പ്രതികാരം

❤പ്രതികാരം❤
ഫുൾ പാർട്ട്‌

സൂര്യൻ കരഞ്ഞു കൊണ്ടാണെന്ന് തോനുന്നു അസ്തമിക്കാൻ പോകുന്നത്, അതുകൊണ്ടാവും പടിഞ്ഞാറൻ ഭാഗത്തുള്ള കുന്നിനു മുകളിലൂടെ കരഞ്ഞു കലങ്ങിയ കണ്ണ് പോലെ ആകാശം ചുവപ്പ് രാശി പടർന്നു കേറുന്നുണ്ട്.

പക്ഷികൾ കൂടണയാൻ ഒറ്റയ്ക്കും കൂട്ടമായും വായുവിലൂടെ ഒഴുകി പോകുന്നു. കാർത്തിക അനുഭൂതിയോടെ ആ കാഴ്ച്ച നോക്കി നിന്നു.

വിളവെടുപ്പ് കഴിഞ്ഞ പാടത്തു നിന്നും നാണിയമ്മ തന്റെ പശുക്കളെ വീട്ടിലേക്കു തെളിച്ചു കൊണ്ട് പോകാൻ ശ്രെമിക്കുന്നുണ്ട്. പശുക്കൾക്കറിയാം ഇപ്പോൾ ഇരുട്ടാവും ,അതിനു മുൻപ് വീട്ടിലേക്കു പോവാനുള്ള നേരം ആയിട്ടുണ്ടെന്ന് അതുകൊണ്ടാവും അവറ്റകൾ ആക്രാന്തം കാട്ടി കാണുന്നതെല്ലാം കടിച്ചു പറിച്ചു തിന്നുകയാണ്. കൂട്ടത്തിലുള്ള മൂരികുട്ടനും ഇപ്പൊ നല്ല ഉത്സാഹം ആണ് പുല്ലു തിന്നാൻ.

അല്ലെങ്കിൽ അവൻ പശുക്കളുടെ പുറകിൽ നിന്നും മാറില്ല എപ്പോഴും ഏതെങ്കിലും പശുവിന്റെ പുറകിലൂടെ മണപ്പിച്ചു നടക്കുന്നുണ്ടാവും.
വിശന്നിട്ടാണോ എന്താണെന്നറിയില്ല ഇപ്പൊ അവനു ഒരേഒരു വികാരം മാത്രം വിശപ്പ്.
അല്ലെങ്കിലും വിശന്നാൽ പിന്നെ കാമത്തിന് നിലനില്പില്ലല്ലോ.. ?

കാർത്തികയും അമ്മയും സാവധാനം  പാടത്തിന് അക്കരെയുള്ള രാഘവമാ മമ്മയുടെ വീട് ലക്ഷ്യമാക്കി നടന്നു.

പണ്ട് ഇവിടെ വരമ്പായിരുന്നു ഇപ്പോൾ കറുത്തിരുണ്ട ട്ടാറിട്ട റോഡാണ് കഴിഞ്ഞ ഒൻപതു വർഷത്തിനിടയിൽ നല്ല മാറ്റം വന്നിട്ടുണ്ട്.  അവർ കേറിചെല്ലുമ്പോൾ കോഴികൾ കൂട്ടിലേക്ക് ഒറ്റയും കൂട്ടമായും കേറുന്നത് കണ്ടു . അല്പസമയം അത് നോക്കി നിന്നു അവറ്റകൾക്കറിയാം, ഇരുട്ടായാൽ പിന്നെ സ്ത്രീകളെ പോലെ തങ്ങളുടെയും ജീവൻ അപകടത്തിൽ ആണെന്ന് അതുകൊണ്ടാവും ഇരുട്ടുന്നതിന് മുൻപ് തന്നെ അവ കൂട്ടിൽ കേറുന്നത്.

അവർ വരുന്നത് അകലെ നിന്നെ കണ്ടു രാഘവമാമ അകത്തേക്ക് വിളിച്ചു പറഞ്ഞു. സുമതീ ഇന്ന് വിരുന്നുകാരുണ്ട് കേട്ടോ .

