മേഘരാഗം

മേഘരാഗം
**********

"പറയൂ അഖില , എന്തു തീരുമാനിച്ചു ..? നാല് മാസങ്ങളായല്ലോ നിങ്ങൾ വേർപിരിഞ്ഞ് താമസിക്കുന്നു .. ഇനി ഒരുമിച്ച് കൂടേ ..?"

കൗൺസലിങ് റൂമിൽ കുടുംബകോടതി ജസ്റ്റിസ് മുമ്പാകെ അഖില തലയുയർത്തി അഭിമാനത്തോടെ പറഞ്ഞു .

"എനിക്ക് ഇയാളെ വേണ്ട .. സഹിക്കാവുന്നതിന്റെ , ക്ഷമിക്കാവുന്നതിന്റെ പരമാവധിയായി .. ഞാനെന്റെ അച്ഛനോടും അമ്മയോടും ഒപ്പം പോകുന്നു .. ഡിവോഴ്സ് മതി .. ഇദ്ദേഹത്തെ അംഗീകരിക്കാനോ , ഉൾക്കൊള്ളാനോ എനിക്കാവില്ല .. ഇനി സമാധാനമായി ജീവിക്കണം.. "

അഖിലയുടെ ഉറച്ച ശബ്ദം കേട്ട് , അവളുടെ അടുത്ത് കസേരയിലിരുന്ന ശ്രീനാഥ് അവളെ അനുകമ്പയോടെ നോക്കി .

' തന്റെ പ്രാണസഖി , ജീവന്റെ നല്ല പാതി , അവളുടെ സന്തോഷമാണ് തന്റെയും '

" ശ്രീനാഥ് , എന്താണ് താങ്കളുടെ അഭിപ്രായം ..?"

"അഖിലയുടെ ഇഷ്ടമനുസരിച്ച് വേർപിരിയാം .. ഡിവോഴ്സിനു താല്പര്യമില്ല .. അവൾക്ക് എപ്പോൾ എന്നെ വേണമെന്ന് തോന്നിയാലും തിരികെ വരാം .. എനിക്കവളെ ഇഷ്ടമാണ് .. "

"അഖില പാരന്റ്സിനൊപ്പം പൊയ്ക്കോളൂ .. ഡിവോഴ്സ് ഭർത്താവിനു സമ്മതമില്ലാത്തതിനാൽ കോടതി അനുവദിക്കുന്നില്ല .. നന്നായി ആലോചിക്കൂ .. നിങ്ങൾ ചെറിയ പ്രായമല്ലേ .. രണ്ട് മാസങ്ങൾക്ക് ശേഷം വീണ്ടും കൗൺസലിങിന് ഹാജരാകണം .. "

കോടതിയുടെ നിബന്ധനാ പത്രത്തിൽ ഒപ്പു വച്ച് ശ്രീനാഥും അഖിലയും റൂമിൽ നിന്നിറങ്ങി . പുറത്ത് , ഇടവപ്പാതിയിലെ ഇടമുറിയാതെ തിമിർത്തു പെയ്യുന്ന വശീകരണ ശക്തിയുള്ള മഴ . അഖില , തന്റെ സുന്ദരമായ മുഖത്തേക്ക് അലസമായി പാറി വീണ മുടി അഹങ്കാരത്തോടെ മാടിയൊതുക്കി ; അവൾ ധരിച്ചിരുന്ന മറൂൺ ചുരിദാറിന്റെ ദുപ്പട്ട ഒന്നുകൂടി താഴേക്ക് വലിച്ച് ധൃതിയിൽ അവളുടെ കാറിനടുത്തേക്ക് നടന്നു . മഴ , ഭീകരരൂപിണിയായി പൊഴിഞ്ഞ് അവളുടെ കുടയിൽ ചിതറിത്തെറിച്ചു .

അഖില , അവളുടെ വീട്ടിലെ ഇളയ മകൾ . അച്ഛനും അമ്മയും രണ്ട് ചേട്ടന്മാരും കൊഞ്ചിച്ച് , ലാളിച്ച് വളർത്തിയ മകൾ .

