#kissakal

''ആശാനേ... ഈ ആദ്യരാത്രിന്ന് പറഞ്ഞാൽ എന്താ???''

സൈക്കിൾ വർക്ക്ഷോപ്പിന്റെ ഉമ്മറത്തിരുന്ന് ടയറിന്റെ പഞ്ചറായ ഭാഗം വെള്ളത്തിൽ മുക്കി നോക്കി തപ്പിക്കൊണ്ടിരിക്കവേ അപ്പു ചോദിച്ചു....

''നിനക്കെന്താടാ ഇപ്പോൾ ഇങ്ങനൊരു സംശയം???''

അകത്തു നിന്നും കൈകളിൽ സ്പാന്നറും സ്ക്രൂഡ്രൈവറും മേല് മുഴുവൻ ഗ്രീസും അഴുക്കും നിറഞ്ഞ ആശാൻ കുമാരൻ പുറത്തേക്ക് വന്നു....

''അത് പിന്നെ  ഇന്ന് ഇങ്ങോട്ടു പോരുമ്പോൾ അയലത്തെ വീട്ടിലെ അമ്മിണിയേടത്തിയോട് നാണിതള്ള ചോയ്ക്കണത് കേട്ടാർന്നു.... എങ്ങനെയുണ്ടാർന്നടീ നിന്റെ ആദ്യ രാത്രിന്ന്....''

"എന്നിട്ട് അമ്മിണി എന്ത് പറഞ്ഞു????" ആശാൻ വികാരഭരിതനായി...

''ഒന്നും പറഞ്ഞില്ല... തൂണിന്റെ മറവിൽ നിന്ന് ചിരിക്കണത് കണ്ടു...''

പഞ്ചറ് കണ്ടെത്തിയ ഭാഗത്തു അപ്പു ഒരു ഈർക്കിൽ കയറ്റി വെച്ചു....

''അതാണ് മോനെ ആദ്യരാത്രി.... ഇന്ന് നീ കണ്ട ആ ചിരിയുണ്ടല്ലോ.. അതിനി കാണാൻ കിട്ടൂല... അതാണ് ഈ ആദ്യരാത്രിക്കിത്ര പ്രത്യേകത....'' അമ്മിണിയുടെ ആ ചിരിയും ഓർത്തുകൊണ്ട് ആശാൻ പറഞ്ഞു....

''അതൊന്നും അല്ല... കുറച്ചൊക്കെ എനിക്കറിയാ...'' തല താഴ്ത്തി നാണിച്ചുനിന്ന് അപ്പു പറഞ്ഞു...

ചിന്തകളിൽ നിന്നും ആശാൻ ഒരു ഞെട്ടലോടെ അപ്പുവിനെ നോക്കി...

''നിനക്കെന്തറിയാം????''

അത്... അപ്പുറത്തെ വീട്ടിലെ ദാമു ചേട്ടൻ പറഞ്ഞുകേട്ടിട്ടുണ്ട്... ഈ കല്ല്യാണ ചെക്കനും പെണ്ണും തമ്മിൽ...''

''തമ്മിൽ???'' ആശാന്റെ കണ്ണുകൾ ചുളിഞ്ഞുകൊണ്ടവനെ നോക്കി...

''അത്.. അത് പിന്നേ.... കെട്ടിപ്പിടിച്ചു കിടന്നു ഉറങ്ങണ ചടങ്ങാണെന്ന്...''
നിഷ്കളങ്കമായ ആ മറുപടി കേട്ട് ആശാൻ ഒന്നു പുഞ്ചിരിച്ചു....

''നല്ല രസായിരിക്കും ലേ ആശാനേ...''  അപ്പു പുഞ്ചിരിച്ചു...

അർത്ഥം വെച്ചുള്ള ആ ചോദ്യത്തിനു നേരെ ആശാൻ വീണ്ടും കണ്ണുചുളിച്ചു....

''എന്ത് രസം???''

''അല്ല... കെട്ടിപ്പിടിച്ചിങ്ങനെ കിടക്കാനെയ്....'' നിഷ്ങ്കളങ്കമായി അവൻ പുഞ്ചിരിച്ചുകൊണ്ടേയിരുന്നു....

''അല്ല ആശാനേ... എനിക്ക് വേറൊരു സംശയം....'' അപ്പു വീണ്ടും ആശാന് നേരെ തിരിഞ്ഞു...