ആരാണെന്ന് ചോദിച്ചു സുമതി അമ്മായി ഉമ്മറത്തേക്ക് വന്നു. അവർക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിയുന്നില്ല. കാർത്തികയെയും അമ്മ ഭാനുമതിയെയും കണ്ടു അവരുടെ ഉള്ളിൽ സന്തോഷമാണോ അഹങ്കാരമാണോ എന്നറിയാത്ത ഒരു വികാരം മിന്നിമറഞ്ഞു.

എന്താ രണ്ടുപേരും ഇങ്ങിനെ മിഴിച്ചു നോക്കുന്നെ?? ഭാനുമതി ഏട്ടനേയും നാത്തൂനെയും നോക്കി കുശലം പറഞ്ഞു ഉമ്മറത്തേക്ക് കേറി.

എവിടെ മാമ നമ്മുടെ കല്യാണച്ചെക്കൻ കാർത്തിക അമ്മാവനോട് ചോദിച്ചു.

അവൻ കിടക്കുകയാ അവനു കുറച്ചു ദിവസമായി ഇടയ്കിടെയ്ക്ക് പനി ഉണ്ട് ഇനി ഒരാചയല്ലേ ഉള്ളൂ നിശ്‌ചയത്തിന് അപ്പോയെക്കും മാറും ഇപ്പൊ കുറവുണ്ട്.

************-********-***
ഹായ് അർജുൻ അറിയുമോ ??

ശബ്‌ദം കേട്ടു പുതപ്പിനുള്ളിൽ നിന്നും ഒരു മുഖം വാതിക്കലേക്ക് തല തിരിച്ചു നോക്കി 

ഇത് ഞാനാണ് കാർത്തിക അറിയുമോ. ?

ഓ നീ എപ്പോ വന്നു ?

ഇപ്പൊ വന്നുകേറിയതേയുള്ളു.

നിന്റെ കല്യാണം കഴിഞ്ഞോ ?

ഇല്ല നോക്കുന്നുണ്ട്, ഉടനെ ഉണ്ടാവും ഒന്ന് ഒത്തു വന്നിട്ടുണ്ട് .പരിജയം ഉള്ള ആളാണ്‌. ഈ ത്രിസന്ധ്യ നേരത്തുള്ള ഉറക്കം നല്ലതല്ല കേട്ടോ.

അർജുൻ ചെറുതായി ചിരിച്ചുകൊണ്ട് എഴുന്നേറ്റു .ഞാൻ ചുമ്മാ ഒന്നു കിടന്നതാ

അല്ല എവിടെ പെണ്ണിന്റെ ഫോട്ടോ. ?

അവൻ മൊബൈൽ എടുത്തു ഫോട്ടോ കാണിച്ചു.

കൊള്ളാം ഏട്ടന് ചേർന്ന പെണ്ണുതന്നെ അടിപൊളി ആണല്ലോ. ?

അവർ രണ്ടുപേരും ഉമ്മറത്തേക്ക് വന്നു.  വെളിച്ചത്തിലേക്ക് വന്നപ്പോഴാണ് അവൾ അവന്റെ ശരീരത്തിലെ ചിലയിടത്തിൽ ചെറിയ ചൊറി പോലെ എന്തോ ഉള്ളത് ശ്രെദ്ധിച്ചത്.

ഇതെന്താ ഏട്ടാ ?

ഓ ഇതൊ ഇത് പനിയുടെ എഫക്റ്റ് ആണെന്ന് തോനുന്നു ചെറിയ ചൊറിച്ചിൽ മരുന്നുണ്ട് മാറിക്കൊള്ളും.

ഇത് കുറെ ആയോ പനി തുടങ്ങിയിട്ട്?.

ഇപ്പൊ ഇടയ്കിടെയ്ക്ക് ഉണ്ട് ഈ പനി.  നിശ്ചയം കഴിഞ്ഞു വേണം നല്ലൊരു ഡോക്റ്ററെ കാണിക്കാൻ . വല്ല അലറ്ജിയും ആവും.

