നിർവൃതി

നിർവൃതി

"ശാരദാ....."

ഉറക്കറയിൽ നിന്ന് അഭിലാഷിന്റെ വിളി വീണ്ടും മുഴങ്ങിയപ്പോൾ കിച്ചണിൽ പാത്രങ്ങൾ കൂട്ടിമുട്ടുന്ന ശബ്ദം നിലച്ചു..

കുളിച്ചു തോർത്തി,മുടി കെട്ടി വച്ച്,ഉടുത്തിരുന്ന സാരി മാറ്റി അലക്കിയ മാക്സി ധരിച്ച് അവൾ മെത്തയുടെ ഓരം ചേർന്ന് കിടന്നു.
ഉറങ്ങാൻ കിടക്കുമ്പോൾ തന്നെപ്പോലെ തന്റെ ഭാര്യയും കുളിച്ച് വൃത്തിയാവണമെന്ന് അയാൾ ആഗ്രഹിച്ചിരുന്നു.

"രാവിലെ മുതൽ വൈകും വരെ ഞാനൊരു യന്ത്രം പോലെ ജോലി ചെയ്താണ്  വരുന്നതെന്ന പരിഗണന തന്നു കൂടെ ശാരദാ... നിനക്ക്.. "

" അത് ഏട്ടാ.... "

"നിനക്കെന്താ ശാരദേ... ഇവിടെ ജോലി...?
ചുമ്മാ ഇരിക്കുകയല്ലേ... "

ശാരദ പറയാൻ തുടങ്ങുമ്പഴേക്കും അഭിലാഷ് അവൾക്കവസരം നൽകാതെ സംസാരിച്ചു കൊണ്ടിരുന്നു..
അത്മാർത്ഥതയുള്ള ഉദ്യോഗസ്ഥനാണ് അഭിലാഷ്..
തന്റെ ജോലി കൃത്യമായും കണിശമായും അയാൾ നിർവ്വഹിക്കുന്നു..
താൻ സമ്പാതിക്കുന്നതെന്തിനു വേണ്ടിയാണെന്നും. തന്റെ ജോലിയുടെ കഷ്ടപ്പാടുകളും,ടെൻഷനുകളും തന്റെ കുടുംബത്തിന് ബോധ്യമാവണമെന്ന് അയാൾക്ക് നിർബദ്ധമുണ്ടായിരുന്നു..
അതിന്റെ പരിഗണന തനിക്കെപ്പോഴും ലഭിക്കണമെന്ന് അയാൾക്ക് ശാഠ്യമുണ്ടായിരുന്നു..

"നിങ്ങൾക്കു വേണ്ടിയാ ഞാനിങ്ങനെ കഷ്ട്ടപ്പെടുന്നത്. "
എന്ന് അയാൾ ഇടക്കിെടെ പറയാറുണ്ട്.
രാത്രി പഠിക്കാനിരിക്കുന്ന കുട്ടികളുടെ കൂടെ ഇരുന്ന്.
"അച്ഛൻ കഷ്ട്ടപ്പെട്ടു ജോലി ചെയ്താണ് നിങ്ങളെ പഠിപ്പിക്കുന്നത്..
അത് കൊണ്ട് നന്നായി പഠിച്ച് നല്ല മാർക്കോടെ പാസ്സാവണം.. "
എന്നയാൾ പറയാറുണ്ടായിരുന്നു.

അഭിലാഷ് കൈ നീട്ടി ടേബിൾലാമ്പ് ഓഫ് ചെയ്തു..
മുറിയാകെ ഇരുൾ നിറഞ്ഞു.
ഒരു കൊച്ചു മിന്നാമിനുങ്ങ് പൊൻവെട്ടം വിതറിക്കൊണ്ട് ചുമരിലിരുന്നു..
അയാൾ ഒരു കൈ കൊണ്ട് ഭാര്യയെ തന്നിലേക്കടുപ്പിച്ചു..

അയാൾക്കെന്നും ഒരു പുതപ്പായിരുന്നു ഭാര്യ..!
എയർകണ്ടീഷൻ ചെയ്ത മുറിയിലെ തണുപ്പിൽ ചുറ്റിവരിഞ്ഞ് കിടക്കുമ്പോൾ ഇളം ചൂടു പകരുന്ന ജീവനുള്ള പുതപ്പ്..,,

പച്ചപ്പുൽമേട്ടിൽ നിയന്ത്രണങ്ങളില്ലാതെ മേയുന്ന ആട്ടിൻ കുട്ടിയെ പോലെ അയാൾ ഭാര്യയുടെ നിശ്ചലദേഹത്ത്  ദീർഘനേരം മേഞ്ഞ് നടക്കും..
ഒടുക്കം അനർഘനിമിഷങ്ങൾ അയവിറക്കിക്കൊണ്ട് ആ പുൽമേട്ടിൽ തന്നെ അമർന്നു കിടക്കും..

