വായിക്കപ്പെടാതെ പോയ വരികൾ

എല്ലാവരും ഓര്‍മ്മകളെക്കുറിച്ചാണ് സംസാരിക്കുന്നത്.ഓര്‍മ്മകളിലൂടെ ചിലര്‍ സൌഹൃദത്തെ, ചിലര്‍ പ്രണയത്തെ,മറ്റുചിലര്‍ സ്വന്തം ജീവിതത്തിലെ മനോഹരമായ ഒരു കാലത്തെ ഓര്‍ത്തെടുക്കുന്നു. യാഥാര്‍ത്ഥ്യവും മിഥ്യയും ഇഴപിരിഞ്ഞ് കിടക്കുന്ന ആ ഭൂതകാലത്തെപ്പറ്റിയുള്ള അന്വേഷണം പലപ്പോഴും അവ്യക്തമായ ചില ചോദ്യത്തരങ്ങളില്‍ മാത്രം അവസാനിക്കുന്നു.

അറിയില്ല,അവ എന്നെ ആനയിക്കുന്നത് എത്രമാത്രം അനിശ്ചിതത്തത്തിലേക്കാണെന്ന്. സൌഹൃദത്തിനും പ്രണയത്തിനുമിടയില്‍ ജീവിച്ച ആ ക്യാമ്പസ് ദിനങ്ങള്‍ എത്രത്തോളം മധുരവും കയ്പ്പും നിറഞ്ഞതായിരുന്നുവെന്നതും.. തീര്‍പ്പുകല്‍പ്പിക്കാന്‍ കഴിയാത്തവിധം ഇന്നും അവയെന്നെ

വേട്ടയാടുന്നുണ്ട്.എങ്കിലും ഞങ്ങളുടേതുമാത്രമായ ആ ലോകത്തെക്കുറിച്ച് ഞാന്‍ വാചാലമായിത്തുടങ്ങട്ടെ..

ചുരുണ്ട മുടിയുള്ള, അധികമൊന്നും സംസാരിക്കാത്ത, നിത്യവും ക്ലാസ്മുറിയിലെ കറുത്തബോര്‍ഡില്‍ എന്തെങ്കിലുമൊരു പ്രശംസ്തവാചകം എഴുതി ഞങ്ങള്‍ക്ക് വന്ദനം അറിയിച്ചിരുന്ന ആ മിടുക്കിയെ ഞാന്‍ പരിചയപ്പെടുന്നത് കോളേജിലെ രണ്ടാം വര്‍ഷത്തിലാണെന്നത് എത്ര വിചിത്രം..എന്നാല്‍ ആ പരിചയപ്പെടല്‍ എന്‍റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ ഒരു ബന്ധത്തിലേക്കുള്ള ആദ്യപടിയായിരുന്നു.

സുഹൃത്തിന് വേണ്ടി ഒരു ലാബ് റെക്കോര്‍ഡ് വാങ്ങാന്‍ അവളുടെ വീട് സന്ദര്‍ശിച്ച ആ വെള്ളിയാഴ്ച ദിവസത്തെ എത്ര സ്തുതിച്ചാലും മതിയാവില്ല. അതായിരുന്നു എല്ലാത്തിന്‍റേയും തുടക്കം. ‘അഞ്ജന’ എന്ന ക്ലാസിലെ ഏറ്റവും ഉയരം കുറഞ്ഞ കൌമാരക്കാരിയോട് സൌഹൃദത്തിനപ്പുറം ഒരു ആത്മബന്ധം വളരുന്നത് ആ ദിവസത്തില്‍ നിന്നാണ്.പക്ഷികള്‍ക്ക് വേണ്ടി ചട്ടിയില്‍ വെള്ളം നിറച്ച് വീടിന്‍റെ ഉമ്മറത്ത് കെട്ടിത്തൂക്കിവെക്കുന്ന ആ പെണ്‍കുട്ടിയെ സ്നേഹിച്ച് പോയത്
അറിഞ്ഞുകൊണ്ടായിരുന്നില്ല.

ഒരായിരം നന്മകളുടെ ഉറവിടമാണ് അവളെന്ന തിരിച്ചറിവ് ഹൃദ്യവും ആര്‍ദ്രവുമായ ഒരുകൂട്ടുക്കെട്ടിലേക്ക് എന്നെ നയിച്ചു. ഓരോതവണ പരിചയപ്പെടുമ്പോഴും ഒരു പുതിയ നന്മ അവളെനിക്ക് പകര്‍ന്നുതന്നുകൊണ്ടേയിരുന്നു.അച്ഛന്‍,അമ്മ, അനിയത്തിമാര്‍ തുടങ്ങി അവളുമായി ബന്ധമുള്ളതെല്ലാം എന്‍റേതുകൂടിയായി മാറി.കൂടുതല്‍ കൂടുതല്‍ അടുത്തറിഞ്ഞപ്പോള്‍ അതിനു സൌഹൃദത്തിന്‍റെ മാത്രം ഛായ ആയിരുന്നില്ലെന്ന് എനിക്കു തോന്നി.

