സ്നേഹപൂർവ്വം കാശ്മീര

വീടിന്റെ ലോൺ അടക്കാനായി ബാങ്കിൽ ചെന്നു ചലാൻ പൂരിപ്പിക്കുമ്പോഴാണ് മാനേജരുടെ ക്യാമ്പിനിൽ നിന്ന് നിറഞ്ഞ കണ്ണുമായി ഇറങ്ങിവരുന്ന അമ്മയേയും മകളേയും കണ്ടത് . 

അമ്മക്ക് ഒരു നാൽപ്പതു വയസ്സിനടുത്ത് പ്രായം കാണും കണ്ണുകളിൽ വിഷാദവും നിസഹായതയും തളം കെട്ടിനിൽക്കുന്നു . മകൾക്കു ഒരു പതിനെട്ടും . പൂച്ചക്കണ്ണുള്ള പെൺകുട്ടി ചെമ്പിച്ച തലമുടി .

ഞാനെഴുതിയ കഥയിലെ കാശ്മീരയെ എനിക്കോർമ്മ വന്നു .  ഒറ്റപെടലിൽ നിന്നു സ്വന്തം പ്രയത്നം കൊണ്ട് മാത്രം ഉയരങ്ങളിലെത്തിയവൾ " കാശ്മീര "

എന്റെ സങ്കൽപ്പങ്ങളിലെ കാശ്മീരയുടെ അതേ മുഖം തന്നെയാണല്ലോ ഇവൾക്കും .  ക്യാഷ് അടച്ചു തിരിച്ചു ഇറങ്ങുമ്പോൾ..  എന്റെ മനസു എന്നോട് ചോദിക്കുന്നുണ്ടായിരുന്നു.  എന്തിനായിരുന്നു ആ അമ്മ കരഞ്ഞത്.  ? 

ഞാൻ മാനേജരുടെ ക്യാമ്പിനിലേക്കു ചെന്നു..  അവരെ പറ്റി തിരക്കി.   അവൾക്കു ഹാർട്ടിനു ബ്ലോക്ക്‌ ആണത്രേ...  ഒരു പ്രാവശ്യം ബെപാസ്സ്‌ സർജറി കഴിഞ്ഞതാണ്.. ഇനിയും ചെയ്യണമത്രെ.  രണ്ടു ലക്ഷം രൂപ വേണം ഇനിയും.   ഉള്ള ലോൺ തന്നെ കുടിശ്ശികയാണ്..  അതിനുപുറമെ..  ഇനിയും കൊടുക്കുക എന്നു പറഞ്ഞാൽ..  ബാങ്കിന് അതിന്റെതായ ലിമിറ്റ് ഇല്ലേ..  പണ്ടത്തെ പോലെ അല്ലടോ ഇപ്പൊ ലോൺ ഒക്കെ കൊടുക്കുമ്പോൾ നോക്കി കൊടുത്തില്ലെങ്കിൽ ജോലി പോവും. 

സർ ഒരു ഉപകാരം ചെയ്യോ അവരുടെ അഡ്രസ്‌ ഒന്നു തരുവോ..     മൂക്കിന്റെ തുമ്പത്തിരുന്ന കണ്ണട ശരിക്കും വെച്ചു അയാൾ കമ്പ്യൂട്ടറിൽ തിരഞ്ഞു ..  നോട്ട് ചെയ്തോളു..   താങ്ക് യൂ സർ. 

സ്ഥലം നോക്കിയപ്പോൾ അറിയുന്ന സ്ഥലമാണ്.  എന്തായാലും ഇന്ന് പോവാൻ പറ്റില്ല..  പോയാലും അവരവിടെ ഉണ്ടാവോ എന്നറിയില്ലല്ലോ.  ഞായറാഴ്ച രാവിലെ കുളികഴിഞ്ഞു അമ്മയുണ്ടാക്കിയ പുട്ടും കടലക്കറിയും കഴിച്ചു നമ്മുടെ ഹീറോ ഹോണ്ടയിൽ  അവളുടെ വീട്ടിലേക്കു യാത്ര തിരിച്ചു. ഇവിടെ നിന്നു 35 km  ഉണ്ടാവും.  അവിടെത്തും വരെ ആ പൂച്ചകണ്ണുകളും ചെമ്പിച്ച തലമുടിയുള്ളവളും മനസ്സിൽ വന്നും പോയും കൊണ്ടിരുന്നു.

