് മനസ്സിലായ സ്ഥിതിക്ക് അവർ ഓപ്പറേഷൻ പ്ലാൻ ചെയ്തു .
മിലൻ സിങ് ഗൺ എടുത്തു ആ വീടിനെ ഉന്നം പിടിച്ചു പുൽച്ചെടികൾക്കിടയിൽ അമർന്നിരുന്നു .

“അടുത്ത സംഘത്തിനെ വിവരമറിയിച്ചു ഇവിടെ വരുത്തേണ്ട ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല .നമ്മൾ മനസ്സ് വിചാരിച്ചാൽ അവരെ നിഷ്പ്രയാസം ഇല്ലാതാക്കാൻ സാധിക്കും .നമ്മുടെ ഓപ്പറേഷന്റെ നിയാവലിക്കു നിരക്കാത്തതാണെകിൽ പോലും ഈ തീവ്രവാദികളെ ഇല്ലാതാക്കിയാൽ നമുക്ക് കിട്ടുന്ന പേരും പദവിയും വളരെ വലുതായിരിക്കും .ഖലിസ്ഥാൻ സംഘത്തിന്റെ രീതിയനുസരിച്ചു അവരുടെ ശരീരത്തിൽ പലഭാഗങ്ങളിലായി സയനൈഡ് സൂക്ഷിച്ചിട്ടുണ്ടാവും .അത് കൊണ്ട് തന്നെ അവരെ ജീവനോടെ പിടിക്കുക എന്നത് നമ്മളെ സംബന്ധിച്ചിടത്തോളം വളരെ പ്രയാസമാകും .അതിനാൽ അവരെ ഇല്ലാതാക്കാൻ മാത്രമായിരിക്കണം നമ്മുടെ ലക്‌ഷ്യം” .

മിലൻ സിങ് പറഞ്ഞത് അക്ഷരം പ്രതി സമ്മതിച്ച അവർ മെല്ലെ മെല്ലെ പുൽമേട്ടിലൂടെ ഇഴഞ്ഞു നീങ്ങി .വീടിനടുത്തുള്ള ചെറിയ പാറക്കല്ലിനിടയിൽ പതിഞ്ഞിരുന്നു അവർ തങ്ങളുടെ ഊഴം കാത്തിരുന്നു .ഈ സമയം വീടിനു വെളിയിലേക്കു വന്ന അത്യാവശ്യം ഉയരമുള്ള കരുത്തനായ ഒരു മനുഷ്യനെ അവർ നിരീക്ഷിച്ചു .അയാളുടെ കയ്യിൽ എന്തോ അവ്യ്കതമായ ഒരു സാധനം ഉണ്ടായിരുന്നതായി അവർ ശ്രദ്ധിച്ചു .

ഉന്നം പിടിച്ച കിരണ്കുമാറിന്റെ ഗണ്ണിൽ നിന്നും ആദ്യത്തെ ബുള്ളെറ്റ് ആ മനുഷ്യനെ ലക്ഷ്യമാക്കി കുതിച്ചു .അയാളുടെ തല തകർത്തു തുളഞ്ഞു കയറിയ ബുള്ളെറ്റുമായി വലിയ അലർച്ചയോടെ പിന്നിലേക്ക് നിലംപതിച്ചു .അതിനു പുറകെ നേരെ വാതിലിനടുത്തേക്കു കുതിച്ച ഷിഹാബുദ്ധീനും, മിലൻ സിങ്ങും സഞ്ജയ് ജോഷിയും ആ കാഴ്ച കണ്ടു നടുങ്ങി .വീടിനുള്ളിൽ അലമുറയിട്ടു ഓടി വരുന്ന അയാളുടെ കുടുംബത്തെ കണ്ട അവർക്കു തങ്ങളുടെ കണക്കു കൂട്ടൽ പിഴച്ചുവെന്നു ബോധ്യപ്പെടുകയായിരുന്നു .ആ ഒറ്റപ്പെട്ട പ്രദേശത്തു ഒരു സാധാരണ കുടുംബം താമസിക്കുമെന്നു അവർക്കു വിശ്വസിക്കാൻ പോലും കഴിയാത്ത കാര്യമായിരുന്നു .തറയിൽ മരിച്ചു കിടക്കുന്ന ആ മനുഷ്യന്റെ ചുറ്റും അയാളുടെ ഭാര്യയും ചെറിയ ഒരു പെൺകുട്ടിയും കൗമാരപ്രായക്കാരനായ ഒരു പയ്യനും സങ്കടം സഹിക്കവയ്യാതെ അലമുറയിട്ടു കരഞ്ഞു കൊണ്ടിരുന്നു .

പെട്ടെന്നാണ് മിലൻ സിംഗിന്റെ ഗണ്ണിൽ നിന്നും അടുത്ത ബുള്ളെറ്റുകൾ ആ കുടുംബത്തിനെ ലക്ഷ്യമാക്കി കുതിച്ചത് .അങ്ങനെ അയാളുടെ ഭാര്യയും രണ്ടു മക്കളും ആ തറയിൽ കിടന്നു പിടഞ്ഞു മരണത്തിനു കീഴടങ്ങി .ഷിഹാബുദ്ധീനും സഞ്ജയ് ജോഷിയും മിലൻസിങ് ചെയ്തതിൽ പ്രതിഷേധമറിയിച്ചെങ്കിലും അയാളുടെ മറുപടി വളരെ വ്യക്തമായിരുന്നു .

“ഇവരിലാരെങ്കിലും ജീവിച്ചിരുന്നാൽ നാളെ നമുക്കെതിരെ വലിയ തെളിവുകളുമായി ഇവർ വരും .പിന്നെ നമ്മൾ ജീവിച്ചിരുന്നിട്ട് കാര്യമില്ല .നമുക്ക് അബദ്ധം പറ്റിയതാണെന്ന് ഇപ്പോൾ നമ്മൾ മാത്രം അറിഞ്ഞിരുന്നാൽ മതി .അത് കൊണ്ട് ഇതല്ലാതെ നമ്മുടെ മുൻപിൽ മറ്റു മാര്ഗങ്ങളുണ്ടായിരുന്നില്ല .”

പക്ഷെ മറ്റുള്ളവർക്ക് മിലൻ സിങിനോട് പൂർണ്ണമായും യോജിക്കാൻ കഴിഞ്ഞില്ലെങ്കിലും അതനുസരിക്കുകയല്ലാതെ മറ്റു മാര്ഗങ്ങളൊന്നും അവരുടെ മുന്പിലില്ല എന്ന് മനസ്സിലാക്കിയ ഷിഹാബുദ്ധീനും കിരൺ കുമാറും സഞ്ജയ് ജോഷിയും തല്ക്കാലം ഈ വിവരം രഹസ്യമാക്കി വെക്കാം എന്ന് അംഗീകരിക്കുകയായിരുന്നു .

