#kissakal

മാസമുറ വരുന്നില്ലെന്നുള്ള പരാതിയുമായി ആണ് പതിനേഴു വയസുകാരി ആയ അവളെയും കൂട്ടി അമ്മ എന്റെ സീനിയർ ഡോക്ടറെ കാണാൻ വന്നത്

കാണാൻ സുന്ദരി,  മെല്ലിച്ചിരിക്കുന്നത് കൊണ്ടാവും മാസമുറ വൈകുന്നത് എന്ന് ധരിച്ചു ഇരിക്കുകയായിരുന്നു അമ്മ

പിന്നീട് നടന്ന പരിശോധനകളിൽ അവളുടെ ഗർഭപാത്രത്തിനു വളർച്ച ഇല്ലെന്നും,  അവൾക്കൊരിക്കലും മാസമുറ വരില്ലെന്നും, ഒരമ്മയാകാൻ ഒരിക്കലും സാധിക്കില്ലെന്നും മനസിലായി

വിഷമത്തോടെ ആണെങ്കിലും,  ആ വിവരം അവളെയും അമ്മയെയും അറിയിക്കുമ്പോൾ ആ അമ്മ അവളെ ചേർത്ത് പിടിച്ചു ആർത്തലച്ചു കരഞ്ഞു

അവളാകട്ടെ അവൾക്കു സംഭവിച്ചതിനേക്കാൾ, അമ്മ കരയുന്നത് കണ്ടതിൽ ഉണ്ടായ വിഷമത്തോടെ അമ്മയെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു

എങ്കിലും ആ വലിയ കണ്ണുകൾ മനസ്സിൽ കിടന്നിരുന്നു. വർഷങ്ങൾക്കു ശേഷം  അവളാണ്  മൂന്നാലു വയസു പ്രായം വരുന്ന ഒരാൺ കുട്ടിയെ തോളിൽ ഇട്ടു കൊണ്ട് കരഞ്ഞു കൊണ്ടോടി വന്നെന്റെ മുൻപിൽ നില്കുന്നത്

കുഞ്ഞിന് പനി വന്നു ജെന്നി വന്നതാണ്.  അവളുടെ പിന്നാലെ അഞ്ചാറു വയസുള്ള ഒരു പെൺകുട്ടിയും ഉണ്ടായിരുന്നു.

ഒന്നും ചോദിക്കാൻ നില്കാതെ കുഞ്ഞിന് വേണ്ട ചികിത്സ നൽകി, തുടർ ചികിത്സക്കായി അഡ്മിറ്റ്‌ ചെയ്യുമ്പോൾ  മനസ്സിൽ കരുതിയിരുന്നു,  അവളോട്‌ പിന്നീട് വിശേഷങ്ങൾ ചോദിക്കണം എന്ന്

രണ്ടു നാൾ കഴിഞ്ഞു ഡിസ്ചാർജ് ചെയ്യുന്നു എന്നറിയിക്കുമ്പോൾ, " എന്തേ കൂടെ ആരുമില്ലേ ? " ഈ കുഞ്ഞുങ്ങളുടെ അച്ഛൻ എവിടെ എന്ന എന്റെ ചോദ്യത്തിന് മറുപടി ആയി അവളൊന്നു പൊട്ടിക്കരഞ്ഞു

അവളെയും കൂട്ടി റൂമിലേക്ക്‌ നടന്ന ഞാൻ കുടിക്കാനായി വെള്ളവും നൽകി ഞാനവളെ പിടിച്ചു കസേരയിൽ ഇരുത്തി

കരച്ചിൽ ഒന്ന് അടങ്ങിയപ്പോൾ അവളെന്നോട് പറഞ്ഞു, " മാഡം എനിക്കൊരു  സഹായം ചെയ്യണം

ഞാൻ  ബിഎഡ് വരെ പഠിച്ചിട്ടുണ്ട് എനിക്കൊരു ജോലി ശരിയാക്കി തരാൻ സഹായിക്കണം.  എനിക്കാകെ ഈ കുഞ്ഞുങ്ങൾ മാത്രേ ഉള്ളൂ "!!!

എന്റെ മുഖത്തെ ചോദ്യഭാവം വായിച്ചറിഞ്ഞിട്ടാകണം. അവൾ അവളുടെ കഥ പറഞ്ഞു

"കുട്ടികൾ ഉണ്ടാകില്ലെന്ന് മനസിലായതോട് കൂടി നന്നായി പഠിച്ചു ഒരു ജോലി വാങ്ങണം എന്നത് മാത്രമായി ലക്ഷ്യം.

ആങ്ങളക്ക് കല്യാണപ്രായം ആയപ്പോൾ,  എങ്ങനെ എങ്കിലും എന്നെ ആരുടെ എങ്കിലും തലയിൽ കെട്ടി വെക്കാൻ ഉള്ള ശ്രമം ആയി

അങ്ങനെ ആണ്   കല്യാണം കഴിഞ്ഞു രണ്ടു കുട്ടികൾ ഉള്ള ശരത്തിന്റെ കല്യാണാലോചന വരുന്നത്. 

