ഒരു_ശിശിരത്തിന്റെ_ഓർമ്മയ്ക്ക്

#ഒരു_ശിശിരത്തിന്റെ_ഓർമ്മയ്ക്ക്
✒↔↔↔↔✒↔↔↔↔✒↔↔↔↔✒

കഴുത്തിലൂടെ മാറിടങ്ങളെ ചുംബിക്കാനൊഴുകിയ വിയർപ്പുകണങ്ങളെ കിടക്കയിൽ നിന്ന് തെന്നി മാറിയ വിരിയാൽ ഒപ്പിയെടുത്ത് ആ വിരി കൊണ്ട് തന്റെ നഗ്നത മറച്ചുകൊണ്ട്, പഴകി ദ്രവിച്ച ആ ജനാലക്കരികിലേക്ക് അവൾ നടന്നു.
അവനവന്റെ തിരക്കിൽ മുഴുകിയിരിക്കുന്ന പല ഭാഷകളുടെയും സംസ്കാരങ്ങളുടെയും മറ്റൊരു ലോകം ആ ജനാലക്കപ്പുറത്ത് അവൾക്ക് ദൃശ്യമായിരുന്നു. ജനലിലൂടെ ഉള്ളിലേക്ക് വമിക്കുന്ന തണുത്ത കാറ്റ് അലസമായ അവളുടെ കാർകൂന്തലുകളെ തലോടുന്നുണ്ടായിരുന്നു...

കാറ്റിനനുസരിച്ച് തിരിഞ്ഞു നിന്ന്, കട്ടിലിൽ തളർന്ന് കിടന്നുറങ്ങുന്ന ചെറുപ്പക്കാരനിലേക്കായി പിന്നീടവളുടെ ദൃഷ്ടി. ദൃഷ്ടി മാത്രമായിരുന്നില്ല മനസ്സും...

ഇന്നത്തേതടക്കം ഇതെത്രാമത്തെ തവണയാണവൻ മണിക്കൂറുകൾ വില കൊടുത്ത് വാങ്ങി തനിക്കരികിലേക്കെത്തുന്നതെന്നവൾ ആലോചിച്ചു, നിരാശയായിരുന്നു ഫലം. ഒരു പക്ഷെ അവന് കൃത്യമായ ഓർമ്മയുണ്ടായിരുന്നിരിക്കണം. അവൾ ഓർത്തു...

തണുത്ത ഒരു ഡിസംബർ മാസത്തിലാണ് ആരോ പറഞ്ഞു കേട്ടത് പ്രണയിക്കാൻ ഒരു പെൺകുട്ടിയെ തിരഞ്ഞ് ഒരു ചെറുപ്പക്കാരൻ വന്നിരുന്നുവെന്ന്... പറഞ്ഞവരുടേയും കേട്ടവരുടേയും വാക്കുകളിലും നോട്ടങ്ങളിലും പരിഹാസവും പുച്ഛവും കൂടി കലർന്ന ഒരു ഭാവമായിരുന്നു അന്നേരം. എന്തിന്, ഏതോ ഭ്രാന്തന്റെ ഭ്രാന്തൻ ചിന്തകളായായിരുന്നു താനും അതിനെ സ്വീകരിച്ചത്... അല്ലെങ്കിൽ ആരെങ്കിലും പ്രണയിക്കാൻ ഒരു വേശ്യാലയം തിരഞ്ഞെടുക്കുമോ??

പിന്നീടുള്ള ഓരോ ദിവസവും ഓരോ വാതിലുകൾ വീതം അവനു മുന്നിൽ തുറക്കപ്പെട്ടു...  കാലമന്നുവരെ ഒരുപാട് പേർക്ക് മുന്നിൽ മടിക്കുത്തഴിക്കേണ്ടി വന്നിട്ടുണ്ടെങ്കിലും ഒരു ഭ്രാന്തനു മുന്നിൽ കീഴ്പ്പെടേണ്ടി വരുന്നതിലുള്ള ആധിയാവാം ഓരോ വാതിലുകൾ തുറന്നടയുമ്പോഴും എന്റെ ഹൃദയമിടിപ്പും വല്ലാതെ കൂട്ടിക്കൊണ്ടിരുന്നത്....

