❤കെട്ട്യോൾക്ക് സ്നേഹപൂർവ്വം❤

❤കെട്ട്യോൾക്ക് സ്നേഹപൂർവ്വം❤
ഫുൾ പാർട്ട്‌
_______________________________

"ഹും... അതെങ്ങനാ... ഇഷ്ടവില്ലാതെ കെട്ടിക്കോണ്ട് വന്നതല്ലേ... കല്യാണം കഴിഞ്ഞിട്ടിത്രേം ദിവസമായി... ഇത് വരെ നേരെ നോക്കി ഒരു വാക്ക്... എന്തിന്... ഒന്നു ചിരിക്കത്തുപോലുമില്ലല്ലോ..."

എന്റെ ഭാര്യയുടെ ശബ്ദമാണീ കേട്ടത്. ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട്  ഒരാഴ്ച്ച കഴിഞ്ഞതേയുള്ളൂ. ഞാനിത് വരെ അവളോട് സംസാരിച്ചിട്ടില്ല. അതിന്റെ പരാതിയും പരിഭവവുമാണ് അടുക്കളയിൽ നിന്നീ കേൾക്കുന്നത്.

കമ്പനിയിലെ ചെറിയൊരു പ്രശ്നം മൂലം ഇന്ന് ഉച്ചയ്ക്ക് മുമ്പ്  തന്നെ ഓഫീസ് വിട്ടു. മിക്കവാറും  ടൗണിലൊക്കെ പോയിട്ടാണ് വീട്ടിൽ വരാറ്. ഇന്നിത്ര നേരത്തെയായ കൊണ്ട് വൈകിട്ട് പോകാമെന്ന് വിചാരിച്ചു. വരുന്നവഴി ബൈക്ക് ഒന്ന് പിണങ്ങി. അവനെ വർക്ക്ഷോപ്പിൽ കൊടുത്തിട്ട് വന്നതുകൊണ്ട് ഞാൻ വന്ന വിവരം പുള്ളിക്കാരി അറിഞ്ഞില്ല.

അമ്മയും അപ്പനും രാവിലെ അനിയത്തിയുടെ വീട്ടിൽ പോയിരുന്നു. പിന്നെയിവളാരോടാ സംസാരിക്കുന്നതെന്നറിയാൻ
ഞാൻ ശബ്ദമുണ്ടാക്കാതെ പതിയെ അടുക്കളയിലേക്ക് ചെന്നപ്പോഴാണ് മനസിലായത് പരിഭവമെല്ലാം പാത്രങ്ങളോട് പറഞ്ഞുതീർക്കുവാന്ന്.

ഞാൻ അവളെന്താണ് ചെയ്യുന്നതറിയാൻ കർട്ടനു മറഞ്ഞ് നിന്നവളെ ശ്രദ്ധിച്ചു. വയലറ്റ് നിറമുള്ള ഒരു സാരിയാണവൾ അണിഞ്ഞിരിക്കുന്നത്. ആ നിറം അവൾക്കു നന്നായി ചേരുന്നുണ്ട്. സാരിയുടെ മുന്താണി എളിയിലെടുത്ത് കുത്തിയിട്ടുണ്ട്. ജോലി ചെയ്യുന്നതിനാൽ  പിൻകഴുത്തിലൂടെ സ്വർണനിറത്തിൽ വിയർപ്പുതുള്ളികൾ
ഉരുണ്ടിറങ്ങുന്നു. ഇടയ്ക്ക് മുഖത്തേക്ക് വീഴുന്ന മുടിച്ചുരുളുകൾ പുറംകൈകൊണ്ടൊതുക്കി വെക്കുന്നുമുണ്ട്. പരാതി പറയുന്നതിനിടയിലും അവളോടിനടന്ന് ജോലിചെയ്യുന്നുണ്ട്. പാചകമൊക്കെ ചെയ്യാനറിയാവുന്ന ഒരു പെണ്ണിനെ കിട്ടിയതിൽ എനിക്ക് വളരെയധികം അഭിമാനം തോന്നി.

"ഹും... പെണ്ണ്കാണാൻ വന്നപ്പം എന്തുവാരുന്നു... 'എന്റപ്പനും അമ്മയ്ക്കും ഇഷ്ടവായി. അതാണ് എന്റേം ഇഷ്ടം' എന്നൊക്കെ എന്റെ വീട്ടുകാരോട് പറഞ്ഞാ എന്നെ കെട്ടിക്കൊണ്ട് വന്നത്. അന്നും എന്നോടൊന്ന് നേരാംവണ്ണം സംസാരിച്ചില്ല. ഇങ്ങനൊരുത്തനെയാണല്ലോ കർത്താവേ നീയെനിക്ക് കണ്ടുവച്ചത്..."

കയ്യൊക്കെ ചലിപ്പിച്ച് ആംഗ്യമൊക്കെ കാട്ടിയാണവൾ സംസാരിക്കുന്നത്.
ഇനി രംഗപ്രവേശം ചെയ്യാമെന്ന് ഞാൻ വിചാരിച്ചു. ഞാൻ പതിയെ കർട്ടനു പിറകിൽ നിന്ന് വെളിയിലേക്ക് വന്നു. ഒന്ന് മുരടനക്കി.
ശബ്ദം കേട്ടവൾ ഞെട്ടിത്തിരിഞ്ഞു.
എന്നെക്കണ്ട് അവളുടെ മുഖത്ത് പരിഭ്രമമോ പേടിയോ ഒക്കെ തെളിഞ്ഞു.

"താനെന്തൊക്കെയാ പറഞ്ഞോണ്ടിരുന്നേ..?"

ഞാൻ മുഖത്തൊരല്പം ഗൗരവം വരുത്തി അവളോട് ചോദിച്ചു.

"അത്... ഞാനിവിടെ... വെറുതെ..."

അവൾ വാക്കുകൾ കിട്ടാതെ കുഴഞ്ഞു.