അവൾ ബാഗ് തുറന്നു പേനയും ചീട്ടും എടുത്തു അതിലെന്തോ കുറിച്ച് അവന്റെ കയ്യിൽ കൊടുത്തിട്ടു പറഞ്ഞു .നാളെ നല്ലൊരു ലാബിൽ പോയി ബ്ലഡ് ഒന്ന് ചെക് ചെയ്തിട്ടു എന്നെ ഒന്നു കാണിക്കൂ.

അവൻ സംശയത്തോടെ അവളുടെ മുഖത്തേക്ക് നോക്കി.

നോക്കണ്ട ഞാൻ ഇപ്പൊ ഡോക്ടർ ആണ് ഇനി മുതൽ ഇവിടെ സർക്കാർ ഹോസ്പിറ്റിലിൽ ആണ് എനിക്ക് ഡ്യൂട്ടി.

അവർ മൂന്നു പേരും  ആശ്ചര്യത്തോടെ അവളെയും അമ്മയെയും നോക്കി.

അർജുൻ ഒന്നും മിണ്ടാതെ റൂമിലേക്ക് പോയി അവന്റെ മനസ്സ് വർഷങ്ങൾ പിന്നിലേക്ക് സഞ്ചരിച്ചു.
ചെറുപ്പത്തിൽ വീട്ടുകാർ ഉറപ്പിച്ചതായിരുന്നു തന്റെയും കാർത്തികയുടെയും വിവാഹം .താൻ ബാന്ഗ്ലൂരിൽ പഠിക്കാൻ പോയി നല്ല നിലയിൽ ജയിച്ചുവന്നാൽ അവൾ എന്താണ് സമ്മാനം വേണ്ടത് എന്ന അവളുടെ ചോദ്യത്തിന് രണ്ടാമത് ഒന്നു ആലോചിക്കേണ്ടി വന്നില്ല. തനിക്കു ഒരു കിസ്സ് മതിയെന്ന തന്റെ മറുപടി കേട്ടു നാണവും ഉത്കണ്ഠയും അവളുടെ മുഖത്ത് മിന്നി മറഞ്ഞു  റിസൾട്ട് വന്നപ്പോൾ പ്രതീക്ഷിച്ചതിനെക്കാളും നല്ല മാർക്കുണ്ടായിരുന്നു അത് കൊണ്ടുതന്നെയാണ് അമ്മായി വീട്ടിൽ ഇല്ലാത്ത സമയം നോക്കി താൻ അവളുടെ വീടിന്റെ പടികേറിചെന്നത്.
അവളുടെ നനവാർന്ന ചുണ്ടുകൾ തന്റെ നെറ്റിയിൽ പതിഞ്ഞപ്പോൾ ബാന്ഗ്ലൂരിൽ കൂടെ പഠിച്ചവളുടെ ശരീരത്തിൽ നിന്നും കിട്ടിയതിനെക്കാളും അനുഭൂതി ആയിരുന്നു.

ഒരു ചെറുനാണത്തോടെ തന്നിൽ നിന്നും അകലാൻ നോക്കിയ അവളുടെ അരയിലൂടെ ചുറ്റിപിടിച്ചു തന്നിലേക്ക് ചേർത്തുപിടിച്ചു ,അവളുടെ അധരങ്ങൾ തന്റെ ചുണ്ടുകൾ കവർന്നപ്പോൾ എന്താണ് സംഭവിക്കുന്നത് എന്നുപോലും പെട്ടന്ന് അവൾക്കു മനസ്സിലായിരുന്നില്ല.  തന്റെ കൈകൾ അവളുടെ ഡ്രെസ്സിനുള്ളിലേക്ക്  എത്തിയപ്പോഴാണ് അവൾക്കു സ്ഥലകാല ബോധം വന്നത് . പെട്ടന്ന് തന്നെ പിന്നിലേക്ക് തള്ളി മാറ്റി ദേഷ്യത്തോടെ ഏട്ടാ എന്തായിത് എന്ന് ചോദിച്ച അവളോട്‌ താൻ ഒരിക്കലും പറയാൻ പാടില്ലാത്ത സംസാരം ആണ് അന്ന് പറഞ്ഞത്.