രാത്രിയിലെപ്പോഴോ.. അഭിലാഷ് ഉണർന്നപ്പോൾ തന്റെ മെത്തയിൽ ശാരദയെ കാണാതെ അയാൾ ഞെട്ടി..
'എവിടെയാവും അവൾ..,,, '
അയാൾ ലൈറ്റോൺ  ചെയ്ത്  മെല്ലെ നടന്നു..
ചാരിയിട്ടിരിക്കുന്ന വാതിലിലൂടെ പുറത്തിറങ്ങി...

അടുക്കളയിൽ പ്രകാശം കാണുന്നുണ്ട്..
പാത്രങ്ങൾ കൂട്ടിമുട്ടുന്ന ശബ്ദവും കേൾക്കാം..
അയാൾ ശബ്ദമുണ്ടാക്കാതെ നടന്ന് അടുക്കളയുടെ വാതിൽപടിയിൽ ചാരി നിന്നു...

ശാരദ തളത്തിൽ കൂട്ടിയിട്ട പാത്രങ്ങൾ കഴുകുകയാണ്..
'ഇതൊന്നും കഴുകിക്കഴിഞ്ഞില്ലായിരുന്നോ.. '
കഴുകുന്നതിനിടെ ചട്ടിളോടും, പാത്രങ്ങളോടുമൊക്കെ അവൾ പരഭവം പറയുന്നുണ്ട്..
ഇടക്ക് ദേഷ്യത്തോടെ സംസാരിക്കുന്നുണ്ട്..

"ഇരുപത്തിനാല് മണിക്കൂർ എടുത്താലും തീരാത്ത ജോലിയാ.. ഇവിടെ..
എന്നാ ഇതൊക്കെ കാണാനോ.. കേൾക്കാനോ... ആരെങ്കിലുമുണ്ടോ...,,
അതും ഇല്ല.,,, "

തന്നോടിവൾ ഇത്ര വർഷമായിട്ടും ഇതൊന്നും പറഞ്ഞിട്ടില്ല..
പറയാൻ താൻ അവസരം കൊടുക്കാറില്ലായിരുന്നു. എന്നതാണു വാസ്തവം..
'അപ്പോ.. ശാരദ കുളിച്ചു മാറ്റി വന്നത് തനിക്ക് വേണ്ടി മാത്രമായിരുന്നോ...'
അഭിലാഷ് ഒച്ച വക്കാതെ അവിടെ തന്നെ നിന്നു...
നാല് ചുമരുകൾക്കുള്ളിൽ ഒതുങ്ങിപ്പോയ പരാതികളും പരിഭവങ്ങളും അവൾ തനിയെ പറഞ്ഞ് ആശ്വാസം കണ്ടെത്താൻ ശ്രമിക്കുകയാണ്..

ശാരദ പാത്രങ്ങൾ കഴുകി അടുക്കി വച്ചു..
രാവിലെ കറി വയ്ക്കാനുള്ള കടലയെടുത്ത് വെള്ളത്തിൽ കുതിരാനിട്ടു..
ശേഷം ഒരു പ്ലെയ്റ്റെടുത്ത് അൽപ്പം ചോറു വിളമ്പി കഴിക്കാൻ തുടങ്ങി...

'ഇവൾ കഴിച്ചില്ലായിരുന്നോ...,,'
പാവം,,സമയം കിട്ടിക്കാണില്ല..
സമയമാവുമ്പോൾ കൈകൾ കഴുകി ടേബിളിനു ചാരെ ഇരിക്കുന്ന താൻ അവളെ കൂടെ ഇരുത്താറില്ല..
അവൾ കഴിച്ചോ.. എന്ന് അന്വേശിക്കാറുമില്ല..
എന്നാലും ഇത്രയൊക്കെ ജോലികൾ ഉണ്ടായിരുന്നല്ലോ... ഇവിടെ..

കഴിച്ച് കഴിഞ്ഞ് വെള്ളം കുടിച്ച് ശാരദ എഴുന്നേറ്റു..
'ഹോ...,, എന്തൊരു വിശപ്പായിരുന്നു.. '
അവൾ ആത്മഗതം പറഞ്ഞു..
ഈ വിശപ്പൊക്കെ സഹിച്ചായിരുന്നോ.. അവൾ തന്നെ മെത്തയിൽ തൃപ്തിപ്പെടുത്തിയത്..!

ശാരദ തിരിച്ച് നടക്കുകയാണെന്ന് കണ്ടപ്പോൾ അഭിലാഷ് പെട്ടെന്ന് റൂമിലേക്ക് പോയി..
ഒന്നും അറിയാത്ത പോലെ കിടന്നു..
അവൾ വന്ന് കിടന്ന പാടെ ഉറങ്ങി..