ഇവിടുള്ളവർക്ക് പറഞ്ഞു ചിരിക്കാൻ ഒരു നേരമ്പോക്കായിരുന്നു അവൻ. ആ കൂട്ടത്തിൽ തുറന്നടയപ്പെട്ട ഏതോ വാതിലിനുടമ വിളിച്ചു പറഞ്ഞു കേട്ടു ''അവനൊരു ഭ്രാന്തനാണെന്ന് '', പക്ഷെ എന്റെ ചിന്തകളെ തകിടം മറച്ചുകൊണ്ടാണവർ അതിനെ വിശദീകരിച്ചത്,
''ഇന്നേ വരെ നോട്ടം കൊണ്ട് പോലും അവനാരുടേയും മടിക്കുത്തഴിച്ചിട്ടില്ലത്രേ...''
അതെന്നിൽ കൗതുകം നിറച്ചു. പിന്നീടുള്ള ദിനങ്ങളിൽ ആദ്യമുണ്ടായിരുന്ന ആധി ആകാംക്ഷക്കും കാത്തിരിപ്പിനും വഴിവച്ചു...

അധികം വൈകാതെ തന്നെ എന്റെ വാതിലും അവനു വേണ്ടി തുറക്കപ്പെട്ടു. ആദ്യ ദർശനം എങ്കിലും ചിരപരിചിതനെപ്പോലെ പുഞ്ചിരിച്ച് കൊണ്ട് അവൻ കട്ടിലിൽ വന്നിരുന്നു.

എത്രത്തോളം സൗമ്യത അവനിൽ നിറഞ്ഞിരുന്നോ അത്രത്തോളം പ്രക്ഷുബ്ദമായിരുന്നു എന്റെ മനസ്സും, അവനെ പറ്റി പല മുൻവിധികളും മനസ്സിൽ  കുറിച്ച് വച്ച് ഞാൻ സ്വയം ഒരു അഗ്നിപർവ്വതമായി മാറിയിരുന്നു. അത് തിരിച്ചറിഞ്ഞിട്ടായിരിക്കണം മൗനം ഭേദിച്ച് അവൻ പറഞ്ഞു
" താൻ ഇരിക്കൂ.. "
കട്ടിലിന്റെ ഒരു വശത്ത് ഞാൻ ചെന്നിരുന്നപ്പോൾ ഒരു പുഞ്ചിരി നൽകി കൊണ്ട് ജനാലക്കരികിലേക്കവൻ എഴുന്നേറ്റു നടന്നു..

''എന്തൊരു തിരക്ക് പിടിച്ച ലോകം, അല്ലെ..."
പുറത്തെ തെരുവിലേക്ക് നോക്കികൊണ്ട് അവൻ പറഞ്ഞു...
"ഇവരെല്ലാം ഏതൊക്കെ നാട്ടുകാർ ആയിരിക്കും? ഏത് ഭാഷക്കാർ ആയിരിക്കും? പക്ഷെ അവനവന് വേണ്ടി ഇതെല്ലാം മറന്ന് അലയുകയല്ലേ ഇവർ...." അവൻ പറഞ്ഞു നിർത്തി...

ആ ജനലിനപ്പുറത്ത് അങ്ങനൊരു ലോകം അന്നാദ്യമായി ഞാൻ ശ്രദ്ധിച്ചു... ഇത്രയും കാലം ഈ മുറിയിൽ കഴിഞ്ഞിട്ടും അതൊന്നും ശ്രദ്ധിച്ചിട്ടില്ലായിരുന്നു.... ഞാൻ കാണാത്തത് കാണാനായിരുന്നു അവനേറെയിഷ്ടം...

"പ്രണയിക്കാൻ എന്തിനാ ഇവിടേക്ക് വന്നത്??"
കട്ടിലിൽ എന്റെ കണ്ണിൽ നോക്കി ഇരിക്കുമ്പോൾ ഞാനവനോട് ചോദിച്ചു. ഒരു മന്ദഹാസം ആയിരുന്നു എനിക്കുള്ള മറുപടി.. അതിനു മാത്രമല്ല എന്റെ പല ചോദ്യങ്ങക്കുമുള്ള ഉത്തരം അവനൊരു മന്ദഹാസത്തിലേക്ക് ചുരുക്കിയിരുന്നു...

