Kissakal

അന്നൊരു സായാഹ്നത്തിൽ അമ്പലത്തിനടുത്തുള്ള ആൽത്തറയിൽ പതിവുപോലെ അലസമായി  മലർന്നുകിടന്നു ബീഡി പുകകൊണ്ട് തലച്ചോറിന് ചൂട് കൊടുക്കോമ്പോഴാണ് അവളെ ആദ്യമായിട്ട് കാണുന്നത്..

ഹലോ മാഷേ,    കൊറച്ചു ദെവസായിട്ടു കാണുന്നു ഇവിടെ ഈ പുകയും വലിച്ചുള്ള കിടപ്പ്.. എന്താ പരുവാടി ???

പെട്ടെന്നുള്ള ചോദ്യം കേട്ടു ചാടി എണീറ്റു നോക്കിയപ്പോൾ മുൻപിൽ ഒരു പെൺകുട്ടി നിന്നു ചിരിക്കുന്നു.. ഇതുവരെ ഇവിടെങ്ങും  കാണാത്ത മുഖം...

ഇതൊക്കെ ചോദിയ്ക്കാൻ നീ ആരാ  എന്ന് അല്പം പരുഷമായി ശബ്ദമുയർത്തി ചോദിച്ചപ്പോൾ അവളുടെ മുഖം ഒന്ന് വാടിയപോലെ...

ന്ടെ പേര് ദേവിക എന്നും പറഞ്ഞവൾ പതിയെ അമ്പലത്തിലേക്ക് നടക്കുന്നതുനോക്കി ഞാനൊരു ബീഡിയെടുത്തു ചുണ്ടിൽ വെച്ചു..

പിറ്റേന്നും അവളെന്നെ ദിവാസ്വപ്നത്തിൽ നിന്നും വിളിച്ചെഴുന്നേല്പിച്ചു...
ചാടി എഴുന്നേറ്റ് ചുണ്ടിൽ എരിയുന്ന ബീഡി തുപ്പിക്കളഞ്ഞു ശബ്ദമുയർത്തി ഞാൻ അലറി...

നീ ആരാ ?? എന്താ നിനക്ക് വേണ്ടത് ??

കണ്ണുകളിറുക്കി ചിരിച്ചു കൊണ്ട് അവൾ മറുപടിയൊന്നും പറയാതെ അമ്പലത്തിലേക്ക് നടന്നുപോയി..

പിന്നെ അതൊരു പതിവായി... എന്നും സായാഹ്നങ്ങളിൽ എന്നെ ശല്യപെടുത്താനെന്നോണം അവളെത്തും ആൽത്തറക്കു സമീപം..

കൂടുതൽ സംസാരിക്കുന്ന കൂട്ടത്തിലുള്ളതുകൊണ്ടായിരിക്കണം,  അവൾ ഈ നാട്ടിലെ പുതിയ താമസക്കാർ ആണെന്നും, ഇപ്പോൾ താമസിക്കുന്നത് എന്ടെ കുടുംബക്ഷേത്രത്തിനു സമീപത്തുള്ള വാടകവീട്ടിൽ ആണെന്നും ഞാൻ ചോദിക്കാതെ തന്നെ അവൾ പറഞ്ഞു..

പെട്ടെന്ന് തന്നെ ഞങ്ങൾ സുഹൃത്തുക്കളായി,

അവൾ വരുമ്പോൾ ഒരു പ്രത്യേക  സുഗന്ധം അന്തരീക്ഷത്തിൽ പടരുമായിരുന്നു..
പലപ്പോഴും അതിനെക്കുറിച്ച് ചോദിക്കണമെന്നും കരുതിയിട്ടുണ്ട്...

ഒരു ദിവസം ആൽത്തറയിൽ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ്ക് അവൾ ചോദിച്ചു..

മാഷിന് ഒന്ന് അമ്പലത്തിൽ കയറി പ്രാർത്തിച്ചൂടെ ??

എനിക്ക് നിങ്ങളുടെ ദൈവത്തിലൊന്നും വിശ്വാസമില്ല കുട്ടി,  താൻ പോയിട്ട് വരൂ എന്നുപറഞ് ഒരു ബീഡി കത്തിച്ചു ഒന്നാഞ്ഞു വലിച്ചു..