ആ അക്രമത്തിന്റെ ഉത്തരവാദിത്തം കൂടി ഖലിസ്താൻ തീവ്രവാദികളുടെ തലയിൽ കെട്ടി വെക്കാം എന്ന് അവർ ചിന്തിച്ചു .പക്ഷെ റാം സിങിനോട് എന്ത് പറയും എന്നതായിരുന്നു അവരുടെ മുന്പിലുണ്ടായിരുന്ന മറ്റൊരു വെല്ലുവിളി .

ഈ സമയം കുറച്ചു ദൂരെയുള്ള കിണറിൽ നിന്നും വീട്ടാവശ്യത്തിനുള്ള വെള്ളമെടുക്കാൻ പോയ അമർസിംഗ് എന്ന 18 വയസ്സുകാരൻ തന്റെ വീടിനടുത്തെവിടെ നിന്നോ കേട്ട ആ വെടിയൊച്ച ലക്ഷ്യമാക്കി കുതിച്ചു .എന്തോ ഒരു അപകടം തന്റെ വീടിന്റെ സമീപത്തെവിടെയോ നടന്നിട്ടുണ്ട് എന്ന് മനസ്സിലാക്കിയ അമർ സിങ് കയ്യിലുള്ള പാത്രം ഉപേക്ഷിച്ചു കൊണ്ട് വിശാലമായ പുൽപ്പരപ്പിലൂടെ അതി വേഗം ഓടി .തുറന്നു കിടന്ന അടുക്കളവാതിലിലൂടെ അകത്തേക്ക് പ്രവേശിച്ച അമർ സിങ് വീടിനുൾ വശം മുഴുവൻ തിരഞ്ഞിട്ടും അച്ഛനെയും അമ്മയെയും കുഞ്ഞു പെങ്ങളെയും ,അനിയനെയോ കണ്ടെത്താൻ സാധിച്ചില്ല .മുൻഭാഗത്തെ തുറന്നു കിടക്കുന്ന പ്രധാന വാതിലിലൂടെ പുറത്തേക്കിറങ്ങിയ അമർ സിങ് ആ കാഴ്ച കണ്ടു നടുങ്ങി .

ചോരയിൽ കുളിച്ചു കിടക്കുന്ന തന്റെ അച്ഛൻ ജിതേന്ദ്ര സിങ്ങും ,അച്ഛന്റെ മാറിടത്തിലേക്കു മുഖം പൂഴ്ത്തിക്കിടക്കുന്ന അമ്മ അകൽജീത്തും തൊട്ടടുത്തായി നിർദാക്ഷിണ്യം കൊല്ലപ്പെട്ട നിലയിൽ അനിയനും അനിയത്തിയും .ആ കാഴ്ച കണ്ടു തകർന്നു പോയ അമർ സിംഗ് ചുറ്റും നോക്കി .ജോലി കഴിഞ്ഞു തിരിഞ്ഞു പോകുന്ന ആ നാലു സൈനികരെ അമർ സിങ്ങിന് വ്യക്തമായി കാണാൻ സാധിച്ചില്ലെങ്കിലും പുല്നാമ്പുകൾക്കിടയിലൂടെ ആയുധങ്ങളുമായി നീങ്ങുന്ന സൈനികരുടെ വിദൂര ദൃശ്യം അവന്റെ കണ്ണുകളിലുടക്കി .അലമുറയിട്ട് കരഞ്ഞ അമർ സിംഗിനെ പക്ഷെ സഹായിക്കാൻ ആ പരിസരത്തെങ്ങും ആരും ഉണ്ടായിരുന്നില്ല .
പതിയെ മനസ്സാനിദ്യം വീണ്ടെടുത്ത അമർസിംഗ്ആരെയും അറിയിക്കാതെ തകർന്ന മനസ്സുമായി തന്റെ പ്രിയപ്പെട്ടവരേ വീടിനടുത്തു തന്നെ സംസ്കരിച്ചു വീട് വിട്ടിറങ്ങി .ആദ്യമൊന്നും എന്ത് ചെയ്യണമെന്ന് അവനു ഒരുധാരണയുമില്ലായിരുന്നു .

രക്ത രൂക്ഷിതമായ ആ നാട്ടിൽ നിന്ന് പതിയെ അവൻ പിന്തിരിഞ്ഞോടി .പല നാടുകളിലൂടെ സഞ്ചരിച്ച അമർസിംഗിന് എവിടെയും സ്ഥിരമായി നില്ക്കാൻ സാധിച്ചില്ല .അവന്റെ മനസ്സ് സംഘര്ഷഭരിതമായിരുന്നു .അവസാനം മുംബൈയിലെത്തിയ അവൻ ചില്ലറ ജോലികളൊക്കെ ചെയ്തു കഴിഞ്ഞു കൂടി .അവന്റെ വീട് തെരുവായിരുന്നു .ആ സമയത്താണ് മുംബെയിൽ ഒരു റിപ്പർ കൊലപാതകിയുടെ സാന്നിദ്യം ഭീതി പരത്തിയിരുന്നതു . തെരുവിൽ ഉറങ്ങിക്കിടന്ന അനേകം പേരെ കൊലപ്പെടുത്തിയ ആ റിപ്പർ കൊലപാതകിയെപ്പേടിച്ചു മുംബൈ തെരുവുങ്ങുകൾ രാത്രി കാലങ്ങളിൽ ആരും ഇറങ്ങാതായി .വിജനമായ തെരുവുകളിൽ പലപ്പോഴും അമർസിംഗ് ഒറ്റക്കായി .അങ്ങനെ ഒരു രാത്രി അമർ സിങ് ആ കാഴ്ച നേരിട്ട് കണ്ടു .