ഏറെ നേരം എന്റെ കൂടെ ഈ മുറിയിൽ ചിലവിട്ടിട്ടും എന്റെ വിരൽ തുമ്പ് പോലും സ്പർശിക്കാതെ തിരിച്ചു പോവാനൊരുങ്ങവെ ഞാനവനോട് ചോദിച്ചു:
" കാമം തീർക്കാനല്ലെങ്കിൽ പിന്നെന്തിനിത്രയും പണം മുടക്കിയീ ഭ്രാന്ത്? ഞാനിവിടെ എത്തപ്പെട്ട കഥയറിയണോ ?? അല്ല, അതിന് വേണ്ടിയും ചിലർ വരാറുണ്ട്...."

'' ഇത്ര നേരത്തിനിടക്ക് ഞാൻ തന്റെ പേര് പോലും ചോദിച്ചിട്ടില്ല, പിന്നെന്തിനാണെനിക്ക് നിന്റെ കഥ... ഞാനൊരു മനസ്സ് തേടി വന്നതാണ്, അതെനിക്കിവിടുന്ന് കിട്ടി... " ഇത്രയും പറഞ്ഞ് ഒരു പുഞ്ചിരിയും തന്ന് അവനിറങ്ങിപ്പോയി... മരത്തിന്റെ പഴയ കോണിപ്പടികളിലൂടെ അവനിറങ്ങിപ്പോയ ശബ്ദം പയ്യെ എവിടെയോ പോയി നിലച്ചു...

കൗതുകവും പരവേശവും കൂടികലർന്ന ഒരു പ്രത്യേക മനസികവസ്ഥയിലേക്ക് എന്നെ തള്ളി വിട്ടിട്ടായിരുന്നു അവൻ അന്ന് പോയത്... 

പിന്നീടൊട്ടുമിക്ക ദിവസങ്ങളിലും രാവെന്നോ പകലെന്നോ ഇല്ലാതെ അവൻ ഇവിടെ വന്നിരുന്നു, ആ പുഞ്ചിരി എനിക്ക് സമ്മാനിക്കാനായി മാത്രം..
ആരെയും മയക്കുന്ന ഒരു ലഹരിയുണ്ടായിരുന്നു അവന്റെ ആ പുഞ്ചിരിക്ക്, വീണ്ടും വീണ്ടും അവന്റെ ചിന്തകൾ എന്നിലുണർത്തിയ വശ്യമായ ഒരു പുഞ്ചിരി...

എന്റെ മനസ്സ് പലപ്പോഴും നിഘൂടതകളുടെ മറ പറ്റി മാത്രം അവനെ പറ്റി ചിന്തിച്ചു. പക്ഷെ ഓരോ വരവിലും പഴയ നിഗൂഢതകളെല്ലാം മായിച്ച് പുതിയവക്ക് തിരിതെളിച്ചിട്ടവൻ പോകും... എത്ര മണൽ തരിയെ കവർന്നിട്ടും തീരം അതേ പോലെ കാത്തുസൂക്ഷിക്കുന്ന തിരമാലയെ പോലെ...

തരിശായി കിടന്നിരുന്ന എന്റെ മനസ്സിൽ പ്രണയത്തിന്റെ വിത്ത് പാകി അതിനെ പരിപോഷിപ്പിക്കലായിരുന്നു അവന്റെ ആഗമനോദ്ദേശം എന്ന് ഞാൻ തിരിച്ചറിയുമ്പോഴേക്കും അവനെന്ന പ്രണയം എന്നിൽ വേരുറപ്പിച്ചിരുന്നു, ആരാലും നുള്ളിക്കളയാനാവാത്ത വിധം...

ഗർഭവതിയിൽ ഗർഭകാല ചേഷ്ടകൾ എന്ന പോലെ ഒരു പ്രണയിനിയിലേക്ക് ചുരുങ്ങിയ എന്നിൽ പ്രണയചേഷ്ടകളും പ്രകടമായി തുടങ്ങിയിരുന്നു... തിരക്കേറിയ ആ നഗരവീഥിയിൽ രാവെന്നോ പകലെന്നോ ഇല്ലാതെ നൈമിഷികമായി മാറി  കൊണ്ടിരിക്കുന്ന വദനങ്ങളിൽ ഞാനവനെ തിരഞ്ഞു തുടങ്ങി. എന്തിന്, അവന്റേതെന്ന് തോന്നിപ്പിക്കുന്ന നിഴലുകൾ പോലും എന്നിൽ ഒരു പരവേശത്തിന് വഴിവച്ചു...

