Kissakal

ആദ്യരാത്രിയുടെ ആലസ്യത്തിൽ ഭാര്യവീടിന്റെ ഉമ്മറത്തു അന്നത്തെ ദിവസത്തെ പരിപാടികളുടെ പദ്ധതി തയ്യാറാക്കി ചായയും കുടിച്ചിരിക്കുമ്പോഴാണ് അകത്തു നിന്നും ഒരു ബഹളം കേട്ടത്...

''ഇതെന്താ എന്റെ മോൾക്ക് പറ്റിയത്...''

അകത്തേക്ക് കയറി ചെല്ലുമ്പോൾ അമ്മായച്ചൻ പരിഭ്രമത്തോടെ നിൽക്കുകയാണ്... അരികിൽ സോഫയിൽ ചേച്ചി തന്റെ  മകനു ഭക്ഷണം കൊടുത്തുകൊണ്ടിരിക്കുന്നു... അമ്മായമ്മ അടുക്കളയിൽ നിന്നും പുട്ടും പഴവും കടലക്കറിയുമെല്ലാം മേശയിൽ നിരത്തി വെച്ചുകൊണ്ടിരിക്കുന്നു... കഴുകിയ പാത്രങ്ങളും ചായഗ്ലാസ്സുമായി എന്റെ പത്‌നിയും കൂടെയുണ്ട്... അദ്ദേഹത്തിന്റെ മുഖത്തെ പരിഭ്രമമൊന്നും അവരുടെ മുഖത്തുണ്ടായിരുന്നില്ല...

''എന്താ അച്ഛാ കാര്യം??''

അമ്മയച്ഛന്റെ അരികിലെത്തി ഭവ്യതയോടെ ഞാൻ ചോദിച്ചു...

''മോൻ അതു കണ്ടോ... മോളുടെ ചുണ്ട് വീർത്തിരിക്കുന്നു...''

നിരാശ നിറഞ്ഞ സ്വരത്തോടെ അദ്ദേഹം പറയുന്നത് കേട്ടപ്പോഴാണ് ഞാൻ അവളെ ശ്രദ്ധിക്കുന്നത്... തലേന്നു രാത്രിയിലെ തന്റെ ആക്രമണത്തിലോ അതോ ആക്രാന്തത്തിലോ അവളുടെ ചുണ്ടിനു സാരമായ പരിക്കേറ്റിട്ടുണ്ട്... വേദനിക്കുന്നെന്ന് പല വട്ടം അവൾ പറഞ്ഞതായിരുന്നു.... പക്ഷേ,,

പത്തിരുപത്തിയെട്ടു വർഷമായി പട്ടിണി കിടക്കുന്നവന്റെ മുൻപിൽ ഒരു ബിരിയാണി കിട്ടിയാൽ ഉണ്ടാകാവുന്നതേ ഇന്നലേയും സംഭവിച്ചിട്ടുള്ളൂ... അതിത്ര കാര്യമാക്കാനുണ്ടോ!!!

''ശരിയാണല്ലോ... ഇതെന്താ പറ്റിയേ... വെല്ല പാറ്റയോ പല്ലിയോ കടിച്ചതാകും...''

അങ്ങേരോടുള്ള ദേഷ്യം കടിച്ചുപിടിച്ചുകൊണ്ട്, ഞാൻ ഒന്നും അറിഞ്ഞില്ലേ രാമ നാരായണ എന്ന മട്ടിൽ പറയുമ്പോൾ അവളെന്നെ കണ്ണിറുക്കി നോക്കുന്നുണ്ടായിരുന്നു...

പാറ്റയും പല്ലിയുമൊന്നുമല്ല... ഒരു മരപ്പട്ടിയാണെന്നു അവളുടെ ആ കണ്ണുകൾ പറയുന്നുണ്ടോ!!!

അരികിലെ സോഫയിലിരിക്കുന്ന ചേച്ചി ചിരിയടക്കാൻ പാടുപെടുന്നുണ്ടായിരുന്നു..

''അതിത്ര കാര്യമാക്കാനൊന്നും ഇല്ല... ലിപ്സ്റ്റിക്കിന്റെ അലർജി ആയിരിക്കും...''

ഇടം കണ്ണിട്ടു എന്നെ നോക്കികൊണ്ട്‌ അമ്മ അച്ഛനോട് പറയുമ്പോൾ, ആ നോട്ടത്തിൽ നിന്ന നിൽപ്പിൽ എന്നെ മേലോട്ടെടുക്കൂ ഭഗവാനെ എന്നുവരെ തോന്നിപോയി...