തിരിച്ചു വന്നപ്പോൾ കയ്യിലിരുന്ന വാഴയില എന്ടെ നേർക്കു നീട്ടിക്കൊണ്ടവൾ പറഞ്ഞു..

മാഷേ ചന്ദനം ആണ് നെറ്റിയിൽ തൊട്ടോളു...

ഒഹ്  വേണ്ടാ.. ഞാൻ കുളിച്ചിട്ടില്ല........

എന്നുപറഞ് ഒഴിഞ്ഞുമാറാൻ നോക്കിയപ്പോൾ അവൾ സമ്മതിച്ചില്ല.. നിർബന്ധിച്ചു നെറ്റിയിൽ ചന്ദനം തൊട്ടു തന്നപ്പോഴേ അവൾക്ക് സമാധാനം ആയൊള്ളു..

ചന്ദനത്തിന്റെ തണുപ്പ് നെറ്റിയിൽ നിന്നും തലച്ചോറിലേക്ക് അരിച്ചിറങ്ങുമ്പോൾ ഞാൻ ദേവികയെ ഒന്ന്  നൊക്കി ....

കുറേ നാളുകൾക്കു ശേഷം ആദ്യമായി മനസറിഞ്ഞൊന്നു  പുഞ്ചിരിച്ചു...

പിറ്റേന്നും അമ്പലത്തിൽ കയറി പ്രാർത്ഥിക്കാൻ അവളെന്നെ നിർബന്ധിച്ചു...

അങ്ങിനെ ഒരു ദിവസം അവളുടെ നിർബന്ധത്തിനു വഴങ്ങി കാലങ്ങൾക്കു ശേഷം അമ്പലത്തിനുള്ളിൽ കയറി.. ശ്രീകോവിലിനു മുന്നിൽ കണ്ണടച്ചു നില്കുമ്പോ മനസൊന്നു പിറകോട്ടു സഞ്ചരിച്ചു...

പണ്ട് എന്നും രണ്ടുനേരം ഇവിടെ വന്നു മനസ്സുരുകി പ്രാർത്ഥിക്കുമായിരുന്നു...
ഇഷ്ടപെട്ട അവളെ സ്വന്തമാക്കി തരണേ ഭഗവതി എന്നും പറഞ്ഞു..

ഞങ്ങൾ രണ്ടുപേരുടെയും നാളുകളിൽ പുഷ്പാഞ്ജലിയും മുടങ്ങാതെ കഴിക്കും,,, 

എന്നിട്ടെന്തുണ്ടായി.... അവള്.....

മാഷേ... സ്വപ്നം കാണാതെ നല്ലോണം പ്രാർത്ഥിക്കു... ഭഗവതി കേള്ക്കും മാഷിന്ടെ പ്രാർത്ഥന,, 

ദേവികയുടെ വാക്കുകൾ മനസിനെ വർത്തമാന കാലത്തിലേക്ക് തിരികെ കൊണ്ടു വന്നു...

ചുറ്റമ്പലം പ്രദക്ഷിണം ചെയ്യുമ്പോൾ മനസ്സ് ശാന്തമായിരുന്നു,  ദൈവങ്ങളോട് ഒന്നും പറയാൻ ഉണ്ടായിരുന്നില്ല,,  നടയിലെത്തുമ്പോഴെല്ലാം  കൈകൾ കൂപ്പി കണ്ണുകളടച്ചു തൊഴുതു..

പുറത്തേക്കിറങ്ങിയപ്പോൾ ദേവിക ചോദിച്ചു..

മാഷിന്ടെ മുഖത്തു വല്ലാത്ത ഒരു  നിരാശയുണ്ടല്ലോ  ?? ഒരു നിരാശ കാമുകൻടെ സർവ ലക്ഷങ്ങളും കാണുന്നുണ്ട് ട്ടോ...

അവൾ പിന്നെയും പഴയ കാര്യങ്ങളെപ്പറ്റി കുത്തി കുത്തി ചോദിച്ചപ്പോൾ എല്ലാം തുറന്ന് പറഞ്ഞു...