' അല്ലെങ്കിലും ഒരു ഡോക്ടറുടെ പക്വതയൊന്നും അവൾക്കില്ല .. ഇപ്പോഴും കൊച്ചു കുട്ടികളെ പോലെയാ പെരുമാറുക ..'

ശ്രീനാഥ് ; അഖിലയുടെ വേഗത്തിലുള്ള നടത്തവും , ആംഗ്യങ്ങളും വാത്സല്യത്തോടെയും കൗതുകത്തോടെയും കോടതി വരാന്തയിൽ നിന്ന് കണ്ടു .

സിറ്റിയുടെ പോലീസ് കമ്മീഷണറാണ് സുമുഖനും അതികായനുമായ ശ്രീനാഥ് . അച്ഛൻ , ഭാരതത്തിനു വേണ്ടി വീരമൃത്യു വരിച്ച മേജർ ശിവശങ്കരൻ . അദ്ധ്യാപികയായിരുന്ന ശ്രീനാഥിന്റെ അമ്മ , അവനെ ധൈര്യമുള്ള യുവാവായി നാടിന്റെ കരുതലായി , അന്തസ്സായി വളർത്തി .

'അമ്മയോട് എന്തു സമാധാനം പറയും .? അവളെ കാത്തിരിക്കുകയല്ലേ വീട്ടിൽ .. തന്റെ കുഞ്ഞിനെ ലാളിക്കണമെന്ന് ഇന്ന് പോലും പറഞ്ഞതല്ലേ .. അവൾ ഇനി തിരിച്ചു വരില്ല എന്ന് എങ്ങനെ പറഞ്ഞു മനസ്സിലാക്കും ..?'

മഴ നെറുകയിലൂടെ അലറി വിളിച്ച് പെയ്തിറങ്ങി , തണുത്ത വിരലുകളാൽ മനസ്സിനെ തൊട്ടപ്പോൾ ശ്രീനാഥ് അറിയാതെ ഉതിർന്ന അവന്റെ കണ്ണീർ അതിലലിഞ്ഞു പോയി .

       -------------------------

"അമ്മേ , അച്ഛൻ എപ്പഴാ വരാ ..? എനിക്ക് അച്ഛനെ കാണണം .. "

മൂന്ന് വയസ്സ്കാരി ശ്രേയ ചിണുങ്ങി കരഞ്ഞ് അഖിലയെ കെട്ടിപ്പിടിച്ചു . എല്ലാ ദിവസവും ഉറങ്ങുന്നതിന് മുൻപ് ശ്രേയയുടെ അന്വേഷണങ്ങൾ , അവളുടെ അച്ഛനെയാണ് .

" മോള് കണ്ണാടി നോക്ക് .. അച്ഛനെ കാണാലോ .. അച്ഛനെ പോലെ തന്നെയാ മോളും .. "

തിളങ്ങുന്ന കണ്ണുകളും , നെറ്റിയും , ഇടതൂർന്ന മുടിയും , സുന്ദര മുഖവുമായി ശ്രീനാഥിനെ പകർത്തി വരച്ച പോലെയാണ് ശ്രേയ .

' ബന്ധം പിരിഞ്ഞാലെന്താ ..? ഓരോ ശ്വാസത്തിലും ശ്രീയെ ഓർക്കാനായി ദൈവം തനിക്ക് സമ്മാനിച്ച നിധി ..'

അഖില , ശ്രേയയെ എടുത്ത് ഉമ്മ വച്ച് നെഞ്ചിൽ കിടത്തി ഉറക്കി . ജാലകത്തിനപ്പുറം പുറത്ത് കനത്ത മഴയിൽ പിറകോട്ടാടാൻ വെമ്പുന്ന ഇരുൾ മൂടിയ ഓർമ്മകളിൽ അഖില നനഞ്ഞു . രാത്രി മഴയിൽ , ഇടക്കവൾ ഭ്രാന്തിയായി , നൊമ്പരം ആരും കേൾക്കാതിരിക്കാൻ ആർത്തലക്കുന്നു . മഴയുടെ ഓരോ സ്പർശനത്തേയും ആസ്വദിച്ചിരുന്ന അവൾക്ക് ഇന്ന് മഴ ; പെയ്തൊഴിയാത്ത നൊമ്പരമാണ് .

