Kissakal

''പ്രിയയുടെ ഏട്ടനല്ലേ?? ഞാൻ അനുപമ.. പ്രിയയുടെ സുഹൃത്താണ്..''

ജോലിക്കായുള്ള ഇന്റർവ്യൂ കഴിഞ്ഞു ടൗണിൽ നിന്നും തിരികെ വീട്ടിലേക്ക് ബസ്സ് കാത്തു നിൽക്കുമ്പോഴായിരുന്നു അടുത്ത് നിന്നിരുന്ന പെൺകുട്ടി സ്വയം പരിചയപ്പെടുത്തിയത്...

മറുപടിയായി ഒരു പുഞ്ചിരി മാത്രം നൽകി ഞാൻ ദൂരേക്ക് നോക്കി...

''പ്രിയ പറയാറുണ്ട് സ്നേഹനിധിയായ ഏട്ടനെ പറ്റി...''

പതിഞ്ഞ സ്വരത്തിലുള്ള അവളുടെ ആ സംസാരം കേട്ടപ്പോഴേ മനസ്സ് പറഞ്ഞു... അതൊരു പ്രണയാഭ്യർത്ഥനയുടെ തുടക്കമാണെന്ന്...

അതുകൊണ്ടു തന്നെ അനുപമയുടെ മുഖത്തു നോക്കാതെ ഞാൻ തല താഴ്ത്തി നിന്നു പുഞ്ചിരിച്ചു...

''നിങ്ങളൊക്കെ മനുഷ്യരാണോ???''

ശബ്ദം ഉയർത്തിയുള്ള ആ ചോദ്യം കേട്ട് ഒരു ഞെട്ടലോടെയാണ് തല ഉയർത്തി ഞാൻ അവളെ നോക്കിയത്...

മുഖം ചുവപ്പിച്ച്, കണ്ണുകൾ തുറിപ്പിച്ചു അവളെന്നെ കോപത്തോടെ നോക്കി നിൽക്കുന്നു...

കാര്യമെന്തെന്നു മനസ്സിലാവാതെ ഞാൻ അവളെ മിഴിച്ചു നോക്കി...

''ഒരു പെൺകുട്ടി ഒരു പുരുഷനെ പ്രണയിക്കുന്നത് അത്ര വലിയ കുറ്റമാണോ???''

ആ ഒരൊറ്റ ചോദ്യത്തിൽ തന്നെ അവളുടെ മനസ്സിലുള്ളതെല്ലാം ഞാൻ തിരിച്ചറിഞ്ഞു...

സത്യത്തിൽ സ്നേഹ നിധിയായ ഏട്ടനെന്ന് അവളെന്നെ പരസ്യമായി ആക്ഷേപിച്ചതാണ്... അവൾ പറഞ്ഞ ആ പെൺകുട്ടി എന്റെ പെങ്ങൾ പ്രിയയാണ്.. ദിവസങ്ങൾക്ക് മുൻപ് അവൾക്കൊരു വിവാഹാലോചന വന്നപ്പോഴാണ് അവൾ ഒരു പ്രണയത്തിലാണെന്നും, അവനെ മാത്രമേ വിവാഹം ചെയ്യൂ എന്നു ഉറപ്പിച്ചു പറഞ്ഞതും...

പക്ഷേ, അച്ഛനും അമ്മയ്ക്കും അവളുടെ ആ ഇഷ്ടത്തോട് യോജിക്കാനായില്ല...

കുടുംബക്കാർക്കിടയിൽ  മാനക്കേടും പേറി ജീവിക്കാനും, നാട്ടുകാർക്കിടയിലെ ചർച്ചാവിഷയമായി മാറുവാനും ആരാണ് അറിഞ്ഞുകൊണ്ട് തുനിഞ്ഞിറങ്ങുക..

അതുകൊണ്ടെല്ലാം തന്നെ ശക്തമായി അവർ അവളുടെ ആ ഇഷ്ടത്തെ എതിർത്തു...