തുടരും...

❤# പ്രതികാരം -2

അന്ന് അവൾ പ്ലസ്‌വണ്ണിനു പഠിക്കുകയായിരുന്നു. പിന്നീട് അവൾ തന്റെ മുൻപിൽ വരാതെ മാറി നടക്കാൻ തുടങ്ങി. തനിക്കു വാശി കൂടി ,അവളെക്കാളും ഗ്ലാമറും, മോഡേൺ  ആയ കുട്ടികളുടെ കൂടെ ആയിരുന്നു ബാംഗ്ലൂരിൽ തന്റെ കൂട്ട്.
അതുകൊണ്ട് തന്നെ ചെറുപ്പം തൊട്ടു തന്റെ പെണ്ണെന്നു വീട്ടുകാർ പറഞ്ഞു  ഉറപ്പിച്ചവൾ തനിക്കു വഴങ്ങാത്തതിൽ അവളോടുള്ള ദേഷ്യം ഇരട്ടിച്ചു. ചെറിയ കുട്ടി ആണെന്നുള്ള പരിഗണന പോലും താനെന്നു കൊടുത്തില്ല, യുവതത്തിന്റെ ചോരത്തിളപ്പിൽ നേരും നെറികേടും അറിയാതെ പോയി.
അച്ഛന്റെ പെങ്ങളുടെ മകൾ എന്ന പരിഗണന അച്ഛൻ അവൾക്കു കൊടുത്തപ്പോൾ അമ്മ ആ ബന്ധത്തിന് മാനസികമായി എതിരായിരുന്നു. അവളുടെ പേരിൽ ഉള്ള സ്ഥലം കണ്ടുകൊണ്ട് അമ്മയും തങ്ങളുടെ ബന്ധത്തിന് അർദ്ധസമ്മതം മൂളി.
അങ്ങിനെ ഇരിക്കേ ഒരുദിവസം അവൾ താൻ വന്നത് അറിയാതെ വീട്ടിലേക്കു വന്നു. ആ സമയം വീട്ടിൽ അച്ഛനും അമ്മയും ഇല്ലായിരുന്നു, കിട്ടിയ അവസരത്തിൽ അവളെ കേറി പിടിച്ചു.  അവൾ ഒരുപാട് കുതറിയെങ്കിലും താൻ വിട്ടില്ല, എപ്പോഴൊ തന്റെ കയ്യ് ചെറുതായിട്ടൊന്ന് അയഞ്ഞപ്പോൾ അവൾ ഉമ്മറത്തേക്ക് കുതിച്ചോടി. വാതിൽ ലോക്ക് ചെയ്തത് അപ്പോഴാണ് അവൾ അറിയുന്നത്. താൻ സാവധാനം ഹാളിലേക്ക് ചെന്നു.

"ഇനി നീ ഓടുന്നത് എനിക്കൊന്നു കാണണം. ഞാൻ ആഗ്രഹിച്ചത് എനിക്ക് കിട്ടണം ,ഞാൻ അത് നേടിയിരിക്കും "