"വേണ്ട വേണ്ട... കൂടുതൽ പറഞ്ഞ് ബുദ്ധിമുട്ടണ്ട. ഞാനെല്ലാം കേട്ടു."

ഞാനല്പം കൂടി ശബ്ദം കടുപ്പിച്ച് അവളുടെ കണ്ണിലേക്ക് സൂക്ഷിച്ച് നോക്കിക്കൊണ്ട് പറഞ്ഞു.

അവളുടെ മുഖഭാവം മാറി. കണ്ണുകൾ നിറഞ്ഞു. ഞാനെല്ലാം കേട്ടെന്നുള്ള അറിവ് അവളിൽ സങ്കടമോ അപമാനമോ ഒക്കെയുണ്ടാക്കിയെന്ന് എനിക്ക് തോന്നി.

"എന്റെ വെഷമം കൊണ്ട് ഞാൻ പറഞ്ഞുപോയതാ... ഇത്രേം നാളായിട്ടും ഇങ്ങനൊരു മനുഷ്യജീവി ഇവിടൊണ്ടെന്ന് ഒരു വിചാരം പോലും..."

അവൾക്ക് മുഴുമിപ്പിക്കാൻ കഴിഞ്ഞില്ല. അതിനുമുമ്പേ കരച്ചിൽ പൊട്ടിപ്പോയിരുന്നു. കൈകൾ കൊണ്ട് മുഖം പൊത്തി അവൾ കരയാൻ തുടങ്ങി.

ഞാനങ്ങ് വല്ലാണ്ടായി. ഇവൾ പെട്ടെന്നിങ്ങനെ കരയുമെന്ന് ഞാൻ വിചാരിച്ചില്ല. പതിയെ ഞാനവളുടെ അടുത്തേക്ക് ചെന്നു. വിമ്മി വിമ്മി കരയുന്ന അവളുടെ ഇരുതോളിലും എന്റെ കൈകൾ വച്ചു.

"ഏയ്..."

ഞാൻ പതിയെ വിളിച്ചു.

ഒരാശ്രയം നോക്കിയിരുന്നതുപോലെ അവളെന്റെ നെഞ്ചിലേക്ക് വീണെന്നെ കെട്ടിപ്പിടിച്ചു. എന്റെ ഷർട്ട് അവളുടെ കണ്ണീരാൽ നനഞ്ഞു. ആദ്യത്തെ അമ്പരപ്പിനുശേഷം ഞാൻ പതിയെ കൈകളുയർത്തി അവളെ ചുറ്റിപ്പിടിച്ചു.
മുഖം താഴ്ത്തി അവളുടെ ശിരസിൽ ഒരു മുത്തം കൊടുത്തു.
കുറച്ചു നേരത്തിനുശേഷം കരച്ചിലടങ്ങിയെങ്കിലും ഏങ്ങലടിക്കുന്നതനുസരിച്ച് അവളുടെ ശരീരം വിറച്ചുകൊണ്ടിരുന്നു.

"ഇയാളിത്ര തൊട്ടാവാടിയാണെന്ന് ഞാനറിഞ്ഞില്ലല്ലോ... തന്നെ ഒന്നു ചൂടാക്കാൻ വേണ്ടി പറഞ്ഞതല്ലേ..."

ഞാനവളുടെ പുറത്ത് തട്ടിക്കൊണ്ട് പറഞ്ഞു.
മറുപടിയില്ല. ഏങ്ങലടി മാത്രം.

ഞാൻ പതിയെ അവളെ നെഞ്ചിൽ നിന്നടർത്തിമാറ്റി. അവളുടെ മുഖം കയ്യിലെടുത്ത് അവളുടെ കണ്ണുകളിലേക്ക് നോക്കി.

കരഞ്ഞുകലങ്ങിയ കണ്ണുകളും പാറിപ്പറന്ന തലമുടിയും ഒക്കെ ആണെങ്കിലും അവളുടെ മുഖത്ത് ഒരു പ്രത്യേക അഴകായിരുന്നു. ഞാനവളുടെ കണ്ണുനീർ തുടച്ചുകൊടുത്തു.

"കരയിപ്പിച്ചേന് സോറി. എന്നോട് ക്ഷമിക്ക്..."

ആ മുഖത്തൊരു ചുംബനം കൊടുക്കാനുള്ള അദമ്യമായ ആഗ്രഹത്തെ അടക്കി ഞാൻ പറഞ്ഞു.

"ക്ഷമയൊന്നും പറയണ്ട... വിവാഹം കഴിഞ്ഞിട്ടും... ഞാൻ... ഒറ്റയ്ക്കായപോലെ.... ഒരു തോന്നൽ... അതാ ഞാനങ്ങനൊക്കെ..."

ഏങ്ങലടിക്കിടയിൽ അവൾ പറഞ്ഞൊപ്പിച്ചു.

"പക്ഷേ എനിക്ക് കുറച്ച് പറയാനുണ്ട്..."

ഞാനവളുടെ കണ്ണിൽ നോക്കി പറഞ്ഞു.

                                                 തുടരും...

             കെട്ട്യോൾക്ക് സ്നേഹപൂർവ്വം...(ഭാഗം2)
____________________________________

'എന്തുവാ?' എന്ന ഭാവത്തിൽ
അവൾ കണ്ണുകൾ മിഴിച്ചെന്നേ നോക്കി.

"ഇയാളെന്തുവാ നേരത്തേ പറഞ്ഞേ..?
ഞാനിയാളെ ഇഷ്ടവില്ലാതെ കെട്ടിക്കൊണ്ട് വന്നതാന്ന്... അല്ലേ..?"

"അത്... ഞാൻ... അറിയാതെ..."

"ശരിയാ ഇയാൾക്കറിയില്ല... ഞാൻ ശരിക്കും ഇഷ്ടപ്പെട്ടിട്ട് തന്നാ  കെട്ടിക്കൊണ്ട് വന്നത്. നിന്നെ ഞാൻ ഇഷ്ടപ്പെടാൻ തുടങ്ങിയത് എന്നാണെന്ന് അറിയാവോ..?"

