ആളുകൾ എന്ത് പറയും

"അവന്റെ വീട്ടിൽ നിന്നും വിളിച്ചിരുന്നു.വെളുപ്പിനെ എല്ലാം കഴിഞ്ഞെന്ന്.അവിടംവരെ നമുക്ക് പോവണ്ടേ?"

അയാളുടെ മരണവാർത്ത  അവളിൽ മാറ്റങ്ങളൊന്നും സൃഷ്ടിച്ചില്ല, ഒരു നിർവികാരത മാത്രം.

"പോവണ്ടേ നമുക്ക് അത്രേടം വരെ?"

"എന്തിനു?,ജീവൻ പണയം വെച്ചിട്ടാ ഞാൻ സ്നേഹിച്ചത്. എന്നിട്ടും അയാളെന്നെ സ്നേഹിച്ചോ ഇല്ല. അയാൾ അകെ സ്നേഹിച്ചത് എന്റെ സ്വർണത്തേയും ശരീരത്തെയും. ശരീരത്തെ പൂർണമായി സ്നേഹിച്ചെന്നു പറയാനാകില്ല,അഥവാ ഉണ്ടേൽ മദ്യത്തിന്റെ കെട്ടിറങ്ങും വരെ മർദ്ധിക്കില്ലായിരുന്നല്ലോ?. അയാൾക്ക് മാനസിക
പ്രശ്നമുണ്ടായിരുന്നുവെന്നും ട്രീറ്റ്മെന്റിൽ ആയിരുന്നെന്നും അറിഞ്ഞിട്ടും അച്ഛനത് ഒരു ഫോൺ കോളിൽ ഒതുക്കി.
പിന്നീട് എന്നോട് പറഞ്ഞതും മറ്റാരും നിന്നിൽ നിന്ന് ഇതു അറിയരുതെന്നായിരുന്നു.ഒരു ഭ്രാന്തനോടൊപ്പം മകൾ ജീവിക്കുന്നതിനേക്കാൾ അച്ഛൻ ഭയപ്പെട്ടത് മരുമകൻ ഒരു ഭ്രാന്തനാണെന്ന് മറ്റുള്ളവർ അറിഞ്ഞാലോ എന്നാണ്.

എന്റെ കല്യാണത്തലേന്ന് എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞ ഏട്ടൻ ഞാൻ നാലു ദിവസം അടിപ്പിച്ചു വീട്ടിൽ വന്നു നിന്നപ്പോൾ ഭയപ്പെട്ടത് ഞാൻ ഇവിടെ നിന്നുപോയാൽ ഏട്ടന് വരുന്ന ആലോചനകൾ മുടങ്ങിയാലോ എന്നോർത്തും,സുഹൃത്തുക്കളോട് എന്ത് മറുപടി പറയുമെന്നോർത്തും ആയിരുന്നു.

അമ്മ ഭയപ്പെട്ടിരുന്നത് അയൽക്കാരുടെ ചോദ്യങ്ങളെ ആയിരുന്നു അല്ലെങ്കിൽ, കല്യാണവീടുകളിൽ വെച്ചൊക്കെ മോള് വീട്ടിൽ നിൽപ്പായല്ലേ എന്ന ബന്ധുക്കളുടെ ചോദ്യത്തെ. പക്ഷെ മനസിന് സ്ഥിരത ഇല്ലാത്തവന്റെ കൂടെ അവളെങ്ങനെ ജീവിക്കുമെന്ന് അച്ഛനും അമ്മയും ഏട്ടനും ഭയപ്പെട്ടില്ല. എന്തിനെ ചൊല്ലിയാകും ഇന്നു രാത്രിയിലെ വഴക്കെന്ന് ഓർത്തു ഭയപെട്ടപ്പോഴും,മരവിച്ച എന്റെ മനസിന്റെ പ്രതീക്ഷ ഒരു ജോലി നേടിയാൽ അയാളിൽ നിന്നുള്ള രക്ഷപെടലും അച്ഛനും അമ്മയ്ക്കും ബാധ്യതയാകാതെ എവിടേലും പോയി ജീവിക്കാം എന്നത് മാത്രമായിരുന്നു. പക്ഷെ അവിടെയും പലരുടെയും ചോദ്യങ്ങൾ എന്നെ വേട്ടയാടി. 'കല്യാണം കഴിച്ചതാണോ,ഭർത്താവ് എവിടെയാ? നാട്ടിലാണോ പുറത്താണോ,അമ്മായിഅമ്മ എങ്ങനെയാ? ഭർത്താവ് വിളിക്കാതെന്താ, പിണക്കത്തിലാണോ?' എന്നു തുടങ്ങി ചോദ്യങ്ങളുടെ നീണ്ട നിര. ഒപ്പം താമസിക്കുന്നവരുടെ വീട്ടിൽ നിന്ന് വിളിക്കുമ്പോൾ ഒക്കെ ഞാനും  കൊതിച്ചുപോയിട്ടുണ്ട് ആ കരുതലും സ്നേഹവും ഒക്കെ. ഒന്നും കിട്ടിയില്ലെന്ന് മാത്രം."