' എന്തിനു വേണ്ടിയാണ് താൻ ശ്രീയെ ഉപേക്ഷിച്ചത് ..? ജീവനു തുല്യം തന്നെ സ്നേഹിച്ചതല്ലേ .. പ്രായത്തിന്റെ എടുത്തു ചാട്ടത്തിൽ ആ സ്നേഹത്തെ താൻ വലിച്ചെറിഞ്ഞു .. ' ചാലിട്ടൊഴുകിയ കണ്ണീർ അഖില അമർത്തി തുടച്ചു . ആകാശത്ത് നിന്ന് പ്രവാഹമായ് പെയ്തിറങ്ങുന്ന ഓരോ മഴത്തുള്ളികളും അവളുടെ പ്രണയ നൊമ്പരങ്ങളായി .

' എം.ബി.ബി.എസ് കഴിഞ്ഞപ്പോൾ മകളെ വിവാഹം ചെയ്യുന്നത് പോലീസ് കമ്മീഷണറാണ് എന്നതിൽ അച്ഛൻ വളരെ അഭിമാനിച്ചിരുന്നു .

എന്നാൽ ചിന്താശേഷി നഷ്ടപ്പെടുത്തി , ബുദ്ധി വൈകല്യമുള്ളവളായി താൻ പെരുമാറി ..

ശ്രീയുടെ വീട്ടിൽ വിവാഹം കഴിഞ്ഞ് എത്തിയ നാൾ മുതൽ അമ്മയും ശ്രീയും തമ്മിലുള്ള സ്നേഹം കണ്ട് അസൂയ പൂണ്ടു .. അമ്മക്ക് തന്നോടുള്ള സ്നേഹവും വാത്സല്യവും കണ്ടില്ലെന്ന് നടിച്ചു .

ഉദ്യോഗ തിരക്കുകൾ മൂലം തന്റെ പല ആഗ്രഹങ്ങളും സാധിച്ചു തരാൻ ശ്രീക്ക് കഴിഞ്ഞില്ല .. ഒന്നും മനസ്സിലാക്കാതെ കിട്ടുന്ന സമയങ്ങൾ അദ്ദേഹവുമായി മന:പൂർവം വഴക്ക് കൂടി .. അമ്മ തനിക്ക് തരുന്ന സമ്മാനങ്ങൾക്ക് വില കൽപ്പിക്കാതെ തള്ളി കളഞ്ഞു .

തന്റെ അച്ഛനും അമ്മയും എല്ലാം വലുതാക്കി പറഞ്ഞ് തന്നെ പിന്താങ്ങി .. എല്ലാ ദുർവാശികൾക്കും , ചിന്തകൾക്കും കൂടെ നിന്നു .

വീട്ടിലെ ഭക്ഷണം കഴിക്കാതെ , ഒറ്റക്ക് റൂമിൽ ഇരുന്ന് ഹോട്ടൽ ഭക്ഷണം കഴിച്ചു . ജോലി കഴിഞ്ഞെത്തുന്ന ശ്രീയോട് അമ്മയെ കുറിച്ച് കഥകൾ മെനഞ്ഞ് പറഞ്ഞു . പുഞ്ചിരിയിൽ മറുപടി ഒതുക്കുന്ന ശ്രീ , അമ്മ പാകം ചെയ്ത ഭക്ഷണം രുചിയോടെ ആസ്വദിച്ചു കഴിക്കുന്നത് അസ്വസ്ഥതയോടെ , അസൂയയോടെ നോക്കിയിട്ടുണ്ട് . ഭക്ഷണം കഴിക്കാൻ ക്ഷണിക്കുമ്പോഴെല്ലാം പുച്ഛിച്ചിട്ടുണ്ട് .

കിടപ്പറയിൽ ശ്രീയോട് ചേർന്ന് ഉറങ്ങുമ്പോഴും വേറെ വീട്ടിൽ താമസമാക്കുന്നത് ഓർമ്മിപ്പിക്കും . അപ്പോഴെല്ലാം തന്നെ പുണരുമായിരുന്നു അദ്ദേഹം .

