#kissakal

'ശോഭേ... ഞാനൊരു വികാര ജീവിയാണ്....'

ടി.വി യിൽ നിന്നും ഉമ്മറിക്കാന്റെ വികാരഭരിതമായ വാക്കുകൾ നാലു ചുവരുകൾക്കുള്ളിൽ മുഴങ്ങി....

''ശബ്ദം താഴ്ത്തി വെക്ക് മോനെ... അച്ഛനിപ്പോൾ തൊടിയിൽ നിന്നും വരും... പിന്നെ ഇത് മതി ഇന്നത്തെ കോലാഹലത്തിന്...'' അടുക്കളയിൽ നിന്നും അമ്മ ചോറും കറി പാത്രവുമായി കടന്നു വന്നു...

ഊണുമേശയിൽ അവയെല്ലാം ചിട്ടയോടെ ഒതുക്കിവെച്ചു...

''എത്ര നല്ല മനുഷ്യൻ... സൗഹൃദം നടിച്ച് കൂടെ നടന്നു തരം ഒത്തുവരുമ്പോൾ വികാരം കാണിക്കുന്നവരേക്കാൾ നല്ലതല്ലേ അമ്മേ ഇതുപോലെ തുറന്നു പറയുന്നത്... ഇരക്കു രക്ഷപ്പെടാൻ വേടൻ നൽകുന്ന അവസാന അവസരം....''

ഉമ്മറിക്കാന്റെ വാക്കുകളിൽ ലയിച്ചങ്ങനെ ഞാൻ ഇരുന്നു....

''അമ്മക്ക് ഈ രംഗം കാണുമ്പോൾ ചിരിയാ വരുന്നത്...'' മുഖത്തൊരു കള്ളച്ചിരിയോടെ അമ്മ അടുക്കളയിലേക്ക് നടന്നു...

ആ ചിരിയുടെ അർത്ഥം എന്തെന്നറിയാനുള്ള വ്യഗ്രതയിൽ ഞാനും അമ്മയുടെ പുറകേ അടുക്കളയിലേക്ക് നടന്നു...

''എന്താ അമ്മേ അങ്ങനെ പറഞ്ഞത്...''??? അടുക്കള തിണ്ണയിൽ ചാരി നിന്ന് ഞാൻ ചോദിച്ചു...

''അതൊരു വല്ല്യേ കഥയാണ്...''  കറി വെച്ച പാത്രങ്ങളെല്ലാം ഓരോന്നായി കഴുകി വെക്കവേ അമ്മ ആ കഥക്കു തുടക്കം കുറിച്ചു....

''പണ്ട് അമ്മേടെ ചെറുപ്പത്തിൽ നാട്ടില് എന്തോ വല്ല്യൊരു പരിപാടിക്ക് ഉമ്മർ വിശിഷ്ട അതിഥിയായെത്തി... നായക വേഷങ്ങൾ ചെയ്തിട്ടുണ്ടേലും അന്നും ഇന്നും എല്ലാവരും ഒരുപോലെ ഓർക്കുന്നത് ഉമ്മറിക്കാന്റെ വില്ലൻ വേഷങ്ങളാ... പ്രത്യേകിച്ച് ഞങ്ങൾ പെൺകുട്ടികൾ.... അതുകൊണ്ടു തന്നെ ഉള്ളിലൊരു ഭയം ഉണ്ടായിരുന്നു... പക്ഷേ അന്നത്തെ ആ ചടങ്ങിൽ ഉമ്മറിന്റെ പ്രസംഗത്തിലൂടെ എല്ലാവരുടെയും ഭയം ഇല്ലാതായി... അത്രയ്ക്ക് മനോഹരമായ സംസാരം... നമ്മള് സിനിമയിൽ കാണുന്ന പോലെയൊന്നുമല്ല... മുഖത്ത് നല്ല ഐശ്വര്യമായിരുന്നു.... അന്ന് കൂടി നിന്നവരെല്ലാം പറഞ്ഞു... എന്തൊരു പാവം അല്ലേ... നമ്മളൊക്കെ വെറുതെ തെറ്റിദ്ധരിച്ചുന്ന്...

അതിൽ പിന്നെ ഉമ്മറിക്കാന്റെ സിനിമ കാണുമ്പോൾ ചിരി വരും... പ്രത്യേകിച്ച് ഇതുപോലെയുള്ള രംഗങ്ങളിൽ...''