പെട്ടന്നാണ് അവൾ ഹാളിൽ കിടന്ന സ്റ്റൂൾ എടുത്തു തനിക്കു നേരെ വീശി എറിഞ്ഞത്. സ്റ്റൂൾ വായുവിലൂടെ പറന്നു വന്നു തന്റെ നെറ്റി പൊട്ടിച്ചു. ഒരു നിമിഷം തനിക്കു എന്താണ് സംഭവിച്ചതെന്ന് മനസ്സിലായില്ല ,ആകെ ഒരു തരിപ്പ് ,ആ സമയം മതിയായിരുന്നു അവൾക്ക്.
അവൾ അടുക്കളയിലേക്ക് കുതിച്ചോടി കറിക്കത്തി കയ്യിലെടുത്തു, പിന്നെ വാതിലിന്റ കൊളുത്തു നീക്കി അപ്പോഴേക്കും താൻ അവിടെ എത്തിയിരുന്നു.
അവൾ കതകു തുറന്നു പുറത്തേക്കു കുതിച്ച സമയം മുറ്റത്ത് ഒരു ഓട്ടോ വന്നുനിന്നു . അവൾ ഓട്ടോയിൽ ഇടിച്ചു പിന്നിലേക്ക് മലർന്നടിച്ചു വീണു, ഓട്ടോയിൽ നിന്നും അച്ഛൻ ചാടി ഇറങ്ങി ഉമ്മറത്തുനിന്നും ഒരു തുണിയെടുത്തു അവളെ പുതപ്പിച്ചു. അവളുടെ ഡ്രസ്സ്‌ പിടിവലിയിൽ പലയിടത്തും കീറിയിരുന്നു,ഓട്ടോയിൽ നിന്നും അവളുടെ അമ്മയും തന്റെ അമ്മയും ചാടി ഇറങ്ങി അവളെ പിടിച്ചെഴുന്നേല്പിച്ചു. അപ്പോഴും തന്റെ നെറ്റി പൊട്ടി ചോര മുഖത്തൂടെ ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു അവളൊരു കരച്ചിലോടെ അവളുടെ അമ്മുയുടെ മേലേക്ക് വീണു.

"എന്താ മോളെ ഇത് എന്താ ഇവിടെ സംഭവിച്ചത് "
അവളുടെ അമ്മ അവളോട്‌ ചോദിച്ചു.

"ഏട്ടൻ എന്നെ കേറി പിടിച്ചു ഞാൻ എതിർത്തപ്പോൾ ബലം പ്രയോഗിച്ചു"

എടീ അവൻ നിന്നെ കെട്ടാൻ പോകുന്നവനല്ലേ അവനൊന്നു തൊട്ടെന്നു കരുതി നിനക്കെന്തെങ്കിലും സംഭവിക്കുമോ " 

തന്റെ അമ്മ അവളോട്‌ കയർത്തു

"കെട്ടിയിട്ടില്ലല്ലോ?? എന്റെ സമ്മതം ഇല്ലാതെ ആരെയും എന്റെ ശരീരത്തിൽ തൊടാൻ ഞാൻ സമ്മതിക്കില്ല "

"എടാ ഇനിയും എന്റെ മോളെ തൊട്ടാലുണ്ടല്ലോ  വെച്ചേക്കില്ല ഞാൻ 
അവളുടെ അമ്മ തന്റെ ചെകിടത്തടിച്ചായിരുന്നു അത് പറഞ്ഞത് .തടുക്കാൻ അമ്മയ്ക്കോ അച്ഛനോ കഴിഞ്ഞില്ല.
അതു കൂടെ ആയപ്പോൾ അമ്മ അവളോടും അവളുടെ അമ്മയോടും തങ്ങളുടെ വളപ്പിൽനിന്നും ഇറങ്ങിപ്പോവാൻ ആക്രോശിച്ചു.

പിന്നീട് അവളും അമ്മയും ഈ വീട്ടിലേക്കു വരവ് അവസാനിപ്പിച്ചിരുന്നു. എന്നിരുന്നാലും ചെറിയ നിസാര കാര്യം കിട്ടിയാൽ അമ്മ അവരോടു വഴക്കിനു പോകും. അപ്പോഴൊക്കെ അവൾ പറയും.

എന്റെ അച്ഛൻ മരിച്ചത് കൊണ്ടാണ് ഇല്ലെങ്കിൽ ഇതിനൊക്കെ നിങ്ങൾക്കു കിട്ടിയേനെ. ഇതെല്ലാം മുകളിൽ ഇരിക്കുന്നവൻ കാണുന്നുണ്ട് നിങ്ങൾ അനുഭവിക്കും നോക്കിക്കോ എന്ന്.