ഞാൻ ചോദിച്ചു.

"കല്യാണം കഴിഞ്ഞപ്പോഴാരിക്കും..."

അവൾ മുഖം കുനിച്ചുകൊണ്ട് പറഞ്ഞു.

"ങുഹും... അല്ല..."

ഞാൻ പറഞ്ഞു.

"എന്നാ പെണ്ണുകാണാൻ വന്നപ്പോഴാരിക്കും..."

"അതുവല്ല..."

"പിന്നെപ്പഴാ എന്നെ ഇഷ്ടപ്പെടാൻ തുടങ്ങിയേ..?

അവൾ മുഖമുയർത്തി എന്നെ നോക്കിക്കൊണ്ട് ചോദിച്ചു.

"ങും... പറയാം..."

അവളെന്റെ മുഖത്തേക്ക് തന്നെ  നോക്കിക്കൊണ്ടിരുന്നു.

"നീ നിന്റെ കോളേജിൽ നിന്ന് ടൂർ പോയതോർക്കുന്നുണ്ടോ... വയനാടിന്..?"

"അതൊത്തിരി നാൾ മുമ്പല്ലേ...?"

അവളുടെ മുഖത്ത് ആശ്ചര്യഭാവം.

"ങും... കൃത്യമായി പറഞ്ഞാൽ അഞ്ച് വർഷം മുമ്പ്."

"ഞാൻ ടൂർ പോയതും നമ്മളുമായിട്ട് എന്താ ബന്ധം..?"

"ആ ടൂറാണ് നിന്നെ ഇവിടിപ്പൊ എന്റെ ഭാര്യയായിട്ട് നിർത്താൻ കാരണം."

"എനിക്കൊന്നും മനസിലാകുന്നില്ല..."

"മം... പറഞ്ഞുതരാം. നീ വയനാട് എടക്കൽ ഗുഹ കാണാൻ വന്നപ്പൊ ഞാനും അവിടെയുണ്ടായിരുന്നു."

"ങേ... ശരിക്കും..?"

അവളുടെ കണ്ണ് അമ്പരപ്പ് കൊണ്ട് വിടർന്നു.

"ങാ... നീ അന്ന് മെറൂൺ കളർ ടോപ്പും വെള്ള പാവാടയുമാണ് അണിഞ്ഞിരുന്നത്. തലയിലൊരു വെള്ള വട്ടത്തൊപ്പി വെച്ചിട്ടുണ്ടായിരുന്നു. ശരിയല്ലേ..?"

"അന്നത്തെ ഡ്രസ്സ് ഞാനോർക്കുന്നില്ല. പക്ഷേ തൊപ്പി വച്ചതോർക്കുന്നുണ്ട്."

"നിങ്ങൾ അവിടെവച്ച് പൈനാപ്പിൾ ജ്യൂസ് കഴിച്ചപ്പോൾ കുറച്ച് നിന്റെ പാവാടയിൽ വീണില്ലേ..."

അവളതിശയത്തോടെ എന്നെ നോക്കി.

"ങാ... ശരിയാ... വെള്ള പാവാടയാരുന്നു. പിന്നെ ടൂറിനാ പാവാട ഇടാൻ പറ്റിയില്ല. എത്ര കഴുകിയിട്ടാ ആ കറ പോയേന്നറിയാവോ..?"

അവൾ കുഞ്ഞുങ്ങൾ പറയുന്നപോലെ വലിയ കാര്യത്തിൽ പറഞ്ഞു.

"അതവിടെ നിക്കട്ടെ... അപ്പോ... ഇച്ചായൻ... എവിടാരുന്നു..? ഞാൻ കണ്ടില്ലല്ലോ..."

അവൾ മടിച്ചുമടിച്ച് ചോദിച്ചു.

ഞാൻ പെട്ടെന്നവളെ നോക്കി.

"ങേ... ഇപ്പൊ എന്തുവാ വിളിച്ചേ..? ഞാൻ കേട്ടില്ല... ഒന്നൂടെ വിളിച്ചേ..."

"കളിയാക്കാതെ പോ... എനിക്ക്  വിളിക്കാൻ ഒരവസരം തരണ്ടേ..."

അവളെന്റെ നെഞ്ചിൽ മൃദുവായി ഇടിച്ചുകൊണ്ട് പറഞ്ഞു.

അതും ശരിയാ. ഞാനോർത്തു.

"ഇത് പറ. അപ്പോ ഇച്ചായനെവിടാരുന്നു."

"ഞാൻ തിരിച്ചിറങ്ങിയപ്പോഴാണ് നിങ്ങളുടെ ബസ് വന്നത്. ബസിൽ നിന്നിറങ്ങുന്ന പെൺകുട്ടികളെ ഒന്ന്  നോക്കിയിട്ട് ഞാൻ ബൈക്കിൽ കയറി. അപ്പോഴാണ് നീയാ ബസിൽ നിന്നിറങ്ങിയത്."

"എന്നെ അപ്പോഴാണോ കാണുന്നത്..?"

"ങും... നീ ബസിൽ നിന്ന് തുള്ളിച്ചാടി ഇറങ്ങുന്നതും ചുറ്റും നോക്കുന്നതുമൊക്കെ ഞാൻ കാണുന്നുണ്ടായിരുന്നു. നിന്റെ  കൈയ്യിലൊരു ടെഡിബെയർ ഉണ്ടായിരുന്നു. റോസ് നിറത്തിലുള്ളത്."

ഞാൻ ആ രംഗം മനസ്സിൽ ഓർത്തുകൊണ്ട് പറഞ്ഞു.

"ആഹാ... എല്ലാം നല്ല ഓർമ്മയാണല്ലോ. കാണാൻ നല്ല ഭംഗിയുണ്ടാരുന്നോ..?"

"പിന്നില്ലാതെ... കാണാൻ നല്ല രസമുള്ള
ടെഡിബെയറാരുന്നു..."