പെണ്ണ് കാണാൻ വന്നപ്പോഴേ, ശരത്തിന്റെ അമ്മക്കൊപ്പം വന്ന രണ്ടു ഓമന കുഞ്ഞുങ്ങളിൽ ആയിരുന്നു എന്റെ കണ്ണുകൾ

ശരത്തിന്റെ രണ്ടാം വിവാഹം ആയിരുന്നെങ്കിലും, ആർഭാടമായി തന്നെ കല്യാണം നടത്തി വിട്ടു എന്റെ അച്ഛൻ

കല്യാണത്തിന് ശേഷം ആണ്,  ശരത്തേട്ടന്റെ ആദ്യം ഭാര്യ, ആക്സിഡന്റിൽ മരിച്ചതല്ല,  ആത്മഹത്യ ചെയ്തതാണ് എന്ന് ആ വീട്ടിലെ പ്രായമായ ഒരു വേലക്കാരി രഹസ്യമായി എന്നോട് പറഞ്ഞതു

ആരോടും ഒന്നും ചോദിക്കരുത്,  അവരുടെ ഒള്ള ജോലി പോകും എന്നും, ആ പെൺകൊച്ചു സ്നേഹിച്ചു കൂടെ ഇറങ്ങി പോന്നതാ ശരത്തിന്റെ കൂടെയെന്നും,  അത് കൊണ്ട് ഈ പിള്ളേരെ പോലും അതിന്റെ വീട്ടുകാർക്ക് വേണ്ട !! എന്നും

രണ്ടാഴ്ചക്കു ശേഷം ശരത്തിനൊപ്പം,  ഗുജറാത്തിലേക്കു പോകുമ്പോൾ കുഞ്ഞുങ്ങളെ കൂടെ കൂട്ടണം എന്നത് എന്റെ നിർബന്ധം ആയിരുന്നു

അവിടെ ചെന്നു കഴിഞ്ഞായിരുന്നു ശരത്തിന്റെ യഥാർത്ഥ സ്വഭാവം എനിക്ക് മനസിലായത്.

രാത്രി കാലങ്ങൾ, മുഴുവൻ എന്നെ മുട്ടിന്മേൽ നിർത്തുക,  സിഗരറ്റ് വെച്ച് കുത്തി പൊള്ളിക്കുമ്പോൾ എന്റെ നിലവിളി കേട്ടു അയാൾ ആർത്തു ചിരിച്ചു കൊണ്ടിരുന്നു

വീട്ടിലറിയിച്ചാൽ എന്നെ കൊന്നു കളയും എന്നായിരുന്നു ഭീഷണി!!

മക്കളുടെ ചിരി മാത്രം ആയിരുന്നു ഏക ആശ്വാസം. ആരുടേയും സ്നേഹം കിട്ടാതെ വളർന്ന അവരെന്നോട് പെട്ടെന്നിണങ്ങി.

ഒരു രാത്രിയിൽ, തോർത്ത്‌ നനച്ചു മുട്ടിൻ മേൽ നിർത്തി എന്നെ അടിച്ചു കൊണ്ടിരുന്നു...വേദന സഹിക്ക വയ്യാതെ ഞാൻ കുതറി എഴുന്നേറ്റു വാതിൽ തുറന്നു പുറത്തേക്കു കുതിച്ചു

എന്റെ പിന്നാലെ ഓടുന്നതിനിടയിൽ സാമാന്യം നന്നായി മദ്യപിച്ച അയാൾ കാല് തെറ്റി ഒൻപതാം നിലയിൽ നിന്നും താഴേക്കു വീണു അപ്പോൾ തന്നെ മരിച്ചു

എന്നെയും ഈ കുഞ്ഞുങ്ങളെയും ഇപ്പോൾ ആർക്കും വേണ്ട. "!!! ശരത്തിന്റെ വീട്ടുകാർക്ക് എന്റെ ജാതകദോഷം കാരണം മകനെ കൊല്ലിച്ചവൾ ആണ് ഞാൻ

എന്നെയും മക്കളെയും കാണുന്നതേ ഏട്ടത്തിക്ക് ചതുർത്ഥിയും

ഞാൻ ചത്താൽ പിന്നെ ഇവർക്കാരും ഇല്ല ! ഇതുങ്ങളെ കൂടി കൊല്ലാൻ എനിക്ക് മനസ് വരുന്നില്ല

അവൾക്കൊരു ജോലി ഞങ്ങളുടെ സ്കൂളിൽ ശരിയാക്കി കൊടുക്കണം എന്ന് അച്ഛനോട് പറയണം,  എന്ന് മനസ്സിൽ വെച്ച് കൊണ്ട് അവളെ ആശ്വസിപ്പിച്ചു ആ കുഞ്ഞിന്റെ ബിൽ എന്റെ ശമ്പളത്തിൽ നിന്നും പിടിക്കാൻ എഴുതി കൊടുത്തു അവളെ പറഞ്ഞയച്ചു

ജോലി കിട്ടി, ആദ്യത്തെ ശമ്പളം കിട്ടിയപ്പോൾ അവൾ വീണ്ടും വന്നു. അവളുടെ മടിയിൽ ഇരുന്ന മൂന്ന് വയസുകാരൻ എനിക്ക് ചോക്ലറ്റ് പാക്കറ്റ് നീട്ടുമ്പോൾ അവൾ പറഞ്ഞു കൊണ്ടിരുന്നു...

എനിക്ക് ഇവരെ വളർത്തണം. ആർക്കും വേണ്ടാത്ത ഇവർക്ക് ഇനി ഞാനും, എനിക്ക്  ഇവരും മതി

അപ്പോൾ അവളുടെ കണ്ണിൽ പ്രതീക്ഷയുടെ തിരിനാളങ്ങൾ ഉണ്ടായിരുന്നു

(Aathira aathi )

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്