Kissakal

''ഷാഹിന... നമ്മൾ ഈ ചെയ്യുന്നത് തെറ്റല്ലേ???''

ജനലരികിൽ നിന്നും പുക ചുരുളുകൾ പുറത്തേക്ക് തള്ളിവിട്ടുകൊണ്ട് അയാൾ ചോദിച്ചു......

ആ എ.സിയിട്ടു തണുപ്പിച്ചിരിക്കുന്ന മുറിയിലെ ബെഡിൽ പുതപ്പിനുള്ളിൽ കിടന്നുകൊണ്ട് ഞാൻ അയാളെ മിഴിച്ചു നോക്കി...

ആദ്യമായിട്ടാണ്, ശരീരം പങ്കിടാനെത്തിയ എന്നെ നോക്കി ഒരാൾ ചോദിക്കുന്നത് ''ഇതെല്ലാം തെറ്റല്ലേ'' എന്ന്...

ആയിരുന്നു... പുതിയ വീട്ടിൽ ഹംസ കോയ ഹാജ്യാരുടെ ഇളയ മകൾ ഷാഹിനക്ക് ഖുറാനിലെ വാക്കുകളായിരുന്നു വേദ വാക്യം... അതിൽ കുറിച്ചിട്ട ശരികളായിരുന്നു എന്റെ ശരി... അതിലെ തെറ്റുകൾ എനിക്കും തെറ്റുകളായിരുന്നു...

പക്ഷേ,,

പതിനെട്ടു തികയും മുൻപേ എട്ടും പൊട്ടും തിരിയാത്ത ആ പാവം ഷാഹിനയെ ഒരു പുത്തൻ പണക്കാരന്റെ കൈപ്പിടിച്ചേൽപ്പിച്ചുകൊണ്ട് ഹംസ കോയ ഹാജ്യാരായിരുന്നു ആദ്യമായി തെറ്റ് ചെയ്തത്...

പെൺശരീരങ്ങൾ കൂട്ടികൊടുത്തുണ്ടാക്കുന്ന പണത്തിന്റെ ഗന്ധത്തിൽ മാത്രം അനുഭൂതിയടയുന്ന അയാളെ തിരിച്ചറിയാൻ എന്റെ ഉപ്പാക്ക് കഴിയാതെ പോയി...

എന്നെയും ഒരു വിലപ്പനച്ചരക്കാക്കിയപ്പോൾ എതിർക്കാൻ ശക്തിയില്ലാതെ തളർന്നു വീണതായിരുന്നു ഞാൻ ചെയ്ത തെറ്റ്...

എല്ലാം ഉള്ളിലൊതുക്കി കണ്ണീരൊഴുക്കി പേടിയോടെ ജീവിച്ചതും എന്റെ തെറ്റായിരുന്നു... അല്ലേലും പതിനെട്ടു വയസ്സുകാരി പെണ്ണിന് പേടിയല്ലാതെ മറ്റെന്ത് തോന്നാൻ...

വിൽപ്പന കമ്പോളത്തിൽ പ്രായം കുറഞ്ഞ ഈ ഷാഹിനക്ക് വേണ്ടി ആളുകളുടെ നിര തന്നെയായിരുന്നു... സമപ്രായക്കാർ മുതൽ പ്രായമായവർ വരെ...

ഒടുവിൽ കണ്ണീർ തുള്ളികൾ പോലും അവജ്ഞയോടെ നോക്കിയതോടെ മരവിച്ച മനസ്സുമായി പിന്നീടങ്ങോട്ട് വെറുമൊരു യന്ത്രമായൊരു ജീവിതം... ദാ...അതിവിടെ  ഈ എ.സി മുറിയിൽ എത്തി നിൽക്കുന്നു...