ഒരു ചിരിയോടെ അമ്മ പറഞ്ഞവസാനിപ്പിക്കുമ്പോൾ അറിയാതെ ഞാനും ചിരിച്ചുപോയി....

''അപ്പൊ അമ്മ പണ്ട് സിനിമ കാണാനൊക്കെ പോവാറുണ്ടല്ലേ...''

''ഇടക്കൊക്കെ... വീട്ടിനു പുറത്തിറങ്ങാൻ സമ്മതിക്കില്ലായിരുന്നു നിന്റെ  അപ്പൂപ്പനും അമ്മൂമ്മയും.. പിന്നെ ചേട്ടന്മാരുടെ കൂടെ കൂടി അവർക്ക് മഞ്ചാടിക്കുരും വെള്ളാരം കല്ലുമൊക്കെ പെറുക്കി കൊടുത്ത് അവരുണ്ടാക്കുന്ന നിയമങ്ങൾ പാലിക്കാം എന്ന ഉറപ്പിൽ എപ്പോഴൊക്കെയോ പോയിട്ടുണ്ട്.... പണ്ട് ഇന്നത്തെപ്പോലെയൊന്നുമല്ലല്ലോ... സിനിമ കൊട്ടകയെന്നും പറഞ്ഞു വെല്ല ഷീറ്റോ... തുണിയോ.. അല്ലേൽ ഓല വെച്ചു മറച്ചിട്ടുള്ള ഷെഡോ... ഹാ.. അതൊക്കെയൊരു കാലം...''

അമ്മ നെടുവീർപ്പിട്ടു....

''അമ്മക്കൊരു സിനിമാ നടനെ കല്ല്യാണം കഴിക്കാർന്നില്ലേ...'' അടുക്കള തിണ്ണയിൽ കയറിയിരുന്ന് അരികിലെ പച്ചക്കറി പാത്രത്തിൽ നിന്നും കാരറ്റ് എടുത്ത് കടിക്കുന്നതിനിടയിൽ ഞാൻ ചോദിച്ചു...

''അതെന്താ നീ അങ്ങനെ ചോദിച്ചത്???" കണ്ണ് ചുളിച്ചുകൊണ്ട് അമ്മയെന്നെ നോക്കി...

''ഒരു സിനിമാ നടന്റെ ഭാര്യയും മകനുമാണെന്ന് പറയാൻ വല്ല്യേ ഗമയല്ലേ... എല്ലാരും അറിയും നമ്മളെ...''

''എന്താടാ നിന്റെ അച്ഛനൊരു കുഴപ്പം...'' മുഖം കടുപ്പിച്ച് അമ്മയെന്നെ നോക്കി....

''അമ്മ തന്നെ പറയാറില്ലേ... അച്ഛനൊരു മുരടൻ ആണെന്ന്....''

ഒരു ചിരിയോടെ ഞാൻ അത് പറയുമ്പോൾ അമ്മയുടെ മുഖത്ത് ആ മുരടനോടുള്ള സ്നേഹത്തിന്റെ ആഴം എനിക്ക് തിരിച്ചറിയുന്നുണ്ടായിരുന്നു....

''പണ്ട് എന്നെ പെണ്ണ് കാണാൻ വന്നവരിൽ മൂന്നാമനായിരുന്നു നിന്റെ അച്ഛൻ... ഇന്നത്തെപ്പോലെ നിങ്ങളുടെ ഇഷ്ടങ്ങൾ തുറന്നുപറയാനുള്ള അവകാശമൊന്നും ഞങ്ങൾക്കില്ലായിരുന്നു... കാരണവന്മാർ തീരുമാനിക്കുന്നവർക്ക് മുൻപിൽ തല കുനിച്ചു കൊടുക്കണം... അതുകൊണ്ട് തന്നെ വിവാഹ ജീവിതത്തിലൊന്നും എനിക്ക് വല്ല്യേ പ്രതീക്ഷയുണ്ടായിരുന്നില്ല...''

പാത്രങ്ങൾ ഒതുക്കിവെച്ച് അമ്മ തിണ്ണ തുടക്കുവാൻ തുടങ്ങി...

''എന്നിട്ട്???'' ആകാംക്ഷയോടെ ഞാൻ ചോദിച്ചു...