പ്രണയാർദ്രമായ ഒരു പുലർവേളയിൽ അവനെനിക്കൊരു കഥ പറഞ്ഞു തന്നു, വാനോളം സ്നേഹിച്ച പുരുഷനെ മറന്ന് തൊലിവെളുപ്പും പണവുമുള്ള മറ്റൊരുത്തന്റെ കൂടെ പോയ ഭാര്യയുടെ കഥ. ഭാര്യ ചതിച്ചുപ്പോയ ആ കഥാനയകന് അവന്റെ മുഖഛായ ഉണ്ടായിരുന്നു...

കുളിച്ചീറനുടുത്ത് വന്ന് കണ്ണാടിയിൽ നോക്കി എന്റെ കണ്ണുകൾ കണ്ട് എന്റെ മനസ്സ് ആ സായാഹ്നത്തിലേക്ക് വീണ്ടും സഞ്ചരിച്ചു, അന്ന് ആ ദിനത്തിൽ അവൻ പോവാനിറങ്ങവെ ഞാനവനോട് ചോദിച്ചു;
"നിന്റെ പ്രണയത്തിനർഹയാവാൻ മാത്രം എന്റെ മനസ്സിനെന്ത് പ്രത്യേകതയാണുള്ളത്??"

പതിവ് പുഞ്ചിരിയുടെ അകമ്പടിയോടെ അവൻ പറഞ്ഞു:
"ഒരുപാട്  വിഷമങ്ങളാലും സങ്കടങ്ങളാലും വീർപ്പുമുട്ടുന്ന നിഷ്കളങ്കമായ മനസ്സാണ് നിന്റേത്... അങ്ങനെയുള്ളവരെ സ്നേഹിച്ചാൽ ആ സ്നേഹം നൂരിരട്ടിയായി തിരിച്ചും കിട്ടും, പലരും ദുരു:പയോഗിക്കുന്നതും അതാണ്.. തിരിച്ച് കിട്ടും എന്ന് പ്രതീക്ഷിച്ച് ഒന്നും ചെയ്യരുതെന്നാണ് പറയാറ്, പക്ഷെ സ്നേഹത്തിന്റെ കാര്യത്തിൽ അത് ശരിയല്ലെന്നാണ് എന്റെ അഭിപ്രായം... തിരിച്ച് കിട്ടിയില്ലെങ്കിൽ പിന്നെ സ്നേഹത്തിനെന്ത് വില, അല്ലെ...''

നിശബ്ദമായ ഒരു പുഞ്ചിരി എന്നിൽ വിടർത്താൻ ഞാൻ ശ്രമിച്ചുകൊണ്ടു ഞാൻ വീണ്ടും ചോദിച്ചു;
"എനിക്ക് സങ്കടങ്ങളും വിഷമങ്ങളും ഉണ്ടെന്ന് തനിക്കെങ്ങനെ മനസ്സിലായി??"
ഒരുവേള നിശ്ശബ്ദതമായി ബാക്കി വച്ച് അവൻ പറഞ്ഞു
" നിഷ്കളങ്കമായ കണ്ണിൽ നോക്കിയാൽ മനസ്സിനെ അറിയാം... "

ഒരാളിൽ പ്രണയം ജനിപ്പിക്കുവാൻ മാത്രം ഒന്നും എന്റെയീ കണ്ണുകളിൽ ഞാൻ കാണുന്നില്ല... പക്ഷേ ഈ കണ്ണുകളിൽ ഞാനിന്ന് പ്രണയം കാണുന്നു, അവനോടുള്ള പ്രണയം...

കോരിച്ചൊരിയുന്ന മഴയും കൊണ്ടാണ് ഇന്നവൻ കയറി വന്നത്. തുറന്നിട്ട ജനാലയിലൂടെ ഉള്ളിലേക്ക് വരുന്ന തണുത്ത കാറ്റിന്റെ ആലിംഗനമേറ്റ് ഏതോ ഒരു മായികലോകത്ത് നിൽക്കുകയായിരുന്നു അന്നേരം ഞാൻ...