''ദേ.. കെട്ടിപിടിച്ചതിന് ശേഷം എന്ത് പരിപാടിയാ എന്ന് ചോദിക്കാനാണേൽ വേണ്ട... ചോദിക്കണ്ട... ഞാൻ പറഞ്ഞു തരില്ല...'' ആശാൻ മുൻ‌കൂർ ജാമ്യമെടുത്തു....

''അതല്ല ആശാനേ.... പെണ്ണ് കെട്ടിയവരെല്ലാരും പറയും... വേണ്ടിയില്ലാരുന്നുന്ന്... എന്നിട്ടും എല്ലാരും കല്യാണം കഴിക്കുന്നുണ്ടല്ലോ....''

''എടാ... ഈ കള്ളുകുടിയും പുകവലിയും ആരോഗ്യത്തിനു ഹാനികരം എന്ന് കേട്ടിട്ടില്ലേ.... എന്നിട്ടും ആൾക്കാർ അത് ചെയ്യണില്ലേ.... അതുപോലെയാണ് ഈ കല്ല്യാണോം.. കുഴപ്പമാണെന്ന് അറിയാം.. എങ്കിലും അതിന്റെ ലഹരിയൊന്ന് അറിഞ്ഞിരിക്കണ്ടേ...''

''ഈ ആശാൻ ഇതെന്തൊക്കെയാ ഈ പറയണത്... എനിക്കൊന്നും മനസ്സിലായില്ല....'' അപ്പു തല ചൊറിഞ്ഞു...

''എടാ... ഈ കള്ളുകുടി തുടങ്ങുന്നത് എങ്ങനെയാ.... ആദ്യം കുപ്പിയിൽ ഒന്ന് തഴുകും... പിന്നെ ഒരു തുള്ളിയൊന്നു നുകരും... പിന്നെ അല്പാല്പമായി കുടിക്കും... ആദ്യമൊക്കെ അങ്ങനെ തന്നെ... പിന്നെ പിന്നെ കുപ്പിയൊന്നും നോക്കില്ല... കിട്ടണതെടുത്ത് മോന്തും.... പിന്നെ ഒരു ബോധോം ഇല്ലാതെ... നാല് കാലിൽ നടന്നും... ഇഴഞ്ഞും ഒക്കെ ജീവിതം തള്ളി നീക്കും... കുടി നിർത്തണമെന്നൊക്കെ തോന്നും... പക്ഷെ പറ്റില്ല... അത്പോലെ തന്നെയാ ഈ വിവാഹശേഷമുള്ള ജീവിതവും.... അത് നിനക്ക് ആ പ്രായമാകുമ്പോൾ മനസ്സിലാവും....''

നന്നാക്കിയെടുത്ത സൈക്കിൾ പൊക്കിയെടുത്ത് കുമാരൻ മുറ്റത്തു വെച്ചു....

''ആശാൻ എന്താ ആശാനേ കല്ല്യാണം കഴിക്കാത്തത്???" അപ്പുവിനു വീണ്ടും സംശയം....

''ഇതുകൊണ്ടൊക്കെ തന്നെ....'' പുച്ഛം നിറഞ്ഞ മുഖഭാവത്തോടെ കുമാരൻ മറുപടി നൽകി...

''പക്ഷെ നാട്ടുകാര് വേറെ പലതുമാണല്ലോ ആശാനേ പറയുന്നത്??'' പഞ്ചറൊട്ടിക്കുന്നതിനിടയിൽ അവൻ ഇടം കണ്ണിട്ടു ആശാനെ നോക്കി...

''എന്താടാ നാട്ടുകാര് പറഞ്ഞുണ്ടാക്കിയത്??? '' കുമാരൻ അവനുനേരെ കണ്ണ് തുറുപ്പിച്ചു....

''ആശാനും വടക്കേതിലെ അമ്പിളിയേച്ചിയും തമ്മിൽ പ്രേമമായിരുന്നൂന്നോ... അമ്പിളിയേച്ചി ആശാനെ പറ്റിച്ചു കടന്നു കളഞ്ഞെന്നോ... അങ്ങനെ എന്തൊക്കെയോ...'' പഞ്ചറൊട്ടിച്ച ടയറിൽ കാറ്റ് നിറക്കവേ അപ്പു പറഞ്ഞു...

''നീ പണി പഠിക്കാൻ വന്നതോ... അതോ ആശാനിട്ടു പണിയാൻ വന്നതോ.... മിണ്ടാതിരുന്നു പണിയെടുക്കടാ...'' കുമാരൻ കുപിതനായി...