ഒരു ദിവസം , അമ്മയെ അനാവശ്യമായി ഇതര ബന്ധത്തിലേക്ക് തന്റെ വാക്കുകൾ വലിച്ചിഴച്ച നിമിഷം ; ശ്രീയുടെ കൈ ആഞ്ഞുയർന്ന് തന്റെ മുഖത്ത് പതിച്ചു . കാരണങ്ങൾക്കായി കാത്തിരുന്ന തനിക്ക് അത് ധാരാളമായിരുന്നു .

ആഭരണങ്ങളും , വസ്ത്രങ്ങളും എടുത്ത് ആ വൈകുന്നേരം തന്നെ വീട്ടിൽ നിന്ന് ഇറങ്ങി . ശ്രീ പുറകെ വരുമെന്ന് പ്രതീക്ഷിച്ചെങ്കിലും വന്നില്ല ; അമ്മ കരഞ്ഞുകൊണ്ട് വരുന്നത് കണ്ടില്ലെന്ന് നടിച്ചു .

കോടതിയിൽ വച്ച് ബന്ധം പിരിയുമ്പോഴേക്കും ശ്രീയുടെ കുഞ്ഞുജീവൻ തന്റെ വയറ്റിൽ പിറവിയെടുത്തിരുന്നു . ശ്രീ , ബോംബെക്ക് നിർബന്ധിത ട്രാൻസ്ഫർ വാങ്ങി അമ്മയോടൊപ്പം പോയി .

മോൾ ജനിച്ച് , ഗൈനക്കോളജിയിൽ എം.ഡി നേടി .. ശ്രീയുടെ അസാന്നിദ്ധ്യം പല സന്ദർഭങ്ങളിലും തന്നെ തളർത്തി . മോൾ സംസാരിക്കാറായ അന്ന് മുതൽ അവളുടെ അച്ഛനെ അന്വേഷിച്ചു .

'എന്തുകൊണ്ട് എന്നെ തിരുത്തിയില്ല ..? പറഞ്ഞു മനസ്സിലാക്കാമായിരുന്നില്ലേ ..? ' അമ്മയോട് പലതവണ ചോദ്യം ആവർത്തിച്ചപ്പോഴും ഉത്തരമില്ലായിരുന്നു .

"അച്ഛാ .." ഉറക്കത്തിൽ ശ്രീനാഥിനെ സ്വപനം കണ്ട ശ്രേയയുടെ കരച്ചിൽ അഖിലയെ ചിന്തകളിൽ നിന്നും ഉണർത്തി .

ആകാശത്ത് വെള്ളിവേരുകൾ പായിച്ച് മഴ കൂടുതൽ ശക്തിയാർജ്ജിച്ച് അട്ടഹസിക്കുന്നു . അഖില , ആകാശക്കാഴ്ചകൾ ജനൽ വിരികളാൽ മറച്ചു .

       -------------------------

"ഈശ്വരാ ..." അഖിലയുടെ ശബ്ദം ഉച്ചത്തിലായി .

'കുഞ്ഞ് മരിച്ചിരിക്കുന്നു .. ' ബേസിനിൽ ജീവനില്ലാത്ത ആ കുഞ്ഞു ശരീരം നഴ്സിനെ ഏല്പിച്ച് കസേരയിൽ അഖില തളർന്നിരുന്നു .

" ഡോക്ടർ പ്ലീസ് , പേഷ്യന്റ് .. "
അവൾ എഴുന്നേറ്റ് സിസേറിയൻ പൂർത്തിയാക്കി , കർശന നിർദ്ദേശങ്ങൾ നഴ്സുമാർക്ക് നൽകി പെൺകുട്ടിയെ ഐ.സി.യുവിലേക്ക് മാറ്റി .

" ഡോക്ടർ സൂക്ഷിക്കണം .. പെൺകുട്ടിയുടെ ബന്ധുക്കൾ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു .. പോലീസെത്തിയിട്ട് പുറത്തിറങ്ങാം .. " സഹപ്രവർത്തകർ അഖിലക്ക് മുന്നറിയിപ്പ് നൽകി .