ഒരിക്കല്‍ അവളുടെ പഠനമുറിയുടെ ഒരറ്റത്ത് ഹാരിപോട്ടര്‍ക്കും ഹെര്‍മിയോണിനുമൊപ്പം എന്‍റേയും അവളുടേയും ചിത്രം പതിപ്പിച്ചുവെച്ചത് ഞാന്‍ ശ്രദ്ധിച്ചു. എന്നാല്‍ അതിന്‍റെ രഹസ്യം തിരിച്ചറിയാന്‍ വീണ്ടും ഒരു വര്‍ഷമെടുത്തു.

പോളിയിലെ അവസാനവര്‍ഷം ക്യാപസിലെ ഏറ്റവും മികച്ച ദിനങ്ങളായിരിക്കണമെന്ന് ഞങ്ങള്‍ തീരുമാനിച്ചിരുന്നു.പരസ്പരം സന്ദേശങ്ങളയച്ച് ഒരു വേനലവധിക്കാലം കഴിച്ചുതീര്‍ത്ത ഞങ്ങള്‍ക്ക് തോന്നിയ ഒരു പുതിയ ആശയമായിരുന്നു
പങ്കുവെക്കാവുന്ന ഡയറികള്‍. എന്‍റെ ആ ആശയത്തിന് പ്രചോദനം നല്‍കിയതോ സാക്ഷാല്‍ ആന്നിഫ്രാങ്കിന്‍റെ ഡയറിക്കുറിപ്പുകളും.. പിന്നീട് എന്‍റെ ഡയറികളും അവളോടായി സംസാരിച്ചു.നിത്യവും പങ്കുവെക്കാന്‍ ഒരു പുതിയ കാര്യമോ കാഴ്ചപ്പാടോ എനിക്കുമുണ്ടായിരുന്നു. മറുഭാഗത്ത്, അവളും എഴുതി.ആഗ്രഹങ്ങളും സ്വപ്നങ്ങളും മാത്രമല്ല ഓരോ ചെറിയ കാര്യത്തെപ്പറ്റിയും അവളെഴുതി. അവളുടെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരന് വേണ്ടി. ആ എഴുത്തുകുത്തുകള്‍ പരസ്പരം കണ്ടുമുട്ടിയത് പിന്നേയും മൂന്നുമാസം കഴിഞ്ഞാണ്. ‘പ്രിയപ്പെട്ട ആന്നിഫ്രാങ്ക്’ എന്ന് അഭിസംബോധന ചെയ്ത് ഞാനെഴുതിയ വരികള്‍ക്ക് അവള്‍ മറുപടി എഴുതിയത് ‘എന്‍റെ ഹാരിപോട്ടര്‍’ എന്ന് വിളിച്ചുകൊണ്ടാണ്. എല്ലാ ഡയറിയുടേയും അവസാനത്തില്‍ ‘സ്നേഹത്തോടെ നിന്‍റെ ഹെര്‍മിയോണ്‍’ എന്ന് കൂടിയുണ്ട്. ആ വരികളില്‍ നിന്ന് ഞാന്‍ പ്രണയം കണ്ടെത്തുകയായിരുന്നു. പഠനമുറിയിലെ ആ ചിത്രം എന്നോട് പറയാതെ പറഞ്ഞതും അതായിരുന്നു എന്ന് ഞാന്‍ ഊഹിച്ചു.

എന്‍റെ പ്രണയത്തിന് ചിറക് മുളക്കുകയായിരുന്നു.വിത്യസ്ത മതവിശ്വാസങ്ങള്‍ ആയിരുന്നിട്ട്പോലും ഒരുമിച്ചൊരുപാടുകാലം ആനന്ദം

നുകര്‍ന്നും പകര്‍ന്നും ജീവിക്കാമെന്നും വ്യാമോഹിച്ചു. ആശങ്കകള്‍ ഒത്തിരി ഉണ്ടായിരുന്നെങ്കിലും ആ നന്മ മരത്തെ ആ സ്നേഹനിധിയെ വിട്ടുകൊടുക്കാന്‍ എനിക്ക് സാധിക്കുമായിരുന്നില്ല.