ഓർമ്മകളിൽനിന്നുമുണർന്ന് ഞാൻ അയാളെ നോക്കി... അപ്പോഴും ദൂരേക്ക് നോക്കിനിന്നുകൊണ്ട്‌ അയാൾ പുകച്ചുരുളുകൾ ജനലഴികളിലൂടെ പുറത്തേക്ക്  തള്ളുകയായിരുന്നു..

''ആദ്യമായാണ് ഞാൻ ഇതുപോലെ ഒരാളെ കാണുന്നത്...''

പതിഞ്ഞ സ്വരത്തിൽ ഞാൻ പറയുമ്പോൾ കാര്യമെന്തന്നറിയാതെ എന്നെ  നോക്കി അയാൾ കണ്ണുചുളിച്ചു...

''മുറിയിലേക്ക് കടക്കുമ്പോൾ കാമവെറിയോടെ അടുത്തേക്ക് പാഞ്ഞുവരുന്ന കണ്ണുകളും കയ്യുകളും മാത്രമേ ഇതുവരെയുള്ള ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളൂ... ആദ്യമായാണ് ക്ഷമയോടെ കാത്തിരിക്കുന്ന ഒരു മാന്യനെ കാണുന്നത്...''

ഒരു ചെറു ചിരിയോടെ ഞാൻ പറയുമ്പോൾ അയാളുടെ മുഖത്തും ഒരു പുഞ്ചിരി വിടരുന്നുണ്ടായിരുന്നു... കയ്യിലെ സിഗരറ്റ് കുറ്റി അണച്ച് അയാൾ പതിയെ എനിക്കരികിലെത്തി...

എന്റെ മുടിയിഴകളിൽ പതിയെ തലോടിക്കൊണ്ട് എന്റെ കണ്ണുകളിലേക്ക് അയാൾ സൂക്ഷിച്ചു നോക്കി...

''ഓരോ നിമിഷവും നിന്റെ കണ്ണുകൾ എന്നെ പ്രണയഭരിതനാക്കുന്നു... ഷാജഹാനെ പ്രണയിച്ച മുംതാസിനെ പോലെ..
ഈ രാത്രി പുലരുമ്പോൾ നിനക്കായ് ഞാനുമൊരു താജ്‌മഹൽ പണിതിരിക്കും ഷാഹിന...''

പ്രണയാർദ്രമായ സ്വരത്തോടെ അയാൾ പറയുമ്പോൾ ഞാൻ അട്ടഹസിച്ചു...

''നിങ്ങൾ ആണുങ്ങൾ ഇങ്ങനെയാണ്... ഒരു നിമിഷത്തെ സുഖത്തിനുവേണ്ടി ഏതൊരുവൾക്കും വാരിയെറിഞ്ഞുകൊടുക്കും... പക്ഷേ, വീട്ടിൽ പൂട്ടിയിട്ടിരിക്കുന്ന പെണ്ണിന് വേണ്ടിയോ???

അറിയാറുണ്ടോ അവളുടെ ആഗ്രഹങ്ങൾ??? ശ്രമിക്കാറുണ്ടോ അവ കണ്ടെത്താൻ??? ഇല്ല... ഉണ്ടെങ്കിൽ നിങ്ങൾ എന്നെയും തേടി വരില്ലല്ലോ...''

പരിഹാസത്തോടെയാണ് ഞാൻ പറഞ്ഞതെങ്കിലും എന്റെ വാക്കുകളിൽ അയാൾ അൽപനേരം ചിരിച്ചു...

''ഞാൻ വിവാഹിതനല്ല...''

അരികിലെ മേശയിൽ നിന്നും അയാൾ മദ്യം ഗ്ലാസ്സിലേക്ക് പകർന്നുകൊണ്ട് അത് പറയുമ്പോൾ ഞാൻ അടിമുടി ആ രൂപത്തെ നോക്കി...

''കണ്ടാൽ നാൽപ്പത് വയസ്സിനടുത്ത് പ്രായം... എന്നിട്ടും വിവാഹിതനല്ല എങ്കിൽ... നിങ്ങൾ മറ്റതാണല്ലേ...''???