" ഇന്ന് രാവിലെ സിസേറിയൻ ചെയ്യേണ്ടതായിരുന്നു .. അത്രയും ക്രിട്ടിക്കലായിരുന്നു പേഷ്യന്റും കുഞ്ഞും .. അവരല്ലേ ഡെലിവറി നോർമലാകും എന്ന് പറഞ്ഞ് സിസേറിയന് സമ്മതിക്കാതിരുന്നത് .. സീരിയസാണെന്ന് എത്ര തവണ പറഞ്ഞതാ .."

അഖിലയുടെ സ്വരം , കരച്ചിലോടെ പിൻവലിഞ്ഞു . മേശയിൽ ഇരുന്ന ജഗ്ഗിലെ വെള്ളം അവളുടെ വായിലേക്ക് ഒഴിച്ചു .

" ഡോക്ടർ , പോലീസെത്തി .. അവർ കേസ് കൊടുത്തു .. പോലീസ് മേഡത്തോട് വിശദീകരണം ആവശ്യപ്പെടുന്നു .. "

അഖില , ഓപ്പറേഷൻ തിയറ്ററിലെ പച്ചവേഷമഴിച്ച് ഇളം മഞ്ഞ സാരിയുടുത്ത് തിയറ്ററിനു പുറത്തിറങ്ങി പോലീസിനോടു സംസാരിച്ചു .

മെഡിക്കൽ കോളേജ് ആശുപത്രി മുറ്റത്തും , പരിസരത്തും ജനങ്ങൾ തടിച്ചു കൂടിയിരുന്നു . അവർക്കിടയിൽ ' എന്തൊക്കെയോ പേരുകൾ' തന്നെ വിളിക്കുന്നത്  അഖില കേട്ടു . പോലീസ് , പത്രപ്രവർത്തകർ , ചുറ്റും കാമറകൾ മിന്നുന്നു ; മൊബൈലിൽ വീഡിയോ എടുക്കുന്നു .

' കൊലയാളി ഡോക്ടറെ പിരിച്ചു വിടുക ' എന്ന മുദ്രാവാക്യം മുഴക്കുന്നവർ . മനസ്സിന്റെ സമനില തെറ്റുമോ എന്നവൾ ഭയന്നു . ആളുകൾക്കിടയിൽ നിന്ന് 'ഒരു കല്ല്' അഖിലയുടെ നെറ്റിയിൽ വന്ന് കൊണ്ടു .

"തല കറങ്ങുകയാണല്ലോ ഭഗവാനേ " എന്ന ആത്മഗതത്തോടെ മുഖം രക്തത്തിൽ മുങ്ങി അവൾ താഴേക്ക് പതിച്ചു . നിലത്തു എത്തും മുൻപേ 'ഏതോ ബലിഷ്ഠമായ കരങ്ങൾ ' തന്നെ താങ്ങിയത് അവൾ അറിഞ്ഞു .

'ഈ നെഞ്ചിന്റെ , കൈകളുടെ ചൂട് താൻ അനുഭവിച്ചിട്ടുണ്ട് ' അഖില ആ ശരീരത്തിലേക്ക് ചാഞ്ഞു .

ബോധം തെളിയുമ്പോൾ താൻ ആശുപത്രിയിലെ കിടക്കയിലാണെന്ന് അഖിലക്ക് മനസ്സിലായി .

" മേഡം എണീറ്റോ ..? എസ് . പിയാ മേഡത്തെ ഇവിടെ കിടത്തിയത് .. പ്രത്യേകം ശ്രദ്ധിക്കണമെന്ന് പറഞ്ഞിരുന്നു .. സാർ അമ്മയുമായി ചെക്കപ്പിനു വന്നപ്പോഴാ പ്രശ്നങ്ങൾ .. നെറ്റിയിലെ മുറിവ് ആഴത്തിലാണ് .. "

അഖില എഴുന്നേറ്റു ; 'ഇവിടെ കിടന്നാൽ ശരിയാവില്ല'.

'മോൾ സ്ക്കൂളിൽ നിന്ന് എത്തിയിട്ടുണ്ടാകും .. തന്നെ കാണാതെ അവൾ വിഷമിക്കും ..'