ഒന്നില്‍ മാത്രം അലിഞ്ഞ്ചേര്‍ന്ന് ഒന്നിന്‍റെ മാത്രം കേന്ദ്രബിന്ദുവില്‍ ചിറ്റിത്തിരിയേണ്ടിവന്ന ആ ക്യാമ്പസ് ജീവിതം ഒരര്‍ത്ഥത്തില്‍ പോരാട്ടമായിരുന്നു. വിപ്ലവ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ ക്യാമ്പസില്‍ ഭരിക്കുന്ന ആ കാലഘട്ടത്തില്‍ ഇരുവരുടേയും ആദര്‍ശങ്ങള്‍ വിപരീതമായിരുന്നിട്ട് കൂടി ഈ സ്നേഹത്തിനായുള്ള പോരാട്ടത്തില്‍ ഞങ്ങള്‍ ഒരുമിച്ചു.

കൈമാറിയ ഡയറിക്കുറിപ്പുകളിലൂടെ പങ്കുവെക്കപ്പെട്ടത് ഞങ്ങളുടെ തന്നെ ചിന്തകളും ജീവിതവുമായിരുന്നു.ഇന്‍ബോക്സിലേക്ക് പറന്നെത്തിയ സന്ദേശങ്ങള്‍ക്കും ഏതാണ്ട് ഇതേ വികാരങ്ങള്‍ തന്നെയാണ് പറയാനുണ്ടായിരുന്നത്. എനിക്കു വീണുകിട്ടിയ ഓരോ ഒഴിവ് സമയവും അവളുടെ സാന്നിദ്യത്തിലും സമീപത്തുമായി ചെലവഴിക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയും അത് ഏറെക്കുറെ സാധിപ്പിച്ചെടുക്കുന്നതില്‍ ഞാന്‍ വിജയിക്കുകയും ചെയ്തു.

ഇടയ്ക്കൊക്കെ എന്തെങ്കിലും കാരണമുണ്ടാക്കി അവളുടെ വീട്ടില്‍ പോവലും പതിവായി. അവളുടേയും അനിയത്തിമാരുടേയും ആ പഠനമുറി എന്നെ എന്നും ആകര്‍ഷിച്ചിരുന്നു. ഒരു മൂലയുല്‍ ഡിസൈന്‍ ചെയ്ത് വെച്ച ഒരു നോട്ടീസ്ബോര്‍ഡ് ഉണ്ടായിരുന്നു. അതില്‍ ഏറ്റവും പുതിയ വാര്‍ത്തകള്‍, വ്യക്തി വിവരങ്ങള്‍, പ്രശംസ്ത വാചകം,അവരുത്തന്നെ ഉണ്ടാക്കിയ പോസ്റ്ററുകള്‍, അങ്ങനെ അതിനെ എത്രമാത്രം മനോഹരമാക്കാന്‍ പറ്റുമോ അങ്ങനെയൊക്കെ അവരതിനെ അലംങ്കരിച്ചിരുന്നു. ആ സന്ദര്‍ശനങ്ങള്‍ എന്നെ ആ കുടുംബത്തിലെ ഒരംഗമാക്കി.ഒരാണ്‍ക്കുഞ്ഞിനു ജന്‍മം നല്‍കാന്‍ സൌഭാഗ്യം ലഭിക്കാതെപോയ ആ അമ്മയുടെ മുന്‍പില്‍ ഒരു മകനായി ജീവിച്ചുത്തീര്‍ക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു, അനിയത്തിമാര്‍ക്ക് നല്ലൊരു ഏട്ടനായും..

ഒരു യാത്രപിരിയലിലേക്ക് ക്യാമ്പസ് ജീവിതം മാറിയിരുന്നു. നടുമുറ്റത്തെ തണല്‍ മരങ്ങളില്‍ നിന്ന് ഇലകള്‍ കൊഴിഞ്ഞുപോവാന്‍ തുടങ്ങിയിരുന്നു.മൂന്ന് വര്‍ഷത്തെ ജീവിതത്തില്‍ നിന്നും വിരാമം കുറിച്ച് പലവഴിയായി പിരിയാന്‍ ഞങ്ങളെല്ലാവരും

തയ്യാറാകുകയായിരുന്നു.അത്കൊണ്ട് തന്നെ ക്യാമ്പസിന്‍റെ അകത്തളത്തില്‍ വിരഹം എപ്പോഴും തളംകെട്ടി നിന്നിരുന്നു.

