Kissakal

ഇന്നവന്റെ ചോദ്യം കേട്ടപ്പോൾ നീനയിൽ ഞെട്ടലാണുണ്ടായത്
"എത്ര പെട്ടന്നാണ് താൻ എന്നെ മറന്നു തുടങ്ങുന്നത്, രണ്ടു ദിവസാമായി താൻ പിക് ഒന്നും ചോദിക്കാറില്ല "
അവന്റെ ചോദ്യത്തിനു മുന്നിൽ നീന ഒരു നിമിഷം പതറി...
അവനെ സങ്കടപ്പെടുത്താൻ നീന ഒരിക്കലും ആഗ്രഹിച്ചില്ല...
" എല്ലാം തന്റെ തോന്നലാണ് എനിക്ക് ഒരു മാറ്റവുമില്ല''
അവൾ അവനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.
" ഉം വിശ്വസിച്ചു "
അവന്റെ അർത്ഥം വെച്ചുള്ള മറുപടി നീനയുടെ ഹൃദയത്തിൽ തറച്ചു.
ചാറ്റിംഗ് നിർത്തി അവൻ ഓൺലൈനിൽ നിന്നും പോയെങ്കിലും നീനയുടെ മനസ് അവനിലായിരുന്നു...

അവൻ ജോൺ...
ഫേസ്ബുക്ക് എന്ന നീല ലോകത്ത് നിന്ന് പച്ചവെളിച്ചമായി ഹൃദയത്തിലേക്ക് ചേക്കേറിയ ഒരു അപൂർവ്വ ബന്ധം...
ചിലപ്പോൾ അവൻ ഒരു സുഹൃത്താണ്....
ചിലപ്പോൾ ഒരു കാമുകൻ...
മറ്റു ചിലപ്പോൾ ഒരു വികൃതി കുട്ടി...
തന്റെ നിച്ചു മോനേക്കാൾ ചെറിയ കുട്ടി...

വൈകിട്ട് ജോൺ ഓൺ ലൈനിൽ വന്നത് ഒരു സർപ്രൈസുമായാണ്.
'' ഞാൻ തന്നെ കാണാൻ വരുന്നു, തന്റെ സിറ്റിയിലേക്ക്...
താൻ വായ് തോരാതെ സംസാരിച്ചിട്ടുള്ള തന്റെ ലോകത്തേക്ക്...
തന്റെ വാക്കുകളിലൂടെ എന്നിൽ വിസ്മയമായ ആ തെരുവിലേക്ക്...
തന്റെ കൈ കോർത്ത് നടക്കാനാഗ്രഹിച്ച ആ കടപ്പുറത്തേക്ക്..."
അവന്റെ മെസേജ് കണ്ടപ്പോൾ തുള്ളിച്ചാടാനാണ് തോന്നിയത്...
പിന്നീടുള്ള മണിക്കൂറുകൾ ജോണിനു വേണ്ടിയുള്ള കാത്തിരുപ്പായിരുന്നു.
അവനിഷ്ടമുള്ള സാരി ധരിക്കണം...
അവനിഷ്ടമുള്ളത് പോലെ മുടി പിന്നാതെ അഴിച്ചിടണം...
അവ കാറ്റിൽ പാറി പറക്കണം...
അവന്റെ ഇഷ്ടം പോലെ വാലിട്ടു കണ്ണെഴുതണം...
അവന്റെ ഇഷ്ട്ടം പോലെ കൈനിറയെ കരിവളയണിയണം...
അതെ,
അവൾ, നീന ഒരു കാമുകിയാവുകയാണ്...
അവൾ അവളെ തന്നെ മറന്നു. നീനയുടെ ലോകം അവനിൽ മാത്രമായി...

തിരക്കൊഴിഞ്ഞ കടപ്പുറത്തെ പഞ്ചസാര മണലിലൂടെ അവന്റൊപ്പം നടക്കുമ്പോൾ നീനക്ക് അവനോട് ഒന്നും പറയാനില്ലായിരുന്നു...
എല്ലാം അവനറിയാം താൻ ഒരു ഭാര്യയാണെന്നും ഒരമ്മയാണെന്നും എല്ലാം...