നഴ്സിന്റെ വാക്കുകൾ ചെവി കൊള്ളാതെ ധൃതിയിൽ പുറത്തേക്കിറങ്ങി ; തന്റെ കാറുമെടുത്ത് വീട്ടിലേക്ക് പാഞ്ഞു .' നല്ല മഴക്കോളുണ്ട് .. മഴ കനക്കുമ്പോഴേക്കും വീടെത്തണം .. '

കാർ വരുന്നത് കണ്ടയുടനെ ആറ് വയസ്സ് കാരി ശ്രേയ പുറത്തേക്കിറങ്ങി .

'സ്ക്കൂളിലെ വിശേഷങ്ങൾ അമ്മയോട് പറയാൻ ഒത്തിരിയുണ്ട് .. '

" നെറ്റിയിൽ എന്ത് പറ്റിയതാ അമ്മേ ..?" ശ്രേയ കരച്ചിലിന്റെ വക്കോളമെത്തി .

"ഒന്നുമില്ല കുട്ടീ .. ചുമരിലിടിച്ചതാ .. സ്ക്കൂളിൽ നിന്ന് വന്ന് നീ എന്തേലും കഴിച്ചോ..?"

"അമ്മേ , ഇന്നും അമ്മു വന്നത് അവൾടെ അച്ഛന്റെ കൂടെയാ .. എനിക്കും അച്ഛന്റെ കൂടെ സ്ക്കൂളിൽ പോണം .. എന്നാ അച്ഛൻ വരിക ..?"

മകളുടെപതിവ് ചോദ്യത്തിൽ നിന്നും , ഭംഗിയുള്ള അവളുടെ കയ്യക്ഷരം , അദ്ധ്യാപകരുടെ വിശേഷങ്ങൾ തുടങ്ങിയവ അന്വേഷിച്ച് അഖില അവളുടെ ശ്രദ്ധ തിരിച്ചു . ഇനി , അവളുടെ 'അച്ഛന്റെ അന്വേഷണം' രാത്രിയാണ് .

'നിന്റെ അച്ഛനെ അമ്മ കണ്ടു മോളേ ' എന്നു പറയാൻ അഖിലയുടെ നാവ് വെമ്പൽ കൂട്ടി .

അഖിലയുടെ വീട്ടിൽ നിന്നും അവളും , മകളും തനിച്ച് വീടെടുത്താണ് താമസം . അച്ഛന്റെയും , അമ്മയുടെയും ഉത്തരമില്ലായ്മകൾ അവൾക്ക് ഉത്തരങ്ങൾ കൂടുതൽ നൽകിയിരുന്നു .

ഇന്ന് , തന്നെ താങ്ങിപ്പിടിച്ച ആ കരങ്ങളുടെ ശക്തിക്ക് വേണ്ടി തപസ്സ് ചെയ്യാൻ ആരംഭിച്ചിട്ട് വർഷങ്ങളായി .. എല്ലാ നിമിഷങ്ങളിലും തന്റെ പക്വതയില്ലായ്മക്ക് മാപ്പ് പറയുന്നു .. പുറത്ത് കർക്കിടക മഴ ആടിത്തിമിർക്കുകയാണ് ..

        -------------------------

"സാർ , ഞാൻ ശ്രേയ പഠിക്കുന്ന നാഷണൽ സ്ക്കൂളിലെ പ്രിൻസിപ്പലാണ് ..'സ്നേഹവീട് ' പദ്ധതിയിലൂടെ അദ്ധ്യാപകരും , കുട്ടികളും ചേർന്ന് നിർമ്മിച്ച വീടിന്റെ താക്കോൽദാനം സാർ നിർവ്വഹിക്കണം .. സാറിന്റെ മകളെന്ന നിലയിൽ ശ്രേയക്കും , സ്ക്കൂളിനും അത് അഭിമാനമാണ് .. "

"സമയം പറഞ്ഞില്ല ..?" എസ് . പി . ഓഫീസിൽ അതിഥികളായി വന്ന പ്രിൻസിപ്പലിനോടും അദ്ധ്യാപികയോടും ശ്രീനാഥ് തിരക്കി .

" തിങ്കളാഴ്ച രാവിലെ 10 മണി .. "

" വരാം .. "

ശ്രീനാഥിനു നന്ദി പറഞ്ഞ് അവർ ഓഫീസിൽ നിന്ന് ഇറങ്ങി ..