അവളുടെ പ്ലസ്‌ടു എക്സാം കഴിഞ്ഞു രണ്ടു ദിവസം കഴിഞ്ഞപ്പോൾ അവളും അമ്മയും ഈ പടികേറി വന്നു ,അമ്മ അവരോടു ദേഷ്യപ്പെട്ട് ഇറങ്ങിപ്പോവാൻ പറഞ്ഞു.

"ഞങ്ങൾ പോവാൻ തന്നെയാണ് വന്നത് അല്ലാതെ ഇവിടെ കൂടാനല്ല. ഈ നാട്ടിൽ നിന്നും പോവുകയാണ് ഞങ്ങൾ പോവുന്നതിനു മുൻപ് ഒന്ന് യാത്ര പറയാമെന്നു വെച്ചു  .

അമ്മായി ഒന്ന് എന്നെ  അമ്മായിയുടെ മകളുടെ സ്ഥാനത് നിർത്തി ആലോചിച്ചു നോക്കണം നിങ്ങളുടെ മകൻ എന്നോട് ചെയ്തത് ശരിയാണോ എന്ന് ".  ഇത്രയും കാലം അമ്മ എന്ന് വിളിച്ചവൾ പെട്ടന്ന് അമ്മായി എന്ന് വിളിച്ചപ്പോൾ അമ്മയുടെയും മുഖം വല്ലാണ്ടായി.

"ഞങ്ങൾ ഒരിക്കൽ കൂടെ ഇവിടെ വരും അന്ന് നിങ്ങൾക്ക് മനസ്സിലാവും നിങ്ങൾ ചെയ്തത് തെറ്റായിപ്പോയെന്ന്"
"ജീവിതത്തിൽ വിജയിച്ചു ഞാൻ തിരിച്ചു വരും ".

"എടീ എന്റെ മോനെ കൊല്ലാൻ നോക്കിയ നീ ഗുണം പിടിക്കില്ല. നീ നോക്കിക്കോ, നിന്നെക്കാളും നല്ലൊരുത്തിയെ കൊണ്ട് എന്റെ മോനെ കെട്ടിക്കും .അന്ന് ഞാൻ വിളിക്കാം .നിന്നെ വന്നിട്ട് കല്യാണ ചോറുണ്ടേക്കണം " .

അന്ന് അങ്ങിനെ അമ്മയെ വെല്ലുവിളിച്ചു ഇറങ്ങി പോയതാണ്, പിന്നെ ഇന്നാണ് കാണുന്നത് അവൾ പറഞ്ഞത് പോലെ അവൾ ജീവിതം നല്ല നിലയിൽ ജീവിച്ചു വിജയിച്ചു താനോ ?  അവൻ അറിയാതെ അവന്റെ ഉള്ളിൽ നിന്നും ഒരു നെടുവീർപ്പ് പുറത്തേക്കു വന്നു.

"എന്തായി പണ്ട് ഇവിടെ നിന്നും വെല്ലുവിളിച്ചു ഇറങ്ങി പോയതല്ലേ? കണ്ടില്ലേ എന്റെ മോന്റെ നിശ്ചയം ആണ് അടുത്ത ആഴ്ച തീർച്ചയായും രണ്ടാളും വരണം "
അമ്മയുടെ ശബ്‌ദം അവൻ കേട്ടു.

എന്റെ മോൾ വിജയിച്ചു തന്നെയാ ഈ പടി ചവിട്ടിയത് ,ഈ വരുന്ന 22ന് ഇവളുടെ വിവാഹം ആണ്. അത് ക്ഷണിക്കാൻ  ആണ് ഞങ്ങൾ വന്നത് ഏട്ടനും ഏടത്തിയും അർജുനും എല്ലാവരും വരണം" .

"ചെക്കെനെന്താ ജോലി "??