''എങ്കിൽ നമുക്ക് കൺസ്യൂമർ കോർട്ടിൽ പരാതി കൊടുക്കാം... ആളെ കൊല്ലാനാണോ ഇതുപോലെയുള്ള സാധനങ്ങൾ... വാ മോനെ... ഇപ്പൊ തന്നെ പോകാം..''

മുണ്ടും മടക്കി കുത്തി എന്നെ നോക്കി അച്ഛൻ പറയുമ്പോൾ നവരസങ്ങൾ ഒൻപതും എന്റെ മുഖത്തു ഒരുമിച്ചു തെളിഞ്ഞിരുന്നു...

കേസും കോടതിയുമായി അവസാനം കുറ്റവാളി ഞാൻ ആണെന്നു തെളിഞ്ഞാൽ എങ്ങനെ ഞാൻ തലയുയർത്തി നടക്കും എന്റെ ഭഗവനെ....

''എന്റെ അച്ഛാ ഇതത്ര കാര്യമാക്കാനില്ല... മാറിക്കോളും... അച്ഛൻ ഇങ്ങനെ കൊച്ചുകുട്ടികളെ പോലെ ആയാലോ...''

അവസരോചിതമായി അവൾ ഇടപെട്ടപ്പോൾ ഒരു കൊച്ചു കുഞ്ഞിനെപ്പോലെ അദ്ദേഹം ശാന്തമായി...

കഴിഞ്ഞുപോയ ആദ്യരാത്രിയിലെ ആ നിമിഷങ്ങളോടെനിക്ക് എന്തെന്നില്ലാത്ത വെറുപ്പ് തോന്നി...

ഒരുപക്ഷേ എല്ലാം അറിഞ്ഞുകൊണ്ടും എന്നെ നാണം കെടുത്താൻ ചെയ്തതാകാം ആ മനുഷ്യൻ... അതിനു കാരണവുമുണ്ട്...

അന്യജാതിക്കാരനായ എന്റെ ആലോചന ശക്തമായി എതിർത്തയാളാണ് അദ്ദേഹം... പക്ഷേ ആറേഴു വർഷങ്ങളായി പ്രണയിക്കുന്ന ഞങ്ങൾക്ക് മറ്റൊരു ജീവിതം സ്വപ്നത്തിൽ പോലും കാണാൻ കഴിയുമായിരുന്നില്ല... എന്റെ വീട്ടുകാർ ആദ്യം എതിർപ്പ് പ്രകടിപ്പിച്ചുവെങ്കിലും പിന്നീട് എന്റെ ഇഷ്ടത്തിനു വഴങ്ങുകയായിരുന്നു... അല്ലേലും മക്കളുടെ സന്തോഷമല്ലേ അവർക്ക് വലുത്... അവിടെ എന്ത് ജാതി... എന്ത് മതം...

പക്ഷേ അവളുടെ വീട്ടിൽ നേരെ തിരിച്ചായിരുന്നു... അവളുടെ ഇഷ്ടത്തേക്കാൾ വലുതായിരുന്നു അദ്ദേഹത്തിന്റെ വാശി... അതുകൊണ്ടു തന്നെ പലപ്പോഴും ഞാൻ ചിന്തിച്ചിട്ടുണ്ട് അദ്ദേഹം ഒരച്ഛൻ തന്നെയല്ലേ എന്ന്... പക്ഷേ ആ വാശിക്കുമുൻപിൽ പതറാതെ അവൾ പിടിച്ചുനിന്നതുകൊണ്ടാകണം ഒടുവിൽ മനസ്സില്ലാ മനസ്സോടെയുള്ള സമ്മതം മൂളൽ...

അതുകൊണ്ടു തന്നെ ആദ്യരാത്രി എന്റെ വീട്ടിലേക്ക് മാറ്റാൻ ആവുന്നത്ര ഞാൻ ശ്രമിച്ചു നോക്കി.. പക്ഷേ കാലങ്ങളായി കൊണ്ട് നടക്കുന്ന ആ ആചാരമുറ തെറ്റിക്കാൻ കാരണവന്മാരാരും സമ്മതിച്ചില്ല...

ആ ഒറ്റ നിമിഷംകൊണ്ട് വിവാഹത്തേയും ആചാരങ്ങളെയും, എന്തിനു ഏറെ,, കരണവന്മാരോട് പോലും എന്തെന്നില്ലാത്ത അരിശം തോന്നി...