"പോ... ഞാൻ ടെഡിബെയറിന്റെ കാര്യവല്ല ചോദിച്ചേ..."

അവളൊരു പിണക്കസ്വരത്തിനൽ പറഞ്ഞു.

"ങേ... പിന്നെന്തിന്റ കാര്യമാ..?"

"എന്റെ കാര്യവാ ചോദിച്ചത്..."

അവൾ പതിഞ്ഞ സ്വരത്തിൽ നാണത്തോടെ പറഞ്ഞു.

എന്റെ മുഖത്തൊരു ചിരി വിടർന്നു.

"അതായിരുന്നോ... നീ അന്നും ഇന്നും സുന്ദരിയല്ലേ..."

ഞാൻ പറഞ്ഞു.

"കളിയാക്കണ്ട... ബാക്കി പറ... എന്നെ കണ്ടിട്ട്... എന്തുവാ ചെയ്തെ..."

"നിന്നെ കണ്ടപ്പോഴേ എന്റെ നെഞ്ച് ശക്തമായി ഇടിച്ചു. ഇത്ര നാളും ഞാൻ തേടിനടന്നത് ഇവളെയാണല്ലോ എന്നൊരു തോന്നൽ മനസിലുണ്ടായി. ഇതാണ് നിന്റെ പെണ്ണ്, ഇവളെ വിട്ടുകളയരുതെന്ന് ചെവിയിലാരോ പറയുന്നത് പോലെ..."

ഞാനൊന്ന് നിർത്തി.

"പിന്നെ പിന്നെ... ഒറ്റ സെക്കൻഡിൽ ഇത്രേം ഒക്കെ തോന്നിയോ... ഈ സമയം കൊണ്ട് ഞങ്ങൾ മല കേറി തിരിച്ചെറങ്ങിക്കാണും..."

അവളൊരു കുസൃതിച്ചിരിയോടെ പറഞ്ഞു.

"ഡീ ഡീ... നീയെടയ്ക്ക് കേറി ഗോളടിക്കാതെ... പറയുന്ന കേൾക്ക്..."

ഞാനൊന്ന് അടുത്ത് പെരുമാറിയപ്പോഴേക്കും പെണ്ണാകെയങ്ങ് മാറി.

"ഓ... എന്നാ പറ ബാക്കി..."

"ഞാൻ നിന്നെത്തന്നെ നോക്കിനിക്കുവായിരുന്നു. നീയാണേൽ എന്നെ മൈൻഡ് ചെയ്യുന്നേയില്ല... നിങ്ങൾ മല കയറാനുള്ള തയ്യാറെടുപ്പായിരുന്നു. എങ്കിൽ കൂടെ വന്നേക്കാമെന്ന് വിചാരിച്ച് ഞാനും നിങ്ങളുടെ പുറകെ മല കയറി."

"ങേ... വീണ്ടും മല കയറിയോ..?"

"ങും... കയറി. നീയാണേൽ ഒരു കിലുക്കാംപെട്ടി പെണ്ണായിരുന്നു. വാതോരാതെ കൂടെയുള്ളവരോട് വർത്തമാനം പറഞ്ഞു നടക്കുവാരുന്നു നീ. ഞാൻ നിന്റെ തൊട്ടുപുറകിൽ തന്നെയുണ്ടായിരുന്നു.
നിങ്ങൾ പാട്ടൊക്കെ പാടി പോകുന്നതൊക്കെ കാണാൻ നല്ല രസമായിരുന്നു."

"ആ വലിയ മല പിന്നേം കേറിയെറങ്ങിയെന്നോ..? വട്ടായിരുന്നോ..? ഞാൻ തിരിച്ചുവരുന്നവരെ ബസിന്റടുത്ത് നിന്നാ പോരായിരുന്നോ..?"

"അതെ വട്ടായിരുന്നു... നിന്നെ കണ്ടപ്പോൾ തൊട്ട്. നീ മല കേറുമ്പോ എനിക്കവിടെ ഇരിക്കാൻ തോന്നിയില്ല. അതാ കൂടെത്തന്നെ വന്നത്."

ഞാനൊന്ന് നിർത്തി.

"എന്നിട്ട്..? എന്റെ പുറകെ വന്നിട്ട്..? ബാക്കി പറ..."

അവളുടെ അക്ഷമ നിറഞ്ഞ സ്വരം.

"നീ ആകാംക്ഷയോടെ അവിടെല്ലാം ചുറ്റിക്കാണുന്നതൊക്കെ കണ്ട് ഞാൻ നിന്റെ പുറകെ തന്നെ നടന്നു. നിന്റെ കൈ കോർത്ത് നടക്കാൻ സത്യമായിട്ടും അപ്പോൾ ആഗ്രഹം തോന്നി. ഗുഹയൊക്കെ കണ്ടിട്ട് തിരിച്ചിറങ്ങിയപ്പോഴല്ലേ നിങ്ങൾ പൈനാപ്പിൾ ജ്യൂസ് കുടിച്ചത്. നീ കുറച്ച് മാറിനിന്നാണ് കുടിച്ചത്. ഞാൻ നിന്റെ തൊട്ടടുത്ത് ഉണ്ടായിരുന്നു.  നിന്നോട് സംസാരിക്കാമെന്ന് വിചാരിച്ചപ്പോഴാണ്  പാവാടയിൽ ജ്യൂസ് വീണത്. അപ്പോഴേക്കും കൂട്ടുകാരികളൊക്കെ നിന്റടുത്ത് വന്നു. നീ ബസിൽ കയറുകയും ചെയ്തു."

"അല്ല ഇച്ചായാ... ഞങ്ങളവിടുന്ന് മൈസൂരിന് പോകുവാരുന്നല്ലോ... അപ്പോ ഇച്ചായനും ഞങ്ങടെ ബസിന് പുറകെ മൈസൂർ വരെ വന്നോ..?"

അവളന്നത്തെ സംഭവം ഓർത്തുകൊണ്ട് ചോദിച്ചു.