പണ്ടത്തെ പ്രണയം, കാമുകിയുമായുള്ള യാത്രകൾ,  ഒരുമിച്ച് സ്വപ്നങ്ങൾ നെയ്തത്.... അവസാനം എന്നെക്കാളും യോഗ്യതയുള്ള അവളുടെ അപ്പച്ചിയുടെ മകൻ വിദേശത്തുനിന്നും വന്നപ്പോൾ നൈസ് ആയിട്ട് എന്നെ ഒഴിവാക്കി കളഞ്ഞത്...

പഴങ്കഥ കേട്ട് ദേവിക ഒരു നിമിഷം മിണ്ടാതിരുന്നു.. പിന്നെ പറഞ്ഞു,  ആ കുട്ടി  അപ്പൊ പോയത് നന്നായി മാഷേ, നിങ്ങൾ വിവാഹിതരായതിനുശേഷം ആ കുട്ടി മാഷിനെ ഉപേക്ഷിച്ചു പോയിരുന്നെങ്കിലോ ??

അതും ശരിയാ എന്നുപറഞ്ഞുകൊണ്ടൊരു ദീർഘ ശ്വാസം ഉതിർത്തു ഞാൻ...

ദേവികേ,  ഇത് ഏത് പേർഫ്യൂം ന്ടെ മണമാണ്.. വല്ലാത്തൊരു ഗന്ധം തന്നേട്ടോ.. എന്ന് പറഞ്ഞപ്പോൾ അവൾ ചിരിച്ചുകൊണ്ട് നടന്നകന്നു...

ഒരു ദിവസം അമ്പലത്തിൽ തൊഴാൻ വന്നാ ഒരു സുന്ദരിക്കുട്ടിയെ കാണിച്ചു തന്നുകൊണ്ടു ദേവിക ചോദിച്ചു..

മാഷേ ആ കുട്ടിയെ നോക്കിക്കൂടെ ? എനിക്കറിയാവുന്ന കുട്ടിയാ.. കാണാനും കൊള്ളാം.. നമുക്കൊന്നു ആലോചിച്ചാലോ ??

വേണ്ടേ... ആളെ വിട് മോളെ,  ഒരെണ്ണം തന്ന ബുദ്ധിമുട്ട് ഞാൻ ശരിക്കും അനുഭവിച്ചതാ... ഇനി രണ്ടാമതൊരു വേദനകൂടി സഹിക്കാനുള്ള ശേഷി എനിക്കില്ല ദേവിക... ആ കാര്യം വിട്ടേക്ക്.. എന്ന് പറഞ്ഞു ഞാൻ ഒഴിഞ്ഞുമാറി..

ഹും,  അതൊക്കെ മാഷിന്ടെ ഇഷ്ടം.. ഞാൻ പറഞ്ഞൂന്നേ ഒള്ളു.. എന്നുപറഞ്ഞു അവൾ തിരികെ പോയി...

പിറ്റേദിവസം ദേവികയെ കണ്ടില്ല.. എവിടെ പോയാവോ എന്ന് ആലോചിച്ചു ഇരിക്കുമ്പോൾ ഇന്നലെ ദേവിക ചൂണ്ടികാണിച്ചു തന്ന പെൺകുട്ടി അടുത്തേക്ക് വരുന്നത് കണ്ട് ഞാനൊന്നു പരുങ്ങി... 

ഏട്ടന് എന്നോട് എന്തോ പറയാനുണ്ടെന്ന് ഇന്നലെ ഒരു ചേച്ചി വന്നു പറഞ്ഞിരുന്നു,,  എന്താ കാര്യം ??

ആ സുന്ദരികുട്ടിയുടെ ചോദ്യം കേട്ടപ്പോൾ എനിക്ക് മിണ്ടാട്ടം മുട്ടി...ഇവളോട്  ഞാനെന്ത് പറയും...

ദേവിക എന്തിനാണാവോ അപ്പഴേക്കും ഇവളുടെ അടുത്തുപോയി ഇതൊക്കെ പറഞ്ഞത്... ആലോചിച്ചു നിൽകുമ്പോൾ അവൾ പിന്നെയും സംസാരിച്ചു..

എനിക്ക് ഏട്ടനെപ്പറ്റി നന്നായിട്ടറിയാം,

പണ്ട് ഞാനിവിടെ പ്രാർത്ഥിക്കാൻ വരുമ്പോൾ  കാണാറുണ്ട് സ്ഥിരം..