മഴ നനഞ്ഞു വന്നതിന് ശകാരിച്ച് കൊണ്ട് സാരിത്തുമ്പ് കൊണ്ടവന്റെ തല തോർത്തി കൊടുക്കുമ്പോൾ അവന്റെ ഭാര്യയിൽ നിന്നവൻ കൊതിച്ച സ്നേഹവും കരുതലും എന്നിൽ നിന്ന് കിട്ടുന്നത് കണ്ടിട്ടാവാം അവന്റെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു.
ഇവനെ പോലെ സ്നേഹിക്കാൻ മാത്രമറിയുന്ന പുരുഷനെ മറന്ന് മറ്റൊരുത്തന്റെ കൂടെ പോയതിന് എനിക്കവളോട് സഹതാപം തോന്നി...

മഴയുടെ തണുപ്പിൽ അവന്റെ സാമീപ്യം എനിക്കൊരു ആശ്വാസമായിരുന്നു, തിരിച്ചവനും. ചേർന്നു നിന്ന് തണുപ്പകറ്റുമ്പോൾ ചുടുനിശ്വാസങ്ങൾ ഞങ്ങളുടെ രക്തത്തിനും ചൂട് പിടിപ്പിച്ചു... അവന്റെ സ്പർശനങ്ങൾ എന്നെ വികാരപരവശയാക്കി... ബന്ധനങ്ങളെല്ലാം കാറ്റിൽ പറത്തി ഇരുമെയ്യും ഒന്നായി... കിനിഞ്ഞിറങ്ങിയ വിയർപ്പുതുള്ളികൾ വരെ തമ്മിൽ പുണർന്നു. ഇടക്കുയർന്ന ശീൽക്കാരത്തിനും പ്രണയത്തിന്റെ ശബ്ദമായിരുന്നു.
തളർന്നുവീഴുമ്പോൾ ഞാനവനിൽ കണ്ട പുഞ്ചിരിയെ എങ്ങനെ വിവരിക്കണമെന്നറിയില്ല, സംതൃപ്തിയുടേയോ? അതോ സന്തോഷത്തിന്റെയോ? അതോ ഇനി പ്രണയത്തിന്റെയോ? ആവോ...
പക്ഷെ എന്നിൽ ഒരൊറ്റ ഭാവമേ ഉണ്ടായിരുന്നുള്ളൂ, കുറ്റബോധത്തിന്റെ...

കട്ടിലിലെ ഒരു ഞരക്കം എന്റെ ശ്രദ്ധ അങ്ങോട്ട് തിരിച്ചു. വിറക്കുന്ന കൈകളും വർദ്ധിച്ച ഹൃദയമിടിപ്പുമുള്ള അവന്റെ ചുണ്ടുകളിൽ ആ സ്ഥിരം പുഞ്ചിരി  ഇപ്പോളില്ല, മറിച്ച് ആ പുഞ്ചിരിയെ മറച്ചുകൊണ്ട് കിനിയുന്ന രക്തത്തിന് മരണത്തിന്റെ നിറമാണ്.  അറിഞ്ഞു കൊണ്ട് ഞാൻ ചെയ്ത തെറ്റിനുള്ള എന്റെ പ്രായശ്ചിത്തം, അവന്റെ മരണം... എന്നിൽ നിന്നവനിലേക്കൂർന്നിറങ്ങിയ മാറാ രോഗത്തിൽ നിന്നും അവനുള്ള രക്ഷ...

അവന്റെ വായിലേക്ക് സ്നേഹത്തിൽ ചാലിച്ചൊഴിച്ച് കൊടുത്ത വിഷത്തിന്റെ കുപ്പി എന്റെ കൈകളിൽ ഭദ്രമായിരുന്നു. അവസാന ശ്വാസം അവനിൽനിന്നൂർന്ന് പോവുന്നതും നോക്കി ക്രൂരമായി ചിരിച്ച എന്റെ മൂക്കിൽ നിന്നും രക്തം പൊടിഞ്ഞ് തുടങ്ങിയിരുന്നു.

"അവനില്ലാതെയിനി ഞാനില്ലല്ലോ... അവനിലാണല്ലോ ഞാൻ, എന്നിലവനും...!!!"

#Nishin_Puthalathodi

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്