അജ്ഞാതനായ ഒരു മനുഷ്യൻ ഇരുളിൽ നിന്നും മെല്ലെ കടന്നു വന്നു . അയാളുടെ കൈയിൽ ഒരു കനത്ത ഇരുമ്പുപാര ഉണ്ടായിരുന്നു. ചുറ്റുമുള്ള കാഴ്ചകളൊന്നും വകവെയ്ക്കാതെ അയാൾ മെല്ലെ ഗല്ലിയിലേയ്ക്കു കടന്നു. മനോജ് എന്ന തെരുവ് കച്ചവടക്കാരന്റെ ഒറ്റമുറി വീടിന്റെ വാതിൽ ഒരു പലക കൊണ്ടു മറച്ചിട്ടേ ഉണ്ടായിരുന്നുള്ളു. മെല്ലെ അതു നീക്കി അയാൾ അകത്തു കടന്നു. അരണ്ട വെളിച്ചത്തിൽ തന്റെ ഇര കൂർക്കം വലിച്ചുറങ്ങുന്നതു അയാൾ കണ്ടു. ഇരുമ്പുപാരയ്ക്കുള്ള അഞ്ചാമത്തെ അടിയിൽ മനോജിന്റെ ജീവൻ ശരീരത്തിൽ നിന്നും അറ്റുപോയി. രക്തം ചിതറി ആ ശരീരം അവിടെ നിശ്ചലമായി കിടന്നു.
കൊലയാളി ശാന്തനായിരുന്നു.അയാൾ മെല്ലെ തെരുവിലൂടെ ഇരുട്ടിന്റെ ഇടവഴികളിലേക്കു നടന്നകന്നു .

ആ ക്രൂര കൃത്യം നേരിട്ട് കണ്ട അമർ സിങ് തന്റെ കുടുംബത്തിന് സംഭവിച്ച അത്യാഹിതം കൂടി ആ സമയത്തു ചിന്തിച്ചു .പിന്നീട് അവന്റെ മനസ്സിൽ പതിഞ്ഞിരുന്നു ആ ചെറിയ കനൽ ആളിക്കത്താൻ തുടങ്ങി .പിന്നീട് അമർ സിംഗിന്റെ ചിന്തകളെല്ലാം തന്റെ ജീവിത ലക്ഷ്യമെന്താണ് എന്നതിനെക്കുറിച്ചായിരുന്നു .തന്റെ കുടുംബത്തെ ഇല്ലാതാക്കിയത് എത്ര വലിയ ഉന്നതരാണെങ്കിലും അവരെ വെറുതെ വിടാൻ പാടില്ലെന്ന് അവൻ തീരുമാനിച്ചുറപ്പിച്ചു.
പ്രതികാര ദാഹിയായ അവൻ ആ സംഭവത്തെക്കുറിച്ചു വളരെ രഹസ്യമായി അന്വേഷിച്ചു .തുടർന്ന് സേവ് പഞ്ചാബി ഫോഴ്‌സിനെ കുറിച്ചും അതിന്റെ തലവൻ റാം സിംഗിനെക്കുറിച്ചും ആ ഓപ്പറേഷന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരെ കുറിച്ചെല്ലാം അവനു വിവരം കിട്ടി.
പക്ഷെ ഓരോ ദിവസം കഴിയുന്തോറും അവന്റെ ചിന്തകൾക്ക് ക്രൂരമായ ഭാവങ്ങൾ വന്നു തുടങ്ങി .ഒരിക്കലും ഒരു സാധാരണ മരണം അവർ അവർ അർഹിക്കുന്നില്ല .സ്വന്തം കുടുംബം നഷ്ട്ടപ്പെട്ടു അതിന്റെ വേദന അറിഞ്ഞിട്ടു മാത്രമേ അവർ മരണം പുൽകാൻ പാടുള്ളൂ എന്ന് അമർ സിങ് തന്റെ മനസ്സിന്റെ കോടതിയിൽ വിധി എഴുതി വെച്ചു.

പിന്നീടുള്ള യാത്ര അതിനു വേണ്ടിയായിരുന്നു .അമർ സിംഗിന്റെ ആദ്യത്തെ ലക്‌ഷ്യം ഷിഹാബുദ്ധീനായിരുന്നു.
അമർസിംഗ് ആദ്യം ചെയ്തത് ഒരു തോക്കു സങ്കടിപ്പിക്കുകയാണ്.
പിന്നീട് അവന്റെ യാത്ര ഉത്തർപ്രദേശിലേക്കായിരുന്നു.അവിടെയെത്തി ഷിഹാബുദ്ധീന്റെ വീടും പരിസരവുമൊക്കെ മനസ്സിലാക്കി വെച്ച അമർസിംഗ് ലീവിന് നാട്ടിലെത്തിയ അയാളെ വളരെ രഹസ്യമായി പിന്തുടർന്നുകൊണ്ടിരുന്നു.

ഒരു ദിവസം ഷിഹാബുദ്ധീനും ഭാര്യയും ഏക മകളും എവിടെയോ പോയി വളരെ വൈകി വീട്ടിലെത്തിയ സമയം വീടുതുറക്കാൻ ഒരുങ്ങുന്നതിനിടെ തന്റെ മുൻപിൽ കണ്ട മുഖം മൂടിയണിഞ്ഞ രൂപത്തെ കണ്ടു അയാൾ ഞെട്ടി പിറകോട്ടു കാലെടുത്തു വെച്ചു. ഞെട്ടി.സെക്കൻഡുകൾക്കുള്ളിൽ അയാളുടെ കയ്യിലെ തോക്കിൽ നിന്നും പുറപ്പെട്ട തീയുണ്ടകൾ ഷിഹാബുദ്ധീന്റെ ഭാര്യയുടെയും മകളുടെയും നെറ്റി തകർത്തു തുളഞ്ഞു കയറി.
ആ വലിയ വീടിന്റെ വരാന്തയിൽ കിടന്നു ആ സാധു സ്ത്രീയും അവരുടെ നിഷ്കളങ്കയായ മോളും പിടഞ്ഞു വീണു മരിച്ചു.ദേഷ്യവും നിരാശയും സങ്കടവും എല്ലാം മാറി മറിഞ്ഞ വികാരത്തള്ളിച്ചയിൽ ഷിഹാബുദ്ധീനെന്ന കരുത്തനായ പട്ടാളക്കാരൻ അയാളുടെ നേരെ ചാടി വീണു.വിദഗ്ദമായി അയാളെ നേരിട്ട അമർസിംഗ് വരാന്തയിലെ തൂണിൽ ഷിഹാബുദ്ധീനെ ബന്ധനസ്ഥനാക്കി. എന്തിനു വേണ്ടിയാണു താൻ ഈ കൃത്യം ചെയ്തതെന്ന് വെളിപ്പെടുത്തിയ അമർ സിങ് ഷിഹാബുദീന്റെ പശ്ചാത്താപ വാക്കുകൾ കേൾക്കുന്നതിന് മുൻപേ വെടിയുതിർത്തു കഴിഞ്ഞിരുന്നു .യാതൊരു വിധ ഭാവ ഭേദവുമില്ലാതെ കൃത്യം കഴിഞ്ഞു ഇരുട്ടിലേക്ക് അപ്രത്യക്ഷനായ അമർസിംഗിനെക്കുറിച്ചു യാതൊരു വിവരവും പോലീസിനോ മറ്റു കേന്ദ്രങ്ങൾക്കോ കിട്ടിയില്ല .
ആരാണീ കൃത്യം ചെയ്തതെന്നോ എന്തിനായിരുന്നു ആ കൂട്ടക്കൊലയെന്നോ പോലും ആർക്കും അന്വേഷിച്ചു കണ്ടുപിടിക്കാൻ കഴിഞ്ഞില്ല .
സേവ് പഞ്ചാബ് ഫോഴ്‌സിന്റെ ആ ഓപ്പറേഷൻ പുറം ലോകമറിഞ്ഞിട്ടില്ല എന്നത് തന്നെ കാരണം .