"പണ്ടത്തെകാര്യങ്ങൾ പറഞ്ഞിരിക്കേണ്ട സമയം ആണോ മോളെ ഇത്. നിന്റെ നല്ലതിന് വേണ്ടിയെ അച്ഛനും അമ്മയും നിന്നിട്ടുള്ളു. അവൻ നന്നാവും നിന്നെ സ്നേഹിക്കും എന്നൊക്കെ ഞങ്ങളൊക്കെ കരുതി. പ്രായത്തിന്റെ എടുത്തു ചാട്ടത്തിനു നീ പറയുന്നത് കേട്ട് ഒരു ജീവിതം ഇല്ലാതാക്കാൻ പാടില്ലല്ലോ?"

"അമ്മ ഇനിയും അത് തന്നെ പറയുകയാണോ എന്റെ വാശിയായിരുന്നെന്ന്. ശരിക്കും അച്ഛനും അമ്മയും കാണിച്ച എടുത്തു ചാട്ടത്തിൽ എനിക്ക് നഷ്ടപെട്ടത് എന്റെ ജീവിതം അല്ലെ? അപ്പോഴൊന്നും താങ്ങാവാനും നിങ്ങൾക്കാർക്കും പറ്റിയില്ല. അനുഭവിച്ചതെല്ലാം ഞാനും. ഡിവോഴ്സ് ഫയൽ ചെയ്തപ്പോൾ ഏട്ടൻ പറഞ്ഞത് ഏട്ടന്റെ വിവാഹം കഴിഞ്ഞിട്ട് പോരായിരുന്നില്ലേ എന്നായിരുന്നു. ഏട്ടനൊക്കെ ഒത്തിരി മാറിപ്പോയി, അതോ കല്യാണം കഴിച്ചയച്ച പെൺകുട്ടികളെ സ്വന്തം വീട്ടുകാർ സ്നേഹിക്കണ്ട എന്നാണോ അല്ലെങ്കിൽ അവൾ സന്തോഷമായി ജീവിക്കുകയാണെങ്കിൽ മാത്രം സ്നേഹിച്ചാൽ മതിയെന്നോ?"

"തർക്കിക്കേണ്ട നേരമല്ല ഇത്. അവിടെ ചടങ്ങു തുടങ്ങുന്നേ മുൻപ് എത്തണം അല്ലേൽ..."

"ആളുകൾ ചോദിക്കും അല്ലേ  അമ്മേ "

"നീ കളിയാക്കണ്ട. നമ്മൾ ആളുകളെ ഭയക്കണം. ആയിരം കുടത്തിന്റെ വാ കെട്ടിയാലും ഒരു മനുഷ്യന്റെ വാ മൂടാൻ സാധ്യമല്ല. ഒരുകണക്കിന് അവൻ മരിച്ചത് നന്നായി അല്ലേൽ ഡിവോഴ്‌സിന്റെ കാര്യം അറിയുമ്പോൾ നാണം കെട്ടേനെ നമ്മൾ."

"ഇനി അമ്മ എങ്ങാനും ബൈക്ക് ഇടിക്കാൻ കോട്ടേഷ്യൻ കൊടുത്തതാണോ. ഡിവോഴ്സ് എന്ന നാണക്കേടിൽ നിന്നും രക്ഷപെടാൻ."

"അനാവശ്യം പറയണ്ട നീ പോരാൻ നോക്ക്."

അച്ഛനും അമ്മയ്ക്കും ഏട്ടനും ഒപ്പം ചെല്ലുമ്പോൾ ആളെ നടുത്തളത്തിൽ കിടത്തിയിരുന്നു. എന്നെ കണ്ടതും അവിടെ അമ്മ  പൊട്ടിക്കരഞ്ഞു. മകന്റെ എല്ലാ ദുശീലങ്ങൾക്കും കുടപിടിച്ച അമ്മയാണ് ഇപ്പോൾ ആ വിയോഗത്തിൽ. എന്റെ കണ്ണീരുകൊണ്ട് കഴുകിയ വീട്. അതിപ്പോൾ മറ്റുള്ളവരുടെ കണ്ണീരുകൊണ്ട് കുതിർന്നിരിക്കുന്നു. കത്തിച്ചു വെച്ച നിലവിളക്കിന്റെ തെളിച്ചത്തിൽ ആ മുഖം കണ്ടപ്പോൾ കണ്ണിൽ നിന്നു  അറിയാതെ രണ്ടു തുള്ളി കണ്ണുനീർ നിലത്തേക്ക് വീണു. അത് ആളുകൾ എന്ത് പറയുമെന്ന് ഓർത്തിട്ടോ ആളുകളെ കാണിക്കാനോ ആയിരുന്നില്ല. സ്നേഹിക്കാൻ ശ്രമിച്ചു പരാജയപെട്ടുപോയ, ഒരു പെണ്ണിന്റെ മംഗല്യത്തെയും വൈധവ്യത്തെയും ഓർമിപ്പിച്ച രണ്ടു നീർത്തുള്ളികൾ.

--അപർണ വിജയൻ

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്