കണ്ണിറുക്കി ഒരു കള്ളച്ചിരിയോടെ ഞാൻ ചോദിച്ചു...

'''മറ്റേതോ??''

മദ്യമൊഴിച്ച ഗ്ലാസ്സെടുത്ത് എനിക്കരികിലേക്കിരുന്നുകൊണ്ടു സംശയത്തോടെ അയാൾ  എന്നെ നോക്കി...

''അതെ.. വിരഹകാമുകൻ... എനിക്കരികിലെത്തിയ അവിവാഹിതരിൽ കൂടുതലും  അവരായിരുന്നു... സ്നേഹിച്ച പെണ്ണിനെ പല കാരണങ്ങളാൽ നഷ്ടപ്പെട്ടപ്പോൾ മറ്റൊരു പെണ്ണിനും ജീവിതത്തിൽ സ്ഥാനം നൽകാതെ, പരിശുദ്ധ പ്രണയത്തിന്റെ പ്രതിരൂപമെന്നു സമൂഹം വിശേഷിപ്പിച്ചവർ....

പക്ഷേ എനിക്കെന്നും പുച്ഛമായിരുന്നു അവരോട്... സ്നേഹിച്ച പെണ്ണിനു പകരമായി അവർ എന്നെ തിരഞ്ഞെടുക്കുമ്പോൾ അവർ ആഗ്രഹിച്ചതും പ്രണയിനിയുടെ ശരീരം മാത്രമായിരുന്നില്ലേ??''

എന്റെ ആ  സംശയത്തിൽ അയാൾ അട്ടഹസിച്ചു... കയ്യിലെ മദ്യമൊഴിച്ച ഗ്ലാസ്സ്  എന്നിലേക്ക് അടുപ്പിച്ചുകൊണ്ട് അയാൾ എന്റെ കണ്ണിലേക്ക് നോക്കി...

ഇതുവരെ ഞാൻ കാണാത്തതെന്തോ ആ കണ്ണുകളിൽ ഒളിഞ്ഞു കിടപ്പുണ്ടോ!!! അതായിരുന്നവോ പ്രണയം!!!

അറിയില്ല... പക്ഷേ ആ കണ്ണുകളിൽ മയങ്ങിക്കൊണ്ട്  അന്നാദ്യമായി ഞാൻ ആ മദ്യം നുകർന്നുകൊണ്ടേയിരുന്നു...

''ഇത് നിന്റെ അവസാന രാത്രിയാണ് ഷാഹിന...''

ഒഴിഞ്ഞ മദ്യഗ്ലാസ്സ് തിരികെ മേശയിലേക്ക് വെച്ചുകൊണ്ട് അയാൾ പറയുമ്പോൾ ഞാൻ കാണുന്നുണ്ടായിയുരുന്നു പ്രണയമെന്നു തോന്നിയ മിഴികൾ ചുവന്നു തുടിക്കുന്നത്... മുഖത്തെ പുഞ്ചിരി മാഞ്ഞില്ലാതാകുന്നത്..

''ആരാണ് നിങ്ങൾ???...''

പിന്നിലേക്കാഞ്ഞുകൊണ്ട്  പരിഭ്രമത്തോടെ ഞാൻ ചോദിക്കുമ്പോൾ മറുപടി പറയാതെ അയാൾ അൽപ്പനേരം അട്ടഹസിച്ചു...

''നിങ്ങളെപോലുള്ളവർ കാത്തിരിക്കുന്നവൻ... ഒറ്റവാക്കിൽ പറഞ്ഞാൽ നിങ്ങൾ ഭയക്കുന്ന നിങ്ങളുടെ അന്തകൻ...''