സ്ഥലമെത്തി പക്ഷേ വീട്..  അവിടടുത്തുള്ള കടയിൽ ബീഡി വലിച്ചിരിക്കുന്ന കാർന്നോരോട് വഴി ചോദിച്ചപ്പോൾ ആ പാടം കടന്നു   ചെല്ലുന്നതാണെന്ന് ചുമയോട് കൂടി പറഞ്ഞു തന്നു. പാടം കടന്നു കവുങ്ങു തടികൊണ്ട് ഇട്ട പാലം കടന്നു ചെല്ലുമ്പോൾ കണ്ടു ഒരു കുഞ്ഞു വീട്.. ഇറയത്തെ ചുമരിൽ മാലയിട്ടു വെച്ചിരിക്കുന്ന ഫോട്ടോ കണ്ടപ്പോൾ മനസിലായി ആ അമ്മയുടെ സീമന്ത രേഖയിൽ സിന്ദൂര മില്ലാത്തതിന്റെ കാരണം.  

ആരാ എന്നു ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു .  അന്ന് ബാങ്കിൽ വെച്ചു കണ്ടിരുന്നു.  മാനേജർ എല്ലാം പറഞ്ഞു..   എന്നിട്ടും ആ മുഖത്തു അമ്പരപ്പ് മാഞ്ഞിരുന്നില്ല. പേടിക്കണ്ട അമ്മേ അവസ്ഥ അറിഞ്ഞപ്പോൾ എന്തേലും എന്നെ കൊണ്ടാവുന്നതു ചെയ്യണമെന്ന് തോന്നി.  അമ്പരപ്പ് മാഞ്ഞു ആ മുഖത്തു ഒരു പ്രതീക്ഷ വിരിയുന്നത് ഞാൻ കണ്ടു.

മോളെവിടെ ?

മോളെ ചാരു...  മോളെ കാണാൻ വന്നതാ..  അകത്തു നിന്നു വന്നു അവൾ അമ്മയുടെ അടുത്തായി വന്നു നിന്നു.  ഞാൻ കയ്യിൽ കരുതിയ കുറച്ചു പുസ്തകങ്ങൾ എടുത്ത് അവൾക്കു കൊടുത്തു.   വെറുതെ ഇരിക്കുമ്പോൾ വായിക്കു..   കൂട്ടത്തിൽ ഞാൻ എഴുതിയ ഒരു പുസ്തകമെടുത്തു അതിൽ പേനയെടുത്തു ഇങ്ങനെ എഴുതി..  സ്നേഹപൂർവ്വം കാശ്മീരക്കു ? 

അതു കണ്ടു അവൾ പറഞ്ഞു.. ഏട്ടാ എന്റെ പേര് ചാരു എന്നാണ്.  അറിയാം ഞാൻ കാശ്മീര എന്നെ വിളിക്കു..   വിരോധമില്ലെന്നു കരുതുന്നു.   അവൾ ചിരിച്ചു.. ഉള്ളിലെ വേദനകൾ മറയ്ക്കുന്നചിരി.  കൂടെ ഞാനും  ചിരിച്ചു.   

ഉമ്മറത്തെ ചുവരിലെ സ്റ്റാൻഡിൽ നിറയെ ട്രോഫികളും മെഡലുകളും നിറഞ്ഞിരിക്കുന്നു. അതിലേക്കു നോക്കിയപ്പോഴാ അമ്മ പറഞ്ഞത് എല്ലാം മോൾക്ക്‌ കിട്ടിയതാണെന്നു..  നന്നായി പാട്ടു പാടും.. ഇപ്പൊ എന്റെ കുട്ടിക്ക്..

സങ്കടംകൊണ്ടു ആ അമ്മയുടെ വാക്കുകൾ മുറിയുന്നു. ഭാഷ എത്ര സമൃദ്ധമാണെങ്കിലും ചിലപ്പോഴൊന്നും നമുക്ക് വാക്കുകൾ കിട്ടാതെ വരും.

  മൗനം മുറിച്ചു ഞാൻ ചോദിച്ചു..  ഓപ്പറേഷനുള്ള പണത്തിന്റെ കാര്യം..  കുറച്ചൊക്കെ ഇവിടെയുള്ള വായനശാലയിലെ കുട്ടികളെല്ലാം കൂടി പിരിച്ചു തന്നു..  എന്നാലും..   അതുകൊണ്ടൊന്നും. 