എനിക്കെങ്കിലും അവളുടെ ഇഷ്ടത്തിനു കൊടിപിടിച്ചു നിൽക്കാമായിരുന്നു... പക്ഷേ ഞാനും വീട്ടുകാർക്കൊപ്പംകൂടിയത് പ്രിയയുടെ സങ്കല്പങ്ങൾക്കുള്ള ആദ്യത്തെ തിരിച്ചടിയായിരുന്നു.. അതാണ് അനുപമയുടെ ചോദ്യത്തിന്റെ പിന്നിലെ പൊരുളും...

പക്ഷേ പഠിപ്പ് കഴിഞ്ഞു ജോലി തേടി നടക്കുന്നവനു തൊഴിലില്ലായ്മയേക്കാൾ വലുതല്ല മറ്റുള്ളതൊന്നും... ഒരുപക്ഷേ അവൾക്ക് വേണ്ടി ശബ്ദമുയർത്തിയാൽ തന്നെ ജോലിയും കൂലിയുമില്ലാത്തവന്റെ ശബ്ദം ആരു കേൾക്കാൻ..

മറുപടിയൊന്നും പറയാതെ ഞാൻ സൗമ്യനായി നിന്നു...

''നിങ്ങൾ കുടുംബക്കാർക്ക് ഒരു വിചാരമുണ്ട്... ഞങ്ങൾ പെൺകുട്ടികൾ എടുക്കുന്ന തീരുമാനങ്ങൾ എല്ലാം തെറ്റാണെന്ന്... പക്ഷേ നിങ്ങളെക്കാൾ ഏറെ സങ്കല്പങ്ങളുണ്ട് വിവാഹത്തെ പറ്റി ഞങ്ങൾക്ക്...''

വികാരഭരിതമായ സ്വരത്തോടെ അവൾ പറയുമ്പോൾ ഞാൻ അവളുടെ കണ്ണിലേക്ക് നോക്കി...

''സമ്പത്തും തറവാടിത്ത മഹിമയും നോക്കി നിങ്ങൾ ഒരാളെ കണ്ടെത്തുമ്പോൾ ഞങ്ങൾ ഉറ്റുനോക്കുന്നത് മറ്റുപലതുമാണ്... ഞങ്ങളുടെ സ്വപനങ്ങൾക്ക് നിറമേകാൻ കഴിയുന്നവരെ... സന്തോഷത്തിൽ കൂടെ ചിരിക്കാനും, സങ്കടത്തിൽ ചേർത്തുപിടിക്കാനും കഴിയുന്ന ഒരാളെ... എല്ലാത്തിനുമുപരി തന്റെ കുടുംബത്തെയും സ്വന്തം കുടുംബമായി കാണുന്നൊരു നല്ല മനസ്സിനെ...

അതെല്ലാം ഒത്തിണങ്ങിയ ഒരാളെ ഞങ്ങൾ കണ്ടെത്തുമ്പോൾ, ആദ്യമേ നിരസിക്കും മുൻപേ കുറഞ്ഞപക്ഷം നിങ്ങൾക്ക് ആ വ്യക്തിയെ പറ്റിയൊന്നു അന്വേഷിക്കുകയെങ്കിലും ചെയ്യാം...''

തീഷ്ണമായ അവളുടെ കണ്ണുകളിൽ എന്നോടുള്ള ദേഷ്യം അലയടിച്ചുയരുന്നുണ്ടായിരുന്നു...

ഒരുപക്ഷേ പ്രിയ പറയാൻ ആഗ്രഹിച്ചതായിരുന്നു അനുപമ പറഞ്ഞുകൊണ്ടിരിക്കുന്നത്... ശരിയാണ്... ഇഷ്ടം തുറന്നു പറഞ്ഞപ്പോൾ ആരാണെന്നോ എന്താണെന്നോ ആരും ചോദിച്ചതുപോലുമില്ല... പകരം തറവാടിന്റെ സൽപ്പേരും കുടുംബക്കാർക്കിടയിലെ സ്‌നേഹവുമെല്ലാം ഉയർന്നു കേട്ടു... അതൊന്നും ഇല്ലാതാക്കിയൊരു ജീവിതം ആരും മോഹിക്കുകയും വേണ്ട എന്ന അച്ഛന്റെ താക്കീതും..