ഒരു ഞെട്ടലോടെയാണ് ഞാൻ ആ വാക്കുകൾക്ക് കാതോർത്തത്... എഴുന്നേറ്റു ഓടണമെന്നുണ്ട്... പക്ഷേ കഴിയുന്നില്ല... കൈകളും കാലുകളും കുഴയുന്നുതുപോലെ... കണ്ണുകൾ മയങ്ങി തുടങ്ങിയിരിക്കുന്നു.... അല്ലെങ്കിലും ഇനിയൊരു രക്ഷ അസാധ്യമാണ്... ഈ മയക്കത്തിൽ ഞാൻ അയാളുടെ ക്രൂര വിനോദത്തിനിരയാകും... ഒടുവിൽ ഒരു മുടിനാരു പോലും ബാക്കിയാവാതെ ഞാൻ  ഈ ലോകത്തുനിന്നും മാഞ്ഞില്ലാതാകും....

അടഞ്ഞു തുടങ്ങിയ കൺപോളകൾക്കിടയിലൂടെ ഞാൻ അയാളെ ഒരുവട്ടം കൂടി നോക്കി...

ഭോഗിച്ച ആറു പെണ്ണിനേയും ഒരു തുമ്പുപോലും ബാക്കിയാക്കാതെ ഇല്ലാതാക്കിയ ക്രൂരന്റെ കഥകൾ പലരും പറഞ്ഞു കേട്ടിരുന്നു... ഒരുപക്ഷേ ഭൂമിയിലെ അഴുക്കുചാലുകൾ എന്നറിയപ്പെടുന്നതുകൊണ്ടാകാം ഞങ്ങൾക്കിടയിലെ ഈ ദുരന്തങ്ങൾ പുറം ലോകം അറിയാതിരുന്നത്... മറ്റൊരു തരത്തിൽ പറഞ്ഞാൽ ഒരു വലിയ ചങ്ങലയിൽ നിന്നും അടർന്നു വീണ, വിലയില്ലാത്ത വെറും കണ്ണികൾ മാത്രമായിരുന്നു അവർ... അതുകൊണ്ടു തന്നെ പലപ്പോഴും എന്റെ സ്വപ്നങ്ങളിൽ എനിക്ക് നേരെയും ചോരയുടെ മണമുള്ള കൈകൾ ഉയർന്നു വരുന്നതു ഞാൻ കണ്ടിരുന്നു...

''ഈ രാത്രി പുലരുമ്പോൾ നിനക്കായ് ഞാനുമൊരു താജ്‌മഹൽ പണിതിരിക്കും ഷാഹിന''...

അരികിലിരുന്നുകൊണ്ടു അട്ടഹാസത്തോടെ എന്റെ ചെവിയിൽ അയാൾ ഒരിക്കൽ കൂടി പറഞ്ഞു...

അതെ...  ഷാജഹാൻ മുംതാസിനു വേണ്ടി താജ്‌മഹൽ പണിതതും മുംതാസിന്റെ മരണശേഷമായിരുന്നു....

************

സൂര്യരശ്മികൾ കണ്ണിൽ പതിക്കുമ്പോഴാണ് ഞാൻ കണ്ണു തുറന്നത്... ഒരു ഞെട്ടലോടെ ചാടി എഴുനേറ്റുകൊണ്ടു എന്റെ ശരീരമാകെ തടവി നോക്കി...ഇല്ല.. ഒരു പോറൽപോലും ഏറ്റിട്ടില്ല... സ്വപ്നമോ യാഥാർഥ്യമോ എന്നറിയാതെ  ഞാൻ ചുറ്റിലും നോക്കി.....

മേശക്കുമുകളിൽ പാറിക്കളിക്കുന്ന ഒരു തുണ്ടു പേപ്പർ അപ്പോഴാണ് എന്റെ ശ്രദ്ധയിൽ പെട്ടത്.....

