#kissakal

കണ്ണാടിയിൽ കാണുന്നത് ഞാൻ തന്നെ ആണോ ? എനിക്ക് വീണ്ടും വീണ്ടും നോക്കിയിട്ടും ഒരു വിശ്വാസ കുറവ് പോലെ. കാണുമ്പോൾ അഭി ഞെട്ടും എന്നുറപ്പു

ഡിവോഴ്സ് ആവശ്യപ്പെട്ടിരിക്കുകയാണ് അവൾ !!ഒരിക്കൽ കൂടി അതിനു മുൻപ് നേരിട്ട് കാണണം എന്നു കാല് പിടിച്ചു പറഞ്ഞത് കൊണ്ട് കാണാം എന്നു സമ്മതിച്ചിരിക്കുകയാണ്

ഫ്ലൈറ്റിൽ ഇരിക്കുമ്പോൾ സമയം പോകുന്നില്ല  എന്ന് തോന്നിയിരുന്നു

തല മൊട്ടയായിരിക്കുന്നു.കണ്ണ് കുഴിഞ്ഞിരിക്കുന്നു.മുഖം കറുത്ത് പോയിരിക്കുന്നു. താടിയിലെ രോമങ്ങളിൽ അങ്ങിങ്ങു വെള്ളി തെളിയുന്നു

കീമോ തെറാപ്പിയുടെ ശേഷിപ്പുകൾ,  കൂടാതെ മുപ്പത്താറു മണിക്കൂർ നീണ്ട യാത്രയുടെ ക്ഷീണം വേറെയും

പേഴ്‌സ് തുറന്നു അഭിയുടെയും എന്റെയും കല്യാണ ഫോട്ടോയിലേക്കു നോക്കി. അഭി ഇഷ്ടപ്പെട്ടു കൂടെ വന്ന എന്റെ നിഴൽ പോലും ഇല്ല

അഭിയുടെ മുഖത്ത് എപ്പോഴും കുറുമ്പും കുട്ടിത്തവും ആണ്.ചെറിയ കാര്യം മതി മൂക്കു വിറക്കാനും മുഖം ചുവക്കാനും

ആറടി പൊക്കവും, എൺപതു കിലോയും ഉള്ള  മസിൽ മാൻ ആയ എന്റെ കൂടെ അൻപതു കിലോയും അഞ്ചടി പൊക്കവും ഉള്ള അഭിയെ കാണുമ്പോഴേ സുഹൃത്തുക്കൾ ചിരി തുടങ്ങും, ഒന്നും പൂജ്യവും വരുന്നുണ്ട് !

എന്താ ഇത്ര ചിരിക്കാൻ ? ഐ  ആം നോട് ദാറ്റ് ഷോർട് !!! എന്നു അഭി,   ചുവന്ന  മുഖം വെട്ടി തിരിക്കുമ്പോൾ എനിക്കും ചിരി പൊട്ടും

അഭിക്ക് അല്ലെങ്കിലും വാശി കൂടുതൽ ആണ്.  എന്നാൽ സ്നേഹിക്കുന്നവർക്ക് വേണ്ടി മരിക്കും. മെഡിക്കൽ കോളേജിൽ അതേ വാശിയോടെ ആണെന്റെ പിന്നാലേ അവൾ നടന്നതും

വലിയ വീട്ടിലെ കുട്ടിക്ക് തോന്നുന്ന വെറും ആകർഷണം മാത്രം ആണെന്ന് പറഞ്ഞു തിരുത്താൻ ശ്രമിച്ചത് വെറുതെ ആയി

അവളുടെ വീട്ടിൽ സമ്മതിക്കില്ല, ഞാനൊരു സാധാരണ സ്കൂൾ മാഷിന്റെ മകൻ ആണെന്ന് പറഞ്ഞു ഒഴിയാൻ ശ്രമിച്ചു

"എന്റെ മമ്മിയെ ഡാഡി പ്രേമിച്ചു കെട്ടിയതാണ്,  ഡാഡി സാധാരണ ഫാമിലി ആയിരുന്നു,  മമ്മീടെ വീട്ടുകാർ ആണ് പണക്കാർ " എന്നവൾ ആ വാദവും പൊളിച്ചു

അത് കൊണ്ടാണല്ലോ പട്ടാളത്തിൽ കേണൽ ആയിരുന്ന അച്ഛൻ അവളുടെ വീട്ടിൽ പെണ്ണ് ചോദിക്കാൻ ചെന്ന എന്റെ അച്ഛനോട് എന്റെ മകളെ വെടി വെച്ചു കൊന്നാലും വെറും മാഷായ നിങ്ങളുടെ മകന് തരില്ല എന്നു പറഞ്ഞ ഉടൻ