പട്ടാള ചിട്ടയുള്ള അച്ഛനെ ഇന്നുവരെ എതിർത്തിട്ടില്ലാത്ത അമ്മയ്ക്കും പെങ്ങൾക്കും എനിക്കും ആ വാക്കിനപ്പുറത്തേക്ക് മറിച്ചൊരു വാക്ക് ഇന്നുവരെ ഉണ്ടായിട്ടില്ല...

മറുപടിയൊന്നും പറയാതെ ഞാൻ ബസ്സ് കയറി പോകുമ്പോഴും ആ കണ്ണുകൾ തീക്കനൽ പോലെ ചുവന്നു തന്നെയിരുന്നു...

തിരികെ വീട്ടിലേക്ക് കയറുമ്പോൾ അച്ഛനും അമ്മയും മാട്രിമോണിയൽ വന്ന ആലോചനകളും നോക്കി ഇരിക്കുന്നുണ്ടായിരുന്നു... അടുത്ത് പ്രിയയും...

എന്നോടുള്ള അവളുടെ അടങ്ങാത്ത ദേഷ്യം ആ മുഖത്തു നിഴലിക്കുന്നുണ്ടായിരുന്നു...

''മോനെ... ഈ പയ്യൻ എങ്ങനെയുണ്ട്??? പേരു വിവേക്.. ഇന്നു വന്ന ആലോചനയാണ്.. എന്തുകൊണ്ടും നമുക്ക് ചേരുന്ന ബന്ധമാണെന്നാ അച്ഛൻ പറയുന്നത്..''

അമ്മയുടെ ആവാക്കുകളിൽ നിന്നുമറിയാം,, ആ ആലോചന അവർക്കൊരുപാട് ഇഷ്ടമായിട്ടുണ്ട്...

''അമ്മേ അവളുടെ ഇഷ്ടംകൂടി...''

''ആരും കൂടുതലൊന്നും പറയണ്ട... എല്ലാവർക്കും ഇഷ്ടമായെങ്കിൽ ഇതുതന്നെ മതി... എനിക്കങ്ങനെ ആഗ്രഹങ്ങളൊന്നുമില്ല...''

എന്റെ വാക്കുകൾ മുഴുവനാക്കും മുൻപേ കലി തുള്ളികൊണ്ടവൾ അകത്തേക്കു നടന്നു...

അന്നുവരെ മറ്റൊരാൾക്കു മുൻപിലും തലകുനിക്കിലെന്നു പറഞ്ഞിരുന്നവൾ മനസ്സില്ലാ മനസ്സോടെ സമ്മതം മൂളിയപ്പോൾ അധികം വൈകാതെ വീട്ടുകാരുടെയും കുടുംബക്കാരുടെയും ഇഷ്ടപ്രകാരം ആ വിവാഹം തന്നെ തീരുമാനിച്ചു...

അന്ന്.. വിവാഹം കഴിഞ്ഞവൾ സുമംഗലിയായി പടിയിറങ്ങിപോകുമ്പോൾ പ്രിയയും വിവേകും അനുപമയും എന്റെ അരികിലെത്തി.. നിറമിഴികളോടെ പ്രിയ എന്റെ നെഞ്ചിലേക്ക് ചേർന്നു....

''ക്ഷമിക്കണം ഏട്ടാ.... നിങ്ങളെയൊക്കെ വിഡ്ഢികളാക്കി ഇഷ്ടപെട്ട പുരുഷന്റെ കൈ പിടിച്ചു നിങ്ങൾ തന്നെ ഏൽപ്പിക്കുമ്പോൾ പോലും ഞാൻ അറിഞ്ഞില്ല ഏട്ടാ,, വിഡ്ഢിയായത് ഞാൻ ആണെന്ന്...''

എന്റെ നെഞ്ചിലമർന്നവൾ കരയുമ്പോൾ ഞാൻ വിവേകിന്റെ മുഖത്തേക്ക് നോക്കി... ആ കണ്ണുകൾ പറയുന്നുണ്ടായിരുന്നു... എല്ലാം പ്രിയ അറിഞ്ഞിരിക്കുന്നു എന്ന്....