ഇടക്കുവെച്ചു പിന്നെ കാണാതായി ഏട്ടനെ അമ്പലത്തിനുള്ളിൽ ...പിന്നെ ഞാൻ കാണുമ്പോഴെക്കെ  ഈ ആൽത്തറയിൽ ഇങ്ങനെ  ബീഡിയും പുകച്ചിരിക്കുന്നുണ്ടാവും....

യ്യോ ഞാൻ പോട്ടെ,  നേരം വൈകി..  അമ്മ തിരക്കുന്നുണ്ടാവും ,  പിന്നെ കാണാട്ടോ എന്നുപറഞ്ഞു അവൾ ഓടി പോയി..

ഈശ്വരാ, 

ഇതൊക്കെ എപ്പോ സംഭവിച്ചു ? ഞാനറിയാതെ എന്നെ ശ്രദ്ധിക്കാനും ആളുകളോ ??... കൊള്ളാലോ...

അടുത്ത ദിവസം ദേവികയെ കണ്ടപ്പോൾ ഞാൻ ശുണ്ഠിയെടുത്തു...

താൻ എന്ത് പണിയാ കാണിച്ചേ ? ??

ആ കുട്ടിയോട് എന്ടെ അന്വേഷണം പറയാനൊക്കെ ആരാ പറഞ്ഞേ ??
ഭാഗ്യം അവളത് വീട്ടിൽ പറയാതിരുന്നത്...

ഇതൊക്കെ കേട്ടിട്ടും ദേവികക്ക് ഒരു കൂസലും കണ്ടില്ല..

മാഷേ,  മാഷിന് ചേരുന്ന കുട്ട്യാ അവൾ,  മാത്രവുമല്ല ആ കുട്ടിക്കും മാഷോടൊരു താല്പര്യം ഉണ്ട്....

വാ,  നമുക്ക് അമ്പലത്തിൽ കയറാം,  നടതുറക്കാൻ സമയമായി എന്നുപറഞ്ഞു എന്ടെ കൈ പിടിച്ഛ് അമ്പലത്തിലേക്ക് നടന്നു ദേവിക..

തൊഴുതു തിരിച്ചിറങ്ങുമ്പോൾ ദേവിക പറഞ്ഞു..

നാളെ മാഷിന്ടെ കുടുംബ ക്ഷേത്രത്തിൽ ഉത്സവം ആണല്ലോ ?? മാഷ് വരില്ലേ അങ്ങോട്ട് ??

ഒഹ്,  കുറേ നാളായി ഞാൻ അങ്ങോട്ടേക്ക് കടന്നിട്ട്.. ദേവി എന്ടെ പ്രാർത്ഥന കേൾക്കാതായപ്പോൾ എനിക്ക് എല്ലാ ദൈവങ്ങളിലുമുള്ള വിശ്വാസം നഷ്ടപ്പെട്ടു ദേവികേ... എന്ന് പറഞ്ഞുകൊണ്ട് ഞാൻ മുഖം തിരിച്ചു മറ്റെങ്ങോട്ടോ അലസമായി നോട്ടം പായിച്ചു..

അങ്ങനെ പറഞ്ഞാൽ ശര്യാവില്ല മാഷേ, ഞാനീ നാട്ടിൽവന്നിട്ടു ആദ്യത്തെ ഉത്സവം, അതും  മാഷിന്ടെ കുടുംബ ക്ഷേതത്തിൽ.. ഞാനുറപ്പായിട്ടും അവിടെ വരും, 

ദീപാരാധനയ്ക്കു മുന്പായിട്ടു മാഷും എത്തിയേക്കണം ട്ടോ... അന്നപൂർണേശ്വരിയല്ലേ അവിടുത്തെ പ്രതിഷ്ഠ !! വിളിച്ചാൽ വിളിപ്പുറത്താ ദേവി..

അപോ നാളെ വൈകീട്ട് അവിടെ കാണാം മാഷേ,  എന്നും പറഞ്ഞു ദേവിക തിടുക്കപ്പെട്ടു നടന്നു പോകുന്നത് നൊക്കി ഞാൻ ആശ്ചര്യപ്പെട്ടു നിന്നു..