ക്യാപസ് ഇന്‍റര്‍വ്യൂവും പ്രൊജക്ടും സെമിനാറുമൊക്കെയായി ഞങ്ങള്‍ തിരക്കുപിടിച്ച ക്യാപസിന്‍റെ അവസാനഭാഗം നടനമാടുന്ന ഒരു വെള്ളിയാഴ്ച സായാഹ്നം, അമ്മ എന്നെ വിളിച്ചു. അശുഭകരമായത് വല്ലതും നിങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നോ എന്ന് ചോദിച്ചു. ഇല്ലാ എന്ന് ഉത്തരം പറയാന്‍ ഒരുങ്ങുമ്പോള്‍ എന്നോട് പറഞ്ഞു,അവളെഴുതിയതൊക്കെ ഞങ്ങള്‍ വായിച്ചു, “നിങ്ങളില്‍ നിന്ന് ഇത്രക്കൊന്നും പ്രതീക്ഷിച്ചില്ലാ” എന്നും പറഞ്ഞു ഫോണ്‍ വെച്ചു. എനിക്ക് തല ചുറ്റുന്നത് പോലെ തോന്നി. ഞാന്‍ നേരെ ഹോസ്റ്റലിലേക്ക് നടന്നു,അമ്മ പറഞ്ഞതിന്‍റെ പൊരുള്‍ എനിക്ക് ഊഹിക്കാവുന്നതേയൊള്ളൂവെങ്കിലും അവളാ ഡയറികളില്‍ കുത്തിക്കുറിച്ചതെന്തായിരിക്കുമെന്ന് മാത്രം ആരും എന്നോട് പറഞ്ഞില്ല. പിന്നീടെപ്പോഴോ അറിഞ്ഞു,ആ ഡയറി അമ്മ കത്തിച്ചു കളഞ്ഞെന്ന്..

പിന്നീടൊരിക്കലും പരസ്പരം കാണാനോ സംസാരിക്കാനോ സാഹചര്യങ്ങള്‍ അനുവദിച്ചില്ല, അതിനു വേണ്ടി
ശ്രമിച്ചില്ലെന്ന് പറയുന്നതാവും ശരി. എങ്കിലും അവളുടെ വിവാഹം കഴിഞ്ഞതും കുഞ്ഞുണ്ടായതുമൊക്കെ ഞാനറിഞ്ഞിരുന്നു. എന്‍റെ വായനയിലേക്ക് ഹാരിപോട്ടര്‍ പുസ്തകങ്ങള്‍ കടന്നുവന്നത് ഞാന്‍ പ്രവാസം തിരഞ്ഞെടുത്തതിനു ശേഷമായിരുന്നു. ഇപ്പോള്‍ എനിക്കാറിയാം ഹാരിപോട്ടറും ഹെര്‍മിയോണും അടുത്ത സുഹൃത്തുക്കളായിരുന്നുവെന്നതും അവര്‍ക്ക് ഒരിക്കലും നല്ല പ്രണയിതാക്കളാവാന്‍ കഴിഞ്ഞിട്ടില്ലാ എന്നതും..

എന്നെങ്കിലും യാദൃശ്ചികമെന്നോണം ഞങ്ങള്‍ വീണ്ടും കണ്ടുമുട്ടുമെന്ന് ഞാന്‍ സ്വപ്നം കാണാറുണ്ട്. നാട്ടിലേക്കുള്ള ഓരോ യാത്രയും അതിനൊരവസരം സൃഷ്ടിക്കുമെന്ന് ഞാന്‍ കിനാവും കാണാറുണ്ട്. അങ്ങനെയെന്നെങ്കിലും കണ്ടുമുട്ടുവാണേല്‍ ഞാനെന്തായിരിക്കും ആദ്യം ചോദിക്കുക. ഞാന്‍ മാത്രം വായിക്കപ്പെടാതെ പോയ ആ ഡയറികയെപ്പറ്റിയായിരിക്കുമോ, അവളുടെ പുതിയ ജീവിതത്തെക്കുറിച്ചായിരിക്കുമോ, അതല്ല എന്നെങ്കിലും ഞങ്ങള്‍ ഒരുമിച്ചുണ്ടായിരുന്ന ആ ദിവസങ്ങളെ നീ ഓര്‍ക്കാറുണ്ടോ എന്നായിരിക്കുമോ.. ഒരുപക്ഷേ,ഒരു നെടുവീര്‍പ്പുക്കൊണ്ടും ഒരു പുഞ്ചിരിക്കൊണ്ടും ഞാനവയെ നേരിടുമായിരിക്കും.

അറിയില്ല,അതിനെക്കുറിച്ചാലോചിക്കുമ്പോഴെല്ലാം ഞാന്‍ അസ്വസ്ഥതനാവാറുണ്ട്..

ദാ ഇപ്പോഴും...

-ഫിറോസ്‌. പി സി

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്