റാം സിംഗിന്റെ നേതൃത്വത്തിൽ തീവ്രവാദികളെ തുരത്തി പഞ്ചാബിനെ സമാധാനാന്തരീക്ഷത്തിലേക്ക് കൊണ്ടുവരാൻ സാധിച്ചിരുന്നെങ്കിലും പരാജയപ്പെട്ട ഓപ്പറേഷൻ അയാളും മറച്ചു വെച്ചു.
സേനാംഗങ്ങളെ ഒരുപാട് അതിന്റെ പേരിൽ കുറ്റപ്പെടുത്തിയിരുന്നെങ്കിലും നിരപരാധികളുടെ ചോര വീണ സംഭവം പുറത്തറിഞ്ഞിരുന്നെങ്കിൽ റാം സിംഗിന്റെ ജോലിക്കും അതൊരു വലിയ ഭീഷണിയായി മാറിയേനെ എന്നതായിരുന്നു അയാളെ അത് മറച്ചു വെക്കാൻ പ്രേരിപ്പിച്ച ഘടകം.
ഒരുവര്ഷത്തിനു ശേഷം....

സമയം രാത്രി 8 .00 മണി . പഞ്ചാബ് ചിൽഡ്രൻ പാർക്കിനടുത്തുള്ള ഗാർഡൻ . എല്ലാവരും പാർക്കിൽ നിന്നൊഴിഞ്ഞു പോയിട്ടും പ്രണയിച്ചു നിൽക്കുന്ന കമിതാക്കൾ ദൂരെ നിന്ന് വരുന്ന അജ്ഞാതനെ ശ്രദ്ധിച്ചില്ല.ഏതാണ്ട് പത്തു മിനിട്ടുകൾക്കു ശേഷം അവരുടെ പിന്നിൽ അയാൾ നിശ്ചലമായി നിന്നു . അയാളുടെ വലതു കയ്യിൽ ഒരു പിസ്റ്റളുണ്ടായിരുന്നു. കമിതാക്കളുടെ പിറകിൽ നിന്നയാൾ തട്ടി വിളിച്ചു. രണ്ടു പേരുടെയും പുറകിലേക്ക് തിരിഞ്ഞപ്പോൾ ആ കാഴ്ച കണ്ടു നടുങ്ങിപ്പോയി .ഞെട്ടിത്തരിച്ചു നിൽക്കുന്ന മിലൻസിങ്ങിനോടും കാമുകിയോടും താൻ ആരാണെന്നും വന്ന ഉദ്ദേശം എന്താണെന്നും മാത്രം പറഞ്ഞു .പിന്നീട് തുടർച്ചയായ 6 വെടികൾ. ബുള്ളറ്റുകളുടെ പ്രവാഹം. രക്തം ചിതറി അവർ ആ പാർക്കിനുള്ളിൽ പിടഞ്ഞു വീണു മരിച്ചു . കൊലപാതകി നിശബ്ദനായി തിരിഞ്ഞു നടന്നു.

അങ്ങനെ അമർസിംഗിന്റെ ലിസ്റ്റിലെ രണ്ടാമനും അവിടെ അവസാനിച്ചു .

പോലീസ് അന്വേഷണം ശക്തമാക്കി .പക്ഷെ സ്വന്തമായി നാടോ ,കൃത്യമായ ഒരു പേരോ ,സുഹൃത്തുക്കളോ ,ബന്ധുക്കളോ ആരും ഇല്ലാത്ത അജ്ഞാതനായ ആ കൊലയാളി യെ പിടിക്കാൻ അവർക്കായില്ല .

പിന്നീട് 2 വർഷത്തിന് ശേഷം ഓഫീസിൽ തന്റെ പുതിയ ട്രാൻസ്ഫെറിന്റെ നോട്ടീസ് വന്ന അതെ ദിവസം നടുക്കുന്ന ആ വാർത്ത കൂടി റാം സിംഗിന്റെ ചെവിയിലെത്തി.കർണാടകയിലെ തന്റെ സേവ് പഞ്ചാബി ഫോഴ്‌സിലുണ്ടായിരുന്ന കിരൺ കുമാറും കുടുമ്പവും സ്വന്തം വീട്ടിൽ വെച്ചു അതിക്രൂരമായി കൊല്ലപ്പെട്ടു.ആന്ധ്ര പ്രദേശിലേക്ക് സ്ഥലം മാറ്റം കിട്ടിയ റാം സിംഗ് പക്ഷെ ആ കൊലപാതകങ്ങളെ എല്ലാം ഏകോപിപ്പിച്ചു ഒരു രഹസ്യ അന്വേഷണം നടത്താനാരംഭിച്ചു.സേവ് പഞ്ചാബി ഫോഴ്‌സിന്റെ പരാജയപ്പെട്ട ആ ഓപ്പറേഷനിൽ കൊല്ലപ്പെട്ട കുടുമ്പത്തിലെ ഒരംഗമാണ് ഈ കൊലപാതങ്ങൾക്കു പിന്നിലെന്ന് മനസ്സിലാക്കിയ റാം സിങിന് പക്ഷെ അയാളുടെ പേരോ സ്ഥലമോ പിടികൂടുന്നതിനാവശ്യമായ ഒരു തുമ്പു പോലും കിട്ടിയില്ല.
ആ സമയങ്ങളിലെല്ലാം അമർസിംഗ് പല നാടുകളിൽ പല പേരുകളിൽ പലരൂപത്തിൽ ആൾക്കൂട്ടങ്ങൾക്കിടയിൽ തന്റെ അടുത്ത ഇരയെ കീഴടക്കുന്നതിനു വേണ്ടിയുള്ള ഊഴം കാത്തിരുന്നു.

തുടരും .....