പേടിക്കണ്ട ശരിയാകും .  ഇനിയും അമ്മേടേ മകൾ പാടും ഉയരങ്ങളിലെത്തും.    ഞാൻ പോയിട്ട് വരാം എന്നാൽ..  ഹോസ്പിറ്റലിൽ പോയി..  ഡേറ്റ് തിരുമാനിച്ചോളൂ.. ഞാൻ പണവുമായി വരാം. 

   പാലം കടന്നു ബൈക്ക് സ്റ്റാർട്ട്‌ ചെയ്യാൻ കിക്കറിടിച്ചു..  സ്റ്റാർട്ട്‌ ആവണില്ല..  മൂന്നാലു പ്രാവശ്യം അടിച്ചപ്പോൾ ആശാൻ സ്റ്റാർട്ട്‌ ആയി..  വണ്ടിയെ പറഞ്ഞിട്ടും കാര്യമില്ല.  കൊല്ലം കുറെയായി...  ഓടി തളർന്നിട്ടുണ്ടാവും.  

വണ്ടിയോടിച്ചു വീട്ടിലേക്കു പോവുമ്പോൾ  മനസു മുഴുവൻ..  റോയൽ  എൻഫീൽഡ് എന്നു എഴുതി അലമാരയിൽ വെച്ച പെട്ടിയിൽ ആയിരുന്നു.  ഇൻസെന്റീവ്  കിട്ടുന്ന പൈസയും. മിച്ചം വരുന്ന പൈസയും  ഇട്ടു  വെച്ചിരുന്ന പെട്ടി...  

ബുള്ളറ്റ് എന്ന നെഞ്ചിലെ സ്വപ്നം സ്വന്തമാക്കാൻ വേണ്ടി..    അതിൽ ഓരോ പ്രാവശ്യവും നോട്ടുകൾ ഇടുമ്പോൾ ചെറുപ്പം മുതലേ...  നെഞ്ചിൽ കയറിക്കൂടിയ ആ കുടു കുടു ശബ്ദം എന്റെ ചെവിയിൽ മുഴങ്ങുമായിരുന്നു.

   വീട്ടിലെത്തിയ ഉടനെ ഞാൻ ആ പെട്ടി പൊളിച്ചു..  ഒരു ലക്ഷത്തി പതിനെട്ടായിരം രൂപ.   പെട്ടി പൊട്ടിച്ചു എണ്ണുന്നത് കണ്ടപ്പോൾ ..  അമ്മ ചോദിച്ചു തികഞ്ഞോ...  മോനെ...  നിന്റെ ബുള്ളറ്റ് മോഹം.  ഇതു അതിനല്ല അമ്മേ വേറൊരു കാര്യം ഉണ്ട്‌.. 

എന്തു കാര്യം.. ?

കാര്യം പറഞ്ഞപ്പോൾ അമ്മയുടെ മുഖത്തു ഒരു അമ്പരപ്പ് ഉണ്ടായിരുന്നു..  എന്നാലും ശ്രീ നിന്റെ.. 

അതു മ്മക്ക് ഇനിയും വാങ്ങാലോ ഒരു പെട്ടി..  എന്നു പറഞ്ഞപ്പോൾ അമ്മ പറഞ്ഞു അല്ലെങ്കിലും അച്ഛന്റെ അല്ലേ മോൻ..  ഒരാള് നാട് നന്നാക്കി നന്നാക്കി മോളുടെ കല്യാണം വന്നപ്പോൾ ആധാരം പണയം വെക്കേണ്ടിവന്നു.  ദാ ഇപ്പൊ ഒരുത്തൻ   ഇതുവരെ അറിയാത്ത ഒരാൾക്ക് ഓപ്പറേഷനുള്ള പണവുമായി എത്താമെന്ന് വാക്ക് പറഞ്ഞു വന്നിരിക്കുന്നു. 

ആദ്യം സ്വന്തം കാര്യം നോക്കാൻ പഠിക്കണം എന്നിട്ടാണ് നാട്ടുകാരുടെ കാര്യം നോക്കുക. 

ഈ അമ്മ.... അമ്മ നോക്കണ്ട ഞാനല്ലേ വാക്ക് പറഞ്ഞത് ഞാൻ നോക്കിക്കോളാം..
എന്നും പറഞ്ഞു ഞാൻ ആ പൈസയും എടുത്ത് ഇറങ്ങിയപ്പോൾ..  ആണ് അമ്മ വിളിച്ചത്. 

എത്ര പൈസ കുറവ് ഉണ്ടെന്നാ പറഞ്ഞത് ? എന്തിനാ അറിഞ്ഞിട്ട് ?
ഉണ്ടോ ? ഇല്ലല്ലോ ?