'മകളോ ..? തനിക്കോ ..? അങ്ങനെ ഒരാൾ ..? ചെറിയ കുട്ടി കള്ളം പറയില്ലല്ലോ ..?' ശ്രീനാഥ് ഉത്കണ്ഠാകുലനായി .

മുളങ്കാടുകളെ കിടിലം കൊള്ളിച്ച് ശരവേഗത്തിൽ ആഞ്ഞു വീശുന്ന കാറ്റും , ഉച്ഛത്തിൽ അലറിക്കരയുന്ന കർക്കിടക മഴയും , 'മകളെ കുറിച്ചുള്ള ചിന്തകളും ' രാത്രിയിൽ അവന്റെ ഉറക്കം നഷ്ടപ്പെടുത്തി .

അടുത്ത ദിവസം , രാവിലെ ശ്രീനാഥ് സ്ക്കൂൾ ഓഫീസിൽ പ്രിൻസിപ്പലിനു മുൻപിലെത്തി .

"എനിക്ക് ശ്രേയയെ ഒന്ന് കാണണം .. അവളുടെ എല്ലാ വിവരങ്ങളും അറിയണം .. "

പ്രിൻസിപ്പൽ എസ്. പി . യെ കണ്ട് ആശ്ചര്യപ്പെട്ടെങ്കിലും ശ്രേയയെ വിളിക്കാൻ ഒന്നാം ക്ലാസിലേക്ക് പ്യൂണിനെ അയച്ചു . അവളുടെ ബയോഡാറ്റ ശ്രീനാഥിനു നൽകി .

'അച്ഛൻ ശ്രീനാഥ് , അമ്മ അഖില ' അവൻ ദീർഘമായി നിശ്വസിച്ചു . ' താനും , അഖിലയും പിരിയുമ്പോൾ അവൾ ഗർഭിണി ആയിരുന്നു .. താൻ അറിയുകയോ , അവൾ പറയുകയോ ചെയ്തില്ല .. പിന്നീട് , വന്ന കൗൺസലിങുകളിൽ അവൾ ഹാജരാകാതിരുന്ന കാരണവും ഇത് തന്നെ ..'

ഒരു കൊച്ചു പൂമ്പാറ്റയെ പോൽ , തന്റെ അരികിലേക്ക് പാറി വന്ന മകളെ കണ്ട് ; അവൻ കോരിത്തരിച്ചു .

"എന്റെ അച്ഛൻ എവിടെ ടീച്ചർ..?" മകളുടെ തേൻമൊഴിയാൽ ശ്രീനാഥ് ആനന്ദ പുളകിതനായി . പറഞ്ഞറിയിക്കാനാവാത്ത വികാരത്താൽ അവന്റെ കണ്ണിൽ ജലബാഷ്പം ഊറി ..

ശ്രീനാഥ് , മകളെ എടുത്ത് മുത്തങ്ങൾ കൊണ്ട് നിറച്ചു . പുറത്ത് രാവിലെ തുടങ്ങിയ മഴയുടെ കളികൾ ..

" ഞാൻ മോളെ കൊണ്ടു പോകുന്നു .. " ശ്രീനാഥ് , ശ്രേയയുടെ ബാഗ് വാങ്ങി അവളെയും എടുത്ത് ;  മഴയുടെ നാട്യത്തെ വകവക്കാതെ കാറിൽ കയറി ; അവന്റെ വീട്ടിലെത്തി .

"ഇതാണ് ഞാൻ ഇന്നും , എന്നും അമ്മക്ക് തരുന്ന ഏറ്റവും വലിയ സർപ്രൈസ് .."

'തന്റെ മകന്റെ കുഞ്ഞു പതിപ്പ് ' സന്തോഷക്കണ്ണീർ ഒഴുകി കാഴ്ച മറഞ്ഞ അമ്മ ശ്രേയയെ എടുത്ത് പൂജാമുറിയിലേക്ക് ഓടി . സന്ധ്യകൾ കൂടുതൽ ആത്മീയവും , പ്രിയതരവുമാവുന്ന രാമായണ മാസത്തിൽ വീട്ടിലെത്തിയ പുണ്യം ..