അകത്തേക്ക് ചാടി തുള്ളി പോയതും,  ഒരു ചെറിയ ബാഗിൽ എന്തൊക്കെയോ വാരി നിറച്ചു "ഡാഡിക്ക് വെടി വെച്ചു കൊല്ലാൻ നിന്നു തരാൻ എനിക്ക് മനസില്ല "

അന്തം വിട്ടു നിന്ന അച്ഛനോട് "അച്ഛാ ഞാൻ പോരുവാ നിങ്ങളുടെ കൂടെ "

ഡാഡി പണ്ട് മമ്മിയെ പ്രേമിച്ചു കെട്ടിയതിനു മാത്രം ഒരു കുഴപ്പവും ഇല്ല !!!എന്നു പിറുപിറുത്തു കൊണ്ട് വണ്ടിയുടെ താക്കോൽ എന്റെ പോക്കറ്റിൽ നിന്നു വലിച്ചെടുത്തു ഡ്രൈവിംഗ് സീറ്റിലേക്ക് കയറി

അവളുടെ സ്വഭാവം ശരിക്കു അറിയുന്ന കൊണ്ട് അച്ഛനെയും ഉന്തി തള്ളി ഞാനും

അന്ന് മുതൽ അവളോട്‌ പിണങ്ങിയിട്ടും ഇല്ല, കരയിപ്പിച്ചിട്ടും ഇല്ല. അവളും അങ്ങനെ തന്നെ ആയിരുന്നു

ഒരിക്കൽ ബുള്ളറ്റിൽ നിന്നും ഒന്ന് വീണു കുറച്ചു തൊലി പോയതിനു ഭൂമി കുലുക്കിയവളാണ്. അന്ന് മുതൽ ബുള്ളറ്റിൽ തൊടാൻ അവൾ സമ്മതിച്ചിട്ടില്ല

നാലു മാസം ആകുന്നു അവളെയും മോളെയും കണ്ടിട്ട്.അവരെ കാണാതെയും മിണ്ടാതെയും എങ്ങനെ ജീവിച്ചു എന്നറിഞ്ഞു കൂടാ.അരുണിന്റെ ഭാര്യ വഴി  അവളുടെ കാര്യങ്ങൾ അറിഞ്ഞു പോന്നു.

കുഞ്ഞ് ഉറങ്ങിയതിനു ശേഷം വായിൽ പുതപ്പിന്റെ ഒരറ്റം കടിച്ചു പിടിച്ചു കരയുന്ന അവളെ ഓർത്തപ്പോൾ വിളിക്കാൻ ഉള്ളു പിടച്ചു

മോൾക്ക് രണ്ടര വയസായി ഇത് വരെയും അവളുടെ അച്ഛനോ അമ്മയോ വന്നിട്ടില്ല

അതിന്റെ വിഷമം ശരിക്കും ഉണ്ടെങ്കിലും ഡാഡി ഫോണിൽ എങ്കിലും വിളിക്കാതെ പോകില്ലെന്ന വാശിയിൽ ആണ് മകൾ

ഒന്ന് രണ്ട് തവണ അവളെ നിർബന്ധിച്ചു കൊണ്ട് പോകാൻ ഞാനും ശ്രമിച്ചു. വാശിക്ക് ഒരു കുറവും ഇല്ല

പക്ഷേ വെറും നാട്ടിൻ പുറത്ത്കാരായ അച്ഛനെയും അമ്മയെയും അവൾക്കു ജീവൻ ആണ്

ആറു മാസം മുൻപാണ് കഴുത്തിൽ വന്ന ചെറിയൊരു മുഴ സംശയം തോന്നി ബയോപ്സിക് അയക്കുമ്പോൾ ഓൺകോളജിസ്റ്റ്  ചെറിയാൻ സറിനോട് പ്രത്യേകം പറഞ്ഞിരുന്നു

റിസൾട്ട്‌ എന്ത് തന്നെ ആണെങ്കിലും ടെസ്റ്റ്‌ നടന്നത് പോലും അഭി അറിയരുത് എന്നു

ക്യാൻസറിന്റെ വേരോട്ടം ആണെന്ന് അറിഞ്ഞപ്പോൾ മരിക്കുന്നതിനേക്കാൾ പേടിയായതു അഭിയോട് പറയുന്നത് ഓർത്താണ്

പറയണം എന്നു കരുതി. പക്ഷേ ആ മുഖത്ത് നോക്കുമ്പോൾ ധൈര്യം ചോർന്നു പോകും. എനിക്കെന്തെങ്കിലും വന്നാൽ അവൾ സഹിക്കില്ല

ഞാൻ മരിച്ചു പോയാൽ അവളും എന്റെ കൂടെ എന്തെങ്കിലും ചെയ്തു കളയും. മോളുടെ മുഖത്തേക്ക് നോക്കുമ്പോൾ പ്രാണൻ പറിയുന്ന വേദന.സ്നേഹിച്ചു കൊതി തീർന്നിട്ടില്ല