ഈ പെൺകുട്ടിക് എന്ടെ ജീവിതത്തിൽ ഒരുപാട് സ്വാധീനം ചെലുത്താൻ കഴിഞ്ഞിരിക്കുന്നു എന്ന സത്യം അപ്പോൾ ഞാൻ ഒരു അത്ഭുതത്തോടുകൂടി  തിരിച്ചറിഞ്ഞു... അവളുടെ വാക്കുകളെ മറികടന്നു ചിന്തിക്കാൻ എനിക്ക് കഴിയുന്നില്ലലോ എന്ന് ഞാൻ സ്വയംചിന്തിച്ചു...

പിറ്റേ ദിവസം വൈകീട്ട് ദീപാരാധനയുടെ സമയത്തു ഞാൻ കുടുംബക്ഷേത്രത്തിൽ എത്തി... കുറേ നാളുകളായി അവിടെ  കാണാത്തതുകൊണ്ടാവും പലരുടെയും മുഖത്തു ആശ്ചര്യം !!

ആൾക്കൂട്ടത്തിനിടയിൽ ഞാൻ ദേവികയെ തിരഞ്ഞു... ഇല്ല,  എവിടെയും കാണാനില്ല..

പെട്ടെന്നാണ് എന്നെ ശ്രദ്ധിക്കുന്ന രണ്ട് കണ്ണുകളെ കണ്ടത്...

ഒഹ്,   അമ്പലത്തിൽ അന്നുകണ്ടു സംസാരിച്ച ആ സുന്ദരി...

ഇവൾ എന്താണാവോ ഇവിടെ ?? ഞാൻ ശ്രദ്ധിക്കുന്നുണ്ട് എന്നറിഞ്ഞതും അവൾ പരിഭ്രമത്തോടെ മറ്റെങ്ങോട്ടോ ദൃഷ്ടി പായിച്ചു...

അവളുടെ ആ നോട്ടവും ചിരിയും...ചങ്കിനുള്ളിൽ തായമ്പക കൊട്ടി തുടങ്ങി... !!

ആൾത്തിരക്കിനിടയിലൂടെ ഞാൻ ശ്രീ കോവിലിനടുത്തേക്കു നീങ്ങി.. കുറേ നാളായി ദേവിയുടെ വിഗ്രഹം കണ്ടിട്ട്,  കാണാൻ ഒരാഗ്രഹം പെട്ടെന്ന് തോന്നി മനസിൽ...

ദീപാരാധക്കായി നട അടച്ചിരിക്കുന്നു... അന്തരീക്ഷത്തിൽ  മന്ത്രോച്ചാരണം മുഴങ്ങി,,  കണ്ണുകളടച്ചു അന്നപൂർണേശ്വരി ദേവിയെ മനസിൽ ധ്യാനിച്ചു  കൈകൂപ്പി നിന്നു...

പെട്ടെന്ന് നട തുറന്നു... സർവാഭരണ  വിഭൂഷിതയായ ദേവിയെ കൺകുളിർക്കെ കണ്ടു മനസ്സ് നിറഞ്ഞു....

പെട്ടെന്ന് ദേവികയുടെ മുഖം ഒരു കൊള്ളിയാൻ പോലെ മനസിലേക്ക് വന്നു...

ഞാൻ ചുറ്റിനും കണ്ണോടിച്ചു,  ഇല്ല അവൾ എവിടെയും ഇല്ല... പക്ഷെ ദേവിക അടുത്തുവരുമ്പോളുള്ള അസാധാരണമായ ആ സുഗന്ധം,  അത് ചുറ്റിനും പരക്കുന്നുണ്ട്...

അവളുടെ പൊട്ടിച്ചിരി അന്തരീക്ഷത്തിൽ മുഴങ്ങുന്നുണ്ട്...

ഒരു ഉൾക്കിടലത്തോടുകൂടി  ഞാൻ ശ്രീകോവിലിനുള്ളിലേക് ഒന്നുകൂടെ നോക്കി...

അവിടെ അന്നപൂർണേശ്വരി ദേവി എന്നെനോക്കി പുഞ്ചിരി തൂകുന്നതുപോലെ...

ദേവിയുടെ മുഖത്തിനു ഒരു നിമിഷം ദേവികയുടെ മുഖ ഛായ കൈവന്നുവോ ?

Sai bro

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്