"എന്റെ കർത്താവേ ഈ പൊട്ടീടെയൊരു കാര്യം..."

അവളുടെ ചോദ്യം കേട്ടെനിക്ക് ചിരി വന്നു.

"എന്തിനാ ചിരിക്കുന്നേ... ഞാൻ കാര്യവായിട്ട് ചോദിച്ചതാ..."

അവളുടെ നാണത്തോടെയുള്ള ചോദ്യം.

"എടീ പോത്തേ... എനിക്കത്രയ്ക്ക് പ്രാന്തില്ലായിരുന്നു നിന്റെ പുറകിന് മൈസൂർ വരെ വരാൻ..."

"പിന്നെങ്ങനാ എന്നെ കണ്ടുപിടിച്ച് വിവാഹം കഴിച്ചത്..? പേരു പോലും അറിയത്തില്ലാരുന്നല്ലോ..."

"മം... പറയാം..."

                                      
കെട്ട്യോൾക്ക് സ്നേഹപൂർവ്വം...(ഭാഗം3)
_________________________________
അവളെന്റെ മുഖത്തേക്ക് തന്നെ നോക്കിക്കൊണ്ടിരുന്നു.

"അന്ന് വയനാട്ടിൽ വച്ച് നിന്നെ  കണ്ടതിന് കുറച്ച് ദിവസത്തിനു ശേഷം ഞാൻ നിന്റെ കോളേജിന്റെ മുമ്പിൽ വന്നു."

അവളുടെ മുഖം അത്ഭുതത്താൽ വിടർന്നു.

"ങേ... അതെങ്ങനെ..? എന്റെ കോളേജ് ഏതാണെന്ന് എങ്ങനറിഞ്ഞു..? ഞങ്ങടെ കൂട്ടത്തിൽ  ആരോടേലും ചോദിച്ചോ...?"

"ങുഹും... ഇല്ല..."

ഞാൻ തലവെട്ടിച്ചു.

"പിന്നെങ്ങനാ എന്റെ കോളേജിൽ വന്നത്..?"

"നീ ടൂറിന് വന്ന ബസിന്റെ പുറകിൽ വച്ചിരുന്ന ഫ്ലക്സിൽ നിന്റെ കോളേജിന്റെ പേര് വെണ്ടയ്ക്കാ വലുപ്പത്തിൽ എഴുതീട്ടുണ്ടായിരുന്നു. അതുകൊണ്ട് ബുദ്ധിമുട്ടില്ലാതെ നീ പഠിക്കുന്ന കോളേജ് ഏതാണെന്ന് അറിയാൻ പറ്റി..."

ഞാനൊന്ന് നിർത്തി.

"ഓഹോ... അപ്പൊ വിചാരിച്ചപോലെ പൊട്ടനൊന്നുവല്ല... അത്യാവശ്യം ബുദ്ധിയൊക്കെയുണ്ട് ഇച്ചായന് അല്ലേ..."

അവൾ കുസൃതി കലർന്നൊരു സ്വരത്തിൽ പറഞ്ഞു.

"എടീ ഭാര്യേ... നിനക്ക് കഥ വേണോ അതോ എന്റെ കയ്യീന്ന് വേണോ..."

ഞാനവളുടെ ചെവിക്ക് പിടിച്ചുകൊണ്ട് ചോദിച്ചു.

"യ്യോ... ചെവിയേന്ന് വിട്... എനിക്ക് കഥ മതിയേ..."

"എന്നാൽ മിണ്ടാതെ നിന്ന് കേക്ക്..."

ഞാനവളുടെ അരക്കെട്ടിൽ പിടിച്ച് അവളെ എന്നോട് ചേർത്തുനിർത്തി.

"ആ... പറ... എന്റെ കോളേജിൽ വന്നിട്ട്..?"

അവളെന്റെ ഷർട്ടിൽ പിടിച്ചുകൊണ്ട് ചോദിച്ചു.

"ഞാൻ വൈകിട്ട് ഒരു മൂന്നുമണി മുതൽ കോളേജ് വിടുന്നത് വരെ അവിടെ നിന്നു. പക്ഷേ നിരാശയായിരുന്നു ഫലം... നിന്നെ അന്ന് കാണാൻ പറ്റിയില്ല. അന്നെന്നല്ല ഞാൻ ഒരാഴ്ചയോളം നീ വരുന്നതും നോക്കി അവിടെ നിന്നെങ്കിലും നിന്നെ കണ്ടില്ല. നിന്നെ അന്വേഷിക്കുന്നത് അവസാനിപ്പിച്ചാലോ എന്ന് വരെ തോന്നി."

ഞാനൊന്ന് നിർത്തി.

"എന്നിട്ടോ..?"

"നിന്നെ കണ്ടുമുട്ടാൻ എന്നെ സഹായിച്ചത് എന്റെ ബൈക്കായിരുന്നു."

"ബൈക്ക് സഹായിച്ചെന്നോ... എങ്ങനെ..?"

"ഞാനന്ന് വൈകിട്ട് കോളേജ് വിട്ടിട്ടും നിന്നെ കാണാഞ്ഞപ്പോ ഇതെല്ലാം നിർത്താമെന്ന് വിചാരിച്ചു തിരിച്ചുപോകാൻ ബൈക്കിൽ കയറി. കുറച്ചങ്ങോട്ട് ചെന്നതും ബൈക്ക് ഓഫായി. ഞാൻ എത്ര നോക്കീട്ടും സ്റ്റാർട്ടാവുന്നില്ലായിരുന്നു. എനിക്കാണേൽ നന്നായിട്ട് ദേഷ്യം വന്നു. നിന്നെ തേടിനടന്നിട്ട് കണ്ടതുവില്ല. കൂടെ ബൈക്കിന്റ പ്രശനവും. പക്ഷെ ആ സങ്കടവും ദേഷ്യവുമൊക്കെ അടുത്തനിമിഷം തന്നെ മാറി."