അകത്ത് റേഡിയോയിൽ നിന്നും 'നഷ്ട സ്വർഗ്ഗങ്ങളെ നിങ്ങളെനിക്കൊരു ദുഃഖ സിംഹാസനം നല്കീ' എന്ന ഗാനം ഉയർന്നു....

അല്പനേരത്തെ മൗനത്തിനു ശേഷം കുമാരൻ തുടർന്നു...

''എടാ.. നീ ഇപ്പോൾ ഇവിടെ വന്നു ഈ കഷ്ടപ്പെടുന്നത് എന്തിനാ... നിന്റെ സ്വപ്നമായ ഒരു സൈക്കിൾ സ്വന്തമാക്കാൻ...  അത് നേടിയെടുക്കാൻ കഴിയാതെ നിരാശനാകേണ്ടി വരുമ്പോൾ നിനക്കുണ്ടാകുന്ന വിഷമം... അത് മറ്റുള്ളവർക്ക് പറഞ്ഞു ചിരിക്കാനുള്ള വെറും തമാശയാണ് അപ്പൂ.... അതേ അവസ്ഥയാണ് ഇന്ന് നിന്റെ ഈ ആശാന്... ഒരുപാട് മോഹിച്ചു.. പക്ഷേ സ്വന്തമാക്കാൻ കഴിഞ്ഞില്ല.... വിധി അങ്ങനെയായിരിക്കും....''

ഒരു നെടുവീർപ്പോടെ കുമാരൻ പണിയിൽ മുഴുകി....

''പക്ഷേ ആശാനേ... നമ്മുടെ ജീവിതവും ഈ സൈക്കിൾ ചക്രവും ഒരുപോലെയല്ലേ... ഇടക്കൊന്നു പഞ്ചറാകും... വീണ്ടും നന്നാക്കിയെടുത്ത് പിന്നെയും ദൂരങ്ങൾ താണ്ടും... നന്നാക്കിയെടുക്കാവുന്ന വെറുമൊരു പഞ്ചർ മാത്രമല്ലേ ആശാന്റെ ഇപ്പോഴത്തെ വിഷമങ്ങൾ....

ആശാനറിയോ.... ആശാനെ ജീവനു തുല്ല്യം സ്നേഹിക്കുന്ന... ആശാൻ അറിയാതെ പോയ ഒരാളുണ്ട്... അമ്പിളിയേച്ചിയുടെ കൂടെ നടക്കാറുള്ള താര ചേച്ചി...''

''ഏത്.. റേഷൻ കടക്കാരൻ കണാരേട്ടന്റെ മോളോ???'' ആകാംക്ഷയോടെ കുമാരൻ അപ്പുവിനെ നോക്കി..

''ഉം.. അത് തന്നെ... സ്നേഹത്തിന്റെ വില അറിയുന്ന ആളല്ലേ......  ആശാന്റെ ഒരു ചിരി മതി ആ മനസ്സൊന്നു നിറയാൻ....

ഇങ്ങനെ ഒറ്റ ചക്രമായി എത്ര നാൾ ഓടും ആശാന്റെ ജീവിതം... കൂട്ടിന് ആ പുത്തൻ ചക്രം വാങ്ങിയിട്ട് മുന്നോട്ട് പായിക്ക് ആശാനേ ഈ ജീവിതം....''

അന്നത്തെ ജോലിയുമവസാനിപ്പിച്ച്, നന്നാക്കിയെടുത്ത ആ സൈക്കിളുമായി ചെറിയ വായിൽ വലിയ ഉപദേശവും നൽകി അപ്പു പറന്നകലുമ്പോൾ,,, കുമാരൻ തന്റെ പ്രിയ ശിഷ്യനേയും നോക്കി കണ്ണിമ ചിമ്മാതെ നിൽക്കുന്നുണ്ടായിരുന്നു.... ഒപ്പം മനസ്സിൽ ഒരായിരം പുത്തൻ സ്വപ്നങ്ങളും....

(ചിലർ അങ്ങനെയാണ്.... തനിക്കായ്‌ വിരിഞ്ഞ താരകങ്ങളെ തിരിച്ചറിയാതെ,, അമ്പിളിയുടെ നിലാവെളിച്ചത്തെ   അതിരില്ലാതെ മോഹിക്കും.... എല്ലാം തിരിച്ചറിയുമ്പോഴേക്കും കാലചക്രം ബഹുദൂരം ഓടിയെത്തിയിരിക്കും... തിരിച്ചുപിടിക്കാനാകാത്ത വിധം...)

Saran prakash

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്