''ആദ്യത്തെ രണ്ടാലോചനയും വല്ല്യേ പ്രമാണിമാരുടെ മക്കളായിരുന്നു.... അവരു വരും... ഞാനവർക്ക് മുൻപിൽ തല കുനിച്ചു നിൽക്കും... പെണ്ണിന് എന്ത് കൊടുക്കും എന്ന് ഏതേലും ഒരു കാർന്നോരു ചോദിക്കുന്നതോടെ ആ ചടങ്ങിന് തിരശ്ശീല വീഴും... എനിക്ക് വേണ്ടി മാറ്റി വെച്ച സ്വത്തുവകകളിലൊന്നും വന്നവർ തൃപ്തിയടഞ്ഞില്ല....

അങ്ങനെ മൂന്നാമനായാണ് നിന്റെ അച്ഛൻ പടി കേറി വന്നത്... പതിവുപോലെ ഉടുത്തൊരുങ്ങി തലയും താഴ്ത്തി ഞാൻ വന്നു നിന്നു... അന്നും ഒരു കാർന്നോരു ആ ചോദ്യം ആവർത്തിച്ചു.... പെണ്ണിന് എന്ത് കൊടുക്കും!!!!!!

പക്ഷേ,,,''

അമ്മ എന്നെ നോക്കി....

ചവച്ചരച്ചുകൊണ്ടിരുന്ന കാരറ്റിനെ മറന്ന് ഞാൻ വായും പൊളിച്ചു നിന്നു.....

''ആ ചോദ്യത്തിന് മറുപടി പറഞ്ഞത് നിന്റെ അച്ഛനായിരുന്നു...

'പെണ്ണിനെ എനിക്കിഷ്ടമായി.... എന്നെയും ഇഷ്ടമായെങ്കിൽ നമുക്ക് ഈ വിവാഹം നടത്താം... കൂടുതലൊന്നും ഞാൻ ആഗ്രഹിക്കുന്നില്ല....'

അന്നാദ്യമായി പെണ്ണുകാണൽ ചടങ്ങിന് ഞാൻ തല ഉയർത്തി നോക്കി... ആ വീര പുരുഷനെ...''

അമ്മയുടെ കണ്ണുകളിൽ ആ മധുര പതിനേഴുകാരിയുടെ തിളക്കം എനിക്കു കാണാമായിരുന്നു.....

''എന്നിട്ട്???'' ഞാൻ ചോദിച്ചു...

''ഒരു തരി സ്വത്തും പണോം പൊന്നും വേണ്ടാന്ന് പറഞ്ഞു വന്നതല്ലേ.. കുടുംബകാർക്ക് ഒരുപോലെ സമ്മതം... അപ്പൂപ്പനും അമ്മൂമ്മക്കും പേടിയായിരുന്നു... ചെക്കന് വെല്ല കുറവും ഉണ്ടായിരിക്കും... അതായിരിക്കും ഒന്നും വേണ്ടാന്ന് പറഞ്ഞതെന്നാണ് അവർ ചിന്തിച്ചത്....

പക്ഷേ,, എന്റെ മനസ്സിൽ അപ്പോഴേക്കും നിന്റെ അച്ഛൻ ഇടം പിടിച്ചിരുന്നു... അങ്ങനെ ദൈവനിശ്ചയം പോലെ ഞങ്ങൾ ഒന്നായി...

അന്ന് മുതൽ ഇന്നുവരെ ആ മനുഷ്യന് ഒരു കുറവുള്ളതായി എനിക്കു തോന്നീട്ടില്ല"

''ദേവകീ.....'' തൊടിയിൽ നിന്നും അച്ഛന്റെ വിളിയുയർന്നു...

ആ വിളിയുടെ അർത്ഥം തിരിച്ചറിഞ്ഞെന്നവണ്ണം ഒരു മൊന്തയിൽ തണുത്ത വെള്ളവുമായി അമ്മ തൊടിയിലേക്ക് നീങ്ങി...

സിനിമയിലെ നായികാനായകന്മാർക്ക് പുറകേയോടിയപ്പോൾ,,, ഞാൻ കാണാതെ, അറിയാതെ പോയ എന്റെ ജീവിത്തിലെ നായികാനായകന്മാർ....

Saran prakash

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്