ചിന്തകളിലും മുഴുകി വീണ്ടും ഉമ്മറത്തിരിക്കുമ്പോഴായിരുന്നു തന്റെ സാമീപ്യം അറിയിക്കാൻ അദ്ദേഹം ചുമച്ചുകൊണ്ടു വന്നത്...

അറിഞ്ഞിട്ടും അറിയാത്ത ഭാവത്തിൽ ഞാൻ പത്രം കയ്യിലെടുത്തു...

''മോനെന്നോടു ദേഷ്യമായോ"??

പതിഞ്ഞ സ്വരത്തിലുള്ള ആ ചോദ്യത്തിന്റെ അർത്ഥമറിയാതെ ഞാൻ പത്രം മാറ്റി കണ്ണുചുളിച്ചു നോക്കി...

''അമ്മ പറഞ്ഞപ്പോഴാണ് കാര്യമെന്തന്നറിഞ്ഞത്... മോനെ മോശക്കാരനാക്കാൻ വേണ്ടി ചെയ്തതല്ല.. രണ്ടു പെൺകുട്ടികളുടെ അച്ഛനായതിനു ശേഷം ഈ ലോകം തന്നെ ഞാൻ മറന്നു... ഊണിലും ഉറക്കത്തിലും അവരുടെ നല്ല ഭാവിയും സന്തോഷവും മാത്രമായിരുന്നു മനസ്സിൽ.. അവരെ ഒരുറുമ്പു കടിച്ചാൽ മതി എന്റെ ഈ മനസ്സ് വേദനിക്കാൻ...''

ഇടറിയ സ്വരത്തോടെ അദ്ദേഹം പറയുമ്പോൾ എന്ത് പറയണമെന്നറിയാതെ ഞാൻ തല താഴ്ത്തിയിരുന്നു...

''ഈ വിവാഹത്തിനു എതിർപ്പ് പ്രകടിപ്പിച്ചത് അവളോടുള്ള ഇഷ്ടക്കുറവുകൊണ്ടല്ല... ഏതൊരച്ഛനും തന്റെ ആണ്മക്കളേക്കാൾ ഒരുപിടി മുകളായിലായിരിക്കും പെണ്മക്കളോടുള്ള സ്നേഹവും കരുതലും.... പെണ്ണിനോടുള്ള ഇന്നത്തെ  സമൂഹത്തിന്റെ കാഴ്ചപ്പാടിൽ കാതലായ ഒരു മാറ്റം വരുന്നതുവരെ ഏതൊരച്ഛന്റേയും സ്നേഹം ഇങ്ങനെയൊക്കെ തന്നെയായിരിക്കും... വാശി കാണിക്കുന്നത് ജാതിക്കോ, പണത്തിനോ, പത്രാസ്സിനോ വേണ്ടിയല്ല... ചതിക്കപ്പെടുമോ എന്ന ഭയംകൊണ്ടാണ്... മക്കളുടെ നല്ല ജീവിതത്തിനു വേണ്ടിയാണ്... ആ ഉറപ്പു കിട്ടുംവരെ മാത്രമേയുള്ളൂ ഞങ്ങളുടെ ആ വാശിയുടെ ആയുസ്സും....''

ഒരു ദീർഘ നിശ്വാസത്തോടെ പറഞ്ഞുകൊണ്ട് അച്ഛൻ മുറ്റത്തേക്കിറങ്ങുമ്പോൾ ഒന്നുകൂടി എന്നെ തിരിഞ്ഞുനോക്കി...

''ഇതിലും നല്ലൊരു ജീവിതം എന്റെ മകൾക്ക് വേറെ കിട്ടാനില്ല എന്ന പൂർണ്ണ ബോധ്യത്തോടെ തന്നെയാ ഞാൻ അവളെ ഈ കൈകളിലേൽപ്പിച്ചത്...''

ഒരു പുഞ്ചിരിയോടെ പറഞ്ഞുകൊണ്ട് അദ്ദേഹം നടന്നകലുമ്പോൾ മനസ്സിലെ തെറ്റിദ്ധാരണകളെല്ലാം ആ വാക്കുകളിൽ അലിഞ്ഞില്ലാതായിരുന്നു... ഒപ്പം ഉള്ളിന്റെ ഉള്ളിൽ നിന്നും ആരോ മന്ത്രിക്കുന്നുണ്ടായിരുന്നു... ഇതാണ് അച്ഛൻ എന്ന വാക്കിന്റെ അർത്ഥമെന്ന്....

Saran praksh

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്