അവളുടെ അച്ഛന്റെ കണ്ണീരാകാം

അത്  കൊണ്ട് തന്നെ വീട്ടിൽ വരുന്നത് മനഃപൂർവം വൈകിച്ചു തുടങ്ങി. അമേരിക്കയിൽ ട്രീട്മെന്റിന് പോകാൻ ഉള്ള ഏർപ്പാടുകൾ രഹസ്യമായി  ചെയ്തു. ഉറ്റ സുഹൃത്തായ അരുൺ കൂടെ വരാൻ സമ്മതിച്ചു

എന്റെ മാറ്റം അഭി അറിയുന്നുണ്ടായിരുന്നു. എന്റെ ആലോചനയും രാത്രി വൈകി ഉള്ള ഫോൺ വിളിയും അവൾ കണ്ടു പിടിച്ചു.

ആദ്യം കരഞ്ഞു, പിന്നെ അവൾക്കു  വാശി വന്നു. ഞാൻ പ്രതീക്ഷിച്ച പോലെ. ഞാൻ ആരോടും പറയാതെ അരുണിന്റെ ഒപ്പം ഫ്ലൈറ്റ് കയറി വന്നു കഴിഞ്ഞു അവൾ കണ്ടു പിടിച്ചു എന്റെ കൂടെ ഒരാൾ കൂടി ഉണ്ടായിരുന്നു എന്നു

കരഞ്ഞു കൊണ്ട് മോളെയും കൊണ്ട് പടിയിറങ്ങി പോയ അവളെ പറ്റി പറയുമ്പോൾ അമ്മ എന്നെ ശപിക്കുന്നുണ്ടായിരിക്കണം."നീയേത് പാപിയുടെ കൂടെ ഏത് പാതാളത്തിൽ ആണെടാ ??" എന്നു ചോദിക്കുമ്പോൾ അമ്മ കരയുന്നുണ്ടായിരുന്നു

കീമോ കഴിഞ്ഞു ഛർദിച്ചു തളർന്നു കിടക്കുമ്പോൾ ആണ് അവളെ ഏറ്റവും കൂടുതൽ അടുത്ത് വേണം എന്നു  ആഗ്രഹിച്ചത്

വിമാനത്താവളത്തിന്റെ അടുത്തുള്ള അരുണിന്റെ വീട്ടിലേക്കു അവളെയും കൊണ്ട്  ഡാഡി വരുമ്പോൾ ഞാൻ പുറത്തിറങ്ങി അക്ഷമനായി നിന്നു

കാർ നിന്നതും അവൾ സിറ്റ് ഔട്ടിലേക്കു പറന്നു കയറി

എന്റെ തോളിലേക്ക് പാഞ്ഞു കയറി എന്നെ അടിക്കുകയും മാന്തുകയും ചെയ്തു കൊണ്ട് എന്റെ നെഞ്ചിൽ തല ഇട്ടുരുട്ടി

"നിനക്കെന്താ ?നിനക്കെന്താ ?നീ എവിടായിരുന്നു എന്നു വിളിച്ചു ചോദിക്കുമ്പോൾ ഡാഡിയുടെ കൈയ്യിലിരുന്ന മോളും കരഞ്ഞു തുടങ്ങി

എന്നെ അള്ളി പിടിച്ചിരിക്കുന്ന അവളുടെ കൈ വിടിപ്പിക്കുവാൻ അരുൺ പാട് പെടുന്നുണ്ടായിരുന്നു

നീ വിട് അവന്റെ ക്ഷീണം മാറിയിട്ടില്ല സുഖം ആയെങ്കിലും !!!

ഞാൻ മോളുടെ നേരെ കൈ നീട്ടുമ്പോൾ ഡാഡി അവളെയും കൊണ്ട് വന്നു എന്നെ ചേർത്തു പിടിച്ചു

അദ്ദേഹത്തോട്, ക്ഷമിക്കണം എന്നു പറയുമ്പോൾ എന്റെ തൊണ്ട ഇടറി !!

അഭിയുടെ മുഖത്ത് ഒരു ചിരി വരുന്നുണ്ടായിരുന്നു കണ്ണീരിനിടയിലൂടി.അതു കണ്ടു ഒരു കുസൃതിക്കു

"അല്ല നമ്മുടെ ഡിവോഴ്സ് ഫോര്മാലിറ്റീസ് എങ്ങനെ ??

അവൾ ചീറിക്കൊണ്ട് വന്നു എന്റെ കൈ പിടിച്ചു അവളുടെ കവിളിൽ അടിക്കാൻ ശ്രമിച്ചു

ഞാൻ അവളെ കെട്ടിപിടിക്കുമ്പോൾ ചുറ്റും നിൽക്കുന്നവരെ മറന്നു അവൾ എന്നെ ഉമ്മ വെക്കുന്ന തിരക്കിൽ ആയിരുന്നു

Sabaries Rk

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്