വൈകുന്നേരം , സ്ക്കൂൾ ബസ്സ് വന്നിട്ടും ശ്രേയയെ കാണാതെ അഖില പരിഭ്രാന്തയായി . കർക്കിടകത്തിന്റെ കലിതുള്ളൽ കാര്യമാക്കാതെ അവൾ കാറിൽ സ്ക്കൂളിലേക്ക് പാഞ്ഞു .

"മോളെ , എസ്.പി . ശ്രീനാഥ് കൊണ്ടുപോയി .. അവളുടെ അച്ഛൻ .. "

പ്രിൻസിപ്പലിന്റെ വാക്കുകൾ ശ്രവിച്ച അഖില , വേഗം ശ്രീനാഥിന്റെ വീട്ടിലേക്ക് തിരിച്ചു .

കോരിച്ചൊരിയുന്ന കർക്കിടക മഴയിൽ നനഞ്ഞ് കുളിച്ച് , കുതിർന്ന സാരിയുമായി വിറയാർന്ന കാൽപാദങ്ങളോടെ അഖില , ശ്രീനാഥിന്റെ വീട്ടിലേക്ക് കയറി .

' ഇറങ്ങിയ അന്നു മുതൽ ഈ വീട് സ്നേഹത്തോടെ തന്നെ മാടി വിളിച്ചിട്ടേ ഉള്ളൂ .. ' പ്രാർത്ഥനയുടെ ഈരടികൾ മുഴങ്ങുന്ന , ദൈവത്തിന്റെ അംശമുള്ള വീട് .

"അമ്മേ , മോള് എവിടെ ..?"

വളരെ കാലങ്ങൾക്ക് ശേഷം അഖിലയെ കണ്ട് അമ്മ ഓടി വന്ന് , അവളെ കെട്ടിപ്പിടിച്ചു ; എന്നിട്ട് ഉറക്കെ ശ്രീനാഥിനെ വിളിച്ചു .

"എന്താ അമ്മേ .. "

വീടിന്റെ മട്ടുപ്പാവിൽ മോളെ എടുത്ത് ശ്രീനാഥ്  എത്തി . ഇളം നീല ഉടുപ്പിൽ മോൾ ഒരു നക്ഷത്രമായ് തിളങ്ങുന്നു . 'മോൾ നല്ല സന്തോഷത്തിലാണ്‌ ' എന്നത് അഖില ശ്രദ്ധിച്ചു .

"മോളേ .., വാ പോകാം .. "

"അമ്മേ .., അച്ഛൻ വന്നില്ലേ .. ഇനി നമുക്ക് എവിടേം പോകണ്ട .. ഞാൻ വരില്ല.. "

ശ്രീനാഥ് , അഖിലയോട് പുഞ്ചിരിച്ച് മകളെ ചുംബിച്ചു .  അഖില , തളർന്ന് സോഫയിലേക്ക് ഇരുന്നു . താഴേക്ക് ഇറങ്ങി വന്ന ശ്രീനാഥിനു മുൻപിൽ അവൾ കൈകൂപ്പി .

"എന്റെ മോളെ താ .."

"നിന്റെ മോളോ ..? ആരാ അവളുടെ അച്ഛൻ ..?"

മറുപടിയില്ലാതെ ശ്രീനാഥിന്റെ കാൽക്കലേക്ക് അവൾ കുനിഞ്ഞു .. അവളുടെ കണ്ണീരിനാൽ , അവന്റെ പാദം നനഞ്ഞു .

"പൊറുക്കൂ എന്നോട് .. മാപ്പ്.. "

അവൻ , അവളെ എഴുന്നേൽപ്പിച്ച് മാറോട് ചേർത്തു .

കള്ള കർക്കിടകം , അപ്പോൾ  ഉടയാട ചാർത്തി പരസ്പരമലിഞ്ഞ് ചേരാൻ കൊതിക്കുന്നവർക്കിടയിൽ ആനന്ദനൃത്തമാടി . മേഘരാഗം , ഒരിക്കലും ആലപിച്ചു കഴിയാത്ത സംഗീതത്തിന്റെ ഉറവകളിൽ അവരെ ഒരുമിച്ച് ചേർക്കുകയായിരുന്നു ..

Femina Mohamed ....

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്