''സ്നേഹം നിറഞ്ഞ ഷാഹിനക്ക്... അല്ല... മുംതാസിന്,,

മറ്റുള്ളവരറിയുന്ന ഷാഹിന മരിച്ചു മണ്ണടിഞ്ഞിരിക്കുന്നു... ഇന്നുമുതൽ നീ മുംതാസാണ്... ഞാൻ ഭോഗിച്ചു ഇല്ലാതാക്കിയെന്നു പറയുന്നവരിൽ ഏഴാമത്തവൾ... ബാക്കി ആറും പല പേരുകളിൽ പലയിടങ്ങളിൽ പുതിയ ജീവിതവുമായി മുന്നേറിക്കൊണ്ടിരിക്കുന്നു....

പ്രാണന്റെ പാതിയെ ഉറക്കി കിടത്തി, ശരീര സുഖം തേടി ഇരുളിന്റെ മറയിലേക്ക് ഒളിച്ചു നീങ്ങുന്ന കൊച്ചമ്മമാർ പിഴച്ച മനസ്സുമായി  ഈ സമൂഹത്തിൽ തലയുയർത്തിപിടിച്ചു നടക്കുമ്പോൾ, കളങ്കമാകാത്ത നിന്റെ മനസ്സ് മതി ഈ ലോകത്തെ നിനക്ക് ജയത്തോടെ തിരിച്ചുപിടിക്കാൻ... അതിനു വേണ്ടത് ഒരു മാറ്റമാണ്... ഷാഹിനയിൽ നിന്നും മുംതാസിലേക്ക്..

ഇതോടൊപ്പം ഒപ്പിട്ടു വച്ചിരിക്കുന്ന ഒരു ബ്ലാങ്ക് ചെക്കുണ്ട്... നിന്റെ ജീവിതമാരംഭത്തിനു വേണ്ടുന്ന തുക നിനക്കതിൽ എഴുതിയെടുക്കാം... നിന്റെ ശരീരം പങ്കിടാത്ത, കളങ്കമില്ലാത്ത പണം... ഈ ഷാജഹാന്റെ താജ്‌മഹൽ....

സ്നേഹത്തോടെ......''

വായിച്ചുകഴിഞ്ഞതും കണ്ണുകളിൽ കണ്ണീർ തുള്ളികൾ ഇരമ്പിക്കയറി...

ശരിയാണ്... തെറ്റുകളിൽ നിന്നും തെറ്റുകളിലേക്കായി ഒതുങ്ങികൂടിയപ്പോൾ ഒരിക്കൽ പോലും ശരിയുടെ വഴികൾ കണ്ടെത്താൻ ഞാൻ ശ്രമിച്ചിരുന്നില്ല... ആരും പറഞ്ഞു തന്നതുമില്ല... പക്ഷേ ഇപ്പോൾ എനിക്കെല്ലാമറിയാം....

അതുപക്ഷേ ഒപ്പിട്ടു വച്ചിരിക്കുന്ന ആ ചെക്ക് കണ്ടതിലല്ല... എപ്പോഴൊക്കെയോ തളർന്നു വീണപ്പോൾ ഞാൻ ആഗ്രഹിച്ച കൈത്താങ്ങായിരുന്നു ഇന്നെനിക്ക് കിട്ടിയത്...

മേശപ്പുറത്തിരുന്ന ആ ചെക്കെടുത്ത്, സ്നേഹപൂർവ്വം വലിച്ചു കീറി തുണ്ടം തുണ്ടമാക്കി ജനലഴികളൂടെ പുറത്തേക്കെറിയുമ്പോൾ, ഞാൻ കാണുന്നുണ്ടായിരുന്നു... അങ്ങകലെ വഴിയരികിലൂടെ മറ്റാരെയോ ജീവിതത്തിലേക്ക് കൈപ്പിടിച്ചുയർത്തുവാൻ നടന്നകലുന്ന ആ മനുഷ്യനെ...

എന്റെ ജീവിതത്തിൽ ഞാൻ ആദ്യമായി കണ്ട ആണിനെ....

Saran prakash

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്