#### Horror crime Thriller ####

അദൃശ്യനായ അജ്ഞാതൻ
************************************

അവസാന ഭാഗം :

***********************************************************************

ആന്ധ്രാപ്രദേശിൽ എത്തുമ്പോൾ റാംസിങ്ങിന്റെ ജീവിതത്തിൽ മറ്റൊരു വഴിത്തിരിവ് കൂടി ഉണ്ടായി.ഒരുപാട് കാലം കുട്ടികളില്ലാതിരുന്ന അവരുടെ ജീവിതത്തിലേക്ക് പുതിയ 2 പേർ കൂടി കടന്നു വന്നു.അദ്ദേഹത്തിന്റെ ഭാര്യ പ്രസവിച്ചു.ഇരട്ടകളായ ആൺകുട്ടികൾ.എന്നാൽ ആ പ്രസവത്തോടെ റാം സിന്ജിന്റെ ഭാര്യ കുൽജീത് നിത്യരോഗിയായി കിടപ്പിലായി.
വൈകാതെ അദ്ദേഹത്തിന്റെ ഭാര്യ കൂടി അസുഗം മൂർച്ഛിച്ചു മരണപ്പെട്ടതോടെ റാം സിങ് വല്ലാത്ത ധർമ്മ സങ്കടത്തിലായി.വൈകാതെ തന്നെ അദൃശ്യനായ കൊലയാളി തന്നെയും കുടുംബത്തെയും തേടി വരുമെന്നയാൾക്കുറപ്പായിരുന്നു.രാജസ്ഥാനിൽ സഞ്ജയ് ജോഷിയെ വിളിച്ചു കാര്യങ്ങൾ ചർച്ച ചെയ്ത ശേഷം അയാൾക്കും കുടുംബത്തിനും അതീവ സുരക്ഷയേർപ്പെടുത്താൻ നിർദ്ദേശം നൽകി.
തന്റെ മക്കളുടെ ജീവനിൽ പേടിയുണ്ടായിരുന്ന അദ്ദേഹം വൈകാതെ തന്നെ കുട്ടികളെ തന്റെ അമ്മാവനായ ജോഗീന്ദർ സിംഗിനെ ഏൽപ്പിച്ചു.അവരെ തന്റെ മക്കളാണെന്ന്‌ ഒരാളും അറിയാത്ത രീതിയിൽ വ്യത്യസ്ത സാഹചര്യങ്ങളിൽ വേറെ ഏതെങ്കിലും സ്ഥലത്തു വളർത്തണമെന്നും അയാളെ പറഞ്ഞേൽപ്പിച്ചു. രണ്ടാളെയും ഒരിക്കലും ആ നരാധമന്റെ കണ്ണിൽ പെടരുതെന്നും ,അവർ സമാധാനമായി ജീവിക്കണം എന്നു മാത്രമായിരുന്നു റാം സിംഗിന്റെ ലക്‌ഷ്യം.അതിനു അവർ വളരുന്ന സാഹചര്യമോ ,വിദ്യാഭാസമോ ,മതമോ ,ജാതിയോ ഒന്നും അയാൾക്കൊരു പ്രശ്നമായിരുന്നില്ല.
ഒരൊറ്റ കാര്യം മാത്രം .അവർ ജീവനോടെ ഇരിക്കണം .