പാവം... ഒത്തിരി ക്ഷീണം കാണും..
തന്റെ ജോലിയെ പറ്റിയും, പ്രവർത്തനങ്ങളെ പറ്റിയും അഭിമാനം നടിക്കാറുണ്ടായിരുന്ന താൻ ഒരിക്കലും അവളെ മനസ്സിലാക്കാൻ ശ്രമിച്ചില്ലല്ലോ...
എത്ര ക്രൂരനാണു താൻ..
അധികദിവസങ്ങളിലും ഒരു പക്ഷേ ഇതു പോലെത്തന്നെയായിരിക്കാം..
താനിത്ര സ്വാർത്ഥനായത് എന്നായിരുന്നു...
എവിടെയാ.. പിഴച്ചത്..,,
ഓരോന്നാലോചിച്ച് അയാളും ഉറങ്ങി...

വെളുപ്പിന് ആറു മണിക്ക് അലാറം മുഴങ്ങിയപ്പോൾ എന്നത്തേയും പോലെ അഭിലാഷ് ശരീരത്തിൽ നിന്നും നീങ്ങിയ കമ്പിളി വലിച്ച് പുതച്ച് വീണ്ടും ഉറങ്ങാൻ ശ്രമിച്ചില്ല..
അയാൾ ശാരദയുടെ പിന്നാലെ എഴുന്നേറ്റു..
പല്ലു തേച്ച്,കുളിച്ച് വരുന്ന അഭിലാഷിനെ അവൾ അത്ഭുതത്തോടെ നോക്കി..

ശാരദ ചലിച്ചു കൊണ്ടേയിരിക്കുകയാണ്..
അടുപ്പിൽ ചായക്ക് വെള്ളം വച്ചു, ചൂലെടുത്ത് മുറ്റമടിച്ചു,
ചപ്പാത്തിക്ക് പൊടി കുതിർത്തു,കട്ടൻചായ പകർന്ന് അച്ഛനും അമ്മക്കും കൊടുത്തു..,
കടല കറി വക്കാൻ തുടങ്ങി, കുട്ടികൾക്ക് സ്കൂളിലേക്ക് വേണ്ട ചോറിന് അരിയിട്ടു..

അഭിലാഷ് അത്ഭുതപ്പെട്ടു.,,
എത്ര ജോലികളാണ് ശാരദ വേഗത്തിൽ ചെയ്യുന്നത്..!
"അവൾക്ക് ആയിരം കരങ്ങളുള്ള പോലെ."

തേങ്ങ പൊതിക്കാനും, ചിരവാനും ചപ്പാത്തി ചുട്ടെടുക്കാനുമെല്ലാം അഭിലാഷ് സഹായിച്ചു.. അയാൾക്ക് നല്ല സന്തോഷം തോന്നി..
ഹൃദയത്തിലൊരു അപരിചിതമായ തണുപ്പ് അനുഭവിക്കുന്ന പോലെ..
സമയം എട്ടു മണി ആവാറായി..
ശാരദ ഒന്നു നെടുവീർപ്പിട്ടു..
ചിരിച്ചു കൊണ്ട് അഭിലാഷിനെ നോക്കി.

" ഏട്ടൻ സഹായിച്ചതോണ്ട്
ഇന്ന് കുറേ ജോലികൾ നേരത്തെ കഴിഞ്ഞു. "

അഭിലാഷ് ഇമ വെട്ടാതെ ശാരദയെ നോക്കി..
അവളുടെ ചുണ്ടിൽ മനോഹരമായൊരു പുഞ്ചിരി വിരിഞ്ഞിരുന്നു..
അയാൾ മെല്ലെ അവളെ ചേർത്തു പിടിച്ചു..

"ഇനീം ഉണ്ട് ഏട്ടാ...
കുട്ടികളെ സ്കൂളിലയക്കണം,
അവർക്കു ഭക്ഷണം പാത്രത്തിലാക്കണം,
ഡ്രസ്സുകൾ അയൺ ചെയ്യണം....
പിന്നെ ഏട്ടന് ഓഫീസിൽ പോവണ്ടേ.."

" എന്നോട് പൊറുക്കില്ലേ ശാരദേ..
ഞാൻ നിന്നെ മനസ്സിലാക്കാൻ ശ്രമിച്ചില്ല..
ഇനി ഞാനീ കണ്ണുകൾ നിറക്കില്ല..."

അവൻ അവളുടെ കവിളിൽ മൃദുവായി ചുംബിച്ചു..

"ശ്ശോ.... എന്താ ഏട്ടാ ഇത്..
കുട്ടികൾ കാണും.. ''

നാണത്താൽ ചുവന്നു തുടുത്ത കവിളുകളോടെ ശാരദ സ്നേഹത്തോടെ കുതറി മാറി...

ആ ചുംബനത്തിൽ അയാളുടെ ഹൃദയം അനിർവ്വചിനീയമായ അനുഭൂതിയാൽ പൂത്തുലഞ്ഞിരുന്നു അപ്പോൾ..

അത്രയും കാലങ്ങളായിട്ട് അയാൾക്കു ലഭിക്കാത്ത നിർവൃതി മനസ്സിൽ നിറഞ്ഞു നിന്നിരുന്നു..

"ഹൃദയത്തെ ഹൃദയം കൊണ്ട് ചുംബിച്ച നിർവൃതി... "

* * *

സൈനു ഓമി.

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്