#kissakal

സ്നേഹിക്കുന്ന പെൺകുട്ടി അനാഥയാണെന്നറിഞ്ഞതോടെ വീട്ടുകാർക്കിടയിൽ ഞാനൊരു വലിയ അപരാധിയായി...

തറവാടിത്തവും അന്തസ്സും നോക്കാതെ ഒരു കാര്യത്തിനും മുതിരാത്ത അച്ഛൻ ഈ കാര്യത്തിലും പതിവു തെറ്റിച്ചില്ല... മുഖം നല്ലപോലെ കടുപ്പിച്ചു എന്റെ ഇഷ്ടത്തിന് എതിരു നിന്നു...

നൂറുപവനും കാറും സ്വപ്നം കണ്ടു നടന്നിരുന്ന അമ്മ, എല്ലാം തകർന്നപോലെ തലയ്ക്കു കയ്യും കൊടുത്തിരിക്കുകയാണ്....

അകത്തെ മുറിയിൽ ഇടവേളയില്ലാതെ ഫോണടിക്കുന്ന ശബ്ദം കേൾക്കുന്നുണ്ട്.... ഇതുവരെ തിരിഞ്ഞുനോക്കാത്തവരുടെ നമ്പറുകൾ പോലും അതിൽ തെളിഞ്ഞുകാണുന്നുണ്ട്...

അല്ലെങ്കിലും ഇതുപോലുള്ള വിഷയങ്ങളറിയാനാണല്ലോ ഇന്നത്തെ സമൂഹത്തിനു കൂടുതൽ താല്പര്യം......

കുടുംബത്തിന്റെ മാനത്തിനു നിരക്കാത്ത എന്തെങ്കിലും സംഭവിച്ചാൽ പടിയടച്ചു പിണ്ഡം വെക്കണമെന്ന് തലമൂത്ത കാരണവന്മാർ ഒരുമിച്ചു പറഞ്ഞു...

അതിനുമാത്രം എന്താണ് ഞാൻ ചെയ്തത്... ഒരു പെൺകുട്ടിയെ പ്രണയിച്ചതോ... അതോ അവൾ അനാഥയാണെന്നുള്ളതോ....

ഒരിക്കലും അനാഥയാണെന്നുള്ള അനുകമ്പയായിരുന്നില്ല എനിക്കവളോട്.... ജീവിതത്തിൽ ഒറ്റപ്പെട്ടിട്ടും അവളുടെ മുഖത്തു മായാതെ നിന്നിരുന്ന പുഞ്ചിരിയാണ് എന്നെ ആദ്യമായി ആകർഷിച്ചത്....

സുഖസൗകര്യങ്ങൾ ഏറെ ഉണ്ടായിട്ടും, തോൽവികളിൽ നിന്നും തോൽവികളിലേക്ക് ഞാൻ മുട്ടുകുത്തിയപ്പോൾ, സൗകര്യങ്ങൾ ഒട്ടും തന്നെയില്ലാതിരുന്നിട്ടും ഉയർന്ന മാർക്കോടെ വിജയം നേടിയെടുത്ത്, കലാലയത്തിലെ ഒന്നാംസ്ഥാനക്കാരിയെന്ന പട്ടം കൈക്കലാക്കിയ അവളോടെനിക്ക് ആരാധനയായി... ബഹുമാനമായി.... പിന്നീടത് പ്രണയത്തിലേക്കും വഴി തെളിയിച്ചു...

പക്ഷേ എന്റെ ഇഷ്ടം തുറന്നു പറയുമ്പോഴെല്ലാം അവൾ തിരിച്ചു പറയുമായിരുന്നു...

''എന്റെ ജീവിതത്തോട് നിങ്ങൾ പണക്കാർക്ക് തോന്നുന്ന വെറും കരുണ മാത്രമാണ് ഈ ഇഷ്ടം..'' എന്ന്...