ജോഗീന്ദർ സിങ് ഒരാളെ ഗോദാവരിയിലെ ഈശ്വരാനന്ദ മഠത്തിന്റെ കീഴിലുള്ള ഓർഫനേജിൽ അനാഥക്കുട്ടിയെന്ന പേരിൽ ആക്കിയപ്പോൾ രണ്ടാമനെ ഒരാക്സിഡന്റിൽ പെട്ട് സ്വന്തം മകൻ മരണപ്പെട്ടു പോയ വിഷമത്തിൽ കഴിഞ്ഞിരുന്ന നാരായണൻ എന്ന തമിഴ് സ്വദേശിയെ ഏൽപിക്കുകയായിരുന്നു .അദ്ദേഹത്തിന്റെ ഭാര്യക്ക് ആദ്യത്തെ പ്രസവത്തിനു ശേഷം തന്നെ ഗർഭപാത്രം നീക്കം ചെയ്യേണ്ടി വന്നതിനാൽ അവർ ആ കുഞ്ഞിനെ ദത്തെടുക്കുകയായിരുന്നു .അവിടെ ചില്ലറ കച്ചവടം നടത്തി വരുന്ന നാരായണനോട് ജോഗീന്ദർ സിങ് ഒരു കാര്യം മാത്രമേ നിബന്ധയായിട്ടു പറഞ്ഞിട്ടുണ്ടായിരുന്നുളൂ .വേറെ എവിടേക്കെങ്കിലും സ്ഥലം മാറിപ്പോണം .അത് അംഗീകരിച്ച നാരായണൻ സ്വന്തം നാടായ തഞ്ചാവൂരിലേക്ക് സ്ഥലം മാറി .അവിടെ വാടകക്ക് താമസിച്ചിരുന്ന അവർക്കു ജോഗീന്ദർ സിങ് എല്ലാ സാമ്പത്തിക സഹായങ്ങളും ചെയ്തു കൊടുത്തു .
ഭാര്യ ദാക്ഷായണിയുടെ മരണ ശേഷം തഞ്ചാവൂരിൽ നില്ക്കാൻ വിഷമം തോന്നിയ നാരായണൻ ജോഗീന്ദർ സിങ് നൽകിയ സാമ്പത്തിക സഹായമുപയോഗിച്ചു വാൾപാറക്കടുത്തുള്ള സിങ്കോണയിൽ ഒരു വീട് വാങ്ങുകയും മകനെയും കൊണ്ടു അങ്ങോട്ടു താമസം മാറുകയും ചെയ്തു.
ഈ സമയം സർവീസിൽ നിന്നു വിരമിച്ചു അദൃശ്യനായ കൊലയാളിയെ തേടി അന്വേഷിച്ചലയുകയായിരുന്നു റാം സിംഗ്.തന്റെ സകല സ്വാധീനവുമുപയോഗിച്ചു റാം സിങ് അന്വേഷിച്ചെങ്കിലും കൊലയാളിയെക്കുറിച്ചു യാതൊരു സൂചനയും കിട്ടിയില്ല.
സഞ്ജയ് ജോഷിയെന്ന പട്ടാളക്കാരനെ സംരക്ഷണവലയം ഭേദിച്ചു കൊലപ്പെടുത്താൻ പക്ഷെ അമർസിംഗിന് സാധിച്ചില്ല.പിന്നീട് ഒരുപാട് വർഷങ്ങൾ അമർ സിംഗെന്ന കൊലയാളിയുടെ ഒരു വിവരവും ആർക്കും അറിയാൻ സാധിച്ചില്ല.
വര്ഷങ്ങള്ക്കു ശേഷം രാജസ്ഥാനിലെ ജോധ്പുരിൽ വെച്ചു മലമുകളിലെ ചാമുണ്ഡ മാതാ അമ്പലത്തിലേക്ക് തീർത്ഥാടനത്തിന് പോയ സഞ്ജയ് ജോഷിയും കുടുമ്പവും ദുരൂഹ സാഹചര്യത്തിൽ കാണാതായി.കുറച്ചു ദിവസങ്ങൾക്കു ശേഷം മലയടിവാരത്തിലെ ഒരു താഴ്‌വരയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ മൃതശരീരങ്ങൾ സഞ്ജയ്‌ജോഷിയും കുടുമ്പത്തിന്റേതുമാണെന്നു തെളിഞ്ഞു.അതോടെ കൊലയാളി ഇല്ലാതായിട്ടില്ലെന്നും അടുത്ത ലക്‌ഷ്യം തന്റെ മക്കളും താനുമാണെന്ന വ്യക്തമായ ബോധം റാം സിങ്ങിനുണ്ടായിരുന്നു.
എന്നാൽ ആ കൊലപാതകത്തിൽ നിന്നു ചില സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിൽ കൊലയാളിയുടെ രൂപരേഖ പോലീസിന് കിട്ടിയിരുന്നു.റാം സിങ് തന്റെ സകല സ്വാധീനവുമുപയോഗിച്ചു തന്റെ മക്കൾ വളരുന്ന ആന്ധ്രാപ്രദേശിലും തമിഴ് നാട്ടിലും സുരക്ഷാ വലയം ശക്തമാക്കി.അജ്ഞാതനായ കൊലയാളിയുടെ രൂപരേഖ അവിടുത്തെ പോലീസിന് കൈമാറിയിരുന്നു. അതിനിടെ നാരായണനും മരണപ്പെട്ടു .സിങ്കോണയിലെ ചെറിയ വീട്ടിൽ അദ്ദേഹത്തിന്റെ മകൻ ഒറ്റക്കായി .വർഷങ്ങൾ പിന്നീടും ഒരുപാട് കടന്നു പോയി.അവസാനം തമിഴ്‌നാട്ടിലേക്ക് കടക്കാൻ ശ്രമിച്ച അമർ സിംഗെന്ന കൊലയാളിയെ തമിഴ്നാട് പോലീസ് പിടികൂടി.അപ്പോഴേക്ക് പ്രായാധിക്യം കാരണം റാം സിങ് കിടപ്പിലായിരുന്നു.വിചാരണക്ക് ശേഷം അതീവ സുരക്ഷാവലയത്തിൽ കോയമ്പത്തൂർ സെൻട്രൽ ജയിലിൽ പാർപ്പിച്ച അമർ സിങ് പക്ഷെ സുരക്ഷാ വലയങ്ങളൊക്കെ ഭേദിച്ചു ജയിൽ ചാടി.
അതറിഞ്ഞ റാം സിങ് ഗോദാവരിയിൽ നിന്നും തന്റെ മകനായ മണികണ്ഠനെ തന്റെ അടുത്തേക്ക് വിളിപ്പിക്കുകയും എല്ലാ കഥകളും അവനോടു തുറന്നു പറയുകയും ചെയ്തു.അനാഥനായി ജീവിച്ച മണികണ്ഠൻ അച്ഛനെക്കിട്ടിയ സന്തോഷത്തിലായിരുന്നു. പക്ഷെ റാം സിങ് അവനോടു ഉടൻ തന്നെ തമിഴ്‌നാട്ടിലെത്താനും തന്റെ ഇരട്ട സഹോദരനായ വാസുവിനെ കണ്ടെത്തി അവിടെ നിന്നും എങ്ങോട്ടെങ്കിലും നാട് വിട്ടു അമർ സിംഗെന്ന കൊലയാളിയുടെ കയ്യിൽ പെടാതെ ജീവിക്കണമെന്നും പറഞ്ഞേൽപ്പിച്ചു.
ഇത്രയും കാര്യങ്ങൾ എന്‍റെ സഹോദരനായിരുന്ന മണികണ്ഠൻ എനിക്കു പറഞ്ഞു തന്ന കഥകളാണ്.
അങ്ങനെ വാസുവെന്ന ഈ ഞാൻ റാം സിംഗെന്ന പഴയ പോലീസ് മേധാവിയുടെ മകനാണെന്ന യാഥാർഥ്യം ഞാൻ അന്നാണ് അറിയുന്നത് .അത് വരെ എന്റെ വിശ്വാസം എന്നെ വളർത്തിയ പിന്നീട് മരണപ്പെട്ട നാരായണൻ എന്ന ആളാണ് എന്റെ പിതാവ് എന്നായിരുന്നു .”

വാസുവിന്റെ വായിൽ നിന്നു ആ കഥകൾ അവിശ്വസനീയമെന്നോണം കേട്ടു അത്ഭുധസ്തബ്ധരായി നിന്ന ഫോറെസ്റ് ഉദ്യോഗസ്ഥരോട് വാസു കുറച്ചു വെള്ളം ചോദിച്ചു.വെള്ളമെടുത്തു കൊടുത്ത ഡിജിൻ അവൻ ആർത്തിയോടെ കുടിക്കുന്നതും നോക്കി ബാക്കി കേൾക്കാനായി തല ചൊറിഞ്ഞു അക്ഷമനായി ഇരുന്നു.
വെള്ളം കുടിച്ചു കഴിഞ്ഞ ഉടൻ തന്നെ അർഷിദ് ആ കുപ്പി വാങ്ങി എടുത്തു വെച്ചു.
വാസു തുടർന്നു.

