Kissakal

#പിരിയാനാകാതെ....

ഇത് എന്തൊരു ഉറക്കമാണിക്കാ...
നിങ്ങൾ ഏഴുന്നേൽക്കുന്നില്ലേ.. 
സമയം അഞ്ചര മണിയായി.  മക്കൾക്ക് സ്കൂളിൽ പോകാനുള്ളതല്ലേ...

എടീ....നല്ല തണുപ്പ് .കുറച്ചുസമയം കൂടി നീ ഇവിടെ കിടന്നേ...
ഒരു 10 മിനിറ്റ് കൂടി നമുക്കിവിടെ
കെട്ടിപിടിച്ചു കിടക്കാം...

അയ്യട ... കൊള്ളാല്ലോ നിങ്ങളുടെ പൂതി.
നിങ്ങൾ ഒന്ന് എഴുന്നേറ്റു അടുക്കളയിലേക്കു നടന്നേ... ഏഴര മണിക്ക് സ്കൂൾ ബസ്സ് വരും. അതിനുമുമ്പ് ചായയും കടിയും ഉണ്ടാക്കണം.
കുട്ടികളെ കുളിപ്പിക്കണം.
ഒരുപാട് ജോലിയുണ്ട്..

ടീ... നീ പിടിച്ചു തള്ളാതെ.
ഞാൻ വരുന്നുണ്ടല്ലോ.

നിങ്ങളെ എനിക്കറിഞ്ഞൂടേ..
ഇനിയും പോയി കിടക്കാനല്ലേ..
അതുവേണ്ട .ഉറങ്ങിയത് മതി..

സാജീ... അടുപ്പിൽ തീ കൊടുക്കാൻ
ലൈറ്റര്‍ കാണുന്നില്ല..

ലൈറ്റർ അല്ലേ മനുഷ്യാ നിങ്ങളുടെ തലക്കു മുകളിൽ ഉള്ള റേക്കില്‍ ഇരിക്കുന്നത്.. നിങ്ങൾക്കിപ്പോൾ മറവി കുറച്ചു കൂടുതലാണ്.

അയ്യേ..ഇന്നും ഉപ്പുമാവ് തന്നെയാണോ
ഇക്കാ  ഉണ്ടാക്കുന്നത് ..?
എന്നും ഉപ്പുമാവ് ആയാൽ മക്കൾക്ക്
മടുപ്പു തോന്നും ട്ടോ...

ഇനി നീ അതിന് ദേഷ്യം പിടിക്കണ്ട ..
നാളെ ദോശ ഉണ്ടാക്കിക്കൊടുക്കാം
എന്താ പോരേ..

അതുമതി ..
പിന്നേയ്... സമയം ഒരുപാടായി.
പോയി മക്കളെ വിളിച്ചുണർത്ത്..  മോൾക്ക് എഴുതാൻ ഉണ്ടാകും.
എട്ടു വയസ്സായി എന്നാലും വിളിച്ചുണർത്താതെ  ഉണരില്ല . മോനും അങ്ങനെതന്നെ..
രണ്ട് മക്കളും നിങ്ങളെപ്പോലെ തന്നെ..

ആര്.. പറഞ്ഞു ..ദേ നോക്ക് ..
മോളല്ലേ ആരും വിളിക്കാതെ തന്നെ
എഴുന്നേറ്റ് വരുന്നത്..

ഉപ്പാ....  നിങ്ങളിപ്പോള്‍ ആരോടാണ് സംസാരിച്ചത്..?

ഞാനോ... ഞാൻ നിന്റെ ഉമ്മയോട്..

ഉമ്മയോടോ...?
ഉപ്പ എന്താണീ പറയുന്നത്...?
വല്യുമ്മ പറയുന്നത് സത്യമാണ്.
ഈ ഉപ്പാക്ക് എന്തോ കുഴപ്പമുണ്ട് ..
മരിച്ചു പോയവരോട് എങ്ങനെയാണ്  സംസാരിക്കാൻ കഴിയുക ..
ഉമ്മ മരിച്ചു പോയിട്ട് ആറുമാസം ആയില്ലേ..?

മോളെ... നീ പോയി മോനെ വിളിച്ചുണർത്ത്..
എന്നിട്ട് മോള് പോയി കുളിക്ക്.
അപ്പോഴേക്കും ഉപ്പ ചായയും കടിയും ഒക്കെ റെഡി ആക്കി വയ്ക്കാം... മോള് ചെല്ല്...

സാജീ....  നീ നമ്മുടെ മോള് പറയുന്നത് കേട്ടോ..? എനിക്കെന്തോ കുഴപ്പമുണ്ടെന്ന്..
നീ മരിച്ചു പോയെന്ന്...
പറയുന്നവർ പറയട്ടെ അല്ലേ..
എനിക്കറിയാം നിനക്കെന്നെ വിട്ട് എങ്ങോട്ടും പോകാൻ കഴിയില്ലെന്ന്..
നീയില്ലാതെ പിന്നെ ഞാനെങ്ങനെ ജീവിക്കും സാജീ...

കരയല്ലേ ഇക്കാ...
നിങ്ങളുടെ കണ്ണ് നിറയുന്നത് എനിക്ക്
ഇഷ്ടമല്ലെന്ന് നിങ്ങൾക്കറിയില്ലേ..
ഒരിക്കലും കരയില്ലെന്ന് നിങ്ങൾ എനിക്ക്
വാക്ക് തന്നതല്ലേ..

ഇല്ല ഞാൻ ഇനി കരയില്ല..  ഒരിക്കലും കരയില്ല..
നീ എന്റെ കൂടെ ഉണ്ടാകുമ്പോൾ ഞാനെന്തിന് കരയണം..

അയാള്‍ കണ്ണുകള്‍ തുടച്ചു..
മക്കള്‍ക്കുള്ള ഭക്ഷണം വിളമ്പി വെച്ച് അവരെ വിളിക്കാന്‍ അകത്തേക്ക് പോകാനൊരുങ്ങുമ്പോഴും അയാള്‍ പറയാന്‍ മറന്നില്ല...
സാജീ.... ഞാനിപ്പോള്‍ വരാം..
മക്കളെ വിളിക്കട്ടെ..

Shihab Kzm

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്