പക്ഷേ, ആ മറുപടിയിൽ എനിക്കവളോടുള്ള ഇഷ്ടം കൂടുകയേ ചെയ്തുള്ളു...

സ്വത്തും ആസ്തിയും വിലയിരുത്തി പ്രണയിക്കാൻ നടക്കുന്നവർക്കിടയിൽ അതിലൊന്നും കണ്ണുമഞ്ഞളിക്കാത്ത അവളുടെ ആ ശുദ്ധ മനസ്സ് കീഴ്പ്പെടുത്താൻ തന്നെയായിരുന്നു എന്റെ പിന്നീടുള്ള ശ്രമങ്ങൾ...

അതിനുവേണ്ടി രാവും പകലുമില്ലാതെ ഞാൻ പഠിച്ചു.... തോറ്റുപോയ വിഷയങ്ങളിൽ നല്ല മാർക്കോടെ വിജയം കണ്ടെടുത്തു... എല്ലാത്തിനുമുപരി അവൾ പറയുംപോലെ സ്വന്തമായി അധ്വാനിച്ചുണ്ണണമെന്ന ആഗ്രഹവും ഉള്ളിൽ ഉടലെടുത്തു...

ഒരുപക്ഷേ അലക്ഷ്യമായി നടന്നിരുന്ന എന്നെ ജീവിതമെന്തെന്ന് പഠിപ്പിച്ചത് അവൾ തന്നെയായിരുന്നു...

ഒടുവിൽ പ്രണയമാണെന്നവൾ തിരിച്ചു പറയുമ്പോഴും ആ കണ്ണുകളിൽ ഒരു ഭയം നിഴലിച്ചിരുന്നു... ഒന്നുചേരുമ്പോഴുണ്ടാകാൻ പോകുന്ന പ്രശ്നങ്ങളെയോർത്ത്...

പക്ഷേ എന്റെ തീരുമാനത്തിൽ എനിക്ക് വിശ്വാസമുള്ളിടത്തോളം ഞാൻ എന്റെ ഇഷ്ടത്തിൽ തന്നെ ഉറച്ചു നിൽക്കാൻ മനസ്സിനെ പാകപ്പെടുത്തിയെടുത്തിരുന്നു....

അതുകൊണ്ടു തന്നെയാകാം ആദ്യമായി തറവാടിന്റെ പേരും മഹിമയും മറന്നുകൊണ്ട് എന്റെ ഇഷ്ടത്തിന് മുൻപിൽ അച്ഛൻ തല കുനിച്ചത്...

പക്ഷേ അവിടേയും പ്രശ്നങ്ങൾ അവസാനിച്ചില്ല... അനാഥപെണ്ണെന്നവർ ഓരോ നിമിഷവും അവളെ ഓർമ്മപ്പെടുത്തിക്കൊണ്ടിരുന്നു... അവളിലെ കുറ്റങ്ങളും കുറവുകളും ഓരോന്നായവർ ചികഞ്ഞെടുത്തു...

അതിൽ ഒന്നാമതായി നിന്നിരുന്ന കാര്യം വിവാഹം കഴിഞ്ഞിട്ടും പഠിക്കണമെന്ന അവളുടെ അതിയായ ആഗ്രഹമായിരുന്നു...

പെണ്ണിന്റെ ലോകം അടുക്കളയാണെന്നും, അവൾ ജീവിക്കേണ്ടത് അവിടെയാണെന്നും തല നരച്ചവർ ഒരുമയോടെ പറഞ്ഞപ്പോൾ, എന്നോടുള്ള സ്നേഹം കൊണ്ടോ അതോ, ഞാൻ നൽകിയ ജീവിതംകൊണ്ടോ.. ഒരു പുഞ്ചിരിയോടെ ഉള്ളിലെ ആ ആഗ്രഹങ്ങൾ ഒന്നായി കുഴിച്ചുമൂടാൻ ഒരുങ്ങിയതായിരുന്നു അവൾ...

