ഞാൻ മരിച്ചിരിക്കുന്നു

ഞാൻ മരിച്ചിരിക്കുന്നു...

നിങ്ങൾ ഒന്നു ഞെട്ടി കാണും അല്ലേ ...?
മരിച്ച ഞാനെങ്ങനെ സംസാരിക്കുന്നുവെന്ന്....?

ആഗ്രഹങ്ങൾ ബാക്കി വച്ച് മരിച്ച എനിക്ക് സംസാരിച്ചല്ലേ പറ്റൂ ...

ഞാൻ പറഞ്ഞത് സത്യം തന്നെയാണ്.... ഞാൻ മരിച്ചിട്ട് മണിക്കൂറുകൾ കഴിഞ്ഞിരിക്കുന്നു...

വെള്ള പുതച്ച എന്റെ ശരീരത്തിനു ചുറ്റും ബന്ധുക്കൾ നിന്നു വിതുമ്പുന്നു.
മറ്റാരേക്കാളും ഉച്ചത്തിൽ തലതല്ലി കരയുന്നത് എന്റെ അമ്മ തന്നെയാണ്.
പെറ്റ വയറിന്റെ നൊമ്പരം....
മറ്റൊന്നും അതിനടുത്ത് വരില്ലല്ലോ....?

പക്ഷേ ഒന്നുണ്ട് ഈ അമ്മ തന്നെയല്ലേ ഞാനീ കുടുംബത്തിന്റെ ശാപമാണെന്നും പോയി ചാകെടീ എന്നും എന്നോട് പറഞ്ഞത്...
ഒരാളെ ആത്മാർത്ഥമായി പ്രണയിച്ചതായിരുന്നു ഞാൻ ചെയ്ത
തെറ്റ്....
അല്ല പാപം ....

മുറ്റത്തെ കസേരകളിലൊന്നിൽ നിറഞ്ഞു തുളുമ്പുന്ന കണ്ണുകളുമായി അച്ഛനിരിക്കുന്നു...
ഈ അച്ഛൻ തന്നെയല്ലേ കുടുംബത്തിന് അപമാനമായ നീ നശിച്ചു പോകുമെന്ന് മനമുരുകി എന്നെ ശപിച്ചത്.

വിതുമ്പുന്ന ചുണ്ടുകളുമായി ഏട്ടനും മുറ്റത്തു തന്നെയുണ്ട്. ഈ ഏട്ടനല്ലേ എന്നെ തല്ലിയതും...
മുറിയിൽ പൂട്ടിയിട്ടതും...

ചുറ്റും സഹതപിക്കുന്ന   ബന്ധുക്കൾ...
ഇവർ തന്നെയല്ലേ എന്റെ പ്രണയത്തെ എതിർക്കാൻ അച്ഛനെ പ്രേരിപ്പിച്ചത് ....?

നല്ല കുട്ടിയായിരുന്നു അതിന്റെയൊരു വിധി.....
പറയുന്നത് മറ്റാരുമല്ല നല്ലവരായ എന്റെ നാട്ടുകാർ. ഈ നാട്ടുകാർ തന്നെയല്ലേ ഞാനും ദേവേട്ടനും തമ്മിൽ സംസാരിക്കുന്നത് കണ്ടിട്ട് പൊടിപ്പും തൊങ്ങലും വച്ച് നാട്ടിലാകെ പാട്ടാക്കിയത്.

പക്ഷേ ഇപ്പോൾ എല്ലാവരിലും കാണുന്ന സ്നേഹവും സഹതാപവും എന്നെ വീർപ്പു മുട്ടിക്കുന്നു.

അതേ ഞാൻ തെറ്റുകാരിയാണ്...
ഒരാളെ പ്രണയിച്ചു ഒന്നാമത്തെ തെറ്റ്... അയാൾ അന്യജാതിക്കാരനായത് രണ്ടാമത്തെ തെറ്റ്...
വീട്ടുകാരെ ധിക്കരിച്ച് അവനൊപ്പം ഇറങ്ങി പോകാതിരുന്നത് മൂന്നാമത്തെ തെറ്റ് ....

മരണത്തിന് മുന്നേ അപരാധിയായിരുന്ന ഞാൻ മരണ ശേഷം എത്ര പെട്ടെന്നാണ് നിരപരാധിയും സർവ്വ ഗുണ സമ്പന്നയും ആയത് ...
അല്ലെങ്കിലും നമ്മുടെ സമൂഹം ഇങ്ങനെ തന്നെയല്ലേ ...?

ഇനി ഒരാളെക്കൂടി കാണാനുണ്ട് എന്റെ ദേവേട്ടനെ. പാവം കരഞ്ഞു തളർന്ന് ഇരിക്കുന്നു. ഞാൻ നട്ടു വളർത്തിയ ചെമ്പക ചുവട്ടിൽ...
പതിയെ അടുത്ത് ചെന്ന് ഞാനാ കാലിൽ തൊട്ട് മാപ്പു ചോദിച്ചു ...
ഒന്നും അറിയാതെ പാവം വിതുമ്പുന്നു ആ കാഴ്ച കാണാനാകാതെ ഞാൻ മുഖം തിരിച്ചു...

ഇനി എനിക്ക് പോവാൻ സമയമായി...
എന്റെ ശരീരം ചിതയിലേക്ക് വച്ചിരിക്കുന്നു.... മരണത്തിനു മുന്നേ അപരാധിയും മരണ ശേഷം നിരപരാധിയുമായ എന്റെ ശരീരം....

അതിഥി അമ്മു

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്