" വീട്ടിൽ എന്തു പറഞ്ഞു?"
നീനയുടെ മൗനം അവനിൽ അരോചകമായി തോന്നി.
" കൂട്ടുക്കാരിയെ കാണാൻ..."
നീന കടലിന്റെ ആഴങ്ങളിലേക്ക് നോക്കി കൊണ്ട് പറഞ്ഞു.
വീണ്ടും മൗനം...
ഒന്നും പറയാനില്ലാത്ത പോലെ...
പച്ച വെളിച്ചത്തിലൂടെ വായ് തോരാതെ സംസാരിച്ചിരുന്ന തങ്ങൾക്ക് ഒന്നും പറയാനില്ല.
ജോണിനോട്
ഒത്തിരി സംസാരിക്കണമെന്നും...
അവനോടൊപ്പം തിരകളെണ്ണണമെന്നും...
അവന്റെ താടിയിൽ തൊടണമെന്നും ആഗ്രഹിച്ചിരുന്നു....
പക്ഷേ ഒന്നിനും മനസ്സ് വന്നില്ല.
"നമ്മുക്ക് പോകാം''
നീന എണീറ്റു. അവൾ ആദ്യമായി ജോണിന്റെ കണ്ണുകളിലേക്ക് നോക്കി..
അവനിൽ ഒരു വികാരം കണ്ടില്ല...
" താൻ പോയ്ക്കോളൂ"
അവൻ പറഞ്ഞു.
ജോണിനോട് യാത്ര പറഞ്ഞു നീന നടന്നകന്നു.

വീട്ടിലെത്തിയതും അവൾ ബെഡിലേക്ക് വീണു. മനസ്സ് നിറയെ ജോണായിരുന്നു.ഈ ജന്മം കാണാനാഗ്രഹിച്ച  ഒരേ ഒരു വ്യക്തി...
മനസ്സിൽ ഒരിക്കൽ പോലും നീനക്ക് കുറ്റബോധം തോന്നിയില്ല.
അല്ലങ്കിലും എന്തിനു തോന്നണം?
അവൾ അവളോട് തന്നെ ചോദിച്ചു.
ഓരോ ജോലിക്കിടയിലും ആ രൂപം നീനയുടെ മനസിൽ തെളിഞ്ഞു തെളിഞ്ഞു വന്നു.
നീണ്ട് മെലിഞ്ഞ ആ രൂപവും വട്ട താടിയും തിളങ്കുന്ന കണ്ണുകളും...

ജോലികളെല്ലാം കഴിഞ്ഞ്, കുഞ്ഞുങ്ങളെയും ഉറക്കി ഫോൺ എടുത്തു നോക്കിയപ്പോൾ അവന്റെ മെസേജുണ്ട്.
" ഞാൻ നാട്ടിലെത്തി..
എന്തുകൊണ്ട് താൻ എന്നോട് സംസാരിച്ചില്ല "
നീന പതുക്കെചിരിച്ചു...
" ഞാൻ സംസാരിച്ചല്ലോ തന്റെ മനസ്സിനോട്, തന്റെ ഹൃദയം എന്നോടും സംസാരിച്ചു, താൻ പറയാറുള്ളത് പോലെ ഹൃദയം കൊണ്ട് പറയാതെ പലതും പറഞ്ഞു. ആ നീണ്ട മൗനങ്ങളിലും ഒരുപാട് കഥകൾ നമ്മൾ പറഞ്ഞില്ലേ "
നീന മറുപടി അയച്ചു.അവൻ തിരിച്ചു ഒരു 😊😍 അയച്ചു..
"തനിക്ക് കുറ്റബോധം തോന്നുന്നുണ്ടോ?"
അവൻ ചോദിച്ചു.
"എന്തിന്?"
നീനയുടെ മറുപടി ഉറച്ച തായിരുന്നു..
ജോൺ ഗുഡ് നൈറ്റ് പറഞ്ഞു പിരിഞ്ഞു..

ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോൾ അവളുടെ മനസ്സിൽ ഒരുപാട് സംശയങ്ങൾ അലട്ടികൊണ്ടിരുന്നു.
വീട്ടുക്കാരറിയാതെ,
ഭർത്താവറിയാതെ,
കൂട്ടുക്കാരറിയാതെ താൻ ഒരാളെ പ്രണയിക്കുന്നു...
മനസ്സിന്റെ അവിഹിതം...
അതിനു കുറ്റബോധം തോന്നണമോ?
അതും തന്നേക്കാൾ ഇളയവനായ ജോണിനെ പ്രണയിക്കുന്നു..
ഇന്ന് അവനെ കാണാൻ പോയത് തെറ്റാണോ?
അവന്റെടുത്തിരുന്നത് തെറ്റാണോ?
'ഇല്ല
എനിക്ക് ഒരു കുറ്റബോധവുമില്ല, കുറ്റബോധം തോന്നാൻ വിധം ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല'
നീന അവളോട് തന്നെ വാദിച്ചു.

കുറേ ആലോചിച്ചപ്പോൾ അവൾക്ക് ചിരി വന്നു.
താൻ ഒരാളുമായി പ്രണയത്തിലാണ്...
എങ്ങനെ താൻ അവനുമായി പ്രണയത്തിലായി..?
അവനോട് അടുത്തത് എന്തിനാണ്?
നീനക്ക് ഒന്നും ഓർമ്മയില്ല..
അവന്റെ എഴുത്തുകളോട് തോന്നിയ ആരാധന...
പിന്നീട് അവനിലെ എഴുത്തുകാരനോടായി...
അടുത്തറിഞ്ഞപ്പോൾ അവനിലെ പച്ചമനുഷ്യനോടായി...
ആദ്യമായി ജോണിനോട് പ്രണയമാണെന്ന് പറഞ്ഞപ്പോൾ അവൻ പൊട്ടി ചിരിച്ചു.
തനിക്ക് വട്ടാണോ?
താൻ എന്തിന് എന്നെ പ്രണയിക്കണം?
താൻ ഒരു ഭാര്യയല്ലേ?
അമ്മയല്ലേ?
അവന്റെ ചോദ്യങ്ങൾക്കൊന്നും മറുപടിയില്ലായിരുന്നു.
ഇടക്കെപ്പോഴോ തന്റെ പ്രണയ പനി ജോണിനും പകർന്നു. അവൻ തന്നെയും പ്രണയിക്കാൻ തുടങ്ങി...
തനിക്ക് അവനോട് തോന്നിയതിനേക്കാൾ ഗാഢമായ പ്രണയം...
അത് താൻ മനസിലാക്കിയ കാര്യം.

പക്ഷേ നീന ഒന്നു തീരുമാനിച്ചിരുന്നു ജോൺ വിവാഹ ജീവിതം തുടങ്ങാൻ തീരുമാനിച്ചാൽ ഒരു മെസേജ് കൊണ്ട് പോലും അവനെ ശല്യപ്പെടുത്തില്ല എന്ന്.

ദിവസങ്ങളും മാസങ്ങളും കൊഴിഞ്ഞു പോയി...
വല്ലപ്പോഴും അവരുടെ കൂടികാഴ്ച്ചകൾ നടന്നുകൊണ്ടിരുന്നു...
ആരേയും ശല്യപ്പെടുത്താതെ...
ആർക്കും ശല്യമാകാതെ...
" ഇനി നമ്മുക്ക് കാണാതിരിക്കാം "
ജോണിന്റെ തീരുമാനം നീനയിൽ ഒട്ടും സങ്കടം നിറച്ചില്ല..
ആ തീരുമാനത്തിൽ അവന്റെ ഭാവിയുണ്ടായിരുന്നു.
ആ കണ്ടുമുട്ടലിൽ ആദ്യമായി ജോൺ നീനയുടെ മുടി തുമ്പിലും നീന ജോണിന്റെ താടിയിലും മൃദുവായി സ്പർശിച്ചു...
അതു മതിയായിരുന്നു അവർക്ക് ഈ ജന്മം മുഴുവൻ സന്തോഷമായി ജീവിക്കാൻ...
ഇനി ഒരിക്കലും അവർ കാണുകയില്ല...
ഒരിക്കലും വിളിക്കുകയില്ല...
ഈ ബന്ധം ഇല്ലങ്കിലും അവർക്കറിയാം അവർ പരസ്പരം മറക്കാൻ കഴിയാത്ത വിധം...
ഓർക്കാൻ ഇഷ്ടപ്പെടും വിധം പ്രണയത്തിലാണെന്ന്...

Raseensakariya

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്