എന്റെ സീനിയർ ആയിരുന്നു അമ്മായി ,ഇപ്പോൾ ഇവിടുത്തെ ഹോസ്പിറ്റലിൽ ആണ് ഞങ്ങൾ രണ്ടാളും. ഏട്ടനെ ചിലപ്പോൾ നിങ്ങൾ അറിയും ഡോക്ടർ അവിനാഷ് " .

ഇതും പറഞ്ഞു അവൾ മൊബൈൽ എടുത്തു ഫോട്ടോ കാണിച്ചു ആളെ കണ്ടതും അർജുൻ ചോദിച്ചു.

ഇവനാണോ ?.

"അതെ അറിയുമോ "  ?

"അറിയും എന്റെ എംഡി യുടെ മകനാണ് വളരെ നല്ല വ്യക്തി ആണ് " .
ഇത് കേട്ടതും അവന്റെ അമ്മയുടെ മുഖം വാടി

"അപ്പൊ എല്ലാരും നേരത്തെ കല്യാണത്തിന് വരണം ഗുരുവായൂർ വെച്ചാണ് താലികെട്ട് വൈകീട്ട് ഓഡിറ്റോറിയത്തിൽവെച്ചു ആണ് റിസെപ്ഷൻ അർജുനോട് ഞാൻ പറഞ്ഞില്ലെങ്കിലും നിങ്ങളുടെ എംഡി പറയും അല്ലെ "?

"അപ്പൊ ഞങ്ങൾ ഇറങ്ങുവാ "
ഇതും പറഞ്ഞു അവളുടെ അമ്മ എഴുന്നേറ്റു.

"ഈ രാത്രി ഇനി പോണോ രാവിലെ പോയാൽ പോരെ ഇനി ബസ് കിട്ടാനൊക്കെ ബുദ്ധിമുട്ടാവില്ലേ "??

"ഡ്രൈവർ കാറുമായി ഇപ്പൊ വരും. അവിടെ റോഡിൽ നിറുത്തി ഇട്ടിരിക്കുകയാ ഈ പാടത്തുകൂടെ നടന്നു വരാൻ തോന്നി അതാണ്‌ ഞങ്ങൾ നടന്നു പോന്നത് . പണ്ട് കുറെ നടന്നതല്ലേ അപ്പൊ ഇനി യാത്ര ഇല്ല ഞങ്ങൾ ഇറങ്ങുകയാ ".

"നിശ്ചയത്തിന് വരണം " .

പിന്നിൽ നിന്നും സുമതി വിളിച്ചു പറഞ്ഞു

   " വരാം " .
*********------*********
നിശ്ചയത്തിന്റെ അന്ന് രാവിലെ കാർത്തികയും അമ്മയും വരുമ്പോൾ അവിടെ അങ്ങിനെ ഒരു ഫങ്‌ഷൻ നടക്കുന്നതിന്റെ ഒരു അടയാളവും ഇല്ലായിരുന്നു .ഉമ്മറത്തേക്ക് കേറുമ്പോൾ കണ്ടു അമ്മാവൻ ചാരുകസേരയിൽ തളർന്നു കിടക്കുന്നു .കാറിന്റെ ശബ്‌ദം കേട്ടു സുമതി ഉമ്മറത്തേക്ക് എത്തി നോക്കി അവരെ കണ്ടതും കുറ്റബോധത്തിൽ തലതാഴ്ത്തി.

"എന്താ അമ്മാവാ ഇന്നല്ലേ നിശ്ചയം "?

"ആരുടെ?  അവർ ഈ കല്യാണത്തിന് താല്പര്യം ഇല്ലെന്നു വിളിച്ചു പറഞ്ഞു" .

"അതെന്താ എല്ലാം ഉറപ്പിച്ചിട്ടു പിന്നെ അവർ പിന്മാറിയത് "?