"അതെങ്ങനെ..?"

"ഞാൻ ബൈക്കിൽ നിന്നിറങ്ങി വെറുതെയൊന്ന് തിരിഞ്ഞുനോക്കി. ദാ വരുന്നു വഴിയുടെ അങ്ങേയറ്റത്തുനിന്ന് നീ... ഞാൻ അവിടെ ശ്വാസമെടുക്കാൻ പോലും മറന്ന് നിന്നെത്തന്നെ   നോക്കിനിന്നു. കൂട്ടുകാരുമായി സംസാരിച്ചു കൊണ്ട് നീ എന്നെ കടന്നുപോയി."

"അന്നും എന്നോട് മിണ്ടാൻ ശ്രമിച്ചില്ലേ..?"

"ഇല്ല..."

"അതെന്താ..?"

"സത്യം പറഞ്ഞാൽ എനിക്ക് ധൈര്യമില്ലായിരുന്നു..."

"ങേ ധൈര്യമില്ലാരുന്നെന്നോ... സ്നേഹിക്കുന്ന പെണ്ണിനോട് ഇഷ്ടം തുറന്നുപറയാൻ എന്തിനാ പേടി..?"

"അതു നിനക്ക് മനസിലാവില്ല... മറ്റുള്ളവരുടെ കാര്യമെനിക്കറിയില്ല. പക്ഷേ എനിക്ക് നിന്നെ കാണുമ്പോൾ തന്നെ ധൈര്യമെല്ലാം ചോർന്നുപോകും. നിന്റെ മുഖത്ത് നോക്കുമ്പോൾ ഹൃദയമിടിപ്പ് നിലച്ചതു പോലെയായിരുന്നു. ഈ പ്രപഞ്ചത്തിൽ നീയും ഞാനും മാത്രമായതു പോലെ ഒരു ഫീൽ... ഇതൊക്കെ കൊണ്ട് എനിക്ക് നിന്നോട് അന്ന് എന്റെ ഇഷ്ടം പറയാൻ പറ്റിയില്ല..."

"ശ്ശോ... കഷ്ടവായിപ്പോയി... ഇച്ചായനന്ന് പറഞ്ഞിരുന്നേൽ നമുക്ക് പ്രണയിച്ചു നടക്കാരുന്നല്ലോ..."

അവൾ നഷ്ടബോധത്തോടെ പറഞ്ഞു.

"ആ...കൊള്ളാം... നിന്നോടൊരുത്തൻ ഇഷ്ടമാന്ന് പറഞ്ഞതിന് നീ അവന്റെ കരണം അടിച്ചുപൊളിക്കുന്നത് ഞാൻ കണ്ടതല്ലേ..."

ഞാനവളെ സൂക്ഷിച്ചുനോക്കിക്കൊണ്ട് പറഞ്ഞു.

"അയ്യോ... അതും കണ്ടോ..? ശ്ശേ..."

അവളുടെ മുഖം ചുളിഞ്ഞു.

"ങും കണ്ടു..."

"അതുപിന്നെ അയാളെന്റെ കയ്യിൽ കേറി പിടിച്ചിട്ടല്ലേ.. പോരാത്തേന് ജോലീം കൂലീമൊന്നുമില്ല... ചുമ്മാ ഇങ്ങനെ വായ്നോക്കി നടക്കുന്നവൻ. ഉത്തരവാദിത്തബോധമില്ലാത്ത അങ്ങേരെപ്പോലുള്ളവനെയൊക്കെ എങ്ങനെ പ്രേമിക്കാനാ..? കൂടുതൽ മുന്നോട്ട് പോകുന്നതിനുമുമ്പ് ഞാനതങ്ങ് അവസാനിപ്പിച്ചതാ..."

"ങും... എന്തായാലും അതുകൂടി കണ്ടപ്പോൾ ഞാനൊന്നൂടെ ഉറപ്പിച്ചു കെട്ടുവാണേൽ അത് നിന്നെ മാത്രമായിരിക്കുമെന്ന്..."

"ങേ... ഇഷ്ടം പറയാൻ പേടിയുള്ളയാൾക്ക് ഞാനൊരാളെ തല്ലുന്ന കണ്ടിട്ടും എന്നെ മതിയെന്നോ... കൊള്ളാല്ലോ..."

"നീ അവനെ തല്ലിയതിന്റെ കാരണമെനിക്ക് അറിയാരുന്നു. എനിക്കും അന്ന് നല്ലൊരു ജോലി ഇല്ലായിരുന്നു. പിന്നെ അവന്റെ സ്വഭാവമൊന്നും അത്ര നല്ലതൊന്നുമല്ലായിരുന്നു..."

"അതൊക്കെ വിട്... അന്ന് ബൈക്ക് കേടായപ്പൊ എന്നെ കണ്ടിട്ട്... ബാക്കി പറ... "

അവൾക്ക് കേൾക്കാൻ ധൃതിയായി.

                                            തുടരും...

കെട്ട്യോൾക്ക് സ്നേഹപൂർവ്വം...(ഭാഗം 4 അവസാനഭാഗം)
___________________________________

"പെട്ടെന്ന് നിന്നെ കണ്ടപ്പോൾ എനിക്ക് എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. ആ അമ്പരപ്പ് മാറിയപ്പോഴേക്കും നീ കുറച്ച് മുൻപിലെത്തിയിരുന്നു. ഞാൻ വേഗം ബൈക്ക് റോഡ്സൈഡിലേക്ക് ഒതുക്കിവച്ചു. എന്നിട്ട് നിന്റെ പുറകെ വന്നു. നീ ബസ് കയറുവാൻ വേണ്ടി സ്റ്റോപ്പിലേക്കാണ് പോയത്. അല്പസമയത്തിനകം ബസ് വന്നു. നീ അതിൽ കയറി. കൂടെ ഞാനും. അപ്പോൾ നിന്റെ വീട് എവിടെയാണന്നറിയണമെന്നുള്ള ചിന്ത ആയിരുന്നു."