പക്ഷേ,,

പണംകൊണ്ടും അന്തസ്സുകൊണ്ടും നേടിയെടുക്കാവുന്നതിലുപരി അറിവുകൊണ്ട് നേടിയെടുക്കാമെന്ന് എന്നെ പഠിപ്പിച്ചത് അവളായിരുന്നു...

തോൽവികളിൽ നിന്നും തോൽവികളിലേക്ക് മൂക്കു കുത്തി വീണുകൊണ്ടിരുന്ന ആ പഴയ കലാലയ ജീവിതത്തിൽ,  എന്റെ പേര് കാത്തുസൂക്ഷിക്കാൻ പോക്കറ്റിൽ കിടന്നിരുന്ന പണത്തിന്റെ കെട്ടിനോ,, തറവാടിന്റെ മഹിമക്കോ കഴിഞ്ഞിരുന്നില്ല.... പക്ഷേ, ആ തോൽവികളെല്ലാം അവൾക്ക് വേണ്ടി വിജയങ്ങളാക്കി മാറ്റിയെടുത്തപ്പോൾ അതോടൊപ്പം എന്റെ പേരും കലാലയത്തിലും സമൂഹത്തിലും ഉയർന്നുകേട്ടു... അവജ്ഞയോടെ എന്നെ നോക്കിയവർപോലും അത്ഭുതത്തോടെ നോക്കാൻ തുടങ്ങിയിരുന്നു...

അന്ന് ഞാൻ തിരിച്ചറിഞ്ഞു... പണത്തിനും പ്രതാപത്തിനും കീഴടക്കാനാകാത്ത പലതും നേടിയെടുക്കാൻ അറിവുകൊണ്ടാകുമെന്ന്......

അതുകൊണ്ടു തന്നെയാണ്,, ലോകം ഒന്നുപോലെ എതിർത്തു നിന്നിട്ടും പഠിക്കണമെന്ന അവളുടെ ആഗ്രഹത്തിന് ഞാൻ കൂടെ നിന്നത്...

''ദേ ഇതാ നമ്മുടെ സേതുലക്ഷ്മി മാഡത്തിന്റെ വീട്...

വഴിയിലൂടെ പോകുന്നവർ പരസ്പരം പറയുന്നത് കേട്ടാണ് ഞാൻ ചിന്തകളിൽ നിന്നുമുണർന്നത്.....

കേട്ടില്ലേ.. ഇന്ന് ഈ വീട് അറിയപ്പെടുന്നത് ആ പഴയ തറവാട്ട് മഹിമയിലല്ല... ഞാൻ താലിചാർത്തിയ എന്റെ സേതുവിൻറെ പേരിൽ...

ആ പേരിനു മുൻപിൽ ഇന്ന് അനാഥയെന്നല്ല.... പകരം അറിവുകൊണ്ടൊരു പട്ടം അവൾ നേടിയെടുത്തു... സബ് കളക്ടർ സേതുലക്ഷ്മി...

എങ്കിലും ഇന്നെന്റെ വീട്ടിൽ ഇപ്പോഴും ഉയർന്നു കേൾക്കുന്നുണ്ട് ആ വാക്കുകൾ.....

''പെണ്ണിന്റെ ലോകം അടുക്കളയാണ്...''

അതുപക്ഷേ പണ്ടത്തെപ്പോലെ കാരണവന്മാരല്ല പറയുന്നത്... സേതുവാണ്‌.... കളക്ടറെ അടുക്കളയിൽ കയറ്റാതെ സ്നേഹം കൊണ്ട് മൂടുകയാണ് ഇന്നെന്റെ കുടുംബം....

അല്ലെങ്കിലും അറിവുകൊണ്ടു നേടിയെടുക്കാൻ പറ്റാത്തതായി എന്തുണ്ട്‌ ഈ ഭൂമിയിൽ.... അല്ലേ...!!!!

Saranparakash

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്