“വളരെ പെട്ടെന്ന് തന്നെ മണികണ്ഠൻ എന്നെത്തേടി പുറപ്പെട്ടു.യാത്രയിൽ തന്നെ എന്നെക്കുറിച്ചു അന്വേഷിച്ചു തുടങ്ങിയ അവനു തമിഴ്‍നാട്ടിലെത്തിയപ്പോൾ എവിടെ നിന്നോ എന്‍റെ നമ്പർ സങ്കടിപ്പിച്ചെടുത്തു.പിന്നീട് സംഭവം നടന്ന അന്നു രാത്രി മണികണ്ഠൻ എന്നെവിളിച്ചു കാര്യങ്ങളെല്ലാം ചുരുക്കിപറയുകയും ബാക്കി നേരിട്ട് കണ്ടിട്ട് പറയാമെന്നും ,ഈ കാര്യങ്ങൾ ആരോടും ചർച്ച ചെയ്യരുതെന്നും പറഞ്ഞു.ഞാനവന് വീട്ടിലേക്കുള്ള വഴി പറഞ്ഞു കൊടുത്തു.വളരെയധികം സന്തോഷത്തിലായിരുന്നു ഞാനന്ന് വീട്ടിലേക്ക് പോയത്.
അന്നു രാത്രി മണികണ്ഠനുള്ള ഭക്ഷണം ഒരുക്കി ഞാൻ കാത്തിരുന്നു.കൃത്യമായി വീട് കണ്ടുപിടിച്ചെത്തിയ എന്‍റെ സഹോദരനെ കണ്ട എനിക്ക് അത്ഭുതം തോന്നി.
മണികണ്ഠനു എന്‍റെ അതേ മുഖച്ഛായ ,
എന്‍റെ അതേ രൂപസാദൃശ്യം.
സന്തോഷത്തോടെ കെട്ടിപ്പിടിച്ചു ഞാനവനെ വീട്ടിലേക്കു സ്വീകരിച്ചിരുത്തി.കുളിയും ഭക്ഷണവുമെല്ലാം കഴിഞ്ഞു അച്ഛൻ പറഞ്ഞു കൊടുത്ത പഴയ കഥകളെല്ലാം മണികണ്ഠൻ എനിക്കു വിശദീകരിച്ചു തന്നു.ആ കഥയാണ് ഞാൻ നിങ്ങളോടു കുറച്ചു മുമ്പ് പറഞ്ഞത്.
അന്ന് രാത്രി കിടക്കാൻ സമയത്താണ് വാതിൽ തകർത്തു അകത്തു കടന്ന അമർ സിങ് എന്റെ സഹോദരൻ മണികണ്ഠനെ അതി ദാരുണമായി കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തിയത് .അതിനു ശേഷം എന്റെ പുറകെ വന്ന അയാളുടെ കയ്യിൽ നിന്ന് ഞാനെങ്ങനെയോ രക്ഷപ്പെട്ടു .പുറത്തു കിടന്നിരുന്ന എന്റെ ബൈക്കുമായി ഞാനെങ്ങോട്ടെന്നില്ലാതെ ഓടിച്ചു പോയി .പക്ഷെ കുറച്ചു ദൂരം പിന്നിട്ടപ്പോൾ പെട്രോൾ തീർന്ന ബൈക്കുപേക്ഷിച്ചു ഞാൻ ആ രാത്രി എങ്ങോട്ടെന്നില്ലാതെ ഓടി .പിന്നീട് കാടിനടുത്തെവിടെയോ ഒഴിഞ്ഞു കിടന്നിരുന്ന ഒരു ബംഗ്ലാവിൽ കയറി ഞാനൊളിച്ചു .ആ രാത്രി ഞാനെങ്ങനെയൊക്കെയോ അവിടെ കഴിഞ്ഞു കൂടി .പിന്നീട് പിറ്റേന്ന് ഉച്ച വരെ ഞാനാ ബംഗ്ലാവിൽ നിന്ന് പുറത്തേക്കു വന്നില്ല .പേടിയായിരുന്നു മനസ്സ് നിറയെ .
കുറെ സമയം കഴിഞ്ഞു പുറത്തേക്കിറങ്ങിയ ഞാനെങ്ങോട്ടെന്നില്ലാതെ അലഞ്ഞു .അതിനിടെ മലക്കാപ്പറക്കു സമീപം ഒറ്റപ്പെട്ട സ്ഥലത്തു വെച്ച് ഞാൻ വീണ്ടും അവനെ കണ്ടു .അമർ സിങ് ..അവിടെ നിന്ന് ഓടി രക്ഷപെടാൻ ശ്രമിക്കുമ്പോഴാണ് ഞാനാ ചെറുപ്പക്കാരുടെ വാഹനത്തിനു മുന്പിലെത്തുന്നത് .എവിടെപ്പോയാലും അവൻ തന്റെ പിറകെ വരും എന്നെനിക്കുറപ്പായിരുന്നു .അത് കൊണ്ടാണ് അവർ കാട്ടിൽ വാഹനം പാർക്ക് ചെയ്ത സമയം നോക്കി ഞാൻ കാടിനുള്ളിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ചത് .പിന്നീട് നിങ്ങളുടെ കൂട്ടുകാരെ ഞാൻ കണ്ടിട്ടില്ല .ഒരു പക്ഷെ അവർ എന്നെ തിരഞ്ഞു കാട്ടിനുള്ളിൽ കയറിയതാവാം ...
ഇതെല്ലാം കേട്ട് നിന്ന ഫോറെസ്റ് ഉദ്യോഗസ്ഥരെല്ലാം ഭയത്തോടെ എന്ത് ചെയ്യണമെന്നറിയാതെ അന്തംവിട്ടിരുന്നപ്പോൾ സുഹൃത്തുക്കളെ കണ്ടുപിടിക്കാൻ കഴിയാത്ത നിരാശയിൽ അർഷിദും ഖാലികും റാഷിദും അവിടുത്തെ ബെഞ്ചിൽ അമർന്നിരുന്നു .

ഈ സമയം ഫോറെസ്റ് ഓഫീസിലേക്കൊരു ഫോൺ കാൾ .
അറ്റൻഡ് ചെയ്ത ഡിജിന്റെ മുഖത്തു സന്തോഷത്തിന്റെ രസങ്ങൾ മിന്നി മറഞ്ഞു ,
ഫോൺ കട്ട് ചെയ്ത ശേഷം ഡിജിൻ എല്ലാവരുടെയും അഭിമുഖമായിരുന്നു .
"വാൾപാറ പോലീസ് സ്റ്റേഷനിൽ നിന്നാണ് .നിങ്ങളുടെ സുഹൃത്തുക്കൾ അവിടെയുണ്ട് .അവർ സുരക്ഷിതരാണ് .അമർ സിംഗെന്ന കൊലയാളിയെ പോലീസ് വലയിലാക്കിയിട്ടുണ്ട് .ഒരേറ്റുമുട്ടലിൽ പരിക്കേറ്റ അയാളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിച്ചിട്ടുമുണ്ട് .”
ആ വാർത്ത കേട്ട വാസുവിന്റെ മുഖത്തു മാത്രം ഒരു വല്ലാത്ത മ്ലാനത തളം കെട്ടി നിന്നു.
സമയം രാവിലെ 6 .00 മണി . വാൾപാറ പോലീസ് സ്റ്റേഷൻ

SI മഹേഷ് പാറാവുകാരൻ ടേബിളിൽ വെച്ച ചായ ഗ്ലാസ്സുകൾ ഞങ്ങൾക്ക് നേരെ നീട്ടി .