"എന്നിട്ട്..?"

"നിന്റെ സ്റ്റോപ്പെത്തിയപ്പോൾ നീയിറങ്ങി. നിന്റെ കൂടെ കൂട്ടുകാരികളുണ്ടായിരുന്നു. നീ അവരുമായി കലപിലാ വർത്തമാനം പറഞ്ഞു നടക്കുവാരുന്നു. കുറച്ചകലത്തിൽ ഞാൻ പുറകെയും. നീ കൂട്ടുകാരോട് യാത്ര പറഞ്ഞിട്ട് നിന്റെ വീട്ടിലേക്ക് കയറി. അന്ന് നിന്നെ നോക്കി നിന്റെ അമ്മ വീട്ടുമുറ്റത്ത് തന്നെയുണ്ടായിരുന്നു. അമ്മയുടെ കയ്യിൽ ബാഗ് കൊടുത്തിട്ട് നീ അമ്മയുടെ തോളിൽ കയ്യിട്ട് അകത്തേക്ക് കയറി. പിന്നെ അവിടെ നിന്നിട്ട് കാര്യമില്ലാത്തതിനാൽ ഞാൻ തിരിച്ചുപോന്നു."

"അപ്പോ അന്ന് തന്നെ വീട് കണ്ടുപിടിച്ചു അല്ലേ..?"

"ഹം... പിന്നെ കുറെ നാൾ ഞാൻ നിന്റെ പിറകെ തന്നെയുണ്ടായിരുന്നു. അങ്ങനെയൊരു ദിവസമാ നീ അവനെ തല്ലുന്നത് കണ്ടത്."

"എന്റെ പുറകെ നടന്നതൊക്കെ പറഞ്ഞത് മതി... എങ്ങനാ എന്നെ കല്യാണം ആലോചിച്ചത്... അതു പറ..."

"നീ അവനെ തല്ലിയതിന്റെ പ്രധാന കാരണം അവൻ ജോലിക്കൊന്നും പോകാതെ ചുമ്മാ കറങ്ങിനടക്കുന്നകൊണ്ടല്ലേ..?"

ഞാനവളെ നോക്കി ചോദിച്ചു.

അവൾ തലയാട്ടി.

"അത് കണ്ടപ്പോൾ ഞാൻ തീരുമാനിച്ചു നിന്നോട് ഇനി പറയുന്നില്ല, അല്ലാതെ തന്നെ  നിന്നെ സ്വന്തമാക്കാമെന്ന്..."

"അതെങ്ങനെ..?"

"ഞാൻ നിന്റെ നാട്ടിലെ ഒരു ബ്രോക്കർ വഴി നിന്നെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും സംഘടിപ്പിച്ചു. നിന്റെ ചേച്ചീടെ വിവാഹം രണ്ട് വർഷം കഴിഞ്ഞ് നടക്കുന്ന രീതിയിൽ ഉറപ്പിച്ചു വച്ചിരിക്കുകയാണെന്നും നിനക്ക് പിജി കൂടെ ചെയ്യണമെന്ന ആഗ്രഹമുള്ളതുകൊണ്ട് തൽക്കാലം നിനക്ക് വിവാഹം ആലോചിക്കുന്നില്ലെന്നും അയാൾ പറഞ്ഞു."

"ഓഹോ... അപ്പോൾ കുറച്ച് കഷ്ടപ്പെട്ടു അല്ലേ... എന്നെക്കുറിച്ചറിയാൻ..."

"നിന്നെക്കുറിച്ചറിയാൻ അത്ര കഷ്ടപ്പെട്ടില്ല... പക്ഷേ അതിനുശേഷം നല്ലതുപോലെ കഷ്ടപ്പെട്ടു."

"ങേ... അതെന്തിനാ..?"

"നിന്റെ വീട്ടിൽ വന്ന് പെണ്ണുചോദിക്കണമെങ്കിൽ എനിക്ക് ഒരു ജോലിയെങ്കിലും വേണ്ടേ... അതിനുവേണ്ടിയുള്ള അലച്ചിലായിരുന്നു പിന്നെയുള്ള ദിവസങ്ങൾ... എത്ര ഇന്റർവ്യൂ അറ്റൻഡ് ചെയ്തെന്നും എത്ര ടെസ്റ്റ് എഴുതിയെന്നും എനിക്കിപ്പോഴും അറിയില്ല... ജോലി കിട്ടില്ലെന്നുവരെ തോന്നിയ സമയമുണ്ട്. അലഞ്ഞ് മടുക്കുമ്പോഴൊക്കെ നിന്റെ മുഖമായിരുന്നു ആശ്വാസം. പിജി ചെയ്തതിനുശേഷമേ നിനക്ക് കല്യാണം ആലോചിക്കുകയുള്ളൂ എന്നതും ഒരു സമാധാനമായിരുന്നു."

"പിന്നെയെപ്പോഴാ ജോലി കിട്ടിയത്..?"

"ഏകദേശം നാലഞ്ച് മാസത്തോളം ജോലിക്കായി ഞാനലഞ്ഞു. ഒരു ദിവസം വീട്ടിലൊരു ലെറ്ററെത്തി. ഞാൻ നേരത്തേ പങ്കെടുത്ത ഒരു ഇന്റർവ്യൂവിൽ ഞാൻ പാസായി എന്നും അടുത്ത ദിവസം തന്നെ ജോലിക്ക് കയറുവാനുമുള്ള അറിയിപ്പായിരുന്നു അത്. അന്നത്തെ ദിവസം ഞാൻ ഒരിക്കലും മറക്കില്ല. അത്രയ്ക്ക് സന്തോഷമായിരുന്നു അന്ന്."

"ങും... അപ്പോൾ ഇച്ചായന് ജോലി കിട്ടാൻ കാരണം ഞാനായിരുന്നല്ലേ..."