കയ്യിലെ വള ഊരി തന്നിട്ടു പറഞ്ഞു..കാശായിട്ടു അമ്മേടേല് ഇല്ല  ഇത്കൊണ്ട് തികയോ എന്നു നോക്ക്.  ഇനി വാക്ക് പറഞ്ഞത് തെറ്റിക്കണ്ട..  വിക്കണ്ട പണയം വെച്ചാൽ മതി അല്ലെങ്കിലേ അച്ഛൻ.. ഇതും പ്രതീക്ഷിച്ചു ഓടി വരുമ്പോൾ  പെട്ടുപോവും..  

ഇങ്ങനുള്ള അമ്മേനെ  കിട്ടാനും വേണം ഭാഗ്യം അല്ലേ ? 

പണം അവളുടെ അമ്മേടേ കയ്യിൽ ഏൽപ്പിക്കുമ്പോൾ ആ കണ്ണുകൾ സന്തോഷം കൊണ്ടു നിറയുന്നുണ്ടായിരുന്നു.. 
" ഏട്ടൻ " ആ വാക്കിനു ഒരുപാട് ഉത്തരവാദിത്വങ്ങൾ ഉണ്ട്‌. അത്രയല്ലേ ഞാനും ചെയ്തുള്ളു..

  കാശ്മീര സുഖപ്പെട്ടു..  പഠിപ്പും പാട്ടും ഒരുമിച്ചു കൊണ്ടു പോകുന്നു ഇപ്പോൾ..  അതറിഞ്ഞപ്പോൾ മനസിന്‌ കിട്ടിയ സന്തോഷം...  അതിനിത്തിരി മാറ്റ് കൂടുതൽ തന്നെയാണ്. 

   വീണ്ടും  പുതിയ ഒരു പെട്ടിയിൽ എന്റെ സ്വപ്നങ്ങൾക്കായി  മിച്ചം വരുന്നത് സ്വരുക്കൂട്ടി വെച്ചിരുന്നെങ്കിലും   വീടിന്റെ ലോണും. അനിയത്തീടെ കുട്ടികളുടെ ഇരുപത്തിയെട്ടുകെട്ടും ഒക്കെ കൂടി  പ്രാരാബ്ദം ആയപ്പോൾ  പലപ്പോഴും എനിക്കാ പെട്ടി പൊളിക്കേണ്ടി വന്നു.

അങ്ങിനെ ബുള്ളറ്റ് എന്ന സ്വപ്നം സ്വപ്നമായി തന്നെ അവശേഷിച്ചു... 

ഒരു ദിവസം അമ്മേടെ വിളി കേട്ടാണ് എണീറ്റത്. മോനെ മുറ്റത്ത്‌ നോക്കിയേടാ..  മുറ്റത്തു ചെന്നു നോക്കുമ്പോൾ..  ഒരുപുത്തൻ ബുള്ളറ്റ്.   കൂടെ ഒരു കുറിപ്പും .

ശ്രീയേട്ടന് സ്നേഹപൂർവ്വം.  കാശ്മീര.   

ഫോൺ എടുത്ത് ഞാൻ അവളുടെ നമ്പറിലേക്കു ഡയൽ ചെയ്തു..  നീ കടം വീട്ടുകയാണോ ? 

ഏട്ടനോടുള്ള കടം വീട്ടാൻ എന്റെ ജീവിതം കൊണ്ടു പറ്റുവോ ഏട്ടാ...   എനിക്കു സിനിമയിൽ പാടാൻ അവസരം കിട്ടി.  എന്റെ പാട്ടിനു അവര് തന്ന അഡ്വാൻസ് ആണ്.  ഏട്ടന്റെ സ്വപ്നം വിറ്റ് തന്ന ജീവിതമല്ലേ എന്റെ..  അപ്പോ പിന്നെ ഞാൻ ആർക്കാ... ?.....

വാക്കുകൾക്ക് പകരം അപ്പുറത്തൊരു ഏങ്ങലായിരുന്നു. 

നിർവചിക്കാൻ പറ്റാത്ത..  സ്നേഹത്തിന്റെ തിരമാലകൾ ആ എങ്ങലിൽ അലയടിക്കുന്നത് പോലെ എനിക്കു തോന്നി. 

സ്നേഹപൂർവ്വം.
ശ്രീജിത്ത്‌ ആനന്ദ്. 
ത്രിശ്ശിവപേരൂർ

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്