തറവാടിന്റെയും കുടുംബത്തിന്റെയും സൽപ്പര് കാത്തുസൂക്ഷിക്കുന്ന ആ പഴയ തലമുറക്കാരും, ഇഷ്ടങ്ങൾ നേടിയെടുക്കാൻ പാടുപെടുന്ന പുതുതലമുറക്കാരും തമ്മിലുള്ള അന്തരമാണ് പലപ്പോഴും പല പ്രണയങ്ങൾക്കും വില്ലന്മാരാകുന്നത്...

ആ തിരിച്ചറിവിലായിരുന്നു പ്രിയപോലും അറിയാതെ ഞാൻ കാര്യങ്ങൾ നീക്കിയത്... അന്ന് ഇന്റർവ്യൂ എന്നു പറഞ്ഞു ടൗണിൽ പോയത് പ്രിയ ഇഷ്ടപെട്ട വിവേകിനെ പരിചയപ്പെടാൻ വേണ്ടിയായിരുന്നു...

നല്ല ബന്ധം തന്നെയാണെന്ന ഉറപ്പിന്മേലായിരുന്നു മാട്രിമോണി വഴി ആലോചിക്കാൻ ഞാൻ ആവശ്യപ്പെട്ടതും, വീട്ടുകാർക്കിടയിൽ ഒരു സംശയം പോലും തോന്നാത്ത വിധം കാര്യങ്ങൾ നീക്കിയതും.

ഒന്നുമറിയാത്തവനെപോലെ ഞാൻ അഭിനയിച്ചത് പ്രിയയെ വിഡ്ഢിയാക്കാൻ വേണ്ടിയായിരുന്നില്ല... രഹസ്യങ്ങൾ സൂക്ഷിക്കാനറിയാത്ത അവൾ, എന്റെ ഇടപെടൽ അറിയണ്ടായെന്നു എനിക്ക് നിർബന്ധമുണ്ടായിരുന്നു...

അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു വിവേകിന്റെ കൈകളിലേൽപ്പിക്കുമ്പോൾ എന്തെന്നില്ലാത്ത സന്തോഷം മനസ്സിൽ അലയടിക്കുന്നുണ്ടായിരുന്നു...

അവരെ യാത്രയാക്കി നിറഞ്ഞൊഴുകിയ കണ്ണീർ തുള്ളികൾ തുടച്ചുകൊണ്ട് പിന്തിരിയുമ്പോൾ പുഞ്ചിരിച്ചുകൊണ്ട് അനുപമ അവിടെ നിൽപ്പുണ്ടായിരുന്നു...

''സ്നേഹനിധിയായ ഏട്ടനെ തന്നെയാ പ്രിയക്കു കിട്ടിയത്...''

പതിഞ്ഞ സ്വരത്തിൽ ആരും കേൾക്കാതെ അവൾ പറയുമ്പോൾ ആ കണ്ണുകളിലേക്ക് ഞാൻ സസൂക്ഷ്മം നോക്കി... പ്രണയാഭ്യർത്ഥനക്കായി ആ കണ്ണുകൾ വെമ്പൽ കൊള്ളുന്നുണ്ടോ!!!

ഉണ്ടായിരുന്നു... പക്ഷേ ആ കണ്ണുകളല്ല... ആ കണ്ണുകളിൽ നിറഞ്ഞു നിന്നിരുന്ന എന്റെ കണ്ണുകൾ...

''മാട്രിമോണിയിൽ ഞാനും ഒരു അക്കൗണ്ട് തുടങ്ങട്ടെ??''

കണ്ണിറുക്കി അവളെ നോക്കി ഒരു കള്ള ചിരിയോടെ ഞാൻ ചോദിക്കുമ്പോൾ മറുപടിക്കായ് ആ കണ്ണുകൾ ചുറ്റിലും പരതുന്നുണ്ടായിരുന്നു.... ഒപ്പം ആയിരം വട്ടം സമ്മതമെന്ന് പറഞ്ഞുകൊണ്ടൊരു പുഞ്ചിരിയും....

Saran praksh

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്