"അവരെ കുറ്റം പറയാൻ പറ്റില്ല. ഏതൊരാളും ചെയ്യുന്നതെ അവരും ചെയ്തുള്ളൂ ആരെങ്കിലും അറിഞ്ഞു കൊണ്ട് ഒരു എയ്ഡ്‌സ് രോഗിയെകൊണ്ട് മകളെ കെട്ടിക്കുമോ "?  നീ ജീവിതം നല്ല രീതിയിൽ അന്തസായി ജീവിച്ചപ്പോൾ അവൻ കൂത്താടി ജീവിച്ചു. അവന്റെ എല്ലാ തോന്ന്യവാസത്തിനും ഇവൾ കൂട്ട് നിന്നു .ഒരു മകനല്ലേ ഉള്ളൂ, ആൺകുട്ടികൾ ആയാൽ കുറച്ചൊക്കെ കുരുത്തക്കേടുകൾ ഉണ്ടാവണം എന്നാണ് ഇവൾ എപ്പോഴും പറയുന്നത് ഇനി പറഞ്ഞിട്ടെന്താ അനുഭവിക്കുക അല്ലാതെന്താ പറയ്യാ ".

അമ്മാവാ അർജുൻ??

മുകളിലുണ്ട്..

കാർത്തിക കോണിപ്പടികൾ കയറി അർജുൻ്റെ മുറിയിലെത്തി. കഴിഞ്ഞ കുറച്ചു ദിവസങ്ങൾ കൊണ്ടുതന്നെ അവൻ വല്ലാതെ ക്ഷീണിതനായി എന്ന് അവൾക്ക് തോന്നി. മുറിയിലെ കാൽപ്പെരുമാറ്റം കേട്ട് അവൻ തല ഉയർത്തി നോക്കി.

മനസ്സറിഞ്ഞു ശപിച്ചത് അത്പോലെ തന്നെ സംഭവിച്ചു. ആർക്കും വേണ്ടാത്തവനായി, മരണം കാത്ത് കിടക്കുന്ന ഒരു ജന്മമാക്കി തീർത്തു. കാണുമ്പോ സന്തോഷം തോന്നുന്നുണ്ടല്ലേ?

അവൻ്റെ വാക്കുകൾ അവളുടെ കണ്ണുകളെ ഈറനണിയിച്ചു. മരണം ഉറപ്പായ ഒരാളുടെ മാനസികവ്സഥ മനസ്സിലാക്കാൻ അവൾക്ക് കഴിഞ്ഞിരുന്നു.

മനസ്സ്കൊണ്ട് പോലും ഞാൻ ഒരിക്കലും ശപിച്ചിട്ടില്ല. പകരം നല്ല ബുദ്ധി തരണേ എന്ന് മാത്രമേ പ്രാർത്ഥിച്ചിട്ടുള്ളു. പിന്നെ പ്രതികാരം, അത് മധുരമായ രീതിയിൽ തന്നെ ഞാൻ വീട്ടീ തീർത്തു. ഇനിയെങ്കിലും ദൈവത്തിന് നിരക്കുന്ന രീതിയിൽ ജീവിക്കാൻ ശ്രമിക്ക്. അങ്ങനെയെങ്കിലും ചെയ്ത് കൂട്ടിയ പാപത്തിന് ഒരു പ്രായ്ചിത്തമാവട്ടെ.

അവൾ മുറിയിൽ നിന്നും അകന്നു പോവുമ്പോൾ അവൻ അറിയുന്നുണ്ടായിരുന്നു, അവളുടെ പ്രതികാരം എന്താണെന്ന്. ജീവിതത്തെ വിജയിച്ചാണ് അവൾ പ്രതികാരം ചെയ്തത്. അവളുടെ പ്രതികാരത്തിന് രക്തത്തിൻ്റെ ചൂടോ ആയുധത്തിൻ്റെ മൂർച്ചയോ,  ഉണ്ടായിരുന്നില്ല. പക്ഷേ വിജയത്തിൻ്റെ, സഹനത്തിൻ്റ, ലക്ഷ്യബോധത്തിൻ്റെ,ആത്മാഭിമാനത്തിൻ്റെ അഗ്നി ഉണ്ടായിരുന്നു. 
ശുഭം

അപൂർവ

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്