"ഇതൊരു വലിയ കേസാണ് .ഇന്ത്യ മുഴുവൻ തേടുന്ന ഒരു വലിയ കുറ്റവാളിയാണ് അമർ സിങ് .അയാളൊരു മാനസിക രോഗി കൂടിയാണ് .അവനെതിരെയുള്ള എല്ലാ തെളിവുകളും ഞങ്ങളുടെ അടുത്തുണ്ട് .അത് കൊണ്ട് നിങ്ങൾ തല്ക്കാലം ഇതിൽ തല വെക്കാതിരിക്കുന്നതാവും ബുദ്ധി .അയാൾ മരണപ്പെട്ടിട്ടില്ല .പക്ഷെ നില കുറച്ചപകടത്തിലാണ് .എന്തായാലും നിങ്ങൾക്കൊന്നും വരില്ല എന്ന് ഞാൻ ഉറപ്പു തരാം "
ചുടു ചായ ഒരിറക്ക് കുടിച്ചു കൊണ്ട് ഞാൻ ഗ്ലാസ് ടേബിളിൽ വെച്ചു.
"അപ്പൊ സാർ ആ കൊലയാളിയെന്തിനാ ഞങ്ങളെ തേടി വന്നത് "
SI മഹേഷ് ശാന്തനായി പറഞ്ഞു
"മലക്കപ്പാറക്കടുത്തു വെച്ചു നിങ്ങളുടെ വാഹനത്തിൽ കയറി വാസു രക്ഷപ്പെടുന്നത് അവൻ കണ്ടിരിക്കാം .പക്ഷെ അവൻ മലക്കപ്പാറ ചെക്ക് പോസ്റ്റ് കടന്നു പോയിട്ടില്ല .പക്ഷെ പിന്നെ എവിടെ വെച്ചാണ് അവൻ നിങ്ങളെ പിന്തുടർന്നതെന്നു അവ്യക്തം .അവൻ നിങ്ങളെ കൊല്ലാനല്ല ശ്രമിച്ചത് .അവനു വേണ്ടത് വാസുവിനെയായിരുന്നു .പിന്നെ മണികണ്ഠൻ വാസുവിന്റെ അടുത്ത് വന്നത് ആരും അറിഞ്ഞിട്ടില്ല .അതുകൊണ്ടാണ് വാസുവിന്റെ അതെ രൂപ സാദൃശ്യമുള്ള മണികണ്ഠന്റെ മരണം വാസുവിന്റെ മരണമായി തെറ്റിദ്ധരിച്ചതു "

അദ്ദേഹം പറഞ്ഞത് അക്ഷരം പ്രതി അനുസരിച്ച ഞങ്ങൾ സ്റ്റേഷന് പുറത്തിറങ്ങുമ്പോൾ ഞങ്ങളെ കാത്തു ഖാലികും അർഷിദും റാഷിദും വിനീഷിന്റെ കാറും പുറത്തു കാത്തിരിക്കുന്നുണ്ടായിരുന്നു .
വളരെ സന്ദോഷത്തോടെ വിക്കി ഞങ്ങളെ യാത്രയാകുമ്പോൾ
വാസുവിന്റെ കണ്ണിൽ നിന്നു കണ്ണുനീർ ഇറ്റിറ്റായി വീഴുന്നുണ്ടായിരുന്നു .സഹോദരൻ മരണപ്പെട്ട ദുഃഖം ആ പാവത്തിന് താങ്ങാൻ കഴിഞ്ഞിട്ടുണ്ടാവില്ല
കുറച്ചു നേരത്തേക്കാണെങ്കിലും ഞങ്ങൾ പ്രേതമെന്നു കരുതി ഭയപ്പെട്ടിരുന്ന ആ നിഷ്കളങ്കനായ ചെറുപ്പക്കാരന്റെ മുഖത്തേക്ക് ഞങ്ങൾ സഹതാപത്തോടെ നോക്കി .
ദിവസങ്ങൾക്കു ശേഷം മലപ്പുറം മുണ്ടുപറമ്പുള്ള എന്റെ സ്വവസതിയിൽ ഉമ്മറപ്പടിയിലിരുന്നു മകളെ താലോലിച്ചു കൊണ്ടിരിക്കുമ്പോഴാണ് മൊബൈലിലേക്ക് ഒരു വാട്സാപ്പ് സന്ദേശം വരുന്നത് .

എടുത്തു നോക്കുമ്പോൾ ഖാലികിന്റെ മെസ്സേജാണ് .

"പെരുന്നാൾക്ക് എന്താ പരിപാടി .നമുക്ക് ഇടുക്കിയിലേക്കൊന്നു വിട്ടാലോ .ഒരു രണ്ടു ദിവസത്തെ ട്രിപ്പ്..."

പതിവ് പോലെ അപ്പൊത്തന്നെ ഞാൻ റിപ്ലൈ കൊടുത്തു .

ഞാൻ ഓക്കേ ......

(ഈ കഥയുടെ റെഫെറെൻസ്സ് : ബിജുകുമാർ ആലക്കോടിന്റെ ഫേസ്ബുക് പേജിൽ നിന്നും ഓപറേഷൻ ബ്ലാക് തണ്ടർ ,പിന്നെ ചില മലയാളം സിനിമകൾ .
യഥാർത്ഥത്തിൽ നടന്നത് ഞങ്ങൾ ഈ സുഹൃത്തുക്കൾ നടത്തിയ യാത്രയിൽ മലക്കപ്പാറ വാഴച്ചാൽ ചെക്ക് പോസ്റ്റിനിടയിൽ ഒരു വാഹനത്തിൽ കുറച്ചു ചെറുപ്പക്കാരെ ദുരൂഹ സാഹചര്യത്തിൽ കാണാനിടയായി .ഇറങ്ങാൻ പാടില്ലാത്ത വനമേഖലയിൽ മുഖത്തു തളം കെട്ടിനിൽക്കുന്ന ഭയത്തോടെ അവരെ കണ്ടപ്പോൾ അവർ എന്തോ ഒരു വലിയ പ്രശ്‌നത്തിൽ പെട്ടിട്ടുണ്ടെന്നു മനസ്സിലാക്കുകയും എന്തായിരിക്കും ആ പ്രശനം എന്ന് ചിന്തിക്കാനിടയായ സാഹചര്യമാണ് എന്നെ ഈ കഥയിലേക്ക് നയിച്ചത് .)
Irshad kt

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്