ഞാൻ ചിരിച്ചതേയുള്ളൂ. അവൾ പറഞ്ഞതായിരുന്നു സത്യം. അവൾ കാരണമാണ് ഞാനിപ്പോൾ ഈ ജോലി ചെയ്യുന്നത്.

"ങാ... എന്നിട്ട്... ബാക്കി പറ..."

അവൾ ധൃതി കൂട്ടി.

"നിന്റെ ചേച്ചീടെ വിവാഹം കഴിയുന്നതുവരെ ഞാൻ കാത്തിരുന്നു. അതിനുശേഷം ഞാൻ ആ ബ്രോക്കറെത്തന്നെ കണ്ട് നിന്റെ കാര്യം എന്റെ വീട്ടിൽ ഒരു സാധാരണ കല്യാണാലോചനയായി കൊണ്ടുവരാൻ ഏർപ്പാട് ചെയ്തു."

"എടാ ഇച്ചായാ..."

അവൾ മൂക്കത്ത് വിരൽ വച്ചു.

"ഇത്രയ്ക്ക് കുരുട്ടുബുദ്ധി ആയിരുന്നോ... നേരെ ചൊവ്വേ എന്റെ കാര്യം വീട്ടിലങ്ങ് പറഞ്ഞാ പോരായിരുന്നോ..?"

"എങ്കിൽ കല്യാണത്തിനുമുമ്പേ എന്റെ മരണം നടന്നേനേ..."

"അതെങ്ങനെ..."

"ഇവിടെ അപ്പനും അമ്മേം പ്രേമവിവാഹത്തിന് എതിരാ... അതിന്റെ കഥ ഞാൻ പിന്നെ നിനക്ക് പറഞ്ഞുതരാം. ഞാൻ നിന്റെ കാര്യം നേരെയങ്ങ് പറഞ്ഞാൽ അപ്പനെന്നെ തല്ലിക്കൊല്ലും. അതിനാണ് അങ്ങനൊരു പരിപാടി ചെയ്തത്..."

"ങും... ഭയങ്കരൻ തന്നാ... ആ എന്നിട്ട് കാര്യം ഇവിടെ പറഞ്ഞിട്ട്..."

"നമ്മുടെ ഭാഗ്യമാണോ എന്തോ... നിന്റെ ഫോട്ടോ കണ്ടപ്പോൾത്തന്നെ അപ്പനും അമ്മയ്ക്കും ഇഷ്ടമായി. നീ വീട്ടിലില്ലാത്ത ഒരു ദിവസം അവർ വീട്ടിൽ വന്ന് നിന്റെ വീട്ടുകാരുമായി സംസാരിച്ചു. അവർക്കും എതിർപ്പൊന്നുമില്ലാത്തകൊണ്ട് അതങ്ങ് ഉറപ്പിച്ചു. അതിനുശേഷമാണ് പെണ്ണുകാണൽ ചടങ്ങൊക്കെ നടന്നത്."

"അതൊക്കെ ശരി... എന്നെ അഞ്ചുവർഷമായിട്ട് മനസിൽ കൊണ്ടുനടക്കുന്ന ആളെന്താ കല്യാണം കഴിഞ്ഞ് ഇത്രേം ദിവസമായിട്ടും എന്നോടൊന്ന് മിണ്ടാഞ്ഞത്... ആദ്യരാത്രി എന്തൊക്കെ പ്രതീക്ഷേമായിട്ടാ ഞാൻ മുറിയിലോട്ട് വന്നത്... അന്ന് ഞാൻ വരുന്നേനു മുന്നേ മൂടിപ്പുതച്ച് ഒറങ്ങിക്കളഞ്ഞല്ലോ..."

"എനിക്ക് നിന്നെ അറിയാമെങ്കിലും നിനക്ക് എന്നെ അറിയില്ലായിരുന്നല്ലോ... കൂടാതെ വേറൊരു വീട്ടിലേക്കുള്ള മാറ്റം. നീ ഇവിടുത്തെ അന്തരീക്ഷമായിട്ട് ഒന്ന് പൊരുത്തപ്പെട്ടിട്ട് പതിയെ പറയാമെന്നു കരുതി..."

"ഓ പിന്നെ... ഇനിയിപ്പോ അങ്ങനെ പറ... ഞാനിവിടെ നിന്ന് പറഞ്ഞതൊക്കെ ഇച്ചായൻ കേട്ടില്ലായിരുന്നെങ്കിലോ... "

"നീ ഇന്ന് ഒന്നും പറഞ്ഞില്ലായിരുന്നെങ്കിലും ഞാൻ ഇതൊക്കെ നിന്നോടിന്ന് പറയുമായിരുന്നു. അപ്പനും അമ്മേം ഇന്ന് ദൈവവിളി വന്നപ്പോ മോളേക്കാണാൻ വേണ്ടി പോയതാണെന്നാണോ നിന്റെ വിചാരം..?"

ഞാനവളോട് ചോദിച്ചു.

"ങേ... അപ്പോ അവർ തനിയെ പോയതല്ലേ..?"

അവളുടെ മുഖത്ത് ആശ്ചര്യം.

"ങൂഹൂം... ഞാൻ പറഞ്ഞുവിട്ടതാ... എന്തിനാന്നറിയാവോ..."

ഞാനവളുടെ മുഖത്തേക്ക് നോക്കി.

അവൾ ചോദ്യഭാവത്തിൽ എന്നെ നോക്കി.

"മുടങ്ങിപ്പോയ നമ്മുടെ ആദ്യരാത്രി ആഘോഷിക്കാൻ..."

അവളുടെ മുഖത്ത് നാണം ഇരച്ചുകയറുന്നത് ഞാൻ കണ്ടു.

"പോ ഇച്ചായാ..."

ഒരു കൊഞ്ചലോടെ അവൾ എന്റെ നെഞ്ചിലേക്ക് വീണു. പുറത്തൂടെ കൈചുറ്റി ഞാനവളെ കെട്ടിപ്പിടിച്ചു.

                                   അവസാനിച്ചു.

                                   സോണിച്ചൻ

                

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്